Followers

Wednesday, April 15, 2015

ജൈവലോകം: സമാനതകള്‍ തെളിയിക്കുന്നതെന്ത്?

A 4
Bookmark and Share
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു            -ഭാഗം 15


മലയാളത്തിലെ പരിണാമപ്രചാരകരുടെ പ്രധാന പ്രസ്താവനയാണ് എല്ലാ ജൈവപദാര്‍ത്ഥങ്ങളും കോശങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടതും കോശത്തിനകത്തെ ഡി.എന്‍.എയിലെ ജനിതകഭാഷ അഡിനിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ (എ-ജി-സി-ടി) എന്നീ നാലക്ഷരങ്ങള്‍കൊണ്ട് എഴുതപ്പെട്ടതും എല്ലാ ജൈവവൈവിധ്യങ്ങളും ആദിയില്‍ ഒരേ ജൈവതന്മാത്രയില്‍ നിന്ന് പരിണമിച്ചുണ്ടായതുകൊണ്ടാണ് എന്നത്. ഈ അഭിപ്രായത്തിന് തെളിവായിട്ടാണ് ജീനോം മാപ്പിംഗും അനാട്ടമിക്കല്‍ താരതമ്യവുമെല്ലാം  ചര്‍ച്ചക്കെടുത്തിടുന്നത്. ഡോക്കിന്‍സ് തന്റെ ഗ്രന്ഥത്തില്‍ ചര്‍ച്ച ചെയ്ത ജനിതകസാമ്യം നാം  വിശകലനം ചെയ്തുകഴിഞ്ഞു. അനാട്ടമിക്കല്‍ സാമ്യത (Homology) എന്താണെന്നുകൂടി പരിശോധിക്കാം.
A 3

ഗ്രന്ഥത്തിലെ പത്താം അധ്യായം ‘ബന്ധുത്വവൃക്ഷം’ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ”സസ്തനികളുടെ അസ്ഥികൂടം ( Mammalian Skeleton) എത്ര സവിശേഷമാണെന്ന് കണ്ടാലും! സ്വന്തം നിലയ്ക്ക് സസ്തനികള്‍ മനോഹരമാണെന്നല്ല ഇവിടെ വിവക്ഷ; വാസ്തവത്തില്‍ ഞാന്‍ അങ്ങനെ കരുതുന്നുവെങ്കിലും. പറഞ്ഞുവരുന്നത് മറ്റൊന്നാണ്. അതായത്, നമുക്ക് സസ്തനികളുടെ അസ്ഥികൂടം എന്ന് പറയാന്‍ കഴിയുന്നതുതന്നെ അതിശയകരമാണ്. സസ്തനികളുടെ അസ്ഥികൂടം സങ്കീര്‍ണമായി സംഘടിപ്പിക്കപ്പെട്ട ഒന്നാണെന്ന് മാത്രമല്ല വിവിധ ജീവികള്‍ക്കിടയില്‍ ഘടകഭാഗങ്ങളുടെ കാര്യത്തില്‍ മഹത്തായ വ്യത്യസ്തതയാണ് കാണപ്പെടുന്നത്. ഇത്തരത്തില്‍ വ്യത്യസ്തമായി നിലകൊള്ളുമ്പോള്‍തന്നെ എല്ലാ സസ്തനങ്ങളുടെ അസ്ഥികൂടവും അടിസ്ഥാനപരമായി സമാനമാണ്. നമുക്ക് ഏറെ പരിചിതമായ മനുഷ്യന്റെ അസ്ഥികൂടത്തിന്റെ ചിത്രം കാണേണ്ടതില്ലല്ലോ? എന്നാല്‍ താഴെ കാണിച്ചിരിക്കുന്ന വാവലിന്റെ അസ്ഥികൂടത്തിന്റെ ചിത്രം കണ്ടാലും. അതിന്റെ ഓരോ അസ്ഥിക്കും തതുല്യമായ തിരിച്ചറിയാവുന്ന ഓരോ അസ്ഥികള്‍ മനുഷ്യശരീരത്തിലുണ്ട് എന്നത് ശ്രദ്ധയാകര്‍ഷിക്കുന്ന കാര്യമല്ലേ? ഈ സാദൃശ്യം നമുക്ക് പെട്ടന്ന് തിരിച്ചറിയാവുന്നതാണ്. അനുപാതം മാത്രമാണ് വ്യത്യസ്തമായിട്ടുള്ളത്. വാവലിന്റെ കൈകള്‍ വന്‍തോതില്‍ വലുതാക്കപ്പെട്ടിട്ടുണ്ട് (അതിന്റെ മൊത്തം വലിപ്പത്തെ നോക്കുമ്പോള്‍ തീര്‍ച്ചയായും). എങ്കിലും നമ്മുടെ വിരലുകളും വാവലിന്റെ ചിറകിലെ നീണ്ട അസ്ഥികളും തമ്മിലുള്ള സാമ്യം വിട്ടുകളയാന്‍ ആര്‍ക്കും കഴിയില്ല. മനുഷ്യന്റെ കയ്യും വാവലിന്റെ ചിറകും ഒരു ഘടകത്തിന്റെ തന്നെ ഭിന്ന രൂപങ്ങളാണെന്ന വസ്തുത സ്വബോധമുള്ള  ആര്‍ക്കും നിഷേധിക്കാനാവുമെന്ന് തോന്നുന്നില്ല. ഈ സാമ്യത്തിന്റെ സാങ്കേതികപദം ഹോമോളജി (Homology) എന്നാകുന്നു. വാവലിനെ പറക്കാന്‍ സഹായിക്കുന്ന ചിറക് നാം പിടിക്കാന്‍ ഉപയോഗിക്കുന്ന കൈയ്ക്ക് അനുരൂപമാണ്. ‘ഹോമോലോഗസ്’ (Homologous) എന്നാണ് ജീവശാസ്ത്രത്തില്‍ ഈ സാമ്യം വിശേഷിപ്പിക്കപ്പെടുന്നത്. ഇരുകൂട്ടരും പൊതുവായി പങ്കിടുന്ന പൊതുപൂര്‍വികന്റെ കയ്യാണ് ഇവിടെ അടിസ്ഥാനമാതൃക.”(303)A 2
ഇങ്ങനെ പല ജീവികളെയും ഡോക്കിന്‍സ് താരതമ്യ പഠനത്തിന് വിധേയമാക്കുന്നുണ്ട്. റ്റെറോഡാക്റ്റില്‍ (Pterodactyl), പറക്കും അണ്ണാന്‍ (Flying Squirrel), പറക്കും പല്ലി (Flying lizard), പറക്കും ലീമര്‍ (Flying lemur), ചിലന്തി കുരങ്ങ് (Spider Monkey), കുതിര (Horse), ഒകാപ്പി (Okapi), ജിറാഫ് (Giraffe), പന്നി (Pig), വാര്‍ട്ട്‌ഹോഗ് (Warthog) തുടങ്ങിയ ജന്തുക്കളുടെ കയ്യിന്റെയും തലയോട്ടിയുടെയും അസ്ഥികളും അസ്ഥികൂടവും മനുഷ്യന്റെ അസ്ഥികൂടവുമായും, തമ്മില്‍ തമ്മിലും താരതമ്യം ചെയ്ത് ഇവയുടെ സാമ്യത ചൂണ്ടിക്കാട്ടുവാനാണ് ഡോക്കിന്‍സ് ശ്രമിച്ചിട്ടുള്ളത്.
ഇങ്ങനെ താരതമ്യചര്‍ച്ചക്കുശേഷം അദ്ദേഹമെത്തുന്ന നിഗമനം ഇതാണ്. ”ഇതില്‍ നിന്നെല്ലാം നമുക്ക് എത്തിച്ചേരാവുന്ന നിഗമനമെന്താണ്? ആധുനിക ജീവികള്‍ മാത്രമാണ് നമ്മുടെ മുന്നിലുള്ളത്. അതുകൊണ്ടുതന്നെ പരിണാമം പ്രവര്‍ത്തിക്കുന്നത് കാണാന്‍ നമുക്കാവില്ല…… ആധുനിക ജീവികളുടെ അസ്ഥികൂടങ്ങള്‍ക്കിടയിലുള്ള ഘടനാസാദൃശ്യവും ക്രമവും അവയൊക്കെ ഒരു പൊതുപൂര്‍വികനില്‍നിന്ന് പരിണമിച്ചുണ്ടായതാണെങ്കില്‍ പ്രതീക്ഷിക്കേണ്ടതെന്താണോ അത്തരമൊരു ഫലമാണ് ലഭ്യമാക്കുന്നത്. ആദിമ അസ്ഥികൂടം (Ancestral skeleton) കാലാന്തരത്തില്‍ ക്രമാനുഗതമായി പരിഷ്‌ക്കരിക്കപ്പെടുകയായിരുന്നു. ജിറാഫും ഒകാപ്പിയും പോലെയുള്ള ചില മൃഗങ്ങള്‍ അടുത്തിടെയുള്ള ഒരു പൊതുപൂര്‍വികനെ പങ്കുവെക്കുന്നുണ്ട്. ജിറാഫ് ലംബദിശയില്‍ വലിച്ചുനീട്ടിയ ഒരു ഒകാപ്പിയാണെന്ന് പറഞ്ഞാല്‍ അത് പൂര്‍ണ്ണമായും ശരിയായിരിക്കില്ല. കാരണം രണ്ടും ആധുനിക ജീവികളാണ്.”(304)

ഇതാണ് നേരത്തെ ഡോക്കിന്‍സ് ഫോസിലുകളുടെ കാര്യത്തില്‍ ഒഴികഴിവ് പറഞ്ഞൊഴിഞ്ഞത്. ഫോസിലുകളിലൂടെ പരിണാമത്തിന് തെളിവുകള്‍ ഉണ്ടാക്കാന്‍ പരിശ്രമിച്ചു പരാജയപ്പെട്ട ക്ഷീണം മറക്കാന്‍ എല്ലിന്‍ കഷ്ണങ്ങളുടെ കണക്കെടുപ്പിലൂടെ സാധ്യമാണോ? ഡോക്കിന്‍സ് തുടരട്ടെ. ”എന്നാല്‍ ഈ പൊതുപൂര്‍വികന് ജിറാഫിനേക്കാള്‍ ഒകാപ്പിയോടാണ് കൂടുതല്‍ സാദൃശ്യമുണ്ടായിരുന്നതെന്ന് (ഫോസില്‍ തെളിവുകളാല്‍ പിന്തുണക്കപ്പെട്ട വസ്തുത – പക്ഷേ ഈ അധ്യാത്തില്‍ ഫോസിലുകളെക്കുറിച്ച് നാം സംസാരിക്കുന്നില്ല) ഊഹിച്ചാല്‍ അതത്ര മോശമാണെന്ന് പറയാനാവില്ല. ഇതുപോലെ തന്നെ ഇംപാലകളും (Impalas) നൂകളും (Gnus) ഏറ്റവും അടുത്ത ബന്ധുക്കളാണ്. A 1ഇതേസമയം ജിറാഫുകളും ഒകാപ്പികളും ഇരുവരുടെയും കുറേക്കൂടി അകന്ന ബന്ധുക്കളാണ്. മറ്റ് ഇരട്ട കുളമ്പുള്ള (cloven hoofed) മൃഗങ്ങളായ പന്നി, വാര്‍ട്ട്‌ഹോഗുകള്‍ (ഇവ പരസ്പരം ബന്ധുക്കളും മറ്റ് പെക്കാരികളുടെ (Peccaries) ബന്ധുക്കളുമാണ്. മറ്റ് ഇരട്ടകുളമ്പുള്ള ജീവികളായ കുതിരയുടെയും സീബ്രയുടെയും വളരെ അടുത്ത കസിനുകളായ ഇരുവര്‍ക്കും ഇരട്ടകുളമ്പില്ല) എന്നിവ കുറേക്കൂടി അകന്ന ബന്ധുക്കളാണെന്നേ പറയാനാവൂ.”(305)
വ്യത്യസ്ത ജീവികളുടെ പറക്കാനുള്ള കഴിവും അസ്ഥികൂടങ്ങളുടെ സാമ്യതകളും താരതമ്യം ചെയ്ത് ഡോക്കിന്‍സ് എത്തിച്ചേര്‍ന്ന നിഗമനങ്ങളുടെ ആകെത്തുകയാണ് നാമിവിടെ വായിച്ചത്. അതിലൂടെ അദ്ദേഹം വ്യക്തമാക്കിയ ആശയം ഈ ജീവികളെല്ലാം ഒരു പൊതുപൂര്‍വികനില്‍ നിന്ന് വ്യത്യസ്ത താവഴികളിലായി പരിണമിച്ചുവന്നതായിരിക്കാം എന്ന ‘പ്രത്യാശ’യാണ്.

തുടര്‍ന്നും ചില താരതമ്യപഠനങ്ങള്‍ തന്നെയാണ്!! ”ഡോള്‍ഫിന്‍ എന്ന ചെറുതിമിംഗലം കാഴ്ചക്ക് പലതരം വന്‍മത്സ്യങ്ങളോട് സാമ്യം വഹിക്കുന്നുണ്ട്. അതിലൊന്ന് ഡൊറാഡോയാണ് (Coryphaena hippurus). ഡൊറാഡോയെ കണ്ട് പലപ്പോഴും അബദ്ധത്തില്‍ പലരും ഡോള്‍ഫിന്‍ എന്ന് വിളിക്കാറുണ്ട്. ഡോള്‍ഫിന്റെ, അസ്സല്‍ ജലധാരയ്ക്ക് അനുരൂപമായി ചലിക്കാനുള്ള  ശരീരാകൃതി (Streamlined) തന്നെയാണ് ഡൊറാഡോക്കുമുള്ളത്. കടലോരപ്രദേശത്തെ ജലത്തില്‍ വേട്ടയ്ക്ക് അനുയോജ്യമായ രീതിയില്‍ രൂപംകൊണ്ട ഈ ആകൃതി ആദിമപൂര്‍വികരുടെ പൊതുസ്വത്തായിരുന്നെന്നുവേണം കരുതാന്‍.”(306)

തിമിംഗലവും ഡൊറാഡോയും പണ്ടൊരുകാലത്ത് ഒരു വല്യച്ഛന്റെ മക്കളായിരുന്നു എന്നുപറഞ്ഞശേഷം പാമ്പ്, പല്ലി, കുതിര, പുള്ളിപ്പുലി, മത്സ്യം, തവള, ചീങ്കണ്ണി, പില്‍ ബഗുകള്‍(Pill bugs), മില്ലപേഡ് (Millipede), ആര്‍മഡില്ലോ (Armadillo), ചെമ്മീന്‍ (Shrimps), പില്‍ മില്ലിപേഡ് (Pill Millipede), പില്‍ തടിച്ചെള്ള് (pill woodlouse), ടാസ്മാനിയന്‍ ചെന്നായ (Tasmanian wolf), ഡിങ്കോ (Dingos) തുടങ്ങിയ ജന്തുക്കളെയും മാര്‍സൂപ്പിയല്‍ (Marsupial) സസ്തനികളെയും യൂതേറിയന്‍ (Eutherian) സസ്തനികളെയും താരതമ്യം ചെയ്യുകയാണ് ഗ്രന്ഥത്തില്‍. പക്ഷേ ഈ കസര്‍ത്തുകള്‍ക്കിടയില്‍ എവിടെയും പ്രസക്തമായ ആശയങ്ങളൊന്നും അദ്ദേഹത്തിന് പങ്കുവെക്കാനിഷ്ടമില്ല. എങ്കിലും ജനിതകസാങ്കേതിക വിദ്യയിലൂടെ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ജൈവ,സസ്യങ്ങളെക്കുറിച്ച് ചില വേവലാതികള്‍ പറയുന്നുണ്ട്. അതും വിഷയവും തമ്മില്‍ പറയുന്ന ബന്ധമൊന്നുമില്ല.
അടുത്ത ഉപശീര്‍ഷകം ക്രസ്റ്റേഷനുകളെക്കുറിച്ചാണ്. ”ഞാന്‍ ഈ അധ്യായം തുടങ്ങിയത് ഒരു നട്ടെല്ലിയുടെ അസ്ഥികൂടവുമായിട്ടാണ്. ഒരു നിശ്ചിതക്രമത്തില്‍ വ്യത്യസ്തമായ വിശദാംശങ്ങള്‍ സംയോജിപ്പിക്കുന്നതിന്റെ മനോഹരമായ ഒരുദാഹരണമാണത്. നട്ടെല്ലികള്‍ മാത്രമല്ല ജീവികളുടെ പ്രധാനപ്പെട്ട മറ്റേതൊരു ഗ്രൂപ്പും സമാനമായി കാര്യങ്ങള്‍ വിശദീകരിക്കും. ഏറെ പ്രിയപ്പെട്ട മറ്റൊരു ഉദാഹരണംകൂടി ഞാന്‍ ഇവിടെ അവതരിപ്പിക്കുകയാണ്. അതായത് ഡെക്കാപോഡ് ക്രസ്റ്റേഷനുകള്‍ (Decapod A 7crustaceans). ലോബ്സ്റ്ററുകള്‍, കൊഞ്ച്, ഞണ്ട്, സന്യാസിഞണ്ട് (Hermit crab–വാസ്തവത്തില്‍ അവ ഞണ്ടുകളല്ല) എന്നിവയാണ് പൊതുവില്‍ ‘ഖണ്ഡശരീരികള്‍’ എന്നറിയപ്പെടുന്ന ക്രസ്റ്റേഷ്യന്‍ വിഭാഗത്തിലുള്ളത്. എല്ലാ ക്രസ്റ്റേഷ്യനുകളുടെയും പൊതു ശരീരഘടന സമാനമാകുന്നു. കട്ടി കൂടിയ നട്ടെല്ലും അതിനുചുറ്റും താരതമ്യേന മൃദുവായ മാംസളഭാഗവുമാണ് സാധാരണയായി നട്ടെല്ലികളുടെ ശരീരത്തില്‍ കാണപ്പെടുന്നത്. ക്രസ്റ്റേഷ്യനുകളിലാകട്ടെ, അതിനുപകരം ബാഹ്യകവചങ്ങളാണുള്ളത് (Exoskeleton). നിരവധി കട്ടികൂടിയ കുഴലുകള്‍ (tubes) കൊണ്ടാണ് ബാഹ്യകവചം നിര്‍മ്മിച്ചിരിക്കുന്നത്..”(307)

ഇങ്ങനെ നീണ്ട വിശദീകരണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അവസാനിപ്പിക്കുന്നു. ”നട്ടെല്ലിയുടെ അസ്ഥികൂടത്തിന്റെ കാര്യത്തിലെന്നപോലെ ക്രസ്റ്റേഷനുകളുടെ ശരീരങ്ങളും നമുക്കൊന്ന് താരതമ്യപ്പെടുത്താം. ഞണ്ടുകളുടെയും ക്രേഫിഷിന്റെയും (Crayfish) ശരീരഭാഗങ്ങള്‍ ശ്രദ്ധിക്കുക. അവയില്‍ നാം കാണുന്ന ഘടകഭാഗങ്ങളുടെ പതിപ്പെന്ന് പറയാവുന്ന സദൃശഭാഗങ്ങള്‍ ബാക്കിയുള്ളവയിലും കണ്ടെത്താനാവും. ബാഹ്യകവചത്തിന്റെ ഓരോഭാഗവും കൃത്യമായും സമാനമായ ഘടകങ്ങളാലുമാാണ് സംയോജിപ്പിക്കപ്പെട്ടിട്ടുള്ളത്. അക്കാര്യത്തില്‍ അടിസ്ഥാനപരമായി യാതൊരു വ്യതിയാനവുമില്ല. വ്യത്യാസമുള്ളത് ഈ ഘടകഭാഗങ്ങളുടെ രൂപത്തിനും ആകൃതിക്കുമൊക്കെയാണ്. ആവര്‍ത്തിക്കട്ടെ, പൊതുവായ അസ്ഥികൂടം അടിസ്ഥാനപരമായി മാറ്റമില്ലാതെ തുടര്‍ന്നു, എന്നാല്‍ ഘടകങ്ങള്‍ രൂപഭാവപരമായി പരിഷ്‌ക്കരിക്കപ്പെട്ടു. ഒരിക്കല്‍കൂടി, ക്രസ്റ്റേഷ്യന്‍ വിഭാഗത്തില്‍പ്പെട്ട എല്ലാ ജീവികളും അവയുടെ ശരീരഘടന സ്വന്തമാക്കിയത് ഒരു പൊതുപൂര്‍വികനില്‍ നിന്നാണെന്ന വ്യാഖ്യാനം പൂര്‍ണ്ണമായും യുക്തിസഹമാകുന്നത് നാമിവിടെ കാണുന്നു. ആ പൊതുപൂര്‍വികന്റെ അടിസ്ഥാനഘടന നിലനിര്‍ത്തിക്കൊണ്ട് വ്യത്യസ്ത ക്രസ്റ്റേഷനുകളുടെ വ്യക്തിഗതമായ അവയവഘടന പരിഷ്‌ക്കരിക്കപ്പെടുകയായിരുന്നു. പക്ഷേ, അപ്പോഴും അടിസ്ഥാനപദ്ധതിയും ആസൂത്രണഘടനയും പൊതുപൂര്‍വികന്റേതു തന്നെയായിരുന്നു. അതായത് കളി ഒരിക്കലും കളിക്കളം വിട്ടില്ല.”(308)

ഈ അധ്യാത്തിലെ അടുത്തഭാഗം  നേരത്തെ കമ്പൂട്ടര്‍ ഗെയിമുകളും കൈവേലകളും പരിണാമം തെളിയിക്കുമ്പോള്‍ എന്ന ഭാഗത്ത് നാം ചര്‍ച്ച ചെയ്ത ഡാഴ്‌സി തോംസന്റെ ഗ്രാഫ് പേപ്പര്‍ കൈക്രിയ പരീക്ഷണങ്ങളും അവസാനഭാഗം നാം ചര്‍ച്ച ചെയ്ത ജനിതകസാമ്യവുമാണ്. അതുകൊണ്ട് ആ ഭാഗം ഇനിയും വിശകലനം ചെയ്യേണ്ടതില്ല. നമുക്കിനി ചര്‍ച്ച ചെയ്യാനുള്ളത് ഡോക്കിന്‍സിന്റെ ഈ താരതമ്യപഠനത്തെക്കുറിച്ചാണ്. അദ്ദേഹം പറഞ്ഞപോലെ നട്ടെല്ലികളുടെ അസ്ഥികൂടങ്ങള്‍ തമ്മിലുള്ള സമാനതകളും സസ്തനികളുടെ ശരീരഘടനയും ക്രസ്റ്റേഷ്യനുകളുടെ ശരീരങ്ങളിലെ പുറം കവചങ്ങളും പാദങ്ങളും ആന്തരികാവയവങ്ങളും പ്രാണികളുടെയും മറ്റും ശാരീരിക സാമ്യതകളും തീര്‍ച്ചയായും പരിഗണിക്കേണ്ടതാണ്.
മാത്രമല്ല, ശരാശരി പരിണാമവിശ്വാസികളുടെ ഏറ്റവും വലിയ പരിണാമ തെളിവായ -ഡോക്കിന്‍സ് ഗ്രന്ഥത്തില്‍ മലയാളി പരിണാമപ്രചാരകരോളം പരിഗണിക്കാത്ത- ജൈവലോകത്തെ ജനിതകസാമ്യവും എല്ലാ ജൈവപദാര്‍ത്ഥങ്ങളും കോശങ്ങളാല്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്ന വസ്തുതയും പരിഗണിക്കപ്പെടേണ്ടതുണ്ട്. എല്ലാ ജീവനുള്ള വസ്തുക്കളും, അത് ബാക്ടീരിയയോ അമീബയോ, മനുഷ്യനോ കുരങ്ങോ, ആനയോ ആമയോ, എലിയോ പൂച്ചയോ, ആല്‍മരമോ ഫംഗസോ, റോഡ്‌വുഡോ യീസ്റ്റോ ആകട്ടെ, കോശങ്ങളാലും, കോശത്തിനകത്തെ പ്രധാന ഘടകമായ ജീനുകളാലും, ജീനിനകത്തെ പ്രധാനഭാഗമായ ഡി.എന്‍.എയാലും സൃഷ്ടിക്കപ്പെട്ടിരിക്കുന്നു എന്നത് ഭൂമിയില്‍ നിലവിലുള്ളതും, നാശമടഞ്ഞവയും, വരാനിരിക്കുന്നതുമായ എല്ലാ ജൈവവൈവിധ്യങ്ങളും ഒരേയൊരു ജൈവ സംയുക്തത്തില്‍ നിന്ന് കോടാനുകോടി വര്‍ഷങ്ങളിലൂടെ പരിണമിച്ചുവന്നതാണെന്ന് തെളിയിക്കുന്നു എന്ന അഭിപ്രായം തീര്‍ച്ചയായും അതര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കേണ്ടതുണ്ട്.
ഡോക്കിന്‍സിന്റെ ഈ വരികള്‍ ഏറെ ശ്രദ്ധാപൂര്‍വം പരിഗണിക്കുക. ”നവീനമായ എന്തെങ്കിലും ആസൂത്രണം ചെയ്യുമ്പോള്‍ താന്‍ മുമ്പ് നടത്തിയ കണ്ടുപിടുത്തങ്ങളിലെ ഏതെങ്കിലും സങ്കേതം സഹായകമാണെന്ന് കണ്ടാല്‍ അത് നവസംരഭത്തില്‍ പ്രയോജനപ്പെടുത്താന്‍ സാമാന്യബുദ്ധിയുള്ള ഒരു ആസൂത്രകന് സന്തോഷമേ ഉണ്ടാവുകയുള്ളൂ. വിമാന നിര്‍മ്മിതി സംബന്ധിച്ചുള്ള ഒരു ആശയമുണ്ടെന്ന് കരുതുക. അത് തീവണ്ടി നിര്‍മ്മിതി സംബന്ധിച്ച ആശയത്തില്‍ നിന്ന് ഭിന്നമാണെന്നും സങ്കല്‍പ്പിക്കുക. സീറ്റിന് മുകളില്‍ വായനക്ക് സഹായകരമായി പ്രകാശം കിട്ടാനായി വികസിപ്പിച്ചെടുത്ത ഒരു സജ്ജീകരണം അതേ ആവശ്യത്തിനായി തീവണ്ടിയിലും കടം കൊള്ളാവുന്നതാണ്. രണ്ടിടത്തും ഒരേ ധര്‍മ്മമാണ് ഈ ഘടകഭാഗം നിര്‍വഹിക്കുന്നതെങ്കില്‍ എന്തുകൊണ്ട് പാടില്ല? മോട്ടോര്‍ കാറുകള്‍ കണ്ടുപിടിച്ചപ്പോള്‍ കുതിരയില്ലാ വണ്ടി (Horseless carriage) എന്നായിരുന്നു അതിനാദ്യം നല്‍കപ്പെട്ട പേര്. പ്രചോദനം വന്നത് എവിടെ നിന്നാണെന്ന് ഈ പേര് നമ്മെ അറിയിക്കുന്നുണ്ട്. കുതിരവണ്ടിക്ക് സ്റ്റിയറിംഗ് വീലിന്റെ ആവശ്യമില്ല. സ്റ്റിയറിംഗ് വീലിന്റെ പ്രഭവസ്ഥാനം മറ്റെവിടെയോ ആണ്. കൃത്യമായും എവിടെ നിന്നാണെന്ന് പറയാന്‍ എനിക്കറിയില്ല. എങ്കിലും പൂര്‍ണമായും വ്യത്യസ്തമായ മറ്റേതോ സാങ്കേതിക വിദ്യയില്‍ നിന്നാണ് ഇത് കടംകൊള്ളപ്പെട്ടത്; അതായത് ഒരു ബോട്ടിന്റെ. 19-ാം നൂറ്റാണ്ടിന്റെ അവസാനം സ്റ്റിയറിംഗ് വീലെത്തി മേധാവിത്വം നേടുന്നത് വരെ കാറിന്റെ അസ്സല്‍ സ്റ്റിയറിംഗ് വീല്‍ ഒരു ടില്ലറായിരുന്നു (tiller). അതും കടം കൊണ്ടത് ബോട്ടില്‍ നിന്നുതന്നെ.”(309)

മനുഷ്യചരിത്രത്തിലെ ഏറ്റവും പ്രധാനമായ നേട്ടമാണ് തീ വരുതിയിലാക്കിയത്. അതുകഴിഞ്ഞാല്‍ വിപ്ലവകരമായ കണ്ടുപിടുത്തം ചക്രങ്ങളുടേതാണ്. ചക്രങ്ങളുടെ കണ്ടുപിടുത്തവും അതിനോടനുബന്ധിച്ചുള്ള കറക്കമെന്ന പ്രവര്‍ത്തനവും എന്നു കണ്ടുപിടിച്ചു എന്നതിന് രേഖകളൊന്നും ലഭ്യമല്ല എന്നാണ് മനസ്സിലാവുന്നത്. ചരിത്രാതീതകാലം മുതല്‍ ചക്രവും ചക്രത്തിലൂടെയുള്ള കറക്കവും മനുഷ്യന്‍ നിയന്ത്രിച്ചുവരുന്നു. ആ മഹത്തായ കണ്ടുപിടുത്തത്തിന്റെ തുടക്കം ഭാരമുള്ള ഏതെങ്കിലും വസ്തു നീക്കുന്നതിന് അടിയില്‍ ഉരുളന്‍ തടിക്കഷ്ണം ഉപയോഗിച്ചതായിരിക്കാം. ഏതായാലും മനുഷ്യചരിത്രത്തിലെ ഏറ്റവും മഹത്തായ ആ കണ്ടെത്തല്‍ തന്നെയാണ് ഇന്ന് നാം ഉപയോഗപ്പെടുത്തികൊണ്ടിരിക്കുന്ന, കുട്ടികളുടെ കളിപ്പാട്ടം മുതല്‍ മംഗള്‍യാനില്‍ വരെ പ്രയോജനപ്പെടുത്തിയ ചക്രങ്ങളും ഗിയറുകളും, അതിനെ അടിസ്ഥാനപ്പെടുത്തിയുള്ള കറക്കവും എല്ലാമെല്ലാം!!!
ഡോക്കിന്‍സ് താരതമ്യം ചെയ്തപോലെ വിമാനത്തിലും തീവണ്ടിയിലും ഉപയോഗിച്ച വായനാവിളക്ക് പോലെയല്ല ചക്രങ്ങളുടെ താരതമ്യം എന്ന് കാണിക്കാനാണ് ചക്രകണ്ടുപിടുത്തം സൂചിപ്പിച്ചത്. ചക്രം കണ്ടുപിടിച്ച ആദ്യ വ്യക്തി മുതല്‍ ഇന്നുവരെ ചക്രത്തിന്റെ ഉപയോഗം അവിരാമം തുടരുന്നു. ആദ്യചക്രമായി ഉപയോഗിച്ച ഉരുളന്‍തടി പോലും ഇന്നും നാം ഉപയോഗിക്കുന്നു. അതേ, ആദ്യ ഡിസൈനര്‍ ഡിസൈന്‍ ചെയ്ത ചക്രം ഇന്നും നിലനില്‍ക്കുന്നതോടൊപ്പം, പുതിയ പുതിയ ചക്രങ്ങള്‍ നിര്‍മ്മിച്ചുകൊണ്ടേയിരിക്കുകയും ചെയ്യുന്നു !
ചക്രങ്ങളെക്കുറിച്ചുള്ള പഠനം നമ്മെ ബോധ്യപ്പെടുത്തുന്നത് എന്താണ്? ആദ്യചക്രം അന്നത്തെ അതേ നിലയില്‍ നിലനില്‍ക്കുന്നുവെങ്കിലും പുതിയപുതിയ സാങ്കേതികത്തികവോടെ അതിസൂഷ്മതലത്തിലും സ്ഥൂലതലത്തിലും നിര്‍മ്മിച്ചുകൊണ്ടിരിക്കുകയും ഉപയോഗിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതുപോലെ ചക്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയും പദാര്‍ത്ഥങ്ങളും ദിനംപ്രതി നവീകരിച്ചുകൊണ്ടിരിക്കുമ്പോഴും ഏറ്റവും പുരാതന ഉരുളന്‍ തടി ചക്രവും ഉപയോഗത്തിലിരിക്കുന്നു. ഒരു ചക്രവും ഒരിക്കലും മറ്റൊരു ചക്രമായി പരിണമിക്കുന്നില്ല;പുതിയവ സൃഷ്ടിക്കപ്പെടുകയല്ലാതെ!
ഡോക്കിന്‍സിന്റെ താരതമ്യപഠനങ്ങളും വിശകലനങ്ങളും നാം  വായിച്ചു. മനുഷ്യന്റെ ആദ്യ കണ്ടുപിടുത്തവും ജൈവപരിണാമവും താരതമ്യം ചെയ്തു പരിണാമം നടക്കാതിരിക്കാനുള്ള സാധ്യത നാം താരതമ്യ പഠനത്തിലൂടെ മനസ്സിലാക്കുകയും ചെയ്തു. നമുക്കിനി ജൈവലോകത്തെ താരതമ്യപഠനത്തിലൂടെ ലഭിക്കുന്ന യഥാര്‍ത്ഥ ഫലം, വസ്തുത എന്താണെന്ന് പരിശോധിക്കാം.cromosom
ജൈവലോകത്തെ പരിശോധിച്ചാല്‍ അതിന്റെ ജനിതഘടനയും ഡി. എന്‍. എയും കോശങ്ങളും തുടങ്ങി ഏറ്റവും അടിസ്ഥാനഘടകങ്ങള്‍ ജന്തുലോകത്തായാലും സസ്യലോകത്തായാലും സമാനമാണ്. അതുപോലെ നട്ടെല്ലികളുടെ അസ്ഥികൂടം പരിശോധിച്ചാലും സസ്തനികളുടെ മുലയൂട്ടല്‍ രീതി പരിശോധിച്ചാലും ക്രസ്റ്റേഷ്യനുകളുടെ  പുറംതോടും ആന്തരികഘടകങ്ങളും പരിശോധിച്ചാലും പക്ഷികളുടെ പറക്കല്‍ സംവിധാനവും മറ്റും താരതമ്യം ചെയ്താലും ഡോക്കിന്‍സ് ചൂണ്ടിക്കാട്ടിയ ഈ സമാനതകള്‍ നമുക്ക് ബോധ്യപ്പെടും.

ജൈവലോകത്തെ സമാനതകളെക്കുറിച്ച് ഡോക്കിന്‍സ് പതിമൂന്നാം അധ്യായത്തില്‍ ഒരു ഉദാഹരണത്തിലൂടെ വ്യക്തമാക്കുന്നത് കാണുക. ”ഈ ഭൂമുഖത്ത് കാണപ്പെടുന്ന ജീവജാലങ്ങളൊക്കെ ഒരു പൊതുപൂര്‍വികനില്‍ നിന്ന് രൂപാന്തരപ്പെട്ടുണ്ടായതാണെന്ന് ഇന്ന് നമുക്കറിയാം. പത്താം അധ്യാത്തില്‍ നാം കാണുന്ന തെളിവനുസരിച്ച് ജനിതകകോഡ് സര്‍വലൗകികമാണ്. ജീവികള്‍ സസ്യങ്ങള്‍, ഫംഗസുകള്‍, ബാക്ടീരിയകള്‍, ആര്‍ക്കികള്‍, വൈറസുകള്‍ തുടങ്ങിയ മുഴുവന്‍ ജീവജാലങ്ങള്‍ക്കിടയിലും സമാനമായി അവ പ്രവര്‍ത്തിക്കുന്നു. 64 വാക്കുകളടങ്ങിയ ഒരു നിഘണ്ടുവിന്റെ സഹായത്തോടെ മൂന്ന് അക്ഷരങ്ങളുള്ള ഡി.എന്‍.എ വാക്കുകള്‍ 20 അമിനോ അമ്ലങ്ങളും ‘ഇവിടെ മുതല്‍ വായിച്ചുതുടങ്ങുക’ എന്നോ ‘ഇവിടെ വായന അവസാനിപ്പിക്കുക’ (‘Start reading here’, ‘Stop reading here’)എന്നോ അര്‍ത്ഥമുള്ള ഒരു വിരാമചിഹ്നത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെടുകയാണ്. ഈ 64 വാക്ക് നിഘണ്ടു തന്നെയാണ് ജീവകുലത്തിലാകമാനം എവിടെ നോക്കിയാലും നിങ്ങള്‍ക്ക് കാണാനാവുക……. ഹാരംസ്‌കാരിയോട്ട് (Harumscaryotes) എന്നുപേരുള്ള തീര്‍ത്തും വിചിത്രവും അസാധാരാണവുമായ ഒരു സൂക്ഷ്മജീവിയെ താന്‍ കണ്ടെത്തിയെന്ന് ആരെങ്കിലും പറഞ്ഞുവെന്നിരിക്കട്ടെ.  ഈ ജീവി ഡി.എന്‍.എ ഉപയോഗിക്കുന്നതേയില്ല, അല്ലെങ്കില്‍ പ്രോട്ടീന്‍ ഉപയോഗിക്കുന്നില്ല, അതല്ലെങ്കില്‍ പ്രോട്ടീന്‍ ഇനി അഥവാ ഉപയോഗിക്കുന്നുണ്ടെങ്കിലും നാം നേരത്തെ സൂചിപ്പിച്ച 20 അമിനോ അമ്ലങ്ങളുടെ സഹായത്താലല്ല, അതല്ലെങ്കില്‍ ഡി.എന്‍.എ ഉപയോഗിക്കുന്നുണ്ട്. പക്ഷേ സാധാരണയുള്ള ത്രിമാന കോഡിലല്ല അതിന്റെ നിര്‍മ്മിതി, ഇതൊന്നുമല്ലെങ്കില്‍ ഡി.എന്‍.എയ്ക്ക് ത്രിമാനകോഡുണ്ട്. പക്ഷേ മേല്‍പറഞ്ഞ 64 വാക്ക് നിഘണ്ടുവിന്‍ പ്രകാരമല്ല……. എല്ലാത്തരം സാധ്യതകളും വിഭാവനം ചെയ്തുകൊള്ളുക. അവയില്‍ ഏതെങ്കിലുമൊന്ന് സാധുവായാല്‍ ഈ ഭൂമിയില്‍ ജീവന്‍ രണ്ട് പ്രാവശ്യം ഉണ്ടായെന്ന് നമുക്ക് സമ്മതിക്കാം. ഒരു തവണ ഹാരംസ്‌കാരിയോട്ടുകള്‍ക്കായും മറ്റൊരു തവണ ബാക്കിയുള്ള ജീവികള്‍ക്കായും. ഡാര്‍വിനും, ഡി.എന്‍.എയുടെ കണ്ടുപിടുത്തത്തിന് മുന്‍പ് പലരും ധരിച്ചിരുന്നതെന്തെന്നാല്‍ നിലവിലുള്ള ഏതെങ്കിലും ജീവികള്‍ക്ക് ഞാനിവിടെ പരാമര്‍ശിച്ചതുപോലെ ഹാരംസ്‌കാരിയോട്ടില്‍ ആരോപിക്കപ്പെട്ട പ്രത്യേകതകളുണ്ടായിരിക്കുമെന്നാണ്.(310)
ഈ ഭാവനാത്മക ഉദാഹരണത്തിനുശേഷം അദ്ദേഹം ഫ്രാന്‍സിസ് ക്രിക്കിനെ ഉദ്ധരിച്ച് ചില കാര്യങ്ങള്‍ക്കൂടി വ്യക്തമാക്കുന്നത് ഏറെ താല്‍പര്യാജനകമാണ്. ”സമാനമായ 64 വാക്ക് നിഘണ്ടുവിനെ ആധാരമാക്കി വ്യതിരിക്തവും ഭിന്നവുമായ രണ്ട് ജീവിവര്‍ഗ്ഗങ്ങള്‍ ഉരുത്തിരിഞ്ഞ് കൂടുന്നുണ്ടോ? സാധ്യത വളരെ കുറവാണ്. അങ്ങനെ സംഭവിക്കണമെങ്കില്‍ നിലവിലുള്ള ജനിതക കോഡിന് ബദല്‍ സാധ്യതകളേക്കാള്‍ ശക്തവും സുനിശ്ചിതവുമായ ചില മുന്‍തൂക്കങ്ങള്‍ ഉണ്ടായിരിക്കണം. മാത്രമല്ല, നിലവിലുള്ള ജനിതകകോഡിലേക്ക് എത്തിച്ചേരാനായി പുരോഗതിയുടെ ക്രമബന്ധമായ പടവുകളും ഉണ്ടായിരുന്നിരിക്കണം. എങ്കില്‍ മാത്രമേ പ്രകൃതിനിര്‍ധാരണം വഴി ആരോഹണം നടത്തി ആ പടവുകള്‍ പിന്നിടിനാകൂ. എന്നാല്‍ ഈ ഉപാധികളൊക്കെ സാധുവാകാന്‍ സാധ്യത തീരെ കുറവാണ്. ജനിതക കോഡ് ഒരു ‘ശീതീകരിക്കപ്പെട്ട സംഭവ്യത’യാണെന്ന് (A frozen accident)ഫ്രാന്‍സിസ് ക്രിക്ക് (Francis Crick) പറയുന്നുണ്ട്. ഒരിടത്ത് ഒരിക്കല്‍ സംഭവിച്ചതും മാറ്റം വരുത്താന്‍ പ്രയാസകരമോ, അസാധ്യമോ ആയ ഒന്നായിട്ടാണ് അദ്ദേഹം അതിനെകണ്ടത്.(311)

ആദിമഭൂമിയിലെ വ്യത്യസ്ത സാഹചര്യങ്ങളിലും ദീര്‍ഘകാലഘട്ടങ്ങളിലും വ്യത്യസ്ത പ്രദേശങ്ങളിലും താപവ്യതിയാനങ്ങളിലും, മാറിമറിയുന്ന കാലാവസ്ഥകളിലും എന്തുകൊണ്ട് ഒരേയൊരു ജൈവസംയുക്തം മാത്രം ഉണ്ടായിക്കിട്ടി? എന്തുകൊണ്ട് ആ ജൈവസംയുക്തം ഇന്നത്തെ കോശമാതൃകമാത്രം സ്വീകരിച്ചു? എന്തുകൊണ്ട് ഒരു ഹാരംസ്‌കാരിയോട്ടോ, ഒരു ഡാര്‍വിനേസ്‌കാപ്ടന്റോ ഡോക്കിന്‍സോസ്‌കര്‍പട്ടോ വിശാലഭൂമിയുടെ ഏതെങ്കിലുമൊരു കോണില്‍ നിലവില്‍ വന്നില്ല? അല്ലെങ്കില്‍ ഇന്നുള്ള കോശങ്ങളുടെ അടിസ്ഥാന നിയമങ്ങള്‍ മാറ്റിമറിക്കുന്ന രീതിയില്‍ നിലവിലുള്ള കോശങ്ങളില്‍ നിന്ന് തന്നെ പരിണമിച്ച് മറ്റു രാസഭൗതിക ഗുണങ്ങളും ജൈവിക മാനങ്ങളും നിയമങ്ങളുമുള്ള വ്യത്യസ്ത ജൈവഘടകങ്ങള്‍ പരിണമിച്ചുണ്ടായില്ല?

എല്ലാം നിയന്ത്രിക്കുന്നത് യാദൃഛികതയാണെങ്കില്‍ തീര്‍ച്ചയായും യാദൃഛികമായി ഭൂമിയിലെ ആദിമ ബഹുമുഖ സാഹചര്യങ്ങളിലും കാലാവസ്ഥകളിലും കാലഘട്ടങ്ങളിലും ഭൂപ്രദേശങ്ങളിലും വ്യത്യസ്തതരം ജൈവവൈവിദ്ധ്യങ്ങള്‍ രൂപപ്പെടേണ്ടതും അവ ഇന്നത്തെ കോശ, ക്രോമോസോം, ജീന്‍, ഡി.എന്‍.എ, ആര്‍. എന്‍. എ നിയമങ്ങളൊന്നും ബാധകമല്ലാതെ തികച്ചും സ്വതന്ത്രമായ പ്രാദേശിക നിയമങ്ങളെ മാത്രം ആശ്രയിച്ച് നിലവില്‍ വരേണ്ടതും നിലനില്‍ക്കേണ്ടതുമായിരുന്നു. അതുപോലെ ഇന്ന് നിലവിലുള്ള കോശങ്ങള്‍ തന്നെ വ്യത്യസ്ത കാലഘട്ടങ്ങളിലൂടെ പരിണമിച്ച് വ്യത്യസ്ത ജൈവ, രാസ, ഭൗതിക നിയമങ്ങള്‍ പാലിക്കുന്ന വൈവിധ്യമാര്‍ന്ന ജൈവലോകങ്ങള്‍  നിലവില്‍ വരേണ്ടതായിരുന്നു. ഏറ്റവും ചുരുങ്ങിയത് ജൈവസസ്യലോകങ്ങള്‍ എങ്കിലും വ്യത്യസ്ത നിയമങ്ങള്‍ പാലിക്കേണ്ടതായിരുന്നു. അതല്ലെങ്കില്‍ ജൈവസസ്യലോകത്തിനു പുറമെ മറ്റ് നിരവധി ജൈവലോകങ്ങള്‍ നിലനില്‍ക്കേണ്ടിയിരുന്നു.  എന്നാല്‍ ഒരിക്കലുമങ്ങനെ സംഭവിച്ചിട്ടില്ല, സംഭവിക്കുന്നില്ല.

ജൈവലോകത്തെ സാമ്യതകള്‍, അത് സസ്തനികള്‍ തമ്മിലോ നട്ടെല്ലികള്‍ തമ്മിലോ പറക്കുന്ന ജീവികള്‍ തമ്മിലോ പക്ഷികള്‍ തമ്മിലോ ജലജീവികള്‍ തമ്മിലോ മത്സ്യങ്ങള്‍ തമ്മിലോ സസ്യങ്ങള്‍ തമ്മിലോ ൈജവലോകം മൊത്തത്തിലോ കോശങ്ങള്‍ തമ്മിലോ ക്രോമോസോം തമ്മിലോ ജീനുകള്‍ തമ്മിലോ ഡി.എന്‍.എ തമ്മിലോ ആര്‍.എന്‍.എ തമ്മിലോ ആകട്ടെ, അത് ജൈവപരിണാമത്തെ സാധൂകരിക്കുന്നോ അതോ നിരാകരിക്കുന്നോ? പരിണാമം ശരിയായിരിക്കണമെങ്കില്‍ തൊട്ടുമുമ്പ് സൂചിപ്പിച്ചപോലെ വ്യത്യസ്തതരം ജൈവഘടകങ്ങളും വ്യത്യസ്ത ജൈവനിയമങ്ങളും വ്യത്യസ്ത കോശങ്ങളും പ്രോട്ടീനുകളും അല്ലെങ്കില്‍ കോശങ്ങള്‍ക്ക് പകരം മറ്റെന്തെങ്കിലും ജൈവ, രാസ, ഭൗതിക നിയമങ്ങള്‍ പാലിക്കുന്ന സമാന്തര ജൈവലോകങ്ങളും നിലനില്‍ക്കേണ്ടതായിരുന്നു. അതുപോലെ പരിണാമവിശ്വാസികളുടെ മറ്റൊരു മിഥ്യാ സങ്കല്‍പ്പം പറയുന്നതുപോലെ മറ്റേതെങ്കിലും ഗ്രഹങ്ങളില്‍ നിന്ന് ഉല്‍ക്കാ പതനത്തിലൂടെയും മറ്റുമാണ് ഭൂമിയില്‍ ജീവന്‍ എത്തിപ്പെട്ടതെങ്കിലും വ്യത്യസ്ത ഗോളങ്ങളില്‍ നിന്ന് വേര്‍പെട്ട് ഭൂമിയില്‍ പതിക്കുന്ന ഉല്‍ക്കകളില്‍ നിന്ന് വ്യത്യസ്ത ജൈവ, രാസ, ഭൗതിക ഗുണങ്ങളും നിയമങ്ങളും പാലിക്കുന്ന വ്യത്യസ്ത ജൈവലോകങ്ങള്‍ ഭൂമിയില്‍ നിലനില്‍ക്കണം. അങ്ങനെയുള്ള വ്യതിരിക്ത ജീവകണികകള്‍ പോലും ഭൂമിയില്‍ നിലവിലില്ല. ഈ വസ്തുത തെളിയിക്കുന്നതെന്താണ് ?
ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയമായ ജൈവലോകം നിലവില്‍ വന്നത് ആദിയില്‍ യാദൃഛികമായി ഏതാനും അമിനോ ആസിഡുകള്‍ നിലവില്‍ വരികയും പ്രതികൂല സാഹചര്യങ്ങളെ പൂര്‍ണ്ണമായും തരണം ചെയ്ത് അത് ഒരു ജൈവസംയുക്തമായി മാറുകയും തുടര്‍ന്ന് അതിസങ്കീര്‍ണ്ണമായ ഒരു കോശമായി കിട്ടുകയും തുടര്‍ന്ന് വിഘടിച്ചുവികസിച്ച് പരിണമിച്ച് ഇന്നത്തെ ജൈവവൈവിദ്ധ്യങ്ങളെല്ലാം ഉണ്ടാവുകയും ചെയ്തതിന്റെ ഫലമായിട്ടല്ല. ഈ ജൈവസമാനതകളെയെല്ലാം ആസൂത്രണം ചെയ്ത് സൃഷ്ടിച്ച് പരിപാലിച്ച് വളര്‍ത്തി ഓരോ കാലഘട്ടങ്ങളിലേക്കും ആവശ്യമായ ജൈവവൈവിധ്യങ്ങള്‍ നിലനിര്‍ത്തുകയും, അല്ലാത്തവയെ നിരാകരിക്കുകയും ചെയ്തുകൊണ്ടിരിക്കുന്നത്  പ്രപഞ്ചനാഥനാണ്. അവന്‍ ഒരേയൊരുവനാണെന്നും അവന് പങ്കുകാരില്ലെന്നുമുള്ള സംശുദ്ധമായ ഏകദൈവവിശ്വാസത്തിനാണ് ജൈവലോകത്തെ സമാനതകള്‍ സാക്ഷി പറയുന്നത്. അതെ, സ്രഷ്ടാവും നിര്‍മ്മാതാവും രൂപം നല്‍കുന്നവനും സംരക്ഷകനുമായ ഒരേയൊരു ആസൂത്രകന്റെ അസ്തിത്വത്തിനുള്ള തെളിവാണ് ജൈവലോകത്ത് നിലനില്‍ക്കുന്ന പാരസ്പര്യങ്ങളും സമാനതകളും തുല്യതകളും എല്ലാമെല്ലാം.

കുറിപ്പുകള്‍:

303. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 350
304. അതേ പുസ്തകം പേജ് 357
305. അതേ പുസ്തകം പേജ് 357-358
306. അതേ പുസ്തകം പേജ് 360
307. അതേ പുസ്തകം പേജ് 368-369
308. അതേ പുസ്തകം പേജ് 372
309. അതേ പുസ്തകം പേജ് 359-360
310. അതേ പുസ്തകം പേജ് 490-491
311. അതേ പുസ്തകം പേജ് 491
312. അതേ പുസ്തകം പേജ് 491
313. അതേ പുസ്തകം പേജ് 491-492