ഡോക്കിന്‍സിന്റെ ഗ്രന്ഥത്തിന്റെ ‘ചരിത്രം നമ്മുടെ ശരീരമാസകലം
എഴുതപ്പെട്ടിരിക്കുന്നു’ എന്ന 11-ാം അധ്യായം കാര്യമായി നടത്തിയിട്ടുള്ളത്
പരിണാമവിശ്വാസികളുടെ എന്നത്തെയും പ്രശ്‌നമായ ഇന്റലിജന്റ് ഡിസൈന്‍ എന്ന
പ്രശ്‌നത്തില്‍നിന്നും രക്ഷപെടാനുള്ള വ്യാഖ്യാനക്കസര്‍ത്തുകളാണ്. ജീവികളുടെ
ശരീരത്തില്‍ നിരവധി അനാവശ്യഭാഗങ്ങളും അതുപോലെ ശരീരഘടനയോട് യോജിക്കാത്ത
അവയവുങ്ങളും ആന്തരികാവയവങ്ങളും അദ്ദേഹം ലിസ്റ്റ് ചെയ്തിരിക്കുന്നു. ഒരു
സൂപ്പര്‍ ഡിസൈനറാണ് ജീവികളെ സൃഷ്ടിച്ചതെങ്കില്‍ അവയെല്ലാം എന്തുകൊണ്ട്
പരിഹരിക്കപ്പെട്ടില്ല എന്ന് ചോദിച്ച് അതിനുകാരണം ഒരു ജീവി അതിന്റെ
പരിണാമദിശകളില്‍ പൂര്‍വ്വജീവികളുടെ അവയവുങ്ങളുടെ ബാക്കിപത്രം പേറുന്നതാണ്
എന്നാണ് കണ്ടുപിടുത്തം. മനുഷ്യരിലെ രോമാഞ്ചം അവന്റെ മുതുമുത്തച്ഛന്‍
ആയിരിക്കാന്‍ സാധ്യതയുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന കുരങ്ങിന്റെ
ശരീരഘടനയിലെ തിരുശേഷിപ്പുകളാണെന്ന രീതിയില്‍ പോകുന്നു വ്യാഖ്യാനഫാക്ടറിയിലെ
ഉല്‍പന്നങ്ങള്‍!
നമുക്ക് ഡോക്കിന്‍സിനെ വായിക്കാം. ”തണുക്കുമ്പോള്‍ അല്ലെങ്കില്‍
വല്ലാതെ പേടിച്ചിരിക്കുമ്പോള്‍ അതല്ലെങ്കില്‍ ഷേക്‌സ്പിയറുടെ
സമാനതകളില്ലാത്ത ഡോണറ്റുകളാല്‍ വേട്ടയാടപ്പെടുമ്പോള്‍ നിങ്ങള്‍ക്ക്
രോമഹര്‍ഷമുണ്ടാകും. എന്തുകൊണ്ട്? നിങ്ങളുടെ മുന്‍ഗാമികള്‍ ശരീരമാസകലം
രോമമുള്ള ജീവികളായിരുന്നു. ശരീരത്തിലെ തെര്‍മോസ്റ്റാറ്റ്‌സുകളുടെ
(Thermostats) സംവേദനത്തിന്റെ അടിസ്ഥാനത്തില്‍ രോമം എഴുന്നേറ്റു
നില്‍ക്കുകയോ താഴ്ന്നു നില്‍ക്കുകയോ ചെയ്യുമായിരുന്നു. കടുത്ത
തണുപ്പാകുമ്പോള്‍ ഉയര്‍ന്ന തൊലിക്കുള്ളില്‍ വായു പാളി വീര്‍പ്പിച്ചു
നിര്‍ത്തുന്നു. നല്ല ചൂടുള്ള സമയത്ത് ഈ കുപ്പായം ചുരുങ്ങി
നിരപ്പാക്കപ്പെടുന്നു. ശരീരത്തില്‍നിന്ന് ചൂട് കുറേക്കൂടി എളുപ്പത്തില്‍
പുറന്തള്ളിയാണ് ഇങ്ങനെ സംഭവിക്കുന്നത്. പരിണാമത്തിന്റെ പിന്നീടുള്ള
ഘട്ടങ്ങളില്‍ രോമം എഴുന്നേറ്റുനില്‍ക്കുന്ന സ്വഭാവം ചില സാമൂഹികമായ
ആശയവിനിമയത്തിനായി തട്ടിയെടുക്കപ്പെട്ടു. ആയത് വികാരപ്രകടനത്തിനായി.(345)
ഇക്കാര്യത്തില്‍ ഡാര്‍വിന്റെ കൃതിയും ഉദ്ധരിക്കുന്നുണ്ട് ഡോക്കിന്‍സ്.
ഇക്കാര്യം ആദ്യം അംഗീകരിച്ചയാളായിരുന്നു ചാള്‍സ് ഡാര്‍വിന്‍. The
Expression of the Emotions എന്നുപേരിട്ടിരിക്കുന്ന തന്റെ പുസ്തകത്തില്‍
അദ്ദേഹമിത് പ്രതിപാദിക്കുന്നുണ്ട്. ആ പുസ്തകത്തില്‍ നിന്നും:
”സുവോളജക്കല്‍ ഗാര്‍ഡനിലെ കീപ്പറായിരുന്ന മി. ഡട്ടണ്‍
ചിമ്പാന്‍സിയെയും ഒറാങ്ങ് ഒട്ടാങ്ങിനെയും നിരീക്ഷിക്കുമായിരുന്നു. ഒരു
ചുഴലിക്കാറ്റ് വന്നാല്‍ അല്ലെങ്കില്‍ പ്രകോപിപ്പിക്കപ്പെട്ടാല്‍ അവയുടെ
ശരീരത്തിലെ രോമങ്ങളെല്ലാം പെട്ടന്ന് എഴുന്നേറ്റ് നില്‍ക്കുമെന്നാണ് അദ്ദേഹം
പ്രസ്താവിച്ചത്. ഒരു കറുത്ത കല്‍ക്കരി കോരുന്ന ചമ്മട്ടി കണ്ടമാത്രയില്‍
ഒരു ചിമ്പാന്‍സി ഭയപ്പെടുകയും അതിന്റെ രോമങ്ങള്‍ പെട്ടന്ന് എഴുന്നേറ്റ്
നില്‍ക്കുകയും ചെയ്യുന്നത് ഞാന്‍ നേരിട്ടുകണ്ടിട്ടുണ്ട്…. ഏതാണ്ട് രോമരഹിത
ആള്‍ക്കുരങ്ങുകളായ മനുഷ്യരിലും ബാഹ്യചര്‍മത്തില്‍ സ്ഥിതിചെയ്യുന്ന
(അല്ലെങ്കില്‍ സ്ഥിതി ചെയ്യുന്നുണ്ടെന്ന് പറയാവുന്നത്ര വളരെക്കുറിച്ച്)
രോമങ്ങള്‍ എഴുന്നേറ്റുനില്‍ക്കും. അതിനെയാണ് നാം രോമഹര്‍ഷം എന്നൊക്കെ
വിളിക്കുന്നത്. നമ്മില്‍ രോമം എഴുന്നേറ്റുനില്‍ക്കുന്നത് ശരിക്കും ഒരു
ലുപ്തശേഷിയാണ്. മണ്ണടിഞ്ഞ പ്രാചീന മുന്‍ഗാമികളില്‍ ഉപയോഗപ്രദമായ ഒരു ധര്‍മം
നിര്‍വഹിച്ചുപോന്ന ഒരു ശേഷിയുടെ പ്രവര്‍ത്തനരഹിത അവശിഷ്ടരൂപം
എന്നുവേണമെങ്കില്‍ പറയാം.”(346)
പരിണാമത്തിനുതെളിവായി ഡോക്കിന്‍സ് അവതരിപ്പിച്ച മനുഷ്യരോമാഞ്ചവും
കുരങ്ങന്‍മാരുടെ രോമമെഴുന്നേറ്റു നില്‍ക്കലും സത്യത്തില്‍ പരിണാമത്തെ
ചോദ്യം ചെയ്യുന്നത് തിരിച്ചറിയാനുളള വകതിരിവ് അദ്ദേഹത്തിനില്ലാതെ പോയത്
അദ്ദേഹത്തിന്റെ സ്വാഭാവിക പരിണാമം! അന്തരീക്ഷോഷ്മാവിലെ
വ്യതിയാനങ്ങള്‍ക്കനുസരിച്ച് ശരീരത്തിലെ ചൂടും തണുപ്പും ഭംഗിയായി
നിയന്ത്രിക്കുന്ന ഒരു ഓട്ടോമാറ്റിക് H.V.A.C (Heating Ventilating Air
Conditioning) പ്ലാന്റ് പോലെ പ്രവര്‍ത്തിക്കുന്ന രോമമെന്ന മഹാത്ഭുതം
ആള്‍ക്കുരങ്ങില്‍ നിന്നും മനുഷ്യനിലേക്കുള്ള പരിണാമത്തില്‍ എങ്ങനെ
നഷ്ടപ്പെട്ടു? ഈ അധ്യായത്തില്‍ ലുപ്താവയവങ്ങളെക്കുറിച്ച് ഒരുപാട്
വാചാലനാകുന്നുണ്ട് ഡോക്കിന്‍സ്. പരിണാമം പുരോഗതിയിലേക്കാണ്
നയിക്കുന്നതെങ്കില്‍ മനുഷ്യരില്‍ രോമമെന്ന H.V.A.C സംവിധാനം
നഷ്ടപ്പെടാനിടയായ സാഹചര്യം എന്താണ് ? പ്രത്യേകിച്ച് ഭൂമിയിലെ ശൈത്യമേഖലകളായ
യൂറോപ്പിലും അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും ജീവിക്കുന്ന കക്കോഷ്യന്‍
(Caccosian) മനുഷ്യവര്‍ഗത്തില്‍ നിര്‍ബന്ധമായും ശരീരരോമം
നിലനില്‍ക്കേണ്ടതായിരുന്നു. എന്നാല്‍ അവര്‍ക്ക് നീഗ്രോയിഡുകളെ (Negroid)
അപേക്ഷിക്ക് രോമവളര്‍ച്ച വളരെ പരിമിതമാണ്. ഇതിനൊരു വ്യാഖ്യാനം
പരിണാമവ്യഖ്യാതാക്കളില്‍ നിന്ന് പ്രതീക്ഷിക്കാം !
അടുത്തതായി അദ്ദേഹം ചര്‍ച്ചെക്കുടത്തിട്ടുള്ളത് തിമിംഗലം, ഡോള്‍ഫിന്‍
തുടങ്ങിയ ‘കര’ജീവികളെയാണ്. ”കഴിഞ്ഞ അധ്യായത്തില്‍ കണ്ടതുപോലെ വളരെ
സാമ്യമുള്ള ഡൊരാഡോയെ (Dorado)പ്പോലുള്ള ഒരു മത്സ്യവുമായി
താരതമ്യപ്പെടുത്തിയതോടെ ഡോള്‍ഫിന്റെ ഊഷരമായ കരജീവിതചരിത്രത്തിന്റെ
ചുരുളഴിക്കാനായി നിങ്ങള്‍ക്ക് അധികം ആഴത്തില്‍ ഖനനം ചെയ്യേണ്ടി വന്നില്ല.
മത്സ്യത്തിന്റേതുപോലെ മെനഞ്ഞെടുക്കപ്പെട്ട സമ്മിതിയുള്ള ശരീരാകൃതി,
ഇപ്പോഴത്തെ പൂര്‍ണമായ ജലവാസം, കരയില്‍ പിടിച്ചിട്ടാല്‍ പെട്ടെന്ന്
മരിച്ചുപോകും എന്നിങ്ങനെയുള്ള വസ്തുതകള്‍ ഒഴിവാക്കിയാല്‍ ഡോള്‍ഫിന്റെ
അലകിലും പിടിയിലും കരസ്തനത്തിന്റെ മായാമുദ്രകള്‍ നിലനില്‍ക്കുകയാണെന്ന്
കാണാം. എന്നാല്‍ ഡോള്‍ഫിനോട് ആകാരത്തില്‍ സമാനതയുള്ള ഡൊരാഡോയുടെ
സ്ഥിതിയതല്ല.”(347) ഡോള്‍ഫിന്‍ കരജീവിയായിരുന്നുവെന്നും അത് കരയില്‍നിന്ന്
കടലിലേക്ക് ചാടിയിറങ്ങിയതാണെന്നും സൂചിപ്പിക്കുകയാണിവിടെ.
തുടര്‍ന്നുമദ്ദേഹം എഴുതുന്നു. ”എണ്ണമറ്റ വഴികളില്‍ ഡോള്‍ഫിനും
തിമിംഗലവും അവയുടെ പരിണാമത്തിന്റെ പ്രാചീനചരിത്രം അകത്തും പുറത്തും
അടയാളപ്പെടുത്തിവെച്ചിട്ടുണ്ട്. നമുക്കറിയാം, തിമിംഗലത്തിന്
പിന്‍കാലുകളില്ല. (Hindlegs). പക്ഷേ, ആ ഭാഗത്ത് ഉള്ളിലേക്ക് മൂടപ്പെട്ട
രീതിയില്‍ ചെറിയ അസ്ഥികളുണ്ട്. അത് പണ്ട് കരയില്‍ നടന്നിരുന്ന അവയുടെ
മുന്‍ഗാമികളുടെ വസ്ഥിവലയത്തിന്റെയും (Pervicgirdile) പിന്‍കാലുകളുടെയും
അവശിഷ്ടങ്ങളാണ്.(348)
നാല്‍പത്തിയഞ്ച് മില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ്
ഹിപ്പോപൊട്ടാമസിന്റെ പൗത്രന്‍ ആംബലോസെറ്റസ് (Ambalocetus)
പാകിസ്ഥാനില്‍വെച്ച് കടലില്‍ചാടി ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും അതിന്റെ
ശരീരഘടനയില്‍ പരിണാമം സംഭവിച്ച് ഇരുപത് മില്യണ്‍ വര്‍ഷങ്ങളിലൂടെ കുറേയേറെ
ജീവികളായി കൃത്യം ഇരുപത്തിയഞ്ച് മില്യണ്‍ വര്‍ഷങ്ങള്‍ക്കുമുമ്പ്
പൂര്‍ണതിമിംഗലവും ഡോള്‍ഫിനുകളുമായത് ഡോക്കിന്‍സിന്റെ പുസ്തകത്തിന്റെ ആറാം
അധ്യായത്തില്‍ കഥാകഥനം നടത്തുന്നുണ്ട്. അക്കാര്യം നാം വിശദമായി ചര്‍ച്ച
ചെയ്തിട്ടുണ്ട്. ഡോക്കിന്‍സ്, ഡൊണാള്‍ഡ്, പ്രോതറോ, ജെറി കോയന്‍ തുടങ്ങിയ
പ്രബലരായ പരിണാമ വ്യഖ്യാതാക്കള്‍ ജലതിമിംഗലത്തിനും ഡോള്‍ഫിനും വയസ്സ്
കുറച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കിയെങ്കിലും സ്വീഡിഷ് പാലിയന്റോളജിസ്റ്റായ
തോമസ് മൂര്‍ (Thomas More) അന്റാര്‍ട്ടിക്കയില്‍ നിന്ന്
നാല്‍പ്പത്തിയൊമ്പത് മില്യണ്‍ വര്‍ഷം പഴക്കമുള്ള പൂര്‍ണ ജലതിമിംഗലത്തിന്റെ
ഫോസില്‍ കണ്ടെത്തിയതോടെ ഈ വ്യാഖ്യാന കസര്‍ത്തുകളെല്ലാം
പൊളിഞ്ഞുപാളീസായി.(349) മാത്രമല്ല, ഈ ഒരൊറ്റ ഫോസിലിന്റെ ലഭ്യതയിലൂടെ
ഡോക്കിന്‍സിന്റെ ഭാഷ കടമെടുത്തു പറഞ്ഞാല്‍ പരിണാമത്തിന്റെ വെടി
തീര്‍ന്നു.(350)
തുടര്‍ന്ന് ഡോക്കിന്‍സ്, പരിണാമദേവന്‍ ഡാര്‍വിന്‍ ഉന്നയിച്ച, എന്നും
പരിണാമവിശ്വാസികളെ പ്രതിരോധത്തിലാക്കിയ കണ്ണെന്ന പ്രശ്‌നത്തിന് ഉത്തരം
പറയുവാനുള്ള ശ്രമം നടത്തുന്നുണ്ട്. ഡാര്‍വിന്‍ തന്റെ ‘ജീവജാതികളുടെ
ഉല്‍പത്തി’യില്‍ ഇങ്ങനെ എഴുതി. ”പ്രകാശത്തിന്റെ തോത്, വ്യത്യസ്ത ദൂരങ്ങളിലെ
ബിംബങ്ങളെ കേന്ദ്രീകരിക്കല്‍ എന്നിങ്ങനെ ധാരാളം സാങ്കേതികത്തികവാര്‍ന്ന
ധര്‍മങ്ങളാല്‍ അനുകരിക്കാന്‍ അസാദ്ധ്യമാകുംവിധം സങ്കീര്‍ണമാണ് കണ്ണിന്റെ
ഘടനയും ധര്‍മവും. കണ്ണിന്റെ പൂര്‍ണതയാര്‍ന്ന ഈ പ്രക്രിയകളെല്ലാം
പ്രകൃതിയുടെ സ്വായത്തമായ തെരഞ്ഞെടുപ്പിലൂടെ സംഭവിച്ചതാണെന്ന് ആരൊക്കെ
പറഞ്ഞാലും എനിക്ക് അംഗീകരിക്കാനാവില്ല.”(351) തുടര്‍ന്നുളള ഏതാനും പേജുകള്‍
ഡാര്‍വിന്റെ ഈ പ്രസ്താവനക്ക് മറുപടി പറയുവാനുള്ള ശ്രമത്തിലാണ്
ഡോക്കിന്‍സ്. കൂട്ടത്തില്‍ വ്യത്യസ്ത ജീവികളിലെ പല അനാട്ടമിക്കല്‍
പ്രശ്‌നങ്ങളും ചര്‍ച്ചയില്‍ വരുന്നുണ്ട്. മനുഷ്യരിലെയും കുരങ്ങുകളിലെയും
രോമത്തെക്കുറിച്ച ചര്‍ച്ചയെപ്പോലെ പക്ഷികളിലെയും പ്രാണികളിലെയും
ചിറകുകളെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്നുണ്ട്. ചില പക്ഷികള്‍ക്ക് ചിറക്
നഷ്ടപ്പെട്ട് അവയുടെ ശേഷിപ്പുകള്‍ (ലുപ്താവയവങ്ങള്‍) നില്‍ക്കുന്നുവെന്നും
എന്നാല്‍ മറ്റുചിലവയ്ക്ക് പരിണാമം അവ ഔദാര്യപൂര്‍വം നല്‍കി
എന്നുമെല്ലാമുള്ള നട്ടാല്‍ മുളക്കാത്ത വ്യാഖ്യാന കസര്‍ത്തുകള്‍.
കണ്ണിനെക്കുറിച്ച ചര്‍ച്ചയില്‍ കാര്യമായി ഇന്ന് നിലവിലുള്ള
മനുഷ്യന്റേതടക്കമുള്ള നേത്രം സാങ്കേതികപ്രശ്‌നങ്ങളാല്‍ സുഗമമായി
പ്രവര്‍ത്തിക്കുന്നില്ല എന്ന രീതിയിലാണ് വാചകോത്സവം നടത്തുന്നത്.
ഡോക്കിന്‍സിന്റെ ജല്‍പനങ്ങള്‍ പരിശോധിക്കുന്നതിന് മുമ്പ് കണ്ണെന്ന
മഹാത്ഭുതത്തെ സംക്ഷിപ്തമായി പരിചയപ്പെടാം.
നമ്മുടെ സെന്‍സിംഗ് അവയവങ്ങളിലെ അതിപ്രധാന ഘടകമാണ് കണ്ണ്. നാം
പഞ്ചേന്ദ്രിയങ്ങള്‍കൊണ്ട് നേടുന്ന അറിവുകളുടെ സിംഹഭാഗവും കാഴ്ചയിലൂടെയാണ്
ലഭിക്കുന്നത്. കണ്ണ് ശരീരത്തിലെ ഉയര്‍ന്ന പ്രതലത്തില്‍ വളരെ സുരക്ഷിതമായ
രീതിയിലാണ് സംവിധാനിച്ചിട്ടുള്ളത്. കണ്ണിനെ സംരക്ഷിക്കാനുള്ള സംവിധാനം വളരെ
കാര്യക്ഷമമാണ്. കണ്‍പോളകള്‍, പോളകളുടെ വക്കുകളിലുള്ള രോമങ്ങള്‍ എന്നിവ
കണ്ണിനെ ഒരു കോട്ടമതില്‍പോലെ സംരക്ഷിക്കുന്നു. പൊടിപടലങ്ങള്‍,
ചെറുപ്രാണികള്‍, കണ്ണ് താങ്ങാന്‍ പറ്റാത്ത രീതിയിലുള്ള തീക്ഷ്ണപ്രകാശം
തുടങ്ങിയവകളില്‍ നിന്ന് കണ്ണിനെ നാം അറിയാതെ തന്നെ സംരക്ഷിക്കുന്നു.
കണ്ണുകള്‍ ആര്‍ദ്രമായി നിലനിര്‍ത്താനാവശ്യമായി ഉല്‍പാദിപ്പിക്കപ്പെടുന്ന
കണ്ണുനീര്‍ നിരന്തരം നേത്രോപരിതലത്തില്‍ എത്തിക്കുവാന്‍ കണ്‍പോളകള്‍
ഇടവേളകളില്‍ അടഞ്ഞുതുറന്നു കൊണ്ടേയിരിക്കുന്നു. സാധാരണ അന്തരീക്ഷത്തിലുള്ള,
കണ്ണില്‍ കടന്നുകൂടാനിടയുള്ള ജീവ, രോഗാണുക്കളെ നശിപ്പിക്കാന്‍മാത്രം വേണ്ട
എന്‍സൈമുകള്‍ ഉള്‍ക്കൊള്ളുന്ന കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുന്നത് മുകള്‍
കണ്‍പോളകള്‍ക്കടയില്‍ നിലകൊള്ളുന്ന കണ്ണുനീര്‍ ഗ്രന്ഥിയാണ്. ഈ ഗ്രന്ഥി
നമ്മുടെ വികാരപ്രകടനത്തിന്റെ ഭാഗമായി കണ്ണുനീര്‍ ഉല്‍പാദിപ്പിക്കുകയും
ചെയ്യുന്നു. സാധാരണനിലക്ക് മുക്കാല്‍ ഗ്രാമോളം കണ്ണുനീര്‍
ഉല്‍പാദിപ്പിക്കുന്നുണ്ട് കണ്ണുനീര്‍ ഗ്രന്ഥി.
നേത്രഘടന
വെളുത്ത പ്രതലത്തില്‍ കറുത്ത വട്ടമായിട്ടാണല്ലോ കണ്ണ് നമുക്ക്
പ്രത്യക്ഷീഭവിക്കുന്നത്. കറുത്ത വൃത്തമായിക്കാണുന്ന ഭാഗമാണ് കോര്‍ണിയ.
കോര്‍ണിയക്ക് നടുവില്‍ കറുകറുത്ത ചെറിയ വൃത്തമാണ് കൃഷ്ണമണി (Pupil).
പ്രകാശതീവ്രതയനുസരിച്ച് സുഗമമായ കാഴ്ച ലഭിക്കാന്‍ കണ്ണിലേക്ക് കടക്കേണ്ട
പ്രകാശത്തെ നിയന്ത്രിക്കുന്നത് കൃഷ്ണമണിയാണ്. പ്രകാശം കൂടുതലുള്ള വസ്തു
നോക്കുമ്പോള്‍ സങ്കോചിക്കുകയും കുറവുള്ളത് നോക്കുമ്പോള്‍ വികസിക്കുകയും
ചെയ്തുകൊണ്ടാണ് കൃഷ്ണമണി ഈ ധര്‍മം നിര്‍വ്വഹിക്കുന്നത്.
മൂന്ന് പാളികള്‍ക്കൊണ്ടാണ് നേത്രഗോളം നിര്‍മിക്കപ്പെട്ടിരിക്കുന്നത്.
മുന്‍വശത്ത് കോര്‍ണിയ(Cornea)യും തുടര്‍ച്ചയായ വെള്ള(Sclera)യും.
രക്തവാഹികളൊന്നുമില്ലാത്ത കോര്‍ണിയ പൂര്‍ണമായും സുതാര്യമാണ്. കോര്‍ണിയ
ഒഴികെ നേത്രത്തെ മുഴുവനായും പൊതിഞ്ഞിരിക്കുന്ന, രക്തവാഹിനികളാല്‍ സമൃദ്ധമായ
വെള്ള അതാര്യവും. നേത്രത്തിന്റെ ദൃശ്യപാളിയാണ് യൂവിയ (Uvea).
രക്തവാഹിനികളാല്‍ സമ്പുഷ്ടമായ യൂവിയ മുന്‍ഭാഗത്തെത്തുമ്പോള്‍ സിലയറിബോഡി
(Ciliary body), ഐറിസ് (Iris) എന്നീ രണ്ട് വിഭിന്ന ഭാഗമായി തീരുന്നു.
സിലയറിബോഡിയില്‍ നിരവധി ഹൃസ്വപേശികളുണ്ട്. ഇത്ര പേശികളും ലെന്‍സും
സ്റ്റാച്ചുകളാല്‍ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. ലെന്‍സിന്റെ
രൂപമാറ്റവും പ്രകാശത്തിന്റെ ഫോക്കസീകരണവും നടക്കുന്നത് ഈ പേശികളുടെ ചലനം
മൂലമാണ്. സിലയറിബോഡികളുടെ തുടര്‍ച്ചയാണ് ഐറിസ്. ഇതിന് മധ്യത്തിലുള്ള
ദ്വാരമാണ് കൃഷ്ണമണി. ഐറിസില്‍ രക്തവാഹിനികളും പേശികളുമുണ്ട്. ആ പേശികളാണ്
കൃഷ്ണമണിയുടെ സങ്കോചവികാസങ്ങള്‍ നിയന്ത്രിക്കുന്നത്. നേത്രനിറം
നിര്‍ണയിക്കുന്നത് ഐറിസ്സിലടങ്ങിയ മലാനിലെന്ന വര്‍ണ്ണകമാണ്.
നേത്രഗോളത്തിലെ ആന്തരികപാളിയാണ് റെറ്റിന (Retina). പത്തുവരി
കോശങ്ങളാണിതില്‍. പതിമൂന്ന് കോടിയോളം വരുന്ന റോഡ് കോശങ്ങളും (Rod Cells)
ഒരു കോടിയോളം വരുന്ന കോണ്‍ കോശങ്ങളുമാണിതില്‍ (Con Cells) പ്രധാനം.
കറുപ്പുവെളുപ്പ് (Black & White)കാഴ്ച നല്‍കുന്നത് റോഡ് കോശങ്ങളും
വര്‍ണമനോഹര (Colour vision) കാഴ്ച നല്‍കുന്നത് കോണ്‍ കോശങ്ങളുമാണ്.
കോര്‍ണിയ, ലെന്‍സ്, ഇവക്കിടയിലുള്ള പയോരസം (Aqueous Humour),
ലെന്‍സിന്റെയും റെറ്റിനയുടെയും ഇടക്ക് സ്ഥടികദ്രവ്യം (Vitreous Body)
എന്നിവയാണുള്ളത്.
ഇവയിലൂടെയെല്ലാം
കടന്ന് റെറ്റിനയില്‍ പതിക്കുന്ന പ്രകാശത്തിന് അപവര്‍ത്തനമുണ്ടാകും. ഈ
അപവര്‍ത്തനമാണ് ഫോക്കസീകരണത്തിന് നിമിത്തമാകുന്നത് എന്നാണ്
മനസ്സിലാക്കിയിട്ടുള്ളത്.
സ്ഫടികസുതാര്യമായ ഒരുത്തമ ലെന്‍സാണ് കണ്ണിലുള്ളത്. ഐറിസിന്റെ
തൊട്ടുപിന്നിലായുള്ള ലെന്‍സ് ശക്തമായ ഇലാസ്തികതയുള്ള പോളയാല്‍
പൊതിയപ്പെട്ടിരിക്കുന്നു. ലെന്‍സിനുചുറ്റുമുള്ള സിലയറിബോഡിയിലെ
പേശീതന്തുക്കളുമായി സ്റ്റാച്ചുക്കളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്ന ലെന്‍സ് ഈ
പേശികളുടെ സങ്കോചവികാസങ്ങളാല്‍ കാണുന്ന വസ്തുവിന്റെ ദൂരത്തിനനുസാരമായി
രൂപം മാറിക്കൊണ്ടിരിക്കുന്നു. നാം ഉണര്‍ന്നിരിക്കുന്ന മുഴുവന്‍ സമയവും ഈ
പ്രവര്‍ത്തനം നിരന്തരം നടന്നുകൊണ്ടേയിരിക്കുന്നു.
കാഴ്ച
ഒരു വസ്തു നാം കാണുന്നതെങ്ങനെ? അതില്‍ നിന്നുള്ള പ്രകാശകിരണങ്ങള്‍
കോര്‍ണിയയിലൂടെ കടന്ന് ലെന്‍സിലെത്തിച്ചേരുന്നു. ഇത് റെറ്റിനയില്‍
ഫോക്കസീകൃതമാവണം. വസ്തു അകലെയാണെങ്കില്‍ കിരണങ്ങള്‍ ലെന്‍സിലൂടെ നേരെ
റെറ്റിനയില്‍ എത്തി ഫോക്കസീകരിക്കും. എന്നാല്‍ അടുത്തുള്ള വസ്തുവില്‍
നിന്നുള്ള വെളിച്ചം റെറ്റിനയില്‍ ഫോക്കസീകൃതമാവകണമെങ്കില്‍ ആ വെളിച്ചം
വക്രീകരിക്കപ്പെടുന്നു. അവിടെ ലെന്‍സും അനുബന്ധ നാഡികളും
സഹായത്തിനെത്തുന്നു. വസ്തുവിന്റെ അകലത്തിനനുസരിച്ച് ലെന്‍സ് ഗോളാകൃതി
പ്രാപിച്ച് അതിന്റെ ഫോകസ് ദൂരം (Focus Length) ക്രമീകരിക്കുന്നു. ഇതിനാണ്
സമജ്ജനം (Accomadation) എന്നുപറയുന്നത്. സമജ്ജനം നടക്കാന്‍ വസ്തുവിന്റെ
ദൂരത്തിനനുസരിച്ച് മസ്തിഷ്‌കത്തിന്റെ നിര്‍ദ്ദേശാനുസരണം സിലിയറി പേശികള്‍
സങ്കോചവികാസങ്ങള്‍ പ്രാപിക്കുന്നു. ഈ സങ്കോചവികാസങ്ങളിലൂടെ ലെന്‍സിന്
സമജ്ജനമുണ്ടാവുകയും കാണേണ്ട വസ്തുവില്‍ നിന്നുള്ള രശ്മികള്‍ റെറ്റിനയില്‍
പതിയുകയും ചെയ്യുന്നു.
റെറ്റിനയില്‍ പതിക്കുന്ന പ്രകാശം റോഡ് കോശങ്ങളോട് ബന്ധപ്പെട്ട
റോപ്‌സിന്‍ (Rhopsin) എന്ന അതിനെ വിവര്‍ണമാകുന്ന ഒരു രാസപ്രവര്‍ത്തനം
സൃഷ്ടിക്കുകയും ഈ മാറ്റം അതിനോടനുബന്ധിച്ച് നാഡിയില്‍ നേരിയ വൈദ്യുത
സ്പന്ദനം (ഒരു വോള്‍ട്ടിന്റെ ലക്ഷത്തിലൊരംശം) ഉണ്ടാക്കുകയും ചെയ്യുന്നു. ഈ
സിഗ്നല്‍ തലച്ചോറിലെത്തുമ്പോഴാണ് നാം കാഴ്ച അനുഭവിക്കുന്നത്. മങ്ങിയ
വെളിച്ചത്തില്‍ കാണുന്നതിനുള്ളതാണ് റോഡ് കോശങ്ങള്‍. അവയില്‍ നിന്നുള്ള
നാഡീസ്പന്ദനങ്ങള്‍ പതുക്കെയാണ് മസ്തിഷ്‌കത്തിലേക്കെത്തുന്നത്. അതുകൊണ്ടാണ്
കാണുന്നതെന്താണെന്ന് വ്യക്തമാവാന്‍ സമയമെടുക്കുന്നത്. വ്യക്തമായ
വെളിച്ചത്തില്‍, സുക്ഷ്മതയോടെ വര്‍ണങ്ങള്‍ കാണാന്‍ സഹായിക്കുന്നത് കോണ്‍
കോശങ്ങളാണ്. ഈ കോശങ്ങള്‍ വര്‍ണങ്ങളോട് പ്രതികരിക്കുന്നുണ്ട്. വര്‍ണങ്ങളെ
ഒറ്റക്കോ സമമ്മിശ്രമായോ ദര്‍ശിക്കാന്‍ സഹായകമായ വൈദ്യുതതരംഗങ്ങള്‍
സൃഷ്ടിക്കുകയും നാടികള്‍ അവ തലച്ചോറിലെത്തിച്ച് നമുക്ക് കാഴ്ച
അനുഭവിപ്പിക്കുകയും ചെയ്യുന്നു. നമ്മുടെ കണ്ണിന്റെ റസൊല്യൂഷന്‍ ഡിജിറ്റല്‍
ക്യാമറയുമായി താരതമ്യം ചെയ്താല്‍ 576 മെഗാ പിക്‌സല്‍ ക്യാമറക്ക്
തുല്യമാണ്.(352)മനുഷ്യനേത്രം ജന്മം മുതല്‍ മരണംവരെ വിശ്രമരഹിതമായി സദാ
പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. അതിനെയും മനുഷ്യനിര്‍മിത ക്യാമറയെയും
താരതമ്യം ചെയ്യുക എന്നതുപോലും അപഹാസ്യമാണ്.
കണ്ണിനെക്കുറിച്ച് സംക്ഷിപ്തമായി മനസ്സിലാക്കി. ഇനി നമുക്ക്
ഡോക്കിന്‍സിയിന്‍ ഫലിതങ്ങളിലേക്ക് തിരിക്കാം ! മനുഷ്യനേത്രത്തിന്റെ
”ന്യൂനത”കളെക്കുറിച്ച് ഹെര്‍മന്‍ വാന്‍ഹെം ഹോട്ട്‌സിനെ കുട്ടുപിടിച്ചു
പറയുന്നു. ”19-ാം നൂറ്റാണ്ടിലെ മഹാനായ ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്ന
ഹെര്‍മാന്‍ വാം ഹെംഹോട്ട്‌സ് (Hermann Vom Helmhots) (ഒരു ഭൗതിക
ശാസ്ത്രജ്ഞന്‍ എന്നുവിളിക്കാമെങ്കിലും ജീവശാസ്ത്രം, മനശാസ്ത്രം എന്നീ
രംഗങ്ങളിലുള്ള അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്)
മനുഷ്യനേത്രത്തെപ്പറ്റി ഇപ്രകാരം പറയുന്നു. ഒരു കണ്ണട വിദഗ്ധന്‍ ഇത്രയും
ന്യൂനതകളുള്ള ഒരു ഉപകരണം എനിക്ക് വില്‍ക്കാന്‍ മുതിരുകയാണെങ്കില്‍ അയാളുടെ
ശ്രദ്ധക്കുറവിനെ കുറ്റപ്പെടുത്തിക്കൊണ്ട് സാധനം തിരികെക്കൊടുത്താല്‍ എന്റെ
കൃത്യം നിര്‍വഹിക്കപ്പെടും എന്നുതന്നെയാണ് ഞാന്‍ ചിന്തിക്കുന്നത്.”(353)
ഹെര്‍മാന്‍ വാം ഹെംഹോട്ട്‌സിന്റെതായി ഡോക്കിന്‍സ് ഉദ്ധരിക്കുന്ന
വാചകം അദ്ദേഹത്തിന്റേതു തന്നെയാണോ എന്ന് ഈ ലേഖകന് ഉറപ്പില്ല. ഉറപ്പില്ല.
ഹോട്ട്‌സ് അഥവാ അങ്ങനെ പ്രസ്താവിച്ചിട്ടുണ്ടെങ്കില്‍പോലും അത്
അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ അജ്ഞതയുടെ ബഹിര്‍സ്ഫുരമാണ്.(354) ഡോക്കിന്‍സ്
തുടരുന്നു. ”എന്നാല്‍ ഹെര്‍മാന്‍ വാം ഹെംഹോട്ട്‌സ് പറഞ്ഞതിലും മികച്ചതായി
നമ്മുടെ നേത്രം അനുഭവപ്പെട്ടിരുന്നെങ്കില്‍ അതിനുകാരണം നമ്മുടെ
മസ്തിഷ്‌ക്കം കാഴ്ചക്കുശേഷം ഇമേജ് ശുദ്ധീകരിക്കുന്ന കാര്യത്തില്‍
നിര്‍വ്വഹിക്കുന്ന വിസ്മയകരമായ ഇടപെടലുകളാണ്. അത് വാസ്തവത്തില്‍ തീര്‍ത്തും
അത്യന്താധുനികമായ ഒരു സ്വയംകൃത ഫോട്ടോഷോപ്പ് ആണ്.
ദര്‍ശനശാസ്ത്ര(Optics)പ്രകാരം പറയുകയാണെങ്കില്‍ നമ്മുടെ നേത്രത്തിന്
നിക്കോണ്‍-ഡീസ്സ് നിലവാരമുള്ളത് വായിക്കാനും മറ്റും ഉപയോഗിക്കുന്ന
റെറ്റിനയുടെ മധ്യഭാഗമായ ഫോവിയ(Fovea)യില്‍ മാത്രമാണ്. നാം ദൃശ്യം സ്‌കാന്‍
ചെയ്യുമ്പോള്‍ നമ്മുടെ ഫോവിയ ദൃശ്യത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച്
ഓരോ ഭാഗവും വ്യത്യസ്തമായി കൃത്യതയോടെ കാണുകയാണ് ചെയ്യുന്നത്. എന്നാല്‍
മസ്തിഷ്‌കം അതിന്റെ സവിശേഷ ‘ഫോട്ടോഷോപ്പ്’ മിശ്രണത്തിലൂടെ മുഴുവന്‍
ദൃശ്യവും ഒറ്റയടിക്ക് കാണുകയാണെന്ന പ്രതീതിയുണ്ടാക്കി നമ്മെ
കബളിപ്പിക്കുന്നു. എന്നാല്‍ ഉന്നതനിലവാരമുള്ള നിക്കോണും സീസ്സും ശരിക്കും
മുഴുവന്‍ ദൃശ്യവും അങ്ങേയറ്റം മികവോടെയും വ്യക്തതയോടെയും നമ്മെ
കാണിക്കുകയാണ് ചെയ്യുന്നത്.
ദര്‍ശനശാസ്ത്ര മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ നോക്കുമ്പോള്‍
മനുഷ്യനേത്രത്തിന്റെ ന്യൂനതകള്‍ അധുനികകാല ഇമേജ് സിമുലേറ്റിംഗ്
സാങ്കേതികവിദ്യ (Image Simulating Software) ഉപയോഗിച്ച് മസ്തിഷ്‌കം
പരിപാലിക്കുകയാണ് ചെയ്യുന്നതെന്ന് മനസ്സാലാക്കാം. പക്ഷേ,
ദാര്‍ശനികശാസ്ത്രപ്രകാരമുള്ള ഏറ്റവും പ്രകടമായ ന്യൂനതയുടെ ഉദാഹരണം
ഞാനിതുവരെയും ചൂണ്ടിക്കാട്ടിയിട്ടില്ല. നമ്മുടെ റെറ്റിന തന്നെ
പുറംതിരിഞ്ഞാണിരിക്കുന്നത്. അതായത് പിറുകവശം മുമ്പില്‍ വന്നിരിക്കുന്നു.
(Back to front)
പക്ഷേ, വീണ്ടും ഇനി ഞാന്‍ പറയുന്നതായി സങ്കല്‍പിക്കുക. നമ്മുടെ
നേത്രത്തിലെ പ്രകാശകോശങ്ങളെല്ലാം പുറംതിരിഞ്ഞാണ് സ്ഥിതി ചെയ്യുന്നത്.
ദൃശ്യത്തില്‍ നിന്നും അകലെയായി എതിര്‍വശത്തേക്കാണ് അവ തിരിഞ്ഞിരിക്കുന്നത്.
പ്രകാശകോശങ്ങളെ മസ്തിഷ്‌കവുമായി ബന്ധിപ്പിക്കുന്ന വയറുകള്‍ റെറ്റിനയുടെ
ഉപരിതലത്തിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലം പ്രകാശകിരണങ്ങള്‍ക്ക്
റെറ്റിനയില്‍ വീഴുന്നതിനുമുമ്പ് ഈ വയറുകള്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന
പ്രതലത്തിലൂടെ കടന്നുപോകേണ്ടതുണ്ട്. തീര്‍ച്ചയായും ഇത് യുക്തിസഹമായ
ആസൂത്രണമല്ല….. വീണ്ടും ഹെംഹോട്ട്‌സിനെ അനുസ്മരിച്ചുകൊണ്ട് പറയട്ടെ, അത്
തിരിച്ചറിയുക. അത് കേവലം മോശം ആസൂത്രണമല്ല; മറിച്ച് ഒരു പമ്പരവിഡ്ഡിയുടെ
ആസൂത്രണമാകുന്നു.”(355)
ഡോക്കിന്‍സിന്റെ വിശകലനത്തിന്റെ ബാലിശത മനസ്സിലാകാന്‍ ഒരുദാഹരണം
മതിയാകും. കിര്‍ലോസ്‌കര്‍ കമ്പനി നിര്‍മിക്കുന്ന സിങ്കിള്‍ സിലണ്ടര്‍
ഡീസല്‍ എഞ്ചിന്‍. ഒരു ഡീസല്‍ ടാങ്കും കറക്കത്തില്‍ ബാലന്‍സ്
ക്രമീകരിക്കാന്‍ ഭാരമുള്ള ഫ്‌ളൈവീലും ഡീസല്‍ ഫില്‍ട്ടറും പ്രത്യേകം
പുറത്തേക്ക് കാണാം. സ്റ്റാര്‍ട്ടാക്കുന്നത് വലിയ ഒരു ഹാന്റില്‍ തിരിച്ചാണ്.
ഈ എഞ്ചിന്റെ സാങ്കേതികവിദ്യ പൂര്‍ണമായും അറിയുന്ന ഒരു ഡീസല്‍
മെക്കാനിക്ക്; അതിലെ ഓരോ സ്‌ക്രൂവും കിറുകൃത്യമായി എങ്ങനെ എന്നറിയുന്ന
അതിവദഗ്ധനാണദ്ദേഹം. അങ്ങനെയുള്ള ഒരു മെക്കാനിക്കിന് റോള്‍സ് റോയ്‌സ്
നിര്‍മിച്ച ഒരു എയര്‍ക്രാഫ്റ്റ് കണ്ടു രണ്ടും താരതമ്യം ചെയ്യാന്‍ അവസരം
ലഭിച്ചു എന്നുകരുതുക. നമ്മുടെ മെക്കാനിക്ക് ചോദിക്കുകയാണ്, ഇതെന്ത്
വിഡ്ഡിത്തം നിറഞ്ഞ നിര്‍മാണമാണ്; ഈ എഞ്ചിന്റെ ഫ്‌ളൈവീല്‍ എവിടെയാണ്;
ഇതിന്റെ ഡീസല്‍ ടാങ്ക് എവിടെയാണ്; ഡീസല്‍ ഫില്‍ട്ടറില്ലാതെ എങ്ങനെയാണ്
ഇന്ധനം ശുദ്ധീകരിക്കുക; ഇതിന്റെ ബാലന്‍സ് അഡ്ജസ്റ്റ് ചെയ്യാനുള്ള
ഫ്‌ളൈവീല്‍ എവിടെ? അങ്ങനെ അതിന്റെ ഡിസൈനറെക്കുറിച്ച് വിഡ്ഡിയെന്നോ
മണ്ടനെന്നോ വിളിച്ചാല്‍ രണ്ടിനെക്കുറിച്ചും സാമാന്യജ്ഞാനം ഉള്ള
അല്ലെങ്കില്‍ അതിന്റെ പ്രവര്‍ത്തനമികവിനെക്കുറിച്ച് ഉത്തമബോധ്യമുള്ള ഒരാള്‍
എന്താണ് ഈ ഡീസല്‍ മെക്കാനിക്കിനെക്കുറിച്ച് വിലയിരുത്തുക!!
ഡോക്കിന്‍സിന്റെ കണ്ണിനെക്കുറിച്ചുള്ള വിശകലനം നമുക്കുമൊന്ന് വിശകലനം
നടത്താം. ”ഹോട്ട്‌സ് പറഞ്ഞതിലും മികച്ചതായി നമ്മുടെ മസ്തിഷ്‌കം
കാഴ്ചക്കുശേഷം ഇമേജ് ശുദ്ധീകരിക്കുന്ന കാര്യത്തില്‍ നിര്‍വഹിക്കുന്ന
വിസ്മയകരമായ ഇടപെടലുകളാണ് അത്. വാസ്തവത്തില്‍ തീര്‍ത്തും അത്യാധുനികമായ ഒരു
സ്വയംകൃത ഫോട്ടോഷോപ്പ്.”(356) ഡോക്കിന്‍സിന്റെ ബുദ്ധിയില്‍ നികോണ്‍
ക്യാമറയും ലിനോവ കംപ്യൂട്ടറും വിന്‍ഡോസ് ഓപ്പറേറ്റിംഗ് സിസ്റ്റവും അഡോബ്
ഫോട്ടോഷോപ്പും എല്ലാം കൂടിചേര്‍ന്ന വ്യത്യസ്ത കമ്പനികളുടെ നിരവധി
ഡിസൈനര്‍മാരാല്‍ നിര്‍മിക്കപ്പെട്ട ക്യാമറയും കംപ്യൂട്ടറും ഉള്‍പ്പെട്ട
കൂട്ടുകച്ചവടത്തെക്കുറിച്ച് മാത്രമേ ചിന്തിക്കാന്‍ കഴിയുന്നുള്ളൂ. ഇവിടെ
കണ്ണ് ആസൂത്രണം ചെയ്ത ആസൂത്രകന്‍ തന്നെയാണ് കണ്ണിന്റെ കണ്ണിന്റെ
നാഡീവ്യൂഹങ്ങളും അതിലൂടെ നല്‍കുന്ന സിഗ്നലുകളും സിഗ്നലുകള്‍ കണ്ണില്‍
ലഭിക്കുന്ന പ്രകാശവ്യതിയാനങ്ങള്ക്കനുസരിച്
ച് കണ്ണിനെ നിയന്ത്രിക്കാനും സിഗ്നലുകള്‍
നല്‍കുവാനും
സിഗ്നലുകള്‍ക്കനുസരിച്ച് കാഴ്ചയെ രൂപപ്പെടുത്തി പ്രവര്‍ത്തിക്കാനും ഉള്ള
തലച്ചോറും അനുബന്ധ ശരീരഭാഗങ്ങളും എല്ലാമെല്ലാം കിറുകൃത്യതയോടെ ആസൂത്രണം
ചെയ്തിട്ടുള്ളത്. അല്ലാതെ തലച്ചോറിന് ഒരു നിര്‍മാതാവ്, അതിലെ സിഗ്നലുകള്‍
പ്രൊസസ് ചെയ്യാന്‍ സോഫ്റ്റ്‌വെയര്‍ നിര്‍മിക്കാന്‍ മറ്റൊരു എഞ്ചിനീയര്‍,
കണ്ണില്‍ നിന്നും തലച്ചോറിലേക്കും തിരിച്ചും സിഗ്നലുകള്‍ എത്തിക്കാന്‍
മറ്റൊരു നെറ്റ്‌വര്‍ക്ക് എഞ്ചിനീയര്‍, ഇതിനെയെല്ലാം നിയന്ത്രിക്കാന്‍
വേറൊരു കമ്പനിയുടെ ഓപ്പറേറ്റിംഗ് സിസ്റ്റം, ഇവക്കെല്ലാം വ്യത്യസ്ത
നിര്‍മാതാക്കളുടെ ഹാര്‍ഡ്‌വെയര്‍ യൂണിറ്റുകള്‍ ; അങ്ങനെ ആയിരക്കണക്കിന്
വ്യത്യസ്ത ഡിസൈനര്‍മാരുടെ ഒരു സംയുക്ത സംരഭംമായി ഡോക്കിന്‍സിന്റെ
ബുദ്ധിയില്‍ കണ്ണിനെയും തലച്ചോറിനെയും അനുബന്ധ ശരീരഭാഗങ്ങളെയും കുറിച്ച്
തോന്നിയെങ്കില്‍ അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. അദ്ദേഹത്തിന്റെ
ചെറുപ്പത്തില്‍ നിലനിന്നിരുന്ന മാനസിക വൈകല്യങ്ങളുടെ ബഹിര്‍സ്ഫുരണം
മാത്രമായതിനെ വിലയിരുത്തിയാല്‍ മതി.
ഡോക്കിന്‍സിന് പറ്റിയ മറ്റൊരു മനുഷ്യനേത്രത്തെ നികോണ്‍, സീഡ് എന്നീ
കമ്പനികളുടെ ക്യാമറകളോട് താരതമ്യം ചെയ്തു എന്നതാണ്. എത്ര പരിതാപകരമാണ്
ഡോക്കിന്‍സിന്റെ ഈ താരതമ്യം! നികോണോ സീഡോ എന്നുവേണ്ട ലോകത്ത് ഇന്നുവരെ
മനുഷ്യന്‍ കണ്ടെത്തിയ ഏറ്റവും അത്യാധുനികമായ ക്യാമറയും ദര്‍ശനശാസ്ത്ര
തത്ത്വങ്ങളും നിയമങ്ങളും ഇനിയും കണ്ടെത്താനും നിര്‍മിക്കാനുമിരിക്കുന്ന
ദര്‍ശനശാസ്ത്രസംബന്ധിയായ നിയമങ്ങളും യന്ത്രങ്ങളും എന്തുതന്നെയായാലും
എന്തുതന്നെയായാലും അത് അവന്റെ കണ്ണിനോട് ഒരു കാരണവശാലും
താരതമ്യമര്‍ഹിക്കില്ല. കാരണം മനുഷ്യന്‍ എത്ര ദര്‍ശനശാസ്ത്ര
നിയമങ്ങളാവിഷ്‌ക്കരിച്ചാലും എത്ര വലിയ ഉപകരണങ്ങള്‍ നിര്‍മിച്ചാലും
മനുഷ്യനേത്രത്തില്‍ വിശകലനം ചെയ്യാനും അവന്റെ തലച്ചോറിന് തിരിച്ചറിയാനും
അതിലൂടെ അവന്റെ അറിവിന്റെ അക്ഷയപാത്രത്തിലേക്ക് സംഭാവന നല്‍കാന്‍
സാധിക്കാത്തതുമായ ഒരു കാഴ്ചാ സംവിധാനവും അവന് അവന്റെ മസ്തിഷ്‌കത്തില്‍
നിര്‍മിക്കാന്‍ സാധ്യമല്ല. അതുകൊണ്ടുതന്നെ ഡോക്കിന്‍സിന്റെ ഈ വിലയിരുത്തല്‍
വിഭ്രാന്തിയുടെ ലക്ഷണമല്ലാതൊന്നുമല്ല.
അദ്ദേഹത്തിന്റെ കണ്ണുകളെക്കുറിച്ചുള്ള ഈ ‘പുലമ്പലുകള്‍’
ഗ്രന്ഥനാമത്തിലെ ആദ്യഭാഗം ‘ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം’
എന്നതിന്റെകൂടി ഖണ്ഡനമാകുന്നത് കാണുക.(357) തന്റെ ഗ്രന്ഥത്തിന്
നിലനില്‍ക്കാന്‍ അര്‍ഹതയുള്ള (Survival for exitence) ഒരു നാമം
തെരഞ്ഞെടുക്കാന്‍പോലും കഴിയാത്ത വിധം വിവേകശൂന്യനായിപ്പോയി ഡോക്കിന്‍സ്.
ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം എന്നുപറയുമ്പോള്‍ മനുഷ്യന്‍ അവന്റെ
കണ്ണിലൂടെ കാണുന്ന ദൃശ്യവിസ്മയത്തെക്കുറിച്ച് തന്നെയാണ്, അല്ലാതെ
മറ്റേതെങ്കിലും ജന്തുവര്‍ഗത്തിന്റെ ദര്‍ശനാനുഭവത്തെക്കുറിച്ചല്ല
എന്നുറപ്പാണ്. ഡോക്കിന്‍സിന്റെ, വികലമായ, ആസൂത്രണരഹിതമായ ഒരു അവയവമാണ്
കണ്ണെന്ന അടിസ്ഥാന പ്രസ്താവനയുടെ ഖണ്ഡനവും മനുഷ്യനേത്രമെന്ന മഹാ
ആസൂത്രണത്തിന്റെ അംഗീകാരവും ആണ് ഈ പേരിലൂടെ അദ്ദേഹം നടത്തിയിരിക്കുന്നത്.
അടുത്തത് ഡോക്കിന്‍സിന്റെ ഒരു കാലഹരണപ്പെട്ട തട്ടിപ്പാണ്. 1892ല്‍
ഏണസ്റ്റ് ഹെക്കല്‍ (Ernest Haeckel)(359) വരച്ച ഏറെ കുപ്രസിദ്ധമായ മീന്‍,
സലമാണ്ടര്‍, ആമ, കോഴി, മുയല്‍, മനുഷ്യന്‍ തുടങ്ങിയ ജീവികള്‍ അതിന്റെ
ഭ്രൂണാവസ്ഥയില്‍ അവകളുടെ ‘മത്സ്യപാരമ്പര്യം പ്രകടിപ്പിക്കുന്ന’ ചിത്രം
ഇന്ന് സാധാരണ പരിണാമപ്രചാരകര്‍ അധികം പ്രചരിപ്പിക്കാറില്ല. 1997ല്‍
മിഖായേല്‍ റിച്ചാര്‍ഡ്‌സണ്‍ (Michael Richardson) ഇവയുടെ ഭ്രൂണങ്ങളുടെ
യഥാര്‍ത്ഥ ഫോട്ടോകളും ഹെക്കല്‍ ഡ്രോയിംഗും തമ്മില്‍ താരതമ്യം
നടത്തിയതിലൂടെയാണ് ഈ പ്രചരണത്തിന്റെ ശക്തികുറഞ്ഞത്.(360) എങ്കിലും ഇത് പല
പുതിയ വ്യാഖ്യാനഫാക്ടറികളിലും വ്യാഖ്യാനിച്ചൊപ്പിക്കാനുള്ള ശ്രമങ്ങളും
നടക്കുന്നുണ്ട്.(361) ഹെക്കലിന്റെ ചിത്രത്തിലൂടെ പറയുന്നത് എല്ലാ ജീവികളും
അതിന്റെ ഭ്രൂണാവസ്ഥയില്‍ അവകളുടെ മുന്‍ഗാമി മത്സ്യത്തിന്റെ ജീവിതചക്രം
ആവര്‍ത്തിക്കുമെന്നും എല്ലാ ഭ്രൂണങ്ങളിലും മത്സ്യത്തിന്റെ ശ്വസനവ്യവസ്ഥയുടെ
തുടര്‍ച്ചാ ചെകിളകള്‍ പ്രകടമായി അപ്രത്യക്ഷമാകും എന്നുമാണ്.
ഡോക്കിന്‍സ് ഇക്കാര്യം സൂചിപ്പിക്കുന്നു.”നമ്മുടെ നാലറകളുള്ള
ഹൃദയത്തില്‍നിന്നും വ്യത്യസ്തമായി മത്സ്യത്തിന് രണ്ടറകളേയുള്ളൂ.
വെന്‍ട്രല്‍ അയോര്‍ട്ട (Ventral aorta) എന്നറിയപ്പെടുന്ന ഒരു വലിയ
ധമനിയിലൂടെയാണ് അത് രക്തം മുമ്പോട്ട് പമ്പ് ചെയ്യുന്നത്. വെന്‍ട്രല്‍
അയോര്‍ട്ട ശാഖകളായി പിരിഞ്ഞ് ഇരുവശത്തുമുള്ള ആറ് ചെകിള(gills)കളിലേക്കാണ്
പോകുന്നത്. ചെകിളകളിലൂടെ രക്തം കടന്നുപോകുന്നതോടുകൂടി അതില്‍ സമൃദ്ധമായ
തോതില്‍ ഓക്‌സിജന്‍ കലരുന്നു. ചെകിളകള്‍ക്ക് മുകളിലായി ആറ് ജോഡി
രക്തക്കുഴലുകളില്‍ക്കൂടി ശേഖരിക്കപ്പെട്ട് മറ്റൊരു വലിയ രക്തക്കുഴലില്‍
എത്തിച്ചേരുന്നു. രക്തമെത്തിക്കുന്ന മധ്യഭാഗത്തു കൂടിയുള്ള ഈ
രക്തക്കുഴലിനെ ഡോര്‍സല്‍ അയോര്‍ട്ട (dorsal aorta) എന്നുവിളിക്കുന്നു. ആറ്
ജോഡി ചെകിള ആര്‍ട്ടറികള്‍ നട്ടെല്ലുകളിലെ ഖണ്ഡങ്ങളായി വിഭജിക്കപ്പെട്ട
ശരീരഘടനയുടെ തെളിവാണ്. ഇത്തരം ശരീരഘടന നമ്മെക്കാള്‍ മത്സ്യത്തിലാണ്
കൂടുതല്‍ വ്യക്തവും സ്പഷ്ടവുമായിട്ടുള്ളത്. താല്‍പര്യജനകമെന്നു പറയട്ടെ,
ഇത് കൂടുതല്‍ സ്പഷ്ടമായിട്ടുള്ളത് മനുഷ്യഭ്രൂണത്തിലാണ്. മനുഷ്യഭ്രൂണത്തിലെ
‘ഫാറന്‍ജിയല്‍ ആര്‍ച്ചുകള്‍’ (Pharangeal arches) നമ്മുടെ ആദിമ ചെകിളകളില്‍
നിന്നും ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാണ്. അതിന്റെ ഘടനയുടെ വിശദാംശങ്ങളും
വിലയിരുത്തുന്ന ആര്‍ക്കുമിത് ബോധ്യപ്പെടും.”(362)
തൊട്ടുതാഴെ മനുഷ്യഭ്രുണത്തിന്റെ ഒരു ചിത്രം (ഫോട്ടോയല്ല)
ചേര്‍ത്തിട്ടുണ്ട്. ഡോക്കിന്‍സ് സൂചിപ്പിച്ചപോലെ ഇതിന്റെ വിശദാംശങ്ങള്‍
അന്വേഷിക്കാം. ഫാറന്‍ജിയന്‍ ആര്‍ച്ചുകള്‍ ചെകിളയുടെ ബാക്കിപത്രമാണെങ്കില്‍
തീര്‍ച്ചയായും മനുഷ്യരിലും അവ മത്സ്യങ്ങളിലെ ചെകിളകളുടെ ധര്‍മം
നിര്‍വഹിക്കേണ്ടതുണ്ട്. മത്സ്യങ്ങളില്‍ ചെകിളകള്‍ നിര്‍വഹിക്കേണ്ട ധര്‍മം
എന്താണെന്ന സൂചന ഡോക്കിന്‍സ് തന്നെ നല്‍കി. മത്സ്യചെകിളകള്‍ അവയുടെ
ശ്വാസോച്ഛാസ അവയവമാണ്. ജലത്തില്‍ നിന്ന് ഓക്‌സിജന്‍ സ്വീകരിച്ച് അവ
രക്തത്തിലേക്ക് നല്‍കുന്ന ധര്‍മമാണ് മത്സ്യചെകിളകള്‍ നിര്‍വഹിക്കുന്നത്.
മനുഷ്യരില്‍ ഈ ധര്‍മം നിര്‍വഹിക്കുന്നത് അവന്റെ ശ്വാസകോശങ്ങളാണ് (Lungs).
അങ്ങനെയെങ്കില്‍ പരിണാമ വിശ്വാസപ്രകാരം മനുഷ്യശ്വാസകോശം
പരിണമിക്കേണ്ടി(ഉണ്ടാവേണ്ടി)യിരുന്നത് ഡോക്കിന്‍സ് വിശദമായി
പഠിക്കാന്‍ നിര്‍ദ്ദേശിച്ച ഫാറന്‍ജിയന്‍ ആര്‍ച്ചുകളില്‍ നിന്നാണ്. എന്നാല്‍
പരിണാമവിശ്വാസികളുടെ സകലപ്രതീക്ഷകളും തകിടംമറിച്ച് ഫാറന്‍ജിയന്‍
ആര്‍ച്ചുകള്‍ ശ്വാസകോശ രൂപീകരണത്തിന് ഒരു സഹായവും ചെയ്യാത്ത
പിശുക്കന്‍മാരാണ്. എന്നുമാത്രമല്ല അവ മനുഷ്യശിരസിലെ, നെഞ്ചിലെയല്ല,
വ്യത്യസ്ത പേശികള്‍ രൂപീകരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
മനുഷ്യഭ്രൂണത്തില്‍ അഞ്ച് ഫാറന്‍ജിയന്‍ ആര്‍ച്ചുകളാണുണ്ടാവുക. ഇതില്‍
ഒന്നാം ആര്‍ച്ചില്‍ നിന്ന് മീഡിയല്‍ ആന്റ് ലാറ്ററല്‍ ടെറിഗോയ്ഡ്‌സ് (medial
and laterul pterygoids), മസീറ്റര്‍ (Massetar), ടെംപറാലിസ്
(tempaoralis), മൈലോഹോയോയിഡ് (mylohyoid), ഡൈഗ്രാസ്റ്റിക് മസില്‍ (belly of
digrastic), ടെന്‍സര്‍ ടിംപാനി (tensor tympani), ടെന്‍സര്‍ പാലറ്റി
(tensor palati) എന്നീ പേശികളും രണ്ടാം ആര്‍ച്ചില്‍നിന്ന് മുഖപേശികള്‍
(muscles of face), ഓക്‌സിവിറ്റോ ഫ്രൊന്റാലിസ് (ocupito frontalis),
പ്ലാറ്റിസ്മ (platysma), പോസ്റ്റീരിയര്‍ ഡൈഗാസ്റ്റിക് (posterior
digastic), സ്റ്റെപിഡിയസ് (stepidius), ഓറികുലാര്‍ പേശികള്‍ (auriecular
muscles) തുടങ്ങിയവയും; മൂന്നമാത്തെ ആര്‍ച്ചില്‍ നിന്ന് സ്റ്റൈലോ
ഫാരിന്‍ജിയസും ( stylo pharangeas); നാലാം ആര്‍ച്ചില്‍ നിന്ന് സ്വനപേടക
പേശികളും (muscle of larynx); ആറാം ആര്‍ച്ചില്‍നിന്ന് ഫാരിന്‍ജിയന്‍
(phaynx) പേശികളും രൂപപ്പെട്ടുവരുന്നു; അഞ്ചാം ആര്‍ച്ച് വളര്‍ച്ചിടക്ക്
ഇല്ലാതായിപ്പോവുകയും ചെയ്യുന്നു.(363)
ഫാറന്‍ജിയന്‍ ആര്‍ച്ചുകളില്‍ പ്രധാനമായും തലയിലെ പേശികള്‍ മാത്രമാണ്
രൂപപ്പെടുന്നത്. അവയില്‍ ചിലതിന്റെ ധര്‍മങ്ങളുംകൂടി പരിശോധിക്കാം. മീഡിയല്‍
ആന്റ് ലാറ്ററല്‍ ടെറിഗോയ്ഡുകള്‍ താടിയെല്ലിന്റെ ചലനങ്ങള്‍
നിയന്ത്രിക്കുന്നു. വായ് തുറക്കുക, അടക്കുക, താടിയെല്ലുകള്‍ വശങ്ങളിലേക്ക്
ചലിപ്പിക്കുക തുടങ്ങിയവയാണിതിന്റെ പ്രധാന ധര്‍മങ്ങള്‍. മസീറ്റര്‍
താടിയെല്ലിനെ മുന്നോട്ടുചലിപ്പിക്കുക, ടെംപറാലീസ് താടിയെല്ലിനെ ഉള്ളിലേക്ക്
ചലിപ്പിക്കുക, താടിയെല്ലിനെ ഉയര്‍ത്തുക തുടങ്ങിയ ധര്‍മങ്ങള്‍
നിര്‍വഹിക്കുന്നു. മൈലോ ഡിയോയിഡ് ഹയോയിഡ് എല്ലിനെയും ഓറല്‍ കാവിറ്റി
ഫ്‌ളോറിനെയും ഉയര്‍ത്തുന്ന പേശികളാണ്. ഡൈഗസ്റ്റിക് മസില്‍, മസീറ്ററും
ടെംപറാലിസും അയഞ്ഞിരിക്കുന്ന വേളകളില്‍ വായ് തുറക്കുന്നു ടെന്‍സര്‍ ടിംപാനി
കര്‍ണപടത്തെ ഉദ്ദീപിപിച്ച് നിര്‍ത്തുകയും ടെന്‍സര്‍ പാലറ്റി അണ്ണാക്കിലെ
മൃദുലപാലറ്റിനെ ബലപ്പെടുത്തുകയും ചെയ്യുന്നു. ഓക്‌സിലിറ്റോ ഫ്രൊന്റാലിസ്
നെറ്റി ചുളിക്കുക, പുരികമുയര്‍ത്തുക എന്നീ കര്‍മങ്ങള്‍ അനുഷ്ഠിക്കുന്നു.
മുഖപേശികളാണ് നമ്മുടെ മുഖഭാവങ്ങള്‍ നാം അനുഭവിക്കുന്ന വ്യത്യസ്ത
വികാരങ്ങള്‍ക്കനുസരിച്ച് പ്രകടിപ്പിക്കുന്നതില്‍ കാതലമായ പങ്ക്
വഹിക്കുന്നത്. അതുപോലെ പ്ലാറ്റിസ്മ സങ്കടം, പേടി തുടങ്ങിയവ
അനുഭവിക്കുമ്പോള്‍ വികാരപ്രകടനത്തിന് മൗത്ത് കോര്‍ണറുകളെ ചലിപ്പിക്കുന്നു.
സ്റ്റൈലോ ഹയോയിഡ് ഭക്ഷണം വിഴുങ്ങുന്ന സമയത്ത് ഹലോയിഡ് അസ്ഥിയെ
ഉയര്‍ത്തുന്നു. സ്റ്റൈലോ ഫാരിന്‍ജിയസ് ഭക്ഷണം വിഴുങ്ങുന്നതിന്
ലാറിംഗ്‌സിനെയും ഫാറിംഗ്‌സിനെയും ഉയര്‍ത്തി വിഴുങ്ങള്‍ എളുപ്പമാക്കുന്നു.
സ്റ്റെപിസിയസ് കര്‍ണപുടങ്ങളില്‍ പതിക്കുന്ന കഠോരശബ്ദത്തെ ആന്തരിക
കര്‍ണത്തിലേക്ക് എത്താതെ നിയന്ത്രിക്കുന്നു തുടങ്ങിയ ധര്‍മങ്ങളാണ്
ഫാറിന്‍ജിയന്‍ ആര്‍ച്ചുകളില്‍ നിന്നും രൂപംകൊള്ളുന്ന പ്രധാനപേശികളുടെ
സുപ്രധാനധര്‍മങ്ങള്‍. അല്ലാതെ ഇവയിലെവിടെയും ശ്വാസച്ഛാസം ശ്വാസകോശം
തുടങ്ങിയവയുമായി ബന്ധപ്പെട്ട് ഒരു സഹായവും ചെയ്യുന്നില്ല അതുകൊണ്ട് തന്റെ
ഫാറന്‍ജിയന്‍ മത്സ്യമാതാവിന്റെ തിരുശേഷിപ്പുകള്‍ അവളുടെ
പുത്രപുത്രന്‍മാരില്‍ തുടങ്ങുന്നതല്ല.
സുപ്രസിദ്ധനായ ഒരു ജ്യോതിഷി രാത്രിയില്‍ മരക്കൊമ്പത്ത് കണ്ട
മിന്നാമിനുങ്ങ് കൂട്ടങ്ങളുടെ രാശിയും രേഖയും ക്രമവും ഗണിച്ചെടുത്ത് അവയില്‍
നവഗ്രഹങ്ങളെ ദര്‍ശിച്ച് അവയിലൂടെ മനുഷ്യന്റെയും ഭൂമിയുള്‍പ്പെടെ
നവഗ്രഹങ്ങളുടെ, പ്രപഞ്ചത്തിന്റെ പോലും ഭാവിയും ഭൂതവും വര്‍ത്തമാനവും കവടി
നിരത്തി കണ്ടുപിടിച്ച് പ്രഖ്യാപിച്ചപോലെ മാത്രമാണ് ഡോക്കിന്‍സിന്റെയും
കൂട്ടാളികളുടെയും മനുഷ്യഭ്രൂണ/ മത്സ്യമാതാവ് താരതമ്യം.
നവഗ്രഹസങ്കല്‍പംപോലും പമ്പരവിഡ്ഡിത്തമാണ്. ആ പമ്പര വിഡ്ഡത്തത്തെ
കണക്കുകൂട്ടിയെടുത്ത് വ്യാഖ്യാനിക്കാന്‍ മിന്നാമിനുങ്ങുകളുടെ
നുറുങ്ങുവെട്ടം ഉപയോഗിച്ച ‘മഹാനായ’ ജ്യോതിഷിയെപ്പോലെ തന്നെയാണ്
ഡോക്കിന്‍സ് ഇവിടെ പെരുമാറുന്നത്. നക്ഷത്രങ്ങളിലും മിന്നാമിനുങ്ങുകളിലും
വെളിച്ചമുള്ളതുകൊണ്ടാണ് ജ്യോതിഷി കണക്കുകൂട്ടിയെടുത്തതെങ്കില്‍
മത്സ്യഭ്രൂണത്തിലും മനുഷ്യഭ്രൂണത്തിലും കണ്ട ചുളിവകളാണ് പരിണാമവിശ്വാസികളെ
മനുഷ്യനെ മത്സ്യപുത്രനാക്കാന്‍ സഹായിച്ച മഹാതെളിവ്!
ഡോക്കിന്‍സ് മറ്റൊരു തെളിവ് അവതരിപ്പിക്കുന്നത് ജിറാഫിലെ ലാറിഞ്ജല്‍
നാഡിയുടെ ചുറ്റിത്തിരിയലാണ്. ആ ചുറ്റിത്തിരിയലിന് കാരണം ജിറാഫിന്റെ
മുതുമുത്തച്ഛന്‍ മത്സ്യത്തിന്റെ കഴുത്ത് നീണ്ടതിലൂടെ ലാറിഞ്ജല്‍ നാഡി
അലക്ഷ്യമായി ചുറ്റിക്കറങ്ങാന്‍ തുടങ്ങി എന്നുമാണ് സമര്‍ത്ഥിക്കുന്നത്.
ജിറാഫിന്റെ മാത്രമല്ല എല്ലാ നട്ടെല്ലികളിലും ഈ പ്രശ്‌നമുള്ളതായി അദ്ദേഹം
സൂചിപ്പിക്കുന്നുണ്ട്.
അദ്ദേഹമെഴുതുന്നു. ”ഒരു വ്യക്തിയില്‍ സാധാരണയായി ആവര്‍ത്തിത
ലാറിഞ്ജല്‍ നാഡി അതിന്റെ ചുറ്റിത്തിരിയല്‍ കാരണം നിരവധി ഇഞ്ചുകളുടെ
വ്യത്യാസമാണ് കാണിക്കുന്നതെങ്കില്‍ ജിറാഫില്‍ അത് തമാശക്കും അപ്പുറമാണ്.
അതായത് നിരവധി അടികളാണ് അവിടെ അധികഫാറ്റായി തീരുന്നത്. പ്രായപൂര്‍ത്തിയായ
ഒരു ജിറാഫില്‍ ഈ ചുറ്റിത്തിരിയല്‍ കാരണം ലാറിഞ്ജല്‍ നാഡി 15 അടി
സഞ്ചരിക്കുന്നു.”(364) ഈ ചുറ്റിത്തിരിയലിനുള്ള കാരണംകൂടി പറയുന്നത് കാണുക.
”പരിണാമത്തിനിടയില്‍ സസ്തനികളുടെ കഴുത്ത് വലിഞ്ഞു നീളുകയും
(മത്സ്യത്തിന് കഴുത്തില്ല) ചെകിളകള്‍ അപ്രത്യക്ഷമാവുകയും ചെയ്തു………
സസ്തനങ്ങളുടെ മുന്‍ഗാമികള്‍ മത്സ്യത്തില്‍ നിന്ന് കൂടുതല്‍ കൂടുതല്‍
അകലുന്തോറും നാഡികളും രക്തക്കുഴലുകളും അങ്ങോട്ടുമിങ്ങോട്ടും കുഴഞ്ഞുമറിഞ്ഞ
രീതിയില്‍ വലിയുകയും നീളുകയുമായിരുന്നു. അതവയുടെ സ്വതവേ ഉണ്ടായിരുന്ന
സ്ഥാനങ്ങളുടെ കാര്യത്തിലും ക്രമഭംഗമുണ്ടാക്കി. സന്തുലിതവും ക്രമനിബദ്ധമായി
ആവര്‍ത്തിക്കപ്പെടുന്നതുമായി മത്സ്യചെകിളകളില്‍ നി#്‌നന് തീര്‍ത്തും
വ്യത്യസ്തമായി നട്ടെല്ലികളുടെ മാറിടവും കഴുത്തും ക്രമഭംഗത്തിന്റെ
പൂരപ്പറമ്പായി. ഈ വികലതകളുടെ ആകെത്തുകയായി സംഭവിച്ച അപകടങ്ങളില്‍ ഏറ്റവും
വലുതാണ് ആവര്‍ത്തിത ലാറിഞ്ജിയല്‍ നാഡിയുടെ കാര്യത്തില്‍ സംഭവിച്ചത്.”(365)
മത്സ്യ ചെകിളകളുടെ ആവര്‍ത്തനമാണിതെന്ന വാദം അദ്ദേഹം തന്നെ
നിരാകരിച്ചിരിക്കുകയാണിവിടെ. മത്സ്യം അമ്മയായി മാറിയെങ്കില്‍ ആ മാറ്റത്തിന്
വ്യത്യസ്ത അവയവങ്ങളും കലകളും നിരവധി വ്യത്യസ്ത ഘടകങ്ങളും ജീവികളില്‍
ഉല്‍പാദിപ്പിക്കാന്‍ ശേഷിയുള്ള പരിണാമത്തിന് പ്രകൃതി നിര്‍ദ്ധാരണമോ,
ഉല്‍പരിവര്‍ത്തനമോ, അന്ധമായ ആകസ്മികതയോ എന്ത്, ഏത് മെക്കാനിസം ആണ്
മത്സ്യത്തെ അമ്മയാക്കിയതെങ്കിലും എന്തുകൊണ്ട് ലാറിഞ്ജിയല്‍ നാഡിയെ
പരിണമിപ്പിച്ചില്ല എന്നതു പ്രസക്തമാണ്. ഡോക്കിന്‍സ് പറഞ്ഞതുപോലെ
എന്തുകൊണ്ട് പരിണാമസങ്കേതം തമാശക്കും അപ്പുറമുള്ള ഈ വിഡ്ഡിത്തം ഇന്നും
എല്ലാ ജീവികളിലും നിലനിര്‍ത്തിപ്പോരുന്നു ?
ജിറാഫിന്റെ ലാറിഞ്ജല്‍ നീണ്ടുപോയതിന് പരിണാമപരമായ ഉത്തരം പറയാന്‍
കഷ്ടപ്പെട്ട് മണ്ണുകപ്പുന്നുണ്ട് ഡോക്കിന്‍സ്. അത് പകര്‍ത്തുന്നതിന് മുമ്പ്
ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ അഹങ്കാരത്തില്‍ ചാലിക്കപ്പെടുന്ന വിശകലനം
കാണുക. ”ഇവിടെ പ്രധാനമായും പരിഗണിക്കേണ്ട കാര്യങ്ങളെന്തെന്നാല്‍ ഏത്
സസ്തനത്തിലെയും ആവര്‍ത്തിത ലാറിഞ്ജന്‍ നാഡി ആസൂത്രകനെതിരെയുള്ള നല്ല
തെളിവാണ്. ജിറാഫിന്റെ കാര്യത്തില്‍ അത് ‘നല്ല’ എന്നതില്‍ നിന്നും
‘കണ്ണഞ്ചിപ്പിക്കുന്ന’ എന്ന തലത്തിലേക്ക് നാങ്ങുന്നുവെന്ന് മാത്രം.”(366)
ലാറിഞ്ജല്‍ നാഡി മത്സ്യം പരിണമിച്ചതിനനുസരിച്ച് എന്തുകൊണ്ട് പുരോഗതി
നേടിയില്ല എന്നതിനുള്ള ഡോക്കിന്‍സിയന്‍ വിവരണംകൂടി കാണുക :
”എന്തുകൊണ്ട് പ്രകൃതി നിര്‍ദ്ധാരണം ഒരു എഞ്ചിനീയര്‍
ചെയ്യിനിടയുള്ളതുപോലെ പണിശാലയില്‍ തിരികെച്ചെന്ന് യുക്തിപൂര്‍വം കുറേക്കൂടി
അനുഗുണമായ മറ്റൊരു ആസൂത്രണരേഖ തയ്യാറാക്കിയില്ല എന്ന ചോദ്യമാണ് ഒരു
പരിണാമവാദിയെ സംബന്ധിച്ചടുത്തോളും പ്രസക്തമാകുന്നത്. ഈ അധ്യായത്തില്‍ നാം
ആവര്‍ത്തിച്ചു കണ്ടുമുട്ടുന്ന ചോദ്യവുമിതുതന്നെ. ഞാനതിന് ഉത്തരം നല്‍കാന്‍
പലരീതിയില്‍ ശ്രമിച്ചിട്ടുണ്ട്. സാമ്പത്തികശാസ്ത്രത്തില്‍ ഓരോ
യൂണിറ്റിന്റെയും നിര്‍മ്മിതിക്കും ആവശ്യമായി വരുന്ന അധികച്ചെലവ് (Marginal
cost) എന്നൊരു സങ്കല്‍പമുണ്ട്. ആഴര്‍ത്തിത ലാറിഞ്ജിയല്‍
നാഡിയെക്കുറിച്ചുള്ള വിശദീകരണം ആ സങ്കല്‍പത്തെ ആധാരമാക്കിയുള്ളതാണ്.
പരിണാമത്തിനിടെ ജിറാഫിന്റെ കഴുത്തിന്റെ നീളം മെല്ലെ ‘ക്രമമായി’
വര്‍ദ്ധിക്കാന്‍ തുടങ്ങിയതോടെ ചുറ്റിത്തിരിയലിന്റെ ചെവവ്, അത്
സാമ്പത്തികമായ അര്‍ത്ഥത്തിലായാലും ശരി വിക്കിവിക്കി സംസാരിക്കേണ്ടി വരുന്ന
അര്‍ത്ഥത്തിലായാലും ശരി ‘ക്രമേണ’ വര്‍ദ്ധിക്കുകയായിരുന്നു. ഇവിടെ ക്രമേണ
എന്ന വാക്കിന് ഊന്നല്‍ കൊടുക്കേണ്ടതുണ്ട്. ഓരോ മില്ലിമീറ്റര്‍
വര്‍ദ്ധനക്കുള്ള അധികച്ചെലവ് വളരെ ചെറുതായിരുന്നു. ജിറാഫിന്റെ കഴുത്തിന്
ഇന്നത്തെ അത്രയും നീളം വെച്ചപ്പോഴേക്കും ഒരു പ്രത്യേകസ്ഥിതിവിശേഷം
സംജാതമായിട്ടുണ്ടാകാം. ചുറ്റിത്തിരിയല്‍ മൂലമുണ്ടായ മുഴുവന്‍ ചെലവ്
സൃഷ്ടിക്കുന്ന സവിശേഷ സ്ഥിതിവിശേഷമാണത്. അതായത് ഉല്‍പരിവര്‍ത്തനം സംഭവിച്ച്
കഴുത്തിന് നീളംവെച്ച വ്യക്തിഗത ജിറാഫുകളായിരിക്കാം അവയെ
സംബന്ധിച്ചടുത്തോളം താഴോട്ടുപോകുന്ന ലാറിഞ്ജിയന്‍ നാഡീവാഗസ് സമുച്ചയത്തില്‍
നിന്നും ഭിന്നിച്ച് ശ്വാസനാളദ്വാരത്തിന്റെ സമീപത്തുള്ള ചെറിയ വിടവിലൂടെ
ചാടിക്കടന്നു പോകുന്നത് അതിജീവനത്തെ തുണച്ചിട്ടുണ്ടാവാം. ഇത് എന്റെ ഒരു
പരികല്‍പനയാണ്.”(367)
എന്നാല്‍ അദ്ദേഹം തന്നെ പിന്നീട് പറയുന്നത് കാണുക: ”പൂര്‍ണമായി
വികസിച്ച ലാറിംങ്‌സും സഹജീവികളുമായി വന്‍തോതില്‍ ഇടപഴകുന്ന
പ്രവണതയുമുണ്ടെങ്കിലും ജിറാഫിന് ആകെ പുറപ്പെടുവിക്കാന്‍ കഴിയുന്ന ശബ്ദം
ചെറിയ ഏതാനും മൂളലുകളും ഞരക്കങ്ങളും മാത്രമാണ്. വിക്കലോടെ സംസാരിക്കുന്ന
ജിറാഫ് എന്നെ സംബന്ധിച്ചടുത്തോളം ഒഴിവാക്കാനാവാത്ത ചിന്തയാണെങ്കിലും ഇവിടെ
ഞാനത് പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ല.”(368)
പരിണാമപ്രകാരം ലാറിഞ്ജയിന്‍ നാഡികളുടെ ചുറ്റിത്തിരിയല്‍ ജിറാഫിനെ
സംബന്ധിച്ചടുത്തോളം ചെറിയ നഷ്ടമല്ല, വമ്പിച്ച നഷ്ടം തന്നെയാണ്. ജിറാഫിന്റെ
ശബ്ദസൗകുമാര്യം ആകെ നഷ്ടപ്പെടുത്തി അവറ്റകളുടെ വ്യക്തിപ്രഭാവത്തിന്
തീരാകളങ്കം ചാര്‍ത്തിയ പ്രശ്‌നം ഡോക്കിന്‍സിനും ബോധ്യമാണെന്നല്ലേ ”ഇവിടെ
ഞാനത് പിന്തുടരാന്‍ ആഗ്രഹിക്കുന്നില്ല” എന്ന ഒഴിഞ്ഞുമാറ്റത്തില്‍നിന്ന്
വ്യക്തമാകുന്നത്? ഇത്രയും മഹത്തായ ജൈവവൈവിദ്ധ്യങ്ങളെയെല്ലാം അതിന്റെ എല്ലാ
വൈവിദ്ധ്യങ്ങളിലും പാരസ്പര്യങ്ങളിലും കൊള്ള കൊടുക്കലുകളിലും പരിപൂര്‍ണമായി
പിന്തുണച്ച ‘പരിണാമം’ എന്തുകൊണ്ട് പാവം ജിറാഫുകളോട് ഈ തുല്യതയില്ലാത്ത
കൊലച്ചതി ചെയ്തു? തീര്‍ച്ചയായും പരിണാമം ജിറാഫുകളുടെ ഈ
അടിയന്തിരപ്രശ്‌നത്തിന് ഉല്‍പരിവര്‍ത്തനത്തിലൂടെയോ പ്രകൃതി
നിര്‍ദ്ധാരണത്തിലൂടെയോ കേവല യാദൃഛികതകളിലൂടെയും സത്വര പരിഹാരം നല്‍കി
വ്യാഖ്യാനക്കസര്‍ത്തുകള്‍ പ്രഖ്യാപിക്കും എന്നുപ്രതീക്ഷിക്കാം!
കുറിപ്പുകള്‍:
345 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ ഡി.രവിചന്ദ്രന്‍, ഡി.സി ബുക്‌സ്. പേജ് 409, 410
345 അതേ പുസ്തകം പേജ് 410
347 അതേ പുസ്തകം പേജ് 411
348 അതേ പുസ്തകം പേജ് 412
350 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 193
351 ജീവജാതികളുടെ ഉല്‍പത്തി ചാള്‍സ് ഡാര്‍വിന്‍. പരിഭാഷ പി.സുദര്‍ശനന്‍, മൈത്രി ബുക്‌സ്, തിരുവനന്തപുരം. പേജ് 202
353 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 426
355 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 426-428
356 അതേ പുസ്തകം പേജ് 426
357 അതേ പുസ്തകം പേജ് 22
358 അതേ പുസ്തകം പേജ് 428
361 Human Embryology 8th Edition Inderbir singh G.P. Pal,
Macmillan Publishers, India Page 109. (MBBS Human Embryology text book)
362 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 434, 435
363
364 ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. പേജ് 434, 435
365 അതേ പുസ്തകം പേജ് 434
366 അതേ പുസ്തകം പേജ് 439
367 അതേ പുസ്തകം പേജ് 437
368 അതേ പുസ്തകം പേജ് 437