http://samvadam.nicheoftruth.info/?p=1259
അലി ചെമ്മാട്
റിച്ചാഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ
ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം
വിലയിരുത്തപ്പെടുന്നു -ഭാഗം 16
ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം ദുബൈയിലെ ‘ഖലീഫ ടവര്‍’ പരിഗണിക്കുക.
അല്ലെങ്കില്‍ മറ്റേതെങ്കിലും മനുഷ്യ നിര്‍മ്മാണങ്ങള്‍ പരിഗണിക്കുക.
ഭൗമോപരിതലത്തില്‍ ഉയര്‍ന്നുനില്‍ക്കുന്ന കെട്ടിടങ്ങള്‍ക്ക് അത്രയും ഭാരം
വഹിക്കാന്‍ ആവശ്യമായ അടിത്തറയും ഭൂമിയുടെ അകത്തേക്കിറങ്ങിച്ചെല്ലുന്ന
പൈലിംഗുകളും അടിസ്ഥാനഭാരവും എല്ലാം ആവശ്യമാണ്. സാധാരണ ഒരു ടാര്‍പോളിന്‍
ഷീറ്റ് വലിച്ചുകെട്ടുകയാണെങ്കിലും അതില്‍ പതിയുന്ന കാറ്റിനെ
പ്രതിരോധിക്കാന്‍ ആവശ്യമായ കാലുകളും കുറ്റികളും കയറുകളും ആവശ്യമാണ്. ഖലീഫ
ടവറിന്റെ നിര്‍മ്മാണത്തെയും അതിന്റെ വിശദമായ എഞ്ചിനീയറിംഗ്
വൈദഗ്ദ്ധ്യത്തെയും അതിന്റെ ഉയരത്തെയും സൗന്ദര്യത്തെയും നിര്‍മ്മാണത്തിലെ
വ്യത്യസ്ത ഘടകങ്ങളുടെ പ്രത്യേകതകളെയും ഘടകസമന്വയങ്ങളെയും സംബന്ധിച്ച്
വിശദമായി ചര്‍ച്ച ചെയ്യുന്നുവെങ്കില്‍ ആരാണെങ്കിലും അതിന്റെ അമ്പതിലേറെ
മീറ്റര്‍ ആഴത്തിലേക്കിറങ്ങിച്ചെന്ന പൈലിംഗ് ആയിരിക്കും ഏതൊരാളും ആദ്യമായി
പരിഗണിക്കുക.
ഒരു കെട്ടിടത്തെക്കുറിച്ചുള്ള പഠനത്തില്‍ അതിന്റെ പുറംമോടി കൂട്ടാന്‍
കാലാകാലങ്ങളില്‍ മാറ്റിക്കൊണ്ടിരിക്കുന്ന നിറഭേദങ്ങളെ ആരും ഗൗരവമായി
പരിഗണിക്കാറില്ല. അടിസ്ഥാനശിലകളില്ലാത്ത കെട്ടിടങ്ങളെക്കുറിച്ചുള്ള ചര്‍ച്ച
സ്വപ്‌നലോകത്ത് മാത്രം നിലനില്‍ക്കുന്ന സങ്കല്‍പവീടുകളെ സംബന്ധിച്ച
ചര്‍ച്ചകളായേ പരിഗണിക്കപ്പെടുകയുള്ളൂ.
അടിസ്ഥാനപരമായ പരിണാമവിമര്‍ശനങ്ങളില്‍ പരിഭ്രാന്തനായ ഡോകിന്‍സ്
പരിണാമവിമര്‍ശനങ്ങളെ പ്രതിരോധിക്കുക എന്ന ‘മഹത്തായ’ ലക്ഷ്യത്തോടെ(315) എഴുതിയ
ബ്രഹത്ഗ്രന്ഥവും സ്വപ്‌നലോകത്തെ സങ്കല്‍പ വീടിനെക്കുറിച്ചുള്ള ചര്‍ച്ചപോലെ
ജലരേഖയായി പരിണമിക്കുന്നു. ഈ പ്രശ്‌നം ഡോക്കിന്‍സ് മാത്രം നേരിടുന്നതല്ല.
ഡോക്കിന്‍സിനെ പകര്‍ത്തിയെഴുതുന്ന മലയാള പരിണാമസാഹിത്യകാരന്‍മാരും
പരിണാമവിശ്വാസികളും പ്രബോധകരുമടക്കം ലോകത്തുടനീളമുള്ള പരിണാമ വിശ്വാസിസമൂഹം
നേരിടുന്ന അടിസ്ഥാന പ്രശ്‌നമാണ്. എങ്കിലും ഡോക്കിന്‍സിന്റെ കൃതി
അദ്ദേഹത്തിനും അനുയായികള്‍ക്കും ആത്മസായൂജ്യം നല്‍കുന്നു എന്നത്
അവഗണിക്കാനാവില്ല.
കേരളത്തിലെ ഏതൊരു പരിണാമ പ്രചാരകനും പറയുന്നത് ജീവോല്‍പത്തി
പരിണാമത്തിനകത്തുള്ള വിഷയമല്ല, അത് മറ്റൊരു വിഷയമാണെന്നാണ്. എങ്ങനെയോ
യാദൃഛികമായുണ്ടായ ആദ്യ ജൈവകോശം (ഏകകോശം) വിഘടിപ്പ് ഒരുപാട് ഏകകോശമായും ആ
വിഘടനങ്ങള്‍ക്കിടയില്‍ എങ്ങനെയോ ദൈ്വകോശ ജീവിയായും ദശലക്ഷക്കണക്കിന്
വര്‍ഷങ്ങളിലൂടെ ബഹുകോശ ജീവിയായും പരിണമിച്ചുപരിണമിച്ച് ഇങ്ങനെ
വളര്‍ന്നുവരികയാണെന്ന അമ്മൂമ്മക്കഥയല്ലാതെ മറ്റൊരു തെളിവും ഇവര്‍ക്കില്ല.
അക്കാര്യം നാം നടേ ചര്‍ച്ച ചെയ്തിട്ടുണ്ട്.
ജീവന്റെ ആവിര്‍ഭാവത്തെക്കുറിച്ച് പരിണാമ വിശ്വാസികള്‍ ഒഴികഴിവ്
പറയുന്നുണ്ടെങ്കിലും, ഡാര്‍വിന്‍ തന്റെ സിദ്ധാന്തം അവതരിപ്പിച്ച 1850കളില്‍
ജീവന്റെ സങ്കീര്‍ണതയെക്കുറിച്ച് അദ്ദേഹം ബോധവാനായിരുന്നില്ല. 1859ല്‍
തന്റെ ജീവജാതികളുടെ ഉല്‍പത്തി പ്രസിദ്ധീകരിച്ച് ഒരു വര്‍ഷം കഴിഞ്ഞ് ലൂയി
പാസ്റ്റര്‍ അന്നത്തെ ജീവശാസ്ത്രജ്ഞരുടെ അജ്ഞത ശാസ്ത്രീയ പരീക്ഷണത്തിലൂടെ
തിരുത്തി എഴുതി. അന്നത്തെ വിശ്വാസപ്രകാരം സൂക്ഷ്മജീവികള്‍ (ബാക്ടീരിയ,
വൈറസ് തുടങ്ങിയവ) അന്തരീക്ഷത്തില്‍ തനിയെ ഉണ്ടാവുമെന്നും മാംസത്തിലും
ശവങ്ങളിലും പുഷ്പങ്ങള്‍ തന്നെ വളര്‍ന്നുവരുമെന്നുമായിരുന്നു. എന്നാല്‍
തന്റെ സ്വന്‍നെക്ക് ഫഌസ്‌ക് പരീക്ഷണത്തിലൂടെ ഈ മൂഢവിശ്വാസം പാസ്റ്റര്‍
തിരുത്തി. ഡാര്‍വിന്‍ തന്റെ വിശ്വാസം അവതരിപ്പിക്കുന്ന സമയത്ത്
അദ്ദേഹത്തിന്റെ ധാരണ ജീവന്‍ എന്നത് വളരെ ലളിതമാണെന്നായിരുന്നു. ആ ഒരു
ധാരണയില്‍ പടുത്തുയര്‍ത്തിയ പരിണാമ സിദ്ധാന്തം ഓരോ ശാസ്ത്രീയ
വളര്‍ച്ചകളിലും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടേയിരിക്കുന്നു. അതെ, ഡാര്‍വിനേറ്റ ആദ്യപ്രഹരം ലൂയി പാസ്റ്ററില്‍ നിന്നായിരുന്നു.(316)
എന്നാല്‍ 1871 ഫെബ്രുവരി 11ന് ജോസഫ് ഡാള്‍ട്ടണ്‍ ഹൂകെര്‍ക്ക്(317) എഴുതിയ
കത്തില്‍ Warm little pond എന്നൊരു പുതിയ സങ്കല്‍പം ഡാര്‍വിന്‍
അവതരിപ്പിച്ചു. ആ സങ്കല്‍പപ്രകാരം ഭൂമി ആദിമ പ്രക്ഷുബ്ധ കാലാവസ്ഥയില്‍
‘ജീവോല്‍പ്പത്തിക്ക് ആവശ്യമായ’ രാസവസ്തുക്കളായ അമോണിയ (Ammonia) ഫോസ്ഫറിക്
ഉപ്പ് (Phosphoric Salt), പ്രകാശം, താപം, വൈദ്യുതി തുടങ്ങിയവയാല്‍
സമ്പുഷ്ടമായിരുന്നു. അവിടുത്തെ ചുട്ടുപഴുത്ത പ്രത്യേക കാലാവസ്ഥയില്‍
ആദിമജീവന്‍ നിലവില്‍വന്നു എന്നാണ് ഈ സങ്കല്‍പം.
ഡോക്കിന്‍സ് ഈ സങ്കല്‍പങ്ങളെ ന്യായീകരിക്കാനുള്ള ശ്രമം വരികള്‍ക്കിടയില്‍
നടത്തുന്നുണ്ട്. ”ഡാര്‍വിന്‍ തന്നെ പരാമര്‍ശിച്ചതുപോലെ, അതീവ ലളിതമായ
തുടക്കമാണ് അതിനുണ്ടായിരുന്നത്.”(318) ഡാര്‍വിന്റെ ഊഹത്തെ തുടര്‍ന്ന്
ഇക്കാര്യം തന്നെ ഒരല്‍പംകൂടി വികസിപ്പിച്ച് അവതരിപ്പിക്കുന്നുണ്ട്
അലക്‌സാണ്ടര്‍ ഓപാരിനും (Alexander Oparin) ജെ.ബി.എസ് ഹാള്‍ഡയിനും (J.B.S
Haldane).(319) 1924ല്‍ അലക്‌സാണ്ടര്‍ ഓപാരിന്‍ അവതരിപ്പിച്ച ആദിമ സൂപ്പ്
(Primordial Soup) പരികല്‍പനയും ഹാള്‍ഡയിന്റെ ഹോട്ട് ഡൈല്യൂട്ട് സൂപ്പ്
(Hot dilute soup) ഭാവനയും ഒരേ കാലഘട്ടത്തിലാണ് പുറത്തുവന്നത്.(320)
ആദിമഭൂമിയില്‍ ജീവന്‍ നിലവില്‍ വരാന്‍ ആവശ്യമായ എല്ലാ രാസ ഭൗതിക ഘടക
പദാര്‍ത്ഥങ്ങളും നിലവിലുണ്ടായിരുന്നുവെന്നും അന്നത്തെ ഉയര്‍ന്ന താപനിലയും
നിരന്തര അഗ്നിപര്‍വത സ്‌ഫോടനങ്ങളും ഇടിമിന്നലുകളും ഇത്തരം
ഘടകപദാര്‍ത്ഥങ്ങള്‍ക്ക് വിഘടിക്കാനും സംയോജിക്കാനും രാസപ്രതിരോധ
പ്രവര്‍ത്തനങ്ങള്‍ നടക്കാനുമാവശ്യമായ ഊര്‍ജ്ജം സംഭാവന ചെയ്‌തെന്നും അതിലൂടെ
ചില ആദിമ ജൈവസംയുക്തങ്ങള്‍ ഉരുത്തിരിഞ്ഞെന്നുമുള്ള അനുമാനമാണ് ഇത്
മുന്നോട്ടുവെക്കുന്നത്.
ഇങ്ങനെ ആവശ്യമുണ്ട് എന്നുകരുതുന്ന എല്ലാ സംവിധാനങ്ങളും നിര്‍ലോഭം
അനുവദിച്ചു നല്‍കുന്ന ഇവരാരും പക്ഷേ ജീവന്റെ നിലനില്‍പ്പിന്
അത്യന്താപേക്ഷിതമായ ജീവവായുവായ ഓക്‌സിജന്റെ സാന്നിദ്ധ്യം
വകവെച്ചുകൊടുക്കുന്നില്ല. എന്നുമാത്രമാല്ല ആ സാഹചര്യത്തില്‍ ഓക്‌സിജന്‍
നിലവില്‍ ഉണ്ടായിരുന്നില്ല എന്നുകൂടി ഉദ്‌ഘോഷിക്കാന്‍ പിശുക്കൊന്നും
കാട്ടുന്നില്ല! ഈ സങ്കല്‍പങ്ങളും ഡാര്‍വിന്റെ ഹോട്ട് ലിറ്റില്‍ പോട്ട്
ചിന്തയും തമ്മില്‍ തത്ത്വത്തില്‍ വലിയ മാറ്റങ്ങളൊന്നുമില്ല. ആദിമ
അന്തരീക്ഷത്തിലെ രാസഭൗതിക സാഹചര്യത്തില്‍ ചില രാസപ്രവര്‍ത്തനങ്ങളുടെ ഫലമായി
ജീവന്റെ അടിസ്ഥാന ഘടകങ്ങളില്‍ ഉള്‍ക്കൊള്ളുന്ന ചില ഘടകങ്ങള്‍ വന്നു
എന്നതാണിതിന്റെ ആകെത്തുക.
ഈ പരികല്‍പ്പനകളെ ആധാരമാക്കിയാണ് സ്റ്റാന്‍ലി മില്ലറും (Stanly Miller)
ഹറോള്‍ഡ് യൂറെയും (Harold Urey) ചേര്‍ന്ന് 1952ല്‍ ചിക്കാഗോ
യൂണിവേഴ്‌സിറ്റിയില്‍ വെച്ച് നടത്തിയ പരീക്ഷണം. ഒരു പ്രത്യേക ഫഌസ്‌കില്‍
കാര്‍ബണ്‍ ഡയോക്‌സൈഡ് (Carbon dioxide – CO2), നൈട്രജന്‍ (Nitrogen – N2),
ഹൈഡ്രജന്‍ സള്‍ഫൈഡ് (Hydrogen Sulphide – H2S), സള്‍ഫര്‍ ഡയോക്‌സൈഡ്
(Sulfur dioxide – SO2), നീരാവി തുടങ്ങിയവ ചില അനുപാതങ്ങളില്‍ പകര്‍ന്ന്
അതിലേക്ക് വൈദ്യുതി കടത്തിവിട്ട് മിന്നലിന്റെ
പ്രതീതിയുണ്ടാക്കാന്‍
സ്പാര്‍ക്കിങ്ങും നടത്തിയ പരീക്ഷണത്തില്‍ കോശങ്ങളില്‍ കാണുന്ന ചില അമിനോ
ആസിഡ് തന്മാത്രകള്‍ കാണാന്‍ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍
വന്നത്.(321) ഇത് ജീവോല്‍പ്പത്തിയുടെ ആധാരമായി നമ്മുടെ സ്‌ക്കൂള്‍
കുട്ടികള്‍ പഠിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു.
മില്ലറുടെ പരീക്ഷണത്തിന് ഇന്ന് ശാസ്ത്രലോകത്ത് അംഗീകാരമില്ല എന്നതിന്
പ്രധാനാകാരണം ഈ പരീക്ഷണത്തിന് മുന്നോടിയായ പരികല്‍പനക്ക് നിലനില്‍ക്കാന്‍
അര്‍ഹതയില്ല എന്നതാണ്. മറ്റൊന്ന,് മില്ലറും ഹാള്‍ഡയിനും ഓപാരിനും വിഭാവനം
ചെയ്ത കാലാവസ്ഥയായിരുന്നു പ്രാഥമിക ഭൂമിയില്‍ നിലനിന്നിരുന്നത് എന്നത് ഒരു
തെളിവും അടിസ്ഥാനവുമില്ലാത്ത വെറും വിശ്വാസം മാത്രമാണ്. മറ്റൊന്ന് അമിനോ
അമ്ലങ്ങള്‍ ക്കുള്ളില്‍ നിന്ന് ആര്‍.എന്‍.എയിലേക്കും ഡി.എന്‍.എയിലേക്കും
ക്രോമോസോമിലേക്കും കോശകേന്ദ്രത്തിലേക്കും അത് എല്ലാം തികഞ്ഞ ഒരു ഏക
കോശത്തിലേക്കും എത്തുന്നതുവരെ അനവധി നിരവധി അതിലളിത, അതിസങ്കീര്‍ണ
രൂപമാറ്റങ്ങള്‍ എങ്ങനെ നടന്നു എന്നതിനെക്കുറിച്ച് ഒരു പരികല്‍പനയെങ്കിലും
അവതരിപ്പിക്കാന്‍ അതിന്റെ വക്താക്കള്‍ക്ക് ഇന്നുവരെ സാധിച്ചിട്ടില്ല.
നമുക്ക് ഡാര്‍വിനിലേക്കും ഡോക്കിന്‍സിലേക്കും തിരിച്ചുപോകാം. 1871ല്‍
ഡാര്‍വിന്‍ ഹൂക്കര്‍ക്കെഴുതിയ കത്ത് ഡോക്കിന്‍സ് ഉദ്ധരിക്കുന്നു: ”സ്ലൈം
(slime), പ്രോട്ടോ പ്ലാസം മുതലായവ ഒരു പുതിയ ജീവിയെ
സൃഷ്ടിച്ചിരിക്കുന്നതെങ്ങനെയെന്ന് നാം കണ്ടറിയുന്നതിന് കുറേക്കാലം
പിടിക്കും എന്ന് അദ്ദേഹം എഴുതി. തന്റെ പിതാവിന്റെ കത്തുകള്‍ പ്രസിദ്ധം
ചെയ്ത ഗ്രന്ഥത്തില്‍ ഈ കാലഘട്ടത്തിയപ്പോള്‍ ഡാര്‍വിന്റെ മകനായ ഫ്രാന്‍സിസ്
ഡാര്‍വിന്‍ നമ്മോട് പറയുന്നതാണിത്: ‘സമാനമായ വിഷയത്തില്‍ എന്റെ പിതാവ്
1871ല്‍ ഇപ്രകാരം എഴുതി. ‘ആദ്യജീവിയെ സൃഷ്ടിക്കാനാവശ്യമായ
സര്‍വസാഹചര്യങ്ങളും ഇപ്പോഴും ലഭ്യമാണെങ്കില്‍ എക്കാലത്തും അത്തരമൊരവസ്ഥ
ഉണ്ടായിരിക്കാം എന്നൊരു അഭിപ്രായം പരക്കെ ഉയരാറുണ്ട്. പക്ഷേ എല്ലാത്തരം
അമോണിയ, ഫോസ്ഫറിക്‌സാള്‍ട്ട്, പ്രകാശം, താപം, വൈദ്യുതി
മുതലായവലഭ്യമായിട്ടുള്ള ഊഷ്മളതയുള്ള ചെറിയ കുളത്തില്‍
രാസപ്രവര്‍ത്തനത്തിന്റെ ഫലമായി ഒരു പ്രോട്ടീന്‍ സംയുക്തം ഉണ്ടാവുകയും അത്
കൂടുതല്‍ സങ്കീര്‍ണമായ മാറ്റങ്ങള്‍ക്ക് തയ്യാറായിരിക്കുകയും ചെയ്യുമെന്ന്
നമുക്ക് വിഭാവനം ചെയ്യാനാവുമെങ്കില്‍ അത്തരമൊരു കുളത്തില്‍
ജീവോല്‍പത്തിക്ക് അനുയോജ്യമായ ദ്രവ്യം ഇന്നത്തെ സാഹചര്യത്തില്‍
ആയിരുന്നുവെങ്കില്‍ തല്‍ക്ഷണം ആഹരിക്കപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ
(‘Instantly devoured or absorbed’) ചെയ്യുമായിരുന്നു. എന്നാല്‍ ജീവന്‍
ഉണ്ടാകുന്നതിന് മുന്‍പുള്ള സാഹചര്യത്തില്‍ ഇതായിരുന്നില്ല അവസ്ഥ.”(322)
കോശങ്ങളിലെ നിരവധി രാസവസ്തുക്കളില്‍ ഒന്നായ പ്രോട്ടീന്‍ ഒരു പക്ഷേ
ഡാര്‍വിന്റെ മാന്തികക്കുളത്തില്‍ ഉണ്ടായിക്കിട്ടിയാലും അത്്
നിലനില്‍ക്കാനുള്ള സാധ്യത വളരെ വളരെ വിരളമാണ്. മാത്രമല്ല, ഏതാനും
പ്രോട്ടീന്‍ തന്മാത്രകള്‍ വേണ്ട, യഥേഷ്ടം പ്രോട്ടീന്‍ തന്മാത്രകള്‍ ഒരു
തകരാറും സംഭവിക്കാതെ നിലനിന്നാലും അതിനെ ഒരു കോശത്തിലേക്ക്
നയിക്കണമെങ്കില്‍ അതിനുള്ള സാഹചര്യങ്ങളുംകൂടി വിശദീകരിക്കപ്പെടേണ്ടതുണ്ട്.
ഡാര്‍വിന്‍ ഊന്നിപ്പറഞ്ഞ കാര്യമാണ് ഇന്നത്തെ സാഹചര്യത്തിലായിരുന്നു ആ
പ്രോട്ടീന്‍ ഉണ്ടായിരുന്നതെങ്കില്‍ അത് നിലനില്‍ക്കുമായിരുന്നില്ല എന്നത്.
ഒപാരിനെയും ഹാള്‍ഡെയിനെയും ചര്‍ച്ച ചെയ്തശേഷം ഇക്കാര്യം
പരിഗണിക്കുന്നുണ്ട് ഡോക്കിന്‍സ്. ”ജീവന്‍ ഉത്ഭവിച്ചതെങ്ങനെയെന്ന്
കണ്ടെത്താനുള്ള ആദ്യത്തെ ഗൗരവതരമായ ശ്രമം നടത്തിയത് റഷ്യയിലും ഒപ്പാരിനും
(Oparin) സ്വതന്ത്രമായി ഇംഗ്ലണ്ടില്‍ ഹാള്‍ഡയിനും (J.B.S Haldane) ആണ്.
ജീവോല്‍പത്തിക്ക് സഹായകരമായ കാരണങ്ങളും സാഹചര്യങ്ങളും ഇപ്പോഴും
നിലനില്‍ക്കുന്നുവെന്ന വാദം നിരാകരിച്ചുകൊണ്ടാണ് ഇരുകൂട്ടരും
പരീക്ഷണമാരംഭിച്ചത്. ജീവോല്‍പത്തി കാലഘട്ടത്തിലെ ഭൗമാന്തരീക്ഷം
ഇന്നത്തേതില്‍ നിന്നും തീര്‍ത്തും ഭിന്നമായിരുന്നുവെന്ന
നിഗമനത്തിലായിരുന്നു ഒപ്പാരിനും ഹാള്‍ഡയിനും ആദ്യമേ എത്തിച്ചേര്‍ന്നത്.
പ്രത്യേകിച്ചും അന്ന് സ്വതന്ത്ര ഓക്‌സിജന്‍ ലഭ്യമായിരുന്നില്ലെന്ന
കാര്യത്തില്‍. അങ്ങനെ, രസതന്ത്രം നിഗൂഢമായ രീതിയില്‍ വിവരിക്കുന്നതുപോലെ
അത് ഒരു ‘നിരോക്‌സീരണ അന്തരീക്ഷ’മായിരുന്നു (Reducing Atmosphare)
അന്നുണ്ടായിരുന്നത്. ഇന്ന് അന്തരീക്ഷത്തില്‍ ലഭ്യമായ മുഴുവന്‍ ഓക്‌സിജനും
ജീവന്റെ, വിശേഷിച്ചും സസ്യങ്ങളുടെ, സംഭാവനയാണെന്ന് നമുക്കറിയാം. എന്നാല്‍
സസ്യങ്ങള്‍ ഉണ്ടായിരിക്കുകയെന്നത് ജീവന്‍ ഉണ്ടായിരുന്നതിന് മുന്‍പ്
നിലവിലുണ്ടായിരുന്ന ഒരു സാഹചര്യമല്ലെന്ന് വളരെ സ്പഷ്ടമാണല്ലോ. ഓക്‌സിജന്‍
ഒരു മാലിന്യമായാണ് (Pollutant) അന്തരീക്ഷത്തില്‍ എത്തിപ്പെട്ടത്.
അതല്ലെങ്കില്‍ അന്നത്തെ സാഹചര്യമനുസരിച്ച് വിഷം (Poison) എന്നുവേണമെങ്കിലും
അതിനെ വിശേഷിപ്പിക്കാം. പ്രകൃതി നിര്‍ധാരണം ജൈവരൂപങ്ങളെ അതിന്റെ
അടിസ്ഥാനത്തില്‍ അതിജീവിപ്പിക്കാനും അഭാവത്തില്‍ ശ്വാസം മുട്ടിക്കാനും
തുടങ്ങുന്നതുവരെ അതായിരുന്നു അവസ്ഥ. ന്യൂനീകരിക്കപ്പെടുന്ന അന്തരീക്ഷം
ജീവോല്‍പത്തി വിഷയത്തില്‍ ഏറ്റവും പ്രസിദ്ധമായ പരീക്ഷണപരമായ
കടന്നാക്രമണത്തിന് പ്രേരകമായി. സ്റ്റാന്‍ലി മില്ലറുടെ (Stanly Miller)
ഫഌസ്‌ക് നിറയെ ലളിതമായ ഘടകപദാര്‍ത്ഥങ്ങളായിരുന്നു. ആ പദാര്‍ത്ഥങ്ങള്‍
ഫഌസ്‌കില്‍ കിടന്ന് ഒരാഴ്ച പതഞ്ഞുപൊങ്ങിയപ്പോള്‍ അമിനോ അമ്ലങ്ങളും ജീവന്റെ
ധ്വജവാഹകരായ മറ്റ് പദാര്‍ത്ഥങ്ങളും നിര്‍മ്മിക്കപ്പെട്ടു.”(323)
ആദിമ ഭൂമിയിലെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍ നിര്‍മൂലനം ചെയ്ത ശേഷമാണ്
ഡാര്‍വിനും ഒപാരിനും ഹാള്‍ഡയിനും ഡോക്കിന്‍സുമടക്കം ഇന്നത്തെ പരിണാമ
പുരോഹിതന്‍മാരും
പ്രബോധകരും വിശ്വാസികളും ഒന്നടങ്കം പ്രോട്ടീനും അമിനോ ആസിഡുകളും
ഉണ്ടാക്കിയെടുക്കുന്നത്. ഓക്‌സിജന്‍ ഉണ്ടായിരുന്നില്ല എന്നതിന് ഇവരുടെ
പക്കലുള്ള തെളിവുകള്‍ എന്തൊക്കെയാണ്? ഡോകിസന്‍സ് തന്നെ പറയുന്നത് ഇത്
തെളിവുകളെക്കുറിച്ചുള്ള ഒരു പുസ്തകമാണ്(324) എന്നാണല്ലോ (പുസ്തകത്തില്‍
തെളിവുകളൊന്നും അവതരിപ്പിച്ചിട്ടില്ല എന്നത് ഇതിനോടകം നമുക്ക് ബോധ്യപ്പെട്ട
കാര്യവും!). അതുകൊണ്ടുതന്നെ ആദിമഭൂമിയിലെ അന്തരീക്ഷത്തില്‍ ഓക്‌സിജന്‍
ഉണ്ടായിരുന്നില്ല എന്നു പറയുന്നതിന് പകരം അതിനും തെളിവ് നല്‍കേണ്ടതുണ്ട്.
എന്നാല്‍ അന്നത്തെ കാലാവസ്ഥയില്‍ ഓക്‌സിജന്‍ ഉണ്ടായിരുന്നു എന്നതിന്
സൂചനകള്‍ ലഭ്യമാണ്. ആദിമഭൂമിയിലെ കാലാവസ്ഥാ രൂപീകരണത്തില്‍
ഇടിമിന്നലുകളുടേയും ഉല്‍ക്കാപതനങ്ങളുടേയും അഗ്നിപര്‍വത സ്‌ഫോടനങ്ങളുടെ
സ്വാധീനം കുറച്ചൊന്നുമായിരുന്നില്ല. ആ ബോംബറിംഗ് കാലലഘട്ടത്തില്‍ നിരന്തര
അഗ്നി പര്‍വത സ്‌ഫോടനങ്ങള്‍ നടന്നുകൊണ്ടിരുന്നു.
ആദിമഭൂമിയിലെ (450 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ്) കാലാവസ്ഥാ രൂപീകരണത്തില്‍
സോളാര്‍ നെബുലകളുടേയും അഗ്നിപര്‍വത വാതകങ്ങളുടേയും സ്വാധീനം
ചെറുതായിരുന്നില്ല.(325) അഗ്നിപര്‍വത സ്‌ഫോടനങ്ങളിലൂടെ പുറംതള്ളപ്പെടുന്ന
പദാര്‍ത്ഥങ്ങളില്‍ ഒന്ന് അഗ്നിപര്‍വത വാതകങ്ങളായ (Volcanic gases)(326)
നീരാവി (Water wapour), കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് (Carbon dioxide), സള്‍ഫര്‍
ഡയോക്‌സൈഡ് (Sulfur dioxide), ഹൈഡ്രജന്‍ സള്‍ഫൈഡ് (Hydrogen sulphide),
നൈട്രജന്‍ (Nitrogen), ആര്‍ഗണ്‍ (Argon), ഹീലിയം (Helium), നിയോണ്‍ (Neon),
മീതയ്ന്‍ (Methane), കാര്‍ബണ്‍ മോണോക്‌സൈഡ് (Carbon monoxide), ഹൈഡ്രജന്‍
(Hydrogen), ഓക്‌സിജന്‍ (Oxygen), ഹൈഡ്രജന്‍ ക്ലോറൈഡ് (Hydrogen chloride),
ഹൈഡ്രജന്‍ ഫഌറൈഡ് (Hydrogen fluride), ഹൈഡ്രജന്‍ ബ്രോമൈഡ് (Hydreogen
bromide), നൈട്രജന്‍ ഓക്‌സൈഡ് (Nytrogen oxide), സള്‍ഫര്‍ ഹെക്‌സാഫഌറൈഡ്
(Sulfer hexa fluride), കാര്‍ബൊണൈല്‍ സള്‍ഫൈഡ് (Carbonyl sulphide)
തുടങ്ങിയവ ഉള്‍ക്കൊള്ളുന്നു. അതുകൊണ്ട് ആദിമ ഭൗമാന്തരീക്ഷത്തില്‍
ഓക്‌സിജന്റെ സാന്നിധ്യം നിഷേധിക്കാന്‍ സാധ്യമല്ല.
ഭൂമിയില്‍ ആദ്യ ജീവന്‍ നിലവില്‍ വന്നിട്ട് 370 കോടി വര്‍ഷങ്ങള്‍ ആയെന്ന്
പറയുന്നു. മാത്രമല്ല, 380 കോടി വര്‍ഷങ്ങള്‍ക്കുമുന്‍പുതന്നെ ഭൂമിയില്‍ ജല
നിബിഡമായ മഹാസമുദ്രങ്ങള്‍ രൂപപ്പെട്ടിട്ടുണ്ട്.(327) ‘ജലം’ അതിന്റെ
മൂന്നില്‍ രണ്ടു ഭാഗവും ഓക്‌സിജനാണ്. രണ്ട് ഓക്‌സിജന്‍ തന്മാത്രകളും ഒരു
ഹൈഡ്രജന്‍ തന്മാത്രയും (H2O) കൂടിച്ചേര്‍ന്നാണ് ജലം ഉണ്ടാകുന്നത് എന്നത്
പ്രൈമറി തലത്തിലുള്ളവര്‍ക്ക് പോലും അറിയാവുന്ന വസ്തുതയാണ്. ഈ ജലം
വിശ്ലേഷിച്ച് ഓക്‌സിജനും, ഹൈഡ്രജനും സ്വതന്ത്രമാകാനുള്ള സാധ്യത അന്നത്തെ
കാലാവസ്ഥയില്‍ ഇന്നത്തേതിലേറെ സാധാരണമാവും. കാരണം അത്രയും വൈദ്യുത
സ്ഫുലിംഗങ്ങള്‍ സര്‍വസാധാരണമായിരുന്നു. ഇതെല്ലാം കൊണ്ടുതന്നെ അന്നത്തെ
പ്രത്യേക സാഹചര്യത്തില്‍ ഡാര്‍വിനും, ഒപാരിനും, ഹാര്‍ഡയിനും, ആധുനികരായ
പരിണാമ പ്രചാരകനും ഭയപ്പെട്ടതുപോലെ പ്രോട്ടീന്‍ തന്മാത്രകളോ, എന്‍സൈമുകളോ
നിലവില്‍ വന്നാല്‍ പോലും അവ നിലനില്‍ക്കാനുള്ള സാധ്യത പൂജ്യത്തിലും വളരെ
വളരെ താഴെ മാത്രമാണ്. ഇവര്‍ ധരിക്കുന്നതുപോലെ അങ്ങനെ ഒരു ഓര്‍ഗാനിക്
തന്മാത്ര രൂപം കൊണ്ടാല്‍ പോലും അവ ഓക്‌സീകരണത്തിന് വിധേയമായി ഉടനെ നശിക്കും
ആ ഒറ്റക്കാരണത്താലാണ് പ്രാഥമിക ഭൂമിയില്‍ ഓക്‌സിജന്‍ നിലനിന്നില്ല എന്ന
പ്രചണ്ഡപ്രചാരണം നടത്താന്‍ സര്‍വ പരിണാമപ്രഭൃതികളും സര്‍വയുധസജ്ജമായി
നില്‍ക്കുന്നത്.
ജീവോത്പത്തിയെക്കുറിച്ച് മറ്റൊരു അനുമാനം ഡോക്കിന്‍സ്
ചര്‍ച്ചയ്‌ക്കെടുത്തിട്ടുണ്ട്. ഡോക്കിന്‍സ് എഴുതുന്നു. ”ഇന്ന് ഭൂരിഭാഗം ജീവ
ശാസ്ത്രജ്ഞരും ആര്‍. എന്‍.എ ലോകസിദ്ധാന്തത്തിലേക്ക് (RNA world theory)
നീങ്ങിക്കൊണ്ടിരിക്കുകയാണ്. അതിനവര്‍ ഉന്നയിക്കുന്ന കാരണങ്ങള്‍
ചിന്തനീയമായിട്ടാണ് എനിക്കും തോന്നിയിട്ടുള്ളത.്”(328) ആര്‍.എന്‍.എ
തിയറിയെക്കുറിച്ച് പ്രതിപാദിക്കുന്നതിന് മുന്‍പ് ഡി.എന്‍.എ ,
ആര്‍.എന്‍.എയേയും എന്‍സൈം പ്രോട്ടീന്‍ തുടങ്ങിയവയെയും കുറിച്ച് അല്‍പം
വിശദമായി പറഞ്ഞ ശേഷം അദ്ദേഹം പറയുന്നു. ”ഇനി ജീവോല്‍പത്തിയെ സംബന്ധിച്ച
ആര്‍.എന്‍.എ ലോകസിദ്ധാന്തമെന്ന യഥാര്‍ത്ഥ വിഷയത്തിലെത്താം. വിവരം കൈമാറാന്‍
അനുയോജ്യമായ ഒരു രൂപഘടനയിലേക്ക് എത്തിച്ചേരുമെന്നതിനുപരിയായി
എന്‍സൈമുകളിലെ പ്രഭാവമുള്ള ത്രിമാനഘടനയിലേക്ക് സ്വയം സംഘടിക്കാനുള്ള (Self
assemble) ശേഷി കൂടി ‘കാന്തഹാരം’ പോലെ ആര്‍.എന്‍.എയ്ക്കുണ്ട്….
പ്രോട്ടീന്‍ എന്‍സൈമുകളോളം ഫലപ്രദമല്ലെങ്കിലും ആര്‍.എന്‍.എ എന്‍സൈമുകളും
നിലവിലുണ്ട്. അവയും പ്രവര്‍ത്തനശേഷിയുള്ളവ തന്നെ. ആര്‍.എന്‍.എ
ലോകസിദ്ധാന്തം വിഭാവനം ചെയ്യുന്നതെന്തെന്നാല്‍ എന്‍സൈമുകളുടെ ധര്‍മ്മം
നിര്‍വഹിക്കാന്‍ പ്രോട്ടീനുകള്‍ ആവിര്‍ഭവിക്കുന്നതുവരെ, സ്വയം പ്രജനനം
ഏറ്റെടുക്കാന്‍ ഡി.എന്‍ എ ആഗതമാകുന്നതുവരെ ജീവന്റെ കോട്ട കാക്കാനുള്ള ശേഷി
ആര്‍.എന്‍.എയ്ക്ക് ഉണ്ടെന്നാണ്. ആര്‍.എന്‍ എ ലോകസിദ്ധാന്തം എനിക്ക്
യുക്തിസഹമായി തോന്നുന്നു. ശതകോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് പ്രകൃതി
നിര്‍ധാരണത്തിന് പ്രവര്‍ത്തനം തുടങ്ങാന്‍ സഹായകരമായ സാഹചര്യങ്ങള്‍
സൃഷ്ടിക്കാനായി സംജാതമായ അവസ്ഥ ഏതാനും ദശകങ്ങള്‍ക്കുള്ളില്‍ തന്നെ
പരീക്ഷണശാലകളില്‍ കൃത്രിമമായി പുനരാവിഷ്‌കരിക്കാന്‍ രസതന്ത്രജ്ഞര്‍ക്ക്
കഴിവുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.”(329)
ആര്‍.എന്‍.എ ലോകസിദ്ധാന്തം ഡാര്‍വിന്റെ മാന്ത്രികകുളവുമായും ഓപാരിന്റെയും
ഹാള്‍ഡയിന്റേയും പ്രാഥമിക സമുദ്ര ഊഹങ്ങളുമായും താരതമ്യം ചെയ്താല്‍
നിലനില്‍ക്കാന്‍ ഒട്ടും ശേഷിയില്ലാത്ത, പ്രകൃതി നിര്‍ധാരണ നിയമമനുസരിച്ച്
എന്നോ ഉന്മൂലനം ചെയ്യേണ്ട കേവല ഭാവന മാത്രമാണ്. ഈ ഊഹം അനുസരിച്ച്
ആര്‍.എന്‍.എ എങ്ങനെ നിലവില്‍ വന്നു എന്ന് പറയുന്നില്ല. പരിണാമ പ്രസാധകര്‍
‘ജീവന്‍ എങ്ങനെ നിലവില്‍ വന്നു എന്നത് ഞങ്ങള്‍ക്കറിയില്ല; അതുകൊണ്ട് ജീവന്‍
പരിണാമവിഷയമല്ല’ എന്ന് നിര്‍ലജ്ജം ഇപ്പോള്‍ പറയുന്നതുപോലെ ‘ആര്‍.എന്‍.എ
എങ്ങനെ നിലവില്‍ വന്നു എന്നത് ഞങ്ങളുടെ വിഷയമല്ല; നിലവില്‍ വന്ന
ആര്‍.എന്‍.എ എങ്ങനെ പതിപ്പുകള്‍ എടുത്തു എന്നത് മാത്രമാണ് ഞങ്ങളുടെ
വിഷയ’മെന്ന് ആര്‍.എന്‍.എ ലോകത്തിന്റെ വക്താക്കളും ഒഴിഞ്ഞുമാറുന്നത് കൂടി
കാണാന്‍ നാം നിര്‍ബന്ധിതരാകുന്ന കാലം അതിവിദൂരമല്ല. എന്നാലും ഇവരുടെ
ചിലഭാവനാ സൃഷ്ടികള്‍ പഠിക്കാന്‍ നമ്മുടെ കുട്ടികളും പഠിപ്പിക്കാന്‍ നമ്മുടെ
വിദ്യാഭ്യാസ സംവിധാനങ്ങളും നിര്‍ബന്ധിതരാകും!
ഭൂമിയിലെ ജീവോല്‍പത്തിയെ സംബന്ധിച്ച് മറ്റൊരു പ്രമുഖ സങ്കല്പം
പാന്‍സ്‌പെര്‍മിയ (Panspermia)യാണ്. പാന്‍സ്‌പെര്‍മിയ ചിന്താഗതി പറയുന്നത്
ജീവന്‍ ഭൂമിയില്‍ നിലവില്‍ വന്നിട്ടില്ല, പകരം പ്രപഞ്ചത്തിലെ മറ്റ്
ഗ്രഹങ്ങളില്‍ നിന്ന് പ്രത്യേകിച്ച് ചൊവ്വയില്‍ നിന്ന് പതിച്ച
ഉല്‍ക്കകളിലൂടെയും ശിലകളിലൂടേയും ഇവിടെ എത്തി വികസിച്ചിട്ടുള്ളതാണ്
എന്നാണ്. ഇതിനും ശാസ്ത്രീയമായ തെളിവുകളുടെ പിന്‍ബലമില്ല. എങ്കിലും
ഭൂരിപക്ഷം പേരും അങ്ങനെ വിശ്വസിക്കുന്നു.(330)
ഇവ കൂടാതെ അപ്രസക്തങ്ങളായ ഏതാനും ഉപകഥകള്‍ കൂടി ഭൂമിയിലെ ജീവോല്‍പത്തിയെക്കുറിച്ച് പരിണാമ വിശ്വാസികള്‍ പറഞ്ഞുകൊണ്ടിരിക്കുന്നുണ്ട്.
അവയെക്കൂടി സംക്ഷിപ്തമായി പരിചയപ്പെടാം. ലളിതതുടക്കം (Simple Begining): പേര് പോലെ തന്നെ ജീവനെന്ന പ്രതിഭാസത്തെ
നിസ്സാരവല്‍ക്കരിക്കുന്ന ഒരു ചിന്താഗതിയാണ്. കുറെ രാസപദാര്‍ത്ഥങ്ങള്‍
കൂടിക്കിടന്നു; അവ പരസ്പരം പ്രവര്‍ത്തിച്ചതിന്റെ ഫലമായി ആദ്യജീവഘടകം
ഉണ്ടായി എന്നതാണിതിന്റെ ആകെത്തുക.(331)
ചില്ലി സ്റ്റാര്‍ട്ട് (Chilly Start) : ഏതാണ്ട് മുന്നൂറ് കോടി
വര്‍ഷങ്ങള്‍ക്ക് മുമ്പ് സമുദ്രം നൂറ് കണക്കിന് അടി കട്ടിയുള്ള ഐസ്
പാളികളാല്‍ മൂടപ്പെട്ടിരുന്നു. അതുകൊണ്ട് സമുദ്ര ജലത്തിലെ ജൈവഘടകങ്ങളെല്ലാം
അള്‍ട്രാവയലറ്റ് കോസ്മിക് കിരണങ്ങളില്‍ നിന്നും സംരക്ഷിക്കപ്പെടുകയും ആ
ജൈവ ഘടകങ്ങള്‍ അനുകൂല സാഹചര്യങ്ങളില്‍ വളര്‍ന്ന് വലുതായി പടര്‍ന്ന്
പന്തലിച്ച് ഇന്നത്തെ ജൈവ വൈവിധ്യങ്ങളെല്ലാം നിലവില്‍ വരികയും ചെയ്തു.(332)
ഡീപ്പ് സീ വെന്റ് (Deep Sea Vent) : ആഴക്കടലിലെ അത്യുഷ്ണ ജലപ്രവാഹങ്ങളില്‍ ജീവന്റെ ആദ്യ തന്മാത്രകള്‍ നിലവില്‍ വന്നു.(333)
കളിമണ്‍ സിദ്ധാന്തം (Clay Crystal Theory): അന്യ ജീവഘടകം ഏതോ
പാറക്കഷ്ണത്തിലാണ് ഉണ്ടായതെന്ന് പറയുന്നു. ഇതിന്റെ ഉപജ്ഞാതാവ് ഗ്രഹാം
കെയിന്‍സ് സ്മിത്ത് (Graham Cairsns Smith) ആണ്.(334)
വൈദ്യൂത സ്ഫുരണം (Electric Spark): ഇത് നേരത്തെ പരിചയപ്പെട്ട
കുപ്രസിദ്ധമായ സ്റ്റാന്‍ലി മില്ലര്‍ പരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍
ഊഹിച്ചെടുത്ത ചിന്തയാണ്.(335)
ഇത്രയുമൊക്കെയാണ് ഭൂമിയിലെ ജീവന്റെ ആവിര്‍ഭാവത്തെക്കുറിച്ച്
പറയപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇതിനൊന്നും തന്നെ ചിലരുടെ
വിശ്വാസങ്ങളെന്നതിലുപരി യാതൊരു ശാസ്ത്രീയാടിത്തറയുമില്ല.
ഇക്കാര്യത്തെക്കുറിച്ച് ഡാര്‍വിനും ഡോക്കിന്‍സും ബോധവാന്‍മാരാണ്.
ഡോക്കിന്‍സ് തന്റെ ഗ്രന്ഥത്തില്‍ ഡാര്‍വിനെ ഉദ്ധരിക്കുന്നു.
”പരിണാമം ആരംഭിച്ചതെങ്ങനെ എന്നതിനെക്കുറിച്ച് ഒറിജിന്‍ ഓഫ് സ്പീഷിസില്‍
ഡാര്‍വിന്‍ ചര്‍ച്ച ചെയ്തിട്ടില്ല. തന്റെ കാലത്തെ ശാസ്ത്രത്തിന് ഉത്തരം
നല്‍കാനാവുന്നതിനുപരിയായ ഒരു ചോദ്യമായിട്ടാണ് അദ്ദേഹമത് കരുതിയത്. ഞാന്‍
മുമ്പ് പരാമര്‍ശിച്ച ഹൂക്കര്‍ക്കെഴുതിയ കത്തില്‍ ഡാര്‍വിന്‍ ഇപ്രകാരം
തുടരുന്നുണ്ട്. ഇപ്പോള്‍ ജീവന്റെ ഉത്ഭവത്തെക്കറിച്ച് ചിന്തിക്കുന്നത്
വിഡ്ഢിത്തമായിരിക്കും, ദ്രവ്യത്തിന്റെ ഉത്ഭവത്തെക്കുറിച്ചാണ് ഇപ്പോള്‍
ചിന്തിേേക്കണ്ടത്.”(336) ഡാര്‍വിന്‍ തന്റെ മാന്ത്രിക കുളം അവതരിപ്പിച്ച അതേ
കത്തില്‍ തന്നെയാണ് ഈ വചനങ്ങളും കുറിച്ചിട്ടുള്ളത്. മാത്രമല്ല, ഡാര്‍വിന്‍
തന്റെ ജീവജാതികളുടെ ഉല്‍പത്തി എന്ന ഗ്രന്ഥത്തിലും ജീവന്‍ സ്രഷ്ടാവിനാല്‍
സന്നിവേശിപ്പിച്ചു(337) എന്ന് പറയുന്നതു കാണാം.
നമുക്കൊരിക്കല്‍ക്കൂടി ഡോക്കിന്‍സിലേയ്ക്ക് മടങ്ങാം. ”ഒരിക്കല്‍
ആരംഭിച്ചതിനുശേഷം പരിണാമം ഏങ്ങനെയാണ് പ്രവര്‍ത്തിച്ചതെന്നതിനെ പറ്റി
ഒരുപാട് കാര്യങ്ങള്‍ നാം ഇതിനകം അറിഞ്ഞിട്ടുണ്ട്; ഡാര്‍വിന്
അറിയമായിരുന്നതിലും വളരെയേറെ. എന്നാല്‍ ആദ്യമായി തുടക്കമിട്ടതെങ്ങനെ എന്ന
കാര്യത്തില്‍ ഡാര്‍വിന് അറിയാമായിരുന്നതിലും കൂടുതലൊന്നും ഇപ്പോഴും
നമുക്കറിയില്ല… ഈ ഗ്രഹത്തില്‍ ജൈവപരിണാമത്തിന് തുടക്കമിട്ട സംഭവ ബഹുലമായ ആ
ചരിത്രമുഹൂര്‍ത്തങ്ങളെക്കുറിച്ചുള്ള കൃത്യമായ തെളിവുകളൊന്നും നമ്മുടെ പക്കലില്ല.”(338)
എന്താണ് ഇനി നാം പറയേണ്ടത്? ഈ ഒരൊറ്റ വാചകം ഡോക്കിന്‍സിന്റെ ഗ്രന്ഥത്തിന്റെ
മൊത്തം ഖണ്ഡനമാണ്. കൂടുതല്‍ വിശദീകരണങ്ങളോ വ്യാഖ്യാനങ്ങളോ ആവശ്യമില്ലാത്ത
അതിശക്തമായ ഖണ്ഡനം. ഈ ഗ്രന്ഥത്തിന്റെ പേര് ഭൂമിയിലെ ഏറ്റവും മഹത്തായ
ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ എന്നു തന്നെയല്ലേ?
ഡോക്കിന്‍സ് പരിമാണത്തിന് തെളിവില്ല എന്നു പറഞ്ഞ ശേഷം വാചാലനാകുന്നു.
‘ഡാര്‍വിന്റെ ഊഷ്മളമായി ചെറിയ കുളവും അതില്‍ നിന്ന് പ്രചോദനം
ഉള്‍ക്കൊണ്ട് കൊണ്ട് മില്ലര്‍ തയ്യാറാക്കിയ മാന്ത്രിക സൂപ്പും ജീവന്റെ
ആമുഖമായി മറ്റു ചില ബദല്‍ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെക്കാനുള്ള
ശ്രമത്തിന്റെ ഭാഗമായി ഇക്കാലത്ത് നിരാകരിക്കപ്പെടാറുണ്ട്.
പ്രതീക്ഷയുണര്‍ത്തുന്ന മറ്റു ചില ബദല്‍ നിര്‍ദ്ദേശങ്ങളും ആശയങ്ങളും
അവതരിപ്പിക്കപ്പെട്ടിട്ടുമുണ്ട്. പക്ഷെ, ഏതെങ്കിലും ഒന്ന് തീര്‍ച്ചപ്പെടുത്താന്‍ സഹായകരമായ തെളിവുകള്‍ ലഭ്യമല്ല താനും.(339)
അതേ, ഭൂമിയില്‍ ജീവന്‍ എങ്ങനെ നിലവില്‍ വന്നു എന്ന കാര്യം ആര്‍ക്കും
അറിയില്ല. ജീവന്റെ ഉല്‍ഭവത്തെക്കുറിച്ചോ പരിണാമത്തിന്റെ പോലും തുടക്കത്തെ
സംബന്ധിച്ചോ യാതൊരു എത്തും പിടിയും ഇല്ലാതെ ബാല്യത്തില്‍
വിഭ്രാന്തികള്‍ക്കടിമപ്പെട്ട(340) ഡോക്കിന്‍സ് പക്ഷേ ഗ്രന്ഥത്തിന്റെ
മുഖവുരയില്‍ നടത്തിയ അവകാശവാദം കാണുക. ”ഏന്റെ ഏറ്റവും വലിയ ഗ്രന്ഥമായ ദി
ആന്‍സെസ്റ്റേഴ്‌സ് ടെയില്‍ (Ancestor’s tale) ജീവന്റെ ചരിത്രം മുഴുവന്‍
വിശദീകരിക്കുന്നുണ്ട്.”(341)
തുടക്കത്തില്‍ ജീവന്റെ സര്‍വസംഗതികളും ചരിത്രവും താന്‍ വിശദമായി
വ്യക്തമാക്കിയിട്ടുണ്ടെന്ന് അവകാശപ്പെടുക. അവസാനഭാഗത്തെത്തുമ്പോള്‍ ജീവന്റെ
തുടക്കം പോട്ടെ, പരിണാമം എന്താണെന്നുപോലും തനിക്കറിയില്ല എന്ന് പറയുക.
അദ്ദേഹത്തെക്കുറിച്ച് എന്താണ് മനസ്സിലാക്കേണ്ടത് ? ഗോഡ് ഡെല്യൂഷനില്‍ (God
Delusion) ഡോക്കിന്‍സ് തന്നെ പറയുന്നതുപോലെ ചെറുപ്പത്തില്‍ തന്നെ ബാധിച്ച
വിഭ്രാന്തി ഇപ്പോഴും അദ്ദേഹത്തില്‍ നിലനില്‍ക്കുന്നതിന്റെ(342) പ്രശ്‌നമാണോ
അതോ തന്റെ അരനൂറ്റാണ്ട് നീണ്ട പരിണാമതപസ്യകളുടെ ഫലം ഇപ്പോഴും അതിനെ
പ്രതിരോധിച്ചു നില്‍ക്കേണ്ടതില്‍ നിന്നും ഒട്ടും പുരോഗതി നേടിയിട്ടില്ല
എന്നതില്‍ നിന്നുണ്ടായ നിരാശയില്‍ നിന്നും ഉത്ഭവിച്ച മാനസിക വിഭ്രാന്തിയാണോ
ഇദ്ദേഹത്തെ ഇങ്ങനെ പറയിപ്പിക്കുന്നത് എന്ന് വ്യക്തമാക്കേണ്ടത്
യുക്തിവാദികള്‍ തന്നെയാണ്.
വരികള്‍ക്കിടയില്‍ സൃഷ്ടി എന്ന വസ്തുതയും ഡോക്കിന്‍സ് അംഗീകരിക്കുന്നുണ്ട്!
അദ്ദേഹം വ്യക്തമാക്കുന്നു. ”സ്വയംഭൂവായ ജൈവോല്‍പത്തി എന്നത് തീര്‍ത്തും
അപൂര്‍വ്വമായ ഒരു സംഭവമാണെന്ന് സ്പഷ്ടമാണ്. പക്ഷേ അതൊരിക്കല്‍
സംഭവിച്ചിട്ടുണ്ട്. യഥാര്‍ത്ഥത്തിലുള്ള സ്വയംഭൂവായ ജീവോല്‍പത്തി
പ്രകൃതിദത്തമായ ഒന്നായിട്ടാണോ അതോ അതിഭൗതികമായ ഒരു പ്രതിഭാസമായിട്ടാണോ
നിങ്ങള്‍ പരിഗണിച്ചിരുന്നത് എന്നുള്ളത് അവിടെ പ്രശ്‌നമാകുന്നില്ല.
ജീവോല്‍പ്പത്തി എത്ര അപൂര്‍വമായ ഒരു സംഭവമാണെന്ന് വളരെ താല്‍പര്യജനകമായ
വിഷയമാണ്.”(343)ജീവന്‍ സൃഷ്ടിച്ചത് ദൈവമാണെന്ന വിശ്വാസികളുടെ നിലപാട്
അംഗീകരിക്കുന്ന വാക്കുകളാണിത്. ഇക്കാര്യം പരിഭാഷകന്‍ തന്റെ മുഖവുരയിലും
വ്യക്തമാക്കുന്നുണ്ട്. ”പരിണാമസിദ്ധാന്തം ജീവോല്‍പത്തിയെ(Origin of
life)ക്കുറിച്ച് നിശബ്ദമായതിനാല്‍ ജീവന്‍ നല്‍കാന്‍ ദൈവവും പരിണമിക്കാന്‍
പ്രകൃതിയും എന്ന ഒത്തുതീര്‍പ്പ് വ്യവസ്ഥ ആധാരമാക്കി പരിണാമം സസന്തോഷം
സ്വീകരിക്കുന്നവര്‍ നിരവധിയുണ്ടെന്ന് മറക്കുന്നില്ല.”(344)
പരിഭാഷകന്‍ രവിചന്ദ്രന്‍ പറഞ്ഞ ഒത്തുതീര്‍പ്പിലേക്ക് തന്നെയല്ലേ
ഗ്രന്ഥകര്‍ത്താവ് ഡോക്കിന്‍സ് ഈ വരികളിലൂടെ ചെന്നുചേര്‍ന്നത്? ജീവസൃഷ്ടി
ദൈവവും അതിന്റെ വളര്‍ച്ചാവികാസം ദൈവം സൃഷ്ടിച്ച പ്രകൃതി
മാര്‍ഗ്ഗങ്ങളിലൂടെയും എന്ന അതിലളിത ഒത്തുതീര്‍പ്പ് ഫോര്‍മുല! പക്ഷേ ശാസ്ത്രീയ ബോധവും സൃഷ്ടിയില്‍ ഉത്തമബോധ്യവുമുള്ള വിശ്വാസികള്‍
ദൈവത്തിന്റെ കാര്യത്തിലെ ഒത്തുതീര്‍പ്പുകള്‍ക്ക് തയ്യാറല്ല. ഒരു ചെറിയ
ഉദാഹരണത്തിലൂടെ ഇക്കാര്യം വ്യക്തമാക്കാം. രണ്ടാളുകള്‍ തമ്മില്‍ തര്‍ക്കം
നടക്കുന്നു. ഒരാള്‍ പറയുന്നു അഞ്ചും അഞ്ചും പത്താണ് എന്ന്. അടുത്തയാളുടെ
അവകാശവാദം അഞ്ചും അഞ്ചും എട്ടാണെന്നാണ്. ഒരു മധ്യസ്ഥന്‍ ഇടപെട്ടു പറഞ്ഞു.
നിങ്ങള്‍ രണ്ടാളുകളും ചെറിയ വിട്ടുവീഴ്ച ചെയ്യണം. എട്ട് എന്നതും പത്ത്
എന്നതും വിട്ട് ഒന്‍പതാണെന്ന ഒരു വിട്ടുവീഴ്ചയിലൂടെ പ്രശ്‌നം പരിഹരിക്കാം.
എട്ടിന്റെയാള്‍ ഉടനെ ആ ഒത്തുതീര്‍പ്പ് ഫോര്‍മുല അംഗീകരിച്ചു. പക്ഷേ
പത്തിന്റെ വക്താവിന് അയാള്‍ പറയുന്നതുമാത്രമാണ് സത്യമെന്ന
ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ വിട്ടുവീഴ്ചക്ക് തയ്യാറാകാനാവില്ല.
പരിണാമവിശ്വാസികളുടേത് കുറേ താരതമ്യങ്ങളും കണക്കുകൂട്ടലുകളും വ്യാഖ്യാന
കസര്‍ത്തുകളുമാണെങ്കില്‍ ദൈവവിശ്വാസികളുടേത് ദൃഢബോധ്യമാണ്.
ഇവിടെ പ്രസ്താവ്യമായ കാര്യം, പ്രപഞ്ചത്തിനും അതിനകത്തും പുറത്തുമുള്ള സകല
സൃഷ്ടികള്‍ക്കും സംവിധാനങ്ങള്‍ക്കും പിന്നില്‍, ജീവനും ജീവികള്‍ക്കും
ജൈവവൈവിധ്യങ്ങള്‍ക്കും പിന്നില്‍ ഭൂമിയിലും പുറത്തുമുള്ള എല്ലാ ജൈവ
സാമ്യതകള്‍ക്കും സമാനതകള്‍ക്കും വൈരുധ്യങ്ങള്‍ക്കും വ്യത്യസ്തതകള്‍ക്കും
പിന്നില്‍ സ്രഷ്ടാവും സംരക്ഷകനും രൂപം നല്‍കുന്നവനുമായ അല്ലാഹുവിന്റെ
അസ്തിത്വം എത്ര വലിയ നിഷേധിക്കുപോലും അംഗീകരിക്കേണ്ടി വരുന്നു എന്നതത്രെ.
സര്‍വസ്തുതികളും പ്രപഞ്ചസ്രഷ്ടാവായ അല്ലാഹുവിന്.