Followers

Monday, January 20, 2014

സ്ത്രീകളുടെ പ്രവാചകന്‍


റോശ്‌ന സ്വലാഹിയ്യ

 http://samvadam.nicheoftruth.info/?p=376

ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടിയിരുന്ന അജ്ഞരും അപരിഷ്‌കൃതരുമായ അറബികളിലേയ്ക്ക് വന്ന ലോകത്തിന്റെ പ്രവാചകന്‍ -മുഹമ്മദ് നബി(സ)- സ്ത്രീകള്‍ക്കു വേണ്ടി ശബ്ദിക്കുകയും അവരുടെ അവകാശങ്ങള്‍ വകവെച്ച് നല്‍കുകയും അവരുടെ ബാധ്യതകളെ സംബന്ധിച്ച് ഉദ്‌ബോധിപ്പിക്കുകയും ചെയ്തുകൊണ്ട് സ്ത്രീകളെ സമൂഹത്തിലെ അനിവാര്യഘടകമാക്കി മാറ്റി. ”താന്‍ എന്തൊരു കുറ്റത്തിനാണ് കൊല്ലപ്പെട്ടത് എന്ന് ജീവനോടെ കുഴിച്ചുമൂടപ്പെട്ട പെണ്‍കുട്ടിയോട് (പരലോകത്തുവെച്ച്) ചോദിക്കപ്പെടുമ്പോള്‍…”(1) എന്ന് പ്രസ്താവിച്ചുകൊണ്ട് പെണ്ണിനെ ജീവിക്കാനനുവദിക്കാത്ത ക്രൂരതയെ  അധിക്ഷേപിക്കുകയും പ്രസ്തുത ക്രൂരകൃത്യം ചെയ്യുന്നവര്‍ പാരത്രിക ലോകത്ത് വിചാരണ നേരിടേണ്ടി വരുമെന്ന താക്കീത് ചെയ്യുകയും ചെയ്തു ക്വുര്‍ആന്‍. പെണ്ണിന് ജീവിക്കാനുള്ള അവകാശം പോലും നിഷേധിക്കപ്പെട്ടിരുന്ന ഒരു സമൂഹത്തിലാണ് നിങ്ങളില്‍ ‘ആണാകട്ടെ പെണ്ണാകട്ടെ, ആര്‍ സത്യവിശ്വാസിയായിക്കൊണ്ട് സല്‍പ്രവര്‍ത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണെന്നും അവരോട് ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ലെന്നും’(2) പഠിപ്പിച്ചുകൊണ്ട് ക്വുര്‍ആന്‍ പെണ്ണിന് മഹത്തരമായ സ്ഥാനം നല്‍കിയത്. 

പെണ്‍ജന്മം മ്ലേഛമായി ഗണിച്ചിരുന്ന അറേബ്യന്‍ സാഹചര്യം വിശുദ്ധ ക്വുര്‍ആന്‍ വിലയിരുത്തുന്നത് കാണുക. ”അവരില്‍ ഒരാള്‍ക്ക് ഒരു പെണ്‍കുഞ്ഞുണ്ടായ സന്തോഷവാര്‍ത്ത നല്‍കപ്പെട്ടാല്‍ കോപാകുലനായിട്ട് അവന്റെ മുഖം കറുത്തിരുണ്ടു പോകുന്നു. അവന് സന്തോഷവാര്‍ത്ത നല്‍കപ്പെട്ട ആ കാര്യത്തിലുള്ള അപമാനത്താല്‍ ആളുകളില്‍നിന്ന് അവന്‍ ഒളിച്ചുകളയുന്നു. അപമാനത്തോടെ അതിനെ വെച്ചുകൊണ്ടിരിക്കണമോ, അതല്ല അതിനെ മണ്ണില്‍ കുഴിച്ചുമൂടണമോ (എന്നതായിരിക്കും അവന്റെ ചിന്ത). ശ്രദ്ധിക്കുക: അവര്‍ എടുക്കുന്ന തീരുമാനം എത്ര മോശം!”(3) ഇത്തരത്തിലുള്ള ഒരു ജനവിഭാഗത്തോടാണ് പെണ്‍ജന്മം സന്തോഷവാര്‍ത്തയാണെന്ന് പ്രവാചകന്‍ അറിയിച്ചത്. മാതാപിതാക്കള്‍ക്ക് പടച്ചതമ്പുരാന്റെ അനുഗ്രഹം ലഭിക്കാന്‍ കാരണമാകും സ്ത്രീജന്മമെന്ന് പ്രവാചകന്‍(സ) പഠിപ്പിച്ചു: ”പെണ്‍കുട്ടികളുടെ ജനനം ഒരാള്‍ക്ക് സ്വര്‍ഗം അനിവാര്യമാക്കുകയോ അല്ലെങ്കില്‍ നരകത്തില്‍നിന്ന് അയാളെ മോചിപ്പിക്കുകയോ ചെയ്യും.”(4) 

നിഖില മേഖലകളിലും സ്ത്രീകള്‍ക്ക് അര്‍ഹമായ സ്ഥാനം നല്‍കിയ പ്രവാചകന്‍(സ), സ്ത്രീകളോട് കാരുണ്യത്തോടും സൗമ്യതയോടും കൂടി പെരുമാറുകയും അപ്രകാരം വര്‍ത്തിക്കണമെന്ന് മറ്റുള്ളവരെ ഉപദേശിക്കുകയും ചെയ്തിരുന്നു. ഒരു യാത്രാവേളയില്‍ പ്രവാചകനോടൊപ്പമുണ്ടായിരുന്ന സ്ത്രീകളുടെ ഒട്ടകത്തെ തെളിച്ചിരുന്ന അന്‍ജശ എന്നയാളോട് ”തെളിക്കുമ്പോള്‍ പളുങ്കുപാത്രങ്ങളോട് സൗമ്യത കാണിക്കുക”(5)എന്ന് പ്രവാചകന്‍(സ) ഉണര്‍ത്തിയതായി ഹദീഥുകളില്‍ കാണാം. ഇവിടെ പളുങ്കുപാത്രങ്ങള്‍ എന്നതുകൊണ്ട് ഉദ്ദേശിച്ചത് സ്ത്രീകളെയാണ്. പളുങ്കുപാത്രങ്ങള്‍ ഉടഞ്ഞുപോകാതിരിക്കാന്‍ കാണിക്കു ന്ന സൂക്ഷ്മതയോടെ സ്ത്രീകള്‍ക്ക്  പ്രയാസമാകാതെ മാത്രം ഒട്ടകത്തെ തെളിക്കാനാണ് പ്രവാചകന്‍(സ) നിര്‍ദേശിച്ചത്. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ ഒരു വാര്‍ത്തയല്ലാതായിക്കഴിഞ്ഞ ആധുനിക യുഗത്തില്‍ സ്ത്രീകളോടുള്ള മുഹമ്മദ് നബി(സ)യുടെ ഇത്തരം സമീപനങ്ങള്‍ ഇനിയും വായിക്കപ്പെടേണ്ടതുണ്ട്. 

പെണ്‍മക്കളുടെ സംരക്ഷണോത്തരവാദിത്തത്തെ സംബന്ധിച്ച മുഹമ്മദ് നബി(സ)യുടെ നിര്‍ദേശം ശ്രദ്ധിക്കുക. അവിടുന്ന് പറഞ്ഞു: ”വല്ലവനും രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചു. അവന്‍ അവരെ വളര്‍ത്തി. എങ്കില്‍ പരലോകത്ത് ഞാനും അവനും ഇപ്രകാരം വരുന്നതാണ്. ശേഷം നബി (സ) തന്റെ വിരലുകള്‍ തമ്മില്‍ യാതൊരു വിടവുമില്ലാതെ ചേര്‍ത്തുപിടിച്ചു.”(6) മറ്റൊരിക്കല്‍ നബി(സ) പറഞ്ഞു: ”ഒരാള്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടായി. എന്നിട്ട് അവളെ കുഴിച്ചുമൂടാതെ, നിന്ദിക്കാതെ, ആണ്‍കുട്ടികള്‍ക്ക് അവളെക്കാള്‍ മുന്‍ഗണന നല്‍കാതെ, വളര്‍ത്തിയാല്‍ അല്ലാഹു അയാളെ സ്വര്‍ഗത്തില്‍ പ്രവേശിപ്പിക്കുന്ന കാര്യം തീര്‍ച്ചയായി.”(7) പെണ്‍ജന്മം ശാപമായി കണ്ടിരുന്ന ഒരു സമൂഹത്തിലേക്ക് നിയോഗിതനായ പ്രവാചകന് പെണ്‍മക്കള്‍ മാത്രമേ ജീവിച്ചിരുന്നുള്ളൂ എന്നത് ശ്രദ്ധേയമാണ്. വിശുദ്ധ ക്വുര്‍ആന്‍ അക്കാര്യം എടുത്തു പറയുന്നുണ്ട്: ”മുഹമ്മദ് നിങ്ങളില്‍ ഒരു പുരുഷന്റേയും പിതാവല്ല.”(8) പെണ്‍കുട്ടികള്‍ അനുഗ്രഹമാണെന്ന് പഠിപ്പിച്ച പ്രവാചകൻ(സ) അവരെ മാന്യമായി സംരക്ഷിക്കുകയും വിദ്യാഭ്യാസം നല്‍കുകയുംവിവാഹം കഴിച്ചയക്കുകയും ചെയ്യേണ്ടതിന്റെ പ്രധാന്യത്തെപ്പറ്റി ഊന്നിപ്പറഞ്ഞിട്ടുണ്ട്. 

സ്ത്രീകള്‍ക്ക് പ്രവാചകന്‍(സ) നല്‍കിയ സ്ഥാനം എത്രത്തോളമുണ്ടെന്ന് മനസ്സിലാകണമെങ്കില്‍ മറ്റുപല സംസ്‌കാരങ്ങളും സ്ത്രീകളെ പരിഗണിച്ചിരുന്നതെങ്ങനെയെന്ന് വിലയിരുത്തേണ്ടതുണ്ട്. ”കൗമാരത്തില്‍ പിതാവിനാലും യൗവ്വനത്തില്‍ ഭര്‍ത്താവിനാലും വാര്‍ധക്യത്തില്‍ പുത്രനാലും സംരക്ഷിക്കപ്പെടുന്ന സ്ത്രീ ഒരു കാലത്തും സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല”(9) എന്നാണ് മനുസ്മൃതി പറയുന്നത്. സ്ത്രീ വിശ്വസിക്കാന്‍ കൊള്ളാത്തവളും കഴുതപ്പുലിയുടെ ഹൃദയമുള്ളവളുമാണെന്നും അവളുമായി ചങ്ങാത്തം പാടില്ലയെന്നതുമായിരുന്നു സ്ത്രീയെക്കുറിച്ച് ഋഗ്വേദ കാലത്തുണ്ടായിരുന്ന വീക്ഷണം.(10)  ”വിലക്കപ്പെട്ട കനി സ്വയം തിന്നുകയും തന്റെ ഇണയെക്കൊണ്ട് തീറ്റിക്കുകയും ചെയ്തവളാണ് സ്ത്രീ”(11) എന്നും മനുഷ്യര്‍ക്കിടയിലേക്ക് പാപം കടന്നുവരാന്‍ കാരണം സ്ത്രീയാണെന്നും പഠിപ്പിക്കുന്ന യഹൂദ-ക്രൈസ്തവ വീക്ഷണങ്ങളും സ്ത്രീകളെക്കുറിച്ച് വളരെ പ്രതിലോമകരമായ ധാരണയാണ് വെച്ചുപുലര്‍ത്തുന്നത്. അടിമകളുടെയും വളര്‍ത്തുമൃഗങ്ങളുടെയും കൂടെ ഭാര്യക്ക് സ്ഥാനം നല്‍കുന്ന(12) ക്രൈസ്തവദര്‍ശനം സ്ത്രീക്ക് നിന്ദ്യമായ സ്ഥാനമാണ് നല്‍കുന്നത്. 

സകലചൂഷണങ്ങളുടെയും അടിവേരായ സ്വകാര്യസ്വത്തിന്റെ ആവിർഭാവത്തിന്‌ കാരണം പെണ്ണാണെന്ന് പഠിപ്പിക്കുന്ന കമ്യൂണിസവും, പെണ്ണിറച്ചി തങ്ങളുടെ ഉൽപ്പന്നവിപണനതന്ത്രവും, നിസ്സാരവേദനം നൽകി ലാഭംകൊയ്യാൻ പെണ്ണിനെ അർദ്ധനഗനയാക്കി  അങ്ങാടിയിലേക്കിറക്കി അതാണ്‌ തന്റെ സ്വാതന്ത്ര്യമെന്ന മിഥ്യാധാരണ പെണ്‍മനസ്സിൽ രൂഢമൂലമാക്കാൻ മാത്രം മസ്തിഷ്കപ്രക്ഷാളനം നടത്തി വിജയിച്ച മുതലാളിത്തവും, തങ്ങളുടെ സമൂഹ്യസംവിധാനത്തിൽ പെണ്ണിന് പുല്ല് വില കൽപ്പിക്കാത്ത  പെണ്ണിനെ കേവലം ഭോഗയന്ത്രവും, പ്രസവയന്ത്രവുമായി മാത്രം കാണുന്ന.... ബലാൽസംഗങ്ങളും സ്ത്രീപീഡനങ്ങളും തങ്ങളുടെ പ്രത്യുൽപാദനപധാർത്ഥം-ശുക്ലം- പരമാവതി ഗർഭപാത്രങ്ങളിൽ പരത്താനുള്ള  പരിണാമബാധ്യതയും ഉത്തരവാദിത്തവും അവകാശവുമായി പ്രഖ്യാപിക്കുന്ന യുക്തിവാദിസംഘങ്ങളും വെറുംചിന്തകരും പെണ്ണിന് വ്യക്തിത്തവും സ്വത്വവും നൽകുമോ? എന്നിട്ടുമിവരെല്ലാം ശബ്ദമലിനീകരണം നടത്തും തങ്ങളാണ് തങ്ങളാണ് തങ്ങൾ മാത്രമാണ് സ്ത്രീ സംരക്ഷകരെന്ന്!. (ബ്ലോഗ്‌ അഡ്മിൻ)

ഇതില്‍നിന്ന് തികച്ചും വ്യത്യസ്തമാണ് ഇസ്‌ലാമിക സ്ത്രീസങ്കല്‍പത്തിന്റെ ഓരോ വിശദാംശങ്ങളും. വിവാഹം സ്ത്രീക്ക് സുരക്ഷ ഉറപ്പുവരുത്തുന്ന കരുണാകവചമായിരിക്കണമെന്ന് പ്രവാചകന്‍(സ) നിഷ്‌കര്‍ഷിച്ചു. സ്‌നേഹവും കാരുണ്യവും പരസ്പരം ചൊരിയേണ്ട പവിത്രമായ ബന്ധമാണ് മുഹമ്മദ് നബി(സ) പഠിപ്പിച്ച ഭാര്യ-ഭര്‍തൃബന്ധം.. ഭരിക്കേണ്ടവന്‍ (ഭര്‍ത്താവ്)/ഭരിക്കപ്പെടേണ്ടവള്‍ (ഭാര്യ) എന്ന വേര്‍തിരിവിന് പകരം ‘സൗജ്’(ഇണ) എന്ന മഹിതസങ്കല്‍പമാണ് പുരുഷനെക്കുറിച്ചും സ്ത്രീയെക്കുറിച്ചും ക്വുര്‍ആന്‍ മുന്നോട്ടുവെക്കുന്നത്. ”നിങ്ങള്‍ക്ക് സമാധാനപൂര്‍വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും നിങ്ങള്‍ക്കിടയില്‍ സ്‌നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ (അല്ലാഹുവിന്റെ) ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ”(13) എന്നാണ് കുടുംബജീവിതത്തെ സംബന്ധിച്ച ക്വുര്‍ആനിക കാഴ്ചപ്പാട്. തന്റെ ഭാര്യമാരോട് സ്‌നേഹവും കാരുണ്യവും ചൊരിഞ്ഞ നബി(സ) ഇതിന് പ്രായോഗിക മാതൃക നല്‍കി. ”നിങ്ങളില്‍ ഏറ്റവും ഉത്തമന്‍ ഭാര്യമാരോട് നല്ലനിലയില്‍ പെരുമാറുന്നവനാണ്”(14) എന്ന അധ്യാപനത്തോടെ പ്രവാചകന്‍(സ)  സ്ത്രീകളെ ആദരിച്ചു. ഭാര്യമാരെ സന്തോഷിപ്പിക്കാനായി അവരുമായി   പ്രവാചകന്‍(സ) വിനോദങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്ന് ഹദീഥുകളില്‍ കാണാന്‍ കഴിയും. 

ഭാര്യമാരോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന കാര്യം  അദ്ദേഹം പലവുരു പുരുഷന്‍മാരെ ഉപദേശിച്ചതായി കാണാം.”നിങ്ങളില്‍ ഉത്തമന്‍ അവരിലെ സ്ത്രീകള്‍ക്ക് നല്ലവനായ വ്യക്തിയാണ്.”(15) ”ശ്രദ്ധിക്കുക: നിങ്ങള്‍ ഭാര്യമാരോട് നല്ല നിലയില്‍ വര്‍ത്തിക്കുക. അവള്‍ നിങ്ങളുടെ അടുക്കല്‍ സൂക്ഷിച്ച മുതലാണ്….നിങ്ങളുടെ ഭാര്യമാര്‍ക്ക് നിങ്ങളില്‍ അവകാശങ്ങളുണ്ട്.”(16) ”നീ ഭക്ഷണം കഴിക്കുമ്പോള്‍ അവളെയും ഭക്ഷിപ്പിക്കുക. നീ വസ്ത്രം ധരിക്കുമ്പോള്‍ അവള്‍ക്ക് വസ്ത്രം നല്‍കുക…”(17) തുടങ്ങിയ  പ്രശസ്തമായ നബിവചനങ്ങള്‍ ഉദാഹരണം. ക്ഷമ, ദയ, സ്‌നേഹം തുടങ്ങിയ ഒട്ടനേകം അമൂല്യ ഗുണങ്ങളുടെ ഉടമയായിരുന്ന പ്രവാചകന്‍(സ) തന്റെ കുടുംബജീവിതത്തിലും അത് പുലര്‍ത്തുന്നതില്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. നബി(സ) തന്റെ ഭാര്യമാരില്‍ ഒരാളുടെ വീട്ടിലായിരിക്കെ ഭാര്യമാരില്‍ പെട്ട മറ്റൊരാള്‍ നബി (സ)ക്ക് ഒരു പാത്രത്തില്‍ കുറച്ച് ഭക്ഷണം കൊടുത്തയച്ചു. ആ സമയത്ത് അദ്ദേഹത്തിന്റെ അടുത്തുണ്ടായിരുന്ന ഭാര്യ ആ പാത്രത്തിന് ഒരു തട്ടു കൊടുക്കുകയും പാത്രം വീണ് ചിന്നിച്ചിതറുകയും ചെയ്തു. ഉടനെ നബി(സ) അതിന്റെ കഷണങ്ങളെല്ലാം ശേഖരിക്കുകയും താഴെ വീണ ഭക്ഷണം പെറുക്കിക്കൂട്ടുകയും ചെയ്തു. എന്നിട്ടദ്ദേഹം ഇപ്രകാരം പറഞ്ഞു: നിങ്ങളുടെ ഉമ്മാക്ക് ദേഷ്യം പിടിച്ചിരിക്കുന്നു. ശേഷം അതുപോലെയുള്ള ആ വീട്ടിലെ ഒരു പാത്രം ഭൃത്യന്റെ കയ്യില്‍ തിരിച്ചുകൊടുത്തയക്കുകയും പൊട്ടിയ കഷണങ്ങള്‍ പൊട്ടിച്ചവളുടെ വീട്ടില്‍ വെക്കുകയും ചെയ്തു.(18) ഇത്തരത്തിലുള്ള മനഃശാസ്ത്രപരമായ സമീപനങ്ങളിലൂടെ നല്ലൊരു ഭര്‍ത്താവ് എങ്ങനെയായിരിക്കണമെന്ന് പ്രവാചകന്‍ കാണിച്ചുതരുന്നു. 

ഭാര്യമാരോടൊന്നിച്ചിരിക്കാനും സംസാരിക്കാനും കളിതമാശകള്‍ പറയാനും നബി(സ) സമയം കണ്ടെത്തിയിരുന്നു. വീട്ടുജോലികളില്‍ ഭാര്യമാരെ സഹായിക്കുക(19), അവരുടെ ഇഷ്ടങ്ങള്‍ സാധിച്ചു നല്‍കുക, അവരുടെ പരിഭവങ്ങള്‍ പരിഗണിക്കുക തുടങ്ങിയ കാര്യങ്ങളിലെല്ലാം പ്രവാചകന്‍(സ) അതീവ ശ്രദ്ധാലുവായിരുന്നു. അധികാരമനോഭാവം മാത്രം വെച്ചുപുലര്‍ത്തുന്ന സ്വേഛാധിപതികളായ ഭര്‍ത്താക്കന്‍മാര്‍ക്ക് പ്രവാചകന്റെ ഭാര്യമാരോടുള്ള സമീപനങ്ങള്‍ മാതൃകയാണ്. 

മാതാവ് എന്ന നിലയിലും വളരെ ആദരണീയമായ സ്ഥാനമാണ് പ്രവാചകന്റെ അധ്യാപനങ്ങളില്‍ സ്ത്രീകള്‍ക്ക് നല്‍കിയിട്ടുള്ളത്. മാതാപിതാക്കള്‍ക്ക് നന്മ ചെയ്യണമെന്നും(20) അവരോട് കയര്‍ത്ത് സംസാരിക്കരുതെന്നും മാന്യമായ വാക്ക് പറയണമെന്നും കാരുണ്യവും എളിമയും കാണിക്കണമെന്നും അവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കണമെന്നും(21) പഠിപ്പിക്കുന്ന വിശുദ്ധ ക്വുര്‍ആന്‍ കഷ്ട-നഷ്ടങ്ങള്‍ സഹിച്ച് മാതാവാണ് ഗര്‍ഭം ചുമന്നതെന്നും പ്രസവിച്ചതെന്നും മുലപ്പാല്‍ നല്‍കി പരിപാലിച്ചതെന്നും(22) എടുത്തുപറയുന്നുണ്ട്. പ്രവാചക സന്നിധിയിലേക്ക് ഒരാള്‍ വന്നുകൊണ്ട് ചോദിച്ചു: ”അല്ലാഹുവിന്റെ ദൂതരേ, എന്റെ നല്ല സഹവാസം ലഭിക്കാന്‍ കൂടുതല്‍ അവകാശം ആര്‍ക്കാണ്? നബി(സ) പറഞ്ഞു: ”നിന്റെ മാതാവിന്.” അയാള്‍: ”പിന്നെയാര്‍ക്കാണ്?” നബി(സ): ”നിന്റെ മാതാവിന്.” അയാള്‍: ”പിന്നെയാര്‍ക്കാണ്?”  ”നിന്റെ പിതാവിന്.”(23) ആദ്യ മൂന്നുതവണയും മാതാവിനോട് ആദരവ് പ്രകടിപ്പിക്കാന്‍  ഉപദേശിച്ച നബി(സ) ഉമ്മ എന്ന നിലയിലുള്ള സ്ഥാനത്തിന്റെ മഹത്വം ഉയര്‍ത്തുകയാണ് ചെയ്തത്. പതിനെട്ടാം നൂറ്റാണ്ടിന് മുമ്പ് എഴുതപ്പെട്ട ധര്‍മശാസ്ത്ര ഗ്രന്ഥങ്ങളിലൊന്നും തന്നെ സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച ചര്‍ച്ചകള്‍ കാണാന്‍ കഴിയില്ല. പുരോഗമനത്തിന്റെ കുത്തകാവകാശം ജന്മസിദ്ധമായി കരുതുന്ന യൂറോപ്യന്‍ നാടുകളില്‍ പോലും സ്ത്രീകള്‍ക്ക് സ്വന്തമായി സമ്പാദിക്കുവാന്‍ അവകാശം ലഭിക്കുന്നത് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയിലാണ്. എന്നാല്‍ ആയിരത്തിനാനൂറ് വര്‍ഷങ്ങള്‍ക്കുമുമ്പ് സ്ത്രീകളുടെ സാമ്പത്തിക അവകാശങ്ങളെക്കുറിച്ച് സംസാരിച്ച പ്രവാചകന്‍(സ) വിശുദ്ധ ക്വുര്‍ആന്‍കൊണ്ട് ലോകത്തോട് സംവദിക്കുന്നത് നോക്കുക: ”പുരുഷന്‍മാര്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുണ്ട്. സ്ത്രീകള്‍ സമ്പാദിച്ചുണ്ടാക്കിയതിന്റെ ഓഹരി അവര്‍ക്കുമുണ്ട്.”(24)  സ്ത്രീക്ക് സ്വന്തമായി സമ്പാദിക്കാന്‍ അവകാശം നല്‍കുന്ന ക്വുര്‍ആന്‍ അവളുടെ അനുമതിയില്ലാതെ സ്വന്തം ഭര്‍ത്താവിനെപോലും അതില്‍നിന്ന് എടുക്കുവാനോ ചെലവഴിക്കുവാനോ അനുവദിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. 

സ്ത്രീകള്‍ തന്നെ പുരുഷന്റെ സ്വത്തായി ഗണിക്കപ്പെട്ടിരുന്ന പുരോഹിത മതസങ്കല്‍പങ്ങളില്‍ സ്ത്രീകള്‍ക്ക് അനന്തരാവകാശമുണ്ടോ എന്ന ചോദ്യം തന്നെ അപ്രസക്തമാണ്. സ്ത്രീകളുടെ അനന്തരാവകാശത്തെ സംബന്ധിച്ച് പൗരാണിക മതഗ്രന്ഥങ്ങളൊന്നും തന്നെ പ്രതിപാദിക്കുന്നില്ല എന്നതാണ് വസ്തുത. എന്നാല്‍ മുഹമ്മദ് നബി(സയിലൂടെ അവതീര്‍ണമായ വിശുദ്ധ ക്വുര്‍ആന്‍ സ്വത്തവകാശത്തെപ്പോലെ തന്നെ അനനന്തരാവകാശത്തിന്റെ വിഷയത്തിലും സ്ത്രീകളെ പരിഗണിക്കുന്നു: ”മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ പുരുഷന്‍മാര്‍ക്ക് ഓഹരിയുണ്ട്. മാതാപിതാക്കളും അടുത്ത ബന്ധുക്കളും വിട്ടേച്ചുപോയ ധനത്തില്‍ സ്ത്രീകള്‍ക്കും ഓഹരിയുണ്ട്. (ആധനം)  കുറച്ചാകട്ടെ, കൂടുതലാകട്ടെ, അത് നിര്‍ണയിക്കപ്പെട്ട ഓഹരിയാകുന്നു.”(25) 

ജീവിതത്തിന്റെ ഭാഗധേയം നിര്‍ണയിക്കപ്പെടുന്ന വിവാഹകാര്യത്തില്‍, വിവാഹം കഴിക്കപ്പെടുന്ന പെണ്‍കുട്ടിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിക്കണമെന്നാണ് പ്രവാചകാധ്യാപനം. നബി (സ) പറഞ്ഞു: ‘വിധവയോട് അനുവാദം ചോദിക്കാതെ അവളെ വിവാഹം ചെയ്ത് കൊടുക്കരുത്. കന്യകയോട് സമ്മതം ചോദിക്കാതെ അവളെയും കല്യാണം കഴിച്ചുകൊടുക്കാന്‍ പാടില്ല. മൗനമാണ് കന്യകയുടെ സമ്മതം.’(26) സമൂഹത്തില്‍ പടര്‍ന്നുപിടിച്ചിരിക്കുന്ന സ്ത്രീധനം എന്ന മഹാമാരി മുഹമ്മദ് നബി(സ) പഠിപ്പിച്ച വിവാഹത്തിന് അന്യമാണ്. വിവാഹസമയത്ത് വരന്‍ തന്റെ കഴിവിനൊത്തുള്ള ധനം (മഹ്ര്‍) വധുവിന് നല്‍കണമെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചത്. വിവാഹക്കരാറില്‍ തന്റെ മഹ്ര്‍ നിശ്ചയിക്കാനുള്ള അവകാശം ഇസ്‌ലാം സ്ത്രീക്ക് നല്‍കുന്നു. അത് പൂര്‍ണമായും അവളുടെ സ്വത്താണ്. അവള്‍ സംതൃപ്തിയോടുകൂടി നല്‍കിയാലല്ലാതെ അതില്‍ ആര്‍ക്കും ഒരവകാശവുമില്ല. ക്വുര്‍ആന്‍ പറയുന്നു: ”സ്ത്രീകള്‍ക്ക് അവരുടെ വിവാഹമൂല്യങ്ങള്‍ മനഃസംതൃപ്തിയോടുകൂടി നിങ്ങള്‍ നല്‍കുക. ഇനി അതില്‍നിന്ന് വല്ലതും സന്‍മനസ്സോടെ അവര്‍ വിട്ടുതരുന്ന പക്ഷം നിങ്ങളത് സന്തോഷപൂര്‍വം സുഖമായി ഭക്ഷിച്ചുകൊള്ളുക.”(27) ഭര്‍ത്താവിന്റെ അധാര്‍മ്മികവൃത്തികള്‍ മൂലമോ മറ്റോ വൈവാഹിക ജീവിതം തുടര്‍ന്നുപോകാനാവാത്ത അനിവാര്യഘട്ടങ്ങളില്‍ വിവാഹമോചനം നേടാന്‍ പോലും പ്രവാചകന്‍(സ) സ്ത്രീകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ‘ഫസ്ഖ്’ എന്നും ‘ഖുല്‍അ്’ എന്നുമുള്ള സാങ്കേതിക ശബ്ദങ്ങളിലാണ് സ്ത്രീകളുടെ വിവാഹമോചന അവകാശത്തെ ഇസ്‌ലാം പരിചയപ്പെടുത്തുന്നത്. 

സാമൂഹികരംഗത്ത് തങ്ങളുടേതായ ഭാഗധേയം നിര്‍വഹിക്കാന്‍ സ്ത്രീകള്‍ക്ക് പ്രവാചകന്‍ (സ) സ്വാതന്ത്ര്യം നല്‍കി. യുദ്ധരംഗത്ത് പടയാളികള്‍ക്ക് ഭക്ഷണം പാകം ചെയ്യാനും പാനീയങ്ങള്‍ വിതരണം ചെയ്യാനും മുറിവേറ്റവരെ ശുശ്രൂഷിക്കാനും സജീവമായിരുന്ന സ്വഹാബ വനിതകളെ ചരിത്രത്തിൽ കാണാം.(28) മുസ്‌ലിംകള്‍ക്ക് ഏറെക്കുറെ പരാജയം സംഭവിച്ച ഉഹദ് യുദ്ധത്തിലെ സന്നിഗ്ധ ഘട്ടത്തില്‍ നബി(സ)ക്ക് ചുറ്റും പ്രതിരോധം തീര്‍ത്ത വിരലിലെണ്ണാവുന്ന പ്രവാചകാനുചരരില്‍ ഒരാള്‍ കഅ്ബുല്‍ മാസിനിയയുടെ പുത്രി ഉമ്മു അമ്മാറ(റ)യായിരുന്നു.(29) ഗര്‍ഭിണിയായിരിക്കെ പോലും ഹുനൈന്‍ യുദ്ധത്തില്‍ കഠാരയുമായി പ്രവാചകനൊപ്പം യുദ്ധത്തിനിറങ്ങിയ ഉമ്മുസുലൈം(റ)(30), യര്‍മൂക്ക് യുദ്ധവേളയില്‍ പിന്തിരിഞ്ഞോടിയ തന്റെ ഭര്‍ത്താവിനെയും മുസ്‌ലിം പടയാളികളെയും ബാധ്യതയുടെ ഗൗരവത്തെക്കുറിച്ച് ഉദ്‌ബോധിപ്പിച്ച് തിരിച്ചയച്ച് റോമക്കാര്‍ക്കെതിരിലുള്ള മുസ്‌ലിം വിജയത്തിന് കാരണക്കാരിയായ ഹിന്ദ് ബിന്‍ത് ഉത്ബ (റ)(31), ഒരു യുദ്ധത്തിന് തന്നെ നേതൃത്വം നല്‍കിയ പ്രവാചക പത്‌നി ആയിശ(റ) തുടങ്ങിയവരെല്ലാം സാമൂഹ്യരംഗത്ത് ഇറങ്ങാനുള്ള അവസരങ്ങള്‍ ഉപയോഗപ്പെടുത്തിയ മാതൃകാമഹതികളില്‍ ചിലരാണ്. 

പ്രവാചകന്‍(സ) സ്ത്രീകള്‍ക്ക് നല്‍കിയ മറ്റൊരവകാശമാണ് അവളുടെ ശരീരം മറക്കാനുള്ള അനുമതി. മാറ് മറയ്ക്കാനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി സമരം ചെയ്യേണ്ടി വന്ന കേരളീയ വനിതകളുടെ ചരിത്രം സ്ത്രീശരീരം തുറന്നിടുക എന്നത് ആരുടെ താല്‍പര്യമാണ് എന്നത് വ്യക്തമാക്കുന്നുണ്ട്. സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ച നിര്‍ദ്ദേശങ്ങളില്‍ അവര്‍ ”തിരിച്ചറിയപ്പെടാനും അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കാനും അതാണ് അനുയോജ്യം”(32) എന്ന് ക്വുര്‍ആന്‍ പ്രത്യേകം പറയുന്നുണ്ട്. മുഹമ്മദ് നബി(സ) പഠിപ്പിച്ച തരത്തിലുള്ള  വേഷവിധാനം വഴി  മുസ്‌ലിം സ്ത്രീ പ്രഖ്യാപിക്കുന്നത് കാമാര്‍ത്തരായ ചെന്നായക്കൂട്ടങ്ങള്‍ക്ക് കടിച്ചുകീറാനുള്ളതല്ല എന്റെ ശരീരം എന്നത്രെ. സ്ത്രീകള്‍ക്ക് നേരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ പര്‍ദ്ദധാരിണികള്‍ക്ക് നേരെ പൊതുവെ ഉണ്ടാകുന്നില്ല എന്നതും ലൈംഗിക പീഡനങ്ങളെ സംബന്ധിച്ച കോടതി നിരീക്ഷണങ്ങളില്‍ പോലും പൊതുസ്ഥലങ്ങളിലെ സ്ത്രീവസ്ത്രധാരണത്തെ കുറ്റപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഉണ്ടാകുന്നുവെന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. 

പരസ്യപ്പലകകളില്‍ പടം വരച്ച്  ഉല്‍പന്നങ്ങള്‍ വിറ്റഴിക്കാനുള്ള വസ്തുവായി മാറിയിരിക്കുന്നു  മുതലാളിത്തത്തിന് സ്ത്രീശരീരം. പുരോഗമനത്തിന്റെ വര്‍ണക്കടലാസുകളില്‍ സ്വയം പൊതിഞ്ഞ് സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച് ഉദ്‌ഘോഷിക്കുന്ന ഫെമിനിസ്റ്റുകള്‍ ഈ ചതി തിരിച്ചറിയാതെ, അല്ലെങ്കില്‍ മുതലാളിത്തത്തിന്റെ സ്‌പോണ്‍സേര്‍ഡ് ആക്ടിവിസ്റ്റുകളായി, സ്ത്രീ സൗന്ദര്യപ്രദര്‍ശനങ്ങള്‍ക്കും വില്‍പനക്കും കൂട്ടുനില്‍ക്കുന്നു. യുദ്ധരംഗത്ത് ഇറങ്ങാനും നോബെല്‍ പ്രൈസുകള്‍ വാങ്ങുവാനും പര്‍ദ ധരിച്ച സ്ത്രീകള്‍ക്ക് സാധിക്കുന്നുവെങ്കില്‍ പര്‍ദ അടിമത്തത്തിന്റെയും അധമത്തത്തിന്റെയും ചിഹ്നമാണെന്ന് സ്ഥാപിക്കുവാനുള്ള ശ്രമം ആരുടെ താല്‍പര്യമാണ് എന്ന് വിവരിക്കേണ്ടതില്ലല്ലോ! സമ്മിശ്ര സംസ്‌കാരങ്ങളും വസ്ത്രധാരണ രീതികളും നിലവിലുള്ള ഒരുന്നത കലാലയത്തില്‍ ഇസ്‌ലാമിക വസ്ത്രധാരണ രീതി സ്വീകരിക്കുന്ന ഏതാനും വിദ്യാര്‍ത്ഥിനികളില്‍ ഒരാള്‍ എന്ന നിലയില്‍ അഭിമാനത്തോടുകൂടി എനിക്കു പറയാന്‍ കഴിയും, പര്‍ദ ഒരടിമത്തമല്ല, സുരക്ഷിതത്വമാണെന്ന്.

‘വിജ്ഞാനാന്വേഷണം വിശ്വാസിയുടെ നിര്‍ബന്ധ ബാധ്യതയാണെന്നാണ്’(33) പ്രവാചാകാധ്യാപനം. മറ്റു ചില നിവേദനങ്ങളില്‍ ‘വിശ്വാസിനിയുടെയും’ എന്ന് പ്രത്യേകം എടുത്തുപറഞ്ഞതായി കാണാം. സ്ത്രീ വിദ്യാഭ്യാസത്തിന് പ്രോത്സാഹനം നല്‍കുകയും അത് ഉറപ്പുവരുത്തേണ്ടത് രക്ഷിതാക്കളുടെ ബാധ്യതയാണെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന വേറെയും ഹദീഥുകള്‍ കാണാന്‍ കഴിയും. അതിന് പ്രായോഗിക മാതൃക നല്‍കുകയും ചെയ്തു പ്രവാചകതിരുമേനി(സ). പ്രവാചകന്റെയും പ്രവാചക പത്‌നിമാരുടെയുമടുക്കല്‍ വിജ്ഞാന സമ്പാദനത്തിനായി സഹാബ വനിതകള്‍ ധാരാളമായി എത്താറുണ്ടായിരുന്നു. അവരില്‍ ക്വുര്‍ആന്‍ മുഴുവനായും ഭാഗികമായും മനഃപാഠമാക്കിയവരും ഹദീസുകള്‍ ഹൃദിസ്ഥമാക്കിയവരുമുണ്ടായിരുന്നു.(34). അവരുമായി വിജ്ഞാനവിനിമയത്തിന് പ്രവാചകന്‍ ഒരു ദിവസം തന്നെ നീക്കിവെച്ചിരുന്നുവെന്ന്(35) ഹദീഥില്‍ കാണാം. ആദ്യകാല വിശ്വാസിനികള്‍ വിജ്ഞാന ശേഖരണത്തില്‍ അതീവ ശ്രദ്ധ കാട്ടി. പത്തൊമ്പതാമത്തെ വയസില്‍ പ്രവാചകപത്‌നി ആയിശ(റ) മതവിജ്ഞാന മേഖലയില്‍ തുല്യതയില്ലാത്ത സ്ഥാനം നേടി. ആയിരണക്കിന് ഹദീഥുകള്‍ അവര്‍ നിവേദനം ചെയ്തു. നിരവധി പേര്‍ ദിനേന അവരെ സന്ദര്‍ശിച്ച് അറിവ് കരസ്ഥമാക്കിയിരുന്നു. 

ആണ്‍കോയ്മാ വ്യവസ്ഥിതി സ്ത്രീകളോട് ബാധ്യതകളെക്കുറിച്ച് മാത്രം സംസാരിക്കുന്നു. സ്ത്രീവാദികള്‍ (Feminists) സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ചുമാത്രം പറയുന്നു. മുഹമ്മദ് നബിയിലൂടെ പൂര്‍ത്തീകരിക്കപ്പെട്ട ആദര്‍ശമാകട്ടെ, അവള്‍ക്ക് അവകാശങ്ങളും ബാധ്യതകളുമുണ്ടെന്ന് ഉണര്‍ത്തുന്നു.(36) അവകാശങ്ങള്‍ അനുഭവിക്കണമെങ്കിലും ബാധ്യതകള്‍ നിര്‍വഹിക്കണമെങ്കിലും അതിനെക്കുറിച്ച ബോധമുണ്ടാവണം. അതിനായി അറിവ് നേടാനുള്ള സാഹചര്യം ഒരുക്കി പ്രോത്സാഹനം നല്‍കേണ്ടത് രക്ഷിതാക്കളുടെ ഉത്തരവാദിത്തമാണെന്ന് മതം പഠിപ്പിക്കുന്നു. വൈജ്ഞാനിക സമ്പത്ത് സ്വകാര്യസ്വത്തായി സൂക്ഷിക്കാവതല്ല എന്നാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. ആരാധനാനിമഗ്നനായിരിക്കുന്ന വിശ്വാസിയേക്കാള്‍ ആദരണീയന്‍ അറിവുള്ളവനും അറിവിന്റെ പ്രചരണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവനുമായ വിശ്വാസിയാണെന്നാണ് പ്രവാചക വചനം.(37) പ്രവാചകന്റെ വിദ്യാര്‍ത്ഥിനികള്‍ നേടിയ അറിവ്  ജീവിതത്തില്‍ പകര്‍ത്തുകയും അതുകൊണ്ട് തന്റെ കുടുംബത്തെ സംസ്‌കരിക്കുകയും പ്രസ്തുത വിജ്ഞാനം മറ്റുള്ളവര്‍ക്ക് പകര്‍ന്നുനല്‍കാന്‍ ശുഷ്‌കാന്തി കാണിക്കുകയും ചെയ്തിരുന്നവരാണ്. നാളെയുടെ സമൂഹത്തെ വാര്‍ത്തെടുക്കേണ്ട മടിത്തട്ടാണ് ഉമ്മയുടേത്. ‘ഉമ്മയാണ് പ്രാഥമിക വിദ്യാലയം’ എന്ന കാവ്യശകലം ഏറെ അര്‍ഥസംപുഷ്ടമാണ്. ഒരു സമൂഹം സംസ്‌കരിക്കപ്പെടണമെങ്കില്‍ അവിടത്തെ സ്ത്രീ സമൂഹം സംസ്‌കരിക്കപ്പെടണം. എങ്കില്‍ സംസ്‌കാര സമ്പന്നമായ കുടുംബ-സാമൂഹ്യ വ്യവസ്ഥിതി നിലവില്‍വരാനെളുപ്പമാണ്. അതിനുള്ള പ്രായോഗിക നടപടികളാണ് പ്രവാചകന്റെ സ്ത്രീകളോടുള്ള സമീപനങ്ങളില്‍ നിഴലിച്ചുകാണുന്നത്. 

എന്നും സമൂഹത്തില്‍ അബലകളും പുരുഷ സേവകരുമായി മാത്രം ഗണിക്കപ്പെട്ടിരുന്ന സമൂഹത്തിന്റെ അര്‍ധഭാഗമായ സ്ത്രീ ജനങ്ങളെ അന്ത്യ പ്രവാചകന്‍  മുഹമ്മദ് നബി (സ) സ്‌നേഹവും കാരുണ്യവും പരിഗണനയും നിറഞ്ഞ പെരുമാറ്റ-നിര്‍ദ്ദേശങ്ങളിലൂടെ വ്യക്തിത്വവും സത്വബോധവുമുള്ളവരാക്കി പരിവര്‍ത്തിപ്പിച്ച അതുല്യമായ വിമോചനചരിത്രത്തിന്റെ  ഏതാനും ചില ഭാഗങ്ങളാണ്  നാം വിലയിരുത്തിയത്. 

സ്ത്രീകളെ അടിച്ചമര്‍ത്തുന്ന ആദര്‍ശമായി ഇസ്‌ലാമിനെയും സ്ത്രീവിരോധത്തിന്റെ ആള്‍രൂപമായി മുഹമ്മദ് നബി(സ)യെയും അവതരിപ്പിക്കുന്നവരേ പറയൂ, സ്ത്രീകള്‍ക്ക് ജീവിക്കാനുള്ള അവകാശം നേടിത്തന്ന, അറിവ് നേടാനും അത് പഠിപ്പിക്കാനും സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനും അവസരമൊരുക്കിയ മുഹമ്മദ് നബി(സ) സ്ത്രീ വിരോധിയായിരുന്നുവോ? സ്ത്രീകള്‍ക്ക് സുരക്ഷിതത്വവും ആഭിജാത്യവും പ്രദാനംചെയ്യുന്ന വസ്ത്രധാരണാ രീതി പഠിപ്പിക്കുകയും അവരെ സമൂഹത്തിന്റെ അര്‍ധഭാഗമാക്കി ഉയര്‍ത്തുകയും വൈവാഹിക-കുടുംബ-ധനസമ്പാദന മാര്‍ഗങ്ങളില്‍ മറ്റേത് പ്രത്യയശാസ്ത്രങ്ങളെക്കാളും കൈകാര്യാവകാശം നല്‍കുകയും ചെയ്ത അന്ത്യപ്രവാചകന്‍ സ്ത്രീത്വത്തെ ആദരിച്ചിരുന്നില്ലേ? മകളായും ഇണയായും മാതാവായുമുള്ള ജീവിതത്തിന്റെ വിവിധറോളുകളില്‍ അര്‍ഹമായ സ്ഥാനം നല്‍കി ആദരിച്ച ലോകം കണ്ട ഏറ്റവും കാരുണ്യവാനായ ആ മനുഷ്യന്‍ സ്ത്രീകളെ പരിഗണിച്ചില്ലെന്ന് പറയാന്‍ അര്‍ഹതയുള്ള ആരാണ് ലോകത്തുള്ളത്…? 

തീര്‍ച്ചയായും എനിക്ക് പറയാന്‍ കഴിയും-എനിക്ക് ജീവിക്കാന്‍ അവകാശം നേടിത്തന്ന, എന്നെ ഉടുപ്പിച്ച, എന്നെ പഠിപ്പിച്ച, എന്റെ വവിവാഹകാര്യത്തില്‍ എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ പരിഗണിച്ച, മകളായും ഭാര്യയായും ഉമ്മയായും എനിക്കര്‍ഹമായ പദവികള്‍ നല്‍കി എന്നെ ആദരിച്ച എന്റെ പ്രിയപ്പെട്ട പ്രവാചകന്‍ മുഹമ്മദ് നബി(സ) -അതെ അദ്ദേഹം സ്ത്രീത്വത്തിന്റെയും സ്ത്രീകളുടെയും പ്രവാചകനായിരുന്നു!യഥാര്‍ഥത്തിലുള്ള സ്ത്രീ വിമോചകന്‍!!

കുറിപ്പുകള്‍:
1. വിശുദ്ധ ക്വുര്‍ആന്‍ 81: 89.
2. വിശുദ്ധ ക്വുര്‍ആന്‍ 4:124.
3. വിശുദ്ധ ക്വുര്‍ആന്‍ 16: 58, 59.
4. മുസ്‌ലിം ഉദ്ധരിച്ചത്.
5. ബുഖാരി, മുസ്്‌ലിം, അഹ്മദ്, ദാരിമി.
6. മുസ്ലിം.
7. വിശുദ്ധ ക്വുര്‍ആന്‍ 33:40.
8. അബൂദാവൂദ്
9. മനുസ്മൃതി 9:3.
10.  ഋഗ്വേദീയ ശതപഥ ബ്രാഹ്മണം 11:15, 1:10. ഡി.ഡി കൊസാംബി ഉദ്ധരിച്ചത്:
Myth and Reality, p. 105.
11. ബൈബിള്‍, ഉല്‍പത്തി 3:12.
12. പുറപ്പാട് 20:17, ആവര്‍ത്തനം 5: 21.
13. വിശുദ്ധ ക്വുര്‍ആന്‍ 30:21.
14. തുര്‍മുദി ഉദ്ധരിച്ച ഹദീസ്.
15. അഹ്മദ്, തുര്‍മുദി.
16. തുര്‍മുദി, ഇബ്‌നുമാജ.
17. അബൂദാവൂദ്.
18. ബുഖാരി
19. ബുഖാരി, തുര്‍മുദി.
20. വിശുദ്ധ ക്വുര്‍ആന്‍ 2:83.
21. വിശുദ്ധ ക്വുര്‍ആന്‍ 17:23, 24.
22. വിശുദ്ധ ക്വുര്‍ആന്‍ 31:14, 46:15.
23. ബുഖാരി, മുസ്്‌ലിം.
24. വിശുദ്ധ ക്വുര്‍ആന്‍ 4:32.
25. വിശുദ്ധ ക്വുര്‍ആന്‍ 4:7.
26. ബുഖാരി, മുസ്്‌ലിം.
27. വിശുദ്ധ ക്വുര്‍ആന്‍ 4:4.
28. അധിക വായനക്ക്: നവാല്‍ ബിന്‍ത് അബ്ദില്ല, സ്വിഫാതുല്‍ മുഅ്മിനതി
സ്വാദിഖ (മലയാളം: വിശ്വാസിനി, ദഅ്‌വ ബുക്‌സ്, കൊച്ചി), പേജ് 19-22.
29. ശൈഖ് സ്വഫിയ്യുര്‍റഹ്മാന്‍ മുബാറക് പുരി, അര്‍റഹീക്വുല്‍ മഖ്തൂം
(മലയാളം: മുഹമ്മദ് നബി (സ) ജീവചരിത്ര സംഗ്രഹം, യുവത, കോഴിക്കോട്), പേജ് 281.
30. നവാല്‍ ബിന്‍ത് അബ്ദില്ല, op.cit, പേജ് 21.
31. ibid , p.48.
32. വിശുദ്ധ ക്വുര്‍ആന്‍ 33:59.
33. ഇബ്‌നുമാജ.
34. നവാല്‍ ബിന്‍ത് അബ്ദില്ല, op.cit, പേജ് 61.
35. ബുഖാരി.
36. വിശുദ്ധ ക്വുര്‍ആന്‍ 2:228.
37. തുര്‍മുദി.

No comments: