Followers

Tuesday, January 15, 2013

തീവ്രയുക്തിവാദം ഇസ്ലാമിനെ വായിക്കുമ്പോള്‍...!

മുന്‍ പോസ്റ്റില്‍ കലാനാഥനുമായുള്ള അഭിമുഖത്തിന്റെ അനുബന്ധ ലേഖനം
തീവ്രയുക്തിവാദം ഇസ്ലാമിനെ വായിക്കുമ്പോള്‍...!   
ഉസ്മാന്‍ പാലക്കാഴി
വിശകലനം
 
ഇത് കലാനാഥനുമായി നടത്തിയ അഭിമുഖത്തിലെ ഓരോ വിമര്‍ശനത്തിനുമുള്ള അക്കമിട്ട മറുപടിയല്ല. പ്രസക്തമെന്നു തോന്നുന്ന ചില കാര്യങ്ങളെ മാത്രം പരാമര്‍ശിക്കുന്നു. ഈ അഭിമുഖത്തിലെ അദ്ദേഹത്തിന്റെ പല ആരോപണങ്ങള്‍ക്കുമുള്ള മറുപടി അദ്ദേഹംതന്നെ നല്‍കുന്നുണ്ടെന്ന് വായനക്കാര്‍ക്ക് വ്യക്തമാകും.

ഇസ്ലാമിനെ കുറിച്ചുള്ള തെറ്റുധാരണകള്‍ ലോകവ്യാപകമായി പ്രചരിപ്പിക്കുന്നതില്‍ തീവ്രമായ പരിശ്രമങ്ങള്‍ നടത്തുന്ന പല പ്രസ്ഥാനങ്ങളും വ്യക്തികളും ആധുനികകാലഘട്ടത്തിലുണ്ട്. ഇസ്ലാം തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും വംശീയതയുടെയും മതമാണെന്നും സഹിഷ്ണുതയും മനുഷ്യസ്നേഹവും ഇസ്ലാമിന് അന്യമാണെന്നും ഇസ്ലാമിനെതിരില്‍ ആശയപ്രചരണം നടത്തുന്നവര്‍ പ്രചരിപ്പിച്ചുവരുന്നു. ഒരു മതമെന്ന നിലയില്‍ ഇസ്ലാമിനെക്കുറിച്ച് ശരിയായ വിധത്തില്‍ അറിയുകയും മനസ്സിലാക്കുകയും ചെയ്യാത്ത വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ ഇത്തരം വികലമായ ആശയങ്ങളും ചിന്താരീതികളും അതിവേഗം വ്യാപിക്കുകയും സ്വീകരിക്കപ്പെടുകയും ചെയ്യുന്നു എന്നത് വര്‍ത്തമാനകാലഘട്ടത്തിന്റെ ദുരനുഭവങ്ങളില്‍ ഒന്നാണ്. ഇസ്ലാം തീവ്രവാദമാണ്, ഭീകരവാദമാണ്, മാനവികവിരുദ്ധമായ വിശ്വാസസംഹിതയാണ് എന്നിങ്ങനെ ആരോപണങ്ങള്‍ ഉന്നയിക്കുന്നവരോ അവരെ പിന്‍പറ്റുന്നവരോ ഒന്നുകില്‍ ഇസ്ലാമിനെ അടുത്തറിയാത്തവരോ, അതല്ലെങ്കില്‍ അറിയാവുന്ന ഗുണങ്ങള്‍ മറച്ചുവെച്ച് ഇസ്ലാമിന്റെ പേരില്‍ ദുരാരോപണങ്ങള്‍ ഉന്നയിക്കുന്നവരോ ആയിരിക്കും. ഇസ്ലാം അതിന്റെ ആശയങ്ങളിലും, തത്ത്വങ്ങളിലും പുലര്‍ത്തുന്ന മനുഷ്യോന്‍മുഖങ്ങളായ നന്മകളും ഗുണങ്ങളും അതുല്യങ്ങളാണ.് മധ്യമമാര്‍ഗ സമീപനം അവലംബിച്ചുകൊണ്ട് വിശ്വാസപരവും കര്‍മപരവുമായ മേഖലകളില്‍ കാലത്തിന്റെ പ്രത്യാശയും പ്രതീക്ഷയുമായിത്തീരുവാനാണ് ഇസ്ലാം വിശ്വാസികളോട് ആഹ്വാനം ചെയ്യുന്നത്. യാതൊരു കാര്യത്തിലും തീവ്രത പാടില്ല, അതിരുലംഘനം പാടില്ല, മതത്തിന്റെ മൌലികവശങ്ങള്‍ക്കെതിരായ സ്വയംവ്യാഖ്യാനങ്ങള്‍ പാടില്ല, മതത്തിന്റെയും വ്യക്തികളുടെയും നിലനില്‍പിനെ അപകടപ്പെടുത്തുന്ന ചിന്താഗതികള്‍ നിര്‍മിക്കുവാനും പ്രചരിപ്പിക്കുവാനും പാടില്ല എന്നിങ്ങനെയുള്ള കണിശമായ നിര്‍ദേശങ്ങള്‍ ക്വുര്‍ആന്‍ മുന്നോട്ടുവെക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തീവ്രവാദം, ഭീകരവാദം, മതത്തിന്റെ പേരിലുള്ള സംഘര്‍ഷങ്ങള്‍ എന്നിവ ഇസ്ലാമുമായി ബന്ധപ്പെടുത്തി ചര്‍ച്ച ചെയ്യപ്പെടാവുന്ന വിഷയങ്ങളുമല്ല. സത്യം ഇതായിരുന്നിട്ടും, ലോകത്ത് ഒരു മതത്തിനും കേള്‍ക്കേണ്ടി വന്നിട്ടില്ലാത്തത്ര രൂക്ഷവും ശക്തവുമായ ആരോപണങ്ങള്‍ ഇസ്ലാമിനുനേരെ ഉയര്‍ന്നു വന്നുകഴിഞ്ഞിരിക്കുന്നു.

ശ്രീ. കലാനാഥനും അദ്ദേഹത്തെ പോലുള്ള യുക്തിവാദി നേതാക്കളും ഇസ്ലാമിനെ അന്ധമായി എതിര്‍ക്കുന്നതില്‍ എന്നും മുന്‍പന്തിയിലുണ്ട്. സ്നേഹസംവാദത്തിനു നല്‍കിയ അഭിമുഖത്തില്‍ കലാനാഥന്‍ തന്റെ അന്ധമായ ഇസ്ലാം വിരോധവും പ്രവാചകനെ ഇകഴ്ത്തുന്ന നിലപാടും വ്യക്തമാക്കുകയാണ് ചെയ്യുന്നത്. യുക്തിവാദികളുടെ കണ്ണില്‍ മതഭീകരവാദം മാത്രമാണ് എതിര്‍ക്കപ്പെടേണ്ട മഹാപാപം. മതഭീകരവാദത്തിന്റെ ഉറവിടം ഇസ്ലാമും ക്വുര്‍ആനും പ്രവാചകനും മാത്രവും! കലാനാഥന്‍ പറയുന്നു:

“"രാഷ്ട്രീയ ഭീകരവാദം ലോകത്ത് ഒരുപാട് ഉണ്ടായിട്ടുണ്ട്. ഓരോ ഘട്ടത്തിലും സന്ദര്‍ഭത്തിലുമൊക്കെയായി സാമ്രാജ്യത്വവും ഫാസിസവും അത് നന്നായി പയറ്റിയിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ ഭീകരവാദം (മെേലേ ലൃൃീൃേശാ) എന്നത് രാഷ്ട്രീയക്കാര്‍ ആരോപണങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. അപൂര്‍വമായി ഇല്ല എന്നല്ല പറഞ്ഞതിനര്‍ഥം. എന്നാലിന്ന് ലോകമെമ്പാടും കാണുന്നത് മതതീവ്രവാദമാണ്.''

"ഈ കാര്യത്തില്‍ മതഗ്രന്ഥങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതില്‍ ഏറ്റവും മുന്നിലുളള മതഗ്രന്ഥവും മതവിഭാഗവും ഇസ്ലാമിന്റെതാണ് എന്ന് പറയുന്നതില്‍ എനിക്കൊരു മടിയുമില്ല. അതിനൊരു പ്രധാന കാരണമെന്താണെന്നു വെച്ചാല്‍ മുഹമ്മദ് എന്ന പ്രവാചകന്റെ കാര്യമാണ്. പ്രവാചകന്മാര്‍ പലരുമുണ്ടായിട്ടുണ്ട്. യേശുക്രിസ്തുവിനെ നമുക്ക് പരിചയമുണ്ട്. ഹിന്ദുമതത്തില്‍ പ്രവാചകന്മാരല്ലെങ്കിലും ദാര്‍ശനികന്മാരുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്ലാം മതത്തിലെ പ്രവാചകനാണ് ആദ്യമായി ആയുധമെടുത്ത് യുദ്ധരംഗത്തിറങ്ങിയത്''.

"മതരാഷ്ട്രവാദം ലക്ഷ്യംവെച്ച് പ്രവര്‍ത്തിക്കുന്ന തീവ്രവാദ പ്രവര്‍ത്തനവും വ്യക്തിവൈരാഗ്യം മൂത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ നടത്തുന്ന അക്രമങ്ങളും ഒരേ കണ്ണുകൊണ്ട് കാണാന്‍ പറ്റില്ല'' എന്ന് വര്‍ഷങ്ങള്‍ക്കുമുമ്പ് മറ്റൊരു യുക്തിവാദി നേതാവായ സ്െയ്തുമുഹമ്മദ് ആനക്കയം എഴുതിയത് ഓര്‍ക്കുന്നു.

യുക്തിവാദികളുടെ കണ്ണില്‍ രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന അക്രമങ്ങളെല്ലാം വെറും വ്യക്തിവൈരാഗ്യം മൂത്തതിന്റെ അടയാളങ്ങള്‍! അധ്യാപകനെ കുട്ടികളുടെ മുന്നില്‍വെച്ച് നിഷ്ഠൂരമായി വെട്ടിനുറുക്കിയതും ഭാര്യയുടെയും മക്കളുടെയും മാതാപിതാക്കളുടെയും മുന്നില്‍വെച്ച് യുവാവിനെ കൊത്തിയരിഞ്ഞതും പട്ടാപ്പകല്‍ യുവാവിനെ നൂറുകണക്കിനാളുകള്‍ നോക്കി നില്‍ക്കെ കുറ്റവിചാരണനടത്തി അരിഞ്ഞുവീഴ്ത്തിയതും വീട്ടില്‍ അതിക്രമിച്ചു കയറി പിഞ്ചുകുഞ്ഞിന്റെ കാല്‍പത്തി വെട്ടിമാറ്റിയതുമായ ഭീകരസംഭവങ്ങള്‍ രാഷ്ട്രീയത്തിന്റെ പേരില്‍ മലയാളമണ്ണില്‍ അരങ്ങേറിയത് നമുക്കറിയാം. അതൊക്കെ ഇവരുടെ ദൃഷ്ടിയില്‍ രാഷ്ട്രീയത്തിന്റെ പേരില്‍ വ്യക്തിവൈരാഗ്യം മൂത്തതിനാലുള്ള കുസൃതികള്‍ മാത്രം! അതിലൊന്നും രാഷ്ട്രീയമായ ലക്ഷ്യങ്ങളില്ല! തീവ്രതയും ഭീകരതയുമില്ല!

'ഇടതുപക്ഷ ചിന്തയില്‍ നിന്നല്ലേ നക്സലൈറ്റുകള്‍ക്ക് ഊര്‍ജ്ജം കിട്ടുന്നത്? അതും ഭീകരത തന്നെയല്ലേ? അത് നിഷേധിക്കാന്‍ കഴിയുമോ?' എന്ന ചോദ്യത്തിന് ഉറച്ച ഒരു മറുപടി പറയാതെ "ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഹിംസ ഉപയോഗിക്കുന്നുണ്ടോ എന്നുളളതാണ്. ഹിംസ ജനാധിപത്യത്തില്‍ പാടില്ലാത്തതാണ്. ജനാധിപത്യവിരുദ്ധ സമീപനമാണത്. ഹിംസയും ജനാധിപത്യവും തമ്മില്‍ യാതൊരു പൊരുത്തവുമില്ല...'' എന്നിങ്ങനെ ഒഴുക്കന്‍മട്ടിലുള്ള മറുപടിയാണ് കലാനാഥന്‍ പറയുന്നത്.

"ഉത്തരേന്ത്യയിലെ ആറേഴ് സംസ്ഥാനത്ത് നടക്കുന്ന നക്സലൈറ്റ് ഭീകരവാദത്തെ ഞാന്‍ ഭീകരവാദം എന്ന് തന്നെയാണ് വിളിക്കുന്നത്. മാവോയുടെ, മറ്റ് ദാര്‍ശനിക സാഹിത്യകന്മാരുടെ വാക്കുകളും പ്രവൃത്തികളും പ്രചോദനം നല്‍കുന്നുണ്ട്'' എന്നു പറയുമ്പോഴും ശ്രീ. കലാനാഥന്‍ അതില്‍ ഒരു മൃദുത്വം കാത്തുസൂക്ഷിക്കുന്നതായി കാണാം. ഇന്ത്യ നേരിടുന്ന എറ്റവും വലിയ വെല്ലുവിളി മാവോയിസ്റ്റ് തീവ്രവാദികളാണെന്ന് പ്രധാനമന്ത്രി പലതവണ ആവര്‍ത്തിച്ചു പറഞ്ഞിട്ടുണ്ട്. ആര്‍.എസ്.എസ്സുകാര്‍ പോലും 'അത് ശരിയല്ല; ഇസ്ലാമികഭീകരവാദമാണ് എറ്റവും വലിയ വെല്ലുവിളി' എന്നു പറഞ്ഞിട്ടില്ല. എന്നാല്‍ കേരളയുക്തിവാദികള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു, ഇന്ത്യയുടെയും ലോകത്തിന്റെയും എറ്റവും വലിയ വെല്ലുവിളി ഇസ്ലാമിക ഭീകരവാദമാണെന്ന്; ക്വുര്‍ആനും മുഹമ്മദ് നബിയുടെ അധ്യാപനങ്ങളുമാണെന്ന്! യേശു യുദ്ധം ചെയ്തിട്ടില്ലെന്നും ഹിന്ദുമത ചരിത്രത്തില്‍ യുദ്ധമില്ലെന്നും ഇസ്ലാമും മുഹമ്മദ് നബിയും മാത്രമാണ് ആദ്യമായി ആയുധമേന്തിയതെന്നും സൂചിപ്പിക്കുന്ന കലാനാഥന്‍ അക്ഷരാര്‍ഥത്തില്‍ കണ്ണടച്ചിരുട്ടാക്കുകയല്ലേ ചെയ്യുന്നത്? യേശുവിന് യുദ്ധം ചെയ്യേണ്ടിവന്നിട്ടില്ല. അനിവാര്യമെന്നു തോന്നിയ ഘട്ടത്തില്‍ ആയുധമെടുക്കുവാന്‍ അദ്ദേഹം കല്‍പിച്ചതായി പുതിയ നിയമത്തില്‍ കാണാം.
യേശുവിന്റെ ശത്രുക്കള്‍ അദ്ദേഹത്തെ പിടിക്കുവാനും വധിക്കുവാനും തന്ത്രംമെനഞ്ഞു. അദ്ദേഹത്തിന്റെ ശിഷ്യരില്‍ ഒരാളായ യൂദാസിന്റെ സഹായത്താല്‍ പ്രധാന പുരോഹിതന്മാരുടെയും ജനപ്രമാണികളുടെയും അടുക്കല്‍നിന്ന് വാളും വടിയുമായി ഒരു ജനക്കൂട്ടം പുറപ്പെട്ടു. ഈ വിവരമറിഞ്ഞ യേശു ഗത്സമേനാ തോട്ടത്തിലേക്ക് പോകുംമുമ്പ് ശിഷ്യരോടായി ചോദിച്ചു. അത് ലൂക്കോസ് സുവിശേഷം 22ാം അധ്യായം 35 മുതല്‍ 38 വരെയുള്ള വചനങ്ങളില്‍ കാണാം.

"ഞാന്‍ നിങ്ങളെ മടിശ്ശീലയോ ഭാണ്ഡമോ ചെരിപ്പോ ഇല്ലാതെ അയച്ചപ്പോള്‍ നിങ്ങള്‍ക്ക് എന്തെങ്കിലും കുറവുണ്ടായോ? അവര്‍ പറഞ്ഞു: ഒന്നിനും കുറവുണ്ടായില്ല. അവന്‍ പറഞ്ഞു: എന്നാല്‍ ഇപ്പോള്‍ മടിശ്ശീലയുള്ളവന്‍ അതെടുക്കട്ടെ. അതുപോലെതന്നെ ഭാണ്ഡവും. വാളില്ലാത്തവന്‍ സ്വന്തം കുപ്പായം വിറ്റ് വാള്‍ വാങ്ങട്ടെ. ഞാന്‍ നിങ്ങളോട് പറയുന്നു: അവന്‍ നിയമ ലംഘകരോടുകൂടെ എണ്ണപ്പെട്ടു എന്നെഴുതപ്പെട്ടിരിക്കുന്നത് എന്നില്‍ നിവൃത്തിയാകേണ്ടിയിരിക്കുന്നു. എന്തെന്നാല്‍, എന്നെപ്പറ്റി എഴുതപ്പെട്ടിരിക്കുന്നത് പൂര്‍ത്തിയാകേണ്ടതാണ്. അവര്‍ പറഞ്ഞു: കര്‍ത്താവേ, ഇതാ ഇവിടെ രണ്ട് വാളുകളുണ്ട്. അവന്‍ പറഞ്ഞു: മതി.''

ഹിന്ദുമതം ധര്‍മയുദ്ധത്തെ നിരാകരിക്കുന്നുവോ? പുരാണങ്ങളില്‍ യുദ്ധചരിത്രമില്ലേ? ഭഗവദ്ഗീതയുടെ പശ്ചാത്തലമെന്താണ്? 'യുദ്ധം ചെയ്യുക'യെന്ന ക്ഷത്രിയ ധര്‍മത്തില്‍ നിന്ന് പിന്തിരിയാന്‍ പാടില്ലെന്ന് അര്‍ജുനനെ ബോധ്യപ്പെടുത്തുകയെന്ന ദൌത്യമല്ലേ ഗീത നിര്‍വഹിക്കുന്നത്? 'ശത്രുക്കളെ ജയിച്ച് സമൃദ്ധമായ രാജ്യം അനുഭവിക്കുക'യെന്ന ഗീതാകാരന്റെ ഉപദേശത്തില്‍ എന്ത് മാനവിക ധര്‍മമാണ് ദര്‍ശിക്കാന്‍ കഴിയുന്നത്?

'മതതീവ്രവാദത്തിന്റെ ആശയങ്ങള്‍ നിറഞ്ഞതാണ് ഇസ്ലാം' എന്നു പറയുന്ന വിമര്‍ശകന്‍ പ്രമാണബദ്ധമായി അത് തെളിയിക്കാന്‍ ശ്രമിക്കുന്നില്ല. കേരളത്തിലെ തീവ്രവാദ സംഘടനകളുടെ കണക്കെടുക്കുകയും അതില്‍ 61 ശതമാനവും മുസ്ലിം സംഘടനകളാണ് എന്ന് കണ്ടെത്തുകയും ചെയ്ത കലാനാഥന് ഇസ്ലാമിനെക്കുറിച്ച് പഠിക്കാന്‍ മാത്രം ഒട്ടും സമയമില്ലെന്നു തോന്നുന്നു! കലാനാഥനും സെയ്തു മുഹമ്മദ് ആനക്കയവുമൊക്കെ ഇസ്ലാമിനെക്കുറിച്ച് പഠിക്കാനുപയോഗിക്കുന്ന 'കിതാബ്' ഏതാണെന്നറിയാന്‍ ഈയുള്ളവന് വളരെ താല്‍പര്യമുണ്ട്. കാരണം സമാനമായ വിഡ്ഢിത്തങ്ങളാണ് രണ്ടുപേരും ഇസ്ലാമിന്റെ പേരില്‍ നിരത്താറുള്ളത്!
'ഇസ്ലാംകാര്യങ്ങളില്‍ ഒന്നാമത്തേത് ജിഹാദ്!'

ശ്രീ. കലാനാഥന്‍ പറയുന്നു: "ഇസ്ലാമിലെ അഞ്ച് നിര്‍ബന്ധങ്ങളില്‍ ഒന്നാണ് ജിഹാദ്. അതിന്റെ പച്ചമലയാളം വിശുദ്ധ യുദ്ധം എന്നാണ്...''
ഇതേ ആശയം മറ്റൊരു യുക്തിവാദി എഴുതിവെച്ചത് കാണുക: "ഒരു മുസ്ലിം നിര്‍ബന്ധമായും അനുഷ്ഠിക്കേണ്ട അഞ്ചു കാര്യങ്ങളുണ്ട്. ഇബാദത്ത് എന്നറിയപ്പെടുന്ന അഞ്ചുകാര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ജിഹാദ് അഥവാ മതസംരക്ഷണയുദ്ധം. നമസ്കാരം, വ്രതം, സകാത്ത്, ഹജ്ജ് എന്നിവയാണ് മറ്റു നാലു കാര്യങ്ങള്‍. ജിഹാദില്‍നിന്നും മാറി നില്‍ക്കുന്നവര്‍ മറ്റു നാലു കര്‍മങ്ങള്‍ അനുഷ്ഠിച്ചാലും പുണ്യം ലഭിക്കില്ല എന്നാണ് ഇസ്ലാം നിയമം...'' (യുക്തിരേഖ മാസിക, 2007 മാര്‍ച്ച്)

ഇത് ഇസ്ലാമിന്റെ ആശയമാണെന്ന് ആനക്കയവും പ്രഖ്യാപിച്ചിട്ടുണ്ട്. ലോകത്ത് ഒരു മുസ്ലിമിനും അറിയാത്ത ഒരു പുത്തനറിവാണിത്! ഇസ്ലാം കാര്യങ്ങളില്‍ ഒന്നാമത്തേത് സാക്ഷ്യവാക്യ(ശഹാദത്ത് കലിമ)മാണെന്ന് മദ്റസയില്‍ പഠിക്കുന്ന കൊച്ചുകുഞ്ഞിനുപോലും അറിയും. പക്ഷേ, യുക്തിവാദികള്‍ക്കുമാത്രം അതറിയില്ല. 'ഇസ്ലാം ഭീകരതയുടെ മതമാണെന്നും സായുധ ജിഹാദാണ് അതിന്റെ അടിത്തറ' എന്നും സ്ഥാപിക്കലാണല്ലോ യുക്തിവാദികളുടെ ലക്ഷ്യം.

വിമര്‍ശനത്തിന് ഒരു സാമാന്യമര്യാദയുണ്ട്. വിമര്‍ശിക്കുവാനൊരുങ്ങുന്ന വിഷയം നന്നായി പഠിക്കുക എന്നതാണത്. ഇസ്ലാം വിമര്‍ശകരുടെ രചനകള്‍ മാത്രമല്ല, അനുകൂലികളുടെ ഗ്രന്ഥങ്ങളും വായിക്കുക. വിമര്‍ശകരുടെ അബദ്ധങ്ങളെ അതേപടി ഛര്‍ദിക്കാതിരിക്കുക. യുക്തിവാദികളെന്നഭിമാനിക്കുന്നവരുടെ ഈ മാന്യമല്ലാത്ത പൊതുസ്വഭാവത്തില്‍ നിന്ന് ഇനിയെങ്കിലും മുക്തമാവുക എന്നേ ഈ വിഷയത്തില്‍ പറയാനുള്ളൂ.

തീവ്രവാദം: ഒരു വിശദീകരണം

ഏതൊരു വിഷയത്തിലും അതിന്റെ സ്വാഭാവികതക്ക് ഉപരിയായ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നത് തീവ്രവാദമാണ്. മിതവാദത്തിന്റെ എതിര്‍പക്ഷത്താണ് തീവ്രവാദം. ഇസ്ലാമിന്റെ കാര്യത്തില്‍ തീവ്രവാദം ചര്‍ച്ചാവിഷയമായിത്തീരുമ്പോള്‍ പരിഗണിക്കേണ്ടുന്ന ചില കാര്യങ്ങളുണ്ട്. 1) മതത്തിന്റെ കാര്യത്തില്‍ കണിശതയും കൃത്യതയും ആഗ്രഹിക്കുന്നതാണ് തീവ്രവാദത്തിന്റെ അടിസ്ഥാനഘടന എന്നു ചിലര്‍ തെറ്റുധരിപ്പക്കാറുണ്ട്. 2) ഇസ്ലാം അതിന്റെ ദൈവികമായ കണിശതയില്‍ പാലിക്കപ്പെടേണ്ട ഒരു മതമായതിനാല്‍ തീവ്രവാദം ഇസ്ലാമിന്റെ സ്വഭാവമാണ് എന്ന് ചിലര്‍ ലഘൂകരിക്കാറുണ്ട്. 3) തീവ്രവാദത്തിനെതിരായ ഇസ്ലാമിക ചിന്താഗതികള്‍ മതത്തെ നേര്‍പ്പിച്ചെടുക്കുന്നതിന്റെയും സമവായത്തിനു ശ്രമിക്കുന്നതിന്റെയും അടിസ്ഥാനരഹിതമായ വിട്ടുവീഴ്ചയുടെയും മേല്‍വിലാസങ്ങളാണ് എന്നു ചിലര്‍ വാദിക്കാറുണ്ട്.

മേല്‍പറഞ്ഞ മൂന്നു ചിന്താഗതികളും മുന്നോട്ടു വെക്കുന്നവര്‍ ഇസ്ലാമിനെ അതിന്റെ പ്രമാണങ്ങളില്‍ നിന്നും പ്രമാണങ്ങള്‍ താല്‍പര്യപ്പെടുന്ന വിധത്തില്‍ മനസ്സിലാക്കാന്‍ ശ്രമിക്കാത്തവരാണ്. ഇസ്ലാമിക മൂല്യങ്ങളിലും വിശ്വാസങ്ങളിലും പ്രമാണങ്ങളിലുമുള്ള അടിയുറച്ച ഭക്തിയും വിശ്വാസവും പ്രതിബദ്ധതയും ഏതെങ്കിലും നിലക്ക് തീവ്രതരമായ സ്വഭാവവിശേഷങ്ങള്‍ ആര്‍ജിക്കണമെന്ന് ഇസ്ലാം പറയുന്നില്ല. ഒരാള്‍ സ്രഷ്ടാവില്‍ വിശ്വസിക്കേണ്ടത് എങ്ങനെ എന്നതു സംബന്ധിച്ച് ക്വുര്‍ആനിന് ഒരു മാര്‍ഗദര്‍ശനമുണ്ട്. ആ മാര്‍ഗദര്‍ശനം അംഗീകരിക്കുന്നതോടെ ഇസ്ലാമിന്റെ താല്‍പര്യപ്രകാരമുള്ള ഒരു വിശ്വാസിയായി വ്യക്തിമാറുന്നു. ഇതേ പ്രകാരം ആരാധനകളും അനുഷ്ഠാനങ്ങളും അനുവര്‍ത്തിക്കുമ്പോഴും മാര്‍ഗദര്‍ശനം നല്‍കുന്നത് ഇസ്ലാമിന്റെ പ്രമാണങ്ങളാണ്. അഞ്ചുനേരത്തെ നിര്‍ബന്ധനിസ്കാരം ഒരു മുസ്ലിമിന്റെ ബാധ്യതയാണ്. ഈ ബാധ്യതയുമായി ബന്ധപ്പെട്ട ഒരുപാടു തത്ത്വങ്ങളും നിയമങ്ങളുമുണ്ട്. അവ പഠിച്ചറിഞ്ഞു പാലിക്കുക എന്നതാണ് മുസ്ലിമിനെ സംബന്ധിച്ച് പ്രധാനം. ഇവിടെ തീവ്രമായി പാലിക്കുക എന്നുള്ള വിശേഷത്തിന് അര്‍ഥമില്ല. കാരണം, അത്തരം ഒരു പാലനം ക്വുര്‍ആനിലോ പ്രവാചകചര്യയിലോ പരാമര്‍ശിക്കപ്പെടുന്നില്ല. എന്നാല്‍ കണിശത എന്നതിനെ തീവ്രത എന്ന അര്‍ഥത്തില്‍ കാണുന്നതും ശരിയല്ല. ഒരു കാര്യം ശരിയായിത്തീരുവാന്‍ ആവശ്യമായ കണിശത പാലിക്കുന്നത് ആ കാര്യത്തിലുള്ള തീവ്രയല്ല-അതിന്റെ ആവശ്യഘടകമാണ്. ആവശ്യത്തിന്റെ പരിധി ലംഘിക്കുക എന്നതാണ് തീവ്രതയുടെ അടിസ്ഥാനം. തീവ്രവാദം ഇസ്ലാമിന്റെ അനിവാര്യഗുണമാണ് എന്നു പറയുന്ന മുസ്ലിം നാമധാരികളും തീവ്രവാദമില്ലാതെ ഇസ്ലാമില്ല എന്നു പറയുന്ന ഇസ്ലാമിന്റെ ശത്രുക്കളും ഒരേ ദൌത്യമാണ് സത്യത്തില്‍ നിര്‍വഹിക്കുന്നത്. ഇസ്ലാമിന്റെ മൌലികവും ശുദ്ധവുമായ ഘടനയെ ഇരുവിഭാഗവും തമസ്കരിക്കുന്നു.

മുസ്ലിംകളെ ക്വുര്‍ആന്‍ വിശേഷിപ്പിക്കുന്നത് 'മധ്യമ സമൂഹം' എന്നാണ്. ഇസ്ലാം ആവശ്യപ്പെടുന്ന കണിശതയില്‍ നിന്നുകൊണ്ടുതന്നെ, അതായത് വ്യക്തിജീവിതത്തിലും സാമൂഹ്യജീവിതത്തിലും ആവശ്യമായ കൃത്യനിഷ്ഠത പാലിച്ചുകൊണ്ടുതന്നെ മുസ്ലിംകള്‍ക്ക് മധ്യമ സമൂഹമാക്കുവാന്‍ കഴിയും. വിശ്വാസങ്ങളിലോ ആദര്‍ശങ്ങളിലോ യാതൊരുവിധ മായംചേര്‍ക്കലുകളും ഇതിന്നാവശ്യമായി വരുന്നില്ല. മതത്തിന്റെ കാര്യത്തില്‍ പ്രമാണങ്ങള്‍ ആവശ്യപ്പെടുന്ന ഘടകങ്ങളെക്കാള്‍ ഉപരിയായി വ്യക്തികള്‍ വല്ലതും പുതുതായി ആവിഷ്ക്കരിക്കേണ്ടിവരുന്നില്ല. മതത്തിന്റെ ഘടനയില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന കാര്യങ്ങളില്‍നിന്നും വല്ലതും വിട്ടുകളയേണ്ടതുമില്ല. മതപരവും വിശ്വാസപരവുമായ സ്വന്തം നിലപാടുകളില്‍നിന്നുകൊണ്ടുതന്നെ സമൂഹത്തില്‍ മധ്യമവര്‍ത്തികളാകുവാന്‍ മുസ്ലിംകള്‍ക്ക് കഴിയുംവിധമാണ് ഇസ്ലാമിന്റെ ആശയഘടന. ഏതെങ്കിലും തരത്തിലുള്ള ആശയബഹിഷ്ക്കരണത്തിലൂടെ കൃത്രിമമായി ആവിഷ്ക്കരിക്കപ്പെടേണ്ടുന്ന ഒരു ഗുണമല്ല ഇസ്ലാമിന്റെ മധ്യമസ്വഭാവം.

മേല്‍പറഞ്ഞ ഗുണങ്ങളില്‍നിന്ന് അകന്നുനിന്ന പൂര്‍വകാല സമൂഹങ്ങളുടെ അനുഭവങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ ഇസ്ലാമിന്റെ മധ്യമ സംസ്കാരികസ്വത്വം ഊന്നിപ്പറയുന്നത്. ചില പൂര്‍വ സമൂദായങ്ങളെപ്പറ്റിയുള്ള പരാമര്‍ശങ്ങള്‍ ക്വുര്‍ആനിലുണ്ട്. ഒരു വാക്യം നോക്കുക: "പറയുക. വേദക്കാരേ, സത്യത്തിനെതിരായിക്കൊണ്ട് നിങ്ങളുടെ മതകാര്യത്തില്‍ നിങ്ങള്‍ അതിരു കവിയരുത്. മുമ്പേ പിഴച്ചുപോകുകുകയും ധാരാളംപേരെ പിഴപ്പിക്കുകയും നേര്‍മാര്‍ഗത്തില്‍ നിന്ന് തെറ്റിപ്പോകുകയും ചെയ്ത ഒരു ജനവിഭാഗത്തിന്റെ തന്നിഷ്ടങ്ങളെ നിങ്ങള്‍ പിന്‍പറ്റുകയും ചെയ്യരുത്'' (5/77).
മതം ആവശ്യപ്പെടുന്നതിന് അപ്പുറത്തേക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ആശയനിര്‍മാണം നടത്തുകയും ചെയ്യുന്നതു തന്നെയാണ് മതത്തിന്റെ കാര്യത്തിലെ അതിരുകവിയല്‍. അതു സത്യത്തിനെതിരുമാണ്.
സമകാലീനസാഹചര്യത്തില്‍ ഭീകരത-ഭീകരവാദം എന്നീ പദങ്ങള്‍ നമുക്കു മുന്നില്‍ വരുമ്പോള്‍ നാം ഗൌനിക്കേണ്ട ചില സത്യങ്ങളുണ്ട്. 1) മര്‍ദക ഭരണകൂടങ്ങളും അധികാരകേന്ദ്രങ്ങളും അവര്‍ക്കെതിരായ ചെറുത്തുനില്‍പുകളെയും സമരങ്ങളെയും ഭീകരതയും ഭീകരവാദവുമായി ചിത്രീകരിക്കുന്നുണ്ട്. 2) വംശീയവും വര്‍ഗീയവുമായ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള കുപ്രചരണം നടത്തുന്നവര്‍ അവര്‍ക്ക് വിരുദ്ധമായ ഏതൊരു ചലനത്തെയും ഭീകരതയും ഭീകരവാദവുമായി ചിത്രീകരിച്ചു വരുന്നുണ്ട്. 3) സാമ്രാജ്യത്ത താല്‍പര്യത്തിന്റെയും ആഗോളമേധാവിത്തത്തിന്റെയും വക്താക്കള്‍ അവര്‍ക്ക് വിരുദ്ധമായ ഏതൊരു നീക്കത്തെയും ഭീകരതയും ഭീകരവാദവുമായി തെറ്റുധരിപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്.

ജനതകള്‍ക്കും സമൂഹങ്ങള്‍ക്കും എതിരായ നടപടികളുമായി ഭരണകൂടവും നേതൃത്വവും രംഗത്തുവരുമ്പോള്‍ അതിനെ ഭരണകൂടഭീകരത എന്നു വിശേഷിപ്പിക്കുന്നു. മര്‍ദകരും സ്വാര്‍ഥമതികളും ജനദ്രോഹികളുമായ ഭരണകൂടങ്ങള്‍ക്കെതിരില്‍ ചിന്തിക്കുകയും പ്രതികരിക്കുകയും ചെയ്യുന്നവര്‍ മനുഷ്യസഞ്ചയത്തില്‍ എമ്പാടും കാണും. അടിമകളായ ആജ്ഞാനുവര്‍ത്തികളെ അന്വേഷിക്കുന്ന മര്‍ദകശക്തികള്‍, ഇത്തരം വിരുദ്ധ വൈകാരികതയുള്ളവരെ ചിത്രീകരിക്കുവാന്‍ ഭീകരവാദികള്‍ എന്ന വിശേഷണം ഉപയോഗിക്കപ്പെടുന്നുണ്ട്. യഥാര്‍ഥത്തില്‍ സ്വന്തം സ്വഭാവം പ്രതിയോഗികളില്‍ അടിച്ചേല്‍പ്പിക്കുന്ന തന്ത്രമാണിത്. മര്‍ദക ഭരണകൂടത്തിന്റെയും ദുശ്ശക്തികളുടെയും ഗൂഢാലോചനയുടെ ഫലമായി ഭീകരവാദികള്‍ എന്നു മുദ്രകുത്തപ്പെട്ട നിരവധി വ്യക്തികളും ജനവിഭാഗങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുണ്ട്. അവര്‍ നടത്തുന്നത് ന്യായമായ പോരാട്ടങ്ങളും നീതികരണമര്‍ഹിക്കുന്ന പ്രതികരണങ്ങളും ആണെങ്കില്‍പോലും അവയെ വിലകുറച്ചു കാണിക്കുവാനും അപഹസിക്കുവാനുമായി അത്തരം പ്രതികരണങ്ങളെയും പോരാട്ടങ്ങളെയും ഭീകരവാദ പ്രവര്‍ത്തനമായി ചിത്രീകരിക്കുന്നത് ശീലമാക്കിയവര്‍ മറുപക്ഷത്തു സജീവമാണ്.

ഫലസ്തീനികള്‍ നടത്തുന്ന പോരാട്ടങ്ങളെയും ചെറുത്തുനില്‍പുകളെയും യഹൂദഭീകരവാദികള്‍ ചിത്രീകരിക്കുന്നത് ഭീകരവാദ പ്രവര്‍ത്തനമായാണ്. യഹൂദവംശീയതയുടെ കെടുതികള്‍ അനുഭവിക്കുന്ന പശ്ചിമേഷ്യയിലെ മുസ്ലിംകള്‍ നടത്തുന്നത് ചെറുത്തുനില്‍പാണ് എന്ന പരമാര്‍ഥം ലോകത്ത് എല്ലാ നിഷ്പക്ഷ മനസ്സുകളും അംഗീകരിച്ചു കഴിഞ്ഞിട്ടുള്ളതാണ്. എന്നാല്‍ യഹൂദഭീകരവാദികള്‍മാത്രം അത് അംഗീകരിക്കുവാന്‍ കൂട്ടാക്കുന്നില്ല. അവര്‍ക്ക് അവരുടേതായ അധീശത്വ-വംശീയ താല്‍പര്യങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഫലസ്തീനികള്‍ നടത്തുന്ന ന്യായമായ പോരാട്ടങ്ങളെ അംഗീകരിക്കുന്നത് ആത്മഹത്യാപരമെന്ന് അവര്‍ ചിന്തിക്കുന്നു. ഇസ്ലാമിന്റെ നാമധേയവും ആശയങ്ങളും കടന്നുവരികയും ബന്ധപ്പെടുകയും ചെയ്യുന്ന എന്തും ഭീകരതയും ഭീകരവാദപ്രവര്‍ത്തനവുമായി ചിത്രീകരിക്കുന്ന ശീലം ആരംഭിച്ചത് സിയോണിസ്റുകളാണ്. യഹൂദവംശീയ ഭ്രാന്തിന്റെ ഈ തലതിരിഞ്ഞ ആശയം പിന്നീട് പാശ്ചാത്യമാധ്യമങ്ങളില്‍ ചിലതും ചിന്തകരില്‍ ചിലരും ഏറ്റെടുത്തു. ഇസ്ലാമിനോടും മുസ്ലിംകളോടും ശത്രുതയുള്ള ആരും ഇസ്ലാമുമായി ബന്ധപ്പെട്ട എന്തിനെയും ഏതിനെയും ഭീകരതയും ഭീകരവാദവുമായി തെറ്റുധരിപ്പിച്ചുതുടങ്ങി. ഇന്ത്യയിലെ സംഘപരിവാര്‍ ശക്തികളെപ്പോലും ഈ സിയോണിസ്റ് സമീപനം സ്വാധീനിക്കുകയുണ്ടായി. ഇസ്ലാമിന്റെ മതപരതയുമായി ബന്ധപ്പെട്ട ആശയങ്ങള്‍, ചിഹ്നങ്ങള്‍, വസ്തുക്കള്‍, പേരുകള്‍, ഗ്രന്ഥങ്ങള്‍, വ്യക്തിത്വങ്ങള്‍, സ്ഥാപനങ്ങള്‍ ഇവയെയൊക്കെ ഭീകരത-ഭീകരവാദം എന്നാണ് സംഘപരിവാര്‍ ആശയക്കാര്‍ ഇപ്പോള്‍ വിശേഷിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഒരാള്‍ അടിയുറച്ച ഒരു മുസ്ലിമാണോ എങ്കില്‍ അയാള്‍ ഭീകരവാദിതന്നെ എന്നു വരുത്തിത്തീര്‍ക്കുവാനുള്ള പ്രത്യയശാസ്ത്ര മലിനീകരണം ഇന്ത്യയിലെ വിശ്വഹിന്ദുപരിഷത്തുപോലുള്ള സംഘപരിവാര്‍ ഘടകങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. മതപഠനകേന്ദ്രങ്ങളും ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും ഇസ്ലാമിന്റെ പേരിലുള്ള എന്തും ഏതും ഭീകരതയുടെ കേന്ദ്രവും ഉറവിടവുമായി ചിത്രീകരിക്കുന്ന സംഘപരിവാര്‍ മനോഭാവം സിയോണിസത്തില്‍ നിന്നും പകര്‍ത്തിയെടുക്കപ്പെട്ടതാണ്.
ഇസ്ലാം ആഗോളഭീകരവാദത്തിന്റെ ഉല്‍പാദനകേന്ദ്രമാണ് എന്ന സിയോണിസ്റ് ആശയം പാശ്ചാത്യരാഷ്ട്രങ്ങളെയും രാഷ്ട്രനേതൃത്വത്തെയും സ്വാധീനിച്ചതിന്റെ ഫലമായാണ് മതപഠശാലകള്‍ക്കും മതപ്രചരണ കേന്ദ്രങ്ങള്‍ക്കുമെതിരായ നടപടികള്‍ പല രാഷ്ട്രങ്ങളിലും സമീപകാലത്ത് ഉണ്ടായത്. സൌമ്യവും സമാധാനപരവുമായ രീതിയില്‍ ഇസ്ലാമിക പ്രബോധനം നിര്‍വഹിക്കുന്ന നിരവധി സംഘടനകള്‍ പാശ്ചാത്യലോകത്തുണ്ട്. അവ ഒരു നിലക്കും ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നവയോ, ഇസ്ലാമിനെ തീവ്രവാദപരമായി വ്യാഖ്യാനിക്കുന്നവയോ അല്ല. എന്നാല്‍ സിയോണിസ്റ് കുതന്ത്രങ്ങളുടെ സ്വാധീനവലയത്തില്‍പെട്ട പാശ്ചാത്യ മാധ്യമങ്ങളും രാഷ്ട്രങ്ങളും ഇസ്ലാമുമായി ബന്ധപ്പെട്ട ഏതിനെയും സംശയത്തിന്റെ ദൃഷ്ടിയോടെമാത്രം നോക്കിക്കാണുന്ന സ്ഥിതിവിശേഷം ഉണ്ടായിട്ടുണ്ട്. ഇസ്ലാമിന്റെ ശത്രുക്കള്‍ ആഗ്രഹിച്ചതും അതുതന്നെയായിരുന്നു.

മറുവശത്ത് മതത്തിന്റെ നന്‍മകളെയും മനുഷ്യരാശിയെ വെളിച്ചത്തിലേക്കു നയിക്കുന്ന ആശയങ്ങളെയും തെറ്റായി വ്യാഖ്യാനിക്കുന്ന ബൌദ്ധിക ദുര്‍വ്യായാമവുമായി രംഗത്തുവന്ന ചില തല്‍പരകക്ഷികള്‍, സിയോണിസ്റ് ഉപജാപങ്ങളെ സഹായിക്കുന്ന തരത്തിലുള്ള ആശയപ്രചരണവുമായി സജീവമായതും ശ്രദ്ധേയമാണ്. തീവ്രവാദത്തിനും ഭീകരവാദത്തിനും ഹിംസാത്മകമായ നടപടികള്‍ക്കും അതീതമായി ഇസ്ലാമിനെ ഉള്‍ക്കൊള്ളാനാവില്ല എന്ന നിലപാടുകള്‍ക്ക് വിശുദ്ധിയും പവിത്രതയും കല്‍പിക്കുന്ന അതിവാദപരമായ നിലപാടുകള്‍ ഇസ്ലാമിന്റെ സൌമ്യശീലങ്ങളെ തിരസ്കരിക്കാന്‍ പാശ്ചാത്യരില്‍ ചിലരെയെങ്കിലും പ്രേരിപ്പിക്കുകയുണ്ടായിട്ടുണ്ട്. വിശ്വാസം, അനുസരണം, ആരാധന, മുസ്ലിം, ദൌത്യം, ഇസ്ലാമിക സ്വത്വം എന്നിവയ്ക്കെല്ലാം ഹിംസാത്മകതയില്‍ ഊന്നിയ അതിരുകടന്ന വ്യാഖ്യാനങ്ങള്‍ നല്‍കിക്കൊണ്ട് മുസ്ലിംകള്‍ക്കിടയില്‍ സ്വാധീനമുറപ്പിക്കാന്‍ ചിലര്‍ നടത്തിയ കുത്സിത നീക്കങ്ങള്‍ ഇസ്ലാമിന്റെ മധ്യവര്‍ത്തി സമീപനത്തിന്റെ മേന്‍മകള്‍ കണ്ടില്ലെന്നു നടിക്കുവാന്‍ പലരെയും പ്രേരിപ്പിക്കുകയുണ്ടായി. ഇക്കൂട്ടര്‍ ഇസ്ലാമിനെയും മുസ്ലിം ലോകത്തെയും കുറിച്ചുള്ള തെറ്റുധാരണകളെ പ്രോത്സാഹിപ്പിക്കുകയും സിയോണിസ്റ് അജണ്ടകളില്‍ ഊന്നിയുള്ള പ്രചരണങ്ങളെ പിന്തുണക്കുകയുമാണ് ഫലത്തില്‍ ചെയ്യുന്നത്.

"ഒരു യുക്തിവാദിയാണെങ്കിലും ഞാന്‍ യേശുവിനെ അതിയായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കുരിശില്‍ നമുക്ക് ത്യാഗത്തിന്റെ പ്രതീകം കാണാം. എന്നാല്‍ മുഹമ്മദിന്റെ ചരിത്രം നേരെ വിപരീതമാണ്'' എന്ന് പറയുന്ന കലാനാഥന്‍ ഇസ്ലാമിന്റെ പേരില്‍ അറിയപ്പെടുന്ന ഭീകരവാദപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം മുഹമ്മദ് നബിയില്‍ ചാര്‍ത്തുവാന്‍ ശ്രമിക്കുന്നത് ലളിതമായി പറഞ്ഞാല്‍ കടുത്ത അനീതിയാണ്. ക്രൈസ്തവസംഘടനകള്‍ നടത്തുന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്തം എന്തുകൊണ്ട് യേശുവില്‍ കെട്ടിവെക്കുന്നില്ല?

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവ മിഷണറിമാര്‍ സ്പോണ്‍സര്‍ ചെയ്തതും ചെയ്യുന്നതുമായ ഭീകരവാദം കലാനാഥന്‍ അറിയുന്നില്ലേ? ഫിലിപ്പെന്‍സ്, ഉറുഗ്വോ, മനില, ഗ്വാട്ടിമാല, ബ്രസീല്‍, ക്യൂബ, അല്‍ജീരിയ, സുഡാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിരവധി ക്രൈസ്തവ ഭീകരവാദ സംഘടനകള്‍ സജീവമായി പ്രവര്‍ത്തിച്ചു വരുന്നുണ്ട്. മിഷണറി പ്രവര്‍ത്തനത്തിന്റെ മറപിടിച്ച് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ക്രൈസ്തവര്‍ നടത്തുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍, നിര്‍ബന്ധിത മതംമാറ്റം, മുസ്ലിം ആരാധനാലയങ്ങള്‍ക്കും തദ്ദേശിയ വിശ്വാസങ്ങള്‍ക്കുമെതിരായ കടന്നാക്രമണങ്ങള്‍ എന്നിങ്ങനെ പല രൂപഭാവങ്ങളുള്ളവയാണ്. ലക്ഷക്കണക്കിന് മനുഷ്യരുടെ മരണത്തിനിടയാക്കിയ സുഡാനിലെ കലാപങ്ങളില്‍ ആക്രമണകാരികളെ പിന്തുണക്കുവാന്‍ കത്തോലിക്കാസഭയും, പ്രൊട്ടസ്റന്റ് സഭയും അഭിപ്രായഭിന്നതകള്‍ മറന്നു സഹകരിക്കുകയുണ്ടായി. ബോസ്നിയയിലെ സെര്‍ബ് ക്രിസ്ത്യാനികളാല്‍ മാനഭംഗത്തിനിരയാകാത്ത മുസ്ലിം സ്ത്രീകള്‍ ഇല്ലെന്നു തന്നെ പറയാം. ഗര്‍ഭിണിയായ മുസ്ലം സ്ത്രീയെ ജീവനോടെ പിടിച്ചുവെച്ച് വയറുകീറി കുഞ്ഞിനെ പുറത്തെടുത്ത് ജീവനുള്ള പൂച്ചയെ വയറ്റിനുള്ളിലിട്ട് തുന്നിക്കൂട്ടിയ പൈശാചികത അരങ്ങേറിയത് ബോസ്നിയയിലാണ്. ദൈവരാജ്യം സ്ഥാപിക്കാനുള്ള കര്‍ത്താവിന്റെ കുഞ്ഞാടുകളൂടെ ഇത്തരം നരനായാട്ടിന്റെ ഉത്തരവാദിത്തം 'യേശുഭക്ത'നായ കലാനാഥന്‍ ആരില്‍ ചാര്‍ത്തും? അല്‍ബേനിയയിലും, ബോസ്നിയയിലും കൂട്ടക്കൊലനടത്തുവാന്‍ ആളും അര്‍ഥവും നല്‍കി സഹായിച്ച ബ്രസീലിലെ കരിസ്മാറ്റിക്ക് പ്രസ്ഥാനങ്ങള്‍ നടത്തിയ ഭീകരപ്രവര്‍ത്തനങ്ങള്‍ പാശ്ചാത്യമാധ്യമങ്ങളില്‍ നിന്നു മറച്ചുപിടിക്കപ്പെടുകതന്നെ ചെയ്തു. ഇതില്‍ നിന്നെല്ലാം ഉരുത്തിരിയുന്നത് ഭീകരവാദം ഇസ്ലാമിന്റെ മാത്രം ഉല്‍പന്നമാണ് എന്ന് വരുത്തിത്തീര്‍ക്കുന്നതില്‍ സിയോണിസ്റുകളും ക്രൈസ്തവ സാമ്രാജ്യത്വ ശക്തികളും പരസ്പരം സഹകരിക്കുന്നുണ്ട് എന്നു തന്നെയാണ്.

മതവും രാഷ്ട്രീയവുമായി കെട്ടുപിണഞ്ഞു കിടക്കുന്ന സാമ്രാജ്യത്വ താല്‍പര്യങ്ങള്‍ അതിവിപുലങ്ങളാണ്. ലോകം മുഴുവന്‍ കീഴടക്കുവാനും ലോകജനതയെ മുഴുവന്‍ സ്വന്തം കാല്‍ക്കീഴില്‍ തളച്ചിടുവാനും കൊതിക്കുന്ന ശക്തികള്‍ ഒരേ രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന അധിനിവേശ കടന്നാക്രമണങ്ങളില്‍ കാണുന്നത്. തീവ്രവാദത്തിന്റെയും, ഭീകരവാദത്തിന്റെയും പേരില്‍ മുസ്ലിം സമൂഹങ്ങളെയും, ഇസ്ലാമിനെയും നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ സജീവമായി നടന്നുകൊണ്ടിരിക്കയാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഈ ശ്രമങ്ങളെ സാധൂകരിക്കുവാന്‍ ആവശ്യമായ ഘടകങ്ങള്‍ രൂപപ്പെടുത്തി നല്‍കുന്നതില്‍, ഇസ്ലാമിന്റെ പേരില്‍ തീവ്രവാദവും ഭീകരവാദവും വിത്തിറങ്ങുന്ന ആഭ്യന്തര ശത്രുക്കള്‍ പങ്കാളികളായിത്തീരുന്ന ദൌര്‍ഭാഗ്യകരമായ കാഴ്ചയും നാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. ഭീകരതയും ഭീകരപ്രവര്‍ത്തനവും ആരോപിച്ച് ഇസ്ലാമിക സമൂഹങ്ങളെ തകര്‍ക്കുവാന്‍ അവസരം നോക്കിയിരിക്കുന്നവര്‍ സമാനമായി ചിന്തിക്കുന്നവരാണ് എന്നു അനുഭവങ്ങളില്‍ നിന്ന് വ്യക്തമായിട്ടുണ്ട്.

ഭീകരവാദത്തിന്റെ കാരണം ക്വുര്‍ആനാണെന്നു പറയുന്ന കലാനാഥന്‍ രണ്ടു സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് തെളിവായി പറയുന്നുണ്ട്. അത് സമ്മതിച്ചുകൊണ്ട് അദ്ദേഹം പറയുന്നു: "സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നുണ്ട് ക്വുര്‍ആനിനെ. ക്വുര്‍ആന്റെ ബന്ധുക്കളും അത് ചെയ്യുന്നുണ്ടല്ലോ. അത് ശീലമായപ്പേള്‍ ഞങ്ങളെപ്പോലുളളവരും ഉപയോഗിച്ച് തുടങ്ങി അത്രമാത്രം. സന്ദര്‍ഭത്തിനനുസരിച്ച് കാര്യങ്ങളെ കാണണമെന്നുള്ളത് ശരി തന്നെയാണ്''.
ഇത്രയേയുള്ളൂ യുക്തിവാദികളുടെ യുക്തിബോധം! ഇസ്ലാമിനെ ഇകഴ്ത്തണം. അതിന് ഏതു വഴിയും സ്വീകരിക്കും. അത്രമാത്രം!
ലൌ ജിഹാദ്!

ക്രിസ്ത്യന്‍ ബിഷപ്പ് കൌണ്‍സിലിനെ വിശ്വസിച്ച് ലൌ ജിഹാദ് വിഷയത്തില്‍ പ്രതികരിച്ചതിനു ശേഷം അതില്‍ വാസ്തവമില്ലെന്നറിഞ്ഞ് അബദ്ധം സംഭവിച്ചുവെന്ന് ഏറ്റുപറഞ്ഞതിന്റെ കഥ പറയുന്ന കലാനാഥന്‍ സാര്‍ അവിടെയും തെളിയിക്കുന്നു; യുക്തിയും ബുദ്ധിയും ഉപയോഗിക്കാത്തവരാണ് യുക്തിവാദികളെന്ന്. ബിഷപ്പുമാര്‍ വിവരമുള്ളവരല്ലേയെന്നു കരുതിയാണത്രെ കലാകൌമുദിയിലെ കള്ളക്കഥ അപ്പാടെ വിശ്വസിച്ച് പ്രസ്താവനയിറക്കിയത്! കഴുകക്കണ്ണുളോടെ ഇസ്ലാമിനെ നോക്കിക്കാണുന്ന കലാകൌമുദി ഇസ്ലാമിനെ വിമര്‍ശിക്കാനുള്ള ഒരവസരവും പാഴാക്കാറില്ല എന്ന വസ്തുത യുക്തിചിന്ത കൂടിയതുകൊണ്ടായിരിക്കാം കലാനാഥന്‍ ഓര്‍ക്കാതെ പോയത്. 2866 മതപരിവര്‍ത്തന വിവാഹങ്ങള്‍ നടന്നു എന്ന കൌമുദി വാര്‍ത്തക്കു ശേഷം 2012 ജൂണ്‍ 10 ലക്കത്തില്‍ കഴുകത്തലയുടെ മുഖചിത്രവും 'കേരളത്തെ തകര്‍ക്കാന്‍ ലൌ ജിഹാദ്, മതംമാറ്റം, കള്ളപ്പണം' എന്ന തലക്കെട്ടില്‍ ഞെട്ടിക്കുന്ന വാര്‍ത്തകളും അമ്പരപ്പിക്കുന്ന കണക്കുകളുമായി സര്‍ക്കുലേഷന്‍ കൂട്ടാനുള്ള കോപ്പുമായി രംഗത്തുവന്ന കാര്യം കലാനാഥന്‍ സാര്‍ അറിയണം. നമ്മള്‍ അപ്റ്റുഡേറ്റാകണ്ടേ സര്‍? അതില്‍ 2006നുശേഷം 6129 മതംമാറ്റ കണക്കും ബ്രാഹ്മണ, നായര്‍, ഈഴവ, ക്രിസ്ത്യന്‍ എന്നിത്യാദികളില്‍ നിന്ന് മാറിയവരുടെ പ്രത്യേക കണക്കും പറയുന്നുണ്ട്. 'കേന്ദ്ര അഭ്യന്തര മന്ത്രാലയ'ത്തിന്റെ ഡസ്കിലെത്തിയതാണത്രെ പ്രസ്തുത കണക്ക്. അത് കലാകൌമുദിക്കു മാത്രമേ കിട്ടിയിട്ടുള്ളൂ എന്നു മാത്രം!

'മതപരിവര്‍ത്തനം നടത്തുവാന്‍ മുസ്ലിം പണ്ഡിതന്മാര്‍ ഏതു നീചമാര്‍ഗവും സ്വീകരിക്കും' എന്നു പറയുന്ന കലാനാഥന്‍ മനസ്സിലാക്കേണ്ട ഒരു യാഥാര്‍ഥ്യമുണ്ട്. നീചമാര്‍ഗത്തിലൂടെ നടത്താന്‍ കഴിയുന്ന ഒന്നല്ല മതപരിവര്‍ത്തനം. അതിന്റെ ആവശ്യവും ഇസ്ലാമിനില്ല. അത് ആദര്‍ശത്തിലും ജീവിതരീതികളിലും മൂല്യചിന്തകളിലുമൊക്കെയുള്ള മാറ്റമാണ്. ഇഷ്ടമുള്ളവര്‍ക്കത് സ്വീകരിക്കാം; നിരാകരിക്കാം. ഇഷ്ടമുള്ള രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിക്കാനും അത് ശരിയല്ലെന്നു തോന്നുമ്പോള്‍ ആ പാര്‍ട്ടി വിട്ട് മറ്റൊരു പാര്‍ട്ടിയില്‍ ചേക്കാറാനുമുള്ള സ്വാതന്ത്യ്രത്തെ യുക്തിവാദികള്‍ അനുകൂലിക്കുന്നില്ലേ? ഇഷ്ടമുള്ള പെണ്ണിന്റെ കൂടെ ജീവിക്കാനും മതിയെന്നു തോന്നുമ്പോള്‍ മറ്റൊരുത്തിയുടെ കൂടെ പൊറുക്കാനുമുള്ള സ്വാതന്ത്യ്രം നല്‍കുന്നവരല്ലെ യുക്തിവാദികള്‍? പിന്നെയെന്തിന് ഒരാള്‍ മതം മാറുന്നതില്‍ യുക്തിവാദികള്‍ അസഹിഷ്ണുത കാണിക്കുന്നു? അസഭ്യവാക്കുകള്‍ ചൊരിയുന്നു?! വാസ്തവത്തില്‍ ഇഷ്ടമുള്ള മതം സ്വീകരിക്കുന്നതിലല്ലേ യുക്തിയുള്ളത്?

അമര്‍ഷം പ്രവാചകനോട്!

കാരുണ്യത്തിന്റെ പ്രവാചകന്‍ വരുത്തിയ വിശ്വാസ വിപ്ളവത്തിലുള്ള അമര്‍ഷം അദ്ദേഹത്തോട് അടങ്ങാത്ത പക പ്രകടിപ്പിക്കുന്നതിലേക്ക് വിമര്‍ശകനെ നയിക്കുന്നതായി അഭിമുഖത്തിലുടനീളം വ്യക്തമാണ്! യുക്തിവാദികള്‍ പണ്ടേ പറയുന്നതാണ് മുഹമ്മദ് നബി(സ്വ)ക്ക് സ്കിസോഫ്രീനിയ എന്ന രോഗമുണ്ടായിരുന്നു, ഹല്യൂസിനേഷന്‍ ഉണ്ടായിരുന്നു എന്നതെല്ലാം. ഏറ്റവും ഉല്‍കൃഷ്ടമായ കാര്യങ്ങള്‍ പറയുക, ഉന്നതമായ തത്ത്വങ്ങള്‍ പ്രചരിപ്പിക്കുക, ഉദാത്തമായ ജീവിതമാതൃക അവലംബിക്കുക, സകലവിധ മാനവികമൂല്യങ്ങളിലും അണികളെ വാര്‍ത്തെടുക്കുക എന്നത് രോഗലക്ഷണമാണെന്നാണോ യുക്തിവാദികള്‍ പറയുന്നത്? വലിയ സഞ്ചാരിയായിരുന്ന മുഹമ്മദ് ജൂത-ക്രൈസ്തവ പണ്ഡിതന്മാരുമായി സംവാദം നടത്തി ആര്‍ജിച്ചെടുത്ത വിജ്ഞാനമാണ് ക്വുര്‍ആന്‍ എന്ന പഴയപല്ലവി കലാനാഥന്‍ ആവര്‍ത്തിക്കുകയാണ്. ജീവിതകാലം മുഴുവന്‍ സഞ്ചാരവും സംവാദവുമായി കഴിയുകയായിരുന്നോ പ്രവാചകന്‍? ഉല്‍കൃഷ്ടമായ ഒരു സൃഷ്ടി സ്വകരങ്ങളാല്‍ രചിച്ച ആരെങ്കിലും അതിന്റെ കര്‍തൃത്വം മറ്റൊരാളില്‍ ചാര്‍ത്തുമോ? പ്രത്യേകിച്ചും ഉന്നതരായ സാഹിത്യകാരന്മാരുള്ള സമൂഹത്തില്‍!
മുഹമ്മദ് നബി(സ്വ)യില്‍ നന്മ ദര്‍ശിക്കാത്ത, കരുണയുടെ അംശം കാണാത്ത യുക്തിവാദികള്‍ വിമര്‍ശകരുടേതല്ലാത്ത നബിചരിത്രം ഒരാവര്‍ത്തി വായിക്കണം. അദ്ദേഹത്തിന്റെ വചനാമൃതങ്ങള്‍ പഠിക്കണം. മുഹമ്മദ് നബി (സ്വ)പറഞ്ഞു: "ജനങ്ങളോട് കരുണ കാണിക്കാത്തവന് അല്ലാഹു കരുണ ചെയ്യില്ല'' (ബുഖാരി, മുസ്ലിം).

മക്കയില്‍ ജീവിച്ച പതിമൂന്നു വര്‍ഷക്കാലം കൊടിയ പീഡനങ്ങള്‍ സഹിക്കേണ്ടിവന്നു പ്രവാചകനും അനുയായികള്‍ക്കും. പക്ഷേ, തിരിച്ചൊന്നും ചെയ്തില്ല. വിമര്‍ശകന്‍ പറയുന്നതുപോലെ അത് ആള്‍ബലവും അധികാരവും ഇല്ലാത്തതിന്റെ പേരിലായിരുന്നില്ല. അല്ലാഹുവിന്റെ അനുമതി ലഭിക്കാത്തതിനാലായിരുന്നു. ചുമട് വീട്ടിലെത്തിക്കാന്‍ പ്രയാസപ്പെടുന്ന വൃദ്ധയുടെ ചുമട് തലയിലേറ്റി വീട്ടിലെത്തിച്ചുകൊടുത്ത പ്രവാചകന്‍(സ്വ), പിതൃവ്യനായ ഹംസയെ കൊന്ന് കരള്‍പറിച്ചെടുത്തു ചവച്ചുതുപ്പിയ വ്യക്തിക്ക് മാപ്പുകൊടുത്ത പ്രവാചകന്‍(സ്വ), ജൂതന്റെ മൃതദേഹം കൊണ്ടുപോകുന്നതു കണ്ടപ്പോള്‍ എഴുന്നേറ്റുനിന്ന തിരുദൂതന്‍... അതെ, അദ്ദേഹം കാരുണ്യത്തിന്റെ ദൂതനായിരുന്നു; ആ ദൂതനിലൂടെ അല്ലാഹു ലോകത്തിനു സമര്‍പിച്ച മതം മാനവികതയുടെ മതവും.
ധര്‍മം ചോദിച്ചുവന്ന, സംസ്കാരമെന്തെന്നറിയാത്ത ഒരു ഗ്രാമീണ അറബി പ്രവാചകന്റെ ചുമലില്‍ കിടക്കുന്ന മുണ്ടില്‍ ശക്തമായി പിടിച്ചുവലിച്ച് വേദനിപ്പിച്ചിട്ടും പുഞ്ചിരിയോടെ അയാളെ നോക്കുകയും അയാളുടെ ആവശ്യം നിറവേറ്റിക്കൊടുക്കാന്‍ കല്‍പിക്കുകയുമാണ് അദ്ദേഹം ചെയ്തത്! മാനവരാശിക്കാകമാനമുള്ള മാതൃകാപുരുഷന്റെ സ്വഭാവ വൈശിഷ്ഠ്യം! 'ഒരു ഗ്രാമീണന് ഇത്രയും ധിക്കാരമോ, അല്ലാഹുവിന്റെ ദൂതനും വിശ്വാസികളുടെ നേതാവുമായ എന്നെ അപമാനിച്ച ഈ മനുഷ്യനെ വെറുതെ വിട്ടുകൂടാ' എന്നൊന്നും ആ മഹാനുഭാവന്‍ ചിന്തിച്ചില്ല.
വിശുദ്ധ ക്വുര്‍ആനിന്റെ കല്‍പനകള്‍ കൃത്യമായും ജീവിതത്തില്‍ പകര്‍ത്തുകയായിരുന്നു അദ്ദേഹം. അല്ലാഹു പറയുന്നു:
"വിട്ടുവീഴ്ചയുടെ മാര്‍ഗം സ്വീകരിക്കുക. നല്ലത് കല്‍പിക്കുക. അവിവേകികളെ അവഗണിക്കുകയും ചെയ്യുക'' (7:195).

പ്രവാചകന്‍(സ്വ) തനിക്കുവേണ്ടി ഒരിക്കലും ഒരു കാര്യത്തിലും പ്രതികാര നടപടി സ്വീകരിച്ചിട്ടില്ല! സ്ത്രീകളെയോ ഭൃത്യരെയോ ഒരിക്കലും പ്രഹരിച്ചിട്ടില്ല!
'ഒരിക്കല്‍ ഒരു ഗ്രാമീണന്‍ പള്ളിയില്‍ മൂത്രമൊഴിച്ചു. അപ്പോള്‍ ആളുകള്‍ അദ്ദേഹത്തെ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. ഉടനെ നബി(സ്വ) പറഞ്ഞു: 'നിങ്ങള്‍ അയാളെ വിട്ടേക്കുക. അയാളുടെ മൂത്രത്തില്‍ ഒരു തൊട്ടി വെള്ളമൊഴിക്കുക. നിശ്ചയം എല്ലാം അനായാസകരമാക്കാനാണ് നിങ്ങള്‍ നിയോഗിതരായത്. പ്രയാസപൂര്‍ണമാക്കുന്നതിനല്ല''(ബുഖാരി).
അന്യമതസ്ഥരോടുള്ള നിലപാട്

സ്വന്തം ആദര്‍ശം മുറുകെപ്പിടിച്ചുകൊണ്ട് അന്യമതസ്ഥരുമായി സ്നേഹത്തിലും സൌഹാര്‍ദത്തിലും കഴിയുവാനാണ് ഇസ്ലാം കല്‍പിക്കുന്നത്. അയല്‍വാസി ഏതു മതക്കാരനാണെങ്കിലും അയാള്‍ പട്ടിണി കിടക്കുകയാണെങ്കില്‍ അയാള്‍ക്ക് ഭക്ഷണം കൊടുക്കാതെ വയര്‍നിറച്ചുണ്ണുന്നവന്‍ യഥാര്‍ഥ വിശ്വാസിയല്ല എന്നാണ് ഇസ്ലാമിന്റെ അധ്യാപനം. വിശുദ്ധ ക്വുര്‍ആന്‍ പറയുന്നു:
"മതകാര്യത്തില്‍ നിങ്ങളോട് യുദ്ധംചെയ്യാതിരിക്കുകയും, നിങ്ങളുടെ വീടുകളില്‍നിന്ന് നിങ്ങളെ പുറത്താക്കാതിരിക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം നിങ്ങള്‍ അവര്‍ക്ക് നന്മചെയ്യുന്നതില്‍ നിന്നും നിങ്ങളവരോട് നീതി കാണിക്കുന്നതില്‍ നിന്നും അല്ലാഹു നിങ്ങളെ വിലക്കുന്നില്ല. തീര്‍ച്ചയായും അല്ലാഹു നീതി പാലിക്കുന്നവരെ ഇഷ്ടപ്പെടുന്നു'' (60:8).

പരിണാമവാദം

ദൈവനിഷേധത്തിന് സൈദ്ധാന്തികമായ അടിത്തറയുണ്ടാക്കാന്‍ ശാസ്ത്രത്തെ ഉപയോഗിക്കുവാന്‍ ശ്രമിച്ചവരാണ് ഭൌതികവാദികള്‍. ശാസ്ത്രീയമായ ഗവേഷണങ്ങളെല്ലാം ദൈവാസ്തിത്വത്തിന് തെളിവു നല്‍കുകയാണെന്ന യാഥാര്‍ഥ്യം മറച്ചുവെക്കുകയും അസത്യജഢിലമായ വാദങ്ങള്‍ക്ക് ശാസ്ത്രത്തിന്റെ മുഖംമൂടിയണിയിക്കുകയും ചെയ്തുകൊണ്ടാണ് ഇവര്‍ ദൈവനിഷേധത്തെ ശാസ്ത്രവല്‍കരിക്കാന്‍ ശ്രമിക്കുന്നത്. ശാസ്ത്രത്തിന്റെ മുഖംമൂടിയണിയിക്കപ്പെട്ട ഒരു അബദ്ധ സിദ്ധാന്തം മാത്രമാണ് പരിണാമവാദമെന്ന വസ്തുത സമര്‍ഥമായി മൂടിവെക്കുകയാണ് ദൈവനിഷേധികള്‍ ചെയ്യുന്നത്. അങ്ങനെ പരിണാമവാദമുപയോഗിച്ച് ശാസ്ത്രത്തിന്റെ ലേബലില്‍ തങ്ങളുടെ പ്രത്യയശാസ്ത്ര പ്രചരണം നടത്തുവാന്‍ ദൈവനിഷേധികള്‍ക്ക് കഴിയുന്നു.

ജീവശാസ്ത്ര ലോകത്ത് ഇന്നുവരെ അംഗീകരിക്കപ്പെട്ടിട്ടില്ലാത്ത; ശാസ്ത്രത്തിന്റെ മാര്‍ഗങ്ങളുപയോഗിച്ചു കൊണ്ട് ഒരിക്കലും തെളിയിക്കുവാനാവാത്ത ഒരു കേവല സിദ്ധാന്തം മാത്രമാണ് പരിണാമവാദം. പക്ഷേ, കലാനാഥന്‍ സാറിന്റെ കണ്ണില്‍ പരിണാമവാദം 'അപ്റ്റുഡേറ്റാ'ണ്! എന്തുകൊണ്ട് പരിണാമവാദം സ്വീകരിക്കപ്പെടുന്നുവെന്ന ചോദ്യത്തിന് പരിണാമവാദിയായ സര്‍ ആര്‍തര്‍ കീത്ത് നല്‍കിയ മറുപടി ഇപ്രകാരമാണ്: 'ജീവപരിണാമം തെളിയിക്കപ്പെട്ടതല്ല; അത് ശാസ്ത്രീയമായി തെളിയിക്കുവാനും സാധ്യമല്ല. എങ്കിലും ഞങ്ങള്‍ അതില്‍ വിശ്വസിക്കുന്നു. എന്തുകൊണ്ടെന്നാല്‍ അതില്‍ വിശ്വസിച്ചില്ലെങ്കില്‍ ദൈവം സൃഷ്ടി നടത്തിയെന്ന് അംഗീകരിക്കേണ്ടതായി വരും. അത് ഞങ്ങള്‍ക്ക് ചിന്തിക്കുവാന്‍ പോലും കഴിയില്ല'.

മാനവകുലത്തിന് പരിണാമവാദം സമ്മാനിച്ച നാശനഷ്ടങ്ങളെക്കുറിച്ചും ദുരിതങ്ങളെക്കുറിച്ചും പരിണാമവാദിതന്നെയായ റോബര്‍ട്ട് റൈറ്റ് തന്റെ ദ മോറല്‍ ആനിമല്‍ എന്ന ഗ്രന്ഥത്തില്‍ പറയുന്നത് കാണുക: "പരിണാമവാദ സിദ്ധാന്തത്തിന് അത് മനുഷ്യജീവിതത്തിലും അവന്റെ വ്യവഹാരത്തിലും ഹീനവും നികൃഷ്ടവുമായ രീതിയില്‍ പ്രയോഗവത്കരിച്ചതിന്റെ നീണ്ട ചരിത്രം തന്നെയുണ്ട്. നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അത് നിരവധി രാഷ്ട്രീയ തത്ത്വശാസ്ത്രങ്ങളുമായി കൂടിക്കലര്‍ന്ന് 'സോഷ്യല്‍ ഡാര്‍വിനിസം' എന്ന അവ്യക്തമായ ഒരു തത്ത്വശാസ്ത്രത്തിന് രൂപം നല്‍കി. വര്‍ഗീയ-ഫാസിസ്റ് പ്രസ്ഥാനങ്ങള്‍ക്കും നിര്‍ദാക്ഷിണ്യരായ കുത്തക മുതലാളികള്‍ക്കും ഈ തത്ത്വശാസ്ത്രം വളരെയധികം ഉപകരിക്കുകയും ചെയ്തു'' (The original of species, Penguin: 1981, P.138)

ഡാര്‍വിനിസത്തിന്റെ ശാസ്ത്രീയ മേഖലകള്‍ അശാസ്ത്രീയതയുടെ പട്ടികയില്‍ എഴുതപ്പെട്ടുവെങ്കിലും, അതിന്റെ സാമൂഹികവശം ഉള്‍ക്കൊണ്ട് നാമ്പെടുത്ത ഇതര ഭൌതികപ്രസ്ഥാനങ്ങള്‍ ഇന്നും അവരുടെ നികൃഷ്ടതകള്‍ നിര്‍ബാധം തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. പ്രകൃതിയില്‍ നിലനില്‍ക്കുന്ന സകല ജീവജാലങ്ങളും പരസ്പരം സംഘട്ടനത്തിലാണെന്നും, ആയതിനാല്‍ അവയെല്ലാം "നിലനില്‍പിനുവേണ്ടിയുള്ള പോരാട്ടത്തി''ലാണെന്നുമുള്ള തത്ത്വം ഡാര്‍വിനിസം മുന്നോട്ടുവച്ചു. ഈ പോരാട്ടത്തില്‍ ശക്തന്‍ വിജയിക്കുകയും അശക്തന്‍ പരാജയപ്പെടുകയും ചെയ്യുന്നു. ശക്തവും ഒപ്പം നിരന്തരവുമായ പോരാട്ടത്തിലൂടെയാണ് ശക്തന്‍ അശക്തനെ അതിജയിക്കുന്നത്. ശക്തന്‍ അശക്തനെ നിരന്തര പോരാട്ടത്തിലൂടെ അതിജയിക്കുന്നതോടെ അശക്തന്‍ ഈ ഭൂമുഖത്തുനിന്നും എന്നെന്നേക്കുമായി അപ്രത്യക്ഷമാകുന്നു. സംഘട്ടനത്തിന്റെയും പോരാട്ടത്തിന്റെയും ഈ ആദര്‍ശം മുന്നോട്ടുവെക്കപ്പെട്ടതോടെ മനുഷ്യമനസ്സുകളെ ഇത് അങ്ങേയറ്റം സ്വാധീനിക്കുകയും അവന്റെ ചിന്തകളിലും പെരുമാറ്റങ്ങളിലും ഈ തത്ത്വങ്ങള്‍ പ്രയോഗവത്കരിക്കപ്പെടുകയും ചെയ്തു. ഈ പ്രായോഗവത്കരണത്തിന്റെ ജീവിക്കുന്ന ഉദാഹരണങ്ങളായിരുന്നു വ്യത്യസ്ത ഭൌതിക പ്രത്യയശാസ്ത്രങ്ങളും അവയുടെ തലപ്പത്ത് ഇരുന്നുകൊണ്ട് അധികാരത്തിന്റെ പിന്‍ബലത്തില്‍ പ്രകൃതിയിലെ 'അനിവാര്യമായ പോരാട്ടത്തില്‍ അപ്രത്യക്ഷമാകേണ്ടിയിരുന്ന' അശക്തരായ സാധാരണ ജനത്തെ കൂട്ടക്കൊലക്കു വിധേയമാക്കിയ ഏകഛത്രാധിപതികളും എന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലെ യുദ്ധവശങ്ങളെക്കുറിച്ച് ഒരാവര്‍ത്തി വായിച്ചാല്‍ ബോധ്യമാകും.

പ്രകൃതിയെന്നത് സംഘട്ടനങ്ങളുടെയും കലഹങ്ങളുടെയും രണഭൂമിയാണെന്ന ഡാര്‍വിനിസത്തിന്റെ പൊള്ളയായ വാദങ്ങള്‍ മനുഷ്യസമൂഹത്തില്‍ പ്രയോഗവത്കരിക്കാന്‍ തുടങ്ങിയതോടെ പലവിധ ക്രൂരതകളും ലോകത്ത് അരങ്ങേറിത്തുടങ്ങി. അനിവാര്യമായ സമരങ്ങളും യുദ്ധങ്ങളുമാണ് തങ്ങള്‍ നടത്തുന്നത് എന്ന് മനുഷ്യക്കുരുതിക്ക് നേതൃത്വം നല്‍കുന്ന ഇത്തരം നായകന്മാര്‍ ഡാര്‍വിനിസത്തിന്റെ അശാസ്ത്രീയവാദങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങളെ വിശ്വസിപ്പിച്ചു തുടങ്ങി. ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ഹിറ്റ്ലറും അദ്ദേഹത്തിന്റെ അവകാശവാദവും. ഈ ലോകത്തെ ഏറ്റവും ഉന്നതര്‍ ആര്യന്മാരാണ്; അവരെക്കാള്‍ ഉന്നതരായി മറ്റാരുമില്ല. മറ്റുള്ളവരെല്ലാം അവര്‍ക്കു താഴെയാണ്. ആര്യന്മാരാണ് അധികാരം കൈകാര്യം ചെയ്യേണ്ടവര്‍. അതിനാല്‍ യുദ്ധത്തിലും സംഘട്ടനത്തിലും അവരാണ് വിജയിക്കുകയും അതിജീവിക്കുകയും ചെയ്യേണ്ടവര്‍. ഡാര്‍വിനിസം സമൂഹത്തില്‍ പ്രയോഗവത്കരിക്കപ്പെട്ടതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് ഹിറ്റ്ലറുടെ ചരിത്രം നമുക്ക് വ്യക്തമാക്കിത്തരുന്നത്.

നിഷ്കാമകര്‍മം

കലാനാഥന്‍ പറയുന്നു: "പ്രതിഫലം ഇച്ഛിച്ചുകൊണ്ട് കര്‍മം ചെയ്യുക എന്നത് ദുഷ്കര്‍മമാണ്..'' എങ്കില്‍ എല്ലാ യുക്തിവാദികളും ദുഷ്കര്‍മികളല്ലേ? കൂലിപ്പണിയാണെങ്കിലും ഓഫീസ് ജോലിയാണെങ്കിലും പ്രതിഫലം ആഗ്രഹിച്ചല്ലേ യുക്തിവാദികളും ചെയ്യുന്നത്? മതവിശ്വാസികളും അങ്ങനെത്തന്നെ. എന്നാല്‍ അവര്‍ സല്‍കര്‍മങ്ങള്‍ ചെയ്യുന്നത് സൃഷ്ടികളില്‍ നിന്നുള്ള പ്രതിഫലം ആഗ്രഹിച്ചുകൊണ്ടല്ല; സ്രഷ്ടാവിന്റെ പ്രതിഫലം ആഗ്രഹിച്ചാണ്. പരസ്പര സഹായ-സഹകരണങ്ങളിലും മറ്റും അവര്‍ ആഗ്രഹിക്കുന്നത് സ്രഷ്ടാവിന്റെ പ്രീതിയും പ്രതിഫലവുമാണ്. അതുകൊണ്ട് തിരിച്ചുകിട്ടുന്നത് ഉപദ്രവമാണെങ്കിലും വിശ്വാസിക്കതില്‍ നിരാശയോ പ്രതിഫലം നഷ്ടപ്പെടുമെന്ന ചിന്തയോ ഉണ്ടാകില്ല. യുക്തിവാദികള്‍ക്കോ? 'നിഷ്കാമ കര്‍മം' പ്രയോഗത്തില്‍ കൊണ്ടുവരുവാന്‍ ഏതെങ്കിലും യുക്തിവാദിക്ക് കഴിഞ്ഞിട്ടുണ്ടോ; കഴിയുമോ?

ബിംബാരാധനയും ബലികര്‍മവും

കലാനാഥന്‍ അഭിമുഖം അവസാനിപ്പിക്കുന്നതിങ്ങനെ: "ബിംബാരാധന നിരോധിച്ച ക്വുര്‍ആന്‍ ബലി നിരോധിച്ചില്ല. എന്ത് തികഞ്ഞ വിരോധാഭാസമാണത്. തലയില്ലാത്ത ദൈവം പരലോകത്ത്; തലയുളള മനുഷ്യന്‍ ഭൂമിയില്‍ എന്ന് പറയുന്ന ക്വുര്‍ആന്‍ ആധുനിക ജനാധിപത്യലോകത്ത് വലിയൊരളവില്‍ അപ്രസക്തമാണ്.''
ബിംബാരാധനയും ബലിയും ഒരുപോലെയാണോ സാര്‍? ബിംബാരാധന ദൈവധിക്കാരമാണ്. ദൈവത്തെ നിസ്സാരമായി കാണുന്ന പ്രവര്‍ത്തനമാണ്. ബലികര്‍മം അങ്ങനെയല്ല. പരിണാമവാദിക്കെങ്ങനെ ബലികര്‍മത്തെ എതിര്‍ക്കാന്‍ കഴിയും? 'അര്‍ഹതയുള്ളത് അതിജീവിക്കുമെന്നല്ലേ' ആശാന്‍ പറഞ്ഞുവെച്ചിട്ടുള്ളത്? അല്ലാത്തവയങ്ങനെ ഇല്ലാതെയായിക്കൊണ്ടിരിക്കും. 'നിലനില്‍പിനുവേണ്ടിയുള്ള പോരാട്ട'മായി ബലിയെ കണ്ടാല്‍ പോരേ? ഇസ്ലാമിലെ ബലി വിഗ്രഹത്തിനുമുമ്പിലുള്ള ബലിപോലെയല്ല. ബലിമൃഗത്തിന്റെ മാംസം മനുഷ്യര്‍ക്ക് ഭക്ഷിക്കാനുള്ളതാണ്.

ജന്തുസ്നേഹമാണ് ബലിയെ എതിര്‍ക്കാന്‍ യുക്തിവാദികള്‍ക്ക് കാരണമെങ്കില്‍ തികഞ്ഞ 'വെജിറ്റേറിയന്‍സാ'യി അവര്‍ക്ക് ജീവിക്കേണ്ടിവരും. മീനും ചിക്കനും ബീഫുമൊക്കെ കഴിക്കുന്നവര്‍ 'ബലി' എന്ന പേരില്‍ അറുത്ത ഉരുവിന്റെ മാംസം തിന്നുന്നതിനെ എന്തിനെതിര്‍ക്കണം?
"തലയില്ലാത്ത ദൈവം പരലോകത്ത്; തലയുള്ള മനുഷ്യന്‍ ഭൂമിയില്‍'' എന്ന് ക്വുര്‍ആന്‍ പറയുന്നുണ്ടെങ്കില്‍ ആ സൂക്തം ഏത് അധ്യായത്തിലാണെന്ന് പറഞ്ഞുതന്നാല്‍ നന്നായിരുന്നു!

4 comments:

അപ്പൂട്ടൻ said...

ഇതേക്കുറിച്ച് അഭിപ്രായം പറഞ്ഞാൽ സുബൈദ മറുപടി പറയുമോ? ഇല്ലാതെ വൺവേ ട്രാഫിക്കായി ചർച്ച ചെയ്യാൻ താല്പര്യമില്ല.

പോസ്റ്റുട മറുപടി പറയുമെങ്കിൽ മാത്രം എഴുതാം. ഈ പോസ്റ്റിൽ എഴുതിയ പല കാര്യങ്ങളും ദുരുദ്ദേശ്യത്തോടെ തന്നെ വളച്ചൊടിക്കപ്പെട്ടതോ പരമാബദ്ധമോ ആണ്.

സുബൈദ said...

എന്റെ പരിമിതിയില്‍ നിന്ന് പ്രതികരിക്കാം

Manohar said...

നിങ്ങള്‍ പോവിൻ അപ്പൂട്ട, ഇവിടെ എല്ലാം വൺവേ ട്രാഫിക്കാ...

സുബൈദ said...

അപ്പുകുട്ടന്‍ചേട്ടന്‍ മുങ്ങിപോയിട്ട് നാളുകളേറേയായി മനോഹരേട്ടാ.
കണ്ടാല്‍ വിവരം പറയണം പുള്ളിയോട്