Followers

Friday, April 28, 2017

ലിംഗനിര്‍ണയം: ഹദീഥുകള്‍ പറഞ്ഞതാണ് ശരി!


 


മാതാവിന്റെ ഗര്‍ഭാശയത്തിനുള്ളില്‍ ശിശു വളരുന്നതെങ്ങനെയെന്ന് പഠിക്കുവാന്‍ പരിശ്രമങ്ങള്‍ നടത്തിയതുപോലെത്തന്നെ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടക്കുന്നതെങ്ങനെയെന്നും വിശദീകരിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ പുരാതനകാലം മുതല്‍ തന്നെ നടന്നതായി കാണാന്‍ കഴിയും. ഗര്‍ഭധാരണത്തിനു നിമിത്തമാകുന്ന സുരതക്രിയയില്‍ സ്രവിക്കപ്പെടുന്ന ശുക്ലദ്രാവകമാണ് ആര്‍ത്തവരക്തത്തേക്കാള്‍ അധികമെങ്കില്‍ ജനിക്കുന്നത് ആണ്‍കുഞ്ഞും രക്തമാണ് അധികമെങ്കില്‍ ജനിക്കുന്നത് പെണ്‍കുഞ്ഞും രണ്ടും തുല്യമാണെങ്കില്‍ ജനിക്കുന്നത് നപുംസകവുമാവുമെന്നാണ് ഗര്‍ഭോപനിഷത്തിലുള്ളത്(1). സ്ത്രീകളാണ് ആദ്യം ശുക്ലം സ്രവിക്കുന്നതെങ്കില്‍ ആണ്‍കുഞ്ഞും പുരുഷശുക്ലമാണ് ആദ്യം സ്രവിക്കപ്പെടുന്നതെങ്കില്‍ പെണ്‍കുഞ്ഞുമുണ്ടാകുമെന്നാണ് ബാബിലോണിയന്‍ തല്‍മുദ്(2) പറയുന്നത്. പൗരുഷത്തെ കുറിക്കുന്ന ശക്തബീജങ്ങളും, സ്‌ത്രൈണതയെ കുറിക്കുന്ന അശക്തബീജങ്ങളും പുരുഷശുക്ലത്തിലും സ്ത്രീശുക്ലത്തിലുമുണ്ടാകാമെന്നും രണ്ടിലും ശക്തബീജങ്ങളുണ്ടെങ്കില്‍ ആണ്‍കുഞ്ഞും രണ്ടിലും  അശക്തബീജങ്ങളാണെങ്കില്‍ പെണ്‍കുഞ്ഞും ജനിക്കുമെന്നും ഒരാള്‍ ശക്തബീജവും മറ്റെയാള്‍ അശക്തബീജവുമാണ് ശ്രവിക്കുന്നതെങ്കില്‍ ഏതാണോ അധികമുള്ളത് അതനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആയിത്തീരുമെന്നുമാണ് പാശ്ചാത്യ ചികിത്സാശാസ്ത്രത്തിന്റെ പിതാവെന്ന് വിളിക്കപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ അഭിപ്രായം(3). ബീജത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പുരുഷനായിത്തീരുകയാണ് എന്നതിനാല്‍ വൈകല്യമുള്ള പുരുഷനാണ് സ്ത്രീയെന്നു കരുതിയ അരിസ്റ്റോട്ടില്‍ പുരുഷശുക്ലത്തിന്റെ ചൂട് പെണ്‍ശരീരത്തിന്റെ തണുപ്പിനെ അതിജീവിക്കുമ്പോഴാണ് ബീജം അതിന്റെ ലക്ഷ്യമായ പൗരുഷത്തിലെത്തിച്ചേരുകയെന്നും ഗര്‍ഭാശയത്തണുപ്പ് ശുക്ലതാപത്തെ  അതിജയിക്കുമ്പോഴാണ് പുരുഷനായിത്തീരുവാനുള്ള ത്വര നശിച്ച് അത് പെണ്ണായിത്തീരുന്നതെന്നുമാണ് സമര്‍ത്ഥിച്ചത്(4). പുരുഷന്റെയും സ്ത്രീയുടെയും ശരീരങ്ങളുടെ താപം, മാതാപിതാക്കളുടെ പ്രായം, കാറ്റിന്റെ ഗതി തുടങ്ങിയ പല പാരിസ്ഥിതിക ഘടകങ്ങളും കുഞ്ഞിന്റെ ലിംഗനിര്‍ണയത്തെ സ്വാധീനിക്കുമെന്ന് കരുതിയ അരിസ്റ്റോട്ടിലില്‍ നിന്നു തുടങ്ങിയ ശാലന്‍, പുരുഷനായിത്തീരുവാനുള്ള ബീജത്വരയുടെ പൂര്‍ണതയിലാണ് പുരുഷലൈംഗികാവയവങ്ങള്‍ പുറത്തേക്കു വരുന്നതെന്നും പെണ്‍ശരീരത്തിന്റെ തണുപ്പിനാല്‍ ഈ ബീജത്വരയുടെ താപം ഇല്ലാതാകുകയാണെങ്കില്‍ അവ പുറത്തേക്കുവരാതെ ആന്തരിക ലൈംഗികാവയവങ്ങളായിത്തീര്‍ന്നാണ് പെണ്ണായിത്തീരുകയാണെന്നും സമര്‍ത്ഥിക്കുകവഴി ആണ്‍-പെണ്‍ ലൈംഗികാവയവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെയാണെന്നും ഒന്ന് പുറത്തും മറ്റേത് അകത്തുമാണെന്ന വ്യത്യാസം മാത്രമാണുള്ളതെന്നുമുള്ള ധാരണയാണ് ഉണ്ടാക്കിയത്(5). രതിവേളയില്‍ പുരുഷന് സ്ഖലനം സംഭവിക്കുന്നതു പോലെത്തന്നെ പെണ്ണിനും സ്ഖലനമുണ്ടാകേണ്ടതുണ്ടെന്നും അതുണ്ടാവാത്തതാണ് വന്ധ്യതക്ക് കാരണമെന്നും സമര്‍ത്ഥിക്കുകയും പെണ്‍ശരീരത്തെ ഉത്തേജിപ്പിച്ച് സ്ഖലനത്തിനു പാകമാക്കുകവഴി വന്ധ്യതക്ക് പരിഹാരം കാണാമെന്നു കരുതി അത്തരം ചികിത്സകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗാലന്റെ ലിംഗനിര്‍ണയ വീക്ഷണമാണ് നവോത്ഥാനകാലം വരെ യൂറോപ്പിലെ ശാസ്ത്രജ്ഞര്‍ക്കിടയില്‍ പൊതുവെ മേല്‍ക്കൈ നേടി നിലനിന്നത്(6).   dna-1903318_1280
വില്യം ഹാര്‍വെ, ജാന്‍ വാന്‍ ഹോം, ജാന്‍ സ്വാമര്‍ഡാം, നീല്‍സ് സ്റ്റെന്‍സണ്‍, റെഗ്‌നര്‍ ഡി ഗ്രാഫ് ഫ്രാന്‍സെസ്‌കോ റെഡി എന്നിവരുടെ ഗവേഷണഫലമായി മനുഷ്യരടക്കമുള്ള ജീവജാതികളിലെ പെണ്ണുങ്ങള്‍ അണ്ഡമുല്‍പാദിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയ പതിനേഴാം നൂറ്റാണ്ടുവരെ ലിംഗനിര്‍ണയത്തെക്കുറിച്ച നമ്മുടെ വിവരങ്ങള്‍ ഊഹങ്ങളില്‍ മാത്രം അധിഷ്ഠിതമായിരുന്നു. 1677ല്‍ ആന്റണി വാന്‍ ല്യൂവന്‍ ഹോക്ക് നിര്‍മിച്ച സൂഷ്മദര്‍ശിനിയിലൂടെ പുരുഷബീജത്തെ നിരീക്ഷിക്കുവാന്‍ കൂടി കഴിഞ്ഞതോടെ കുഞ്ഞിന്റെ ഉല്‍പത്തിയില്‍ പങ്കെടുക്കുന്ന ആണ്‍വസ്തുവും പെണ്‍വസ്തുവുമെന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെങ്കിലും ഈ വസ്തുക്കള്‍ എത്രമാത്രം പ്രസ്തുത നിര്‍മിതിക്ക് നിമിത്തമാകുന്നുവെന്ന് മനസ്സിലാക്കാന്‍ പിന്നെയും രണ്ട് നൂറ്റാണ്ടെകളെടുത്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കാള്‍ ഏണസ്റ്റ് വോണ്‍ബെയര്‍ സസ്തനികളുടെ അണ്ഡം വേര്‍തിരിച്ചെടുത്ത് സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിച്ചതും മത്തിയാസ് ജേക്കബ് സ്‌കെല്‍ഡന്റെയും തിയോഡോര്‍ സ്‌കാനിന്റെയും പഠനങ്ങള്‍ പുരുഷബീജവും അണ്ഡവും ഒരേപോലെയുള്ള കോശങ്ങളാണെന്നു വ്യക്തമാക്കിയതും ഈ രംഗത്തെ നാഴികക്കല്ലുകളായിത്തീര്‍ന്നു(7). 1876ല്‍ ഓസ്‌കര്‍ ഹെര്‍ട്ട് വിംഗ് കടല്‍ച്ചൊരുക്കുകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി പുരുഷബീജവും അണ്ഡവും സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡം വളര്‍ന്നാണ് കുഞ്ഞുങ്ങളുണ്ടാകുന്നതെന്ന് ബോധ്യപ്പെട്ടുവെങ്കിലും ലിംഗനിര്‍ണയത്തില്‍ എന്തെല്ലാം എങ്ങനെ സ്വാധീനിക്കുന്നുവെന്ന പ്രശ്‌നം ഉത്തരം കിട്ടാതെ തന്നെ തുടര്‍ന്നു. അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ സുട്ടന്‍ പുല്‍ചാടികളിലും, ജര്‍മന്‍ ജീവശാസ്ത്രജ്ഞനായ തിയോഡോര്‍ ബൊവേരി കടല്‍ച്ചൊരുക്കുകളിലും നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി 1902ലുണ്ടായ ബൊവേരി-സുട്ടന്‍ ക്രോമോസോം സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണയത്തെക്കുറിച്ച് വിശദീകരിക്കുവാന്‍ നിരവധി പരിശ്രമങ്ങളുണ്ടായി. അമേരിക്കന്‍ ഭ്രൂണശാസ്ത്രജ്ഞനായ തോമസ് ഹണ്ട് മോര്‍ഗന്‍ 1905 ഡിസംബര്‍ 22ലെ സയന്‍സ് മാഗസിനില്‍ എഴുതിയ ഒരു ലേഖനത്തില്‍ ലിംഗനിര്‍ണയത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ 262 സിദ്ധാന്തങ്ങള്‍ ഇതുവരെയായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരെണ്ണത്തിനും കൃത്യവും ശാസ്ത്രീയവുമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരിതപിക്കുന്നുണ്ട്(8).
1906ല്‍ അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞരായ നെറ്റി മരിയ സ്റ്റീവന്‍സും  എഡ്മണ്ട് ബീച്ചര്‍ വില്‍സണും സ്വതന്ത്രമായി നടത്തിയ ഗവേഷണങ്ങളിലൂടെ ലിംഗനിര്‍ണയത്തിന്റെ ക്രോമസോമികമായ അടിത്തറയെക്കുറിച്ച് അറിഞ്ഞതോടെയാണ് അതുവരെയുണ്ടായിരുന്ന ഊഹാധിഷ്ഠിത സിദ്ധാന്തങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ശാസ്ത്രലോകം മനസ്സിലാക്കിയത്(9). ജീവിച്ചിരുന്ന മുപ്പത്തിയൊന്‍പത് വയസ്സിനുള്ളില്‍ എണ്‍പത് ഗവേഷണ പ്രബന്ധങ്ങളും രണ്ട് ശാസ്ത്രഗ്രന്ഥങ്ങളും രചിച്ച, അമേരിക്കന്‍ ജീവശാസ്ത്രരംഗത്തെ അത്ഭുത മനുഷ്യരിലൊരാളായ തോമസ് ഹാരിസണ്‍ മോണ്‍ട്‌ഗോമറിയാണ് ലിംഗനിര്‍ണയത്തില്‍ ക്രോമസോമുകള്‍ക്ക് വ്യക്തമായ പങ്കുണ്ടായിരിക്കണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്(10). 1902ല്‍ തന്നെ കന്‍സാസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്ന ക്ലാരന്‍സ് എര്‍വിംഗ് മക്ലംങ് പുല്‍ചാടിയുടെ കോശങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെ അവയുടെ ലിംഗ കോശങ്ങളില്‍ പൂര്‍ണ കോശങ്ങളിലേതിനേക്കാള്‍ പകുതി ക്രോമസോമുകള്‍ മാത്രമേയുള്ളുവെന്ന് കണ്ടെത്തിയിരുന്നു. 1905 മുതല്‍ നടത്തിയ പഠനങ്ങളിലൂടെ ഒരു വര്‍ഷത്തിനകം തന്നെ ലിംഗനിര്‍ണയത്തില്‍ ക്രോമസോമുകള്‍ക്കാണ് കാര്യമായ പങ്കുള്ളതെന്ന് മനസ്സിലായിരുന്നുവെങ്കിലും 1912 വരെയുള്ള നിരന്തരമായ ഗവേഷണങ്ങളിലൂടെയാണ് അവ്വിഷയകമായ കൃത്യവും സമഗ്രവുമായ സിദ്ധാന്തങ്ങള്‍ അവര്‍ രൂപീകരിച്ചത്. XY ലിംഗനിര്‍ണയവ്യവസ്ഥ(XY sex-determination system)യെന്ന് വിളിക്കപ്പെടുന്ന ലിംഗനിര്‍ണയത്തിന്റെ ക്രോമസോമാടിത്തറയെക്കുറിച്ച് ഇന്നു നിലവിലുള്ള സിദ്ധാന്തം എങ്ങനെയാണ് ലിംഗനിര്‍ണയം നടക്കുന്നതെന്ന് വിശദീകരിക്കുകയും അതില്‍ ഉണ്ടാകുന്ന വൈകല്യങ്ങളുടെ കാരണം വ്യക്തമാക്കുകയും ചെയ്യുന്നു(11).
മറ്റെല്ലാ ജനിതകസവിശേഷതകളെയും പോലെ ജീവജാലങ്ങളുടെ ലിംഗവും തീരുമാനിക്കുന്നത് അവയുടെ ക്രോമസോമുകളാണ്. ദ്വിലിംഗജീവികളിലും (hermaphrodite) ബീജസങ്കലനത്തിലൂടെയല്ലാതെ പുതിയ തലമുറയുണ്ടാകുന്ന കന്യോല്‍പത്തി (parthenogenesis) അലൈംഗിക പ്രത്യുല്‍പാദനം നടത്തുന്ന ജീവികളിലുമൊഴിച്ചുള്ള ജീവജാലങ്ങളുടെയെല്ലാം ലിംഗനിര്‍ണയം നടക്കുന്നത് നാലുതരം ക്രോമസോം വിന്യാസത്തിലൂടെയാണ്. ZO, XO, ZW, XY എന്നിങ്ങനെയാണ് പ്രസ്തുത ലിംഗനിര്‍ണയ വ്യവസ്ഥകളെ അടയാളപ്പെടുത്തുക. വ്യത്യസ്ത ശലഭവര്‍ഗങ്ങളില്‍ ZO വ്യവസ്ഥയും പാറ്റ, പുല്‍ചാടി, ചീവീട് തുടങ്ങിയ പ്രാണികളില്‍ XO വ്യവസ്ഥയും പലതരം പക്ഷികളിലും മത്സ്യങ്ങളിലും ഉരഗങ്ങളിലും ZW വ്യവസ്ഥയും മനുഷ്യനടക്കമുള്ള മിക്ക സസ്തനികളിലും ഈച്ചകളിലും XY വ്യവസ്ഥയുമാണ് നിലനില്‍ക്കുന്നത്. പുരുഷബീജത്തില്‍ രണ്ട് ലിംഗനിര്‍ണയ ക്രോമസോമും പെണ്‍ബീജത്തില്‍ ഒരു ലിംഗനിര്‍ണയ ക്രോമസോമുമുള്ള, കുഞ്ഞിന് രണ്ട് ലിംഗനിര്‍ണയ ക്രോമസോമുണ്ടെങ്കില്‍ അത് ആണും ഒന്നേയുള്ളുവെങ്കില്‍ പെണ്ണുമാകുന്നതാണ് ZO വ്യവസ്ഥ. പെണ്‍ബീജത്തില്‍ രണ്ട് ലിംഗനിര്‍ണയ ക്രോമസോമും പുരുഷബീജത്തില്‍ ഒരു ലിംഗനിര്‍ണയ ക്രോമസോമുമുള്ള, കുഞ്ഞിന് രണ്ട് ലിംഗനിര്‍ണയ ക്രോമസോമുണ്ടെങ്കില്‍ പെണ്ണും ഒന്നേയുള്ളുവെങ്കില്‍ ആണുമാകുന്നതാണ് XO വ്യവസ്ഥ. പുരുഷബീജത്തില്‍ ഒരേതരത്തിലുള്ള രണ്ട് ലിംഗനിര്‍ണയ ക്രോമസോമുകളും പെണ്‍ബീജത്തില്‍ വ്യത്യസ്ത തരത്തിലുള്ള രണ്ട് ലിംഗനിര്‍ണയ ക്രോമസോമുകളുമുള്ള, കുഞ്ഞിന്റേത് ഒരേതരത്തിലുള്ള ക്രോമസോമുകളാണെങ്കില്‍ ആണും വ്യത്യസ്ത തരമാണെങ്കില്‍ പെണ്ണുമുണ്ടാകുന്നതാണ് ZW വ്യവസ്ഥ. പെണ്‍ബീജത്തില്‍ ഒരേ തരത്തിലുള്ള രണ്ട് ക്രോമസോമുകളും പുരുഷബീജത്തില്‍ വ്യത്യസ്തതരത്തിലുള്ള രണ്ട് ക്രോമസോമുകളുമുള്ള, കുഞ്ഞിന്റേത് ഒരേതരത്തിലുള്ള ക്രോമസോമുകളാണെങ്കില്‍ പെണ്ണും വ്യത്യസ്തതരത്തിലുള്ളതാണെങ്കില്‍ ആണുമാകുന്നതാണ് XY വ്യവസ്ഥ. ZO, ZW വ്യവസ്ഥകളില്‍ കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കുന്നത് സ്ത്രീബീജവും XO, XY വ്യവസ്ഥകളില്‍ ലിംഗം നിര്‍ണയിക്കുന്നത് പുരുഷബീജവുമാണെന്ന് പറയാം(12).   A 1
മനുഷ്യകോശത്തില്‍ നാല്‍പത്തിയാറ് ക്രോമസോമുകളാണുള്ളത്. ഇതില്‍ നാല്‍പത്തിനാലും ജോഡികളായാണുള്ളത് -ഇരുപത്തിരണ്ട് ജോഡികള്‍. ആണ്‍കോശത്തിലും പെണ്‍കോശത്തിലുമെല്ലാം ഒരേ വലിപ്പത്തിലും രൂപത്തിലും സ്ഥിതി ചെയ്യുന്ന ഈ ഇരുപത്തിരണ്ട് ജോഡി ക്രോമസോമുകള്‍ക്കാണ് ഓട്ടോസോമുകള്‍ (autosomes) എന്നുപറയുക. ഇരുപത്തിമൂന്നാമത്തെ ജോഡി ക്രോമസോമുകളാണ് ലിംഗക്രോമസോമുകള്‍ (sex chromosomes). ഓട്ടോസോമുകളുമായി രൂപത്തിലും വലുപ്പത്തിലും സ്വഭാവത്തിലുമെല്ലാം വ്യതിരിക്തത പുലര്‍ത്തുന്നതിനാല്‍ ഇവയെ അല്ലോസോമുകള്‍ (allosomes) എന്നാണ് വിളിക്കുന്നത്. പെണ്‍കോശത്തില്‍ രണ്ട് അല്ലോസോമുകളും X ക്രോമസോമായിരിക്കും. പുരുഷകോശത്തിലാകട്ടെ, ഒന്ന് X ക്രോമസോമും മറ്റേത് Y ക്രോമസോമുമായിരിക്കും. സ്‌ത്രൈണതയ്ക്ക് കാരണമായ ജീനുകള്‍ വഹിക്കുന്നത് X ക്രോമസോമും പൗരുഷത്തിന്റെ ജീനുകള്‍ വഹിക്കുന്നത് Y ക്രോമസോമുമാണ്. അതിനാല്‍ Xനെ പെണ്‍ക്രോമസോം എന്നും Yയെ ആണ്‍ക്രോമസോം എന്നും വിളിക്കാം. ഒരുതവണ സ്ഖലിക്കുമ്പോള്‍ പുറത്തുവരുന്ന ശുക്ലദ്രാവകത്തിലെ പതിനെട്ട് കോടിയോളം വരുന്ന പുരുഷബീജങ്ങളില്‍ പകുതിയില്‍ Y ക്രോമസോമുകളും പകുതിയില്‍ X ക്രോമസോമുകളുമാണുണ്ടാവുക. അണ്‌ഡോല്‍സര്‍ജ്ജനത്തോടനുബന്ധിച്ച് പുറത്തുവരുന്ന അണ്ഡദ്രാവകത്തിലുള്ള ഒരേയൊരു അണ്ഡത്തിലുണ്ടാവുക X ക്രോമസോമാണ്. പുരുഷശുക്ലത്തിലുള്ള Y ക്രോമസോം വഹിക്കുന്ന ബീജമാണ് അണ്ഡവുമായി യോജിക്കുന്നതെങ്കില്‍ ഉണ്ടാകുന്ന സിക്താണ്ഡത്തില്‍ ലിംഗക്രോമസോം ജോഡി XY ആയിരിക്കും. പ്രസ്തുത സിക്താണ്ഡം വളര്‍ന്നുണ്ടാവുക ആണ്‍കുഞ്ഞാണ്. ശുക്ലത്തിലെ X ക്രോമസോം വഹിക്കുന്ന ബീജമാണ് അണ്ഡവുമായി യോജിക്കുന്നതെങ്കില്‍ സിക്താണ്ഡത്തിലെ ലിംഗക്രോമസോം ജോഡി XX ആയിരിക്കും. ആ സിക്താണ്ഡം വളര്‍ന്നാണ് പെണ്‍കുഞ്ഞുണ്ടാകുന്നത്. ആണ്‍സ്രവത്തിലെ Y  പെണ്‍സ്രവത്തിലെ Xഉമായി ചേര്‍ന്നാല്‍ ആണ്‍കുഞ്ഞും ആണ്‍സ്രവത്തിലെ X പെണ്‍സ്രവത്തിലെ Xഉമായി ചേര്‍ന്നാല്‍ പെണ്‍കുഞ്ഞുമുണ്ടാകുന്നുവെന്നര്‍ത്ഥം(13). ആണ്‍സ്രവത്തിലുള്ളത് XYയും പെണ്‍സ്രവത്തിലുള്ളത് X മാത്രവുമായതിനാല്‍ ആണ്‍സ്രവത്തെ പെണ്‍സ്രവം അതിജീവിക്കുമ്പോള്‍ പെണ്‍കുഞ്ഞും പെണ്‍സ്രവത്തെ ആണ്‍സ്രവം അതിജീവിക്കുമ്പോള്‍ ആണ്‍കുഞ്ഞുമുണ്ടാകുന്നുവെന്ന് പറയാം.
ക്രോമസോമികമായി പറഞ്ഞാല്‍ അര്‍ധ കോശങ്ങളായ സ്ത്രീ-പുരുഷബീജങ്ങളുടെ സങ്കലനം നടന്ന് ആദ്യകോശമായ സിക്താണ്ഡമുണ്ടാകുമ്പോള്‍ തന്നെ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗനിര്‍ണയം നടക്കുന്നുവെന്നു പറയാം. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ലൈംഗികവ്യവഛേദനത്തിന് ഇനിയും നിരവധി ജനിതകമാറ്റങ്ങള്‍ നടക്കേണ്ടതുണ്ട്. രൂപത്തിലും ജീനുകളുടെ എണ്ണത്തിലുമെല്ലാം ആണ്‍ക്രോമസോമായ Yയെ അപേക്ഷിച്ച് പെണ്‍ക്രോമസോമായ X വളരെ വലുതാണ്. Y ക്രോമസോമില്‍ 26 ജീനുകളാണുള്ളതെങ്കില്‍ X ക്രോമസോമില്‍ അത് 1098 ആണ്. Xല്‍ Yയിലേതിനേക്കാള്‍ ആയിരത്തിലധികം ജീനുകളുണ്ടെന്നര്‍ത്ഥം. ആണ്‍കുഞ്ഞായിത്തീരാനുള്ള സിക്താണ്ഡത്തിലെ ലിംഗക്രോമസോമുകളിലുള്ളത് ഒരു Xഉം Yയും ക്രോമസോമുകളായതുകൊണ്ടുതന്നെ അവയിലെ ആകെ ജീനുകളുടെ എണ്ണം 1124 ആയിരിക്കും. പെണ്‍കുഞ്ഞായിത്തീരുവാനുള്ള സിക്താണ്ഡത്തിലാകട്ടെ, അതില്‍ രണ്ട് X ക്രോമസോമുകളുള്ളതിനാല്‍ ആകെ 2196 ജീനുകളായിരിക്കും ലിംഗക്രോമസോമുകളിലുണ്ടാവുക. ആണ്‍സിക്താണ്ഡത്തിലേതിനേക്കാള്‍ ഇരട്ടിയോളം വരുന്ന പെണ്‍സിക്താണ്ഡത്തിലെ ലിംഗക്രോമസോമിലുളള ജീനുകളെല്ലാം പ്രവര്‍ത്തനക്ഷമമായാല്‍ അത് നിരവധി പാരമ്പര്യരോഗങ്ങള്‍ക്ക് കാരണമാകും. X ക്രോമസോമുകളില്‍ ഒരെണ്ണത്തിലെ ജീനുകളെ പ്രവര്‍ത്തനക്ഷമമാക്കാതിരുന്നാല്‍ മാത്രമേ ഈ പ്രശ്‌നം ഇല്ലാതിരിക്കുകയുള്ളൂ. പെണ്‍ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ നടക്കുന്ന ഒരു X ക്രോമസോമിനെ പ്രവര്‍ത്തനരഹിതമാക്കുന്ന പ്രക്രിയയാണ് X നിര്‍വീര്യമാക്കല്‍ (X-inactivation) അഥവാ ലിയോണൈസേഷന്‍ (lyoni-zation) എന്നുപറയുന്നത്. ബീജസങ്കലനത്തിന്റെ പന്ത്രണ്ടു മുതല്‍ പതിനാറു ദിവസങ്ങള്‍ക്കകം നടക്കുന്ന ഈ പ്രക്രിയയിലൂടെ പിതാവില്‍നിന്നോ മാതാവില്‍നിന്നോ ലഭിച്ച ഏതെങ്കിലുമൊരു X ക്രോമസോം നിര്‍വീര്യമാക്കപ്പെടുന്നു. സജീവമായതിനെ Xa എന്നും നിര്‍ജീവമായതിനെ Xi എന്നമാണ് വിളിക്കുക. ഉദരീകരണം (gastrulation) കഴിയുന്നതോടുകൂടിയാണ് ലിയോണൈസേഷന്‍ പ്രക്രിയ ആരംഭിക്കുന്നത്. പ്രവര്‍ത്തനക്ഷമമാകാതിരിക്കുവാനുള്ള ത്വരയാണ് X ക്രോമസോമിന്റെ പൊതുസ്വഭാവമെന്നും അതില്‍ പരാജയപ്പെടുന്ന ക്രോമസോമിന്റെ സ്വഭാവമാണ് X-സ്വഭാവമായി പ്രകടിപ്പിക്കുന്നതെന്നും അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞന്‍മാരുണ്ട്. ബീജസങ്കലനം കഴിഞ്ഞ് രണ്ടാഴ്ചയാകുന്നതോടെ, ആ സമയത്തെ പെണ്‍ഭ്രൂണത്തിലുള്ള കോശങ്ങളിലെല്ലാം പ്രവര്‍ത്തനക്ഷമമായ 45 ക്രോമസോമുകളേ ഉണ്ടാവുകയുള്ളൂ; ഒരൊറ്റ X ക്രോമസോം മാത്രമാണ് പ്രവര്‍ത്തനക്ഷമമായി ഉണ്ടാവുകയെന്നതിനാല്‍ 46-ാമത്തെ ക്രോമസോം നിര്‍വീര്യമാക്കുമെന്നതിനാലായണ് ഇത്(14).
Xഉമായി താരതമ്യം ചെയ്യുമ്പോള്‍ കേവലമൊരു കുള്ളന്‍ ക്രോമസോമാണ് Yയെന്നു പറഞ്ഞുവല്ലോ. അതില്‍ ആകെയുള്ള ഇരുപത്തിയാറു ജീനുകളില്‍ പതിനാറെണ്ണവും കോശപരിപാലനത്തിനു വേണ്ടിയുള്ളതാണ്. ഒന്‍പതെണ്ണത്തിന്റെയും ധര്‍മം ശുക്ലരൂപീകരണമാണ്. ബാക്കിയുള്ള ഒരെണ്ണമാണ് പുരുഷലൈംഗിക സ്വഭാവങ്ങളെയെല്ലാം നിര്‍ണയിക്കുന്നത്. Yയിലെ ലിംഗനിര്‍ണയമേഖല (Sex-Determining Region Y) എന്നതിന്റെ ചുരുക്കമായ SRY ജീന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ പെണ്‍ഭ്രൂണവും ആണ്‍ഭ്രൂണവും തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടാവുകയില്ല. ലിയോണൈസേഷന്‍ കഴിഞ്ഞ പെണ്‍ഭ്രൂണത്തിലെ ലിംഗക്രോമസോമുകളില്‍ പ്രവര്‍ത്തനക്ഷമമായുണ്ടാവുക 1098 ജീനുകള്‍ ആയതുപോലെ ഒരൊറ്റ X ക്രോമസോമും പരിമിതമായ ജീനുകള്‍ മാത്രവുമുള്ള Y ക്രോമാസോമുമുള്ള ആണ്‍ഭ്രൂണത്തിലെയും ലിംഗക്രോമസോമുകളില്‍ പ്രവര്‍ത്തനക്ഷമമായ ജീനുകളുടെ എണ്ണം തുല്യവും അവയെല്ലാം X ക്രോമസോമിലേതാണ് എന്നതുമാണ് ഈ സാമ്യതക്കു കാരണം. ബീജസങ്കലനം കഴിഞ്ഞ് അഞ്ച് ആഴ്ചകള്‍ കഴിയുന്നതുവരെയുള്ള ഭ്രൂണങ്ങള്‍ താരതമ്യം ചെയ്താല്‍ അവ തമ്മില്‍ യാതൊരുവിധ വ്യത്യാസവുമുണ്ടാവുകയില്ല. ആറാമത്തെ ആഴ്ചയില്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നു. ആറാമത്തെ ആഴ്ച അഥവാ ബീജസങ്കലനം നടന്ന് നാല്‍പത്തിരണ്ടോ നാല്‍പത്തിമൂന്നോ ദിവസങ്ങള്‍ക്കു ശേഷമാണ് SRY ജീന്‍ പ്രവര്‍ത്തനക്ഷമമാവുക. അത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ Sox9 ജീനിനെ ഉദ്ദീപിപ്പിക്കുകയും അതുവരെ പെണ്‍ഭ്രൂണത്തില്‍നിന്ന് വ്യത്യാസമൊന്നുമില്ലാതിരുന്ന ആണ്‍ഭ്രൂണത്തില്‍ ലൈംഗിക വ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. അടിസ്ഥാനപരമായി എല്ലാവരും പെണ്ണുങ്ങളായാണ് തുടങ്ങുന്നതെന്നും ആറാമത്തെ ആഴ്ചയാണ് ആണുങ്ങളായിത്തീരാനുള്ളവര്‍ പുരുഷന്‍മാരാവുന്നതെന്നും പറയുന്നത് അതുകൊണ്ടാണ്(15).
XX ക്രോമസോമുകളുള്ളവരാണ് എല്ലാ സ്ത്രീകളുമെന്നും എല്ലാ പുരുഷന്‍മാര്‍ക്കും XY ക്രോമസോമുകളാണുണ്ടാവുതയെന്നുമുള്ള ധാരണകള്‍ തെറ്റാണ്. ലൈംഗിക കോശങ്ങളുടെ വിഭജനമായ ഊനഭംഗ (meiosis) സമയത്ത് ജനിതക വസ്തുക്കളെ കൈമാറുമ്പോള്‍ E 1പുരുഷശരീരത്തിലെ X ക്രോമസോമിലേക്ക് SRY ജീന്‍ കടന്നുകൂടാനുള്ള വിരളമായ സാധ്യതയുണ്ട്. SRY ജീന്‍ വഹിക്കുന്ന X ക്രോമസോമുള്ള ബീജമാണ് മാതൃബീജവുമായി കൂടിച്ചേരുന്നതെങ്കില്‍ സിക്താണ്ഡത്തില്‍  XX ക്രോമസോമായിരിക്കുമുണ്ടാവുക. പിതൃശരീരത്തില്‍ നിന്നുവന്ന X ക്രോമസോമിലുള്ള SRY ജീന്‍ ആറാമത്തെ ആഴ്ച പ്രവര്‍ത്തനക്ഷമമായാല്‍ ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കും. ഇങ്ങനെ XX ക്രോമസോമുകളുള്ള കോശങ്ങളെ വഹിക്കുന്ന പുരുഷന്റെ വൈകല്യത്തെയാണ് XX പുരുഷവ്യാധി (XX male syndrome) എന്നുപറയുന്നത്. ഈ വൈകല്യത്തെ 1972ല്‍ ആദ്യമായി മനസ്സിലാക്കിയ ഫിന്‍ലന്റ് ജനിതക ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഡിലാ കാപെല്ലയുടെ പേരില്‍ ഡി ലാ കാപെല്ലാ വ്യാധി (de la Chapelle syndrome) എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഒരു ലക്ഷത്തില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് ഈ പ്രശ്‌നമുണ്ടാവുക. ഇത്തരം പുരുഷന്‍മാര്‍ക്ക് പ്രജനനശേഷിയുണ്ടാവുകയില്ലെങ്കിലും മറ്റു പുരുഷലക്ഷണങ്ങള്‍ ഏറിയോ കുറഞ്ഞതോ ആയ തോതിലുണ്ടായിരിക്കും. ലൈംഗികത്വര പൊതുവെ കുറവായിരിക്കുമെങ്കിലും ചിലര്‍ക്കെങ്കിലും സാധാരണ പുരുഷന്‍മാരുടേതിനു തുല്യമായ ശേഷിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്(16).
പുരുഷ വന്ധ്യതക്കു കാരണമായ മറ്റൊരു ക്രോമസോം ക്രമക്കേടാണ് XXY വ്യാധി അഥവാ ക്ലിനഫെല്‍റ്റര്‍ വ്യാധി (Klinefelter syndrome) എന്ന് അറിയപ്പെടുന്നത്. പുരുഷ ശരീരത്തിലോ സ്ത്രീ ശരീരത്തിലോ നടക്കുന്ന ഊനഭംഗ കോശവിഭജനത്തില്‍ യാദൃശ്ചികമായി ലിംഗക്രോമസോം വിഭജനം നടന്നിട്ടില്ലെങ്കില്‍ സംഭവിക്കുന്നതാണിത്. XX ക്രോമസോമുകളുള്ള അണ്ഡം Y ക്രോമസോമുള്ള ബീജവുമായോ XY ക്രോമസോമുള്ള  ബീജം X ക്രോമസോമുള്ള അണ്ഡവുമായോ സംയോജിക്കുമ്പോഴാണ് XXY സിക്താണ്ഡമുണ്ടാകുന്നത്. ആറാമത്തെ ആഴ്ച ഭ്രൂണകോശങ്ങളിലെ Y ക്രോമസോമിലുള്ള SRY ജീന്‍ പ്രവര്‍ത്തനക്ഷമമായാല്‍ കുഞ്ഞ് XXY പുരുഷനായിരിക്കും. അഞ്ഞൂറ് ആണ്‍ജന്മങ്ങളിലൊന്ന് XXY പുരുഷനായിരിക്കുമെന്നാണ് കണക്ക്. ഇത്തരക്കാരില്‍ മുഖരോമങ്ങളുടെ കുറവ്, സ്‌ത്രൈണപേശികളുടെ സാന്നിധ്യം, മറ്റ് സ്‌ത്രൈണസ്വഭാവങ്ങള്‍ എന്നിവ കാണാന്‍ സാധ്യത ഏറെയാണ്. XXY പുരുഷന്‍മാരില്‍ ചിലര്‍ക്ക് വന്ധ്യതയുണ്ടാവുമെങ്കിലും അത് മിക്കവാറും ചികിത്സിച്ച് ഭേദമാക്കാവുന്നതായിരിക്കും(17).
വളരെ അപൂര്‍മായി XXYY പുരുഷന്‍മാരും XXXY പുരുഷന്‍മാരും ജനിക്കാറുണ്ട്. അമ്പതിനായിരം പുരുഷജന്മങ്ങളിലൊന്ന് ഇങ്ങനെയായിരിക്കും.
മാതാവില്‍ നിന്ന് X ക്രോമസോമും പിതാവില്‍ നിന്ന് Y ക്രോമസോമും ലഭിച്ച് XY സിക്താണ്ഡമുണ്ടായതിനുശേഷം, ആറാമത്തെ ആഴ്ച SRY ജീന്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ലെങ്കില്‍ ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കും. XY ക്രോമസോമോടു കൂടിയ പെണ്‍ജനനത്തെയാണ് XY ലിംഗവൈകല്യം (XY gonadal dysgenesis) അഥവാ സ്വിയര്‍ വ്യാധി (Swyer syndrome) എന്നു പറയുന്നത്. SRY ജീന്‍ പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ വൃഷണം ഉണ്ടാവുകയോ ടെസ്റ്റോസ്റ്ററോണ്‍ ഉല്‍പാദിപ്പിക്കപ്പെട്ട് പുരുഷ സ്വഭാവങ്ങളെ ഉദ്ദീപിപ്പിക്കുകയോ ചെയ്യുകയില്ല. ടെസ്റ്റോസ്റ്ററോണ്‍ ഉല്‍പാദിപ്പിക്കപ്പെടാത്തതിനാല്‍ വോള്‍ഫിയന്‍ നാളി രൂപപ്പെടുകയോ ആന്തരിക ലൈംഗികാവയവങ്ങള്‍ ഉണ്ടാവുകയോ ചെയ്യുകയില്ല. ഡീഹൈഡ്രോ ടെസ്റ്റോസ്റ്റിറോണും ഉല്‍പാദിപ്പിക്കപ്പെടാത്തതിനാല്‍ ബാഹ്യലൈംഗികാവയവങ്ങളുമുണ്ടാവുകയില്ല. XY ക്രോമസോമോടു കൂടിയാണെങ്കിലും കുട്ടി ജനിക്കുക പെണ്‍ലൈംഗികാവയവങ്ങളോടു കൂടിയായിരിക്കും എന്നര്‍ത്ഥം. എന്നാല്‍ ഇത്തരം കുഞ്ഞുങ്ങള്‍ കൗമാരത്തിലെത്തുമ്പോള്‍ അവരുടെ സ്‌ത്രൈണ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയില്ല. ഈസ്ട്രജന്‍, ആന്‍ഡ്രജന്‍ തുടങ്ങിയ ലൈംഗിക ഹോര്‍മോണുകളുടെ ഉല്‍പാദനം പരിമിതമായിരിക്കും എന്നതുകൊണ്ടാണിത്. ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകള്‍ കുത്തിവെച്ചുകൊണ്ട് അവരില്‍ പ്രസ്തുത സ്വഭാവങ്ങള്‍ കൃത്രിമമായി വളര്‍ത്തിയെടുക്കാനാവും. ഗര്‍ഭാശങ്ങളുണ്ടാകാമെങ്കിലും ഇത്തരക്കാരില്‍ അണ്‌ഡോല്‍പാദനം നടക്കാത്തതിനാല്‍ ഗര്‍ഭധാരണമോ പ്രസവമോ നടക്കുകയില്ല. എണ്‍പതിനായിരം സ്ത്രീകളില്‍ ഒരാള്‍ക്കാണ് സ്വിയര്‍ വ്യാധിയുണ്ടാവുകയെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്(18).
മാതൃശരീരത്തില്‍ നിന്നും പിതൃശരീരത്തില്‍നിന്നും ലഭിക്കുന്ന അര്‍ധ കോശങ്ങളായ ബീജങ്ങളിലെ ക്രോമസോമുകളുടെ വ്യത്യാസമാണ് അടിസ്ഥാനപരമായി കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കുന്നതെങ്കിലും അതു പൂര്‍ത്തിയാകുന്നത് ആറാം ആഴ്ചയിലെ SRY ജീനിന്റെ പ്രവര്‍ത്തനത്തോടെയാണെന്ന വസ്തുത ഇന്ന് നമുക്കറിയാം. XX എന്നാല്‍ സ്ത്രീയും XY എന്നാല്‍ പുരുഷനുമെന്ന പൊതുധാരണ ശരിയല്ലെന്നും ദുര്‍ലഭമെങ്കിലും തിരിച്ചുമുണ്ടാകാമെന്നും അത് തീരുമാനിക്കുന്നത് ബീജസങ്കലനം കഴിഞ്ഞ് നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണെന്നും നാം മനസ്സിലാക്കി. പുരുഷസ്രവത്തിലെ Y പെണ്‍സ്രവത്തിലെ Xനെ അതിജയിക്കുമ്പോഴാണ് ആണ്‍കുഞ്ഞും സ്ത്രീസ്രവത്തിലെ X പുരുഷസ്രവത്തിലെ Yനെ അതിജയിക്കുമ്പോഴാണ് പെണ്‍കുഞ്ഞും പിറക്കുന്നതെന്ന് പൊതുവായി പറയാമെങ്കിലും SRY ജീനിന്റെ പ്രവര്‍ത്തനം നടന്നാലേ അങ്ങനെ സംഭവിക്കുവെന്ന് നാം മനസ്സിലാക്കണം. 1921ല്‍ തന്നെ ലിംഗക്രോമസോമുകളെപ്പറ്റി ശാസ്ത്രലോകത്തിന് മനസ്സിലായിരുന്നുവെങ്കിലും കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണയം നടക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുവാന്‍ പിന്നെയും അരനൂറ്റാണ്ടെടുത്തു. XY ക്രോമസോമുള്ള ഒരു സ്ത്രീയുടെയും XX ക്രോമസോമുകളുള്ള മൂന്ന് പുരുഷന്‍മാരുടെയും ഡി.എന്‍.എകള്‍ സൂക്ഷ്മമായ പരിശോധന നടത്തിയപ്പോഴാണ്, 1985ല്‍ ലിംഗനിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കുന്ന SRY ജീനിനെക്കുറിച്ചും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസ്സിലായത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. ആന്‍ഡ്രൂസ് സിന്‍ക്വയറും സഹപ്രവര്‍ത്തകരുമാണ് ലിംഗനിര്‍ണയത്തിന്റെ അടിസ്ഥാനവസ്തുവിനെത്തേടിയുള്ള അന്വേഷണത്തെ വിജയത്തിലെത്തിച്ചത്(19).
ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട ക്വുര്‍ആന്‍ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക.
”ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും.  ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്.” (53: 45-46)(20)
”പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?” (75: 38-40)(21)
ഹദീഥുകളിലാണ് ലിംഗനിര്‍ണയത്തെപ്പറ്റി കുറേക്കൂടി വ്യക്തമായ പരാമര്‍ശമുള്ളത്.
1. അനസില്‍ നിന്ന്: പ്രവാചകന്‍ മദീനയില്‍ വന്ന വിവരം അബ്ദുല്ലാഹിബ്‌നു സലാമിനു കിട്ടി. അദ്ദേഹം നബിയുടെ അടുത്തുവന്ന് പറഞ്ഞു: ‘ഒരു പ്രവാചകനു മാത്രം അറിയാവുന്ന മൂന്നു കാര്യങ്ങള്‍ ഞാന്‍ താങ്കളോട് ചോദിക്കുകയാണ്. ……. ………. ……. …….. ഇനി കുട്ടിക്ക് സാദൃശ്യം ലഭിക്കുന്ന കാര്യം; പുരുഷന്‍ സ്ത്രീയുമായി വേഴ്ച നടത്തുന്ന വേളയില്‍ അവന്റെ സ്രവം അവളുടെ സ്രവത്തെ അതിജയിച്ചാല്‍ കുട്ടിക്ക് സാദൃശ്യം അയാളോടായി. അവളുടെ സ്രവം അവന്റെ സ്രവത്തെയാണ് അതിജയിക്കുന്നതെങ്കില്‍ അവളോടും.’ അബ്ദുല്ല പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.'(22)     fetus-1788082
2.  അനസ് ബ്‌നുമാലികി(റ)ല്‍ നിന്ന്: പുരുഷന് സ്വപ്‌നസ്ഖലനമുണ്ടാവുന്നതുപോലെ സ്ത്രീക്കും സ്വപ്‌നസ്ഖലനമുണ്ടായാല്‍ അവള്‍ƒഎന്താണ് ചെേേയ്യണ്ടത് എന്നതിനെ സംബന്ധിച്ച് ഉമ്മുസുലൈം പ്രവാചകനോട് ചോദിച്ചു. …… ………. ……. …….. നിശ്ചയമായും പുരുഷന്റെ‚ഇന്ദ്രിയം വെളുത്തതും കട്ടിയുള്ളതുമാണ്. സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞ™നിറമുള്ളതും നേര്‍മയുള്ളതുമാണ്. ഏത് മുകളില്‍ വരുന്നുവോ അല്ലെങ്കില്‍ മുന്‍കടക്കുന്നുവോ അതിനോടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാവുക.'(23)
3. നബി (സ) സ്വാതന്ത്ര്യം നല്‍കിയ ഥൗബാനി(റ)ല്‍ നിന്ന്: ഞാന്‍ നബി(സ)യുടെ അടുക്കല്‍ നില്‍ക്കുമ്പോള്‍ƒജൂത പണ്ഡിതന്‍മാരില്‍ നിന്നുള്ള ഒരു പണ്ഡിതന്‍ വരികയും ‘അസ്സലാമു അലൈക്ക യാ മുഹമ്മദ് (മുഹമ്മദ,് നിനക്ക് സമാധാനമുണ്ടാകട്ടെ)’ എന്ന് പറയുകയും ചെയ്തു. …… ………. ……. …….. അയാള്‍ തുടര്‍ന്നു പറഞ്ഞു: ‘ഭൂനിവാസികളില്‍നിന്നും ഒരു പ്രവാചകനോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകള്‍ക്കോ അല്ലാതെ മറ്റൊരാക്കും അറിയാത്ത ഒരു കാര്യത്തെ സംബന്ധിച്ച് ചോദിക്കുവാനാണ് ഞാന്‍ വന്നിട്ടുള്ളത്.’ നബി (സ) ചോദിച്ചു: ‘ഞാനത് പറഞ്ഞാല്‍ നിനക്കത് ഉപകരിക്കുമോ?’. ‘ഞാന്‍ എന്റ ചെവികള്‍ƒകൊണ്ട് കേള്‍ക്കും’. അയാള്‍ പറഞ്ഞു: ‘(പ്രസവിക്കപ്പെടുന്ന) ശിശുവിനെക്കുറിച്ച് ചോദിക്കുവാനാണ് ഞാന്‍ വന്നത്’ നബി (സ) പറഞ്ഞു: ‘പുരുഷന്റെ‚ ഇന്ദ്രിയം വെളുത്ത നിറത്തിലുളളതും സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞനിറത്തിലുള്ളതുമാണ്. അത് രണ്ടും ഒരുമിച്ച് ചേരുകയും പുരുഷ ഇന്ദ്രിയം സ്ത്രീ ഇന്ദ്രിയത്തെ അതിജയിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് ആണ്‍ കുട്ടിയായിതീരുന്നു. സ്ത്രീയുടെ ഇന്ദ്രിയം പുരുഷ ഇന്ദ്രിയത്തെ അതിജയിച്ചാല്‍ അല്ലാഹുവിന്റെ‚അനുമതിയോടെ അത് പെണ്‍കുട്ടിയായി തീരുന്നു.’ ജൂതന്‍ പറഞ്ഞു: ‘തീര്‍ച്ചയായും താങ്കള്‍ പറഞ്ഞത് സത്യമാണ്. തീര്‍ച്ചയായും താങ്കള്‍ƒ ഒരു പ്രവാചകന്‍ തന്നെയാണ്’. പിന്നെ അയാള്‍ തിരിച്ചുപോയി. അപ്പോള്‍ƒനബി (സ) പറഞ്ഞു: ‘അയാള്‍ എന്നോടു ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.'(24)
4. ഹുദൈഫസ്ഥ് ബ്‌നുഅസീദി(റ)ണ്‍ നിന്ന്: നബി (സ) പറഞ്ഞു: ‘ഗര്‍ഭാശയത്തിണ്‍ ബീജം നാല്‍പത് ദിവസം അല്ലെങ്കില്‍ നാല്‍പത്തഞ്ച് ദിവസം ആയിത്തീരുമ്പോള്‍ƒ അതിന്‍മേല്‍ ഒരു മലക്ക് പ്രവേശിക്കും. എന്നിട്ടവന്‍ ചോദിക്കും: രക്ഷിതാവേ, ദൗര്‍ഭാഗ്യവാനോ അതോ സൗഭാഗ്യവാനോ? എന്നിട്ട് അത് രേഖപ്പെടുത്തും. പിന്നെ ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? എന്നിട്ട് അതും രേഖപ്പെടുത്തും. അവന്റെ കര്‍മവും അവന്റെ‚ ഫലവും, അവന്റെ‚ അവധിയും, അവന്റെ‚ ഉപജീവനവും എഴുതപ്പെടും. പിന്നീട് ഏടുകള്‍ƒചുരുട്ടപ്പെടും. അതില്‍ ഒന്നും വര്‍ദ്ധിപ്പിക്കപ്പെടുകയില്ല; ഒന്നും ചുരുട്ടപ്പെടുകയുമില്ല.'(25)
5.  അബ്ദാഹി ബ്‌നുമസ്ഊദി(റ)ല്‍ നിന്ന്: നബി (സ) പറയുന്നത് ഞാന്‍ കേട്ടു: ‘ബീജത്തിന്‍മേല്‍ നാല്‍പത്തിരണ്ട് ദിവസം കഴിഞ്ഞാല്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. എന്നിട്ട് അവന്‍ അതിനെ രൂപപ്പെടുത്തുകയും, അതിന് കേള്‍വിയും കാഴ്ചയും ചര്‍മവും മാംസവും അസ്ഥിയും രൂപപ്പൈടുത്തുകയും ചെയ്യും. പിന്നീട് ആ മലക്ക് ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? അപ്പോള്‍ƒ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കും. മലക്ക് അത് രേഖപ്പെടുത്തും. പിന്നീട് മലക്ക് ചോദിക്കും: രക്ഷിതാവേ ഇവന്റെ‚ അവധി? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് പറയുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നെ മലക്ക് ചോദിക്കും: രക്ഷിതാവേ, ഇവന്റെ ഉപജീവനം? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് വിധിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് മലക്ക് തന്റെ‚കയ്യില്‍ ആ ഏടുമായി പോകും. കല്‍പിക്കപ്പെട്ടതിനേക്കാള്‍ƒ വര്‍ദ്ധിപ്പിക്കുകയോ ചുരുക്കുകയോ ഇല്ല.'(26)
6.  അനസ് ബ്‌നുമാലികില്‍ (റ) നിന്ന്: നബി (സ) പറഞ്ഞു: ‘പ്രതാപവാനും മഹാനുമായ അല്ലാഹു ഗര്‍ഭാശയത്തിന്റെ കാര്യം ഒരു മലക്കിനെ ഏല്‍പിച്ചിട്ടുണ്ട്. ആ മലക്ക് പറയും: രക്ഷിതാവേ, ബീജമാണ്. രക്ഷിതാവേ സിക്താണ്ഡമാണ്. രക്ഷിതാവേ മാംസപിണ്ഡമാണ്. അല്ലാഹു ഒരു സൃഷ്ടിയില്‍ വിധിക്കാന്‍ ഉദ്ദേശിച്ചാല്‍ മലക്ക് പറയും: രക്ഷിതാവേ, ആണോ പെണ്ണോ? ദൗര്‍ഭാഗ്യവാനോ അതോ സൗഭാഗ്യവാനോ? ഉപജീവനം എങ്ങനെയാണ്? അവധി എത്രയാണ്? അങ്ങനെ അവയെല്ലാം തന്റെ മാതാവിന്റെ വയറ്റിലായിരിക്കെ തന്നെ രേഖപ്പെടുത്തപ്പെടും.(27)
7.  (നബി(സ)യോട് ചോദിക്കപ്പെട്ടു:) സ്വപ്‌നസ്ഖലനമുണ്ടായാല്‍ സ്ത്രീ കുളിക്കേണ്ടതുണ്ടോ? അപ്പോള്‍ നബി(സ) പറഞ്ഞു: ‘അതെ; അവള്‍ƒഇന്ദ്രിയം കണ്ടാല്‍’. അപ്പോള്‍ƒഉമ്മുസുലൈം (റ) ചോദിച്ചു: ‘സ്ത്രീക്ക് സ്ഖലനമുണ്ടാകുമോ?’ അപ്പോള്‍ƒ അദ്ദേഹം പറഞ്ഞു: ‘എന്തൊരു കഷ്ടം! പിന്നെ? എങ്ങനെയാണ് കുട്ടിക്ക് അവളോട് സാദൃശ്യം ഉണ്ടാകുന്നത്?’ മറ്റൊരു നിവേദനത്തില്‍ ആഇശ (റ) ഉമ്മുസുലൈം(റ)യോട് ‘ഛെ! സ്ത്രീക്ക് അതുണ്ടാകുമോ?’ എന്ന് ചോദിച്ചുവെന്നാണുള്ളത്. മറ്റൊരു റിപ്പോര്‍ട്ടില്‍, ഈ ഹദീഥിന്റെ‚അവസാന ഭാഗത്ത് ഇങ്ങനെ കൂടിയുണ്ട്. ‘ഇന്ദ്രിയം കാരണമായിട്ടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാകുന്നത്. സ്ത്രീയുടെ ഇന്ദ്രിയം പുരുഷന്റെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് മാതൃ സഹോദരന്‍മാരോട് സാദൃശ്യമുണ്ടാകും. പുരുഷന്റെ‚ ഇന്ദ്രിയം സ്ത്രീയുടെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് അവന്റെ പിതൃവ്യന്‍മാരോട് സാദൃശ്യമുണ്ടാകും.'(28)
മുകളില്‍ പറഞ്ഞ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വചനങ്ങളിലൊന്നും തന്നെ ആശാസ്ത്രീയമായ പരാമര്‍ശങ്ങളൊന്നുമില്ല. ലിംഗനിര്‍ണയത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ വിവരങ്ങളുമായിപ്പോലും അവ പൂര്‍ണമായും യോജിച്ചു വരുന്നുവെന്നത് അത്ഭുതകരം തന്നെയാണ്.
1. സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നാണ് ആണും പെണ്ണുമുണ്ടാകുന്നതെന്ന് സൂറത്തുല്‍ ഖിയാമയിലെ 38 മുതല്‍ 40 വരെയുള്ള വചനങ്ങളില്‍ പറയുന്നു. ശുക്ലദ്രാവകത്തിലെ പുരുഷബീജം X ക്രോമസോം വഹിക്കുന്നതാണെങ്കില്‍ അത് അണ്ഡവുമായി ചേര്‍ന്നാല്‍ പെണ്‍കുഞ്ഞും Y ക്രോമസോം വഹിക്കുന്നതാണെങ്കില്‍ അത് അണ്ഡവുമായി ചേര്‍ന്നാല്‍ ആണ്‍കുഞ്ഞുമുണ്ടാകുന്നു. ശുക്ലദ്രാവകമാണ് കുഞ്ഞ് ആണോ പെണ്ണോ എന്നു തീരുമാനിക്കുന്നത് എന്നര്‍ത്ഥം.
2. സ്രവിക്കപ്പെടുന്ന ബീജത്തില്‍ തന്നെ ആണ്‍, പെണ്‍ എന്നിവയുണ്ടെന്നും അതാണ് ആണ്‍-പെണ്‍ ഇണകളുടെ ഉല്‍പത്തിക്ക് കാരണമാകുന്നതെന്നും സൂറത്തുന്നജ്മിലെ 45, 46 വചനങ്ങള്‍ വ്യക്തമാക്കുന്നു. സ്രവിക്കപ്പെടുന്ന ബീജത്തില്‍ തന്നെ ആണ്‍ ക്രോമസോമായ Yയെ വഹിക്കുന്ന ബീജാണുക്കളും പെണ്‍ക്രോമസോമായ Xനെ വഹിക്കുന്ന ബീജാണുക്കുളുമുണ്ട്. ബീജദ്രാവകത്തിലെ Y ആണ്‍ബീജം അണ്ഡവുമായി ചേര്‍ന്നാല്‍ ആണ്‍കുട്ടിയും X പെണ്‍ബീജമാണ് അണ്ഡവുമായി ചേരുന്നതെങ്കില്‍ പെണ്‍കുട്ടിയുമാണുണ്ടാവുക.
3. അനസില്‍ നിന്ന് ബുഖാരി നിവേദനം ചെയ്ത അബ്ദുല്ലാഹിബ്‌നു സലാമുമായി പ്രവാചകന്‍ (സ) നടത്തിയ സംഭാഷണത്തെക്കുറിച്ച് വിവരിക്കുന്ന ഹദീഥിലും അദ്ദേഹത്തില്‍ നിന്നുതന്നെ മുസ്‌ലിം നിവേദനം ചെയ്ത സ്വപ്‌നസ്ഖലനത്തെക്കുറിച്ച ഹദീഥിലും ഥൗബാനി(റ)ല്‍ നിന്ന് മുസ്‌ലിം നിവേദനം ചെയ്ത ജൂതപുരോഹിതനു നല്‍കിയ മറുപടികയെക്കുറിച്ച് വിശദീകരിക്കുന്ന ഹദീഥിലും പുരുഷബീജം സ്ത്രീബീജത്തെ അതിജയിച്ചാല്‍ ആണ്‍കുഞ്ഞും, സ്ത്രീബീജം പുരുഷബീജത്തെയാണ് അതിജയിക്കുന്നതെങ്കില്‍ പെണ്‍കുട്ടിയുമാണുണ്ടാവുകയെന്ന് പ്രവാചകന്‍ (സ) പറഞ്ഞതായി ഉദ്ധരിച്ചിരിക്കുന്നു. ഈ പരാമര്‍ശത്തെ സുരതക്രിയയില്‍ പുരുഷനാണ് ആദ്യം സ്ഖലിക്കുന്നതെങ്കില്‍ ആണ്‍കുട്ടിയും സ്ത്രീക്കാണ് ആദ്യം സ്ഖലിക്കുകയെങ്കില്‍ പെണ്‍കുട്ടിയുമാണുണ്ടാവുകയെന്നാണ് പല പണ്ഡിതന്‍മാരും വ്യാഖ്യാനിച്ചിരിക്കുന്നത്. രതിമൂര്‍ച്ചയോടനുബന്ധിച്ച് ചില സ്ത്രീകള്‍ക്ക് പാരായൂറിത്രല്‍ നാളിയില്‍ നിന്ന് പുറത്തേക്കുവരുന്ന ദ്രാവകത്തിന് കുഞ്ഞിന്റെ ജനനത്തില്‍ യാതൊരു പങ്കുമില്ല എന്ന് ഇന്ന് നമുക്കറിയാം. പെണ്ണിന്റെ സ്ഖലനത്തിന് കുഞ്ഞിന്റെ ഉല്‍പത്തി പ്രക്രിയയില്‍ യാതൊരു പങ്കും വഹിക്കുവാനില്ലെങ്കില്‍ അതോടനുബന്ധിച്ചുണ്ടാകുന്ന ദ്രാവകം ആദ്യമോ പിന്നെയോ ഉണ്ടാകുന്നതെന്നത് ലിംഗനിര്‍ണയത്തെ ബാധിക്കുവാന്‍ സാധ്യതയൊന്നുമില്ല. ഈ ഹദീഥുകളില്‍ ബീജത്തിന്റെ അധീശത്വത്തെക്കുറിക്കുവാന്‍ പ്രയോഗിച്ചിരിക്കുന്നത് ‘സബഖ’യെന്നും ‘അലാ’ എന്നുമുള്ള ക്രിയകളാണ്. ഒന്നിനുമേല്‍ മറ്റൊന്ന് മുന്‍കടക്കുന്നതിനോ ആദ്യമാകുന്നതിനോ വിജയിക്കുന്നതിനോ അധികാരം സ്ഥാപിക്കുന്നതിനോ ആണ് ‘സബഖ’യെന്നു പറയുകയെന്ന് അംഗീകൃത ഭാഷാ നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ വ്യക്തമാകും(29).
ഒന്നിനുമുകളില്‍ മറ്റൊന്ന് ആധിപത്യം സ്ഥാപിക്കുന്നതിനാണ് ‘അലാ’യെന്ന് പ്രയോഗിക്കുകയെന്ന് ക്വുര്‍ആനില്‍നിന്നു തന്നെ വ്യക്തമാകുന്നുണ്ട്. സൂറത്തുല്‍ മുഅ്മിനൂനിലെ 91-ാം വചനം നോക്കുക.
”അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!” (23: 91)(30)
ഈ വചനത്തില്‍ ‘ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു’വെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘വ ലഅലാ ബഅദുഹും അലാ ബഅദിന്‍’ എന്ന പ്രയോഗത്തെയാണ്. ‘അലാ’യെന്നാല്‍ ആധിപത്യം സ്ഥാപിക്കുക, അടിച്ചമര്‍ത്തുക എന്നിങ്ങനെയാണ് യഥാര്‍ത്ഥത്തിലുള്ള സാരമെന്നര്‍ത്ഥം.
പുരുഷബീജത്തിലെ Y പെണ്‍ബീജത്തിലെ Xനുമേല്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ആണ്‍കുഞ്ഞുണ്ടാകുന്നത് എന്നും പെണ്‍ബീജത്തിലെ X പുരുഷബീജത്തിലെ Yക്കുമേല്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് പെണ്‍കുഞ്ഞുണ്ടാകുന്നത് എന്നുമുള്ള ജനിതകശാസ്ത്ര വസ്തുതകളുമായി ഈ ഹദീഥുകള്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നു. മധ്യകാലഘട്ടത്തിലുണ്ടായിരുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ഹദീഥ് മനസ്സിലാക്കിയവര്‍ ആണ്‍സ്ഖലനം ആദ്യം നടന്നാല്‍ ആണ്‍കുഞ്ഞും പെണ്‍സ്ഖലനം നടന്നാല്‍ പെണ്‍കുഞ്ഞുമുണ്ടാകുമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കിയെന്നത് നബിവചനത്തിന്റെ ആശാസ്ത്രീയതയല്ല, അറിവിന്റെ കാലനിബന്ധതയെയാണ് വെളിപ്പെടുത്തുന്നത്. ‘സബഖ’യെന്ന ക്രിയയെ വ്യാഖ്യാനിച്ചാല്‍ ആദ്യമുണ്ടാകുന്നത് ഏത് ദ്രവമാണോ അതിന്റെ അടിസ്ഥാനത്തിലാണ് ലിംഗനിര്‍ണയമെന്ന് വേണമെങ്കില്‍ പറയാനാകുമെങ്കിലും ‘അലാ’യെന്ന പ്രയോഗം അത്തരമൊരു വ്യാഖ്യാനത്തിന് പഴുതുകളൊന്നും നല്‍കുന്നില്ല.  ഈ ഹദീഥുകളെ ഒന്നിച്ചു പരിഗണിച്ചുകൊണ്ട്, നിലനില്‍ക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ചപ്പോഴാണ് പുരുഷ-പെണ്‍ സ്ഖലനങ്ങളുടെ ക്രമമാണ് ലിംഗനിര്‍ണയത്തിന് നിദാനമെന്നാണ് ഈ ഹദീഥുകള്‍ പഠിപ്പിക്കുന്നതെന്ന നിഗമനത്തില്‍ വ്യാഖ്യാതാക്കള്‍ എത്തിച്ചേര്‍ന്നത്. ഹദീഥുകളെ മൊത്തത്തിലെടുത്ത് പരിശോധിച്ചാല്‍ ഒരു ദ്രവത്തിനു മേലുള്ള മറ്റേ ദ്രവത്തിന്റെ ആധിപത്യം തന്നെയാണ് അവയില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാകും. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ മാത്രം ശാസ്ത്രലോകത്തിന് മനസ്സിലായ ബീജത്തിന്റെ ആധിപത്യമാണ് ലിംഗനിര്‍ണയത്തിന് കാരണമാകുന്നതെന്ന വസ്തുത എത്ര കൃത്യമായാണ് ഈ ഹദീഥുകള്‍ വരച്ച് കാണിക്കുന്നത്!
4. മുസ്‌ലിം ഹുദൈഫത്തു ബ്‌നു അസീദില്‍ (റ) നിന്നും അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്നും നിവേദനം ചെയ്ത രണ്ട് വ്യത്യസ്ത ഹദീഥുകളില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലുളള ലിംഗമാറ്റത്തിനുവേണ്ടിയുള്ള മലക്ക് പ്രത്യക്ഷപ്പെടുന്നതും കുട്ടി ആണോ പെണ്ണോയെന്ന് ആത്യന്തികമായി തീരുമാനിക്കപ്പെടുന്നതും ബീജസങ്കലനത്തിന് ശേഷം നാല്‍പത് ദിവസങ്ങള്‍ക്കും നാല്‍പത്തിയഞ്ച് ദിവസങ്ങള്‍ക്കുമിടയിലാണെന്ന് വ്യക്തമാവുന്നു.
SRY ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നത് ആറാമത്തെ ആഴ്ചയാണെന്ന വിവരം നമുക്ക് ലഭിച്ചത് മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പു മാത്രമാണ്. XX സിക്താണ്ഡമാണെങ്കിലും XY സിക്താണ്ഡമാണെങ്കിലും അപൂര്‍വമായുണ്ടാകുന്ന സിക്താണ്ഡങ്ങളാണെങ്കിലുമെല്ലാം അവയുടെ ലിംഗമെന്താണെന്ന് ആത്യന്തികമായി തീരുമാനിക്കപ്പെടുക SRY ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ അടിസ്ഥാനത്തിലാണ്. ആറാമത്തെ ആഴ്ചയാണ് SRY ജീന്‍ പ്രവര്‍ത്തനക്ഷമമാവുന്നതെന്ന ഭ്രൂണശാസ്ത്രം 1985ല്‍ മാത്രം നമുക്കു പറഞ്ഞുതന്ന വിവരവും നാല്‍പതു ദിവസങ്ങള്‍ക്കും നല്‍പത്തിയഞ്ച് ദിവസങ്ങള്‍ക്കുമിടയിലാണ് ലിംഗതീരുമാനവുമായി മലക്ക് നിയോഗിക്കപ്പെടുന്നതെന്ന പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നബി (സ) പറഞ്ഞ വിവരവും എത്ര ക്രൃത്യമായാണ് ഇവിടെ യോജിച്ചുവരുന്നത്!  എന്തുകൊണ്ടാണ് ഹദീഥുകളിലെ പരാമര്‍ശങ്ങള്‍ ഇത്രയും കൃത്യമാകുന്നതെന്ന ചോദ്യത്തിന് ക്വുര്‍ആന്‍ തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്.
”നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസമ്പേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.” (53: 2-4)
Û
കുറിപ്പുകള്‍
1) Swami Parmeshwaranand: Encyclopedic Dictionary of Upanishads, New Delhi, 2000, Page
404-406
2) English Babylonian Talmud, Tractate Niddah, Translated Into English With Notes, Glossary
and Indices by Rev. Dr. Israel W. Slotki, M.A., Litt.D. under the Editorship Of Rabbi Dr. I.
Epstein B.A., Ph.D., D. Lit.,Chapter IV, Folio 31a (http://halakhah.comhttp://halakhah.com/
niddah/niddah_31.html
3) Hippocrates: The Seed, Sections 5-7, in J. Chadwick (Translator), G. E. R. Lloyd (Editor):
Hippocratic Writings (Penguin Classics), 1984, Page319-320
4) Aristotle: On the Generation of Animals, Montana, 2004, pages 219-221
5) Galen (Trans. Arthur John Brock): On the Natural Faculties, 1916, Book Two, Page 135
6) Laqueur, T, The Making of the Modern Body:Sexuality and society in the Nineteenth
Century, Berkeley, 1987, Page 5
7) Dean Clift & Melina Schuh: Restarting life: fertilization and the transition from meiosis to
mitosis, Nature Reviews Molecular Cell Biology 14, 549–562 (2013) Published online 14
August 2013, http://www.nature.com
8) T. H. Morgan: Ziegler’s Theory of Sex Determination, and an Alternative Point of View,
Science, New Series, Vol. 22, No. 573 (Dec. 22, 1905), Pages. 839-841! !
9) Qais Al-Awqati: Edmund Beecher Wilson: America’s First Cell Biologist, Living Legacies
Series, Columbia Magazine, http://www.columbia.edu/
10) Curtis, W. C: Thomas Harrison Montgomery, Science Magazine, 31 Jan 1913, Vol. 37, Issue
944. Page 171
11) Stephen G. Brush: Nettie M. Stevens and the Discovery of Sex Determination by
Chromosomes, The Isis Magazin, Vol. 69, No. 2 (Jun., 1978), pp. 162-172
12) MacLaughlin DT, Donahoe PK: Sex determination and differentiation. https://
www.ncbi.nlm.nih.gov/pubmed/14736929
13) Rey,Rodolfo, MD, PhD, Josso, Nathalie MD, PhD. Sexual Differentiation. Chapter 7: http://
www.endotext.org/pediatrics/pediatrics7/pediatrics7.html.
14) Cheng MK, Disteche CM: Silence of the fathers: early X inactivation, 2004 Aug;26(8):821-4.
https://www.ncbi.nlm.nih.gov/pubmed/15273983
15) SRY sex determining region Y [ Homo sapiens (human), 5-Feb-2017, https://
www.ncbi.nlm.nih.gov/gene/6736
16) Albert de la Chapelle: Cytogenetics of the mammalian X-chromosome, Part B: Progress
and topics in cytogenetics. New York, 1985. Page. 75–85.
17) ‘Klinefelter Syndrome (KS): Overview’. nichd.nih.gov. Eunice Kennedy Shriver National
Institute of Child Health and Human Development. 2013-11-15, https://www.nichd.nih.gov/
health/topics/klinefelter/Pages/default.aspx
18) Swyer syndrome: Genetics Home Reference, Your Guide to Understanding Genetic
Conditions, https://ghr.nlm.nih.gov/condition/swyer-syndrome
19) Twenty-five years since the discovery of the human sex determining gene, Murdoch
Children’s Institute News, Tuesday, July 21, 2015, https://www.mcri.edu.au/news/twenty-
five-years-discovery-human-sex-determining-gene
20) Holy Qur’an 53 An-Najm: 45-46
21) Holy Qur’an 75 Al-Qiyama: 38-40
22) സ്വഹീഹുല്‍ ബുഖാരി, കിതാബു അഹാദീഥുല്‍ അംഹിയാഅ്, ബാബു ഖല്‍ഖി ആദം വ ദുര്‍റിയ്യത്തിഹി, ഹദീഥ് 3329.
23) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു വുജുബില്‍ ഗസ്‌ലി അലല്‍ മര്‍അത്തി ബി ഖുറൂജില്‍ മനിയ്യി മിന്‍ഹ, ഹദീഥ് 311.
24) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു ബയാനി സ്വിഫത്തില്‍ മനിയിര്‍റജുലി വല്‍ മര്‍അത്തി വ അന്നല്‍ വലദ മഖ്‌ലൂഖുന്‍ മിന്‍ മാഇ.
25) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ് 2644.
26)  സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ് 2645.
27) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ് 2646.
28) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു വുജുബില്‍ ഗസ്‌ലി അലല്‍ മര്‍അത്തി ബി ഖുറൂജില്‍ മനിയ്യി മിന്‍ഹ, ഹദീഥ് 314.
29) Edward William Lane : Arabic-English Lexicon, London, 1863, Book 1, Page 1300.
30) Holy Qur’an 23 Al-Mumenoon:91

No comments: