ഈ പോസ്റ്റിന്റെ ആദ്യ ഭാഗം
രണ്ടാം ഭാഗം ഇവിടെ
സര്‍വശക്തന്റെ വിധിവിലക്കുകളില്‍ നിന്ന് വ്യതിചലിച്ചുകൊണ്ട് ലൈംഗികതയെ
ഉപയോഗിച്ച സദോം നിവാസികളെ നശിപ്പിച്ചതായി ക്വുര്‍ആന്‍ വ്യക്തമാക്കുന്നു:
"ലൂത്വിന്റെ ജനത ദൈവദൂതന്‍മാരെ നിഷേധിച്ചു തള്ളി. അവരുടെ സഹോദരന്‍ ലൂത്വ്
അവരോട് പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
തീര്‍ച്ചയായും ഞാന്‍ നിങ്ങള്‍ക്ക് വിശ്വസ്തനായ ഒരു ദൂതനാകുന്നു. അതിനാല്‍
നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, എന്നെ അനുസരിക്കുകയും ചെയ്യുവിന്‍.
ഇതിന്റെ പേരില്‍ നിങ്ങളോട് ഞാന്‍ യാതൊരു പ്രതിഫലവും ചോദിക്കുന്നില്ല.
എനിക്കുള്ള പ്രതിഫലം ലോകരക്ഷിതാവിങ്കല്‍ നിന്ന് മാത്രമാകുന്നു. നിങ്ങള്‍
ലോകരില്‍ നിന്ന് ആണുങ്ങളുടെ അടുക്കല്‍ ചെല്ലുകയാണോ? നിങ്ങളുടെ രക്ഷിതാവ്
നിങ്ങള്‍ക്ക് വേണ്ടി സൃഷ്ടിച്ചു തന്നിട്ടുള്ള നിങ്ങളുടെ ഇണകളെ
വിട്ടുകളയുകയുമാണോ? അല്ല, നിങ്ങള്‍ അതിക്രമകാരികളായ ഒരു ജനത തന്നെ. അവര്‍
പറഞ്ഞു: ലൂത്വേ, നീ (ഇതില്‍ നിന്ന്) വിരമിച്ചില്ലെങ്കില്‍ തീര്‍ച്ചയായും നീ
(നാട്ടില്‍ നിന്ന്) പുറത്താക്കപ്പെടുന്നവരുടെ കൂട്ടത്തിലായിരിക്കും.
അദ്ദേഹം പറഞ്ഞു: തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ പ്രവൃത്തിയെ
വെറുക്കുന്നവരുടെ കൂട്ടത്തിലാകുന്നു. അദ്ദേഹം പ്രാര്‍ഥിച്ചു:) എന്റെ
രക്ഷിതാവേ, എന്നെയും എന്റെ കുടുംബത്തേയും ഇവര്‍ പ്രവര്‍ത്തിച്ചു
കൊണ്ടിരിക്കുന്നതില്‍ നിന്ന് നീ രക്ഷപ്പെടുത്തേണമേ. അപ്പോള്‍ അദ്ദേഹത്തെയും
അദ്ദേഹത്തിന്റെ കുടുംബത്തേയും മുഴുവന്‍ നാം രക്ഷപ്പെടുത്തി. പിന്‍മാറി
നിന്നവരില്‍ ഒരു കിഴവി ഒഴികെ. പിന്നീട് മറ്റുള്ളവരെ നാം തകര്‍ത്തുകളഞ്ഞു.
അവരുടെ മേല്‍ നാം ഒരു തരം മഴ വര്‍ഷിപ്പിക്കുകയും ചെയ്തു. താക്കീത്
നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ എത്ര മോശം! തീര്‍ച്ചയായും അതില്‍
(മനുഷ്യര്‍ക്ക്) ഒരു ദൃഷ്ടാന്തമുണ്ട്. എന്നാല്‍ അവരില്‍ അധികപേരും
വിശ്വസിക്കുന്നവരായില്ല.'' (ക്വുര്‍ആന്‍ 26:160-174)
"ലൂത്വിനെയും (ഓര്‍ക്കുക). അദ്ദേഹം തന്റെ ജനതയോട് പറഞ്ഞ സന്ദര്‍ഭം:
നിങ്ങള്‍ കണ്ടറിഞ്ഞു കൊണ്ട് നീചവൃത്തി ചെയ്യുകയാണോ? നിങ്ങള്‍
കാമനിവൃത്തിക്കായി സ്ത്രീകളെ വിട്ട് പുരുഷന്‍മാരുടെ അടുക്കല്‍ ചെല്ലുകയാണോ?
അല്ല. നിങ്ങള്‍ അവിവേകം കാണിക്കുന്ന ഒരു ജനതയാകുന്നു. ലൂത്വിന്റെ
അനുയായികളെ നിങ്ങളുടെ രാജ്യത്ത് നിന്നും പുറത്താക്കുക, അവര്‍ ശുദ്ധി
പാലിക്കുന്ന കുറെ ആളുകളാകുന്നു എന്നു പറഞ്ഞത് മാത്രമായിരുന്നു
അദ്ദേഹത്തിന്റെ ജനതയുടെ മറുപടി. അപ്പോള്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ
ആളുകളെയും നാം രക്ഷപ്പെടുത്തി; അദ്ദേഹത്തിന്റെ ഭാര്യ ഒഴികെ. പിന്‍മാറി
നിന്നവരുടെ കൂട്ടത്തിലാണ് നാം അവളെ കണക്കാക്കിയത്. അവരുടെ മേല്‍ നാം ഒരു മഴ
വര്‍ഷിക്കുകയും ചെയ്തു. താക്കീത് നല്‍കപ്പെട്ടവര്‍ക്ക് ലഭിച്ച ആ മഴ
എത്രമോശം!'' (ക്വുര്‍ആന്‍ 27:54-58)
"അങ്ങനെ നമ്മുടെ കല്‍പന വന്നപ്പോള്‍ ആ രാജ്യത്തെ നാം കീഴ്മേല്‍
മറിക്കുകയും, അട്ടിയട്ടിയായി ചൂളവെച്ച ഇഷ്ടികക്കല്ലുകള്‍ നാം അവരുടെ മേല്‍
വര്‍ഷിക്കുകയും ചെയ്തു. നിന്റെ രക്ഷിതാവിന്റെ അടുക്കല്‍ അടയാളം
വെക്കപ്പെട്ടവയത്രെ (ആ കല്ലുകള്‍) അത് ഈ അക്രമികളില്‍ നിന്ന് അകലെയല്ല''
(ക്വുര്‍ആന്‍ 11:82-83)
വ്യഭിചാരം സാര്‍വത്രികമാകുന്ന സമൂഹത്തിലുണ്ടാവുന്ന നാശത്തെകുറിച്ച്
മുഹമ്മദ് നബി(സ്വ) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എയ്ഡ്സിനെപ്പോലെയുള്ള
രോഗങ്ങളുടെ വ്യാപനത്തില്‍ നിന്നുപോലും പാഠം പഠിച്ചിട്ടില്ലാത്ത മുതലാളിത്തം
അതിന്റെ സ്വയംകൃത അനര്‍ഥങ്ങളാല്‍ തകര്‍ന്നുകൊണ്ടിരിക്കുന്നതാണ് നാം
കണ്ടുകൊണ്ടിരിക്കുന്നത്. സാമൂഹ്യധാര്‍മികത തന്നെ വഞ്ചനയിലും ലൈംഗികതയിലും
അധിഷ്ഠിതമായിത്തീരുന്ന ഒരു സമൂഹത്തിനും ഏറെ നാള്‍ പിടിച്ചുനില്‍ക്കാന്‍
കഴിഞ്ഞിട്ടില്ല. സാമൂഹ്യധാര്‍മികതയുടെ തകര്‍ച്ച സാമ്പത്തിക വ്യവസ്ഥയുടെ
തകര്‍ച്ചക്ക് കാരണമായേക്കും. തിന്മയുടെ ആധിക്യം വഴി
നശിപ്പിക്കപ്പെട്ടവരെകുറിച്ച് പരാമര്‍ശിക്കുമ്പോള്‍ ക്വുര്‍ആന്‍ പറയുന്നത്
ശ്രദ്ധിക്കുക.
"അവര്‍ ഭൂമിയിലൂടെ സഞ്ചരിച്ചിട്ട് തങ്ങളുടെ മുമ്പുള്ളവരുടെ പര്യവസാനം
എങ്ങനെയായിരുന്നു എന്ന് നോക്കുന്നില്ലേ? അവര്‍ ഇവരേക്കാള്‍ കൂടുതല്‍
ശക്തിയുള്ളവരായിരുന്നു. അവര്‍ ഭൂമി ഉഴുതുമറിക്കുകയും, ഇവര്‍
അധിവാസമുറപ്പിച്ചതിനെക്കാള്‍ കൂടുതല്‍ അതില്‍ അധിവാസമുറപ്പിക്കുകയും
ചെയ്തു. നമ്മുടെ ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട് അവരുടെ അടുത്ത്
ചെല്ലുകയുണ്ടായി. എന്നാല്‍ അല്ലാഹു അവരോട് അക്രമം ചെയ്യുകയുണ്ടായിട്ടില്ല.
പക്ഷെ, അവര്‍ തങ്ങളോട് തന്നെ അക്രമം ചെയ്യുകയായിരുന്നു. പിന്നീട്,
ദുഷ്പ്രവൃത്തി ചെയ്തവരുടെ പര്യവസാനം ഏറ്റവും മോശമായിത്തീര്‍ന്നു.
അല്ലാഹുവിന്റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ നിഷേധിച്ച് തള്ളുകയും അവയെപ്പറ്റി
അവര്‍ പരിഹസിച്ചു കൊണ്ടിരിക്കുകയും ചെയ്തതിന്റെ ഫലമത്രെ അത്.''
(ക്വുര്‍ആന്‍ 30:9,10)
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ശിക്ഷാസമ്പ്രദായത്തിന്റെ അപര്യാപ്തതയാണ്
ലൈംഗിക കുറ്റകൃത്യങ്ങളുടെ വര്‍ധനവിന് കാരണമെന്നും പെണ്‍പീഡനത്തിന് ശക്തവും
നിഷ്കൃഷ്ടവും സമയബന്ധിതവുമായി ശിക്ഷകള്‍ നല്‍കാനായാല്‍ തന്നെ അത് ഒരു
പരിധിവരെ നിയന്ത്രിക്കാനാകുമെന്നുമുള്ള വാദങ്ങളും ഡല്‍ഹി സംഭവത്തിന്റെ
പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. 2011ല്‍ മാത്രം
സ്ത്രീകള്‍ക്കെതിരെയുള്ള 2,28,650 കുറ്റകൃത്യങ്ങള്‍ റിപ്പോര്‍ട്ട്
ചെയ്യപ്പെട്ട നമ്മുടെ നാട്ടില്‍ ബലാത്സംഗം ചെയ്യുന്നവരെ വധശിക്ഷക്ക്
വിധേയമാക്കുകയോ അവരുടെ ലൈംഗികശേഷി മരവിപ്പിക്കുകയോ ചെയ്യുകയെന്ന ശിക്ഷകള്‍
നടപ്പാക്കിയാല്‍ കുറ്റവാളികള്‍ പേടിക്കുകയും കുറ്റകൃത്യങ്ങളുടെ എണ്ണം
ചുരുങ്ങുകയും ചെയ്യുമെന്നാണ് സംഭവത്തില്‍ പ്രതിഷേധിക്കാന്‍ ഡല്‍ഹിയില്‍
ഒരുമിച്ചുകൂടിയ ആള്‍ക്കൂട്ടം വിളിച്ചുപറഞ്ഞ കാര്യങ്ങളിലൊന്ന്.
സ്ത്രീകള്‍ക്കെതിരെ ഓരോ രണ്ടു മിനുട്ടിലും ഒരു
അക്രമസംഭവങ്ങളെങ്കിലുമുണ്ടാവുന്ന ഒരു രാജ്യത്ത് തങ്ങളെങ്ങനെയാണ്
സമാധാനത്തോടെ ജീവിക്കുകയെന്ന പെണ്‍കൂട്ടത്തിന്റെ ചോദ്യം പ്രസക്തമാണ്. കേസ്
രജിസ്റര്‍ ചെയ്യപ്പെട്ട അക്രമസംഭവങ്ങളില്‍ പത്തുശതമാനവും നടന്നത് പതിനാലു
വയസ്സിനുതാഴെയുള്ള പെണ്‍കുട്ടികള്‍ക്കു നേരെയാണെന്നും അവയില്‍ 93 ശതമാനം
പ്രതികളും അച്ഛന്‍, മുത്തച്ഛന്‍, സഹോദരന്‍, അമ്മാവന്‍, അയല്‍വാസി,
സഹപ്രവര്‍ത്തകന്‍, സുഹൃത്ത് തുടങ്ങി അവര്‍ക്ക് നന്നായി
പരിചയമുള്ളവരാണെന്നും വസ്തുതകള്‍ പ്രശ്നത്തിന്റെ ഗൌരവം വര്‍ധിപ്പിക്കുന്നു.
അക്രമിക്കപ്പെട്ടവരില്‍ 19 ശതമാനം പേര്‍ 14നും 18നുമിടക്ക് പ്രായമുള്ളവരും
അരശതമാനം പേര്‍ അമ്പതിന് മുകളില്‍ പ്രായമുള്ളവരുമാണെന്നാണ് കണക്ക്. ഓരോ
കൊല്ലം കഴിയുമ്പോഴും എണ്ണം വര്‍ധിക്കുകയല്ലാതെ കുറയുന്നില്ലെന്ന വസ്തുതയാണ്
ശക്തവും നിഷ്കൃഷ്ടവുമായ ശിക്ഷകളെക്കുറിച്ച് ചിന്തിക്കാന്‍
സമാധാനവും സുരക്ഷിതത്വവുമാഗ്രഹിക്കുന്ന ശരാശരി ഇന്ത്യന്‍ പൌരനെ
പ്രേരിപ്പിക്കുന്നത്.
ലൈംഗിക കുറ്റകൃത്യങ്ങള്‍ക്കുള്ള ഇസ്ലാമിക ശിക്ഷാവിധികളെ പ്രാകൃതവും
മാനവവിരുദ്ധവുമെന്ന് മുദ്രയടിക്കാന്‍ മുന്നില്‍ നിന്നവര്‍ പോലും സ്വന്തം
പെണ്‍മക്കള്‍ പീഡനം ഭയന്ന് ജീവിക്കേണ്ട സ്ഥിതി സംജാതമാവുമ്പോള്‍
നിഷ്കൃഷ്ടമായ ശിക്ഷകളെക്കുറിച്ച് വാചാലരാവുന്നത് തീര്‍ച്ചയായും
സ്വാഗതാര്‍ഹമാണ്. പക്ഷെ, ശിക്ഷകളെക്കുറിച്ചു പറയുമ്പോള്‍ ഇസ്ലാം, ആദ്യമായി
കുറ്റകൃത്യങ്ങള്‍ ഇല്ലാതെയാക്കാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചതെന്നും
പ്രസ്തുത സാഹചര്യത്തിലും കുറ്റം ചെയ്യുന്നവരെയാണ് മാതൃകാപരമായി
ശിക്ഷിക്കണമെന്ന് നിഷ്കര്‍ഷിച്ചതെന്നുമുള്ള വസ്തുതകള്‍ പലപ്പോഴും
ശ്രദ്ധിക്കപ്പെടുന്നില്ല. ആണ്‍ ലൈംഗികതയെ പ്രലോഭിപ്പിക്കാന്‍ പോന്ന
സകലസാഹചര്യങ്ങളുമൊരുക്കിവെച്ചിട്ടുള്ള ഒരു സമൂഹത്തില്‍ കേവലം ശിക്ഷകള്‍
നടപ്പാക്കുന്നതുകൊണ്ടു മാത്രം പെണ്ണിനുനേരെയുള്ള കുറ്റകൃത്യങ്ങള്‍
ഇല്ലാതെയാകുമെന്ന് കരുതാനാവില്ല. ലൈംഗിക കുറ്റകൃത്യങ്ങളെ ഒരേ പോലെ
നോക്കിക്കാണാനും വിവാഹേതര ലൈംഗികബന്ധവും പ്രചോദനവും പ്രലോഭനവുമെല്ലാം
തെറ്റാണെന്ന് മനസ്സിലാക്കാനും കഴിയുമ്പോള്‍ മാത്രമെ ഈ രംഗത്തെ ശക്തവും
പ്രയോജനപ്രദവുമായ നിയമനടപടികള്‍ക്ക് സാധിക്കുകയുള്ളു.
ലൈംഗികത ഒരു ദൈവികദാനമാണ്. ജീവികളില്‍ അതിന്റെ പരമമായ ലക്ഷ്യം
പ്രത്യുല്‍പാദനമാണ്. മനുഷ്യരിലാകട്ടെ, പ്രത്യുല്‍പാദനമെന്ന
ലക്ഷ്യത്തോടൊപ്പംതന്നെ അവന്റെ മാനസികാരോഗ്യവും കുടുംബത്തിന്റെ കെട്ടുറപ്പും
സാമൂഹിക ജീവിതത്തിലെ സമാധാനവുമെല്ലാം ലൈംഗികതയുമായി
ബന്ധപ്പെട്ടിരിക്കുന്നു. ദൈവിക മാര്‍ഗദര്‍ശനപ്രകാരമല്ലാതെയുള്ള ലൈംഗികതയുടെ
ഉപയോഗം വ്യക്തിയുടെ മാനസികനിലയെയും കുടുംബഭദ്രതയെയും സാമൂഹിക
ഘടനയെത്തന്നെയും പ്രതികൂലമായി ബാധിക്കും. അതു മാത്രമല്ല, ലൈംഗിക
രോഗങ്ങള്‍ക്കും അതുവഴി സമൂഹത്തിന്റെ നിത്യനാശത്തിനുമായിരിക്കും വിവാഹേതര
ലൈംഗികബന്ധങ്ങള്‍ ഇടവരുത്തുക. ഈ വസ്തുത അനുഭവത്തില്‍നിന്ന് പഠിച്ചവരാണല്ലോ
ആധുനിക സംസ്കാരത്തിന്റെ വക്താക്കളെന്നവകാശപ്പെടുന്നവര്‍.
രണ്ടു വ്യക്തികള്‍ ലൈംഗികമായി ബന്ധപ്പെടണമെങ്കില്‍ വിവാഹം എന്ന
കരാറിലൂടെയാകണമെന്നാണ് ഇസ്ലാം പഠിപ്പിക്കുന്നത്. അതല്ലാതെയുള്ള
ബന്ധങ്ങളെല്ലാം നാശം വിതക്കുന്നവയാണ്. അതു സമൂഹത്തില്‍ നിലനില്‍ക്കേണ്ട
മൂല്യങ്ങളെയെല്ലാം തകര്‍ക്കും. വൈവാഹിക ജീവിതത്തില്‍ സംശയത്തിന്റെ
വിത്തുകള്‍ വിതയ്ക്കും. പ്രസ്തുത സംശയങ്ങള്‍ മനസ്സുകള്‍ തമ്മില്‍
വിടവുകളുണ്ടാക്കും. അതു കുടുംബബന്ധത്തെ ഉലയ്ക്കും. ഭാവി തലമുറയുടെ
മാനസികാരോഗ്യത്തെ പോലും അതു ബാധിക്കും.
പാശ്ചാത്യമൂല്യങ്ങള്‍ സ്വീകരിച്ചുകൊണ്ട് പുരോഗമിച്ചുകൊണ്ടിരിക്കുന്ന
കേരളത്തിലെ ഇവ്വിഷയകമായ സ്ഥിതിവിവരക്കണക്കുകള്‍ ധാര്‍മികബോധമുള്ള ആരെയും
ഞെട്ടിക്കുന്നതാണ്. തിരുവനന്തപുരത്തെ രാജീവ്ഗാന്ധി സെന്റര്‍ ഫോര്‍
ബയോടെക്നോളജിയില്‍ ഓരോ മാസവും മുന്നൂറ് പേരെങ്കിലും ഡി.എന്‍.എ വിരലടയാള
പരിശോധന നടത്തി തങ്ങളുടെ ഭാര്യക്ക് പിറന്ന കുഞ്ഞ്
തങ്ങളുടേതുതന്നെയാണോയെന്ന് ഉറപ്പിക്കാന്‍ വേണ്ടി എത്തുന്നുണ്ടത്രേ!(28) ഇതു
കാണിക്കുന്നതെന്താണ്? പരസ്പരം വിശ്വാസമില്ലാത്ത ഇണകളുടെ എണ്ണം
വര്‍ധിച്ചുവരുന്നുവെന്ന്. എന്താണിതിന് കാരണം? ഉത്തരം മാതൃഭൂമി തന്നെ
പറയുന്നുണ്ട്. 'സര്‍വേയില്‍ പങ്കെടുത്ത 30 ശതമാനം പുരുഷന്മാരും 18 ശതമാനം
സ്ത്രീകളും വിവാഹബാഹ്യബന്ധത്തില്‍ ഏര്‍പ്പെടുന്നവരാണ്.'
സദാചാര മൂല്യങ്ങള്‍ മുറുകെ പിടിക്കുന്നുവെന്നവകാശപ്പെടുന്ന കേരളീയ
സമൂഹത്തിന്റെ സ്ഥിതിയാണിത്. പാശ്ചാത്യസമൂഹങ്ങളിലെ സ്ഥിതിയാകട്ടെ ഇതിലും
കഷ്ടമാണ്. ഗര്‍ഭിണികളാകുന്ന കൊച്ചുകുഞ്ഞുങ്ങളാണ് അവിടത്തെ ഏറ്റവും വലിയ
സാമൂഹികപ്രശ്നം. ജാര സന്തതികളാണ് ഗവണ്‍മെന്റിനെ അലട്ടുന്ന പ്രധാനപ്പെട്ട
മറ്റൊരു പ്രശ്നം. ഇതൊന്നും ഒരു വാര്‍ത്തയേ അല്ലെന്ന സ്ഥിതിയാണവിടെ. പക്ഷേ,
ഇത്തരം സദാചാര ലംഘനങ്ങള്‍ വഴി കുടുംബമെന്ന സ്ഥാപനം അവിടെ തകര്‍ന്നു
തരിപ്പണമായിട്ടുണ്ടെന്നും അതു വമ്പിച്ച സാമൂഹിക പ്രശ്നങ്ങള്‍
സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണെന്നും ഇത് പാശ്ചാത്യലോകത്തിന്റെ സമ്പൂര്‍ണ
നാശത്തിലാണ് കലാശിക്കുകയെന്നും മുന്നറിയിപ്പ് നല്‍കിക്കൊണ്ടിരിക്കുകയാണ്
സാമൂഹിക ശാസ്ത്രജ്ഞന്മാര്‍.
ഇസ്ലാം വിഭാവനം ചെയ്യുന്ന സമൂഹം ഇത്തരത്തിലുള്ളതല്ല. ശാന്തമായ
കുടുംബാന്തരീക്ഷവും സമാധാന പൂര്‍ണമായ ദാമ്പത്യവും നിലനില്‍ക്കുന്ന സമൂഹത്തെ
സൃഷ്ടിക്കുവാനാണ് ഇസ്ലാം പരിശ്രമിക്കുന്നത്. അതിന് വിവാഹത്തിന്
പുറത്തുള്ള സകല ലൈംഗികബന്ധങ്ങളും നിരോധിക്കപ്പെടണമെന്നാണ് ഇസ്ലാം
കരുതുന്നത്. അതുകൊണ്ട് അത്തരം ലൈംഗിക ബന്ധങ്ങള്‍
ഇല്ലാതെയാക്കുവാനാവശ്യമായ ശിക്ഷകളാണ് ക്വുര്‍ആന്‍ അനുശാസിക്കുന്നത്.
ലൈംഗികത അതിശക്തമായ ഒരു വികാരമാണെന്നിരിക്കെ അതില്‍നിന്ന് മനുഷ്യരെ
തടഞ്ഞുനിര്‍ത്താന്‍ ശക്തമായ നടപടികള്‍ ആവശ്യമാണ്. ക്വുര്‍ആനിലെ ശിക്ഷകള്‍
പ്രസക്തമാകുന്നത് ഇവിടെയാണ്.
ക്വുര്‍ആനില്‍ കേവലം ശിക്ഷാവിധികളെക്കുറിച്ചു മാത്രമല്ല
പരാമര്‍ശിക്കുന്നത്. ശിക്ഷാവിധികള്‍ അവസാനത്തെ പടിയാണെന്നാണ് ഇസ്ലാമിന്റെ
വീക്ഷണം. വിവാഹേതര ലൈംഗികബന്ധത്തിലേക്ക് നയിക്കുന്ന സാഹചര്യങ്ങളെയെല്ലാം
ഇല്ലായ്മ ചെയ്യണമെന്നാണ് ക്വുര്‍ആന്‍ പഠിപ്പിക്കുന്നത്. അതിന് ആവശ്യമായ
നിയമങ്ങളും നിര്‍ദേശങ്ങളുമെല്ലാം ഇസ്ലാം പ്രദാനം ചെയ്യുന്നുണ്ട്. അവയെ
ഇങ്ങനെ സംഗ്രഹിക്കാം.
ഒന്ന്: സ്ത്രീകളും പുരുഷന്മാരും മാന്യമായി വസ്ത്രം ധരിക്കണം. പുരുഷനിലെ
ലൈംഗിക ഉത്തേജനത്തിന് കാഴ്ച ഒരു പ്രധാന കാരണമായതുകൊണ്ടുതന്നെ സ്ത്രീകള്‍
അവരുടെ സൌന്ദര്യം പ്രകടിപ്പിക്കുന്ന രീതിയില്‍ വസ്ത്രം ധരിക്കരുത്.
രണ്ട്: ലൈംഗികമായി പ്രലോഭിപ്പിക്കുന്ന യാതൊന്നും സമൂഹത്തില്‍ ഉണ്ടാകരുത്.
കാബറെ, നൃത്തങ്ങള്‍, സൌന്ദര്യ മല്‍സരം, ബാലെ തുടങ്ങിയവ ഇസ്ലാമിക
സമൂഹത്തില്‍ ഉണ്ടാവുകയില്ല.
മൂന്ന്: വ്യഭിചാരത്തിലേക്ക് നയിക്കുന്ന രീതിയുള്ള നിര്‍ബാധമായ സ്ത്രീ-പുരുഷ സമ്പര്‍ക്കം പാടില്ല.
നാല്: ലൈംഗികത ഒരു തൊഴിലായി സ്വീകരിക്കുന്നത് പാടെ വിപാടനം ചെയ്യണം.
വേശ്യകളോ കാള്‍ഗേളുകളോ സെക്സ് ബോംബുകളോ നഗ്നമോഡലുകളോ ഒന്നും ഇസ്ലാമിക
സമൂഹത്തില്‍ ഉണ്ടാവുകയില്ല.
അഞ്ച്: അന്യ സ്ത്രീ-പുരുഷന്മാര്‍ ഒന്നിച്ച് (ഭര്‍ത്താവോ വിവാഹം നിഷിദ്ധമായ ബന്ധുവോ കൂടെയില്ലാതെ) യാത്ര ചെയ്യരുത്.
ആറ്: അന്യസ്ത്രീ പുരുഷന്മാര്‍ മറ്റൊരാളുടെ സാന്നിധ്യത്തിലല്ലാതെ സ്വകാര്യ സംഭാഷണത്തിലേര്‍പ്പെടരുത്.
ഏഴ്: പുരുഷന്‍ സ്ത്രീയെയോ, സ്ത്രീ പുരുഷനെയോ, അവര്‍ വിവാഹത്തിലൂടെ ഇണകളായി മാറിയിട്ടില്ലെങ്കില്‍, കാമവികാരത്തോടെ നോക്കരുത്.
എട്ട്: കാമവികാരമുണ്ടാക്കുന്ന രീതിയില്‍ സംസാരിക്കുകയോ കൊഞ്ചിക്കുഴയുകയോ ചെയ്യരുത്.
ഒമ്പത്: പുരുഷന്‍ വിവാഹാന്വേഷണവുമായി വന്നാല്‍ അവന്‍ സംസ്കാര
സമ്പന്നനാണെങ്കില്‍ പെണ്‍കുട്ടിയെ വിവാഹം ചെയ്തുകൊടുക്കാന്‍ രക്ഷിതാക്കള്‍
സന്നദ്ധരാകണം.
പത്ത്: ഒരു സ്ത്രീയെക്കൊണ്ട് വികാരശമനം സാധ്യമല്ലാത്തവര്‍ക്ക് ഒന്നിലധികം
പേരെ ചില വ്യവസ്ഥകള്‍ക്ക് വിധേയമായി വിവാഹം ചെയ്യുവാന്‍ അനുവാദമുണ്ട്.
ക്വുര്‍ആന്‍ ഒന്നാമതായി, ലൈംഗിക വികാരം ഉത്തേജിപ്പിക്കുകയും
കുറ്റകൃത്യങ്ങള്‍ക്ക് പ്രേരിപ്പിക്കുകയും ചെയ്യുന്ന സാഹചര്യങ്ങള്‍ ഇല്ലായ്മ
ചെയ്യുന്നു. രണ്ടാമതായി, വിഹിതമായ മാര്‍ഗത്തില്‍ വികാരശമനത്തിനാവശ്യമായ
തുറന്ന അംഗീകാരം നല്‍കുന്നു. ഇതിനുശേഷവും വികാരശമനത്തിന് അസാന്മാര്‍ഗിക
മാര്‍ഗങ്ങളെ അവലംബിക്കുന്നവര്‍ സമൂഹത്തിന്റെ ധാര്‍മിക നിലവാരത്തെ
തകര്‍ക്കുകയും കുടുംബത്തെയും സമൂഹത്തെയുമെല്ലാം നശിപ്പിക്കുകയുമാണ്
ചെയ്യുന്നത്. അത്തരം ആളുകളെ കഠിനമായി ശിക്ഷിക്കണമെന്നാണ് ഇസ്ലാമിന്റെ
നിര്‍ദേശം.
ഇസ്ലാമിക സമൂഹത്തില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ മാനം അപഹരിക്കപ്പെടുമെന്ന
ഭീതിയോടെ ജീവിക്കേണ്ട ഗതിയുണ്ടാവുകയില്ല. പ്രവാചകന്റെ കാലത്ത്
വിരലിലെണ്ണാവുന്ന വ്യക്തികളെ മാത്രമേ വ്യഭിചാരത്തിന് ശിക്ഷിച്ചിട്ടുള്ളൂ.
ഖലീഫമാരുടെ ഭരണകാലത്തും തഥൈവ. മാധ്യമങ്ങളുടെ കടന്നുകയറ്റവും
പാശ്ചാത്യസംസ്കാരത്തിന്റെ സ്വാധീനവുമെല്ലാം ഏറെ ജീര്‍ണതകള്‍
സൃഷ്ടിച്ചിട്ടുണ്ടെങ്കിലും ഇന്നും ക്വുര്‍ആനിക ശിക്ഷാവിധികള്‍
സ്വീകരിച്ചിരിക്കുന്ന നാടുകളില്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ താരതമ്യേന
കുറവാണെന്ന വസ്തുത ഇതിന്റെ പ്രായോഗികത വ്യക്തമാക്കുകയാണ് ചെയ്യുന്നത്.
ഇസ്ലാമിന്റെ എല്ലാ നിയമങ്ങളെയും പോലെ ശിക്ഷാനിയമവും പടിപടിയായാണ്
അവതരിപ്പിക്കപ്പെട്ടത്. വ്യഭിചാരത്തിന് ആദ്യം വിധിക്കപ്പെട്ടത്
വീട്ടുതടങ്കലായിരുന്നു. "നിങ്ങളുടെ സ്ത്രീകളില്‍നിന്ന്
നീചവൃത്തിയിലേര്‍പ്പെടുന്നവരാരോ അവര്‍ക്കെതിരില്‍ സാക്ഷികളായി
നിങ്ങളില്‍നിന്ന് നാലു പേരെ നിങ്ങള്‍ കൊണ്ടുവരുവിന്‍. അങ്ങനെ അവര്‍
സാക്ഷ്യം വഹിച്ചാല്‍ അവരെ നിങ്ങള്‍ വീടുകളില്‍ തടഞ്ഞുവെച്ചുകൊണ്ടിരിക്കുക.
അവരെ മരണം ഏറ്റെടുക്കുകയോ അല്ലാഹു അവര്‍ക്കൊരു മാര്‍ഗം ഉണ്ടാക്കിത്തരികയോ
ചെയ്യുന്നതുവരെ.'' (ക്വുര്‍ആന്‍ 4:15).
ഈ സൂക്തത്തില്‍ അല്ലാഹു നിങ്ങള്‍ക്കൊരു മാര്‍ഗം നിശ്ചയിക്കുന്നതുവരെയെന്ന്
പറഞ്ഞതിനെ അന്വര്‍ഥമാക്കിക്കൊണ്ട് വ്യഭിചാരത്തിനുള്ള ഖണ്ഡിതമായ വിധി
പിന്നീട് വന്നു. അതിങ്ങനെയാണ്:"വ്യഭിചരിക്കുന്ന സ്ത്രീ-പുരുഷന്മാരില്‍
ഓരോരുത്തരെയും നിങ്ങള്‍ നൂറ് അടി അടിക്കുക. നിങ്ങള്‍ അല്ലാഹുവിലും
അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കില്‍ അല്ലാഹുവിന്റെ മതനിയമത്തില്‍
(അതു നടപ്പാക്കുന്ന വിഷയത്തില്‍) അവരോടുള്ള ദയയൊന്നും നിങ്ങളെ
ബാധിക്കാതിരിക്കട്ടെ. അവരുടെ ശിക്ഷ നടക്കുന്നേടത്ത്
സത്യവിശ്വാസികളില്‍നിന്നുള്ള ഒരു സംഘം സന്നിഹിതരാവുകയും ചെയ്യട്ടെ.''
(ക്വുര്‍ആന്‍ 24:2).
ഈ സൂക്തത്തില്‍ നൂറടി വിധിച്ചിരിക്കുന്നത് അവിവാഹിതരായ
വ്യഭിചാരികള്‍ക്കാണ്. അവര്‍ വിവാഹിതരാണെങ്കില്‍ എറിഞ്ഞുകൊല്ലണമെന്നാണ്
ഇസ്ലാമിന്റെ വിധി. പ്രവാചകന്‍ (സ്വ) തന്റെ ഭരണകാലത്ത് ഇത്തരം നാല്
കേസുകളില്‍ എറിഞ്ഞുകൊല്ലാന്‍ വിധിച്ചിരുന്നുവെന്ന് കാണാന്‍ കഴിയും.
അതില്‍ ഒരെണ്ണത്തിലെ പ്രതികള്‍ ജൂതന്മാരായിരുന്നു. ബാക്കി മൂന്നിലും
മുസ്ലിംകളും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞുകൊല്ലുവാനുള കല്‍പന മിക്ക
ഹദീഥുഗ്രന്ഥങ്ങളും (മുസ്ലിം, അബൂദാവൂദ്, ഇബ്നുമാജ, ബൈഹഖി, അഹ്മദ്)
റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ വിവാഹിതരായ വ്യഭിചാരികളെ
എറിഞ്ഞുകൊല്ലുകയാണ് വേണ്ടതെന്ന കാര്യത്തില്‍ മുസ്ലിം
പണ്ഡിതന്മാര്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളൊന്നുമില്ല. പ്രസ്തുത നിയമം
ക്വുര്‍ആനില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും ഖണ്ഡിതവും
സത്യസന്ധവുമായ ഹദീഥുകളാല്‍ സ്ഥിരപ്പെട്ടിട്ടുള്ളതുകൊണ്ടാണിത്.
എന്തുകൊണ്ടാണ് ഒരേ കുറ്റത്തിന് രണ്ടുതരം ശിക്ഷകള്‍ ഇസ്ലാം വിധിച്ചിരിക്കുന്നത്?
കുറ്റം ഒന്നുതന്നെയാണെങ്കിലും അതു ചെയ്യുന്ന വ്യക്തികളുടെ നിലവാരവും അതു
സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതവുംകൂടി പരിഗണിച്ചുകൊണ്ടാണ് ഇസ്ലാം
ശിക്ഷാവിധികള്‍ നിശ്ചയിച്ചിരിക്കുന്നത്. അവിവാഹിതരുടെ വ്യഭിചാരം ഒരു
കുറ്റമാണ്. പക്ഷേ അവര്‍ക്ക് തങ്ങളുടെ ലൈംഗിക വികാരം ശമിപ്പിക്കുവാന്‍
വിഹിതമായ മാര്‍ഗങ്ങള്‍ മുന്നിലില്ല; അവരുടെ പ്രവര്‍ത്തനം മൂലം
കുടുംബബന്ധങ്ങളൊന്നും തകരുന്നില്ല. എന്നാല്‍ വിവാഹിതരുടെ വ്യഭിചാരമോ?
അവര്‍ക്കുമുന്നില്‍ തങ്ങളുടെ വികാരശമനത്തിന് നിയമാനുസൃതം പരിണയിച്ച
ഇണകളുണ്ട്. പ്രസ്തുത ലൈംഗികബന്ധത്തിന്റെ പരിണത ഫലമോ? കുടുംബത്തകര്‍ച്ച!
അങ്ങനെ സമൂഹത്തില്‍ മുഴുവന്‍ അരാജകത്വം!! അതുകൊണ്ടുതന്നെ ഇവയ്ക്കുള്ള
ശിക്ഷകള്‍ വ്യത്യസ്തമായിരിക്കണം. വിവാഹിതരുടെ വ്യഭിചാരവുമായി താരതമ്യം
ചെയ്യുമ്പോള്‍ അവിവാഹിതരുടേത് ചെറിയ കുറ്റമാണ്. വിഹിതമാര്‍ഗമുണ്ടായിട്ടും
അവിഹിതമാര്‍ഗങ്ങള്‍ തേടിപ്പോകുന്നവരെ വെച്ചുകൊണ്ടിരുന്നുകൂടാ. അവര്‍
മാതൃകാപരമായി ശിക്ഷിക്കപ്പെടണം. അതു കാണുന്ന ഒരാളും ഇനി അതിന് മുതിരാത്ത
രീതിയിലുള്ള ശിക്ഷ. അതുകൊണ്ടാണ് അത്തരം ആളുകളെ മരണംവരെ കല്ലെറിയുക എന്ന
നിയമം ഇസ്ലാം നിശ്ചയിച്ചിരിക്കുന്നത്.
അവിവാഹിതര്‍ക്കാകട്ടെ അവരുടെ കുറ്റത്തിന്റെ തോത് പ്രകാരം പരസ്യമായി നൂറ്
അടി അടിക്കുവാന്‍ ഇസ്ലാം കല്‍പിച്ചു. അവര്‍ സമൂഹത്തില്‍ അരാജകത്വം
ഉണ്ടാക്കുന്നുവെങ്കിലും കുടുംബത്തിന്റെ തകര്‍ച്ചക്കോ അതുമൂലമുള്ള സാമൂഹിക
പ്രശ്നങ്ങള്‍ക്കോ അത് നിമിത്തമാകുന്നില്ലല്ലോ?
കുറ്റവാളികള്‍ അല്ലാത്തവര്‍ ഒരിക്കലും ശിക്ഷിക്കപ്പെട്ടുകൂടാ എന്നതാണ്
ഇസ്ലാമിക ശിക്ഷാനിയമങ്ങളുടെ ഒരു അടിസ്ഥാനതത്ത്വം. അതുകൊണ്ടുതന്നെ
സംശുദ്ധമായി ജീവിതം നയിക്കുന്നവരെ ആരോപണങ്ങളുന്നയിച്ച്
അപകീര്‍ത്തിപ്പെടുത്തുവാന്‍ ഇസ്ലാം അനുവദിക്കുന്നില്ല. അത്തരം
ആരോപണങ്ങളുന്നയിക്കുന്നവര്‍ നാലു സാക്ഷികളെ ഹാജരാക്കുവാന്‍ സന്നദ്ധരാവണം.
അല്ലാത്ത പക്ഷം ആരോപിക്കപ്പെടുന്നവരല്ല, പ്രത്യുത ആരോപിക്കുന്നവരാണ്
ശിക്ഷിക്കപ്പെടുക. വ്യഭിചാരാരോപണമുന്നയിക്കുന്നവര്‍ക്കുള്ള ശിക്ഷയെപ്പറ്റി
ക്വുര്‍ആന്‍ വ്യക്തമാക്കുന്നതിങ്ങനെയാണ്: "ചാരിത്രവതികളുടെ മേല്‍
(വ്യഭിചാരം) ആരോപിക്കുകയും എന്നിട്ട് നാലു സാക്ഷികളെ കൊണ്ടുവരാതിരിക്കുകയും
ചെയ്യുന്നവരെ നിങ്ങള്‍ എണ്‍പത് അടി അടിക്കുക. അവരുടെ സാക്ഷ്യം നിങ്ങള്‍
ഒരിക്കലും സ്വീകരിക്കുകയും ചെയ്യരുത്. അവര്‍ തന്നെയാണ്
അധര്‍മകാരികള്‍'' (ക്വുര്‍ആന്‍ 24:4)
പതിവ്രതകളെപ്പറ്റി ആരോപണങ്ങള്‍ പറഞ്ഞുണ്ടാക്കുക ചിലരുടെ ഹോ ബിയാണ്.
അത്തരമാളുകള്‍ സമൂഹത്തില്‍ ഉണ്ടാക്കുന്ന കുഴപ്പങ്ങള്‍ ചില്ലറയൊന്നുമല്ല.
എണ്‍പതടി കിട്ടുമെന്ന് വന്നാല്‍ ആരും അത്തരം ദുരാരോപണങ്ങളുമായി
നടക്കുകയില്ല. നാലു സാക്ഷികളില്ലാതെ വ്യഭിചാരാരോപണം ഉന്നയിക്കുവാന്‍ ആരും
മുതിരുകയില്ല. ആരോപണങ്ങള്‍ പുകഞ്ഞ് നാലാ ളുടെ മുമ്പില്‍ നടക്കാന്‍
വയ്യാതെയായ എത്രയെത്ര പേര്‍ നമ്മുടെ സമൂഹത്തിലുണ്ട്. നമ്മുടെ മീഡിയകള്‍
സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കുന്നത് ഇത്തരം ഗോസിപ്പുകള്‍
ഉപയോഗിച്ചുകൊണ്ടാണല്ലോ. ഇത്തരം ദുഷ്പ്രവര്‍ത്തനങ്ങളെല്ലാം ഇസ്ലാമിക
സമൂഹത്തിന് അന്യമായിരിക്കും. മാന്യമാരെ അകാരണമായി ആരോപണങ്ങളില്‍
മുക്കിക്കൊല്ലുന്ന അവസ്ഥ ആസമൂഹത്തില്‍ നിലനില്‍ക്കുകയില്ല. ആരെങ്കിലും
അതിന് മുതിര്‍ന്നാല്‍ അവരെ പരസ്യമായി എണ്‍പത് അടി അടിക്കണമെന്നാണ്
ക്വുര്‍ആനിന്റെ അനുശാസന.
വ്യഭിചാരത്തിന് ഇസ്ലാം നിശ്ചയിച്ച ശിക്ഷകള്‍ കഠിനമാണ്. വിവാഹിതരെങ്കില്‍
കല്ലെറിഞ്ഞുകൊല്ലുക! അവിവാഹിതരെങ്കില്‍ പരസ്യമായി നൂറടി! ഇത്തരം ശിക്ഷകള്‍
വിധിച്ച ഇസ്ലാം അതോടൊപ്പംതന്നെ നിരപരാധികള്‍ ശിക്ഷിക്കപ്പെടാതിരിക്കുവാന്‍
ആവശ്യമായ നിയമങ്ങള്‍ കൂടി ആവിഷ്കരിച്ചിട്ടുണ്ട്. നാലു ദൃക്സാക്ഷികള്‍
ഉണ്ടെങ്കില്‍ മാത്രമേ ഒരാള്‍ മറ്റൊരാളുടെ പേരില്‍
വ്യഭിചാരാരോപണമുന്നയിക്കുവാന്‍ പാടുള്ളൂ. അല്ലെങ്കില്‍ ആരോപണം
ഉന്നയിച്ചവര്‍ കുടുങ്ങും. അവര്‍ക്ക് എണ്‍പത് അടി വീതം ലഭിക്കും. കള്ള
സാക്ഷ്യത്തിനുള്ള സാധ്യത ഇവിടെ തീരെ വിരളമാണ്. ഒരു പാടുപേര്‍ കണ്ടുവെന്ന്
ഉറപ്പുണ്ടായാല്‍ മാത്രമേ ഒരാള്‍ ഇത്തരം ആരോപണം ഉന്നയിക്കാന്‍
മുതിരുകയുള്ളൂ. അതുകൊണ്ടുതന്നെ നിരപരാധി ശിക്ഷിക്കപ്പെടുവാന്‍ ഉള്ള
സാധ്യത തീരെയില്ലെന്നുതന്നെ പറയാം.
ബലാത്സംഗം വ്യക്തിയുടെ സ്വാതന്ത്യ്രത്തിനുമേലെയുള്ള കയ്യേറ്റവും അതിക്രമവും
സമൂഹത്തോടുള്ള വെല്ലുവിളിയും സാമൂഹികധാര്‍ മികതക്കുനേരെയുള്ള
കടന്നാക്രമണവുമാണ്. അതു ചെയ്യുന്നവന്റെ വ്യക്തിത്വവും ഇരക്കുണ്ടായ
നഷ്ടങ്ങളും അതു സമൂഹത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളുമെല്ലാം
കണക്കിലെടുത്തു കൊണ്ടാവണം അതിനുള്ള ശിക്ഷ നിര്‍ണയിക്കേണ്ടത്. കൊലപാതകം,
മോഷണം, വ്യഭിചാരം എന്നിവയ്ക്കുള്ള ശിക്ഷാവിധികളെന്താണെന്ന് കൃത്യമായി പറഞ്ഞ
ഇസ്ലാമിക പ്രമാണങ്ങള്‍ ബലാത്സംഗത്തിനുള്ള ശിക്ഷയെന്താണെന്ന്
വ്യക്തമാക്കാത്തത് ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചുകൊണ്ടാവണം അതിന്റെ
ശിക്ഷ നിര്‍ണയിക്കേണ്ടത് എന്നതുകൊണ്ടായിരിക്കണം. വിവാഹിതരായ വ്യഭിചാരികളെ
കല്ലെറിഞ്ഞുകൊല്ലണമെന്ന് നിഷ്കര്‍ഷിക്കുന്ന ഇസ്ലാമിക നിയമത്തിന്റെ
അടിത്തറയില്‍നിന്നുകൊണ്ട് ബലാത്സംഗത്തെ നോക്കിക്കാണുന്ന ന്യായാധിപന്‍
അതിന്റെ എല്ലാ തലങ്ങളെയും പരിഗണിച്ചുകൊണ്ട് ശിക്ഷ വിധിക്കണമെന്നാണ്
ഇസ്ലാമിന്റെ താല്‍പര്യം. വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കുകയും
അതോടൊപ്പംതന്നെ ബലാത്സംഗം ചെയ്യപ്പെട്ടവള്‍ക്ക് അവളുടെ വിവാഹമൂല്യത്തിന്
തുല്യമായ തുക നല്‍കുകയും ചെയ്യുകയാണ് ബലാത്സംഗത്തിനുള്ള ശിക്ഷയെന്ന് ഇമാം
മാലിക് (റ) വിധിച്ചത്(29) ഈ അടിസ്ഥാനത്തിലായിരിക്കണം. അല്ലാഹുവിനോടും
ദൂതനോടും പോരാടുകയും ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും
ചെയ്തവരോടാണ് ബലാത്സംഗക്കാരെ താരതമ്യം ചെയ്യേണ്ടതെന്നും അവര്‍ക്ക്
ക്വുര്‍ആന്‍ വിധിച്ച ശിക്ഷയാണ് ഇവര്‍ക്കും വിധിക്കേണ്ടതെന്നും പറഞ്ഞ
പണ്ഡിതന്‍മാരുണ്ട്. ക്വുര്‍ആന്‍ പറയുന്നത് കാണുക: "അല്ലാഹുവോടും അവന്റെ
ദൂതനോടും പോരാടുകയും, ഭൂമിയില്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കുകയും
ചെയ്യുന്നവര്‍ക്കുള്ള പ്രതിഫലം അവര്‍ കൊന്നൊടുക്കപ്പെടുകയോ
ക്രൂശിക്കപ്പെടുകയോ അവരുടെ കൈകളും കാലുകളും എതിര്‍വശങ്ങളില്‍നിന്നായി
മുറിച്ചുകളയപ്പെടുകയോ, നാടുകടത്തപ്പെടുകയോ ചെയ്യുക മാത്രമാകുന്നു.
അതവര്‍ക്ക് ഇഹലോകത്തുള്ള അപമാനമാകു ന്നു. പരലോകത്ത് അവര്‍ക്ക് കനത്ത
ശിക്ഷയുമുണ്ടായിരിക്കും.'' (ക്വുര്‍ആന്‍ 5:33)
Reference:
1. Sex Education leads to more crimes against woman, Says Mumbai Police Chief: The Indian Express 18-01-2013
2. 'ഇനി ചോദ്യങ്ങള്‍ റേപ്പിസ്റുകളോടാവട്ടെ' മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 ജനുവരി 20-26
3. അതേ ലേഖനം
4. Criminal victimization in the United States, 2005: US Department of Justice; Dec 2006, NCJ 215244
5. National crime victimization Survey; Criminal victimization 2010, US Department of Justice, September 2011, NCJ 235508
6. Lin Lean Lim (Editor): The sex sector; the Economic and Social Base of Prostitution in South East Asia, 1998
7. കെ.പി. സേതുനാഥ്: പെണ്ണുടല്‍, വിപണി, മാതൃഭൂമി ആഴ്ചപ്പതിപ്പ് 2013 ജനുവരി 13-19
8. Robert W.Mc Chesney: The Political Economy of Media, Enduring Issues,Emerging Di lemmas (2008) page 265
9. Kalle Lasn: Culture Jam; The Uncoing of America (1999) page 138
10. Jean Kilbourne: Can't Buy My Love: How advertising Changes the Way we Think and Feel (2000) page 121
11. www.drdavidlewis.co.uk / assets / neuro Market 1.pdf
12. Richard F. Taflinger Phd;Taking Adventage (1996) chapter 6
13. Christopher Lasch : The Culture of Narcissism (1979)
14. www.sutjhally.com
15. Sut Jhally: The Codes of Advertising (1990) page 12
16. www.jfox.neu.edu
17. www.accessmylibrary.com/coms 2/summery_0286-167083_ITM
18. http://findarticles.com/p/articles/mi_qn 4158
19. Jean Kilbourne: Can't buy my love (2000) page 186
20. ഇടമറുക് & ഗീതാ ഇടമറുക്: തായ്ലന്റിലൂടെ ഒരു യാത്ര, ന്യൂഡല്‍ഹി, 1992, ഭാഗം കക, പുറം 21
21. T.w cable adds porn after Disneydeal, Newyork Post, Sep 15, 2010.
22. With pot and porn outstripping corn, America's black economy is flying high’The Guardian, May 2, 2003
23. Study: Movies with sex, Nudity don't sell”CP Entertainment Jan 22, 2013, (www.christianpost.com).
24. Michael R. Libowitz, M.D: The chemistry of Love, Berkely, 1995. Page 80-86.
25. Agressian in Man: Hormone Levels are a Key, The Newyork Times, July 17, 1990
26. ബുഖാരി, മുസ്ലിം
27. ബുഖാരി, മുസ്ലിം
28. മാതൃഭൂമി ആഴ്ചപ്പതിപ്പ് 31.1.99
29. ഇമാം മാലിക്: അല്‍മുവത്വഅ് 2/734