Followers

Saturday, February 9, 2013

ഫെബ്രുവരി ലക്കം സ്നേഹസംവാദം മാസിക പത്രാധിപകുറിപ്പ്

എം.എം അക്ബര്‍
എഡിറ്റോറിയല്‍
 

"ലൈംഗിക വിദ്യാഭ്യാസത്തെപ്പറ്റി ശരിക്കും ചിന്തിക്കേണ്ടതുണ്ട്. അമേരിക്കയെ നോക്കുക. അവരുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസമുണ്ട്. പക്ഷെ അവിടെ പഠിപ്പിക്കപ്പെടുന്നത് എങ്ങനെയാണ് ലൈംഗികബന്ധം ആയാസരഹിതമായി സാധ്യമാവുകയെന്നാണ്. പുകവലിയേക്കാള്‍ സാധാരണയാണ് അവിടെ നടക്കുന്ന ബലാത്സംഗങ്ങളെന്നാണ് ഒരു സര്‍വെ വ്യക്തമാക്കുന്നത്. തങ്ങളുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ലൈംഗിക വിദ്യാഭ്യാസത്തെ ഉള്‍പ്പെടുത്തിയ നാടുകളിലെല്ലാം സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുകയാണ് ചെയ്തിരിക്കുന്നത്. ശാരീരികമെന്നതിലേറെ മാനസികമാണ് ലൈംഗികാതിക്രമങ്ങള്‍. ഇന്നത്തെ ജനങ്ങള്‍ മാനസികമായി മലിനീകരിക്കപ്പെട്ടിരിക്കുന്നുവെന്നതിനാലാണിത്. വിദ്യാലയങ്ങളില്‍ വെച്ച് ആവശ്യമായ ധാര്‍മിക വിദ്യാഭ്യാസം നല്‍കുന്നതില്‍ നാം പരാജയപ്പെട്ടിരിക്കുന്നു. ടെലിവിഷന്‍ സീരിയലുകള്‍ വിവാഹേതരരതിയും വിവാഹപൂര്‍വരതിയും പച്ചയായി അവതരിപ്പിക്കന്നു. ആരും അതിനെ എതിര്‍ക്കുന്നില്ല. അതോടൊപ്പം തന്നെ പുതിയ തലമുറക്ക് ലൈംഗിക-അശ്ളീല സൈറ്റുകളിലേക്ക് (pornographic sites) എളുപ്പത്തില്‍ കടന്നുചെല്ലാന്‍ കഴിയുന്നു. ഇന്റര്‍നെറ്റുള്ള മൊബൈല്‍ഫോണുകള്‍ ഇക്കാര്യങ്ങളെല്ലാം എളുപ്പമാക്കിത്തീര്‍ത്തിരിക്കുന്നു.''(1)
2012 ഡിസംബര്‍ 16-ന് ഡല്‍ഹിയില്‍ നടന്ന കൂട്ടബലാത്സംഗത്തിനു ശേഷം ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന, സ്ത്രീപീഡനത്തിന്റെ കാരണങ്ങളെയും പ്രതിവിധികളെയും കുറിച്ച ചര്‍ച്ചകളില്‍ വേറിട്ട ശബ്ദമായതുകൊണ്ടാണെന്നുതോന്നുന്നു മുംബൈ പോലീസ് കമ്മീഷണര്‍ സത്യപാല്‍ സിംഗിന്റെ അഭിപ്രായപ്രകടനം മാധ്യമശ്രദ്ധ പിടിച്ചുപറ്റിയത്. പീഡനചര്‍ച്ചകളില്‍ ലൈംഗിക വിദ്യാഭ്യാസം പ്രതിചേര്‍ക്കപ്പെടുന്നത് ആദ്യമായിട്ടാണ് എന്നതിനാല്‍ പ്രതികരിച്ചവരിലും ഏറെ പുതുമുഖങ്ങളുണ്ട്. സത്യപാല്‍സിംഗ് പറഞ്ഞ വസ്തുതകളുമായി സംവേദനക്ഷമമായി സംവദിക്കുന്നതിനുപകരം ആണ്‍കോയ്മയുടെ മൂര്‍ത്തീമദ്ഭാവമായി  അദ്ദേഹത്തെ ചിത്രീകരിക്കുകയും പതിവ് ശൈലിയില്‍ ഭത്സിക്കുകയും ചെയ്യുന്ന രീതി തന്നെയാണ് മിക്ക പ്രതികരണങ്ങളിലും മുഴച്ചുകാണുന്നത്. പെണ്‍പീഡനത്തെപ്പറ്റി വിലപിക്കുകയും അതിന്റെ കാരണങ്ങള്‍ കണ്ടെത്തി ചികിത്സിക്കണമെന്ന് പറയുന്നവരെയെല്ലാം പുരുഷാധിപത്യത്തിന്റെ തൊപ്പി ധരിച്ചവരായി ചിത്രീകരിച്ച് എറിഞ്ഞു കൊല്ലുകയും ചെയ്യുകയെന്ന സൃഗാലതന്ത്രമാണ് മുതലാളിത്ത ധാര്‍മികതയുടെ കൂട്ടിക്കൊടുപ്പുകാരായ സാംസ്കാരിക ബുദ്ധിജീവികളും മാധ്യമപ്രവര്‍ത്തകരും പയറ്റുന്നതെന്നു വ്യക്തമാക്കുന്നതാണ് ഈ പ്രതികരണങ്ങളെല്ലാം.

ബലാത്സംഗങ്ങള്‍ വാര്‍ത്തയാവുമ്പോള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടേണ്ടതാണ് പെണ്‍സുരക്ഷയെന്നു തോന്നിക്കുന്നതാണ് ഡല്‍ഹി കൂട്ടബലാത്സംഗത്തിനുശേഷമുള്ള ചര്‍ച്ചകളെന്ന വസ്തുത തമസ്കരിക്കാനാണ് മാധ്യമങ്ങള്‍ക്ക് ഇഷ്ടം. സ്ത്രീകള്‍ എങ്ങനെ പരിഗണിക്കപ്പെടുന്നുവെന്നതാണ് ഒരു സംസ്കാരം എത്രത്തോളം പുരോഗമനപരവും മാനവികവുമാണെന്ന് നിര്‍ണിയിക്കുന്നത് എന്ന് പേനയുന്തുന്നവര്‍ തന്നെ സ്ത്രീപീഡനത്തിന്റെ അണിയറശില്‍പികളായിത്തീരുന്നതാണ് മാധ്യമലോകത്ത് നാം കാണുന്നത്. 'ആഗോളവത്ക്കരണം സ്ത്രീയെ ഉപയോഗിച്ച് വലിച്ചെറിയാവുന്ന ചരക്കാക്കി മാറ്റിയതെങ്ങനെ'യെന്ന് അപഗ്രഥിച്ച് ഇരകളുടെ പക്ഷത്താണ് തങ്ങളെന്ന് ആണയിടുന്ന മുത്തശ്ശിവാരിക തന്നെ ലൈംഗികതയുടെ ജനാധിപത്യവത്ക്കരണത്തിനു വേണ്ടിയും വാദിക്കുന്നത് കാണുമ്പോള്‍ എത്ര സമര്‍ഥമായാണ് ചെന്നായ ആട്ടിന്‍തോലണിയുന്നതെന്ന്, രാജഭക്തികൊണ്ട് രാജനഗ്നതയെ മറച്ചുവെക്കാനറിയാത്തവര്‍ക്കെല്ലാം മനസ്സിലാകുന്നുണ്ട്. ആറുപേര്‍ മാറിമാറി ഉപയോഗിച്ച് ശരീരക്ഷതമേറ്റതിനാല്‍ മരണത്തിന് കീഴടങ്ങേണ്ടിവന്ന പെണ്‍കുട്ടിയുടെ വേദനയെപ്പറ്റി വാചാലരാകുന്നവര്‍, ചുവന്ന തെരുവുകളില്‍ ഒരൊറ്റ ദിവസം തന്നെ നിരവധി പേരുടെ പീഡനങ്ങള്‍ക്കിരയാവുകയും എയ്ഡ്സും ഗൊണേറിയയും ബാധിച്ച് നരകിച്ച് മരിക്കേണ്ടി വരികയും ചെയ്യുന്നവരെക്കുറിച്ച് വേവലാതിപ്പെടാതിരിക്കുന്നത് അവരുടെ ഇരട്ടത്താപ്പാണെന്ന് കരുതുന്നുവെങ്കില്‍ നിങ്ങള്‍ക്ക് തെറ്റി. ഇതുരണ്ടും മുതലാളിത്തത്തിന്റെ കളികള്‍ തന്നെയാണ്. ചിലതെല്ലാം വിളിച്ചുപറയേണ്ടത് പലതും വിളിച്ചുപറയാതിരിക്കുന്നതിനുള്ള മറയും മനഃശാസ്ത്രപ്രതിരോധവുമാണെന്ന് കൃത്യമായി അറിയാവുന്നവരാണല്ലോ ഇതിനെല്ലാം പിന്നിലുള്ള ചരടുവലിക്കാര്‍. ബലാത്സംഗത്തെ പ്രശ്നവത്ക്കരിക്കുകയും ലൈംഗികതൊഴിലിനുനേരെ മൃദുല സമീപനം സ്വീകരിക്കുകയും ചെയ്യുന്നവര്‍ ലൈംഗിക തൊഴിലാളികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടി പരിശ്രമിക്കുന്ന, ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രജ്ജ്വല എന്ന സംഘടനയുടെ സ്ഥാപക സുനിതാ കൃഷ്ണന്റെ ഇന്റര്‍വ്യൂവിനെങ്കിലും ഒന്നു ചെവി കൊടുക്കട്ടെ.

"സംസാരിച്ച് തീരാന്‍ നേരം സുനിതാ കൃഷ്ണന്‍ ലാപ്ടോപ്പില്‍ ഒരു ഫോട്ടോ കാണിച്ചു. പിങ്ക് നിറത്തിലുള്ള ഉടുപ്പിട്ട ഒരാളുടെ. അത് ഒരു പെണ്‍കുട്ടിയാണെന്ന് അവര്‍ പറഞ്ഞപ്പോഴാണ് മനസ്സിലായത്. പുറത്തേക്ക് തള്ളിനില്‍ക്കുന്ന വലിയ കണ്ണുകള്‍കൊണ്ട് ആ പെണ്‍കുട്ടി വല്ലാത്തൊരു നോട്ടം നോക്കുന്നു. കവിളുകളില്‍ തൊലി മാത്രമെയുള്ളൂ. ആ പെണ്‍കുട്ടിയുടെ ആ നിമിഷത്തിനും മരണത്തിനും ഇടയ്ക്ക് അഞ്ച് മിനിട്ടാണ് ദൂരം. മരിക്കാന്‍ കാത്തുകിടക്കുമ്പോഴും തറയ്ക്കുന്ന നോട്ടം. പതിമൂന്നാമത്തെ വയസ്സില്‍ ലൈംഗികവിപണിയിലേക്ക് കൂട്ടിക്കൊടുക്കപ്പെട്ട കുട്ടി. പതിനാറാമത്തെ വയസ്സില്‍ സുനിതാ കൃഷ്ണന്‍ അവളെ രക്ഷപ്പെടുത്തി. എച്ച്.ഐ.വി പോസിറ്റീവായിരുന്ന അവള്‍ 19ാമത്തെ വയസ്സില്‍ മരിച്ചു. മരിക്കുന്ന അന്ന് അവള്‍ സുനിതയെ കാണണമെന്ന് പറഞ്ഞു. അവസാന ആഗ്രഹമെന്ന നിലയില്‍ അവര്‍ ചെന്നു. എന്റെ ഒരു ഫോട്ടോയെടുക്കുമോ എന്ന് അവള്‍ സുനിതയോട് ചോദിച്ചു. മൊബൈല്‍ ഫോണില്‍ സുനിത ഫോട്ടോയെടുത്തു. എന്തിനാണ് ഫോട്ടോയെടുക്കാന്‍ പറഞ്ഞത് എന്ന് ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു: "പല സ്ഥലത്തും ക്ളാസെടുക്കാനും പ്രസംഗിക്കാനുമൊക്കെ പോകുന്നതല്ലേ? അപ്പോള്‍ എന്റെ ഈ ഫോട്ടോ കാണിക്കണം. എന്നിട്ട് പറയണം എന്താണ് ബലാത്സംഗമെന്നും ലൈംഗിക കച്ചവടമെന്നും.''


തന്റെ രൂപത്തെ ഇതുപോലെ അവള്‍ കണ്ണാടിയില്‍ കണ്ടിട്ടുണ്ടാവുമോ എന്ന് അറിയില്ല. പക്ഷേ കാമം സ്ഖലിച്ചുതീര്‍ക്കാന്‍ പെണ്‍ശരീരത്തെത്തേടി ചന്തയിലെത്തുന്ന പൊതുബോധമനസ്സ് 19ാമത്തെ വയസ്സില്‍ എച്ച്.ഐ.വി പോസിറ്റീവായി മരിച്ചുപോയ ഈ പെണ്‍കുട്ടിയെ ഓര്‍ക്കണം. പുരുഷന്റെ അധികാരവും കാമവും കാണിക്കാന്‍ വേണ്ടി ഇരയാക്കപ്പെടുന്ന കോടിക്കണക്കിന് പെണ്‍കുട്ടികള്‍ക്കും ഇതേ തറയ്ക്കുന്ന നോട്ടമാണ്."(2)

ലോകത്തെ ഏറ്റവുമധികം ബലാത്സംഗങ്ങള്‍ നടക്കുന്നത് ലൈംഗികതയെ ഉദാരവത്ക്കരിക്കുവാന്‍ പരമാവധി പരിശ്രമിക്കുന്ന, മുതലാളിത്തത്തിന്റെ ഉരുക്കുകോട്ടയായ അമേരിക്കയിലാണെന്ന വസ്തുത സെക്സിന്റെ ജനാധിപത്യവത്ക്കരണത്തിനുവേണ്ടി വാദിക്കുന്നവരുടെയെല്ലാം കണ്ണു തുറപ്പിക്കേണ്ടതാണ്. അമേരിക്കയില്‍ ഓരോ മൂന്നു മിനിറ്റിലും ഒരു സ്ത്രീ ബലാത്സംഗം ചെയ്യപ്പെടുന്നുണ്ട് എന്നതാണ് കണക്ക്.(3) 2005ല്‍ മാത്രം 1,91,670 ബലാത്സംഗ-ലൈംഗികാതിക്രമങ്ങളുടെ ഇരകളുണ്ടായിട്ടുണ്ടെന്നതാണ് അമേരിക്കന്‍ നീതിന്യായവ്യവസ്ഥയുടെ ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നത്.(4) 2009ല്‍ ഇത് 1,25,920 ആയി കുറഞ്ഞുവെങ്കിലും 2010ല്‍ വീണ്ടും 1,88,380 ആയി വര്‍ധിക്കുകയാണുണ്ടായത്.(5) ആവശ്യമുള്ളവര്‍ക്ക് ആവശ്യമുള്ള രീതിയില്‍ ആവശ്യമുള്ളത്ര ലൈംഗികത ആസ്വദിക്കുന്നതിനുള്ള അവസരമുണ്ടാവുകയെന്ന സെക്സിന്റെ ജനാധിപത്യവത്ക്കരണം സാധ്യമായാല്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയാനാകുമെന്ന് വാദിക്കുന്നവര്‍ കാണാന്‍ മടിക്കുന്ന കണക്കുകളാണിവ. ഏതു തരത്തിലുമുള്ള ലൈംഗികതയും വില കൊടുത്തു വാങ്ങാവുന്ന അമേരിക്കയിലെന്തുകൊണ്ട് സ്ത്രീപീഡനങ്ങള്‍ വര്‍ധിച്ചുവരുന്നുവെന്ന് മനസ്സിലാക്കാന്‍ മുതലാളിത്തം നല്‍കിയ കണ്ണടകളിലൂടെ ലോകത്തെ നോക്കിക്കാണുന്നവര്‍ക്ക് കഴിയില്ല. മുതലാളിത്ത സിദ്ധാന്തങ്ങളുടെയും സ്വതന്ത്ര വിപണീ മാര്‍ക്കറ്റിന്റെയും സ്വാഭാവികതയാണ് നാരിമാര്‍ക്ക് നേരെയുള്ള കടന്നാക്രമണങ്ങളെന്ന് മനസ്സിലാകണമെങ്കില്‍ അത് നല്‍കുന്ന തലച്ചോറുകളില്‍നിന്ന് മാറിനിന്ന് ചിന്തിക്കുവാനാകണം. അങ്ങനെ ചിന്തിക്കുമ്പോഴാണ് മാനവികവും ജനാധിപത്യപരവുമെന്ന് കൊട്ടിഘോഷിക്കപ്പെടുന്ന സ്വതന്ത്രവിപണി എത്രത്തോളം പെണ്‍വിരുദ്ധവും മാനവികവിരുദ്ധവുമാണെന്ന് മനസ്സിലാവു.

'സ്വതന്ത്രവിപണി' പുറത്തുനിന്നുള്ള നിയന്ത്രണങ്ങളോ നിയമങ്ങളോ അംഗീകരിക്കുന്നില്ല. ലാഭമുണ്ടാക്കുന്നതെല്ലാം അതിന്ന് 'ചരക്കാ'ണ്; 'ഗുണപരമായ വേര്‍തിരിവുകളില്ലാതെ വിപണിയില്‍ വിതരണം ചെയ്യപ്പെടുന്നതും ആവശ്യക്കാരുള്ളതുമായ സാധനമാണ് ചരക്ക്' (commodity) എന്നാണ് സാമ്പത്തികശാസ്ത്രത്തിന്റെ നിര്‍വ്വചനം. മദ്യവും മയക്കുമരുന്നുകളും രതിയുമെല്ലാം ഈ നിര്‍വ്വചനപ്രകാരം ചരക്കുകളാണ്. ഇവയ്ക്ക് നിലനില്‍ക്കുവാന്‍ അവകാശമുണ്ട്; മാന്യമായ അവകാശം! അതുകൊണ്ടാണ് അഭിസാരിക (prostitute) എന്ന് വിളിക്കുന്നതിനു പകരം ലൈംഗികത്തൊഴിലാളി (sex worker) എന്നു തന്നെ വിളിക്കണമെന്ന് സ്വതന്ത്രവിപണിയുടെ വക്താക്കള്‍ ശാഠ്യം പിടിക്കുന്നത്. ലൈംഗികത വില്‍ക്കുകയും വാങ്ങുകയും പുനര്‍വില്‍പന നടത്തുകയുമെല്ലാം ചെയ്യേണ്ട ഒരു വ്യവസായമാണെന്നാണ് അവരുടെ കാഴ്ചപ്പാട്. പ്രസ്തുത വ്യവസായം വഴി കോടികളുടെ വിനിമയങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ലൈംഗിക വ്യവസായത്തിലെ (sex industry) തൊഴിലാളികളാണ് സ്വതന്ത്രവിപണിയുടെ വീക്ഷണത്തില്‍ ലൈംഗികത്തൊഴിലാളികള്‍. രതിവില്‍ക്കുന്നവരും (prostitute), കൂടെ നടന്ന് രതിസുഖം നല്‍കുന്നവരും (escorts) പരപീഡേച്ഛയില്‍ അധിഷ്ഠിതമായ ലൈംഗികസംതൃപ്തിക്ക് ഉപയോഗിക്കുന്നവരും (domnatrices) കാഴ്ചയിലൂടെ ലൈംഗികാഭിനിവേശമുണ്ടാക്കുന്നതിനു വേണ്ടിയുള്ള ചിത്രമെടുക്കാനും അഭിനയിക്കുവാനും സന്നദ്ധരാകുന്നവരും (pronography) എല്ലാം ലൈംഗികത്തൊഴിലാളികളാണ്. കോടിക്കണക്കിന് ഡോളറുകളാണ് ഈ വ്യവസായം വഴി ക്രയവിക്രയം ചെയ്യപ്പെടുന്നത്.അമേരിക്കയില്‍ നൊവാഡാ സ്റേറ്റിലെ ലാസ് വേഗാസ് നഗരത്തിലേക്ക് കയറുമ്പോള്‍ തന്നെ 'പാപനഗരത്തിലേക്ക് സ്വാഗതം' (Welcome to Sincity) എന്ന കൂറ്റന്‍ നിയോണ്‍ ബോര്‍ഡാണ് ഒരാളെ സ്വാഗതം ചെയ്യുന്നത്. എല്ലാ തിന്‍മകളും അതിന്റെ പൂര്‍ണവും നഗ്നവുമായ രീതിയില്‍ നടമാടുന്ന പാപനഗരം! പൂര്‍ണ നഗ്നനൃത്തം നടക്കുന്ന 31 ക്ളബ്ബുകള്‍! നഗ്നതാ വിനോദങ്ങളിലൂടെ മാത്രം എണ്ണൂറുകോടി ഡോളര്‍ വരുമാനം! രണ്ടു ഡസനിലധികം ചൂതാട്ടകേന്ദ്രങ്ങള്‍! അവിടെ നടക്കുന്നത് കോടിക്കണക്കിന് ഡോളറിന്റെ ചൂതാട്ടം. രതിയെയും ചൂതാട്ടത്തെയും ചൂടുപിടിപ്പിക്കുവാന്‍ മദ്യത്തിന് പകുതി വിലമാത്രം! പാപനഗരത്തില്‍ ഒരു വര്‍ഷമെത്തുന്ന സന്ദര്‍ശകര്‍ നാലുകോടി! പാപങ്ങള്‍ക്ക് വേണ്ടിമാത്രം ഒരു നഗരമുണ്ടാക്കുവാന്‍ മുതലാളിത്ത സ്വതന്ത്രവിപണിക്കു മാത്രമേ കഴിയൂ.

എങ്ങനെയും പണമുണ്ടാക്കുകയെന്ന സംസ്കാരത്തില്‍ ലൈംഗികസുഖം കച്ചവടചരക്കാകുമ്പോള്‍ സുഖം പണം കൊടുത്ത് വാങ്ങുവാന്‍ മനഃശാസ്ത്രപരമായി അസാധ്യമായ സ്ത്രീ അവമതിക്കപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യുകയാണെന്ന വസ്തുത ലോകത്തെവിടെയുമുള്ള സ്ത്രീപ്രശ്നങ്ങളെ വിറ്റ് പണമുണ്ടാക്കുന്ന മീഡിയ മറച്ചുവെക്കുന്നു. മറ്റു നാടുകളെയും തങ്ങളുടെ രതിസുഖത്തിന് പറ്റിയ രീതിയില്‍ പരിവര്‍ത്തിപ്പിക്കുവാനായി സെക്സ് ടൂറിസത്തിന്റെ അനന്തസാധ്യതകളെക്കുറിച്ച് സ്വതന്ത്രവിപണിയുടെ വക്താക്കള്‍ വാചാലരാകുന്നു. അവരുടെ ത്രസിപ്പിക്കുന്ന കണക്കുകള്‍ മൂന്നാം ലോകത്തിലേക്ക് മീഡിയ കയറ്റുമതി ചെയ്യുമ്പോള്‍ അതു കണ്ട് അവിടെയുള്ള ഭരണാധികാരികളുടെ കണ്ണു തള്ളുന്നു. അവിടുത്തെ ജനങ്ങളെ സെക്സ് ടൂറിസത്തിന് പറ്റിയ രീതിയില്‍ മസ്തിഷ്കപ്രക്ഷാളനം ചെയ്യാന്‍ 'യുനെസ്കോ' വഴി ലൈംഗിക വിദ്യാഭ്യാസം സാര്‍വ്വത്രികമാക്കുന്നു. എല്ലായിടത്തു നിന്നും യഥേഷ്ടം സുഖം ആസ്വദിക്കുവാന്‍ ഇതുവഴി മുതലാളിമാര്‍ക്ക് വഴി തുറക്കുന്നു. 1993ലെ കണക്കുകള്‍ പ്രകാരം ഇന്തോനേഷ്യയില്‍ രണ്ടര ലക്ഷത്തോളം ലൈംഗികത്തൊഴിലാളികളുണ്ട്. മലേഷ്യയില്‍ ഇത് ഒന്നര ലക്ഷത്തോളവും ഫിലിപ്പീന്‍സില്‍ ആറു ലക്ഷത്തോളവുമാണ്. തായ്ലന്റില്‍ ഇവരുടെ എണ്ണം മൂന്ന് ലക്ഷത്തോളം വരുമെന്നാണ് കണക്ക്. 1993-95 ല്‍ മാത്രം തായ്ലാന്റിന് 2700 കോടി ഡോളറാണത്രെ ലൈംഗികവ്യവസായം വഴി ലഭിച്ചത്!(6)

രതിവ്യവസായത്തെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പ് ലേഖകന്റെ നിരീക്ഷണങ്ങള്‍ ഇതോട് ചേര്‍ത്തുവായിക്കേണ്ടതാണ്. "ലോകത്തില്‍ ഇന്നേറ്റവുമധികം വിറ്റഴിക്കപ്പെടുന്ന ചരക്കുകളിലൊന്നാണ് പെണ്ണുടല്‍. ആസൂത്രിതവും സംഘടിതവുമായ നിലയില്‍ ആഗോളതലത്തിലരങ്ങേറുന്ന ഈ വ്യവസായം മറ്റേതൊരു വ്യവസായത്തെപ്പോലെയും അതിന്റെ നടത്തിപ്പുകാരുടെ ലാഭത്തിനുവേണ്ടിയാണ് രൂപപ്പെടുത്തിയിട്ടുള്ളതും നിലനില്‍ക്കുന്നതും.

സ്ത്രീ-പുരുഷ ബന്ധത്തിലെ ഉദാത്തവും ആഹ്ളാദകരവുമായ ലൈംഗികത രതിവ്യവസായമായി രൂപാന്തരപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സ്ത്രീകള്‍ക്കുനേരെയുള്ള നിഷ്ഠൂരമായ അതിക്രമങ്ങളെ മനസ്സിലാക്കേണ്ടത്. ഡല്‍ഹിയില്‍ അതിക്രൂരമായ ലൈംഗികാക്രമണത്തിനുശേഷം കൊല്ലപ്പെട്ട പെണ്‍കുട്ടി ആഗോളതലത്തില്‍ അരങ്ങേറുന്ന ഈ പ്രക്രിയയുടെ ഇരയാണ്. പുരുഷാധിപത്യവ്യവസ്ഥ നൂറ്റാണ്ടുകളായി സ്ത്രീകളുടെമേല്‍ സ്ഥാപിച്ചെടുത്ത അധീശത്വം മുതലാളിത്ത ചൂഷണവുമായി പങ്കുചേരുന്നതിന്റെ ഭൂമികയിലാണ് രതിവ്യവസായത്തിന്റെ വാസ്തുഘടന നിലനില്‍ക്കുന്നത്. ലൈംഗികാനുഭൂതിയെ നിര്‍ണയിക്കുന്ന സങ്കീര്‍ണമായ മാനസികവും സാംസ്കാരികവുമായ സവിശേഷതകളും വൈയക്തികമായ ഇഷ്ടാനിഷ്ടങ്ങളുമെല്ലാം രതിവ്യവസായ വിപണിയുടെ അതിപ്രസരം അതിന്റെ നിലനില്‍പ്പിനുവേണ്ടി ഉപയോഗപ്പെടുത്തുന്നതിന്റെ കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

സാംസ്കാരികവും മാനസികവും ജീവശാസ്ത്രപരവുമായ തലങ്ങളില്‍ നിന്നുകൊണ്ടുമാത്രം ലൈംഗികതയും സ്ത്രീകളുടെ മേലുള്ള മര്‍ദനാധിപത്യങ്ങളും എങ്ങനെയാണ് രൂപം കൊള്ളുന്നതെന്ന് മനസ്സിലാക്കാനാവില്ല. രതിവ്യവസായത്തെ നിലനിര്‍ത്തുന്ന സാമ്പത്തിക, രാഷ്ട്രീയ സംവിധാനത്തെ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. ആഗോളതലത്തില്‍ ഏതാണ്ട് 700 കോടി ഡോളറിന്റെ വിപണിയാണ് രതിവ്യവസായം. ഏറ്റവും കുറഞ്ഞത് 12.3 ദശലക്ഷം പേരെ രതിവ്യവസായത്തിനുവേണ്ടി വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നു. കൊല്ലംതോറും 20 ലക്ഷം കുട്ടികള്‍ ലൈംഗികവിപണിയില്‍ എത്തപ്പെടുന്നു. ലോക വ്യാപകമായി നടത്തുന്ന മനുഷ്യക്കടത്തില്‍ പത്തില്‍ എട്ടുപേരും ലൈംഗികവിപണിക്കുവേണ്ടി വിനിമയം ചെയ്യപ്പെട്ടവരാണ്. ലൈംഗിക ചൂഷണത്തിനുവേണ്ടിയുള്ള മനുഷ്യക്കടത്തില്‍ 98 ശതമാനം പേരും സ്ത്രീകളും കുട്ടികളുമാണ്. ഇതെല്ലാം 2005ലെ കണക്കുകളാണ്. അതിനുശേഷമുള്ള കാലം സ്ഥിതിഗതികള്‍ കൂടുതല്‍ വഷളായതല്ലാതെ നന്നായതായി ആരുംതന്നെ അവകാശപ്പെടുന്നില്ല.

ചൂഷണത്തിലധിഷ്ഠിതമായ മുതലാളിത്തവും പുരുഷാധിപത്യവും ബന്ധപ്പെട്ട് നിലനില്‍ക്കുന്ന അസമത്വങ്ങളാണ് രതിവ്യവസായത്തിന്റെ ഭൌതികാടിത്തറ. ആഗോളതലത്തില്‍ രതിവ്യവസായത്തിന്റെ പ്രധാനകേന്ദ്രങ്ങളായ പ്രദേശങ്ങളുടെ ചരിത്രം ഇതിനുള്ള തെളിവാണ്. തെക്കുകിഴക്കനേഷ്യന്‍ രാജ്യങ്ങളായ തായ്ലന്റ്, ഇന്‍ഡൊനീഷ്യ, ഫിലിപ്പൈന്‍സ് എന്നിവിടങ്ങളില്‍ രൂപപ്പെട്ട രതിവ്യവസായവും സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ചയെ തുടര്‍ന്ന് ഉടലെടുത്ത ലൈംഗികവിപണിയും ഈ നിഗമനത്തെ ശരിവക്കുന്നതാണ്. ഇന്ത്യയെപോലുള്ള രാജ്യങ്ങളില്‍ അത്ര സംഘടിതമല്ലെങ്കിലും സമാനമായ തരത്തിലുള്ള ലൈംഗികവിപണിയുടെ വളര്‍ച്ച സമീപകാലങ്ങളില്‍ ദര്‍ശിക്കാവുന്നതാണ്. ലൈംഗികവിപണിയുമായി ബന്ധപ്പെട്ട പരസ്യങ്ങള്‍ ശ്രദ്ധിച്ചാല്‍തന്നെ ആഗോളതലത്തില്‍ സംഘടിതമായി നടക്കുന്ന രതിവ്യവസായവുമായി ഇവിടുത്തെ വിപണിയും കണ്ണിചേരുന്നതിന്റെ സൂക്ഷ്മചലനങ്ങള്‍ കണ്ടെത്താനാവും.


ഏറ്റവുമധികം ലാഭം നേടിത്തരുന്ന ഒന്നാണ് ലൈംഗികവ്യവസായം. കൊളോണിയല്‍ കാലഘട്ടത്തിന് മുന്‍പ് നടന്ന അടിമവ്യാപാരത്തിന്റെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ രൂപമാണ് പെണ്ണുടലിന്റെ വിപണനം. ആഫ്രിക്കയില്‍നിന്നുള്ള അടിമയെ കച്ചവടം ചെയ്യുന്നതില്‍നിന്നും ലഭിച്ചിരുന്ന ലാഭത്തിന്റെ മൂന്നിരട്ടിയാണ് ലൈംഗികവിപണിയിലെത്തിക്കുന്ന സ്ത്രീകളില്‍നിന്നും ലഭിക്കുന്നതെന്ന് ഈ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. പാശ്ചാത്യനാടുകളിലെ ദല്ലാളുകള്‍ പഴയ സോവിയറ്റ് റിപ്പബ്ളിക്കുകളില്‍നിന്നുള്ള പെണ്‍കുട്ടികളെ ചുരുങ്ങിയ വിലയ്ക്ക് വാങ്ങി വന്‍തോതില്‍ ലാഭമുണ്ടാക്കുന്ന ലൈംഗിക അടിമകളായി നിലനിര്‍ത്തുന്നതിന്റെ നിരവധി വിവരണങ്ങള്‍ ഇന്ന് ലഭ്യമാണ്. ജര്‍മനിയില്‍ ഒരു പിമ്പ് അല്ലെങ്കില്‍ പെണ്‍കടത്തുകാരന്‍ മൂവായിരം മുതല്‍ മുപ്പതിനായിരം ഡോളര്‍വരെ ചെലവഴിച്ചാണ് ഈ രാജ്യങ്ങളില്‍നിന്നുള്ള ഒരു പെണ്‍കുട്ടിയെ വിലയ്ക്കുവാങ്ങുന്നത്. ഈ തുക പെണ്‍കുട്ടിയുടെ ഋണബാധ്യതയാണ്. ഈ കടം വീട്ടിക്കഴിഞ്ഞുകഴിഞ്ഞാലും പെണ്‍കുട്ടി സമ്പാദിക്കുന്നതിന്റെ 50 മുതല്‍ 75 ശതമാനം വരെ ദല്ലാളിനുതന്നെ കൊടുക്കേണ്ടി വരും. ലൈംഗിക വിപണിയിലേക്ക് വലിച്ചെറിയപ്പെട്ട പെണ്‍കുട്ടികളെ ഏതാണ്ട് എല്ലാ നാട്ടിലും കണ്ടെത്താനാവുമെങ്കിലും സംഘടിതമായ ഈ വ്യവസായത്തിന്റെ പ്രഭവകേന്ദ്രങ്ങള്‍ ലൈംഗികത്തൊഴിലിന് നിയമസാധുതയുള്ള രാജ്യങ്ങളോ അല്ലെങ്കില്‍ അതിനെതിരെ ദുര്‍ബലമായ നിയമനടപടികള്‍ നിലനില്‍ക്കുന്ന രാജ്യങ്ങളോ ആണ്.


രതിവ്യവസായത്തെക്കുറിച്ചുള്ള പഠനങ്ങളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഒരു വസ്തുത മുന്‍നിരരാജ്യങ്ങള്‍ എന്ന് വിളിക്കപ്പെടുന്നവ ഇതില്‍ വഹിക്കുന്ന പങ്കാണ്. ഈ പഠനങ്ങള്‍ ശ്രദ്ധയൂന്നുന്നത് ലൈംഗികവൃത്തി തൊഴിലായി സ്വീകരിക്കാന്‍ നിര്‍ബന്ധിതരായ ഹതഭാഗ്യരുടെ രാജ്യങ്ങളുടെ അവസ്ഥയാണ്. സോഷ്യലിസത്തിന്റെ പേരില്‍ നിലനിന്ന ഭീകരമായ അധികാരസംവിധാനങ്ങള്‍ തകര്‍ന്നടിഞ്ഞതോടെ സാമൂഹികസംവിധാനം മൊത്തം തകരുന്നതിന്റെ രേഖാചിത്രങ്ങളാണ് സോവിയറ്റ് യൂണിയനില്‍നിന്നും അതിന്റെ പാര്‍ശ്വവര്‍ത്തികളായി നിലനിന്നിരുന്ന രാജ്യങ്ങളില്‍നിന്നും ലൈംഗിക വിപണിയിലേക്ക് വലിച്ചെറിയപ്പെടുന്ന സ്ത്രീകളുടെ അവസ്ഥ വെളിപ്പെടുത്തുന്നത്. കേരളത്തില്‍നിന്നും ഗള്‍ഫിലേക്ക് തൊഴിലന്വേഷിച്ച് പോകുന്നതിന് സമാനമാണ് ഈ രാജ്യങ്ങളില്‍നിന്നുള്ള പെണ്‍കുട്ടികളെ യൂറോപ്പിലെ ലൈംഗികവിപണികളില്‍ എത്തിക്കുന്ന പ്രക്രിയ. ഗള്‍ഫിലെ തൊഴിലുടമ മലയാളി കുടിയേറ്റക്കാരന്റെ പാസ്പോര്‍ട്ടും മറ്റും കൈവശം വെക്കുന്നതുപോലെ ഈ പെണ്‍കുട്ടികളുടെ പാസ്പോര്‍ട്ടും മറ്റ് യാത്രാരേഖകളും ദല്ലാളുകള്‍ കൈക്കലാക്കുന്നു. ഒരു തരത്തിലും രക്ഷപ്പെടാനാകാത്ത ഒരു കെണിയിലാണ് ഇവര്‍ പെട്ടുപോകുന്നത്. വിദേശ തൊഴിലെന്ന വാഗ്ദാനത്തിന്റെ മറവിലാണ് പ്രാഥമികതലത്തില്‍ ഇതിനുവേണ്ടുന്ന റിക്രൂട്ട്മെന്റുകള്‍ നടത്തുന്നത്. മിക്കവാറും നിയമവിരുദ്ധമായ കുടിയേറ്റശൃംഖലയുടെ ഭാഗമായാണ് ഇവര്‍ യൂറോപ്പിലും അമേരിക്കയിലും ജപ്പാനിലും എല്ലാം സജീവമായി നിലനില്‍ക്കുന്ന ലൈംഗികവിപണിയില്‍ എത്തിപ്പെടുന്നത്. ആഗോളതലത്തില്‍ നിലനില്‍ക്കുന്ന ഈ അധോലോകത്തിന്റെ ലാസ്റ്റ്മൈല്‍ കണക്ടിവിറ്റി അഥവാ പ്രവര്‍ത്തനമണ്ഡലം നിയമവാഴ്ചയുടെ എല്ലാ പരിരക്ഷകളും ഉറപ്പുവരുത്തുന്നുവെന്ന് അവകാശപ്പെടുന്ന മുന്‍നിര രാജ്യങ്ങളില്‍തന്നെയാണെന്ന വസ്തുത മുതലാളിത്ത ചൂഷണവും ലൈംഗിക വ്യാപാരവും തമ്മിലുള്ള അഭേദ്യബന്ധത്തെ വെളിപ്പെടുത്തുന്നു.


അങ്ങേയറ്റം ചരക്കുവത്ക്കരിക്കപ്പെട്ട ഒരുത്പന്നമായി ലൈംഗികതയെ രൂപാന്തരപ്പെടുത്തുന്ന ഈ പ്രക്രിയ ഒരു പക്ഷെ മനുഷ്യചരിത്രത്തില്‍ ഇതുവരെ നിലനിനിന്നിട്ടില്ലാത്തതരത്തിലുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് കാരണമാകുന്നു. സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നും മറ്റേതൊരുത്പന്നത്തെയും വാങ്ങാവുന്ന ഒന്നായി പെണ്ണുടലും ആണുടലും മാറിയിരിക്കുന്നു. ആണും പെണ്ണും തമ്മിലുള്ള ഊഷ്മളമായ ബന്ധത്തിന്റെ വ്യക്തിപരതയെയും സ്വകാര്യതയെയും പൂര്‍ണമായും നിഷേധിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്ന ദുരവസ്ഥയായി ഈ സ്ഥിതിവിശേഷത്തെ സാമൂഹികശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. രണ്ടു വ്യക്തികള്‍ തമ്മിലുള്ള ബന്ധത്തിന് അവശ്യം വേണ്ടുന്ന പ്രതിബദ്ധത ഇല്ലാതാകുന്നതിനുള്ള ഭൌതിക സാഹചര്യം ലൈംഗികവിപണിയില്‍ അവസാനിക്കാതെയെത്തുന്ന ഇരകളുടെ സാന്നിധ്യം കാരണമാകുന്നു. ലൈംഗികതയുടെ ഉദാത്തഭാവങ്ങളെല്ലാം ഉന്‍മൂലനം ചെയ്യപ്പെടുകയും പെണ്ണുടല്‍ ആക്രമണോത്സുകത നിറഞ്ഞ കാമപ്രകടനത്തിനുള്ള ശരീരം മാത്രമായി മാറ്റപ്പെടുകയും, അതാണ് ലൈംഗികതയെന്ന അവബോധത്തിലേക്ക് പൊതുസമൂഹം തന്നെ എത്തിച്ചേരുകയും ചെയ്യുന്ന സ്ഥിതിവിശേഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്.''(7)


പെണ്‍ ശരീരത്തെ ഒരു ചരക്ക് മാത്രമാക്കിത്തീര്‍ത്തതില്‍ പരസ്യവിപണിക്കുള്ള പങ്ക് വളരെ വലുതാണ്. 1836 ജൂണ്‍ മാസത്തില്‍ ഫ്രഞ്ച് ന്യൂസ്പേപ്പറായ ലാപ്രെസ്സെ (la presse)യാണ് ആദ്യമായി പണം വാങ്ങികൊണ്ടുള്ള പരസ്യങ്ങള്‍ സ്വീകരിക്കുവാനാരംഭിച്ചത്. 1869ല്‍ ഫിലാദല്‍ഫിയയില്‍ ആരംഭിച്ച എന്‍.ഡബ്ളിയു അയ്യര്‍ & സണ്‍ ആണ് ആദ്യത്തെ പരസ്യ ഏജന്‍സി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പരസ്യരംഗത്തേക്ക് സ്ത്രീകളുടെ ആഗമനമുണ്ടായി. ലൈംഗികതയുടെ മണമുള്ള ആദ്യത്തെ അമേരിക്കന്‍ പരസ്യവാചകം ഒരു സോപ്പിന്റെ പരസ്യത്തോടനുബന്ധിച്ചുള്ളതായിരുന്നു. 'നിങ്ങള്‍ സ്പര്‍ശിക്കാന്‍ ഇഷ്ടപ്പെടുന്ന തൊലി.' കൊക്കക്കോലയെപ്പോലയുള്ള ഏതാനും കമ്പനികള്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ പരസ്യങ്ങളില്‍ പെണ്‍ചിത്രങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയിരുന്നു. 1920കളില്‍ റേഡിയോ തുടങ്ങിയതോടെ ശ്രാവ്യ പരസ്യങ്ങളുടെ ഒഴുക്കുണ്ടായി. 1940കളുടെ അവസാനമായപ്പോഴേക്ക് റ്റെലിവിഷനുകളും അതിലെ ദൃശ്യപരസ്യങ്ങളും ലോകം കാണാന്‍ തുടങ്ങി. 1950കളുടെ തുടക്കത്തിലാണ് ഡ്യൂമോണ്‍ട് റ്റെലിവിഷന്‍ നെറ്റ് വര്‍ക്ക് 'സ്പോണ്‍സേര്‍ഡ് പ്രോഗ്രാമുകള്‍' എന്ന റ്റെലിവിഷന്‍ പരസ്യപരിപാടികള്‍ ആരംഭിച്ചത്.


1960കളുടെ തുടക്കത്തെയാണ് അമേരിക്കന്‍ പരസ്യവിപണിയുടെ സര്‍ഗാത്മക വിപ്ളവത്തിന്റെ കാലമായി അറിയപ്പെടുന്നത്. പരസ്യം ഒരു കലയായി വളരുകയും സര്‍ഗാത്മകത തുളുമ്പുന്ന പരസ്യവാചകങ്ങളും ചിത്രങ്ങളും ഉപയോഗിക്കപ്പെടുകയും ചെയ്ത ആ കാലത്തിന്റെ തുടക്കം വില്യം ബേണ്‍ബാച്ചിന്റെ 'വോള്‍സ്വാഗണ്‍' പരസ്യത്തോടെയാണ് തുടങ്ങുന്നത്. 1980കളുടെ അവസാനമായപ്പോഴേക്ക് കേബിള്‍ ടിവി വ്യാപകമായി. സംഗീത ചാനലായ എം.ടിവിയാണ് പരസ്യവിപണിയെ പൂര്‍ണമായും പെണ്‍ശരീരത്തിന്റെ നിമ്നോന്നതികളിലേക്ക് തിരിച്ചുവിട്ടത്. പരസ്യങ്ങള്‍ കാണാന്‍ വേണ്ടി മാത്രമായി ജനങ്ങള്‍ റ്റെലിവിഷന്‍ തുറക്കുന്ന അവസ്ഥ സംജാതമായി. അതോടെ പരസ്യങ്ങള്‍ക്കു വേണ്ടി മാത്രമായുള്ള ചാനലുകളുണ്ടായി. 1990കളിലാണ് ഇന്റര്‍നെറ്റ് വഴിയുള്ള പരസ്യങ്ങള്‍ക്ക് തുടക്കം കുറിക്കപ്പെട്ടത്. ഗൂഗിളിനെപ്പോലെയുള്ള ജനപ്രിയ വെബ്സൈറ്റുകള്‍ ഇ-മാര്‍ക്കറ്റിംഗിനേയും ഇ-അഡ്വര്‍ടൈസ്മെന്റിനെയും വ്യാപകമാക്കി. മൊത്ത ദേശീയ ഉല്‍പന്നത്തിന്റെ 2.4 ശതമാനമാണ് അമേരിക്കയിലെ പരസ്യവിപണിയിലെ ചെലവുകള്‍ എന്നതാണ് ഇപ്പോഴുള്ള അവസ്ഥ.


ഉല്‍പന്നങ്ങളെക്കുറിച്ച സത്യസന്ധമായ അറിവ് നല്‍കുന്നതിനു വേണ്ടിയല്ല പരസ്യങ്ങള്‍ ഇന്ന് ഉപയോഗിക്കപ്പെടുന്നത്. കുടുംബം ഒന്നിച്ചുപയോഗിക്കുന്ന മീഡിയകളിലൂടെ ലൈംഗികാഭിനിവേശവും സ്വാര്‍ഥതയും ഉപഭോഗതൃഷ്ണയും വളര്‍ത്തുന്ന പരസ്യങ്ങള്‍ കടന്നുവരുന്നത് വഴി സാമൂഹ്യധാര്‍മികതയാണ് തകരുന്നത്. വിലമതിക്കാനാവാത്ത മൂല്യങ്ങളെല്ലാം കച്ചവടവല്‍ക്കരിക്കപ്പെടുകയും പുതിയ തലമുറക്കു മുന്നില്‍ വെറും വിപണി മാത്രം മുല്യമായിത്തീരുകയും ചെയ്യുന്ന അവസ്ഥക്കാണ് പരസ്യവിപണി വാതില്‍ തുറന്നത്. മുതലാളിത്തവും സ്വതന്ത്ര വിപണിയും സൃഷ്ടിച്ച ധാര്‍മികത്തകര്‍ച്ചയോടൊപ്പം പരസ്യങ്ങളിലൂടെയുള്ള മൂല്യനിഷേധം കൂടിയായപ്പോള്‍ ആ രംഗത്തെ അപചയം അതിന്റെ പരമാവധിയില്‍ എത്തിക്കഴിഞ്ഞു. ചില മുതലാളിത്ത ചിന്തകന്‍മാരെങ്കിലും ഇത്തരമൊരു സാമൂഹ്യാവസ്ഥയുടെ അപകടം മണത്തറിഞ്ഞിട്ടുണ്ട്. റോബര്‍ട്ട് ഡബ്ളിയു മെക് ചെസ്നി എഴുതുന്നു: "ആധുനിക മാര്‍ക്കറ്റിംഗി'ന്റെ ബലത്തിനു കീഴില്‍ മനുഷ്യന്റെ ആവശ്യങ്ങളും, ബന്ധങ്ങളും ഭയപ്പാടുകളുമെല്ലാം-മനുഷ്യ മനസ്സിന്റെ ആഴത്തിലുള്ള മൂലകള്‍-ചരക്കുകളുടെ ലോകത്തെ വികസിപ്പിക്കുന്നതിനായുള്ള ഉപാധികള്‍ മാത്രമായിരിക്കുന്നു. മനുഷ്യബന്ധങ്ങളെ ചരക്ക്ബന്ധങ്ങളാക്കിത്തീര്‍ക്കുന്ന കച്ചവടവല്‍ക്കരണം മുതലാളിത്തത്തില്‍ അന്തര്‍ലീനമായ പ്രതിഭാസമാണെങ്കിലും ആധുനിക മാര്‍ക്കറ്റിംഗിന് പ്രാധാന്യം കൈവന്നതോടുകൂടിയാണ് അത് പ്രകടമായി വികസിക്കുവാന്‍ തുടങ്ങിയിട്ടുള്ളത്.''(8)


മാധ്യമങ്ങള്‍ സൃഷ്ടിക്കുന്ന മാനസികമലിനീകരണത്തിനെതിരെ ബോധവല്‍ക്കരണം നടത്തികൊണ്ടിരിക്കുന്ന അല്‍ബസ്റേഴ്സ് മീഡിയാ ഫൌണ്ടേഷന്റെ സ്ഥാപകരിലൊരാളായ കല്ലെ ലസ്ന്‍ എഴുതുന്നു. "മനസ്സിനെ മലിനമാക്കുന്ന കാര്യങ്ങളില്‍ ഏറ്റവും പ്രബലവും പ്രധാനപ്പെട്ടതും പരസ്യങ്ങളാണ്. നേരം വെളുക്കുമ്പോള്‍ നിങ്ങളുടെ ചെകിടുകളില്‍ വന്നടിക്കുന്ന റേഡിയോ അലാറം മുതല്‍ രാത്രിയില്‍ കിടക്കാന്‍ നേരത്ത് ടിവിയില്‍ കാണുന്ന കൊച്ചുപരിപാടികള്‍ വരെ ഒരു ദിവസത്തില്‍ മൂവ്വായിരത്തോളം വിപണന സന്ദേശങ്ങളാണ് നിങ്ങളുടെ തലച്ചോറിലെത്തി അവിടെ വ്യാപാരമലിനീകരണത്തിന്റെ പ്രളയമുണ്ടാക്കുന്നത്. 1200 കോടി പരസ്യബോര്‍ഡുകളും മുപ്പത് ലക്ഷം റേഡിയോ വ്യാപാരങ്ങളും രണ്ടുലക്ഷം റ്റെലിവിഷന്‍ പരസ്യങ്ങളുമാണ് ഒരോ ദിവസവും വടക്കേ അമേരിക്കയുടെ ഉപബോധ മനസ്സിലേക്ക് അടിച്ചു കയറ്റിക്കൊണ്ടിരിക്കുന്നത്.''(9)


പരസ്യങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന സ്വാധീനത്തെ കുറിച്ച് അമേരിക്കന്‍ സാമൂഹ്യവിമര്‍ശകയായ ജീന്‍ കില്‍ബോണ്‍ എഴുതി: "പലരും വിചാരിക്കുന്നതുപോലെ പരസ്യങ്ങള്‍ക്ക് നിങ്ങളില്‍ യാതൊരു സ്വാധീനവും സൃഷ്ടിക്കാന്‍ കഴിയില്ലെന്നായിരിക്കും നിങ്ങളുടെയും വിശ്വാസം. നിങ്ങള്‍ ഇങ്ങനെത്തന്നെ വിശ്വസിക്കണമെന്നതാണ് പരസ്യക്കാരുടെ ആവശ്യം. ഇതു സത്യമാണെങ്കില്‍ പിന്നെയെന്തിനാണ് ഒരു വര്‍ഷത്തില്‍ ഇരുപതിനായിരം കോടി ഡോളര്‍ പരസ്യത്തിനു വേണ്ടി കമ്പനികള്‍ മുടക്കുന്നത്? ഒരു ശരാശരി പരസ്യം നിര്‍മ്മിക്കാന്‍ രണ്ടര ലക്ഷം ഡോളറും അത് സംപ്രേഷണം ചെയ്യാന്‍ വീണ്ടും രണ്ടര ലക്ഷം ഡോളറും ചെലവഴിക്കുവാന്‍ അവര്‍ സന്നദ്ധരാവുന്നതെന്തുകൊണ്ടാണ്? നാഷണല്‍ ഫുട്ബോള്‍ ലീഗിന്റെ സൂപ്പര്‍ ബൌളിനോടനുബന്ധിച്ചാണെങ്കില്‍ പത്തു ലക്ഷം ഡോളറിലധികം പരസ്യനിര്‍മാണത്തിനും പതിനഞ്ച് ലക്ഷം ഡോളറിലധികം അത് സംപ്രേഷണം ചെയ്യുവാനുമായി ചെലവഴിക്കുവാന്‍ അവര്‍ ഒരുക്കമാണ്. 1999ലെ സൂപ്പര്‍ ബൌളിനോടനുബന്ധിച്ച് അമേരിക്കന്‍ സൌന്ദര്യ വര്‍ധക-സ്ത്രീവസ്ത്രകമ്പനിയായ 'വിക്ടോറിയാസ് സീക്രട്ട്' നേടിയതുപോലുള്ള വിജയം നേടുകയാണ് അവരുടെ ലക്ഷ്യം. ടെലിവിഷന്‍ സ്ക്രീനിലൂടെയുള്ള അര്‍ദ്ധനഗ്നരായ സുന്ദരിമാരുടെ പരേഡ് കേവലം മുപ്പത് സെക്കന്റ് നീണ്ടുനിന്നപ്പോഴേക്ക് പത്തു ലക്ഷം പേരാണ് റ്റെലിവിഷനില്‍ നിന്നും മാറി അതില്‍ പറഞ്ഞ വെബ്സൈറ്റില്‍ പോയി ചരക്കുകള്‍ ഓര്‍ഡര്‍ ചെയ്തത്: പരസ്യത്തിന് യാതൊരു സ്വാധീനവുമില്ലെന്നോ!(10)


ഒരു പുതിയ ഉല്‍പന്നത്തെകുറിച്ച അറിവുനല്‍കുന്നതിലുപരിയായി അത് തലച്ചോറിലേക്ക് അടിച്ചുകയറ്റുകയെന്ന ധര്‍മമാണ് പരസ്യങ്ങള്‍ നിര്‍വ്വഹിക്കുന്നത്. ചരക്കിന് ഒന്നാമതായി കടക്കേണ്ട കടമ്പ മുദ്രീകരണത്തിന്റേതാണ് (branding). ഒരേ ഉപയോഗത്തിലുള്ള ഒന്നിലധികം ചരക്കുകളുണ്ടാകുമ്പോള്‍ ഒരു പ്രത്യേക കമ്പനിയുടെ പ്രത്യേക ചരക്കാണ് യഥാര്‍ഥത്തില്‍ തനിക്ക് ആവശ്യമുള്ളതെന്ന ബോധം ഉപഭോക്താവിന്റെ മനസ്സില്‍ മുദ്രണം ചെയ്യിപ്പിക്കുകയെന്ന ധര്‍മമാണ് 'ബ്രാന്‍ഡിംഗ്' വഴി നിര്‍വ്വഹിക്കപ്പെടുന്നത്. എങ്ങനെയാണ് ഒരു പ്രത്യേക ബ്രാന്‍ഡിനെ മനസ്സിനകത്തേക്ക് മുദ്രീകരിക്കുകയെന്ന് പഠിക്കുവാനായി നാഡീശാസ്ത്രത്തിലെ പുതിയ അറിവുകള്‍ വരെ ഉപയോഗിക്കപ്പെടുന്നു. ഫങ്ങ്ഷണല്‍ മാഗ്നെറ്റിംഗ് റിസോണണ്‍സ് ഇമേജിംഗും (FMRI) എക്ട്രോ എന്‍സിഫാലോഗ്രഫിയും (ECG)മെല്ലാം ഉപയോഗിച്ച് എങ്ങനെ ഉപഭോക്തൃ മനസ്സിനെ കീഴടക്കാമെന്ന് പഠിക്കുന്ന ഒരു വൈജ്ഞാനികശാഖ തന്നെയുണ്ട്. ന്യൂറോ മാര്‍ക്കറ്റിംഗ് (neuro marketting) എന്നാണ് ഇത് അറിയപ്പെടുന്നത്.(11)


ആവശ്യമുള്ള വസ്തുവെന്നാല്‍ ഒരു പ്രത്യേക ബ്രാന്‍ഡിലുള്ള ചരക്ക് തന്നെയാണെന്ന ബോധം മസ്തിഷ്കത്തില്‍ എഴുതിചേര്‍ക്കുന്നതിന് പ്രാഥമീകരണം (priming) എന്നു പേര്. പല്ലിന്റെ വെണ്മയെകുറിച്ച് ആലോചിക്കുമ്പോഴേക്ക് 'കോള്‍ഗേറ്റി'ന്റെ പേര് തലച്ചോറില്‍ തെളിക്കുന്ന വിദ്യയുടെ പിന്നില്‍ ഗവേഷണങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്. ഒരു പ്രത്യേക ആവശ്യത്തിനു വേണ്ടിയുള്ള ആദ്യത്തെ ഉല്‍പന്നം ബ്രാന്‍ഡു ചെയ്യാന്‍ അതിന്റെ ഗുണഗണങ്ങള്‍ മാത്രം പറഞ്ഞാല്‍ മതിയാകും. ഇതേ ആവശ്യത്തിനുവേണ്ടിയുള്ള രണ്ടാമത്തെ ഉല്‍പന്നത്തിന്റെ സ്ഥിതി അതല്ല. കോള്‍ഗേറ്റിന്റെ ചിത്രം പല്ലിന്റെ വെണ്‍മയുമായി മുദ്രീകരിക്കപ്പെട്ടു കഴിഞ്ഞ ഒരാളുടെ മസ്തിഷ്കത്തിലേക്ക് മറ്റൊരു ടൂത്ത് പേസ്റിന് കടക്കാന്‍ കഴിയെണമെങ്കില്‍ അയാള്‍ക്ക് വെണ്മയേക്കാള്‍ ആകര്‍ഷകമായി തോന്നാവുന്ന മറ്റെന്തെങ്കിലും കൂടി ചേരുവ വേണം. പുരുഷവികാരങ്ങളെ ശക്തമായി സ്വാധീനിക്കുവാന്‍ കഴിയുന്ന സ്ത്രീ സൌന്ദര്യം പരസ്യരംഗത്ത് പ്രസക്തമാകുന്നത് ഇവിടെയാണ്. ചരക്കിന്റെ ഗുണത്തിന് പകരം പെണ്ണിന്റെ നോട്ടത്തിലൂടെ ഉല്‍പന്നത്തെ തലച്ചോറില്‍ മുദ്രീകരിക്കുകയെന്ന വിദ്യയാണ് ഇന്ന് വ്യാപകമായി ഉപയോഗിക്കപ്പെടുന്ന പരസ്യതന്ത്രം.


സ്ത്രീകളുടെയും പുരുഷന്‍മാരുടെയും ലൈംഗിക മനഃശാസ്ത്രം ശരിക്കും പഠനത്തിന് വിധേയമാക്കിയതിനുശേഷമാണ് പരസ്യങ്ങള്‍ രൂപം കൊള്ളുന്നത്. പുരുഷലൈംഗികതയുടെ പ്രാഥമിക കേന്ദ്രം കണ്ണും സ്ത്രീലൈംഗികതയുടേത് കാതുമാണ്. കാഴ്ചയില്‍ നിന്ന് പുരുഷന്‍ ഉത്തേജിതനാവുകയും അവന്റെ ശരീരം ലൈംഗിക ബന്ധത്തിന് തയ്യാറാവുകയും ചെയ്യുന്നു. താന്‍ ഇഷ്ടപ്പെട്ട പുരുഷന്റെ സാമീപ്യവും സംസാരവും സ്പര്‍ശവുമാണ് പെണ്‍ശരീരത്തെ ഉത്തേജിപ്പിക്കുന്നത്. പുരുഷനെ ഉദ്ദേശിച്ചുള്ള പരസ്യങ്ങളില്‍ പെണ്‍ശരീരത്തിന്റെ നിമ്നോന്നതികള്‍ക്കായിരിക്കും പ്രാധാന്യം. പെണ്ണിനെ പ്രലോഭിപ്പിക്കുന്ന പരസ്യങ്ങളിലാവട്ടെ അവള്‍ക്കെങ്ങനെ പുരുഷനെ ആകര്‍ഷിക്കാന്‍ കഴിയുമെന്നതിലായിരിക്കും മുന്‍തൂക്കം. മാസ് മീഡിയയെ കുറിച്ച ഗവേഷണത്തിന് ഡോക്ടറേറ്റ് ലഭിച്ച വാഷിംഗ്ടണ്‍ സ്റേറ്റ് സര്‍വകലാശാലയിലെ റിച്ചര്‍ഡ് എഫ് ടഫ്ളിംഗര്‍ പുരുഷനെയും സ്ത്രീകളെയും ലക്ഷ്യംവെച്ചുള്ള പരസ്യങ്ങളെപ്പറ്റി വിശദമായി അപഗ്രഥിക്കുന്നുണ്ട്.(12) അദ്ദേഹം ഉദാഹരിക്കുന്ന രണ്ടു പരസ്യങ്ങള്‍; ഒന്ന് ബിയറിന്റെ പരസ്യമാണ്. നാലു പുരുഷന്‍മാര്‍ കടപ്പുറത്ത് ഇരിക്കുന്നു. അര്‍ദ്ധനഗ്നരായ മൂന്ന് സുന്ദരിമാര്‍ അതിലൂടെ നടന്നുപോകുന്നു. തങ്ങളോടൊപ്പം കൂടാനുള്ള ആണുങ്ങളുടെ ആവശ്യം അവര്‍ തിരസ്കരിക്കുന്നു. ഉടനെ ബിയര്‍ എത്തുന്നു. അത് കുടിച്ച പുരുഷന്‍മാരോടൊപ്പം സുന്ദരികള്‍ കൂട്ടുകൂടുകയും ആശ്ളേഷിക്കുകയും ചുംബിക്കുകയുമെല്ലാം ചെയ്യുന്നു. ഇത് പുരുഷനെ മാത്രം ലക്ഷ്യമാക്കുന്ന പരസ്യം. രണ്ടാമത്തേത് വജ്രമോതിരത്തിന്റെ പരസ്യമാണ്. സ്വകാര്യത തോന്നിപ്പിക്കുന്ന അന്തരീക്ഷം; അരണ്ട വെളിച്ചം. പെണ്ണിനെ പോറ്റാന്‍ കഴിയുന്നവനെന്ന് തോന്നിപ്പിക്കുന്ന പുരുഷന്‍. അവനിലേക്ക് ആസക്തിയോടെ നോക്കുന്ന സ്ത്രീ. പശ്ചാത്തലത്തില്‍ ഡയമെണ്ട് റിംഗും. ഇത് പെണ്ണിനെ ലക്ഷ്യമാക്കുന്ന പരസ്യം. രണ്ടു പരസ്യത്തിലും പ്രധാനമായും വിപണനം ചെയ്യപ്പെടുന്നത് പെണ്‍ശരീരമാണ്. അതിന് ഉപോല്‍ബലകമായി മാത്രമേ ആണ്‍ശരീരം ഉപയോഗിക്കപ്പെടുന്നുള്ളൂ. അതാണ് വേണ്ടതെന്ന് ആ രംഗത്തെ ഗവേഷണപഠനങ്ങള്‍ വ്യക്തമാക്കുന്നുവെന്ന് പറയുന്നതാവും ശരി.


മനുഷ്യ മനസ്സുകള്‍ക്കകത്ത് ഉല്‍പന്നങ്ങളെ കൊത്തിവെപ്പിക്കുന്ന തരത്തിലുള്ള പരസ്യങ്ങള്‍ ജനങ്ങളെ ഉപഭോഗത്തിന് അടിമകളാക്കിത്തീര്‍ക്കുന്നു; ചരക്കുകളുടെ ഉടമസ്ഥത മാന്യതയുടേയും വ്യക്തിത്വത്തിന്റെയും ഒരേയൊരു മാനദണ്ഡമായിത്തീരുന്ന അവസ്ഥയുണ്ടാകുന്നു. മനസ്സ് ഉപഭോഗവല്‍ക്കരിക്കപ്പെട്ടുകഴിഞ്ഞാല്‍ പിന്നെ അതിന്റെ അടിമത്തത്തില്‍ നിന്ന് രക്ഷപ്പെടുക എളുപ്പമല്ല. അതാണ് മുതലാളിത്തത്തിനു പരസ്യങ്ങളിലൂടെ ലഭിക്കുന്ന മെച്ചം. വിപണിയും വാങ്ങലും മാത്രം ധര്‍മമായി കാണുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടി. അമേരിക്കന്‍ സാംസ്കാരികചരിത്രകാരനായ ക്രിസ്റഫര്‍ ലാച്ച് ഇത്തരമൊരു സമൂഹത്തിന്റെ സംസ്കാരത്തെ വിളിക്കുന്നത് 'ആത്മാരാധനയുടെ സംസ്കാരം' (The Culture of Narcissism) എന്നാണ്.(13)


സ്വന്തത്തെ ആരാധിക്കുന്ന സംസ്കാരം! ഞാന്‍ തന്നെ മതിയെന്നാഗ്രഹിക്കുന്നവരുടെ സമൂഹം; എനിക്കുവേണ്ടിയാകണം മറ്റുള്ളതെല്ലാം എന്ന് ആഗ്രഹിക്കുന്ന ഒരോരുത്തരും. എന്റെ എല്ലാം ഞാന്‍ മാത്രമായിത്തീരുന്ന അവസ്ഥ. പരസ്യങ്ങളിലൂടെ മനസ്സുകള്‍ വാണിജ്യവല്‍ക്കരിക്കപ്പെടുമ്പോള്‍ ഉണ്ടാകുന്ന ദുരന്തങ്ങളാണിവ. എല്ലാം ഉപഭോഗത്തില്‍ മുങ്ങുമ്പോള്‍ വാണിജ്യവല്‍ക്കരിക്കപ്പെട്ട മനസ്സുകള്‍ എല്ലാം തങ്ങളുടേതാക്കുവാന്‍ നെട്ടോട്ടമോടുന്നു. കുറ്റകൃത്യങ്ങള്‍ പെരുകുകയും മൂല്യങ്ങള്‍ക്ക് വില നഷ്ടപ്പെടുകയും സാമൂഹ്യധാര്‍മികത തകരുകയും ചെയ്യുന്നതാണ് ഇതിന്റെ പ്രത്യക്ഷ ഫലം. സാമ്പത്തിക പ്രതിസന്ധിയും മാന്ദ്യവും സാമൂഹ്യക്രമത്തിന്റെ കുഴച്ചുമറിച്ചിലുകളുമെല്ലാം ഇതിന്റെ പരോക്ഷഫലങ്ങളാണ്. മാസാച്ചുസെറ്റസ് സര്‍വ്വകലാശാലയിലെ മീഡിയാ പഠനവിഭാഗം പ്രൊഫസറായ ഡോ: സട്ജള്ളിയുടെ വീക്ഷണത്തില്‍ മുതലാളിത്തസംസ്കാരത്തിന്റെ മതമാണ് പരസ്യങ്ങള്‍.(14) അദ്ദേഹത്തിന്റെ പരസ്യത്തിന്റെ നിയമക്രമങ്ങള്‍ എന്ന ഗ്രന്ഥം തുടങ്ങുന്നതു തന്നെ ഇങ്ങനെയാണ്: "ആധുനിക സമൂഹത്തിന്റെ സാമൂഹ്യവല്‍ക്കരണത്തില്‍ ഏറ്റവുമധികം സ്വാധീനിക്കുന്ന സ്ഥാപനമാണ് പരസ്യങ്ങളെന്ന് വാദിക്കാവുന്നതാണ്; അതാണ് ജനപ്രിയ മാധ്യമങ്ങളുടെ ഉള്ളടക്കം രൂപപ്പെടുത്തുന്നത്; ലിംഗവ്യക്തിത്വത്തിന്റെ നിര്‍മ്മാണത്തില്‍ പ്രധാനപങ്കുവഹിക്കുന്നതും അതുതന്നെ; കുട്ടികളും മാതാപിതാക്കളും തമ്മിലുണ്ടായിരിക്കേണ്ട ബന്ധങ്ങളെ അത് സ്വാധീനിക്കുന്നു; രാഷ്ട്രീയ അജണ്ടകള്‍ക്കു പിന്നിലുള്ള തന്ത്രങ്ങളെ അത് അടക്കിവാഴുന്നു; ഊര്‍ജനിയമങ്ങളുമായി ബന്ധപ്പെട്ട നയരൂപീകരണത്തിന്റെ രംഗങ്ങളിലെ ശക്തമായ സ്വരമായും അത് ഈ അടുത്തകാലത്ത് മാറിയിട്ടുണ്ട്; സ്പോര്‍ട്സിനേയും ജനപ്രിയസംഗീതത്തെയും പോലുള്ള നമ്മുടെ പ്രധാനപ്പെട്ട സാംസ്കാരിക സ്ഥാപനങ്ങളെയും അത് സ്വാധീനിക്കുന്നു. ഈ അടുത്തകാലത്തായി അതു തന്നെയും സ്വയം തന്നെ എല്ലാവരുടെയും ദൈനംദിന സംഭാഷണങ്ങളുടെ ഭാഗമായിത്തീരുകയും ജനങ്ങളുടെ ഇഷ്ടവിഷയങ്ങളിലൊന്നായിത്തീരുകയും ചെയ്തിട്ടുണ്ട്.''(15)


പരസ്യങ്ങള്‍ മതമായിത്തീരുന്ന സമൂഹത്തിന്റെ പരിണിതിയെന്തെന്ന് പരിശോധിക്കണമെങ്കില്‍ അമേരിക്കന്‍ സമൂഹത്തിന്റെ അവസ്ഥ മാത്രം പരിശോധിച്ചാല്‍ മതി. കുറ്റകൃത്യങ്ങളുടെ കുതിച്ചുകയറ്റം അവിടെ ഒരു വാര്‍ത്തയേയല്ല. വളര്‍ന്നു വരുന്ന പൌരന്‍മാരിലെ കുറ്റവാസനകള്‍ അമേരിക്കന്‍ സമൂഹത്തിന്റെ ഭാവിയെപ്പറ്റി ഇരുണ്ട ചിത്രമാണുണ്ടാക്കുന്നതെന്ന് അവിടത്തെ സാമൂഹ്യശാസ്ത്രജ്ഞന്‍മാര്‍ തന്നെ മുന്നറിയിപ്പു നല്‍കുവാനാംരംഭിച്ചിരിക്കുന്നു. 2002നും 2007നുമിടയ്ക്ക് കൊലപാതകങ്ങളുടെ എണ്ണം 43 ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. കുട്ടികള്‍ നടത്തിയ തോക്കുപയോഗിച്ചുള്ള നരമേധങ്ങളുടെ എണ്ണത്തിലാകട്ടെ 54 ശതമാനം വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്.(16) ലൈംഗികതയുടെ കാര്യം പറയുകയും വേണ്ട! വിവാഹത്തിന് പത്തുവര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും ഒരു ശരാശരി അമേരിക്കക്കാരന്‍ ലൈംഗികബന്ധം ആസ്വദിക്കുവാന്‍ തുടങ്ങുമ്പോള്‍ അമേരിക്കക്കാരി ഇതു തുടങ്ങുന്നത് ഏഴു വര്‍ഷങ്ങള്‍ക്കു മുമ്പാണ്. വിവാഹത്തിനു മുമ്പ് ലൈംഗികബന്ധത്തിലേര്‍പ്പെടുന്നവരാണ് 96 ശതമാനം സ്ത്രീകളുമെന്നാണ് കണക്ക്.(17) ഇതില്‍ 61 ശതമാനവും 13 വയസ്സിന് താഴെയുള്ളവരാണ്. 1950ല്‍ ഇത് 50 ശതമാനം മാത്രമായിരുന്നുവെന്നോര്‍ക്കണം. അര നൂറ്റാണ്ടുകൊണ്ടുണ്ടായ മാറ്റം ഭീമമാണ്. മുതലാളിത്തസമൂഹത്തെ മൊത്തത്തില്‍ ലൈംഗികവല്‍ക്കരിക്കുവാനും കുറ്റകൃത്യങ്ങളില്‍ നിമഗ്നമാക്കുവാനും മാര്‍ക്കറ്റിംഗിന് കഴിവുണ്ടെന്ന് ഈ മാറ്റം വ്യക്തമാക്കുന്നു. പത്തും പതിനൊന്നും പന്ത്രണ്ടും വയസ്സുള്ള പിതാക്കള്‍ ഈ മാര്‍ക്കറ്റിംഗ് സംസ്കാരത്തിന്റെ സന്തതികളാണ്.(18)


ലൈംഗികതയുടെ അതിപ്രസരം സൃഷ്ടിക്കുന്ന പരസ്യങ്ങളിലൂടെ ലൈംഗികാഭിനിവേശവും കുറ്റകൃത്യങ്ങളും വര്‍ധിക്കുക മാത്രമല്ല ചെയ്യുന്നത്. പരസ്യങ്ങളിലൂടെ പ്രദര്‍ശിപ്പിക്കപ്പെടുന്ന ലൈംഗികതയാണ് യഥാര്‍ഥമെന്ന അവബോധം മനസ്സുകള്‍ക്കകത്തേക്ക് സന്നിവേശിപ്പിക്കുന്നതു വഴി അസംതൃപ്ത ലൈംഗികതയെ വൈയക്തികവും സാമൂഹികവുമായ ഒരു വ്യാപക പ്രശ്നമാക്കിത്തീര്‍ക്കുന്നതിനുകൂടി ഇതു നിമിത്തമാകുന്നു. വിപണിയുടെ കണ്ണുകളിലൂടെ നോക്കുമ്പോള്‍ ലൈംഗിക ഉത്തേജക മരുന്നുകളുടെ വിപണിയെ സജീവമാക്കാം എന്ന നന്മ ഇതിനുപിന്നിലുണ്ടായിരിക്കാം. എന്നാല്‍ വൈയക്തികവും സാമുഹികവുമായ കാഴ്ചപ്പാടില്‍ ഇതൊരു വലിയ ക്രൂരതയാണ്. കളങ്കരഹിതവും സ്വച്ഛവുമായ ലൈംഗികത അനുഭവിക്കുവാന്‍ വ്യക്തികളെ സമ്മതിക്കുന്നില്ലെന്നത് അവരോട് ചെയ്യുന്ന ക്രൂരത; അസംതൃപ്ത ലൈംഗികതയില്‍ നിന്നുണ്ടാകുന്ന കുറ്റകൃത്യങ്ങളാല്‍ സമൂഹത്തെ പൊറുതിമുട്ടിക്കുന്നുവെന്നത് സമൂഹത്തോട് ചെയ്യുന്ന ക്രൂരത.ജീന്‍ കില്‍ ബോണ്‍ എഴുതുന്നു: "വസ്തുവല്‍ക്കരണത്തിന്റെ അനന്തരഫലങ്ങളിലൊന്നാണ് ലൈംഗികതയിലും അഭിനിവേശത്തിലും അത് ചെലുത്തുന്ന സ്വാധീനം എന്ന കാര്യത്തില്‍ സംശയമില്ല. പരസ്യങ്ങളിലെ ലൈംഗികത ധാര്‍മ്മികമായ പരിപ്രേക്ഷ്യത്തില്‍ പലപ്പോഴും വിമര്‍ശിക്കപ്പെടാറുണ്ട്. അതെ! ലജ്ജയില്ലാത്തതും കുട്ടികളെ തെറ്റുകളിലേക്ക് നയിക്കുന്നതുമായ നിരവധി സംഗതികള്‍ പരസ്യങ്ങളിലുണ്ട്. എന്നാല്‍ പരസ്യങ്ങളിലെ ലൈംഗികത ഇതിനേക്കാള്‍ അപകടകരമായ ഒരു ഫലം കൂടിയുണ്ടാക്കുന്നു. ഉന്നതമായ ലൈംഗികതയെ നിസ്സാരവല്‍ക്കരിക്കുകയും ബന്ധങ്ങളില്‍ അധിഷ്ഠിതമാക്കുന്നതിനു പകരം വാങ്ങിപ്പിക്കുകയും ചെയ്തുകൊണ്ട് യഥാര്‍ഥ രതിക്ക് പകരം ആത്മാരാധനയാണ് അത് ഉല്‍പാദിപ്പിക്കുന്നത്. അത് തിന്മകളെ ഉല്‍പാദിപ്പിക്കുന്നു എന്നതിനേക്കാള്‍ അപകടകരമാണ് ലൈംഗികതയെ കൃത്രിമമാക്കുകയും സ്വയം അത് അനുഭവിക്കാന്‍ കഴിയുന്നില്ലല്ലോയെന്ന ബോധമുണ്ടാക്കുകയും ചെയ്യുന്നുവെന്നത്.''(19)

അടുത്ത പോസ്റ്റില്‍ ബാക്കി


No comments: