Followers

Tuesday, May 29, 2012

വിഭ്രാന്തിക്കടിപ്പെട്ട യുക്തിവാദം





ഈ ലേഖനത്തില്‍ യുക്തിവാദി സംഘം രൂപീകരണത്തിനു കാരണക്കാരനായ വ്യക്തി, നിരീശ്വരവാദം തിരഞ്ഞെടുത്തത് കടുത്ത പനിപിടിച്ചു കിടന്നു ചിന്ത  കാട്കയറിയതിനാലാണെന്ന  ഏറ്റു പറച്ചില്‍ പരിചയപ്പെടുത്തുന്നു.

യുക്തിവാദികളുടെ വിഭ്രാന്തികള്‍
അലി ചെമ്മാട്



"കേരള യുക്തിവാദി സംഘം രൂപീകരിക്കുന്നതില്‍ താങ്കള്‍ വഹിച്ച പങ്ക് ശ്രദ്ധേയമാണ്. ആ സാഹചര്യം വ്യക്തമാക്കാമോ?
ഞാന്‍ യുക്തിവാദിയായ കാലത്ത് യുക്തിവാദികള്‍ക്ക് ഒന്നിച്ചുകൂടാന്‍ ഒരു വേദിതന്നെ ഇല്ലായിരുന്നു. അങ്ങനെയിരിക്കുമ്പോള്‍ ഇടമറുക് പിറവത്ത് ഒരു യുക്തിവാദി സമ്മേളനം വിളിച്ചുകൂട്ടി. അതില്‍ ഞാനും പങ്കെടുത്തു. പിന്നീട് എം. പ്രഭ എറണാകുളത്തുവെച്ച് ഒരു യുക്തിവാദി സമ്മേളനം വിളിച്ചുകൂട്ടിയപ്പോള്‍ അതിലും ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അതേതാണ്ട് 1959ലാണെന്നാണ് എന്റെ ഓര്‍മ. ഈ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് 1962ല്‍ ഒരു യുക്തിവാദി സുഹൃത്സംഗമം തൃശൂരില്‍ സംഘടിപ്പിച്ചത്. പിന്നീട് തുടര്‍ച്ചയായി നടത്തിയ ഈ സമ്മേളനങ്ങളില്‍നിന്നും ഉരുത്തിരിഞ്ഞുവന്ന അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിലാണ് 1967ല്‍ കേരള യുക്തിവാദി സംഘം രൂപീകരണത്തിനുള്ള ആശയം പ്രായോഗികമാക്കുന്നതിനുള്ള സാഹചര്യം ഒരുക്കുന്നവിധം സുഹൃത് സംഗമ ക്ഷണക്കത്ത് അയച്ചത്. ആ സംഗമത്തില്‍വെച്ച് കേരള യുക്തിവാദി സംഘം രൂപംകൊണ്ടു''(1) 
കേരളത്തില്‍ നിലനില്‍ക്കുന്നതില്‍ ഏറ്റവും പഴക്കമുള്ള യുക്തിവാദി പ്രസ്ഥാനമായ കേരള യുക്തിവാദി സംഘം രൂപീകരണത്തിന് സാഹചര്യമൊരുക്കിക്കൊടുത്ത വ്യക്തിയും, മുടക്കമില്ലാതെ 35 വര്‍ഷം പ്രസിദ്ധീകരിച്ചുവെന്നതില്‍ കേരളത്തിലെ എല്ലാ വിഭാഗം യുക്തിവാദികളും ഏറെ അഭിമാനിക്കുന്ന യുക്തിവിചാരം മാസികയുടെ പത്രാധിപരുമായ എ.വി. ജോസുമായി, രാജേഷ് കെ. എരുമേലി, രാജഗോപാല്‍ വാകത്താനം എന്നിവര്‍ നടത്തിയ അഭിമുഖത്തില്‍നിന്നുള്ള ഭാഗമാണ് മുകളില്‍ വായിച്ചത്. ഈ അഭിമുഖം കേരള യുക്തിവാദി സംഘം 27ാം വാര്‍ഷിക സമ്മേളന സോവനീറിലും യുക്തിവിചാരം മാസിക 2012 ജനുവരി/ഫെബ്രുവരി ലക്കത്തിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇതേ കാര്യം കേരളത്തിലെ യുക്തിവാദികളുടെ അടിസ്ഥാന പ്രമാണ/പാഠപുസ്തകമായ യുക്തിദര്‍ശനം പ്രഖ്യാപിക്കുന്നതും കാണുക. "കേരള യുക്തിവാദി സംഘത്തിന്റെ തുടക്കം... നിലവില്‍ പ്രവര്‍ത്തിച്ചുവരുന്ന 'കേരള യുക്തിവാദി സംഘം' സ്ഥാപിക്കുന്നതിനുള്ള കളമൊരുക്കിയത് ഇപ്പോള്‍ യുക്തിവിചാരത്തിന്റെ പ്രസാധകനായ എ.വി. ജോസ് ആണ്. ഒന്നൊന്നര പതിറ്റാണ്ടുകള്‍ക്കപ്പുറം വര്‍ഷംതോറും തൃശൂര്‍ സ്റേറ്റ് ഹോട്ടലില്‍വെച്ച് യുക്തിവാദികളുടെ സുഹൃത്സമ്മേളനം വിളിച്ചുകൂട്ടുക ജോസിന്റെയും ഏതാനും സഹപ്രവര്‍ത്തകരുടെയും പതിവായിരുന്നു. സംഘടനയുടെ ആദ്യത്തെ ജനറല്‍ സെക്രട്ടറി പി.എസ്. രാമന്‍കുട്ടി, ജോസിന്റെ അക്കാലത്തെ സഹപ്രവര്‍ത്തകരില്‍ പ്രമുഖനായ ഒരാളായിരുന്നു. 1966ല്‍ അങ്ങനെയുള്ള ഒരു സമ്മേളനം കൈക്കൊണ്ട തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്നത്തെ 'യുക്തിവാദി സംഘം' തുടരുന്നതുതന്നെ. ഒരു പ്രമേയം വഴിയാണ് ഈ തീരുമാനം എടുത്തത്.''(3) 
ഈ രണ്ട് ഉദ്ധരണികളില്‍നിന്ന് തന്നെ കേരളത്തിലെ നാസ്തിക യുക്തിവാദികളുമായും കേരള യുക്തിവാദി സംഘവുമായും എ.വി. ജോസിനുള്ള ബന്ധവും ആ പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം വഹിച്ച പങ്കും സുവ്യക്തമാണ്. എ.വി. ജോസില്ലായിരുന്നുവെങ്കില്‍ ഒരുപക്ഷെ, കേരള യുക്തിവാദി സംഘമോ കേരളത്തിലെ നാസ്തിക യുക്തിവാദി പ്രവര്‍ത്തനങ്ങളോ, അത്തരം ഒരു ചിന്താഗതിയോ ഇന്നത്തെ അവസ്ഥയില്‍ ഉണ്ടാകുമായിരുന്നില്ല. അത്രയേറെ കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് ഈ എഴുപത്തി ഒമ്പതാം വയസ്സിലും ജോസ്.
ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രമുഖനായ നിരീശ്വരവാദ പ്രചാരകന്‍ റിച്ചാര്‍ഡ് ഡോക്കിന്‍സാണ്. അദ്ദേഹം ലോക നിരീശ്വരത്വത്തിനും പരിണാമവാദത്തിനുംവേണ്ടി ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതാണ്. "ഡാര്‍വിനിസത്തിന്റെ ശക്തനായ വക്താവെന്ന നിലയില്‍ 'ഡാര്‍വിന്‍സ് റോട്ട്വെയിലര്‍' (ഉമൃംശി' ഞീംലശഹലൃ) എന്ന വിളിപ്പേര് സമ്പാദിച്ചിട്ടുണ്ട് അദ്ദേഹം. (റോട്ട്വെയിലര്‍ ഉയര്‍ന്ന ഇനത്തില്‍പെട്ട സങ്കരയിനം നായയാണ്)(4) 
ഡോക്കിന്‍സിന്റെ പ്രധാന കൃതിയായ ഭഏീറ ഉലഹൌശീിെ'’(ദൈവ വിഭ്രാന്തി) ഊര്‍ദ്ധശ്വാസം വലിച്ചുകൊണ്ടിരുന്ന നിരീശ്വരവാദങ്ങള്‍ക്ക് തെല്ലൊന്ന് ഊര്‍ജം പകര്‍ന്നിട്ടുണ്ട് എന്നുള്ളത് സത്യമാണ്. പേര് സൂചിപ്പിക്കുന്നപോലെ ദൈവവിശ്വാസവും, മതവിശ്വാസവും വിഭ്രാന്തിയും മാനസികരോഗവുമാണെന്ന് സ്ഥാപിക്കാനും സമര്‍ഥിക്കാനുമാണ് പുസ്തകം ശ്രമിക്കുന്നത്. നാസ്തികനായ ദൈവം: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം എന്ന പേരില്‍ ഈ പുസ്തകം സി. രവിചന്ദ്രന്‍ മലയാളത്തിലേക്ക് മാറ്റിയെഴുതിയിട്ടുണ്ട്. 
വിശ്വാസികള്‍ വിഭ്രാന്തിക്ക് അടിമപ്പെട്ട് മാനസികരോഗികളാവാന്‍ കാരണം വിശ്വാസിസമൂഹം അവരുടെ കുട്ടികള്‍ക്ക് ബാല്യത്തില്‍ നല്‍കുന്ന മത വിദ്യാഭ്യാസവും ആ കുട്ടികള്‍ തങ്ങളുടെ വിശ്വാസികളായ മാതാപിതാക്കളില്‍നിന്നും കുടുംബത്തില്‍നിന്നും സമൂഹത്തില്‍നിന്നും സ്വീകരിക്കുന്ന മത ദൈവ വിശ്വാസവും ബോധവുമാണെന്ന് സമര്‍ഥിക്കാന്‍ ശ്രമിക്കുന്നുണ്ട് നാസ്തികനായ ദൈവത്തില്‍.
"തങ്ങളുടെ മനോകല്‍പനകളും വിഹ്വലതകളും അന്ധവിശ്വാസങ്ങളും അതേപടി സ്വന്തം കുട്ടികളിലും അടിച്ചേല്‍പിച്ച് തങ്ങളുടെ 'പതിപ്പുകളാക്കി' അവരെ മാറ്റാനുള്ള നാണംകെട്ട വ്യഗ്രതയാണിത്. കുട്ടികളുടെ വ്യക്തിത്വത്തിനും അധികാരാവകാശങ്ങള്‍ക്കും പുല്ലുവിലപോലും കൊടുക്കാന്‍ തയ്യാറാവാത്ത മാതാപിതാക്കള്‍ തങ്ങളുടെ അധികാരങ്ങളെ പറ്റി അങ്ങേയറ്റം ജാഗ്രതയുള്ളവരാണ്.
മതത്തിന് തഴച്ചുവളരാന്‍ ഏറ്റവും സഹായകരമായ നിലപാടാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മതത്തിന്റെ എന്തെങ്കിലും ആന്തരിക ഗുണത്തേക്കാളുപരി കുട്ടികളെ ചെറുപ്രായത്തിലേ അടിപ്പെടുത്തുന്നതാണ് മത വിജയം ഉറപ്പുവരുത്തുന്നത്. വകതിരിവുണ്ടാകുന്നതിന് വളരെ മുമ്പ് മത ചുഴിയില്‍ മുങ്ങിത്താഴുന്ന കുട്ടിക്ക് തുടര്‍ന്ന് മതവെള്ളത്തില്‍ നീന്തിത്തുടിക്കുന്ന ഒരു ജലജീവിയാകാനേ കഴിയൂ.(5)
കുട്ടികളെ ചെറുപ്പം മുതലെ മത വിദ്യാഭ്യാസവും മതാചാരങ്ങള്‍ അനുഷ്ഠിപ്പിച്ചും മതചുറ്റുപാടില്‍ വളര്‍ത്തുന്നതും കൊണ്ട് രക്ഷിതാക്കളുടെ 'വിഹ്വലതകള്‍' സന്താനങ്ങളിലേക്കും ആ കുട്ടികള്‍ മാതാപിതാക്കളാകുമ്പോള്‍ അവരുടെ സന്താനങ്ങളിലേക്കും പകര്‍ന്ന് കൊടുക്കുന്നതുകൊണ്ടാണ് വിശ്വാസി സമൂഹം നിലനില്‍ക്കുന്നത് എന്നാണ് ഗ്രന്ഥകര്‍ത്താവ് സമര്‍ഥിക്കുന്നത്.
എന്നാല്‍, യുക്തിവാദികള്‍ക്കുണ്ടാകുന്ന സന്താനങ്ങളെ, മതവിശ്വാസികള്‍ അവര്‍ക്കുണ്ടാകുന്ന സന്താനങ്ങളെ വളര്‍ത്തുന്ന രീതിയില്‍തന്നെ (രവിചന്ദ്രനും ഡോക്കിന്‍സും വിമര്‍ശിച്ച രീതിയില്‍തന്നെ) വളര്‍ത്തണമെന്ന് പഠിപ്പിക്കുന്നു യുക്തിവിചാരം മാസിക. "തങ്ങളുടെ മതങ്ങള്‍ അന്ധവിശ്വാസങ്ങളാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് അവര്‍ യുക്തിവാദികളായി മാറിയത്. അതുകൊണ്ടുതന്നെ സ്വന്തം മക്കളെ യുക്തിവാദികളായിട്ടുതന്നെ വളര്‍ത്തി വലുതാക്കുന്നതില്‍ മാതാപിതാക്കള്‍ക്ക് കടമയുണ്ട്. അത് അവരുടെ അവകാശമാണ്. അഭിമാനപ്രശ്നമാണ്.''(6) 
യുക്തിവാദികള്‍ തങ്ങളുടെ സന്താനങ്ങളെ യുക്തിവാദികളായിതന്നെ വളര്‍ത്തുന്നത് യുക്തിവാദി മാതാപിതാക്കളുടെ കടമയും അവകാശവും അഭിമാനപ്രശ്നവുമാണെന്ന് ഇവര്‍ അംഗീകരിക്കുന്നു. എന്നാല്‍ മതവിശ്വാസികള്‍ക്ക് അര്‍ഹതയും അവകാശവും ഇവര്‍ അനുവദിച്ചുതരുന്നുണ്ടോ. നാസ്തികനായ ദൈവത്തില്‍നിന്ന് "കുട്ടികളെ എങ്ങനെ വളര്‍ത്തണമെന്ന് ഞങ്ങള്‍ തീരുമാനിച്ചുകൊള്ളാം. അതില്‍ ആരും ഇടപെടേണ്ടതില്ല. അവരെ എങ്ങനെ വളര്‍ത്തണം, ഏത് രീതിയില്‍ വിദ്യാഭ്യാസം നല്‍കണം എന്നൊക്കെ തീരുമാനിക്കാനുള്ള അവകാശവും അധികാരവും ഞങ്ങള്‍ക്ക് മാത്രമാണ്. ഞങ്ങളുടെ മതം തന്നെ മക്കളുടെയും. ഞങ്ങളുടെ ദൈവം അവരുടെ ദൈവം. എന്തെന്നാല്‍ അവരുടെ മുഴുവന്‍ കാര്യങ്ങളും നോക്കിനടത്തുന്നത് ഞങ്ങളാണ്. അവര്‍ക്കെന്താണ് വേണ്ടതെന്ന് ഞങ്ങള്‍ക്കറിയാം... ഈ ഒരു വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് മിക്ക മാതാപിതാക്കളും വെച്ചുപുലര്‍ത്തുന്നത്.''(7) 
മതവിശ്വാസി അവന്റെ സന്താനത്തെ സ്വന്തം വിശ്വാസമനുസരിച്ച് വളര്‍ത്തിയാല്‍ അത് വിട്ടുവീഴ്ചയില്ലാത്ത കഠിന നിലപാടും സ്വതന്ത്രചിന്തക്കും പുരോഗതിക്കും എതിരും ആ കുട്ടികളെ വിഭ്രാന്തിയിലേക്കും വിഹ്വലതകളിലേക്കും മനോരോഗത്തിലേക്കും ഭ്രാന്തിലേക്കും നയിക്കലും. എന്നാല്‍ യുക്തിവാദി സ്വന്തം സന്താനത്തെ അവന്റെ (അന്ധ)വിശ്വാസാചാരങ്ങള്‍ക്കനുസരിച്ച് വളര്‍ത്തുന്നത് അവന്റെ കടമയും അവകാശവും അഭിമാനവും. യഥാര്‍ഥത്തില്‍, യുക്തിവാദികള്‍ക്കുള്ളയത്രയോ അതിലുപരിയോ ഉത്തരവാദിത്വവും അവകാശവും കടമയും സ്വന്തം സന്താനങ്ങളെ വളര്‍ത്തുന്ന കാര്യത്തില്‍ വിശ്വാസികള്‍ക്കുമുണ്ട്. കാരണം വിശ്വാസി വിവാഹം ചെയ്യുന്നതും ഇണയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നതും കേവലം ലൈംഗിക വികാരം ശമിപ്പിക്കാനും സുഖിക്കാനും ആസ്വദിക്കാനും മാത്രമല്ല. തന്റെ പ്രതിനിധിയായി അടുത്ത തലമുറയെ ഉല്‍പാദിപ്പിക്കുകയും അതിലൂടെ മനുഷ്യകുലത്തെയും ഭൂമിയിലെ ആവാസവ്യവസ്ഥയെയും പ്രകൃതിയെയും സന്തുലിതാവസ്ഥയെയും നിലനിര്‍ത്തുകയും അതിലെല്ലാം ഉപരി തന്റെ സ്രഷ്ടാവിന്റെ കല്‍പന പാലിച്ച് സ്വര്‍ഗം നേടുക എന്ന ലക്ഷ്യത്തെയും മുന്‍നിര്‍ത്തിയാണ്. എന്നാല്‍ നാസ്തിക-യുക്തിവാദിയെ സംബന്ധിച്ച് തന്റെ സുഖത്തിന്റെയും ആസ്വാദനത്തിന്റെയും ലൈംഗിക വികാര പൂര്‍ത്തീകരണത്തിന്റെയുമിടയില്‍ തങ്ങളുടെ സ്വാതന്ത്യ്രത്തിന് വിഘാതം സൃഷ്ടിക്കുന്ന ശല്യമായ ഉപോല്‍പന്നം മാത്രമാണ് സന്താനങ്ങള്‍.
"ശരിയേത് തെറ്റേത് എന്ന കാര്യത്തില്‍ മാതാപിതാക്കളും മുതിര്‍ന്നവരും കുട്ടികളുടെമേല്‍ പ്രാരംഭത്തില്‍തന്നെ അടിച്ചേല്‍പിക്കുന്ന സദാചാരബോധവും മതവിദ്യാഭ്യാസവും കുട്ടികളുടെ സ്വതന്ത്രചിന്തയെ പാടെ തകര്‍ക്കുന്നു. ശരിയേത് തെറ്റേത് എന്ന കാര്യത്തില്‍ മുതിര്‍ന്നവരുടെ തിട്ടൂരങ്ങള്‍ കണ്ണുമടച്ച് അനുസരിക്കാന്‍ നിര്‍ബന്ധിതരാകുന്ന കുട്ടികള്‍ക്ക് മറിച്ചൊരു തീരുമാനം അസാധ്യമാണ്. വിരുദ്ധ ആശയഗതികളോട് അസഹിഷ്ണുത ജനിക്കുന്നു. കുട്ടികളുടെ ലോകം 'ചെറുതാകുന്നതില്‍' അറിഞ്ഞോ അറിയാതെയോ മാതാപിതാക്കളും മുതിര്‍ന്നവരും വലിയ പങ്ക് വഹിക്കുന്നുണ്ട്. സത്യത്തില്‍ കുട്ടിയുടെ ബോധമണ്ഡലത്തെ മലിനീകരിക്കാന്‍ മാതാപിതാക്കള്‍ക്ക് യാതൊരവകാശവുമില്ല. അവന്റെ അറിവിന്റെ ചക്രവാളം പരിമിതപ്പെടുത്താനും ചിന്താശേഷിക്ക് കൂച്ചുവിലങ്ങിടാനുമുള്ള അധികാരവും അവര്‍ക്കില്ല''(8) 
യുക്തിവിചാരം ഈ വിഷയത്തില്‍ എന്ത് പറയുന്നു എന്നുകൂടി പരിശോധിക്കാം. "എന്നാല്‍ 'മക്കള്‍പരാതി' പറയുന്നവരൊക്കെ തന്നെ ഭാര്യയെയും കുട്ടികളെയും 'അവരുടെ വഴിക്ക്' വിട്ടശേഷം 'ഏകാംഗ' യുക്തിവാദവുമായി നടന്നവരാണ്. വ്യക്തിസ്വാതന്ത്യ്രത്തിന്റെ 'മുട്ടാപോക്കുകള്‍' ഇത്തരക്കാര്‍ക്ക് കൂട്ടിനുണ്ട്. അവരുടെ ഭാര്യ, കുട്ടി എന്നിവരെപറ്റി സംഘാംഗങ്ങള്‍ക്ക് അറിവ് പോലുമുണ്ടാകില്ല. യുക്തിവാദി സംഘം നടത്താറുള്ള സമ്മേളനങ്ങള്‍, കുടുംബ സംഗമങ്ങള്‍, കുട്ടിക്കൂട്ടായ്മകള്‍ ഇതിലൊന്നും ഇവരുടെ സാന്നിധ്യമുണ്ടാകാറില്ല. അത്തരം കാര്യങ്ങള്‍ വീട്ടില്‍ പറയാത്തവരായിരിക്കും പലരും''(9) 
ഈ രണ്ട് വീക്ഷണങ്ങളുടെയും വക്താക്കള്‍ നാസ്തിക യുക്തിവാദികള്‍തന്നെയാണ്. വിശ്വാസികള്‍ അവരുടെ സന്താ നങ്ങളെ അവരുടെ മത സാമൂഹ്യചുറ്റുപാടില്‍ സാമൂഹ്യജീവിയായി വളര്‍ത്തുന്നത് ഭ്രാന്തിനും വിഭ്രാന്തിക്കും അടിമപ്പെടുത്താനും വ്യക്തിസ്വാതന്ത്യ്രം ഹനിക്കാനും കാരണമാകുമെന്ന് പറയുന്ന അതേ യുക്തിവാദികള്‍ തന്നെ തങ്ങളുടെ കുട്ടികളെ അവരുടെ 'സുഖിയന്‍' സാമൂഹ്യവ്യവസ്ഥയുടെ ഭാഗമാക്കി വളര്‍ത്താത്തതിനെ കണക്കിന് വിമര്‍ശിക്കുകയും ചെയ്യുന്നു!
വിശ്വാസികളുടെ കുട്ടികള്‍ക്ക് അവര്‍ ജീവിക്കുന്ന സാമൂഹ്യസംവിധാനത്തില്‍നിന്ന് ഒന്നും സ്വീകരിക്കാന്‍ പാടില്ല. എന്നാല്‍ നാസ്തികരുടെ സന്താനങ്ങള്‍ അവരുടെ സാമൂഹ്യവ്യവസ്ഥയുടെ ഭാഗമാകണമെന്ന നാസ്തിക യുക്തിവാദികളുടെ വൈരുധ്യാധിഷ്ഠിത നിലപാട് എത്രമാത്രം അപഹാസ്യമല്ല!
ഇനി, മതവിശ്വാസികള്‍ വിഭ്രാന്തിക്കും വിഹ്വലതകള്‍ക്കും അടിപ്പെട്ട് മാനസികരോഗികളും ഭ്രാന്തന്‍മാരുമാകാന്‍ കാരണം കുട്ടിക്കാലത്ത് അവര്‍ക്ക് ലഭിക്കുന്ന മതവിദ്യാഭ്യാസവും സാമൂഹ്യ വിധിവിലക്കുകളും ധാര്‍മിക സദാചാര നിയമങ്ങളുമാണെന്ന രവിചന്ദ്രന്റെയും ഡോക്കിന്‍സിന്റെയും നിലപാടുകകള്‍ ഇന്നത്തെ നാസ്തിക യുക്തിവാദികളുടെ ആദര്‍ശവുമായി താരതമ്യം ചെയ്യാം.
എ.വി. ജോസ് തന്റെ അഭിമുഖത്തില്‍ അദ്ദേഹം നിരീശ്വരവാദിയാകാനുണ്ടായ സാഹചര്യം വ്യക്തമാക്കുന്നു. "ചെറുപ്പത്തില്‍ കടുത്ത മതവിശ്വാസിയും ഈശ്വരവിശ്വാസിയുമായിരുന്നു ഞാന്‍. ഹൈസ്കൂള്‍ പഠനകാലഘട്ടത്തിന്റെ അവസാന ഘട്ടത്തില്‍ കടുത്ത ടൈഫോയിഡ് പിടിപെട്ട് കിടപ്പിലായി. ആ ഘട്ടത്തില്‍ രോഗാവസ്ഥയില്‍ കിടന്നു ഈ പ്രപഞ്ചത്തെയും അതിന്റെ അറ്റമില്ലായ്മയെയും കുറിച്ച് ചിന്തിച്ച് കടുത്ത ഈശ്വരനിഷേധിയും മതനിഷേധിയുമായി മാറി.(10) കേരളത്തിലെ യുക്തിവാദി ചലനങ്ങള്‍ക്കും കേരള യുക്തിവാദി സംഘരൂപീകരണത്തിനൂം അടിസ്ഥാന പ്രവര്‍ത്തനങ്ങള്‍ നടത്തിയ, സംഘ രൂപീകരണത്തിന് ചുക്കാന്‍പിടിച്ച യുക്തിവാദി സംഘ രൂപീകരണത്തിന് മുമ്പേ ഒരു സംഘടനയില്ലാതിരുന്ന കാലത്തുതന്നെ നിരന്തര പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഠിനശ്രമം നടത്തിയിരുന്ന എ.വി. ജോസ് നിരീശ്വരവാദിയാകാനുണ്ടായ സാഹചര്യമാണ് നാം കണ്ടത്. ഇതിന് സമാനമായ അനുഭവം ലോക നിരീശ്വരവാദത്തിന് 'ക്രിയത്മക സംഭാവനകള്‍' നല്‍കുന്ന ഡോക്കിന്‍സിന്റെ ചരിത്രത്തിലും കാണാം. നാസ്തികനായ ദൈവത്തില്‍നിന്ന്. "ഒമ്പത് വയസ്സുള്ളപ്പോഴാണ് ഡോക്കിന്‍സിന് ആദ്യമായി മതപരമായ സംശയങ്ങളുണ്ടായത്''(11) 
ജോസ് 14,15 വയസ് പ്രായത്തിലായിരിക്കുമല്ലോ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ചിരിക്കുക. അദ്ദേഹത്തിന്റെ ബാല്യപ്രായത്തില്‍ അദ്ദേഹത്തിന് കടുത്ത ടൈഫോയിഡ് പനി ബാധിച്ച് കിടന്ന് ശാരീരിക, മാനസികശേഷി കുറഞ്ഞ സമയത്തുണ്ടായ 'വെളിപാടു'കളാണ് അദ്ദേഹത്തിന്റെ നിരീശ്വരവാദം!
മതദൈവ വിശ്വാസം ഭ്രാന്താണെന്നും മത ദൈവവിശ്വാസികള്‍ ഭ്രാന്തന്‍മാരും വിഭ്രാന്തിക്കും വിഹ്വലതകള്‍ക്കും മാനസികരോഗത്തിനും അടിമപ്പെട്ടവരാണെന്നും സമര്‍ഥിക്കാന്‍ ഡോക്കിന്‍സിനെ ആശ്രയിച്ച് രവിചന്ദ്രന്‍ എഴുതിയ വരികളില്‍നിന്നും "വിഭ്രാന്തി (ഉലഹൌശീിെ) എന്ന വാക്ക് താന്‍ ഉപയോഗിക്കാന്‍ കാരണമെന്തെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ഈ വാക്കിന് പകരം ഞലഹൌശീിെ ഉള്‍പ്പെടെ പല പദങ്ങളും നിര്‍ദേശിക്കപ്പെട്ടിരുന്നു. ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കല്‍പിച്ചുകൊണ്ട് പെരുമാറുന്ന ഒരാള്‍ക്ക് മനോവിഭ്രാന്തിയുണ്ടെന്ന് നാം പറയും. സങ്കല്‍പങ്ങളുടെ ലോകത്താണയാള്‍ ജീവിക്കുന്നത്. മനോവിഭ്രാന്തിയുള്ളയാളെ ഭ്രാന്തനെന്ന് വിളിക്കാന്‍ സമൂഹം മടിക്കില്ല''(12) ഇല്ലാത്ത ഒന്നിനെ ഉണ്ടെന്ന് സങ്കല്‍പിക്കുന്നവന്‍ വിഭ്രാന്തിയാണെന്നും അങ്ങനെ വിഭ്രാന്തി ബാധിച്ചയാളെ സമൂഹം ഭ്രാന്തനെന്ന് വിളിക്കുമെന്നും ഡോക്കിന്‍സും രവിചന്ദ്രനും സമര്‍ഥിക്കുന്നു.
ഈ വരികള്‍ മുഖവിലക്കെടുത്ത് എ.വി. ജോസിനുണ്ടായ ബാല്യകാല വിഭ്രാന്തിയെ പഠിക്കാം. 'കടുത്ത' ടൈഫോയിഡ് പനി പിടിപെട്ട് തളര്‍ന്ന് കിടന്നപ്പോള്‍ അദ്ദേഹം ചിന്തിച്ചത് പ്രപഞ്ചത്തെയും പ്രപഞ്ചത്തിന്റെ അറ്റമില്ലായ്മയേയും കുറിച്ചാണല്ലോ? ആ അറ്റമില്ലാത്ത ചിന്തയാണല്ലോ അദ്ദേഹത്തെ ദൈവനിഷേധിയാക്കിയത്? ചിന്ത കാടുകയറി എനിക്കുവേണമെങ്കില്‍ ഞാന്‍ ജീവിക്കുന്നത് സൂര്യനിലാണെന്നോ അതല്ലെങ്കില്‍ പ്രപഞ്ചത്തിന് പുറത്താണെന്നോ ചിന്തിക്കാം. സുന്ദരമായ സങ്കല്‍പലോകം ചിന്തയില്‍ തീര്‍ക്കാം. ചിന്തക്ക് അതിരുകളില്ല. പക്ഷെ, അത്തരം അതിരുകളില്ലാത്ത ചിന്ത ബുദ്ധിയുടെ ലക്ഷണമല്ല. അത് വേറെ ചില മാനസിക പ്രശ്നങ്ങളുടെ ലക്ഷണമാണ്. ഇവിടെയാണ് ഡോക്കിന്‍സിന്റെ പ്രസ്താവനയും എ.വി. ജോസിന്റെ അതിരുകളില്ലാത്ത ചിന്തയും യോജിക്കുന്നത്.
ടൈഫോയിഡ് പനി ബാധിച്ചാല്‍ കണ്‍ഫ്യൂഷന്‍ മുതല്‍ ഹാലൂസിനേഷന്‍വരെ ഉണ്ടാകും.(13) അത്തരമൊരു മാനസികവിഭ്രാന്തിക്ക് അടിമപ്പെട്ട് ബോധം നഷ്ടപ്പെട്ട അവസ്ഥയില്‍ അദ്ദേഹം ചിന്തിച്ചത് അറ്റമില്ലാത്ത പ്രപഞ്ചത്തെ കുറിച്ചാണ്.
ഈ പ്രപഞ്ചത്തിന് അറ്റമില്ലെന്ന് ജോസ് ചിന്തിച്ചത് അദ്ദേഹത്തിന്റെ ഇന്നത്തെ പ്രായവും (79 വയസ്സ്) അദ്ദേഹത്തിന് കഠിന ടൈഫോയിഡ് ബാധിച്ച് ചിന്താശേഷി നഷ്ടപ്പെട്ട് കിടന്ന പ്രായവും കണക്കാക്കിയാല്‍ 1946-47 കാലഘട്ടത്തിലായിരിക്കും. ആ കാലഘട്ടത്തിലെ പ്രപഞ്ച സങ്കല്‍പം എന്തായിരുന്നുവെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് വിജ്ഞാന വ്യാപനത്തിന് വിവര വിനിമയ സാങ്കേതിക സംവിധാനം എന്തായിരുന്നുവെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കേരളത്തില്‍ തൃശൂരില്‍ 1945-46 കാലഘട്ടത്തില്‍ ജീവിച്ച ജോസിന് അന്നത്തെ സ്കൂള്‍ പാഠപുസ്തകത്തിലെ പ്രപഞ്ച സങ്കല്‍പത്തിനുപരി എന്തറിവായിരിക്കും ഉണ്ടാവുക. 1950കളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച ഒരു ഡോക്ടറോട് അന്നത്തെ സ്കൂള്‍ പാഠ പുസ്തകങ്ങളിലെ പ്രപഞ്ച ചിത്രത്തെകുറിച്ച് അന്വേഷിച്ചപ്പോള്‍ അദ്ദേഹത്തില്‍നിന്നും ലഭിച്ചത് സൌരയുഥത്തിന് പുറത്തുള്ള യാതൊന്നും പഠിപ്പിച്ചിരുന്നില്ല എന്നാണ്. അന്ന് സാധാരണക്കാരന് വിവരങ്ങള്‍ കൈമാറാന്‍ ഉപരിതല തപാല്‍ (ടൌൃളമരല ാമശഹ) മാത്രമായിരുന്നു മാര്‍ഗം. ആ കാലഘട്ടത്തില്‍ അറ്റമില്ലാത്ത പ്രപഞ്ചത്തെ(?!) കുറിച്ച് ചിന്തിച്ച ശ്രീ. ജോസിന്റെ ചിന്ത അതികഠിനംതന്നെ!
ആധുനിക പ്രപഞ്ച മാതൃക അംഗീകരിക്കപ്പെട്ടത് 1965ല്‍ മാത്രമാണെന്ന് യുക്തി ദര്‍ശനം(14) പറയുന്നു. അതിനും പതിറ്റാണ്ടുകള്‍ മുമ്പുതന്നെ ജോസിന്റെ രോഗാതുര ശരീരവും മനസും ബുദ്ധിയും 'അറ്റമില്ലാത്ത' പ്രപഞ്ചമാതൃക കണ്ടെത്തിയിരുന്നു എന്നതും ആ പ്രപഞ്ചമാതൃക ഇന്നും കോട്ടമൊന്നും വരുത്താതെ പിന്തുടരുന്നു എന്നതും നാം മനസ്സിലാക്കുക!
ആധുനിക ഗഗോള ശാസ്ത്രമോ ഭൌതിക ശാസ്ത്രമോ അറ്റമില്ലാത്ത പ്രപഞ്ച സങ്കല്‍പം വെച്ചുപുലര്‍ത്തുന്നില്ല. ബിഗ് ബാംഗ് തിയറിയും വികസിക്കുന്ന പ്രപഞ്ചവുമാണ് ഇന്നിന്റെ പ്രപഞ്ചമാതൃക. സ്ഥിര സ്ഥിതി പ്രപഞ്ച സിദ്ധാന്തത്തിന് (ടൌറ്യ മെേലേ വേല്യീൃ) ചില നാസ്തിക ഭൌതിക മൌലിക വിശ്വാസികളുടെ സങ്കുചിത ചിന്താമണ്ഡലത്തില്‍ മാത്രമെ സ്ഥാനമുള്ളൂ. ബിഗ് ബാംഗ് തിയറി ബിഗ് ക്രഞ്ച് തിയറിയില്‍വരെ ചെന്നുനില്‍ക്കുന്നു. മഹാ വിസ്ഫോടന സിദ്ധാന്തം (ആശഴ ആമിഴ ഠവല്യീൃ) സാധാരണക്കാര്‍ക്കുപോലും അറിയാവുന്ന രീതിയില്‍ ജനകീയവല്‍കരിച്ച സിദ്ധാന്തമാണ്. പക്ഷെ കേരളത്തിലെ ശാസ്ത്രത്തിന്റെ മൊത്തക്കുത്തക ഏറ്റെടുത്ത യുക്തിവാദി മാസികയുടെ പത്രാധിപരായ ജോസിന് അതിനെക്കുറിച്ച് 'കേവല ധാരണപോലുമില്ല' എന്നത് യാദൃച്ഛികമല്ല, സ്വാഭാവികം മാത്രം.
ആരോഗ്യവാന്‍മാരായ യുവാക്കള്‍ക്കുപോലും കേവലം വൈറല്‍പനി ശക്തമായാല്‍ പിച്ചും പേയും പറയുന്നത് സാധാരണമാണ്. ശാരീരിക, മാനസിക വളര്‍ച്ച പൂര്‍ത്തിയാകാത്ത പ്രായത്തില്‍ കഠിനമായ ടൈഫോയിഡ് പനി ബാധിച്ച് ബുദ്ധിഭ്രമം സംഭവിച്ച് ചിന്ത കാടുകയറിയതിന്റെ ഉപോല്‍പന്നം മാത്രമാണ് ജോസിന്റെ ദൈവനിഷേധം. ഇതുപോലെ മറ്റൊരു അന്താരാഷ്ട്ര നാസ്തിക ബുദ്ധിജീവിയെകൂടി പരിചയപ്പെടാം.
നാസ്തികനായ ദൈവത്തില്‍ ഡോക്കിന്‍സിനെ പരിചയപ്പെടുത്തുന്നു. 'ദൈവ വിഭ്രാന്തി'യുടെ അത്യുജ്വല വിജയത്തോടെ ഡോക്കിന്‍സ് ലോകമെമ്പാടുമുള്ള നിരീശ്വരവാദികളുടെയും സ്വതന്ത്ര ചിന്തകരുടെയും ശ്രദ്ധാകേന്ദ്രമായി മാറിയിട്ടുണ്ട്.''(15) 
"വിഖ്യാതമായ ബ്രിട്ടീഷ് പരിണാമ ശാസ്ത്രജ്ഞനും ശാസ്ത്ര ഗ്രന്ഥകാരനുമാണ് ഡോക്കിന്‍സ്. ഡാര്‍വിനിസത്തിന്റെ ശക്തനായ വക്താവും... ഡാര്‍വിനിസത്തിന്റെ ശക്തനായ വക്താവെന്ന നിലയില്‍ ഉമൃംശി' ഞീംലശഹലൃ എന്ന വിളിപ്പേര് സമ്പാദിച്ചിട്ടുണ്ട്(16) ലോക നിരീശ്വരവാദത്തിനും പരിണാമവാദത്തിനും ആവേശം പകരാന്‍ ഏറെ ക്ളേശിച്ച് അധ്വാനിക്കുന്ന വ്യക്തിയാണ് റിച്ചാര്‍ഡ് ഡോക്കിന്‍സ്. ഇതുകൂടാതെ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തിലേക്കും വിരല്‍ചൂണ്ടുന്നുണ്ട് നാസ്തികനായ ദൈവം. അതിങ്ങനെ വായിക്കാം.
"ഒമ്പത് വയസുള്ളപ്പോഴാണ് ഡോക്കിന്‍സിന് ആദ്യമായി മതപരമായ സംശയങ്ങളുണ്ടായത്''(17) 
"താന്‍ റിച്ചാര്‍ഡ് രാജാവാണെന്നും ചന്ദ്രനിലെ മനുഷ്യനാണെന്നും ബാബിലോണിയന്‍ പോരാളിയാണെന്നുമൊക്കെയായിരുന്നുവത്രെ ചില സന്ദര്‍ഭങ്ങളില്‍ ബാലനായ ഡോക്കിന്‍സ് അവകാശപ്പെട്ടിരുന്നത്.(18) 
"കുട്ടിക്കാലത്ത് താന്‍ ഇത്തരം ബാലിശമായ പല അവകാശവാദങ്ങളും നടത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ടെന്ന് ഡോക്കിന്‍സ് സമ്മതിക്കുന്നു''(19) 
റിച്ചാര്‍ഡ് ഡോക്കിന്‍സിനും ജോസിനും അവരുടെ ശൈശവ ബാല്യകാലത്ത് വിഭ്രാന്തികള്‍ ഉണ്ടായിരുന്നുവെന്ന് മനസ്സിലാക്കാം. ഡോക്കിന്‍സ് അത് പ്രഖ്യാപിക്കുന്നു. എന്നാല്‍ ജോസിനത് മനസ്സിലായിട്ടുപോലുമുണ്ടാകാന്‍ സാധ്യതയില്ല. ഇത്തരം ബാല്യ, ശൈശവകാല വിഭ്രാന്തികള്‍ ഒരാളുടെ വളര്‍ച്ചയില്‍ നിലനില്‍ക്കുമോ?
നാസ്തികനായ ദൈവത്തില്‍നിന്നുതന്നെ വായിക്കാം. "കുട്ടികള്‍ക്ക് ശൈശവ, കൌമാര കാലഘട്ടങ്ങളില്‍ പലതരത്തിലുള്ള സങ്കല്‍പ സാമ്രാജ്യങ്ങളുമുണ്ട്. ഭ്രമങ്ങളും അധിനിവേശങ്ങളുമുണ്ട്. പുറംലോകവുമായി ബന്ധപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക മനോവ്യാപാരമാണത്. ഇത്തരം വ്യാപാരങ്ങളില്‍ പലതും മുതിര്‍ന്നാലും കുട്ടിയെ വിട്ടൊഴിയുന്നില്ല. പലരും തങ്ങളുടെ വൈകാരികചേഷ്ടകള്‍ മരണംവരെ കൂടെകൂട്ടുന്നു.'' "...ചിലരിലാകട്ടെ പ്രായംചെന്നാലും ബാലചേഷ്ടകള്‍ക്ക് ഭേദഗതിയില്ലാതെ നിലനില്‍ക്കും. ചിന്താഗതിയിലും വേണ്ടത്ര പക്വതയുണ്ടാവില്ല. ഈ വൈകല്യത്തിന് മനഃശാസ്ത്ര ചികിത്സയില്‍ പീഡോ മോര്‍ഫോസിസ് (ജലമറീ ങീൃുവീശെ) എന്നാണ് പറയുക''(20) കുട്ടിക്കാലത്തുണ്ടാകുന്ന മനോവൈകല്യങ്ങളും ഭ്രമങ്ങളും ചപല വികാരവിചാരങ്ങളും മിഥ്യാധാരണകളും പലരിലും പ്രായമേറെ ചെന്നാലും ഒരു മാറ്റവുമില്ലാതെ നിലനില്‍ക്കും. ജോസിനെയും റിച്ചാര്‍ഡ് ഡോക്കിന്‍സിനെയും അവര്‍തന്നെ സമര്‍ഥിച്ച നിയമങ്ങളില്‍നിന്ന് ഒഴിവാക്കേണ്ടതില്ല. അവര്‍ക്കിരുവര്‍ക്കും കുട്ടിക്കാലത്ത് വിഭ്രാന്തിയുണ്ടായിരുന്നുവെന്ന് അവര്‍തന്നെ അംഗീകരിക്കുകയും വ്യക്തമായി പറയുകയും ചെയ്തത് അര്‍ഹിക്കുന്ന ആദരവോടെ മുഖവിലക്കെടുക്കുന്നു.
ജോസും ഡോക്കിന്‍സും കുട്ടിക്കാലത്ത് അവര്‍ക്കുണ്ടായിരുന്ന വിഭ്രാന്തിക്കടിപ്പെട്ട് നടത്തുന്ന ജല്‍പനങ്ങളും ചേഷ്ടകളും നാസ്തികതക്കും ഭൌതികവാദത്തിനും യുക്തിവാദത്തിനും പരിണാമവാദത്തിനും നല്‍കിക്കൊണ്ടിരിക്കുന്ന ആവേശവും ഊര്‍ജവും പ്രചോദനവും അംഗീകരിക്കാതെ നിവൃത്തിയില്ല. എ.വി. ജോസാണ് കേരള യുക്തിവാദത്തിനും നിരീശ്വരവാദത്തിനും ചട്ടക്കൂടും കെട്ടുറപ്പും നല്‍കിയത്. മാത്രമല്ല പതിറ്റാണ്ടുകളായി പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന യുക്തിവിചാരം മാസികയും അദ്ദേഹംതന്നെ മുന്‍കയ്യെടുത്ത് സംഘടിപ്പിച്ച കേരള യുക്തിവാദി സംഘവും 'യുക്തിവാദ പ്രചരണവേദി' പ്രസിദ്ധീകരിക്കുകയും വിതരണം ചെയ്തുകൊണ്ടിരിക്കുകയും ചെയ്യുന്ന പുസ്തകങ്ങളും യുക്തിവാദി സാഹിത്യത്തിന് ഏറെ മുതല്‍കൂട്ടാണ് നല്‍കിക്കൊണ്ടിരിക്കുന്നത്.
റിച്ചാര്‍ഡ് ഡോക്കിന്‍സാകട്ടെ നിരീശ്വരവാദ പ്രചരണത്തിന് അന്താരാഷ്ട്രതലത്തില്‍ ഏറെ കാര്യങ്ങള്‍ ചെയ്യുന്ന വ്യക്തിയാണ്. അതിന്റെ ഭാഗമാണല്ലോ ഏീറ ഉലഹൌശീിെ പോലൊരു കൃതി. ഡോക്കിന്‍സ് മതവിശ്വാസം മാനസിക പ്രശ്നമാണെന്ന് ഗവേഷണം നടത്താനും പരിണാമവാദംപോലുള്ള അശാസ്ത്രീയ സിദ്ധാന്തങ്ങള്‍ ശാസ്ത്രീയമാണെന്ന് പ്രചരിപ്പിക്കാനുംവേണ്ടി റിച്ചാര്‍ഡ് ഡോക്കിന്‍സ് ഫോര്‍ റിസര്‍ച്ച് ആന്റ് സയന്‍സ് (ഞറളൃ) എന്ന സംഘടന സ്ഥാപിച്ച് ബ്രിട്ടണിലും അമേരിക്കയിലും ചാരിറ്റി സംഘടനയായി രജിസ്റര്‍ ചെയ്ത് പ്രവര്‍ത്തിച്ചുവരുന്നത്(21) ഇവര്‍ രണ്ടുപേരും ദൈവനിഷേധത്തിനും ഭൌതികവാദത്തിനും നല്‍കുന്ന സേവനങ്ങളുടെ വൈപുല്യം വ്യക്തമാക്കുന്നു ഈ വസ്തുതകള്‍.
"ഭ്രാന്താശുപത്രിയില്‍ ചെന്നാല്‍ നെപ്പോളിയനും ഹിറ്റ്ലറുമൊക്കെയാണെന്ന് സങ്കല്‍പിച്ച് ജീവിക്കുന്ന നിര്‍ഭാഗ്യവാന്‍മാരെ കണ്ടെത്താനാകും. ചെവിയില്‍ പൂവുംവെച്ച് നടക്കുന്നവരെന്ന് നാം പലരെയും കളിയാക്കാറുണ്ടല്ലോ. അവരുടെ സഹചമായ വിശ്വാസങ്ങളൊക്കെ 'മാനസിക പ്രശ്നമായി' അവഗണിക്കാനാണ് നമുക്ക് താല്‍പര്യം. മതവിശ്വാസം ഇതില്‍നിന്നൊക്കെ വ്യത്യസ്തമായ ഒന്നാണെന്ന് തെളിയിക്കാന്‍ ആര്‍ക്കും ഇന്നുവരെ സാധിച്ചിട്ടില്ല.
പക്ഷെ, സമൂഹത്തില്‍ ധാരാളംപേര്‍ ഒരേ വിഭ്രാന്തിയുമായി മുന്നോട്ട് പോകുമ്പോള്‍ അത് മാനസിക പ്രശ്നമല്ലാതാകും. സാം ഹാരിസ് 'ദി എന്റ് ഓഫ് ഫെയ്ത്' (ഠവല ലി റ ീള ളമശവേ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ പറയുന്നു: "യുക്തിസഹമല്ലാത്ത വിശ്വാസങ്ങളുമായി നടക്കുന്നവരെ സംബോധന ചെയ്യാന്‍ നിരവധി വിളിപ്പേരുകള്‍ നമുക്കുണ്ട്. പക്ഷെ അത്തരം വിശ്വാസങ്ങള്‍ വളരെ സാധാരണമെങ്കില്‍ നാം അതിനെ മതവിശ്വാസമെന്ന് വിളിച്ചാദരിക്കും. അല്ലെങ്കില്‍ പദങ്ങള്‍ കടുത്തതായിരിക്കും. ഭ്രാന്ത്, മാനസികപ്രശ്നം, വിഭ്രാന്തി അങ്ങനെ പോകുന്നു ഉപയോഗിക്കാനിടയുള്ള കഠിന പദങ്ങള്‍''(22) 
ഈ വരികള്‍ മത, ദൈവ വിശ്വാസികള്‍ ഭ്രാന്തന്‍മാരാണെന്ന് സമര്‍ഥിക്കാന്‍ ഉപയോഗിച്ച കഠിന പദങ്ങളാണ്. എന്തേ ഈ ഉദാഹരണങ്ങള്‍ നാസ്തിക യുക്തിവാദികള്‍ക്ക് ബാധകമല്ലേ. വിശ്വാസികളെ ഭ്രാന്തന്‍മാരാക്കിയ രീതി നാം കണ്ടു. ചെറുപ്പത്തില്‍ മതപാഠശാലകളില്‍നിന്നും സമൂഹത്തില്‍നിന്നും ലഭിക്കുന്ന അറിവുകള്‍ വിഭ്രാന്തി സൃഷ്ടിക്കുന്നവയാണെന്നും ആ അറിവുകള്‍ ലഭിച്ച് വളര്‍ന്നുവരുന്ന കുട്ടി തന്റെ യുവത്വത്തിലും വാര്‍ധക്യത്തിലും അതേ ഭ്രാന്തും വിഭ്രാന്തിയും തുടരും എന്നാണ് ഡോക്കിന്‍സും അദ്ദേഹത്തിന്റെ പുസ്തകത്തിന് ആഖ്യാനമെഴുതിയ രവിചന്ദ്രനും എഴുതിയത്.
നാസ്തികനായ ദൈവത്തില്‍ ഡോക്കിന്‍സും രവിചന്ദ്രനും വിശ്വാസികള്‍ ചെറുപ്പത്തിലേ വിഭ്രാന്തിക്ക് അടിപ്പെട്ട് ആ വിഭ്രാന്തി ജീവിതകാലം മുഴുവന്‍ തുടരുന്നുവെന്ന് ആരോപിക്കുക മാത്രമാണ് ചെയ്തത്. എന്നാല്‍ കേരള യുക്തിവാദിസംഘം രൂപീകരിക്കാന്‍ വേണ്ടതെല്ലാം ചെയ്ത എ.വി. ജോസ് ബാല്യകാലത്ത് ടൈഫോയിഡ് പനി ബാധിച്ച് വിഭ്രാന്തിയില്‍ മനഃസാന്നിധ്യം നഷ്ടപ്പെട്ട് പ്രപഞ്ചത്തെക്കുറിച്ച് വികലധാരണയുണ്ടാക്കി. ശാസ്ത്രം ഏറെ പുരോഗതി നേടിയിട്ടും പ്രപഞ്ച വിജ്ഞാനീയം വളര്‍ന്നിട്ടും ആ ധാരണകള്‍തന്നെ വെച്ചു തന്നെ അദ്ദേഹം ജീവിക്കുന്നു. ഡോക്കിന്‍സാകട്ടെ തന്റെ ഒമ്പതാം വയസ്സില്‍തന്നെ വിഭ്രാന്തിക്ക് അടിമപ്പെട്ടിരുന്നുവെന്നും സങ്കല്‍പലോകത്ത് ജീവിച്ചിരുന്നുവെന്നും ഡോക്കിന്‍സിന്റെ പുസ്തകത്തില്‍നിന്നും നാം കണ്ടു. മാത്രമല്ല, ഡോക്കിന്‍സ് വിശ്വാസി സമൂഹത്തെ ഭ്രാന്തന്‍മാരായി ചിത്രീകരിക്കാന്‍ ആധാരമാക്കിയത് റോബര്‍ട്ട് പിര്‍സിഗിനെയാണ്(23) 
റോബര്‍ട്ട് പിര്‍ഗിസ് കടുത്ത മാനസികരോഗിയായിരുന്നു എന്ന വസ്തുത നവനാസ്തികത: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍(24) എന്ന ഗ്രന്ഥത്തില്‍ എന്‍.എം ഹുസൈന്‍ വ്യക്തമാക്കുന്നുണ്ട്. മനോവിഭ്രാന്തിക്ക് അടിമപ്പെട്ട ഒരു വ്യക്തിക്ക് മറ്റൊരു മാനസികരോഗിയുടെ ഭ്രാന്തുകള്‍ ഏറെ ആശയ സമ്പുഷ്ടവും താത്ത്വികവുമാണെന്ന് തോന്നുക സ്വാഭാവികം. ഡോക്കിന്‍സ് വിശ്വാസിസമൂഹത്തെ മൊത്തത്തില്‍ മനോരോഗികളും ഭ്രാന്തന്‍മാരുമായി ചിത്രീകരിക്കാനുപയോഗിച്ച മാനദണ്ഡം ഉപയോഗിച്ചുതന്നെ എ.വി. ജോസിനെയും ഡോക്കിന്‍സിനെയും വിലയിരുത്തപ്പെടുമ്പോള്‍ അവര്‍ വിഭ്രാന്തിക്ക് അടിപ്പെട്ടിരുന്നുവെന്നും ബാല്യകാലത്ത് വിഭ്രാന്തിയും വികല ധാരണകളുമുണ്ടായിരുന്നു എന്നും വ്യക്തമാകുന്നു. മാത്രമല്ല, ഇന്നും ആ മിഥ്യാധാരണയിലാണവര്‍ ജീവിക്കുന്നതെന്ന് അവരുടെ ആദര്‍ശത്തെയും അവരുടെ പ്രസ്താവനകളെയും വിലയിരുത്തിയാല്‍ മനസ്സിലാകും. ജോസിന്റെ പ്രപഞ്ചസങ്കല്‍പം ഇന്നും അതിരുകളില്ലാത്ത പ്രപഞ്ചത്തെ മാത്രം ഉള്‍ക്കൊള്ളുന്നതാണ്. ശാസ്ത്രലോകത്തെ 'വാത'മായ പരിണാമവാദം ശാസ്ത്രമാണെന്ന് അടിയുറച്ച് വിശ്വസിക്കുന്ന ഡോക്കിന്‍സും അവരുടെ ബാല്യകാലഭ്രമങ്ങളും മിഥ്യാധാരണകളും ബാലചേഷ്ടകളും ഈ പ്രായത്തിലും കാലഘട്ടത്തിലും പിന്തുടരുന്നുവെന്നത് നിസാരമാക്കാവതല്ല.
ഇങ്ങനെ വിലയിരുത്തപ്പെടുമ്പോള്‍ ജോസ് വളര്‍ത്തിയെടുത്ത കേരള യുക്തിവാദി സംഘവും കേരളീയ യുക്തിവാദി സമൂഹവും ഇതേ ആശയത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നുവെന്നതുകൊണ്ടും ഇന്നത്തെ നാസ്തികയുടെയും നവ ഡാര്‍വിനിസത്തിന്റെയും അംബാസഡറായ ഡോക്കിന്‍സിനാല്‍ നയിച്ചുകൊണ്ടിരിക്കുന്ന ലോക നാസ്തികതയും അദ്ദേഹംതന്നെ പറഞ്ഞപോലെ "യുക്തിസഹമല്ലാത്ത വിശ്വാസങ്ങളുമായി നടക്കുന്നവരെ സംബോധന ചെയ്യാന്‍ നിരവധി വിളിപ്പേരുകള്‍ നമുക്കുണ്ട്. പക്ഷെ, അത്തരം വിശ്വാസങ്ങള്‍ വളരെ സാധാരണമാകുമ്പോള്‍ നാം അതിനെ മതവിശ്വാസമെന്ന് വിളിച്ചാദരിക്കും. അല്ലെങ്കില്‍ പദങ്ങള്‍ കടുത്തതായിരിക്കും. ഭ്രാന്ത്, മാനസിക പ്രശ്നം, വിഭ്രാന്തി അങ്ങനെ പോകുന്നു ഉപയോഗിക്കാനിടയുള്ള കഠിനപദങ്ങള്‍''(25) 
ഇവിടെ ജോസ് യുക്തിസഹമല്ലാത്ത വിശ്വാസമല്ല, ശാസ്ത്രീയമായി തെറ്റെന്ന് ഉറപ്പുള്ള വികലധാരണ സത്യമെന്ന് വിശ്വസിച്ച് ജീവിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു. ശ്രീ. ഡോക്കിന്‍സാകട്ടെ തെളിയിക്കപ്പെട്ടിട്ടില്ലാത്ത ഒരു സങ്കല്‍പം ശാസ്ത്രീയ സത്യമാണെന്ന് വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഇതിനെ വിശേഷിപ്പിക്കാന്‍ ഡോക്കിന്‍സിന്റെ നിഘണ്ടുവിലെ കഠിനപദങ്ങള്‍ മതിയോ? അല്‍പംകൂടി സൂം ചെയ്ത് പറഞ്ഞാല്‍ എ.വി. ജോസ് അന്ന് പനി പിടിച്ച് കിടന്നിട്ടില്ലായിരുന്നുവെങ്കില്‍ കേരള യുക്തിവാദി സംഘവും കേരളത്തിലെ യുക്തിവാദി ചലനങ്ങളുമുണ്ടാകുമായിരുന്നില്ല. അതുപോലെ ഡോക്കിന്‍സിന് 9ാം വയസ്സ് മുതലുണ്ടായ മിഥ്യാധാരണകളും സങ്കല്‍പലോകവുമില്ലായിരുന്നുവെങ്കില്‍ ലോക നാസ്തികതക്കും പരിണാമവാദത്തിനും വര്‍ത്തമാനലോകത്ത് മേല്‍വിലാസമുണ്ടാകുമായിരുന്നില്ല.
കേരളത്തിലായാലും അതല്ല, അന്താരാഷ്ട്ര തലത്തിലായാലും ആധുനിക നാസ്തിക, ഭൌതിക യുക്തിവാദ പരിണാമവാദത്തിന്റെ അടിത്തറയും നിലനില്‍പും ചലനങ്ങളും ഉപജീവനവും കേവലം കുഞ്ഞുനാളില്‍ ബുദ്ധിഭ്രമം ബാധിച്ച് മിഥ്യാധാരണകളിലും സാങ്കല്‍പിക ലോകത്തും ജീവിച്ച രോഗാതുര വികല മനസ്സുകളുടെ, മുതിര്‍ന്നിട്ടും വിട്ടുമാറാത്ത ബാലചേഷ്ടകളില്‍ പടുത്തുയര്‍ത്തിയ സങ്കല്‍പ സാമ്രാജ്യം മാത്രമാണ്. ആ സങ്കല്‍പലോകത്തിലെ ഭ്രമത്തിനടിപ്പെട്ട് ചിന്ത മരവിച്ച ഒരുകൂട്ടം മനുഷ്യജീവികള്‍ മാത്രമാണ് ആധുനിക നാസ്തിക യുക്തിവാദ സമൂഹവും യുക്തിവാദവും യുക്തിവാദ പ്രചരണ വേദിയും. ആ സങ്കല്‍പലോകത്ത് ധാര്‍മികതക്കോ നിയമവേഴ്ചക്കോ യാതൊരു സ്ഥാനവുമില്ല, അവിടെയുള്ളത് സുഖിക്കുക എന്ന ഒരേയൊരു ലക്ഷ്യം മാത്രം.

Reference:
1. യുക്തിവിചാരം മാസിക 2012 ജനുവരി/ഫെബ്രുവരി പേജ് 36
2. യുക്തിദര്‍ശനം. എ.ടി. കോവൂര്‍ ട്രസ്റ് കോഴിക്കോട് മുഖവുര പേജ് 5
3. യുക്തിദര്‍ശനം പേജ് 783
4. നാസ്തികനായ ദൈവം: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ലോകം. ഡി. രവിചന്ദ്രന്‍, പേജ് 16
5. നാസ്തികനായ ദൈവം പേജ് 364
6. യുക്തിവിചാരം 2011 ഡിസംബര്‍, പേജ് 33
7. നാസ്തികനായ ദൈവം പേജ് 363-364
8. നാസ്തികനായ ദൈവം പേജ് 364
9. യുക്തിവിചാരം 2011 ഡിസംബര്‍, പേജ് 13
10. യുക്തിവിചാരം മാസിക 2012 ജനുവരി/ഫെബ്രുവരി പേജ് 31
11. നാസ്തികനായ ദൈവം പേജ് 12
12. നാസ്തികനായ ദൈവം പേജ് 27
13. വു://ശിമിംലൃ.്യമവീീ.രീാ/ൂൌലശീിെേ/ശിറലഃ?ൂശറ=201020272 2054അഅഠഛ ഗഗയ
14. യുക്തിദര്‍ശനം പേജ് 450,451
15. നാസ്തികനായ ദൈവം പേജ് 17
16. നാസ്തികനായ ദൈവം പേജ് 15-16
17. നാസ്തികനായ ദൈവം പേജ് 17
18. നാസ്തികനായ ദൈവം പേജ് 389
19. നാസ്തികനായ ദൈവം പേജ് 389
20. നാസ്തികനായ ദൈവം പേജ് 390-391
21. നാസ്തികനായ ദൈവം പേജ് 16
22. നാസ്തികനായ ദൈവം പേജ് 100
23. നാസ്തികനായ ദൈവം പേജ് 27
24. നവനാസ്തികത: റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ വിഭ്രാന്തികള്‍, ക്രിയേറ്റീവ്സ് പേജ് 119-120
25. നാസ്തികനായ ദൈവം പേജ് 100

Wednesday, May 2, 2012

പെണ്ണിനെ പോറ്റാനെന്തിന് മക്കളെ കൊല്ലണം?

'ഇപ്പോള്‍ മൂന്നാമത്തെ കുഞ്ഞിന് കേരളത്തില്‍ നിങ്ങളെ ജയിലിലടപ്പിക്കാന്‍ കഴിയും' (Now, third child can land you in Jail in Kerala) വി.ആര്‍. കൃഷ്ണയ്യരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സമിതി കേരളാ സര്‍ക്കാരിന് സമര്‍പ്പിച്ച 'കേരള വിമന്‍സ് കോഡ് ബില്‍ 2011'നെ കുറിച്ച 2011, സെപ്റ്റംബര്‍ 25 ലെ ‘ദി ടൈംസ് ഓഫ് ഇന്ത്യ’യുടെ വാര്‍ത്തയുടെ തലക്കെട്ട് കണ്ടപ്പോള്‍ നാസീജര്‍മനിയില്‍ ഹിറ്റ്ലറുടെ നിര്‍ദേശപ്രകാരം 1939 സെപ്റ്റംബര്‍ ഒന്നു മുതല്‍ നടപ്പാക്കപ്പെട്ട ‘ആക്ഷന്‍ ടി ഫോര്‍’ പദ്ധതിയുടെ ഭാഗമായി പാരമ്പര്യരോഗങ്ങളുള്ളവരെയും മാറാരോഗികളെയും കൊന്നൊടുക്കുന്നതിനെ ന്യായീകരിക്കാനായി നിര്‍മിക്കപ്പെട്ട പരസ്യത്തില്‍ ഒരു പാരമ്പര്യരോഗിക്കു വേണ്ടി ചെലവഴിക്കപ്പെടുന്ന അറുപതിനായിരം റിച്ച്മാര്‍ക്ക്സിനെ കുറിച്ച് സഹപൌരാ, അത് നിങ്ങളുടെ കൂടി പണമാണ്’ എന്ന് അച്ചടിച്ചു വന്നതാണ് ഓര്‍മ വന്നത്. സമൂഹത്തിന് 'ആവശ്യമില്ലാത്തവരായി'ത്തീര്‍ന്ന രോഗികളെ ചികില്‍സിക്കാനായി ചെലവിടുന്ന പണം അനാവശ്യമാണെന്ന പാഠത്തിന്റെ വെളിച്ചത്തില്‍ ചിന്തിക്കുന്ന നാസികളുടെ കാഴ്ചപ്പാടില്‍ നിന്ന് എന്തു വ്യത്യാസമാണ് നമ്മുടെ സുഖസൌകര്യങ്ങള്‍ക്ക് വിഘാതമുണ്ടാക്കുമെന്ന കാരണത്താല്‍ ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ നശിപ്പിക്കണമെന്ന് വ്യവസ്ഥ ചെയ്യുന്നവരുടെ വീക്ഷണത്തിനുള്ളത്? സുഖപ്പെടാന്‍ സാധ്യതയില്ലാത്ത രോഗി സമൂഹത്തിന് ബാധ്യതയായിത്തീരുമെന്നതിനാല്‍ അയാളെ കൊല്ലണമെന്ന് വിധിച്ച നാസികള്‍ സുഖപ്പെടാന്‍ സാധ്യതയില്ലെന്ന് സ്ഥാപിക്കപ്പെടുന്നതു വരെയെങ്കിലും ജീവിക്കുവാന്‍ രോഗിയെ അനുവദിച്ചിരുന്നു. സ്വന്തം സുഖസൌകര്യങ്ങളെ ഹനിക്കാന്‍ സാധ്യതയുള്ളവരെ ജനിക്കാന്‍ പോലും അനുവദിച്ചു കൂടെന്ന് വിധിക്കുന്നവരുടെ മനസ്സ് നാസികളുടേതിനേക്കാള്‍ അധമമാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാകുമോ? ഗര്‍ഭഛിദ്രത്തിന് നിയമപ്രാബല്യം വേണമെന്നും സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ അതിനുള്ള പൂര്‍ണമായ സൌകര്യങ്ങളുണ്ടാകണമെന്നും രണ്ടിലധികം കുട്ടികളെ ജനിപ്പിക്കാന്‍ പാടില്ലെന്നും രണ്ടിലധികം കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ സഹായങ്ങളോ ഇളവുകളോ വിദ്യാഭ്യാസ ആനുകൂല്യങ്ങളോ നല്‍കരുതെന്നും കുടുംബാസൂത്രണത്തിനെതിരെയുള്ള ബോധപൂര്‍വമായ ശ്രമങ്ങളെ ക്രിമിനല്‍കുറ്റമായി കണക്കാക്കി പതിനായിരം രൂപ പിഴയോ മൂന്നുമാസം തടവോ നല്‍കണമെന്നും നിഷ്കര്‍ഷിക്കുന്ന ബില്ലിനെ വിശേഷിപ്പിച്ചിരിക്കുന്നത് വനിതാശിശുക്ഷേമത്തിനുള്ളതാണെന്നാണ് എന്നതാണ് ഏറെ വിചിത്രം. വനിതകളുടെ ഏറ്റവും വലിയ അവകാശമായ മാതാവാകാനുള്ള അവകാശത്തിന് കൂച്ചുവിലങ്ങിടുകയും ശിശുക്കള്‍ക്ക് ജനിക്കാനുള്ള അവകാശം പോലും നിഷേധിക്കുകയും വേണമെന്ന് നിഷ്കര്‍ഷിക്കുന്ന രേഖയെ വനിതകളുടെയും ശിശുക്കളുടെയും ക്ഷേമത്തിനുള്ളതാണെന്ന് മനസ്സിലാക്കണമെങ്കില്‍ അതിന് നാസികളുടേതിന് തുല്യമായ തലച്ചോറു കൊണ്ട് തന്നെ ചിന്തിക്കണം. 
അവനവന്റെ സുഖാഡംബരങ്ങളാണ് പരമമായും സംരക്ഷിക്കപ്പെടേണ്ടത് എന്ന വിചാരം കേരളീയ മനസ്സിലേക്ക് അടിച്ചു കയറ്റുന്നതില്‍ മുതലാളിത്തം പൂര്‍ണമായും വിജയിച്ചുകഴിഞ്ഞിരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് വിമെന്‍സ് കോഡ് ബില്ലും അനുബന്ധ പ്രതികരണങ്ങളുമെന്നതാണ് വസ്തുത. താന്‍ അനുഭവിക്കുന്ന സുഖാഢംബരങ്ങള്‍ക്ക് കുറവു വരുത്തുകയാണ് ജനിക്കാന്‍ പോകുന്ന കുഞ്ഞുങ്ങളെന്ന മിഥ്യാധാരണയുണ്ടാക്കിക്കൊണ്ട് മൂന്നാം ലോകത്തെ ജനസംഖ്യ നിയന്ത്രിക്കുവാനുള്ള പദ്ധതികള്‍ക്കാവശ്യമായ സൈദ്ധാന്തികഭൂമികയൊരുക്കുന്നവര്‍ക്ക് തങ്ങളുടേതായ അധിനിവേശ താല്‍പര്യങ്ങളുണ്ടെന്നും മൂന്നാം ലോകത്തിന്റെ മാനവവിഭവശേഷി കുറച്ചു കൊണ്ടുവരുന്നതിനുള്ള പരിശ്രമങ്ങള്‍ പ്രസ്തുത താല്‍പര്യത്തിന്റെ സംരക്ഷണത്തിനാണെന്നും മനസ്സിലാക്കുവാനുള്ള 'വിവര'മെങ്കിലും നിയമപുസ്തകങ്ങളുടെ വരികള്‍ക്കിടയില്‍ പതിറ്റാണ്ടുകള്‍ നീണ്ട തപസ്സനുഷ്ഠിച്ച വിശാരദന്‍മാര്‍ക്ക് ഉണ്ടാവേണ്ടിയിരുന്നു. മുതലാളിത്ത ലോകത്തിന്റെ താല്‍പര്യസംരക്ഷകരായ ഐക്യരാഷ്ട്രസഭയുടെ കീഴില്‍ 1994 സെപ്റ്റംബര്‍ 5 മുതല്‍ 13 വരെ ഈജിപ്തിലെ കൈറോയില്‍ വെച്ച് സംഘടിപ്പിക്കപ്പെട്ട "യുനൈറ്റഡ് നാഷന്‍സ് ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സ് ഓണ്‍ പോപ്പുലേഷന്‍ ആന്റ് ഡവലപ്പ്മെന്റി''(കഇജഉ)ന്റെ തീരുമാനങ്ങളെങ്കിലും മനസ്സിരുത്തി വായിക്കുകയും വരികള്‍ക്കിടയിലൂടെ വിചിന്തനം നടത്തുകയും ചെയ്തിരുന്നെങ്കില്‍ മൂന്നാംലോകത്തെ ജനസംഖ്യാ നിയന്ത്രണ പദ്ധതികള്‍ക്കു പിന്നിലെ സാമ്രാജ്യത്വ സൃഗാലബുദ്ധി മനസ്സിലാക്കാന്‍ നിയമവിശാരദകന്‍മാര്‍ക്ക് കഴിയുമായിരുന്നു. രണ്ടിലധികം കുഞ്ഞുങ്ങളുള്ളവരെ ജയിലിലടക്കണമെന്ന് വിധിക്കാന്‍ നമ്മുടെ നിയമജ്ഞര്‍ക്ക് ബുദ്ധിയുപദേശിച്ചു കൊടുക്കുന്നവര്‍ തന്നെയാണ് തങ്ങളുടെ രാജ്യത്ത് ഏറ്റവുമധികം കുട്ടികളുള്ളവര്‍ക്ക് പ്രത്യേകമായ ബഹുമതിയും സമ്മാനങ്ങളുമെല്ലാം നല്‍കുന്നതെന്ന വസ്തുത കൂടി മനസ്സിലാക്കുമ്പോഴാണ് ജനസംഖ്യാ വിസ്ഫോടനത്തെപ്പറ്റി ഭീഷണമായ കഥകള്‍ പറഞ്ഞ് നമ്മെ വന്ധ്യംകരിക്കുവാന്‍ നിയമനിര്‍മാണം നടത്തുന്നവരെ എത്ര സമര്‍ഥമായാണ് സാമ്രാജ്യത്വം ബൌദ്ധികമായി അടിമപ്പെടുത്തിയിരിക്കുന്നതെന്ന് ബോധ്യപ്പെടുക.

ജനസംഖ്യാ വര്‍ധനവ് വഴി പട്ടിണിയും ദാരിദ്യവും ക്ഷാമവും രോഗങ്ങളും അകാലമരണങ്ങളുമാണ് സംഭവിക്കാന്‍ പോകുന്നതെന്നും ജനപ്പെരുപ്പം നിയന്ത്രിച്ചിട്ടില്ലെങ്കില്‍ പ്രകൃതി ക്രൂരമായി തിരിച്ചടിക്കുമെന്നും സ്ഥാപിച്ചുകൊണ്ട് തോമസ് റോബര്‍ട്ട് മാല്‍ത്തൂസ് എന്ന കത്തോലിക്കാ പാതിരി 1798ല്‍ എഴുതിയ എന്‍ എസ്സെ ഓണ്‍ ദി പ്രിന്‍സിപ്പിള്‍ ഓഫ് പോപ്പുലേഷന്‍ ആണ് ജനസംഖ്യാ വര്‍ധനവിനെക്കുറിച്ച് ഭീതിജനിപ്പിച്ചു കൊണ്ട് എഴുതപ്പെട്ട ആദ്യ കൃതി. അതിന്നുശേഷം നീണ്ട രണ്ടു നൂറ്റാണ്ടുകാലം മാര്‍ത്തൂസിനെ അനുകൂലിച്ചും പ്രതികൂലിച്ചും കൊണ്ടുള്ള പഠനങ്ങളുണ്ടായി. പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രമുഖ അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ ഹെന്‍ട്രി ചാള്‍സ്കാരെ (17931879) മാല്‍ത്തൂസിനെ വിമര്‍ശിച്ച ആദ്യകാല പ്രമുഖര്‍ക്ക് മുന്നില്‍ നടക്കുമ്പോള്‍ അനുകൂലിച്ചവര്‍ക്ക് നേതൃത്വം നല്‍കുന്നത് പത്തൊമ്പതാം നൂറ്റാണ്ടുകാരന്‍ (18061873) തന്നെയായ പ്രമുഖ ഉപയോഗക്ഷമതാവാദിയും യൂട്ടിലിറ്റേറിയനിസം എന്ന കൃതിയുടെ കര്‍ത്താവ് ജോണ്‍ സ്റുവാര്‍ട്ട് മില്‍ ആണ്. സംതൃപ്തി പ്രദാനം ചെയ്യുന്ന കര്‍മങ്ങളെല്ലാം ശരിയാണെന്നും അതുണ്ടാക്കാത്തവയെല്ലാം തെറ്റാണെന്നുമുള്ള ഉപയോഗക്ഷമതാവാദത്തിന്റെ വക്താവ് മാര്‍ത്തൂസിന് അനുകൂലമായതും, വസ്തുനിഷ്ഠമായ തെളിവുകളുടെ വെളിച്ചത്തില്‍ വ്യക്തിയുടെയും സമൂഹത്തിന്റെയും സാമ്പത്തിക സുസ്ഥിതിയെക്കുറിച്ച് പഠിക്കുന്ന സാമ്പത്തിക ശാസ്ത്രവിദഗ്ദന്‍ അദ്ദേഹത്തിനെതിരായതും സ്വാഭാവികമാണ്. അനുഭവങ്ങളും തെളിവുകളുമെല്ലാം മാര്‍ത്തൂസിന് എതിരാണ്; തങ്ങളുടെ സന്തോഷവും സുഖവുമെല്ലാം നഷ്ടപ്പെട്ടുപോയെന്ന് ആധിയുള്ളവര്‍ പക്ഷെ മാല്‍ത്തൂസിനോടൊപ്പം കൂടും. അതാണ് മാല്‍ത്തൂസിന്റെ കാലം മുതല്‍ ഇന്നുവരെയുള്ള അവസ്ഥ. മാല്‍ത്തൂസിന്റെ മനസ്സുമായി കേരളത്തെ വന്ധ്യംകരിക്കാന്‍ ഒരുങ്ങിപ്പുറപ്പെട്ടവര്‍ യൂട്ടിലിറ്റേറിയന്‍ മനസ്സുള്ളവരാണെന്ന് വ്യക്തം. മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തെക്കുറിച്ച് മാര്‍ക്സിസ്റ് സൈദ്ധാന്തികനായ ഫ്രെഡറിക് എംഗല്‍സ് പറഞ്ഞതേ നിയോ മാല്‍ത്തൂസിയന്‍മാരോടും നമുക്ക് പറയാനുള്ളൂ. "നിന്റെ അയല്‍ക്കാരനെ നിന്നെപ്പോലെ സ്നേഹിക്കുകയെന്നും” ലോകപൌരത്വമെന്നുമെല്ലാമുള്ള അതിസുന്ദരമായ ആശയങ്ങളെ തകര്‍ക്കാന്‍ പര്യാപ്തമായ നിരാശാജനകമായ വ്യവസ്ഥയെ പ്രതിനിധാനം ചെയ്യുന്ന, ഇന്നുവരെ ഉണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും പ്രാകൃതവും കാടത്തം നിറഞ്ഞതുമായ സിദ്ധാന്തം'' എന്നാണ് മാല്‍ത്തൂസിയന്‍ സിദ്ധാന്തത്തെ എംഗല്‍സ് തന്റെ ഔട്ട്ലൈന്‍സ് ഓഫ് എ ക്രിട്ടിക്ക് ഓഫ് പൊളിറ്റിക്കല്‍ എക്കോണമി എന്ന പ്രബന്ധത്തില്‍ വിശേഷിപ്പിച്ചിരിക്കുന്നത്. "അര്‍ഹതയുള്ളതിന്റെ അതിജീവനം'' എന്ന സിദ്ധാന്തത്തെ ന്യായീകരിക്കാനായി ചാള്‍സ് ഡാര്‍വിനും നിയോഡാര്‍വിനിസ്റായ ആല്‍ഫ്രഡ് റസ്സല്‍ വാലസും കൂട്ടുപിടിച്ചതും "രക്തശുദ്ധിയും പാരമ്പര്യമഹിമയുമുള്ള ആര്യന്‍മാരുടെ ആധിപത്യം'' എന്ന ആശയത്തെ സാധൂകരിക്കാനായി അഡോള്‍ഫ് ഹിറ്റ്ലര്‍ ഉപയോഗിച്ചതും മാല്‍ത്തൂസിന്റെ സിദ്ധാന്തത്തെയായിരുന്നുവെന്ന വസ്തുത "കാടന്‍ സിദ്ധാന്ത''മെന്ന് എംഗല്‍സിന്റെ വിശേഷണത്തെ ന്യായീകരിക്കുന്നുണ്ട്.
മാല്‍ത്തൂസിയന്‍ കാഴ്ചപ്പാടുകള്‍ അബദ്ധമാണെന്ന വസ്തുത മനസ്സിലാക്കാന്‍ അദ്ദേഹത്തിനു ശേഷമുള്ള ലോകക്രമത്തെക്കുറിച്ച് പഠിച്ചാല്‍ മാത്രം മതി. 1798ല്‍ മാല്‍ത്തൂസ് തന്റെ പുസ്തമെഴുതുമ്പോള്‍ അന്നത്തെ ലോകജനസംഖ്യ 90 കോടിയോളമായിരുന്നു. രണ്ടു നൂറ്റാണ്ടുകള്‍ കൊണ്ട് അത് എഴുനൂറ് കോടിയോളമായി. മാല്‍ത്തൂസിന്റെ വീക്ഷണങ്ങള്‍ ശരിയായിരുന്നെങ്കില്‍ ഇന്ന് ലോകം തന്നെ നിലനില്‍ക്കുമായിരുന്നില്ല. പട്ടിണി, ക്ഷാമം, തൊഴിലില്ലായ്മ, രോഗങ്ങള്‍ എന്നിവയില്‍ മാനവരാശി തകര്‍ന്നുപോകുമായിരുന്നു. മാര്‍ത്തൂസ് പുസ്തകമെഴുതിയ രണ്ടു നൂറ്റാണ്ടിനു മുമ്പുള്ളതിനേക്കാള്‍ എട്ടിരട്ടി മനുഷ്യരുണ്ട് ഇന്ന് ഭൂമിയില്‍. ഈ രണ്ടു നൂറ്റാണ്ടുകള്‍ കൊണ്ട് ക്ഷാമമാണോ ക്ഷേമമാണോ മനുഷ്യരാശിക്കുണ്ടായത്? ഉത്തരം ക്ഷേമമെന്നു തന്നെയാണ്. ജനസംഖ്യാ വര്‍ധനവ് ക്ഷാമത്തിലേക്കല്ല, ക്ഷേമത്തിലേക്കാണ് മനുഷ്യരെ നയിക്കുകയെന്ന വസ്തുതയ്ക്ക് വേറെ തെളിവുകളൊന്നും വേണ്ട. എന്തുകൊണ്ടാണിങ്ങനെ സംഭവിച്ചത്? മാല്‍ത്തൂസിന്റെ കണക്കുകള്‍ തെറ്റായതു കൊണ്ടാണോ? അല്ല. അദ്ദേഹത്തിന്റെ കണക്കുകള്‍ ശരിയായിരുന്നു; പക്ഷെ, പ്രസ്തുത കണക്കുകളും നിഗമനങ്ങളുമെല്ലാം അദ്ദേഹം ജീവിച്ചിരുന്ന കാലഘട്ടത്തിന്റെ സാഹചര്യത്തിന്റെയും സാങ്കേതികവിദ്യയുടെയും അടിസ്ഥാനത്തിലുള്ളവയായിരുന്നു. അതിനുശേഷം വമ്പിച്ച വൈജ്ഞാനികമുന്നേറ്റങ്ങളും സാങ്കേതിക വിപ്ളവങ്ങളുമുണ്ടായി. പ്രസ്തുത വിപ്ളവങ്ങളുടെ അനന്തരഫലമായി ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെട്ടു. ഈ മുന്നേറ്റങ്ങളൊന്നും യാദൃച്ഛികമായി ഉണ്ടായതല്ല. ജനസംഖ്യാ വര്‍ധനവിന്റെ ഫലമായാണ് ശാസ്ത്രപുരോഗതിയും സാങ്കേതികമുന്നേറ്റങ്ങളുമെല്ലാം ഉണ്ടാകുന്നത്. മനുഷ്യരുടെ എണ്ണം കൂടുന്നതിനനുസരിച്ച് അവര്‍ക്ക് ജീവിക്കുവാനുള്ള വക കണ്ടെത്തുവാനുള്ള അറിവും വിദ്യയും പടച്ചവന്‍ പ്രദാനം ചെയ്യും. ദാരിദ്യ്രഭയത്താല്‍ കുഞ്ഞുങ്ങളെ കൊന്നുകളഞ്ഞിരുന്ന അജ്ഞാനകാലത്തെ അറബികളോടായി ക്വുര്‍ആന്‍ പറഞ്ഞത് തന്നെയാണ് വിജ്ഞാനഭാരത്തിന്റെ അഹങ്കാരത്താല്‍ വരും തലമുറയെ വെട്ടിമിനുക്കാന്‍ തത്രപ്പെടുന്ന ആധുനികരെയും നമുക്ക് തെര്യപ്പെടുത്താനുള്ളത്. "ദാരിദ്യ്രഭയത്താല്‍ നിങ്ങള്‍ നിങ്ങളുടെ കുഞ്ഞുങ്ങളെ കൊന്നുകളയരുത്. നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്. അവരെ കൊല്ലുന്നത് തീര്‍ച്ചയായും ഭീമമായ അപരാധമാകുന്നു.''(17:31)
"തീര്‍ച്ചയായും അല്ലാഹു തന്നെയാണ് ഉപജീവനം നല്‍കുന്നവനും ശക്തനും പ്രബലനും.'' (51:58)
മാല്‍ത്തൂസിന്റെ പാത പിന്‍തുടര്‍ന്നു കൊണ്ട് 1968ല്‍ അമേരിക്കന്‍ ജീവശാസ്ത്രജ്ഞനായ പോള്‍ ആര്‍ എല്‍റിച്ചും ഭാര്യ ആന്‍ എച്ച് എല്‍റിച്ചും കൂടി എഴുതിയ പോപ്പുലേഷന്‍ ബോംബ് എന്ന ഗ്രന്ഥം. കണക്കുകള്‍ ഉദ്ധരിച്ചു കൊണ്ട് നടത്തിയ പ്രവചനങ്ങളെല്ലാം മിഥ്യയായിരുന്നുവെന്ന് കാലം തെളിയിക്കുകയുണ്ടായി. 1985 ആകുമ്പോഴേക്ക് ലോകമാകെ ഭക്ഷ്യക്ഷാമമുണ്ടാകുമെന്നും സമുദ്രങ്ങള്‍ ഇല്ലാതാകുമെന്നും പാശ്ചാത്യരാജ്യങ്ങളില്‍ പലതും മരുഭൂമിയായിത്തീരുമെന്നും ശരാശരി ആയുര്‍ദൈര്‍ഘ്യം 42 ആയി കുറയുമെന്നുമെല്ലാമായിരുന്നു പ്രവചനങ്ങള്‍! ഇതു നടത്തിയ 1968നേക്കാള്‍ 1985 ആയപ്പോഴേക്ക് മനുഷ്യരുടെ ക്ഷേമാവസ്ഥയില്‍ മെച്ചമുണ്ടാവുക മാത്രമാണുണ്ടായത്. എല്‍റിച്ചിന്റെ പ്രവചനങ്ങളെപ്പോലെത്തന്നെയാണ് കേരളീയസമൂഹത്തിലെ ജനസംഖ്യാ വളര്‍ച്ചയെക്കുറിച്ച് കണക്കുകള്‍ നിരത്തി മലയാളികളെ ഭയപ്പെടുത്തുന്ന നിയമജ്ഞരുടെ രേഖകളുടെ സ്ഥിതിയുമെന്നതാണ് വാസ്തവം. അവരുടെ ഉപദേശം സ്വീകരിച്ച് കേരളീയ സമൂഹത്തില്‍ ജനസംഖ്യ കുറയ്ക്കാനുള്ള നടപടികളുമായാണ് സര്‍ക്കാര്‍ മുന്നോട്ടുപോകുന്നതെങ്കില്‍ നമ്മുടെ പ്രധാനപ്പെട്ട സമ്പത്തായ മാനവവിഭവശേഷിയുടെ കടയ്ക്കായിരിക്കും അവര്‍ കത്തിവെക്കുന്നത്. തൊഴിലില്ലായ്മക്കും അതുമൂലമുണ്ടാകുന്ന ക്ഷാമത്തിനും സാമ്പത്തിക പ്രതിസന്ധിക്കുമായിരിക്കും അത്തരം നടപടികള്‍ നിമിത്തമാവുക.
ജനസംഖ്യാ വര്‍ധനവ് ഒരു വലിയ പ്രശ്നമാണെന്ന് വാദിക്കുന്നവരുടെ ന്യായങ്ങളും അവയ്ക്കുള്ള പ്രതികരണങ്ങളുമാണ് താഴെ.
ഒന്ന്: ജനസംഖ്യാ വര്‍ധനവ് മൂലം ഭക്ഷ്യക്ഷാമമുണ്ടാവും

കണക്കുകള്‍ ഈ ന്യായം ശരിയാണെന്ന് തോന്നിപ്പിക്കുമെങ്കിലും വസ്തുത മറിച്ചാണ്. 1998ല്‍ പ്രസിദ്ധീകരിക്കപ്പെട്ട യു.എന്‍. വേള്‍ഡ് പോപ്പുലേഷന്‍ പ്രോസ്പെക്ടസ് നോക്കുക. 1830ലെ ജനസംഖ്യ 100 കോടിയും 1930ലേത് 200 കോടിയും 1960ലേത് 300 കോടിയും 1975ലേത് 400 കോടിയും 1987ലേത് 500 കോടിയും 1999ലേത് 600 കോടിയുമാണെന്ന് പ്രസ്തുത രേഖ വ്യക്തമാക്കുന്നു. അതേ വര്‍ഷത്തെ യു.എന്‍.ഡി.പി. ഹ്യൂമണ്‍ ഡവലപ്മെന്റ് റിപ്പോര്‍ട്ട് പരിശോധിക്കുക. 1950ല്‍ 252 കോടി ജനസംഖ്യയുണ്ടായിരുന്ന സമയത്ത് ഭൂമിയിലെ ഭക്ഷ്യധാന്യ ഉല്‍പാദനം 62.4 കോടി ടണ്‍ ആയിരുന്നുവെന്നും 1990ല്‍ 520 കോടിയായി ജനസംഖ്യ വര്‍ധിച്ചപ്പോള്‍ ഉല്‍പാദനം 180 കോടിയായിത്തീരുന്നുവെന്നും പ്രസ്തുത രേഖ വ്യക്തമാക്കുന്നു. ജനസംഖ്യ ഇരട്ടിയായപ്പോള്‍ ഭക്ഷ്യഉല്‍പാദനം മൂന്നിരട്ടിയായിത്തീര്‍ന്നുവെന്ന് സാരം. എല്ലാവര്‍ക്കും ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ വിതരണം ചെയ്യാനുള്ള സംവിധാനമുണ്ടായിരുന്നുവെങ്കില്‍ 1950ല്‍ ഓരോരുത്തര്‍ക്കും ലഭിച്ച ധാന്യങ്ങളേക്കാള്‍ ഒന്നരയിരട്ടി ലഭിക്കുമായിരുന്നു ഇരട്ടി ജനസംഖ്യയായിത്തീര്‍ന്ന 1990ല്‍ എന്നാണിത് വ്യക്തമാക്കുന്നത്. ജനസംഖ്യാ വര്‍ധനവുമൂലം ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന് കണക്കാക്കുന്നവര്‍ മാനവവിഭവശേഷിയുടെ അനന്തമായ സാധ്യതകള്‍ വേണ്ട രൂപത്തില്‍ പരിഗണിക്കാത്തതു കൊണ്ടാണ് അവര്‍ക്ക് തെറ്റുപറ്റുന്നത്. "നാമാണ് അവര്‍ക്കും നിങ്ങള്‍ക്കും ഉപജീവനം നല്‍കുന്നത്''(17:31) എന്ന ദൈവികവാഗ്ദാനം തന്നെയാണ് ശരി!
രണ്ട്: ജനസംഖ്യാ വര്‍ധനവുണ്ടാവുമ്പോള്‍ രോഗങ്ങള്‍ വര്‍ധിക്കുകയും ആയുര്‍ദൈര്‍ഘ്യം കുറയുകയും ചെയ്യും

ഇന്‍സ്റിറ്റ്യൂട്ട് ഓഫ് അപ്ളൈഡ് മാന്‍പവര്‍ റിസര്‍ച്ച് ഹ്യൂമണ്‍ റിസോഴ്സസ് പ്രസിദ്ധീകരിച്ച ഇന്ത്യയിലെ ജനസംഖ്യാ വളര്‍ച്ചയെയും ആയുര്‍ദൈര്‍ഘ്യത്തെയും കുറിച്ച കണക്കുകള്‍ പരിശോധിക്കുക. 1901ല്‍ ജനസംഖ്യ 23.8 കോടിയായിരുന്നപ്പോള്‍ ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 24 വയസ്സായിരുന്നുവെങ്കില്‍ 1941ല്‍ ജനസംഖ്യ 31.9 കോടിയായപ്പോള്‍ ആയുര്‍ദൈര്‍ഘ്യം 31 വയസ്സും 1981ല്‍ 68.3 കോടിയായപ്പോള്‍ 55 വയസ്സും 2004ല്‍ 102 കോടിയായപ്പോള്‍ 62 വയസ്സുമായിത്തീര്‍ന്നുവെന്നാണ് പ്രസ്തുത രേഖ വ്യക്തമാക്കുന്നത്. ജനസംഖ്യ വര്‍ധിക്കുന്നതിനനുസരിച്ച് ജനങ്ങളുടെ ജീവിതനിലവാരം വര്‍ധിക്കുകയും അതുവഴി ആരോഗ്യം കൂടുകയും രോഗങ്ങള്‍ കുറയുകയും രോഗങ്ങള്‍ കാരണമുള്ള കുട്ടികളുടെയും യുവാക്കളുടെയും മരണനിരക്ക് കുറയുകയും ചെയ്യുന്നതു കൊണ്ടാണല്ലോ ശരാശരി ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുന്നത്. ജനസംഖ്യാവര്‍ധനവു വഴി രോഗങ്ങള്‍ കുറയുകയും ആയുര്‍ദൈര്‍ഘ്യം വര്‍ധിക്കുകയുമാണ് ചെയ്യുകയെന്നര്‍ഥം.
മൂന്ന്: ജനസംഖ്യാവര്‍ധനവുവഴി ജനസാന്ദ്രത വര്‍ധിക്കുകയും അതുവഴി പ്രതിശീര്‍ഷ വരുമാനം കുറയുകയും ചെയ്യും

ജനസംഖ്യാവര്‍ധനവുവഴി ജനസാന്ദ്രത വര്‍ധിക്കുമെന്നത് ശരിയാണ്. എന്നാല്‍ ജനസാന്ദ്രത വര്‍ധിക്കുമ്പോള്‍ പ്രതിശീര്‍ഷ വരുമാനം കുറയുകയല്ല കൂടുകയാണ് ചെയ്യുക. പോപ്പുലേഷന്‍ റഫറന്‍സ് ബ്യൂറോ’പ്രസിദ്ധീകരിച്ച 2002ലെ ലോക ജനസംഖ്യയെക്കുറിച്ച വിവരപ്പട്ടിക പരിശോധിക്കുക. ജനസംഖ്യയും ജനസാന്ദ്രതയും കുറഞ്ഞ രാജ്യങ്ങളാണ് കോംഗോ, സോമാലിയ, മാലി, നൈജര്‍, ഡാബിയ എന്നിവ. 2002 ലെ കണക്കുകള്‍ പ്രകാരം ഇത് യഥാക്രമം 9, 12, 9, 9, 13 എന്നിങ്ങനെയാണ്. അവിടുത്തെ പ്രതിശീര്‍ഷ വരുമാനമാകട്ടെ യഥാക്രമം 570, 600, 780, 740, 750 ഡോളറുകളാണ്. ജനസാന്ദ്രത ഏറ്റവുമധികമുള്ള മകാഒ, മൊണാകോ, സിംഗപ്പൂര്‍, ഹോംഗ്കോങ്ങ് എന്നിവയിലെ പ്രതിശീര്‍ഷ വരുമാനം വളരെ കൂടുതലാണ്. ഉദാഹരണത്തിന് ജനസാന്ദ്രത 6815 രേഖപ്പെടുത്തിയ സിംഗപ്പൂരിന്റെ പ്രതിശീര്‍ഷ വരുമാനം 24910 ഡോളറുകളാണ്. ജനസംഖ്യാവര്‍ധനവിനനുസരിച്ച് ഉല്‍പാദനക്ഷമത വര്‍ധിക്കുകയും അതുവഴി പ്രതിശീര്‍ഷവരുമാനം വര്‍ധിക്കുകയും ചെയ്യുമെന്ന വസ്തുതയാണ് ഇത് വ്യക്തമാക്കുന്നത്. 2002ലെ കണക്കുകള്‍ പ്രകാരം ജനസാന്ദ്രത 25806 ആയ മകാഒയില്‍ ഒരാള്‍ക്ക് ശരാശരി ഒരു സെന്റ് ഭൂമിയാണ് ലഭിക്കുന്നതെങ്കിലും ഒരു ചതുരശ്ര കിലോമീറ്ററില്‍ നിന്ന് ശരാശരി 46,94,19,355 ഡോളര്‍ വരുമാനം ലഭിക്കും. എന്നാല്‍ ജനസാന്ദ്രത രണ്ടായ മംഗോളിയയില്‍ ഒരാള്‍ക്ക് ശരാശരി 123.5 ഏക്കര്‍ ഭൂമി ലഭിക്കുന്നുണ്ടെങ്കിലും ഒരു ചതുരശ്ര കിലോമീറ്റലിലെ വരുമാനം 2699 ഡോളര്‍ മാത്രമാണ്. ജനസാന്ദ്രത വര്‍ധിക്കുന്നതിനനുസരിച്ച് ഉല്‍പാദനക്ഷമതയും അതുവഴി പ്രതിശീര്‍ഷ വരുമാനവും വര്‍ധിക്കുമെന്നു തന്നെയാണ് ഇതിന്നര്‍ഥം. ജനസംഖ്യ കുറയ്ക്കുവാനല്ല വര്‍ധിപ്പിക്കുവാനാണ് ക്ഷേമരാഷ്ട്രം സൃഷ്ടിക്കുവാന്‍ ശ്രമിക്കുന്നവര്‍ പരിശ്രമിക്കേണ്ടതെന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകള്‍.
നാല്: ജനസംഖ്യാവര്‍ധനവ് വഴി തൊഴിലില്ലായ്മ വര്‍ധിക്കും

2011ലെ കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നാട് വലുപ്പത്തില്‍ വത്തിക്കാനിന് നേരെ മുകളില്‍ നില്‍ക്കുന്ന മൊണാകോയാണെന്ന് ആ രാജ്യത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് വ്യക്തമാക്കുന്നുണ്ട്. 1.98 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള മൊണാകോയിലെ ഇന്നത്തെ ആകെ ജനസംഖ്യ 35,986 ആണ്. പ്രതിശീര്‍ഷ ജി.ഡി.പി 1,51,630 ഡോളറും ആയുര്‍ദൈര്‍ഘ്യം 90 വയസ്സുമായ അവിടെ തൊഴിലില്ലായ്മയെന്ന പ്രശ്നം തന്നെയില്ല. ജനസാന്ദ്രതയില്‍ മൊണാകോക്ക് തൊട്ടുപിന്നില്‍ നില്‍ക്കുന്ന രാജ്യമാണ് സിംഗപ്പൂര്‍. 2011 ജൂണിലെ കണക്കുകള്‍ പ്രകാരം 51.8 ലക്ഷം പേരാണ് 704 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണമുള്ള സിംഗപ്പൂരിലുള്ളത്. അവിടെയും തൊഴിലില്ലായ്മ വളരെ കുറവാണ്. ചൈനക്ക് കീഴിലുള്ള പ്രത്യേക ഭരണപ്രദേശമായ മകാഒയാണ് ജനസാന്ദ്രത ഏറ്റവുമധികമുള്ള പട്ടണം. പുതിയ കണക്കുകള്‍ പ്രകാരം അവിടെ ഒരു ചതുരശ്ര കിലോമീറ്റര്‍ 18428 പേര്‍ താമസിക്കുന്നുണ്ട്. അവിടെയും തൊഴിലില്ലായ്മ തീരെയില്ലെന്നാണ് ഔദ്യോഗികരേഖകള്‍ വ്യക്തമാക്കുന്നത്.
സമ്പത്തുണ്ടാക്കുന്നത് മാനവവിഭവശേഷിയാണെന്നും ജനങ്ങളുടെ എണ്ണം കൂടുമ്പോഴാണ് പുരോഗതിയും ക്ഷേമവുമുണ്ടാകുന്നത് എന്നുമുള്ള വസ്തുതകളാണ് നാം കണ്ടത്. ഇതു തിരിച്ചറിയുന്നവരാണ് ഒന്നാം ലോകത്തിലെ സാമ്പത്തികവിദഗ്ദരും രാഷ്ട്രനായകരുമെല്ലാം. ജനസംഖ്യാ വര്‍ധനവ് ത്വരിതപ്പെടുത്തുവാന്‍ 5300 കോടി ഡോളര്‍ ചെലവഴിച്ചതായും ഇനിയും കൂടുതല്‍ ശക്തമായി ആ നയവുമായി മുന്നോട്ട്പോകുമെന്നും റഷ്യന്‍ പ്രസിഡണ്ട് വ്ളാദ്മിര്‍ പുടിന്‍ പ്രഖ്യാപിച്ചത് ഇത്രയടുത്താണല്ലോ. അമേരിക്കയിലെ 'നാഷണല്‍ ഫാദര്‍ ഹുഡ് ഇനീഷ്യേറ്റീവ്' നല്‍കുന്ന 'ഫാദര്‍ഹുഡ്’ അവാര്‍ഡ്' കൂടുതല്‍ കുട്ടികളുണ്ടാവുന്നതിനെ പ്രോല്‍സാഹിപ്പിക്കുക കൂടി ലക്ഷ്യമാക്കിക്കൊണ്ടുള്ളതാണ്. ആരും തിരിഞ്ഞു നോക്കാനില്ലായിരുന്ന സിംഗപ്പൂര്‍ വളര്‍ന്നു വികസിച്ചതു തന്നെ അതിലെ ജനസംഖ്യ വര്‍ധിച്ചപ്പോഴായിരുന്നു. മൂന്നാം ലോകരാജ്യങ്ങളില്‍ ജനസംഖ്യാ നിയന്ത്രണത്തിനു വേണ്ടി ന്യായങ്ങള്‍ നിരത്തുന്നവര്‍ ഒന്നാംകിട രാജ്യങ്ങളിലെ ജനസംഖ്യ വര്‍ധിപ്പിക്കുവാനുള്ള ശ്രമത്തെക്കുറിച്ച് നിശബ്ദമാവുന്നതെന്തു കൊണ്ടാണ്? പിന്നാക്ക രാജ്യങ്ങളിലെ തങ്ങളുടെ അധിശത്വം തുടരുന്നതിനുവേണ്ടിയുള്ള തന്ത്രങ്ങളിലൊന്നാണ് സാമ്രാജ്യത്വത്തിന്റെ ജനപ്പെരുപ്പ പ്രചരണമെന്നാണ് മനസ്സിലാവുന്നത്. മാനവവിഭവശേഷിയില്‍ മുന്നില്‍ നില്‍ക്കുന്നവരും ഉല്‍പാദനക്ഷമമായ ഭൂമി കൈവശമുള്ളവരുമായ മൂന്നാം ലോകരാഷ്ട്രങ്ങള്‍ ജനസംഖ്യാവര്‍ധനവു മൂലം ശാസ്ത്ര സാങ്കേതിക രംഗങ്ങളില്‍ കൂടി വളര്‍ന്നു മുന്നേറിയാല്‍ സാമ്രാജ്യത്വത്തിന്റെ നുകക്കീഴില്‍ നിന്ന് അവര്‍ സ്വതന്ത്രരാവുമോയെന്നു ആശങ്കയായിരിക്കാം ജനസംഖ്യാ വിസ്ഫോടനത്തെക്കുറിച്ച് മിഥ്യാഭീതി സൃഷ്ടിക്കുന്നതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്.
മാനവവിഭവശേഷിയെ സൃഷ്ടിപരമായി നോക്കിക്കാണുകയും അതിന്റെ ആസൂത്രണത്തിലൂടെ ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്കരിക്കുകയും ചെയ്യാനാണ് സര്‍ക്കാരുകള്‍ പരിശ്രമിക്കേണ്ടത്. ജനകീയാസൂത്രണം അന്വര്‍ഥമാവുക അത്തരം പരിശ്രമങ്ങളുണ്ടാകുമ്പോഴാണ്. സര്‍ക്കാരുകളുടെ പ്രാഥമിക ധര്‍മമാണത്. അത് വിസ്മരിച്ചുകൊണ്ട് ജനസംഖ്യാവര്‍ധനയാണ് നാം നേരിടുന്ന പ്രധാന പ്രശ്നമെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിക്കുന്നത് ക്ഷേമരാഷ്ട്രത്തിന്റെ നിര്‍മിതിക്ക് ഉതകുകയില്ലെന്നുറപ്പാണ്; വ്യക്തികളുടെ എണ്ണക്കൂടുതല്‍ സമൂഹത്തിന് നന്മ മാത്രമെയുണ്ടാക്കൂവെന്ന് തിരിച്ചറിയാന്‍ കഴിയണമെങ്കില്‍ സുഖാസ്വാദനങ്ങള്‍ മാത്രമാണ് ജീവിധധര്‍മമെന്ന കാഴ്ചപ്പാടില്‍ നിന്ന് സ്വതന്ത്രരാവാന്‍ കഴിയണം. മനുഷ്യരെ, അവര്‍ തന്റെ വിഭവത്തില്‍ പങ്കുപറ്റുമെന്നതിനാല്‍ ശത്രുക്കളായിക്കാണുന്ന ജീവിതവീക്ഷണത്തിന് സമൂഹത്തിന് സ്വസ്ഥത നല്‍കുന്ന ജീവിതക്രമം പ്രദാനം ചെയ്യാനാവില്ല. ജനസംഖ്യാ വിസ്ഫോടനത്തെപ്പറ്റി വേവലാതിപ്പെടുന്നവര്‍ തന്നെയാണ് കന്നുകാലികളുടെയും ഇറച്ചിക്കോഴികളുടെയും പ്രത്യുല്‍പാദനശേഷി വര്‍ധിപ്പിക്കുന്നതിനായുള്ള ജനിതകവിദ്യകളെപ്പറ്റി വാചാലരാവുന്നത്. ആടിനും പശുവിനും കോഴിക്കും നല്‍കാവുന്നതിലേറെ നമ്മുടെ ഭൂമിക്കും ആവാസവ്യവസ്ഥക്കും ആവശ്യമായ കാര്യങ്ങള്‍ നല്‍കാന്‍ കഴിയുന്നവനാണ് മനുഷ്യന്‍. അവനാണ് സമ്പത്തിന്റെ ഉല്‍പാദകന്‍. അവനെ കേവലമൊരു ഉപഭോഗി മാത്രമായി കാണുന്നതുകൊണ്ടാണ് മനുഷ്യരുടെ എണ്ണം കുറക്കുന്നതു വഴിയാണ് പുരോഗതിയുണ്ടാവുകയെന്ന മിഥ്യാധാരണയുണ്ടാവുന്നത്. പരമാവധി പേര്‍ ജീവിച്ചിരിക്കുന്നത് ഭൂമിക്ക് ഗുണം മാത്രമെ ചെയ്യൂ. അതുകൊണ്ടാണ് ജനങ്ങളുടെ എണ്ണപെരുപ്പത്തെക്കുറിച്ച് ഭയപ്പെടേണ്ടതില്ലെന്ന് വിശുദ്ധക്വുര്‍ആനും കൂടുതല്‍ പ്രസവിക്കുന്നവളെ ഇണയായി സ്വീകരിക്കുവാന്‍ മുഹമ്മദ് നബി(സ്വ)യും നിര്‍ദേശിച്ചത്. ദാരിദ്രത്തിന്റെ ഇല്ലാത്ത കണക്കുകള്‍ നിരത്തി സന്താനനിയന്ത്രണത്തിന്റെ യുക്തിയെപ്പറ്റി വാചാലരാവുന്നവരോട് ക്വുര്‍ആന്‍ പറഞ്ഞതുതന്നെയാണ് നമുക്ക് ആവര്‍ത്തിക്കുവാനുള്ളത്. "പിശാച് ദാരിദ്യ്രത്തെപ്പറ്റി നിങ്ങളെ പേടിപ്പെടുത്തുകയും, നീചവൃത്തികള്‍ക്ക് നിങ്ങളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. അല്ലാഹുവാകട്ടെ അവന്റെ പക്കല്‍ നിന്നുള്ള മാപ്പും അനുഗ്രഹവും നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാകുന്നു.'' (2:268)