Followers

Sunday, March 8, 2015

ശാസ്ത്രം സത്യത്തിലേക്ക്; പരിണാമാന്ധവിശ്വാസികള്‍ അന്ധകാരങ്ങളിലേക്കും!

സ്നേഹസംവാദം മാസിക മാർച്ച്‌ ലക്കത്തിൽ  അലി ചെമ്മാടിന്റെ  ലേഖനം.
 
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു-ഭാഗം 14


അലി ചെമ്മാട്


ഗ്രന്ഥത്തിലെ ഒന്‍പതാം അധ്യായം ‘ഭൂഖണ്ഡങ്ങളാകുന്ന പെട്ടകങ്ങള്‍’ വിശകലനം ചെയ്യുന്നതിന് മുന്‍പ് പത്താം അധ്യായത്തിലെ (ബന്ധുത്വവൃക്ഷം) ജീനോം സാമ്യതകളെ കുറിച്ചുള്ള ഭാഗം ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുകയാണ്. ബന്ധുത്വവൃക്ഷം എന്ന അധ്യായത്തില്‍ ജൈവലോകത്തെ സമാനതകള്‍ ഡോക്കിന്‍സ് ചര്‍ച്ച ചെയ്യുന്നതില്‍ ഒരു ഘടകം അനാട്ടമിക്കല്‍ താരതമ്യമാണ്. ഇത്തരം ചര്‍ച്ചകളില്‍ അതിപ്രധാന തെളിവായി പരിണാമവിശ്വാസികള്‍ വിശ്വസിക്കുന്നതും ചൂണ്ടിക്കാട്ടുന്നതും ജീനോം സാമ്യതകളാണ്. അതില്‍തന്നെ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ജനിതകസാമ്യം 98 ശതമാനം ആണെന്ന അവകാശവാദമാണ്. മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ 98 ശതമാനം സാമ്യം ഉണ്ടെന്ന് അടിവരയിട്ടുകൊണ്ടാണ് കേരളത്തിലെ വര്‍ത്തമാനകാല പരിണാമപ്രബോധന പ്രചരണപ്രവര്‍ത്തനങ്ങള്‍ കൊഴിപ്പിക്കുന്നത്.(273) ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതകസാമ്യം ഉണ്ടെന്നതിനോട് വ്യത്യസ്ത മനുഷ്യവര്‍ഗങ്ങള്‍ തമ്മില്‍ ഒരു ശതമാനത്തിലധികം ജനിതകവ്യത്യാസം കാണപ്പെടുന്നു എന്ന പഠനം കൂട്ടി വായിച്ചാല്‍ ഫലത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ ഉണ്ടെന്ന് പറയുന്ന രണ്ട് ശതമാനത്തിന് പ്രസക്തി ഇല്ലാതെവരും. മനുഷ്യന്റെ ജനിതകവ്യത്യാസം- ഒരുശതമാനം കണക്കാക്കിയാല്‍ ചിമ്പാന്‍സിയും മനുഷ്യനും ഒരേ ജനിതകഘടന എന്ന് വാദിക്കേണ്ടി വരും.(274)
കേരളീയ പരിണാമപ്രചാരകരുടെ ആത്മവിശ്വാസം പക്ഷേ ഡോക്കിന്‍സിനില്ല എന്നത് ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ ആദ്യവാചകം തന്നെ വ്യക്തമാക്കുന്നു. ”അനാട്ടമിക്കല്‍ താരതമ്യങ്ങള്‍ക്ക് (anatomical comparison) പുറമെ തന്മാത്രാ ജനിതകശാസ്ത്രം (molecular genetics) കൂടി പരിഗണിക്കുമ്പോള്‍ താരതമ്യത്തിലധിഷ്ഠിതമായ തെളിവുകള്‍ കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട്.”(275) കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട് എന്ന വാക്യം താരതമ്യാധിഷ്ഠിത തെളിവുകള്‍ വേണ്ടത്ര ഇല്ല എന്നതിന്റെ പര്യായപദമാണ്.
 
ഈ വിഷയത്തില്‍ ഡോക്കിന്‍സിന്റെ അവകാശവാദങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ”എല്ലാ ജീവിവര്‍ഗ്ഗങ്ങളിലുമുള്ള ഡി.എന്‍.എ കോഡിന്റെ (DNA Code) അടിസ്ഥാനഘടന സമാനമാകുന്നു. വ്യക്തിഗത ജീനുകളുടെ കാര്യത്തില്‍ മാത്രമാണ് ഭിന്നതയുള്ളത്. സത്യത്തില്‍ ഇതൊരു സ്‌തോഭജനകമായ വസ്തുതയാണ്. മറ്റു പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നതിനോടൊപ്പം എല്ലാ ജീവികളും ഒരു പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാക്കുന്ന വസ്തുതയാണിത്. കേവലം ജനിതക കോഡ് മാത്രമല്ല നാം എട്ടാമധ്യായത്തില്‍ (ഭ്രൂണവളര്‍ച്ച, കോശം തുടങ്ങിയവ ഡോക്കിന്‍സ് കുട്ടിക്കളിയാക്കിയത് എട്ടാം അധ്യായത്തിലാണ്-ലേഖകന്‍) കണ്ടതുപോലെ ജീവന്‍ നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ എല്ലാ ജീന്‍/പ്രോട്ടീന്‍ വ്യവസ്ഥകളും ഈ ഭൂമുഖത്തുള്ള എല്ലാ സസ്യ-ജന്തു-ബാക്ടീരിയ-ഫംഗസ്-ആര്‍ക്കിയ-വൈറസുകളിലും ഒന്നുതന്നെയാകുന്നു. വ്യത്യാസമുള്ളത് ഈ ജനിതക കോഡില്‍ എഴുതപ്പെട്ടതെന്ത് എന്ന കാര്യത്തില്‍ മാത്രമാണ്. അതല്ലാതെ കോഡുകള്‍ തമ്മില്‍ വ്യത്യാസമില്ല. താരതമ്യപഠനത്തിനായി വിവിധ ജനിതക കോഡുകളില്‍ എന്തൊക്കെ എന്ന് വിശകലനം ചെയ്യുമ്പോള്‍, ജീവികളിലെ അസ്സല്‍ ജനിതക വിന്യാസക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ സാദൃശ്യങ്ങളെ ആധാരമാക്കിയുള്ള ഒരു ശ്രേണി വ്യവസ്ഥ നമുക്ക് കണ്ടെത്താനാകും.”(276)
ജനിതക കോഡില്‍ അഥവാ ജീവികളുടെ ഡി. എന്‍. എ ഭാഷയിലുള്ള സാമ്യതകളെ വിശകലനം ചെയ്താല്‍ ജീവികളെല്ലാം ഒരു പൊതുപൂര്‍വികനില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് വ്യക്തമാവുമെന്നാണ് ഡോക്കിന്‍സ് അവകാശപ്പെടുന്നത്. അക്കാര്യം നമുക്ക് പരിശോധിക്കാം. ഡി.എന്‍.എ താരതമ്യത്തിലെ കണിശതയെക്കുറിച്ച് ഡോക്കിന്‍സ് തുടര്‍ന്നെഴുതുന്നു. ”രണ്ട് ജീവികള്‍ തമ്മിലുള്ള ബന്ധുത്വം വിശകലനം ചെയ്യണമെങ്കില്‍, ഉദാഹരണമായി ഒരു ഹെഡ്ജ്‌ഹോഗും (hedgehog) കുരങ്ങും തമ്മിലുള്ള ബന്ധുത്വം തിരിച്ചറിയണമെങ്കില്‍, രണ്ട് സ്പീഷിസുകളുടെയും എല്ലാ ജീനുകളുടെയും തന്മാത്രാ പുസ്തകം (molecular text) പഠിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ബൈബിള്‍ പണ്ഡിതന്‍ ഏശയ്യയുടെ രണ്ട് ചുരുളുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പറയാറുള്ളതുപോലെ ഓരോ പൊട്ടും പുള്ളിയും മറ്റൊന്നുമായി താരതമ്യം ചെയ്ത് സൂക്ഷ്മ അവലോകനത്തിന് വിധേയമാക്കുക. പക്ഷേ അത് സമയമെടുക്കുന്നതും ഏറെ ചെലവുള്ളതുമായ ഒരു പ്രക്രിയയാണ്. ഹ്യൂമന്‍ ജീനോം പ്രൊജക്ട് (human genome project) പൂര്‍ത്തിയാകാന്‍ ഏതാണ്ട് പത്ത് വര്‍ഷമെടുത്തു. പങ്കെടുത്തവരുടെ എണ്ണം പരിഗണിക്കുമ്പോള്‍ പത്ത് വര്‍ഷം പല നൂറ്റാണ്ടുകളെയാണ് പ്രതിനിധീകരിക്കുന്നത്.”(277)
ജീനോം തന്മാത്രാ പഠനത്തിന്റെ പരിമിതികളെയാണ് ഡോക്കിന്‍സ് ഇവിടെ അറിയാതെ വരികള്‍ക്കിടയില്‍ വ്യക്തമാക്കിയത്. പിന്നെന്തുകൊണ്ടാണ് സകല പരിണാമവിശ്വാസികളും പ്രചാരകരും ജീനോം താരതമ്യം എന്നു വിളിച്ചുപറഞ്ഞ് ശബ്ദമലിനീകരണം നടത്തുന്നത്? കാരണം വ്യക്തമാണ്. മഹാഭൂരിപക്ഷം പരിണാമവിശ്വാസികള്‍ക്കും ഡി. എന്‍. എ താരതമ്യപഠനം എന്താണെന്നറിയില്ല. എന്നാല്‍ ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ബോധവാനാണ്. ഡോക്കിന്‍സ് ജീനോം പ്രൊജക്ടിനെക്കുറിച്ച് വീണ്ടുമെഴുതുന്നു. ”അപ്പോളോ മിഷന്‍ നടത്തിയ ചാന്ദ്രയാത്ര പോലെ, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം പോലെ മഹത്തായ ഒരു നേട്ടമാണ് മനുഷ്യന്റെ ജീനോം മുഴുവന്‍ വായിച്ചെടുക്കാനായതിലൂടെ നാം സ്വന്തമാക്കിയത്.”(278)
 
ഡി. എന്‍. എ താരതമ്യം ചെയ്യാനുപയോഗിക്കുന്ന പരീക്ഷണമാര്‍ഗ്ഗം എന്താണെന്നുകൂടി ഡോക്കിന്‍സ് വിശദീകരിക്കുന്നു. ”നിങ്ങള്‍ ക്രമമായി ഡി. എന്‍. എ ചൂടാക്കുകയാണെന്നിരിക്കട്ടെ. ഒരു പ്രത്യേക ഊഷ്മാവില്‍ ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുമ്പോള്‍ ഡബിള്‍ ഹെലിക്‌സ് (double helix) അഥവാ ഇരട്ട ഗോവണിയുടെ രണ്ട് നിര കൈവരികള്‍ തമ്മിലുള്ള ബന്ധം അഴിഞ്ഞ് ഒറ്റയൊറ്റ ഗോവണികളായി വേര്‍പെടുന്നു. 85 ഡിഗ്രി സെല്‍ഷ്യസോ മറ്റേതെങ്കിലും ഊഷ്മാവോ നിങ്ങള്‍ക്ക് ഇഷ്ടപ്രകാരം ദ്രവണാങ്കമായി (melting point) തെരഞ്ഞെടുക്കാം. ഇനിയതിനെ തണുക്കാന്‍ അനുവദിക്കാം. എവിടെയെല്ലാം ജോഡിയാകലിന് (pairing)സാധ്യതയുണ്ടോ അവിടെയെല്ലാം അഴിഞ്ഞുപോയ ഒറ്റ ഗോവണികള്‍ (single helix) തമ്മിലോ ഒറ്റ ഗോവണിയുടെ ഭാഗവുമായോ സഹജമായി അടുത്തുകൂടി ബന്ധനം സ്ഥാപിക്കുന്നത് കാണാം. സാധാരണയുള്ള ഡബിള്‍ ഹെലിക്‌സിന്റെ ജോഡിവല്‍ക്കരണ നിയമങ്ങള്‍ തന്നെയായിരിക്കും ഈ പ്രക്രിയയേയും നിയന്ത്രിക്കുക. ചൂടാകുന്നതിനുമുന്‍പ് ഒരുമിച്ചിരിക്കുകയും ഒരു പ്രത്യേക താപനിലയില്‍ അഴിഞ്ഞുപോവുകയും ചെയ്ത പരസ്പര പൂരകമായ ഒറ്റ ഹെലിക്‌സുകള്‍ തന്നെയാകും താപനില കുറഞ്ഞുവരുന്നതോടെ വീണ്ടുമടുത്ത് പഴയതുപോലെ ഇരട്ടഗോവണി നിര്‍മ്മിക്കുകയെന്നാവും നിങ്ങള്‍ കരുതുക. അങ്ങനെ സംഭവിക്കുന്നതിന് വിരോധമൊന്നുമില്ല. പക്ഷേ, എപ്പോഴും അങ്ങനെയുള്ള അച്ചടക്കം കാണാനാവില്ലെന്നതാണ് വസ്തുത. ചില ഡി. എന്‍. എ ഭാഗങ്ങള്‍ പഴയ കൂട്ടാളികളല്ലാത്ത അന്യ ഡി.എന്‍.എ ഭാഗങ്ങളെ ജോഡിയാകന്‍ തെരഞ്ഞെടുക്കാറുണ്ട്. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ഈ സമയത്ത് മറ്റൊരു സ്പീഷിസില്‍പ്പെട്ട ജീവിയുടെ ജോഡിവല്‍ക്കരണസാദ്ധ്യതയുള്ള ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങളാണ് ഈ വിഭജിത ഒറ്റഗോവണി ഭാഗങ്ങളുടെ അടുത്ത് ലഭ്യമാക്കുന്നതെങ്കിലും അവിടെയും സഹജമായി തന്നെ ബന്ധനം സംഭവിക്കും. ഒരു ജീവിയുടെ തന്നെ ഡി.എന്‍.എ ശേഖരത്തിലെ അസ്സല്‍ പങ്കാളികള്‍ക്കിടയില്‍ തമ്മില്‍ നടക്കാനിടയുള്ള ജോഡിവല്‍ക്കരണത്തിന്റെ അതേ മാതൃകയില്‍ തന്നെയായിരിക്കും ഇതും സംഭവിക്കുക. എന്ത് കൊണ്ടങ്ങനെ പാടില്ല? വാട്ട്‌സണും ക്രിക്കും വഴിമരുന്നിട്ട തന്മാത്രാ ജീവശാസ്ത്ര വിപ്ലവത്തിന്റെ അടിസ്ഥാന നിഗമനം തന്നെയാണത്. അതായത് ഡി. എന്‍. എ വെറും ഡി. എന്‍. എ ആകുന്നു (D.N.A is just D.N.A). മനുഷ്യന്റെ ഡി. എന്‍. എ എന്നോ, ചിമ്പാന്‍സിയുടെ ഡി. എന്‍. എ എന്നോ ആപ്പിളിന്റെ ഡി. എന്‍. എ എന്നോ ഉള്ള വ്യത്യാസം അവിടെയില്ല. എല്ലാ ഡി. എന്‍. എയും ഒരു വസ്തുവാകുന്നു. ജോഡിവല്‍ക്കരണത്തിന് സാധ്യതയുള്ള ഭാഗങ്ങള്‍ തമ്മില്‍ എവിടെ കണ്ടാലും സസന്തോഷം ജോഡികളാവും. പക്ഷേ ഇത്തരം ബന്ധനങ്ങളുടെ ഉറപ്പ് (strength) എല്ലായ്‌പ്പോഴും തുല്യമായിരിക്കില്ലെന്ന് മാത്രം. ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന ബന്ധനത്തില്‍ ഒരു പ്രത്യേകതയുണ്ട്. അതായത് പരസ്പരം അനുപൂരകങ്ങളായ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കായിരിക്കും വൈജാത്യമുള്ള ഡി. എന്‍. എ ഒറ്റഗേവേണി ഭാഗങ്ങള്‍ക്കിടയിലുള്ള ബന്ധത്തേക്കാള്‍ കരുത്തുണ്ടാവുക. കൂടുതല്‍ ഡി. എന്‍. എ അക്ഷരങ്ങള്‍ വാട്ട്‌സണും ക്രിക്കും ബേസ് ജോഡി (base pair) എന്ന് വിളിച്ച ജോഡിവല്‍ക്കണത്തിന് ശ്രമിക്കുമ്പോള്‍ അവയുമായി യോജിക്കാത്ത അക്ഷരങ്ങളെ സ്വീകരിക്കേണ്ടി വരുന്നതിനാലാണ് ബന്ധനത്തിന്റെ കരുത്ത് ചോര്‍ന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഭിന്ന സ്പീഷിസിലുള്ള ജീവികളുടെ ഡി. എന്‍. എ ബന്ധങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനങ്ങള്‍ക്ക് കരുത്ത് കുറവായിരിക്കും.”(279)
 
ഇതാണ് ഡി.എന്‍.എ മാപ്പിംഗ് പരിശോധനയുടെ പ്രധാന പ്രവര്‍ത്തനം. അടുത്ത ഖണ്ഡികയില്‍ ഈ ബന്ധങ്ങളുടെ കരുത്ത് അറിയുന്നത് എങ്ങനെ എന്നുകൂടി വിശദീകരിക്കുന്നു. ”വ്യത്യസ്ത ഡി. എന്‍. എ വിഭാഗങ്ങള്‍ ഇഴചേര്‍ന്ന് ഒന്നായി കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് നാം ഇത്തരം ബന്ധങ്ങളുടെ കരുത്ത് അളക്കുന്നത്? പരിഹാസ്യമാംവിധം ലളിതമായ ഒരു മാര്‍ഗ്ഗത്തിലൂടെ നമുക്കിത് നിര്‍വ്വഹിക്കാം. ഇത്തരം ബന്ധങ്ങളുടെ ദ്രവണാങ്കം അളക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു ഇരട്ട ഹെലിക്‌സ് ഡി.എന്‍.എയുടെ ദ്രവണാങ്കം ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസാണെന്ന് മുന്‍പ് ഞാന്‍ സൂചിപ്പിച്ചുവല്ലോ. ഇത് പരസ്പരം അനുപൂരകമായ സാധാരണ ഡി.എന്‍.എ ബന്ധങ്ങളുടെ ദ്രവണാങ്കമാണ്. അതായത് പരസ്പരം അനുപൂരകമായ രണ്ട് ഡി. എന്‍. എ ഭാഗങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനം ചൂടാക്കുമ്പോള്‍ ഇരട്ട ഹെലിക്‌സ് ബന്ധനം അഴിഞ്ഞുപോകുന്ന താപനിലയാകുന്നു 85 ഡിഗ്രി സെല്‍ഷ്യസ്. പക്ഷേ ബന്ധനം ദുര്‍ബലമാകുമ്പോള്‍, ഉദാഹരണമായി ബന്ധിക്കപ്പെടുന്നത് മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ഡി.എന്‍.എ ഖണ്ഡങ്ങളാകുമ്പോള്‍, ഈ കെട്ട് പൊട്ടിക്കാന്‍ അല്‍പ്പം കൂടി കുറഞ്ഞ ഊഷ്മാവേ വേണ്ടി വരികയുള്ളൂ. മനുഷ്യ ഡി. എന്‍. എ ഖണ്ഡത്തെ നാമുമായി കുറേക്കൂടി അകന്ന ബന്ധമുള്ള മത്സ്യം, ചൊറിത്തവള എന്നിവയുടെ ഡി. എന്‍. എ പദാര്‍ത്ഥവുമായി കൂട്ടിക്കെട്ടിയാല്‍ അത്തരം ബന്ധനങ്ങള്‍ അഴിഞ്ഞുപോകാന്‍ കുറേക്കൂടി കുറഞ്ഞ ഊഷ്മാവ് മതിയാകും. അതായത് ബന്ധുത്വം കുറയുന്നതിനനുസരിച്ച് ഡി.എന്‍.എ ബന്ധനങ്ങളുടെ ദ്രവണാങ്കം കുറയുന്നു. സ്വജാതിയിലുള്ള ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും ഭിന്ന സ്പീഷിസിലുള്ളവയുടെ ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും തമ്മിലുള്ള വ്യത്യാസങ്ങള്‍ രണ്ട് സ്പീഷിസുകള്‍ തമ്മിലുള്ള ജനിതക അകലം (genetic distance) കണക്കാക്കാനുള്ള മാനദണ്ഡമായി തീരുന്നു.”(280)
 
ശരിയായ ഡി. എന്‍. എ അക്ഷരങ്ങളായ അഡിനിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ (A-G-C-T) എന്നീ ബേസുകളുടേയോ ഡി ഓക്‌സി റൈബോസ് പഞ്ചസാര തുടങ്ങിയ മറ്റ് രാസപദാര്‍ത്ഥങ്ങളുടേയോ കൃത്യമായ വിന്യാസക്രമം തിട്ടപ്പെടുത്തിയല്ല ഇവിടെ പരിണാമ വിശ്വാസികള്‍ ജീനോം സാമ്യതാ താരതമ്യത്തിലൂടെ പരിണാമം തെളിയിക്കുന്നത്. നാട്ടുഭാഷയില്‍ ഒരു കൊട്ടക്കണക്കാണിത്. ഡി. എന്‍. എയേയും ഡി. എന്‍. എയില്‍ ഉള്‍ക്കൊള്ളുന്ന അതിസങ്കീര്‍ണ്ണ വിവരശേഖരത്തേയും അതിന്റെ രാസഭൗതിക ഗുണങ്ങളേയും വളരെ സംക്ഷിപ്തമായി മുന്‍പ് മനസ്സിലാക്കി. ഡി. എന്‍. എയേയോ, അതുള്‍ക്കൊള്ളുന്ന ക്രോമോസോമിനേയോ, ക്രോമോസോം ഉള്‍ക്കൊള്ളുന്ന കോശകേന്ദ്രത്തേയോ, കോശകേന്ദ്രത്തിനടക്കം നിലനില്‍ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കോശത്തേയോ ആ കോശങ്ങളാല്‍ നിര്‍മ്മിതമായ ജൈവവൈവിധ്യങ്ങളേയോ അതര്‍ഹിക്കുന്നതിന്റെ ആയിരത്തിലൊരംശമെങ്കിലും ഗൗരവത്തിലെടുത്തിരുന്നുവെങ്കില്‍ ഡോക്കിന്‍സും മറ്റ് പരിണാമവിശ്വാസികളും ഇങ്ങനെ അതിലളിതമായി അതിസങ്കീര്‍ണ ഡി. എന്‍. എയെ വിശകലനം ചെയ്യുമായിരുന്നില്ല.
ഡി. എന്‍. എ തന്മാത്രകളെ ഉരുക്കിയും കൂട്ടിച്ചേര്‍ത്തും വീണ്ടും ഉരുക്കിയും കളിക്കുന്ന പരീക്ഷണം കുറ്റമറ്റതല്ലെന്നാണ് ഡോക്കിന്‍സ് തന്നെ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നത്. ”തീര്‍ച്ചയായും ഈ മാര്‍ഗ്ഗത്തില്‍ ചില സങ്കീര്‍ണ്ണതകളുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. ചില തന്ത്രപ്രധാനമായ പ്രശ്‌നങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഉദാഹരണമായി നിങ്ങള്‍ മനുഷ്യന്റെ ഡി.എന്‍.എ ചിമ്പാന്‍സിയുടേതുമായി മിശ്രണം ചെയ്ത് ബന്ധനം ഉണ്ടാക്കുമ്പോള്‍ മനുഷ്യ ഡി. എന്‍. എ ഖണ്ഡഭാഗങ്ങള്‍ പരിസരത്തുള്ള മറ്റ് മനുഷ്യ ഡി. എന്‍. എ ഖണ്ഡങ്ങളുമായി തന്നെ കെട്ടുകളുണ്ടാക്കാനിടയുണ്ട്. അതുപോലെ തന്നെ ചിമ്പാന്‍സി ഡി. എന്‍. എയുടെ ഭാഗങ്ങളില്‍ നല്ലൊരു ശതമാനം ചുറ്റുമുള്ള ചിമ്പാന്‍സി ഡി.എന്‍.എ ഖണ്ഡങ്ങളുമായി തന്നെ ബന്ധനത്തിലേര്‍പ്പെടാം.”(281)
98 ശതമാനം ഡി. എന്‍. എകള്‍ മനുഷ്യനും ചിമ്പാന്‍സിയും പങ്കുവെക്കുന്നു എന്ന് ഡോക്കിന്‍സും ഉരുവിടുന്നുണ്ട്. ”ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു.” (282)   ”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു.”(283)  മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനോം പങ്കിടുന്നു എന്നതിലൂടെ പരിണാമവിശ്വാസികള്‍ സമര്‍ത്ഥിക്കുന്നത് മനുഷ്യന്‍ ചിമ്പാന്‍സിയില്‍ നിന്ന് പരിണമിച്ചു എന്നല്ല, മനുഷ്യനും ചിമ്പാന്‍സിയും ഏതോ ഒരു മുതുമുത്തച്ഛന്റെ സന്തതിപരമ്പരകളില്‍ ജനിച്ചവര്‍ ആണെന്നാണ്. ഇക്കാര്യം ഡോക്കിന്‍സ് വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ”ഇനി എത്തരം ഫലങ്ങളാണ് നാം പ്രതീക്ഷിക്കേണ്ടത്. പരിണാമമാതൃക വെച്ച് നോക്കുമ്പോള്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും കോശങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ച തോതിലുള്ള ബന്ധമുണ്ടായിരിക്കും എന്ന പ്രവചനത്തിനാവും നിങ്ങള്‍ മുതിരുക. മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന് ഒരു കുറഞ്ഞ സ്‌കോറും പ്രതീക്ഷിക്കും. മനുഷ്യന്‍/നായ സാമ്യത്തെ കുറിക്കുന്ന സ്‌കോറും ഏതാണ്ട് സമാനമായിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ മനുഷ്യനും ചിമ്പാന്‍സിക്കും നായയുമായുള്ള ബന്ധം ഏറെക്കുറേ സമാനമായിരിക്കുമല്ലോ. ഇത് തന്നെയായിരിക്കും കുരങ്ങ്/നായ, ലീമര്‍/നായ എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള സാമ്യത്തിന്റെ കാര്യവും. മനുഷ്യന്‍, ചിമ്പാന്‍സി, കുരങ്ങ്, ലീമര്‍ തുടങ്ങിയവ നായയുമായി ബന്ധപ്പെട്ടിരിക്കുന്നത് ഒരു പൊതുപൂര്‍വ്വികനായ ഒരു ആദിമ പ്രിമേറ്റ് വഴിയാകുന്നു. (ഏറെക്കുറെ അത് കാഴ്ചക്ക് ഒരു ലീമറിനെപ്പോലെ ആയിരുന്നിരിക്കണം).”(284)
 
ഇതൊരു വല്ലാത്ത പിന്നോട്ടുപോക്കാണ്. 2006ല്‍ യു.കലാനാഥന്റെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച യുക്തിദര്‍ശനം എന്ന മലയാളി യുക്തിവാദികളുടെ റഫറന്‍സ് ഗ്രന്ഥത്തിലെ(285) ഒരു അധ്യായത്തിന്റെ തലക്കെട്ടുപോലും ”വാനരനില്‍ നിന്ന് നരനിലേക്ക്” എന്നാണ്.(286) പരിണാമവിശ്വാസികളുടെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്നതിന്റെയും പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ പരിണാമവിശ്വാസത്തിന്റെ നാരായ വേരുകള്‍പോലും പിഴുതെറിയുന്നതിന്റെയും കനത്ത പ്രഹരങ്ങളില്‍ നിന്ന് രക്ഷ നേടുവാനുള്ള ചില  അടവുകള്‍ മാത്രമാണിതൊക്കെ.
ഡോക്കിന്‍സിന് ഇക്കാര്യത്തിലുള്ള ആത്മവിശ്വാസക്കുറവ് വ്യക്തമാകുന്നുണ്ട്, തുടര്‍വചനങ്ങളില്‍. അദ്ദേഹം തുടരട്ടെ: ”ഇതേ സ്‌കോര്‍ തന്നെയായിരിക്കും മനുഷ്യന്‍/പൂച്ച, ചിമ്പാന്‍സി/പൂച്ച, കുരങ്ങ്/പൂച്ച, ലീമര്‍/പൂച്ച എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള താരതമ്യത്തിലും കണ്ടെത്താനാവുക. എന്തെന്നാല്‍ നായയും പൂച്ചയും എല്ലാ പ്രൈമേറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് എല്ലാ മാംസഭുക്കുകളും പങ്കിടുന്ന ഒരു മുന്‍ഗാമി വഴിയാണ്.”(287)
എന്നാല്‍ ഡോക്കിന്‍സ് ചൂണ്ടിക്കാണിക്കാത്ത, ഇതിലേറെ രസകരമായ ജീനോം സാമ്യതകള്‍ കൂടി പരിശോധിക്കപ്പെടേണ്ടതാണ്. അവ പരിണാമവാദികളുടെ സാമ്യതാ പഠനങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കും. മനുഷ്യനും ചുണ്ടെലിയും തമ്മിലുള്ള ജീനോം സാമ്യത 97.5 ശതമാനം ആണെന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.(288) മറ്റൊരു പഠനം മനുഷ്യ ഡി.എന്‍.എയില്‍ 2. 90 ബില്യണ്‍ ബേസ് ജോഡികളും, എലികളില്‍ 2.75 ബില്യണ്‍ ബേസ് ജോഡികളും, ചുണ്ടെലി(mouse)കളില്‍ 2.60 ബില്യണ്‍ ബേസ് ജോഡികളുമാണെന്ന് വ്യക്തമാക്കുന്നു.(289) ഇക്കാര്യം മനുഷ്യജീനോം പ്രൊജക്ടിന്റെ (National human Genome Research Institute) ഔദ്യോഗിക വെബ്‌സൈറ്റിലും വ്യക്തമാക്കുന്നുണ്ട്.(290) ഇതിലേറെ രസകരമായ മറ്റൊരു കാര്യം, നാഷണല്‍ ജിയോഗ്രഫിക്കിന്റെ ഒരു ലേഖനത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും 70 ശതമാനം ജീനോം സാമ്യതകളേ ഉള്ളുവെന്ന് സൂചിപ്പിക്കുന്നു.(291) ഇത്തരം വാര്‍ത്തകളും പഠനങ്ങളും വിശകലനം ചെയ്താല്‍ മനുഷ്യന്‍ എലിയില്‍ നിന്നും, എലി ചുണ്ടെലിയില്‍ നിന്നും പരിണമിച്ചു എന്നു പറയുന്നതാവും മനുഷ്യനും ചിമ്പാന്‍സിയും ഒരേ മുതുമുത്തച്ഛന്റെ സന്തതികളാണെന്ന വിശ്വാസത്തേക്കാള്‍ ശാസ്ത്രീയം!
നമുക്ക് ഡോക്കിന്‍സിലേക്ക് തന്നെ മടങ്ങാം. ഡി. എന്‍. എ അക്ഷരങ്ങളുടെ (A-G-C-T) താരതമ്യ പഠനത്തിന്റെ നല്ലൊരു ഉദാഹരണം ഡോക്കിന്‍സ് നല്‍കുന്നുണ്ട്:
 
”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു എന്നൊക്കെയുള്ള പ്രസ്താവനകള്‍ക്കാധാരം ഡി. എന്‍. എ മിശ്രണം തന്നെയാകുന്നു. ഇവിടെ ശതമാനകണക്കുകള്‍ക്കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. എന്തിന്റെ 98 ശതമാനമാണ് സമാനമായിട്ടുള്ളത്? നാം കണക്കിലെടുക്കുന്ന യൂണിറ്റുകളുടെ വലുപ്പമനുസരിച്ചാണ് യഥാര്‍ത്ഥ കണക്ക് രൂപം കൊള്ളുന്നത്. ഒരു ലളിതമായ ഉപമയിലൂടെ ഇത് വ്യക്തമാക്കാം. തികച്ചും താല്‍പര്യജനകമായ ഒരുദാഹരണമാണിതെന്നുകൂടി പറയണം. എന്തെന്നാല്‍ യാഥാര്‍ത്ഥ്യവും ഉദാഹരണവും തമ്മില്‍ സാമ്യമുള്ളതുപോലെ തന്നെ പ്രകടമായ വ്യത്യാസവുമുണ്ട്. ഒരു പുസ്തകത്തിന്റെ രണ്ട് പതിപ്പുകള്‍ നിങ്ങളുടെ കൈവശമുണ്ടെന്നിരിക്കട്ടെ. ഈ രണ്ട് പതിപ്പുകള്‍ക്കിടയിലുള്ള സമാനതയാണ് നാം താരതമ്യപ്പെടുത്തുന്നത്. ഒരുപക്ഷേ ബൈബിളിലെ ദാനിയേലിന്റെ പുസ്തകമാണ് (The Book of Daniel) നാം തെരഞ്ഞെടുക്കുന്നതെന്ന് കരുതുക. അതിന്റെ കാനോനിക്കല്‍ പതിപ്പും ഈയിടെ ചാവുകടലിന് സമീപമുള്ള ഗുഹയില്‍ നിന്ന് കണ്ടെത്തിയ പ്രാചീനചുരുളുകളുമാണ് താരതമ്യത്തിന് വിധേയമാക്കപ്പെടുന്നത്. ഈ പുസ്തകങ്ങളിലെ എത്രശതമാനം അധ്യായങ്ങളാണ് (Chapters) പൂര്‍ണ്ണമായും സമാനമായിട്ടുള്ളത്? പൂജ്യം എന്നായിരിക്കും മിക്കവാറും ലഭിക്കുന്ന ഉത്തരം. കാരണം ഏതെങ്കിലും ഒരു അധ്യായത്തിലുണ്ടാകുന്ന ഒരൊറ്റ ക്രമക്കേട് മതിയാകും പരസ്പരസാമ്യം ഇല്ലാതാകാന്‍.  ഇരുപുസ്തകങ്ങളിലേയും എത്രശതമാനം വാക്യങ്ങള്‍ (sentences) സമാനമാണെന്ന് പരിശോധിച്ചാല്‍ ശതമാനം കുറേക്കൂടി വര്‍ദ്ധിക്കും. സമാനമായ വാക്കുകള്‍ (words) പരിഗണിച്ചാല്‍ പിന്നെയും വര്‍ധിക്കും. വാക്കുകളില്‍ വാക്യങ്ങളേക്കാള്‍ കുറച്ച് അക്ഷരങ്ങളെ (letters) ഉള്ളൂ എന്നതിനാലാണിത്. അതായത് അക്ഷരങ്ങളുടെ എണ്ണം കുറയുന്നതോടെ വ്യത്യാസപ്പെടാനുള്ള സാധ്യതയും കുറയുന്നു. എന്നിരുന്നാലും ഏതെങ്കിലും ഒരക്ഷരം പരസ്പരം മാറിയാല്‍ രണ്ട് വാക്കുകള്‍ക്കിടയിലുള്ള സമാനത തകിടം മറിയും. രണ്ട് പുസ്തകങ്ങളെടുത്ത് വെച്ചിട്ട് അതിലെ ഓരോ അക്ഷരവും തമ്മില്‍ താരതമ്യം ചെയ്താല്‍ ലഭിക്കുന്ന പരസ്പരസാമ്യത്തിന്റെ നിരക്ക് അതിലെ വാക്കുകളും വാചകങ്ങളും അധ്യായങ്ങളും തമ്മില്‍ പരസ്പരം താരതമ്യപ്പെടുത്തിയാല്‍ കിട്ടുന്നതിലും വളരെ കൂടുതലായിരിക്കും.
 
എത്ര വ്യത്യസ്തങ്ങളായ രണ്ട് പുസ്തകങ്ങളെടുത്താലും സമാനമായ അക്ഷരങ്ങളും വാക്കുകളും നിരവധിയുണ്ടാകുമല്ലോ. ചുരുക്കത്തില്‍ ജനിതക സാമ്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ താരതമ്യത്തിനായി പരിഗണിക്കുന്ന യൂണിറ്റിന്റെ വലുപ്പം (size of unit) വ്യക്തമാക്കപ്പെടുന്നില്ലെങ്കില്‍ 98 ശതമാനം സാമ്യം എന്ന പ്രസ്താവനയില്‍ നിന്നും ഒന്നും മനസ്സിലാക്കാനാവില്ല. നാം പരിഗണിക്കുന്നത് അധ്യാങ്ങളാണോ? അതല്ലെങ്കില്‍ വാക്യങ്ങളാണോ? അതോ വാക്കുകളോ? അതോ അക്ഷരങ്ങളോ ? രണ്ട് സ്പീഷിസുകളിലെ മുഴുവന്‍ ക്രേമോസോമുകളാണ് നിങ്ങള്‍ താരതമ്യം ചെയ്യുന്നതെങ്കില്‍ പൂര്‍ണ്ണസാമ്യം പൂജ്യം ശതമാനമായിരിക്കും എന്നുറപ്പാണ്. ക്രോമോസോമുകള്‍ക്കിടയില്‍ എവിടെയെങ്കിലുമുള്ള ഒരു നേരിയ വ്യതിയാനം മതിയാകും അത്തരമൊരു ഫലം കൊണ്ടുവരാന്‍.
 
ഇനി ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു എന്ന പലപ്പോഴും ഉദ്ധരിക്കപ്പെടാറുള്ള പ്രസ്താവനയുടെ അര്‍ത്ഥമെന്താണെന്ന് നോക്കാം. മൊത്തം ക്രോമോസോമുകളുടേയോ അതല്ലെങ്കില്‍ മൊത്തം ജീനുകളുടേയോ എണ്ണമേ അല്ല ഇവിടെ വിവക്ഷിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ചിമ്പാന്‍സിയുടേയും മനുഷ്യന്റെയും ജീനോമിലുള്ള അനുപൂരകമായ ഡി. എന്‍. എ അക്ഷരങ്ങളുടെ സംഖ്യയാണിവിടെ അര്‍ത്ഥമാക്കപ്പെടുന്നത് (സാങ്കേതികമായി പറഞ്ഞാല്‍ ബേസ് ജോഡികള്‍).”(292)
ജനിതക ‘സാമ്യത’ കൊട്ടിഘോഷിക്കപ്പെടുന്നതുപോലുള്ള ഒരു സാമ്യത തന്നെയല്ല എന്ന് ഡോക്കിന്‍സിന്റെ വരികളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഡോക്കിന്‍സ് അവതരിപ്പിച്ചതുപോലുള്ള  ഒരു ഉദാഹരണം തന്നെ നമുക്കും പരിഗണിക്കാം. ഡാനിയേലിന്റെ പുസ്തകം താരതമ്യം ചെയ്തതിനുപകരം നാം നാല് പുസ്തകങ്ങളാണ് താരതമ്യം ചെയ്യുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിച്ച The greatest show on earth the evidence for evolution എന്ന ഗ്രന്ഥവും ആ ഗ്രന്ഥം രവിചന്ദ്രന്‍ സി. മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം; പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകവും എടുക്കുക. അവ തമ്മിലെ ‘ജനിതകസാമ്യം’ പരിഗണിക്കുമ്പോള്‍  അവഗണനീയമായ ഒരു ശതമാനത്തിലും താഴെ മാത്രമേ സമാനത കാണൂ. രണ്ടു ഗന്ഥങ്ങളും രണ്ട് ഭാഷകളിലാണ് എന്നതിനാല്‍ ഒരു പോലുള്ള വാക്കുകള്‍ വളരെ അപൂര്‍വമായിരിക്കും എന്നതാണിതിന്റെ കാരണം. എന്നാല്‍ ഡോക്കിന്‍സിന്റെ പുസ്തകത്തെ നിഷ്‌കൃഷ്ടമായി എതിര്‍ത്തുകൊണ്ടുള്ള ഒരു ഇംഗ്ലീഷ് പുസ്തകമുണ്ടെങ്കില്‍, അതും ഡോക്കിന്‍സിന്റെ പുസ്തകവും തമ്മിലുള്ള പദസമാനത (ജനിതക സാമ്യത എന്ന് വായിക്കുക!) വളരെ കൂടുതലായിരിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ രണ്ടാമതു പറഞ്ഞ ജോഡിക്കല്ല, ആദ്യത്തേതിനാണ് പരസ്പര സാധര്‍മ്യം കൂടുതലുള്ളത് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
 
ജൈവലോകത്തിന്റെ രൂപവും സ്വഭാവവും പാരമ്പര്യവും എല്ലാം തീരുമാനിക്കുന്നത് അവയുടെ ജീനുകളിലടങ്ങിയ ഡി. എന്‍. എ തന്മാത്രകളായ A-G-C-T എന്നീ ജനിതകാക്ഷരങ്ങളാണെന്ന് നമുക്കറിയാം. ഈ വിവരം നമുക്ക് പകര്‍ന്നുനല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് വാട്ടസണ്‍, ക്രിക്ക് എന്നീ ശാസ്ത്രജ്ഞന്‍മാരാണ്. ഇത് പടിപടിയായി വളര്‍ന്ന് ഹ്യൂമന്‍ ജീനോം പ്രോജക്ടും, കോശ ടിഷ്യു ചികിത്സയും വരെ എത്തിനില്‍ക്കുന്നു.
ഇന്ന് വിപ്ലവകരമായ ഉയരങ്ങളില്‍ എത്തിനില്‍ക്കുന്ന ജനിതക ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ച മഹാശാസ്ത്രജ്ഞന്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ (Gregor Johann Mendel) ആണ്. അദ്ദേഹം അറിയപ്പെടുന്നത് ജെനിറ്റിക്‌സിന്റെ പിതാവെന്നാണ്. 1822ല്‍ ഓസ്ട്രിയയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോ നഗരത്തില്‍ ഒരു കത്തോലിക്ക പള്ളിയില്‍ പുരോഹിതനായി സേവനമനുഷ്ഠിച്ചു. 1850കളില്‍ അദ്ദേഹം പള്ളിമുറ്റത്തെ പച്ചക്കറി തോട്ടത്തിലെ പയര്‍ ചെടികളിലെ വൈവിധ്യം കണ്ടറിഞ്ഞ് വ്യത്യസ്ത ഇനം ചെടികളെ കൃത്രിമ പരാഗണത്തിലൂടെ വളര്‍ത്തിയെടുത്തു. തുടര്‍ച്ചയായി പത്തോളം വര്‍ഷം നിരന്തരമായി പരീക്ഷണം നടത്തി.(293) ആ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ചെടികളിലെ പാരമ്പര്യനിയമങ്ങളെക്കുറിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഗവേഷണഫലം 1865, 1866കളിലായി  നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി (Natural History Society of Brunn) പ്രസിദ്ധീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അംഗീകരിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്തില്ല. എന്നുമാത്രമല്ല, തീരെ അവഗണിക്കപ്പെടുകയും ചെയ്തു. 1884ല്‍ ഗിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ മരിച്ചു. 16 വര്‍ഷങ്ങള്‍ക്കുശേഷം 1900ല്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിച്ചശേഷം മാത്രമാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും അംഗീകരിക്കപ്പെട്ടത്. പയര്‍ ചെടികളിലെ പരീക്ഷണങ്ങള്‍ കൂടാതെ തേനീച്ചകളിലും അദ്ദേഹം പരീക്ഷണം നടത്തിയിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പുരോഹിതനായി ജോലി ചെയ്യുകയും ചെയ്തിരുന്നു.(294)
 
മെന്‍ഡലിന്റെ പരീക്ഷണഫലം പ്രസിദ്ധീകരിക്കുന്നതിന് ആറ് വര്‍ഷം മുന്‍പ് 1859ലാണ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പ്പത്തി എന്ന പരിണാമസിദ്ധാന്തം പ്രസിദ്ധീകരിച്ചത്. ഡാര്‍വിന്റെ തിയറി അനുസരിച്ച് ഒരു ജീവിക്ക് ലഭിക്കുന്ന ആര്‍ജിത കഴിവുകള്‍ അടുത്ത തലമുറയിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നതിനുള്ള ഉത്തരം ഇല്ലാത്തതുകൊണ്ട് അദ്ദേഹം ആ വിഷയത്തില്‍ ദി വേരിയേഷന്‍ ഓഫ് ആനിമല്‍സ് ആന്‍ഡ് പ്ലാന്റ്‌സ് അണ്ടര്‍ ഡൊമസ്റ്റിക്കേഷന്‍ (The variation of animals and plants under domestication) എന്ന ഗ്രന്ഥം 1868ല്‍ പ്രസിദ്ധീകരിച്ചു. 1865-66 കാലത്തുതന്നെ കത്തോലിക്കാ പുരോഹിതനായ ഗ്രിഗര്‍ മെന്‍ഡല്‍ ഈ വിഷയത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞ് ദൈവനിഷേധത്തിന് ആയുധം പണിയുന്ന ഡാര്‍വിന്‍ ബി.സി 460-370 കാലത്ത് ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസിന്റെ (Hippocrate)(295) പാന്‍ജെനിസിസ് (Pangenesis) എന്ന  ഊഹാധിഷ്ഠിത അസംബന്ധമാണ് തന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചത്!(296)
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. നിരീശ്വരവാദത്തിന്റെ ആധുനികലോകത്തെ അപ്പോസ്തലന്‍ ആരെന്ന് ചോദിച്ചാല്‍ ആരും പറയുക റിച്ചാര്‍ഡ് ഡോക്കിന്‍സ് എന്നായിരിക്കും. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം തന്റെ ആശയപ്രചരണത്തിനുവേണ്ടി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. ഡോക്കിന്‍സ് പ്രസിദ്ധനായതുതന്നെ 1976ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സെല്‍ഫിഷ് ജീന്‍ (The Selfish Gene) എന്ന ഗ്രന്ഥത്തിലൂടെയാണ്. പരിണാമത്തെ ജനിതക ശാസ്ത്രത്തിന്റെ മുഷ്ടിയിലിട്ട് ഉടച്ചുവാര്‍ക്കുന്ന ഒരു ഗ്രന്ഥമാണ് സെല്‍ഫിഷ് ജീന്‍.(297) ജനിതക വിജ്ഞാനീയം ഇന്നത്തെ നിലയില്‍ വളര്‍ച്ച പ്രാപിക്കുന്നതിനുമുന്‍പ് അതിന്റെ ശൈശവദശയില്‍തന്നെ പരിണാമത്തിന് ജനിതാഖ്യാനവും, വ്യാഖ്യാനവും നിര്‍ുവഹിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു എന്നതുതന്നെ ഈ രംഗത്തെ അദ്ദേഹത്തിന്റെ അര്‍പ്പണവും സ്ഥിരോത്സാഹവും വ്യക്തമാക്കുന്നു.
 
ജനിതക വിജ്ഞാനീയത്തെ പരമോന്നതിയില്‍ എത്തിച്ചത് മനുഷ്യജനിതകപദ്ധതി(Human genome project)യാണ്. ആ പദ്ധതിയെ ഡോക്കിന്‍സ് താരതമ്യം ചെയ്തത് അപ്പോളോ ചന്ദ്രദൗത്യത്തോടും, ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന ലാര്‍ജേ ഹൈഡ്രോണ്‍ കൊളൈഡര്‍ (LHC) പരീക്ഷണത്തോടുമാണ്. മനുഷ്യജനിതക പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ചത് അമേരിക്കയിലെ മെരിലാന്‍ഡ്് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തി(National Institute of Health)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹ്യൂമണ്‍ ജീനോം ഇന്‍സ്റ്റിറ്റിയൂട്ട് (National Human Genome Institute) ആണ്. 1993 മുതല്‍  ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ നേതൃസ്ഥാനത്തുള്ള ഫ്രാന്‍സിസ് സെല്ലേഴ്‌സ് കോളിന്‍സ് (Francis Sellers Collins) ആണ്  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടര്‍. ജീനുകളെയും ജനിതകത്തെയും അതിന്റെ എല്ലാ അര്‍ത്ഥത്തിലും പഠിച്ചു മനസ്സിലാക്കി അതില്‍ നിരന്തര ഗവേഷണ പരീക്ഷണങ്ങളില്‍ മുഴുകിയ മുഴുവന്‍ ശാസ്ത്രജ്ഞരെയും ഒറ്റച്ചുവടില്‍ കോര്‍ത്തിണക്കിയ ഫ്രാന്‍സിസ് കോളിന്‍സ് 1997ല്‍ എഴുതി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ദി ലാംഗ്വേജ് ഓഫ് ഗോഡ് : എ സയന്റിസ്റ്റ് പ്രസന്റ്‌സ് എവിഡന്‍സ് ഫോര്‍ ബിലീഫ് (The Language of God : A Scientist Presents Evidence for Belief).(297) ഡി. എന്‍. എ ഭാഷ ദൈവത്തിന്റെ ഭാഷയാണെന്നും ഇത്തരം മഹത്തരമായ പ്രോഗ്രാം വിവരശേഖരണം യാദൃഛികമായി നിലവില്‍ വരില്ല എന്നും ഉള്ള തിരിച്ചറിവാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒരു ഗ്രന്ഥം എഴുതിച്ചത്.
ഈ ഒരു താരതമ്യം വളരെ പ്രസക്തമാണ്. 1856-1863 കാലത്ത് പയര്‍ മണികളില്‍ പരീക്ഷണം നടത്തി 1865ല്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ച ഗ്രിഗര്‍ മെന്‍ഡലും വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞും, ബി.സി 400ലെ പൗരാണിക വിവരങ്ങളെ വാരിപ്പുണര്‍ന്ന ഡാര്‍വിനും, ആധുനിക കാലഘട്ടത്തിലെ ഡോക്കിന്‍സും, ഫ്രാന്‍സിസ് കോളിന്‍സും തീര്‍ച്ചയായും പ്രതീകപുരുഷന്‍മാര്‍ തന്നെ. യഥാര്‍ത്ഥ ശാസ്ത്രവും, ശാസ്ത്രജ്ഞരും വ്യക്തമായി തെളിഞ്ഞ പാതയിലും നിലകൊള്ളുമ്പോള്‍ ശാസ്ത്രത്തിന്റെ പേരില്‍ ഊഹങ്ങളെ വാരിപ്പുണരുന്നവര്‍ ശാസ്ത്രമെന്ന പേരില്‍ ഊഹാപോഹങ്ങള്‍ വിശ്വസിച്ചുകൊണ്ടും പ്രചരിപ്പിച്ചുകൊണ്ടും അന്ധതയില്‍ നിന്നും അന്ധകാരത്തിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുുന്നു.
 
ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങളെ പിന്‍പറ്റുന്ന ഡാര്‍വിനും, ഡോക്കിന്‍സും ദൈവനിഷേധത്തിനും പരിണാമവിശ്വാസത്തിനും വേണ്ടി പണിയായുധങ്ങള്‍ പടച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയം ഗ്രിഗര്‍ മെന്‍ഡലും, ഫ്രാന്‍സിസ് കോളിന്‍സും നിരന്തരമായ ശാസ്ത്രഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും മുഴുകി ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും  ദൈവത്തെയും ദൈവത്തിന്റെ സൃഷ്ടിവൈഭവത്തെയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാന്‍ തയ്യാറാകുന്നു.
യഥാര്‍ത്ഥ ശാസ്ത്രം ദൈവത്തെ അംഗീകരിക്കും; എന്നാല്‍ ശാസ്ത്രാന്ധവിശ്വാസം ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!

കുറിപ്പുകള്‍:


273. www. youtube.com watch2v=972cxfGvlqu, www.youtube.com watch2v=28JsJjtlucA
274. www.independent.co.uk/news/science/genetic-breakthrough-that-reveals-the-defferences-between-humans-425432html
275. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 379
276. അതേ പുസ്തകം പേജ് 380
277. അതേ പുസ്തകം പേജ് 380
278. അതേ പുസ്തകം പേജ് 381
279. അതേ പുസ്തകം പേജ് 384, 385
280. അതേ പുസ്തകം പേജ് 385, 386
281. അതേ പുസ്തകം പേജ് 386
282. അതേ പുസ്തകം പേജ് 382
283. അതേ പുസ്തകം പേജ് 383
284. അതേ പുസ്തകം പേജ് 387
285. യുക്തിദര്‍ശനം. എ.ടി കോവൂര്‍ ട്രസ്റ്റ്, കോഴിക്കോട് ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍ മാസ്റ്റര്‍. മുഖവുര : പേജ് 5
286. അതേപുസ്തകം പേജ്
287. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 387
288. www.newscientist.com/article/dn2352-just-2.5/of-dna-turns-mice-into-men-html#.VEK01fmSyYB
289. currents-ucsc-edu/03-04/04-19/
rat/genome.gov/1151108
290. www.genome-gov./11511308
291. www.news.nationalgeographiic.com/news/2012/03/120306-gorilla/genome/apes/human/evolution/science
292. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 382, 383
293. www.britanica.com/EBchecked/topic/374739/Gregore/Mendelwww.cn.wikipedia.org/wiki/Gregore/Mendel#biology
294. www.cn.wikipedia.org/wiki/mendelian-inherittance. ജീന്‍, ജീവന്‍, ജനിതകം. ഡോ. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം. പേജ് 18 – 23
295. www.cn.wikipedia.org/Hippocrates
296. www.cn.wikipedia.org/wiki/The-selfish-Gene
297.  www.cn.britanica.com/EBchecked/topic/67606/The-selfish-Gene
298. www.cn.britanica.com/EBchecked/topic/275706/human/genome-projectwww.cn.wikipedia.org/wiki/human-genome-project
299. www.britanica.com/EBchecked/topic/1483981/National-human-genome-Research-Institute
300. www.britanica.com/EBchecked/topic/711055/Francis-collinswww.cn.wikipedia.org/wiki/Francis-Collins#Genomic
301. www.creation.com/harmony-distroid-a-review-of-francis-collins-book-the-language-of-god
302. www.cn.wikipedia.org/wiki/mendelian-inheritance

Wednesday, December 31, 2014

ഇത് കെണിയാണെന്ന് തിരിച്ചറിയുക!

സ്നേഹസംവാദം മാസിക.ഡിസംബർ 2014

2004 ഡിസംബറില്‍ അടുത്ത പതിനഞ്ചുവര്‍ഷക്കാലത്തെ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പ്രവചിച്ചുകൊണ്ട് അമേരിക്കയിലെ  നാഷണല്‍ ഇന്റലിജന്‍സ് കൗണ്‍സില്‍ (എന്‍. ഐ. സി) പുറത്തിറക്കിയ മാപ്പിംഗ് ദി ഗ്രോബല്‍ ഫ്യൂച്ചര്‍ എന്ന 121 പുറങ്ങളുള്ള രേഖ നല്‍കുന്ന വിവരങ്ങള്‍ ഇന്നത്തെ ലോകസംഭവങ്ങളുമായി പുലര്‍ത്തുന്ന സാമ്യം അത്ഭുതകരമാണ്. തങ്ങളുടെ വിദേശകാര്യബന്ധങ്ങള്‍ എങ്ങനെയാകണമെന്നും ദേശീയ സുരക്ഷക്കാവശ്യമായ കാര്യങ്ങള്‍ എന്തൊക്കെയാണെന്നും തീരുമാനിക്കുവാന്‍ അമേരിക്കന്‍ രാഷ്ട്രനേതൃത്വത്തെ സഹായിക്കാനുതകുന്ന വിവരങ്ങള്‍ നല്‍കുന്നതിനായി പ്രവര്‍ത്തിക്കുന്ന പതിനേഴ് സ്വതന്ത്രാധികാര സംഘങ്ങളുടെ കൂട്ടമായ ‘യുനൈറ്റഡ് സ്റ്റേറ്റ് ഇന്റലിജന്‍സ് കമ്മ്യൂണിറ്റി’യിലെ പ്രബലമായ ഒരംഗം ഔദ്യോഗികമായി പുറത്തിറക്കിയ രേഖയില്‍ പറയുന്നത് പ്രകാരമാണ് ലോകസംഭവങ്ങളില്‍ അധികവും ഇന്ന് നടന്നുകൊണ്ടിരിക്കുന്നത് എന്ന നിരീക്ഷണം, സംഭവങ്ങള്‍ നേരത്തെ തിരക്കഥ തയ്യാറാക്കി സംവിധാനിക്കപ്പെട്ടതാണെന്ന് സംശയിക്കുവാന്‍ ഇട നല്‍കുന്നതാണെന്ന് കടുത്ത സാമ്രാജ്യത്വ പക്ഷപാതികള്‍ പോലും സമ്മതിക്കും. 1979ല്‍ ഏകധ്രുവലോകത്തിന്റെ ഉദയത്തിലേക്ക് നയിച്ച സംഭവങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ രൂപീകരിക്കപ്പെട്ട എന്‍. ഐ. സിയുടെ പ്രധാനപ്പെട്ട പണി മാറിവരുന്ന അമേരിക്കന്‍ പ്രസിഡന്റുമാര്‍ക്ക് അടുത്ത പതിനഞ്ചുവര്‍ഷത്തെ ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പഠിപ്പിക്കുന്ന ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ട് നല്‍കലാണെന്ന് അവരുടെ ഔദ്യോഗിക വെബ്‌സൈറ്റ് വ്യക്തമാക്കുന്നുണ്ട്. പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞ് അദ്ദേഹത്തിന്റെ സ്ഥാനാരോഹണത്തിന് മുമ്പായി സമര്‍പ്പിക്കപ്പെടുന്നതാണ് പ്രസ്തുത റിപ്പോര്‍ട്ട് എന്ന വസ്തുത അതിന്റെ പ്രാധാന്യത്തെ വെളിപ്പെടുത്തുന്നതാണ്. തെരഞ്ഞെടുപ്പിന്റെ തിരക്കുകള്‍ കഴിഞ്ഞ് പ്രസിഡണ്ട് ആരാണെന്ന് തീരുമാനിക്കപ്പെട്ട വ്യക്തിക്ക്, സ്ഥാനാരോഹണത്തിന് ശേഷമുള്ള കൃത്യാന്തര ബാഹുല്യങ്ങളിലേക്ക് കടക്കുന്നതിനു മുമ്പു ലഭിക്കുന്ന ഒഴിവു സമയത്ത് യഥേഷ്ടം സമയമെടുത്ത് ഈ രേഖ പഠിക്കുവാന്‍ കഴിയണമെന്നതുകൊണ്ടാവാം പ്രസ്തുത സമയം തന്നെ രേഖാസമര്‍പ്പണത്തിന് അതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍  തെരഞ്ഞെടുക്കുന്നത്്. ഗ്ലോബല്‍ ട്രന്‍ഡ്‌സ് റിപ്പോര്‍ട്ടുകള്‍ നല്‍കാനാരംഭിച്ചത് 1996 മുതലാണ്. 2010 വരെയുള്ള വരെയുള്ള ലോകക്രമം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്ന ഒന്നാമത്തെ റിപ്പോര്‍ട്ട് ബില്‍ക്ലിന്റനു മുമ്പിലാണ് ആദ്യമായി സമര്‍പിക്കപ്പെട്ടത്. 2000 ഡിസംബറില്‍ 2015 വരെയുള്ള ലോകക്രമത്തെക്കുറിച്ചും 2004 ഡിസംബറില്‍ 2020 വരെയുള്ള ലോകക്രമത്തെകുറിച്ചുമുള്ള റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിക്കപ്പെട്ടത് ജോര്‍ജ് ബുഷിനും 2008 നവംബറില്‍ 2025 വരെയുള്ളതും 2012ല്‍ 2030 വരെയുള്ളതുമായ റിപ്പോര്‍ട്ടുകള്‍ ബരാക്ക് ഒബാമക്കുമാണ് സമര്‍പ്പിക്കപ്പെട്ടത്. ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടുകള്‍ നല്‍കാനാരംഭിച്ച 1996ല്‍ തന്നെയാണ് ഇസ്‌ലാമും പാശ്ചാത്യലോകവും തമ്മില്‍ നിലനില്‍ക്കുന്നത് സംസ്‌കാരങ്ങളുടെ സംഘട്ടനമാണെന്ന് സമര്‍ഥിച്ചുകൊണ്ടുള്ള സാമുവല്‍ പി ഹണ്ടിംഗ്ടന്റെ ദി ക്ലാഷ് ഓഫ് സിവിലൈസേഷന്‍ ആന്റ് ദി റി മേക്കിംഗ് ഓഫ് വേള്‍ഡ് ഓര്‍ഡര്‍ എന്ന കൃതി പുറത്തിറങ്ങിയത് എന്നത് യാദൃഛികതയാകാം. എന്നാല്‍ ഈ കൃതിയും ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടുകളും മുന്നില്‍ വെച്ച് ഒരു താരതമ്യത്തിന് വിധേയമാക്കിയാല്‍ ‘നാളെ എങ്ങനെയാകു’മെന്ന പ്രവചനപ്രസ്താവനകളുടെ വരികള്‍ക്കിടയിലൂടെ അമേരിക്ക ആഗ്രഹിക്കുന്ന വിധത്തിലുള്ള ലേകക്രമത്തിന് ‘നാളെ എങ്ങനെയാകണം’ എന്ന ശക്തമായ വിധിപ്രസ്താവനകളാണ് നമുക്ക് വായിക്കാനാവുക.
ഇസ്‌ലാമിക ഭീകരതയെന്ന് സാമ്രാജ്യത്വവും കൂട്ടരും വിളിക്കുന്ന പ്രതിഭാസം പ്രചാരത്തിലാകുന്നതിന് മുമ്പ്, 1996ല്‍ തയ്യാറാക്കിയ ഒന്നാമത്തെ ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടില്‍ തന്നെ 2010വരെ ലോകത്ത് നിലനില്‍ക്കാന്‍ പോകുന്ന ഭീകരതയെക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. അല്‍ ക്വാഇദയുടെ ആദ്യത്തെ അമേരിക്കന്‍ ആക്രമണമായി അറിയപ്പെടുന്ന കിഴക്കേ ആഫ്രിക്കന്‍ നഗരങ്ങളായ ദാറുസ്സലാമിലും നെയ്‌റോബിയിലുമുള്ള അമേരിക്കന്‍ എംബസികള്‍ തകര്‍ത്ത സംഭവം നടക്കുന്നത് റിപ്പോര്‍ട്ടിന് രണ്ടുവര്‍ഷങ്ങള്‍ക്കു ശേഷം 1998 ഓഗസ്റ്റ് ഏഴിനായിരുന്നുവെന്നോര്‍ക്കുക. ഭീകരത ഒരു ആഗോള പ്രതിഭാസമായി അറിയപ്പെട്ടുതുടങ്ങിയിട്ടില്ലാത്ത കാലത്ത് 2010 വരെയുള്ള ലോകക്രമത്തില്‍ ഭീകരത വലിയൊരു പ്രശ്‌നമായിരിക്കുമെന്നും മധ്യപൗരസ്ത്യദേശത്തെ തൊഴില്‍രഹിതരായ ചെറുപ്പക്കാര്‍ വര്‍ധിച്ച തോതില്‍ അതിലേക്ക് ആകര്‍ഷിക്കപ്പെടുമെന്നും ഇറാക്വില്‍ സദ്ദാം ഹുസൈന്റെ കാലം അവസാനിക്കുമെന്നുമെല്ലാം ദീര്‍ഘദര്‍ശനം നടത്തണമെങ്കില്‍ അത്യപാരമായ പ്രവചനശേഷിയുണ്ടാവണം! അതല്ലെങ്കില്‍ തങ്ങള്‍ക്ക് ആഗ്രഹമുള്ളത് സ്വപ്‌നം കാണുവാനും അതിനെ പ്രവചനമായി അവതരിപ്പിക്കുവാനും അത്തരം അവസ്ഥ സൃഷ്ടിക്കാനാവശ്യമായ രീതിയിലുള്ള കരുനീക്കങ്ങള്‍ നടത്തുവാനുമുള്ള അധികാരവും കഴിവുമുണ്ടാവണം. അമേരിക്കയുടെ കയ്യിലുള്ളത് രണ്ടാമത്തേതാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്?!!
2004 ഡിസംബറില്‍ ജോര്‍ജ് ഡബ്ലിയു ബുഷിനുമുമ്പില്‍ സമര്‍പിക്കപ്പെട്ട ഗ്ലോബല്‍ ട്രെന്റ്‌സ് റിപ്പോര്‍ട്ടിലാണ് 2020 വരെയുള്ള ലോകം എങ്ങനെയായിരിക്കുമെന്ന് പ്രവചിക്കുന്നത്. ഈ റിപ്പോര്‍ട്ടിന് നല്‍കിയിട്ടുള്ള തലക്കെട്ട് ‘മാപ്പിംഗ് ദി ഗ്ലോബല്‍ ഫ്യൂച്ചര്‍’ എന്നാണെന്ന കാര്യ ശ്രേദ്ധേയമാണ്. ‘ആഗോള ഭാവിയുടെ ചിത്രീകരണം’ എന്നര്‍ഥം. ഇതിനുശേഷമുള്ള റിപ്പോര്‍ട്ടുകളുടെ തലക്കെട്ടുകള്‍ കൂടി പരിശോധിച്ചാല്‍ ഈ റിപ്പോര്‍ട്ടിലെ ‘മാപ്പിംഗ്’ കൊണ്ട് വിവക്ഷിച്ചതെന്തെന്ന് കൃത്യമായി മനസ്സിലാകും. ബരാക് ഒബാമക്ക് 2008ല്‍ സമര്‍പിക്കപ്പെട്ട 2025 വരെയുള്ള ലോകത്തെ സംബന്ധിച്ച റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ‘ദി ട്രാന്‍സ്‌ഫോര്‍മ്ഡ് വേള്‍ഡ്’ എന്നും 2012ല്‍ സമര്‍പ്പിക്കപ്പെട്ട 2030 വരെയുള്ള റിപ്പോര്‍ട്ടിന്റെ തലക്കെട്ട് ‘ആള്‍ട്ടര്‍നേറ്റീവ് വേള്‍ഡ്’ എന്നുമാണ്. അമേരിക്ക ആഗ്രഹിക്കുന്ന തരത്തിലുള്ള ലോകക്രമത്തിലേക്ക് 2025 ഓടെ എത്തണമെന്നാണ് അവരുടെ സ്വപ്‌നമെന്ന് ഈ തലക്കെട്ടുകള്‍ വ്യക്തമാക്കുന്നുണ്ട്. പ്രസ്തുത ലോകക്രമങ്ങളിലേക്ക് നയിക്കുന്ന സംഭവങ്ങളാണ് 2020 വരെ ലോകത്ത് നടക്കുകയെന്ന് ‘ആഗോളഭാവിയുടെ ചിത്രീകരണ’ത്തില്‍ വ്യക്തമാണ്. 2025ല്‍ ഉണ്ടാകേണ്ട മാറിയ ലോകത്തിന് പറ്റിയ സാമൂഹിക ക്രമം സ്വാഭാവികമായി ഉണ്ടായിവരുന്നതാണെന്നും അമേരിക്കന്‍ ബുദ്ധിജീവികളുടെ ബുദ്ധിയില്‍ നേരത്തെ ഉദിച്ചതാണെന്നും കണ്ണടച്ച് വിശ്വസിക്കണമെങ്കില്‍ അതിരുകവിഞ്ഞ അമേരിക്കന്‍ പക്ഷാതിത്വം തന്നെ വേണം. നമ്മുടെ അക്കാദമിക ബുദ്ധിജീവികളില്‍ പലരും ബോധപൂര്‍വമോ അല്ലാതെയോ വെച്ചുപുലര്‍ത്തുന്നത് അതാണെന്ന് പറയേണ്ടിവന്നതില്‍ ഖേദമുണ്ട്. പക്ഷെ, അതാണ് വസ്തുത.
മാപ്പിംഗ് ദി ഗ്ലോബല്‍ ഫ്യൂച്ചറില്‍ നാല് ഭാഗങ്ങളാണുള്ളത്. ഒന്നാം ഭാഗത്ത് ആഗോളീകരണത്തിന്റെ വൈരുദ്ധ്യങ്ങളെപ്പറ്റിയും രണ്ടാം ഭാഗത്ത് ഉയര്‍ന്നുവരുന്ന ആഗോളശക്തികളെയും അതോടനുബന്ധിച്ച് മാറുന്ന രാഷ്ട്രതന്ത്രത്തിന്റെ ചിത്രത്തെപ്പറ്റിയും മൂന്നാം ഭാഗത്ത് ഭരണനിര്‍വഹണ രംഗത്തെ പുതിയ വെല്ലുവിളികളെപ്പറ്റിയും നാലാം ഭാഗത്ത് വ്യാപകമാകുന്ന അരക്ഷിതത്വത്തെപ്പറ്റിയുമാണ് പ്രതിപാദിച്ചിരിക്കുന്നത്. ഓരോ ഭാഗത്തിന്റെയും അന്ത്യത്തില്‍ ഓരോ കാല്‍പനിക ദൃശ്യരൂപങ്ങളും ഫിക്ഷന്‍ സിനാരിയോ എന്ന് തലക്കെട്ട് കൊടുത്തുകൊണ്ട് നല്‍കിയിട്ടുണ്ട്. 2020ന് മുമ്പ് ഉണ്ടാകാന്‍ പോവുന്ന നാല് സംഭവങ്ങളെ കുറിച്ച കാല്‍പനിക ദൃശ്യരൂപങ്ങളാണിവ. സ്വിറ്റ്‌സര്‍ലാന്റിലെ ദാവോസില്‍ വെച്ച് 2020ല്‍ നടക്കുന്ന വേള്‍ഡ് എക്കണോമിക്ക് ഫോറം വര്‍ഷാന്തയോഗത്തില്‍ ഫോറം മേധാവി യു.എസ് ഫെഡറല്‍ റിസര്‍ച്ചിന്റെ മുന്‍ ചെയര്‍മാന് സമര്‍പ്പിക്കുന്ന കത്താണ് ‘ദാവോസ് വേള്‍ഡ്’ എന്ന ഒന്നാമത്തെ സാങ്കല്‍പിക ദൃശ്യം. 2020ല്‍ യു.എന്‍ സെക്രട്ടറി ജനറല്‍ എഴുതുന്ന ലോകത്തിന്റെ നേതൃത്വം അമേരിക്കയുടെ കയ്യില്‍ തന്നെയാണെന്ന് ഉറപ്പുവരുത്തിക്കൊണ്ടുള്ള ‘പാക്ക്‌സ് അമേരിക്കാന’ എന്ന തലക്കെട്ടിലുള്ള സാങ്കല്‍പിക ഡയറിക്കുറിപ്പുകളാണ് രണ്ടാമത്തേത്. ബിന്‍ലാദന്റെ പൗത്രനായ സഈദ് മുഹമ്മദ് ബ്‌നു ലാദന്‍ 2020ല്‍ തന്റെ ഒരു കുടുംബ ബന്ധുവന് നിലനില്‍ക്കുന്ന ഖിലാഫത്തിനെ കുറിച്ച് എഴുതുന്ന സാങ്കല്‍പിക കത്താണ് ‘എ ന്യൂ കാലിഫേറ്റ്്’ എന്ന തലക്കെട്ട് നല്‍കിക്കൊണ്ടുള്ള മൂന്നാമത്തെ ദൃശ്യംശില്‍പം. മുസ്‌ലിം ലോകത്തിന് ആയുധം നല്‍കുന്ന ഒരു ആയുധ കള്ളക്കടത്തുകാരനും മറ്റൊരാളും തമ്മില്‍ 2020ല്‍ കൈമാറുന്നതായി സങ്കല്‍പിച്ചുകൊണ്ടുള്ള ഒരു കൂട്ടം ടെക്സ്റ്റ് മെസേജുകളാണ് ‘സൈക്കിള്‍ ദി ഫിയര്‍’ എന്ന തലക്കെട്ടിലുള്ള നാലാമത്തെ കാല്‍പനിക ദൃശ്യരൂപം.
നാല് കാല്‍പനിക ദൃശ്യരൂപങ്ങളിലും മുസ്‌ലിം ലോകവും മധ്യപൗരസ്ത്യ ദേശവുമാണ് വില്ലന്‍ റോളിലുള്ളതെന്ന വസ്തുത ശ്രദ്ധേയമാണ്. 2020 വരെയുള്ള ലോകക്രമത്തില്‍ അവരുടെ ശത്രുത സ്വാഭാവികമാണെന്ന മട്ടിലാണ് ഒന്നാമത്തെ കാല്‍പനിക ദൃശ്യമായ ദാവോസ് വേള്‍ഡ് മുന്നോട്ടുപോവുന്നത്. ഊര്‍ജവില വര്‍ധനവിലൂടെ സ്വയം പര്യാപ്തത നേടിക്കൊണ്ടുള്ള മധ്യപൗരസ്ത്യ ദേശങ്ങളുടെ നില്‍പാണ് ആഗോളവത്കരണത്തിലേക്കുള്ള പ്രയാണത്തിന് ലോകത്തിന്റെ മുന്നിലെ പ്രധാന തടസ്സമെന്ന രൂപത്തിലാണ് 2020ലെ വേള്‍ഡ് എക്കണോമിക്ക് ഫോറം മേധാവിയുടെ കത്ത് കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. അമേരിക്കന്‍ ശാന്തി എത്രത്തോളം നിലനില്‍ക്കുമെന്ന ആശങ്ക പ്രകടിപ്പിച്ചുകൊണ്ടുള്ള യു.എന്‍ സെക്രട്ടറി ജനറലിന്റെ 2020ലെ ഡയറിക്കുറിപ്പുകളില്‍ ലോകത്തിന് എണ്ണ നല്‍കുന്ന രാജ്യങ്ങളില്‍ നിലനില്‍ക്കേണ്ട ശിആ-സുന്നി സന്തുലനമാണ് അമേരിക്കയും ചെനയും അടങ്ങുന്ന എണ്ണ ഉപഭോഗ രാഷ്ട്രങ്ങള്‍ക്കാവശ്യമെന്നും യൂറോപ്പും അമേരിക്കയോടൊപ്പം ഭീകരവിരുദ്ധ പോരാട്ടത്തില്‍ ഒരുമിക്കേണ്ടത് ആവശ്യമാണെന്നുമുള്ള മട്ടിലാണ് കാര്യങ്ങളുടെ അവതരണം. സഈദ് മുഹമ്മദ് ബ്ന്‍ ലാദന്‍ 2020ല്‍ എഴുതാന്‍ പോകുന്ന കത്തില്‍ കാര്യങ്ങള്‍ കുറേക്കൂടെ വ്യക്തമാണ്. വിവരസാങ്കേതിക വിദ്യയിലുണ്ടായ വളര്‍ച്ച മുസ്‌ലിം ലോകവും പാശ്ചാത്യലോകവും തമ്മിലുള്ള സംഘട്ടനത്തെ തീവ്രതരമാക്കുകയും അതുവഴി ഒരു ഖലീഫയുടെ ഉദയം ഉണ്ടാവുകയും ചെയ്യും. ലോകത്തുള്ള മുസ്‌ലിംകളോടെല്ലാം തന്റെ പിന്നില്‍ അണിനിരക്കുവാന്‍ ഖലീഫ ആഹ്വാനം ചെയ്യുമെങ്കിലും വ്യത്യസ്ത ദേശങ്ങളിലെ മുസ്‌ലിംകള്‍ അതിനോട് പ്രതികരിക്കുക വ്യത്യസ്തമായ രീതികളിലായിരിക്കും. സുന്നി-ശിആ സംഘട്ടനങ്ങള്‍ തീവ്രമാവുകയും അതുവഴി ലക്ഷങ്ങള്‍ അഭയാര്‍ഥികളായിത്തീരുന്ന അവസ്ഥ സംജാതമാവുകയും ചെയ്യും. അതുവഴി മുസ്‌ലിംകളുടെ ഭീകരവകല്‍കരണം സജീവമാവും. ഇങ്ങനെ പോകുന്നു കത്തിലെ വിവരങ്ങള്‍.
2020ന് മുന്‍പ്  മുസ്‌ലിം ലോകത്ത് നടക്കുമെന്ന് അമേരിക്ക 2004ല്‍ പ്രവചിച്ചതുപോലെ സ്വാഭാവികമായും ഉണ്ടായിവന്നതാണ് ഖലീഫയും അനുബന്ധ കാര്യങ്ങളും എന്നാണോ നാം മനസ്സിലാക്കേണ്ടത്? അതല്ല, എണ്ണയുടെ മേലുള്ള തങ്ങളുടെ അധീശത്വം നിലനിര്‍ത്താനായി സാമ്രാജ്യത്വം പടച്ചുകൊണ്ടിരിക്കുന്ന തന്ത്രങ്ങളിലൊന്നാണ് ഖലീഫയുടെ ആഗമനവും ഖിലാഫത്തിനുവേണ്ടിയുള്ള മുറവിളിയുമെന്നാണോ? സാമ്രാജ്യത്വത്തിന്റെ ചരിത്രവും അമേരിക്കന്‍ രേഖകളുടെ സൂക്ഷ്മമായ വായനയും നമുക്ക് മനസ്സിലാക്കി തരുന്നത് രണ്ടാമത്തേതിനാണ് സാധ്യതയെന്നാണ്. മുസ്‌ലിം ലോകത്തിന്റെ നാഡീമിടിപ്പുകളെ കുറിച്ച് ശരിക്കും പഠിച്ച ശേഷം അവര്‍ക്ക് തമ്മിലടിക്കുവാനും അവരെ തന്നെ ഉപയോഗിച്ച്  അവരെ നശിപ്പിക്കുവാനും വേണ്ടി സാമ്രാജ്യത്വം സൃഷ്ടിക്കുന്ന വലകളിലൊന്നാണ് പുതിയ ഖിലാഫത്ത് പ്രഖ്യാപനവും അതിനായുള്ള സമരാഹ്വാനങ്ങളുമെന്നുള്ള വസ്തുതയാണ് ഇവിടെ മറനീക്കി പുറത്തുവരുന്നത്. ശിആക്കളെ അമുസ്‌ലിംകളായി പ്രഖ്യാപിക്കുകയും അവരെയും പാശ്ചാത്യരെയും കൊന്നൊടുക്കുകയാണ് ലക്ഷ്യം എന്ന് പറയുകയും പിടിക്കപ്പെട്ടവരെ കഴുത്തറുത്ത് കൊല്ലുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിക്കുകയും തങ്ങളുടെ കലാപങ്ങള്‍ക്കിടയില്‍ യുദ്ധത്തടവുകാരാണെന്ന് പ്രഖ്യാപിച്ച് അടിമകളോട് പെരുമാറുന്നത് പോലെ അവരോടും പെരുമാറണമെന്ന് പരസ്യമായി വിധിക്കുകയും ചെയ്യുന്നവര്‍ കാരുണ്യവാനായ അല്ലാഹുവിന്റെ ദൂതനായ കാരുണ്യത്തിന്റെ പ്രവാചകന്‍ പഠിപ്പിച്ച മതത്തെ പ്രതിനിധീകരിക്കുവന്നവരാണെന്നു കരുതുവാന്‍ ന്യായമൊന്നുമില്ല. സാമ്രാജ്യത്വത്തിന്റെ തലച്ചോറില്‍ വിരിഞ്ഞ പദ്ധതികള്‍ നടപ്പാക്കി ഇസ്‌ലാമിനെയും മുഹമ്മദ് നബി(സ)യും വികലീകരിക്കുവാനുള്ള പരിശ്രമങ്ങളാണ് അറിയാതെ തങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഈ പാവം ‘ഏറുപടക്കങ്ങള്‍’ അറിയുന്നില്ലെന്നതാണ് ഏറെ സങ്കടകരം. ഇസ്‌ലാമിന്റെ ശത്രുക്കളുടെ ഏറുപടക്കങ്ങളാവുകയല്ല തങ്ങളുടെ ദൗത്യമെന്ന് തിരിച്ചറിയാനെങ്കിലും ഇവര്‍ക്കായെങ്കില്‍ എന്നു പ്രത്യാശിക്കുക മാത്രമാണ് വിവേകമതികള്‍ക്കു മുന്നിലുള്ള മാര്‍ഗം.
പരിശുദ്ധ ക്വുര്‍ആനും പ്രവാചകചര്യയുമാണ് ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ എന്നും അവയെ മനസ്സിലാക്കേണ്ടത് അവ പ്രവാചകനില്‍(സ) നിന്ന് പഠിച്ചവര്‍ മനസ്സിലാക്കിയത് പോലെതന്നെയാകണമെന്നും തീരുമാനിച്ചുകഴിഞ്ഞാല്‍ മാറിവരുന്ന സാഹചര്യങ്ങള്‍ക്കനുസരിച്ച് മുസ്‌ലിംകളുടെ നിലപാടുകള്‍ മാറുന്ന സ്ഥിതിവിശേഷം ഉണ്ടാവുകയില്ല. ഇസ്‌ലാമിന്റെ ശത്രുക്കളുടെ കൈവശമുള്ള റിമോട്ട് കണ്‍ട്രോളുകളാല്‍ നയിക്കപ്പെടുന്നവരായിത്തീരുന്നത് ഈ തീരുമാനമില്ലാത്തവരോ അതിനെ തെറ്റിദ്ധരിച്ചവരോ ആണ്. പണ്ഡിതക്കുപ്പായം ഇട്ടവരുടെ വാക്കുകള്‍ക്കൊന്നും അപ്രമാദിത്വമില്ലെന്ന് മനസ്സിലാക്കുവാനും പ്രവാചകന്‍ പഠിപ്പിച്ചതില്‍ നിന്നും അനുചരന്മാര്‍ മനസ്സിലാക്കിയതാണ് തന്റെ മതം എന്ന് തീരുമാനിക്കുവാനും കഴിഞ്ഞാല്‍ മാത്രമേ ശത്രുക്കളുടെ സമര്‍ഥമായ കെണികളില്‍ നിന്ന് രക്ഷപ്പെടാന്‍ ഓരോരുത്തര്‍ക്കും കഴിയൂ. ഖിലാഫത്ത്, ഇമാമത്ത് തുടങ്ങിയ ശബ്ദങ്ങള്‍ കേള്‍ക്കുമ്പോഴേക്കും അതിനു പിന്നില്‍ തടിച്ചുകൂടുകയും ആത്മഹത്യാ സ്‌ക്വാഡുകളിലേക്ക് റിക്രൂട്ട് ചെയ്യപ്പെടുന്നവരായിത്തീരുകയും ചെയ്യുന്ന സ്ഥിതിയാണ് അതല്ലെങ്കില്‍ സംജാതമാവുക. കാരുണ്യത്തിയുടെയും ശാന്തിയുടെയും മതത്തിന്റെ ജീവിക്കുന്ന പ്രതിനിധികളായിത്തീരുകയും അത് പ്രബോധനം ചെയ്യാന്‍ ജീവിതത്തെ സമര്‍പിക്കുകയുമാണ് ഖിലാഫത്തിന്റെ അര്‍ഥം പ്രവാചകനില്‍(സ) നിന്ന് പഠിച്ചവര്‍ ചെയ്യുക. അത്തരക്കാരെയാണ് ഇന്ന് ലോകത്തിനാവശ്യം. ശത്രുക്കള്‍ ഏറ്റവും കൂടുതല്‍ ഭയപ്പെടുന്നത് അത്തരക്കാരെയാണെന്ന് സാമ്രാജത്വത്തിന്റെ രേഖകളെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ ബോധ്യമാവും. കാരുണ്യത്തിന്റെ മതം ജനങ്ങള്‍ക്കെത്തിക്കുന്ന ദൗത്യത്തില്‍ പങ്കാളികളാകുവാന്‍ സര്‍വശക്തന്‍ നമ്മെ അനുഗ്രഹിക്കട്ടെ (ആമീന്‍).

Tuesday, December 2, 2014

മാതാപിതാക്കള്‍ ജോലിക്കാരായാല്‍: ലാഭവും നഷ്ടവും

 
രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് (2011 ഫെബ്രുവരി രണ്ട്) സുസ്മിത രക്ഷിത് പ്രമുഖ ദേശീയ ദിനപത്രമായ ടൈംസ് ഓഫ് ഇന്‍ഡ്യയില്‍ നല്‍കിയ റിപോര്‍ട്ടിന്റെ ശീര്‍ഷകം ഇങ്ങനെയാണ്: ”ജോലിക്കാരായ മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ മാനസിക പിരിമുറുക്കത്തിലേക്ക് തള്ളുന്നു.” പല സ്‌കൂള്‍ സംഘാടകരേയും മനശാസ്ത്രജ്ഞരെയും ഉദ്ധരിക്കുന്നതായിരുന്നു റിപോര്‍ട്ട്. അച്ഛനും അമ്മയും ജോലിക്കാരാവുമ്പോള്‍ കുഞ്ഞുങ്ങള്‍ക്കുണ്ടാവുന്ന മാനസിക സമ്മര്‍ദങ്ങളും പില്‍കാലത്ത് അത് അവരുടെ ജീവിതത്തിലുണ്ടാക്കുന്ന താളപ്പിഴകളും ഇതിലുണ്ട്.
 ഏകാന്തതയിലേക്ക് തള്ളപ്പെടുന്ന ആധുനിക സമൂഹത്തിലെ ശിശുക്കളുടെ പ്രശ്‌നങ്ങള്‍ പ്രമേയമാക്കിയുള്ള നാടകത്തിന്റെ സംഘാടകനായ ബോളിന്‍ ചൗധരിയുടെ വാക്കുകളിതാണ്: ”കുഞ്ഞുങ്ങളെ വാടകക്കാരെ ഏല്‍പിക്കാനുള്ള പ്രവണത മാതാപിതാക്കള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്നു. അത്തരം കുട്ടികളില്‍ പലപ്പോഴും മാനസികരോഗങ്ങള്‍ വികസിക്കുന്നു.” അദ്ദേഹം ഇതിന്റെ കാരണവും വിശദീകരിച്ചു: ”കുട്ടിയോടൊപ്പം കഴിയാന്‍ മാതാപിതാക്കള്‍ക്ക് സമയം കിട്ടാറില്ല.” അതിരാവിലെ ഒരുങ്ങി ദീര്‍ഘദൂരം യാത്ര ചെയ്ത് ഓഫീസിലെത്തുകയും വൈകി വീട്ടിലെത്തുകയും ചെയ്യുന്ന മാതാപിതാക്കള്‍ക്ക് കുട്ടികളോടൊത്ത് എത്ര സമയം ചെലവഴിക്കാനാവും? മേല്‍ സൂചിപ്പിച്ച ടൈംസ് ഓഫ് ഇന്‍ഡ്യ വാര്‍ത്തയില്‍ ജയന്ത ദാസ് എന്ന സൈക്യാട്രിസ്റ്റ് പറഞ്ഞത് ഇങ്ങനെയാണ്: ”മാതാപിതാക്കളില്‍നിന്നും വേണ്ടവിധം ശ്രദ്ധയും പരിചരണവും ലഭിക്കാതിരിക്കുന്ന കുട്ടികളില്‍ മാനസിക പ്രശ്‌നങ്ങള്‍ ആവിര്‍ഭവിക്കും.”
 പുതിയ തലമുറയില്‍ മാനസികരോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിക്കുന്നതിന്റെ കാരണങ്ങളിലൊന്ന് ആധുനിക ജീവിതരീതിയും അതിന്റെ ഉപോല്‍പന്നങ്ങളായ നിരവധി ജീവിത വൈകല്യങ്ങളുമാണെന്ന് വ്യക്തമാണ്. മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നകലുന്നതും കുട്ടികളെ മാതാപിതാക്കളില്‍ നിന്നകറ്റുന്നതുമാണ് ആധുനിക വ്യവസായിക സംസ്‌കാരം. കുതിച്ചുയരുന്ന ജീവിതച്ചെലവുകള്‍ മൂലം കുടുംബം പുലര്‍ത്താന്‍ മാതാപിതാക്കള്‍ രണ്ടുപേരും ജോലി ചെയ്യേണ്ട സാഹചര്യമാണ് കോര്‍പറേറ്റ് മുതലാളിത്ത സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചിട്ടുള്ളത്. കുടുംബബന്ധങ്ങളെ ശിഥിലമാക്കി വ്യക്തികള്‍ തനിച്ചാവുന്ന വ്യക്തിവാദത്തെയാണ് മുതലാളിത്തം പാലൂട്ടുന്നത്. പണത്തെ ആധാരമാക്കി മറ്റെല്ലാ മൂല്യങ്ങളെയും അവമതിക്കുന്ന ആധുനിക സംസ്‌കാരത്തില്‍ മനസമാധാനവും സന്തുഷ്ടിയുമുള്ള കുടുംബം വെറും സങ്കല്‍പം മാത്രമായിത്തീരുന്നു.
  കഴിഞ്ഞ അമ്പതുവര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്കിടയില്‍ ലോകവ്യാപകമായി മാനസികരോഗങ്ങള്‍ വന്‍തോതില്‍ വര്‍ധിച്ചിട്ടുണ്ടെന്ന്  ജയന്തദാസ് പറയുന്നു. മാതാപിതാക്കളോടോ ബന്ധുക്കളോടോ അയല്‍ക്കാരോടോ ഇടപഴകാന്‍ കുട്ടികള്‍ക്ക് അവസരം ലഭിക്കാത്തതാണ് ഇതിനു കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
  ഇതൊന്നും കുട്ടികളുടെ മാത്രം പ്രശ്‌നമല്ലെന്നും മാതാപിതാക്കളില്‍തന്നെ കുട്ടികളെ അവഗണിക്കുന്നതുമൂലമുണ്ടാകുന്ന കുറ്റബോധം മാനസിക വൈകല്യങ്ങള്‍ ഉണ്ടാക്കുമെന്നും  പഠനങ്ങള്‍ സ്ഥിരീകരിക്കുന്നുണ്ട്. കുട്ടികളോട് മാതാപിതാക്കള്‍ക്കുള്ള സഹജമായ ബന്ധം നിവര്‍ത്തിക്കാതാവുമ്പോള്‍ അവരില്‍ കുറ്റബോധം ജനിക്കാനിടയാവുന്നു. ഈ വര്‍ഷം ഏപ്രില്‍ 24ന് പുറത്തിറങ്ങിയ ബ്രിട്ടനിലെ പ്രമുഖ പത്രമായ ഡെയ്‌ലി മെയ്‌ലില്‍ വന്ന വാര്‍ത്തയുടെ ശീര്‍ഷകം ഇങ്ങനെയായിരുന്നു: ”നമ്മുടെ അവസാനിക്കാത്ത ജോലിജന്യ കുറ്റബോധം: തിങ്കള്‍ മുതല്‍ വെള്ളി വരെ തങ്ങള്‍ കുട്ടികളെ അവഗണിക്കുന്നതായി മാതാപിതാക്കള്‍ കുറ്റസമ്മതം നടത്തുന്നു.” മൂന്ന് വയസ്സിനും പതിനെട്ട് വയസ്സിനും ഇടക്കു പ്രായമുള്ള മക്കളുള്ള രണ്ടായിരം മാതാപിതാക്കള്‍ക്കിടയില്‍ നടന്ന പഠനമാണ് റിപോര്‍ട്ടിനാധാരം.
  ചുരുക്കത്തില്‍, മാതാപിതാക്കള്‍ കുട്ടികളെ അവഗണിച്ചാല്‍ മാതാപിതാക്കളിലും കുട്ടികളിലും ഒരുപോലെ മനോവൈകല്യങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ സാധ്യതയേറുമെന്ന് വ്യക്തമാണ്. വിദ്യാഭ്യാസത്തിന്റെ പേരിലായാലും ജോലിയുടെ പേരിലായാലും മാതാപിതാക്കള്‍ കുട്ടികളില്‍ നിന്നകലുന്ന ഇന്നത്തെ തൊഴില്‍ സംസ്‌കാരം പ്രകൃതിവിരുദ്ധമാണെന്ന് സമൂഹത്തില്‍ വന്‍തോതില്‍ വര്‍ധിക്കുന്ന മനോരോഗങ്ങള്‍ സ്ഥിരീകരിക്കുന്നു.
  ഒന്നാമതായി, കുടുംബബന്ധങ്ങളെ പ്രത്യേകമായും മാനുഷികബന്ധങ്ങളെ പൊതുവായും തകര്‍ക്കുന്ന മുതലാളിത്ത വ്യാവസായിക സംസ്‌കാരം ഇനിയും പിന്തുടരണമോ എന്ന് പുനരാലോചിക്കേണ്ടതുണ്ട്. ഗവണ്‍മെന്റിന്റെയും കമ്പനികളുടെയും വിധേയന്‍മാരായി അച്ഛനും അമ്മയും  ഉയര്‍ന്ന ശമ്പളത്തിനുവേണ്ടി നെട്ടോട്ടമോടുമ്പോള്‍ മനോരോഗങ്ങള്‍ നിറഞ്ഞ സമൂഹമാണ് സൃഷ്ടിക്കപ്പെടുന്നതെന്ന കാര്യം മറക്കാതിരിക്കുക. മാതാപിതാക്കള്‍ രണ്ടുപേരും ജോലിക്കാരാവുമ്പോള്‍ വരുമാനവര്‍ധനവ് ഉറപ്പാകുമെങ്കിലും മാനസികമായി ക്ഷയിച്ച തലമുറയാവും വളര്‍ന്നുവരുന്നതെന്ന കാര്യം ഓര്‍മിക്കണം. കൂട്ടുകുടുംബത്തിന്റെ തണലില്‍ ജീവിച്ച കഴിഞ്ഞ തലമുറയില്‍ ഇതിന്റെ പ്രത്യാഘാതങ്ങള്‍ കുറവാകുമെങ്കിലും അണുകുടുംബങ്ങളുടെ സ്ഥിതി ആശങ്കാജനകമാണെന്ന് പാശ്ചാത്യരുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നുണ്ട്.

Thursday, November 20, 2014

ഗേള്‍സ് ആര്‍ ഫാത്വിമ..

റമീസ്  മുഹമ്മദ്‌ എഫ്. ബി; ആര്‍. ടി ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത ലേഖനം 

അബൂജഹലിന്റെയും കൂട്ടരുടെയും അട്ടഹാസങ്ങൾക്കിടയിലും തന്റെ നേതാവിന്റെ ക്ഷീണത്തോടെയുള്ള ആ കിതപ്പുകൾ അബ്ദുല്ലാഹിബ്നു മസ്ഊദിനു വ്യക്തമായി കേൾക്കാം.. മരുഭൂമിയിലെ പൊള്ളുന്ന വെയിലിൽ ഒട്ടകത്തിന്റെ കുടൽമാലകൾക്കിടയിൽ ശ്വാസം മുട്ടി വിയർത്തൊലിച്ചു ഒന്നെഴുന്നേൽക്കാൻ പോലുമാകാതെ കിടക്കുന്നത് തന്റെ എല്ലാമെല്ലാമായ നബിയാണ്.. 'തനിക്കവരെ നേരിടാൻ കഴിഞ്ഞിരുന്നെങ്കിൽ' ഇബ്നു മസ്ഊദ് ചിന്തിച്ചത് ആത്മാർത്ഥമായാണ്.. പക്ഷെ കഴിയുന്നില്ല. ഇസ്ലാമിന്റെ തുടക്കകാലമാണ്.. നബിയുടെ കഴുത്തിൽ കുടൽമാലകൾ ചാർത്തിയ എതിരാളികളായ ഉഖ്ബയും അബൂജഹലും ഉത്ബയും ശൈബയും വലീദും ഉമയ്യയും ഇബ്നു വലീദും എല്ലാം മക്കയുടെ നേതാക്കളും ശക്തരും ക്രൂരന്മാരും ആണ്.. അവരെ നേരിടാനുള്ള ശക്തി വെറും ഇടയനായ ഇബ്നു മസ്ഊദിനില്ല.. താടിരോമങ്ങൾ നനയ്ക്കുന്ന കണ്ണീരോടെ വിറയ്ക്കുന്ന ചുണ്ടുകളോടെ ഇബ്നു മസ്ഊദ് ഒരു സഹായത്തിനായി നോക്കി നില്ക്കുകയാണ്.. ഇസ്ലാമിൽ നബിക്ക് ഇടതും വലതും നില്ക്കാൻ അന്ന് ഉമറും ഹംസയും വന്നിട്ടില്ല. പക്ഷെ......
വെളുത്ത മൃദുലമായ രണ്ടു കുഞ്ഞിക്കൈകൾ ആ ഖുറൈഷിനേതാക്കൾ നോക്കിനിൽക്കെ നിർഭയമായി ആ കുടൽമാലകൾ വലിച്ചു മാറ്റിയിട്ടു .. ഒരു ആറു വയസ്സുകാരി പെണ്‍കുട്ടി.. ഒരു പുരുഷന് കഴിയാത്തത് ചിലപ്പോ ഒരു കൊച്ചു പെണ്‍കുട്ടിക്ക് കഴിയും എന്ന് തെളിയിച്ചു കൊണ്ട് കിതപ്പോടെ ഘനമുള്ള ആ കുടൽമാലകൾ സർവ്വശക്തിയും പ്രയോഗിച്ചു അവൾ വലിച്ചു മാറ്റുകയാണ്.. പിൽക്കാലത്ത് ആ ഖുറൈഷികളെ ഒക്കെ തകർത്തെറിഞ്ഞു കൊണ്ട് അറേബിയയുടെ തന്നെ ഭരണാധികാരി ആയി മാറിയ മാനവരാശിയുടെ വിമോചകന് പീഡനങ്ങളുടെയും മർദ്ദനങ്ങളുടെയും ആദ്യകാലം മുതൽ വിജയത്തിന്റെ അവസാനകാലം വരെ ജീവിതത്തിൽ എന്നും ഉണ്ടായിരുന്ന ഒരേയൊരു ബോഡിഗാർഡ്.. ഫാത്വിമ..! നബിയുടെ മകൾ.. അൽ അമീന്റെ കരളിന്റെ കഷ്ണം..!
കഅബയിൽ നമ്സ്കരിക്കാനെത്തുന്ന നബിയെ ഉപദ്രവിക്കാൻ അക്രമികൾ എത്തുമ്പോൾ ഒച്ച വച്ച് ആളെ കൂട്ടി നബിയെ രക്ഷപ്പെടുത്താൻ ഫാത്വിമ എന്നും ഒരു അംഗരക്ഷകയെ പോലെ നബിക്കൊപ്പം ഉണ്ടായിരുന്നു.. മക്കയിലെ ഇടുങ്ങിയ തെരുവിലൂടെ നടക്കുമ്പോഴും കഅബയ്ക്ക് സമീപത്തു പോകുമ്പോഴും മാത്രമല്ല, അംഗുലീപരിമിതമായ അനുയായികളോടൊപ്പം അർഖ്വമിന്റെ വീട്ടിൽ രഹസ്യയോഗം ചേരുമ്പോഴും പരിസരത്തായി ആ പെണ്‍കുട്ടി തങ്ങിയും പമ്മിയും നിൽക്കുന്നുണ്ടാവും.. ദൈവദൂതന്റെ കാവൽമാലാഖ പോലെ..
ഒരു ഫാത്വിമയും ഒരു സുപ്രഭാതത്തിൽ പൊട്ടിമുളയ്ക്കുന്നതല്ല.. കൈ പിടിച്ചു കൊണ്ട് നടക്കാൻ ഒരു അൽ അമീൻ ഉണ്ടാവുമ്പോഴാണ് ഒരു ഫാത്വിമ ജനിക്കുന്നത്.. എല്ലാ പെണ്‍കുട്ടികളിലും ഫാത്വിമ ഉണ്ട്.. ലോകത്ത് ജനിക്കുന്ന ഏതൊരു പെണ്‍കുട്ടിയെയും പോലെയുള്ള ഒരു സാധാരണ പെണ്‍കുട്ടിയെ നബി ഫാത്വിമ ആക്കി വളർത്തുകയായിരുന്നു... പെണ്‍കുട്ടികളെ ജീവനോടെ കുഴിച്ചു മൂടിയിരുന്ന അറേബ്യൻ സമൂഹത്തിൽ ഒരു പിതാവ് നിത്യവും പുത്രിയുടെ കൈപിടിച്ച് ചുംബിക്കുന്നതിനും സദാസമയം കൂടെ കൊണ്ട് നടക്കുന്നതിനും അസാധാരണമായ പ്രസക്തിയുണ്ടായിരുന്നു.. എല്ലാ സുപ്രഭാതങ്ങളിലും നബി എഴുന്നേറ്റ ഉടനെ ജാലകം തുറന്നു ഫാത്വിമയെ അഭിവാദ്യം ചെയ്യുന്നു. യാത്ര പുറപ്പെടുമ്പോൾ ഫാത്വിമയുടെ വാതിലിൽ മുട്ടി യാത്ര പറയുന്നു. എവിടെപ്പോയി മടങ്ങുമ്പോഴും ഫാത്വിമയുടെ വാതിലിൽ മുട്ടി സലാം പറഞ്ഞ ശേഷം മാത്രം വീട്ടിലേക്കു കയറുന്നു.. ഫാത്വിമയുടെ കൈപിടിച്ച് ചുംബിച്ച ശേഷമേ സ്നേഹാധനനായ ആ പിതാവ് സ്വന്തം കാര്യങ്ങളിലേക്ക് നീങ്ങാറുള്ളൂ.. ഫാത്വിമ വീട്ടിലേക്കു വരുമ്പോൾ നബി എഴുന്നേറ്റു നിന്ന് ആദരിക്കുമായിരുന്നു.. സ്ത്രീയെ വെറും ഒരു ഭോഗവസ്തു മാത്രമായി കണ്ടിരുന്ന ഒരു സമൂഹത്തോട് ഫാത്വിമയിലൂടെ നബി പറയാതെ പറയുകയായിരുന്നു.. ഓരോ പെണ്‍കുട്ടിയും, ഓരോ സ്ത്രീയും സഹതാപത്തെക്കാളും സംരക്ഷണത്തെക്കാളും അർഹിക്കുന്നതു ആദരവാണെന്ന്.. ആ അറേബ്യൻ സമൂഹത്തോട് മാത്രമല്ല, സ്ത്രീയെ അടിച്ചമർത്തുന്ന, കൊച്ചുപെണ്‍കുട്ടികൾ വരെ സുരക്ഷിതരല്ലാത്ത എക്കാലത്തെയും ഏതൊരു സമൂഹത്തോടും ഫാത്വിമയുടെ കൈപിടിച്ച് നടന്ന അൽ അമീൻ വിളിച്ചു പറഞ്ഞതാണത് ..
കാമത്തിന്റെ അന്ധമായ വൈകൃതങ്ങളിൽ കീഴടക്കാനുള്ളവളല്ല അവൾ.. തൂവെള്ളപാദങ്ങളിൽ പാദസരമാകുന്ന ചങ്ങലയിട്ടു, പാവകണക്കെ നൃത്തം ചെയ്യിപ്പിച്ചു പുരുഷന് രസിക്കാനുള്ളതുമല്ല അവളുടെ വ്യക്തിത്വം.. കഴുത്തിൽ ആഭരണമാകുന്ന ചങ്ങലയിട്ടു കാലികളെ പോലെ മേയ്ച്ചു നടക്കാനുള്ളതുമല്ല അവളെ.. ഗുരുവിനെ വന്ദിക്കുന്നതിനു സമം ഫാത്വിമയും ഫാത്വിമയുടെ വർഗ്ഗവും ഭൂമിയിൽ ആദരിക്കപ്പെടണം.. അവൾക്കു നിർഭയം ഇറങ്ങിനടക്കാൻ കഴിയണം.. അവൾക്കു അധമബോധമുണ്ടാക്കരുത്, അപമാനമുണ്ടാക്കരുത്. വിജയത്തിന്റെ മാനദണ്ടമായി സാമ്രാജ്യത്വത്തിന്റെ തകർച്ചക്കും സാമ്പത്തികസുസ്ഥിരതക്കും മുമ്പായി നബി എണ്ണിയത് സ്ത്രീയുടെ സുരക്ഷിതത്വവും നിർഭയത്വവും ആണ്.. ലോകത്തെ ഏറ്റവും ശ്രേഷ്ടമായതു സ്ത്രീയെന്നാണ് ഇസ്ലാം പഠിപ്പിച്ചത്.. ആണ്മക്കൾ ഇല്ലാത്തതിനാൽ സമൂഹത്താൽ വാലറ്റവൻ എന്ന് പരിഹസിക്കപ്പെട്ട നബിക്ക് ഫാത്വിമയെ നല്കി കൊണ്ട് 'നിനക്ക് നാം കൗസർ നൽകിയിരിക്കുന്നു' എന്ന് പറയുന്നു ദൈവം..
നബി പറയുന്നത് നോക്കുക.. "ആർ ഫാത്വിമയെ സന്തോഷിപ്പിച്ചുവോ, അവർ ദൈവത്തെ സന്തോഷിപ്പിചു. ആർ ഫാത്വിമയ്ക്ക് കോപമുണ്ടാക്കിയോ , അവർ ദൈവത്തിന്റെ കോപം ക്ഷണിച്ചു വരുത്തി.. ഫാത്വിമ എന്റെ കരളിന്റെ കഷ്ണമാണ്.." .. എല്ലാ പെണ്‍കുട്ടികളും ഫാത്വിമയത്രേ.. ആർ പെണ്‍കുട്ടികളോട് നന്നായി പെരുമാറിയോ, അവർ ദൈവത്തോടും നന്നായി പെരുമാറി, ആർ പെണ്‍കുട്ടികളുടെ കോപം ക്ഷണിച്ചു വരുത്തിയോ, അവർ ദൈവത്തെയും കോപാകുലനാക്കി.. ഒരു ഫാത്വിമ വരുമ്പോഴാണ് അലി പൂർണ്ണനാകുന്നത്.. ഒരു ഫാത്വിമ മാതാവ് ആവുമ്പോഴാണ് ആണ്‍കുട്ടികൾ ഹസനും ഹുസൈനും ആകുന്നതു.. മക്കയുടെ തെരുവീഥികളിലൂടെ നബി കൈപിടിച്ച് നടത്തിയത് ഒരു തലമുറയെ തന്നെയായിരുന്നു.. ഒരു വിപ്ലവത്തെ ആയിരുന്നു.. സ്ത്രീ ഓരോ സമൂഹത്തിന്റെയും കരളിന്റെ ക്ഷണമാണ്.. അവർ നശിപ്പിക്കപ്പെട്ടുകൂടാ..
-----------------------------------------------------------
പിതാവിന്റെ കഴുത്തിനെ ഞെരിച്ചു കൊണ്ടിരുന്ന കുടൽമാലകളും മറ്റു മാലിന്യങ്ങളും നീക്കിമാറ്റി കൊണ്ട് ഫാത്വിമ ഇപ്പോൾ നബിക്കും ഖുറൈഷികൾക്കുമിടയിൽ നബിയുടെ സംരക്ഷകയായി നിലകൊള്ളുകയാണു.. നബി നമസ്കാരം തുടർന്നു.. ഫാത്വിമ ആ ഏഴു പേരെയും തീക്ഷണമായി നോക്കുകയാണ്.. തന്റെ പിതാവ് എന്നതിനെക്കാളുപരി സമൂഹത്തിന്റെ രക്ഷക്കായി വന്ന ദൈവദൂതൻ തന്റെ പ്രാര്ത്ഥന പൂർത്തിയാക്കും വരെ അദ്ദേഹത്തെ ഉപദ്രവിക്കാൻ തന്റെ ചെരുവിരലിനെങ്കിലും ജീവൻ ബാക്കിയുണ്ടെങ്കിൽ സമ്മതിക്കില്ല എന്ന മട്ടിൽ .. കോപാഗ്നി ജ്വലിക്കുന്ന അവളുടെ തീക്ഷ്ണനയനങ്ങളെ നേരിടാനാവാതെ ഖുറൈഷിതമ്പ്രാക്കൾ സ്ഥലം വിട്ടു.. നമസ്കാരം കഴിഞ്ഞതും തന്നെ ഉപദ്രവിച്ച ആ എഴുപേർക്കെതിരെയും നബി ദൈവത്തോട് പ്രാർഥിച്ചു.. ശേഷം തന്റെ മകളെ, തന്റെ അംഗരക്ഷകയായ ആ കൊച്ചു പെണ്‍കുട്ടിയെ നബി വാരിപ്പുണർന്നു.. എന്നിട്ട് വീണ്ടും അവളുടെ കൈപിടിച്ച് നബി നടന്നു.. ആ പെണ്‍കുട്ടിയിലൂടെ ഒരു തലമുറയുടെയും..
ഓരോ പെണ്‍കുട്ടിയുടെ ആദരവു അർഹിക്കുന്നു.. കൈപിടിച്ച് നടത്താൻ അൽ അമീൻ ഉണ്ടെങ്കിൽ ഓരോ പെണ്‍കുട്ടിയും ഫാത്വിമയാണ്.. അവരിലൂടെ മഹത്തായ തലമുറകൾ ഉണ്ടാവും.. ഓരോ ഫാത്വിമയും ഉമ്മു ഹബീബമാരാണ്..
മദർ ഓഫ് ഹെർ ഫാദർ..!!

Saturday, October 11, 2014

ഭ്രൂണവളര്‍ച്ച ദൈവാസ്തിത്വത്തിനാണ് സാക്ഷി പറയുന്നത്

സ്നേഹസംവാദം മാസിക ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അലി ചെമ്മാടിന്റെ ലേഖനം


ഭ്രൂണവളര്‍ച്ച ദൈവാസ്തിത്വത്തിനാണ് സാക്ഷി പറയുന്നത്

അലി ചെമ്മാട്

Ali Front Page Picture
Bookmark and Share
റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു – ഭാഗം 12

പുരുഷലിംഗം സ്ത്രീയോനിയില്‍ ഉല്‍സര്‍ജിക്കുന്ന 200 കോടിയിലധികം വരുന്ന ബീജങ്ങള്‍ (Sperms) ഗര്‍ഭപാത്രം വഴി അണ്ഡവിക്ഷേപം നടന്ന ഫെലോപിയന്‍ നാളിയിലൂടെ അണ്ഡം (Ovum) ലക്ഷ്യമാക്കി മുന്നേറുന്നു. അതൊരു മല്‍സര ഓട്ടം തന്നെയാണ്. അണ്ഡത്തിനടുത്തെത്തുന്ന ഓരോ ബീജവും അണ്ഡ ഭിത്തി തുളച്ച് ഉള്ളില്‍ കടക്കാനായി അണ്ഡത്തില്‍ ചെന്നിടിക്കുന്നു. ബീജത്തിന്റെ ഈ പരാക്രമത്തിനിടയില്‍ അതുല്‍പാദിപ്പിക്കുന്ന പ്രത്യേക എന്‍സൈം (Enzyme) അണ്ഡത്തിന്റെ പുറംതോടില്‍ സുഷിരം ഉണ്ടാക്കുന്നു. ഈ സുഷിരത്തിലൂടെ അകത്തുകടക്കുന്ന ബീജം അണ്ഡവുമായി കൂടിച്ചേരുന്നു.(231) അങ്ങനെ കൂടിച്ചേരുന്ന രണ്ടു അര്‍ധകോശങ്ങള്‍ ഒരു പൂര്‍ണ കോശമായി കോശത്തിന്റെ സ്വാഭാവിക പ്രവണതയായ വിഭജനം ആരംഭിക്കുകയും 2, 4, 8, 16 എന്നിങ്ങനെ വളര്‍ന്ന് കോശസമൂഹമായി മാറുകയും ചെയ്യുന്നു. എങ്കിലും അതിന്റെ വലിപ്പം വര്‍ദ്ധിക്കുന്നില്ല. ഈ ഘട്ടത്തിന് ക്ലീവേജ് (Cleavage) ഘട്ടമെന്ന് പറയുന്നു.(232) അടുത്തതായി അത് മോറുല(Morula)യായി പരിവര്‍ത്തിപ്പിക്കപ്പെടുന്നു.(233) ഇങ്ങനെ വിഭജിക്കപ്പെടുന്ന കോശങ്ങള്‍ ബോള്‍ പോലെ അകം പൊള്ളയായ ഒരു ഗോളമായി രൂപാന്തരപ്പെടുന്നു.(234) ഇതാണ് ബ്ലാസ്റ്റുല എന്നറിയപ്പെടുന്നത്. തുടര്‍ന്ന് ബ്ലാസ്റ്റുലയുടെ അകത്ത് ബ്ലാസ്റ്റോസെല്‍ (Blastocell) രൂപീകരിക്കപ്പെടുകയും ഗാസ്റ്റ്രുലേഷന്‍ (Gastrulation) വഴി ബ്ലാസ്റ്റുല ഗാസ്റ്റ്രുല(Gastrula)യായി രൂപാന്തരപ്പെടുകയും ഈ ഗാസ്റ്റ്രുല പൂര്‍ണമായി വേര്‍പ്പെടാതെ മൂന്നായി-എക്‌ടോഡേം (Ectoderm), എന്‍ഡോഡേം (Endoderm), മെസോഡേം (Mesoderm)- പരസ്പരം സഹായിച്ച് വളരാനാരംഭിക്കുകയും ചെയ്യുന്നു.(235)

ഇക്കാര്യത്തെക്കുറിച്ച് ഡോകിന്‍സ് വാചാലനാകുന്നുണ്ട്: ”ഗാസ്ട്രുലേഷന്‍ എന്നത് ബ്ലാസ്റ്റുലയുടെ ഉപരിതലവും അതിന്റെ മൊത്തത്തിലുള്ള രൂപഘടനയും വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന ഒരു സൂക്ഷ്മ ഭൂകമ്പമാണ്. കലയിലെ കോശങ്ങളാകമാനം വന്‍തോതിലുള്ള പുനഃസംഘടനക്ക് വിധേയമാവുകയാണവിടെ. ബ്ലാസ്റ്റുലയെന്ന് നാം പേര് വിളിച്ച പൊള്ളയായ പന്തില്‍ ഒരു ചെറിയ ചുഴി ഉണ്ടാക്കപ്പെടുന്നതിലൂടെയാണ് (Denting) ഗാസ്റ്റ്രുലേഷന്‍ ആരംഭിക്കുന്നത്. അങ്ങനെ അത് രണ്ട് പാളികളായി (Layers) വിഭജിക്കപ്പെടുകയും ബാഹ്യലോകത്തേക്ക് ഇറക്കാനായി ഒരു ദ്വാരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപം കൊള്ളുന്ന ബ്ലാസ്റ്റുലയുടെ പുറം പാളിക്ക് എക്‌ടോഡേം (Ectoderm) എന്നും അകത്തെ പാളിക്ക് എന്‍ഡോഡേം (Endoderm) എന്നും പറയുന്നു. പിന്നീട് എക്‌ടോഡേമിനും എന്‍ഡോഡേമിനും ഇടയിലേക്ക് കുറെ കോശങ്ങള്‍ തള്ളിക്കയറുകയും അവയെല്ലാം കൂടിച്ചേര്‍ന്ന് ഒരു മധ്യപാളിക്ക് രൂപം കൊടുക്കുകകയും ചെയ്യുന്നു. മെസോഡേം (Mesoderm) എന്നാണിതിന്റെ പേര്. ഈ മൂന്ന് ആദിമ പാളികളാണ് പിന്നീട് ശരീരത്തിന് വേണ്ടിവരുന്ന മുഴുവന്‍ അവയവങ്ങളും നിര്‍മിക്കുന്നത്. ഉദാഹരണമായി പുറം പാളിയായ എകടോഡേമാണ് പുറത്തെ തൊലിയും നാഡീവ്യൂഹവും നിര്‍മ്മിക്കുന്നത്. ഗട്ടും മറ്റ് ആന്തരികാവയവങ്ങളും എന്‍ഡോഡേമില്‍ നിന്ന് ഉത്ഭവിക്കുന്നു. മെസോഡേമാണ് എല്ലുകളുടെയും പേശികളുടെയും നിര്‍മ്മാതാക്കള്‍.”(236)
OLYMPUS DIGITAL CAMERA 
ഇത്രയും സങ്കീര്‍ണവും നിയന്ത്രണ വിധേയവും അത്ഭുതകരവുമായ ഭ്രൂണവളര്‍ച്ചയെ വിശദീകരിക്കാന്‍ ഒറിഗാമി കളിക്കുന്ന ഡോകിന്‍സിന്റെ ദയനീയതയെക്കുറിച്ച് ഒരിക്കല്‍ കൂടി ചിന്തിച്ചുനോക്കുക! ഡോകിന്‍സ് ‘കളി’ തുടരുന്നതിങ്ങനെ: ”ഒറിഗാമി ഉപമക്ക് അനുകൂലമായി മറ്റുചിലത് കൂടിയുണ്ട്. മടക്കല്‍ (Folding), അകച്ചുഴി ഉണ്ടാക്കല്‍ (Invagination), അകംപുറം തിരിയല്‍ (Turning Inside Out) എന്നീ പ്രക്രിയകള്‍ ശരീരനിര്‍മ്മിതിക്ക് ഭ്രൂണകോശങ്ങള്‍ അനുവര്‍ത്തിക്കുന്ന ചില ഇഷ്ട തന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ട്. ഒറിഗാമി ഉപമ ഭ്രൂണത്തിന്റെ ആദ്യഘട്ട വികാസത്തെ സംബന്ധിച്ചിടത്തോളം നന്നായി ഒത്തുപോകുന്നുണ്ടെന്ന് കാണാം. അതേസമയം അതിന് അതിന്റേതായ ന്യൂനതകളുമുണ്ട്. താഴെ പറയുന്നവയാണ് അതില്‍ ഏറ്റവും പ്രകടമായിട്ടുള്ളവ: 

1.  മടക്കുകള്‍ ഉണ്ടാക്കാന്‍ മനുഷ്യകരങ്ങള്‍ ആവശ്യമായി വരുന്നു.

2. വികസിപ്പിക്കപ്പെടുന്ന കടലാസ് ഭ്രൂണം ‘വളര്‍ന്ന് വലുതാകന്നില്ല.’ കടലാസിന്റെ ഭാരം ആദ്യാവസാനം ഒന്നുതന്നെ. ഈ വ്യത്യാസം കൃത്യമായി തിരിച്ചറിയാന്‍ വേണ്ടി ജൈവ ഭ്രൂണ വികാസത്തെ പലപ്പോഴും വെറും ഒറിഗാമി എന്നല്ല ‘വീര്‍പ്പിക്കപ്പെട്ട’ ഒറിഗാമി (Inflated Origami) എന്നാണ് ഞാന്‍ വിശേഷിപ്പിക്കാറുള്ളത്.”(237)

കേവലം കുട്ടിക്കളി കൊണ്ടോ കൈവേലകള്‍ കൊണ്ടോ കമ്പ്യൂട്ടര്‍ഗെയിമുകള്‍ കൊണ്ടോ  കുരങ്ങുകളിപ്പിക്കാന്‍ കൊണ്ടോ അണ്ഡബീജോല്‍പാദനമോ അണ്ഡബീജ സങ്കലനമോ ഭ്രൂണ വളര്‍ച്ചയോ  കേവല ലൈംഗിക ബന്ധം പോലുമോ വിശദീകരിക്കാനാവില്ല എന്ന് ഡോകിന്‍സിനു തന്നെ ബോധ്യമുണ്ട് എന്ന് ഈ വരികള്‍ വ്യക്തമാക്കുന്നുണ്ട്. എങ്കിലും അദ്ദേഹം വീണത് വിദ്യയാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത് തുടര്‍വാചകങ്ങളില്‍ കാണാം. ”എന്നാല്‍ ഈ രണ്ട് പൊരുത്തക്കേടുകള്‍ ഒരു തരത്തില്‍ പറഞ്ഞാല്‍ പരസ്പരം റദ്ദാക്കുന്നവയാണ്. കലകളുടെ പാളികള്‍ മടങ്ങുകയും ഉള്‍ച്ചുഴിയുണ്ടാക്കുകയും അകംപുറം തിരിയുകയുമൊക്കെ ചെയ്യുന്നതിനോടൊപ്പം തീര്‍ച്ചയായും ‘വളരുകയും’ ചെയ്യുന്നുണ്ട്. ഈ വളര്‍ച്ച തന്നെയാണ് ആ പ്രക്രിയ തുടരാനുള്ള ചാലകശക്തിയായിത്തീരുന്നത്. ഒറിഗാമിയില്‍ നമ്മുടെ കൈ പ്രദാനം ചെയ്യുന്നതിന് സമാനമായ പ്രചോദന ശക്തിയാണ് ഈ വളര്‍ച്ച ഭ്രൂണത്തിന്റെ തുടര്‍വികസനത്തിന് പകര്‍ന്നേക്കുന്നത്. മരിച്ച കടലാസിന് പകരം ജീവനുള്ള ജൈവകലയുടെ ഒരു പാളി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒറിഗാമി ഉണ്ടാക്കണമെന്നിരിക്കട്ടെ. ജൈവകലയുടെ പാളി മടങ്ങിയും അകത്തേക്ക് തിരിഞ്ഞും ചുഴികളുണ്ടാക്കിയും വളരുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് കരുതുക. ആ ‘വളര്‍ച്ച’ പാളിയുടെ ചില ഭാഗങ്ങളില്‍ കൂടിയും മറ്റിടങ്ങളില്‍ കുറഞ്ഞുമുള്ള ഭിന്ന അനുപാതത്തിലാണെന്നും സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ കൈ പ്രവര്‍ത്തിക്കാതെ തന്നെ ആ പാളി സ്വയം വലിഞ്ഞു നീളാനും മടങ്ങിയൊടിയാനുമൊക്കെയുള്ള ആവേശകരമായ ഒരു സാധ്യതയുണ്ട്. ഏതെങ്കിലും ആഗോള പദ്ധതിയുടെ ഭാഗമായിട്ടല്ല, മറിച്ച് പ്രാദേശിക നിയമങ്ങളായിരിക്കും അവിടെ പ്രസക്തമാവുക. കേവലം ആവേശകരമായ ഒരു സാധ്യത മാത്രമായി അതിനെ പരിമിതപ്പെടുത്തേണ്ടതില്ല; ശരിക്കും അതാണ് സംഭവിക്കുന്നത്. നമുക്കതിനെ ‘ഓട്ടോ-ഒറിഗാമി’ (Auto-Origami) അഥവാ സ്വയംകൃതമായ ഒറിഗാമി എന്ന് വിളിക്കാം.”(238)

ഇവിടെ ഒറിഗാമിയും ഭ്രൂണ വികാസവും താരതമ്യം ചെയ്യുമ്പോള്‍ ഡോകിന്‍സ്  സ്വയം കുഴിച്ച കുഴിയില്‍ വീണതും അതില്‍നിന്ന് രക്ഷപ്പെടാന്‍ വിഫലശ്രമം നടത്തുന്നതും മാന്യവായനക്കാര്‍ ശ്രദ്ധിച്ചുകാണും. ഒറിഗാമി ഒരിക്കലും സ്വയം പ്രവര്‍ത്തിക്കുന്നില്ല. അതിന് ആ വിദ്യ അറിയുന്ന ഒരു വ്യക്തിയുടെ ഹൃദയവും തലച്ചോറും കണ്ണുകളും ബോധവും കൃത്യവും കണിശവുമായ ഏകാഗ്രതയോടെ പ്രവര്‍ത്തിക്കണം. എന്നുവെച്ചാല്‍ ഒരു പുറംശക്തി(External Agent)യുടെ നിയന്ത്രണത്തില്‍ മാത്രമേ അത് പ്രാവര്‍ത്തികമാക്കാന്‍ സാധ്യമാകൂ. എന്നാല്‍ ഡോകിന്‍സ് വെറുതെ ഊഹിക്കുന്നത് -ഊഹം പരിണാമത്തിന്റെ ശക്തമായ തെളിവാണദ്ദേഹത്തിന് (239) – അതിസങ്കീര്‍ണമായ ഭ്രൂണവളര്‍ച്ച ഒരു നിയന്ത്രകന്റെയും ആസുത്രകന്റെയും സഹായമില്ലാതെ സ്വയം നടക്കുകയാണെന്നാണ്. അതിന് വ്യക്തവും ശാസ്ത്രീയവും മൂര്‍ത്തവുമായ എന്തെങ്കിലും  തെളിവിന്റെ പൊടിപോലും പുസ്തകത്തിലെവിടെയും അവതരിപ്പിക്കുന്നില്ല. ഡോക്കിന്‍സിന്റെ ‘ഊഹം’ എന്തുമാത്രം പരിഹാസ്യമാണെന്ന് മനസ്സിലാക്കാന്‍ മനുഷ്യശരീരത്തില്‍ നടക്കുന്ന കോശവിഭജനത്തിന്റെ വിശദാംശങ്ങളിലൂടെ വെറുതെയൊന്ന് കടന്നുപോയാല്‍ മാത്രം മതി.

കോശ വിഭജനം രണ്ടു രീതിയിലാണ് മനുഷ്യശരീരത്തില്‍ നടക്കുന്നത്.  ഒന്ന് ‘മൈയോസിസ്’ (Meiosis). മുമ്പ് നാം വിശദീകരിച്ചിട്ടുള്ളതുപോലെ അണ്ഡവും ബീജവുമാകുന്ന ലൈംഗിക കോശങ്ങള്‍ നിലവില്‍ വരുന്നത് ഈ രീതിയിലാണ്. രണ്ടാമത്തെ രീതി ‘മൈറ്റോസിസ്’ (Mitosis) ആണ്. ഇതാണ് ജന്തുലോകത്തും സസ്യലോകത്തും സാധാരണയായി നടന്നുവരുന്ന കോശവിഭജന രീതി. മൈറ്റോസിസ് അടിസ്ഥാനപരമായി ഇരട്ടിപ്പിക്കല്‍ പ്രക്രിയയാണ്. ഇത് ഒരു മാതൃകോശത്തില്‍ നിന്ന് കിറുകൃത്യമായ രണ്ടു പുത്രകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു.  മാതൃകോശത്തിന്റെ യാതൊരു വ്യത്യാസവുമില്ലാത്ത രണ്ട് ഒറിജിനല്‍ പതിപ്പുകളാണ് ഇവിടെ നിലവില്‍ വരുന്നത്. അതോടെ മാതൃകോശം നിലനില്‍ക്കുകയുമില്ല.  ദിനേന നമ്മുടെ ശരീരകോശങ്ങള്‍ ഇതുവഴി തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു. ഈ പ്രക്രിയ നമ്മുടെ ശരീരത്തിലെ ഓരോ ഘടകവും അവയവങ്ങളും നിത്യേന പുതുപുത്തനാക്കുകയും പ്രവര്‍ത്തനക്ഷമമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.(240)

മൈറ്റോസിസ് കോശവിഭജനം നാം മനസ്സിലാക്കിയ പോലെ മാതൃകോശത്തിന്റെ ഇരട്ടക്കോപ്പികള്‍ നിലവില്‍ വരുന്ന പ്രക്രിയയാണ്. അതിന്റെ എല്ലാ സ്വഭാവങ്ങളും പാരമ്പര്യവാഹക പദാര്‍ത്ഥങ്ങളും രാസ ഘടകങ്ങളും ധര്‍മങ്ങളും എല്ലാം ഇരട്ടിക്കുന്ന കോശത്തിലും മാതൃകോശത്തിന്റെ അനുകരണവും തനിപ്പകര്‍പ്പും മാത്രമായിരിക്കും. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളും അടിസ്ഥാനപരമായി ഒരേ ഘടന തന്നെയുള്ളതാണെന്ന് നമുക്കറിയാം. ഈ അറിവിന്റെ വെളിച്ചത്തില്‍ കോശവിഭജന പ്രക്രിയയെ അപഗ്രഥിക്കുമ്പോഴാണ്അതിലെ അത്ഭുതത്തിന്റെ വലുപ്പം പൂര്‍ണമായി മനസ്സിലാവുക. വലതുകയ്യിലെ ചെറുവിരലിലെ നഖത്തിലെ ഒരു കോശം വിഭജിക്കുകയാണെങ്കില്‍ പുത്രകോശങ്ങള്‍ നഖമായി മാത്രമേ വളരുകയുള്ളൂ. അതുപോലെ ശരീരത്തിലെ ഏത് ഭാഗത്തിന്റെ കോശമായാലും അങ്ങനെതന്നെ. നഖം നഖമായും മുടി മുടിയായും തൊലി തൊലിയായും മാത്രമേ വിഭജിക്കുകയുള്ളൂ. ഡോകിന്‍സ് പറഞ്ഞതുപോലെ തന്നെയാണ് ഗര്‍ഭാവസ്ഥയില്‍ മനുഷ്യശരീരം വളര്‍ന്നുവരുന്നത്. പക്ഷെ ഒരേയൊരു കോശത്തിലെ ഒരേയൊരു DNAയുടെ നിര്‍ദ്ദേശപ്രകാരം എങ്ങനെയാണ് ഇത്ര വ്യത്യസ്തമായ അവയവങ്ങളുടെ വികാസം സാധ്യമാകുന്നത്? എങ്ങനെയാണ്  സാധാരണ പ്രത്യുല്‍പാദന കോശങ്ങള്‍ക്ക് വ്യത്യസ്ത കലകളും അവയവങ്ങളും ആയി വളരാനുള്ള നിര്‍ദ്ദേശം ലഭിക്കുന്നത്? തീര്‍ച്ചയായും ഇതിനു പിന്നില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും ആസൂത്രണങ്ങളും നിയമങ്ങളും നിര്‍ദ്ദേശകനും നിയാമകനും ആസൂത്രകനും ഉണ്ടായേ തീരു.

“ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഡോകിന്‍സ് തന്റെ കൃതിയില്‍ ശ്രമിക്കുന്നുണ്ട്: ”അത്ഭുതകരമെന്ന് പറയട്ടെ, ജീവനുള്ള കലകളുടെ വികാസം വിശദീകരിക്കാന്‍ നല്ലൊരു ഉദാഹരണം കണ്ടെക്കുകയെന്നത് പ്രസായകരമാണ്.”(241) എന്നാല്‍ ഇതു സമ്മതിക്കുമ്പോഴും അദ്ദേഹം ചില ഉദാഹരണങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നുണ്ട്: ”ഭ്രൂണവികാസവുമായി താരതമ്യപ്പെടുത്താന്‍ മനുഷ്യന്‍ നിര്‍വഹിക്കുന്ന മറ്റേത് നിര്‍മ്മാണവിദ്യയാണ് നമുക്കിവിടെ ലഭ്യമായിട്ടുള്ളത്? ശില്‍പവേല യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ അകന്നുനില്‍ക്കുന്നു. ശില്‍പി പണി തുടങ്ങുന്നത് ഒരു കഷണം ശിലയോ തടിയോ മുന്‍നിറുത്തിയാണ്. അതില്‍ ആഗ്രഹിച്ച രൂപം ലഭിക്കുന്നതുവരെ ആവശ്യമില്ലാത്ത ഭാഗങ്ങള്‍ ചെത്തിക്കളഞ്ഞും മിനുസപ്പെടുത്തിയുമാണ് അയാള്‍ ശില്‍പം മെനഞ്ഞെടുക്കുന്നത്. ഭ്രൂണവികാസത്തിലെ ഒരു ഘട്ടത്തോട് വളരെ നല്ല സാദൃശ്യമുള്ള ഒരു പ്രക്രിയയാണിത്. അപോപ്‌ടോസിസ് (Apoptosis) എന്നാണിതിന്റെ പേര്. മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ട കോശമരണത്തെയാണ് (Planned Cell Death) അപോപ്‌ടോസിസ് എന്ന് പറയുന്നത്. നമ്മുടെ കയ്യിലേയും കാലിലെയും വിരലുകളുടെ വികാസത്തിലാണിത് പ്രസക്തമാകുന്നത്. മനുഷ്യഭ്രൂണത്തില്‍ കൈകാല്‍ വിരലുകള്‍ ഒട്ടിപ്പിടിച്ച നിലയിലാണുള്ളത്. ഗര്‍ഭപാത്രത്തില്‍ വെച്ച് നിങ്ങള്‍ക്കും എനിക്കും വലക്കണ്ണിപോലെ (Webbed) ഒട്ടിച്ചേര്‍ന്ന കൈകാല്‍ വിരലുകളാണുള്ളത്. ഈ വലക്കണ്ണി വേര്‍പ്പെടുന്നത് (മിക്കവരിലും; അപൂര്‍്യം ചില അപവാദങ്ങള്‍ ഇടക്കിടെ സംഭവിക്കാമെങ്കിലും) ആസൂത്രിതമായ കോശമരണത്തിലൂടെയാണ്. ഇതിനാകട്ടെ ഒരു ശില്‍പി തനിക്കാവശ്യമായ രൂപം ശിലയില്‍ നിന്നും ചെത്തിയെടുക്കുന്നതുമായി ചില സമാനതകളുണ്ട്.”(242)

ശില്‍പവും ശില്‍പിയുമായി കൈകാലുകളെ താരതമ്യം ചെയ്തത് നാം കണ്ടു. ശില്‍പകലയ്ക്ക് ആസൂത്രണം ആവശ്യമാണെന്നതില്‍ തര്‍ക്കമുണ്ടോ? ആസൂത്രണം താനേ ആകാശത്തുനിന്ന് പൊട്ടിവീഴുന്നതല്ല എന്നും ആസൂത്രണത്തിന് പിന്നില്‍ ആസൂത്രണത്തേക്കാളും മികവുറ്റ ആസൂത്രകന്‍ വേണമെന്നും മനസ്സിലാക്കാന്‍ അധികം ബുദ്ധിയും വിവേകവും ആവശ്യമില്ല. അതംഗീകരിക്കാന്‍ ഡോക്കിന്‍ സിനു തടസ്സമാകുന്നത് അഹങ്കാരം മാത്രമല്ലേ?
LIFE-GENDERഡോകിന്‍സ് തുടരട്ടെ: ”എങ്കിലും ഭ്രൂണം പ്രവര്‍ത്തിക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കാന്‍ ഉതകുന്ന തരത്തില്‍ പ്രാധാന്യമുള്ളതോ സഹായകരമോ ആയ ഒരു പ്രക്രിയ അല്ലിത്. ചില ശില്‍പികള്‍ ചെത്തിക്കളയലിലൂടെയല്ല ശില്‍പം മെനയുന്നത്. കുറച്ച് കളിമണ്ണോ മെഴുകോ എടുത്ത് അത് പരുവപ്പെടുത്തി (Knead) ആവശ്യാനുസരണമുള്ള രൂപം ഉണ്ടാക്കുകയാണവര്‍ ചെയ്യുന്നത്. (ഇങ്ങനെ ലഭിക്കുന്ന രൂപം പിന്നീട് വേണമെങ്കില്‍ വെങ്കലത്തിലേക്ക് പകര്‍ത്താം). എന്നാലിതും ഭ്രൂണവികാസം വിശദീകരിക്കാന്‍ സഹായകരമായ ഉദാഹരണമല്ല തന്നെ.”(243) പിന്നെയെന്തിനാണ് ഉപകാരവും സഹായവുമില്ലാത്ത ഉദാഹരണവുമായി വന്നത്?  തുടര്‍ന്നും മറ്റൊരു ഉദാഹരണം പുത്തന്‍ കുപ്പായമിടീച്ച് കൊണ്ടുവരുന്നത് കാണുക: ”തുന്നലും വസ്ത്രം നെയ്യുന്നതും പരിഗണിച്ചാലും പ്രയോജനമില്ല. നിലവില്‍ ലഭ്യമായ തുണി മുറിച്ച് മുന്‍ നിശ്ചയപ്രകാരമുള്ള രൂപങ്ങള്‍ നിര്‍മ്മിക്കുകയും പിന്നീട് ഇത്ര കഷ്ണങ്ങള്‍ തുന്നിച്ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. തുന്നിയ ഭാഗം കാണാതിരിക്കാനായി  പുറം അകത്തുവരത്തക്ക രീതിയില്‍ തുണി ചിലപ്പോള്‍ തിരിച്ചിടാറുണ്ട്. ഈ ഉദാഹരണമാകട്ടെ ഭ്രൂണത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്. പക്ഷെ, മൊത്തത്തിലെടുത്താല്‍ ഭ്രൂണവികാസത്തിന് ശില്‍പവിദ്യയോടുള്ള സാമ്യം മാത്രമെ തുന്നലിനോടുള്ളൂ.”(244) അദ്ദേഹം വീണ്ടും ഉദാഹരണങ്ങള്‍ പെറുക്കിക്കൂട്ടി കൊണ്ടുവരുന്നുണ്ട്:  ”മെടഞ്ഞുനെയ്യല്‍ (Knitting) കുറേക്കൂടി സാദൃശ്യം കാണിക്കുന്നുണ്ട്. കോശങ്ങളുടെ കാര്യത്തിലെന്നപോലെ വ്യത്യസ്തമായ ചെറുകണികകള്‍ തുന്നിച്ചേര്‍ത്താണ് സ്വറ്റര്‍ (Sweater) ഉണ്ടാക്കുന്നത്. എന്നാലും ഇതിലും കുറേക്കൂടി അനുയോജ്യമായ ഉദാഹരണങ്ങള്‍ ലഭ്യമാണ്.”(245)

അതെന്താണ് ആ മഹത്തായ ഉദാഹരണമെന്ന് പരിശോധിക്കാം: ”കാറിന്റെ ഘടകഭാഗങ്ങള്‍ സംയോജിപ്പിക്കുന്നത് അല്ലെങ്കില്‍ ഫാക്ടറിയുടെ അസംബ്ലി ലൈനില്‍ നടക്കുന്ന സങ്കീര്‍ണമായ യന്ത്രങ്ങളുടെ സംഘാടനം പരിഗണിക്കാം. അതൊരു നല്ല ഉദാഹരണമാണോ? ശില്‍പവിദ്യയിലും തുന്നലിലും ചെയ്യുന്നത് പോലെ മുന്‍നിശ്ചയപ്രകാരം നിര്‍മ്മിച്ച ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുകയെന്നത് ഒരു വസ്തു ഉണ്ടാക്കാനുള്ള ഫലപ്രദമായ മാര്‍മാണ്. കാര്‍ഫാക്ടറിയില്‍ ഉപയോഗിക്കേണ്ട ഭാഗങ്ങളൊക്കെ മുന്‍കൂട്ടി തയ്യാറാക്കപ്പെടുന്നുണ്ട്. പലപ്പോഴും ഫാക്ടറിയിലെ അച്ചുകളില്‍ രൂപപ്പെടുത്തിയെടുത്തതാണ് ഈ ഘടകഭാഗങ്ങള്‍. (എന്നാല്‍ ഭ്രൂണവികാസത്തില്‍ അച്ചില്‍ രൂപപ്പെടുത്തിയെടുക്കുന്ന യാതൊന്നുമില്ലെന്ന് ഞാന്‍ കരുതുന്നു.) തുടര്‍ന്ന് ഇത്ര മുന്‍ നിശ്ചയിച്ച ഭാഗങ്ങള്‍ ഒരു അസംബ്ലി ലൈനില്‍ കൊണ്ടുവന്ന് സ്‌ക്രൂ ചെയ്തും വെല്‍ഡ് ചെയ്തും ആണിയടിച്ചും കൂട്ടിവിളക്കിയും ഘട്ടംഘട്ടമായി മുമ്പ് ആസൂത്രണം ചെയ്ത നിര്‍ദ്ദിഷ്ട രേഖയനുസരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നു. വീണ്ടും പറയട്ടെ, ഭ്രൂണവികാസത്തിന്റെ കാര്യത്തില്‍ മുന്‍ നിശ്ചിതമായ രൂപരേഖ എന്നൊന്നില്ല. മുന്‍കൂട്ടി നിര്‍മ്മിച്ച ഭാഗങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുന്നതാണ് കാര്‍ അസംബ്ലിയില്‍ നാം പരിചയപ്പെടുന്നത്. ഇക്കാര്യത്തില്‍ ഭ്രൂണ വികാസം സാക്ഷ്യംവഹിക്കുന്നുണ്ട്. അതായത് ഒരു കാര്‍ അസംബ്ലി പ്ലാന്റില്‍ മുന്‍കൂട്ടി നിര്‍മ്മിച്ച കാര്‍ബുറേറ്റുകളും ഡിസ്റ്റിബ്യൂട്ടര്‍ ഹെഡ്ഡുകളും സിലിണ്ടര്‍ ഹെഡ്ഡുകളും ഒന്നിച്ച് കൊണ്ടുവന്ന് ശരിയായ സ്ഥാനത്ത് കൂട്ടിയിണക്കുന്നതിന് സമാനമായ ചിലത് ഭ്രൂണവികാസത്തിലും സംഭവിക്കുന്നുണ്ട്.”(246)

ഡോക്കിന്‍സിന്റെ കാര്‍ അസംബ്ലി പ്ലാന്റ് യാദൃശ്ചികമായി ഉരുത്തിരിഞ്ഞതല്ല. അസംബ്ലി പ്ലാന്റില്‍ കൂട്ടിയോജിപ്പിക്കുന്ന ഓരോ ഘടകവും, എഞ്ചിന്‍ മുതല്‍ സാധാരണ ഒരു സ്‌ക്രൂ വരെ, കടുത്ത ഗണിതശാസ്ത്രമാര്‍ഗങ്ങളും നിരന്തരമായ ഗവേഷണ പരീക്ഷണങ്ങളും അവലംബിച്ച് കൃത്യമായ ആസൂത്രണത്തോടെ രൂപകല്‍പന നല്‍കിയതാണ്. ഒരു കാര്‍ ഡിസൈനിംഗ് സ്റ്റുഡിയോയില്‍ അതിന്റെ ഇന്റീരിയര്‍ എക്‌സ്റ്റീരിയര്‍ ഡിസൈനിംഗിന് മാത്രം ഏറ്റവും ചുരുങ്ങിയത് വ്യത്യസ്ത വിഭാഗങ്ങളുടെ കൂട്ടായ്മയില്‍ 30,000 മനുഷ്യ പ്രവൃത്തി ദിനങ്ങള്‍ ആവശ്യമാണ്.(247) ഈ ഡിസൈനര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സോഫ്റ്റ് വെയറുകളും കമ്പ്യൂട്ടര്‍ ശൃംഖലയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഓഫീസ് സൗകര്യങ്ങളും പുറമെ. ഇപ്പോഴും കാറിന്റെ മാതൃക മാത്രമെ ഉണ്ടായിട്ടുള്ളൂ. ഇനി അതിന്റെ എഞ്ചിനും മറ്റു മെക്കാനിക്കല്‍ ഘടക ഭാഗങ്ങളും എത്ര വിപലമാണ്. അതിന്റെ എലക്ട്രിക്, എലക്ട്രോണിക്, കമ്പ്യൂട്ടര്‍ ഘടകഭാഗങ്ങള്‍; ഇതെല്ലാം രൂപകല്‍പന ചെയ്യാന്‍ മാത്രം എത്ര ഭീമമായ മനുഷ്യ,യന്ത്ര  പ്രയത്‌നങ്ങള്‍ വേണ്ടിവരും? ഇങ്ങനെ ഡിസൈന്‍ ചെയ്യപ്പെട്ട ഒരു കാറിന്റെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കാന്‍ എത്ര മനുഷ്യ വിഭവശേഷി വേണ്ടതുണ്ട്? കഴിഞ്ഞില്ല, ഇതെല്ലാം കഴിഞ്ഞ് യഥാര്‍ത്ഥ രീതിയില്‍, ഡോകിന്‍സ് ഉദാഹരിച്ച ഘട്ടത്തിലെ അസംബ്ലിംഗ് യൂണിറ്റിലേക്ക് എത്തുന്നതിന് ഇനിയുമേറെ മനുഷ്യ വിഭവശേഷിയും യന്ത്രസംവിധാനങ്ങളും വേണം. നാം പത്ത് ലക്ഷം രൂപക്ക് ഒരു കാര്‍ ഷോറൂമില്‍ പോയി വാങ്ങുമ്പോഴോ  ഒരു കാറില്‍ അതിന്റെ എയര്‍കണ്ടിഷനിന്റെ കുളിര്‍മയില്‍ സസ്‌പെന്‍ഷന്‍ സിസ്റ്റത്തിന്റെ കണിശതയില്‍ കുലുക്കങ്ങള്‍ അറിയാതെ മ്യൂസിക് സിസ്റ്റം പുറത്തുവിടുന്ന നാം ഇഷ്ടപ്പെടുന്ന സംഗീതമാസ്വദിച്ച് ഒരു യാത്ര ചെയ്യുമ്പോഴോ ആ കാറിന്റെ ഡിസൈനിങ് ലാബും എഞ്ചിന്‍ നിര്‍മ്മാണ യൂണിറ്റും മറ്റു ഘടകഭാഗങ്ങളുടെ നിര്‍മ്മാണ യൂണിറ്റും  മുതല്‍  ഇന്റീരിയറിലെ ഡാഷ് ബോര്‍ഡിലെ ലൈനിങ്ങിന്റെ നിറത്തിന്റെ കോമ്പിനേഷനോ ഇന്‍സ്റ്റ്രുമെന്റ് പാനലിന്റെയോ ഫ്യൂയല്‍ ഗെയ്ജിലേയോ താപമീറ്ററിലേയോ വേഗതാ മാപിനിയിലെ സൂചിയുടെയോ ചലനമോ വരെ ആസൂത്രണം ചെയ്ത അത് പുറത്തിറക്കിയ മനുഷ്യബുദ്ധിയുടെയും, മനുഷ്യവിഭവശേഷിയുടെടെയും വൈപുല്യത്തെക്കുറിച്ച് ആലോചിക്കാറുണ്ടോ? പതിനായിരക്കണക്കിന് മനുഷ്യരും യന്ത്രസംവിധാനങ്ങളും കമ്പ്യൂട്ടര്‍ ശൃംഖലയും കോടികളുടെ മുതല്‍മുടക്കും എല്ലാം ഒരൊറ്റ മനുഷ്യന്റെ നിയന്ത്രണത്തില്‍ കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈകാര്‍. ഇത് താനെ കുറേ ഇരുമ്പും ചെമ്പും നിക്കലും പ്ലാസ്റ്റികും റബറും പെട്രോളിയം ഉല്‍പന്നങ്ങളും തുണിയും പെയിന്റും കൂടിക്കിടന്നപ്പോള്‍ കാറ്റടിച്ച് തനിയെ ഉണ്ടായതല്ല. ഫ്രഡ് ഹോയിലിന്റെ ബോയിങ്ങ് 747 ഉദാഹരണം ഇതിനോട് ചേര്‍ത്ത് വായിക്കുക.(248) മനുഷ്യഭ്രൂണവളര്‍ച്ച തീര്‍ച്ചയായും ഒരല്‍പം പോലും തെറ്റുപറ്റാത്ത ആസൂത്രകന്റെ ആസൂത്രണത്തില്‍ നടക്കുന്ന അതീവ ഗൗരവവും അതിസങ്കീര്‍ണവുമായ ബയോളജിക്കല്‍ പ്രൊസസ്സാണ്. അല്ലാതെ ഡോകിന്‍സും പരിണാമവിശ്വാസികളും വിശ്വസിക്കുന്നതുപോലെ കേവലം യാദൃഛിക സംഭവവികാസമല്ല.

ഡോകിന്‍സ് ഉദാഹരിച്ച ഉദാഹരണങ്ങളായ ശില്‍പവും ശില്‍പിയും തുണി നെയ്യലും തൈക്കലും സ്വറ്ററും മൂശയും കാര്‍ ഫാക്ടറിയും അസംബ്ലിങ്ങുമൊന്നും തന്നെ അദ്ദേഹത്തിന് പോലും സംതൃപ്ത ഉദാഹരണങ്ങളല്ലെന്ന് അദ്ദേഹം തന്നെ തുറന്നുപറയുന്നത് നാം കണ്ടു. തീര്‍ച്ചയായും ഇതിനുപിന്നിലെ ആസൂത്രകനെ അംഗീകരിക്കാതെ നിര്‍വാഹമില്ലെന്നാണ ഇത് വ്യക്തമാക്കുന്നത്. ഡോകിന്‍സിന് തന്നെ ഉറപ്പാണ് കൃത്യമായ ആസൂത്രണവും ആസൂത്രകനും ഇല്ലാതെ കുറെ മരങ്ങളും ഇഷ്ടികകളും മേച്ചിലോടുകളും പടവിനാവശ്യമായ കുമ്മായചാന്തും അതിനെല്ലാം ആവശ്യമായ കല്‍പണിക്കാരും ആശാരിമാരും കിണഞ്ഞു പണിയെടുത്താലും ഒരു ചെറിയ കെട്ടിടം പോലും താനെ ഉയര്‍ന്നുവരില്ല എന്ന്. അദ്ദേഹം തന്നെ സംസാരിക്കട്ടെ! ”ഒരു ശില്‍പി മഹത്തായ ഒരു കത്രീഡല്‍ ആസൂത്രണം ചെയ്യുന്നു. ശ്രേണീപരമായ നിര്‍ദ്ദേശങ്ങളുടെ ശൃംഖലയായിരിക്കുമത്. മൊത്തം നിര്‍മാണം ഘടക വകുപ്പുകളായി വിഭജിക്കുന്നു. പിന്നീടത് ഉപവകുപ്പുകളായി വേര്‍തിരിക്കുന്നു. ഈ തൊഴില്‍ വിഭജന രേഖയില്‍ ജോലിക്കെത്തുന്ന മേസ്തിരിമാര്‍, ആശാരിമാര്‍, മിനുക്ക് പണി നടത്തുന്നവര്‍ എന്നിവര്‍ക്കുള്ള വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍ വരെ ഉള്‍കൊണ്ടിട്ടുണ്ടാവും. ഒരു ആസൂത്രികന്‍ അഥവാ ഡിസൈനര്‍ ചിത്രീകരണത്തില്‍ വിഭാവനം ചെയ്യുന്നതുപോലെ ഒരു കെട്ടിടം ഉണ്ടാവുന്നതുവരെ ഈ നിര്‍ദ്ദേശങ്ങള്‍ സക്രിയമായി നിലനില്‍ക്കുന്നു. എന്നാലിത് മുകളില്‍ നിന്ന് താഴോട്ടുള്ള ടോപ്പ്-ഡൗണ്‍’ ആസൂത്രണ പരിപാടിയാണ്.

ബോട്ടം-അപ് ആസൂത്രണം തികച്ചും വ്യത്യസ്തമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ലെങ്കിലും മധ്യകാല യൂറോപ്പിലെ പല കത്തീഡ്രലുകള്‍ക്കും ശില്‍പികളുണ്ടായിരുന്നില്ല എന്നൊരു ഐതിഹ്യം പ്രചാരത്തിലുണ്ട്. ആരും കത്തീഡ്രല്‍ ഡിസൈന്‍ ചെയ്തില്ല; ഓരോ കല്‍പ്പണിക്കാരനും ആശാരിയും അവനവന്റെ വൈദഗ്ധ്യമനുസരിച്ച് പണി ചെയ്യും. മറ്റുള്ളവര്‍ എന്തുചെയ്യുന്നുവെന്ന് ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല, പൊതുവായ ഒരു പ്ലാന്‍ വേണമെന്ന ചിന്ത ആരുടെ മനസ്സിലും ഉണ്ടായിരുന്നുമില്ല. അത്തരം അരാജകത്വത്തിനൊടുവിലും ഒന്നാന്തരം കത്തീഡ്രല്‍ ഉയരുകയായിരുന്നു. ഇപ്പറഞ്ഞത് അതേപടി സംഭവിച്ചു എന്ന് കരുതുക- എങ്കിലത് ബോട്ടം-അപ്’ ആസൂത്രണത്തിന് മകുടോദാഹരണമാണ്. മിത്തുകള്‍ക്ക് ദൗര്‍ലഭ്യമൊന്നുമില്ലെങ്കിലും കത്തീഡ്രലുകള്‍ നിര്‍മ്മിക്കപ്പെട്ടത് അങ്ങനെയല്ലെന്ന് നമുക്കറിയാം.”(249)

“കഴിഞ്ഞ 155 വര്‍ഷങ്ങളായി പരിണാമ വിശ്വാസികള്‍ വിശ്വസിക്കുന്നത് ഭൂമിയിലെ ജൈവശൃംഖല, ഡോകിന്‍സ് ചിരിച്ചുതള്ളിയ മധ്യകാല യൂറോപ്പിലെ കത്തീഡ്രല്‍ നിര്‍മ്മാണത്തെ സംബന്ധിച്ച മിത്തിനെ പോലെ എങ്ങിനെയൊക്കെയോ എവിടെയൊക്കെയോ ആരൊക്കെയോ പരിണമിച്ചുവന്നു എന്നാണ്. കേവലം ഒരു കത്തീഡ്രല്‍ കെട്ടിടം അതിന്റെ അടിസ്ഥാന ഘടകങ്ങളായ അസംസ്‌കൃത പദാര്‍ത്ഥങ്ങളും അത് ഉപയോഗിച്ച് ആരോടും ബാധ്യതകളൊന്നുമില്ലാതെ സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുള്ള സ്വാതന്ത്ര്യവും അങ്ങനെ സ്വാതന്ത്ര്യത്തോടെ തൊഴില്‍ ചെയ്യാന്‍ കഴിവും ബുദ്ധിയും വൈദഗ്ധ്യവുമുള്ള എല്ലാ വിഭാഗം കല്‍പണിക്കാരും ആശാരിമാരും മേസ്തിരിമാരും മിനുക്കുപണിക്കാരും ചായമടിക്കാരും  എല്ലാം യഥേഷ്ടം ഉണ്ടായിട്ടും, ഒരു കേന്ദ്ര ആസൂത്രകനില്ലാതെ  ഉയര്‍ന്നുവരില്ല എന്ന് ഉറച്ചുവിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഡോകിന്‍സ് പക്ഷെ, ഭൂമിയിലെ ജൈവവൈവിധ്യം താനെ പൊട്ടിമുളക്കുമെന്ന് ഗാഢമായി വിശ്വസിക്കുകയും യാതൊരു ചിന്തയോ ബോധമോ ശാസ്ത്രീയ തെളിവിന്റെ പൊടിപോലുമോ ഇല്ലാതെ പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു!

ഡോകിന്‍സ് കത്തീഡ്രല്‍ ഐതിഹ്യം പ്രചരിപ്പിക്കാനുള്ള കാരണവും അദ്ദേഹത്തിന്റെ ഭക്തന്മാരുടെ പരിണാമവിശ്വാസവും ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍ കറേക്കൂടി വ്യക്തമാവും: ”എന്റെ സഹപ്രവര്‍ത്തകനും മധ്യകാല ചരിത്രകാരനുമായ ഡോ. ക്രിസ്റ്റഫര്‍ ടയര്‍മാന്‍ (Christopher Tyerman) ഈ മിത്ത് വിക്ടോറിയന്‍ കാലത്തുണ്ടായ ഒരു ഐതിഹ്യം മാത്രമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പ്രത്യയശാസ്ത്രപരമായ കാരണങ്ങളാലാണ് പ്രചാരം നേടിയതത്രെ. എങ്കിലും അതില്‍ സത്യത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല.”(250) ഡോകിന്‍സ് ഇപ്പറഞ്ഞതില്‍ ഒരല്‍പ്പം കാര്യമുണ്ട്. അതംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ല. പല മൂഢ വിശ്വാസങ്ങളും വ്യക്തമായ കളവുകളും അന്ധവിശ്വാസങ്ങളും സമൂഹത്തില്‍ പ്രചരിക്കാനുള്ള  സാഹചര്യം ഒരുങ്ങുന്നത്  പലതരം പ്രത്യയശാസ്ത്രതാല്‍പര്യങ്ങള്‍ കാരണമാണ്. അതില്‍ പലതും പ്രചണ്ഡ പ്രചാരണത്തിന്റെ ഭാഗമായി ശാസ്ത്രീയ സത്യമായി തെറ്റിദ്ധരിപ്പിക്കാനും കഴിഞ്ഞിട്ടുണ്ട്. അതിന്റെ മകുടോദാഹരണമാണ് പരിണാമവിശ്വാസത്തിന് ലഭിച്ചിട്ടുള്ള ശാസ്ത്രീയ മുഖം.

ഇക്കാര്യം മലയാളത്തില്‍ ഈയിടെ പ്രസിദ്ധീകരണം ആരംഭിച്ച യുക്തിവാദി പ്രസിദ്ധീകരണമായ യുക്തിയുഗം മാസിക’ ചര്‍ച്ച ചെയ്യുന്നുണ്ട്. യുക്തിയുഗം മാസിക 2014 ജനുവരി ലക്കം കവര്‍‌സ്റ്റോറി തന്നെ ഇതാണ്. ആ ലക്കം മാസികയുെട മുഖചിത്രം ചാള്‍സ് ഡാര്‍വിന്റെ ഒരു പെയിന്റിങ്ങാണ്. അതിന് താഴെ ഇങ്ങനെ കാണാം: ‘പരിണാമശാസ്ത്രത്തെ പ്രത്യയശാസ്ത്രം വളഞ്ഞ കഥ.’ രാജു വാടാനപ്പള്ളി എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് “’മനുഷ്യപരിണാമം: മസ്തിഷ്‌ക വികാസവും ഭാഷയുടെ ആവിര്‍ഭാവവും അധ്വാനം മൂലമോ?’ എന്നതാണ്.(251) ഈ ദീര്‍ഘലേഖനം പതിനെട്ട് പേജുകള്‍ ഉള്‍ക്കൊള്ളുന്നു.  2014 ജൂണ്‍ ലക്കത്തില്‍ ഡോ. സി. വിശ്വനാഥന്റെ ആറ് പേജ് ലേഖനവും ഇക്കാര്യം ചര്‍ച്ചചെയ്യുന്നു. ഈ ലേഖനത്തിനും മാസിക അമിതപ്രാധാന്യം നല്‍കുന്നുണ്ട്. തലക്കെട്ട് ഇങ്ങനെ- ‘ഏംഗല്‍സും പരിണാമവും: ശാസ്ത്രത്തെ പ്രത്യയശാസ്ത്രം വിഴുങ്ങുന്നു.’(252)

ഈ രണ്ട് ലേഖനങ്ങളുടെയും ആകെത്തുക യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ പരിണാമത്തെക്കുറിച്ച്  കേരളീയ യുക്തിവാദത്തിന്റെ അടിസ്ഥാന പാഠപുസ്തകം യുക്തിദര്‍ശനം  പ്രസിദ്ധീകരിച്ച ഏംഗല്‍സിന്റെ ലേഖനവും(253) കേരള ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രഗതി  2014 ഏപ്രില്‍ ലക്കത്തിലെ ഒരു ലേഖനവും സംബന്ധിച്ച വിമര്‍ശനാത്മക വിലയിരുത്തലുകളാണ്. ചില മലയാളി യുക്തിവാദികള്‍ മാര്‍ക്‌സിസ്റ്റ് പാളയത്തില്‍ നിന്ന് മോചനം നേടിയതിനെത്തുടര്‍ന്ന് യുക്തിവാദി സംഘടനയിലുണ്ടായ ആഭ്യന്തര പൊട്ടിത്തെറികളാണ് കമ്മ്യൂണിസ്റ്റ് പക്ഷത്തെ യുക്തിവാദികള്‍ക്കെതിരെയുള്ള യുക്തിയുഗം കരിശുയുദ്ധത്തിന്റെ പശ്ചാതലം. കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍ പരിണാമസിദ്ധാന്തത്തെ ‘തനിക്കാക്കി വെടക്കാക്കി’യെന്നാണ് അരാഷ്ട്രീയ യുക്തിവാദികളുടെ പരാതി! ഈ ലേഖനങ്ങളെഴുതുന്നവരും പ്രസിദ്ധീകരിക്കുന്നവരുമായ യുക്തിവാദ, പരിണാമവിശ്വാസ ചരിത്രമറിയാത്ത കേവല യുക്തിവാദികള്‍ പക്ഷേ അറിയണം, പരിണാമം ഇന്നത്തെ നിലയില്‍ പ്രസിദ്ധി നേടാനുണ്ടായ കാരണം അതിന്റെ വൈജ്ഞാനിക കെട്ടുറപ്പല്ല, മറിച്ച് തങ്ങള്‍ ഇപ്പോള്‍ ആക്ഷേപിക്കുന്ന ‘പ്രത്യയശാസ്ത്രത്തിന്റെ’ താല്‍പര്യങ്ങളും ഇടപെടലുകളും തന്നെയായിരുന്നുവെന്ന്. കേരളത്തില്‍ യുക്തിവാദം എങ്ങനെ പ്രചരിച്ചു, അതിലെ പ്രത്യയശാസ്ത്ര പങ്ക് എന്ത് എന്നതുകൂടി ഇത്തരം ചരിത്രമറിയാത്ത യുക്തിവാദികള്‍ പഠിക്കേണ്ടതുണ്ട്. സാന്ദര്‍ഭികമായി അത് സൂചിപ്പിച്ചുവെന്ന് മാത്രം.

നാം മനുഷ്യഭ്രൂണത്തെ കുറിച്ചാണല്ലോ സംസാരിച്ചത്. കോശവിഭജന പ്രക്രിയക്കിടയില്‍ അതിലേറെ അത്ഭുതകരമായ മറ്റൊരു വികാസം കൂടി അരങ്ങേറുന്നുണ്ട്. സാധാരണ കോശങ്ങള്‍ വിഭജിച്ച് മാതൃകോശത്തിന്റെ തികച്ചും സമാനമായ രണ്ട് പുത്രകോശങ്ങള്‍ നിലവില്‍ വരികയാണല്ലോ ചെയ്യുന്നത്. പ്രത്യുല്‍പാദന കോശങ്ങള്‍  പ്രത്യുല്‍പാദന പ്രക്രിയയുടെ ഭാഗമായി മറ്റൊന്നായി വളരുന്നുണ്ട് എന്ന് നമുക്കറിയാം. ലൈംഗിക ബന്ധത്തിലൂടെ കൂടിച്ചേര്‍ന്ന് പൂര്‍ണ കോശമായി വിഭജിച്ച് ഭ്രൂണമാകുന്ന പ്രത്യുല്‍പാദന അര്‍ധകോശങ്ങള്‍, ആ വളര്‍ച്ചക്കിടയില്‍ മറുപിള്ള (Placenta) രൂപീകരണത്തില്‍ അവയടെ ഭാഗധേയം നിര്‍വഹിക്കുന്നു. മാതൃഗര്‍ഭപാത്രത്തിലെ കോശങ്ങളും മറുപിള്ളാ രൂപീകരണത്തില്‍ അവയുടേതായ പങ്കു വഹിക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന്റെ അഞ്ചാം ദിവസം ഭ്രൂണത്തിലുണ്ടാവുന്ന വളര്‍ച്ചയാണ് ബ്ലാസ്‌റ്റോസിസ്റ്റ് (Blastocyst). ഏകദേശം 0.1 – 0. 2 മില്ലിമീറ്റര്‍ വ്യാസവും 200-300 കോശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വളര്‍ച്ചയാണിത്. ഒരു ദിവസത്തിന് ശേഷം ഇത് ഗര്‍ഭാശയഭിത്തിയിലെ എന്‍ഡോമെട്രിയ(Endometrum)ത്തില്‍ ഒട്ടിപ്പിടിക്കുന്നു. ഇതിന്റെ പുറംപാളി ട്രോഫോബ്ലാസ്റ്റാ(Trophoblats)യി വളരുന്നു. ഈ ട്രോഫോബ്ലാസ്റ്റാണ് മറുപിള്ളയിലെ പ്രധാന ഘടകം. ഇതാണ് പ്ലാസെന്റയുടെ വളര്‍ച്ചയില്‍ ഭ്രൂണത്തിന്റെ ഭാഗത്തുനിന്നുള്ള സംഭാവനയെങ്കില്‍ അമ്മയുെട ഭാഗത്തുനിന്നുള്ള സംഭാവന ഡെസിഡ്യുവ(Decidua)യാണ്. ഗര്‍ഭാവസ്ഥയിലെ എന്‍ഡോമെട്രിയം പാളിയാണ് ഡെസിഡ്യൂവ എന്നറിയപ്പെടുന്നത്. ഇത് വളരുന്നത്  സവിശേഷ കോശങ്ങള്‍ പ്രൊജസ്റ്ററോണ്‍ (Progestrone) ഹോര്‍മോണിനാല്‍ ഉത്തേജിക്കപ്പെടുമ്പോഴാണ്. ട്രോഫോബ്ലാസ്റ്റും ഡെസിഡ്യുവയും കൂട്ടുത്തരവാദിത്വത്തോടെ സഹകരിച്ചുള്ള വളര്‍ച്ചയാണ് മറുപിള്ള (Placenta). ഈ മറുപിള്ളയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കും പ്രതിരോധത്തിനും ആവശ്യമായതെല്ലാം ചെയ്യുന്നത്. ഗര്‍ഭസ്ഥ ശിശുവിന് വേണ്ട പോഷണങ്ങള്‍ നല്‍കല്‍, ശിശുവില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, വായുവിനമയം, രോഗപ്രതിരോധം, ആവശ്യമായ ഹോര്‍മോണ്‍ ഉല്‍പാദനം, എല്ലാം പ്ലാസന്റയാണ് നിര്‍വഹിക്കുന്നത്. ഇങ്ങനെ കൃത്യമായി പ്രവര്‍ത്തിക്കുന്ന മറുപിള്ള കുഞ്ഞിന്റെ ജനനത്തിന് ശേഷം 15-30 മിനുട്ടുകള്‍ക്കുള്ളില്‍ മാതൃഗര്‍ഭപാത്രത്തില്‍ നിന്ന് യോനിയിലൂടെ പുറംതള്ളപ്പെടുന്നു. കുഞ്ഞിന്റെ പ്രസവത്തോടെ മറുപിള്ളയും കുഞ്ഞുമായുള്ള ബന്ധം വിഛേദിക്കുന്നു. കുഞ്ഞില്‍ ബാക്കി നില്‍ക്കുന്ന പൊക്കിള്‍കൊടി ഏതാനും ദിവസങ്ങള്‍ക്കകം ഉണങ്ങി പൊഴിഞ്ഞുവീഴുന്നു.(254)

ഭ്രൂണത്തിലെ ബ്ലാസ്‌റ്റോസിസ്റ്റിന് മാതൃഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തില്‍ ഒട്ടിപ്പിടിക്കാനും ട്രോഫോ ബ്ലാസ്റ്റായി വളര്‍ന്ന് ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തിലെ ഡെസിഡ്യുവയുമായി സഹകരിച്ച് കൂട്ടുത്തരവാദിത്തത്തോടെ ഒരൊറ്റ അവയവമായി വളരാനും ഒന്നായി പ്രവര്‍ത്തിക്കാനും ഏത് പ്രാദേശിക നിയമമാണ് നിര്‍ദ്ദേശം നല്‍കിയത്? തികച്ചും വ്യത്യസ്തമായ രണ്ട് സ്വതന്ത്ര ജീവികളുടെ ഭാഗങ്ങള്‍ കൂടിച്ചേര്‍ന്ന് ഒരു താല്‍ക്കാലിക അവയവം രൂപകല്‍പ്പന ചെയ്യപ്പെടുകയും അത് ഈ രണ്ട് പ്രത്യേക പ്രാദേശിക ഭരണകൂടങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന നയതന്ത്ര പ്രതിനിധിയായി സ്വയം ഉത്തരവാദിത്വമേറ്റെടുക്കുകയും ചെയ്യുന്നത് ഏത് പ്രാദേശിക നിയമം വിശദീകരിക്കും? ഒരു കാര്യം വ്യക്തമാണ്. ഭ്രൂണവളര്‍ച്ചയുടെ ഏതു ഘട്ടമെടുത്താലും പ്രാപഞ്ചിക നിയമങ്ങളെയും ജൈവസസ്യലോകത്തെ മറ്റേതൊരു ജൈവഘടനകളേയും പോലെ ഒരു നിയാമകന്റെ/ആസൂത്രകന്റെ കണിശവും വ്യക്തവുമായ ആസൂത്രണങ്ങളും നിയന്ത്രണവുമില്ലാതെ ഇതൊന്നും പ്രവര്‍ത്തിക്കുകയോ വളരുകയോ ചെയ്യില്ല. ഒരു സംവിധായകനെ അംഗീകരിക്കാതെ, അവന്റെ പരിപൂര്‍ണ്ണ അസ്തിത്വവും അധികാരവും ഏകാധിപത്യവും അംഗീകരിക്കാതെ, ഇതൊന്നും വിശദീകരിക്കാന്‍ സാധ്യമല്ല. ഇതെല്ലാം ആസൂത്രണം ചെയ്യുകയും നിയന്ത്രിക്കുകയും ചെയ്യുന്ന ആസൂത്രകനും നിയാമകനും സംവിധായകനും നിയന്താവുമാണ് പ്രപഞ്ചസ്രഷ്ടാവായ ദൈവം; ദൈവത്തെ അംഗീകരിക്കാന്‍ പരിണാമ വിശ്വാസികളുടെ അഹങ്കാരം അവരെ അനുവദിക്കുന്നില്ലെങ്കിലും.

കുറിപ്പുകള്‍:

236. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസമയം പരിണാമത്തിന്റെ തെളിവുകള്‍, സി. രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 283.
237. അതേ പുസ്തകം പേജ് 281.
238. അതേ പുസ്തകം പേജ് 282.
239. അതേ പുസ്തകം പേജ് 43.
241. അതേ പുസ്തകം പേജ് 276.
242. അതേ പുസ്തകം പേജ് 276, 277.
243. അതേ പുസ്തകം പേജ് 277.
244. അതേ പുസ്തകം പേജ് 277.
245. അതേ പുസ്തകം പേജ് 277.
246. അതേ പുസ്തകം പേജ് 277, 278.
249. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസമയം പരിണാമത്തിന്റെ തെളിവുകള്‍, സി. രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 272.
250. അതേ പുസ്തകം പേജ് 272.
251. യുക്തിയുഗം മാസിക, ജനുവരി 2014, പേജ് 17-34.
252. യുക്തിയുഗം മാസിക, ജനുവരി 2014, പേജ് 5-10.
253. യുക്തിദര്‍ശനം, ചീഫ് എഡിറ്റര്‍ ലോകനാഥന്‍. എ.ടി, കോവൂര്‍ ട്രസ്റ്റ്, കോഴിക്കോട്, മുഖവുര, പേജ് 5.

Friday, September 26, 2014

മംഗള്‍യാന്‍ മഹാവിജയം ക്രിക്കറ്റ് കളി പോലെ നിസ്സാരമോ?


രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാര്‍ മുതല്‍ ഉന്നത ശാസ്ത്രജ്ഞര്‍ വരെ ആവേശപൂര്‍വ്വം ആഘോഷിക്കുന്ന മംഗള്‍യാന്‍ ദൗത്യവിജയം ഓരോ രാജ്യസ്നേഹിയേയും ആവേശഭരിതനാക്കുന്നു. ചൊവ്വാദൗത്യം ആദ്യ ശ്രമത്തില്‍ തന്നെ വിജയിപ്പിക്കാന്‍ കഴിഞ്ഞ ഒരേ ഒരു രാജ്യമായ നമ്മുടെ ഭാരതത്തിന്‌ ഇത് ക്രിക്കറ്റ് വിജയമോ ഒളിമ്പിക്സില്‍ മുഴുവന്‍ മെഡലുകളും ഒരുമിച്ചു നേടിയ പോലെയുള്ള വിജയമോ പോലെ നിസ്സാരമാല്ല. കേവലം ഒരു മോട്ടോര്‍സൈകിള്‍ യാത്രക്ക് ചെലവ് വരുന്നത്തിലും നിസ്സാര ചിലവില്‍ (കിലോ മീറ്ററിന് ആറര രൂപ ) ഇത്രയും മഹത്തും തുല്യതയില്ലത്തതുമായ മഹാ വിജയം ഓരോ ഭാരതീയനെയും ഈ മഹാരാജ്യത്ത് പിറന്നതില്‍ അഭിമാനത്തിന്റെ പാരമ്യത്തിലെത്തിക്കുന്നു. തുല്യതയില്ലാത്ത ഈ മഹാ വിജയം നാലാംകിട ചവറ് ചരക്ക് വില്‍ക്കാന്‍ വേണ്ടി മാത്രം നടത്തപ്പെടുന്ന കിറുക്ക് റ്റ് വിജയം പോലെ നിസ്സാരമല്ല; ആയിരമല്ല ബില്യന്‍ കണക്കിന് ക്രിക്കറ്റ് കളികള്‍ ഒരുമിച്ച് വിജയിച്ചാലും ചന്ദ്രയാന്‍ വിജയത്തിനടുത്ത് പോലുമെത്തില്ല, എന്നിട്ടല്ലേ മംഗള്‍യാന്‍ ദൗത്യമഹാവിജയം




Tuesday, September 16, 2014

ഈ വെല്ലുവിളി ആര്‍ക്കും സ്വീകരിക്കാം

“ഖുര്‍ആന്‍ ദൈവികമാണെന്ന് ആര് സാക്ഷ്യപ്പെടുത്തുന്നു? “ഖുര്‍ആന്‍ സ്വയം ദൈവിക ഗ്രന്ഥമാണെന്ന് പ്രഖ്യാപിക്കുന്നു”! സ്വന്തം കൃതിക്ക് കഥാകൃത്ത് തന്നെ ദേശീയ അവാര്‍ഡ്‌ പ്രഖ്യാപിക്കുന്നു!” 

സമുന്നത യുക്തിവാദിനേതാവ് 'മുഹമ്മദ്‌ പാറക്കല്‍' എഫ്. ബിയില്‍ ഇട്ട ഒരു പോസ്റ്റാണിത്. ഇദ്ദേഹം ധരിച്ചുവച്ചിരിക്കുന്നത് ഇത് ഖുര്‍ആനിന്റെ അവകാശവാദം മാത്രമാണെന്നാണ്.  എന്നാല്‍ ഇത് വിശുദ്ധഖുര്‍ആനിന്റെ അവകാശം മാത്രമല്ല. ഖുര്‍ആന്‍ ദൈവികമാല്ലെന്ന് വാദിക്കുന്ന പാറക്കല്‍ പോലെയുള്ള വര്‍ത്തമാന യുക്തിവാദികള്‍ക്കെന്നെല്ല; നീണ്ട ആയിരത്തിനാനൂറിലേറെ വര്‍ഷങ്ങളായി നിലനില്‍ക്കുന്ന ഖുര്‍ആനിക വെല്ലുവിളിയാണിത്. ഇന്ന് വരെ ഒരൊറ്റ ഒരുത്തനും സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത ഇനിയും ഒരിക്കലും കഴിയാത്ത വെല്ലുവിളി!...........

"നമ്മുടെ ദാസന്‌ നാം അവതരിപ്പിച്ചുകൊടുത്തതിനെ ( വിശുദ്ധ ഖുര്‍ആനെ ) പറ്റി നിങ്ങള്‍ സംശയാലുക്കളാണെങ്കില്‍ അതിന്‍റെത ്പോലുള്ള ഒരു അദ്ധ്യായമെങ്കിലും നിങ്ങള്‍ കൊണ്ടുവരിക. അല്ലാഹുവിന്‌ പുറമെ നിങ്ങള്‍ക്കുള്ള സഹായികളേയും വിളിച്ചുകൊള്ളുക. നിങ്ങള്‍ സത്യവാന്‍മാരണെങ്കില്‍ ( അതാണല്ലോ വേണ്ടത്‌ ).

നിങ്ങള്‍ക്കത്‌ ചെയ്യാന്‍ കഴിഞ്ഞില്ലെങ്കില്‍ നിങ്ങള്‍ക്കത്‌ ഒരിക്കലും ചെയ്യാന്‍ കഴിയുകയുമില്ല മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌." (വിശുദ്ധ ഖുര്‍ആന്‍ പരിഭാഷ 2: 23, 24)

ഈ വെല്ലുവിളി ഇന്നും അതെപടി നില നില്‍ക്കുന്നു. പ്രപഞ്ചത്തില്‍ ഏതെങ്കിലും സൃഷ്ട്ടിക്ക് ഈ വെല്ലുവില്‍ ഏറ്റെടുക്കാന്‍ സാധ്യമാണോ; എല്ലാ സൃഷ്ട്ടികളെയും കൂട്ട്പിടിച്ചു യുക്തിവാദികള്‍ ശ്രമിക്കുക. പറക്കല്‍ മുഹമ്മദ്‌ നേതൃത്വം ഏറ്റെടുത്താല്‍ നന്നായിരിക്കും