Followers

Tuesday, February 12, 2013

ഫെബ്രുവരി ലക്കം സ്നേഹസംവാദം മാസിക പത്രാധിപകുറിപ്പ് മുന്‍ പോസ്റ്റിന്റെ തുടര്‍ച്ച

എം.എം അക്ബര്‍
എഡിറ്റോറിയല്‍
 
ഈ പോസ്റ്റിന്റെ ആദ്യ ഭാഗം ഇവിടെ  പെണ്ണിനെ ഒരു കച്ചവടവസ്തുവും അവളുടെ സൌന്ദര്യത്തെ കേവലം ഒരു 'ചരക്കും' മാത്രമാക്കിത്തീര്‍ക്കുന്ന മാര്‍ക്കറ്റിംഗ് തന്ത്രങ്ങളെക്കുറിച്ച് പെണ്‍പക്ഷവാദികള്‍ക്കോ പെണ്ണെഴുത്തുകാര്‍ക്കോ യാതൊന്നും പറയാനില്ലെന്നതാണ് ഏറെ വിചിത്രം. സ്ത്രീകള്‍ക്കുനേരെയുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നുവെന്നതു മാത്രമല്ല പരസ്യവിപണി പെണ്ണുങ്ങളോടു ചെയ്യുന്ന അക്രമം; അവളുടെ വ്യക്തിത്വം തീരുമാനിക്കുന്നത് അവളുടെ ചര്‍മ്മമാണെന്ന ധാരണയുണ്ടാക്കുകയും ചര്‍മ്മസൌന്ദര്യത്തിന്റെ മാത്രം അടിസ്ഥാനത്തില്‍ പെണ്ണിനെ അളക്കുന്ന അവസ്ഥയുണ്ടാക്കിത്തീര്‍ക്കുകയും ചെയ്യുന്നുവെന്നതാണ് അത് പെണ്ണിനോട് ചെയ്യുന്ന ഏറ്റവും വലിയ പാതകം. മാതൃത്വത്തെ പാപമായികാണുന്ന സംസ്കാരത്തിന്റെ ഉറവിടം അവളിലെ ലൈംഗികത മാത്രം കാണുന്ന രീതിയുടെ ഉപോല്‍പന്നമാണ്. മാതൃത്വവും വാര്‍ധക്യവുമെല്ലാം അവളുടെ തൊലിയഴകിനെ ബാധിക്കുമെന്നതിനാല്‍ അവയെല്ലാം ഉല്‍പാദനപരമല്ലാത്തതായിത്തീര്‍ന്നു, മുതലാളിത്തത്തിന്റെ നിഘണ്ടുവില്‍. ഒപ്പംതന്നെ അവള്‍ക്ക് ലൈംഗികത ആസ്വദിക്കാനാവാത്ത അവസ്ഥയുണ്ടാക്കുകയും ചെയ്യുന്നു പരസ്യവിപണി. വസ്തുപ്രധാനമായ ലൈംഗികതയല്ല, വികാരസാന്ദ്രമായ ലൈംഗികതയാണ് പെണ്‍മനസ്സിനും ശരീരത്തിനും ആവശ്യമെന്നതിനാല്‍ തന്നെ രതിയെ വസ്തുവല്‍കരിക്കപ്പെടുന്ന സാമൂഹ്യ സംവിധാനത്തില്‍ സ്ത്രീക്ക് യഥാരൂപത്തില്‍ അത് ആസ്വദിക്കാനാവില്ല. പരസ്യവിപണി പെണ്‍വിരുദ്ധമാണെന്ന് ജീന്‍കില്‍ബോണിനെപോലുള്ളവര്‍ പറയുന്നതിന്റെ കാരണവും മറ്റൊന്നല്ല.
പരസ്യങ്ങള്‍ വഴി പെണ്ണുടലിനെ വസ്തുവത്ക്കരിക്കുകയും തനിക്ക് ആസ്വദിക്കാനുള്ള ഒരു ഉപകരണം മാത്രമായി പുരുഷന്‍ അതിനെ മനസ്സിലാക്കാന്‍ തുടങ്ങുകയും ചെയ്തതാണ് അവളെ നേടിയെടുക്കാന്‍ എന്തു മാര്‍ഗവുമുപയോഗിക്കാമെന്ന് കരുതുന്നതിലേക്ക് ആണ്‍മനസ്സിനെ നയിച്ചതെന്നുമാണ് ഈ പഠനങ്ങളെല്ലാം മനസ്സിലാക്കിത്തരുന്നത്. പെണ്‍ശരീരത്തിന്റെ സാമീപ്യവും സ്പര്‍ശവും രതിയുമാസ്വദിക്കുവാന്‍ സാധിക്കാത്തവര്‍ക്കും സ്വന്തം പെണ്ണില്‍ നിന്നുള്ള രതിയില്‍ സംതൃപ്തി ലഭിക്കാത്തവര്‍ക്കും വേണ്ടി മുതലാളിത്തം തുറന്നിട്ട വാതിലുകളിലൊന്നാണ് ലൈംഗിക പ്രദര്‍ശനത്തിന്റേത്. പുരുഷനെ പ്രലോഭിപ്പിക്കുന്ന ലൈംഗിക പ്രദര്‍ശനങ്ങളുടെ വാതിലുകള്‍ തുറന്നുകൊണ്ടാണ് ഏഷ്യന്‍ രാജ്യങ്ങളെ തങ്ങള്‍ക്കുള്ള ലൈംഗികാസ്വാദന കേന്ദ്രങ്ങളാക്കിത്തീര്‍ക്കാന്‍ സാമ്രാജ്യത്വം കെണികള്‍ തീര്‍ത്തത്. ഇടമറുക് തന്റെ മലേഷ്യന്‍ അനുഭവങ്ങള്‍ വിവരിക്കുമ്പോള്‍ ഹോട്ടല്‍ മുറിയിലെത്തിയ ഒരു ഏജന്റ് തന്നെ ലൈംഗികത കണ്ട് ആസ്വദിക്കാനായി ക്ഷണിച്ച സംഭവം വിവരിക്കുന്നുണ്ട്. രതിയില്‍ തനിക്ക് താല്‍പര്യമില്ലെന്ന് അറിയച്ചപ്പോള്‍ അയാള്‍ ചോദിച്ചതായി ഇടമറുക് എഴുതുന്നു: "സ്ത്രീ-പുരുഷ ബന്ധം നേരിട്ടുകണ്ട് ആസ്വദിക്കാം. അതിനു വെറും അഞ്ചു ഡോളറേയുള്ളു. നായയും സ്ത്രീയും തമ്മിലുള്ള ലൈംഗികബന്ധം കാണണമെങ്കില്‍ പത്തു ഡോളര്‍. ഒറാങ്ങ്ഒട്ടാനും (ഒരുതരം ആള്‍ക്കുരങ്ങ്) പെണ്ണും തമ്മിലുള്ള ബന്ധം കാണണോ? അതിനും സ്ഥലമുണ്ട് പക്ഷെ, പതിനഞ്ച് ഡോളര്‍ കൊടുക്കണം''(20)


ലൈംഗികദൃശ്യങ്ങളുടെ പ്രദര്‍ശനം പൌരാണിക സംസ്കാരങ്ങളില്‍ പലതിലും നിലനിന്നിരുന്നുവെങ്കിലും ഇന്നത്തേതുപോലെ അതിന്റെ വ്യാപകവത്ക്കരണം മുമ്പൊന്നും തന്നെയുണ്ടായിട്ടില്ല. അച്ചടി മാധ്യമങ്ങളിലൂടെയുള്ള പോര്‍ണോഗ്രഫി ലാഭം കൊയ്യുന്ന ഏര്‍പ്പാടാണെന്ന് മനസ്സിലായതോടെ പ്ളേബോയ് മാഗസിനുകളുടെ വേലിയേറ്റം തന്നെയുണ്ടായി, മുതലാളിത്ത രാജ്യങ്ങളില്‍. സിനിമയും റ്റെലിവിഷന്‍ സീരിയിലുകളും രതിയുടെ പച്ചയായതും അല്ലാത്തതുമായ ദൃശ്യവത്ക്കരണമുള്‍ക്കൊള്ളുന്നവയായപ്പോള്‍ സ്വീകരണമുറികളില്‍ വെച്ചുതന്നെ ലൈംഗിക വൈകൃതങ്ങള്‍ ആസ്വദിക്കാമെന്ന അവസ്ഥയുണ്ടായി. അമേരിക്കന്‍ മാധ്യമഭീമന്‍മാരായ ടൈം വാര്‍ണര്‍ കമ്പനിക്ക് കോടിക്കണക്കിന് ഡോളറിന്റെ വരുമാനമാണ് പോര്‍ണോഗ്രഫി ചാനലുകള്‍ വഴി ലഭിച്ചുകൊണ്ടിരിക്കുന്നത്. ന്യൂയോര്‍ക്ക് ഏരിയയില്‍ ഇരുപത് ലക്ഷവും മൊത്തത്തില്‍ ഒന്നേകാല്‍ കോടിയും വരിക്കാരുള്ള ടൈംവാര്‍ണര്‍ കേബിള്‍ നെറ്റ് വര്‍ക്ക് 2010ല്‍ പുതുതായി എട്ട് ചാനലുകള്‍ കൂടി ലൈംഗികദൃശ്യങ്ങള്‍ക്കുവേണ്ടി മാത്രമായി തുടങ്ങാന്‍ പോകുന്നുവെന്ന വാര്‍ത്ത ഹര്‍ഷാരവങ്ങളോടെയാണ് അമേരിക്കന്‍ യുവത്വം സ്വീകരിച്ചത്.(21) ഓരോ ആഴ്ചയിലും അമേരിക്കയില്‍നിന്ന് 211 പുതിയ പോര്‍ണോഗ്രഫിക് സിനിമകള്‍ പുറത്തിറങ്ങുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.(22) ഇത് മുതലാളിത്തത്തിന്റെ സിരാകേന്ദ്രമായ അമേരിക്കയുടെ മാത്രം കണക്കാണ്. യൂറോപ്യന്‍ നാടുകളും ഏഷ്യന്‍ നാടുകളുമെല്ലാം പുറത്തുവിടുന്ന ലൈംഗികാഭാസ സിനിമകളുടെ കണക്ക് കൂടി കൂട്ടുമ്പോള്‍ മാത്രമേ ഓരോ ദിവസവും പുറത്തിറങ്ങുന്നത് എത്രമാത്രം അപകടകരമായ 'ദൃശ്യവിരുന്നു'കളാണെന്ന് മനസ്സിലാവൂ. 1969ല്‍ പോര്‍ണോഗ്രഫിയെ ആദ്യമായി നിയമവിധേയമാക്കിയ ഡെന്‍മാര്‍ക്കിന്റെ പാത പിന്‍പറ്റിക്കൊണ്ട് ആര്‍ എങ്ങനെ നശിച്ചാലും തുണിയുരിഞ്ഞും രതിദൃശ്യങ്ങള്‍ കാണിച്ചും പണമുണ്ടാക്കാനുള്ള പുതിയ മാര്‍ഗങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ് മുതലാളിത്ത ലോകത്തെ രാജ്യങ്ങളെല്ലാം തന്നെ.


ഇന്റര്‍നെറ്റിന്റെ ആഗമനത്തോടെ ആര്‍ക്കും എവിടെവെച്ചും പോര്‍ണോഗ്രഫി ആസ്വദിക്കാമെന്ന അവസ്ഥ സംജാതമായി. 2011 ഡിസംബറിലെ കണക്കുകള്‍ പ്രകാരം 36,68,48,493 വെബ്സൈറ്റുകളും 314.6 കോടി ഇ.മെയില്‍ വിലാസങ്ങളുമുള്ള വലിയൊരു ലോകമാണ് ഇന്റര്‍നെറ്റിന്റേത്. വൈജ്ഞാനിക വിസ്ഫോടനമെന്നാണ് ഇന്റര്‍നെറ്റിന്റെ ലോകത്തെക്കുറിച്ച് പറയാറുള്ളതെങ്കിലും അത് ഇന്ന് ഏറ്റവുമധികം ഉപയോഗിക്കപ്പെടുന്നത് വളരുന്ന തലമുറയെ തിന്‍മകളിലേക്കു നയിക്കുവാനും തലച്ചോറിനെ വാണിജ്യവല്‍ക്കരിക്കുന്നതിനും വേണ്ടിയാണ്. ആകെയുള്ള വെബ്സൈറ്റുകളില്‍ പന്ത്രണ്ട് ശതമാനത്തോളം പച്ചയായ ലൈംഗികത പ്രദര്‍ശിപ്പിക്കുന്നവയാണ്. പോര്‍ണോഗ്രാഫിക് വെബ്സൈറ്റുകള്‍ എന്ന് സ്വയം വിളിക്കുന്നവ കൂടാതെ എന്റര്‍ടൈന്‍മെന്റും, മാട്രിമോണിയല്‍, ഡേറ്റിംഗ് തുടങ്ങിയ തലക്കെട്ടിനു കീഴെ ലൈംഗികതയിലേക്ക് നയിക്കുന്ന സൈറ്റുകളുടെ എണ്ണം ഇതിലും എത്രയോ അധികമാണ്. വെബ്സൈറ്റുകളില്‍ സേര്‍ച്ച് ചെയ്യപ്പെടുന്നതില്‍ 25 ശതമാനവും പോര്‍ണോഗ്രാഫിയാണ് എന്ന കണക്ക് നല്‍കുന്ന ഭീഷണമായ അറിവ് വിജ്ഞാനവിസ്ഫോടനമല്ല, പ്രത്യുത ധാര്‍മികത്തകര്‍ച്ചയാണ് ഇത് കൊണ്ട് ഉണ്ടാവാന്‍ പോകുന്നത് എന്ന് വ്യക്തമാക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന 15 മുതല്‍ 17 വരെ വയസ്സുകള്‍ക്കിടയിലുള്ളവരില്‍ 80 ശതമാനം പോര്‍ണോഗ്രഫി സൈറ്റുകള്‍ സന്ദര്‍ശിക്കുന്നവരാണെന്നും അത്തരക്കാര്‍ ഇത്തരം സൈറ്റുകള്‍ സന്ദര്‍ശിക്കുവാന്‍ തുടങ്ങുന്നത് ശരാശരി പതിനൊന്നാം വയസ്സിലാണെന്നുമുള്ള സ്ഥിതി വിവരക്കണക്കുകള്‍ ഞെട്ടിപ്പിക്കുന്നവയാണ്. ഓരോ സെക്കന്റിലും 28,258 പേര്‍ ഇന്റര്‍നെറ്റ് പോര്‍ണോഗ്രഫി ആസ്വദിക്കുമ്പോള്‍ അത് വിറ്റ് കാശാക്കുന്നവരുടെ മേശവലിപ്പിലെത്തുന്നത് 3075.64 കോടി ഡോളറാണെന്നാണ് കണക്ക്. ഓരോ ദിവസവും 27 കോടിയോളം ഡോളര്‍ (1328 കോടി ഇന്ത്യന്‍ രൂപ) ക്യാമറക്കു മുന്നില്‍ വെച്ച് തുണിയഴിക്കുന്നവര്‍ സമ്പാദിക്കുമ്പോള്‍ സമൂഹത്തിന്റെ ധാര്‍മികതയാണ് യഥാര്‍ഥത്തില്‍ അഴിഞ്ഞുപോകുന്നതെന്നും അതുവഴി ഉണ്ടാകാന്‍ പോകുന്ന ദുരന്തം കണക്കു കൂട്ടാവുന്നതിലുമപ്പുറമാണെന്നുമുള്ള വസ്തുതുകള്‍ എല്ലാവരും വിസ്മരിക്കുകയാണ് ചെയ്യുന്നത്.

ലൈംഗികതയുടെ പച്ചയായ ആവിഷ്കാരമുള്ള സിനിമകളെയും വെബ്സൈറ്റുകളെയും മാത്രമെ പോര്‍ണോഗ്രഫിക് എന്ന വിശേഷത്തോടുകൂടി പരാമര്‍ശിക്കാറുള്ളൂ. പുറത്തിറങ്ങുന്ന സിനിമകളിലും സീരിയലുകളിലും ലൈംഗികമായി ഉത്തേജിപ്പിക്കുന്ന തരം ദൃശ്യങ്ങളില്ലാത്തവ വളരെ അപൂര്‍വമാണെന്ന് ആ രംഗത്തെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.(23) പോര്‍ണോഗ്രഫിക് സിനിമകളെയും വെബ്സൈറ്റുകളേയും അപേക്ഷിച്ച് അപകടം കുറഞ്ഞവയാണ് ഇത്തരം സിനിമയും ഗാനദൃശ്യങ്ങളുമെന്നാണ് പൊതുവായ വിലയിരുത്തലെങ്കിലും യഥാര്‍ഥത്തില്‍ വസ്തുത അതല്ല. പരസ്യമായി പോര്‍ണോഗ്രഫി പ്രഖ്യാപിക്കുന്ന സൃഷ്ടികള്‍ വ്യക്തികളുടെ സ്വകാര്യതകളിലോ അതിനുവേണ്ടി മാത്രമായുള്ള കൂട്ടായ്മകളിലോ മാത്രമായാണ് പ്രദര്‍ശിപ്പിക്കപ്പെടുന്നതെങ്കില്‍ ലൈംഗികവികാരത്തെ ഉത്തേജിപ്പിക്കുന്ന അര്‍ധനഗ്നരംഗങ്ങളും ചുംബനദൃശ്യങ്ങളും ഗാനനൃത്ത പ്രദര്‍ശനങ്ങളുമെല്ലാം കാണുന്നത് കുടുംബം ഒരുമിച്ചിരുന്നാണ്. ചെറി കുട്ടികളില്‍ വരെ ഇതൊന്നും തെറ്റല്ലെന്ന ബോധം വളരാന്‍ ഇത് കാരണമാകുന്നു. വളരെയേറെ ദൂരവ്യാപകമായ പ്രത്യാഘാതങ്ങളാണ് ഇതുവഴി ഉണ്ടാവുക. മക്കളെ ബലാത്സംഗം ചെയ്യുന്ന പിതാക്കളും പരസ്പരം കിടപ്പറകള്‍ പങ്കിടുന്ന സഹോദരി-സഹോദരന്മാരും ഉണ്ടാവുന്നത് ഈയൊരു ധാര്‍മികപരിസരത്തുനിന്നാണ്. ഒന്നിച്ചിരുന്ന് ലൈംഗികത ആസ്വദിക്കുന്നവര്‍ക്ക് ഒന്നിച്ചുകിടന്നുകൂടേയെന്ന് അവരുടെ അന്തരംഗം ചോദിക്കുമ്പോള്‍ സഹോദരീ-പുത്രീ ബന്ധങ്ങളും സാമൂഹ്യമര്യാദകളുമെല്ലാം അവരുടെ മുമ്പില്‍ അപ്രത്യക്ഷമാവുന്നു. കൌമാരപ്രായത്തിലുള്ളവര്‍ കുറ്റവാളികളായിത്തീരുന്ന സാഹചര്യത്തിന് കളമൊരുക്കുന്നത് ലൈംഗികോത്തേജനത്തിന് കാരണമാകുന്ന ദൃശ്യങ്ങളുള്‍ക്കൊള്ളുന്ന സിനിമകളും സീരിയലുകളുമാണെന്ന വസ്തുത നിഷേധിക്കാന്‍ കടുത്ത മുതലാളിത്ത പക്ഷപാതികള്‍ക്കുപോലും കഴിയില്ല. ദല്‍ഹി പീഡനക്കേസിലെ പ്രതികളിലൊരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നും അയാളാണ് ഇരയോട് ഏറ്റവും ക്രൂരമായി പെരുമാറിയതെന്നുമുള്ള വസ്തുതകള്‍ ഓര്‍ക്കുക.


ലൈംഗികാകര്‍ഷണത്തിന്റെയും ലൈംഗികാതിക്രമത്തിന്റെയും ജീവശാസ്ത്രം കൂടി മനസ്സിലാക്കുമ്പോഴാണ് പെണ്ണിനെ ഒരു 'ചരക്ക്'’മാത്രമാക്കിത്തീര്‍ക്കുന്ന മുതലാളിത്തം എങ്ങനെയാണ് പെണ്‍പീഡനകഥകളിലെ വില്ലനായിത്തീരുന്നതെന്ന് നമുക്ക് കൃത്യമായി മനസ്സിലാവുക. ലൈംഗികാഭിനിവേശമുണ്ടാക്കുന്ന ഹോര്‍മോണാണ് ടെസ്റ്റോസ്റ്റെറോണ്‍. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമെല്ലാം ലൈംഗികതാല്‍പര്യവും അഭിനിവേശവമുണ്ടാക്കുന്നത് ഇതേ ഹോര്‍മോണ്‍ തന്നെയാണ്. പുരുഷനില്‍ വൃഷണങ്ങളും സ്ത്രീയില്‍ അണ്ഡാശയങ്ങളുമാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കുന്നത്. എന്നാല്‍ പ്രായപൂര്‍ത്തിയായ ഒരു പെണ്‍ശരീരം ഉത്പാദിപ്പിക്കുന്നതിന്റെ പത്തിരട്ടി ടെസ്റോസ്റ്ററോണ്‍ ഒരു ആണ്‍ ശരീരം ഉത്പാദിപ്പിക്കുന്നുണ്ട്. പുരുഷന്‍മാര്‍ക്ക് കൂടുതല്‍ ലൈംഗികാഭിനിവേശമുണ്ടാവുന്നത് ഇതുകൊണ്ടാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ബാഹ്യമായ ലൈംഗികസമ്മര്‍ദങ്ങളുണ്ടാവുമ്പോള്‍ തലച്ചോറിലെ ഹൈപ്പോതലാമസ്, ഗൊണടോട്രോപ്പിന്‍ റിലീസിംഗ് ഹോര്‍മോണ്‍ (GnRH) പിറ്റ്യൂറ്ററി ഗ്രന്ഥിയിലേക്ക് അയക്കുന്നു. അപ്പോള്‍ പിറ്റ്യൂട്ടറിയില്‍നിന്ന് ഉത്പാദിപ്പിക്കപ്പെടുന്ന ഹോളിക്കിള്‍ സ്റ്റിമുലേറ്റിംഗ് ഹോര്‍മോണിനെയും (FSH) ലൂറ്റിനൈസിംഗ് ഹോര്‍മോണിനെയും (LH) കൂടിയാണ് ഗൊണാഡോട്രോപ്പിനുകള്‍ എന്നു പറയുന്നത്. രക്തത്തിലേക്ക് കലരുന്ന LH വൃക്ഷണത്തിലെത്തുകയും അപ്പോള്‍ ടെസ്റ്റോസ്റ്ററോണ്‍ ഉത്പാദനം നടക്കുകയും ചെയ്യുന്നു. ഇത് ലിംഗത്തെ ഉദ്ധരിക്കുകയും അതില്‍നിന്ന് കൌപേഴ്സ് സ്രവം പുറത്തുവരുന്നതിന് നിമിത്തമാവുകയും ചെയ്യുന്നു. ടെസ്റോസ്റ്ററോണ്‍ ഉത്പാദനം അതിന്റെ പാരമ്യത്തിലെത്തിയാല്‍ പിറ്റ്യൂട്ടറി ഗ്രന്ഥി LH ഉത്പാദനം നിര്‍ത്തുകയും ലൈംഗികബന്ധം നടക്കുന്നതുവരെ രക്തത്തിലെ ടെസ്റോസ്റ്ററോണ്‍ തോത് നിലനിര്‍ത്തുകയും ചെയ്യുന്നു. LH നോടൊപ്പം ഉത്പാദിപ്പിക്കപ്പെട്ട FSH ഇതേസമയം തന്നെ വൃഷണത്തിലെത്തി ശുക്ളോത്പാദനത്തെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. ടെസ്റോസ്റ്ററോണ്‍ ഉത്പാദിപ്പിക്കുന്ന ഡോപമിനാണ് എന്ന രാസവസ്തു ലൈംഗികാഭിനിവേശവും സുഖവും പ്രദാനം ചെയ്യുന്നതിന് നിമിത്തമാകുന്നത്. രതിമൂര്‍ഛയിലെത്തി ലൈംഗികബന്ധം അവസാനിക്കുന്നതോടുകൂടി മാത്രമാണ് ഡോപമിന്‍ അളവു കുറയുകയും ലിംഗം പൂര്‍വാവസ്ഥയിലേക്ക് മടങ്ങുകയും ചെയ്യുന്നത്.(24) ലൈംഗികമായി ഉത്തേജിപ്പിക്കപ്പെടുകയും രതിമൂര്‍ഛ സംഭവിക്കാതിരിക്കുകയും ചെയ്യുമ്പോള്‍ ഡോപമിന്‍ അളവു കുറയാതെതന്നെ ശരീരത്തില്‍ നിലനില്‍ക്കുകയും ടെസ്റോസ്റ്ററോണ്‍ ഉപയോഗിക്കപ്പെടാതെ അവശേഷിക്കുകയും ചെയ്യുക സ്വാഭാവികമാണ്. ലൈംഗികതയുടെ അതിപ്രസരം നിലനില്‍ക്കുന്ന ഇന്നത്തെ സാമൂഹ്യാവസ്ഥയില്‍ പുരുഷ ശരീരത്തില്‍ ടെസ്റോസ്റ്ററോണ്‍ ഉത്പാദനം തകൃതിയായി നടക്കുകയും എന്നാല്‍ അതിന്റെ പ്രകൃതിപരമായ ഉപഭോഗം സംഭവിക്കാന്‍ സാഹചര്യങ്ങള്‍ അനുവദിക്കാത്ത സ്ഥിതിയുമാണുള്ളത്. പുരുഷശരീരത്തില്‍ ടെസ്റോസ്റ്ററോണ്‍ അടിഞ്ഞുകൂടുകയാണ് ലൈംഗികാതിപ്രസരത്തിന്റെ ഫലമെന്നര്‍ഥം. 


ലൈംഗികാഭിനിവേശം സൃഷ്ടിക്കുന്നതോടൊപ്പം തന്നെ കുറ്റവാസനക്കും നിമിത്തമാകുന്നത് ടെസ്റോസ്റ്ററോണ്‍ ഹോര്‍മോണിന്റെ സാന്നിധ്യം മൂലമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.(25) എന്തുകൊണ്ടാണ് പുരുഷന്‍മാരില്‍ കുറ്റവാസന കൂടുതലെന്ന ചോദ്യത്തിന് സ്ത്രീകളുടേതിനേക്കാല്‍ പത്തിരട്ടി ടെസ്റോസ്റ്ററോണ്‍ ഉത്പാദനം പുരുഷന്‍മാരില്‍ നടക്കുന്നുണ്ടെന്നതും അത് പലപ്പോഴും ശരിയായ രീതിയില്‍ ഉപയോഗിക്കപ്പെടുന്നില്ല എന്നതുമാണ് ഉത്തരമായി അന്തസ്രാവ വ്യവസ്ഥാ വിദഗ്ധന്‍മാര്‍ പറയുക. ലൈംഗികദൃശ്യങ്ങളും എതിര്‍ലിംഗ സാമീപ്യവും വ്യാപകമായിട്ടുള്ള മുതലാളിത്ത കാലത്ത് പെണ്ണിനുനേരെയുള്ള അതിക്രമങ്ങള്‍ എന്തുകൊണ്ട് വര്‍ധിച്ചുകൊണ്ടിരിക്കുന്നുവെന്ന ചോദ്യത്തിനുള്ള ജീവശാസ്ത്രപരമായ ഉത്തരം ഇതുതന്നെയാണ്. ടെസ്റോസ്റ്ററോണ്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടാനുള്ള മുഴുവന്‍ സാഹചര്യവും നില്‍നില്‍ക്കുകയും അത് നിയതമായ രീതിയില്‍ ഉപയോഗിക്കപ്പെടാതെ അടിഞ്ഞുകൂടുകയും ചെയ്യുന്നത് പുരുഷന്‍മാരെ അതിക്രമകാരികളാക്കുന്നതിന് കാരണമായി ഭവിക്കുന്നുണ്ടെന്ന യാഥാര്‍ഥ്യം മറച്ചുവച്ചുകൊണ്ട് നടത്തുന്ന സ്ത്രീപീഡന പരിഹാര പരിശ്രമങ്ങളൊന്നും വിജയിക്കുകയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്.


സ്ത്രീയുടെ അര്‍ധനഗ്നതക്ക് പുരുഷനെ പ്രലോഭിപ്പിക്കുകയും അതിക്രമകാരിയാക്കിത്തീര്‍ക്കുകയും ചെയ്യുന്നതില്‍ ഗണ്യമായ പങ്കുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ ആണ്‍കോയ്മയുടെ വക്താക്കളും ഇരകള്‍ക്കെതിരെ വേട്ടക്കാരെ സഹായിക്കുന്നവരുമായി ചിത്രീകരിക്കുന്നതിന് പകരം ആ പറയുന്നതില്‍ വസ്തുതയെന്തെങ്കിലുമുണ്ടോയെന്ന് അന്വേഷിക്കാനും ഉണ്ടെങ്കില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തുകയും ചെയ്യുവാനാണ് പ്രശ്നപരിഹാരം ആഗ്രഹിക്കുന്നവര്‍ സന്നദ്ധമാകേണ്ടത്. ബാഹ്യമായ ലൈംഗിക സമ്മര്‍ദങ്ങളാണ് പുരുഷ മസ്തിഷ്കത്തിലെ ഹൈപ്പോതലാമസിനെ ടെസ്റ്റോസ്റ്ററോണ്‍ ഉത്പാദിപ്പിക്കാനാവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കുന്നതിന് പ്രേരിപ്പിക്കുന്നതെന്ന് പറഞ്ഞുവല്ലോ. കണ്ണ്, കാത്, നാവ്, മൂക്ക്, ത്വക്ക് എന്നീ പഞ്ചേന്ദ്രിയങ്ങളിലൂടെയാണ് ബാഹ്യലോകത്തെക്കുറിച്ച് തലച്ചോറ് അറിയുന്നത്. പുരുഷന് ലൈംഗികമായ ആഗ്രഹം ജനപ്പിക്കുകയും ഉത്തേജിപ്പിക്കുകയും ചെയ്യുന്ന ഒന്നാമത്തെ ഇന്ദ്രിയം കണ്ണാണ്. സ്ത്രീ സൌന്ദര്യത്തിന്റെ കാഴ്ച വഴി മാത്രം തന്നെ പുരുഷ ശരീരത്തില്‍ ടെസ്റോസ്റ്ററോണ്‍ ഉത്പാദിപ്പിക്കപ്പെടുകയും ലിംഗോദ്ധാരണം സംഭവിക്കുകയും കൌപേഴ്സ് സ്രവം പുറത്തുവരികയുമെല്ലാം ചെയ്യും. പുരുഷനെ പ്രലോഭിപ്പിക്കുന്ന പ്രധാനപ്പെട്ട കേന്ദ്രം കണ്ണാണെങ്കില്‍ ഇതിനുസമാനമായ സ്ത്രീയുടെ കേന്ദ്രങ്ങള്‍ കാതും ത്വക്കുമാണ്. തനിക്ക് ഇഷ്ടപ്പെട്ടയാളുടെ ശൃംഗാരം കേള്‍ക്കുകയും സ്പര്‍ശമേല്‍ക്കുകയും ചെയ്യുമ്പോഴാണ് സ്ത്രീശരീരത്തില്‍ പുരുഷന് സ്ത്രീ സൌന്ദര്യം കാണുമ്പോഴുണ്ടാവുന്നതിന് സമാനമായ മാറ്റങ്ങളുണ്ടാവുന്നത്. സ്ത്രീനഗ്നതയും അര്‍ധനഗ്നതയുമെല്ലാം നോക്കുന്നിടങ്ങളിലെല്ലാമുള്ള മുതലാളിത്ത സാമൂഹ്യക്രമത്തില്‍ പുരുഷന്‍ അക്രമിയായിത്തീരുന്നുവെങ്കില്‍ അതിന്ന് ശിക്ഷിക്കേണ്ടത് അവരെ മാത്രമല്ലെന്നും അതിന്ന് അവനെ പ്രേരിപ്പിക്കുന്ന സാമൂഹ്യക്രമത്തെക്കൂടിയാണെന്നും പറയുന്നത് എങ്ങനെയാണ് വേട്ടക്കാരനുവേണ്ടിയുള്ള വേദാന്തമായിത്തീരുന്നത്.വസ്ത്രധാരണത്തെയും ധാര്‍മികതയെയും സംബന്ധിച്ച ഇസ്ലാമിക നിയമങ്ങളെല്ലാം കാലഹരണപ്പെട്ടതാണെന്ന് സമര്‍ഥിക്കാന്‍ പരിശ്രമിച്ച് പ്രയാസപ്പെടുന്നവര്‍ പോലും വസ്ത്രധാരണത്തിലെ മാന്യതയെപ്പറ്റി സംസാരിക്കുന്നതിലെത്തിയിരിക്കുന്ന സാഹചര്യത്തിലും, ഇസ്ലാമിക വസ്ത്രധാരണത്തെ അപഹസിക്കാന്‍ ലഭിക്കുന്ന അവസരങ്ങളെല്ലാം ഉപയോഗിച്ച് മുതലാളിത്ത മസ്തിഷ്ക പ്രക്ഷാളനത്തിന് വിധേയമായ പൊതുസമൂഹത്തിന്റെ കയ്യടി നേടാന്‍ ശ്രമിക്കുന്ന ചില മതേതര ബുദ്ധിജീവികളുണ്ട്. അവര്‍ക്ക് അരോചകമായി തോന്നാമെങ്കിലും, വസ്ത്രധാരണത്തിലെ മാന്യത തന്നെയാണ് സ്ത്രീപീഡനങ്ങള്‍ ഇല്ലാതെയാക്കുന്നതിന്റെ പ്രാഥമികപടിയെന്ന വസ്തുത ഉറക്കെ പറയേണ്ട സമയം തന്നെയാണിത്. സ്ത്രീയെ ചരക്കായി ആപതിപ്പിക്കുന്ന മുതലാളിത്ത സംസ്കാരത്തോട് തന്റെ വസ്ത്രംകൊണ്ട് തന്നെ കലഹിക്കുന്നവളാകണം മുസ്ലിം സ്ത്രീയെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. മുഖവും മുന്‍കയ്യും മാത്രം പുറത്ത് കാണുന്ന അയഞ്ഞ വസ്ത്രം ധരിച്ച് ഞാനൊരു 'ചരക്ക'ല്ലെന്നും സര്‍വശക്തന്റെ വിനീതയായ ദാസിയാണെന്നും വിളിച്ചുപറയുകയും എത്രതന്നെ പ്രലോഭിപ്പിക്കപ്പെട്ടാലും മുതലാളിത്തത്തിന്റെ കെണിയിലകപ്പെടാതിരിക്കാന്‍ ദൈവിക നിയമങ്ങളുടെ പരിചയുപയോഗിച്ച് താന്‍ ശ്രമിച്ചുകൊണ്ടിരിക്കുമെന്ന് വസ്ത്രധാരണത്തിലൂടെ പ്രഖ്യാപിക്കുകയും ചെയ്യുന്നവളാണ് മുസ്ലിം സ്ത്രീ. ഹിജാബ് ധരിക്കാനുള്ള ക്വുര്‍ആനിക കല്‍പനയില്‍ ആദ്യം പറയുന്നത് 'അവള്‍ തിരിച്ചറിയപ്പെടാന്‍ അതാണുത്തമം' എന്നാണെന്ന കാര്യം ശ്രദ്ധേയമാണ്. കാമഭ്രാന്തന്‍മാര്‍ക്ക് കടിച്ചുകീറാനോ പൂവാലന്‍മാര്‍ക്ക് സ്പര്‍ശരോഗം ശമിപ്പിക്കാനോ കച്ചവടക്കാര്‍ക്ക് ഉത്പന്നങ്ങള്‍ വിറ്റഴിക്കാനോ ഉള്ള കേവല വസ്തുവല്ല താനെന്നും അല്ലാഹുവിന്റെ നിയമങ്ങളുടെ ശീതളിമയില്‍ അവന്‍ അനുവദിച്ച സ്വാതന്ത്യ്രം ആസ്വദിച്ചും അനുഭവിച്ചും കഴിയുന്ന വിനീതയായ ദൈവദാസിയാണ് താനെന്നും തിരിച്ചറിയാന്‍ നിമിത്തമാവുമെന്നതാണ് മുസ്ലിം സ്ത്രീയുടെ വസ്ത്രമെന്നര്‍ഥം.


എന്തിനാണ് ഇസ്ലാമികമായ വസ്ത്രധാരണമെന്ന ചോദ്യത്തിന് ക്വുര്‍ആന്‍ നല്‍കുന്ന രണ്ടാമത്തെ മറുപടി 'അവള്‍ അക്രമിക്കപ്പെടാതിരിക്കാന്‍' എന്നാണ്. പുരുഷനെ പ്രലോഭിപ്പിക്കുന്ന വസ്ത്രങ്ങള്‍ അവനെ അക്രമകാരിയാക്കിത്തീര്‍ക്കാമെന്ന് പഠനങ്ങള്‍ സ്ഥിരീകരിച്ച ഇന്നും ഈ ക്വുര്‍ആനിക നിര്‍ദേശത്തെ കളിയാക്കുന്നവരുണ്ട്. ലൈംഗിക മനഃശാസ്ത്രത്തെയും ലൈംഗികതയുടെ രസതന്ത്രത്തെയും കുറിച്ച് രണ്ടായിരാമാണ്ടിനുശേഷം എഴുതപ്പെട്ട ആധികാരിക ഗ്രന്ഥങ്ങളേതെങ്കിലും വായിക്കണമെന്നു മാത്രമാണ് അത്തരക്കാരോട് നമുക്ക് വിനീതമായി അഭ്യര്‍ഥിക്കാനുള്ളത്. ഈ ക്വുര്‍ആന്‍ കല്‍പനയെ ബലപ്പെടുത്തുന്നതാണ് പുതിയ പഠനങ്ങളെല്ലാം എന്ന വസ്തുതയെ നിഷേധിക്കാന്‍ കണ്ണടച്ച് ഇരുട്ടാക്കുന്നവര്‍ക്കല്ലാതെ ആര്‍ക്കാണ് കഴിയുക? അല്ലാഹു പറയുന്നു: "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (ക്വുര്‍ആന്‍ 33:59)


സ്ത്രീസൌന്ദര്യം അന്യര്‍ക്ക് ആസ്വദിക്കുവാനോ ആസ്വദിപ്പിക്കുവാനോ വേണ്ടിയുള്ളതല്ലെന്നാണ് ഇസ്ലാമിന്റെ നിലപാട്. സൌന്ദര്യമുപയോഗിച്ചുകൊണ്ടുള്ള മാര്‍ക്കറ്റിംഗ് അതുകൊണ്ട് ഇസ്ലാം അനുവദിക്കുന്നില്ല. "(നബിയേ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃപിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃപുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദരപുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍, അവരുടെ വലംകൈകള്‍ ഉടമപ്പെടുത്തിയവര്‍ (അടിമകള്‍), ലൈംഗികാസക്തി ഉള്ളവരല്ലാത്ത പുരുഷന്‍മാരായ പരിചാരകര്‍, സ്ത്രീകളുടെ രഹസ്യങ്ങള്‍ മനസ്സിലാക്കിയിട്ടില്ലാത്ത കുട്ടികള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്. തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്. സത്യവിശ്വാസികളേ, നിങ്ങളെല്ലാവരും അല്ലാഹുവിങ്കലേക്ക് ഖേദിച്ചുമടങ്ങുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.'' (ക്വുര്‍ആന്‍ 24:30,31)


അന്യപുരുഷന്‍മാരെ ആകര്‍ഷിക്കുന്നതിനു വേണ്ടിയുള്ള എല്ലാ വസ്ത്രാലങ്കാരങ്ങളും ഉടയാടകളും ശൃംഗാരങ്ങളുമെല്ലാം ഇസ്ലാം നിരോധിച്ചു. പ്രവാചകപത്നിമാരോടായി ക്വുര്‍ആന്‍ കല്‍പിക്കുന്ന കാര്യങ്ങള്‍ എല്ലാ വിശ്വാസിനികള്‍ക്കും ബാധകമാണ്. "പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക. നിങ്ങള്‍ നിങ്ങളുടെ വീടുകളില്‍ അടങ്ങിക്കഴിയുകയും ചെയ്യുക. പഴയ അജ്ഞാനകാലത്തെ സൌന്ദര്യപ്രകടനം പോലുള്ള സൌന്ദര്യപ്രകടനം നിങ്ങള്‍ നടത്തരുത്. നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, സകാത്ത് നല്‍കുകയും അല്ലാഹുവെയും അവന്റെ ദൂതനെയും അനുസരിക്കുകയും ചെയ്യുക. (പ്രവാചകന്റെ) വീട്ടുകാരേ! നിങ്ങളില്‍ നിന്ന് മാലിന്യം നീക്കികളയുവാനും, നിങ്ങളെ ശരിയായി ശുദ്ധീകരിക്കുവാനും മാത്രമാണ് അല്ലാഹു ഉദ്ദേശിക്കുന്നത്.'' (ക്വുര്‍ആന്‍ 33:32,33)


വ്യഭിചാരത്തെ മഹാപാതകമായാണ് ഇസ്ലാം കാണുന്നത്. സത്യവിശ്വാസികളുടെ സ്വഭാവത്തെകുറിച്ച് പരാമര്‍ശിക്കവെ ക്വുര്‍ആന്‍ പറയുന്നു: "അല്ലാഹുവോടൊപ്പം വേറെയൊരു ദൈവത്തെയും വിളിച്ചു പ്രാര്‍ഥിക്കാത്തവരും, അല്ലാഹു പവിത്രമാക്കി വെച്ചിട്ടുള്ള ജീവനെ ന്യായമായ കാരണത്താലല്ലാതെ ഹനിച്ചു കളയാത്തവരും, വ്യഭിചരിക്കാത്തവരുമാകുന്നു അവര്‍. ആ കാര്യങ്ങള്‍ വല്ലവനും ചെയ്യുന്ന പക്ഷം അവന്‍ പാപഫലം കണ്ടെത്തുക തന്നെ ചെയ്യും.'' (ക്വുര്‍ആന്‍ 25:68)


ഇബ്നു മസ്ഊദ് (റ) നിവേദനം. ഞാന്‍ നബി(സ്വ)യോട് ചോദിച്ചു: ഏതാണ് ഏറ്റവും വലിയ പാപം? അവിടുന്ന് പറഞ്ഞു: നിന്നെ സൃഷ്ടിച്ച രക്ഷിതാവിന് നീ സമന്മാരെയുണ്ടാക്കല്‍. ഞാന്‍ വീണ്ടും ചോദിച്ചു, പിന്നെയോ? അവിടുന്ന് പറഞ്ഞു: നിന്റെ കൂടെ ഭക്ഷണം കഴിക്കുമെന്ന ഭയത്താല്‍ നീ നിന്റെ സന്താനത്തെ വധിക്കല്‍. ഞാന്‍ വീണ്ടും ചോദിച്ചു. പിന്നെയോ? അവിടുന്ന് പറഞ്ഞു: നിന്റെ അയല്‍ക്കാരന്റെ ഭാര്യയെ നീ വ്യഭിചരിക്കല്‍.(26)


ജാബിര്‍ ബ്നു സമുറ(റ) നിവേദനം ചെയ്യുന്ന ദീര്‍ഘമായ ഹദീഥില്‍ ഇങ്ങനെ കാണാവുന്നതാണ്... അങ്ങിനെ ഞങ്ങള്‍ അടുപ്പു പോലെയുള്ള ഒരു സാധനത്തിന്റെയടുത്തെത്തി. അതിനകത്തു നിന്ന് നിലവിളികളും ശബ്ദ കോലാഹങ്ങളും കേള്‍ക്കാമായിരുന്നു. ഞങ്ങള്‍ അതിലേക്ക് നോക്കി അതില്‍ നിറയെ നഗ്നരായ സ്ത്രീ പുരുഷന്മാരായിരുന്നു. താഴ്ഭാഗത്തു നിന്ന് വരുന്ന തീജ്ജ്വാലകള്‍ അവരെ കരിക്കുമ്പോള്‍ അവര്‍ അട്ടഹസിച്ച് നിലവിളിക്കുമായിരുന്നു. ഞാന്‍ ചോദിച്ചു ഇവരാരാണ്? അവര്‍ നബി(സ്വ)യോട് മുന്നോട്ട് നടക്കുവാന്‍ പറഞ്ഞു... അവസാനം അവര്‍ നബി(സ്വ)യോട് എല്ലാം വിശദീകരിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു: അടുപ്പു പോലെയുള്ള തീ കുണ്ഠാരത്തില്‍ കണ്ട സ്ത്രീ പുരുഷന്മാര്‍ വ്യഭിചാരികളും വ്യഭിചാരിണികളുമാണ്.(27)


വ്യഭിചാരത്തെകുറിച്ചു പറയുമ്പോള്‍ അതൊരു നീചവൃത്തിയും പൈശാചിക പ്രവര്‍ത്തനവുമാണെന്ന് വ്യക്തമാക്കുകയും അതിലേക്ക് അടുപ്പിക്കുന്ന യാതൊന്നും തന്നെ ചെയ്തു പോകരുതെന്ന് നിഷ്കര്‍ഷിക്കുകയും ചെയ്യുന്നുണ്ട്, ക്വുര്‍ആന്‍. "നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.'' (ക്വുര്‍ആന്‍ 17:32)


വ്യഭിചാരത്തിലേക്ക് പ്രലോഭിക്കുന്ന യാതൊരു വിധ പ്രവര്‍ത്തനങ്ങളിലും വ്യാപൃതരാവരുതെന്ന് മുഹമ്മദ് നബി(സ്വ) പ്രത്യേകം നിഷ്കര്‍ഷിച്ചു. അന്യസ്ത്രീപുരുഷന്‍മാര്‍ ഒറ്റയ്ക്കാകരുതെന്നും ഒറ്റയ്ക്ക് യാത്രചെയ്യരുതെന്നും ലൈംഗികവികാരത്തോടെ പരസ്പരം നോക്കരുതെന്നുമെല്ലാം ഉള്ള പ്രവാചക കല്‍പനകള്‍ ഈ ക്വുര്‍ആന്‍ വചനത്തെ എങ്ങനെ പ്രയോഗവല്‍ക്കരിക്കാമെന്നാണ് പഠിപ്പിക്കുന്നത്.


ഒരല്‍പം കൂടി ബാക്കിയുണ്ട് ഉടനെ പോസ്റ്റു ചെയ്യാം

1 comment:

alichemmad said...

http://www.youtube.com/watch?v=a0r_zherdyA