Followers

Tuesday, September 25, 2012

'നബിനിന്ദാ സിനിമ നമുക്ക് പ്രതിഷേധിക്കുക' പ്രവാചകന്‍ മുഹമ്മദ്‌ നബി(സ) യെ അപഹസിക്കുന്ന സിനിമയും അതിനോടനുബന്ധിച്ചു നടന്ന സംഭവവികാസങ്ങളുടെയും പക്ഷാത്തലത്തില്‍ 'നിച്ച്ഓഫ്ട്രൂത്ത്‌' പ്രസിദ്ധീകരിച്ച ലഖുലേഖ

മുഹമ്മദ് നബി (സ്വ) ഒരിക്കല്‍കൂടി നികൃഷ്ടമായ രീതിയില്‍ ഭത്സിക്കപ്പെട്ടിരിക്കുകയാണ്. ചരിത്രത്തോട് ചെയ്യാനാവുന്നതില്‍ വെച്ച് ഏറ്റവും ക്രൂരമായ കയ്യേറ്റം! മാനവികതയോടുള്ള നഗ്നമായ വെല്ലുവിളി! ചെകുത്താന്‍ പോലും നാണിച്ചുപോകുന്ന വൃത്തികെട്ട ആഖ്യാനം! മാന്യതയുടെ എല്ലാ അതിരുകളും ലംഘിച്ചുകൊണ്ടുള്ള പൈശാചികമായ ദൃശ്യവല്‍ക്കരണം! മനുഷ്യത്വത്തിന്റെയും ധാര്‍മികതയുടേയും തരിമ്പെങ്കിലും മനസ്സില്‍ അവശേഷിക്കുന്നവര്‍ക്കൊന്നും തന്നെ പതിനാലു മിനുറ്റോളം നീണ്ടുനില്‍ക്കുന്ന ഇന്നസെന്‍സ് ഓഫ് മുസ്ലിമിന്റെ ട്രെയ്ലര്‍ രോഷത്തോടെയല്ലാതെ കണ്ടിരിക്കാന്‍ കഴിയില്ല. സിനിമയിലെ മുഹമ്മദ് എന്ന കഥാപാത്രം മനോരോഗിയും കാമഭ്രാന്തനും രക്തദാഹിയുമാണ്. പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചരിത്രത്തിന്റെ വെള്ളിവെളിച്ചത്തില്‍ ജീവിച്ച മുഹമ്മദ് നബി (സ്വ)യുമായി ഒരര്‍ഥത്തിലും താരതമ്യത്തിന് കൊള്ളാത്ത കഥാപാത്രം. ഈ കഥാപാത്രമാണ് മുസ്ലിംകളെ തീവ്രവാദികളും ഭീകരവാദികളും സ്ത്രീവിരുദ്ധരുമായെല്ലാമാക്കുന്നതെന്ന് വരുത്തിത്തീര്‍ക്കുന്നതാണ് സിനിമയിലെ പ്രമേയം. മനുഷ്യര്‍ക്കൊന്നും കണ്ടിരിക്കാനാവാത്ത ട്രെയ്ലര്‍! സ്വന്തത്തേക്കാളധികം നബി (സ്വ)യെ സ്നേഹിക്കുന്ന മുസ്ലിംകള്‍ക്ക് ഈ നബിനിന്ദ സഹിക്കാനാകുമോ? മുഹമ്മദ് നബി (സ്വ)യുടെ നേരെ വന്ന അമ്പുകള്‍ സ്വന്തം വിരിമാറുകൊണ്ട് തടുത്ത സ്വഹാബിമാരുടെ പിന്‍ഗാമികള്‍ക്ക് ക്രൂരമായ ഈ നബിഭത്സനത്തിനെതിരെ പ്രതിഷേധിക്കാതിരിക്കാന്‍ കഴിയുമോ? താനും തന്റെ മാതാപിതാക്കളും ഇണകളും സന്താനങ്ങളുമെല്ലാം യുദ്ധഭൂമിയില്‍വെച്ച് മരണപ്പെട്ടാലും മുഹമ്മദ് നബി (സ്വ)ക്ക് യാതൊന്നും സംഭവിക്കരുതെന്ന് ആത്മാര്‍ഥമായും ആഗ്രഹിച്ച പ്രവാചകാനുചരന്‍മാരുടെ പിന്‍മുറക്കാര്‍ക്ക് നികൃഷ്ടമായ ഈ ദൃശ്യവല്‍ക്കരണത്തിനെതിരെ പ്രതികരിക്കാതിരിക്കാനാവുമോ?
'സാം ബാസൈല്‍' എന്ന വ്യാജ നാമത്തില്‍ അമേരിക്കന്‍ കോപ്റ്റിക് ക്രിസ്ത്യാനിയായ നക്കൌള ബാസ്റിലി നക്കൌളയാണ് ചരിത്രത്തിലെ തുല്യതയില്ലാത്ത നബിനിന്ദാസിനിമയുടെ നിര്‍മാണത്തിന് ചുക്കാന്‍ പിടിച്ചത്. ഉത്തേജക മരുന്നായ മീഥാംഫെറ്റമൈന്‍ നിര്‍മിച്ചതിന് 1990ലും സാമ്പത്തിക കുറ്റകൃത്യങ്ങള്‍ക്ക് 2010ലും ശിക്ഷിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്ത ഇയാളെ നബിനിന്ദാസിനിമ നിര്‍മാണത്തിനായി മുസ്ലിം വിരുദ്ധരായ ക്രൈസ്തവ മിഷണറിമാര്‍ വിലക്കെടുക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. ഇത്തരമൊരു സിനിമാനിര്‍മിക്കുന്നതിനായി 2011 ആഗസ്തില്‍ അമേരിക്കയിലെ ക്രൈസ്തവ മിഷനറി സംഘമായ ‘മീഡിയ ഫോര്‍ ക്രൈസ്റ്’ അനുവാദം വാങ്ങിയതായും സിനിമാ നിര്‍മാതാവായ നക്കൌള ബാസ്റിലി നക്കൌള തന്റെ വീട് പ്രവര്‍ത്തനങ്ങള്‍ക്കായി വിട്ടുകൊടുക്കുകയാണുണ്ടായതെന്നും ‘ലോസ് ആഞ്ചലസ് ടൈംസ്’(13-09-2012) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മീഡിയാ ഓഫ് ക്രൈസ്റിന്റെ അധ്യക്ഷന്‍ ജോസഫ് നാസെറല്ല അബ്ദുല്‍ മസീഹ് ഇക്കാര്യം നിഷേധിച്ചിട്ടുണ്ടെങ്കിലും സിനിമ വിവാദമായതിനെ തുടര്‍ന്ന് അദ്ദേഹം ഒളിവിലാണ്. ഇസ്ലാമോഫോബിയയുടെ പ്രധാനപ്പെട്ട വക്താക്കളിലൊരാളും സിനിമയുടെ സ്പോക്സ്മാനുമായി അറിയപ്പെടുന്ന വിയറ്റ്നാമുകാരന്‍ സ്റീവ് ക്ളീഡ് പറയുന്നതായി ദി അറ്റ്ലാന്റിക് (12-09-2012) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്, ഈ സിനിമക്കു പിന്നില്‍ സിറിയ, തുര്‍ക്കി, പാക്കിസ്ഥാന്‍, ഈജിപ്ത് എന്നിവടങ്ങളില്‍ നിന്നുള്ള പതിനഞ്ച് ഇവാഞ്ചലിക്കല്‍ ക്രിസ്ത്യാനികളാണ് എന്നാണ്. സിനിമയുടെ പേരില്‍ ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലുണ്ടായ കലാപങ്ങളെക്കുറിച്ച് ചോദിച്ചപ്പോള്‍ "ഇവര്‍ പ്രകോപിതരായതിന് ഞാനെന്തിന് കുണ്ഠിതപ്പെടണം? പ്രകോപിതരാകുന്നതിന് വേണ്ടി അവര്‍ നേരത്തെത്തന്നെ പ്രോഗ്രാം ചെയ്യപ്പെട്ടതാണ്''എന്ന് സ്റീവ് ക്ളീഡ് പറഞ്ഞതായി അസോസിയേറ്റഡ് പ്രസ് (14-09-2012) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പരിശുദ്ധ ക്വുര്‍ആന്‍ കോപ്പികള്‍ കത്തിച്ചുകൊണ്ട് ഇസ്ലാമിക ഭീകരവാദത്തിനെതിരെ പ്രതികരിക്കുമെന്ന് പ്രഖ്യാപിച്ച കുപ്രസിദ്ധി നേടിയ സുവിശേഷകന്‍ പാസ്റര്‍ ടെറി ജോണ്‍സ് പറഞ്ഞത് "അമേരിക്കന്‍ നിര്‍മിതിയായ ഈ സിനിമ മുസ്ലിംകളെ അക്രമിക്കുവാന്‍ വേണ്ടിയല്ല; പ്രത്യുത, ഇസ്ലാമിന്റെ നശീകരണാത്മകമായ പ്രത്യശാസ്ത്രത്തെക്കുറിച്ച് അറിവു നല്‍കുന്നതിനു വേണ്ടിയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്; മുഹമ്മദിന്റെ ജീവിതത്തിന്റെ നികൃഷ്ടഭാവങ്ങളും ഈ സിനിമ വെളിപ്പെടുത്തുന്നുണ്ട്'' എന്നാണ്. ജര്‍മനിയിലെ ഇസ്ലാം വിരുദ്ധ സംഘമായ 'പ്രോ ജര്‍മനി സിറ്റിസണ്‍സ് മൂവ്മെന്റ്' നബിനിന്ദാസിനിമയുടെ ട്രെയ്ലര്‍ സ്വന്തം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുകയും ആര്‍ എതിര്‍ത്താലും അത് ജനങ്ങളെ കാണിക്കുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. (ഴൌമൃറശമിിലം.രീാ).
മുഹമ്മദ് നബി (സ്വ) ആദ്യമായല്ല നിന്ദിക്കപ്പെടുകയും ഭല്‍സിക്കപ്പെടുകയും ചെയ്യുന്നതെന്ന വസ്തുത കണ്ണും കാതുമുള്ളവര്‍ക്കെല്ലാം അറിയാവുന്നതാണ്. മുഹമ്മദ് നബി(സ്വ)ക്ക് പ്രവാചകത്വം ലഭിച്ചതു മുതല്‍ തന്നെ അദ്ദേഹം നിന്ദിക്കപ്പെട്ടിട്ടുണ്ട്. അബൂലഹബാണ് അന്തിമപ്രവാചകനെ നിന്ദിക്കുന്നതിന് തുടക്കം കുറിച്ചത്. അത് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രവാചകനിന്ദക്ക് തുടക്കം കുറിച്ച അബൂലഹബിനെ വിശുദ്ധ ക്വുര്‍ആന്‍ പാരായണം ചെയ്യുന്ന കോടിക്കണക്കിനാളുകള്‍ ശപിച്ചുകൊണ്ടിരിക്കുന്നു. സ്വയം ശപിച്ചുപോവുന്ന രീതിയിലായിരുന്നുവത്രെ അയാളുടെ മരണം! പിന്നീടങ്ങോട്ട് പ്രവാചകന്‍(സ്വ) നിന്ദിക്കപ്പെട്ടിട്ടുണ്ട്; അപമാനിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തിട്ടുണ്ട്; ക്രൂരവും നിന്ദ്യവുമായ രീതിയില്‍ ഭത്സിക്കപ്പെട്ടിട്ടുമുണ്ട്. എന്നാല്‍ മുഹമ്മദ് നബി(സ്വ)യുടെ വ്യക്തിത്വത്തിന്റെ ഉജ്വലതയ്ക്ക് ഈ ഭത്സനങ്ങള്‍ കൊണ്ടൊന്നും യാതൊരുവിധ കോട്ടവുമുണ്ടായിട്ടില്ല. അതില്‍നിന്ന് വെളിച്ചം സ്വീകരിക്കുന്നവരുടെ എണ്ണം ഓരോ തലമുറയിലും വര്‍ധിച്ചുകൊണ്ടിരിക്കുകയുമാണ്.
എന്തുകൊണ്ടാണ് മുഹമ്മദ് നബി(സ്വ) ഇത്രയധികം നിന്ദിക്കപ്പെടുന്നത്? ഇത്രയധികം അപഹസിക്കപ്പെടുവാന്‍ മാത്രം എന്തു തെറ്റാണ് അദ്ദേഹം ചെയ്തത്? പ്രവാചകനിന്ദയുടെ പിതാവായിരുന്ന അബൂജഹ്ല്‍ തന്നെ മറുപടി പറയട്ടെ: "മുഹമ്മദ് കള്ളനാണെന്നോ മോശപ്പെട്ടവനാണെന്നോ എനിക്കഭിപ്രായമില്ല. എന്നാല്‍ അവന്‍ കൊണ്ടുവന്ന ആശയം! അത് കളവാണ്. അതിനോടാണ് ഞങ്ങളുടെ എതിര്‍പ്പ്.'' മുഹമ്മദ് നബി(സ്വ) കൊണ്ടുവന്ന ആശയങ്ങള്‍ അന്നും ഇന്നും പലര്‍ക്കും അരോചകമാണ്. ഈ അരോചകത്വമാണ് പ്രവാചകനിന്ദയായി പുറത്തുവരുന്നത്-ഇന്നലെ അത് കവിതകളുടെയും അസഭ്യവര്‍ഷങ്ങളുടെയും രൂപത്തിലായിരുന്നുവെങ്കില്‍ ഇന്ന് അത് കാര്‍ട്ടൂണുകളുടെയും കാരിക്കേച്ചറുകളുടെയും ചോദ്യപേപ്പറുകളുടെയും മിഷനറി ഗ്രന്ഥങ്ങളുടെയും വൃത്തികെട്ട സിനിമയുടെയും കോലത്തിലാണെന്ന വ്യത്യാസം മാത്രമേയുള്ളൂ.
പ്രവാചകനിന്ദയുടെ വേരുകള്‍ സ്ഥിതിചെയ്യുന്നത് ചൂഷണാധിഷ്ഠിതമായ അധീശത്വവ്യവസ്ഥിതിയിലാണ്; അന്നും ഇന്നും ഒരേ മാനസികാവസ്ഥയില്‍ നിന്നാണ് അത് നിര്‍ഗളിക്കുന്നത്. നാഥനും ദാസനും തമ്മില്‍ അകലമൊന്നുമില്ലെന്നും അവനോട് നേര്‍ക്കുനേരെ ചോദിക്കുകയാണ് അടിയാന്മാര്‍ ചെയ്യേണ്ടതെന്നും പഠിപ്പിച്ചപ്പോള്‍ സ്വഭാവികമായും തകര്‍ന്നുവീണത് ദൈവ-ദാസ ദല്ലാളന്മാരായിരുന്ന പുരോഹിതന്മാരുടെ ചൂഷണക്കൊട്ടാരങ്ങളായിരുന്നു. അതുകൊണ്ടായിരുന്നു അന്നത്തെ എതിര്‍പ്പ്.

ഇന്നത്തെ പ്രവാചകനിന്ദയുടെ അപ്പോസ്തലന്മാര്‍ക്ക് മൂന്ന് മുഖങ്ങളുണ്ട്. മൂന്നും ഭീകരമെങ്കിലും മീഡിയ അവയെപൌഡറിട്ട് ജനസാമാന്യത്തിനു മുന്നില്‍ അവതരിപ്പിച്ച് മിനുക്കിയെടുക്കുന്നു. ഒന്ന് സെക്യുലറിസത്തിന്റെ മുഖമാണ്. മതവും ആത്മീയതയും ആരാധനാലയങ്ങള്‍ക്കകത്തു മതിയെന്നും ജീവിതത്തിന്റെ അര്‍ഥം നിര്‍ണയിക്കുന്ന രംഗങ്ങളിലേക്കൊന്നും അത് കടന്നുകയറരുതെന്നുമുള്ള സെക്യുലറിസ്റ്റ് വീക്ഷണത്തോട് ജീവിതത്തിന്റെ എല്ലാ മേഖലകളെയും ദൈവികബോധനപ്രകാരം പരിവര്‍ത്തിപ്പിക്കുകയാണ് മതമെന്ന ഇസ്ലാമിക സങ്കല്‍പം ഒരുതരത്തിലും രാജിയാവുന്നില്ല. രണ്ടാമത്തെ മുഖം ആഗോളവല്‍കരണത്തിന്റെ പേരിലുള്ള സാംസ്കാരികാധിനിവേശത്തിന്റേതാണ്. ലഹരി, ലോട്ടറി, പലിശ, സൌന്ദര്യപ്രകടനം, സ്വതന്ത്രലൈംഗികത തുടങ്ങിയ, മാര്‍ക്കറ്റിനെ സ്നിഗ്ധമാക്കാന്‍ സാമ്രാജ്യത്വമുപയോഗിക്കുന്ന സകലതിനുമെതിരാണ് ഇസ്ലാം. ഇവയുപയോഗിച്ച് ഉപഭോക്താവിനെ ചൂഷണം ചെയ്താണ് 'സ്വതന്ത്ര വിപണി' നിലനില്‍ക്കുന്നതു തന്നെ. ഇവയുടെയെല്ലാം നേരെ ഇസ്ലാം പുറംതിരിഞ്ഞുനില്‍ക്കുന്നു. അതുകൊണ്ടുതന്നെ ഇസ്ലാമിനെയും അതിന്റെ പ്രവാചകനെയും സെക്യുലറിസത്തിന്റെയും സാമ്രാജ്യത്വത്തിന്റെയും ആളുകള്‍ക്ക് വെറുപ്പാണ്. ചൂഷണങ്ങളെക്കുറിച്ചറിയാതെ അവര്‍ നിര്‍മിക്കുന്ന വലയില്‍ വീഴാനൊരുങ്ങുന്നവരെ രക്ഷിക്കുവാന്‍ ഇന്നുള്ളത് ഇസ്ലാമികാദര്‍ശം മാത്രമാണെന്ന് അവര്‍ക്കറിയാം. ഈ ആദര്‍ശത്തെ വസ്തുനിഷ്ഠമായി വിമര്‍ശിക്കുവാന്‍ ആര്‍ക്കുമാവില്ലെന്നും വിമര്‍ശിക്കുന്തോറും ഇസ്ലാമികാദര്‍ശത്തിന്റെ മാനവികമുഖം കൂടുതല്‍ തെളിഞ്ഞുവരികയാണെന്നും അത് ചൂഷിതരെ അതിലേക്ക് ആകര്‍ഷിക്കാന്‍ മാത്രമെ നിമിത്തമാവുന്നുള്ളൂ എന്നും അനുഭവത്തില്‍നിന്ന് പഠിച്ചവരാണവര്‍. ഈ പാഠമാണ് പ്രവാചകനെ നിന്ദിക്കുവാനും അപഹസിക്കുവാനും അങ്ങനെ മുസ്ലിംകളെ പ്രകോപിതരാക്കുവാനും അവരെ പ്രേരിപ്പിക്കുന്നത്.
നബിനിന്ദയുടെ മൂന്നാമത്തെ മുഖം മതപ്രബോധകരുടേതാണ്. സ്രഷ്ടാവിനും മനുഷ്യര്‍ക്കുടമിടയിലുള്ള മധ്യവര്‍ത്തികളെയെല്ലാം നിഷേധിക്കുകയും സര്‍വലോക രക്ഷിതാവിനോട് മാത്രം പ്രാര്‍ഥിക്കണമെന്ന് പഠിപ്പിക്കുകയും ചെയ്യുന്ന ഇസ്ലാം, മതത്തിന്റെ പേരില്‍ മനുഷ്യരെ ചൂഷണം ചെയ്യുന്നവരുടെയും ദൈവങ്ങളുടെയും ദൈവപുത്രന്മാരുടെയും സ്വന്തക്കാരായി ചമയുന്ന പുരോഹിതന്മാരുടെയും കണ്ണിലെ കരടായി തീര്‍ന്നത് സ്വാഭാവികമാണ്. ക്വുര്‍ആനിന്റെ തെളിമയാര്‍ന്ന ആദര്‍ശവും മുഹമ്മദ് നബി(സ്വ)യുടെ വിശുദ്ധവും വിപ്ളവകരവുമായ ജീവിതവും പഠനത്തിന് വിധേയമാക്കപ്പെട്ടാല്‍ തങ്ങളുടെ കാല്‍ക്കീഴില്‍ നിന്ന് മണ്ണ് ഒലിച്ചുപോയിക്കൊണ്ടേയിരിക്കുമെന്ന് അനുഭവിച്ചറിഞ്ഞവര്‍ നബിനിന്ദയിലൂടെ തങ്ങളുടെ രോഷം പ്രകടിപ്പിക്കുകയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നബി(സ്വ)യെ നാല് തെറി പറഞ്ഞാല്‍ ഇസ്ലാം തെറ്റുധരിക്കപ്പെടുമെന്നും തങ്ങളുടെ കീഴിലുള്ള കുഞ്ഞാടുകള്‍ പിന്നെ ഇസ്ലാമിനെ പറ്റി പഠിക്കുകയില്ലെന്നും അങ്ങനെ ഇസ്ലാമിലേക്കുള്ള ഒഴുക്ക് തടസ്സപ്പെടുത്താനാകുമെന്നും അവര്‍ കണക്കുകൂട്ടുന്നു. തങ്ങളുടെ അപഥ സഞ്ചാരത്തിന് യുക്തിവാദത്തിന്റെ കുട പിടിക്കുകയും ഇസ്ലാമിനെ തെറിപറഞ്ഞ് അരിശം തീര്‍ക്കുകയും ചെയ്യുന്ന നിരീശ്വരവാദികളെയാണ് നബിനിന്ദക്ക് അവര്‍ കൂട്ടുപിടിക്കുന്നത്. ദൈവത്തിനു പുത്രനില്ലെന്ന ഇസ്ലാമിക വാദത്തെ പ്രതിരോധിക്കാന്‍ ദൈവം തന്നെയില്ലെന്ന് പ്രചരിപ്പിക്കുന്നവരെ കൂട്ടുപിടിക്കുന്നത് ഗതികേടുകൊണ്ടുമാത്രമാണ്. കുറേ അഭിനേതാക്കളെ അണിനിരത്തിക്കൊണ്ട് മുഹമ്മദ് നബി(സ്വ)യെ തെറി പറഞ്ഞാല്‍ പതിനാല് നൂറ്റാണ്ട്കള്‍ക്ക് മുമ്പ് സത്യമത പ്രബോധനത്തിലൂടെ അന്തിമപ്രവാചകന്‍ ഉയര്‍ത്തിവിട്ട കൊടുങ്കാറ്റിനെ പ്രതിരോധിക്കാനാവുമെന്ന് കരുതുന്നത് വിഡ്ഡിത്തമാണ്. മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളുടെയും ദൈവത്തിന്റെ പേരിലുള്ള കള്ളപ്രചരണങ്ങളുടെയും സഭകളുടെയും പ്രാര്‍ഥനാഗ്രൂപ്പുകളുടെയും ധ്യാനത്തിന്റെയും അന്യഭാഷാസംസാരത്തിന്റെ പേരിലുള്ള തട്ടിപ്പുകളുടെയും വടവൃക്ഷങ്ങളെ അത് കടപുഴക്കിക്കൊണ്ടിരിക്കും, തീര്‍ച്ച.
പ്രവാചകനിന്ദയ്ക്കെതിരെയുള്ള സംസാരത്തെ മുസ്ലിംകളുടെ അസഹിഷ്ണുതയായി വ്യാഖ്യാനിക്കുന്നവരുണ്ട്. മുസ്ലിംകള്‍ വിമര്‍ശനത്തെ ഭയപ്പെടുന്ന ഭീരുക്കളാണെന്നാണ് അവര്‍ വരുത്തിത്തീര്‍ക്കുന്നത്. വസ്തുതയെ പച്ചയായി വളച്ചൊടിക്കലാണിത്. വിമര്‍ശനങ്ങളെ ഭയപ്പെടുന്നവരല്ല മുസ്ലിംകള്‍. ക്വുര്‍ആനിനെയോ പ്രവാചകനെ(സ്വ)യോ ഇസ്ലാമിനെയോ വിമര്‍ശിക്കുന്നവര്‍ക്കെതിരെ മുസ്ലിംകള്‍ ഒരിക്കലും വാളെടുത്തിട്ടില്ല. എത്രയെത്ര ഇസ്ലാം വിമര്‍ശനഗ്രന്ഥങ്ങളാണുള്ളത്, ലോകഭാഷകളില്‍. അവയില്‍ ഉന്നയിക്കപ്പെട്ടിട്ടുള്ള വിമര്‍ശനങ്ങള്‍ക്കെല്ലാം വസ്തുനിഷ്ഠവും പ്രമാണബദ്ധവുമായ മറുപടികള്‍ മുസ്ലിംലോകം നല്‍കിപ്പോന്നിട്ടുണ്ട്. മലയാളത്തില്‍തന്നെ എത്രയോ ഇസ്ലാം വിമര്‍ശന ഗ്രന്ഥങ്ങളുണ്ട്. അവയില്‍ ഉന്നയിക്കപ്പെട്ടിരിക്കുന്ന ആരോപണങ്ങള്‍ക്കെല്ലാം മലയാളഭാഷയില്‍ തന്നെ മറുപടി എഴുതപ്പെട്ടിട്ടുണ്ട്. വിമര്‍ശനങ്ങളെ സ്വാഗതം ചെയ്യുകയും അവയെ ഇസ്ലാമികപ്രബോധനത്തിന് അനുഗുണമായി ഉപയോഗിക്കുകയും ചെയ്യുന്നവരാണ് മുസ്ലിംകള്‍. ആരുടെയെങ്കിലും വിമര്‍ശനങ്ങള്‍ക്കുമുമ്പില്‍ തരിപ്പണമാകുന്നതല്ല ഇസ്ലാമികാദര്‍ശമെന്നും അതിനെതിരെ ഉന്നയിക്കപ്പെടുന്ന ആരോപണങ്ങള്‍ക്ക് ക്വുര്‍ആനും നബിചര്യയും തന്നെ മറുപടി നല്‍കുന്നുണ്ടെന്നും അറിയുന്നവര്‍ പിന്നെ എങ്ങനെയാണ് വിമര്‍ശനങ്ങളെ ഭയപ്പെടുക? വിമര്‍ശനങ്ങളോടൊന്നും പുറം തിരിഞ്ഞുനില്‍ക്കാതെത്തന്നെ സ്വന്തം സത്യത തെളിയിക്കാവുന്നവയാണ് ക്വുര്‍ആനും സുന്നത്തുമാകുന്ന പ്രമാണങ്ങളും അവ പ്രദാനം ചെയ്യുന്ന മൂല്യക്രമവുമെന്നതാണ് വസ്തുത. പിന്നെയെന്തിനാണ് വിമര്‍ശനങ്ങളെ ഭയപ്പെടുന്നത്?
വിമര്‍ശിക്കലും അപഹസിക്കലും രണ്ടാണ്. ഏതൊരു സംസ്കൃതസമൂഹവും അംഗീകരിക്കുന്നതാണ് ഒന്നാമത്തേത്. രണ്ടാമത്തേതാകട്ടെ ആരും അംഗീകരിക്കാത്തതുമാണ്. ഒന്നാമത്തേത് ബൌദ്ധികമായ ചര്‍ച്ചക്ക് നിമിത്തമാകുന്നു. രണ്ടാമത്തേത് വൈകാരികവിക്ഷോഭത്തിനല്ലാതെ മറ്റൊന്നിനും കാരണമാകുന്നില്ല. ഏത് ചരിത്രപുരുഷനും വിമര്‍ശിക്കപ്പെടാം. അയാള്‍ക്ക് ഉണ്ട് എന്ന് വിമര്‍ശകര്‍ക്ക് കണ്ടെത്താന്‍ കഴിഞ്ഞ തകരാറുകള്‍ പൊതുസമൂഹത്തിനു മുമ്പില്‍ അവതരിപ്പിക്കാം. ഇതിനൊന്നും ആരും എതിരല്ല. വിമര്‍ശനമെന്നാല്‍ തെറിവിളിയും അപഹസിക്കലുമാണെന്ന് കരുതുന്നത് അസംസ്കൃതമായ മനസ്സിന്റെ ഉടമകളാണ്. അതാണ് ആര്‍ക്കും അംഗീകരിക്കാനാവാത്തത്.
മുഹമ്മദ് നബി(സ്വ) വിമര്‍ശിക്കപ്പെട്ടുകൂടാ എന്നൊന്നും ആരും ഇതുവരെ പറഞ്ഞിട്ടില്ല. എന്നാല്‍ കോടിക്കണക്കിന് ആളുകള്‍ ആദരിക്കുന്ന, ലോകത്തിന്റെ ചരിത്രഗതിയെത്തന്നെ ഏറ്റവുമധികം സ്വാധീനിച്ച മുഹമ്മദ് നബി(സ്വ)യെ അപഹസിക്കുകയും നിന്ദിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നത് ഒരു സംസ്കൃതസമൂഹത്തിനും അംഗീകരിക്കാനാവുകയില്ല. മുഹമ്മദ് നബി(സ്വ)യെന്നല്ല, ഒരു മഹാമനുഷ്യനും നിന്ദിക്കപ്പെട്ടുകൂടായെനാണ് മുസ്ലിംകളുടെ പക്ഷം. മഹല്‍വ്യക്തികള്‍ നിന്ദിക്കപ്പെടുന്നതുകൊണ്ട് സമൂഹത്തിനോ മാനവതയ്ക്കോ എന്താണ് നേട്ടമെന്ന് ആരും വിശദീകരിച്ചു കണ്ടിട്ടില്ല. പ്രവാചകന്‍(സ്വ) നിന്ദിക്കപ്പെടുമ്പോള്‍ കോടിക്കണക്കിനു മുസ്ലിംകള്‍ വേദനിക്കുകയും പ്രയാസപ്പെടുകയും ചെയ്യുന്നു. സ്വന്തത്തെക്കാള്‍ മുഹമ്മദ് നബി(സ്വ)യെ സ്നേഹിക്കുന്നവരാണ് മുസ്ലിംകള്‍. അതുകൊണ്ടുതന്നെ പ്രവാചകനെ തെറിപറയുന്നത് മുസ്ലിംകള്‍ക്ക് സഹിക്കുവാന്‍ കഴിയില്ല. കോടിക്കണക്കിന് മുസ്ലിംകളെ പ്രയാസപ്പെടുത്തിയിട്ട് തെറിവിളിക്കുന്നവര്‍ നേടുന്നതെന്താണ്? പ്രവാചകനെ തെറിപറയുന്നവരോട് മുസ്ലിംകള്‍ക്ക് പറയുവാനുള്ളത് അവര്‍ക്ക് ആര്‍ജവമുണ്ടെങ്കില്‍ ആ മഹല്‍ ജീവിതത്തെ വസ്തുനിഷ്ഠമായി വിലയിരുത്തുകയും വിമര്‍ശിക്കുകയും ചെയ്യുകയെന്നാണ്. പ്രവാചകജീവിതത്തെ സത്യസന്ധമായി വിലയിരുത്തുവാന്‍ തയാറായവരെല്ലാം അദ്ദേഹത്തിന്റെ സ്തുതിപാഠകരായിത്തീര്‍ന്നതായാണ് ചരിത്രം.
ക്രൂരവും നികൃഷ്ടവും മാനവ വിരുദ്ധവുമായ നബിനിന്ദാസിനിമക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യാന്‍ മാനവികതയില്‍ വിശ്വസിക്കുകയും സംവേദനക്ഷമമായ ഒരു സാമൂഹികാന്തരീക്ഷം നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നവരെല്ലാം സന്നദ്ധമാകേണ്ടതാണ്. സ്വന്തത്തേക്കാളും സ്വന്തമായ എന്തിനേക്കാളധികം മുഹമ്മദ് നബി (സ്വ)യെ സ്നേഹിക്കുന്ന മുസ്ലിംകള്‍ക്ക് ഈ പൈശാചിക സിനിമക്കെതിരെ പ്രതികരിക്കാതിരിക്കുവാന്‍ കഴിയില്ല; ഇത്തരം സന്ദര്‍ഭങ്ങളില്‍ എങ്ങിനെ പ്രതികരിക്കണമെന്ന് പഠിപ്പിച്ച മുഹമ്മദ് നബി (സ്വ)യുടെ മാതൃക പിന്‍പറ്റിക്കൊണ്ട് തങ്ങളെ പ്രകോപിതരാക്കുവാന്‍ എത്രതന്നെ ശ്രമിച്ചാലും തങ്ങള്‍ നബിചര്യയില്‍ നിന്ന് വ്യതിചലിക്കുകയില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ട് ശത്രുക്കളെ നിരാശരാക്കുവാനാണ് മുസ്ലിംകള്‍ സന്നദ്ധരാകേണ്ടത്. മുസ്ലിംകളെ പ്രകോപിപ്പിക്കുകയും അങ്ങനെ ഇസ്ലാമിനെ തെറ്റുധരിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടുകൂടി രചനയും സംവിധാനവും നിര്‍വഹിച്ച് പുറത്തിറക്കിയാതാണ് നബിനിന്ദാസിനിമയെന്ന് വ്യക്തമാണ്. സിനിമയില്‍ അഭിനയിക്കുകയും അതിനുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്ത എണ്‍പതോളം പേരില്‍ ആര്‍ക്കും തന്നെ ഇത് മുഹമ്മദ് നബി (സ്വ)യെ താറടിച്ചുകാണിക്കുന്നതിനു വേണ്ടിയുള്ളതാണെന്ന വിവരം നല്‍കിയിരുന്നില്ലെന്ന് സി.എന്‍.എന്‍. റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സിനിമയിലെ മുഹമ്മദിന്റെ ഭാര്യമാതാവായി അഭിനയിക്കുന്ന സിന്‍ഡി ലീ ഗ്രേഷിയ പറയുന്നത് രണ്ടായിരം വര്‍ഷം മുമ്പുള്ള ഈജിപ്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള ഡസേര്‍ട്ട് വാരിയര്‍ എന്ന സിനിമയിലാണ് അഭിനയിക്കുന്നതെന്ന് തെറ്റുധരിപ്പിച്ചുകൊണ്ടാണ് തന്നെ ഇതില്‍ അഭിനയിപ്പിച്ചതെന്നും തന്നെക്കൊണ്ട് 'മാസ്റര്‍ ജോര്‍ജ്' എന്ന് പറയിപ്പിച്ച സ്ഥലങ്ങളിലെല്ലാം അത് മാറ്റി 'മുഹമ്മദ്' എന്നാക്കിത്തീര്‍ത്ത് ഡബ്ബു ചെയ്യുകയാണ് സംവിധായകന്‍ ചെയ്തിട്ടുള്ളത് എന്നുമാണ്. ഇക്കാര്യം തന്നെ ലിലി ഡിയോണ്‍ എന്ന മറ്റൊരു അഭിനേത്രിയും ആവര്‍ത്തിച്ചിട്ടുണ്ട്. ‘ഇന്നസന്‍സ് ഓഫ് ബിന്‍ലാദന്‍’ എന്ന പേരില്‍ സിനിമയുടെ പരീക്ഷണ പ്രദര്‍ശനം സംഘടിപ്പിച്ചപ്പോള്‍ അറബിയില്‍ നല്‍കിയ പരസ്യത്തില്‍ പറയുന്നത്. "എന്റെ മുസ്ലിം സഹോദരന്‍ ആദ്യമായാണ് യഥാര്‍ഥ ഭീകരവാദിയെ കാണാന്‍ പോകുന്നത് ഫലസ്തീനിലെ നമ്മുടെ കുഞ്ഞുങ്ങളെ യും ഇറാഖിലെയും അഫ്ഗാനിസ്ഥാനിലേയും നമ്മുടെ സഹോദരങ്ങളെയും കൊന്ന യഥാര്‍ഥ ഭീകരനെ.'' ലോകത്തുള്ള ഭീകരവാദങ്ങള്‍ക്കെല്ലാം യഥാര്‍ഥത്തിലുള്ള കാരണം മുഹമ്മദ് നബി (സ്വ)യാണെന്ന് വരുത്തിത്തീര്‍ക്കുന്ന സിനിമയുടേതാണ് ഈ പരസ്യവാചകമെന്ന് നാം മനസ്സിലാക്കുമ്പോഴാണ് മുസ്ലിംകളെ പ്രകോപിതരാക്കുന്നതിനുവേണ്ടി മാത്രമായി തയ്യാര്‍ ചെയ്യപ്പെട്ടതാണ് ഈ സിനിമയെന്ന വസ്തുത നമുക്ക് മുമ്പില്‍ മറ നീക്കുക. ഇംഗ്ളീഷില്‍ ചിത്രീകരിക്കപ്പെട്ട സിനിമയുടെ ട്രെയ്ലര്‍ യൂട്യൂബില്‍ അപ്ലോഡ് ചെയ്തതോടൊപ്പം തന്നെ അതിന്റെ അറബി പതിപ്പുകൂടി അപ്ലോഡ് ചെയ്യപ്പെട്ടിരുന്നുവെന്ന വസ്തുത കൂടി ഇതിനോട് ചേര്‍ത്തു വായിക്കേണ്ടതാണ്. ശത്രുക്കള്‍ക്കാവശ്യം അറബി സംസാരിക്കുന്ന പ്രദേശങ്ങളിലുള്ളവരെ പ്രകോപിതരാക്കുകയും‘മുസ്ലിംകള്‍ ഭീകരന്‍മാരാണ് എന്ന തങ്ങളുടെ പതിവ് പല്ലവിക്ക് മുസ്ലിം നാടുകളില്‍ നിന്ന് തെളിവുകള്‍ ഉണ്ടാക്കുകയുമാണല്ലോ.

ശത്രുക്കളുടെ ലക്ഷ്യം സാക്ഷാത്കരിക്കുന്ന രൂപത്തില്‍ പ്രതികരിക്കേണ്ടവരല്ല മുസ്ലിംകള്‍. അതിക്രമങ്ങള്‍ക്കും നിന്ദക്കുമെതിരെ എങ്ങനെ പ്രതികരിക്കണമെന്ന് മുഹമ്മദ് നബി തന്നെ മുസ്ലിംകളെ പഠിപ്പിച്ചിട്ടുണ്ട്. നബി നിന്ദയുടെ ഉല്‍ഘാടനം നിര്‍വഹിച്ച അബൂലഹബും ഭാര്യയും പടച്ചുവിടുന്ന ഭല്‍സനങ്ങള്‍ ആവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്നവര്‍ക്കിടയില്‍ സത്യമതപ്രബോധനവുമായി നബി(സ്വ) മുന്നോട്ട് പോവുകയാണുണ്ടായത്. മുഹമ്മദ് നബി(സ്വ) പഠിപ്പിച്ച ആദര്‍ശങ്ങളുടെ സത്യതയിലും നബിജീവിതത്തിന്റെ വിശുദ്ധിയിലും ആകൃഷ്ടരായി അവരില്‍ പലരും പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ അനുയായികളായി തീര്‍ന്നു. തനിക്കെതിരെയുള്ള യുദ്ധങ്ങള്‍ നയിച്ച അബുസുഫിയാനും ഖാലിദുബ്നുവലീദും യുദ്ധപ്രഖ്യാപനം നടത്തിയ ഥുമാമത്തുബ്നുഉഥാലും കവിതകള്‍ രചിച്ച കഅ്ബ്ബ്നു മാലിക്കും നിന്ദാ പ്രഭാഷണങ്ങള്‍ നടത്തിയ സുഹൈലുബ്നു അംറുമെല്ലാം അടങ്ങുന്നതായിരുന്നു മുഹമ്മദ് നബി(സ്വ) ഇഹലോകവാസം വെടിയുമ്പോഴുള്ള അദ്ദേഹത്തിന്റെ അനുയായിവൃന്ദം. ആദര്‍ശപ്രബോധനം കൊണ്ട് ശിലാഹൃദയങ്ങളെ നീരുറവയായി മാറ്റിമറിക്കുകയും വിശുദ്ധമായ തന്റെ ജീവിതത്തെ അനുധാവനം ചെയ്യുന്നവരാക്കിത്തീര്‍ക്കുകയും ചെയ്യുക എന്ന ചരിത്രത്തില്‍ തുല്യതയില്ലാത്ത പരിവര്‍ത്തനത്തിനാണ് മുഹമ്മദ് നബി(സ്വ) ചുക്കാന്‍ പിടിച്ചത്. പ്രവാചകന്‍(സ്വ) നിന്ദിക്കപ്പെടുകയും ഭത്സിക്കപ്പെടുകയും എല്ലാം ചെയ്യുമ്പോള്‍ മുസ്ലിംകള്‍ അനുധാവനം ചെയ്യേണ്ടത് കാരുണ്യത്തിന്റെ പ്രവാചകമാതൃകയാണ്. ഏതൊരു ആദര്‍ശത്തെ വെറുത്തുകൊണ്ടാണോ മുഹമ്മദ് നബി(സ്വ)യെ ഭത്സിക്കുവാന്‍ മാനവികതയുടെ ശത്രുക്കള്‍ ധൃഷ്ടരാവുന്നത് അവരുടെ പോലും കാതും കണ്ണും തുറപ്പിക്കുന്ന രീതിയില്‍ മുഹമ്മദ് നബി (സ്വ) പഠിപ്പിച്ച ആദര്‍ശത്തെ ഉറക്കെ വിളിച്ചു പറയുകയാണ് മുസ്ലിംകളുടെ ധര്‍മം. ഇസ്ലാമിക പ്രബോധനത്തെ സജീവമാക്കിക്കൊണ്ടാണ് നബിനിന്ദാ പരിശ്രമങ്ങള്‍ക്കെല്ലാം മറുപടി പറയേണ്ടത് എന്ന് സാരം. ഏതൊരു മുഹമ്മദ് നബി (സ്വ)യെയാണോ തമസ്കരിക്കുകയും വികൃതവല്‍ക്കരിക്കുകയും ചെയ്യാന്‍ ഇരുട്ടിന്റെ ഉപാസകന്‍മാര്‍ ശ്രമിക്കുന്നത് ആ മുഹമ്മദ് നബി (സ്വ)യുടെ ജീവിതം പൂര്‍ണമായും വിശുദ്ധവും മാതൃകായോഗ്യവുമായിരുന്നു എന്ന് വിളിച്ചു പറയുകയും പ്രസ്തുത ജീവിതത്തെ അഭിമാനപൂര്‍വം അനുധാവനം ചെയ്യുന്നവരെ സൃഷ്ടിക്കുകയും ചെയ്യുകയെന്ന ദൌത്യം നിര്‍വഹിക്കുവാന്‍ വിശ്വാസികള്‍ സന്നദ്ധമാകുമ്പോള്‍ മുസ്ലിംകളെ കലാപകാരികളാക്കിത്തീര്‍ത്ത് തങ്ങളുടെ പിഴച്ച ആശയങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടാക്കുവാന്‍ വേണ്ടി ശ്രമിക്കുന്നവര്‍ നിരാശരാകും. അല്ലാഹുവിന്റെ പ്രകാശത്തെ തങ്ങളുടെ പേനകൊണ്ടോ വായകൊണ്ടോ ആവിഷ്ക്കാരം കൊണ്ടോ ഊതിക്കെടുക്കാനാകുമെന്ന അത്തരക്കാരുടെ പ്രതീക്ഷയുടെ തകര്‍ച്ചയാണ് മുസ്ലിംകളുടെ സൃഷ്ടിപരമായ പ്രതികരണം വഴി ഉണ്ടാവുക. അതിന്ന് അല്ലാഹു അനുഗ്രഹിക്കട്ടെ (ആമീന്‍)


എം എം അക്ബര്‍
കവര്‍സ്റ്റോറി

1 comment:

സുബൈദ said...

Mohammed kutty Irimbiliyam

പ്രതികരണങ്ങള്‍ പ്രകോപനങ്ങളാവരുത് -വൈകാരികവും !