Followers

Wednesday, December 31, 2014

ഇത് കെണിയാണെന്ന് തിരിച്ചറിയുക!

സ്നേഹസംവാദം മാസിക.ഡിസംബർ 2014

2004 ഡിസംബറില്‍ അടുത്ത പതിനഞ്ചുവര്‍ഷക്കാലത്തെ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് അമേരിക്കയിലെ  നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ (എന്‍. ഐ. സി) പുറത്തിറക്കിയ മാപ്പിംഗ് ദി ഗ്രോബല്‍ ഫ്യൂച്ചര്‍ എന്ന 121 പുറങ്ങളുള്ള രേഖ നല്‍കുന്ന വിവരങ്ങള്‍ ഇന്നത്തെ ലോകസംഭവങ്ങളുമായി പുലര്‍ത്തുന്ന സാമ്യം അത്ഭുതകരമാണ്. തങ്ങളുടെ വിദേശകാര്യബന്ധങ്ങള്‍ എങ്ങനെയാകണമെന്നും ദേശീയ സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നും തീരുമാനിക്കുവാന്‍ അമേരിക്കന്‍ രാഷ്ട്രനേതൃത്വത്തെ സഹായിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന പതിനേഴ് സ്വതന്ത്രാധികാര സംഘങ്ങളുടെ കൂട്ടമായ ‘യുനൈറ്റഡ് സ്റ്റേറ്റ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി’യിലെ പ്രബലമായ ഒരംഗം ഔദ്യോഗികമായി പുറത്തിറക്കിയ രേഖയില്‍ പറയുന്നത് പ്രകാരമാണ് ലോകസംഭവങ്ങളില്‍ അധികവും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് എന്ന നിരീക്ഷണം, സംഭവങ്ങള്‍ നേരത്തെ തിരക്കഥ തയ്യാറാക്കി സംവിധാനിക്കപ്പെട്ടതാണെന്ന് സംശയിക്കുവാന്‍ ഇട നല്‍കുന്നതാണെന്ന് കടുത്ത സാമ്രാജ്യത്വ പക്ഷപാതികള്‍ പോലും സമ്മതിക്കും. 1979ല്‍ ഏകധ്രുവലോകത്തിന്റെ ഉദയത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ രൂപീകരിക്കപ്പെട്ട എന്‍. ഐ. സിയുടെ പ്രധാനപ്പെട്ട പണി മാറിവരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് അടുത്ത പതിനഞ്ചുവര്‍ഷത്തെ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പഠിപ്പിക്കുന്ന ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ട് നല്‍കലാണെന്ന് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിന് മുമ്പായി സമര്‍പ്പിക്കപ്പെടുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട് എന്ന വസ്തുത അതിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞ് പ്രസിഡണ്ട് ആരാണെന്ന് തീരുമാനിക്കപ്പെട്ട വ്യക്തിക്ക്, സ്ഥാനാരോഹണത്തിന് ശേഷമുള്ള കൃത്യാന്തര ബാഹുല്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പു ലഭിക്കുന്ന ഒഴിവു സമയത്ത് യഥേഷ്ടം സമയമെടുത്ത് ഈ രേഖ പഠിക്കുവാന്‍ കഴിയണമെന്നതുകൊണ്ടാവാം പ്രസ്തുത സമയം തന്നെ രേഖാസമര്‍പ്പണത്തിന് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍  തെരഞ്ഞെടുക്കുന്നത്്. ഗ്ലോബല്‍ ട്രന്‍ഡ്‌സ് റിപ്പോര്‍ട്ടുകള്‍ നല്‍കാനാരംഭിച്ചത് 1996 മുതലാണ്. 2010 വരെയുള്ള വരെയുള്ള ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്ന ഒന്നാമത്തെ റിപ്പോര്‍ട്ട് ബില്‍ക്ലിന്റനു മുമ്പിലാണ് ആദ്യമായി സമര്‍പിക്കപ്പെട്ടത്. 2000 ഡിസംബറില്‍ 2015 വരെയുള്ള ലോകക്രമത്തെക്കുറിച്ചും 2004 ഡിസംബറില്‍ 2020 വരെയുള്ള ലോകക്രമത്തെകുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടത് ജോര്‍ജ് ബുഷിനും 2008 നവംബറില്‍ 2025 വരെയുള്ളതും 2012ല്‍ 2030 വരെയുള്ളതുമായ റിപ്പോര്‍ട്ടുകള്‍ ബരാക്ക് ഒബാമക്കുമാണ് സമര്‍പ്പിക്കപ്പെട്ടത്. ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടുകള്‍ നല്‍കാനാരംഭിച്ച 1996ല്‍ തന്നെയാണ് ഇസ്‌ലാമും പാശ്ചാത്യലോകവും തമ്മില്‍ നിലനില്‍ക്കുന്നത് സംസ്‌കാരങ്ങളുടെ സംഘട്ടനമാണെന്ന് സമര്‍ഥിച്ചുകൊണ്ടുള്ള സാമുവല്‍ പി ഹണ്ടിംഗ്ടന്റെ ദി ക്ലാഷ് ഓഫ് സിവിലൈസേഷന്‍ ആന്റ് ദി റി മേക്കിംഗ് ഓഫ് വേള്‍ഡ് ഓര്‍ഡര്‍ എന്ന കൃതി പുറത്തിറങ്ങിയത് എന്നത് യാദൃഛികതയാകാം. എന്നാല്‍ ഈ കൃതിയും ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടുകളും മുന്നില്‍ വെച്ച് ഒരു താരതമ്യത്തിന് വിധേയമാക്കിയാല്‍ ‘നാളെ എങ്ങനെയാകു’മെന്ന പ്രവചനപ്രസ്താവനകളുടെ വരികള്‍ക്കിടയിലൂടെ അമേരിക്ക ആഗ്രഹിക്കുന്ന വിധത്തിലുള്ള ലേകക്രമത്തിന് ‘നാളെ എങ്ങനെയാകണം’ എന്ന ശക്തമായ വിധിപ്രസ്താവനകളാണ് നമുക്ക് വായിക്കാനാവുക.
ഇസ്‌ലാമിക ഭീകരതയെന്ന് സാമ്രാജ്യത്വവും കൂട്ടരും വിളിക്കുന്ന പ്രതിഭാസം പ്രചാരത്തിലാകുന്നതിന് മുമ്പ്, 1996ല്‍ തയ്യാറാക്കിയ ഒന്നാമത്തെ ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടില്‍ തന്നെ 2010വരെ ലോകത്ത് നിലനില്‍ക്കാന്‍ പോകുന്ന ഭീകരതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അല്‍ ക്വാഇദയുടെ ആദ്യത്തെ അമേരിക്കന്‍ ആക്രമണമായി അറിയപ്പെടുന്ന കിഴക്കേ ആഫ്രിക്കന്‍ നഗരങ്ങളായ ദാറുസ്സലാമിലും നെയ്‌റോബിയിലുമുള്ള അമേരിക്കന്‍ എംബസികള്‍ തകര്‍ത്ത സംഭവം നടക്കുന്നത് റിപ്പോര്‍ട്ടിന് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം 1998 ഓഗസ്റ്റ് ഏഴിനായിരുന്നുവെന്നോര്‍ക്കുക. ഭീകരത ഒരു ആഗോള പ്രതിഭാസമായി അറിയപ്പെട്ടുതുടങ്ങിയിട്ടില്ലാത്ത കാലത്ത് 2010 വരെയുള്ള ലോകക്രമത്തില്‍ ഭീകരത വലിയൊരു പ്രശ്‌നമായിരിക്കുമെന്നും മധ്യപൗരസ്ത്യദേശത്തെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ വര്‍ധിച്ച തോതില്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും ഇറാക്വില്‍ സദ്ദാം ഹുസൈന്റെ കാലം അവസാനിക്കുമെന്നുമെല്ലാം ദീര്‍ഘദര്‍ശനം നടത്തണമെങ്കില്‍ അത്യപാരമായ പ്രവചനശേഷിയുണ്ടാവണം! അതല്ലെങ്കില്‍ തങ്ങള്‍ക്ക് ആഗ്രഹമുള്ളത് സ്വപ്‌നം കാണുവാനും അതിനെ പ്രവചനമായി അവതരിപ്പിക്കുവാനും അത്തരം അവസ്ഥ സൃഷ്ടിക്കാനാവശ്യമായ രീതിയിലുള്ള കരുനീക്കങ്ങള്‍ നടത്തുവാനുമുള്ള അധികാരവും കഴിവുമുണ്ടാവണം. അമേരിക്കയുടെ കയ്യിലുള്ളത് രണ്ടാമത്തേതാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?!!
2004 ഡിസംബറില്‍ ജോര്‍ജ് ഡബ്ലിയു ബുഷിനുമുമ്പില്‍ സമര്‍പിക്കപ്പെട്ട ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടിലാണ് 2020 വരെയുള്ള ലോകം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നത്. ഈ റിപ്പോര്‍ട്ടിന് നല്‍കിയിട്ടുള്ള തലക്കെട്ട് ‘മാപ്പിംഗ് ദി ഗ്ലോബല്‍ ഫ്യൂച്ചര്‍’ എന്നാണെന്ന കാര്യ ശ്രേദ്ധേയമാണ്. ‘ആഗോള ഭാവിയുടെ ചിത്രീകരണം’ എന്നര്‍ഥം. ഇതിനുശേഷമുള്ള റിപ്പോര്‍ട്ടുകളുടെ തലക്കെട്ടുകള്‍ കൂടി പരിശോധിച്ചാല്‍ ഈ റിപ്പോര്‍ട്ടിലെ ‘മാപ്പിംഗ്’ കൊണ്ട് വിവക്ഷിച്ചതെന്തെന്ന് കൃത്യമായി മനസ്സിലാകും. ബരാക് ഒബാമക്ക് 2008ല്‍ സമര്‍പിക്കപ്പെട്ട 2025 വരെയുള്ള ലോകത്തെ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ‘ദി ട്രാന്‍സ്‌ഫോര്‍മ്ഡ് വേള്‍ഡ്’ എന്നും 2012ല്‍ സമര്‍പ്പിക്കപ്പെട്ട 2030 വരെയുള്ള റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ‘ആള്‍ട്ടര്‍നേറ്റീവ് വേള്‍ഡ്’ എന്നുമാണ്. അമേരിക്ക ആഗ്രഹിക്കുന്ന തരത്തിലുള്ള ലോകക്രമത്തിലേക്ക് 2025 ഓടെ എത്തണമെന്നാണ് അവരുടെ സ്വപ്‌നമെന്ന് ഈ തലക്കെട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ലോകക്രമങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് 2020 വരെ ലോകത്ത് നടക്കുകയെന്ന് ‘ആഗോളഭാവിയുടെ ചിത്രീകരണ’ത്തില്‍ വ്യക്തമാണ്. 2025ല്‍ ഉണ്ടാകേണ്ട മാറിയ ലോകത്തിന് പറ്റിയ സാമൂഹിക ക്രമം സ്വാഭാവികമായി ഉണ്ടായിവരുന്നതാണെന്നും അമേരിക്കന്‍ ബുദ്ധിജീവികളുടെ ബുദ്ധിയില്‍ നേരത്തെ ഉദിച്ചതാണെന്നും കണ്ണടച്ച് വിശ്വസിക്കണമെങ്കില്‍ അതിരുകവിഞ്ഞ അമേരിക്കന്‍ പക്ഷാതിത്വം തന്നെ വേണം. നമ്മുടെ അക്കാദമിക ബുദ്ധിജീവികളില്‍ പലരും ബോധപൂര്‍വമോ അല്ലാതെയോ വെച്ചുപുലര്‍ത്തുന്നത് അതാണെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. പക്ഷെ, അതാണ് വസ്തുത.
മാപ്പിംഗ് ദി ഗ്ലോബല്‍ ഫ്യൂച്ചറില്‍ നാല് ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ആഗോളീകരണത്തിന്റെ വൈരുദ്ധ്യങ്ങളെപ്പറ്റിയും രണ്ടാം ഭാഗത്ത് ഉയര്‍ന്നുവരുന്ന ആഗോളശക്തികളെയും അതോടനുബന്ധിച്ച് മാറുന്ന രാഷ്ട്രതന്ത്രത്തിന്റെ ചിത്രത്തെപ്പറ്റിയും മൂന്നാം ഭാഗത്ത് ഭരണനിര്‍വഹണ രംഗത്തെ പുതിയ വെല്ലുവിളികളെപ്പറ്റിയും നാലാം ഭാഗത്ത് വ്യാപകമാകുന്ന അരക്ഷിതത്വത്തെപ്പറ്റിയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഓരോ ഭാഗത്തിന്റെയും അന്ത്യത്തില്‍ ഓരോ കാല്‍പനിക ദൃശ്യരൂപങ്ങളും ഫിക്ഷന്‍ സിനാരിയോ എന്ന് തലക്കെട്ട് കൊടുത്തുകൊണ്ട് നല്‍കിയിട്ടുണ്ട്. 2020ന് മുമ്പ് ഉണ്ടാകാന്‍ പോവുന്ന നാല് സംഭവങ്ങളെ കുറിച്ച കാല്‍പനിക ദൃശ്യരൂപങ്ങളാണിവ. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ വെച്ച് 2020ല്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക്ക് ഫോറം വര്‍ഷാന്തയോഗത്തില്‍ ഫോറം മേധാവി യു.എസ് ഫെഡറല്‍ റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാന് സമര്‍പ്പിക്കുന്ന കത്താണ് ‘ദാവോസ് വേള്‍ഡ്’ എന്ന ഒന്നാമത്തെ സാങ്കല്‍പിക ദൃശ്യം. 2020ല്‍ യു.എന്‍ സെക്രട്ടറി ജനറല്‍ എഴുതുന്ന ലോകത്തിന്റെ നേതൃത്വം അമേരിക്കയുടെ കയ്യില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള ‘പാക്ക്‌സ് അമേരിക്കാന’ എന്ന തലക്കെട്ടിലുള്ള സാങ്കല്‍പിക ഡയറിക്കുറിപ്പുകളാണ് രണ്ടാമത്തേത്. ബിന്‍ലാദന്റെ പൗത്രനായ സഈദ് മുഹമ്മദ് ബ്‌നു ലാദന്‍ 2020ല്‍ തന്റെ ഒരു കുടുംബ ബന്ധുവന് നിലനില്‍ക്കുന്ന ഖിലാഫത്തിനെ കുറിച്ച് എഴുതുന്ന സാങ്കല്‍പിക കത്താണ് ‘എ ന്യൂ കാലിഫേറ്റ്്’ എന്ന തലക്കെട്ട് നല്‍കിക്കൊണ്ടുള്ള മൂന്നാമത്തെ ദൃശ്യംശില്‍പം. മുസ്‌ലിം ലോകത്തിന് ആയുധം നല്‍കുന്ന ഒരു ആയുധ കള്ളക്കടത്തുകാരനും മറ്റൊരാളും തമ്മില്‍ 2020ല്‍ കൈമാറുന്നതായി സങ്കല്‍പിച്ചുകൊണ്ടുള്ള ഒരു കൂട്ടം ടെക്സ്റ്റ് മെസേജുകളാണ് ‘സൈക്കിള്‍ ദി ഫിയര്‍’ എന്ന തലക്കെട്ടിലുള്ള നാലാമത്തെ കാല്‍പനിക ദൃശ്യരൂപം.
നാല് കാല്‍പനിക ദൃശ്യരൂപങ്ങളിലും മുസ്‌ലിം ലോകവും മധ്യപൗരസ്ത്യ ദേശവുമാണ് വില്ലന്‍ റോളിലുള്ളതെന്ന വസ്തുത ശ്രദ്ധേയമാണ്. 2020 വരെയുള്ള ലോകക്രമത്തില്‍ അവരുടെ ശത്രുത സ്വാഭാവികമാണെന്ന മട്ടിലാണ് ഒന്നാമത്തെ കാല്‍പനിക ദൃശ്യമായ ദാവോസ് വേള്‍ഡ് മുന്നോട്ടുപോവുന്നത്. ഊര്‍ജവില വര്‍ധനവിലൂടെ സ്വയം പര്യാപ്തത നേടിക്കൊണ്ടുള്ള മധ്യപൗരസ്ത്യ ദേശങ്ങളുടെ നില്‍പാണ് ആഗോളവത്കരണത്തിലേക്കുള്ള പ്രയാണത്തിന് ലോകത്തിന്റെ മുന്നിലെ പ്രധാന തടസ്സമെന്ന രൂപത്തിലാണ് 2020ലെ വേള്‍ഡ് എക്കണോമിക്ക് ഫോറം മേധാവിയുടെ കത്ത് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ ശാന്തി എത്രത്തോളം നിലനില്‍ക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ 2020ലെ ഡയറിക്കുറിപ്പുകളില്‍ ലോകത്തിന് എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ നിലനില്‍ക്കേണ്ട ശിആ-സുന്നി സന്തുലനമാണ് അമേരിക്കയും ചെനയും അടങ്ങുന്ന എണ്ണ ഉപഭോഗ രാഷ്ട്രങ്ങള്‍ക്കാവശ്യമെന്നും യൂറോപ്പും അമേരിക്കയോടൊപ്പം ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഒരുമിക്കേണ്ടത് ആവശ്യമാണെന്നുമുള്ള മട്ടിലാണ് കാര്യങ്ങളുടെ അവതരണം. സഈദ് മുഹമ്മദ് ബ്ന്‍ ലാദന്‍ 2020ല്‍ എഴുതാന്‍ പോകുന്ന കത്തില്‍ കാര്യങ്ങള്‍ കുറേക്കൂടെ വ്യക്തമാണ്. വിവരസാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച മുസ്‌ലിം ലോകവും പാശ്ചാത്യലോകവും തമ്മിലുള്ള സംഘട്ടനത്തെ തീവ്രതരമാക്കുകയും അതുവഴി ഒരു ഖലീഫയുടെ ഉദയം ഉണ്ടാവുകയും ചെയ്യും. ലോകത്തുള്ള മുസ്‌ലിംകളോടെല്ലാം തന്റെ പിന്നില്‍ അണിനിരക്കുവാന്‍ ഖലീഫ ആഹ്വാനം ചെയ്യുമെങ്കിലും വ്യത്യസ്ത ദേശങ്ങളിലെ മുസ്‌ലിംകള്‍ അതിനോട് പ്രതികരിക്കുക വ്യത്യസ്തമായ രീതികളിലായിരിക്കും. സുന്നി-ശിആ സംഘട്ടനങ്ങള്‍ തീവ്രമാവുകയും അതുവഴി ലക്ഷങ്ങള്‍ അഭയാര്‍ഥികളായിത്തീരുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. അതുവഴി മുസ്‌ലിംകളുടെ ഭീകരവകല്‍കരണം സജീവമാവും. ഇങ്ങനെ പോകുന്നു കത്തിലെ വിവരങ്ങള്‍.
2020ന് മുന്‍പ്  മുസ്‌ലിം ലോകത്ത് നടക്കുമെന്ന് അമേരിക്ക 2004ല്‍ പ്രവചിച്ചതുപോലെ സ്വാഭാവികമായും ഉണ്ടായിവന്നതാണ് ഖലീഫയും അനുബന്ധ കാര്യങ്ങളും എന്നാണോ നാം മനസ്സിലാക്കേണ്ടത്? അതല്ല, എണ്ണയുടെ മേലുള്ള തങ്ങളുടെ അധീശത്വം നിലനിര്‍ത്താനായി സാമ്രാജ്യത്വം പടച്ചുകൊണ്ടിരിക്കുന്ന തന്ത്രങ്ങളിലൊന്നാണ് ഖലീഫയുടെ ആഗമനവും ഖിലാഫത്തിനുവേണ്ടിയുള്ള മുറവിളിയുമെന്നാണോ? സാമ്രാജ്യത്വത്തിന്റെ ചരിത്രവും അമേരിക്കന്‍ രേഖകളുടെ സൂക്ഷ്മമായ വായനയും നമുക്ക് മനസ്സിലാക്കി തരുന്നത് രണ്ടാമത്തേതിനാണ് സാധ്യതയെന്നാണ്. മുസ്‌ലിം ലോകത്തിന്റെ നാഡീമിടിപ്പുകളെ കുറിച്ച് ശരിക്കും പഠിച്ച ശേഷം അവര്‍ക്ക് തമ്മിലടിക്കുവാനും അവരെ തന്നെ ഉപയോഗിച്ച്  അവരെ നശിപ്പിക്കുവാനും വേണ്ടി സാമ്രാജ്യത്വം സൃഷ്ടിക്കുന്ന വലകളിലൊന്നാണ് പുതിയ ഖിലാഫത്ത് പ്രഖ്യാപനവും അതിനായുള്ള സമരാഹ്വാനങ്ങളുമെന്നുള്ള വസ്തുതയാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. ശിആക്കളെ അമുസ്‌ലിംകളായി പ്രഖ്യാപിക്കുകയും അവരെയും പാശ്ചാത്യരെയും കൊന്നൊടുക്കുകയാണ് ലക്ഷ്യം എന്ന് പറയുകയും പിടിക്കപ്പെട്ടവരെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും തങ്ങളുടെ കലാപങ്ങള്‍ക്കിടയില്‍ യുദ്ധത്തടവുകാരാണെന്ന് പ്രഖ്യാപിച്ച് അടിമകളോട് പെരുമാറുന്നത് പോലെ അവരോടും പെരുമാറണമെന്ന് പരസ്യമായി വിധിക്കുകയും ചെയ്യുന്നവര്‍ കാരുണ്യവാനായ അല്ലാഹുവിന്റെ ദൂതനായ കാരുണ്യത്തിന്റെ പ്രവാചകന്‍ പഠിപ്പിച്ച മതത്തെ പ്രതിനിധീകരിക്കുവന്നവരാണെന്നു കരുതുവാന്‍ ന്യായമൊന്നുമില്ല. സാമ്രാജ്യത്വത്തിന്റെ തലച്ചോറില്‍ വിരിഞ്ഞ പദ്ധതികള്‍ നടപ്പാക്കി ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യും വികലീകരിക്കുവാനുള്ള പരിശ്രമങ്ങളാണ് അറിയാതെ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഈ പാവം ‘ഏറുപടക്കങ്ങള്‍’ അറിയുന്നില്ലെന്നതാണ് ഏറെ സങ്കടകരം. ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഏറുപടക്കങ്ങളാവുകയല്ല തങ്ങളുടെ ദൗത്യമെന്ന് തിരിച്ചറിയാനെങ്കിലും ഇവര്‍ക്കായെങ്കില്‍ എന്നു പ്രത്യാശിക്കുക മാത്രമാണ് വിവേകമതികള്‍ക്കു മുന്നിലുള്ള മാര്‍ഗം.
പരിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്നും അവയെ മനസ്സിലാക്കേണ്ടത് അവ പ്രവാചകനില്‍(സ) നിന്ന് പഠിച്ചവര്‍ മനസ്സിലാക്കിയത് പോലെതന്നെയാകണമെന്നും തീരുമാനിച്ചുകഴിഞ്ഞാല്‍ മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മുസ്‌ലിംകളുടെ നിലപാടുകള്‍ മാറുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയില്ല. ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈവശമുള്ള റിമോട്ട് കണ്‍ട്രോളുകളാല്‍ നയിക്കപ്പെടുന്നവരായിത്തീരുന്നത് ഈ തീരുമാനമില്ലാത്തവരോ അതിനെ തെറ്റിദ്ധരിച്ചവരോ ആണ്. പണ്ഡിതക്കുപ്പായം ഇട്ടവരുടെ വാക്കുകള്‍ക്കൊന്നും അപ്രമാദിത്വമില്ലെന്ന് മനസ്സിലാക്കുവാനും പ്രവാചകന്‍ പഠിപ്പിച്ചതില്‍ നിന്നും അനുചരന്മാര്‍ മനസ്സിലാക്കിയതാണ് തന്റെ മതം എന്ന് തീരുമാനിക്കുവാനും കഴിഞ്ഞാല്‍ മാത്രമേ ശത്രുക്കളുടെ സമര്‍ഥമായ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓരോരുത്തര്‍ക്കും കഴിയൂ. ഖിലാഫത്ത്, ഇമാമത്ത് തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴേക്കും അതിനു പിന്നില്‍ തടിച്ചുകൂടുകയും ആത്മഹത്യാ സ്‌ക്വാഡുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരായിത്തീരുകയും ചെയ്യുന്ന സ്ഥിതിയാണ് അതല്ലെങ്കില്‍ സംജാതമാവുക. കാരുണ്യത്തിയുടെയും ശാന്തിയുടെയും മതത്തിന്റെ ജീവിക്കുന്ന പ്രതിനിധികളായിത്തീരുകയും അത് പ്രബോധനം ചെയ്യാന്‍ ജീവിതത്തെ സമര്‍പിക്കുകയുമാണ് ഖിലാഫത്തിന്റെ അര്‍ഥം പ്രവാചകനില്‍(സ) നിന്ന് പഠിച്ചവര്‍ ചെയ്യുക. അത്തരക്കാരെയാണ് ഇന്ന് ലോകത്തിനാവശ്യം. ശത്രുക്കള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് അത്തരക്കാരെയാണെന്ന് സാമ്രാജത്വത്തിന്റെ രേഖകളെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ബോധ്യമാവും. കാരുണ്യത്തിന്റെ മതം ജനങ്ങള്‍ക്കെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍).

Tuesday, December 2, 2014

മാതാപിതാക്കള്‍ ജോലിക്കാരായാല്‍: ലാഭവും നഷ്ടവും

 
രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് (2011 ഫെബ്രുവരി രണ്ട്) സുസ്മിത രക്ഷിത് പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്‍ഡ്യയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ ശീര്‍ഷകം ഇങ്ങനെയാണ്: ”ജോലിക്കാരായ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ മാനസിക പിരിമുറുക്കത്തിലേക്ക് തള്ളുന്നു.” പല സ്‌കൂള്‍ സംഘാടകരേയും മനശാസ്ത്രജ്ഞരെയും ഉദ്ധരിക്കുന്നതായിരുന്നു റിപോര്‍ട്ട്. അച്ഛനും അമ്മയും ജോലിക്കാരാവുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദങ്ങളും പില്‍കാലത്ത് അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന താളപ്പിഴകളും ഇതിലുണ്ട്.
 ഏകാന്തതയിലേക്ക് തള്ളപ്പെടുന്ന ആധുനിക സമൂഹത്തിലെ ശിശുക്കളുടെ പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയുള്ള നാടകത്തിന്റെ സംഘാടകനായ ബോളിന്‍ ചൗധരിയുടെ വാക്കുകളിതാണ്: ”കുഞ്ഞുങ്ങളെ വാടകക്കാരെ ഏല്‍പിക്കാനുള്ള പ്രവണത മാതാപിതാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. അത്തരം കുട്ടികളില്‍ പലപ്പോഴും മാനസികരോഗങ്ങള്‍ വികസിക്കുന്നു.” അദ്ദേഹം ഇതിന്റെ കാരണവും വിശദീകരിച്ചു: ”കുട്ടിയോടൊപ്പം കഴിയാന്‍ മാതാപിതാക്കള്‍ക്ക് സമയം കിട്ടാറില്ല.” അതിരാവിലെ ഒരുങ്ങി ദീര്‍ഘദൂരം യാത്ര ചെയ്ത് ഓഫീസിലെത്തുകയും വൈകി വീട്ടിലെത്തുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളോടൊത്ത് എത്ര സമയം ചെലവഴിക്കാനാവും? മേല്‍ സൂചിപ്പിച്ച ടൈംസ് ഓഫ് ഇന്‍ഡ്യ വാര്‍ത്തയില്‍ ജയന്ത ദാസ് എന്ന സൈക്യാട്രിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ്: ”മാതാപിതാക്കളില്‍നിന്നും വേണ്ടവിധം ശ്രദ്ധയും പരിചരണവും ലഭിക്കാതിരിക്കുന്ന കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ആവിര്‍ഭവിക്കും.”
 പുതിയ തലമുറയില്‍ മാനസികരോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ആധുനിക ജീവിതരീതിയും അതിന്റെ ഉപോല്‍പന്നങ്ങളായ നിരവധി ജീവിത വൈകല്യങ്ങളുമാണെന്ന് വ്യക്തമാണ്. മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നകലുന്നതും കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതുമാണ് ആധുനിക വ്യവസായിക സംസ്‌കാരം. കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ മൂലം കുടുംബം പുലര്‍ത്താന്‍ മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യേണ്ട സാഹചര്യമാണ് കോര്‍പറേറ്റ് മുതലാളിത്ത സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ളത്. കുടുംബബന്ധങ്ങളെ ശിഥിലമാക്കി വ്യക്തികള്‍ തനിച്ചാവുന്ന വ്യക്തിവാദത്തെയാണ് മുതലാളിത്തം പാലൂട്ടുന്നത്. പണത്തെ ആധാരമാക്കി മറ്റെല്ലാ മൂല്യങ്ങളെയും അവമതിക്കുന്ന ആധുനിക സംസ്‌കാരത്തില്‍ മനസമാധാനവും സന്തുഷ്ടിയുമുള്ള കുടുംബം വെറും സങ്കല്‍പം മാത്രമായിത്തീരുന്നു.
  കഴിഞ്ഞ അമ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കിടയില്‍ ലോകവ്യാപകമായി മാനസികരോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന്  ജയന്തദാസ് പറയുന്നു. മാതാപിതാക്കളോടോ ബന്ധുക്കളോടോ അയല്‍ക്കാരോടോ ഇടപഴകാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കാത്തതാണ് ഇതിനു കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
  ഇതൊന്നും കുട്ടികളുടെ മാത്രം പ്രശ്‌നമല്ലെന്നും മാതാപിതാക്കളില്‍തന്നെ കുട്ടികളെ അവഗണിക്കുന്നതുമൂലമുണ്ടാകുന്ന കുറ്റബോധം മാനസിക വൈകല്യങ്ങള്‍ ഉണ്ടാക്കുമെന്നും  പഠനങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള സഹജമായ ബന്ധം നിവര്‍ത്തിക്കാതാവുമ്പോള്‍ അവരില്‍ കുറ്റബോധം ജനിക്കാനിടയാവുന്നു. ഈ വര്‍ഷം ഏപ്രില്‍ 24ന് പുറത്തിറങ്ങിയ ബ്രിട്ടനിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയ്‌ലില്‍ വന്ന വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: ”നമ്മുടെ അവസാനിക്കാത്ത ജോലിജന്യ കുറ്റബോധം: തിങ്കള്‍ മുതല്‍ വെള്ളി വരെ തങ്ങള്‍ കുട്ടികളെ അവഗണിക്കുന്നതായി മാതാപിതാക്കള്‍ കുറ്റസമ്മതം നടത്തുന്നു.” മൂന്ന് വയസ്സിനും പതിനെട്ട് വയസ്സിനും ഇടക്കു പ്രായമുള്ള മക്കളുള്ള രണ്ടായിരം മാതാപിതാക്കള്‍ക്കിടയില്‍ നടന്ന പഠനമാണ് റിപോര്‍ട്ടിനാധാരം.
  ചുരുക്കത്തില്‍, മാതാപിതാക്കള്‍ കുട്ടികളെ അവഗണിച്ചാല്‍ മാതാപിതാക്കളിലും കുട്ടികളിലും ഒരുപോലെ മനോവൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയേറുമെന്ന് വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ പേരിലായാലും ജോലിയുടെ പേരിലായാലും മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നകലുന്ന ഇന്നത്തെ തൊഴില്‍ സംസ്‌കാരം പ്രകൃതിവിരുദ്ധമാണെന്ന് സമൂഹത്തില്‍ വന്‍തോതില്‍ വര്‍ധിക്കുന്ന മനോരോഗങ്ങള്‍ സ്ഥിരീകരിക്കുന്നു.
  ഒന്നാമതായി, കുടുംബബന്ധങ്ങളെ പ്രത്യേകമായും മാനുഷികബന്ധങ്ങളെ പൊതുവായും തകര്‍ക്കുന്ന മുതലാളിത്ത വ്യാവസായിക സംസ്‌കാരം ഇനിയും പിന്തുടരണമോ എന്ന് പുനരാലോചിക്കേണ്ടതുണ്ട്. ഗവണ്‍മെന്റിന്റെയും കമ്പനികളുടെയും വിധേയന്‍മാരായി അച്ഛനും അമ്മയും  ഉയര്‍ന്ന ശമ്പളത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോള്‍ മനോരോഗങ്ങള്‍ നിറഞ്ഞ സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന കാര്യം മറക്കാതിരിക്കുക. മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്കാരാവുമ്പോള്‍ വരുമാനവര്‍ധനവ് ഉറപ്പാകുമെങ്കിലും മാനസികമായി ക്ഷയിച്ച തലമുറയാവും വളര്‍ന്നുവരുന്നതെന്ന കാര്യം ഓര്‍മിക്കണം. കൂട്ടുകുടുംബത്തിന്റെ തണലില്‍ ജീവിച്ച കഴിഞ്ഞ തലമുറയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുറവാകുമെങ്കിലും അണുകുടുംബങ്ങളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് പാശ്ചാത്യരുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Thursday, November 20, 2014

ഗേള്‍സ് ആര്‍ ഫാത്വിമ..

റമീസ്  മുഹമ്മദ്‌ എഫ്. ബി; ആര്‍. ടി ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത ലേഖനം 

അബൂജഹലിന്റെയും കൂട്ടരുടെയും അട്ടഹാസങ്ങൾക്കിടയിലും തന്റെ നേതാവിന്റെ ക്ഷീണത്തോടെയുള്ള ആ കിതപ്പുകൾ അബ്ദുല്ലാഹിബ്നു മസ്ഊദിനു വ്യക്തമായി കേൾക്കാം.. മരുഭൂമിയിലെ പൊള്ളുന്ന വെയിലിൽ ഒട്ടകത്തിന്റെ കുടൽമാലകൾക്കിടയിൽ ശ്വാസം മുട്ടി വിയർത്തൊലിച്ചു ഒന്നെഴുന്നേൽക്കാൻ പോലുമാകാതെ കിടക്കുന്നത് തന്റെ എല്ലാമെല്ലാമായ നബിയാണ്.. 'തനിക്കവരെ നേരിടാൻ കഴിഞ്ഞിരുന്നെങ്കിൽ' ഇബ്നു മസ്ഊദ് ചിന്തിച്ചത് ആത്മാർത്ഥമായാണ്.. പക്ഷെ കഴിയുന്നില്ല. ഇസ്ലാമിന്റെ തുടക്കകാലമാണ്.. നബിയുടെ കഴുത്തിൽ കുടൽമാലകൾ ചാർത്തിയ എതിരാളികളായ ഉഖ്ബയും അബൂജഹലും ഉത്ബയും ശൈബയും വലീദും ഉമയ്യയും ഇബ്നു വലീദും എല്ലാം മക്കയുടെ നേതാക്കളും ശക്തരും ക്രൂരന്മാരും ആണ്.. അവരെ നേരിടാനുള്ള ശക്തി വെറും ഇടയനായ ഇബ്നു മസ്ഊദിനില്ല.. താടിരോമങ്ങൾ നനയ്ക്കുന്ന കണ്ണീരോടെ വിറയ്ക്കുന്ന ചുണ്ടുകളോടെ ഇബ്നു മസ്ഊദ് ഒരു സഹായത്തിനായി നോക്കി നില്ക്കുകയാണ്.. ഇസ്ലാമിൽ നബിക്ക് ഇടതും വലതും നില്ക്കാൻ അന്ന് ഉമറും ഹംസയും വന്നിട്ടില്ല. പക്ഷെ......
വെളുത്ത മൃദുലമായ രണ്ടു കുഞ്ഞിക്കൈകൾ ആ ഖുറൈഷിനേതാക്കൾ നോക്കിനിൽക്കെ നിർഭയമായി ആ കുടൽമാലകൾ വലിച്ചു മാറ്റിയിട്ടു .. ഒരു ആറു വയസ്സുകാരി പെണ്‍കുട്ടി.. ഒരു പുരുഷന് കഴിയാത്തത് ചിലപ്പോ ഒരു കൊച്ചു പെണ്‍കുട്ടിക്ക് കഴിയും എന്ന് തെളിയിച്ചു കൊണ്ട് കിതപ്പോടെ ഘനമുള്ള ആ കുടൽമാലകൾ സർവ്വശക്തിയും പ്രയോഗിച്ചു അവൾ വലിച്ചു മാറ്റുകയാണ്.. പിൽക്കാലത്ത് ആ ഖുറൈഷികളെ ഒക്കെ തകർത്തെറിഞ്ഞു കൊണ്ട് അറേബിയയുടെ തന്നെ ഭരണാധികാരി ആയി മാറിയ മാനവരാശിയുടെ വിമോചകന് പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും ആദ്യകാലം മുതൽ വിജയത്തിന്റെ അവസാനകാലം വരെ ജീവിതത്തിൽ എന്നും ഉണ്ടായിരുന്ന ഒരേയൊരു ബോഡിഗാർഡ്.. ഫാത്വിമ..! നബിയുടെ മകൾ.. അൽ അമീന്റെ കരളിന്റെ കഷ്ണം..!
കഅബയിൽ നമ്സ്കരിക്കാനെത്തുന്ന നബിയെ ഉപദ്രവിക്കാൻ അക്രമികൾ എത്തുമ്പോൾ ഒച്ച വച്ച് ആളെ കൂട്ടി നബിയെ രക്ഷപ്പെടുത്താൻ ഫാത്വിമ എന്നും ഒരു അംഗരക്ഷകയെ പോലെ നബിക്കൊപ്പം ഉണ്ടായിരുന്നു.. മക്കയിലെ ഇടുങ്ങിയ തെരുവിലൂടെ നടക്കുമ്പോഴും കഅബയ്ക്ക് സമീപത്തു പോകുമ്പോഴും മാത്രമല്ല, അംഗുലീപരിമിതമായ അനുയായികളോടൊപ്പം അർഖ്വമിന്റെ വീട്ടിൽ രഹസ്യയോഗം ചേരുമ്പോഴും പരിസരത്തായി ആ പെണ്‍കുട്ടി തങ്ങിയും പമ്മിയും നിൽക്കുന്നുണ്ടാവും.. ദൈവദൂതന്റെ കാവൽമാലാഖ പോലെ..
ഒരു ഫാത്വിമയും ഒരു സുപ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്നതല്ല.. കൈ പിടിച്ചു കൊണ്ട് നടക്കാൻ ഒരു അൽ അമീൻ ഉണ്ടാവുമ്പോഴാണ് ഒരു ഫാത്വിമ ജനിക്കുന്നത്.. എല്ലാ പെണ്‍കുട്ടികളിലും ഫാത്വിമ ഉണ്ട്.. ലോകത്ത് ജനിക്കുന്ന ഏതൊരു പെണ്‍കുട്ടിയെയും പോലെയുള്ള ഒരു സാധാരണ പെണ്‍കുട്ടിയെ നബി ഫാത്വിമ ആക്കി വളർത്തുകയായിരുന്നു... പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന അറേബ്യൻ സമൂഹത്തിൽ ഒരു പിതാവ് നിത്യവും പുത്രിയുടെ കൈപിടിച്ച് ചുംബിക്കുന്നതിനും സദാസമയം കൂടെ കൊണ്ട് നടക്കുന്നതിനും അസാധാരണമായ പ്രസക്തിയുണ്ടായിരുന്നു.. എല്ലാ സുപ്രഭാതങ്ങളിലും നബി എഴുന്നേറ്റ ഉടനെ ജാലകം തുറന്നു ഫാത്വിമയെ അഭിവാദ്യം ചെയ്യുന്നു. യാത്ര പുറപ്പെടുമ്പോൾ ഫാത്വിമയുടെ വാതിലിൽ മുട്ടി യാത്ര പറയുന്നു. എവിടെപ്പോയി മടങ്ങുമ്പോഴും ഫാത്വിമയുടെ വാതിലിൽ മുട്ടി സലാം പറഞ്ഞ ശേഷം മാത്രം വീട്ടിലേക്കു കയറുന്നു.. ഫാത്വിമയുടെ കൈപിടിച്ച് ചുംബിച്ച ശേഷമേ സ്നേഹാധനനായ ആ പിതാവ് സ്വന്തം കാര്യങ്ങളിലേക്ക് നീങ്ങാറുള്ളൂ.. ഫാത്വിമ വീട്ടിലേക്കു വരുമ്പോൾ നബി എഴുന്നേറ്റു നിന്ന് ആദരിക്കുമായിരുന്നു.. സ്ത്രീയെ വെറും ഒരു ഭോഗവസ്തു മാത്രമായി കണ്ടിരുന്ന ഒരു സമൂഹത്തോട് ഫാത്വിമയിലൂടെ നബി പറയാതെ പറയുകയായിരുന്നു.. ഓരോ പെണ്‍കുട്ടിയും, ഓരോ സ്ത്രീയും സഹതാപത്തെക്കാളും സംരക്ഷണത്തെക്കാളും അർഹിക്കുന്നതു ആദരവാണെന്ന്.. ആ അറേബ്യൻ സമൂഹത്തോട് മാത്രമല്ല, സ്ത്രീയെ അടിച്ചമർത്തുന്ന, കൊച്ചുപെണ്‍കുട്ടികൾ വരെ സുരക്ഷിതരല്ലാത്ത എക്കാലത്തെയും ഏതൊരു സമൂഹത്തോടും ഫാത്വിമയുടെ കൈപിടിച്ച് നടന്ന അൽ അമീൻ വിളിച്ചു പറഞ്ഞതാണത് ..
കാമത്തിന്റെ അന്ധമായ വൈകൃതങ്ങളിൽ കീഴടക്കാനുള്ളവളല്ല അവൾ.. തൂവെള്ളപാദങ്ങളിൽ പാദസരമാകുന്ന ചങ്ങലയിട്ടു, പാവകണക്കെ നൃത്തം ചെയ്യിപ്പിച്ചു പുരുഷന് രസിക്കാനുള്ളതുമല്ല അവളുടെ വ്യക്തിത്വം.. കഴുത്തിൽ ആഭരണമാകുന്ന ചങ്ങലയിട്ടു കാലികളെ പോലെ മേയ്ച്ചു നടക്കാനുള്ളതുമല്ല അവളെ.. ഗുരുവിനെ വന്ദിക്കുന്നതിനു സമം ഫാത്വിമയും ഫാത്വിമയുടെ വർഗ്ഗവും ഭൂമിയിൽ ആദരിക്കപ്പെടണം.. അവൾക്കു നിർഭയം ഇറങ്ങിനടക്കാൻ കഴിയണം.. അവൾക്കു അധമബോധമുണ്ടാക്കരുത്, അപമാനമുണ്ടാക്കരുത്. വിജയത്തിന്റെ മാനദണ്ടമായി സാമ്രാജ്യത്വത്തിന്റെ തകർച്ചക്കും സാമ്പത്തികസുസ്ഥിരതക്കും മുമ്പായി നബി എണ്ണിയത് സ്ത്രീയുടെ സുരക്ഷിതത്വവും നിർഭയത്വവും ആണ്.. ലോകത്തെ ഏറ്റവും ശ്രേഷ്ടമായതു സ്ത്രീയെന്നാണ് ഇസ്ലാം പഠിപ്പിച്ചത്.. ആണ്മക്കൾ ഇല്ലാത്തതിനാൽ സമൂഹത്താൽ വാലറ്റവൻ എന്ന് പരിഹസിക്കപ്പെട്ട നബിക്ക് ഫാത്വിമയെ നല്കി കൊണ്ട് 'നിനക്ക് നാം കൗസർ നൽകിയിരിക്കുന്നു' എന്ന് പറയുന്നു ദൈവം..
നബി പറയുന്നത് നോക്കുക.. "ആർ ഫാത്വിമയെ സന്തോഷിപ്പിച്ചുവോ, അവർ ദൈവത്തെ സന്തോഷിപ്പിചു. ആർ ഫാത്വിമയ്ക്ക് കോപമുണ്ടാക്കിയോ , അവർ ദൈവത്തിന്റെ കോപം ക്ഷണിച്ചു വരുത്തി.. ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്.." .. എല്ലാ പെണ്‍കുട്ടികളും ഫാത്വിമയത്രേ.. ആർ പെണ്‍കുട്ടികളോട് നന്നായി പെരുമാറിയോ, അവർ ദൈവത്തോടും നന്നായി പെരുമാറി, ആർ പെണ്‍കുട്ടികളുടെ കോപം ക്ഷണിച്ചു വരുത്തിയോ, അവർ ദൈവത്തെയും കോപാകുലനാക്കി.. ഒരു ഫാത്വിമ വരുമ്പോഴാണ് അലി പൂർണ്ണനാകുന്നത്.. ഒരു ഫാത്വിമ മാതാവ് ആവുമ്പോഴാണ് ആണ്‍കുട്ടികൾ ഹസനും ഹുസൈനും ആകുന്നതു.. മക്കയുടെ തെരുവീഥികളിലൂടെ നബി കൈപിടിച്ച് നടത്തിയത് ഒരു തലമുറയെ തന്നെയായിരുന്നു.. ഒരു വിപ്ലവത്തെ ആയിരുന്നു.. സ്ത്രീ ഓരോ സമൂഹത്തിന്റെയും കരളിന്റെ ക്ഷണമാണ്.. അവർ നശിപ്പിക്കപ്പെട്ടുകൂടാ..
-----------------------------------------------------------
പിതാവിന്റെ കഴുത്തിനെ ഞെരിച്ചു കൊണ്ടിരുന്ന കുടൽമാലകളും മറ്റു മാലിന്യങ്ങളും നീക്കിമാറ്റി കൊണ്ട് ഫാത്വിമ ഇപ്പോൾ നബിക്കും ഖുറൈഷികൾക്കുമിടയിൽ നബിയുടെ സംരക്ഷകയായി നിലകൊള്ളുകയാണു.. നബി നമസ്കാരം തുടർന്നു.. ഫാത്വിമ ആ ഏഴു പേരെയും തീക്ഷണമായി നോക്കുകയാണ്.. തന്റെ പിതാവ് എന്നതിനെക്കാളുപരി സമൂഹത്തിന്റെ രക്ഷക്കായി വന്ന ദൈവദൂതൻ തന്റെ പ്രാര്ത്ഥന പൂർത്തിയാക്കും വരെ അദ്ദേഹത്തെ ഉപദ്രവിക്കാൻ തന്റെ ചെരുവിരലിനെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ സമ്മതിക്കില്ല എന്ന മട്ടിൽ .. കോപാഗ്നി ജ്വലിക്കുന്ന അവളുടെ തീക്ഷ്ണനയനങ്ങളെ നേരിടാനാവാതെ ഖുറൈഷിതമ്പ്രാക്കൾ സ്ഥലം വിട്ടു.. നമസ്കാരം കഴിഞ്ഞതും തന്നെ ഉപദ്രവിച്ച ആ എഴുപേർക്കെതിരെയും നബി ദൈവത്തോട് പ്രാർഥിച്ചു.. ശേഷം തന്റെ മകളെ, തന്റെ അംഗരക്ഷകയായ ആ കൊച്ചു പെണ്‍കുട്ടിയെ നബി വാരിപ്പുണർന്നു.. എന്നിട്ട് വീണ്ടും അവളുടെ കൈപിടിച്ച് നബി നടന്നു.. ആ പെണ്‍കുട്ടിയിലൂടെ ഒരു തലമുറയുടെയും..
ഓരോ പെണ്‍കുട്ടിയുടെ ആദരവു അർഹിക്കുന്നു.. കൈപിടിച്ച് നടത്താൻ അൽ അമീൻ ഉണ്ടെങ്കിൽ ഓരോ പെണ്‍കുട്ടിയും ഫാത്വിമയാണ്.. അവരിലൂടെ മഹത്തായ തലമുറകൾ ഉണ്ടാവും.. ഓരോ ഫാത്വിമയും ഉമ്മു ഹബീബമാരാണ്..
മദർ ഓഫ് ഹെർ ഫാദർ..!!

Saturday, October 11, 2014

ഭ്രൂണവളര്‍ച്ച ദൈവാസ്തിത്വത്തിനാണ് സാക്ഷി പറയുന്നത്

സ്നേഹസംവാദം മാസിക ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അലി ചെമ്മാടിന്റെ ലേഖനം


ഭ്രൂണവളര്‍ച്ച ദൈവാസ്തിത്വത്തിനാണ് സാക്ഷി പറയുന്നത്

അലി ചെമ്മാട്

Ali Front Page Picture
Bookmark and Share
റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു – ഭാഗം 12

പുരുഷലിംഗം സ്ത്രീയോനിയില്‍ ഉല്‍സര്‍ജിക്കുന്ന 200 കോടിയിലധികം വരുന്ന ബീജങ്ങള്‍ (Sperms) ഗര്‍ഭപാത്രം വഴി അണ്ഡവിക്ഷേപം നടന്ന ഫെലോപിയന്‍ നാളിയിലൂടെ അണ്ഡം (Ovum) ലക്ഷ്യമാക്കി മുന്നേറുന്നു. അതൊരു മല്‍സര ഓട്ടം തന്നെയാണ്. അണ്ഡത്തിനടുത്തെത്തുന്ന ഓരോ ബീജവും അണ്ഡ ഭിത്തി തുളച്ച് ഉള്ളില്‍ കടക്കാനായി അണ്ഡത്തില്‍ ചെന്നിടിക്കുന്നു. ബീജത്തിന്റെ ഈ പരാക്രമത്തിനിടയില്‍ അതുല്‍പാദിപ്പിക്കുന്ന പ്രത്യേക എന്‍സൈം (Enzyme) അണ്ഡത്തിന്റെ പുറംതോടില്‍ സുഷിരം ഉണ്ടാക്കുന്നു. ഈ സുഷിരത്തിലൂടെ അകത്തുകടക്കുന്ന ബീജം അണ്ഡവുമായി കൂടിച്ചേരുന്നു.(231) അങ്ങനെ കൂടിച്ചേരുന്ന രണ്ടു അര്‍ധകോശങ്ങള്‍ ഒരു പൂര്‍ണ കോശമായി കോശത്തിന്റെ സ്വാഭാവിക പ്രവണതയായ വിഭജനം ആരംഭിക്കുകയും 2, 4, 8, 16 എന്നിങ്ങനെ വളര്‍ന്ന് കോശസമൂഹമായി മാറുകയും ചെയ്യുന്നു. എങ്കിലും അതിന്റെ വലിപ്പം വര്‍ദ്ധിക്കുന്നില്ല. ഈ ഘട്ടത്തിന് ക്ലീവേജ് (Cleavage) ഘട്ടമെന്ന് പറയുന്നു.(232) അടുത്തതായി അത് മോറുല(Morula)യായി പരിവര്‍ത്തിപ്പിക്കപ്പെടുന്നു.(233) ഇങ്ങനെ വിഭജിക്കപ്പെടുന്ന കോശങ്ങള്‍ ബോള്‍ പോലെ അകം പൊള്ളയായ ഒരു ഗോളമായി രൂപാന്തരപ്പെടുന്നു.(234) ഇതാണ് ബ്ലാസ്റ്റുല എന്നറിയപ്പെടുന്നത്. തുടര്‍ന്ന് ബ്ലാസ്റ്റുലയുടെ അകത്ത് ബ്ലാസ്റ്റോസെല്‍ (Blastocell) രൂപീകരിക്കപ്പെടുകയും ഗാസ്റ്റ്രുലേഷന്‍ (Gastrulation) വഴി ബ്ലാസ്റ്റുല ഗാസ്റ്റ്രുല(Gastrula)യായി രൂപാന്തരപ്പെടുകയും ഈ ഗാസ്റ്റ്രുല പൂര്‍ണമായി വേര്‍പ്പെടാതെ മൂന്നായി-എക്‌ടോഡേം (Ectoderm), എന്‍ഡോഡേം (Endoderm), മെസോഡേം (Mesoderm)- പരസ്പരം സഹായിച്ച് വളരാനാരംഭിക്കുകയും ചെയ്യുന്നു.(235)

ഇക്കാര്യത്തെക്കുറിച്ച് ഡോകിന്‍സ് വാചാലനാകുന്നുണ്ട്: ”ഗാസ്ട്രുലേഷന്‍ എന്നത് ബ്ലാസ്റ്റുലയുടെ ഉപരിതലവും അതിന്റെ മൊത്തത്തിലുള്ള രൂപഘടനയും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന ഒരു സൂക്ഷ്മ ഭൂകമ്പമാണ്. കലയിലെ കോശങ്ങളാകമാനം വന്‍തോതിലുള്ള പുനഃസംഘടനക്ക് വിധേയമാവുകയാണവിടെ. ബ്ലാസ്റ്റുലയെന്ന് നാം പേര് വിളിച്ച പൊള്ളയായ പന്തില്‍ ഒരു ചെറിയ ചുഴി ഉണ്ടാക്കപ്പെടുന്നതിലൂടെയാണ് (Denting) ഗാസ്റ്റ്രുലേഷന്‍ ആരംഭിക്കുന്നത്. അങ്ങനെ അത് രണ്ട് പാളികളായി (Layers) വിഭജിക്കപ്പെടുകയും ബാഹ്യലോകത്തേക്ക് ഇറക്കാനായി ഒരു ദ്വാരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപം കൊള്ളുന്ന ബ്ലാസ്റ്റുലയുടെ പുറം പാളിക്ക് എക്‌ടോഡേം (Ectoderm) എന്നും അകത്തെ പാളിക്ക് എന്‍ഡോഡേം (Endoderm) എന്നും പറയുന്നു. പിന്നീട് എക്‌ടോഡേമിനും എന്‍ഡോഡേമിനും ഇടയിലേക്ക് കുറെ കോശങ്ങള്‍ തള്ളിക്കയറുകയും അവയെല്ലാം കൂടിച്ചേര്‍ന്ന് ഒരു മധ്യപാളിക്ക് രൂപം കൊടുക്കുകകയും ചെയ്യുന്നു. മെസോഡേം (Mesoderm) എന്നാണിതിന്റെ പേര്. ഈ മൂന്ന് ആദിമ പാളികളാണ് പിന്നീട് ശരീരത്തിന് വേണ്ടിവരുന്ന മുഴുവന്‍ അവയവങ്ങളും നിര്‍മിക്കുന്നത്. ഉദാഹരണമായി പുറം പാളിയായ എകടോഡേമാണ് പുറത്തെ തൊലിയും നാഡീവ്യൂഹവും നിര്‍മ്മിക്കുന്നത്. ഗട്ടും മറ്റ് ആന്തരികാവയവങ്ങളും എന്‍ഡോഡേമില്‍ നിന്ന് ഉത്ഭവിക്കുന്നു. മെസോഡേമാണ് എല്ലുകളുടെയും പേശികളുടെയും നിര്‍മ്മാതാക്കള്‍.”(236)
OLYMPUS DIGITAL CAMERA 
ഇത്രയും സങ്കീര്‍ണവും നിയന്ത്രണ വിധേയവും അത്ഭുതകരവുമായ ഭ്രൂണവളര്‍ച്ചയെ വിശദീകരിക്കാന്‍ ഒറിഗാമി കളിക്കുന്ന ഡോകിന്‍സിന്റെ ദയനീയതയെക്കുറിച്ച് ഒരിക്കല്‍ കൂടി ചിന്തിച്ചുനോക്കുക! ഡോകിന്‍സ് ‘കളി’ തുടരുന്നതിങ്ങനെ: ”ഒറിഗാമി ഉപമക്ക് അനുകൂലമായി മറ്റുചിലത് കൂടിയുണ്ട്. മടക്കല്‍ (Folding), അകച്ചുഴി ഉണ്ടാക്കല്‍ (Invagination), അകംപുറം തിരിയല്‍ (Turning Inside Out) എന്നീ പ്രക്രിയകള്‍ ശരീരനിര്‍മ്മിതിക്ക് ഭ്രൂണകോശങ്ങള്‍ അനുവര്‍ത്തിക്കുന്ന ചില ഇഷ്ട തന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ട്. ഒറിഗാമി ഉപമ ഭ്രൂണത്തിന്റെ ആദ്യഘട്ട വികാസത്തെ സംബന്ധിച്ചിടത്തോളം നന്നായി ഒത്തുപോകുന്നുണ്ടെന്ന് കാണാം. അതേസമയം അതിന് അതിന്റേതായ ന്യൂനതകളുമുണ്ട്. താഴെ പറയുന്നവയാണ് അതില്‍ ഏറ്റവും പ്രകടമായിട്ടുള്ളവ: 

1.  മടക്കുകള്‍ ഉണ്ടാക്കാന്‍ മനുഷ്യകരങ്ങള്‍ ആവശ്യമായി വരുന്നു.

2. വികസിപ്പിക്കപ്പെടുന്ന കടലാസ് ഭ്രൂണം ‘വളര്‍ന്ന് വലുതാകന്നില്ല.’ കടലാസിന്റെ ഭാരം ആദ്യാവസാനം ഒന്നുതന്നെ. ഈ വ്യത്യാസം കൃത്യമായി തിരിച്ചറിയാന്‍ വേണ്ടി ജൈവ ഭ്രൂണ വികാസത്തെ പലപ്പോഴും വെറും ഒറിഗാമി എന്നല്ല ‘വീര്‍പ്പിക്കപ്പെട്ട’ ഒറിഗാമി (Inflated Origami) എന്നാണ് ഞാന്‍ വിശേഷിപ്പിക്കാറുള്ളത്.”(237)

കേവലം കുട്ടിക്കളി കൊണ്ടോ കൈവേലകള്‍ കൊണ്ടോ കമ്പ്യൂട്ടര്‍ഗെയിമുകള്‍ കൊണ്ടോ  കുരങ്ങുകളിപ്പിക്കാന്‍ കൊണ്ടോ അണ്ഡബീജോല്‍പാദനമോ അണ്ഡബീജ സങ്കലനമോ ഭ്രൂണ വളര്‍ച്ചയോ  കേവല ലൈംഗിക ബന്ധം പോലുമോ വിശദീകരിക്കാനാവില്ല എന്ന് ഡോകിന്‍സിനു തന്നെ ബോധ്യമുണ്ട് എന്ന് ഈ വരികള്‍ വ്യക്തമാക്കുന്നുണ്ട്. എങ്കിലും അദ്ദേഹം വീണത് വിദ്യയാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് തുടര്‍വാചകങ്ങളില്‍ കാണാം. ”എന്നാല്‍ ഈ രണ്ട് പൊരുത്തക്കേടുകള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ പരസ്പരം റദ്ദാക്കുന്നവയാണ്. കലകളുടെ പാളികള്‍ മടങ്ങുകയും ഉള്‍ച്ചുഴിയുണ്ടാക്കുകയും അകംപുറം തിരിയുകയുമൊക്കെ ചെയ്യുന്നതിനോടൊപ്പം തീര്‍ച്ചയായും ‘വളരുകയും’ ചെയ്യുന്നുണ്ട്. ഈ വളര്‍ച്ച തന്നെയാണ് ആ പ്രക്രിയ തുടരാനുള്ള ചാലകശക്തിയായിത്തീരുന്നത്. ഒറിഗാമിയില്‍ നമ്മുടെ കൈ പ്രദാനം ചെയ്യുന്നതിന് സമാനമായ പ്രചോദന ശക്തിയാണ് ഈ വളര്‍ച്ച ഭ്രൂണത്തിന്റെ തുടര്‍വികസനത്തിന് പകര്‍ന്നേക്കുന്നത്. മരിച്ച കടലാസിന് പകരം ജീവനുള്ള ജൈവകലയുടെ ഒരു പാളി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒറിഗാമി ഉണ്ടാക്കണമെന്നിരിക്കട്ടെ. ജൈവകലയുടെ പാളി മടങ്ങിയും അകത്തേക്ക് തിരിഞ്ഞും ചുഴികളുണ്ടാക്കിയും വളരുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് കരുതുക. ആ ‘വളര്‍ച്ച’ പാളിയുടെ ചില ഭാഗങ്ങളില്‍ കൂടിയും മറ്റിടങ്ങളില്‍ കുറഞ്ഞുമുള്ള ഭിന്ന അനുപാതത്തിലാണെന്നും സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ കൈ പ്രവര്‍ത്തിക്കാതെ തന്നെ ആ പാളി സ്വയം വലിഞ്ഞു നീളാനും മടങ്ങിയൊടിയാനുമൊക്കെയുള്ള ആവേശകരമായ ഒരു സാധ്യതയുണ്ട്. ഏതെങ്കിലും ആഗോള പദ്ധതിയുടെ ഭാഗമായിട്ടല്ല, മറിച്ച് പ്രാദേശിക നിയമങ്ങളായിരിക്കും അവിടെ പ്രസക്തമാവുക. കേവലം ആവേശകരമായ ഒരു സാധ്യത മാത്രമായി അതിനെ പരിമിതപ്പെടുത്തേണ്ടതില്ല; ശരിക്കും അതാണ് സംഭവിക്കുന്നത്. നമുക്കതിനെ ‘ഓട്ടോ-ഒറിഗാമി’ (Auto-Origami) അഥവാ സ്വയംകൃതമായ ഒറിഗാമി എന്ന് വിളിക്കാം.”(238)

ഇവിടെ ഒറിഗാമിയും ഭ്രൂണ വികാസവും താരതമ്യം ചെയ്യുമ്പോള്‍ ഡോകിന്‍സ്  സ്വയം കുഴിച്ച കുഴിയില്‍ വീണതും അതില്‍നിന്ന് രക്ഷപ്പെടാന്‍ വിഫലശ്രമം നടത്തുന്നതും മാന്യവായനക്കാര്‍ ശ്രദ്ധിച്ചുകാണും. ഒറിഗാമി ഒരിക്കലും സ്വയം പ്രവര്‍ത്തിക്കുന്നില്ല. അതിന് ആ വിദ്യ അറിയുന്ന ഒരു വ്യക്തിയുടെ ഹൃദയവും തലച്ചോറും കണ്ണുകളും ബോധവും കൃത്യവും കണിശവുമായ ഏകാഗ്രതയോടെ പ്രവര്‍ത്തിക്കണം. എന്നുവെച്ചാല്‍ ഒരു പുറംശക്തി(External Agent)യുടെ നിയന്ത്രണത്തില്‍ മാത്രമേ അത് പ്രാവര്‍ത്തികമാക്കാന്‍ സാധ്യമാകൂ. എന്നാല്‍ ഡോകിന്‍സ് വെറുതെ ഊഹിക്കുന്നത് -ഊഹം പരിണാമത്തിന്റെ ശക്തമായ തെളിവാണദ്ദേഹത്തിന് (239) – അതിസങ്കീര്‍ണമായ ഭ്രൂണവളര്‍ച്ച ഒരു നിയന്ത്രകന്റെയും ആസുത്രകന്റെയും സഹായമില്ലാതെ സ്വയം നടക്കുകയാണെന്നാണ്. അതിന് വ്യക്തവും ശാസ്ത്രീയവും മൂര്‍ത്തവുമായ എന്തെങ്കിലും  തെളിവിന്റെ പൊടിപോലും പുസ്തകത്തിലെവിടെയും അവതരിപ്പിക്കുന്നില്ല. ഡോക്കിന്‍സിന്റെ ‘ഊഹം’ എന്തുമാത്രം പരിഹാസ്യമാണെന്ന് മനസ്സിലാക്കാന്‍ മനുഷ്യശരീരത്തില്‍ നടക്കുന്ന കോശവിഭജനത്തിന്റെ വിശദാംശങ്ങളിലൂടെ വെറുതെയൊന്ന് കടന്നുപോയാല്‍ മാത്രം മതി.

കോശ വിഭജനം രണ്ടു രീതിയിലാണ് മനുഷ്യശരീരത്തില്‍ നടക്കുന്നത്.  ഒന്ന് ‘മൈയോസിസ്’ (Meiosis). മുമ്പ് നാം വിശദീകരിച്ചിട്ടുള്ളതുപോലെ അണ്ഡവും ബീജവുമാകുന്ന ലൈംഗിക കോശങ്ങള്‍ നിലവില്‍ വരുന്നത് ഈ രീതിയിലാണ്. രണ്ടാമത്തെ രീതി ‘മൈറ്റോസിസ്’ (Mitosis) ആണ്. ഇതാണ് ജന്തുലോകത്തും സസ്യലോകത്തും സാധാരണയായി നടന്നുവരുന്ന കോശവിഭജന രീതി. മൈറ്റോസിസ് അടിസ്ഥാനപരമായി ഇരട്ടിപ്പിക്കല്‍ പ്രക്രിയയാണ്. ഇത് ഒരു മാതൃകോശത്തില്‍ നിന്ന് കിറുകൃത്യമായ രണ്ടു പുത്രകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു.  മാതൃകോശത്തിന്റെ യാതൊരു വ്യത്യാസവുമില്ലാത്ത രണ്ട് ഒറിജിനല്‍ പതിപ്പുകളാണ് ഇവിടെ നിലവില്‍ വരുന്നത്. അതോടെ മാതൃകോശം നിലനില്‍ക്കുകയുമില്ല.  ദിനേന നമ്മുടെ ശരീരകോശങ്ങള്‍ ഇതുവഴി തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു. ഈ പ്രക്രിയ നമ്മുടെ ശരീരത്തിലെ ഓരോ ഘടകവും അവയവങ്ങളും നിത്യേന പുതുപുത്തനാക്കുകയും പ്രവര്‍ത്തനക്ഷമമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.(240)

മൈറ്റോസിസ് കോശവിഭജനം നാം മനസ്സിലാക്കിയ പോലെ മാതൃകോശത്തിന്റെ ഇരട്ടക്കോപ്പികള്‍ നിലവില്‍ വരുന്ന പ്രക്രിയയാണ്. അതിന്റെ എല്ലാ സ്വഭാവങ്ങളും പാരമ്പര്യവാഹക പദാര്‍ത്ഥങ്ങളും രാസ ഘടകങ്ങളും ധര്‍മങ്ങളും എല്ലാം ഇരട്ടിക്കുന്ന കോശത്തിലും മാതൃകോശത്തിന്റെ അനുകരണവും തനിപ്പകര്‍പ്പും മാത്രമായിരിക്കും. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളും അടിസ്ഥാനപരമായി ഒരേ ഘടന തന്നെയുള്ളതാണെന്ന് നമുക്കറിയാം. ഈ അറിവിന്റെ വെളിച്ചത്തില്‍ കോശവിഭജന പ്രക്രിയയെ അപഗ്രഥിക്കുമ്പോഴാണ്അതിലെ അത്ഭുതത്തിന്റെ വലുപ്പം പൂര്‍ണമായി മനസ്സിലാവുക. വലതുകയ്യിലെ ചെറുവിരലിലെ നഖത്തിലെ ഒരു കോശം വിഭജിക്കുകയാണെങ്കില്‍ പുത്രകോശങ്ങള്‍ നഖമായി മാത്രമേ വളരുകയുള്ളൂ. അതുപോലെ ശരീരത്തിലെ ഏത് ഭാഗത്തിന്റെ കോശമായാലും അങ്ങനെതന്നെ. നഖം നഖമായും മുടി മുടിയായും തൊലി തൊലിയായും മാത്രമേ വിഭജിക്കുകയുള്ളൂ. ഡോകിന്‍സ് പറഞ്ഞതുപോലെ തന്നെയാണ് ഗര്‍ഭാവസ്ഥയില്‍ മനുഷ്യശരീരം വളര്‍ന്നുവരുന്നത്. പക്ഷെ ഒരേയൊരു കോശത്തിലെ ഒരേയൊരു DNAയുടെ നിര്‍ദ്ദേശപ്രകാരം എങ്ങനെയാണ് ഇത്ര വ്യത്യസ്തമായ അവയവങ്ങളുടെ വികാസം സാധ്യമാകുന്നത്? എങ്ങനെയാണ്  സാധാരണ പ്രത്യുല്‍പാദന കോശങ്ങള്‍ക്ക് വ്യത്യസ്ത കലകളും അവയവങ്ങളും ആയി വളരാനുള്ള നിര്‍ദ്ദേശം ലഭിക്കുന്നത്? തീര്‍ച്ചയായും ഇതിനു പിന്നില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും ആസൂത്രണങ്ങളും നിയമങ്ങളും നിര്‍ദ്ദേശകനും നിയാമകനും ആസൂത്രകനും ഉണ്ടായേ തീരു.

“ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഡോകിന്‍സ് തന്റെ കൃതിയില്‍ ശ്രമിക്കുന്നുണ്ട്: ”അത്ഭുതകരമെന്ന് പറയട്ടെ, ജീവനുള്ള കലകളുടെ വികാസം വിശദീകരിക്കാന്‍ നല്ലൊരു ഉദാഹരണം കണ്ടെക്കുകയെന്നത് പ്രസായകരമാണ്.”(241) എന്നാല്‍ ഇതു സമ്മതിക്കുമ്പോഴും അദ്ദേഹം ചില ഉദാഹരണങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നുണ്ട്: ”ഭ്രൂണവികാസവുമായി താരതമ്യപ്പെടുത്താന്‍ മനുഷ്യന്‍ നിര്‍വഹിക്കുന്ന മറ്റേത് നിര്‍മ്മാണവിദ്യയാണ് നമുക്കിവിടെ ലഭ്യമായിട്ടുള്ളത്? ശില്‍പവേല യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകന്നുനില്‍ക്കുന്നു. ശില്‍പി പണി തുടങ്ങുന്നത് ഒരു കഷണം ശിലയോ തടിയോ മുന്‍നിറുത്തിയാണ്. അതില്‍ ആഗ്രഹിച്ച രൂപം ലഭിക്കുന്നതുവരെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ചെത്തിക്കളഞ്ഞും മിനുസപ്പെടുത്തിയുമാണ് അയാള്‍ ശില്‍പം മെനഞ്ഞെടുക്കുന്നത്. ഭ്രൂണവികാസത്തിലെ ഒരു ഘട്ടത്തോട് വളരെ നല്ല സാദൃശ്യമുള്ള ഒരു പ്രക്രിയയാണിത്. അപോപ്‌ടോസിസ് (Apoptosis) എന്നാണിതിന്റെ പേര്. മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ട കോശമരണത്തെയാണ് (Planned Cell Death) അപോപ്‌ടോസിസ് എന്ന് പറയുന്നത്. നമ്മുടെ കയ്യിലേയും കാലിലെയും വിരലുകളുടെ വികാസത്തിലാണിത് പ്രസക്തമാകുന്നത്. മനുഷ്യഭ്രൂണത്തില്‍ കൈകാല്‍ വിരലുകള്‍ ഒട്ടിപ്പിടിച്ച നിലയിലാണുള്ളത്. ഗര്‍ഭപാത്രത്തില്‍ വെച്ച് നിങ്ങള്‍ക്കും എനിക്കും വലക്കണ്ണിപോലെ (Webbed) ഒട്ടിച്ചേര്‍ന്ന കൈകാല്‍ വിരലുകളാണുള്ളത്. ഈ വലക്കണ്ണി വേര്‍പ്പെടുന്നത് (മിക്കവരിലും; അപൂര്‍്യം ചില അപവാദങ്ങള്‍ ഇടക്കിടെ സംഭവിക്കാമെങ്കിലും) ആസൂത്രിതമായ കോശമരണത്തിലൂടെയാണ്. ഇതിനാകട്ടെ ഒരു ശില്‍പി തനിക്കാവശ്യമായ രൂപം ശിലയില്‍ നിന്നും ചെത്തിയെടുക്കുന്നതുമായി ചില സമാനതകളുണ്ട്.”(242)

ശില്‍പവും ശില്‍പിയുമായി കൈകാലുകളെ താരതമ്യം ചെയ്തത് നാം കണ്ടു. ശില്‍പകലയ്ക്ക് ആസൂത്രണം ആവശ്യമാണെന്നതില്‍ തര്‍ക്കമുണ്ടോ? ആസൂത്രണം താനേ ആകാശത്തുനിന്ന് പൊട്ടിവീഴുന്നതല്ല എന്നും ആസൂത്രണത്തിന് പിന്നില്‍ ആസൂത്രണത്തേക്കാളും മികവുറ്റ ആസൂത്രകന്‍ വേണമെന്നും മനസ്സിലാക്കാന്‍ അധികം ബുദ്ധിയും വിവേകവും ആവശ്യമില്ല. അതംഗീകരിക്കാന്‍ ഡോക്കിന്‍ സിനു തടസ്സമാകുന്നത് അഹങ്കാരം മാത്രമല്ലേ?
LIFE-GENDERഡോകിന്‍സ് തുടരട്ടെ: ”എങ്കിലും ഭ്രൂണം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഉതകുന്ന തരത്തില്‍ പ്രാധാന്യമുള്ളതോ സഹായകരമോ ആയ ഒരു പ്രക്രിയ അല്ലിത്. ചില ശില്‍പികള്‍ ചെത്തിക്കളയലിലൂടെയല്ല ശില്‍പം മെനയുന്നത്. കുറച്ച് കളിമണ്ണോ മെഴുകോ എടുത്ത് അത് പരുവപ്പെടുത്തി (Knead) ആവശ്യാനുസരണമുള്ള രൂപം ഉണ്ടാക്കുകയാണവര്‍ ചെയ്യുന്നത്. (ഇങ്ങനെ ലഭിക്കുന്ന രൂപം പിന്നീട് വേണമെങ്കില്‍ വെങ്കലത്തിലേക്ക് പകര്‍ത്താം). എന്നാലിതും ഭ്രൂണവികാസം വിശദീകരിക്കാന്‍ സഹായകരമായ ഉദാഹരണമല്ല തന്നെ.”(243) പിന്നെയെന്തിനാണ് ഉപകാരവും സഹായവുമില്ലാത്ത ഉദാഹരണവുമായി വന്നത്?  തുടര്‍ന്നും മറ്റൊരു ഉദാഹരണം പുത്തന്‍ കുപ്പായമിടീച്ച് കൊണ്ടുവരുന്നത് കാണുക: ”തുന്നലും വസ്ത്രം നെയ്യുന്നതും പരിഗണിച്ചാലും പ്രയോജനമില്ല. നിലവില്‍ ലഭ്യമായ തുണി മുറിച്ച് മുന്‍ നിശ്ചയപ്രകാരമുള്ള രൂപങ്ങള്‍ നിര്‍മ്മിക്കുകയും പിന്നീട് ഇത്ര കഷ്ണങ്ങള്‍ തുന്നിച്ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. തുന്നിയ ഭാഗം കാണാതിരിക്കാനായി  പുറം അകത്തുവരത്തക്ക രീതിയില്‍ തുണി ചിലപ്പോള്‍ തിരിച്ചിടാറുണ്ട്. ഈ ഉദാഹരണമാകട്ടെ ഭ്രൂണത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്. പക്ഷെ, മൊത്തത്തിലെടുത്താല്‍ ഭ്രൂണവികാസത്തിന് ശില്‍പവിദ്യയോടുള്ള സാമ്യം മാത്രമെ തുന്നലിനോടുള്ളൂ.”(244) അദ്ദേഹം വീണ്ടും ഉദാഹരണങ്ങള്‍ പെറുക്കിക്കൂട്ടി കൊണ്ടുവരുന്നുണ്ട്:  ”മെടഞ്ഞുനെയ്യല്‍ (Knitting) കുറേക്കൂടി സാദൃശ്യം കാണിക്കുന്നുണ്ട്. കോശങ്ങളുടെ കാര്യത്തിലെന്നപോലെ വ്യത്യസ്തമായ ചെറുകണികകള്‍ തുന്നിച്ചേര്‍ത്താണ് സ്വറ്റര്‍ (Sweater) ഉണ്ടാക്കുന്നത്. എന്നാലും ഇതിലും കുറേക്കൂടി അനുയോജ്യമായ ഉദാഹരണങ്ങള്‍ ലഭ്യമാണ്.”(245)

അതെന്താണ് ആ മഹത്തായ ഉദാഹരണമെന്ന് പരിശോധിക്കാം: ”കാറിന്റെ ഘടകഭാഗങ്ങള്‍ സംയോജിപ്പിക്കുന്നത് അല്ലെങ്കില്‍ ഫാക്ടറിയുടെ അസംബ്ലി ലൈനില്‍ നടക്കുന്ന സങ്കീര്‍ണമായ യന്ത്രങ്ങളുടെ സംഘാടനം പരിഗണിക്കാം. അതൊരു നല്ല ഉദാഹരണമാണോ? ശില്‍പവിദ്യയിലും തുന്നലിലും ചെയ്യുന്നത് പോലെ മുന്‍നിശ്ചയപ്രകാരം നിര്‍മ്മിച്ച ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുകയെന്നത് ഒരു വസ്തു ഉണ്ടാക്കാനുള്ള ഫലപ്രദമായ മാര്‍മാണ്. കാര്‍ഫാക്ടറിയില്‍ ഉപയോഗിക്കേണ്ട ഭാഗങ്ങളൊക്കെ മുന്‍കൂട്ടി തയ്യാറാക്കപ്പെടുന്നുണ്ട്. പലപ്പോഴും ഫാക്ടറിയിലെ അച്ചുകളില്‍ രൂപപ്പെടുത്തിയെടുത്തതാണ് ഈ ഘടകഭാഗങ്ങള്‍. (എന്നാല്‍ ഭ്രൂണവികാസത്തില്‍ അച്ചില്‍ രൂപപ്പെടുത്തിയെടുക്കുന്ന യാതൊന്നുമില്ലെന്ന് ഞാന്‍ കരുതുന്നു.) തുടര്‍ന്ന് ഇത്ര മുന്‍ നിശ്ചയിച്ച ഭാഗങ്ങള്‍ ഒരു അസംബ്ലി ലൈനില്‍ കൊണ്ടുവന്ന് സ്‌ക്രൂ ചെയ്തും വെല്‍ഡ് ചെയ്തും ആണിയടിച്ചും കൂട്ടിവിളക്കിയും ഘട്ടംഘട്ടമായി മുമ്പ് ആസൂത്രണം ചെയ്ത നിര്‍ദ്ദിഷ്ട രേഖയനുസരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നു. വീണ്ടും പറയട്ടെ, ഭ്രൂണവികാസത്തിന്റെ കാര്യത്തില്‍ മുന്‍ നിശ്ചിതമായ രൂപരേഖ എന്നൊന്നില്ല. മുന്‍കൂട്ടി നിര്‍മ്മിച്ച ഭാഗങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുന്നതാണ് കാര്‍ അസംബ്ലിയില്‍ നാം പരിചയപ്പെടുന്നത്. ഇക്കാര്യത്തില്‍ ഭ്രൂണ വികാസം സാക്ഷ്യംവഹിക്കുന്നുണ്ട്. അതായത് ഒരു കാര്‍ അസംബ്ലി പ്ലാന്റില്‍ മുന്‍കൂട്ടി നിര്‍മ്മിച്ച കാര്‍ബുറേറ്റുകളും ഡിസ്റ്റിബ്യൂട്ടര്‍ ഹെഡ്ഡുകളും സിലിണ്ടര്‍ ഹെഡ്ഡുകളും ഒന്നിച്ച് കൊണ്ടുവന്ന് ശരിയായ സ്ഥാനത്ത് കൂട്ടിയിണക്കുന്നതിന് സമാനമായ ചിലത് ഭ്രൂണവികാസത്തിലും സംഭവിക്കുന്നുണ്ട്.”(246)

ഡോക്കിന്‍സിന്റെ കാര്‍ അസംബ്ലി പ്ലാന്റ് യാദൃശ്ചികമായി ഉരുത്തിരിഞ്ഞതല്ല. അസംബ്ലി പ്ലാന്റില്‍ കൂട്ടിയോജിപ്പിക്കുന്ന ഓരോ ഘടകവും, എഞ്ചിന്‍ മുതല്‍ സാധാരണ ഒരു സ്‌ക്രൂ വരെ, കടുത്ത ഗണിതശാസ്ത്രമാര്‍ഗങ്ങളും നിരന്തരമായ ഗവേഷണ പരീക്ഷണങ്ങളും അവലംബിച്ച് കൃത്യമായ ആസൂത്രണത്തോടെ രൂപകല്‍പന നല്‍കിയതാണ്. ഒരു കാര്‍ ഡിസൈനിംഗ് സ്റ്റുഡിയോയില്‍ അതിന്റെ ഇന്റീരിയര്‍ എക്‌സ്റ്റീരിയര്‍ ഡിസൈനിംഗിന് മാത്രം ഏറ്റവും ചുരുങ്ങിയത് വ്യത്യസ്ത വിഭാഗങ്ങളുടെ കൂട്ടായ്മയില്‍ 30,000 മനുഷ്യ പ്രവൃത്തി ദിനങ്ങള്‍ ആവശ്യമാണ്.(247) ഈ ഡിസൈനര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സോഫ്റ്റ് വെയറുകളും കമ്പ്യൂട്ടര്‍ ശൃംഖലയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഓഫീസ് സൗകര്യങ്ങളും പുറമെ. ഇപ്പോഴും കാറിന്റെ മാതൃക മാത്രമെ ഉണ്ടായിട്ടുള്ളൂ. ഇനി അതിന്റെ എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടക ഭാഗങ്ങളും എത്ര വിപലമാണ്. അതിന്റെ എലക്ട്രിക്, എലക്ട്രോണിക്, കമ്പ്യൂട്ടര്‍ ഘടകഭാഗങ്ങള്‍; ഇതെല്ലാം രൂപകല്‍പന ചെയ്യാന്‍ മാത്രം എത്ര ഭീമമായ മനുഷ്യ,യന്ത്ര  പ്രയത്‌നങ്ങള്‍ വേണ്ടിവരും? ഇങ്ങനെ ഡിസൈന്‍ ചെയ്യപ്പെട്ട ഒരു കാറിന്റെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കാന്‍ എത്ര മനുഷ്യ വിഭവശേഷി വേണ്ടതുണ്ട്? കഴിഞ്ഞില്ല, ഇതെല്ലാം കഴിഞ്ഞ് യഥാര്‍ത്ഥ രീതിയില്‍, ഡോകിന്‍സ് ഉദാഹരിച്ച ഘട്ടത്തിലെ അസംബ്ലിംഗ് യൂണിറ്റിലേക്ക് എത്തുന്നതിന് ഇനിയുമേറെ മനുഷ്യ വിഭവശേഷിയും യന്ത്രസംവിധാനങ്ങളും വേണം. നാം പത്ത് ലക്ഷം രൂപക്ക് ഒരു കാര്‍ ഷോറൂമില്‍ പോയി വാങ്ങുമ്പോഴോ  ഒരു കാറില്‍ അതിന്റെ എയര്‍കണ്ടിഷനിന്റെ കുളിര്‍മയില്‍ സസ്‌പെന്‍ഷന്‍ സിസ്റ്റത്തിന്റെ കണിശതയില്‍ കുലുക്കങ്ങള്‍ അറിയാതെ മ്യൂസിക് സിസ്റ്റം പുറത്തുവിടുന്ന നാം ഇഷ്ടപ്പെടുന്ന സംഗീതമാസ്വദിച്ച് ഒരു യാത്ര ചെയ്യുമ്പോഴോ ആ കാറിന്റെ ഡിസൈനിങ് ലാബും എഞ്ചിന്‍ നിര്‍മ്മാണ യൂണിറ്റും മറ്റു ഘടകഭാഗങ്ങളുടെ നിര്‍മ്മാണ യൂണിറ്റും  മുതല്‍  ഇന്റീരിയറിലെ ഡാഷ് ബോര്‍ഡിലെ ലൈനിങ്ങിന്റെ നിറത്തിന്റെ കോമ്പിനേഷനോ ഇന്‍സ്റ്റ്രുമെന്റ് പാനലിന്റെയോ ഫ്യൂയല്‍ ഗെയ്ജിലേയോ താപമീറ്ററിലേയോ വേഗതാ മാപിനിയിലെ സൂചിയുടെയോ ചലനമോ വരെ ആസൂത്രണം ചെയ്ത അത് പുറത്തിറക്കിയ മനുഷ്യബുദ്ധിയുടെയും, മനുഷ്യവിഭവശേഷിയുടെടെയും വൈപുല്യത്തെക്കുറിച്ച് ആലോചിക്കാറുണ്ടോ? പതിനായിരക്കണക്കിന് മനുഷ്യരും യന്ത്രസംവിധാനങ്ങളും കമ്പ്യൂട്ടര്‍ ശൃംഖലയും കോടികളുടെ മുതല്‍മുടക്കും എല്ലാം ഒരൊറ്റ മനുഷ്യന്റെ നിയന്ത്രണത്തില്‍ കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈകാര്‍. ഇത് താനെ കുറേ ഇരുമ്പും ചെമ്പും നിക്കലും പ്ലാസ്റ്റികും റബറും പെട്രോളിയം ഉല്‍പന്നങ്ങളും തുണിയും പെയിന്റും കൂടിക്കിടന്നപ്പോള്‍ കാറ്റടിച്ച് തനിയെ ഉണ്ടായതല്ല. ഫ്രഡ് ഹോയിലിന്റെ ബോയിങ്ങ് 747 ഉദാഹരണം ഇതിനോട് ചേര്‍ത്ത് വായിക്കുക.(248) മനുഷ്യഭ്രൂണവളര്‍ച്ച തീര്‍ച്ചയായും ഒരല്‍പം പോലും തെറ്റുപറ്റാത്ത ആസൂത്രകന്റെ ആസൂത്രണത്തില്‍ നടക്കുന്ന അതീവ ഗൗരവവും അതിസങ്കീര്‍ണവുമായ ബയോളജിക്കല്‍ പ്രൊസസ്സാണ്. അല്ലാതെ ഡോകിന്‍സും പരിണാമവിശ്വാസികളും വിശ്വസിക്കുന്നതുപോലെ കേവലം യാദൃഛിക സംഭവവികാസമല്ല.

ഡോകിന്‍സ് ഉദാഹരിച്ച ഉദാഹരണങ്ങളായ ശില്‍പവും ശില്‍പിയും തുണി നെയ്യലും തൈക്കലും സ്വറ്ററും മൂശയും കാര്‍ ഫാക്ടറിയും അസംബ്ലിങ്ങുമൊന്നും തന്നെ അദ്ദേഹത്തിന് പോലും സംതൃപ്ത ഉദാഹരണങ്ങളല്ലെന്ന് അദ്ദേഹം തന്നെ തുറന്നുപറയുന്നത് നാം കണ്ടു. തീര്‍ച്ചയായും ഇതിനുപിന്നിലെ ആസൂത്രകനെ അംഗീകരിക്കാതെ നിര്‍വാഹമില്ലെന്നാണ ഇത് വ്യക്തമാക്കുന്നത്. ഡോകിന്‍സിന് തന്നെ ഉറപ്പാണ് കൃത്യമായ ആസൂത്രണവും ആസൂത്രകനും ഇല്ലാതെ കുറെ മരങ്ങളും ഇഷ്ടികകളും മേച്ചിലോടുകളും പടവിനാവശ്യമായ കുമ്മായചാന്തും അതിനെല്ലാം ആവശ്യമായ കല്‍പണിക്കാരും ആശാരിമാരും കിണഞ്ഞു പണിയെടുത്താലും ഒരു ചെറിയ കെട്ടിടം പോലും താനെ ഉയര്‍ന്നുവരില്ല എന്ന്. അദ്ദേഹം തന്നെ സംസാരിക്കട്ടെ! ”ഒരു ശില്‍പി മഹത്തായ ഒരു കത്രീഡല്‍ ആസൂത്രണം ചെയ്യുന്നു. ശ്രേണീപരമായ നിര്‍ദ്ദേശങ്ങളുടെ ശൃംഖലയായിരിക്കുമത്. മൊത്തം നിര്‍മാണം ഘടക വകുപ്പുകളായി വിഭജിക്കുന്നു. പിന്നീടത് ഉപവകുപ്പുകളായി വേര്‍തിരിക്കുന്നു. ഈ തൊഴില്‍ വിഭജന രേഖയില്‍ ജോലിക്കെത്തുന്ന മേസ്തിരിമാര്‍, ആശാരിമാര്‍, മിനുക്ക് പണി നടത്തുന്നവര്‍ എന്നിവര്‍ക്കുള്ള വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍ വരെ ഉള്‍കൊണ്ടിട്ടുണ്ടാവും. ഒരു ആസൂത്രികന്‍ അഥവാ ഡിസൈനര്‍ ചിത്രീകരണത്തില്‍ വിഭാവനം ചെയ്യുന്നതുപോലെ ഒരു കെട്ടിടം ഉണ്ടാവുന്നതുവരെ ഈ നിര്‍ദ്ദേശങ്ങള്‍ സക്രിയമായി നിലനില്‍ക്കുന്നു. എന്നാലിത് മുകളില്‍ നിന്ന് താഴോട്ടുള്ള ടോപ്പ്-ഡൗണ്‍’ ആസൂത്രണ പരിപാടിയാണ്.

ബോട്ടം-അപ് ആസൂത്രണം തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ലെങ്കിലും മധ്യകാല യൂറോപ്പിലെ പല കത്തീഡ്രലുകള്‍ക്കും ശില്‍പികളുണ്ടായിരുന്നില്ല എന്നൊരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ആരും കത്തീഡ്രല്‍ ഡിസൈന്‍ ചെയ്തില്ല; ഓരോ കല്‍പ്പണിക്കാരനും ആശാരിയും അവനവന്റെ വൈദഗ്ധ്യമനുസരിച്ച് പണി ചെയ്യും. മറ്റുള്ളവര്‍ എന്തുചെയ്യുന്നുവെന്ന് ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല, പൊതുവായ ഒരു പ്ലാന്‍ വേണമെന്ന ചിന്ത ആരുടെ മനസ്സിലും ഉണ്ടായിരുന്നുമില്ല. അത്തരം അരാജകത്വത്തിനൊടുവിലും ഒന്നാന്തരം കത്തീഡ്രല്‍ ഉയരുകയായിരുന്നു. ഇപ്പറഞ്ഞത് അതേപടി സംഭവിച്ചു എന്ന് കരുതുക- എങ്കിലത് ബോട്ടം-അപ്’ ആസൂത്രണത്തിന് മകുടോദാഹരണമാണ്. മിത്തുകള്‍ക്ക് ദൗര്‍ലഭ്യമൊന്നുമില്ലെങ്കിലും കത്തീഡ്രലുകള്‍ നിര്‍മ്മിക്കപ്പെട്ടത് അങ്ങനെയല്ലെന്ന് നമുക്കറിയാം.”(249)

“കഴിഞ്ഞ 155 വര്‍ഷങ്ങളായി പരിണാമ വിശ്വാസികള്‍ വിശ്വസിക്കുന്നത് ഭൂമിയിലെ ജൈവശൃംഖല, ഡോകിന്‍സ് ചിരിച്ചുതള്ളിയ മധ്യകാല യൂറോപ്പിലെ കത്തീഡ്രല്‍ നിര്‍മ്മാണത്തെ സംബന്ധിച്ച മിത്തിനെ പോലെ എങ്ങിനെയൊക്കെയോ എവിടെയൊക്കെയോ ആരൊക്കെയോ പരിണമിച്ചുവന്നു എന്നാണ്. കേവലം ഒരു കത്തീഡ്രല്‍ കെട്ടിടം അതിന്റെ അടിസ്ഥാന ഘടകങ്ങളായ അസംസ്‌കൃത പദാര്‍ത്ഥങ്ങളും അത് ഉപയോഗിച്ച് ആരോടും ബാധ്യതകളൊന്നുമില്ലാതെ സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും അങ്ങനെ സ്വാതന്ത്ര്യത്തോടെ തൊഴില്‍ ചെയ്യാന്‍ കഴിവും ബുദ്ധിയും വൈദഗ്ധ്യവുമുള്ള എല്ലാ വിഭാഗം കല്‍പണിക്കാരും ആശാരിമാരും മേസ്തിരിമാരും മിനുക്കുപണിക്കാരും ചായമടിക്കാരും  എല്ലാം യഥേഷ്ടം ഉണ്ടായിട്ടും, ഒരു കേന്ദ്ര ആസൂത്രകനില്ലാതെ  ഉയര്‍ന്നുവരില്ല എന്ന് ഉറച്ചുവിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഡോകിന്‍സ് പക്ഷെ, ഭൂമിയിലെ ജൈവവൈവിധ്യം താനെ പൊട്ടിമുളക്കുമെന്ന് ഗാഢമായി വിശ്വസിക്കുകയും യാതൊരു ചിന്തയോ ബോധമോ ശാസ്ത്രീയ തെളിവിന്റെ പൊടിപോലുമോ ഇല്ലാതെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു!

ഡോകിന്‍സ് കത്തീഡ്രല്‍ ഐതിഹ്യം പ്രചരിപ്പിക്കാനുള്ള കാരണവും അദ്ദേഹത്തിന്റെ ഭക്തന്മാരുടെ പരിണാമവിശ്വാസവും ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ കറേക്കൂടി വ്യക്തമാവും: ”എന്റെ സഹപ്രവര്‍ത്തകനും മധ്യകാല ചരിത്രകാരനുമായ ഡോ. ക്രിസ്റ്റഫര്‍ ടയര്‍മാന്‍ (Christopher Tyerman) ഈ മിത്ത് വിക്ടോറിയന്‍ കാലത്തുണ്ടായ ഒരു ഐതിഹ്യം മാത്രമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ കാരണങ്ങളാലാണ് പ്രചാരം നേടിയതത്രെ. എങ്കിലും അതില്‍ സത്യത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല.”(250) ഡോകിന്‍സ് ഇപ്പറഞ്ഞതില്‍ ഒരല്‍പ്പം കാര്യമുണ്ട്. അതംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. പല മൂഢ വിശ്വാസങ്ങളും വ്യക്തമായ കളവുകളും അന്ധവിശ്വാസങ്ങളും സമൂഹത്തില്‍ പ്രചരിക്കാനുള്ള  സാഹചര്യം ഒരുങ്ങുന്നത്  പലതരം പ്രത്യയശാസ്ത്രതാല്‍പര്യങ്ങള്‍ കാരണമാണ്. അതില്‍ പലതും പ്രചണ്ഡ പ്രചാരണത്തിന്റെ ഭാഗമായി ശാസ്ത്രീയ സത്യമായി തെറ്റിദ്ധരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അതിന്റെ മകുടോദാഹരണമാണ് പരിണാമവിശ്വാസത്തിന് ലഭിച്ചിട്ടുള്ള ശാസ്ത്രീയ മുഖം.

ഇക്കാര്യം മലയാളത്തില്‍ ഈയിടെ പ്രസിദ്ധീകരണം ആരംഭിച്ച യുക്തിവാദി പ്രസിദ്ധീകരണമായ യുക്തിയുഗം മാസിക’ ചര്‍ച്ച ചെയ്യുന്നുണ്ട്. യുക്തിയുഗം മാസിക 2014 ജനുവരി ലക്കം കവര്‍‌സ്റ്റോറി തന്നെ ഇതാണ്. ആ ലക്കം മാസികയുെട മുഖചിത്രം ചാള്‍സ് ഡാര്‍വിന്റെ ഒരു പെയിന്റിങ്ങാണ്. അതിന് താഴെ ഇങ്ങനെ കാണാം: ‘പരിണാമശാസ്ത്രത്തെ പ്രത്യയശാസ്ത്രം വളഞ്ഞ കഥ.’ രാജു വാടാനപ്പള്ളി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് “’മനുഷ്യപരിണാമം: മസ്തിഷ്‌ക വികാസവും ഭാഷയുടെ ആവിര്‍ഭാവവും അധ്വാനം മൂലമോ?’ എന്നതാണ്.(251) ഈ ദീര്‍ഘലേഖനം പതിനെട്ട് പേജുകള്‍ ഉള്‍ക്കൊള്ളുന്നു.  2014 ജൂണ്‍ ലക്കത്തില്‍ ഡോ. സി. വിശ്വനാഥന്റെ ആറ് പേജ് ലേഖനവും ഇക്കാര്യം ചര്‍ച്ചചെയ്യുന്നു. ഈ ലേഖനത്തിനും മാസിക അമിതപ്രാധാന്യം നല്‍കുന്നുണ്ട്. തലക്കെട്ട് ഇങ്ങനെ- ‘ഏംഗല്‍സും പരിണാമവും: ശാസ്ത്രത്തെ പ്രത്യയശാസ്ത്രം വിഴുങ്ങുന്നു.’(252)

ഈ രണ്ട് ലേഖനങ്ങളുടെയും ആകെത്തുക യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ പരിണാമത്തെക്കുറിച്ച്  കേരളീയ യുക്തിവാദത്തിന്റെ അടിസ്ഥാന പാഠപുസ്തകം യുക്തിദര്‍ശനം  പ്രസിദ്ധീകരിച്ച ഏംഗല്‍സിന്റെ ലേഖനവും(253) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രഗതി  2014 ഏപ്രില്‍ ലക്കത്തിലെ ഒരു ലേഖനവും സംബന്ധിച്ച വിമര്‍ശനാത്മക വിലയിരുത്തലുകളാണ്. ചില മലയാളി യുക്തിവാദികള്‍ മാര്‍ക്‌സിസ്റ്റ് പാളയത്തില്‍ നിന്ന് മോചനം നേടിയതിനെത്തുടര്‍ന്ന് യുക്തിവാദി സംഘടനയിലുണ്ടായ ആഭ്യന്തര പൊട്ടിത്തെറികളാണ് കമ്മ്യൂണിസ്റ്റ് പക്ഷത്തെ യുക്തിവാദികള്‍ക്കെതിരെയുള്ള യുക്തിയുഗം കരിശുയുദ്ധത്തിന്റെ പശ്ചാതലം. കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ പരിണാമസിദ്ധാന്തത്തെ ‘തനിക്കാക്കി വെടക്കാക്കി’യെന്നാണ് അരാഷ്ട്രീയ യുക്തിവാദികളുടെ പരാതി! ഈ ലേഖനങ്ങളെഴുതുന്നവരും പ്രസിദ്ധീകരിക്കുന്നവരുമായ യുക്തിവാദ, പരിണാമവിശ്വാസ ചരിത്രമറിയാത്ത കേവല യുക്തിവാദികള്‍ പക്ഷേ അറിയണം, പരിണാമം ഇന്നത്തെ നിലയില്‍ പ്രസിദ്ധി നേടാനുണ്ടായ കാരണം അതിന്റെ വൈജ്ഞാനിക കെട്ടുറപ്പല്ല, മറിച്ച് തങ്ങള്‍ ഇപ്പോള്‍ ആക്ഷേപിക്കുന്ന ‘പ്രത്യയശാസ്ത്രത്തിന്റെ’ താല്‍പര്യങ്ങളും ഇടപെടലുകളും തന്നെയായിരുന്നുവെന്ന്. കേരളത്തില്‍ യുക്തിവാദം എങ്ങനെ പ്രചരിച്ചു, അതിലെ പ്രത്യയശാസ്ത്ര പങ്ക് എന്ത് എന്നതുകൂടി ഇത്തരം ചരിത്രമറിയാത്ത യുക്തിവാദികള്‍ പഠിക്കേണ്ടതുണ്ട്. സാന്ദര്‍ഭികമായി അത് സൂചിപ്പിച്ചുവെന്ന് മാത്രം.

നാം മനുഷ്യഭ്രൂണത്തെ കുറിച്ചാണല്ലോ സംസാരിച്ചത്. കോശവിഭജന പ്രക്രിയക്കിടയില്‍ അതിലേറെ അത്ഭുതകരമായ മറ്റൊരു വികാസം കൂടി അരങ്ങേറുന്നുണ്ട്. സാധാരണ കോശങ്ങള്‍ വിഭജിച്ച് മാതൃകോശത്തിന്റെ തികച്ചും സമാനമായ രണ്ട് പുത്രകോശങ്ങള്‍ നിലവില്‍ വരികയാണല്ലോ ചെയ്യുന്നത്. പ്രത്യുല്‍പാദന കോശങ്ങള്‍  പ്രത്യുല്‍പാദന പ്രക്രിയയുടെ ഭാഗമായി മറ്റൊന്നായി വളരുന്നുണ്ട് എന്ന് നമുക്കറിയാം. ലൈംഗിക ബന്ധത്തിലൂടെ കൂടിച്ചേര്‍ന്ന് പൂര്‍ണ കോശമായി വിഭജിച്ച് ഭ്രൂണമാകുന്ന പ്രത്യുല്‍പാദന അര്‍ധകോശങ്ങള്‍, ആ വളര്‍ച്ചക്കിടയില്‍ മറുപിള്ള (Placenta) രൂപീകരണത്തില്‍ അവയടെ ഭാഗധേയം നിര്‍വഹിക്കുന്നു. മാതൃഗര്‍ഭപാത്രത്തിലെ കോശങ്ങളും മറുപിള്ളാ രൂപീകരണത്തില്‍ അവയുടേതായ പങ്കു വഹിക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന്റെ അഞ്ചാം ദിവസം ഭ്രൂണത്തിലുണ്ടാവുന്ന വളര്‍ച്ചയാണ് ബ്ലാസ്‌റ്റോസിസ്റ്റ് (Blastocyst). ഏകദേശം 0.1 – 0. 2 മില്ലിമീറ്റര്‍ വ്യാസവും 200-300 കോശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വളര്‍ച്ചയാണിത്. ഒരു ദിവസത്തിന് ശേഷം ഇത് ഗര്‍ഭാശയഭിത്തിയിലെ എന്‍ഡോമെട്രിയ(Endometrum)ത്തില്‍ ഒട്ടിപ്പിടിക്കുന്നു. ഇതിന്റെ പുറംപാളി ട്രോഫോബ്ലാസ്റ്റാ(Trophoblats)യി വളരുന്നു. ഈ ട്രോഫോബ്ലാസ്റ്റാണ് മറുപിള്ളയിലെ പ്രധാന ഘടകം. ഇതാണ് പ്ലാസെന്റയുടെ വളര്‍ച്ചയില്‍ ഭ്രൂണത്തിന്റെ ഭാഗത്തുനിന്നുള്ള സംഭാവനയെങ്കില്‍ അമ്മയുെട ഭാഗത്തുനിന്നുള്ള സംഭാവന ഡെസിഡ്യുവ(Decidua)യാണ്. ഗര്‍ഭാവസ്ഥയിലെ എന്‍ഡോമെട്രിയം പാളിയാണ് ഡെസിഡ്യൂവ എന്നറിയപ്പെടുന്നത്. ഇത് വളരുന്നത്  സവിശേഷ കോശങ്ങള്‍ പ്രൊജസ്റ്ററോണ്‍ (Progestrone) ഹോര്‍മോണിനാല്‍ ഉത്തേജിക്കപ്പെടുമ്പോഴാണ്. ട്രോഫോബ്ലാസ്റ്റും ഡെസിഡ്യുവയും കൂട്ടുത്തരവാദിത്വത്തോടെ സഹകരിച്ചുള്ള വളര്‍ച്ചയാണ് മറുപിള്ള (Placenta). ഈ മറുപിള്ളയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കും പ്രതിരോധത്തിനും ആവശ്യമായതെല്ലാം ചെയ്യുന്നത്. ഗര്‍ഭസ്ഥ ശിശുവിന് വേണ്ട പോഷണങ്ങള്‍ നല്‍കല്‍, ശിശുവില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, വായുവിനമയം, രോഗപ്രതിരോധം, ആവശ്യമായ ഹോര്‍മോണ്‍ ഉല്‍പാദനം, എല്ലാം പ്ലാസന്റയാണ് നിര്‍വഹിക്കുന്നത്. ഇങ്ങനെ കൃത്യമായി പ്രവര്‍ത്തിക്കുന്ന മറുപിള്ള കുഞ്ഞിന്റെ ജനനത്തിന് ശേഷം 15-30 മിനുട്ടുകള്‍ക്കുള്ളില്‍ മാതൃഗര്‍ഭപാത്രത്തില്‍ നിന്ന് യോനിയിലൂടെ പുറംതള്ളപ്പെടുന്നു. കുഞ്ഞിന്റെ പ്രസവത്തോടെ മറുപിള്ളയും കുഞ്ഞുമായുള്ള ബന്ധം വിഛേദിക്കുന്നു. കുഞ്ഞില്‍ ബാക്കി നില്‍ക്കുന്ന പൊക്കിള്‍കൊടി ഏതാനും ദിവസങ്ങള്‍ക്കകം ഉണങ്ങി പൊഴിഞ്ഞുവീഴുന്നു.(254)

ഭ്രൂണത്തിലെ ബ്ലാസ്‌റ്റോസിസ്റ്റിന് മാതൃഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തില്‍ ഒട്ടിപ്പിടിക്കാനും ട്രോഫോ ബ്ലാസ്റ്റായി വളര്‍ന്ന് ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തിലെ ഡെസിഡ്യുവയുമായി സഹകരിച്ച് കൂട്ടുത്തരവാദിത്തത്തോടെ ഒരൊറ്റ അവയവമായി വളരാനും ഒന്നായി പ്രവര്‍ത്തിക്കാനും ഏത് പ്രാദേശിക നിയമമാണ് നിര്‍ദ്ദേശം നല്‍കിയത്? തികച്ചും വ്യത്യസ്തമായ രണ്ട് സ്വതന്ത്ര ജീവികളുടെ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു താല്‍ക്കാലിക അവയവം രൂപകല്‍പ്പന ചെയ്യപ്പെടുകയും അത് ഈ രണ്ട് പ്രത്യേക പ്രാദേശിക ഭരണകൂടങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്ര പ്രതിനിധിയായി സ്വയം ഉത്തരവാദിത്വമേറ്റെടുക്കുകയും ചെയ്യുന്നത് ഏത് പ്രാദേശിക നിയമം വിശദീകരിക്കും? ഒരു കാര്യം വ്യക്തമാണ്. ഭ്രൂണവളര്‍ച്ചയുടെ ഏതു ഘട്ടമെടുത്താലും പ്രാപഞ്ചിക നിയമങ്ങളെയും ജൈവസസ്യലോകത്തെ മറ്റേതൊരു ജൈവഘടനകളേയും പോലെ ഒരു നിയാമകന്റെ/ആസൂത്രകന്റെ കണിശവും വ്യക്തവുമായ ആസൂത്രണങ്ങളും നിയന്ത്രണവുമില്ലാതെ ഇതൊന്നും പ്രവര്‍ത്തിക്കുകയോ വളരുകയോ ചെയ്യില്ല. ഒരു സംവിധായകനെ അംഗീകരിക്കാതെ, അവന്റെ പരിപൂര്‍ണ്ണ അസ്തിത്വവും അധികാരവും ഏകാധിപത്യവും അംഗീകരിക്കാതെ, ഇതൊന്നും വിശദീകരിക്കാന്‍ സാധ്യമല്ല. ഇതെല്ലാം ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആസൂത്രകനും നിയാമകനും സംവിധായകനും നിയന്താവുമാണ് പ്രപഞ്ചസ്രഷ്ടാവായ ദൈവം; ദൈവത്തെ അംഗീകരിക്കാന്‍ പരിണാമ വിശ്വാസികളുടെ അഹങ്കാരം അവരെ അനുവദിക്കുന്നില്ലെങ്കിലും.

കുറിപ്പുകള്‍:

236. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസമയം പരിണാമത്തിന്റെ തെളിവുകള്‍, സി. രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 283.
237. അതേ പുസ്തകം പേജ് 281.
238. അതേ പുസ്തകം പേജ് 282.
239. അതേ പുസ്തകം പേജ് 43.
241. അതേ പുസ്തകം പേജ് 276.
242. അതേ പുസ്തകം പേജ് 276, 277.
243. അതേ പുസ്തകം പേജ് 277.
244. അതേ പുസ്തകം പേജ് 277.
245. അതേ പുസ്തകം പേജ് 277.
246. അതേ പുസ്തകം പേജ് 277, 278.
249. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസമയം പരിണാമത്തിന്റെ തെളിവുകള്‍, സി. രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 272.
250. അതേ പുസ്തകം പേജ് 272.
251. യുക്തിയുഗം മാസിക, ജനുവരി 2014, പേജ് 17-34.
252. യുക്തിയുഗം മാസിക, ജനുവരി 2014, പേജ് 5-10.
253. യുക്തിദര്‍ശനം, ചീഫ് എഡിറ്റര്‍ ലോകനാഥന്‍. എ.ടി, കോവൂര്‍ ട്രസ്റ്റ്, കോഴിക്കോട്, മുഖവുര, പേജ് 5.

Friday, September 26, 2014

മംഗള്‍യാന്‍ മഹാവിജയം ക്രിക്കറ്റ് കളി പോലെ നിസ്സാരമോ?


രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാര്‍ മുതല്‍ ഉന്നത ശാസ്ത്രജ്ഞര്‍ വരെ ആവേശപൂര്‍വ്വം ആഘോഷിക്കുന്ന മംഗള്‍യാന്‍ ദൗത്യവിജയം ഓരോ രാജ്യസ്നേഹിയേയും ആവേശഭരിതനാക്കുന്നു. ചൊവ്വാദൗത്യം ആദ്യ ശ്രമത്തില്‍ തന്നെ വിജയിപ്പിക്കാന്‍ കഴിഞ്ഞ ഒരേ ഒരു രാജ്യമായ നമ്മുടെ ഭാരതത്തിന്‌ ഇത് ക്രിക്കറ്റ് വിജയമോ ഒളിമ്പിക്സില്‍ മുഴുവന്‍ മെഡലുകളും ഒരുമിച്ചു നേടിയ പോലെയുള്ള വിജയമോ പോലെ നിസ്സാരമാല്ല. കേവലം ഒരു മോട്ടോര്‍സൈകിള്‍ യാത്രക്ക് ചെലവ് വരുന്നത്തിലും നിസ്സാര ചിലവില്‍ (കിലോ മീറ്ററിന് ആറര രൂപ ) ഇത്രയും മഹത്തും തുല്യതയില്ലത്തതുമായ മഹാ വിജയം ഓരോ ഭാരതീയനെയും ഈ മഹാരാജ്യത്ത് പിറന്നതില്‍ അഭിമാനത്തിന്റെ പാരമ്യത്തിലെത്തിക്കുന്നു. തുല്യതയില്ലാത്ത ഈ മഹാ വിജയം നാലാംകിട ചവറ് ചരക്ക് വില്‍ക്കാന്‍ വേണ്ടി മാത്രം നടത്തപ്പെടുന്ന കിറുക്ക് റ്റ് വിജയം പോലെ നിസ്സാരമല്ല; ആയിരമല്ല ബില്യന്‍ കണക്കിന് ക്രിക്കറ്റ് കളികള്‍ ഒരുമിച്ച് വിജയിച്ചാലും ചന്ദ്രയാന്‍ വിജയത്തിനടുത്ത് പോലുമെത്തില്ല, എന്നിട്ടല്ലേ മംഗള്‍യാന്‍ ദൗത്യമഹാവിജയം




Tuesday, September 16, 2014

ഈ വെല്ലുവിളി ആര്‍ക്കും സ്വീകരിക്കാം

“ഖുര്‍ആന്‍ ദൈവികമാണെന്ന് ആര് സാക്ഷ്യപ്പെടുത്തുന്നു? “ഖുര്‍ആന്‍ സ്വയം ദൈവിക ഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്നു”! സ്വന്തം കൃതിക്ക് കഥാകൃത്ത് തന്നെ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നു!” 

സമുന്നത യുക്തിവാദിനേതാവ് 'മുഹമ്മദ്‌ പാറക്കല്‍' എഫ്. ബിയില്‍ ഇട്ട ഒരു പോസ്റ്റാണിത്. ഇദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത് ഇത് ഖുര്‍ആനിന്റെ അവകാശവാദം മാത്രമാണെന്നാണ്.  എന്നാല്‍ ഇത് വിശുദ്ധഖുര്‍ആനിന്റെ അവകാശം മാത്രമല്ല. ഖുര്‍ആന്‍ ദൈവികമാല്ലെന്ന് വാദിക്കുന്ന പാറക്കല്‍ പോലെയുള്ള വര്‍ത്തമാന യുക്തിവാദികള്‍ക്കെന്നെല്ല; നീണ്ട ആയിരത്തിനാനൂറിലേറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഖുര്‍ആനിക വെല്ലുവിളിയാണിത്. ഇന്ന് വരെ ഒരൊറ്റ ഒരുത്തനും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇനിയും ഒരിക്കലും കഴിയാത്ത വെല്ലുവിളി!...........

"നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത ്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ ).

നിങ്ങള്‍ക്കത്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത്‌ ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌." (വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ 2: 23, 24)

ഈ വെല്ലുവിളി ഇന്നും അതെപടി നില നില്‍ക്കുന്നു. പ്രപഞ്ചത്തില്‍ ഏതെങ്കിലും സൃഷ്ട്ടിക്ക് ഈ വെല്ലുവില്‍ ഏറ്റെടുക്കാന്‍ സാധ്യമാണോ; എല്ലാ സൃഷ്ട്ടികളെയും കൂട്ട്പിടിച്ചു യുക്തിവാദികള്‍ ശ്രമിക്കുക. പറക്കല്‍ മുഹമ്മദ്‌ നേതൃത്വം ഏറ്റെടുത്താല്‍ നന്നായിരിക്കും

Friday, August 29, 2014

വേണം അതിരറ്റ സ്വാതന്ത്ര്യം, അത് സര്‍ക്കാര്‍ തന്നെ ഒരുക്കണം. മൌലികാവകാശമായി.


ഇന്നത്തെ (29/ 08/ 2014) മനോരമപത്രത്തിലെ ലേഖനത്തിന്റെ സ്ക്രീന്‍ ഷോടാണിത്. മധ്യനിരോധനവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ വ്യവസായികളുടെ നഷ്ടങ്ങളുടെ കണക്കുകള്‍ നിരത്തുന്ന 'മഹാ' പഠനം!. വിഷയം മുതലാളിമാരുടെ നഷ്ട്ക്കണക്കാണെങ്കിലും മസാല ചേര്‍ത്ത് ഹൈലൈറ്റ് ചെയ്തിരിക്കുന്നത്. മദ്യപിക്കാനുള്ള വ്യക്തിസ്വാതന്ത്ര്യം  പ്രദാനം ചെയ്യേണ്ടതും അതിനു വേണ്ട സംവിധാനം ഒരുക്കേണ്ടതും സര്‍ക്കാരിന്റെ ഉത്തരവാദിത്തവും കടമയും ബാധ്യതയുമാണ് എന്നതാണ്. ഇക്കാര്യം മുഖവിലക്കെടുത്ത് മറ്റു ചില അവകാശ നിഷേധങ്ങള്‍ കൂടി പരിഗണിക്കാം. 

1. കഞ്ചാവ് ഉപയോഗിക്കാനുള്ള അവകാശം.  മദ്യം പോലെ തന്നെ പല വ്യക്തികളും ബുദ്ധി മരവിപ്പിക്കാന്‍ ഉപയോഗിക്കുന്ന ഒരു പ്രധാന പദാര്‍ത്ഥമാണ്. കഞ്ചാവ്. കഞ്ചാവ് ഇന്ന് കേരളത്തില്‍ പൊതു മാര്‍കറ്റിലോ പൊതു വിതരണ സംവിധാനത്തിലോ ലഭ്യമല്ല. ഇതിന്റെ ഉപഭോക്താക്കളും വ്യാപാരികളും കൃഷിക്കാരും വളരെയേറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ഈ വ്യവസായ മേഖല നിലനിര്‍ത്തുന്നത്. ഈ ദുരവസ്ഥക്ക് പരിഹാരമായി ഏറ്റവും ചുരുങ്ങിയത് താലൂക്കടിസ്ഥാനത്തില്‍ കഞ്ചാവ് വിതരണ സംവിധാനം ഒരുക്കണം. മാവേലി സ്റ്റോര്‍ മുഖേനയോ റേഷന്‍ കടകള്‍ മുഖേനയോ സബ്സിഡിയോടെ കഞ്ചാവ് വിതരണം ചെയ്യുകയാണ് വേണ്ടത്. കൂടാതെ കഞ്ചാവ് കൃഷി വ്യപിപിക്കാന്‍ കൃഷിവകുപ്പ് കൃഷിഭവന്‍ മുഖേനെ അത്യുല്‍പാദന ശേഷിയുള്ള കഞ്ചാവ് വിത്ത് വിതരണം ചെയ്യുകയും ക്ര്‍ഷകര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും കഞ്ചാവ് കൃഷിക്ക് പ്രത്യേക സബ്സിഡി ഏര്‍പ്പെടുത്തുകയും വേണം. വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ചു സ്കൂളുകളില്‍ മാതൃക കഞ്ചാവ് തോട്ടം നിര്‍മ്മില്‍ക്കുകയും കഞ്ചാവ് കൃഷി സിലബസില്‍ ഉള്‍പ്പെടുത്തുകയും വേണം. ഓരോ വീട്ടിലും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട് എന്ന് വാര്‍ഡ്‌മെമ്പര്‍മാരും കുടുംബശ്രീ പ്രവര്‍ത്തകരും ഉറപ്പ് വരുത്തണം. 

2. ഹെറോയിന്‍ ഉയോഗിക്കാനുള്ള സ്വാതന്ത്ര്യം.  ഹെറോയിനും കഞ്ചാവ് പോലെ അത്യാവശ്യ വസ്തുവാണ്. അത് കൊണ്ട് തന്നെ അതിന്റെ ലഭ്യത ഉറപ്പ് വരുത്താന്‍ ഇറക്കുമതി തൊരിതപ്പെടുത്തുകയും ഇറക്കുമതിക്ക് തീരുവയും താമസവും ഇല്ലാതെ ലഭ്യത ഉറപ്പു വരുത്തണം. ഹെറോയിന്‍ ഉല്‍പ്പാദനം ഉള്ള രാജ്യങ്ങളുമായി നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുകയും അവരുടെ വ്യാവസായിക വകുപ്പുമായും സര്‍ക്കാരുമായും ബന്ധപ്പെട്ട എത്രയും പെട്ടെന്ന് ഹെറോയിന്‍ നിര്‍മ്മാണം കേരളത്തിലും രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലും ആരംഭിക്കുകയും വേണം.

3. വ്യഭിച്ചരിക്കാനുള്ള സ്വാതന്ത്ര്യം. വ്യഭിചരിക്കാന്‍ മുന്‍കയ്യെടുത്ത് അന്വഷിച്ച് നടക്കുന്നത് പുരുഷന്മാര്‍ ആയത് കൊണ്ട് കേരളത്തില്‍ എല്ലായിടത്തും വേശ്യാലയങ്ങള്‍ സര്‍ക്കാര്‍ തുടങ്ങണം.. അതിനു ഉത്തരവാദിത്തം പഞ്ചായത്തുകള്‍ക്ക് നല്‍കണം. വേശ്യകളുടെ ലഭ്യത ഉറപ്പു വരുത്താന്‍ വേശ്യട്രെയിനിംഗ് സ്കൂളുകള്‍ തുടങ്ങണം. ഓപ്പണ്‍ സെക്സും ഹൌസ്ബോട്ട്  സര്‍വ്വീസുകളും എല്ലാ പട്ടണങ്ങളിലും ലഭ്യമാക്കണം. കോവളം പോലെയുള്ള ബീച്ച് കേരളത്തിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ മൂന്നാറിലും വയനാട്ടിലും ഉണ്ടാക്കണം അതിനു അറബിക്കടല്‍ ഇടുക്കി വയനാട് ജില്ലകളില്‍ നിര്‍മ്മിക്കാന്‍ ഫണ്ട് അനുവദിക്കണം. 

4. ബലാല്‍സംഗം ചെയ്യാനുള്ള അവകാശം. www ലോകത്തിലെ ഏറ്റവും ശക്തരായ ഫേസ്ബുക്ക്‌ സമൂഹമായ യുക്തിവാദികളുടെയും പരിണാമ വിശ്വാസികളുടെയും  ദീര്‍ഗകാല പഠനത്തിന്റെ അടിസ്ഥാനത്തില്‍ അവര്‍ പ്രഖ്യാപിച്ച പുരുഷന്റെ പരിണാമപരമായ അവകാശമായ തന്റെ ജനിതക പദാര്‍ത്ഥത്തിന്റെ കോപികള്‍ പരമാവതി സ്ത്രീകളിലേക്ക് എത്തിക്കാനുള്ള ഏകമാര്‍ഗ്ഗമായ ബലാല്‍സംഗത്തിനു നിയമസാധുത നല്‍കണം. ഇങ്ങനെ ബലാല്‍സംഗം ചെയ്യുന്ന പുരുഷന്മാരില്‍ കൂടുതല്‍ പ്രാവശ്യം ബലാല്‍സംഗം ചെയ്ത് കഴിവ് തെളിയിച്ച കൂറ്റന്‍മാര്‍ക്ക് 'ബലാല്‍സംഗ്പ്രമുഖ്' അവാര്‍ഡ് നല്‍കണം. ബലാല്‍സംഗവിദഗ്ധരുടെ കൂട്ടായ്മക്കായി ഒരു സംഘടനയും ഫേസ്ബുക്ക് പേജും തുടങ്ങണം. ഇവരുടെ ഉന്നമനത്തിനായി കമ്മീഷന്‍ രൂപീകരിക്കുകയും ക്ഷേമനിധി ഏര്‍പ്പെടുത്തുകയും നാല്‍പ്പത് വയസ്സ് കഴിഞ്ഞ ബലാല്‍സംഗ വീരന്മാര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുകയും വേണം.





ഇനിയുമുണ്ട് ഇത്തരം നിരവധി അവകാശങ്ങള്‍ അനുവദിച്ചു കിട്ടാന്‍.
ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയും മനോരമയും അതിന്റെ പിണിയാളുകളും വേണ്ടത് ചെയ്യും എന്നു പ്രത്യാശിക്കുന്നു. ഇന്നലെ നമ്മുടെ സാമ്പത്തിക രംഗവും ടൂറിസ വ്യവസായവും വളരുകയുള്ളൂ. വ്യക്തിസ്വാതന്ത്ര്യത്തിനു നേരെയുള്ള സര്‍ക്കാരിന്റെ കടന്നുകയറ്റം പൊതുജന ശ്രദ്ദയില്‍ കൊണ്ടുവരാനുള്ള മനോരമയുടെ ഈ മഹാനീയാ ശ്രമം അഭിനന്ദനം അര്‍ഹിക്കുന്നു. 

വാല്‍ കഷ്ണം:- ഇത്തരം സാമൂഹ്യ ദ്രോഹ പ്രചാരകരായ മധ്യമ രാജാക്കളെ നിയമത്തിനു മുമ്ബില്‍ കൊണ്ട് വന്നു കര്‍ശനമായി ശിക്ഷിക്കാന്‍ നമ്മുടെ സര്‍ക്കരിനാകുമോ?

Thursday, August 28, 2014

ആര്‍ക്ക് വേണ്ടി



നമ്മുടെ പ്രധാനമന്ത്രി രാജ്യത്തെ ദരിദ്രരുടെ ഉന്നമനത്തിനു വേണ്ടി ബാങ്ക് അകൌണ്ട് തുടങ്ങുന്നതിന്റെ ഉത്ഘാടന പരസ്യം മനോരമ പത്രത്തിന്റെ ഏഴാം പേജിന്റെ പകുതി പേജ് പരസ്യം.... ആറാം പേജില്‍ പ്രധാനമന്ത്രിയും ഇന്ത്യയിലെ മുതലാളി ഭീമന്മാരായ അംബാനി,  അഡാണി,  ബിര്‍ള, മിത്തല്‍, തുടങ്ങി ഇരുപതോളം മുതലാളിമാരെയും നയിച്ച്‌ ജപ്പാനിലേക്ക്.... ഇതില്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നത് ദരിദ്രവിഭാഗത്തിനു വേണ്ടിയോ, അതോ അംബാനി, അഡാണി, ബിര്‍ളമാര്‍ക്ക് വേണ്ടിയോ?

Thursday, August 14, 2014

ഓര്‍മ്മയിലെ ആദ്യ സ്വാതന്ത്ര്യ ദിനം അഥവാ ആകാസത്ത് പതിനഞ്ച്.


ഏകദേശം നാല്‍പത്തിനാല്, നാല്‍പത്തിഅഞ്ച് വര്‍ഷങ്ങള്‍ മുമ്പ് വീട്ടിനു തൊട്ടടുത്തുള്ള സിറാജുല്‍ ഹുദാ മദ്രസയില്‍ ചേര്‍ത്ത വര്‍ഷം ഒരു ദിവസം ഉസ്താദ് പറഞ്ഞു 'നാളെ അഗസ്ത് പതിനഞ്ചാണ് അത് കൊണ്ട് നാളെ മദ്രസയില്ല, ' നേരെ വീട്ടില്‍ വന്ന് ഉമ്മയോട് അവധി കിട്ടിയതിന്റെ സന്തോഷം പങ്ക് വച്ച്  'നാളെ ആകാസത്ത് (ആകാശം) പതിനഞ്ച് ആയത് കൊണ്ട് മദ്രസയില്ല', ഉമ്മ തിരുത്തിത്തന്നു 'നാളെ നമ്മുടെ നാട് ബ്രിട്ടീഷുകാരില്‍ സ്വാതന്ത്ര്യം നേടിയ ദിനമായത് കൊണ്ടാണ് മദ്രസ ഇല്ലാത്തത്. 1947 ആഗസ്ത് പതിനഞ്ചിനാണ് നമുക്ക് സ്വാതന്ത്ര്യം കിട്ടിയത്. അതിന്റെ ആഹ്ലാദം പ്രകടിപ്പിക്കാനും ആഘോഷിക്കാനും വേണ്ടിയാണ് നാളത്തെ അവധി. നമ്മുടെ വല്യുമ്മയുടെ ഉപ്പ (മോതി ഹാജി) വല്യുമക്ക് ഒന്നര വയസ് പ്രായമുള്ളപ്പോള്‍ ആ കള്ളന്മാരുടെ വെടിയേറ്റ്‌ മരിച്ചതാണ്. നമ്മുടെ നാട്ടിലെ പലരും ജീവനും സ്വാതന്ത്ര്യവും സ്വത്തും നല്‍കി വാങ്ങിയതാണ് നമ്മുടെ നാടിന്റെ സ്വാതന്ത്ര്യം'

അന്ന് മുതല്‍ ഇന്ന് വരെ ആ ദേശീയ ബോധവും രാജ്യ സ്നേഹവും ഉള്ളില്‍ ഉറച്ചു നില്‍ക്കുന്നു. ബ്രിട്ടീഷുകാര്‍ അന്ന് നാട് ഭരിക്കാന്‍ നടത്തിയ ദുഷ്ടപ്രവര്‍ത്തിയായിരുന്നു ഭിന്നിപ്പിച്ചു ഭരിക്കുക എന്നത്. (വെടക്കാക്കി തനിക്കാക്കുക) അത്തരം കലുഷിത സാഹചര്യത്തിലും നമ്മുടെ രാഷ്ട്ര പിതാവ് മഹാത്മജിയും മറ്റു നേതാക്കളും കിണഞ്ഞു പരിശ്രമിച്ചത് കൊണ്ടാണ് നാം ഇന്നിവിടെ സ്വതന്ത്രരായി ജീവിക്കുന്നത്. (ഗോദ്സെയെ നയിച്ച രാജ്യ ദ്രോഹികളെ മറക്കാതിരിക്കുക.  അവര്‍ ഇന്നും കപട രാജ്യസ്നേഹവുമായി നമുക്കിടയില്‍ ജീവിക്കുന്നു) ഇന്ന് രാജ്യത്തെ മനുഷ്യരേ ഹിന്ദുവും മുസ്ലിമും കൃസ്ത്യാനിയും സിക്കും ജൈനനും മറ്റും മറ്റുമായി ഭിന്നിപ്പിച്ചു രാജ്യദ്രോഹികള്‍ രാജ്യം തകര്‍ക്കാന്‍ രാജ്യ ശത്രുക്കളില്‍ നിന്ന് അച്ചാരം വാങ്ങി അവരുടെ നയങ്ങള്‍ നടപ്പാക്കുന്നു. അങ്ങനെ ചെയ്യുന്നത് തീവ്ര ഹിന്ദുവായാലും മുസ്ലിമായാലും ക്രിസ്ത്യനായാലും കമ്യൂണിസ്റ്റുകാരനായാലും അവരെല്ലാവരെയും നിയന്ത്രിക്കുന്ന ശക്തി ഒന്നായിരിക്കും. പക്ഷെ തമ്മില്‍ തച്ചു മരിക്കുന്ന അണികള്‍ ഇക്കാര്യമറിയാതെ തമ്മില്‍ തല്ലുന്നു, കൊല്ലുന്നു; അവരെ നയിക്കുന്ന നിയന്ത്രിക്കുന്ന തലതൊട്ടപ്പന്മാര്‍ ഒരുമിച്ചു ഉല്ലസിക്കുന്നു. മറ്റു ചിലര്‍ രാജ്യം സഹസ്രാബ്ദങ്ങളിലൂടെ നേടിയെടുത്ത യശസ്സും സമ്പത്തും ചില ചില്ലറ താല്‍ക്കാലിക സൌകര്യങ്ങള്‍ക്ക് വേണ്ടി വിറ്റു കാശാക്കുന്നു. നാം തീര്‍ച്ചയായും ചിന്തിക്കുക നമ്മുടെ കയ്യില്‍ ഇനിയും രാജ്യത്തെ  ഏറ്റവും വലിയ ആയുധം (ബാലറ്റ്) തിരിച്ചു കിട്ടും അതിലൂടെ നാം യുദ്ധം ചെയ്യുക രാജ്യ ശത്രുക്കള്‍ക്കെതിരെ രാജ്യ താല്പര്യം സംരക്ഷിക്കുന്നവര്‍ക്ക് വേണ്ടി; അത് വരെ നമ്മുടെ സ്വന്തം ഭാരതം നശിക്കാതെ തമ്മില്‍തച്ചു തീരാതെ നിലനില്‍ക്കട്ടെ

1921ല്‍ ബ്രിട്ടീഷ് പട്ടാളക്കാര്‍ ആദ്യമായി വെടിവച്ച ഗ്രാമത്തില്‍ ദേശ സ്നേഹികളായ സ്വതന്ത്ര സേനാനികളും സ്വതന്ത്ര സമരനേതാക്കളും ജീവിച്ച, അവര്‍ ചരിത്രം സൃഷ്ട്ടിച്ച നാട്ടില്‍, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ വല്യുപ്പയുടെ പേരകുട്ടിയായി ജനിച്ചതില്‍ അഭിമാനിക്കുന്ന ഒരു സാധാരണ ഭാരതീയന്റെ  മനോവേദനകളാണ് ഇവിടെ പങ്ക് വെക്കുന്നത്. ആരെയെങ്കിലും വേദനിപ്പിച്ചുവെങ്കില്‍ ദയവായി ക്ഷമിക്കുക.

എല്ലാ രാജ്യസ്നേഹികള്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ സ്വതന്ത്ര്യദിനാശംസകള്‍

Friday, August 1, 2014

ഭ്രൂണം മുതല്‍ പരാഗണം വരെ; ഡോകിന്‍സിന്റെ അന്ധത അവസാനിക്കുന്നില്ല! തുടര്‍ച്ച

ഓർക്കിഡ് പുഷ്പവും അത്തിപ്പഴവും പരിണാമത്തിനു തെളിവോ?!


സ്നേഹസംവാദം മാസിക 2014 ജൂലൈ ലക്കത്തിൽ അലി ചെമ്മാടിന്റെ ലേഖനം തുടർച്ച

ഈ ലേഖനത്തിന്റെ ആദ്യഭാഗം ഇവിടെ ക്ലിക്കി വായിക്കാം

റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു – 

ഭാഗം 11


ഗ്രന്ഥത്തില്‍ പുഷ്പങ്ങളിലെ പരാഗണവും പുഷ്പങ്ങളും ഷഡ്പദങ്ങളും മറ്റു ജീവികളുമായുള്ള കൊള്ളക്കൊടുക്കലുകളും, പരസ്പര സഹായസഹകരണങ്ങളും വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. ”പരാഗണം നടത്താനുള്ള മാര്‍ഗ്ഗങ്ങളുടെ ഒരു പട്ടിക സങ്കല്‍പ്പിക്കുക. വായു മുഖേനയുള്ള പരാഗണം ഈ തുടര്‍ പട്ടികയുടെ ഒരറ്റത്ത് ഉള്‍പ്പെടുത്തിയാല്‍ അതായിരിക്കുമോ ദുര്‍വ്യയം ഏറ്റവുമധികമുള്ള സാങ്കേതികവിദ്യ? അങ്ങനെയെങ്കില്‍ എന്തായിരിക്കും ഈ പട്ടികയുടെ മറ്റേ അറ്റത്ത് വരിക? ഒരു മാന്ത്രിക വെടിയുണ്ട വഴി (The Magical Bullet End) കിറുകൃത്യമായി പൂമ്പൊടി ലക്ഷ്യസ്ഥാനത്തെത്തിക്കുന്ന ഒരു സാങ്കേതിക വിദ്യയായിരിക്കുമത്. അപൂര്‍വം ചില പ്രാണികള്‍ക്ക് മാത്രമേ ഒരു മാന്ത്രിക വെടിയുണ്ട പോലെ ഒരു പൂവില്‍ നിന്ന് സ്വീകരിച്ച് സമാനവര്‍ഗ്ഗത്തിലുള്ള മറ്റൊരു പൂവിന്റെ നിര്‍ദ്ദിഷ്ട സ്ഥാനത്ത് കിറുകൃത്യമായി നിക്ഷേപിക്കാനാവൂ. ചിലവയാകട്ടെ പൂമ്പൊടി ശേഖരിച്ച പഴയ പൂവിലേക്ക് തന്നെ പറന്നുചെല്ലും. അതല്ലെങ്കില്‍ അതേ നിറമുള്ള മറ്റേതെങ്കിലും പൂവിലേക്ക്. തേന്‍ പ്രതിഫലമായി വാങ്ങി പൂമ്പൊടി സ്വീകരിച്ചത് ഏത് പൂവില്‍ നിന്നാണോ അതേ വര്‍ഗ്ഗത്തില്‍പ്പെട്ട മറ്റൊരു പൂവിന്റെ നിര്‍ദ്ദിഷ്ട പരാഗണ സ്ഥലത്ത് അത് നിക്ഷേപിക്കപ്പെടാനുള്ള സാധ്യത ശരിക്കും ‘ഭാഗ്യ’മാണ്. എന്തൊക്കെയായാലും പട്ടികയില്‍ മാന്ത്രികവെടിയുണ്ടയുടെ ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചില പുഷ്പങ്ങളുണ്ട്. ഈ പട്ടികയില്‍ മുമ്പനായ ഓര്‍കിഡ് ഇക്കാര്യത്തില്‍ ഒരു ഉത്തമ ഉദാഹരണമാണ്. ഡാര്‍വിന്‍ ആ പൂവിനെക്കുറിച്ച് ഒരു പുസ്തകം തന്നെ എഴുതിയതില്‍ അത്ഭുതം തീരെയില്ല.”(221)

പരാഗണത്തിലെ എകണോമി ചര്‍ച്ച ചെയ്യുന്നതിനിടയിലാണ് ഓര്‍കിഡിനെ മഹത്വവല്‍ക്കരിക്കുന്നത്. ഓര്‍കിഡുകള്‍ക്കിടയില്‍ 1000ത്തോളം ജനീറകളിലായി 22,000ത്തിലധികം സ്പീഷിസുകളുണ്ട്.(222) ഇത്രയും വിപുലമായ ഓര്‍കിഡുകള്‍ക്കിടയില്‍ നിന്ന് ഡോകിന്‍സ് മഡഗാസ്‌കര്‍ ഓര്‍കിഡി(അനുഗ്രീക്കം ഡെസ്‌ക്വി പെഡല്‍/ Anugreacam sesquipedale)നെ കുറിച്ച് പലതവണ ചര്‍ച്ച ചെയ്യുന്നുണ്ട്. അതിന് പ്രത്യേക കാരണമുണ്ട്. ഈ ഓര്‍ക്കിഡിനെക്കുറിച്ച് പഠിച്ച ഡാര്‍വിനും വാലസും (ചാള്‍സ് ഡാര്‍വിനും ആല്‍ഫ്രഡ് റസ്സല്‍ വാലസും ചേര്‍ന്നാണ് പരിണാമ സിദ്ധാന്തം ആവിഷ്‌കരിച്ചത്)(223) ഈ ഓര്‍കിഡിന്റെ പരാഗവാഹിനി കുഴലിന്റെ ദൈര്‍ഘ്യത്തെ കുറിച്ച് അത്ഭുതപ്പെടുകയും ഇതിന്റെ പരാഗണം നിര്‍വഹിക്കുന്നതിന് പ്രത്യേകം ഷഡ്പദങ്ങളോ പ്രാണികളോ മറ്റു ജീവികളോ ഉണ്ടായിരിക്കാമെന്ന് വിലയിരുത്തുകയും ഡാര്‍വിനുശേഷം 21 വര്‍ഷങ്ങള്‍ക്ക് ശേഷം 1903ല്‍ അങ്ങനെയൊരു ഷഡ്പദത്തെ കണ്ടെത്തുകയും ചെയ്തത് പരിണാമ ചരിത്രത്തിലെ എക്കാലത്തെയും ആഘോഷമാണ്. ഡോകിന്‍സ് ഗ്രന്ഥത്തില്‍ ഈ ഷഡ്പദത്തിന്റെയും ഓര്‍കിഡിന്റെയും ഭംഗിയാര്‍ന്ന ഫോട്ടോയും ചേര്‍ത്തിട്ടുണ്ട്. അദ്ദേഹം ഇക്കാര്യം എഴുതുന്നു:

”അനുഗ്രീക്കം സെസ്‌ക്വി പെഡെയില്‍ (Anugraecum sesqui pedale) (കളര്‍പേജ് നാല് കാണുക) എന്ന ആരേയും അതിശയിപ്പിക്കുന്ന മഡഗാഡ്കര്‍ ഓര്‍കിഡ് ഡാര്‍വിന്റെ മാത്രമല്ല, പ്രകൃതി നിര്‍ദ്ധാരണത്തിന്റെ കാര്യത്തില്‍ അദ്ദേഹത്തിന്റെ സഹ കണ്ടുപിടുത്തക്കാരാനായ വാലസിന്റെയും സജീവ ശ്രദ്ധയാകര്‍ഷിച്ച ഒരു പുഷ്പമാണ്. ഈ രണ്ട് മഹാന്‍മാരും നടത്തിയ ശ്രദ്ധേയവും സമാനവുമായ പ്രവചനങ്ങള്‍ പില്‍ക്കാലത്ത് വിജയകരമായി സ്ഥിരീകരിക്കപ്പെടുകയും ചെയ്തു. ഡാര്‍വിന്റെ സ്വന്തം റൂളര്‍ ഉപയോഗിച്ച് അളന്നപ്പോള്‍  11 ഇഞ്ച് നീളമുള്ള നീണ്ട ഒരു തേന്‍ കുഴലിന്റെ ഉള്ളിലായിരുന്നു ഈ ഓര്‍കിഡിന്റെ മധു ശേഖരിക്കപ്പെട്ടിരുന്നത്- അതായത് ഏതാണ്ട് മുപ്പത് സെന്റി മീറ്റര്‍. അതിന്റെ ബന്ധുവായ അനുഗ്രിക്കം ലോംഗികള്‍ക്കര്‍ (Anugraecum longicalcar) എന്ന പുഷ്പത്തിനാകട്ടെ, തേന്‍ കുഴലിന്റെ (necter beaning spur) നീളം 40 സെന്റി മീറ്ററാണ് (15 ഇഞ്ചിലധികം). അനുഗ്രീക്കും സെസ്‌ക്വി പെഡലിനെ മാത്രം ആധാരമാക്കി ‘കൊമ്പുകള്‍ക്ക് കുറഞ്ഞത് 10-11 ഇഞ്ച് നീളമുള്ള പ്രാണികള്‍’ എവിടെയെങ്കിലുമുണ്ടാകുമെന്ന് ഓര്‍ക്കിഡുകളെക്കുറിച്ച് 1862ല്‍ എഴുതിയ പുസ്തകത്തില്‍ ഡാര്‍വിന്‍ പ്രവചിച്ചിരുന്നു.

ഡാര്‍വിന്റെ മരണത്തിന് ശേഷം 1903-ല്‍, വാലസിന്റെ ദീര്‍ഘമായ ജീവിതകാലത്തിനുള്ളില്‍ തന്നെ അന്നേവരെ അറിയപ്പെടാതിരുന്ന അത്തരത്തിലൊരു പ്രാണിയെ കണ്ടെത്തുകയുണ്ടായി. ഡാര്‍വിന്‍-വാലസ് പ്രവചനം യാഥാര്‍ത്ഥ്യമാക്കിയ ഒരു കണ്ടെത്തലായിരുന്നുവത്. പ്രഡിക്റ്റ (Praedicta) എന്ന ഉപജാതിയില്‍ ഉള്‍പ്പെടുത്തി അത് ആദരിക്കപ്പെടുകയും ചെയ്തു.”(224)

ഈ ഷഡ്പദത്തിനെക്കുറിച്ച് പ്രവചനം നടത്തിയത് ഇത്രയാഘോഷിക്കാനെന്തിരിക്കുന്നു എന്ന സംശയം തല്‍ക്കാലം മാറ്റിവെക്കാം. മഡഗാസ്‌കര്‍ ഓര്‍കിഡ് ഒരടിയോളം വ്യാസമുള്ള നക്ഷത്രസമാനമായ വെളുത്ത പുഷ്പമാണ്. ഇതിന്റെ തേന്‍കുഴലിന് 27-43 സെന്റിമീറ്റര്‍ നീളം കാണുമെന്ന് ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വികിപ്പീഡിയയും(225) 20-35 സെന്റി മീറ്റര്‍ നീളമുണ്ടാകുമെന്ന് എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക ഓണ്‍ലൈന്‍ പതിപ്പും പറയുന്നു.(226) ഈ ഓര്‍കിഡില്‍ പരാഗണം നടത്തുന്ന ‘മോര്‍ഗന്‍സ് സ്ഫിങ്ക്‌സ് മോത്ത്’ (Morgan’s Sphings Moth) എന്ന പ്രാണിക്ക് ഇത്രയും നീളമുള്ള പരാഗണ കുഴലില്‍ നിന്നും നിഷ്പ്രയാസം മധുനുകരാന്‍ മാത്രം വലിപ്പമുള്ള കൊമ്പുണ്ട്.(227)

ഭ്രൂണവളര്‍ച്ചയെ കുറിച്ച് ഡോകിന്‍സ് സിദ്ധാന്തിച്ച പ്രാദേശിക നിയമങ്ങളെക്കുറിച്ചുള്ള പ്രസ്താവനകള്‍ ഓര്‍ക്കുക. ”ഏതെങ്കിലും ആഗോള പദ്ധതിയുടെ ഭാഗമായിട്ടല്ല, മറിച്ച് പ്രാദേശിക നിയമങ്ങളായിരിക്കും അവിടെ പ്രസക്തമാവുക.”(228) ”അതായത്, ഇവിടെയെല്ലാം നാം ബന്ധപ്പെടുന്നത് പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന പ്രക്രിയകളുമായിട്ടാണ്.”(229)
ഇവിടെ സ്വാഭാവികമായി ഉയര്‍ന്നുവരുന്ന സംശയം: സസ്യവര്‍ഗ്ഗത്തിലെ ലക്ഷക്കണക്കിനു സ്പിഷീസുകളില്‍ ഒന്നായ ഓര്‍ക്കിഡിലെ 880ലേറെ വരുന്ന ജനീറകളില്‍ 26,000ലേറെ സ്പിഷീസുകളില്‍ ഒന്നായ അനുഗ്രീക്കം സെസ്‌ക്വി പെഡയില്‍ എന്ന ഒരു ഓര്‍കിഡ് വിരിയിക്കുന്ന പൂവില്‍ പരാഗണം നടത്താന്‍ മാത്രമായി, തികച്ചും വ്യത്യസ്തമായ ജന്തുലോകത്തെ നാല് ലക്ഷത്തോളം ജന്തുവര്‍ഗ്ഗങ്ങളില്‍ ഒന്നായ മോത്ത് (Moth)കളിലെ 16,000 സ്പിഷീസുകളിലെ ഉപവിഭാഗമായ സാന്തേപ്പ മോര്‍ഗാനി പ്രഡിക്ട എന്ന ഈ ശലഭം ഏതു പ്രാദേശിക നിയമത്തിനെ ആധാരമാക്കി പരിണമിച്ചുവന്നു? അത്ഭുതകരങ്ങളായ ‘പ്രാദേശിക നിയമങ്ങള്‍’ തന്നെ!!

റിച്ചാര്‍ഡ് ഡോകിന്‍സിന്റെ തന്നെ പരിണാമത്തെ തെളിയിക്കാനെഴുതിയ മറ്റൊരു ഗ്രന്ഥമായ ക്ലിംപിങ്ങ് മൗണ്ട് ഇംപ്രോബബ്ള്‍ (Climbing Mount Improbable)ന്റെ ‘എ ഗാര്‍ഡന്‍ ഇന്‍ക്ലോസ്ഡ്’ (A Garden Inclosed) എന്ന അവസാന അധ്യായത്തില്‍ അത്തിമരത്തെയും അതിന്റെ പരാഗണം നടത്തുന്ന അത്തിപ്രാണി(Fig Wasps)യെയും പരിചയപ്പെടുത്തുന്നുണ്ട്. അത്തിപ്പഴത്തെ ഡോകിന്‍സ് വിശദീകരിക്കുന്നത് പഴമെന്നല്ല, (Fruit) മറിച്ച് അടച്ചുപൂട്ടിയ പൂന്തോട്ട(Closed Garden)മെന്നാണ്. വ്യത്യസ്ത സ്പിഷീസുകളില്‍ പെട്ട 900ത്തിലധികം അത്തിമരങ്ങള്‍ നിലവിലുണ്ട്. ഓരോ അത്തിപ്പഴത്തിനകത്തും
നൂറുകണക്കിന് ആണ്‍, പെണ്‍ പുഷ്പങ്ങളുണ്ട്. പഴത്തിന്റെ അടിഭാഗത്ത് പെണ്‍പുഷ്പങ്ങളും, മുകള്‍ഭാഗത്ത് ആണ്‍പുഷ്പങ്ങളുമാണ് സംവിധാനിച്ചിട്ടുള്ളത്. ഓരോ പഴത്തിനുള്ളിലെയും ആണ്‍ പെണ്‍ പുഷ്പങ്ങള്‍ സ്വയം പരാഗണം നടത്തുന്നില്ല. പകരം അത്തിപ്രാണി (Fig wasp) ആണ് പരാഗണം നിര്‍വഹിക്കുന്നത്.

അത്തിപ്പഴത്തിന്റെ മുകള്‍ ഭാഗത്ത് നടുവിലായി ഒരു സുഷിരമുണ്ടായിരിക്കും. പുറത്ത് അതേ വര്‍ഗത്തില്‍പ്പെട്ട ഒരു അത്തിമരത്തിലെ ഒരു അത്തിപ്പഴത്തിന്റെ ഈ ദ്വാരത്തില്‍ക്കൂടി പുറത്ത് കടക്കുന്ന പെണ്‍ പ്രാണി വലിഞ്ഞുകയറി പഴത്തിനകത്ത് പ്രവേശിക്കുന്നു. അങ്ങനെ പ്രവേശിക്കുന്ന പ്രാണിയുടെ മുന്‍പാദങ്ങളില്‍ സജ്ജമാക്കിയിട്ടുള്ള പൂമ്പൊടിപാത്രത്തിലുള്ള, ആണ്‍പുഷ്പങ്ങളില്‍ നിന്ന് ശേഖരിച്ച പൂമ്പൊടി പഴത്തിന്റെ അടിഭാഗത്ത് നിരന്ന് നില്‍ക്കുന്ന പെണ്‍ പുഷ്പങ്ങളിലെല്ലാം നിക്ഷേപിച്ച് അവയില്‍ ചില പുഷ്പങ്ങളുടെ ഉള്ളില്‍ മാത്രം മുട്ടയിട്ട് സ്വാഭാവിക മരണത്തിന് വിധേയമാകുന്നു. ആ പുഷ്പങ്ങളില്‍ നിക്ഷേപിച്ച മുട്ടകളില്‍ ആണ്‍ മുട്ടകള്‍ മാത്രം വിരിയുന്നു. അവയില്‍ നിന്ന് പുറത്തുവരുന്ന ആണ്‍പ്രാണികള്‍ കേവലം വിരിയാത്ത മുട്ടകളില്‍ – പെണ്‍ പ്രാണിയാകാനുള്ള മുട്ടകള്‍- മുട്ടകളില്‍ പ്രവേശിച്ച് ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നു. അതോടെ ആണ്‍ പ്രാണിയുടെ ജീവിതദൗത്യം അവസാനിച്ചു. അവ ആ മുട്ടകളില്‍ നിന്നും അത്തിപ്പഴത്തില്‍ നിന്നും പുറത്ത് വന്ന് സ്വാഭാവിക മരണം വരിക്കുന്നു.

ശേഷം ശേഷിക്കുന്ന മുട്ടകള്‍ വിരിഞ്ഞ് പെണ്‍ പ്രാണി പുറത്തുവരുന്നു. ആണ്‍ പ്രാണിക്ക് ചിറകുകള്‍ ഉണ്ടായിരിക്കുകയില്ല. എന്നാല്‍ പെണ്‍ പ്രാണിക്ക് ചിറകുകള്‍ ഉണ്ടായിരിക്കും. വിരിഞ്ഞുവരുന്ന പ്രാണികളുടെ ഭക്ഷണം ഏത് പൂവിലാണോ തന്റെ മുട്ട നിക്ഷേപിച്ചിട്ടുള്ളത് ആ പുഷ്പം മാത്രമായിരിക്കും. അങ്ങനെ വിരിഞ്ഞു പുറത്തുവരുന്ന പെണ്‍ പ്രാണി അത്തിപ്പഴത്തിന്റെ മുകളില്‍ നടുവിലായി നിലകൊള്ളുന്ന സുഷിരം ലക്ഷ്യമാക്കി മുന്നേറുന്നു. ആ യാത്രയില്‍ പഴത്തിന്റെ ഉള്ളില്‍ മുകള്‍ ഭാഗത്തായി വിരിഞ്ഞു നില്‍ക്കുന്ന ആണ്‍ പുഷ്പങ്ങളില്‍ നിന്ന് തന്റെ പക്കലുള്ള പൂമ്പൊടി പാത്രത്തില്‍ പൂമ്പൊടി ശേഖരിക്കുകയും ചെയ്യുന്നു.

പൂമ്പൊടി ശേഖരിച്ച് അത്തിപ്പഴത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങുന്ന പ്രാണി തികച്ചും പുതിയൊരു ലോകത്ത് എത്തിപ്പെടുന്നു. അന്ധകാരം നിറഞ്ഞ കാലാവസ്ഥയില്‍ നിന്നും പരിസ്ഥിതിയില്‍ നിന്നും പ്രകാശവും ചൂടും തണുപ്പും കാറ്റും സൂര്യപ്രകാശവും ചന്ദ്രനും നക്ഷത്രങ്ങളും ലക്ഷോപലക്ഷം സസ്യജന്തുക്കളുമുള്ള പുതിയൊരു ലോകത്തേക്ക്!  ചൊവ്വാഗ്രഹത്തില്‍ നിന്നൊരാള്‍    ബോംബെ         മഹാനഗരത്തില്‍    വന്നിറങ്ങിയ അവസ്ഥ!     ആ
പരിതസ്ഥിയിലും അവ തനിക്ക് ജന്മം നല്‍കിയ അതേ സ്പിഷീസില്‍പെട്ട മറ്റൊരു അത്തിമരത്തിലെ അത്തിപ്പഴം തേടി പറക്കുന്നു. അങ്ങനെ മറ്റൊരു അത്തിപ്പഴത്തില്‍ ചെന്നിറങ്ങുന്ന പ്രാണി തന്റെ അമ്മപ്രാണി തന്റെ മാതൃപഴത്തിലേക്ക് പ്രയാസപ്പെട്ട് കയറിയത് പോലെ ആ പഴത്തിലേക്ക് വലിഞ്ഞു കയറുന്നു. ഇങ്ങനെ വലിഞ്ഞു കയറുന്നതിനിടക്ക് സ്വന്തം ചിറകുകള്‍ നഷ്ടപ്പെടുന്നു. മാത്രമല്ല ആ വലിഞ്ഞു കയറ്റത്തിനിടയില്‍ പ്രാണിയെ പഴ കവാടത്തില്‍ വെച്ച് തുടച്ച് വൃത്തിയാക്കുന്നു. അത്രയും ഇടുങ്ങിയതായിരിക്കും ആ പഴത്തിലേക്ക് കയറാനുള്ള സുഷിരം. എന്തിനാണ് ഇത്രയും ത്യാഗപൂര്‍ണമായ നുഴഞ്ഞുകയറ്റം? നാം പറഞ്ഞു, പ്രാണി തികച്ചും വ്യത്യസ്തമായ ഒരു കാലാവസ്ഥയിലേക്കും പരിതസ്ഥിതിയിലേക്കുമാണ് എത്തപ്പെട്ടതെന്ന്. ആ മലിന പരിതസ്ഥിയിലൂടെ പറക്കുന്ന പ്രാണിയുടെ ശരീരത്തില്‍ ബാക്ടീരിയ തുടങ്ങിയ മാരഗമായ രോഗാണുക്കളും വിഷ പദാര്‍ത്ഥങ്ങളുള്ള പൊടിപടലങ്ങളും പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത അവഗണനീയമല്ല. അത്തരം അപകടകരമായ ബാഹ്യ മാല്യനങ്ങളില്‍ നിന്നും രോഗാണുക്കളില്‍ നിന്നും അത്തിപ്പഴത്തെയും അതിനകത്തുള്ള കൊച്ചു പുഷ്പങ്ങളെയും അതിലൂടെ മുളച്ച് വളര്‍ന്നുവരുന്ന പുതിയ തലമുറയിലെ മരങ്ങളെയും സംരക്ഷിക്കുക മാത്രമല്ല, തന്നെ ഭക്ഷണമായുപയോഗിക്കുന്ന മനുഷ്യരുള്‍പ്പെടെയുള്ള ജന്തുജാലങ്ങളെ രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുകകൂടി ഈ തുടച്ചുമിനുക്കലില്‍ ഉള്‍ക്കൊള്ളുന്നു.

അത്തിപ്പഴത്തിനകത്തു കടക്കുന്ന അത്തിപ്രാണി  നാം മനസ്സിലാക്കിയ പോലെ എല്ലാ പെണ്‍ പുഷ്പങ്ങളിലും പരാഗണം നടത്തുകയും അവയില്‍ ചിലതില്‍ മാത്രം മുട്ടയിടുകയും ചെയ്യുന്നു. എന്തുകൊണ്ടാണ് എല്ലാ പെണ്‍പുഷ്പങ്ങളിലും പ്രാണി തന്റെ മുട്ട നിക്ഷേപിക്കാതിരിക്കുന്നത്? എന്നാല്‍ പൂമ്പൊടി എല്ലാ പുഷ്പങ്ങളിലും വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട് താനും.  മുട്ട വിരിഞ്ഞുവരുന്ന പ്രാണിയുടെ ഭക്ഷണം തന്റെ മാതൃപുഷ്പം മാത്രമാണ് എന്ന് നേരത്തെ പറഞ്ഞു. എല്ലാ പുഷ്പങ്ങളിലും മുട്ടയിട്ടാല്‍ ആ പഴത്തിലെ വിത്തുകള്‍ പൂര്‍ണമായി നശിക്കുകയും ആ അത്തി     മരത്തിന്    വംശനാശം     സംഭവിക്കുകയും        ചെയ്യും.          അങ്ങനെ
സംഭവിക്കാതിരിക്കാനുള്ള മുന്‍ കരുതലാണ് ഈ സംവിധാനം!  ഒരു പ്രത്യേക അത്തിമരം നശിച്ചുപോയാല്‍ ആ അത്തി പ്രാണിയുടെയും നാശമായിരിക്കും ഫലം.  900ത്തിലധികം സ്പിഷീസ് അത്തിമരങ്ങളുണ്ടെങ്കില്‍ ഓരോ അത്തിവര്‍ഗ്ഗത്തിനും പ്രത്യേകം പ്രത്യേകമായി അത്രയും സ്പിഷീസുകള്‍ അത്തിപ്രാണിയും നിലനില്‍ക്കുന്നു എന്നതാണ് ഏറെ അത്ഭുതകരം.  900 അത്തി   വര്‍ഗ്ഗങ്ങള്‍ക്ക്  900   അത്തി  പ്രാണിവര്‍ഗ്ഗങ്ങളും!(230)
എത്ര അതിശയകരവും അത്ഭുതകരവുമായ പരസ്പര സഹകരണ സംവിധാനം! പരിണാമവിശ്വാസികള്‍ പറയുന്നതനുസരിച്ച്, 900ത്തിലധികം വരുന്ന അത്തിമര വര്‍ഗ്ഗങ്ങളില്‍ അവയുടെയെല്ലാം പ്രാദേശിക നിയമമനുസരിച്ച് പഴങ്ങളുണ്ടാവുന്നു. ഒന്നും പരസ്പരം യാതൊരു ബന്ധവുമില്ല. ഓരോന്നിനും അതാതിന്റെ പ്രാദേശിക നിയമങ്ങള്‍ മാത്രം. ഒരു സംവിധായകനോ നിയമജ്ഞനോ ആസൂത്രികനോ ഇല്ല. എല്ലാം കേവലം യാദൃശ്ചികമായ പ്രാദേശിക ഉരിത്തിരിയലുകള്‍ മാത്രം! പറയൂ പ്രിയ വായനക്കാരേ, മനസ്സുകള്‍ ഇതിനെക്കാളധികം അന്ധമാകുമോ?

തൊള്ളായിരത്തിലധികം സ്പിഷീസുകളാല്‍ സമ്പുഷ്ടമായ അത്തിമരങ്ങളുടെ പ്രജനനം നടത്തുന്നതിന് അത്രയും വിപുലവും സമ്പൂര്‍ണ്ണവുമായ അത്തിപ്രാണി(fig wasp)കള്‍! ഇവയോരോന്നും തന്റെ കടമ നിര്‍വഹണത്തില്‍ സ്വന്തം മരങ്ങളുടെ മാത്രം പഴങ്ങളില്‍ ചേക്കേറി പൂമ്പൊടി ശേഖരിച്ച് അതേ വര്‍ഗ്ഗത്തില്‍പെട്ട മറ്റൊരു മരവും പഴവും തിരഞ്ഞു കണ്ടുപിടിച്ചു അതിനുള്ളില്‍ നുഴഞ്ഞുകയറി പരാഗണം നടത്തുന്നു. ആ പ്രാണികളിലും പ്രവര്‍ത്തിക്കുന്നത് അവറ്റകളുടേത് മാത്രമായ പ്രാദേശിക നിയമങ്ങള്‍
ആണെന്നാണോ ഡോകിന്‍സ് പറയുന്നത്? എത്ര ആസൂത്രണ പരവും ബുദ്ധിപരവുമായ ‘ലോകല്‍ ലോ!’  മസഗാസ്‌കര്‍ ഓര്‍കിഡും അതിന്റെ പോളിനേറ്ററായ ശലഭവും ഒരൊറ്റപ്പെട്ട സംഭവമാണെന്ന് സങ്കല്‍പ്പിച്ച് അവ രണ്ടും യാദൃഛികമാണെന്നും രണ്ടിന്റേയും പ്രാദേശിക നിയമങ്ങള്‍ യോജിച്ചുവന്നു എന്നും ഇവര്‍ വാദിക്കുന്നത് സഹിക്കാം. എന്നാല്‍ ഇത്രയും വിപുലമായ ‘പ്രാദേശിക നിയമങ്ങളും’ യാദൃഛികതയും സാമാന്യ ബുദ്ധിയും വിവേകവും കേവലയുക്തിയുമുള്ള ഏതെങ്കിലും മനുഷ്യന് ഉള്‍ക്കൊള്ളാന്‍ സാധിക്കുമോ?

കുറിപ്പുകള്‍:

212. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 263
214. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 265
215. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 265, 266
216. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 14
217. www.britanica.com/EBchecked/topic/588769/testis (ഓണ്‍ലൈന്‍ എന്‍സൈക്ലോപീഡിയ ബ്രിട്ടാണിക്ക); www.nim.nih.gov/medilineplus/ency/article/000973htmwww.en.wikipedia.org/wiki/testicle; ഇസ്‌ലാം, വിശ്വാസദര്‍ശനം, യുവത ബുക്‌സ്, കോഴിക്കോട്, പേജ് 111-116
218.  www.britanica.com/EBchecked/topic/436179/ovumwww.en.wikipedia.org/wiki/egycellhttp://kenyon.edu/slone/span-med/mujer/women.html; സ്‌നേഹസംവാദം മാസിക. 2012 ജൂണ്‍ കവര്‍‌സ്റ്റോറി, എം.എം.അക്ബര്‍; ഇസ്‌ലാം വിശ്വാസദര്‍ശനം, യുവത ബുക്‌സ്, കോഴിക്കോട്, പേജ് 116-122
219. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 282
220. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 301
221. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 84
223. www.evolution.berkeley.edu.evolutionary/article/history_14
224. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 84, 85
228. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 282
229. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍, രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 301



Sunday, July 27, 2014

‘മരണപാത്ര’ത്തില്‍ നിന്ന് ജീവിതത്തിലേക്ക്



ഗസ്സ സിറ്റി: ഗസ്സയില്‍ ഇസ്രായേല്‍ വര്‍ഷിച്ച ബോംബുകള്‍ക്കൊന്നും ആ പിറവിയെ തടയാനായില്ല. ജനത്തെ ഇല്ലാതാക്കിയാലും ജനനത്തെ ഇല്ലാതാക്കാനാവി െല്ലന്ന് തെളിയിച്ചുകൊണ്ട്  ദൈവം മരണത്തിന്‍െറ അതിര്‍ത്തിയില്‍ നിന്ന് അവളെ തിരിച്ചുകൊണ്ടുവന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ മരണപ്പെട്ട മാതാവിന്‍റ ഗര്‍ഭപാത്രത്തില്‍ നിന്ന് കുഞ്ഞിനെ അതിസങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ലോകത്തിന്‍െറ ശ്രദ്ധ പിടിച്ചുപറ്റി. പ്രസവിക്കാന്‍ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് ഷൈമ എന്ന യുവതി ഇസ്രായേലിന്‍െറ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ തകര്‍ന്ന കെട്ടിടത്തിനടിയില്‍പ്പെടുകയായിരുന്നു ഇവര്‍.

ഉടന്‍ തന്നെ അല്‍ അഖ്സ ആശുപത്രിയിലത്തെിച്ച് മാതാവിന്‍െറ വയറ്റില്‍ നിന്ന് നിന്ന് കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. ഗര്‍ഭപാത്രത്തില്‍ ഓക്സിജന്‍  വിതരണം നിലച്ച നിലയിലാണ് കുട്ടിയെ പുറത്തെടുത്തത്. തന്‍െറ കുട്ടിയാണെന്ന തോന്നലാണ് തനിക്കുള്ളതെന്ന് ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ. ഫാദി അല്‍ ക്രോതെ അറിയിച്ചു. അതേസമയം കുട്ടിയെ രക്ഷിക്കുന്ന കാര്യത്തില്‍ പകുതി മാത്രമേ ഉറപ്പുപറയാന്‍ സാധിക്കൂവെന്നും ഡോക്ടര്‍ പറഞ്ഞു. കൃത്രിമശ്വാസം നല്‍കിയാണ് കുഞ്ഞിന്‍െറ ജീവന്‍ ഇപ്പോള്‍ നിലനിര്‍ത്തുന്നത്.

നാല് കുടുംബങ്ങളായിരുന്നു തകര്‍ന്ന കെട്ടിടത്തിലുണ്ടായിരുന്നത്. ഇതില്‍ എല്ലാവര്‍ക്കും പരുക്കേറ്റിട്ടുണ്ട്. കുഞ്ഞ് ദൈവത്തിന്‍െറ സമ്മാനമാണെന്നും മരണത്തിനിടയിലും തങ്ങള്‍ക്ക് സന്തോഷമാണ് കുഞ്ഞിന്‍െറ ജനനത്തിലൂടെ ലഭിക്കുന്നതെന്നും ബന്ധു മഹാ ശൈഖ് അലി പറഞ്ഞു. കുഞ്ഞിന്‍െറ ഉമ്മയെ ബഹുമാനിച്ചുകൊണ്ട് അവര്‍ കുഞ്ഞിന് പേരും നല്‍കി, ഷൈമ. ഉമ്മയുടെ അതേ പേര്.

ആക്രമണങ്ങളില്‍ നിന്ന് സിവിലിയന്‍മാരെ തങ്ങള്‍ ഒഴിവാക്കുന്നു എന്നാണ് ഇസ്രായേലിന്‍െറ വാദം. എന്നാല്‍ ഇതിനെതിരെയുള്ള ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൂര്‍ണ ഗര്‍ഭിണിയെയടക്കം സ്ത്രീകളെയും കുട്ടികളെയും ഇസ്രായേല്‍ ആക്രമിച്ചത്.



കടപ്പാട്
http://www.madhyamam.com/news/300103/140726
-

Monday, July 21, 2014

ഭ്രൂണം മുതല്‍ പരാഗണം വരെ; ഡോകിന്‍സിന്റെ അന്ധത അവസാനിക്കുന്നില്ല!

 സ്നേഹസംവാദം മാസിക 2014 ജൂലൈ ലക്കത്തിൽ അലി ചെമ്മാടിന്റെ ലേഖനം 

റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു – 

ഭാഗം 11

ഗ്രന്ഥത്തിലെ എട്ടാം അദ്ധ്യായത്തിന്റെ തലക്കെട്ട് “’ഒമ്പത് മാസംകൊണ്ട് നിങ്ങളത് സ്വയം ചെയ്തിരിക്കുന്നു’(212) എന്നാണ്. ഈ തലക്കെട്ടിലൂടെ ഗ്രന്ഥകാരന്‍ ഉദ്ദേശിച്ചിട്ടുള്ളത് മനുഷ്യന്റെ ഗര്‍ഭാവസ്ഥയില്‍ രണ്ട് അര്‍ദ്ധ കോശങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു മനുഷ്യന്‍ രൂപപ്പെടുന്നതും, ഒരു കോശം ശതകോടിക്കണക്കിന് വര്‍ഷങ്ങളിലൂടെ പരിണമിച്ച് ഇന്നത്തെ ജൈവ സസ്യവൈവിധ്യം രൂപപ്പെട്ടു എന്ന പരിണാമവാദികളുടെ വിശ്വാസവും താരതമ്യപ്പെടുത്തുന്നതിനാണ്. ഇതിനോടനുബന്ധിച്ച് അദ്ധ്യായത്തിന്റെ തുടക്കത്തില്‍ അദ്ദേഹം ഒരു സംഭവം അത്യാവശ്യം പൊടിപ്പും തൊങ്ങലും വെച്ചവതരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് പ്രകൃതി ശാസ്ത്രജ്ഞനും, പരിണാമ ജീവശാസ്ത്രജ്ഞനുമായിരുന്ന ജെ.ബി.എസ് ഹാള്‍ഡെയിനോട് (J. B. S. Haldane)(213) ഏതോ ഒരു സ്ത്രീ ചോദിച്ചു എന്ന് പറയപ്പെടുന്ന ചോദ്യവും, അദ്ദേഹം നല്‍കി എന്നവകാശപ്പെടുന്ന ഉത്തരവും ഭാവനാത്മകമായി അവതരിപ്പിക്കുന്നുണ്ട് ഡോകിന്‍സ്. അതിങ്ങനെ വായിക്കാം:

”പ്രസ്തുത വനിതയും ജെ.ബി.എസ്. ഹാള്‍ഡെയിനും തമ്മിലുള്ള സംവാദം ഏതാണ്ടിപ്രകാരമായിരുന്നു:

പരിണാമ സന്ദേഹി-പ്രൊഫസര്‍ ഹാള്‍ഡെയിന്‍, പരിണാമം നടക്കാന്‍ ശതകോടി വര്‍ഷങ്ങള്‍ ആവശ്യമാണെന്ന് താങ്കള്‍ പറയുന്നു. അതങ്ങനെയാണെന്ന് സമ്മതിച്ചാല്‍ പോലും കേവലം ഒരു കോശം വികസിച്ച് അതിസങ്കീര്‍ണമായ മനുഷ്യശരീരമുണ്ടായെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. കേവലം ഒരു കോശത്തില്‍ നിന്ന് പിന്നീട് ബില്യന്‍കണക്കിന് കോശങ്ങളുടെ സംഘടിതസംയോജനം വഴി അസ്ഥികളും പേശികളും ഞരമ്പുകളും രൂപം കൊള്ളുകയും ദശകങ്ങളോളം നിങ്ങളുടെ രക്തക്കുഴലുകളും വൃക്കയിലെ ട്യൂബൂള്‍സും ആവിര്‍ഭവിക്കുകയും അതിനൊക്കെ പുറമെ ചിന്തിക്കാനും സംസാരിക്കാനും അനുഭവിക്കാനും ശേഷിയുള്ള ഒരു മസ്തിഷ്‌കം വികസിച്ചുണ്ടാവുകയും ചെയ്തുവെന്നു പറഞ്ഞാല്‍ തീര്‍ത്തും അവിശ്വസനീയമാണ്.

ജെ.ബി.എസ്. ഹാള്‍ഡെയിന്‍- "പക്ഷെ ഭവതി, നിങ്ങളത് സ്വയം ചെയ്തിരിക്കുന്നു; കേവലം ഒമ്പത് മാസമേ അതിനു വേണ്ടി വന്നിട്ടുള്ളൂ."
ഹാള്‍ഡെയിന്റെ അപ്രതീക്ഷിതമായ രീതിയിലുള്ള പ്രതികരണംമൂലം ചോദ്യകര്‍ത്താവിന് കുറച്ചുനേരം സമനില നഷ്ടപ്പെടുന്നത് പോലെ തോന്നിയിട്ടുണ്ടാവാം. കാറ്റുപോയി എന്നൊക്കെ പറയുന്നത് ഇവിടെ ഒരു ന്യൂന പ്രസ്താവനയാണ്.”(214)
J.BS. Hldane

തുടര്‍ന്ന് ഡോക്കിന്‍സ് എഴുതുന്നു: ”ഒരുതരത്തില്‍ നോക്കിയാല്‍ ഹാള്‍ഡെയിന്റെ മറുപടി അവരെ തൃപ്തയാക്കിയിട്ടുണ്ടാവില്ലെന്ന് ഊഹിക്കാവുന്നതാണ്. ആ സന്ദര്‍ഭത്തില്‍ അവരെന്തെങ്കിലും അനുബന്ധ ചോദ്യങ്ങളുതിര്‍ത്തോ എന്നെനിക്കറിയില്ല. ഉണ്ടെങ്കില്‍ അതൊരുപക്ഷെ ഇപ്രകാരമായിരുന്നിരിക്കണം;

പരിണാമ സന്ദേഹി- 'ഓ, ശരി. ഭ്രൂണ വികാസം ജനിതക നിര്‍ദ്ദേശമനുസരിച്ചാണല്ലോ. പ്രകൃതി നിര്‍ധാരണത്തിലൂടെ ഉരുത്തിരിഞ്ഞു എന്ന് താങ്കള്‍ വിശേഷിപ്പിച്ച ശരീരം എങ്ങനെ നിര്‍മ്മിക്കണമെന്നതു സംബന്ധിച്ച നിര്‍ദ്ദേശങ്ങളാണവ. വീണ്ടും പറയട്ടെ, ശതകോടിക്കണക്കിനു വര്‍ഷം ലഭ്യമാണെങ്കിലും അത്തരമൊരു പരിണാമം സംഭവിക്കുമെന്ന് എനിക്ക് വിശ്വസിക്കാനാവില്ല.”(215)

എന്തിനായിരുന്നു ഈ സങ്കല്‍പചോദ്യങ്ങളും ഉത്തരങ്ങളും പടച്ചുണ്ടാക്കിയതെന്ന് വ്യക്തമാണ്. മനുഷ്യ സിക്താണ്ഡം ഗര്‍ഭാശയത്തില്‍ വെച്ച് വിഭജിച്ച് വളര്‍ന്ന് ജനിച്ച ഒരു പരിപൂര്‍ണ്ണ മനുഷ്യനായി ജീവിക്കുന്നു. അതുപോലെ ഒരു ഏകകോശ ജീവി എന്തുകൊണ്ട് സഹസ്രകോടി കൊല്ലങ്ങളിലൂടെ ദ്വികോശ ജീവിയും ബഹുകോശ ജീവിയുമായി പരിണമിച്ച് ഇന്നത്തെ ജൈവസസ്യ വൈവിധ്യങ്ങള്‍ ഉടലെടുത്തുകൂടാ എന്ന ‘കിടിലന്‍’ ചോദ്യമാണ് ഡോകിന്‍സ് വായനക്കാരന്റെ മുന്നിലേക്കെറിയുന്നത്. കോശവിഭജനവും ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയും നമുക്ക് ചര്‍ച്ച ചെയ്യാം.
പരിണാമവിശ്വാസികളുടെ സങ്കല്‍പത്തില്‍ പ്രാഥമിക ജീവവസ്തു തികച്ചും യാദൃഛികമായി ഉണ്ടായിക്കിട്ടി. അതെങ്ങനെയെന്ന് വിശദീകരിക്കാന്‍ ഡോകിന്‍സ് ഏറെ പരിശ്രമിക്കുന്നില്ല. ഏതായാലും അമിനോ ആസിഡോ R. N. Aയോ D. N. Aയോ ഡോകിന്‍സിന്റെ ചര്‍ച്ചകളില്‍ ആഴത്തില്‍ വിഷയീഭവിക്കുന്നില്ല. എന്നാലും ഉപരിപ്ലവമായി അതും പറഞ്ഞുപോകുന്നുണ്ട്. അതിലേക്ക് പിന്നീട് തിരിച്ചുവരാം. ഇവിടെ ഡോകിന്‍സ് ഗര്‍ഭസ്ഥ മനുഷ്യശിശുവിന്റെ വളര്‍ച്ചാഘട്ടങ്ങള്‍ ചിത്രം സഹിതം ഒരല്‍പം വിശദീകരിക്കുന്നുണ്ട്. കളർ പേജ് 14ല്‍ (ചില ചിത്രങ്ങളും ഫോട്ടോകളും അതിന്റെ ആകര്‍ഷണീയത കുറയാതെ ലാമിനേറ്റഡ് പേപ്പറില്‍ ഒരല്‍പ്പം വിശദീകരണത്തോടെ ചേര്‍ത്തതാണ് ഇവിടുത്തെ കളര്‍ പേജുകള്‍) 13 ചിത്രങ്ങളുടെ സഹായത്തോടെ ബീജസങ്കലനം നടന്ന് സിക്താണ്ഡം മുതല്‍ പ്രസവും കഴിഞ്ഞ് പൊക്കിള്‍കൊടി വേര്‍പ്പെടുത്തുന്ന ഒരു കുഞ്ഞിന്റെ ചിത്രം വരെ നമ്പറിട്ട് നല്‍കിയിരിക്കുന്നത് ഏറെ ആകര്‍ഷണീയവും പഠനാര്‍ഹവും തന്നെയാണ്.(216)

ഇനി മനുഷ്യഭ്രൂണ(Zygote) വളര്‍ച്ചയെന്തെന്ന് ചിന്തിക്കാം. ലൈംഗിക പ്രായപൂര്‍ത്തിയെത്തിയ പുരുഷന്‍ തന്റെ ജീവിത കാലത്തിനിടക്ക് ബില്യന്‍ കണക്കിന് ബീജം (Sperm) ഉല്‍പാദിപ്പിക്കുന്നു. അത് അവന്റെ വൃഷണത്തിലാണ് നടക്കുന്നത്. 4-5 സെന്റീമീറ്റര്‍ നീളവും, 2-3 സെന്റിമീറ്റര്‍ വീതിയുമുള്ള, പയര്‍മണിയുടെ ആകൃതിയുള്ള, ശരീരത്തില്‍ ലിംഗത്തിനു താഴെയായി വൃഷ്ണസഞ്ചി(Scrotum)യില്‍ തൂങ്ങിക്കിടക്കുന്ന ഒരു ജോഡി ഗ്രന്ഥികളാണ് വൃഷണങ്ങള്‍(Testicles). പുരുഷ ഹോര്‍മോണ്‍ ഉല്‍പാദിപ്പിക്കുന്ന വൃഷണങ്ങള്‍ Spermatogonia)യെന്ന കോശനിരയില്‍ നിന്നാണ് ബീജമുണ്ടാകുന്നത്. കൗമാര പ്രായത്തില്‍ ഈ കോശങ്ങള്‍ വിഭജിക്കാന്‍ തുടങ്ങുന്നു. ഈ വിഭജനം ഒരു സങ്കീര്‍ണ പ്രക്രിയയാണ്. സ്‌പെര്‍മാറ്റോഗോണിയ വിഭജിക്കപ്പെട്ട് പ്രൈമറി സ്‌പെര്‍മാറ്റോസൈറ്റ് (Primary Spermatocyte) എന്ന കോശങ്ങളുണ്ടാകുന്നു. ഈ കോശങ്ങള്‍ അതിവേഗം പൂര്‍ണവളര്‍ച്ച പ്രാപിക്കുകയും അവ ഒരു പ്രത്യേക രീതിയിലുള്ള കോശ വിഭജനത്തിന് വിധേയമാവുകയും ചെയ്യുന്നു. ഊനഭംഗം (Meiosis) എന്ന് വിളിക്കപ്പെടുന്ന ഈ കോശവിഭജന രീതി വഴി സെകന്ററി സ്‌പെര്‍മാറ്റോസൈറ്റുകള്‍ രൂപപ്പെടുന്നു. ഈ വിഭജനത്തോടെ 46 ക്രോമസോമുകളുള്ള പ്രൈമറി സ്‌പെര്‍മാറ്റോസൈറ്റുകള്‍ 23 ക്രോമസോമുകള്‍ മാത്രമുള്ള അര്‍ദ്ധ ബീജ കോശങ്ങളായി മാറുന്നു.

വൃഷണത്തിനകത്തുള്ള ബീജനാളികളില്‍ (Seminiferous tubules) വച്ചാണ് ഇത് നടക്കുന്നത്. ഇങ്ങനെ, ഈ നാളികളില്‍ ഉല്‍പാദിക്കപ്പെടുന്ന ബീജങ്ങള്‍ വൃഷണത്തോട് തൊട്ടുകിടക്കുന്ന അധിവൃഷ്ണിക(Epididymis)യില്‍ ശേഖരിക്കപ്പെടുകയും അവിടെ വെച്ച് അവ പ്രായപൂര്‍ത്തിയാവുകയും ചലനശേഷി ആര്‍ജ്ജിക്കുകയും ചെയ്യുന്നു. അധിവൃഷ്ണികയോട് ബന്ധപ്പെട്ട് കിടക്കുന്ന ബീജനാളിയിലൂടെ (Vas deferens) മൂത്രനാളത്തില്‍ എത്തി മൂത്രാശയത്തിനടിയില്‍ സ്ഥിതി ചെയ്യുന്ന രണ്ടു ശുക്ലസഞ്ചികള്‍ (Seminal Vesicles) ഉല്‍പാദിപ്പിക്കുന്ന വെളുത്ത് വഴുവഴുപ്പുള്ള ശുക്ലദ്രവത്തില്‍ കൂടിക്കലര്‍ന്നാണ് ഉല്‍സര്‍ജിക്കുന്നത്. പുരുഷന്‍ ഒരു തവണ സ്രവിക്കുന്നത് 200 കോടിയോളം ബീജങ്ങളാണ്. ഒരു മില്ലി ലിറ്റര്‍ ശുക്ലത്തില്‍ 20/40 കോടി ബീജങ്ങള്‍ ഉണ്ടാവും. ഈ ഇരുനൂറ് കോടി ബീജങ്ങളില്‍ നിന്ന് ഒരൊറ്റ ബീജം മാത്രമാണ് അണ്ഡവുമായി യോജിച്ച് ഭ്രൂണമായിമാറുന്നത്.(217)

സ്വന്തം വര്‍ഗ്ഗം നിലനിര്‍ത്തുന്നതിന് പുരുഷന്റെ ജീവശാസ്ത്രപരമായ പങ്ക് ഒരു ബീജമാണെങ്കില്‍ സ്ത്രീ നല്‍കുന്ന ആദ്യ ഓഹരി അണ്ഡമാണ് (Ovum). ഗര്‍ഭാശയത്തിന്റെ ഇരുവശങ്ങളിലായി നിലകൊള്ളുന്ന ഒരു ജോഡി അണ്ഡാശയങ്ങളാണ് (Ovary) അണ്ഡോല്‍പാദനം നടത്തുന്നത്. 4 സെന്റി മീറ്റര്‍ നീളവും, 3 സെന്റി മീറ്റര്‍ വീതിയും, 2 സെന്റി മീറ്റര്‍ ഘനവും 4-8 ഗ്രാം തൂക്കവും ബദാംപരിപ്പിന്റെ ആകൃതിയുമാണിതിന്. പെണ്‍കുഞ്ഞിന്റെ ഭ്രൂണദശയില്‍ അവളുടെ അണ്ഡാശയങ്ങളില്‍ ഒരു കോടിയോളം അണ്ഡങ്ങലുണ്ടായിരിക്കും. അവള്‍ ജനിക്കുന്നതിന്റെ മുമ്പേ തന്നെ ഇതില്‍ മഹാഭൂരിഭാഗവും നശിച്ചിരിക്കും. അവള്‍ ജനിക്കുന്ന സമയം അവളുടെ അണ്ഡാശയത്തില്‍ 20 ലക്ഷത്തോളം അണ്ഡങ്ങള്‍ ബാക്കി നില്‍ക്കും. അവള്‍ പ്രായപൂര്‍ത്തിയെത്തുന്നതിനിടക്ക്  വീണ്ടും കുറേ അണ്ഡങ്ങള്‍ നശിച്ചിരിക്കും. എന്നാലും അവളില്‍ മൂന്ന് ലക്ഷത്തോളം അണ്ഡങ്ങള്‍ നിലനില്‍ക്കും. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ കോശമാണ് അണ്ഡമെന്ന അര്‍ദ്ധകോശം. ഗോളാകൃതിയിലുള്ള ഈ അര്‍ദ്ധകോശത്തില്‍ ജനിതക വസ്തുക്കളെ വഹിക്കുന്ന കേന്ദ്രവും (Nucleus) ബീജസങ്കലനത്തിനുശേഷം ഭ്രൂണ വളര്‍ച്ചയുടെ ആദ്യഘട്ടത്തിലേക്കാവശ്യമായ പോഷകങ്ങളും ഉള്‍ക്കൊള്ളുന്നു.

പെണ്‍കുട്ടിക്ക് ഏകദേശം എട്ട് വയസ്സാകുമ്പോള്‍ മസ്തിഷ്‌കത്തിലെ ഹൈപ്പോതലാമസില്‍ നിന്ന് നാഡീയ ഹോര്‍മോണ്‍ (Neuro hormone) ഉല്‍പാദിപ്പിക്കപ്പെടുകയും അത് പിറ്റിയൂട്ടറിഗ്രിസ്ഥിക്ക് (pituitary gland) അണ്ഡാശയങ്ങളെ ഉത്തേജിപ്പിക്കാനുള്ള ആജ്ഞ നല്‍കുകയും ചെയ്യുന്നു. ഉത്തേജിതമാകുന്ന അണ്ഡാശയങ്ങള്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ (Oestrogen hormone) ഉല്‍പാദിപ്പിക്കാനാരംഭിക്കുകയും അതിന്റെ പ്രവര്‍ത്തനഫലമായി മെല്ലെ മെല്ലെ അവള്‍ കുമാരിയായി പരിണമിക്കുകയും ചെയ്യുന്നു. പിറ്റിയൂട്ടറിയുടെ ഉത്തേജനഫലമായി അണ്ഡാശയങ്ങളിലെ അതിസൂക്ഷ്മങ്ങളായ അണ്ഡകോശങ്ങള്‍ ഫോളിക്കിള്‍ (Follicle) അറയില്‍ വളരാന്‍ തുടങ്ങുന്നു. ഇരുപതോളം അണ്ഡങ്ങള്‍ വളരാന്‍ തുടങ്ങുന്നുവെങ്കിലും ഒരാഴ്ചക്കകം ഒന്ന് മാത്രം പെട്ടെന്ന് വളരുകയും മറ്റുള്ളവ നശിക്കുകയും ചെയ്യുന്നു. അണ്ഡം വളരുന്ന ഫോളിക്കിള്‍ അറയില്‍ അണ്ഡത്തോടൊപ്പം മറ്റു ചില ദ്രവങ്ങളും ഉള്‍ക്കൊള്ളുന്നു. ഇതില്‍ പ്രധാനം ഹ്യലുറോണിക് ആസിഡ് (Hyaluronic acid) ആണ്. ഫോളിക്കിനകത്ത് അണ്ഡം പൂര്‍ണ വളര്‍ച്ചയെത്തുമ്പോള്‍ തലച്ചോറിന്റെ നിര്‍ദ്ദേശപ്രകാരം ലൂറ്റിനൈസിങ്ങ് ഹോര്‍മോണ്‍ (Lutenizing hormone) ഉല്‍പാദിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഫോളിക്കിള്‍ അറയില്‍ സ്റ്റിഗ്മ (Stigma) എന്ന സുഷിരമുണ്ടാവുകയും അണ്ഡവും ഹല്യൂറോണിക് ആസിഡും ഒരുമിച്ച് തെറിച്ച് ചാടുകയും ചെയ്യുന്നു. ഇതില്‍ അണ്ഡം മാത്രം പതുക്കെ പതുക്കെ ഫെലോപിയന്‍ നാളി (Fellopian tube) വഴി ഗര്‍ഭാശയം (Uterus) ലക്ഷ്യമാക്കി നീങ്ങുന്നു. അണ്ഡസ്ഖലനം നടന്ന് ഇരുപത്തിനാല് മണിക്കൂറിനുള്ളില്‍ പുരുഷ ബീജവുമായി ചേരാന്‍ സാധിച്ചാല്‍ ആ സിക്താണ്ഡം ഗര്‍ഭാശയത്തില്‍ ഒട്ടിപ്പിടിച്ച് ഭ്രൂണമായും പിന്നീട് കുഞ്ഞായും വളരുന്നു. അല്ലാത്തപക്ഷം അത് നശിക്കുന്നു. 28 ദിവസം ഋതുചക്രമുള്ള സ്ത്രീകളില്‍ അണ്ഡോല്‍സര്‍ജനം നടക്കുന്നത് ഋതുചക്രത്തിലെ 14-ാം ദിവസമായിരിക്കും. ഇങ്ങനെ അണ്ഡോല്‍പാദനം നടക്കുന്നതിന്റെ മുന്നൊരുക്കമായി ഗര്‍ഭപാത്രവും ചില തയ്യാറെടുപ്പുകള്‍ നടത്തുന്നു. തന്നിലേക്ക് വരാന്‍ സാധ്യതയുള്ള അഥിതിയായ ഭ്രൂണത്തെ സ്വീകരിക്കാന്‍ ഗര്‍ഭപാത്രം തയ്യാറെടുക്കുന്നതെങ്ങനെയെന്ന് നോക്കാം.

അണ്ഡാശയം ഈസ്ട്രജന്‍ ഉല്‍പാദിപ്പിക്കാന്‍ ആരംഭിക്കുന്നതോടെ ഗര്‍ഭാശയം ഊര്‍ജ്ജസ്വലമാവുകയും അതിന്റെ വലുപ്പം ഒരല്‍പം വര്‍ദ്ധിക്കുകയും ചെയ്യുന്നു. പുതിയ ചില ഗ്രന്ഥികള്‍ ആവിര്‍ഭവിക്കുകയും അവ വലുതാവുകയും ചെയ്യുന്നതിന്റെ ഫലമായി എന്‍ഡോമെട്രിയത്തിന്റെ ഘനം 1 മില്ലി മീറ്ററില്‍ നിന്ന് 4 മില്ലി മീറ്ററോളമായി വര്‍ദ്ധിക്കുന്നു.
അപ്പോഴേക്കും അണ്ഡോല്‍സര്‍ജ്ജനവും നടക്കുന്നു. അണ്ഡത്തെ സ്വതന്ത്രമാക്കിയ ഫോളിക്കിളില്‍ ചില കോശങ്ങള്‍ വളര്‍ന്ന് വരികയും മഞ്ഞക്കരു (Corpus Iuteum) എന്ന ഗ്രന്ഥിയായി മാറുകയും ചെയ്യുന്നു. അതില്‍ നിന്നുള്ള പ്രോജസ്റ്റ്രോണ്‍ ഹോര്‍മോണിന്റെ (Progesteron hormone) സ്വാധീനമാണ് എന്‍ഡോമെട്രിയത്തിലെ മാറ്റങ്ങള്‍ക്ക് കാരണം. ഇതൊക്കെ തന്നെ നവാതിഥിയായ സിക്താണ്ഡത്തെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകളാണ്.

ഈ തയ്യാറെടുപ്പുകള്‍ക്കൊടുവില്‍ ഗര്‍ഭധാരണം നടന്നില്ല എങ്കില്‍ തീര്‍ച്ചയായും എല്ലാം നഷ്ടമാണ്. ഇത് മനസ്സിലാകുന്ന മഞ്ഞക്കരു തന്റെ ജോലി നിര്‍ത്തിവെക്കുന്നു. അതോടെ ഈസ്ട്രജന്‍, പ്രോജസ്റ്റ്രോണ്‍ അളവ് പെട്ടെന്ന് താഴുന്നു. അതിന്റെ ഫലമായി എന്‍ഡോമെട്രിയത്തിലെ വളര്‍ച്ചയെല്ലാം അടര്‍ന്ന് വീണ് രക്തവാഹിനികള്‍ പൊട്ടി രക്തസ്രാവമുണ്ടാവുകയും ചെയ്യുന്നു. ഇതാണ് ആര്‍ത്തവം. ഇതേ ചക്രം അടുത്ത മാസങ്ങളിലും ആവര്‍ത്തിച്ചുകൊണ്ടേയിരിക്കുന്നു. ഒരു സ്ത്രീ ഋതുമതി ആയ നാള്‍ തുടങ്ങി 45-50 വയസ് വരെ ഇത് ആവര്‍ത്തിക്കുന്നു. ഈ ചക്രം ഏകദേശം 450 തവണ തുടര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നര്‍ത്ഥം.

ഇനി ഗര്‍ഭാശയത്തിലെ കുഞ്ഞിന്റെ വളര്‍ച്ചാഘട്ടങ്ങള്‍ കോശവിഭജനവുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യാം. അണ്ഡാശയങ്ങളും ഗര്‍ഭാശയവും ഫെലോപിയന്‍ നാളിയും ഫോളിക്കിള്‍ അറകളും കോര്‍പസ് ലൂറ്റിയവും അണ്ഡവും ഹ്യലൂറോണിക് ആസിഡും ഈസ്ട്രജന്‍, പ്രോസ്റ്റ്രജന്‍, പ്രൊജസ്‌ട്രോണ്‍, ലൂറ്റിനൈസിങ്ങ് തുടങ്ങിയ ഹോര്‍മോണുകളും, പിറ്റിയൂട്ടറി ഗ്രന്ഥിയും തുടങ്ങി വിവിധ ഘടകങ്ങള്‍ ഹൈപ്പോ തലാമസ് എന്ന സൂപ്പര്‍ പവറിന്റെ നിയന്ത്രണ നിര്‍ദ്ദേശപ്രകാരം ഒത്തൊരുമിച്ച് സമയാസമയങ്ങളില്‍ തങ്ങളുടെ ഭാഗധേയം നിര്‍വ്വഹിച്ച് പ്രവര്‍ത്തിക്കുന്നതിന്റെ മകുടോദാഹരണമാണ് അണ്ഡോല്‍പാദനവും ഋതു ചക്രവും. ഗര്‍ഭധാരണം നടക്കുകയാണെങ്കില്‍ അത് ഇതിലേറെ സങ്കീര്‍ണമാണ്. ഇതിലെ ഓരോ ഘടകവും കുറ്റമറ്റ രീതിയില്‍ അതിന്റെ ഉത്തരവാദിത്തം നിറവേറ്റിയാല്‍ മാത്രമെ ഈ സംവിധാനം പ്രവര്‍ത്തിക്കുകയുള്ളൂ. ഒരു ചെറിയ ഘടകത്തിന്റെ പ്രവര്‍ത്തനം അവതാളത്തിലായാല്‍ അതിന്റെ പരിണിതഫലം ഏറെ ദൂരവ്യാപകമായിരിക്കും .(218)

ഈ സംവിധാനത്തെയും ഡോകിന്‍സിന്റെ ഒഴുക്കന്‍മട്ടിലുള്ള പരിണാമത്തെളിവുകളെയും വിശകലനം ചെയ്യുക. അദ്ദേഹം ഒറിഗാമിയെന്ന ജപ്പാനീസ് കരവിരുതിനെക്കുറിച്ച് പറഞ്ഞ് അത് ഭ്രൂണവളര്‍ച്ചയുമായി ബന്ധപ്പെടുത്തുന്നത് കാണുക: ”മരിച്ച കടലാസിന് പകരം ജീവനുള്ള ജൈവകലയുടെ പാളിമടങ്ങിയും അകത്തേക്ക് തിരിഞ്ഞും ചുഴികളുണ്ടാക്കിയും വളരുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് കരുതുക. ആ വളര്‍ച്ച ചില ഭാഗങ്ങളില്‍ കൂടിയും മറ്റിടങ്ങളില്‍ ഭിന്ന അനുപാതത്തിലുമാണെന്ന് സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ ആ പാളി സ്വയം വലിഞ്ഞു നീളാനും മടങ്ങിയൊടിയാനുമൊക്കെയുള്ള ഒരു സാധ്യതയുണ്ട്. ഏതെങ്കിലും ആഗോള പദ്ധതിയുടെ ഭാഗമായിട്ടല്ല, മറിച്ച് പ്രാദേശിക നിയമങ്ങളായിരിക്കും അവിടെ പ്രസക്തമാവുക. കേവലം ആവേശകരമായ ഒരു സാധ്യത മാത്രമായി അതിനെ പരിമിതപ്പെടുത്തേണ്ടതില്ല. ശരിക്കും അതാണ് സംഭവിക്കുന്നത്.”(219) ”ഭ്രൂണ ശാസ്ത്രം വളരെ സങ്കീര്‍ണമാണെന്ന് തോന്നും; ശരിക്കും അങ്ങനെ തന്നെയാണുതാനും. അപ്പോഴും ഒരു പ്രധാന വസ്തുത ഗ്രഹിക്കുന്നതിന് പ്രയാസമില്ല. അതായത് ഇവിടെയെല്ലാം നാം ബന്ധപ്പെടുന്നത് പ്രാദേശികമായി സംഘടിപ്പിക്കപ്പെടുന്ന പ്രക്രിയകളുമായിട്ടാണ്.”(220)


zygote
ഭ്രൂണ ശാസ്ത്രത്തിലെ ബീജോല്‍പ്പാദനവും അണ്ഡോല്‍പ്പാദനവും നാം ചര്‍ച്ച ചെയ്തു.  വ്യത്യസ്ത ഘടകങ്ങളുടെ കൂട്ടുത്തരവാദിത്തത്തില്‍ നടക്കുന്ന ഒരു മഹാ ഫാക്ടറിയേക്കാളും സങ്കീര്‍ണമാണ് ബീജോല്‍പാദനത്തിലെ ഓരോ ഘടകവും എന്ന് നാം മനസ്സിലാക്കി. ഇവിടെയൊന്നും പ്രാദേശിക നിയമങ്ങളല്ല, പ്രത്യുത ഒരു യൂണിവേഴ്‌സല്‍ നിയമമനുസരിച്ച് വ്യത്യസ്ത രാഷ്ട്രങ്ങള്‍ വ്യത്യസ്ത ഗവണ്‍മെന്റുകളുടെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതാണ് കാണുന്നത്.

അതിലേറെ സങ്കീര്‍ണമാണ് അണ്ഡോല്‍പാദനം. അണ്ഡോല്‍പാദനത്തിലെ വ്യത്യസ്ത ഘടകങ്ങളുടെ കൂട്ടായ പ്രവര്‍ത്തനം പ്രാദേശിക നിയമങ്ങളെ മാത്രം ആശ്രയിച്ചല്ല, മറിച്ച് അന്തര്‍ദേശീയ നിയമങ്ങളനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അവിടെ പതിനഞ്ചില്‍ കുറയാത്ത  ഘടകങ്ങളും പദാര്‍ത്ഥങ്ങളും ഹോര്‍മോണുകളും സംയുക്തമായാണ് ഒരു അണ്ഡോല്‍പാദനം നടത്തുന്നതും ആ അണ്ഡം പുരുഷ ബീജവുമായി ചേര്‍ന്ന് ഗര്‍ഭധാരണം നടന്നാല്‍ ആ സിക്താണ്ഡത്തെ സ്വീകരിച്ച് ശിശുവായി വളര്‍ത്താനും അഥവാ ഗര്‍ഭധാരണം നടന്നില്ല എങ്കില്‍ നടത്തിയ സജ്ജീകരണങ്ങളും മുന്നൊരുക്കങ്ങളും ഉപേക്ഷിക്കാനും വേണ്ട പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതും. ഇത്തരം പ്രവര്‍ത്തനങ്ങളെല്ലാം പ്രാദേശിക നിയമങ്ങള്‍ (local law) അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നിരുത്തരവാദപരമായി വെറുതെ ഊഹിച്ചാലും ജല്‍പിച്ചാലും അതില്‍ ശാസ്ത്രത്തിന്റെയോ സത്യസന്ധതയുടെയോ പൊടിപോലും ഉണ്ടാവില്ല. അണ്ഡവും ബീജവും സ്വന്തം നിലക്ക് തന്നെ ഇതിലേറെ  പ്രശ്‌നസങ്കീര്‍ണമാണ്. ബീജോല്‍പാദനത്തെക്കുറിച്ച് നാം മനസ്സിലാക്കി. സ്‌പെര്‍മാറ്റോഗോണിയ എന്ന പൂര്‍ണ കോശത്തില്‍ നിന്ന് (46 ക്രോമസോമുകള്‍ ഉള്‍ക്കൊള്ളുന്നു മനുഷ്യകോശത്തില്‍) പ്രാഥമിക സ്‌പെര്‍മാറ്റോസൈറ്റ് കോശങ്ങളുണ്ടാവുകയും ശേഷം ഊനഭംഗ കോശവിഭജന (Meiosis) ത്തിന് വിധേയമായി 23 ക്രോമസോമുകള്‍ മാത്രമുള്ള ദ്വിതീയ സ്‌പെര്‍മാറ്റോസൈറ്റ് കോശമാവുകയും ചെയ്യുന്നു. തുടര്‍ന്ന് അത് വളര്‍ച്ചയെത്തി ബീജമാവുന്നു.

പുരുഷന്റെ 23 ക്രോമസോമുകള്‍ മാത്രമടങ്ങിയ അര്‍ദ്ധകോശത്തെ (പൂര്‍ണ വളര്‍ച്ചയെത്തിയ ബീജത്തെ) സ്വീകരിക്കാന്‍ എവിടെയോ ഒരു അര്‍ദ്ധകോശവും (അണ്ഡം) അത് ഉല്‍പാദിപ്പിക്കപ്പെട്ട ഒരു പെണ്ണും അവളുടെ ലൈംഗിക പ്രത്യുല്‍പാദന സംവിധാനങ്ങളും ഒരുങ്ങി നില്‍ക്കുന്നു. തിരിച്ച് പെണ്ണിന്റെ ഓവറിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെട്ട് ഫെലോപിയന്‍ നാളി വഴി ഗര്‍ഭാശയത്തിലേക്ക് പുരുഷ ബീജത്തെ തിരഞ്ഞ് പോകുന്ന പെണ്ണിലെ അര്‍ദ്ധകോശം (പൂര്‍ണ വളര്‍ച്ചയെത്തിയ അണ്ഡം) എവിടെയോ ഒരു പുരുഷന്‍ തന്നോട് ലൈംഗിക ബന്ധത്തിലേര്‍പ്പെട്ട് അവന്‍ സ്രവിക്കുന്ന ബീജം കാത്തിരിക്കുന്നു.  സ്ത്രീയുടെ യോനിയില്‍ പുരുഷന്‍ തന്റെ ജനിതക പഥാര്‍ത്ഥമായ കോടിക്കണക്കിനു ബീജങ്ങള്‍ വിസര്‍ജിക്കുമെന്നും അതിലൊറ്റ ബീജം മാത്രം അണ്ഡത്തില്‍ തുളച്ചുകയറി അണ്ഡമെന്ന അര്‍ദ്ധകോശത്തെ പൂര്‍ണ കോശമായി രൂപാന്തരപ്പെടുത്തും എന്നും തുടര്‍ന്ന് ദ്വികോശവും ചതുര്‍കോശവും ബഹുകോശവും അങ്ങനെയങ്ങനെ ട്രില്യന്‍ കണക്കിനു കോശസമുച്ചയമായ പൂര്‍ണ മനുഷ്യനാകുമെന്നും ഏത് പ്രാദേശിക നിയമത്തിന്റെ അടിസ്ഥാനത്തില്‍ വിശദീകരിക്കാന്‍ സാധിക്കും? രണ്ടു വ്യത്യസ്ത വ്യക്തികളില്‍ – വ്യത്യസ്ത രാഷ്ട്രങ്ങളില്‍ (സ്ത്രീയും പുരുഷനും)- തികച്ചും പ്രാദേശിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ എങ്ങനെയാണ് പരസ്പര പൂരകമായ പ്രത്യുല്‍പാദന അര്‍ദ്ധ കോശങ്ങള്‍ രൂപപ്പെടുത്തുക? അവ കീ-കീഹോള്‍ ചേര്‍ച്ച പോലെ എങ്ങനെ സംയോജിക്കും? ഏത് പ്രാദേശിക നിയമമാണ് പുരുഷനില്‍ എവിടെയോ ഉള്ള പെണ്ണിനെ കുറിച്ചും, അവളില്‍ തന്റെ വൃഷ്ണം രൂപംനല്‍കിയ അര്‍ധ കോശത്തെ സ്വീകരിക്കാനുള്ള പരിപൂര്‍ണ സംവിധാനത്തോടെയുള്ള ലൈംഗിക, പ്രത്യുല്‍പാദന സംവിധാനത്തെ കുറിച്ചും അതിന്റെ ഉല്‍പന്നമായ മറ്റൊരു അര്‍ധകോശം തന്റെ ബീജത്തെ കാത്തിരിക്കുന്നുവെന്നതിനെകുറിച്ചും അറിയുകയും അതിനനുസരിച്ച് ക്രിയാത്മകമായും ക്രമപ്രദമായും പ്രവര്‍ത്തിക്കുകയും ചെയ്യുന്നത്? ഏത് പ്രാദേശിക നിയമമാണ് പെണ്ണിന്റെ ഓവറിയിലെ ലക്ഷക്കണക്കിന് അണ്ഡങ്ങളില്‍ ഒന്നിന് മാത്രം മാസത്തിലൊരിക്കല്‍ പൂര്‍ണ വളര്‍ച്ചയെത്തി വൈദേശിക ബീജത്തെ സ്വീകരിക്കാനുള്ള കല്‍പന നല്‍കിയത്?  പ്രാദേശിക നിയമത്തിന്റെ പിന്നില്‍ പരിണാമം തെളിയിക്കാമെന്ന നിലപാടിലെ മൗഢ്യതയും വിഡ്ഢിത്തവും തിരിച്ചറിയാനുള്ള സമചിത്തതയും വിവേകവും നശിച്ചുപോയ ഡോകിന്‍സിനോട് സഹതപിക്കാനേ നമുക്ക് കഴിയൂ!

തീര്‍ന്നില്ല അല്‍പം കൂടി ബാക്കിയുണ്ട്.

ഈ ലേഖനത്തിന്റെതുടര്‍ഭാഗം ഇവിടെ ക്ലിക്കി വായിക്കാം