Followers

Saturday, January 2, 2016

ശരീരാവയവങ്ങള്‍: ഡോക്കിന്‍സ് തന്നെയാണ് അന്ധത നടിക്കുന്നത്അലി ചെമ്മാട്

newzealand
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യ വിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു -ഭാഗം 18 
ചിത്രം ശ്രദ്ധിക്കുക. കുറേ പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ പൈപ്പുകള്‍ ഒരു പക്ഷെ വെള്ളമോ ഭക്ഷ്യഎണ്ണയോ പെട്രോളിയം ഇന്ധനങ്ങളോ കെമിക്കലുകളോ അതല്ലെങ്കില്‍ ഏതെങ്കിലും ഏതെങ്കിലും തരത്തിലുള്ള പൗഡറുകളോ പമ്പുചെയ്യുന്ന കുഴലുകള്‍ (Duct) ആയിരിക്കും. ഈ പൈപ്പുകള്‍ കടന്നുപോകുന്ന ഭാഗത്തുകൂടെ റോഡ് ക്രോസ് ചെയ്യേണ്ട ആവശ്യത്തിനായിരിക്കാം ഒരുപക്ഷേ കമാന സമാനം പൈപ്പുകളെല്ലാം ഉയര്‍ത്തിവെച്ചിരിക്കുന്നത്. ഇവിടെയാണ് ഡോക്കിന്‍സ് ലാറിഞ്ജന്‍ നാഡിയുടെ എക്കോണമി പറഞ്ഞത് പ്രസക്തമാവുന്നത്. ഈ പൈപ്പുകള്‍  ലെവലില്‍ സ്ഥാപിച്ച് വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ പാകത്തില്‍ ചെറിയ പാലമോ അതല്ലെങ്കില്‍ ഒരു വരമ്പോ സ്ഥാപിച്ചാല്‍ പരിഹരിക്കാവുന്ന പ്രശ്‌നം ഇത്രയും സങ്കീര്‍ണമായി എഞ്ചിനീയറിംഗ് ആവശ്യമുളള രീതിയില്‍, ജിറാഫിന്റെ ചുറ്റിത്തിരിക്കുന്ന വട്ടം കറങ്ങി നട്ടംതിരിയുന്ന ലാറിഞ്ജന്‍ നാഡി പോലെ രൂപകല്‍പന ചെയ്ത ഈ പൈപ്പിംഗ് പ്രൊജക്ടിന്റെ ആസൂത്രകനെ ഡോക്കിന്‍സ് വിളിച്ചപോലെ തമാശക്കും അപ്പുറമെന്നോ പമ്പരവിഡ്ഡിയെന്നോ വിളിച്ചാല്‍ മതിയോ ആ പൈപ്പുകളിലൂടെ പോകുന്ന പദാര്‍ത്ഥം എന്തായാലും അതിന്റെ പൈപ്പിംഗിന് വേണ്ടിവരുന്ന യന്ത്രസംവിധാനങ്ങളുടെ അമിതാവശ്യകതയും ഊര്‍ജ്ജനഷ്ടങ്ങളും ഇതിലൂടെ കടന്നുപോകുന്ന വാഹനങ്ങളുടെ ഇന്ധനസമയനഷ്ടങ്ങളും കണക്കാക്കിയാല്‍ വാഹനങ്ങളിലൂടെ വരുന്ന നഷ്ടം ഈ പൈപ്പിംഗ് ഇങ്ങനെ രൂപകല്‍പന ചെയ്തു നിര്‍മ്മിക്കാന്‍ വേണ്ടി വരുന്ന ചിലവുമായി തട്ടിച്ചുനോക്കിയാല്‍ വളരെ നിസാരമായിരിക്കും. മാത്രമല്ല ഈ രീതിയില്‍ പൈപ്പ് ഡിസൈന്‍ ചെയ്തു നിര്‍മിച്ചതിലൂടെ വലിയ ആസൂത്രണരാഹിത്യവും കൂടി ഇവിടെ അനാവൃതമാകുന്നുണ്ട്. ഈ കമാനത്തിനുള്ളിലൂടെ കടന്നുപോകുന്ന വാഹനങ്ങള്‍ക്ക് നിര്‍ബന്ധമായും ഉയരപരിധി നിശ്ചയിക്കേണ്ടതുണ്ട്. ഉയരപരിധി ശ്രദ്ധിക്കാതെ ഒരല്‍പം ഉയരം കൂടിയ ഒരു വാഹനം ഈ കമാനത്തിലൂടെ കടന്നുപോയാല്‍ ആ വാഹനത്തിനും ഈ പൈപ്പിംഗ് സിസ്റ്റത്തിനും ഒരുപോലെ നാശനഷ്ടങ്ങള്‍ ഉറപ്പാണ്. മാത്രമല്ല ഇതിലൂടെ പമ്പ് ചെയ്യപ്പെടുന്ന പദാര്‍ത്ഥം അപകടകാരിയായ കെമിക്കലുകളോ പെട്രോളിയം ഉല്‍പന്നങ്ങളോ ആണെങ്കില്‍ നഷ്ടത്തിന്റെ തോത് നിര്‍വ്വചനാതീതമായിരിക്കും.  മാത്രമല്ല മറ്റൊരു ആസൂത്രണരാഹിത്യം കൂടി ഇവിടെ നമുക്ക് വ്യക്തമാകുന്നുണ്ട്. ഇന്‍ഡ്യന്‍ റെയില്‍വേയിലെ വൈദ്യുതി ലൈനുകളുള്ള റെയില്‍വേ ലെവല്‍ ക്രോസുകളില്‍ എല്ലാം ഉയരപരിമിതി കാണിച്ച് നിയന്ത്രിക്കുന്ന ബാരിക്കേടുകള്‍ സ്ഥാപിക്കുന്നപോലെ ഇവിടെ അത്തരം നിയന്ത്രണങ്ങളൊന്നും തന്നെ കാണുന്നില്ല. ഈ പൈപ്പിംഗ് ആസൂത്രണം ചെയ്ത രൂപകല്‍പകനെ വിളിക്കാന്‍ ഡോക്കിന്‍സ് ഉപയോഗിച്ച കഠിനപദങ്ങള്‍ മതിയാകില്ല.  ഇത്രയും കാര്യങ്ങള്‍ ഡോക്കിന്‍സിന്റെയും എല്ലാ പരിണാമ വിശ്വാസികളുടെയും ലാറിഞ്ജന്‍ നാഡി, മനുഷ്യനേത്രം മനുഷ്യവൃഷ്ണം  തുടങ്ങി ജൈവലോകത്തെ എല്ലാ ആസൂത്രണ തകരാറുകളെയും കുറിച്ചുള്ള സകലവിഡ്ഡിത്തങ്ങള്‍ക്കുമുള്ള കരുത്തുറ്റ ഉദാഹരണമാണ്. ഡോക്കിന്‍സ് പറഞ്ഞതുപോലെ ഇതിന്റെ സാമ്പത്തികശാസ്ത്രം മാത്രമല്ല ഇതിന്റെ സാങ്കേതികപ്രശ്‌നങ്ങളും ഒന്ന് പരിശോധിക്കാം.
അന്വേഷണങ്ങള്‍ക്കൊടുവില്‍ ഈ പൈപ്പ് കമാനത്തിന്റെ ഫോട്ടോയുടെ മേല്‍വിലാസം കണ്ടെത്തി. ലോകത്ത് ആദ്യമായി, 1958 നവംബറില്‍ കമ്മീഷന്‍ ചെയ്ത ന്യൂസിലാന്റിലെ (New Zealand) തപോയിന്‍ (Taupo) ഇന്നും സുഗമമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന 181 മെഗാവാട്ട് ശേഷിയുള്ള വറാക്കി (Wairaki) ഭൗമതാപ പവര്‍ പ്ലാന്റിലെ(369) (Geo thermal power plant) സ്റ്റീം പൈപ്പ് ലൈനിന്റെ ചിത്രമാണിത്. ഈ പൈപ്പ് ലൈന്‍ നിര്‍മാണത്തില്‍ നാം ആദ്യഖണ്ഡികയില്‍ വിലയിരുത്തിയ പാകപ്പിഴവുകളൊന്നുമല്ല ഉള്ളത്. ഒരല്‍പം നീളമുള്ള ഏത് പൈപ്പിംഗ് സിസ്റ്റങ്ങളിലും സ്ട്രസ്സ് (Stress)മാനേജ് ചെയ്യാന്‍ പ്രത്യേകിച്ച് താപ (thermo) മര്‍ദ്ദ (pressure) സ്ട്രസ്സ് മാനേജ് ചെയ്യാന്‍ പ്രത്യേകിച്ച് താപ സ്ട്രസ്സ് ലൂപ് എക്‌സ്പാന്‍ഷന്‍ (Loop expansion) ഉപയോഗിക്കുന്നുണ്ട്. ഭൗമോപരിതല പൈപ്പിംഗ് ആണെങ്കില്‍ ഇത് അനിവാര്യമാണ്. വറാക്കി പവര്‍ പ്ലാന്റില്‍ ഈ ലൂപ് എക്‌സാപന്‍ഷന്‍ ഓരോ മുന്നൂറ് മീറ്ററുകളിലും ഉണ്ട്. ഇങ്ങനെയുള്ള ലൂപ് എക്‌സാപാന്‍ഷനുകള്‍ തന്നെ വ്യത്യസ്ത രീതികളിലുണ്ട്. നാം ഇവിടെ കണ്ടത് വെര്‍ട്ടിക്കല്‍ ലൂപിന്റെ ഫോട്ടോയാണ്. ഇത് കൂടാതെ ഹോറിസോണ്ടല്‍, എസ്‌ടൈപ്പ്, സിഗ്‌സാഗ്, ഒമേഗ, വൃത്തം തുടങ്ങി വ്യത്യസ്തതരം ലൂപ് എക്‌സാപന്‍ഷനുകള്‍ ഉപയോഗിക്കുന്നുണ്ട്. പൈപ്പിലൂടെ വഹിക്കപ്പെടുന്ന പദാര്‍ത്ഥം, പദാര്‍ത്ഥത്തിന്റെയും അന്തരീക്ഷത്തിലെയും താപനില, പമ്പിംഗിലെ മര്‍ദ്ദം, ഒഴുക്കിന്റെ വേഗത എന്നീ ഘടകങ്ങള്‍ മാറുന്നതിനനുസാരം ലൂപ് എക്‌സാപാന്‍ഷന്റെയും രീതിയും സ്വഭാവവും മാറും. ഇവിടെ നാം കണ്ട പൈപ്പ് ഇന്‍സ്റ്റലേഷനില്‍ 300 മീറ്ററിലാണ് എക്‌സാപാന്‍ഷന്‍ എങ്കില്‍ അത് അന്തരീക്ഷതാപം ഉയര്‍ന്ന മേഖലകളില്‍ പ്രത്യേകിച്ച് ഓയില്‍ പൈപ്പ് ലൈനുകളില്‍ അമ്പത് മീറ്ററില്‍ വരെ ഇത്തരം എക്‌സാപന്‍ഷനുകള്‍ ഉണ്ടാകും.
ലോകത്തിലെ പ്രധാനപ്പെട്ട എല്ലാ ഓയില്‍ ഫീല്‍ഡ് പൈപ്പിംഗ് ക്വാളിറ്റി ഇന്‍സ്റ്റിറ്റിയൂഷനുകളും ഇക്കാര്യം വളരെ പ്രധാന്യപൂര്‍വം പരിഗണിക്കുന്നുണ്ട്. API (അമേരിക്കന്‍ പെട്രോളിയം ഇന്‍സ്റ്റിറ്റ്യൂട്ട്) ASME (അമേരിക്കന്‍ സൊസൈറ്റി ഓഫ് മെക്കാനിക്കല്‍ എഞ്ചിനിയേഴ്‌സ്) ANSI (അമേരിക്കന്‍ നാഷണല്‍ സ്റ്റാന്റാര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട്) തുടങ്ങിയ എല്ലാ സ്റ്റാന്റാര്‍ഡ് ഇന്‍സ്റ്റിറ്റിയൂഷനുകളും ലൂപ് എക്‌സാപന്‍ഷന്‍ നിര്‍ദ്ദേശിക്കുന്ന സാധാരണ സുരക്ഷാസംവിധാനമാണ്.
ഡോക്കിന്‍സും പരിണാമവിശ്വാസികളും ആസൂത്രകനില്‍ അബദ്ധമാരോപിക്കുന്നതും നാം ചര്‍ച്ച ചെയ്ത പൈപ്പുകമാനവും ഒരു പോലെയാണ്. നാം നേരത്തെ ഉയരക്ലിപ്ത (Hight limit) സുരക്ഷാവേലി ഇല്ലാത്തതിനെക്കുറിച്ച് പറഞ്ഞതോര്‍ക്കുക. ഈ പ്ലാന്റിലെ റോഡുകളില്‍ എല്ലാ സുരക്ഷാ സംവിധാനങ്ങളും പാലിക്കുന്ന വാഹനങ്ങള്‍ക്കേ  പ്രവേശനാനുമതി ഉണ്ടായിരിക്കുകയുള്ളൂ. അത്തരം കാര്യങ്ങള്‍ പ്ലാന്റില്‍ പ്രവേശിക്കുന്ന വാതിലില്‍ തന്നെ പരിഗണിക്കുകയും പരിശോധിക്കുകയും ആ സുരക്ഷാമാനദണ്ഡങ്ങളും നിയമങ്ങളും പാലിക്കാത്ത വാഹനങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിക്കുകയും ചെയ്യും. പെട്രോളിയം മേഖലയില്‍ പെട്രോള്‍ ഇന്ധനമുപയോഗിക്കുന്ന വാഹനങ്ങള്‍ക്ക് പ്രവേശനമില്ല. ഡീസല്‍ വാഹനങ്ങളാണെന്നാലും അവയുടെ എക്‌സ്‌പോസ്റ്റ് പൈപ്പുകള്‍ക്ക് (ഡൈലന്‍ഡര്‍) പുറത്ത് സ്പാര്‍ക്ക് അറസ്റ്റര്‍ കൂടി നിര്‍ബന്ധമാണ്.
ഇത്തരം നിയമങ്ങളും സാങ്കേതികത്തികവുകളും അറിയുകപോയിട്ട് അവയെക്കുറിച്ച് അറിയാനും ചിന്തിക്കാനും പോലും ശേഷിയും ബുദ്ധിയും വിവേകവുമില്ലാത്ത ഒരാള്‍ ആ പൈപ്പു കമാനത്തിലെ സാങ്കേതിക പ്രശ്‌നങ്ങളെയും സുരക്ഷാ പാളിച്ചകളെയും ആസൂത്രിത തകരാറുകളെയും കുറിച്ച് ഉപന്യാസം നടത്തി അതിന്റെ തകരാറുകളായി ഇന്ധനനഷ്ടവും സാമ്പത്തിക നഷ്ടവും കണ്ടെത്താന്‍ തന്റെ വിവേകശൂന്യത ഉപയോഗപ്പെടുത്തി അതിന്റെ ആസൂത്രകനെ തെറി വിളിക്കുന്നതിലും അപഹാസ്യകരമാണ് സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവങ്ങളെയും അതിലെ സാങ്കേതിക പ്രശ്‌നങ്ങളെയും കളിയാക്കുന്ന ഡോക്കിന്‍സിയന്‍ ………. ! താന്‍ കുരങ്ങിന്റെ സന്തതിയാണന്നഭിമാനിക്കുന്നവര്‍ക്ക് ഒരു ശരാശരി കുരങ്ങിന്റെ ബുദ്ധിയും പക്വതയും പാകതയും ഉണ്ടായിരുന്നെങ്കില്‍ !
ഡോക്കിന്‍സ് കണ്ടെത്തിയ മറ്റൊരു പ്രശ്‌നം മനുഷ്യരില്‍ പുരുഷന്റെ പ്രത്യുല്‍പാദനാവയവമായ വൃഷ്ണത്തിന്റെ പ്രശ്‌നങ്ങലാണ്. തന്റെ ഗ്രന്ഥത്തിന്റെ 439-ാം പേജില്‍ (മലയാള പരിഭാഷ. ഇംഗ്ലീഷ് പി.ഡി.എഫ് പതിപ്പ് പേജ് 175) വൃഷ്ണം, ലിംഗം, കിഡ്‌നി എന്നിവയുടെ ചിത്രം കൊടുത്തിട്ടുണ്ട്. (ചിത്രം നാല് കാണുക). ഇങ്ങനെ ഒരു ചിത്രം പടച്ചുണ്ടാക്കി പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് ഗൂഗിളില്‍ ഒന്ന് സേര്‍ച്ച് ചെയ്തിരുന്നെങ്കില്‍ ഒരു മഹാ പമ്പരവിഡ്ഡിത്തം ഒഴിവാക്കാമായിരുന്നു. ഡോക്കിന്‍സ് ഒരു പൊട്ടത്തരം പടച്ചുവിട്ടാല്‍ അത് ആവര്‍ത്തിക്കുന്നതിനുമുമ്പ് പരിഭാഷകന്‍ രവിചന്ദ്രന്‍.ഡിയെങ്കിലും ഇത് പരിശോധിച്ചിരുന്നെങ്കില്‍ എന്നാഗ്രഹിച്ചു പോവുകയാണ്.
ഈ വിഷയത്തില്‍ ഡോക്കിന്‍സിന്റെ വേവലാതി ഇങ്ങനെ വായിക്കാം. ജോര്‍ജ്ജ് സി.വില്യംസിനെ (George C Williams) ഉദ്ധരിച്ചുകൊണ്ടിക്കാര്യം പറയുന്നത് ”മറ്റൊരു ചുറ്റിത്തിരിയലിലേക്കാണ് വില്യംസ് ശ്രദ്ധയാകര്‍ഷിക്കാന്‍ ശ്രമിച്ചത്. ആവര്‍ത്തിത ലാറിഞ്ജിയന്‍ നാഡിയുടെ ചുറ്റിത്തിരിയലിന് സമാനമായ ഒന്നാണത്. ശരീരത്തിന്റെ മറ്റൊരു ഭാഗത്താണിത് സ്ഥിതി ചെയ്യുന്നത്. വൃഷ്ണങ്ങളില്‍ നിന്നും ലിംഗത്തിലേക്ക് ബീജം എത്തിക്കുന്ന കുഴലിനെ വാസ്‌ഡെഫറന്‍സ് (Vasdeferens) എന്നുവിളിക്കുന്നു. താഴെ കൊടുത്തിരിക്കുന്ന ചിത്രം ശ്രദ്ധിക്കുക. ബീജം ലിംഗത്തിലെത്തിക്കാന്‍ സഹായകരമായ മാര്‍ഗമാണ് ഇവിടെ കാണിച്ചിരിക്കുന്നത്. തൊട്ടുതാഴെയുള്ള ചിത്രത്തില്‍ വാസ്‌ഡെഫറന്‍സ് വാസ്തവത്തില്‍ സഞ്ചരിക്കുന്ന മാര്‍ഗവും രേഖപ്പെടുത്തിയിരിക്കുന്നു. (അങ്ങനെ രണ്ട് ചിത്രങ്ങള്‍ ഡോക്കിന്‍സിന്റെ ഇംഗ്ലീഷ് പി.ഡി.എഫ് പതിപ്പും രവിചന്ദ്രന്റെ കടലാസ് പതിപ്പും മുഴുവന്‍ പേജുകളും തപ്പിപ്പെറുക്കിയിട്ടും കണ്ടെത്താന്‍ കഴിഞ്ഞില്ല ! ലേഖകന്‍) നോക്കുക അത് മൂത്രക്കുഴല്‍ അഥവാ യൂറിറ്ററിന് (Uriter) ചുറ്റുമായി പരിഹാസ്യമായ ഒരു ചുറ്റിത്തിരിയല്‍ നടത്തുന്നു. ഈ ആസൂത്രണം ആസൂത്രകന് വലിയ പിഴവ് പറ്റിയെന്ന് പറയാന്‍ ആരും മടിക്കില്ലായിരുന്നു…. വൃഷ്ണങ്ങളുടെ യഥാര്‍ത്ഥത്തില്‍ സ്ഥിതി ചെയ്യാനിടയുള്ള സ്ഥാനമാണ് കുത്തുകളിട്ട വരകള്‍ പ്രധാനം ചെയ്യുന്നത്.(371)
ഡോക്കിന്‍സ് വരച്ച വികൃത ചിത്രങ്ങളില്‍ പറഞ്ഞപോലെയാകേണ്ട കാര്യങ്ങള്‍ ചിത്രം അഞ്ച് കാണുക. വൃഷ്ണങ്ങളില്‍ നിന്ന് വാസ്ഡിഫറന്‍സ് മൂത്രസഞ്ചിയോട് ചേര്‍ന്ന് സ്ഥിതിചെയ്യുന്ന ഒരജോഡി തൂക്കുസഞ്ചി (Seminal vesicle) ഗ്രന്ഥിയില്‍ ചേര്‍ന്ന് അവ സെമിനല്‍ വെസിക്കല്‍ ഗ്രന്ഥിക്ക് ശേഷം ഒന്നായി അസ്സസറി ഗ്ലാന്റുകളില്‍(accessory gland)പ്പെട്ട ബള്‍ബോത്രെല്‍ ഗ്ലാന്റിലൂടെ (balbourethral gland) കടന്ന് ലിംഗത്തില്‍ എത്തിച്ചേരുന്നു.
വൃഷ്ണം ഉല്‍പാദിപ്പിക്കുന്ന ശുക്ലവും സെമിനല്‍ വെസിക്കല്‍ ഉല്‍പാദിപ്പിക്കുന്ന ദ്രാവകവും (ശുക്ലത്തിലെ എഴുപത് ശതമാനത്തിലധികവും ശുക്ലഗ്രന്ഥി ഉല്‍പാദിപ്പിക്കുന്ന ഈ ദ്രാവകമാണ്)(372) കൂടാതെ ഈ ശുക്ലത്തില്‍ ബള്‍ബോത്രെല്‍ ഗ്ലാന്റ് ഉല്‍പാദിപ്പിക്കുന്ന ദ്രവ്യവും കൂട്ടിച്ചേര്‍ക്കപ്പെടുന്നു. ഇത് ശുക്ലത്തിന്റെ അഞ്ച് ശതമാനത്തോളം വരും. ഈ ദ്രാവകം തന്നെയാണ് ലിംഗം ലൈംഗികബന്ധത്തിന് തയ്യാറാകുന്നതിന് മുന്നോടിയായി ഉദ്ധരിക്കുന്നതോടെ പുറപ്പെടുന്ന ലൂബ്രിക്കന്റും. മാത്രമല്ല ഇവ മൂത്രനാളിയിലുണ്ടാകാന്‍ സാധ്യതയുള്ള അംമ്ലത ഇല്ലാതാക്കുകയും ചെയ്യുന്നു.(373)
ഭ്രൂണത്തിന് രണ്ട് മൂന്ന് മാസങ്ങള്‍ക്കിടയില്‍ പ്രായമാകുമ്പോള്‍ നട്ടെല്ലിലെ ലംബര്‍ ഏരിയയില്‍ (Lumbar area)(ഉടപ്പെല്ലിന്റെ മുകളില്‍ നിന്ന് അഞ്ചാമത്തെയോ ആറാമത്തെയോ കശേരു വരെയുള്ള നട്ടെല്ലിന്റെ ഭാഗം) രൂപപ്പെടുന്ന മനുഷ്യവൃഷ്ണങ്ങള്‍ ഇന്‍ഗ്യാനല്‍ കനാല്‍ (Inguinal canal) വഴി മെല്ലെമെല്ലെ ചലിച്ച് കുട്ടിക്ക് പൂര്‍ണവളര്‍ച്ചയെത്തുന്നതോടെ (അല്ലെങ്കില്‍ പ്രസവാനന്തരം) വൃഷ്ണസഞ്ചിയില്‍ എത്തിച്ചേരുന്നു.(374) വൃഷ്ണങ്ങള്‍ വൃഷ്ണസഞ്ചിയില്‍ ശരീരത്തിനുപുറത്ത് നിലനില്‍ക്കാന്‍ കാരണം അതിന് ബീജോല്‍പാദനം നടത്താന്‍ ശരീരോഷ്മാവിലും താഴെ അതിന്റെ ഊഷ്മാവ് നിലനിര്‍ത്താനും ഊഷ്മാവ് ക്രമീകരിക്കാനും വേണ്ടിയാണ് തണുപ്പുള്ള സമയങ്ങളില്‍ പൊന്തിവന്നു ശരീരത്തില്‍ ഒട്ടിച്ചേര്‍ന്ന് നില്‍ക്കുന്നതും ചൂടുകാലാവസ്ഥയില്‍ അത് ശരീരത്തില്‍നിന്നും താഴേക്ക് തൂങ്ങിക്കിടക്കുന്നതും പുരുഷന്‍മാര്‍ അനുഭവിക്കുന്ന കാര്യമാണ്. ഇതുകൊണ്ടു തന്നെയാണ് ഇടുങ്ങിയ ജീന്‍സും പാന്റ്‌സും അതുപോലെ തന്നെ കൊച്ചുകുട്ടികള്‍ക്ക് കെട്ടിക്കൊടുക്കുന്ന ഡാസ്പറുകളും വന്ധ്യത ഉണ്ടാക്കും എന്ന് വിദഗ്ധന്‍മാര്‍ അഭിപ്രായപ്പെടുന്നത്. കൂടാതെ വൃഷ്ണങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനും ബീജോല്‍പാദനം നടത്താനുമാവശ്യമായ രക്തം നല്‍കുന്ന ധമനികള്‍ ഇന്റേണല്‍ സ്‌പെര്‍മാറ്റിക് ആര്‍ട്ടറി (Internal spermatic artery) വരുന്നത് ഉദരത്തിന്റെ ഉപരിഭാഗത്തുനിന്ന് നട്ടെല്ലിന്റെ പിന്‍ഭാഗത്തുനിന്നാണ്. മുന്‍ഭാഗത്ത് വാരിയെല്ലുകളും ഉണ്ടാകും. അത്രയും സുരക്ഷിത കേന്ദ്രത്തില്‍ നിന്നാണ് വൃഷ്ണങ്ങള്‍ക്ക് വേണ്ട അസംസ്‌കൃത പദാര്‍ത്ഥങ്ങള്‍ ലഭിക്കുന്നത്.(374)
ഇനി ഡോക്കിന്‍സിന്റെ വികലകലയിലെ വൃഷ്ണങ്ങളില്‍ നിന്നുള്ള ബീജനാളികള്‍ ശ്രദ്ധിക്കുക. ഇടതുവൃഷ്ണത്തില്‍ നിന്ന് നേരേ ലിംഗത്തിലേക്ക് ഒരു എല്‍ബോ ഫിറ്റ് ചെയ്തുവെച്ചിരിക്കുന്നു. വലതുവൃഷ്ണത്തിന്റെ ബീജനാളി കിഡ്‌നിയില്‍ നിന്ന് മൂത്രാശയത്തിലേക്ക് വരുന്ന മൂത്രക്കുഴലില്‍ ചുറ്റി നേരേ താഴേക്ക് തൂങ്ങിക്കിടക്കുന്നു. ഇതില്‍ സെമിനല്‍ വെസിക്കലോ ബള്‍ബോത്രെല്‍ ഗ്ലാന്റോ  അവയില്‍ നിന്ന് ശുക്ലത്തിലേക്ക് ലഭിക്കുന്ന പങ്കുകളോ ഒന്നും ഇല്ല. അക്കാര്യം ഗ്രന്ഥത്തിലെവിടെയും പ്രതിപാദിക്കുന്നുമില്ല. മാത്രമല്ല അദ്ദേഹം പുതിയ ഒരു എഞ്ചിനീയറിംഗ് ഗ്രേഡിംഗും കുത്തുകളിട്ട് നല്‍കിയിട്ടുണ്ട്. ഏകദേശം വൃക്കകള്‍ക്ക് സമാന്തരമായി വൃഷ്ണങ്ങള്‍ ഫിറ്റ് ചെയ്യാനുള്ള ഒരു രൂപരേഖയാണദ്ദേഹത്തിന്റേത്. വൃഷ്ണങ്ങള്‍ അവിടെ നിന്ന് താഴ്ന്നുവന്നതാണെന്ന അറിവും അദ്ദേഹത്തിനില്ലെന്ന് സ്പഷ്ടം. ഇങ്ങനെ ഒരു രൂപാന്തരം വെറുതെ സമര്‍പ്പിക്കുന്നതിനുപകരം അദ്ദേഹത്തന് സ്വയം തന്റെ വൃഷ്ണങ്ങള്‍ ശാസ്ത്രീയതയിലൂടെ മുകളിലേക്ക് പൊക്കി തന്റെ രൂപരേഖപ്രകാരം ഫിറ്റ് ചെയ്ത തന്റെ സന്താനോല്‍പാദനശേഷിയും ലൈംഗികശേഷിയും പരീക്ഷിച്ചു വിജയിപ്പിച്ച് അക്കാര്യമെങ്കിലും ശാസ്ത്രീയമായി തെളിയിക്കാമായിരുന്നു ! പക്ഷേ അതിനൊന്നും മെനക്കെടാതെ വെറുതെ പുലമ്പിക്കൊണ്ടേയിരിക്കുന്നു.
ഈ വിവരക്കേടുകളെയെല്ലാം കൂട്ടിച്ചേര്‍ത്ത് എന്തുവിളിക്കും ?
സ്രഷ്ടാവിന്റെ സൃഷ്ടിയില്‍ ന്യൂനത കണ്ടെത്തി അതിനെ സാമാന്യ ഭാഷകള്‍ക്കപ്പുറം നാലാംകിട ഭാഷ ഉപയോഗിച്ചു കളിയാക്കുന്ന വ്യക്തിയുടെ വിവരക്കേടുകള്‍ മനസ്സിലാക്കി മുമ്പ് നാം ലൂപ് എക്‌സ്പാന്‍ഷന്‍ വാഹനകവാടമായി തെറ്റിദ്ധരിച്ച ഒരാളെക്കുറിച്ച്  ഉദാഹരണം പറഞ്ഞു. ജിറാഫിന്റെ ലാറിഞ്ജിന്‍ നാഡിയായാലും മനുഷ്യവൃഷ്ണമായാലും എന്തായാലും ഉള്‍ക്കാഴ്ചയില്ലാത്തവന്റെ ഉപരിപ്ലവ വിവരക്കേടുകളല്ലാതെ  ഇതൊക്കെ മറ്റെന്താണ് ?
ഒരെട്ടുപത്ത് വര്‍ഷം മുമ്പ് വരെ ഇതുപോലെയുള്ള ഒരു ആസൂത്രണപ്രശ്‌നമായി പരിണാമവിശ്വാസികള്‍ താങ്ങിപ്പിടിച്ചു നടന്നിരുന്ന ഒരു ശരീര ഘടകമായിരുന്നു വന്‍കുടലും ചെറുകുടലും ചേരുന്നിടത്തുള്ള അപ്പെന്‍ഡിക്‌സ് (appendix). എന്നാല്‍ ഇന്ന് അപ്പെന്‍ഡിക്‌സ് ഈ ലിസ്റ്റില്‍ നിന്നും അപ്രത്യക്ഷമായിരിക്കുന്നു. കാരണം മറ്റൊന്നുമല്ല അപ്പെന്‍ഡിക്‌സിന്റെ ധര്‍മം എന്താണെന്ന് ശാസ്ത്രലോകം കണ്ടെത്തി. മനുഷ്യന്റെ ഇമ്യൂണ്‍ സിസ്റ്റം അതിന്റെ പൂര്‍ണതയോടെ പ്രവര്‍ത്തിക്കാനും ദഹനപ്രക്രിയ ഭംഗിയായി നടക്കാനും ആവശ്യമായ ബാക്ടീരിയകള്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് അപ്പെന്‍ഡിക്‌സ് ഗ്രന്ഥിയില്‍ ആണെന്ന് മനസ്സിലായിട്ടായിരുന്നുവെങ്കില്‍(375) ഒരു പക്ഷേ ഡോക്കിന്‍സിന്റെ കൃതിയിലെ ഏറ്റവും വലിയ ആസൂത്രണരാഹിത്യമായിരുന്നേനെ അപ്പെന്‍ഡിക്‌സ് ഗ്രന്ഥി.
ഒരല്‍പം കാലം കാത്തിരുന്നാല്‍ ഒരുപക്ഷേ ഇന്ന് ഡോക്കിന്‍സ് ചൂണ്ടിക്കാട്ടിയ ഇത്തരം ഉദാഹരണങ്ങളുടെ നീണ്ടനിര സുഭിക്ഷ ശേഖരവും ഇവര്‍ അണ്ണാക്ക് തൊടാതെ വിഴുങ്ങി അജീര്‍ണം പിടിക്കുന്നത് നമുക്ക് കാണാമായിരിക്കും.
സ്രഷ്ടാവിന്റെ സൃഷ്ടിയില്‍ ന്യൂനതകള്‍ തിരഞ്ഞ് അതിനെ സഭ്യതയുടെ സകലസീമകളും കടന്ന് നാലാംകിട സംസ്‌കാരശൂന്യഭാഷയില്‍ വ്യവഹരിച്ച വ്യക്തിയുടെ വിവരക്കേടിന്റെയും വിവേകശൂന്യതയുടെയും  ആഴം നാം മനസ്സിലാക്കി. ഈ വിവരശൂന്യനെ തങ്ങളുടെ ആഗോള അപ്പോസ്തലനും മാര്‍പ്പാപ്പയും പുരോഹിതനുമായി കൊണ്ടുനടക്കുന്ന വിഭാഗത്തിന്റെ വിവരരാഹിത്യം എത്രമാത്രം ഭയാനകമാണ്. അതുല്യജൈവലോകം രൂപം നല്‍കി ആസൂത്രണം ചെയ്തു സൃഷ്ടിച്ചു പരിപാലിച്ചുകൊണ്ടിരിക്കുന്ന സ്രഷ്ടാവിന്റെ മഹത്വത്തെ പുകഴ്ത്തുന്നതിനും അവനോട് നന്ദി കാണിക്കുന്നതിനും പകരം വില കുറഞ്ഞ ഭാഷയില്‍ കളിയാക്കാന്‍ മുതിര്‍ന്ന് സ്വയം അപമാനിതനും അപഹാസ്യനും നിന്ദ്യനും വിഡ്ഡിയുമായി തീര്‍ന്ന ഡോക്കിന്‍സിയന്‍ പരിണാമത്തില്‍ സഹതപിക്കേണ്ടതുണ്ടോ, അതോ….. ?
കുറിപ്പുകള്‍
345 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ ഡി.രവിചന്ദ്രന്‍, ഡി.സി ബുക്‌സ്. പേജ് 409, 410
345 അതേ പുസ്തകം പേജ് 410
347 അതേ പുസ്തകം പേജ് 411
348 അതേ പുസ്തകം പേജ് 412
350 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 193
351 ജീവജാതികളുടെ ഉല്‍പത്തി ചാള്‍സ് ഡാര്‍വിന്‍. പരിഭാഷ പി.സുദര്‍ശനന്‍, മൈത്രി ബുക്‌സ്, തിരുവനന്തപുരം. പേജ് 202
352 അവലംബം : www.deepview.com/forums/thread/2791860
353 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 426
355 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 426-428
356 അതേ പുസ്തകം പേജ് 426
357 അതേ പുസ്തകം പേജ് 22
358 അതേ പുസ്തകം പേജ് 428
361 Human Embryology 8th Edition Inderbir singh  G.P. Pal, Macmillan Publishers, India Page 109. (MBBS Human Embryology text book)
362 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 434, 435
363
364 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 434, 435
365 അതേ പുസ്തകം പേജ് 434
366 അതേ പുസ്തകം പേജ് 439
367 അതേ പുസ്തകം പേജ് 437
368 അതേ പുസ്തകം പേജ് 437
371 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 440

No comments: