Followers

Tuesday, December 2, 2014

മാതാപിതാക്കള്‍ ജോലിക്കാരായാല്‍: ലാഭവും നഷ്ടവും

 
രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് (2011 ഫെബ്രുവരി രണ്ട്) സുസ്മിത രക്ഷിത് പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്‍ഡ്യയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ ശീര്‍ഷകം ഇങ്ങനെയാണ്: ”ജോലിക്കാരായ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ മാനസിക പിരിമുറുക്കത്തിലേക്ക് തള്ളുന്നു.” പല സ്‌കൂള്‍ സംഘാടകരേയും മനശാസ്ത്രജ്ഞരെയും ഉദ്ധരിക്കുന്നതായിരുന്നു റിപോര്‍ട്ട്. അച്ഛനും അമ്മയും ജോലിക്കാരാവുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദങ്ങളും പില്‍കാലത്ത് അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന താളപ്പിഴകളും ഇതിലുണ്ട്.
 ഏകാന്തതയിലേക്ക് തള്ളപ്പെടുന്ന ആധുനിക സമൂഹത്തിലെ ശിശുക്കളുടെ പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയുള്ള നാടകത്തിന്റെ സംഘാടകനായ ബോളിന്‍ ചൗധരിയുടെ വാക്കുകളിതാണ്: ”കുഞ്ഞുങ്ങളെ വാടകക്കാരെ ഏല്‍പിക്കാനുള്ള പ്രവണത മാതാപിതാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. അത്തരം കുട്ടികളില്‍ പലപ്പോഴും മാനസികരോഗങ്ങള്‍ വികസിക്കുന്നു.” അദ്ദേഹം ഇതിന്റെ കാരണവും വിശദീകരിച്ചു: ”കുട്ടിയോടൊപ്പം കഴിയാന്‍ മാതാപിതാക്കള്‍ക്ക് സമയം കിട്ടാറില്ല.” അതിരാവിലെ ഒരുങ്ങി ദീര്‍ഘദൂരം യാത്ര ചെയ്ത് ഓഫീസിലെത്തുകയും വൈകി വീട്ടിലെത്തുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളോടൊത്ത് എത്ര സമയം ചെലവഴിക്കാനാവും? മേല്‍ സൂചിപ്പിച്ച ടൈംസ് ഓഫ് ഇന്‍ഡ്യ വാര്‍ത്തയില്‍ ജയന്ത ദാസ് എന്ന സൈക്യാട്രിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ്: ”മാതാപിതാക്കളില്‍നിന്നും വേണ്ടവിധം ശ്രദ്ധയും പരിചരണവും ലഭിക്കാതിരിക്കുന്ന കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ആവിര്‍ഭവിക്കും.”
 പുതിയ തലമുറയില്‍ മാനസികരോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ആധുനിക ജീവിതരീതിയും അതിന്റെ ഉപോല്‍പന്നങ്ങളായ നിരവധി ജീവിത വൈകല്യങ്ങളുമാണെന്ന് വ്യക്തമാണ്. മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നകലുന്നതും കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതുമാണ് ആധുനിക വ്യവസായിക സംസ്‌കാരം. കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ മൂലം കുടുംബം പുലര്‍ത്താന്‍ മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യേണ്ട സാഹചര്യമാണ് കോര്‍പറേറ്റ് മുതലാളിത്ത സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ളത്. കുടുംബബന്ധങ്ങളെ ശിഥിലമാക്കി വ്യക്തികള്‍ തനിച്ചാവുന്ന വ്യക്തിവാദത്തെയാണ് മുതലാളിത്തം പാലൂട്ടുന്നത്. പണത്തെ ആധാരമാക്കി മറ്റെല്ലാ മൂല്യങ്ങളെയും അവമതിക്കുന്ന ആധുനിക സംസ്‌കാരത്തില്‍ മനസമാധാനവും സന്തുഷ്ടിയുമുള്ള കുടുംബം വെറും സങ്കല്‍പം മാത്രമായിത്തീരുന്നു.
  കഴിഞ്ഞ അമ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കിടയില്‍ ലോകവ്യാപകമായി മാനസികരോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന്  ജയന്തദാസ് പറയുന്നു. മാതാപിതാക്കളോടോ ബന്ധുക്കളോടോ അയല്‍ക്കാരോടോ ഇടപഴകാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കാത്തതാണ് ഇതിനു കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
  ഇതൊന്നും കുട്ടികളുടെ മാത്രം പ്രശ്‌നമല്ലെന്നും മാതാപിതാക്കളില്‍തന്നെ കുട്ടികളെ അവഗണിക്കുന്നതുമൂലമുണ്ടാകുന്ന കുറ്റബോധം മാനസിക വൈകല്യങ്ങള്‍ ഉണ്ടാക്കുമെന്നും  പഠനങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള സഹജമായ ബന്ധം നിവര്‍ത്തിക്കാതാവുമ്പോള്‍ അവരില്‍ കുറ്റബോധം ജനിക്കാനിടയാവുന്നു. ഈ വര്‍ഷം ഏപ്രില്‍ 24ന് പുറത്തിറങ്ങിയ ബ്രിട്ടനിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയ്‌ലില്‍ വന്ന വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: ”നമ്മുടെ അവസാനിക്കാത്ത ജോലിജന്യ കുറ്റബോധം: തിങ്കള്‍ മുതല്‍ വെള്ളി വരെ തങ്ങള്‍ കുട്ടികളെ അവഗണിക്കുന്നതായി മാതാപിതാക്കള്‍ കുറ്റസമ്മതം നടത്തുന്നു.” മൂന്ന് വയസ്സിനും പതിനെട്ട് വയസ്സിനും ഇടക്കു പ്രായമുള്ള മക്കളുള്ള രണ്ടായിരം മാതാപിതാക്കള്‍ക്കിടയില്‍ നടന്ന പഠനമാണ് റിപോര്‍ട്ടിനാധാരം.
  ചുരുക്കത്തില്‍, മാതാപിതാക്കള്‍ കുട്ടികളെ അവഗണിച്ചാല്‍ മാതാപിതാക്കളിലും കുട്ടികളിലും ഒരുപോലെ മനോവൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയേറുമെന്ന് വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ പേരിലായാലും ജോലിയുടെ പേരിലായാലും മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നകലുന്ന ഇന്നത്തെ തൊഴില്‍ സംസ്‌കാരം പ്രകൃതിവിരുദ്ധമാണെന്ന് സമൂഹത്തില്‍ വന്‍തോതില്‍ വര്‍ധിക്കുന്ന മനോരോഗങ്ങള്‍ സ്ഥിരീകരിക്കുന്നു.
  ഒന്നാമതായി, കുടുംബബന്ധങ്ങളെ പ്രത്യേകമായും മാനുഷികബന്ധങ്ങളെ പൊതുവായും തകര്‍ക്കുന്ന മുതലാളിത്ത വ്യാവസായിക സംസ്‌കാരം ഇനിയും പിന്തുടരണമോ എന്ന് പുനരാലോചിക്കേണ്ടതുണ്ട്. ഗവണ്‍മെന്റിന്റെയും കമ്പനികളുടെയും വിധേയന്‍മാരായി അച്ഛനും അമ്മയും  ഉയര്‍ന്ന ശമ്പളത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോള്‍ മനോരോഗങ്ങള്‍ നിറഞ്ഞ സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന കാര്യം മറക്കാതിരിക്കുക. മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്കാരാവുമ്പോള്‍ വരുമാനവര്‍ധനവ് ഉറപ്പാകുമെങ്കിലും മാനസികമായി ക്ഷയിച്ച തലമുറയാവും വളര്‍ന്നുവരുന്നതെന്ന കാര്യം ഓര്‍മിക്കണം. കൂട്ടുകുടുംബത്തിന്റെ തണലില്‍ ജീവിച്ച കഴിഞ്ഞ തലമുറയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുറവാകുമെങ്കിലും അണുകുടുംബങ്ങളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് പാശ്ചാത്യരുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

No comments: