Followers

Sunday, April 7, 2013

എന്റെ വസ്ത്രം പ്രതിരോധമാണ്; പെണ്മയുടെ പൂര്‍ണതയും




സ്നേഹസംവാദം മാസിക ഏപ്രിൽ ലക്കം കവർ സ്റ്റോറി 
തസ്നീം ഫൌസി




ഇസ്ലാമിക അധ്യാപനങ്ങളില്‍ മനുഷ്യസമൂഹത്തിന്റെ അടിസ്ഥാനാവശ്യങ്ങളെയും അലങ്കാര വിഭവങ്ങളെയുമെല്ലാം വേര്‍തിരിച്ചുകൊണ്ടുള്ള സുവ്യക്തമായ പ്രസ്താവനകള്‍ കാണാം. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, തുടങ്ങിയ അടിസ്ഥാന സാമഗ്രികളെ അമിതമാകാതെ, അതിന്റെ തരാതരങ്ങളില്‍ അതിരു കവിയാതെ ഉപയോഗപ്പെടുത്തണമെന്നതാണ് ഇസ്ലാമിന്റെ ശാസന. ജീവിത വിരക്തിയിലൂന്നി പ്രപഞ്ചസ്രഷ്ടാവിന്റെ അനുഗ്രഹങ്ങളോടും, അലങ്കാരങ്ങളോടും പുറംതിരിഞ്ഞു നില്‍ക്കുന്നതിനെ ഇസ്ലാം കര്‍ശനമായി വിലക്കിയിരിക്കുകയാണ്. ഇരതേടുന്നതിനും, ഇണചേരുന്നതിനും കൂടൊരുക്കുന്നതിനുമെല്ലാം ഉള്ള അത്യന്തം വിസ്മയകരമായ വൈഭവങ്ങള്‍ ജീവജാലങ്ങളില്‍ ജന്‍മസിദ്ധമായി സന്നിവേശിക്കപ്പെട്ടിട്ടുണ്ട്. അതേസമയം നാണം മറക്കാനുള്ള വസ്ത്രം മനുഷ്യപ്രകൃതിയുടെ മാത്രം അടിസ്ഥാനാവശ്യമാണ്. "ആദം സന്തതികളേ, നിങ്ങള്‍ക്ക് നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണ് കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ചു മനസ്സിലാക്കുവാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്.'' (സൂറത്ത് അഅ 26)

സ്വര്‍ഗീയവാസത്തിനിടയില്‍ പിശാചിന്റെ ദുര്‍ബോധനത്തിനടിപ്പെട്ട് ആദിമാതാപിതാക്കളുടെ സ്വര്‍ഗീയവസ്ത്രം നീങ്ങിപ്പോവുകയും അവരുടെ നഗ്നത വെളിപ്പെടുകയും ചെയ്ത സംഭവം ഉദ്ധരിച്ച ശേഷം പരിശുദ്ധ ക്വുര്‍ആന്‍ സൂറത്ത് അഅ്റാഫില്‍ മനുഷ്യന്റെ ഭൂവാസത്തിനു നാന്ദികുറിച്ച വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഭൂമിയില്‍ അധിവസിക്കാന്‍ ആരംഭിച്ച മനുഷ്യസമൂഹത്തിന് പ്രഥമവും പ്രധാനവുമായി നല്‍കിയ അനുഗ്രഹമായി സ്രഷ്ടാവ് വസ്ത്രവിഭവത്തെ അവിടെ പരാമര്‍ശിച്ചിരിക്കുകയാണ്. ഏത് ന്യൂഡിസ്റാണെങ്കിലും തരിമ്പും വസ്ത്രം വേണ്ടെന്ന് വാദിക്കാന്‍ അവന് അല്ലെങ്കില്‍ അവള്‍ക്ക് കഴിയാത്ത വണ്ണം കലാവസ്ഥയിലെ പ്രതികൂല ഘടകങ്ങള്‍ക്ക് അവര്‍ കീഴ്പെട്ടേ മതിയാവൂ. എത്ര വസ്ത്ര വിരോധികളാണെങ്കിലും കൊടിയ തണുപ്പിനും കഠിനമായ ചൂടിനും അനുസൃതമായി വൈവിധ്യമാര്‍ന്ന വേഷവിധാനങ്ങള്‍ സ്വീകരിച്ചേ മതിയാവൂ. ആധുനിക വസ്ത്ര വിപണിയിലെ ഫാഷന്‍ തരംഗങ്ങള്‍ ആണെന്നെല്ലാം ജല്‍പിച്ച് പലവിധേന വസ്ത്രങ്ങള്‍ ധരിക്കുന്ന, ധരിക്കാന്‍ മത്സരിക്കുന്നവരാണ് ഇക്കൂട്ടരില്‍ ഏറിയ പങ്കും. അതിമനോഹരമായ വര്‍ണങ്ങളില്‍ തൂവലുകളും, രോമക്കൂട്ടങ്ങളും എല്ലാമായി ജീവജാലങ്ങള്‍ പരിരക്ഷിക്കപ്പെടുമ്പോള്‍ സൂക്ഷ്മമായി എടുത്ത് അണിയേണ്ട ഉടയാടകള്‍ മുഖേന മനുഷ്യസമൂഹത്തിലെ ആണും പെണ്ണും ഉദാത്തമായ ഒരു പരിരക്ഷയിലേക്ക് ആനയിക്കപ്പെടുകയാണ്. ഇസ്ലാം അവിടെയും കൃത്യമായ നിയമനിര്‍ദേശങ്ങള്‍ അനുശാസിച്ചിട്ടുണ്ട്. ആണും പെണ്ണും അനുവര്‍ത്തിക്കേണ്ട വസ്ത്രമര്യാദകള്‍ കണിശമായി പഠിപ്പിച്ച മതമാണ് ഇസ്ലാം. സാര്‍വത്രികമായി സ്ത്രീപീഡനങ്ങള്‍ അരങ്ങേറുമ്പോള്‍ ഇസ്ലാമിക വസ്ത്ര കാഴ്ചപ്പാടുകളെ അംഗീകരിക്കുകയും അതിനുവേണ്ടി മുറവിളികൂട്ടുകയുമൊക്കെ ചെയ്യുന്നവരുടെ സത്വര ശ്രദ്ധ പതിയേണ്ട സുപ്രധാനമായ വസ്തുതകളുണ്ട്. ഇസ്ലാം മുന്നോട്ടുവെച്ച വേഷവിധാനം അഭേദ്യമായ സുരക്ഷിത കവചമാണെന്നത് അപ്പോള്‍ അവിതര്‍ക്കിതമാകും. 
സമ്പൂര്‍ണ സുരക്ഷയുടെ വിശുദ്ധ പാഠങ്ങള്‍



ദിനേനെ പീഡനവാര്‍ത്തകള്‍ പെരുകുമ്പോള്‍ പലവിധകേന്ദ്രങ്ങളില്‍ നിന്നും മാന്യമായ വസ്ത്രധാരണം സ്വീകരിച്ചാലേ പെണ്ണിനു രക്ഷയുള്ളൂ എന്ന വിധത്തിലുള്ള പ്രചാരണങ്ങളും ശക്തി പ്രാപിക്കുന്നുണ്ട്. പക്ഷേ, ഈ മാന്യതയുടെ വസ്ത്രം നിര്‍വചിക്കാന്‍ അവര്‍ക്കാര്‍ക്കും ത്രാണിയില്ലെന്നതും ശ്രദ്ധേയമാണ്. ഇവിടെയാണ് സ്രഷ്ടാവ് സ്ത്രീക്ക് കനിഞ്ഞരുളിയ ഡ്രസ്സ്കോഡ് പ്രോജ്വലമാകുന്നത്. ഒരു സമൂഹത്തിന്റെ സുരക്ഷിതത്വത്തിന്റെ മാനദണ്ഡമായി പ്രവാചകന്‍(സ്വ) ചൂണ്ടിക്കാണിച്ചത് പെണ്ണ് നിര്‍ഭയമായി സഞ്ചരിക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുക എന്നതാണ്. ആധുനികലോകത്ത് അതിശക്തമായി പ്രബോധനം ചെയ്യേണ്ട തിരുമൊഴിയാണ് അത്. ഇസ്ലാമിന്റെ പരിപൂര്‍ണമായ വളര്‍ച്ചയെത്തിയ സമൂഹത്തില്‍ സന്‍ആ മുതല്‍ ഹദർമൗത്ത് വരെ പെണ്ണിന് നിര്‍ഭയം സഞ്ചരിക്കാന്‍ ആകുമെന്ന തിരുവചനം ഇന്നിന്റെ കാലത്ത് എത്ര പ്രസക്തമാണ്! വിവാഹബന്ധം നിഷിദ്ധമായൊരു കൂട്ട് പെണ്ണിന് സദാ അനിവാര്യമാണ്. അരുതാത്ത നോട്ടങ്ങളും സ്പര്‍ശനങ്ങളുമായെല്ലാം പെണ്ണിനെ അവമതിക്കുന്ന തരത്തില്‍ ഇടപെടലുകള്‍ പുരുഷന്റെ ഭാഗത്ത്നിന്നുണ്ടായാല്‍ പ്രതിപ്പട്ടികയില്‍ ഒന്നാമതായി പെണ്ണിന്റെ വേഷവിധാനം കടന്നുവരുമെന്നാണ് ക്വുര്‍ആന്റെ സൂചന. നിങ്ങള്‍ മാന്യയാണ്, കുലീനയാണ്, എന്ന് തിരിച്ചറിയപ്പെടാനും ശല്യം ചെയ്യപ്പെടാതിരിക്കാനും ശരീരം ചുറ്റിപ്പൊതിയുന്ന അയഞ്ഞ വസ്ത്രം ധരിക്കണമെന്ന പരിപാവനമായ പരിരക്ഷയാണ് നാഥന്‍ കനിഞ്ഞരുളിയിട്ടുള്ളത്. മാന്യതയുടെ മകുടോദാഹരണമായ ഈ അയഞ്ഞ ഉടയാടയെ പര്‍ദയെന്നോ, ബുര്‍ഖയെന്നോ, ജില്‍ബാബെന്നോ തുടങ്ങി എങ്ങിനെയെല്ലാം അഭിസംബോധന ചെയ്താലും അവയവങ്ങള്‍ അംഗപ്രത്യംഗം പ്രതിഫലിപ്പിക്കാതെ അയഞ്ഞു തൂങ്ങിക്കിടക്കണമെന്ന് തന്നെയാണ് ഇസ്ലാം നിഷ്കര്‍ഷിക്കുന്നത്. അതിനകത്താണ് സ്ത്രീയെന്ന അമൂല്യരത്നം സ്വയം ആത്മാഭിമാനത്തോടെ വിരാജിക്കേണ്ടത്. സകലമാന സ്ത്രീചൂഷണങ്ങളെയും തുരത്തിയോടിക്കുന്ന പ്രതിരോധ കവചമാണത്. മുസ്ലിം സ്ത്രീയുടെ ഈ സുരക്ഷാകവചത്തെ ഫാഷന്റെയും ട്രെന്റിന്റെയുമെല്ലാം പേരില്‍ അട്ടിമറിച്ചുകൊണ്ട് ആപല്‍ക്കരമായ പരിഷ്കാരങ്ങള്‍ ആവിഷ്കരിച്ചവര്‍ ശരീരസൌന്ദര്യസംരക്ഷണം എന്ന പാവന ധര്‍മത്തിന്റെ കടയ്ക്കലാണ് കത്തിവെച്ചത്. പര്‍ദയണിഞ്ഞും അബായ ധരിച്ചും നയന സുഖത്തിന് കോപ്പു കൂട്ടുന്ന ദുരന്തമാണ് അങ്ങിനെ സംജാതമായത്. ഇസ്ലാമിക വസ്ത്രം ധരിച്ച് പരസ്യമായി നീചവൃത്തികള്‍ പ്രവര്‍ത്തിക്കുന്നവരും സിനിമാഭിനയത്തിന്റെ ലേബലില്‍ അതിനെ താറടിക്കുന്നവരുമെല്ലാം സുലഭമായിക്കൊണ്ടിരിക്കുകയാണ്. മുസ്ലിം സ്ത്രീയുടെ വസ്ത്രം പുറം ലോകത്ത് എപ്രകാരമായിരിക്കണമെന്നതിന്റെ നിബന്ധനകള്‍കൃത്യമായി പ്രതിപാദിക്കപ്പെട്ടതിലേക്ക് മടങ്ങുക എന്നുള്ളതാണ് ഇത്തരുണത്തില്‍ സത്വരം ചെയ്യേണ്ടത്. മുസ്ലിം വനിതയുടെ വസ്ത്രം ഇറുകിപ്പിടിക്കാതെ അയവുള്ളതും നേര്‍മയല്ലാത്തതും ശരീരത്തിന്റെ മാംസളമായ അവയവഭംഗിയെ പ്രതിഫലിപ്പിക്കാത്തതും സുഗന്ധപൂരിതമല്ലാത്തതും പുരുഷസമൂഹം സ്വീകരിച്ചു വരുന്ന വേഷത്തോട് താദാത്മ്യം പുലര്‍ത്താന്‍ പാടില്ലാത്തതുമാണെന്ന അധ്യാപനങ്ങള്‍ കാറ്റില്‍ പറത്തപ്പെടാതിരിക്കാനാണ് നാം ജാഗരൂകരാകേണ്ടത്. എന്തു തിരഞ്ഞെടുക്കുമ്പോഴും അതു ഭക്ഷണമായാലും പാര്‍പ്പിടമായാലും അതിന്റെ സുഭദ്രമായ ഗുണഗണങ്ങളെ ശ്രദ്ധിക്കുന്ന മനുഷ്യന്‍ വസ്ത്രത്തിന്റെ വിഷയത്തില്‍ കണ്ടം വെച്ചതും ഇരുവശങ്ങള്‍ കീറിയതും മൂടു പ്രദര്‍ശിപ്പിക്കുന്നതും മാറിടം വെളിവാക്കുന്നതുമെല്ലാം തിരഞ്ഞെടുക്കുന്നത് പതിവാണ്. ആദിമാതാപിതാക്കളായ ആദം (അ)നെയും ഹവ(അ)യെയും സ്വര്‍ഗീയ കനി ഭക്ഷിപ്പിച്ച് നഗ്നത വെളിവാക്കിപ്പിച്ച് നാശത്തിലാക്കിയ പൈശാചിക ദുര്‍ബോധനങ്ങള്‍ ഇന്നും നിലനില്‍ക്കുന്നു. നഗ്നതാ പ്രദര്‍ശനം സര്‍വസീമകളും ലംഘിച്ചുകഴിഞ്ഞ ആധുനികകാലത്ത് സ്രഷ്ടാവിന്റെ നിയമാതിര്‍ത്തികളും മറകളും ഭേദിക്കപ്പെടാതിരിക്കാനുള്ള അതിശക്തമായ ഉദ്ബോധനങ്ങള്‍ അനിവാര്യമാണ്. 

അടുത്തിടെ ബാംഗ്ളൂരിലെ കബന്‍ പാര്‍ക്കില്‍ മിനിസ്കര്‍ട്ടും മിഡിയുമെല്ലാം ഇട്ട് ഏതാനും പുരുഷന്‍മാര്‍ സ്ത്രീപീഡനത്തിനെതിരെ ജോലിക്കാരായ സ്ത്രീകളുടെ കാര്‍മികത്വത്തില്‍ അണിനിരന്നതായി കണ്ടു. ആ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും വസ്ത്രം ഒരിക്കലും സുരക്ഷിതത്വത്തിന് ഭീഷണിയല്ലെന്നാണ് തെളിയിക്കാനുണ്ടായിരുന്നത്. പലവിധ വിഡ്ഡിവേഷങ്ങളും കെട്ടിയാടിയാണ് ഇക്കൂട്ടര്‍ ഈ പമ്പര വിഡ്ഡിത്തം എഴുന്നള്ളിച്ചതെന്ന് മാത്രം. സ്ത്രീവേഷം ധരിച്ച തങ്ങളെ ആരും കയ്യേറ്റം ചെയ്യാന്‍ തുനിഞ്ഞിട്ടില്ലെന്നും അതിനാല്‍ത്തന്നെ പീഡനപര്‍വത്തിന് പിന്നിലെ വില്ലന്‍ വസ്ത്രമല്ലെന്നും സമര്‍ഥിക്കനാണ് അവര്‍ മിനക്കെട്ടത്. യഥാര്‍ഥത്തില്‍ ഇത്തരം കോപ്രായങ്ങള്‍ വസ്ത്രത്തിലെ അപാകതകള്‍ സ്ത്രീയെ എന്തുമാത്രം പ്രതികൂലമായി ബാധിക്കുന്നുവെന്നതാണ് വിളിച്ചറിയിക്കുന്നത്. സ്ത്രീസമൂഹം അണിയുന്ന അല്‍പവസ്ത്രങ്ങള്‍ ധരിച്ച പുരുഷനെ കോമാളിയെപ്പോലെ വീക്ഷിച്ച സമൂഹം അതേ വസ്ത്രം ധരിച്ച സ്ത്രീയെ സ്വൈരമായി ജീവിക്കാന്‍ അനുവദിക്കുന്നില്ലെന്നിടത്താണ് വിഷയത്തിന്റെ മര്‍മം. സ്ത്രീവേഷം കെട്ടിയ തങ്ങളെ ആരും കയറിപ്പിടിച്ചില്ലെന്ന് വീമ്പിളക്കുന്ന പരുഷന്‍മാര്‍ അറിയാതെ പോയ ഒരു മഹാ പരമാര്‍ഥമുണ്ട്. അഥവാ അവര്‍ സ്ത്രീകളല്ല പുരുഷന്‍മാരാണെന്ന്; അതിനാലാണവര്‍ കയ്യേറ്റം ചെയ്യപ്പെടാതിപ്പടാതിരുന്നതെന്ന്. ഏതുകാലത്തും സ്ത്രീ കയ്യേറ്റം ചെയ്യപ്പെടുന്നുണ്ടെങ്കില്‍ അവള്‍ ആദ്യം നോക്കേണ്ടത് താന്‍ ഇട്ടിട്ടുള്ള വസ്ത്രത്തിലേക്കാണ്. താന്‍ ധര്‍മനിഷ്ഠയാകുന്ന വസ്ത്രം അണിഞ്ഞു കൊണ്ട് ബാഹ്യമായി ചുറ്റിപ്പൊതിഞ്ഞവളാണോ, അതോ വസ്ത്രമണിഞ്ഞ വിവസ്ത്രകളായാണോ എന്ന് പ്രഥമമായി പരിശോധിക്കപ്പെടേണ്ടതുണ്ട്. "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്ത്തിയിടാന്‍ പറയുക. അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.'' (സൂറ അല്‍ അഹ്സാബ് 59)

വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന വസ്തുതകള്‍



വിശുദ്ധ ക്വുര്‍ആന്‍ ജീവിതത്തിന്റെ സകലമാന തുറകളിലും സ്ത്രീക്കും പുരുഷനും വേണ്ട നിയമങ്ങള്‍ ആവിഷ്കരിച്ചിട്ടുണ്ട്. പുരുഷനോടെന്ന പോലെ സ്ത്രീയോടും ദൃഷ്ടി നിയന്ത്രിക്കണമെന്നും എങ്കില്‍ മാത്രമേ ഗുഹ്യാവയവങ്ങള്‍ പരിശുദ്ധമായി കാത്തു പരിപാലിക്കപ്പെടുകയുള്ളൂ എന്നും വിശുദ്ധ ക്വുര്‍ആന്‍ അനുശാസിച്ചിട്ടുണ്ട്. അതിനോട് ചേര്‍ത്തുകൊണ്ട്തന്നെ സ്ത്രീകളോട് മുഖമക്കനകള്‍ മാറിടത്തിലേക്ക് താഴ്ത്തിയിടണമെന്ന് പ്രത്യേകം നിഷ്കര്‍ഷിച്ചിട്ടുണ്ട്. താഴ്ത്തിയിടണം, തൂക്കിയിടണം എന്നെല്ലാം പറഞ്ഞാല്‍ അത് ഇറുക്കിക്കെട്ടിപ്പൂട്ടല്‍ അല്ലെന്ന് മനസ്സിലാക്കാന്‍ സാമാന്യബുദ്ധി മതി. ഇസ്ലാമിക വസ്ത്രധാരണത്തെ ജഡത്വത്തിന്റെയും അപരിഷ്കൃതത്വത്തിന്റെയും മുദ്രയടിച്ച് ആക്ഷേപിച്ചിരുന്നവര്‍ക്കും അതിനെ അവഗണിച്ചിരുന്നവര്‍ക്കുമെല്ലാം ഇന്ന് ഇസ്ലാമിന് പുറത്തുള്ളവര്‍ തന്നെ ഇസ്ലാമിക വസ്ത്രത്തിന്റെ മേന്‍മയും മഹത്വവും വിശദീകരിച്ചുകൊണ്ട് മറുപടി പറയുന്നത് ശുഭോദര്‍ക്കമാണ്. മനുഷ്യന് പ്രപഞ്ചനാഥന്‍ കൊടുത്ത ബുദ്ധി മരവിച്ചു പോയിട്ടില്ലെങ്കില്‍ സ്ത്രീസുരക്ഷക്ക് പ്രഥമവും പ്രധാനവുമായി വേണ്ടത് സ്ത്രീയുടെ വസ്ത്രധാരണം അന്തസ്സുറ്റതായിരിക്കുക എന്ന പരമാര്‍ഥം ബോധ്യമാകാതിരിക്കില്ല. ഹൈന്ദവസന്യാസിമാരും പുരോഹിതന്‍മാരും തുടങ്ങി മറ്റു നേതൃത്വങ്ങളിലെ പലരും ഒരുഭാഗത്ത് ഇസ്ലാമിക വേഷവിധാനത്തെ പ്രകീര്‍ത്തിച്ചപ്പോള്‍ മറുവശത്ത് കേളികേട്ട പല ബുദ്ധിജീവികളും ചുവന്ന തെരുവിന് കേരളത്തിന്റെ മണ്ണില്‍ അനുമതി നല്‍കണമെന്ന വങ്കത്തമാണ് എഴുന്നള്ളിച്ചത്. വേശ്യാവൃത്തിക്ക് നിയമാനുസൃതമായ അംഗീകാരം നല്‍കിക്കഴിഞ്ഞാല്‍ സ്ത്രീപീഡനങ്ങള്‍ക്ക് അറുതിയാവുമെന്ന് പുലമ്പാന്‍ അപാര ചര്‍മസൌഭാഗ്യം തന്നെ വേണം! നിയമപരമായി റെഡ്സ്ട്രീറ്റ് ഉള്ള നമ്മുടെ മെട്രോപൊളിറ്റന്‍ നഗരങ്ങളില്‍ സ്ത്രീയുടെ നില എന്തുമാത്രം പരിതാപകരമാണെന്ന ലളിതമായ സത്യം വമ്പന്‍ ബുദ്ധിജീവി നാട്യക്കാര്‍ക്കറിയാതെ പോയിരിക്കുന്നു. ധാര്‍മികത തരിമ്പും അവശേഷിക്കാത്തവര്‍ക്ക് എന്തുമാകാമല്ലോ. സെമിനാറുകളും സിമ്പോസിയങ്ങളും ഇടതടവില്ലാതെ വിളിച്ചു കൂട്ടി അറപ്പുളവാക്കുന്ന പരിഹാരങ്ങള്‍ പടച്ചുവിടുന്നവര്‍ക്ക് സകല പരിധികളും കൈമോശം വന്നിരിക്കുന്നു. സ്ത്രീചൂഷണ പരമ്പരകള്‍ കൊടുമ്പിരിക്കൊള്ളുമ്പോള്‍ ഒരു വേള ഏതോ നിസ്സംഗഭാവത്തിലേക്കോ അതല്ലെങ്കില്‍ അതിനെ ക്രൂരമായി ആസ്വദിക്കുന്ന തലത്തിലേക്കോ ശരാശരി മലയാളി മാറിക്കഴിഞ്ഞിരിക്കുന്നു. സെക്സ് ടൂറിസത്തിന് വളക്കൂറുള്ള നാടായി ദ്രുതഗതിയില്‍ നമ്മുടെ നാടിനെ പരിണമിപ്പിക്കാനുള്ള ഒളിയജണ്ടകള്‍ ഈ അപചയത്തിന്റെ അടിവേരുകള്‍ തേടിയാല്‍ ദര്‍ശിക്കാനാകും. 
സീത്രീപീഡന പ്രതിസന്ധി?



സ്ത്രീകള്‍ക്കു നേരെയുള്ള കടന്നുകയറ്റങ്ങളെ ഒരു ക്രൈസിസായി അവതരിപ്പിക്കുകയാണ് ആധുനികലോകം. പൊളിറ്റിക്കല്‍ ക്രൈസിസ്, ഫിനാന്‍ഷ്യല്‍ ക്രൈസിസ് എന്നിങ്ങനെയുള്ളവയുടെ പട്ടികയില്‍ ഒരു റേപ്പ് ക്രൈസിസ് എന്ന മട്ടില്‍ ലാഘവത്വത്തോടെ എണ്ണുന്നതിനെതിരില്‍ വളരെ കരുതലുകളെടുക്കേണ്ടതുണ്ട്. പെണ്ണായാല്‍ പീഡിപ്പിക്കപ്പെടുമെന്ന രീതിയില്‍ ഒഴുക്കന്‍ മട്ടില്‍ അതൊരു പ്രകൃതി പ്രതിഭാസമാണെന്നു വരുത്തിത്തീര്‍ക്കുന്നവരുമുണ്ട്. പാശ്ചാത്യലോകത്ത് ഇത് സംബന്ധമായി നടക്കുന്ന സര്‍വേകളും പഠനഫലങ്ങളും ഒരേ സമയം പരിതാപകരവും ഭീതിദവുമാണ്. അവിടെ പെണ്ണിനെ പൂര്‍ണമായും ഇത്തരം ലൈംഗിക കുറ്റകൃത്യങ്ങളില്‍ നിന്നെല്ലാം കുറ്റവിമുക്തമാക്കിയിട്ടുള്ള കുമ്പസാരമാണ് നടന്നുകൊണ്ടിരിക്കുത്. അഥവാ സ്ത്രീയെ മാനഭംഗപ്പെടുത്തപ്പെടുകയെന്നത് ഒരു കേവല സ്വാഭാവിക പ്രകൃതിപരമായ പ്രതിഭാസം (Natural phenomenon) ആണെന്നാണ് അവര്‍ സമര്‍ഥിക്കുന്നത്. അത്തരം കയ്യേറ്റങ്ങളെ അര്‍ഹിക്കുന്ന അവജ്ഞയോടെ അവഗണിക്കണമെന്നും 'ഇറ്റ് ഈസ് നോട്ട് യുവര്‍ മിസ്റ്റേകെന്നും'”എല്ലാം പുലമ്പി ബ്രെയിന്‍ വാഷ് ചെയ്യുന്ന പ്രവണത അത്യന്തം മാരകമാണ്. ലൈംഗിക കയ്യേറ്റങ്ങള്‍ക്ക് ശേഷമുള്ള മാനസികാഘാതത്തില്‍ നിന്ന് രക്ഷ നേടാനുള്ള കുറുക്കുവഴികളെക്കുറിച്ചും കൌണ്‍സലിങ്ങ് സെന്റേഴ്സിനെ കുറിച്ചുമെല്ലാം ആണ് അവര്‍ പൊലിപ്പിച്ചു പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഗര്‍ഭധാരണത്തെത്തടയുന്ന സുരക്ഷാമാര്‍ഗങ്ങള്‍ സദാ കൂടെ കരുതിക്കൊള്ളണമെന്നും, ഇനി മാസമുറ തെറ്റിയാല്‍ ഉടന്‍ പ്രതിവിധി ചെയ്യണമെന്നുമെല്ലാം ബോധവത്കരിക്കുന്നവര്‍ പെണ്ണിനെ അതിനീചമായി ചൂഷണം ചെയ്യുന്നതിന്റെ കരളലിയിപ്പിക്കുന്ന ക്രൂരമുഖങ്ങളെയാണ് കാണിച്ചുതരുന്നത്. പെണ്ണുടലിനെ പരമാവധി പിഴിഞ്ഞ് മാര്‍ക്കറ്റിനെ സ്നിഗ്ദമാക്കാന്‍ നോമ്പുനോറ്റിരിക്കുന്നവര്‍ക്ക് അവള്‍ മാന്യമായ വസ്ത്രധാരണത്തിലേക്ക് അഭയം പുല്‍കുന്നതിനെ പരമാവധി തടയിടേണ്ടതുണ്ട്. അതിനാല്‍ മുസ്ലിം പെണ്ണിന്റെ അമൂല്യമായ, പരിപാവനമായ പരിരക്ഷയെ സദാ താറടിക്കേണ്ടതുണ്ട്. അതിനാല്‍ത്തന്നെ റേപ്പ് ക്രൈസിസ് ഇല്ലാതാക്കാനുള്ള പരമപ്രധാനമായ, ഈപാവനമായ ഡ്രസ്സ്കോഡ് അവര്‍ക്ക് ഒരു കാലത്തും ദഹിക്കാറുമില്ല. 
സത്യസന്ധമായ കഴ്ചപ്പാടും നീതിയുക്തമായ പ്രതിവിധിയും



വ്യഭിചാരമെന്ന മഹാപാപത്തിലേക്ക് എത്തിക്കപ്പെടുന്ന കാരണങ്ങളില്‍ പലപ്പോഴും സ്ത്രീയുടെ ഭാഗത്തു നിന്നുള്ള സൌന്ദര്യപ്രദര്‍ശനങ്ങളും പ്രലോഭനങ്ങളും ശൃംഗാരചേഷ്ടകളും പ്രധാന പങ്കുവഹിക്കുന്നുണ്ടെന്നതാണ് നേര്. റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന അസംഖ്യം ബലാല്‍സംഗങ്ങളുടെയും പീഡിപ്പിച്ചു കൊല്ലലുകളുടെയും എല്ലാം പിന്നാമ്പുറങ്ങളില്‍ ഈ നഗ്നസത്യം നിലകൊള്ളുന്നുണ്ടെങ്കിലും പലപ്പോഴും അനാവരണം ചെയ്യപ്പെടാറില്ല. പ്രമാദമായ ദല്‍ഹി സംഭവത്തിലും അസമയത്ത് അന്യപുരുഷനുമായി ഇറങ്ങിത്തിരിച്ചു എന്നത് ആര്‍ക്കും നിഷേധിക്കാനാവില്ല. അത്തരമൊരു ഘട്ടത്തില്‍ പെണ്ണിനു നേരിട്ടേക്കാവുന്ന ദുരന്തമാണ് മനുഷ്യപ്പിശാചുക്കളിലൂടെ അരങ്ങേറിയത്. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം ജാതിമതത്തിന്റെ അതിര്‍വരമ്പുകളില്ലാതെ ഇങ്ങിനെ സത്യസന്ധമായി വിലയിരുത്തുന്ന ചിന്താശേഷിയുള്ളവരുടെ ഒരു സമൂഹം തന്നെ നിലവിലുണ്ടായിരുന്നു. ഇന്നാകട്ടെ പരിഷ്കാരത്തിന്റെയും സ്റാറ്റസിന്റെയും സോഷ്യലാകുന്നതിന്റെയും എല്ലാം പേരില്‍ ഇത്തരം ആണ്‍ പെണ്‍ സൌഹൃദങ്ങളും സ്വകാര്യ ഒത്തുകൂടുലുകളുമെല്ലാം ശരിവത്ക്കരിക്കപ്പെട്ടിരിക്കുന്നു. പത്തുമിനിറ്റ് കൊണ്ട് ഞങ്ങള്‍ക്ക് ഗര്‍ഭമുണ്ടാക്കാനാകുമെന്നും അത് നിങ്ങള്‍ക്ക് പ്രസവിക്കണമെങ്കില്‍ പത്തുമാസമെടുക്കേണ്ടി വരുമെന്നെല്ലാമുള്ള പൊതു പ്രസ്താവനകള്‍ സ്ത്രീസമൂഹത്തെ അഭിമുഖീകരിച്ച് നടത്തുന്നത് അത്ര മാന്യമല്ലെങ്കിലും പെണ്ണിന്റെ മനസ്സില്‍ ആഴത്തില്‍ വേരൂന്നേണ്ട യാഥാര്‍ഥ്യമാണത്. പരപുരുഷനുമായുള്ള ഏതു വിധ സമ്പര്‍ക്കങ്ങളും ജീവശാസ്ത്രപരമായി പെണ്ണിനേല്‍പിക്കുന്ന ക്ഷതങ്ങള്‍ കൂടുതല്‍ ഗുരുതരമായിരിക്കും. പരസ്ത്രീഗമനം പുരുഷനെ സംബന്ധിച്ചിടത്തോളം അനുവദനീയമല്ലാത്ത മേച്ചില്‍പ്പുറങ്ങളിലൂടെയുള്ള സ്വൈരവിഹാരമാണ്. യഥാര്‍ഥത്തില്‍ ശക്തമായ അവന്റെ സന്‍മാര്‍ഗിക ബോധമാണ് അവനെ കൂച്ചുവിലങ്ങിട്ടു നിറുത്തുന്നത്. സ്ത്രീയെയും പുരുഷനെയും ഒരുപോലെ വേട്ടയാടുന്ന മാരക ലൈംഗികരോഗങ്ങള്‍ വഴിവിട്ട ലൈംഗിക ജീവിതം നയിക്കുന്നവര്‍ക്കിടയില്‍ നിരവധി ആവിര്‍ഭാവം ചെയ്തു കഴിഞ്ഞിട്ടുണ്ടെങ്കിലും മാനസികവും ശാരീരികവുമായ പരിക്കുകള്‍ പെണ്ണിനാണ് താങ്ങാനാകാത്ത വണ്ണം ഈ രംഗത്ത് അഭിമുഖീകരിക്കേണ്ടി വരുന്നത്. പ്രമാദമായ സ്ത്രീപീഡനക്കേസുകളിലെ ഇരകള്‍ നീതി കിട്ടാതെ അലയുന്നതും സമൂഹത്തിന്റെ കണ്ണില്‍ പിഴച്ചവളെന്ന ലേബല്‍ ഒരു കാലത്തും മാറിപ്പോകാതെ സ്ഥാപിക്കപ്പെടുന്നതും തുടര്‍ക്കഥയായിക്കൊണ്ടിരിക്കുകയാണ്. നീചവൃത്തികളില്‍ ഒന്നാമത്തെതായ വ്യഭിചാരവും അതിനോടനുബന്ധമായ കാമകേളികളുമെല്ലാം ആണ് ഇന്ന് സമൂഹത്തില്‍ ചര്‍ച്ചാവിഷയമായിക്കൊണ്ടിരിക്കുന്നത്. ഇസ്ലാമിക ഭരണാധികാരിയുടെ മുമ്പില്‍ താന്‍ ഒരു അന്യസ്ത്രീയെ ചുംബിച്ചുപോയ പാതകം സൂചിപ്പിച്ചുവന്ന വ്യക്തിയോട് എന്തിനാണ് അത് പരസ്യപ്പെടുത്തിയത്, തനിക്കും തന്റെ റബ്ബിനുമിടയിലുള്ള രഹസ്യമായിരുന്നില്ലേ അത് എന്നായിരുന്നു മഹാനായ ഉമര്‍(റ) പ്രതികരിച്ചത്. ഇന്ന് വിവിധ സ്ഥലങ്ങളില്‍ വ്യത്യസ്ത രൂപേണ ലൈംഗികമായി കയ്യേറ്റം ചെയ്തതിന്റെയെല്ലാം വിശദാംശങ്ങളാണ് മീഡിയകളിലൂടെ നിര്‍ലജ്ജം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇത് കേള്‍വിക്കാരനിലും കഴ്ചക്കാരനിലും ആ നീച വൃത്തിയിലേക്ക് ചായ്വുണ്ടാക്കുന്ന നികൃഷ്ടമായ പാപമാണ്. "തീര്‍ച്ചയായും സത്യവിശ്വാസികള്‍ക്കിടയില്‍ ദുര്‍വൃത്തി പ്രചരിക്കുന്നത് ഇഷ്ടപ്പെടുന്നവരാരോ അവര്‍ക്കാണ് ഇഹത്തിലും പരത്തിലും വേദനയേറിയ ശിക്ഷയുള്ളത്. അല്ലാഹു അറിയുന്നു നിങ്ങള്‍ അറിയുന്നില്ല.'' (സൂറ: അന്നൂര്‍ 19)
സമൂഹ മനഃസാക്ഷിയുടെ സദ്വിചാരത്തെ തകര്‍ത്തു തരിപ്പണമാക്കുന്ന അത്യന്തം വിനാശകരമായ ഈ പരിതസ്ഥിതി എല്ലാ അതിരുകളും ഭേദിച്ചിരിക്കുന്നു. വ്യഭിചാരത്തിലേക്ക് അടുത്തുപോകാനിടയുള്ള യാതൊന്നിലേക്കും സമീപിച്ചുപോകരുതെന്നാണ് റബ്ബ് അരുള്‍ചെയ്തിട്ടുള്ളത്. "നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ചുപോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവും ആകുന്നു.'' (സൂറത്ത് അല്‍ ഇസ്റആഅ് 32)

വ്യഭിചാരത്തിലേക്ക് അടുപ്പിക്കുന്ന സകല കൊള്ളരുതായ്മകള്‍ക്കും സമൂഹം ഇന്ന് പച്ചക്കൊടി കാണിച്ചുകഴിഞ്ഞു. അരുതാത്ത നോട്ടവും സ്പര്‍ശവും, കൊഞ്ചലും ശൃംഗാരചേഷ്ടകളും ദ്വയാര്‍ഥ പ്രയോഗങ്ങളുമെല്ലാം അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുകയാണ്. അതിനെതിരെ ശബ്ദിച്ചാല്‍ അത് കാടത്തവും സംസ്കാരശൂന്യവുമാണെന്ന് വരുത്തിത്തീര്‍ത്തു കഴിഞ്ഞിട്ടുണ്ട്. ഈ രംഗത്ത് ശക്തമായ പരിധികളും നിയന്ത്രണങ്ങളും ഏര്‍പ്പടുത്തിയ പ്രപഞ്ചനാഥനിങ്കല്‍ നിന്നുള്ള ഒരേയൊരു സത്യ സന്ദേശമാണ് ഇസ്ലാം. അവിഹിതമായ നോട്ടവും സ്പര്‍ശവും നടത്തവും പിടുത്തവുമെല്ലാം വ്യഭിചാരത്തിലേക്കുള്ള ആദ്യ പടികളായാണ് പ്രവാചകന്‍(((സ്വ) പഠിപ്പിച്ചത്. അങ്ങിനെ അനര്‍ഹമായി ആ പെണ്ണിനെ അല്ലെങ്കില്‍ ആണിനെ ഹൃദയം ആഗ്രഹിക്കുന്നതോടുകൂടി അവന്റെ അല്ലെങ്കില്‍ അവളുടെ ഹൃദയവും വ്യഭിചാര പാപത്തില്‍ പങ്കെടുത്തു കഴിഞ്ഞു. അവസാനം തന്റെ ലൈംഗികാവയവം കൊണ്ട് ഈ കൊടിയ പാതകം സത്യപ്പെടുത്തുകയോ കളവാക്കുകയോ ആണ് സംഭവിക്കുന്നത്. ഈ രീതിയിലുള്ള ഘട്ടംഘട്ടമായുള്ള പാപത്തിന്റെ ഓഹരികളിലൂടെയാണ് ഈ മഹാപാപം നടമാടുന്നത്. ഈ മാരക രോഗാണു പേറുന്നവന്റെ മനസ്സിനകത്ത് മ്ളേച്ഛമായ അഭിലാഷങ്ങള്‍ ഉടലെടുക്കാനിടയുള്ളതിനാല്‍ പെണ്ണിനോട് തന്റെ സ്വരം മാന്യമായിരിക്കണമെന്ന് പ്രപഞ്ചനാഥന്‍ അനുശാസിച്ചിരിക്കുകയാണ്. ഇതെല്ലാം സൂറഃ അഹ്സാബില്‍ പ്രവാചക പത്നിമാരെ അഭിമുഖീകരിച്ചുകൊണ്ടാണ് പ്രസ്താവിച്ചിട്ടുള്ളതെന്നത് ഏറെ ശ്രദ്ധേയമാണ്. "നിങ്ങള്‍ ധര്‍മനിഷ്ട പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ അന്യരോട് അനുനയസ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കാം. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞുകൊള്ളുക.'”(സൂറഃ അല്‍അഹ്സാബ് 32)

തന്റെ ഇംഗിതത്തിന് വളച്ചെടുക്കുവാന്‍ പാകത്തിലുള്ളവളാണ് ഇവളെന്ന വ്യംഗ്യമായ സൂചന പലപ്പോഴും പുരുഷന് പെണ്ണിന്റെ സംസാരത്തില്‍ നിന്ന് ലഭിക്കുകയും അങ്ങിനെ പല മിസ്സ്കോളുകളും തിരിച്ചു വിളിച്ചതില്‍നിന്ന് തുടങ്ങി അത് എന്നെന്നേക്കും ഭൂമുഖത്ത് നിന്ന് മിസ്സ്ഡ് ആയിപ്പോയതിലേക്കെത്തിയ എത്രയെത്ര സംഭവങ്ങളാണ് എണ്ണി നിരത്താനുള്ളത്! അവിഹിതമായ ബന്ധങ്ങളോടൊപ്പം കൊലയും നടത്തേണ്ടി വരുമെന്നതിലേക്കും സൂചന ക്വുര്‍ആന്‍ നല്‍കുന്നതായി കാണാം. വ്യഭിചാരത്തെയും ഉടനെ കൊലയേയും ക്വുര്‍ആന്‍ ചേര്‍ത്തു പരാമര്‍ശിക്കുന്നുണ്ട്. അവിഹിത വേഴ്ച നടന്നാല്‍ പലപ്പോഴും അതില്‍ ജന്‍മം കൊള്ളുന്ന കുഞ്ഞും ചിലപ്പോള്‍ കുഞ്ഞിനെ ഗര്‍ഭം ധരിച്ചവളുമെല്ലാം കൊലചെയ്യപ്പെടാറാണുള്ളത്. ഗര്‍ഭധാരണം നടന്നിട്ടില്ലെങ്കിലും അവിഹിത വേഴ്ച നടന്നാല്‍ പ്രാപിച്ച പെണ്ണിനോടുള്ള ഗാഢമായ അറ്റാച്ച്മെന്റ് ഉടനടി നിഗൂഢമായ ഒരുതരം ഡിറ്റാച്ച്മെന്റിലേക്ക് തലതിരിയുന്നു എന്നതും മനഃശാസ്ത്രപരമായി സ്ഥിരീകരിക്കപ്പെട്ടതാണ്. 

നിവൃത്തിയില്ലാതെയാകുമ്പോഴാണ് പുരുഷന്‍ പിന്നീട് അവളെ ജീവിതസഖിയാക്കുന്നത്. അവിടെയും പഴകിപ്പുളിച്ചതിനെ പറിച്ചെറിയാനാകും മനസ്സ് കൊതിക്കുന്നത്. മാനസാന്തരങ്ങളിലെ നിഗൂഢതകള്‍ സുവ്യക്തമായി അറിയുന്ന റബ്ബ് നിഷ്കര്‍ഷിച്ച അധ്യാപനങ്ങള്‍ എത്ര മാസ്മരികമാണെന്നോര്‍ത്ത് സാഷ്ടാംഗം പ്രണമിക്കാതിരിക്കാന്‍ യഥാര്‍ഥ ജ്ഞാനിക്ക് ആകുമോ? ഒരിക്കലുമില്ല. കാരണം സൃഷ്ടിച്ചുണ്ടാക്കിയവന്‍ (എല്ലാം) അറിയുകയില്ലേ? "അവന്‍ നിഗൂഢ രഹസ്യങ്ങള്‍ അറിയുന്നവനും സൂക്ഷ്മജ്ഞാനിയുമാകുന്നു.'' (സൂറഃ മുല്‍ക് 14)

സൌന്ദര്യപ്രദര്‍ശനവുമായി ഊരുചുറ്റുന്ന ജാഹിലിയ്യാ സമ്പ്രദായം സത്യവിശ്വാസിനികള്‍ക്ക് പാടില്ലാത്തതാണെന്ന് വിശുദ്ധ ക്വുര്‍ആന്‍ അനുശാസിക്കുന്നതായി കാണാം. വിവാഹ ബന്ധം നിഷിദ്ധമായ ഒരു കൂട്ടില്ലാതെ അസമയത്ത് ഇറങ്ങി നടപ്പ് പതിവാക്കിയവരാണ് പലപ്പോഴും സ്ത്രീ പീഡനങ്ങളില്‍ അപമൃത്യു വരിച്ചതെന്നോര്‍ക്കുക. ഈ ലോകത്ത് ഏറ്റവും വൈശിഷ്ട്യമേറിയത് സ്വാലിഹത്തായ പെണ്ണാണെന്നരുള്‍ചെയ്ത പ്രവാചകന്‍ (സ്വ) സുഗന്ധം വാരിപ്പൂശി പരപുരുഷന്‍മാരെ ആകര്‍ഷിപ്പിച്ച് ചാഞ്ഞും ചെരിഞ്ഞും ഒട്ടകത്തിന്റെ പൂഞ്ഞപോലെ മുടി ഉയര്‍ത്തിക്കെട്ടി ഊരു ചുറ്റുന്നവരെ വ്യഭിചാരിണികളെന്നും ശപിക്കപ്പെട്ടവര്‍ എന്നുമെല്ലാം ആക്ഷേപിച്ചിട്ടുണ്ട്. നഗ്നത വെളിവാക്കിച്ച് സ്വര്‍ഗത്തില്‍ നിന്ന് പുറത്താക്കിയ പിശാച് നഗ്നത കാണിപ്പിച്ച് സ്വര്‍ഗപ്രവേശനം അസാധ്യമാക്കുന്ന പണി തുടര്‍ന്നുകൊണ്ടേയിരിക്കുകയാണ്. നേരത്തെ പ്രവാചകന്‍ (സ്വ) അരുള്‍ ചെയ്ത ഹദീഥില്‍ അത്തരക്കാര്‍ക്ക് എത്രയോ കാതങ്ങളോളം വീശിയടിക്കുന്ന സ്വര്‍ഗത്തിന്റെ പരിമളം പോലും ലഭ്യമല്ലെന്ന് താക്കീതു നല്‍കിയിട്ടുണ്ട്.

ബാക്കിയുണ്ട്

1 comment:

സുബൈദ said...

http://www.facebook.com/photo.php?fbid=428286177265758&set=a.320634321364278.72941.100002531387471&type=1&theater