Followers

Sunday, March 8, 2015

ശാസ്ത്രം സത്യത്തിലേക്ക്; പരിണാമാന്ധവിശ്വാസികള്‍ അന്ധകാരങ്ങളിലേക്കും!

സ്നേഹസംവാദം മാസിക മാർച്ച്‌ ലക്കത്തിൽ  അലി ചെമ്മാടിന്റെ  ലേഖനം.
 
റിച്ചാര്‍ഡ് ഡോക്കിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു-ഭാഗം 14


അലി ചെമ്മാട്


ഗ്രന്ഥത്തിലെ ഒന്‍പതാം അധ്യായം ‘ഭൂഖണ്ഡങ്ങളാകുന്ന പെട്ടകങ്ങള്‍’ വിശകലനം ചെയ്യുന്നതിന് മുന്‍പ് പത്താം അധ്യായത്തിലെ (ബന്ധുത്വവൃക്ഷം) ജീനോം സാമ്യതകളെ കുറിച്ചുള്ള ഭാഗം ചര്‍ച്ച ചെയ്യുവാന്‍ ഉദ്ദേശിക്കുകയാണ്. ബന്ധുത്വവൃക്ഷം എന്ന അധ്യായത്തില്‍ ജൈവലോകത്തെ സമാനതകള്‍ ഡോക്കിന്‍സ് ചര്‍ച്ച ചെയ്യുന്നതില്‍ ഒരു ഘടകം അനാട്ടമിക്കല്‍ താരതമ്യമാണ്. ഇത്തരം ചര്‍ച്ചകളില്‍ അതിപ്രധാന തെളിവായി പരിണാമവിശ്വാസികള്‍ വിശ്വസിക്കുന്നതും ചൂണ്ടിക്കാട്ടുന്നതും ജീനോം സാമ്യതകളാണ്. അതില്‍തന്നെ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ജനിതകസാമ്യം 98 ശതമാനം ആണെന്ന അവകാശവാദമാണ്. മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ 98 ശതമാനം സാമ്യം ഉണ്ടെന്ന് അടിവരയിട്ടുകൊണ്ടാണ് കേരളത്തിലെ വര്‍ത്തമാനകാല പരിണാമപ്രബോധന പ്രചരണപ്രവര്‍ത്തനങ്ങള്‍ കൊഴിപ്പിക്കുന്നത്.(273) ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതകസാമ്യം ഉണ്ടെന്നതിനോട് വ്യത്യസ്ത മനുഷ്യവര്‍ഗങ്ങള്‍ തമ്മില്‍ ഒരു ശതമാനത്തിലധികം ജനിതകവ്യത്യാസം കാണപ്പെടുന്നു എന്ന പഠനം കൂട്ടി വായിച്ചാല്‍ ഫലത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും തമ്മില്‍ ഉണ്ടെന്ന് പറയുന്ന രണ്ട് ശതമാനത്തിന് പ്രസക്തി ഇല്ലാതെവരും. മനുഷ്യന്റെ ജനിതകവ്യത്യാസം- ഒരുശതമാനം കണക്കാക്കിയാല്‍ ചിമ്പാന്‍സിയും മനുഷ്യനും ഒരേ ജനിതകഘടന എന്ന് വാദിക്കേണ്ടി വരും.(274)
കേരളീയ പരിണാമപ്രചാരകരുടെ ആത്മവിശ്വാസം പക്ഷേ ഡോക്കിന്‍സിനില്ല എന്നത് ഈ വിഷയത്തിലെ അദ്ദേഹത്തിന്റെ ആദ്യവാചകം തന്നെ വ്യക്തമാക്കുന്നു. ”അനാട്ടമിക്കല്‍ താരതമ്യങ്ങള്‍ക്ക് (anatomical comparison) പുറമെ തന്മാത്രാ ജനിതകശാസ്ത്രം (molecular genetics) കൂടി പരിഗണിക്കുമ്പോള്‍ താരതമ്യത്തിലധിഷ്ഠിതമായ തെളിവുകള്‍ കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട്.”(275) കൂടുതല്‍ വിശ്വസനീയമായി തീരുന്നുണ്ട് എന്ന വാക്യം താരതമ്യാധിഷ്ഠിത തെളിവുകള്‍ വേണ്ടത്ര ഇല്ല എന്നതിന്റെ പര്യായപദമാണ്.
 
ഈ വിഷയത്തില്‍ ഡോക്കിന്‍സിന്റെ അവകാശവാദങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ”എല്ലാ ജീവിവര്‍ഗ്ഗങ്ങളിലുമുള്ള ഡി.എന്‍.എ കോഡിന്റെ (DNA Code) അടിസ്ഥാനഘടന സമാനമാകുന്നു. വ്യക്തിഗത ജീനുകളുടെ കാര്യത്തില്‍ മാത്രമാണ് ഭിന്നതയുള്ളത്. സത്യത്തില്‍ ഇതൊരു സ്‌തോഭജനകമായ വസ്തുതയാണ്. മറ്റു പല കാര്യങ്ങളിലേക്കും വെളിച്ചം വീശുന്നതിനോടൊപ്പം എല്ലാ ജീവികളും ഒരു പൊതുപൂര്‍വികനില്‍ നിന്ന് ഉരുത്തിരിഞ്ഞതാണെന്ന് വ്യക്തമാക്കുന്ന വസ്തുതയാണിത്. കേവലം ജനിതക കോഡ് മാത്രമല്ല നാം എട്ടാമധ്യായത്തില്‍ (ഭ്രൂണവളര്‍ച്ച, കോശം തുടങ്ങിയവ ഡോക്കിന്‍സ് കുട്ടിക്കളിയാക്കിയത് എട്ടാം അധ്യായത്തിലാണ്-ലേഖകന്‍) കണ്ടതുപോലെ ജീവന്‍ നിലനിര്‍ത്തി മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമായ എല്ലാ ജീന്‍/പ്രോട്ടീന്‍ വ്യവസ്ഥകളും ഈ ഭൂമുഖത്തുള്ള എല്ലാ സസ്യ-ജന്തു-ബാക്ടീരിയ-ഫംഗസ്-ആര്‍ക്കിയ-വൈറസുകളിലും ഒന്നുതന്നെയാകുന്നു. വ്യത്യാസമുള്ളത് ഈ ജനിതക കോഡില്‍ എഴുതപ്പെട്ടതെന്ത് എന്ന കാര്യത്തില്‍ മാത്രമാണ്. അതല്ലാതെ കോഡുകള്‍ തമ്മില്‍ വ്യത്യാസമില്ല. താരതമ്യപഠനത്തിനായി വിവിധ ജനിതക കോഡുകളില്‍ എന്തൊക്കെ എന്ന് വിശകലനം ചെയ്യുമ്പോള്‍, ജീവികളിലെ അസ്സല്‍ ജനിതക വിന്യാസക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ സാദൃശ്യങ്ങളെ ആധാരമാക്കിയുള്ള ഒരു ശ്രേണി വ്യവസ്ഥ നമുക്ക് കണ്ടെത്താനാകും.”(276)
ജനിതക കോഡില്‍ അഥവാ ജീവികളുടെ ഡി. എന്‍. എ ഭാഷയിലുള്ള സാമ്യതകളെ വിശകലനം ചെയ്താല്‍ ജീവികളെല്ലാം ഒരു പൊതുപൂര്‍വികനില്‍ നിന്നും ഉരുത്തിരിഞ്ഞു വന്നതാണെന്ന് വ്യക്തമാവുമെന്നാണ് ഡോക്കിന്‍സ് അവകാശപ്പെടുന്നത്. അക്കാര്യം നമുക്ക് പരിശോധിക്കാം. ഡി.എന്‍.എ താരതമ്യത്തിലെ കണിശതയെക്കുറിച്ച് ഡോക്കിന്‍സ് തുടര്‍ന്നെഴുതുന്നു. ”രണ്ട് ജീവികള്‍ തമ്മിലുള്ള ബന്ധുത്വം വിശകലനം ചെയ്യണമെങ്കില്‍, ഉദാഹരണമായി ഒരു ഹെഡ്ജ്‌ഹോഗും (hedgehog) കുരങ്ങും തമ്മിലുള്ള ബന്ധുത്വം തിരിച്ചറിയണമെങ്കില്‍, രണ്ട് സ്പീഷിസുകളുടെയും എല്ലാ ജീനുകളുടെയും തന്മാത്രാ പുസ്തകം (molecular text) പഠിക്കുന്നതായിരിക്കും ഏറ്റവും ഉത്തമം. ബൈബിള്‍ പണ്ഡിതന്‍ ഏശയ്യയുടെ രണ്ട് ചുരുളുകള്‍ താരതമ്യം ചെയ്യുമ്പോള്‍ പറയാറുള്ളതുപോലെ ഓരോ പൊട്ടും പുള്ളിയും മറ്റൊന്നുമായി താരതമ്യം ചെയ്ത് സൂക്ഷ്മ അവലോകനത്തിന് വിധേയമാക്കുക. പക്ഷേ അത് സമയമെടുക്കുന്നതും ഏറെ ചെലവുള്ളതുമായ ഒരു പ്രക്രിയയാണ്. ഹ്യൂമന്‍ ജീനോം പ്രൊജക്ട് (human genome project) പൂര്‍ത്തിയാകാന്‍ ഏതാണ്ട് പത്ത് വര്‍ഷമെടുത്തു. പങ്കെടുത്തവരുടെ എണ്ണം പരിഗണിക്കുമ്പോള്‍ പത്ത് വര്‍ഷം പല നൂറ്റാണ്ടുകളെയാണ് പ്രതിനിധീകരിക്കുന്നത്.”(277)
ജീനോം തന്മാത്രാ പഠനത്തിന്റെ പരിമിതികളെയാണ് ഡോക്കിന്‍സ് ഇവിടെ അറിയാതെ വരികള്‍ക്കിടയില്‍ വ്യക്തമാക്കിയത്. പിന്നെന്തുകൊണ്ടാണ് സകല പരിണാമവിശ്വാസികളും പ്രചാരകരും ജീനോം താരതമ്യം എന്നു വിളിച്ചുപറഞ്ഞ് ശബ്ദമലിനീകരണം നടത്തുന്നത്? കാരണം വ്യക്തമാണ്. മഹാഭൂരിപക്ഷം പരിണാമവിശ്വാസികള്‍ക്കും ഡി. എന്‍. എ താരതമ്യപഠനം എന്താണെന്നറിയില്ല. എന്നാല്‍ ഡോക്കിന്‍സ് ഇക്കാര്യത്തില്‍ ബോധവാനാണ്. ഡോക്കിന്‍സ് ജീനോം പ്രൊജക്ടിനെക്കുറിച്ച് വീണ്ടുമെഴുതുന്നു. ”അപ്പോളോ മിഷന്‍ നടത്തിയ ചാന്ദ്രയാത്ര പോലെ, ലാര്‍ജ് ഹാഡ്രോണ്‍ കൊളൈഡര്‍ പരീക്ഷണം പോലെ മഹത്തായ ഒരു നേട്ടമാണ് മനുഷ്യന്റെ ജീനോം മുഴുവന്‍ വായിച്ചെടുക്കാനായതിലൂടെ നാം സ്വന്തമാക്കിയത്.”(278)
 
ഡി. എന്‍. എ താരതമ്യം ചെയ്യാനുപയോഗിക്കുന്ന പരീക്ഷണമാര്‍ഗ്ഗം എന്താണെന്നുകൂടി ഡോക്കിന്‍സ് വിശദീകരിക്കുന്നു. ”നിങ്ങള്‍ ക്രമമായി ഡി. എന്‍. എ ചൂടാക്കുകയാണെന്നിരിക്കട്ടെ. ഒരു പ്രത്യേക ഊഷ്മാവില്‍ ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസിനടുത്ത് എത്തുമ്പോള്‍ ഡബിള്‍ ഹെലിക്‌സ് (double helix) അഥവാ ഇരട്ട ഗോവണിയുടെ രണ്ട് നിര കൈവരികള്‍ തമ്മിലുള്ള ബന്ധം അഴിഞ്ഞ് ഒറ്റയൊറ്റ ഗോവണികളായി വേര്‍പെടുന്നു. 85 ഡിഗ്രി സെല്‍ഷ്യസോ മറ്റേതെങ്കിലും ഊഷ്മാവോ നിങ്ങള്‍ക്ക് ഇഷ്ടപ്രകാരം ദ്രവണാങ്കമായി (melting point) തെരഞ്ഞെടുക്കാം. ഇനിയതിനെ തണുക്കാന്‍ അനുവദിക്കാം. എവിടെയെല്ലാം ജോഡിയാകലിന് (pairing)സാധ്യതയുണ്ടോ അവിടെയെല്ലാം അഴിഞ്ഞുപോയ ഒറ്റ ഗോവണികള്‍ (single helix) തമ്മിലോ ഒറ്റ ഗോവണിയുടെ ഭാഗവുമായോ സഹജമായി അടുത്തുകൂടി ബന്ധനം സ്ഥാപിക്കുന്നത് കാണാം. സാധാരണയുള്ള ഡബിള്‍ ഹെലിക്‌സിന്റെ ജോഡിവല്‍ക്കരണ നിയമങ്ങള്‍ തന്നെയായിരിക്കും ഈ പ്രക്രിയയേയും നിയന്ത്രിക്കുക. ചൂടാകുന്നതിനുമുന്‍പ് ഒരുമിച്ചിരിക്കുകയും ഒരു പ്രത്യേക താപനിലയില്‍ അഴിഞ്ഞുപോവുകയും ചെയ്ത പരസ്പര പൂരകമായ ഒറ്റ ഹെലിക്‌സുകള്‍ തന്നെയാകും താപനില കുറഞ്ഞുവരുന്നതോടെ വീണ്ടുമടുത്ത് പഴയതുപോലെ ഇരട്ടഗോവണി നിര്‍മ്മിക്കുകയെന്നാവും നിങ്ങള്‍ കരുതുക. അങ്ങനെ സംഭവിക്കുന്നതിന് വിരോധമൊന്നുമില്ല. പക്ഷേ, എപ്പോഴും അങ്ങനെയുള്ള അച്ചടക്കം കാണാനാവില്ലെന്നതാണ് വസ്തുത. ചില ഡി. എന്‍. എ ഭാഗങ്ങള്‍ പഴയ കൂട്ടാളികളല്ലാത്ത അന്യ ഡി.എന്‍.എ ഭാഗങ്ങളെ ജോഡിയാകന്‍ തെരഞ്ഞെടുക്കാറുണ്ട്. ഇവിടെയാണ് ശ്രദ്ധിക്കേണ്ടത്. ഈ സമയത്ത് മറ്റൊരു സ്പീഷിസില്‍പ്പെട്ട ജീവിയുടെ ജോഡിവല്‍ക്കരണസാദ്ധ്യതയുള്ള ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങളാണ് ഈ വിഭജിത ഒറ്റഗോവണി ഭാഗങ്ങളുടെ അടുത്ത് ലഭ്യമാക്കുന്നതെങ്കിലും അവിടെയും സഹജമായി തന്നെ ബന്ധനം സംഭവിക്കും. ഒരു ജീവിയുടെ തന്നെ ഡി.എന്‍.എ ശേഖരത്തിലെ അസ്സല്‍ പങ്കാളികള്‍ക്കിടയില്‍ തമ്മില്‍ നടക്കാനിടയുള്ള ജോഡിവല്‍ക്കരണത്തിന്റെ അതേ മാതൃകയില്‍ തന്നെയായിരിക്കും ഇതും സംഭവിക്കുക. എന്ത് കൊണ്ടങ്ങനെ പാടില്ല? വാട്ട്‌സണും ക്രിക്കും വഴിമരുന്നിട്ട തന്മാത്രാ ജീവശാസ്ത്ര വിപ്ലവത്തിന്റെ അടിസ്ഥാന നിഗമനം തന്നെയാണത്. അതായത് ഡി. എന്‍. എ വെറും ഡി. എന്‍. എ ആകുന്നു (D.N.A is just D.N.A). മനുഷ്യന്റെ ഡി. എന്‍. എ എന്നോ, ചിമ്പാന്‍സിയുടെ ഡി. എന്‍. എ എന്നോ ആപ്പിളിന്റെ ഡി. എന്‍. എ എന്നോ ഉള്ള വ്യത്യാസം അവിടെയില്ല. എല്ലാ ഡി. എന്‍. എയും ഒരു വസ്തുവാകുന്നു. ജോഡിവല്‍ക്കരണത്തിന് സാധ്യതയുള്ള ഭാഗങ്ങള്‍ തമ്മില്‍ എവിടെ കണ്ടാലും സസന്തോഷം ജോഡികളാവും. പക്ഷേ ഇത്തരം ബന്ധനങ്ങളുടെ ഉറപ്പ് (strength) എല്ലായ്‌പ്പോഴും തുല്യമായിരിക്കില്ലെന്ന് മാത്രം. ഡി. എന്‍. എ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുണ്ടാകുന്ന ബന്ധനത്തില്‍ ഒരു പ്രത്യേകതയുണ്ട്. അതായത് പരസ്പരം അനുപൂരകങ്ങളായ ഒറ്റഗോവണി ഭാഗങ്ങള്‍ തമ്മിലുള്ള ബന്ധങ്ങള്‍ക്കായിരിക്കും വൈജാത്യമുള്ള ഡി. എന്‍. എ ഒറ്റഗേവേണി ഭാഗങ്ങള്‍ക്കിടയിലുള്ള ബന്ധത്തേക്കാള്‍ കരുത്തുണ്ടാവുക. കൂടുതല്‍ ഡി. എന്‍. എ അക്ഷരങ്ങള്‍ വാട്ട്‌സണും ക്രിക്കും ബേസ് ജോഡി (base pair) എന്ന് വിളിച്ച ജോഡിവല്‍ക്കണത്തിന് ശ്രമിക്കുമ്പോള്‍ അവയുമായി യോജിക്കാത്ത അക്ഷരങ്ങളെ സ്വീകരിക്കേണ്ടി വരുന്നതിനാലാണ് ബന്ധനത്തിന്റെ കരുത്ത് ചോര്‍ന്നുപോകുന്നത്. അതുകൊണ്ടുതന്നെ ഭിന്ന സ്പീഷിസിലുള്ള ജീവികളുടെ ഡി. എന്‍. എ ബന്ധങ്ങള്‍ ഒട്ടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനങ്ങള്‍ക്ക് കരുത്ത് കുറവായിരിക്കും.”(279)
 
ഇതാണ് ഡി.എന്‍.എ മാപ്പിംഗ് പരിശോധനയുടെ പ്രധാന പ്രവര്‍ത്തനം. അടുത്ത ഖണ്ഡികയില്‍ ഈ ബന്ധങ്ങളുടെ കരുത്ത് അറിയുന്നത് എങ്ങനെ എന്നുകൂടി വിശദീകരിക്കുന്നു. ”വ്യത്യസ്ത ഡി. എന്‍. എ വിഭാഗങ്ങള്‍ ഇഴചേര്‍ന്ന് ഒന്നായി കഴിഞ്ഞാല്‍ പിന്നെ എങ്ങനെയാണ് നാം ഇത്തരം ബന്ധങ്ങളുടെ കരുത്ത് അളക്കുന്നത്? പരിഹാസ്യമാംവിധം ലളിതമായ ഒരു മാര്‍ഗ്ഗത്തിലൂടെ നമുക്കിത് നിര്‍വ്വഹിക്കാം. ഇത്തരം ബന്ധങ്ങളുടെ ദ്രവണാങ്കം അളക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഒരു ഇരട്ട ഹെലിക്‌സ് ഡി.എന്‍.എയുടെ ദ്രവണാങ്കം ഏതാണ്ട് 85 ഡിഗ്രി സെല്‍ഷ്യസാണെന്ന് മുന്‍പ് ഞാന്‍ സൂചിപ്പിച്ചുവല്ലോ. ഇത് പരസ്പരം അനുപൂരകമായ സാധാരണ ഡി.എന്‍.എ ബന്ധങ്ങളുടെ ദ്രവണാങ്കമാണ്. അതായത് പരസ്പരം അനുപൂരകമായ രണ്ട് ഡി. എന്‍. എ ഭാഗങ്ങള്‍ തമ്മില്‍ കൂടിച്ചേര്‍ന്നുണ്ടാകുന്ന ബന്ധനം ചൂടാക്കുമ്പോള്‍ ഇരട്ട ഹെലിക്‌സ് ബന്ധനം അഴിഞ്ഞുപോകുന്ന താപനിലയാകുന്നു 85 ഡിഗ്രി സെല്‍ഷ്യസ്. പക്ഷേ ബന്ധനം ദുര്‍ബലമാകുമ്പോള്‍, ഉദാഹരണമായി ബന്ധിക്കപ്പെടുന്നത് മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും ഡി.എന്‍.എ ഖണ്ഡങ്ങളാകുമ്പോള്‍, ഈ കെട്ട് പൊട്ടിക്കാന്‍ അല്‍പ്പം കൂടി കുറഞ്ഞ ഊഷ്മാവേ വേണ്ടി വരികയുള്ളൂ. മനുഷ്യ ഡി. എന്‍. എ ഖണ്ഡത്തെ നാമുമായി കുറേക്കൂടി അകന്ന ബന്ധമുള്ള മത്സ്യം, ചൊറിത്തവള എന്നിവയുടെ ഡി. എന്‍. എ പദാര്‍ത്ഥവുമായി കൂട്ടിക്കെട്ടിയാല്‍ അത്തരം ബന്ധനങ്ങള്‍ അഴിഞ്ഞുപോകാന്‍ കുറേക്കൂടി കുറഞ്ഞ ഊഷ്മാവ് മതിയാകും. അതായത് ബന്ധുത്വം കുറയുന്നതിനനുസരിച്ച് ഡി.എന്‍.എ ബന്ധനങ്ങളുടെ ദ്രവണാങ്കം കുറയുന്നു. സ്വജാതിയിലുള്ള ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും ഭിന്ന സ്പീഷിസിലുള്ളവയുടെ ഡി. എന്‍. എ ബന്ധനങ്ങളുടെ ദ്രവണാങ്കവും തമ്മിലുള്ള വ്യത്യാസങ്ങള്‍ രണ്ട് സ്പീഷിസുകള്‍ തമ്മിലുള്ള ജനിതക അകലം (genetic distance) കണക്കാക്കാനുള്ള മാനദണ്ഡമായി തീരുന്നു.”(280)
 
ശരിയായ ഡി. എന്‍. എ അക്ഷരങ്ങളായ അഡിനിന്‍, ഗ്വാനിന്‍, സൈറ്റോസിന്‍, തൈമിന്‍ (A-G-C-T) എന്നീ ബേസുകളുടേയോ ഡി ഓക്‌സി റൈബോസ് പഞ്ചസാര തുടങ്ങിയ മറ്റ് രാസപദാര്‍ത്ഥങ്ങളുടേയോ കൃത്യമായ വിന്യാസക്രമം തിട്ടപ്പെടുത്തിയല്ല ഇവിടെ പരിണാമ വിശ്വാസികള്‍ ജീനോം സാമ്യതാ താരതമ്യത്തിലൂടെ പരിണാമം തെളിയിക്കുന്നത്. നാട്ടുഭാഷയില്‍ ഒരു കൊട്ടക്കണക്കാണിത്. ഡി. എന്‍. എയേയും ഡി. എന്‍. എയില്‍ ഉള്‍ക്കൊള്ളുന്ന അതിസങ്കീര്‍ണ്ണ വിവരശേഖരത്തേയും അതിന്റെ രാസഭൗതിക ഗുണങ്ങളേയും വളരെ സംക്ഷിപ്തമായി മുന്‍പ് മനസ്സിലാക്കി. ഡി. എന്‍. എയേയോ, അതുള്‍ക്കൊള്ളുന്ന ക്രോമോസോമിനേയോ, ക്രോമോസോം ഉള്‍ക്കൊള്ളുന്ന കോശകേന്ദ്രത്തേയോ, കോശകേന്ദ്രത്തിനടക്കം നിലനില്‍ക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കോശത്തേയോ ആ കോശങ്ങളാല്‍ നിര്‍മ്മിതമായ ജൈവവൈവിധ്യങ്ങളേയോ അതര്‍ഹിക്കുന്നതിന്റെ ആയിരത്തിലൊരംശമെങ്കിലും ഗൗരവത്തിലെടുത്തിരുന്നുവെങ്കില്‍ ഡോക്കിന്‍സും മറ്റ് പരിണാമവിശ്വാസികളും ഇങ്ങനെ അതിലളിതമായി അതിസങ്കീര്‍ണ ഡി. എന്‍. എയെ വിശകലനം ചെയ്യുമായിരുന്നില്ല.
ഡി. എന്‍. എ തന്മാത്രകളെ ഉരുക്കിയും കൂട്ടിച്ചേര്‍ത്തും വീണ്ടും ഉരുക്കിയും കളിക്കുന്ന പരീക്ഷണം കുറ്റമറ്റതല്ലെന്നാണ് ഡോക്കിന്‍സ് തന്നെ ഉറപ്പിച്ചു പ്രഖ്യാപിക്കുന്നത്. ”തീര്‍ച്ചയായും ഈ മാര്‍ഗ്ഗത്തില്‍ ചില സങ്കീര്‍ണ്ണതകളുണ്ട്. ഞാനതിലേക്ക് കടക്കുന്നില്ല. ചില തന്ത്രപ്രധാനമായ പ്രശ്‌നങ്ങളും ഇതിലടങ്ങിയിട്ടുണ്ട്. ഉദാഹരണമായി നിങ്ങള്‍ മനുഷ്യന്റെ ഡി.എന്‍.എ ചിമ്പാന്‍സിയുടേതുമായി മിശ്രണം ചെയ്ത് ബന്ധനം ഉണ്ടാക്കുമ്പോള്‍ മനുഷ്യ ഡി. എന്‍. എ ഖണ്ഡഭാഗങ്ങള്‍ പരിസരത്തുള്ള മറ്റ് മനുഷ്യ ഡി. എന്‍. എ ഖണ്ഡങ്ങളുമായി തന്നെ കെട്ടുകളുണ്ടാക്കാനിടയുണ്ട്. അതുപോലെ തന്നെ ചിമ്പാന്‍സി ഡി. എന്‍. എയുടെ ഭാഗങ്ങളില്‍ നല്ലൊരു ശതമാനം ചുറ്റുമുള്ള ചിമ്പാന്‍സി ഡി.എന്‍.എ ഖണ്ഡങ്ങളുമായി തന്നെ ബന്ധനത്തിലേര്‍പ്പെടാം.”(281)
98 ശതമാനം ഡി. എന്‍. എകള്‍ മനുഷ്യനും ചിമ്പാന്‍സിയും പങ്കുവെക്കുന്നു എന്ന് ഡോക്കിന്‍സും ഉരുവിടുന്നുണ്ട്. ”ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു.” (282)   ”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു.”(283)  മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനോം പങ്കിടുന്നു എന്നതിലൂടെ പരിണാമവിശ്വാസികള്‍ സമര്‍ത്ഥിക്കുന്നത് മനുഷ്യന്‍ ചിമ്പാന്‍സിയില്‍ നിന്ന് പരിണമിച്ചു എന്നല്ല, മനുഷ്യനും ചിമ്പാന്‍സിയും ഏതോ ഒരു മുതുമുത്തച്ഛന്റെ സന്തതിപരമ്പരകളില്‍ ജനിച്ചവര്‍ ആണെന്നാണ്. ഇക്കാര്യം ഡോക്കിന്‍സ് വിശദമായി വിശകലനം ചെയ്യുന്നുണ്ട്. ”ഇനി എത്തരം ഫലങ്ങളാണ് നാം പ്രതീക്ഷിക്കേണ്ടത്. പരിണാമമാതൃക വെച്ച് നോക്കുമ്പോള്‍ മനുഷ്യന്റെയും ചിമ്പാന്‍സിയുടേയും കോശങ്ങള്‍ തമ്മില്‍ വര്‍ദ്ധിച്ച തോതിലുള്ള ബന്ധമുണ്ടായിരിക്കും എന്ന പ്രവചനത്തിനാവും നിങ്ങള്‍ മുതിരുക. മനുഷ്യനും നായയും തമ്മിലുള്ള ബന്ധത്തിന് ഒരു കുറഞ്ഞ സ്‌കോറും പ്രതീക്ഷിക്കും. മനുഷ്യന്‍/നായ സാമ്യത്തെ കുറിക്കുന്ന സ്‌കോറും ഏതാണ്ട് സമാനമായിരിക്കേണ്ടതുണ്ട്. എന്തെന്നാല്‍ മനുഷ്യനും ചിമ്പാന്‍സിക്കും നായയുമായുള്ള ബന്ധം ഏറെക്കുറേ സമാനമായിരിക്കുമല്ലോ. ഇത് തന്നെയായിരിക്കും കുരങ്ങ്/നായ, ലീമര്‍/നായ എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള സാമ്യത്തിന്റെ കാര്യവും. മനുഷ്യന്‍, ചിമ്പാന്‍സി, കുരങ്ങ്, ലീമര്‍ തുടങ്ങിയവ നായയുമായി ബന്ധപ്പെട്ടിരിക്കുന്നത് ഒരു പൊതുപൂര്‍വ്വികനായ ഒരു ആദിമ പ്രിമേറ്റ് വഴിയാകുന്നു. (ഏറെക്കുറെ അത് കാഴ്ചക്ക് ഒരു ലീമറിനെപ്പോലെ ആയിരുന്നിരിക്കണം).”(284)
 
ഇതൊരു വല്ലാത്ത പിന്നോട്ടുപോക്കാണ്. 2006ല്‍ യു.കലാനാഥന്റെ മുഖ്യപത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ച യുക്തിദര്‍ശനം എന്ന മലയാളി യുക്തിവാദികളുടെ റഫറന്‍സ് ഗ്രന്ഥത്തിലെ(285) ഒരു അധ്യായത്തിന്റെ തലക്കെട്ടുപോലും ”വാനരനില്‍ നിന്ന് നരനിലേക്ക്” എന്നാണ്.(286) പരിണാമവിശ്വാസികളുടെ ആത്മവിശ്വാസം ചോര്‍ന്നുപോകുന്നതിന്റെയും പുതിയ ശാസ്ത്ര കണ്ടുപിടുത്തങ്ങള്‍ പരിണാമവിശ്വാസത്തിന്റെ നാരായ വേരുകള്‍പോലും പിഴുതെറിയുന്നതിന്റെയും കനത്ത പ്രഹരങ്ങളില്‍ നിന്ന് രക്ഷ നേടുവാനുള്ള ചില  അടവുകള്‍ മാത്രമാണിതൊക്കെ.
ഡോക്കിന്‍സിന് ഇക്കാര്യത്തിലുള്ള ആത്മവിശ്വാസക്കുറവ് വ്യക്തമാകുന്നുണ്ട്, തുടര്‍വചനങ്ങളില്‍. അദ്ദേഹം തുടരട്ടെ: ”ഇതേ സ്‌കോര്‍ തന്നെയായിരിക്കും മനുഷ്യന്‍/പൂച്ച, ചിമ്പാന്‍സി/പൂച്ച, കുരങ്ങ്/പൂച്ച, ലീമര്‍/പൂച്ച എന്നിവയുടെ കോശങ്ങള്‍ തമ്മിലുള്ള താരതമ്യത്തിലും കണ്ടെത്താനാവുക. എന്തെന്നാല്‍ നായയും പൂച്ചയും എല്ലാ പ്രൈമേറ്റുകളുമായി ബന്ധപ്പെട്ടിരിക്കുന്നത് എല്ലാ മാംസഭുക്കുകളും പങ്കിടുന്ന ഒരു മുന്‍ഗാമി വഴിയാണ്.”(287)
എന്നാല്‍ ഡോക്കിന്‍സ് ചൂണ്ടിക്കാണിക്കാത്ത, ഇതിലേറെ രസകരമായ ജീനോം സാമ്യതകള്‍ കൂടി പരിശോധിക്കപ്പെടേണ്ടതാണ്. അവ പരിണാമവാദികളുടെ സാമ്യതാ പഠനങ്ങളുടെ പൊള്ളത്തരം വ്യക്തമാക്കും. മനുഷ്യനും ചുണ്ടെലിയും തമ്മിലുള്ള ജീനോം സാമ്യത 97.5 ശതമാനം ആണെന്ന് ആധുനിക പഠനങ്ങള്‍ വ്യക്തമാക്കുന്നു.(288) മറ്റൊരു പഠനം മനുഷ്യ ഡി.എന്‍.എയില്‍ 2. 90 ബില്യണ്‍ ബേസ് ജോഡികളും, എലികളില്‍ 2.75 ബില്യണ്‍ ബേസ് ജോഡികളും, ചുണ്ടെലി(mouse)കളില്‍ 2.60 ബില്യണ്‍ ബേസ് ജോഡികളുമാണെന്ന് വ്യക്തമാക്കുന്നു.(289) ഇക്കാര്യം മനുഷ്യജീനോം പ്രൊജക്ടിന്റെ (National human Genome Research Institute) ഔദ്യോഗിക വെബ്‌സൈറ്റിലും വ്യക്തമാക്കുന്നുണ്ട്.(290) ഇതിലേറെ രസകരമായ മറ്റൊരു കാര്യം, നാഷണല്‍ ജിയോഗ്രഫിക്കിന്റെ ഒരു ലേഖനത്തില്‍ മനുഷ്യനും ചിമ്പാന്‍സിയും 70 ശതമാനം ജീനോം സാമ്യതകളേ ഉള്ളുവെന്ന് സൂചിപ്പിക്കുന്നു.(291) ഇത്തരം വാര്‍ത്തകളും പഠനങ്ങളും വിശകലനം ചെയ്താല്‍ മനുഷ്യന്‍ എലിയില്‍ നിന്നും, എലി ചുണ്ടെലിയില്‍ നിന്നും പരിണമിച്ചു എന്നു പറയുന്നതാവും മനുഷ്യനും ചിമ്പാന്‍സിയും ഒരേ മുതുമുത്തച്ഛന്റെ സന്തതികളാണെന്ന വിശ്വാസത്തേക്കാള്‍ ശാസ്ത്രീയം!
നമുക്ക് ഡോക്കിന്‍സിലേക്ക് തന്നെ മടങ്ങാം. ഡി. എന്‍. എ അക്ഷരങ്ങളുടെ (A-G-C-T) താരതമ്യ പഠനത്തിന്റെ നല്ലൊരു ഉദാഹരണം ഡോക്കിന്‍സ് നല്‍കുന്നുണ്ട്:
 
”മനുഷ്യനും ചിമ്പാന്‍സിയും 98 ശതമാനം ജീനുകളും പരസ്പരം പങ്കിടുന്നു എന്നൊക്കെയുള്ള പ്രസ്താവനകള്‍ക്കാധാരം ഡി. എന്‍. എ മിശ്രണം തന്നെയാകുന്നു. ഇവിടെ ശതമാനകണക്കുകള്‍ക്കൊണ്ട് അര്‍ത്ഥമാക്കുന്നത് എന്താണെന്നതുസംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ട്. എന്തിന്റെ 98 ശതമാനമാണ് സമാനമായിട്ടുള്ളത്? നാം കണക്കിലെടുക്കുന്ന യൂണിറ്റുകളുടെ വലുപ്പമനുസരിച്ചാണ് യഥാര്‍ത്ഥ കണക്ക് രൂപം കൊള്ളുന്നത്. ഒരു ലളിതമായ ഉപമയിലൂടെ ഇത് വ്യക്തമാക്കാം. തികച്ചും താല്‍പര്യജനകമായ ഒരുദാഹരണമാണിതെന്നുകൂടി പറയണം. എന്തെന്നാല്‍ യാഥാര്‍ത്ഥ്യവും ഉദാഹരണവും തമ്മില്‍ സാമ്യമുള്ളതുപോലെ തന്നെ പ്രകടമായ വ്യത്യാസവുമുണ്ട്. ഒരു പുസ്തകത്തിന്റെ രണ്ട് പതിപ്പുകള്‍ നിങ്ങളുടെ കൈവശമുണ്ടെന്നിരിക്കട്ടെ. ഈ രണ്ട് പതിപ്പുകള്‍ക്കിടയിലുള്ള സമാനതയാണ് നാം താരതമ്യപ്പെടുത്തുന്നത്. ഒരുപക്ഷേ ബൈബിളിലെ ദാനിയേലിന്റെ പുസ്തകമാണ് (The Book of Daniel) നാം തെരഞ്ഞെടുക്കുന്നതെന്ന് കരുതുക. അതിന്റെ കാനോനിക്കല്‍ പതിപ്പും ഈയിടെ ചാവുകടലിന് സമീപമുള്ള ഗുഹയില്‍ നിന്ന് കണ്ടെത്തിയ പ്രാചീനചുരുളുകളുമാണ് താരതമ്യത്തിന് വിധേയമാക്കപ്പെടുന്നത്. ഈ പുസ്തകങ്ങളിലെ എത്രശതമാനം അധ്യായങ്ങളാണ് (Chapters) പൂര്‍ണ്ണമായും സമാനമായിട്ടുള്ളത്? പൂജ്യം എന്നായിരിക്കും മിക്കവാറും ലഭിക്കുന്ന ഉത്തരം. കാരണം ഏതെങ്കിലും ഒരു അധ്യായത്തിലുണ്ടാകുന്ന ഒരൊറ്റ ക്രമക്കേട് മതിയാകും പരസ്പരസാമ്യം ഇല്ലാതാകാന്‍.  ഇരുപുസ്തകങ്ങളിലേയും എത്രശതമാനം വാക്യങ്ങള്‍ (sentences) സമാനമാണെന്ന് പരിശോധിച്ചാല്‍ ശതമാനം കുറേക്കൂടി വര്‍ദ്ധിക്കും. സമാനമായ വാക്കുകള്‍ (words) പരിഗണിച്ചാല്‍ പിന്നെയും വര്‍ധിക്കും. വാക്കുകളില്‍ വാക്യങ്ങളേക്കാള്‍ കുറച്ച് അക്ഷരങ്ങളെ (letters) ഉള്ളൂ എന്നതിനാലാണിത്. അതായത് അക്ഷരങ്ങളുടെ എണ്ണം കുറയുന്നതോടെ വ്യത്യാസപ്പെടാനുള്ള സാധ്യതയും കുറയുന്നു. എന്നിരുന്നാലും ഏതെങ്കിലും ഒരക്ഷരം പരസ്പരം മാറിയാല്‍ രണ്ട് വാക്കുകള്‍ക്കിടയിലുള്ള സമാനത തകിടം മറിയും. രണ്ട് പുസ്തകങ്ങളെടുത്ത് വെച്ചിട്ട് അതിലെ ഓരോ അക്ഷരവും തമ്മില്‍ താരതമ്യം ചെയ്താല്‍ ലഭിക്കുന്ന പരസ്പരസാമ്യത്തിന്റെ നിരക്ക് അതിലെ വാക്കുകളും വാചകങ്ങളും അധ്യായങ്ങളും തമ്മില്‍ പരസ്പരം താരതമ്യപ്പെടുത്തിയാല്‍ കിട്ടുന്നതിലും വളരെ കൂടുതലായിരിക്കും.
 
എത്ര വ്യത്യസ്തങ്ങളായ രണ്ട് പുസ്തകങ്ങളെടുത്താലും സമാനമായ അക്ഷരങ്ങളും വാക്കുകളും നിരവധിയുണ്ടാകുമല്ലോ. ചുരുക്കത്തില്‍ ജനിതക സാമ്യത്തെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ താരതമ്യത്തിനായി പരിഗണിക്കുന്ന യൂണിറ്റിന്റെ വലുപ്പം (size of unit) വ്യക്തമാക്കപ്പെടുന്നില്ലെങ്കില്‍ 98 ശതമാനം സാമ്യം എന്ന പ്രസ്താവനയില്‍ നിന്നും ഒന്നും മനസ്സിലാക്കാനാവില്ല. നാം പരിഗണിക്കുന്നത് അധ്യാങ്ങളാണോ? അതല്ലെങ്കില്‍ വാക്യങ്ങളാണോ? അതോ വാക്കുകളോ? അതോ അക്ഷരങ്ങളോ ? രണ്ട് സ്പീഷിസുകളിലെ മുഴുവന്‍ ക്രേമോസോമുകളാണ് നിങ്ങള്‍ താരതമ്യം ചെയ്യുന്നതെങ്കില്‍ പൂര്‍ണ്ണസാമ്യം പൂജ്യം ശതമാനമായിരിക്കും എന്നുറപ്പാണ്. ക്രോമോസോമുകള്‍ക്കിടയില്‍ എവിടെയെങ്കിലുമുള്ള ഒരു നേരിയ വ്യതിയാനം മതിയാകും അത്തരമൊരു ഫലം കൊണ്ടുവരാന്‍.
 
ഇനി ചിമ്പാന്‍സിയും മനുഷ്യനും 98 ശതമാനം ജനിതക വസ്തുക്കള്‍ പങ്കിടുന്നു എന്ന പലപ്പോഴും ഉദ്ധരിക്കപ്പെടാറുള്ള പ്രസ്താവനയുടെ അര്‍ത്ഥമെന്താണെന്ന് നോക്കാം. മൊത്തം ക്രോമോസോമുകളുടേയോ അതല്ലെങ്കില്‍ മൊത്തം ജീനുകളുടേയോ എണ്ണമേ അല്ല ഇവിടെ വിവക്ഷിക്കപ്പെടുന്നത്. കൃത്യമായി പറഞ്ഞാല്‍ ചിമ്പാന്‍സിയുടേയും മനുഷ്യന്റെയും ജീനോമിലുള്ള അനുപൂരകമായ ഡി. എന്‍. എ അക്ഷരങ്ങളുടെ സംഖ്യയാണിവിടെ അര്‍ത്ഥമാക്കപ്പെടുന്നത് (സാങ്കേതികമായി പറഞ്ഞാല്‍ ബേസ് ജോഡികള്‍).”(292)
ജനിതക ‘സാമ്യത’ കൊട്ടിഘോഷിക്കപ്പെടുന്നതുപോലുള്ള ഒരു സാമ്യത തന്നെയല്ല എന്ന് ഡോക്കിന്‍സിന്റെ വരികളില്‍നിന്ന് വ്യക്തമാകുന്നുണ്ട്. ഡോക്കിന്‍സ് അവതരിപ്പിച്ചതുപോലുള്ള  ഒരു ഉദാഹരണം തന്നെ നമുക്കും പരിഗണിക്കാം. ഡാനിയേലിന്റെ പുസ്തകം താരതമ്യം ചെയ്തതിനുപകരം നാം നാല് പുസ്തകങ്ങളാണ് താരതമ്യം ചെയ്യുന്നത്. റിച്ചാര്‍ഡ് ഡോക്കിന്‍സ് ഇംഗ്ലീഷില്‍ എഴുതി പ്രസിദ്ധീകരിച്ച The greatest show on earth the evidence for evolution എന്ന ഗ്രന്ഥവും ആ ഗ്രന്ഥം രവിചന്ദ്രന്‍ സി. മലയാളത്തില്‍ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ച ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം; പരിണാമത്തിന്റെ തെളിവുകള്‍ എന്ന പുസ്തകവും എടുക്കുക. അവ തമ്മിലെ ‘ജനിതകസാമ്യം’ പരിഗണിക്കുമ്പോള്‍  അവഗണനീയമായ ഒരു ശതമാനത്തിലും താഴെ മാത്രമേ സമാനത കാണൂ. രണ്ടു ഗന്ഥങ്ങളും രണ്ട് ഭാഷകളിലാണ് എന്നതിനാല്‍ ഒരു പോലുള്ള വാക്കുകള്‍ വളരെ അപൂര്‍വമായിരിക്കും എന്നതാണിതിന്റെ കാരണം. എന്നാല്‍ ഡോക്കിന്‍സിന്റെ പുസ്തകത്തെ നിഷ്‌കൃഷ്ടമായി എതിര്‍ത്തുകൊണ്ടുള്ള ഒരു ഇംഗ്ലീഷ് പുസ്തകമുണ്ടെങ്കില്‍, അതും ഡോക്കിന്‍സിന്റെ പുസ്തകവും തമ്മിലുള്ള പദസമാനത (ജനിതക സാമ്യത എന്ന് വായിക്കുക!) വളരെ കൂടുതലായിരിക്കും. എന്നാല്‍ യഥാര്‍ഥത്തില്‍ രണ്ടാമതു പറഞ്ഞ ജോഡിക്കല്ല, ആദ്യത്തേതിനാണ് പരസ്പര സാധര്‍മ്യം കൂടുതലുള്ളത് എന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്?
 
ജൈവലോകത്തിന്റെ രൂപവും സ്വഭാവവും പാരമ്പര്യവും എല്ലാം തീരുമാനിക്കുന്നത് അവയുടെ ജീനുകളിലടങ്ങിയ ഡി. എന്‍. എ തന്മാത്രകളായ A-G-C-T എന്നീ ജനിതകാക്ഷരങ്ങളാണെന്ന് നമുക്കറിയാം. ഈ വിവരം നമുക്ക് പകര്‍ന്നുനല്‍കുന്നതില്‍ പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് വാട്ടസണ്‍, ക്രിക്ക് എന്നീ ശാസ്ത്രജ്ഞന്‍മാരാണ്. ഇത് പടിപടിയായി വളര്‍ന്ന് ഹ്യൂമന്‍ ജീനോം പ്രോജക്ടും, കോശ ടിഷ്യു ചികിത്സയും വരെ എത്തിനില്‍ക്കുന്നു.
ഇന്ന് വിപ്ലവകരമായ ഉയരങ്ങളില്‍ എത്തിനില്‍ക്കുന്ന ജനിതക ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ച മഹാശാസ്ത്രജ്ഞന്‍ ഗ്രിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ (Gregor Johann Mendel) ആണ്. അദ്ദേഹം അറിയപ്പെടുന്നത് ജെനിറ്റിക്‌സിന്റെ പിതാവെന്നാണ്. 1822ല്‍ ഓസ്ട്രിയയില്‍ ഒരു സാധാരണ കര്‍ഷക കുടുംബത്തില്‍ ജനിച്ച അദ്ദേഹം ഇന്നത്തെ ചെക്ക് റിപ്പബ്ലിക്കിലെ ബ്രണോ നഗരത്തില്‍ ഒരു കത്തോലിക്ക പള്ളിയില്‍ പുരോഹിതനായി സേവനമനുഷ്ഠിച്ചു. 1850കളില്‍ അദ്ദേഹം പള്ളിമുറ്റത്തെ പച്ചക്കറി തോട്ടത്തിലെ പയര്‍ ചെടികളിലെ വൈവിധ്യം കണ്ടറിഞ്ഞ് വ്യത്യസ്ത ഇനം ചെടികളെ കൃത്രിമ പരാഗണത്തിലൂടെ വളര്‍ത്തിയെടുത്തു. തുടര്‍ച്ചയായി പത്തോളം വര്‍ഷം നിരന്തരമായി പരീക്ഷണം നടത്തി.(293) ആ പരീക്ഷണങ്ങള്‍ക്കൊടുവില്‍ അദ്ദേഹം അദ്ദേഹത്തിന്റെ ചെടികളിലെ പാരമ്പര്യനിയമങ്ങളെക്കുറിച്ചുള്ള ഫലം പ്രസിദ്ധീകരിച്ചു. അദ്ദേഹത്തിന്റെ ഗവേഷണഫലം 1865, 1866കളിലായി  നാചുറല്‍ ഹിസ്റ്ററി സൊസൈറ്റി (Natural History Society of Brunn) പ്രസിദ്ധീകരിച്ചു. എന്നാല്‍ അദ്ദേഹത്തിന്റെ കണ്ടുപിടുത്തം അംഗീകരിക്കപ്പെടുകയോ പ്രോത്സാഹിപ്പിക്കപ്പെടുകയോ ചെയ്തില്ല. എന്നുമാത്രമല്ല, തീരെ അവഗണിക്കപ്പെടുകയും ചെയ്തു. 1884ല്‍ ഗിഗര്‍ ജൊഹാന്‍ മെന്‍ഡല്‍ മരിച്ചു. 16 വര്‍ഷങ്ങള്‍ക്കുശേഷം 1900ല്‍ അദ്ദേഹത്തിന്റെ പഠനങ്ങള്‍ പുനഃപ്രസിദ്ധീകരിച്ചശേഷം മാത്രമാണ് അദ്ദേഹവും അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങളും അംഗീകരിക്കപ്പെട്ടത്. പയര്‍ ചെടികളിലെ പരീക്ഷണങ്ങള്‍ കൂടാതെ തേനീച്ചകളിലും അദ്ദേഹം പരീക്ഷണം നടത്തിയിരുന്നു. അപ്പോഴെല്ലാം അദ്ദേഹം പുരോഹിതനായി ജോലി ചെയ്യുകയും ചെയ്തിരുന്നു.(294)
 
മെന്‍ഡലിന്റെ പരീക്ഷണഫലം പ്രസിദ്ധീകരിക്കുന്നതിന് ആറ് വര്‍ഷം മുന്‍പ് 1859ലാണ് ചാള്‍സ് ഡാര്‍വിന്‍ തന്റെ ജീവജാതികളുടെ ഉല്‍പ്പത്തി എന്ന പരിണാമസിദ്ധാന്തം പ്രസിദ്ധീകരിച്ചത്. ഡാര്‍വിന്റെ തിയറി അനുസരിച്ച് ഒരു ജീവിക്ക് ലഭിക്കുന്ന ആര്‍ജിത കഴിവുകള്‍ അടുത്ത തലമുറയിലേക്ക് സംപ്രേക്ഷണം ചെയ്യപ്പെടുന്നതെങ്ങനെ എന്നതിനുള്ള ഉത്തരം ഇല്ലാത്തതുകൊണ്ട് അദ്ദേഹം ആ വിഷയത്തില്‍ ദി വേരിയേഷന്‍ ഓഫ് ആനിമല്‍സ് ആന്‍ഡ് പ്ലാന്റ്‌സ് അണ്ടര്‍ ഡൊമസ്റ്റിക്കേഷന്‍ (The variation of animals and plants under domestication) എന്ന ഗ്രന്ഥം 1868ല്‍ പ്രസിദ്ധീകരിച്ചു. 1865-66 കാലത്തുതന്നെ കത്തോലിക്കാ പുരോഹിതനായ ഗ്രിഗര്‍ മെന്‍ഡല്‍ ഈ വിഷയത്തില്‍ ശാസ്ത്രീയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തില്‍ പഠനം പ്രസിദ്ധീകരിച്ചിരുന്നുവെങ്കിലും രണ്ട് വര്‍ഷം കഴിഞ്ഞ് ദൈവനിഷേധത്തിന് ആയുധം പണിയുന്ന ഡാര്‍വിന്‍ ബി.സി 460-370 കാലത്ത് ജീവിച്ചിരുന്ന ഹിപ്പോക്രാറ്റസിന്റെ (Hippocrate)(295) പാന്‍ജെനിസിസ് (Pangenesis) എന്ന  ഊഹാധിഷ്ഠിത അസംബന്ധമാണ് തന്റെ ഗ്രന്ഥത്തില്‍ അവതരിപ്പിച്ചത്!(296)
ചരിത്രം ആവര്‍ത്തിക്കപ്പെടുന്നു. നിരീശ്വരവാദത്തിന്റെ ആധുനികലോകത്തെ അപ്പോസ്തലന്‍ ആരെന്ന് ചോദിച്ചാല്‍ ആരും പറയുക റിച്ചാര്‍ഡ് ഡോക്കിന്‍സ് എന്നായിരിക്കും. കഴിഞ്ഞ 40 വര്‍ഷമായി അദ്ദേഹം തന്റെ ആശയപ്രചരണത്തിനുവേണ്ടി നിരന്തരം പ്രയത്‌നിച്ചുകൊണ്ടിരിക്കുന്നു. ഡോക്കിന്‍സ് പ്രസിദ്ധനായതുതന്നെ 1976ല്‍ പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ സെല്‍ഫിഷ് ജീന്‍ (The Selfish Gene) എന്ന ഗ്രന്ഥത്തിലൂടെയാണ്. പരിണാമത്തെ ജനിതക ശാസ്ത്രത്തിന്റെ മുഷ്ടിയിലിട്ട് ഉടച്ചുവാര്‍ക്കുന്ന ഒരു ഗ്രന്ഥമാണ് സെല്‍ഫിഷ് ജീന്‍.(297) ജനിതക വിജ്ഞാനീയം ഇന്നത്തെ നിലയില്‍ വളര്‍ച്ച പ്രാപിക്കുന്നതിനുമുന്‍പ് അതിന്റെ ശൈശവദശയില്‍തന്നെ പരിണാമത്തിന് ജനിതാഖ്യാനവും, വ്യാഖ്യാനവും നിര്‍ുവഹിക്കാന്‍ അദ്ദേഹം പരിശ്രമിച്ചു എന്നതുതന്നെ ഈ രംഗത്തെ അദ്ദേഹത്തിന്റെ അര്‍പ്പണവും സ്ഥിരോത്സാഹവും വ്യക്തമാക്കുന്നു.
 
ജനിതക വിജ്ഞാനീയത്തെ പരമോന്നതിയില്‍ എത്തിച്ചത് മനുഷ്യജനിതകപദ്ധതി(Human genome project)യാണ്. ആ പദ്ധതിയെ ഡോക്കിന്‍സ് താരതമ്യം ചെയ്തത് അപ്പോളോ ചന്ദ്രദൗത്യത്തോടും, ജനീവയില്‍ നടന്നുകൊണ്ടിരിക്കുന്ന ലാര്‍ജേ ഹൈഡ്രോണ്‍ കൊളൈഡര്‍ (LHC) പരീക്ഷണത്തോടുമാണ്. മനുഷ്യജനിതക പദ്ധതി ഏറ്റെടുത്ത് നടപ്പിലാക്കി വിജയിപ്പിച്ചത് അമേരിക്കയിലെ മെരിലാന്‍ഡ്് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തി(National Institute of Health)ന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഹ്യൂമണ്‍ ജീനോം ഇന്‍സ്റ്റിറ്റിയൂട്ട് (National Human Genome Institute) ആണ്. 1993 മുതല്‍  ഹ്യൂമന്‍ ജീനോം പ്രൊജക്ടിന്റെ നേതൃസ്ഥാനത്തുള്ള ഫ്രാന്‍സിസ് സെല്ലേഴ്‌സ് കോളിന്‍സ് (Francis Sellers Collins) ആണ്  നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹെല്‍ത്തിന്റെ ഡയറക്ടര്‍. ജീനുകളെയും ജനിതകത്തെയും അതിന്റെ എല്ലാ അര്‍ത്ഥത്തിലും പഠിച്ചു മനസ്സിലാക്കി അതില്‍ നിരന്തര ഗവേഷണ പരീക്ഷണങ്ങളില്‍ മുഴുകിയ മുഴുവന്‍ ശാസ്ത്രജ്ഞരെയും ഒറ്റച്ചുവടില്‍ കോര്‍ത്തിണക്കിയ ഫ്രാന്‍സിസ് കോളിന്‍സ് 1997ല്‍ എഴുതി പ്രസിദ്ധീകരിച്ച ഗ്രന്ഥമാണ് ദി ലാംഗ്വേജ് ഓഫ് ഗോഡ് : എ സയന്റിസ്റ്റ് പ്രസന്റ്‌സ് എവിഡന്‍സ് ഫോര്‍ ബിലീഫ് (The Language of God : A Scientist Presents Evidence for Belief).(297) ഡി. എന്‍. എ ഭാഷ ദൈവത്തിന്റെ ഭാഷയാണെന്നും ഇത്തരം മഹത്തരമായ പ്രോഗ്രാം വിവരശേഖരണം യാദൃഛികമായി നിലവില്‍ വരില്ല എന്നും ഉള്ള തിരിച്ചറിവാണ് അദ്ദേഹത്തെക്കൊണ്ട് ഇങ്ങനെ ഒരു ഗ്രന്ഥം എഴുതിച്ചത്.
ഈ ഒരു താരതമ്യം വളരെ പ്രസക്തമാണ്. 1856-1863 കാലത്ത് പയര്‍ മണികളില്‍ പരീക്ഷണം നടത്തി 1865ല്‍ ഗവേഷണഫലം പ്രസിദ്ധീകരിച്ച ഗ്രിഗര്‍ മെന്‍ഡലും വീണ്ടും മൂന്ന് വര്‍ഷം കഴിഞ്ഞും, ബി.സി 400ലെ പൗരാണിക വിവരങ്ങളെ വാരിപ്പുണര്‍ന്ന ഡാര്‍വിനും, ആധുനിക കാലഘട്ടത്തിലെ ഡോക്കിന്‍സും, ഫ്രാന്‍സിസ് കോളിന്‍സും തീര്‍ച്ചയായും പ്രതീകപുരുഷന്‍മാര്‍ തന്നെ. യഥാര്‍ത്ഥ ശാസ്ത്രവും, ശാസ്ത്രജ്ഞരും വ്യക്തമായി തെളിഞ്ഞ പാതയിലും നിലകൊള്ളുമ്പോള്‍ ശാസ്ത്രത്തിന്റെ പേരില്‍ ഊഹങ്ങളെ വാരിപ്പുണരുന്നവര്‍ ശാസ്ത്രമെന്ന പേരില്‍ ഊഹാപോഹങ്ങള്‍ വിശ്വസിച്ചുകൊണ്ടും പ്രചരിപ്പിച്ചുകൊണ്ടും അന്ധതയില്‍ നിന്നും അന്ധകാരത്തിലേക്ക് മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുുന്നു.
 
ശാസ്ത്രത്തിന്റെ പേരില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഊഹാപോഹങ്ങളെ പിന്‍പറ്റുന്ന ഡാര്‍വിനും, ഡോക്കിന്‍സും ദൈവനിഷേധത്തിനും പരിണാമവിശ്വാസത്തിനും വേണ്ടി പണിയായുധങ്ങള്‍ പടച്ചുണ്ടാക്കിക്കൊണ്ടിരിക്കുന്ന സമയം ഗ്രിഗര്‍ മെന്‍ഡലും, ഫ്രാന്‍സിസ് കോളിന്‍സും നിരന്തരമായ ശാസ്ത്രഗവേഷണങ്ങളിലും പരീക്ഷണങ്ങളിലും മുഴുകി ശാസ്ത്രീയ കണ്ടുപിടുത്തങ്ങള്‍ നടത്തിക്കൊണ്ടിരിക്കുകയും  ദൈവത്തെയും ദൈവത്തിന്റെ സൃഷ്ടിവൈഭവത്തെയും മനസ്സിലാക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യാന്‍ തയ്യാറാകുന്നു.
യഥാര്‍ത്ഥ ശാസ്ത്രം ദൈവത്തെ അംഗീകരിക്കും; എന്നാല്‍ ശാസ്ത്രാന്ധവിശ്വാസം ദൈവത്തെ നിഷേധിച്ചുകൊണ്ടേയിരിക്കും!

കുറിപ്പുകള്‍:


273. www. youtube.com watch2v=972cxfGvlqu, www.youtube.com watch2v=28JsJjtlucA
274. www.independent.co.uk/news/science/genetic-breakthrough-that-reveals-the-defferences-between-humans-425432html
275. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍. ഡി. രവിചന്ദ്രന്‍. ഡി.സി ബുക്‌സ് പേജ് 379
276. അതേ പുസ്തകം പേജ് 380
277. അതേ പുസ്തകം പേജ് 380
278. അതേ പുസ്തകം പേജ് 381
279. അതേ പുസ്തകം പേജ് 384, 385
280. അതേ പുസ്തകം പേജ് 385, 386
281. അതേ പുസ്തകം പേജ് 386
282. അതേ പുസ്തകം പേജ് 382
283. അതേ പുസ്തകം പേജ് 383
284. അതേ പുസ്തകം പേജ് 387
285. യുക്തിദര്‍ശനം. എ.ടി കോവൂര്‍ ട്രസ്റ്റ്, കോഴിക്കോട് ചീഫ് എഡിറ്റര്‍ യു. കലാനാഥന്‍ മാസ്റ്റര്‍. മുഖവുര : പേജ് 5
286. അതേപുസ്തകം പേജ്
287. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 387
288. www.newscientist.com/article/dn2352-just-2.5/of-dna-turns-mice-into-men-html#.VEK01fmSyYB
289. currents-ucsc-edu/03-04/04-19/
rat/genome.gov/1151108
290. www.genome-gov./11511308
291. www.news.nationalgeographiic.com/news/2012/03/120306-gorilla/genome/apes/human/evolution/science
292. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ തെളിവുകള്‍ പേജ് 382, 383
293. www.britanica.com/EBchecked/topic/374739/Gregore/Mendelwww.cn.wikipedia.org/wiki/Gregore/Mendel#biology
294. www.cn.wikipedia.org/wiki/mendelian-inherittance. ജീന്‍, ജീവന്‍, ജനിതകം. ഡോ. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍. കേരള ഭാഷ ഇന്‍സ്റ്റിറ്റിയൂട്ട്, തിരുവനന്തപുരം. പേജ് 18 – 23
295. www.cn.wikipedia.org/Hippocrates
296. www.cn.wikipedia.org/wiki/The-selfish-Gene
297.  www.cn.britanica.com/EBchecked/topic/67606/The-selfish-Gene
298. www.cn.britanica.com/EBchecked/topic/275706/human/genome-projectwww.cn.wikipedia.org/wiki/human-genome-project
299. www.britanica.com/EBchecked/topic/1483981/National-human-genome-Research-Institute
300. www.britanica.com/EBchecked/topic/711055/Francis-collinswww.cn.wikipedia.org/wiki/Francis-Collins#Genomic
301. www.creation.com/harmony-distroid-a-review-of-francis-collins-book-the-language-of-god
302. www.cn.wikipedia.org/wiki/mendelian-inheritance