Followers

Friday, December 14, 2012

നക്ഷത്രത്തോളം ഉയര്‍ന്ന മലയാളി പെണ്‍കുട്ടി

മാതൃഭൂമി വാര്‍ത്ത

Published on  02 Dec 2012

പി.എ. ബാബു


എടക്കര (മലപ്പുറം): നീലാങ്കോടന്‍ ബീരാന്‍കുട്ടിയുടെ മകള്‍ നസ്‌ലിം എന്ന 27-കാരി ആകാശത്തോളം ഉയര്‍ന്നത് നാടറിഞ്ഞില്ല. എടക്കരയെന്ന മലയോരമേഖലയില്‍ വളര്‍ന്ന ഇവളുടെ പേരില്‍ നാലാള്‍ അറിയേണ്ട ഒരു പെരുമയുണ്ട് .

'സിര്‍ക്കോണിയംസ്റ്റാര്‍' എന്ന് ശാസ്ത്രലോകം പേരിട്ട നീലനക്ഷത്രത്തെ കണ്ടെത്തിയത് നസ്‌ലിമും കൂട്ടുകാരുമാണ്. അയര്‍ലന്‍ഡിലെ ബെല്‍ഫാസ്റ്റ് ക്യൂന്‍ യൂണിവേഴ്‌സിറ്റിയില്‍ നടത്തിയ പഠനത്തിലായിരുന്നു ഈ കണ്ടെത്തല്‍.

'ഹോട്ട് സബ്ഡ് വാര്‍ഫ്' ഇനത്തില്‍പ്പെട്ട നക്ഷത്രങ്ങളുടെ പഠനത്തില്‍ പി.എച്ച്.ഡി നേടാനാണ് 2008-ല്‍ നസ്‌ലിം അയര്‍ലന്‍ഡിലെത്തിയത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡ് ആര്‍മാഗ് ഒബ്‌സര്‍വേറ്ററിയിലെ ഡോ. സൈമണ്‍ ജെഫ്‌റിയായിരുന്നു ഗൈഡ്. ഗവേഷണം പുരോഗമിക്കുമ്പോഴാണ് 'ഇരട്ട വെള്ളക്കുള്ളന്മാര്‍' എന്നറിയപ്പെടുന്ന വയസ്സന്‍ നക്ഷത്രങ്ങളിലേക്ക് ശ്രദ്ധ തിരിഞ്ഞത്. ഇതിനിടയില്‍ പ്രത്യേക തരംഗ ദൈര്‍ഘ്യവും മറ്റ് ചില സവിശേഷതകളുമുള്ള ഒരു നക്ഷത്രം ശ്രദ്ധയില്‍പ്പെട്ടു. അതോടെ പഠനം ഈ വഴിക്ക് നീങ്ങി. പി.എച്ച്.ഡിയുടെ വിഷയവും ഈ നക്ഷത്രത്തെക്കുറിച്ചായി.

1920-കളില്‍ നടന്ന ചില പഠനങ്ങള്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഇതിന്റെ സഹായത്താല്‍, നക്ഷത്രം നിറയെ സിര്‍ക്കോണിയം മൂലകമാണെന്ന് തിരിച്ചറിഞ്ഞു. ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ പ്രൊഫ. അലന്‍ ഹിബേര്‍ട്ട് ഈ മൂലകത്തിന്റെ അറ്റോമിക സ്വഭാവം നിര്‍ണയിച്ചു. സൂര്യനില്‍ കാണുന്നതിന്റെ പതിനായിരം മടങ്ങ് സിര്‍ക്കോണിയം മൂലകം ഈ നക്ഷത്രത്തിലുണ്ടെന്ന് കണ്ടെത്തി. മൂലകത്തിന്റെ കേന്ദ്രത്തില്‍ ഹീലിയം കത്തുന്നു. ബാക്കിയുള്ള ഭാഗം മേഘാവൃതംപോലെ സിര്‍ക്കോണിയവും. LS IV-14 116 എന്ന് ശാസ്ത്രലോകം വിളിച്ചിരുന്ന ഈ നക്ഷത്രം നസ്‌ലിമും കൂട്ടുകാരും ചേര്‍ന്ന് സിര്‍ക്കോണിയം സ്റ്റാറാക്കി. ഈ നക്ഷത്രം ഇപ്പോള്‍ ഈ പേരിലാണ് അറിയപ്പെടുന്നത്. സിര്‍ക്കോണിയം ഉപയോഗിക്കുന്നത് കൃത്രിമ വജ്രത്തിന്റെ നിര്‍മാണത്തിനാണ്.

ബെല്‍ജിയം ബ്രൂക്‌സ്‌ലെസ് യൂണിവേഴ്‌സിറ്റിയിലെ നദാലിയ ബഹ്‌റ, ക്യൂന്‍ യൂണിവേഴ്‌സിറ്റിയിലെ അലന്‍ ഹിബേര്‍ട്ട് എന്നിവരായിരുന്നു സഹപ്രവര്‍ത്തകര്‍. 2011 സപ്തംബറില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കി.

ചുങ്കത്തറ മാര്‍ത്തോമ കോളേജില്‍നിന്ന് ബി.എസ്‌സി ഫിസിക്‌സും കോട്ടയം മഹാത്മ യൂണിവേഴ്‌സിറ്റിയില്‍നിന്ന് എം.എസ്‌സി ഫിസിക്‌സും നേടിയശേഷം ബാംഗ്ലൂരിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആസ്‌ട്രോ ഫിസിക്‌സില്‍ റിസര്‍ച്ച് അസിസ്റ്റന്റായിരുന്നു നസ്‌ലിം. അവിടെനിന്നാണ് ഫെല്ലോഷിപ്പോടെ പി.എച്ച്.ഡിക്കായി അയര്‍ലന്‍ഡില്‍ എത്തിയത്.
പിതാവ് ബീരാന്‍കുട്ടി എടക്കരയില്‍ ഡക്കറേഷന്‍ സ്ഥാപനം നടത്തുന്നു. ഉമ്മ മറിയക്കുട്ടി.

നക്ഷത്രങ്ങളില്‍ കാണുന്ന മറ്റ് മൂലകങ്ങളുടെ സാന്നിധ്യത്തെക്കുറിച്ച് ഉപരിപഠനം നടത്താനാണ് തന്റെ ലക്ഷ്യമെന്ന് നസ്‌ലിം പറഞ്ഞു. നസ്‌ലിമിന്റെ പ്രബന്ധം വായിക്കാന്‍: http://arxiv.org/abs/1010.5146 ഈ ലിങ്കില്‍ ക്ലിക്കുക 

No comments: