Followers

Saturday, November 12, 2011

ക്ഷമിക്കു സഹോദരീ അവനു അര്‍ഹിക്കുന്ന ശിക്ഷ ലഭിച്ചില്ലെങ്കിലും വിധി വന്നല്ലോ?





ഗോവിന്ദച്ചാമിക്ക് വധശിക്ഷ
Posted on: 12 Nov 2011


90 ദിവസംകൊണ്ട് കുറ്റപത്രം 
* അഞ്ചരമാസം തുടര്‍ച്ചയായി വിസ്താരം 
* പ്രതിക്ക് ജീവപര്യന്തം ശിക്ഷയും


തൃശ്ശൂര്‍: ശിക്ഷ മരണംതന്നെ. സൗമ്യയുടെ കൊലയാളി ഗോവിന്ദച്ചാമിയെ മരണംവരെ തൂക്കിലേറ്റാന്‍ അതിവേഗ കോടതി ജഡ്ജി കെ. രവീന്ദ്രബാബു വെള്ളിയാഴ്ച ഉത്തരവിട്ടു. കേരളീയസമൂഹം തങ്ങളുടെ പ്രിയപ്പെട്ട ഒരാള്‍ക്കുണ്ടായ ദുരന്തമായി ഏറ്റെടുത്ത കേസില്‍ വകുപ്പുകള്‍ അക്കമിട്ടു പറഞ്ഞ് ന്യായാധിപന്‍ വിധി പ്രഖ്യാപിച്ചപ്പോള്‍ കോടതിക്കു പുറത്ത് ആഹ്ലാദം ആര്‍ത്തിരമ്പി.
നിറഞ്ഞ കോടതി ഹാളില്‍ 15 മിനിറ്റുകൊണ്ടാണ് വിധിന്യായം ജഡ്ജി വായിച്ചുകേള്‍പ്പിച്ചത്. 90 ദിവസംകൊണ്ട് കുറ്റപത്രം സമര്‍പ്പിക്കുകയും അഞ്ചരമാസം തുടര്‍ച്ചയായി വിസ്താരം നടത്തുകയും ചെയ്ത കേസിന്റെ പര്യവസാനമായി അത്. വിധിപ്രഖ്യാപനത്തിലെ വിവരങ്ങള്‍ തമിഴിലേക്ക് മൊഴിമാറ്റം നടത്തി പ്രതിയെ കേള്‍പ്പിച്ചു.
പ്രതിയുടെ ക്രൂരതയുടെ ഫലമായി ആറുദിവസം ജീവച്ഛവമായി സൗമ്യ ആസ്​പത്രിയില്‍ കിടന്നതായി ജഡ്ജി ഓര്‍മിപ്പിച്ചു. തീവണ്ടിയുടെ ഭിത്തിയില്‍ തുടര്‍ച്ചയായി തലയിടിപ്പിച്ചതിന്റെ ഫലമായി പിറ്റിയൂറ്ററി ഗ്രന്ഥി തകര്‍ന്നു. മാനഭംഗത്തിനിടയില്‍ ശ്വാസകോശത്തില്‍ രക്തം കലര്‍ന്നു. ഇതിന്റെകൂടി ഫലമായിട്ടായിരുന്നു മരണം. ഇതിന് നിയമപരമോ ധാര്‍മികമോ ആയി ഒരു നീതീകരണവുമില്ല.

 

അഞ്ച് വകുപ്പുകളിലായാണ് ഗോവിന്ദച്ചാമിക്ക് ശിക്ഷ. ഇതിന്‍പ്രകാരം ജീവപര്യന്തമടക്കമുള്ള തടവുശിക്ഷകളും അനുഭവിക്കണം. ശിക്ഷ ഒന്നിച്ചനുഭവിക്കണമെന്നതിനാല്‍ ഫലത്തില്‍ തൂക്കുകയര്‍ മാത്രമാണ് പ്രാബല്യത്തില്‍ വരിക. ഹൈക്കോടതിയുടെ അനുമതി ഇതിനാവശ്യമാണ്. അപ്പീല്‍ നല്‍കുമെന്ന് പ്രതിഭാഗം അറിയിച്ചിട്ടുണ്ട്. പല വകുപ്പുകളിലായി 2,01,000 രൂപ നഷ്ടപരിഹാരം നല്‍കാനും വിധിയുണ്ട്. ഇത് സൗമ്യയുടെ നിയമപരമായ അവകാശികള്‍ക്ക് നല്‍കണം. പണം നല്‍കിയില്ലെങ്കില്‍ തടവുശിക്ഷ വേറെയുണ്ട്. കൊലപാതകത്തിന് മരണശിക്ഷയും മാനഭംഗത്തിന് ജീവപര്യന്തവുമാണ് വിധിച്ചിരിക്കുന്നത്.



വിധിക്കുശേഷം കനത്തസുരക്ഷയില്‍ ഗോവിന്ദച്ചാമിയെ വിയ്യൂര്‍ ജയിലിലേക്ക് കൊണ്ടുപോയി. ശിക്ഷാകാലയളവില്‍ അയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ പാര്‍പ്പിക്കാനാണ് കോടതി നിര്‍ദേശം. സൗമ്യയുടെ അമ്മ സുമതി, അച്ഛന്‍ ഗണേഷ്, അനുജന്‍ സന്തോഷ് എന്നിവരും വിധി കേള്‍ക്കാന്‍ കോടതിവളപ്പില്‍ എത്തിയിരുന്നു. കുറ്റവാളിയെ തിരിച്ചുകൊണ്ടുപോകുമ്പോള്‍ ചെരിപ്പേറും കല്ലേറും ഉണ്ടായി. പടക്കം പൊട്ടിച്ചും പ്രകടനം നടത്തിയും വിവിധ സംഘടനകള്‍ വിധിയെ സ്വാഗതം ചെയ്തു.
കഴിഞ്ഞ ഫിബ്രവരി ഒന്നിന് കൊച്ചിയിലെ ജോലിസ്ഥലത്തുനിന്ന് ഷൊറണൂരിലേക്ക് പാസഞ്ചര്‍ട്രെയിനില്‍ വരുമ്പോഴാണ് രാത്രി എട്ടരയോടെ സൗമ്യ ആക്രമിക്കപ്പെട്ടത്. ഷൊറണൂര്‍ മഞ്ഞക്കാട് സ്വദേശിനിയായ സൗമ്യ പെണ്ണുകാണല്‍ച്ചടങ്ങില്‍ പങ്കെടുക്കാനാണ് വീട്ടിലേക്ക് വന്നിരുന്നത്.

തമിഴ്‌നാട് കടലൂര്‍ ജില്ലയില്‍ വിരുതാചലം എരഞ്ഞിയില്‍ ഐവതക്കുടി സ്വദേശിയാണ് മുപ്പതുകാരനായ ഗോവിന്ദച്ചാമി. 
തൃശ്ശൂര്‍ നാര്‍കോട്ടിക് സെല്‍ ഡിവൈ.എസ്.പി. വി. രാധാകൃഷ്ണന്‍ നായരാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്. സ്‌പെഷല്‍ പ്രോസിക്യൂട്ടറായി അഡ്വ.എ. സുരേശനെ സര്‍ക്കാര്‍ നിയമിച്ചു. 82 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. ആരും കൂറുമാറാത്തതും സാഹചര്യത്തെളിവുകളും ശാസ്ത്രീയതെളിവുകളും യോജിപ്പിക്കാന്‍ കഴിഞ്ഞതും പ്രോസിക്യൂഷന് സഹായകമായി.


പ്രാര്‍ഥനയുടെ വിജയം-അമ്മ

തൃശ്ശൂര്‍: അതിവേഗ കോടതിയുടെ ഓഫീസ് ബെഞ്ചില്‍ കരഞ്ഞുകലങ്ങിയ കണ്ണുകളോടെയാണ് സൗമ്യയുടെ അമ്മ സുമതി ഇരുന്നത്. സൗമ്യയുടെ സഹോദരന്‍ സന്തോഷ് അമ്മയ്‌ക്കൊപ്പംതന്നെ ഉണ്ടായിരുന്നു. വിധി അറിഞ്ഞതോടെ അവര്‍ വികാരാധീനരായി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മുമ്പില്‍ വാക്കുകള്‍ ഇടറി.
എന്റെ മകള്‍ക്ക് സംഭവിച്ച വിധി മറ്റൊരു കുട്ടിക്കും ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെയാണ് അമ്മ സംസാരിച്ചു തുടങ്ങിയത്. ''സൗമ്യയ്ക്ക് നീതി കിട്ടി. വിധിയില്‍ സന്തോഷമുണ്ട്, ഏറെ നാളത്തെ പ്രാര്‍ഥനയുടെ അനുഗ്രഹമാണിത്, ഒരുപാട് പേര്‍ ഇതിനായി സഹായിച്ചു. എല്ലാവര്‍ക്കും നന്ദി''. സൗമ്യയെക്കുറിച്ച് വീണ്ടും സംസാരിക്കാന്‍ തുടങ്ങിയെങ്കിലും വാക്കുകള്‍ പുറത്തുവരാതെ അമ്മ മകന്റെ നെഞ്ചിലേക്ക് ചാഞ്ഞു.

പ്രതി സ്ത്രീസമൂഹത്തിന് ഭീഷണി-കോടതി

തൃശ്ശൂര്‍: സൗമ്യ വധക്കേസില്‍ ഗോവിന്ദച്ചാമി ചെയ്ത കുറ്റം സ്ത്രീകളിലുണ്ടാക്കിയ നടുക്കം പൂര്‍ണമായി ഉള്‍ക്കൊണ്ടതുപോലെയായി ജഡ്ജി കെ. രവീന്ദ്രബാബുവിന്റെ വിധിപ്രസ്താവം. പ്രതി സ്ത്രീകള്‍ക്ക് ഒരു ഭീഷണിയാണെന്ന് അദ്ദേഹം നിരീക്ഷിച്ചു.
സ്ത്രീകള്‍ക്കെതിരെ നടക്കുന്നത് സ്വത്തിനോ വ്യക്തിപരമായ നേട്ടത്തിനോവേണ്ടി വികാരത്തള്ളിച്ചയില്‍ നടക്കുന്ന അക്രമമായി കാണാനാവില്ലെന്നും അത് സാമൂഹികമായ കുറ്റമാണെന്നും ജഡ്ജി വിലയിരുത്തി. അത് സമൂഹത്തിന്റെ ചട്ടക്കൂടിനെ അലങ്കോലപ്പെടുത്തുന്നു. അതിനാല്‍ പ്രതി കടുത്തശിക്ഷ അര്‍ഹിക്കുന്നു.
നിസ്സഹായരായ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കുറ്റം അപൂര്‍വങ്ങളില്‍ അപൂര്‍വമായി കാണേണ്ടതുണ്ട്. പ്രതി ബോധപൂര്‍വം ആസൂത്രണം ചെയ്തതാണ് കൃത്യമെന്നും ഇരയുടെ ഭാഗത്തുനിന്ന് പ്രകോപനമൊന്നും ഇല്ലായിരുന്നുവെന്നും ജഡ്ജി ചൂണ്ടിക്കാട്ടി.
മനുഷ്യമനസ്സാക്ഷിയെ ഞെട്ടിച്ചതും മൃഗീയമായി നടപ്പാക്കിയതുമായ പൈശാചികകൃത്യമാണ് സൗമ്യയുടെ കൊലപാതകം. നിഷ്‌കളങ്കയും അവിവാഹിതയും നിരാലംബയുമായ സ്ത്രീയാണ് ഇരയായത്. എട്ട് കേസുകളില്‍ തമിഴ്‌നാട്ടില്‍ ശിക്ഷിക്കപ്പെട്ടിട്ടും മനംമാറ്റമൊന്നും പ്രതിക്കില്ല. സ്ത്രീകള്‍ക്ക് ശാപമായ സമൂഹദ്രോഹിയായി പ്രതിയെ കാണാം -കോടതി നിരീക്ഷിച്ചു.