സ്നേഹസംവാദം മാസിക ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച അലി ചെമ്മാടിന്റെ ലേഖനം
ഭ്രൂണവളര്‍ച്ച ദൈവാസ്തിത്വത്തിനാണ് സാക്ഷി പറയുന്നത്
അലി ചെമ്മാട്
റിച്ചാര്‍ഡ്
ഡോകിന്‍സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം പരിണാമത്തിന്റെ
തെളിവുകള്‍ എന്ന പുസ്തകം വിലയിരുത്തപ്പെടുന്നു – ഭാഗം 12
പുരുഷലിംഗം സ്ത്രീയോനിയില്‍ ഉല്‍സര്‍ജിക്കുന്ന 200 കോടിയിലധികം വരുന്ന
ബീജങ്ങള്‍ (Sperms) ഗര്‍ഭപാത്രം വഴി അണ്ഡവിക്ഷേപം നടന്ന ഫെലോപിയന്‍
നാളിയിലൂടെ അണ്ഡം (Ovum) ലക്ഷ്യമാക്കി മുന്നേറുന്നു. അതൊരു മല്‍സര ഓട്ടം
തന്നെയാണ്. അണ്ഡത്തിനടുത്തെത്തുന്ന ഓരോ ബീജവും അണ്ഡ ഭിത്തി തുളച്ച്
ഉള്ളില്‍ കടക്കാനായി അണ്ഡത്തില്‍ ചെന്നിടിക്കുന്നു. ബീജത്തിന്റെ ഈ
പരാക്രമത്തിനിടയില്‍ അതുല്‍പാദിപ്പിക്കുന്ന പ്രത്യേക എന്‍സൈം (Enzyme)
അണ്ഡത്തിന്റെ പുറംതോടില്‍ സുഷിരം ഉണ്ടാക്കുന്നു. ഈ സുഷിരത്തിലൂടെ
അകത്തുകടക്കുന്ന ബീജം അണ്ഡവുമായി കൂടിച്ചേരുന്നു.(231) അങ്ങനെ
കൂടിച്ചേരുന്ന രണ്ടു അര്‍ധകോശങ്ങള്‍ ഒരു പൂര്‍ണ കോശമായി കോശത്തിന്റെ
സ്വാഭാവിക പ്രവണതയായ വിഭജനം ആരംഭിക്കുകയും 2, 4, 8, 16 എന്നിങ്ങനെ
വളര്‍ന്ന് കോശസമൂഹമായി മാറുകയും ചെയ്യുന്നു. എങ്കിലും അതിന്റെ വലിപ്പം
വര്‍ദ്ധിക്കുന്നില്ല. ഈ ഘട്ടത്തിന് ക്ലീവേജ് (Cleavage) ഘട്ടമെന്ന്
പറയുന്നു.(232) അടുത്തതായി അത് മോറുല(Morula)യായി
പരിവര്‍ത്തിപ്പിക്കപ്പെടുന്നു.( 233) ഇങ്ങനെ വിഭജിക്കപ്പെടുന്ന
കോശങ്ങള്‍ ബോള്‍ പോലെ അകം പൊള്ളയായ ഒരു ഗോളമായി രൂപാന്തരപ്പെടുന്നു.(234)
ഇതാണ് ബ്ലാസ്റ്റുല എന്നറിയപ്പെടുന്നത്. തുടര്‍ന്ന് ബ്ലാസ്റ്റുലയുടെ അകത്ത്
ബ്ലാസ്റ്റോസെല്‍ (Blastocell) രൂപീകരിക്കപ്പെടുകയും ഗാസ്റ്റ്രുലേഷന്‍
(Gastrulation) വഴി ബ്ലാസ്റ്റുല ഗാസ്റ്റ്രുല(Gastrula)യായി
രൂപാന്തരപ്പെടുകയും ഈ ഗാസ്റ്റ്രുല പൂര്‍ണമായി വേര്‍പ്പെടാതെ
മൂന്നായി-എക്‌ടോഡേം (Ectoderm), എന്‍ഡോഡേം (Endoderm), മെസോഡേം (Mesoderm)-
പരസ്പരം സഹായിച്ച് വളരാനാരംഭിക്കുകയും ചെയ്യുന്നു.(235)
ഇക്കാര്യത്തെക്കുറിച്ച് ഡോകിന്‍സ് വാചാലനാകുന്നുണ്ട്: ”ഗാസ്ട്രുലേഷന്‍
എന്നത് ബ്ലാസ്റ്റുലയുടെ ഉപരിതലവും അതിന്റെ മൊത്തത്തിലുള്ള രൂപഘടനയും
വിപ്ലവകരമായ മാറ്റത്തിന് വിധേയമാകുന്ന ഒരു സൂക്ഷ്മ ഭൂകമ്പമാണ്. കലയിലെ
കോശങ്ങളാകമാനം വന്‍തോതിലുള്ള പുനഃസംഘടനക്ക് വിധേയമാവുകയാണവിടെ.
ബ്ലാസ്റ്റുലയെന്ന് നാം പേര് വിളിച്ച പൊള്ളയായ പന്തില്‍ ഒരു ചെറിയ ചുഴി
ഉണ്ടാക്കപ്പെടുന്നതിലൂടെയാണ് (Denting) ഗാസ്റ്റ്രുലേഷന്‍ ആരംഭിക്കുന്നത്.
അങ്ങനെ അത് രണ്ട് പാളികളായി (Layers) വിഭജിക്കപ്പെടുകയും ബാഹ്യലോകത്തേക്ക്
ഇറക്കാനായി ഒരു ദ്വാരം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഇങ്ങനെ രൂപം
കൊള്ളുന്ന ബ്ലാസ്റ്റുലയുടെ പുറം പാളിക്ക് എക്‌ടോഡേം (Ectoderm) എന്നും
അകത്തെ പാളിക്ക് എന്‍ഡോഡേം (Endoderm) എന്നും പറയുന്നു. പിന്നീട്
എക്‌ടോഡേമിനും എന്‍ഡോഡേമിനും ഇടയിലേക്ക് കുറെ കോശങ്ങള്‍ തള്ളിക്കയറുകയും
അവയെല്ലാം കൂടിച്ചേര്‍ന്ന് ഒരു മധ്യപാളിക്ക് രൂപം കൊടുക്കുകകയും
ചെയ്യുന്നു. മെസോഡേം (Mesoderm) എന്നാണിതിന്റെ പേര്. ഈ മൂന്ന് ആദിമ
പാളികളാണ് പിന്നീട് ശരീരത്തിന് വേണ്ടിവരുന്ന മുഴുവന്‍ അവയവങ്ങളും
നിര്‍മിക്കുന്നത്. ഉദാഹരണമായി പുറം പാളിയായ എകടോഡേമാണ് പുറത്തെ തൊലിയും
നാഡീവ്യൂഹവും നിര്‍മ്മിക്കുന്നത്. ഗട്ടും മറ്റ് ആന്തരികാവയവങ്ങളും
എന്‍ഡോഡേമില്‍ നിന്ന് ഉത്ഭവിക്കുന്നു. മെസോഡേമാണ് എല്ലുകളുടെയും
പേശികളുടെയും നിര്‍മ്മാതാക്കള്‍.”(236)
ഇത്രയും സങ്കീര്‍ണവും നിയന്ത്രണ വിധേയവും അത്ഭുതകരവുമായ ഭ്രൂണവളര്‍ച്ചയെ
വിശദീകരിക്കാന്‍ ഒറിഗാമി കളിക്കുന്ന ഡോകിന്‍സിന്റെ ദയനീയതയെക്കുറിച്ച്
ഒരിക്കല്‍ കൂടി ചിന്തിച്ചുനോക്കുക! ഡോകിന്‍സ് ‘കളി’ തുടരുന്നതിങ്ങനെ:
”ഒറിഗാമി ഉപമക്ക് അനുകൂലമായി മറ്റുചിലത് കൂടിയുണ്ട്. മടക്കല്‍ (Folding),
അകച്ചുഴി ഉണ്ടാക്കല്‍ (Invagination), അകംപുറം തിരിയല്‍ (Turning Inside
Out) എന്നീ പ്രക്രിയകള്‍ ശരീരനിര്‍മ്മിതിക്ക് ഭ്രൂണകോശങ്ങള്‍
അനുവര്‍ത്തിക്കുന്ന ചില ഇഷ്ട തന്ത്രങ്ങളെ അനുസ്മരിപ്പിക്കുന്നുണ്ട്.
ഒറിഗാമി ഉപമ ഭ്രൂണത്തിന്റെ ആദ്യഘട്ട വികാസത്തെ സംബന്ധിച്ചിടത്തോളം നന്നായി
ഒത്തുപോകുന്നുണ്ടെന്ന് കാണാം. അതേസമയം അതിന് അതിന്റേതായ ന്യൂനതകളുമുണ്ട്.
താഴെ പറയുന്നവയാണ് അതില്‍ ഏറ്റവും പ്രകടമായിട്ടുള്ളവ:
1. മടക്കുകള്‍ ഉണ്ടാക്കാന്‍ മനുഷ്യകരങ്ങള്‍ ആവശ്യമായി വരുന്നു.
2. വികസിപ്പിക്കപ്പെടുന്ന കടലാസ് ഭ്രൂണം ‘വളര്‍ന്ന് വലുതാകന്നില്ല.’
കടലാസിന്റെ ഭാരം ആദ്യാവസാനം ഒന്നുതന്നെ. ഈ വ്യത്യാസം കൃത്യമായി
തിരിച്ചറിയാന്‍ വേണ്ടി ജൈവ ഭ്രൂണ വികാസത്തെ പലപ്പോഴും വെറും ഒറിഗാമി
എന്നല്ല ‘വീര്‍പ്പിക്കപ്പെട്ട’ ഒറിഗാമി (Inflated Origami) എന്നാണ് ഞാന്‍
വിശേഷിപ്പിക്കാറുള്ളത്.”(237)
കേവലം കുട്ടിക്കളി കൊണ്ടോ കൈവേലകള്‍ കൊണ്ടോ കമ്പ്യൂട്ടര്‍ഗെയിമുകള്‍
കൊണ്ടോ കുരങ്ങുകളിപ്പിക്കാന്‍ കൊണ്ടോ അണ്ഡബീജോല്‍പാദനമോ അണ്ഡബീജ സങ്കലനമോ
ഭ്രൂണ വളര്‍ച്ചയോ കേവല ലൈംഗിക ബന്ധം പോലുമോ വിശദീകരിക്കാനാവില്ല എന്ന്
ഡോകിന്‍സിനു തന്നെ ബോധ്യമുണ്ട് എന്ന് ഈ വരികള്‍ വ്യക്തമാക്കുന്നുണ്ട്.
എങ്കിലും അദ്ദേഹം വീണത് വിദ്യയാക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നത്
തുടര്‍വാചകങ്ങളില്‍ കാണാം. ”എന്നാല്‍ ഈ രണ്ട് പൊരുത്തക്കേടുകള്‍ ഒരു
തരത്തില്‍ പറഞ്ഞാല്‍ പരസ്പരം റദ്ദാക്കുന്നവയാണ്. കലകളുടെ പാളികള്‍
മടങ്ങുകയും ഉള്‍ച്ചുഴിയുണ്ടാക്കുകയും അകംപുറം തിരിയുകയുമൊക്കെ
ചെയ്യുന്നതിനോടൊപ്പം തീര്‍ച്ചയായും ‘വളരുകയും’ ചെയ്യുന്നുണ്ട്. ഈ വളര്‍ച്ച
തന്നെയാണ് ആ പ്രക്രിയ തുടരാനുള്ള ചാലകശക്തിയായിത്തീരുന്നത്. ഒറിഗാമിയില്‍
നമ്മുടെ കൈ പ്രദാനം ചെയ്യുന്നതിന് സമാനമായ പ്രചോദന ശക്തിയാണ് ഈ വളര്‍ച്ച
ഭ്രൂണത്തിന്റെ തുടര്‍വികസനത്തിന് പകര്‍ന്നേക്കുന്നത്. മരിച്ച കടലാസിന് പകരം
ജീവനുള്ള ജൈവകലയുടെ ഒരു പാളി ഉപയോഗിച്ച് നിങ്ങള്‍ക്ക് ഒറിഗാമി
ഉണ്ടാക്കണമെന്നിരിക്കട്ടെ. ജൈവകലയുടെ പാളി മടങ്ങിയും അകത്തേക്ക് തിരിഞ്ഞും
ചുഴികളുണ്ടാക്കിയും വളരുന്ന സ്വഭാവം പ്രകടിപ്പിക്കുന്നുവെന്ന് കരുതുക. ആ
‘വളര്‍ച്ച’ പാളിയുടെ ചില ഭാഗങ്ങളില്‍ കൂടിയും മറ്റിടങ്ങളില്‍ കുറഞ്ഞുമുള്ള
ഭിന്ന അനുപാതത്തിലാണെന്നും സങ്കല്‍പ്പിക്കുക. അങ്ങനെയെങ്കില്‍ നിങ്ങളുടെ കൈ
പ്രവര്‍ത്തിക്കാതെ തന്നെ ആ പാളി സ്വയം വലിഞ്ഞു നീളാനും
മടങ്ങിയൊടിയാനുമൊക്കെയുള്ള ആവേശകരമായ ഒരു സാധ്യതയുണ്ട്. ഏതെങ്കിലും ആഗോള
പദ്ധതിയുടെ ഭാഗമായിട്ടല്ല, മറിച്ച് പ്രാദേശിക നിയമങ്ങളായിരിക്കും അവിടെ
പ്രസക്തമാവുക. കേവലം ആവേശകരമായ ഒരു സാധ്യത മാത്രമായി അതിനെ
പരിമിതപ്പെടുത്തേണ്ടതില്ല; ശരിക്കും അതാണ് സംഭവിക്കുന്നത്. നമുക്കതിനെ
‘ഓട്ടോ-ഒറിഗാമി’ (Auto-Origami) അഥവാ സ്വയംകൃതമായ ഒറിഗാമി എന്ന്
വിളിക്കാം.”(238)
ഇവിടെ ഒറിഗാമിയും ഭ്രൂണ വികാസവും താരതമ്യം ചെയ്യുമ്പോള്‍ ഡോകിന്‍സ് സ്വയം
കുഴിച്ച കുഴിയില്‍ വീണതും അതില്‍നിന്ന് രക്ഷപ്പെടാന്‍ വിഫലശ്രമം
നടത്തുന്നതും മാന്യവായനക്കാര്‍ ശ്രദ്ധിച്ചുകാണും. ഒറിഗാമി ഒരിക്കലും സ്വയം
പ്രവര്‍ത്തിക്കുന്നില്ല. അതിന് ആ വിദ്യ അറിയുന്ന ഒരു വ്യക്തിയുടെ ഹൃദയവും
തലച്ചോറും കണ്ണുകളും ബോധവും കൃത്യവും കണിശവുമായ ഏകാഗ്രതയോടെ
പ്രവര്‍ത്തിക്കണം. എന്നുവെച്ചാല്‍ ഒരു പുറംശക്തി(External Agent)യുടെ
നിയന്ത്രണത്തില്‍ മാത്രമേ അത് പ്രാവര്‍ത്തികമാക്കാന്‍ സാധ്യമാകൂ. എന്നാല്‍
ഡോകിന്‍സ് വെറുതെ ഊഹിക്കുന്നത് -ഊഹം പരിണാമത്തിന്റെ ശക്തമായ
തെളിവാണദ്ദേഹത്തിന് (239) – അതിസങ്കീര്‍ണമായ ഭ്രൂണവളര്‍ച്ച ഒരു
നിയന്ത്രകന്റെയും ആസുത്രകന്റെയും സഹായമില്ലാതെ സ്വയം നടക്കുകയാണെന്നാണ്.
അതിന് വ്യക്തവും ശാസ്ത്രീയവും മൂര്‍ത്തവുമായ എന്തെങ്കിലും തെളിവിന്റെ
പൊടിപോലും പുസ്തകത്തിലെവിടെയും അവതരിപ്പിക്കുന്നില്ല. ഡോക്കിന്‍സിന്റെ
‘ഊഹം’ എന്തുമാത്രം പരിഹാസ്യമാണെന്ന് മനസ്സിലാക്കാന്‍ മനുഷ്യശരീരത്തില്‍
നടക്കുന്ന കോശവിഭജനത്തിന്റെ വിശദാംശങ്ങളിലൂടെ വെറുതെയൊന്ന് കടന്നുപോയാല്‍
മാത്രം മതി.
കോശ വിഭജനം രണ്ടു രീതിയിലാണ് മനുഷ്യശരീരത്തില്‍ നടക്കുന്നത്. ഒന്ന്
‘മൈയോസിസ്’ (Meiosis). മുമ്പ് നാം വിശദീകരിച്ചിട്ടുള്ളതുപോലെ അണ്ഡവും
ബീജവുമാകുന്ന ലൈംഗിക കോശങ്ങള്‍ നിലവില്‍ വരുന്നത് ഈ രീതിയിലാണ്. രണ്ടാമത്തെ
രീതി ‘മൈറ്റോസിസ്’ (Mitosis) ആണ്. ഇതാണ് ജന്തുലോകത്തും സസ്യലോകത്തും
സാധാരണയായി നടന്നുവരുന്ന കോശവിഭജന രീതി. മൈറ്റോസിസ് അടിസ്ഥാനപരമായി
ഇരട്ടിപ്പിക്കല്‍ പ്രക്രിയയാണ്. ഇത് ഒരു മാതൃകോശത്തില്‍ നിന്ന്
കിറുകൃത്യമായ രണ്ടു പുത്രകോശങ്ങള്‍ ഉല്‍പാദിപ്പിക്കുന്നു. മാതൃകോശത്തിന്റെ
യാതൊരു വ്യത്യാസവുമില്ലാത്ത രണ്ട് ഒറിജിനല്‍ പതിപ്പുകളാണ് ഇവിടെ നിലവില്‍
വരുന്നത്. അതോടെ മാതൃകോശം നിലനില്‍ക്കുകയുമില്ല. ദിനേന നമ്മുടെ
ശരീരകോശങ്ങള്‍ ഇതുവഴി തുടര്‍ച്ചയായി മാറിക്കൊണ്ടിരിക്കുന്നു. ഈ പ്രക്രിയ
നമ്മുടെ ശരീരത്തിലെ ഓരോ ഘടകവും അവയവങ്ങളും നിത്യേന പുതുപുത്തനാക്കുകയും
പ്രവര്‍ത്തനക്ഷമമാക്കി നിലനിര്‍ത്തുകയും ചെയ്യുന്നു.(240)
മൈറ്റോസിസ് കോശവിഭജനം നാം മനസ്സിലാക്കിയ പോലെ മാതൃകോശത്തിന്റെ
ഇരട്ടക്കോപ്പികള്‍ നിലവില്‍ വരുന്ന പ്രക്രിയയാണ്. അതിന്റെ എല്ലാ
സ്വഭാവങ്ങളും പാരമ്പര്യവാഹക പദാര്‍ത്ഥങ്ങളും രാസ ഘടകങ്ങളും ധര്‍മങ്ങളും
എല്ലാം ഇരട്ടിക്കുന്ന കോശത്തിലും മാതൃകോശത്തിന്റെ അനുകരണവും
തനിപ്പകര്‍പ്പും മാത്രമായിരിക്കും. മനുഷ്യശരീരത്തിലെ എല്ലാ കോശങ്ങളും
അടിസ്ഥാനപരമായി ഒരേ ഘടന തന്നെയുള്ളതാണെന്ന് നമുക്കറിയാം. ഈ അറിവിന്റെ
വെളിച്ചത്തില്‍ കോശവിഭജന പ്രക്രിയയെ അപഗ്രഥിക്കുമ്പോഴാണ്അതിലെ
അത്ഭുതത്തിന്റെ വലുപ്പം പൂര്‍ണമായി മനസ്സിലാവുക. വലതുകയ്യിലെ ചെറുവിരലിലെ
നഖത്തിലെ ഒരു കോശം വിഭജിക്കുകയാണെങ്കില്‍ പുത്രകോശങ്ങള്‍ നഖമായി മാത്രമേ
വളരുകയുള്ളൂ. അതുപോലെ ശരീരത്തിലെ ഏത് ഭാഗത്തിന്റെ കോശമായാലും അങ്ങനെതന്നെ.
നഖം നഖമായും മുടി മുടിയായും തൊലി തൊലിയായും മാത്രമേ വിഭജിക്കുകയുള്ളൂ.
ഡോകിന്‍സ് പറഞ്ഞതുപോലെ തന്നെയാണ് ഗര്‍ഭാവസ്ഥയില്‍ മനുഷ്യശരീരം
വളര്‍ന്നുവരുന്നത്. പക്ഷെ ഒരേയൊരു കോശത്തിലെ ഒരേയൊരു DNAയുടെ
നിര്‍ദ്ദേശപ്രകാരം എങ്ങനെയാണ് ഇത്ര വ്യത്യസ്തമായ അവയവങ്ങളുടെ വികാസം
സാധ്യമാകുന്നത്? എങ്ങനെയാണ് സാധാരണ പ്രത്യുല്‍പാദന കോശങ്ങള്‍ക്ക്
വ്യത്യസ്ത കലകളും അവയവങ്ങളും ആയി വളരാനുള്ള നിര്‍ദ്ദേശം ലഭിക്കുന്നത്?
തീര്‍ച്ചയായും ഇതിനു പിന്നില്‍ വ്യക്തമായ നിര്‍ദ്ദേശങ്ങളും ആസൂത്രണങ്ങളും
നിയമങ്ങളും നിര്‍ദ്ദേശകനും നിയാമകനും ആസൂത്രകനും ഉണ്ടായേ തീരു.
“ഇത്തരം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഡോകിന്‍സ് തന്റെ കൃതിയില്‍
ശ്രമിക്കുന്നുണ്ട്: ”അത്ഭുതകരമെന്ന് പറയട്ടെ, ജീവനുള്ള കലകളുടെ വികാസം
വിശദീകരിക്കാന്‍ നല്ലൊരു ഉദാഹരണം കണ്ടെക്കുകയെന്നത് പ്രസായകരമാണ്.”(241)
എന്നാല്‍ ഇതു സമ്മതിക്കുമ്പോഴും അദ്ദേഹം ചില ഉദാഹരണങ്ങള്‍
മെനഞ്ഞുണ്ടാക്കുന്നുണ്ട്: ”ഭ്രൂണവികാസവുമായി താരതമ്യപ്പെടുത്താന്‍
മനുഷ്യന്‍ നിര്‍വഹിക്കുന്ന മറ്റേത് നിര്‍മ്മാണവിദ്യയാണ് നമുക്കിവിടെ
ലഭ്യമായിട്ടുള്ളത്? ശില്‍പവേല യാഥാര്‍ത്ഥ്യത്തില്‍ നിന്നും വളരെ
അകന്നുനില്‍ക്കുന്നു. ശില്‍പി പണി തുടങ്ങുന്നത് ഒരു കഷണം ശിലയോ തടിയോ
മുന്‍നിറുത്തിയാണ്. അതില്‍ ആഗ്രഹിച്ച രൂപം ലഭിക്കുന്നതുവരെ ആവശ്യമില്ലാത്ത
ഭാഗങ്ങള്‍ ചെത്തിക്കളഞ്ഞും മിനുസപ്പെടുത്തിയുമാണ് അയാള്‍ ശില്‍പം
മെനഞ്ഞെടുക്കുന്നത്. ഭ്രൂണവികാസത്തിലെ ഒരു ഘട്ടത്തോട് വളരെ നല്ല
സാദൃശ്യമുള്ള ഒരു പ്രക്രിയയാണിത്. അപോപ്‌ടോസിസ് (Apoptosis) എന്നാണിതിന്റെ
പേര്. മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ട കോശമരണത്തെയാണ് (Planned Cell
Death) അപോപ്‌ടോസിസ് എന്ന് പറയുന്നത്. നമ്മുടെ കയ്യിലേയും കാലിലെയും
വിരലുകളുടെ വികാസത്തിലാണിത് പ്രസക്തമാകുന്നത്. മനുഷ്യഭ്രൂണത്തില്‍ കൈകാല്‍
വിരലുകള്‍ ഒട്ടിപ്പിടിച്ച നിലയിലാണുള്ളത്. ഗര്‍ഭപാത്രത്തില്‍ വെച്ച്
നിങ്ങള്‍ക്കും എനിക്കും വലക്കണ്ണിപോലെ (Webbed) ഒട്ടിച്ചേര്‍ന്ന കൈകാല്‍
വിരലുകളാണുള്ളത്. ഈ വലക്കണ്ണി വേര്‍പ്പെടുന്നത് (മിക്കവരിലും; അപൂര്‍്യം
ചില അപവാദങ്ങള്‍ ഇടക്കിടെ സംഭവിക്കാമെങ്കിലും) ആസൂത്രിതമായ
കോശമരണത്തിലൂടെയാണ്. ഇതിനാകട്ടെ ഒരു ശില്‍പി തനിക്കാവശ്യമായ രൂപം ശിലയില്‍
നിന്നും ചെത്തിയെടുക്കുന്നതുമായി ചില സമാനതകളുണ്ട്.”(242)
ശില്‍പവും ശില്‍പിയുമായി കൈകാലുകളെ താരതമ്യം ചെയ്തത് നാം കണ്ടു.
ശില്‍പകലയ്ക്ക് ആസൂത്രണം ആവശ്യമാണെന്നതില്‍ തര്‍ക്കമുണ്ടോ? ആസൂത്രണം താനേ
ആകാശത്തുനിന്ന് പൊട്ടിവീഴുന്നതല്ല എന്നും ആസൂത്രണത്തിന് പിന്നില്‍
ആസൂത്രണത്തേക്കാളും മികവുറ്റ ആസൂത്രകന്‍ വേണമെന്നും മനസ്സിലാക്കാന്‍ അധികം
ബുദ്ധിയും വിവേകവും ആവശ്യമില്ല. അതംഗീകരിക്കാന്‍ ഡോക്കിന്‍ സിനു
തടസ്സമാകുന്നത് അഹങ്കാരം മാത്രമല്ലേ?
ഡോകിന്‍സ് തുടരട്ടെ: ”എങ്കിലും ഭ്രൂണം പ്രവര്ത്തിക്കുന്നതെങ്ങനെയെന് ന്
മനസ്സിലാക്കാന്‍ ഉതകുന്ന തരത്തില്‍ പ്രാധാന്യമുള്ളതോ സഹായകരമോ ആയ ഒരു
പ്രക്രിയ അല്ലിത്. ചില ശില്‍പികള്‍ ചെത്തിക്കളയലിലൂടെയല്ല ശില്‍പം
മെനയുന്നത്. കുറച്ച് കളിമണ്ണോ മെഴുകോ എടുത്ത് അത് പരുവപ്പെടുത്തി (Knead)
ആവശ്യാനുസരണമുള്ള രൂപം ഉണ്ടാക്കുകയാണവര്‍ ചെയ്യുന്നത്. (ഇങ്ങനെ ലഭിക്കുന്ന
രൂപം പിന്നീട് വേണമെങ്കില്‍ വെങ്കലത്തിലേക്ക് പകര്‍ത്താം). എന്നാലിതും
ഭ്രൂണവികാസം വിശദീകരിക്കാന്‍ സഹായകരമായ ഉദാഹരണമല്ല തന്നെ.”(243)
പിന്നെയെന്തിനാണ് ഉപകാരവും സഹായവുമില്ലാത്ത ഉദാഹരണവുമായി വന്നത്?
തുടര്‍ന്നും മറ്റൊരു ഉദാഹരണം പുത്തന്‍ കുപ്പായമിടീച്ച് കൊണ്ടുവരുന്നത്
കാണുക: ”തുന്നലും വസ്ത്രം നെയ്യുന്നതും പരിഗണിച്ചാലും പ്രയോജനമില്ല.
നിലവില്‍ ലഭ്യമായ തുണി മുറിച്ച് മുന്‍ നിശ്ചയപ്രകാരമുള്ള രൂപങ്ങള്‍
നിര്‍മ്മിക്കുകയും പിന്നീട് ഇത്ര കഷ്ണങ്ങള്‍ തുന്നിച്ചേര്‍ക്കുകയുമാണ്
ചെയ്യുന്നത്. തുന്നിയ ഭാഗം കാണാതിരിക്കാനായി പുറം അകത്തുവരത്തക്ക
രീതിയില്‍ തുണി ചിലപ്പോള്‍ തിരിച്ചിടാറുണ്ട്. ഈ ഉദാഹരണമാകട്ടെ
ഭ്രൂണത്തിന്റെ ചില പ്രവര്‍ത്തനങ്ങള്‍ക്ക് സമാനമാണ്. പക്ഷെ,
മൊത്തത്തിലെടുത്താല്‍ ഭ്രൂണവികാസത്തിന് ശില്‍പവിദ്യയോടുള്ള സാമ്യം മാത്രമെ
തുന്നലിനോടുള്ളൂ.”(244) അദ്ദേഹം വീണ്ടും ഉദാഹരണങ്ങള്‍ പെറുക്കിക്കൂട്ടി
കൊണ്ടുവരുന്നുണ്ട്: ”മെടഞ്ഞുനെയ്യല്‍ (Knitting) കുറേക്കൂടി സാദൃശ്യം
കാണിക്കുന്നുണ്ട്. കോശങ്ങളുടെ കാര്യത്തിലെന്നപോലെ വ്യത്യസ്തമായ
ചെറുകണികകള്‍ തുന്നിച്ചേര്‍ത്താണ് സ്വറ്റര്‍ (Sweater) ഉണ്ടാക്കുന്നത്.
എന്നാലും ഇതിലും കുറേക്കൂടി അനുയോജ്യമായ ഉദാഹരണങ്ങള്‍ ലഭ്യമാണ്.”(245)
അതെന്താണ് ആ മഹത്തായ ഉദാഹരണമെന്ന് പരിശോധിക്കാം: ”കാറിന്റെ ഘടകഭാഗങ്ങള്‍
സംയോജിപ്പിക്കുന്നത് അല്ലെങ്കില്‍ ഫാക്ടറിയുടെ അസംബ്ലി ലൈനില്‍ നടക്കുന്ന
സങ്കീര്‍ണമായ യന്ത്രങ്ങളുടെ സംഘാടനം പരിഗണിക്കാം. അതൊരു നല്ല ഉദാഹരണമാണോ?
ശില്‍പവിദ്യയിലും തുന്നലിലും ചെയ്യുന്നത് പോലെ മുന്‍നിശ്ചയപ്രകാരം
നിര്‍മ്മിച്ച ഭാഗങ്ങള്‍ കൂട്ടിയോജിപ്പിക്കുകയെന്നത് ഒരു വസ്തു
ഉണ്ടാക്കാനുള്ള ഫലപ്രദമായ മാര്‍മാണ്. കാര്‍ഫാക്ടറിയില്‍ ഉപയോഗിക്കേണ്ട
ഭാഗങ്ങളൊക്കെ മുന്‍കൂട്ടി തയ്യാറാക്കപ്പെടുന്നുണ്ട്. പലപ്പോഴും ഫാക്ടറിയിലെ
അച്ചുകളില്‍ രൂപപ്പെടുത്തിയെടുത്തതാണ് ഈ ഘടകഭാഗങ്ങള്‍. (എന്നാല്‍
ഭ്രൂണവികാസത്തില്‍ അച്ചില്‍ രൂപപ്പെടുത്തിയെടുക്കുന്ന യാതൊന്നുമില്ലെന്ന്
ഞാന്‍ കരുതുന്നു.) തുടര്‍ന്ന് ഇത്ര മുന്‍ നിശ്ചയിച്ച ഭാഗങ്ങള്‍ ഒരു അസംബ്ലി
ലൈനില്‍ കൊണ്ടുവന്ന് സ്‌ക്രൂ ചെയ്തും വെല്‍ഡ് ചെയ്തും ആണിയടിച്ചും
കൂട്ടിവിളക്കിയും ഘട്ടംഘട്ടമായി മുമ്പ് ആസൂത്രണം ചെയ്ത നിര്‍ദ്ദിഷ്ട
രേഖയനുസരിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നു. വീണ്ടും പറയട്ടെ,
ഭ്രൂണവികാസത്തിന്റെ കാര്യത്തില്‍ മുന്‍ നിശ്ചിതമായ രൂപരേഖ എന്നൊന്നില്ല.
മുന്‍കൂട്ടി നിര്‍മ്മിച്ച ഭാഗങ്ങള്‍ തമ്മില്‍ കൂട്ടിയിണക്കുന്നതാണ് കാര്‍
അസംബ്ലിയില്‍ നാം പരിചയപ്പെടുന്നത്. ഇക്കാര്യത്തില്‍ ഭ്രൂണ വികാസം
സാക്ഷ്യംവഹിക്കുന്നുണ്ട്. അതായത് ഒരു കാര്‍ അസംബ്ലി പ്ലാന്റില്‍
മുന്‍കൂട്ടി നിര്‍മ്മിച്ച കാര്‍ബുറേറ്റുകളും ഡിസ്റ്റിബ്യൂട്ടര്‍ ഹെഡ്ഡുകളും
സിലിണ്ടര്‍ ഹെഡ്ഡുകളും ഒന്നിച്ച് കൊണ്ടുവന്ന് ശരിയായ സ്ഥാനത്ത്
കൂട്ടിയിണക്കുന്നതിന് സമാനമായ ചിലത് ഭ്രൂണവികാസത്തിലും
സംഭവിക്കുന്നുണ്ട്.”(246)
ഡോക്കിന്‍സിന്റെ കാര്‍ അസംബ്ലി പ്ലാന്റ് യാദൃശ്ചികമായി ഉരുത്തിരിഞ്ഞതല്ല.
അസംബ്ലി പ്ലാന്റില്‍ കൂട്ടിയോജിപ്പിക്കുന്ന ഓരോ ഘടകവും, എഞ്ചിന്‍ മുതല്‍
സാധാരണ ഒരു സ്‌ക്രൂ വരെ, കടുത്ത ഗണിതശാസ്ത്രമാര്‍ഗങ്ങളും നിരന്തരമായ ഗവേഷണ
പരീക്ഷണങ്ങളും അവലംബിച്ച് കൃത്യമായ ആസൂത്രണത്തോടെ രൂപകല്‍പന നല്‍കിയതാണ്.
ഒരു കാര്‍ ഡിസൈനിംഗ് സ്റ്റുഡിയോയില്‍ അതിന്റെ ഇന്റീരിയര്‍ എക്‌സ്റ്റീരിയര്‍
ഡിസൈനിംഗിന് മാത്രം ഏറ്റവും ചുരുങ്ങിയത് വ്യത്യസ്ത വിഭാഗങ്ങളുടെ
കൂട്ടായ്മയില്‍ 30,000 മനുഷ്യ പ്രവൃത്തി ദിനങ്ങള്‍ ആവശ്യമാണ്.(247) ഈ
ഡിസൈനര്‍മാര്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സോഫ്റ്റ് വെയറുകളും കമ്പ്യൂട്ടര്‍
ശൃംഖലയും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഓഫീസ് സൗകര്യങ്ങളും പുറമെ. ഇപ്പോഴും
കാറിന്റെ മാതൃക മാത്രമെ ഉണ്ടായിട്ടുള്ളൂ. ഇനി അതിന്റെ എഞ്ചിനും മറ്റു
മെക്കാനിക്കല്‍ ഘടക ഭാഗങ്ങളും എത്ര വിപലമാണ്. അതിന്റെ എലക്ട്രിക്,
എലക്ട്രോണിക്, കമ്പ്യൂട്ടര്‍ ഘടകഭാഗങ്ങള്‍; ഇതെല്ലാം രൂപകല്‍പന ചെയ്യാന്‍
മാത്രം എത്ര ഭീമമായ മനുഷ്യ,യന്ത്ര പ്രയത്‌നങ്ങള്‍ വേണ്ടിവരും? ഇങ്ങനെ
ഡിസൈന്‍ ചെയ്യപ്പെട്ട ഒരു കാറിന്റെ പ്രോട്ടോ ടൈപ്പ് പുറത്തിറക്കാന്‍ എത്ര
മനുഷ്യ വിഭവശേഷി വേണ്ടതുണ്ട്? കഴിഞ്ഞില്ല, ഇതെല്ലാം കഴിഞ്ഞ് യഥാര്‍ത്ഥ
രീതിയില്‍, ഡോകിന്‍സ് ഉദാഹരിച്ച ഘട്ടത്തിലെ അസംബ്ലിംഗ് യൂണിറ്റിലേക്ക്
എത്തുന്നതിന് ഇനിയുമേറെ മനുഷ്യ വിഭവശേഷിയും യന്ത്രസംവിധാനങ്ങളും വേണം. നാം
പത്ത് ലക്ഷം രൂപക്ക് ഒരു കാര്‍ ഷോറൂമില്‍ പോയി വാങ്ങുമ്പോഴോ ഒരു കാറില്‍
അതിന്റെ എയര്‍കണ്ടിഷനിന്റെ കുളിര്‍മയില്‍ സസ്‌പെന്‍ഷന്‍ സിസ്റ്റത്തിന്റെ
കണിശതയില്‍ കുലുക്കങ്ങള്‍ അറിയാതെ മ്യൂസിക് സിസ്റ്റം പുറത്തുവിടുന്ന നാം
ഇഷ്ടപ്പെടുന്ന സംഗീതമാസ്വദിച്ച് ഒരു യാത്ര ചെയ്യുമ്പോഴോ ആ കാറിന്റെ
ഡിസൈനിങ് ലാബും എഞ്ചിന്‍ നിര്‍മ്മാണ യൂണിറ്റും മറ്റു ഘടകഭാഗങ്ങളുടെ
നിര്‍മ്മാണ യൂണിറ്റും മുതല്‍ ഇന്റീരിയറിലെ ഡാഷ് ബോര്‍ഡിലെ ലൈനിങ്ങിന്റെ
നിറത്തിന്റെ കോമ്പിനേഷനോ ഇന്‍സ്റ്റ്രുമെന്റ് പാനലിന്റെയോ ഫ്യൂയല്‍
ഗെയ്ജിലേയോ താപമീറ്ററിലേയോ വേഗതാ മാപിനിയിലെ സൂചിയുടെയോ ചലനമോ വരെ ആസൂത്രണം
ചെയ്ത അത് പുറത്തിറക്കിയ മനുഷ്യബുദ്ധിയുടെയും, മനുഷ്യവിഭവശേഷിയുടെടെയും
വൈപുല്യത്തെക്കുറിച്ച് ആലോചിക്കാറുണ്ടോ? പതിനായിരക്കണക്കിന് മനുഷ്യരും
യന്ത്രസംവിധാനങ്ങളും കമ്പ്യൂട്ടര്‍ ശൃംഖലയും കോടികളുടെ മുതല്‍മുടക്കും
എല്ലാം ഒരൊറ്റ മനുഷ്യന്റെ നിയന്ത്രണത്തില്‍ കൂട്ടായി പ്രവര്‍ത്തിച്ചതിന്റെ
ഫലമാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഈകാര്‍. ഇത് താനെ കുറേ ഇരുമ്പും
ചെമ്പും നിക്കലും പ്ലാസ്റ്റികും റബറും പെട്രോളിയം ഉല്‍പന്നങ്ങളും തുണിയും
പെയിന്റും കൂടിക്കിടന്നപ്പോള്‍ കാറ്റടിച്ച് തനിയെ ഉണ്ടായതല്ല. ഫ്രഡ്
ഹോയിലിന്റെ ബോയിങ്ങ് 747 ഉദാഹരണം ഇതിനോട് ചേര്‍ത്ത് വായിക്കുക.(248)
മനുഷ്യഭ്രൂണവളര്‍ച്ച തീര്‍ച്ചയായും ഒരല്‍പം പോലും തെറ്റുപറ്റാത്ത
ആസൂത്രകന്റെ ആസൂത്രണത്തില്‍ നടക്കുന്ന അതീവ ഗൗരവവും അതിസങ്കീര്‍ണവുമായ
ബയോളജിക്കല്‍ പ്രൊസസ്സാണ്. അല്ലാതെ ഡോകിന്‍സും പരിണാമവിശ്വാസികളും
വിശ്വസിക്കുന്നതുപോലെ കേവലം യാദൃഛിക സംഭവവികാസമല്ല.
ഡോകിന്‍സ് ഉദാഹരിച്ച ഉദാഹരണങ്ങളായ ശില്‍പവും ശില്‍പിയും തുണി നെയ്യലും
തൈക്കലും സ്വറ്ററും മൂശയും കാര്‍ ഫാക്ടറിയും അസംബ്ലിങ്ങുമൊന്നും തന്നെ
അദ്ദേഹത്തിന് പോലും സംതൃപ്ത ഉദാഹരണങ്ങളല്ലെന്ന് അദ്ദേഹം തന്നെ
തുറന്നുപറയുന്നത് നാം കണ്ടു. തീര്‍ച്ചയായും ഇതിനുപിന്നിലെ ആസൂത്രകനെ
അംഗീകരിക്കാതെ നിര്‍വാഹമില്ലെന്നാണ ഇത് വ്യക്തമാക്കുന്നത്. ഡോകിന്‍സിന്
തന്നെ ഉറപ്പാണ് കൃത്യമായ ആസൂത്രണവും ആസൂത്രകനും ഇല്ലാതെ കുറെ മരങ്ങളും
ഇഷ്ടികകളും മേച്ചിലോടുകളും പടവിനാവശ്യമായ കുമ്മായചാന്തും അതിനെല്ലാം
ആവശ്യമായ കല്‍പണിക്കാരും ആശാരിമാരും കിണഞ്ഞു പണിയെടുത്താലും ഒരു ചെറിയ
കെട്ടിടം പോലും താനെ ഉയര്‍ന്നുവരില്ല എന്ന്. അദ്ദേഹം തന്നെ സംസാരിക്കട്ടെ!
”ഒരു ശില്‍പി മഹത്തായ ഒരു കത്രീഡല്‍ ആസൂത്രണം ചെയ്യുന്നു. ശ്രേണീപരമായ
നിര്‍ദ്ദേശങ്ങളുടെ ശൃംഖലയായിരിക്കുമത്. മൊത്തം നിര്‍മാണം ഘടക വകുപ്പുകളായി
വിഭജിക്കുന്നു. പിന്നീടത് ഉപവകുപ്പുകളായി വേര്‍തിരിക്കുന്നു. ഈ തൊഴില്‍
വിഭജന രേഖയില്‍ ജോലിക്കെത്തുന്ന മേസ്തിരിമാര്‍, ആശാരിമാര്‍, മിനുക്ക് പണി
നടത്തുന്നവര്‍ എന്നിവര്‍ക്കുള്ള വ്യക്തിഗത നിര്‍ദ്ദേശങ്ങള്‍ വരെ
ഉള്‍കൊണ്ടിട്ടുണ്ടാവും. ഒരു ആസൂത്രികന്‍ അഥവാ ഡിസൈനര്‍ ചിത്രീകരണത്തില്‍
വിഭാവനം ചെയ്യുന്നതുപോലെ ഒരു കെട്ടിടം ഉണ്ടാവുന്നതുവരെ ഈ നിര്‍ദ്ദേശങ്ങള്‍
സക്രിയമായി നിലനില്‍ക്കുന്നു. എന്നാലിത് മുകളില്‍ നിന്ന് താഴോട്ടുള്ള
ടോപ്പ്-ഡൗണ്‍’ ആസൂത്രണ പരിപാടിയാണ്.
ബോട്ടം-അപ് ആസൂത്രണം തികച്ചും വ്യത്യസ്തമായ രീതിയിലാണ്
പ്രവര്‍ത്തിക്കുന്നത്. ഞാനൊരിക്കലും വിശ്വസിച്ചിരുന്നില്ലെങ്കിലും മധ്യകാല
യൂറോപ്പിലെ പല കത്തീഡ്രലുകള്‍ക്കും ശില്‍പികളുണ്ടായിരുന്നില്ല എന്നൊരു
ഐതിഹ്യം പ്രചാരത്തിലുണ്ട്. ആരും കത്തീഡ്രല്‍ ഡിസൈന്‍ ചെയ്തില്ല; ഓരോ
കല്‍പ്പണിക്കാരനും ആശാരിയും അവനവന്റെ വൈദഗ്ധ്യമനുസരിച്ച് പണി ചെയ്യും.
മറ്റുള്ളവര്‍ എന്തുചെയ്യുന്നുവെന്ന് ശ്രദ്ധിച്ചില്ലെന്ന് മാത്രമല്ല,
പൊതുവായ ഒരു പ്ലാന്‍ വേണമെന്ന ചിന്ത ആരുടെ മനസ്സിലും ഉണ്ടായിരുന്നുമില്ല.
അത്തരം അരാജകത്വത്തിനൊടുവിലും ഒന്നാന്തരം കത്തീഡ്രല്‍ ഉയരുകയായിരുന്നു.
ഇപ്പറഞ്ഞത് അതേപടി സംഭവിച്ചു എന്ന് കരുതുക- എങ്കിലത് ബോട്ടം-അപ്’
ആസൂത്രണത്തിന് മകുടോദാഹരണമാണ്. മിത്തുകള്‍ക്ക്
ദൗര്‍ലഭ്യമൊന്നുമില്ലെങ്കിലും കത്തീഡ്രലുകള്‍ നിര്‍മ്മിക്കപ്പെട്ടത്
അങ്ങനെയല്ലെന്ന് നമുക്കറിയാം.”(249)
“കഴിഞ്ഞ 155 വര്‍ഷങ്ങളായി പരിണാമ വിശ്വാസികള്‍ വിശ്വസിക്കുന്നത് ഭൂമിയിലെ
ജൈവശൃംഖല, ഡോകിന്‍സ് ചിരിച്ചുതള്ളിയ മധ്യകാല യൂറോപ്പിലെ കത്തീഡ്രല്‍
നിര്‍മ്മാണത്തെ സംബന്ധിച്ച മിത്തിനെ പോലെ എങ്ങിനെയൊക്കെയോ എവിടെയൊക്കെയോ
ആരൊക്കെയോ പരിണമിച്ചുവന്നു എന്നാണ്. കേവലം ഒരു കത്തീഡ്രല്‍ കെട്ടിടം
അതിന്റെ അടിസ്ഥാന ഘടകങ്ങളായ അസംസ്‌കൃത പദാര്‍ത്ഥങ്ങളും അത് ഉപയോഗിച്ച്
ആരോടും ബാധ്യതകളൊന്നുമില്ലാതെ സ്വതന്ത്രമായി തൊഴില്‍ ചെയ്യാനുള്ള
സ്വാതന്ത്ര്യവും അങ്ങനെ സ്വാതന്ത്ര്യത്തോടെ തൊഴില്‍ ചെയ്യാന്‍ കഴിവും
ബുദ്ധിയും വൈദഗ്ധ്യവുമുള്ള എല്ലാ വിഭാഗം കല്‍പണിക്കാരും ആശാരിമാരും
മേസ്തിരിമാരും മിനുക്കുപണിക്കാരും ചായമടിക്കാരും എല്ലാം യഥേഷ്ടം
ഉണ്ടായിട്ടും, ഒരു കേന്ദ്ര ആസൂത്രകനില്ലാതെ ഉയര്‍ന്നുവരില്ല എന്ന്
ഉറച്ചുവിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുന്ന ഡോകിന്‍സ് പക്ഷെ,
ഭൂമിയിലെ ജൈവവൈവിധ്യം താനെ പൊട്ടിമുളക്കുമെന്ന് ഗാഢമായി വിശ്വസിക്കുകയും
യാതൊരു ചിന്തയോ ബോധമോ ശാസ്ത്രീയ തെളിവിന്റെ പൊടിപോലുമോ ഇല്ലാതെ
പ്രചരിപ്പിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു!
ഡോകിന്‍സ് കത്തീഡ്രല്‍ ഐതിഹ്യം പ്രചരിപ്പിക്കാനുള്ള കാരണവും അദ്ദേഹത്തിന്റെ
ഭക്തന്മാരുടെ പരിണാമവിശ്വാസവും ചേര്‍ത്തുവായിച്ചാല്‍ കാര്യങ്ങള്‍
കറേക്കൂടി വ്യക്തമാവും: ”എന്റെ സഹപ്രവര്‍ത്തകനും മധ്യകാല ചരിത്രകാരനുമായ
ഡോ. ക്രിസ്റ്റഫര്‍ ടയര്‍മാന്‍ (Christopher Tyerman) ഈ മിത്ത് വിക്ടോറിയന്‍
കാലത്തുണ്ടായ ഒരു ഐതിഹ്യം മാത്രമാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
പ്രത്യയശാസ്ത്രപരമായ കാരണങ്ങളാലാണ് പ്രചാരം നേടിയതത്രെ. എങ്കിലും അതില്‍
സത്യത്തിന്റെ ഒരു കണിക പോലുമുണ്ടായിരുന്നില്ല.”(250) ഡോകിന്‍സ്
ഇപ്പറഞ്ഞതില്‍ ഒരല്‍പ്പം കാര്യമുണ്ട്. അതംഗീകരിക്കാതിരിക്കാന്‍
നിര്‍വാഹമില്ല. പല മൂഢ വിശ്വാസങ്ങളും വ്യക്തമായ കളവുകളും അന്ധവിശ്വാസങ്ങളും
സമൂഹത്തില്‍ പ്രചരിക്കാനുള്ള സാഹചര്യം ഒരുങ്ങുന്നത് പലതരം
പ്രത്യയശാസ്ത്രതാല്‍പര്യങ്ങള്‍ കാരണമാണ്. അതില്‍ പലതും പ്രചണ്ഡ
പ്രചാരണത്തിന്റെ ഭാഗമായി ശാസ്ത്രീയ സത്യമായി തെറ്റിദ്ധരിപ്പിക്കാനും
കഴിഞ്ഞിട്ടുണ്ട്. അതിന്റെ മകുടോദാഹരണമാണ് പരിണാമവിശ്വാസത്തിന്
ലഭിച്ചിട്ടുള്ള ശാസ്ത്രീയ മുഖം.
ഇക്കാര്യം മലയാളത്തില്‍ ഈയിടെ പ്രസിദ്ധീകരണം ആരംഭിച്ച യുക്തിവാദി
പ്രസിദ്ധീകരണമായ യുക്തിയുഗം മാസിക’ ചര്‍ച്ച ചെയ്യുന്നുണ്ട്. യുക്തിയുഗം
മാസിക 2014 ജനുവരി ലക്കം കവര്‍സ്റ്റോറി തന്നെ ഇതാണ്. ആ ലക്കം മാസികയുെട
മുഖചിത്രം ചാള്‍സ് ഡാര്‍വിന്റെ ഒരു പെയിന്റിങ്ങാണ്. അതിന് താഴെ ഇങ്ങനെ
കാണാം: ‘പരിണാമശാസ്ത്രത്തെ പ്രത്യയശാസ്ത്രം വളഞ്ഞ കഥ.’ രാജു വാടാനപ്പള്ളി
എഴുതിയ ലേഖനത്തിന്റെ തലക്കെട്ട് “’മനുഷ്യപരിണാമം: മസ്തിഷ്‌ക വികാസവും
ഭാഷയുടെ ആവിര്‍ഭാവവും അധ്വാനം മൂലമോ?’ എന്നതാണ്.(251) ഈ ദീര്‍ഘലേഖനം
പതിനെട്ട് പേജുകള്‍ ഉള്‍ക്കൊള്ളുന്നു. 2014 ജൂണ്‍ ലക്കത്തില്‍ ഡോ. സി.
വിശ്വനാഥന്റെ ആറ് പേജ് ലേഖനവും ഇക്കാര്യം ചര്‍ച്ചചെയ്യുന്നു. ഈ ലേഖനത്തിനും
മാസിക അമിതപ്രാധാന്യം നല്‍കുന്നുണ്ട്. തലക്കെട്ട് ഇങ്ങനെ- ‘ഏംഗല്‍സും പരിണാമവും: ശാസ്ത്രത്തെ പ്രത്യയശാസ്ത്രം വിഴുങ്ങുന്നു.’(252)
ഈ രണ്ട് ലേഖനങ്ങളുടെയും ആകെത്തുക യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ
പരിണാമത്തെക്കുറിച്ച് കേരളീയ യുക്തിവാദത്തിന്റെ അടിസ്ഥാന പാഠപുസ്തകം
യുക്തിദര്‍ശനം പ്രസിദ്ധീകരിച്ച ഏംഗല്‍സിന്റെ ലേഖനവും(253) കേരള
ശാസ്ത്രസാഹിത്യ പരിഷത്ത് പ്രസിദ്ധീകരണമായ ശാസ്ത്രഗതി 2014 ഏപ്രില്‍
ലക്കത്തിലെ ഒരു ലേഖനവും സംബന്ധിച്ച വിമര്‍ശനാത്മക വിലയിരുത്തലുകളാണ്. ചില
മലയാളി യുക്തിവാദികള്‍ മാര്‍ക്‌സിസ്റ്റ് പാളയത്തില്‍ നിന്ന് മോചനം
നേടിയതിനെത്തുടര്‍ന്ന് യുക്തിവാദി സംഘടനയിലുണ്ടായ ആഭ്യന്തര
പൊട്ടിത്തെറികളാണ് കമ്മ്യൂണിസ്റ്റ് പക്ഷത്തെ യുക്തിവാദികള്‍ക്കെതിരെയുള്ള
യുക്തിയുഗം കരിശുയുദ്ധത്തിന്റെ പശ്ചാതലം. കമ്മ്യൂണിസ്റ്റ് ബുദ്ധിജീവികള്‍
പരിണാമസിദ്ധാന്തത്തെ ‘തനിക്കാക്കി വെടക്കാക്കി’യെന്നാണ് അരാഷ്ട്രീയ
യുക്തിവാദികളുടെ പരാതി! ഈ ലേഖനങ്ങളെഴുതുന്നവരും പ്രസിദ്ധീകരിക്കുന്നവരുമായ
യുക്തിവാദ, പരിണാമവിശ്വാസ ചരിത്രമറിയാത്ത കേവല യുക്തിവാദികള്‍ പക്ഷേ
അറിയണം, പരിണാമം ഇന്നത്തെ നിലയില്‍ പ്രസിദ്ധി നേടാനുണ്ടായ കാരണം അതിന്റെ
വൈജ്ഞാനിക കെട്ടുറപ്പല്ല, മറിച്ച് തങ്ങള്‍ ഇപ്പോള്‍ ആക്ഷേപിക്കുന്ന
‘പ്രത്യയശാസ്ത്രത്തിന്റെ’ താല്‍പര്യങ്ങളും ഇടപെടലുകളും
തന്നെയായിരുന്നുവെന്ന്. കേരളത്തില്‍ യുക്തിവാദം എങ്ങനെ പ്രചരിച്ചു, അതിലെ
പ്രത്യയശാസ്ത്ര പങ്ക് എന്ത് എന്നതുകൂടി ഇത്തരം ചരിത്രമറിയാത്ത
യുക്തിവാദികള്‍ പഠിക്കേണ്ടതുണ്ട്. സാന്ദര്‍ഭികമായി അത് സൂചിപ്പിച്ചുവെന്ന്
മാത്രം.
നാം മനുഷ്യഭ്രൂണത്തെ കുറിച്ചാണല്ലോ സംസാരിച്ചത്. കോശവിഭജന
പ്രക്രിയക്കിടയില്‍ അതിലേറെ അത്ഭുതകരമായ മറ്റൊരു വികാസം കൂടി
അരങ്ങേറുന്നുണ്ട്. സാധാരണ കോശങ്ങള്‍ വിഭജിച്ച് മാതൃകോശത്തിന്റെ തികച്ചും
സമാനമായ രണ്ട് പുത്രകോശങ്ങള്‍ നിലവില്‍ വരികയാണല്ലോ ചെയ്യുന്നത്.
പ്രത്യുല്‍പാദന കോശങ്ങള്‍ പ്രത്യുല്‍പാദന പ്രക്രിയയുടെ ഭാഗമായി
മറ്റൊന്നായി വളരുന്നുണ്ട് എന്ന് നമുക്കറിയാം. ലൈംഗിക ബന്ധത്തിലൂടെ
കൂടിച്ചേര്‍ന്ന് പൂര്‍ണ കോശമായി വിഭജിച്ച് ഭ്രൂണമാകുന്ന പ്രത്യുല്‍പാദന
അര്‍ധകോശങ്ങള്‍, ആ വളര്‍ച്ചക്കിടയില്‍ മറുപിള്ള (Placenta) രൂപീകരണത്തില്‍
അവയടെ ഭാഗധേയം നിര്‍വഹിക്കുന്നു. മാതൃഗര്‍ഭപാത്രത്തിലെ കോശങ്ങളും മറുപിള്ളാ
രൂപീകരണത്തില്‍ അവയുടേതായ പങ്കു വഹിക്കുന്നുണ്ട്. ഗര്‍ഭധാരണത്തിന്റെ
അഞ്ചാം ദിവസം ഭ്രൂണത്തിലുണ്ടാവുന്ന വളര്‍ച്ചയാണ് ബ്ലാസ്‌റ്റോസിസ്റ്റ്
(Blastocyst). ഏകദേശം 0.1 – 0. 2 മില്ലിമീറ്റര്‍ വ്യാസവും 200-300
കോശങ്ങളും ഉള്‍ക്കൊള്ളുന്ന ഒരു വളര്‍ച്ചയാണിത്. ഒരു ദിവസത്തിന് ശേഷം ഇത്
ഗര്‍ഭാശയഭിത്തിയിലെ എന്‍ഡോമെട്രിയ(Endometrum)ത്തി ല് ഒട്ടിപ്പിടിക്കുന്നു. ഇതിന്റെ പുറംപാളി ട്രോഫോബ്ലാസ്റ്റാ(Trophoblats) യി
വളരുന്നു. ഈ ട്രോഫോബ്ലാസ്റ്റാണ് മറുപിള്ളയിലെ പ്രധാന ഘടകം. ഇതാണ്
പ്ലാസെന്റയുടെ വളര്‍ച്ചയില്‍ ഭ്രൂണത്തിന്റെ ഭാഗത്തുനിന്നുള്ള
സംഭാവനയെങ്കില്‍ അമ്മയുെട ഭാഗത്തുനിന്നുള്ള സംഭാവന ഡെസിഡ്യുവ(Decidua)യാണ്.
ഗര്‍ഭാവസ്ഥയിലെ എന്‍ഡോമെട്രിയം പാളിയാണ് ഡെസിഡ്യൂവ എന്നറിയപ്പെടുന്നത്.
ഇത് വളരുന്നത് സവിശേഷ കോശങ്ങള്‍ പ്രൊജസ്റ്ററോണ്‍ (Progestrone)
ഹോര്‍മോണിനാല്‍ ഉത്തേജിക്കപ്പെടുമ്പോഴാണ്. ട്രോഫോബ്ലാസ്റ്റും ഡെസിഡ്യുവയും
കൂട്ടുത്തരവാദിത്വത്തോടെ സഹകരിച്ചുള്ള വളര്‍ച്ചയാണ് മറുപിള്ള (Placenta). ഈ
മറുപിള്ളയാണ് ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചക്കും പ്രതിരോധത്തിനും
ആവശ്യമായതെല്ലാം ചെയ്യുന്നത്. ഗര്‍ഭസ്ഥ ശിശുവിന് വേണ്ട പോഷണങ്ങള്‍
നല്‍കല്‍, ശിശുവില്‍ നിന്നുള്ള മാലിന്യങ്ങള്‍ നീക്കം ചെയ്യല്‍, വായുവിനമയം,
രോഗപ്രതിരോധം, ആവശ്യമായ ഹോര്‍മോണ്‍ ഉല്‍പാദനം, എല്ലാം പ്ലാസന്റയാണ്
നിര്‍വഹിക്കുന്നത്. ഇങ്ങനെ കൃത്യമായി പ്രവര്‍ത്തിക്കുന്ന മറുപിള്ള
കുഞ്ഞിന്റെ ജനനത്തിന് ശേഷം 15-30 മിനുട്ടുകള്‍ക്കുള്ളില്‍
മാതൃഗര്‍ഭപാത്രത്തില്‍ നിന്ന് യോനിയിലൂടെ പുറംതള്ളപ്പെടുന്നു. കുഞ്ഞിന്റെ
പ്രസവത്തോടെ മറുപിള്ളയും കുഞ്ഞുമായുള്ള ബന്ധം വിഛേദിക്കുന്നു. കുഞ്ഞില്‍
ബാക്കി നില്‍ക്കുന്ന പൊക്കിള്‍കൊടി ഏതാനും ദിവസങ്ങള്‍ക്കകം ഉണങ്ങി
പൊഴിഞ്ഞുവീഴുന്നു.(254)
ഭ്രൂണത്തിലെ ബ്ലാസ്‌റ്റോസിസ്റ്റിന് മാതൃഗര്‍ഭപാത്രത്തിലെ
എന്‍ഡോമെട്രിയത്തില്‍ ഒട്ടിപ്പിടിക്കാനും ട്രോഫോ ബ്ലാസ്റ്റായി വളര്‍ന്ന്
ഗര്‍ഭപാത്രത്തിലെ എന്‍ഡോമെട്രിയത്തിലെ ഡെസിഡ്യുവയുമായി സഹകരിച്ച്
കൂട്ടുത്തരവാദിത്തത്തോടെ ഒരൊറ്റ അവയവമായി വളരാനും ഒന്നായി
പ്രവര്‍ത്തിക്കാനും ഏത് പ്രാദേശിക നിയമമാണ് നിര്‍ദ്ദേശം നല്‍കിയത്?
തികച്ചും വ്യത്യസ്തമായ രണ്ട് സ്വതന്ത്ര ജീവികളുടെ ഭാഗങ്ങള്‍
കൂടിച്ചേര്‍ന്ന് ഒരു താല്‍ക്കാലിക അവയവം രൂപകല്‍പ്പന ചെയ്യപ്പെടുകയും അത് ഈ
രണ്ട് പ്രത്യേക പ്രാദേശിക ഭരണകൂടങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന
നയതന്ത്ര പ്രതിനിധിയായി സ്വയം ഉത്തരവാദിത്വമേറ്റെടുക്കുകയും ചെയ്യുന്നത്
ഏത് പ്രാദേശിക നിയമം വിശദീകരിക്കും? ഒരു കാര്യം വ്യക്തമാണ്.
ഭ്രൂണവളര്‍ച്ചയുടെ ഏതു ഘട്ടമെടുത്താലും പ്രാപഞ്ചിക നിയമങ്ങളെയും
ജൈവസസ്യലോകത്തെ മറ്റേതൊരു ജൈവഘടനകളേയും പോലെ ഒരു നിയാമകന്റെ/ആസൂത്രകന്റെ
കണിശവും വ്യക്തവുമായ ആസൂത്രണങ്ങളും നിയന്ത്രണവുമില്ലാതെ ഇതൊന്നും
പ്രവര്‍ത്തിക്കുകയോ വളരുകയോ ചെയ്യില്ല. ഒരു സംവിധായകനെ അംഗീകരിക്കാതെ,
അവന്റെ പരിപൂര്‍ണ്ണ അസ്തിത്വവും അധികാരവും ഏകാധിപത്യവും അംഗീകരിക്കാതെ,
ഇതൊന്നും വിശദീകരിക്കാന്‍ സാധ്യമല്ല. ഇതെല്ലാം ആസൂത്രണം ചെയ്യുകയും
നിയന്ത്രിക്കുകയും ചെയ്യുന്ന ആസൂത്രകനും നിയാമകനും സംവിധായകനും
നിയന്താവുമാണ് പ്രപഞ്ചസ്രഷ്ടാവായ ദൈവം; ദൈവത്തെ അംഗീകരിക്കാന്‍ പരിണാമ
വിശ്വാസികളുടെ അഹങ്കാരം അവരെ അനുവദിക്കുന്നില്ലെങ്കിലും.
കുറിപ്പുകള്‍:
236. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസമയം പരിണാമത്തിന്റെ തെളിവുകള്‍, സി. രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 283.
237. അതേ പുസ്തകം പേജ് 281.
238. അതേ പുസ്തകം പേജ് 282.
239. അതേ പുസ്തകം പേജ് 43.
241. അതേ പുസ്തകം പേജ് 276.
242. അതേ പുസ്തകം പേജ് 276, 277.
243. അതേ പുസ്തകം പേജ് 277.
244. അതേ പുസ്തകം പേജ് 277.
245. അതേ പുസ്തകം പേജ് 277.
246. അതേ പുസ്തകം പേജ് 277, 278.
249. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസമയം പരിണാമത്തിന്റെ തെളിവുകള്‍, സി. രവിചന്ദ്രന്‍, ഡിസി ബുക്‌സ്, പേജ് 272.
250. അതേ പുസ്തകം പേജ് 272.
251. യുക്തിയുഗം മാസിക, ജനുവരി 2014, പേജ് 17-34.
252. യുക്തിയുഗം മാസിക, ജനുവരി 2014, പേജ് 5-10.
253. യുക്തിദര്‍ശനം, ചീഫ് എഡിറ്റര്‍ ലോകനാഥന്‍. എ.ടി, കോവൂര്‍ ട്രസ്റ്റ്, കോഴിക്കോട്, മുഖവുര, പേജ് 5.