Followers

Wednesday, September 26, 2012

നിലമ്പൂര്‍ ആയിഷയെന്ന ദുഃഖപുത്രി

'ഭാരതീയ യുക്തിവാദിസംഘം സംസ്ഥാന സെക്രടറി ശ്രീനി പട്ടത്താന'ത്തിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന യുക്തിവാദി മാസിക 'യുക്തിരാജ്യം' 2012 ആഗസ്ത് ലക്കം കവര്‍ സ്റ്റോറി 'മതം വേട്ടയാടിയ മലയാള നടിയുടെ ദാരുണമായ കഥ'യാണ്.  ലേഖനം തയ്യാറാക്കിയതും മാസിക പത്രാധിപര്‍ ശ്രീനി പട്ടത്താനം തന്നെയെന്നത് ലേഖനത്തിന്റെ പ്രസക്തിയും മൌലികതയും വര്‍ദ്ധിപ്പിക്കുന്നു.

ലേഖനത്തില്‍ ആദ്യകാല കമ്യുണിസ്റ്റു നാസ്തിക നാടകവേദികളിലെ മുഖ്യാകര്‍ഷണവും മലയാള സിനിമാ വ്യവസായത്തിന് തന്നാലാവുന്ന സേവനങ്ങള്‍ ചെയ്ത നിലമ്പൂര്‍ ആയിഷ  എന്ന പെണ്ണിന്റെ, വയോദികയുടെ ഇന്നിന്റെ ഇന്നലകളുടെ നേര്‍ ചിത്രം വരച്ചിട്ടിരിക്കുന്നു.

ആയിഷയുടെ കുട്ടിക്കാലം ശ്രീനിയുടെ ലേഖനത്തില്‍ നിന്ന് ''ആയിഷയുടെ ഉമ്മയുടെ പരിചരണത്തിനായി നാല് സ്ത്രീകള്‍ ഉണ്ടായിരുന്നു. അടുക്കളയില്‍ മൂന്നു പേരും കുഴമ്പ് തേപ്പിക്കാനും താളി ഉരക്കാനും മറ്റുമായി ഒരാളും. കുടുംബത്തില്‍ സ്ഥിരമായി രണ്ടു തട്ടാന്‍മാര്‍ പണിയെടുത്തിരുന്നു.വീട്ടാവശ്യത്തിന് സ്വര്‍ണാഭരണങ്ങള്‍ ഉമ്മായുടെ ഇഷ്ടത്തിനനുസരിച്ചും പുതിയ ഫാഷന്‍ അനുസരിച്ചും പണിയുന്നതിനായി(1) ഇതില്‍ നിന്നും ആയിഷയുടെ കുടുംബത്തിന്റെ അന്നത്തെ സാമ്പത്തിക നിലയും ആര്‍ഭാടവും വ്യക്തമാവുന്നു. സമൂഹത്തിലെ മഹാ ഭൂരിപക്ഷം മനുഷ്യര്‍ക്കും   താളും തവരയും ചേമ്പും ചേനയും ചക്കയും കപ്പയും പഷിയടക്കാന്‍ ലഭിക്കാതിരുന്ന കാലത്തെ ആയിഷയുടെ വീട്ടിലെ ചില  വിശേഷങ്ങള്‍ കൂടി.

''ഉമ്മയ്ക്ക് സഞ്ചരിക്കാന്‍ പ്രത്യേകം തയ്യാറാക്കിയ കാളവണ്ടിയുണ്ടായിരുന്നു............. ആയിഷയുടെ ബാപ്പയ്ക്ക് സ്വന്തമായി ആനകള്‍ ഉണ്ടായിരുന്നു. ആനയ്ക്ക് ചോറ് ഉരുളകളായി കൊടുക്കുന്നത് നോക്കിനില്‍ക്കുന്നത് ആയിഷക്കു രസമായിരുന്നു.(2) ഈ വായിച്ചവ ആയിഷയുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയും ഐശ്വര്യവും സൌകര്യങ്ങളും വിലയിരുത്താനും മനസ്സിലാക്കാനും ധാരാളമാണ്. അവരുടെ പിതാവിന്റെ സാമൂഹിക  ഔനിത്യവും  സ്ഥാനവും ലേഖനത്തിലെ ആദ്യ വാചകത്തില്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. ''നിലമ്പൂര്‍ കോവിലകത്ത് നിന്നും കല്പിച്ചു കിട്ടിയ 'മുത്തുപട്ട' സ്ഥാനവുമായി നിലമ്പൂര്‍ ദേശത്ത് നാട്ടുപ്രമാണിയായി  വാണിരുന്ന മുക്കട്ട മുത്തേടത്ത് അഹമ്മദ് കുട്ടിയുടെ മകളാണ് ആയിഷ''(3)  ആയിഷയുടെ പിതാവിന്റെ സാമ്പത്തിക ഭദ്രതയും വ്യാപാര വ്യവസായങ്ങളും കൂടി ലേഖനത്തില്‍ നിന്ന് തന്നെ വായിക്കാം. ''ആയിഷയുടെ ബാപ്പ വലിയ മരക്കച്ചവടക്കാരനായിരുന്നു. കോവിലകം കാടുകളില്‍ നിന്ന് മുറിക്കുന്ന തേക്കും മറ്റും  സ്വദേശത്തും വിദേശത്തുമായി നടത്തുന്ന കച്ചവടം, തേയിലപ്പൊടിയുടെ കച്ചവടം, ചൂളക്കരിയുടെ കച്ചവടം തുടങ്ങിയ പല ബിസിനസ്സുകള്‍ ആയിഷയുടെ ബാപ്പക്കുണ്ടായിരുന്നു.''(4) ആവരുടെ പിതാവിന് മുത്തുപ്പട്ട സ്ഥാനം നല്‍കി ആദരിച്ചത് നിലമ്പൂര്‍ കോവിലകമായിരുന്നുവെന്ന് ലേഖനത്തിലെ തുടക്കത്തില്‍ നിന്ന് തന്നെ വ്യക്തമായിരുന്നു. അതിനുണ്ടായ സാഹചര്യം കൂടി ലേഖനം വിലയിരുത്തുന്നു. ''921- ല്‍ ലഹളക്കാലത്ത് കോവിലകക്കാരുടെ നേരെ ആക്രമണം വരുമെന്ന് ഉറപ്പായപ്പോള്‍ അവരെ സംരക്ഷിക്കുന്നതിനു ആയിഷയുടെ ബാപ്പ മുഖ്യ പങ്ക് വഹിച്ചിട്ടുണ്ട്. ഹിന്ദു-മുസ്ലിം മൈത്രിയില്‍ ബാപ്പ വിശ്വസിച്ചിരുന്നു. നാട്ടുപ്രമാണിക്കുള്ള 'മുത്തുപ്പട്ട' സ്ഥാനം അവരാണ് ബാപ്പയ്ക്ക് നല്‍കിയത്.(5)  

മലബാര്‍ കലാപ കാലത്ത് നിലമ്പൂര്‍ കോവിലകത്തുകാരെ സ്വതന്ത്ര സമര സേനാനികളില്‍ നിന്ന് രക്ഷിക്കാന്‍ മുന്‍ കയ്യെടുത്ത് അവരുടെ വിശ്വാസ്യത നേടിയത് കൊണ്ടാണ് ആയിഷയുടെ പിതാവിന് അവരില്‍ നിന്ന് മുത്തുപ്പട്ട സ്ഥാനം ലഭിച്ചത്. അത് പോലെ ബ്രിടീഷുകാരില്‍ നിന്ന് അധികാരി സ്ഥാനവും ഖാന്‍ബഹദൂര്‍, ഖാന്‍സാഹിബ്‌ പട്ടവും ലഭിച്ച നിരവധി പേര്‍ മലബാറിലെങ്ങുമുണ്ടായിരുന്നു. എന്റെ പ്രദേശത്തു തന്നെ അധികാരികളും ഖാന്‍ബഹദൂറും  ഖാന്‍ സാഹിബുമെല്ലാം ഉണ്ടായിരുന്നത് കണ്ടു, കേട്ടറിവുണ്ട്.

നിലമ്പൂര്‍ കോവിലകത്തിന് നേരെ അക്രമം ഉണ്ടാവാന്‍ പ്രത്യേക കാരണം ഉണ്ടായിരുന്നത് കൂടി വിലയിരുത്തേണ്ടതുണ്ട്.  അത് പരിഗണിക്കാതിരിക്കുന്നത് ഭാരതത്തിന്നു  സ്വാതന്ത്ര്യം നേടിത്തന്ന ധീര ദേശാഭിമാനികളോട് ചെയ്യുന്ന അക്രമമാവും. ''മലബാര്‍ കലാപത്തെ ജനവിരുദ്ധമായി ചിത്രീകരിക്കാനാണ് മാപ്പിള ലഹളയെന്നു ഭരണവര്‍ഗ്ഗം  അതിനെ വിളിച്ചത്. 1921 ഓഗസ്റ്റ് 19നാണ് മലബാര്‍ കലാപത്തിന് വഴിവച്ച സംഭവം നടന്നത്.''(6 )

ആ സംഭവം എന്തെന്ന് കൂടി വിശദീകരിക്കുന്നുണ്ട് വെബ്ദുനിയ ലേഖനം ''നിലമ്പൂര്‍ കോവിലകത്തെ ആറാം തിരുമുല്‍പാടിന്‍റെ തോക്ക് കളവു പോയതാണ് കലാപങ്ങള്‍ക്ക് വഴിവച്ചത്. തോക്ക് മോഷ്ടിച്ചത് പൂക്കോട്ടൂര്‍ ഖിലാഫത്ത് കമ്മറ്റി സെക്രട്ടറി വടക്കേ വീട്ടില്‍ മുഹമ്മദാണെന്നായിരുന്നു പൊലീസിന്‍റെ നിഗമനം.
മുഹമ്മദിന്‍റെ അറസ്റ്റ് ചെയ്യാന്‍ ഓഗസ്റ്റ് 19ന് പൊലീസ് അദ്ദേഹത്തിന്‍റെ വീട്ടിലെത്തി. മുഹമ്മദിനെ വിട്ടുകൊടുക്കാന്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും തയ്യാറല്ലായിരുന്നു.''(7)

എന്ത് കൊണ്ടാണ് ആ രാജ്യസ്നേഹിയെ.  സ്വതന്ത്രസമര നായകനെ കള്ളക്കേസില്‍ കുടുക്കി കള്ളനാകി ചിത്രീകരിച്ചത് എന്നതിന്റെ ഒരേകദേശ രൂപവും ഇതേ ലേഖനം പറയുന്നുണ്ട്. 
''കലാപം അടിച്ചമര്‍ത്താന്‍ ജന്‍‌മിമാര്‍ക്കൊപ്പം നിന്ന ബ്രിട്ടീഷുകാര്‍ അതിനെ ഹിന്ദുക്കള്‍ക്കെതിരായ കലാപമായി ചിത്രീകരിച്ചു. മലബാറിലെ സമൂഹിക വ്യവസ്ഥയനുസരിച്ച് ജന്മികളത്രയും ഹിന്ദുക്കളായിരുന്നു. ഇതു മനസിലാക്കിയാണ് ഭരണകൂടം വര്‍ഗീയ വികാരം ഇളക്കിവിട്ടത്.''(8)

വസ്തുത വ്യക്തമാണ്. നിരപരാധികളായ ഖിലാഫത്ത് പ്രവര്‍ത്തകരെ കുറ്റവാളികളും വര്‍ഗ്ഗീയവാദികളും കള്ളന്മാരും കൊള്ളക്കാരുമായി ചിത്രീകരിക്കാന്‍ കാരണക്കാരനും തുടക്കക്കാരനും ഇപ്പറഞ്ഞ നിലമ്പൂര്‍ കൊവിലകക്കാരും അവിടുത്തെ ആറാം തിരുമു(റിവ്)ല്പാടുമായിരുന്നത് കൊണ്ട് ഖിലാഫത്ത് ഭടന്മാരുടെ പ്രതികരണങ്ങളില്‍ നിലമ്പൂര്‍ കോവിലകക്കാര്‍ ഉള്‍പ്പെടുക സ്വാഭാവികം മാത്രം.

തങ്ങളുടെ നേരെ അക്രമങ്ങള്‍ക്കും സൈനിക നടപടികള്‍ക്കും ദേശത്തു യുദ്ധത്തിനും അരക്ഷിതാവസ്തക്കും കാരണക്കാരായ ബ്രിട്ടീഷ് പട്ടാളത്തിനും അവരുടെ കാലുനക്കി നാടുവാഴികള്‍ക്കും ഖാന്‍ബഹദൂര്‍മാര്‍ക്കും അധികാരി മേലാളന്‍മാര്‍ക്കുമെതിരെയുള്ള ആക്രമങ്ങള്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗം തന്നെയായിരുന്നു. തീര്‍ച്ചയായും നിലമ്പൂര്‍ കൊവിലകക്കാരുടെ നേര്‍ക്കുണ്ടായ അക്രമവും ആ സമരത്തിന്റെ ഭാഗം മാത്രവും.

ഈ യുദ്ധം കൊടുമ്പിരികൊണ്ടിരുന്ന സമയത്ത്  തന്നെയാണ് തിരൂരങ്ങാടിക്കടുത്ത വെന്നിയൂരിലെ കപ്രാട്ട് നായര്‍ തറവാടിനു ഖിലാഫത്ത് പ്രവര്‍ത്തകര്‍ സാമൂഹ്യദ്രോഹികളുടെ ആക്രമണങ്ങളില്‍  നിന്ന് സംരക്ഷിക്കാന്‍ കാവല്‍ നിന്നിരുന്നത്. അന്നത്തെ സാഹചര്യത്തില്‍ സ്വാതന്ത്ര്യ സമര പ്രവര്‍ത്തകര്‍ ജാതിയോ മതമോ നോക്കാതെ ബ്രിട്ടീഷ്ചട്ടുകങ്ങള്‍ക്ക് നേരെ നടപടികള്‍ സ്വീകരിച്ചിരുന്നു എന്നതും വസ്തുതയാണ്. ഒരു സംഭവം ആനക്കയം ഗ്രാമ പഞ്ചായത്ത് വെബ്‌സൈറ്റില്‍ നിന്ന് ''ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനും, നാടുവാഴി പ്രഭുക്കള്‍ക്കും ഭൂജന്മിമാര്‍ക്കും എതിരായുള്ള 1921-ലെ, “മലബാര്‍ കലാപ”ത്തിന്റെ പ്രധാനകേന്ദ്രമായിരുന്നു ഈ പ്രദേശം. അന്നത്തെ പോലീസ് ഇന്‍സ്പെക്ടറായിരുന്ന ഖാന്‍ ബഹാദൂര്‍ കെ.വി.ചേക്കുട്ടിയെ, സമരസേനാനികള്‍ വെടിവെച്ചുകൊന്ന്, തല കുന്തത്തില്‍ നാട്ടി പ്രദര്‍ശിപ്പിച്ചിരുന്നു. അയാളുടെ സ്മരണയ്ക്കായി ബ്രിട്ടീഷ് സര്‍ക്കാര്‍ നിര്‍മ്മിച്ച, പുള്ളിയിലങ്ങാടിയിലെ പൊതുകിണര്‍ ഇന്നും ചരിത്രസ്മാരകമെന്ന പോലെ നിലനില്‍ക്കുന്നു.''(9)  അന്നത്തെ ഒരു ഖാന്‍ബഹദൂറിനു ഉണ്ടായ അനുഭവമാണ് നാം വായിച്ചത്.

ഇത്രയും വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ കാരണം പട്ടത്താനത്തിന്റെ ലേഖനം വരികള്‍ക്കിടയില്‍ വായിച്ചാല്‍ മലബാര്‍ കലാപം. സ്വാതന്ത്ര്യസമരം  ഹിന്ദു മുസ്ലിം ലഹളയായിരുന്നു എന്ന ദുസ്സൂചനയുള്ളത്  കൊണ്ടാണ്. ആ ബ്രിട്ടീഷ് മൂട് താങ്ങികളുടെ കാലു തിരുമ്മി കൊടുത്ത പലര്‍ക്കും  കോല്‍ക്കാരനും അധികാരിയും മുത്തുപട്ടയുമായി അംഗീകാരം കിട്ടിയിരുന്നു എന്നത് യാഥാര്‍ത്യമാണ്. 


ഭാരതത്ത്ന്റെ സ്വാതന്ത്ര്യ സമര ചരിത്രത്തില്‍, കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ വെള്ളിനക്ഷ്ത്രമായി മിന്നിയ മഹാ പ്രതിഭയുടെ  കുടുംബത്തില്‍, രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തിനു വേണ്ടി പൊരുതി ബ്രിട്ടീഷ് പട്ടാളത്തിന്റെ തോക്കിനു മുന്നില്‍ വിരിമാറു കാട്ടി വീരമൃത്യു വരിച്ച വല്യുപ്പാന്റെ പേരക്കിടാവിന്..... അതൊക്കെ പോട്ടെ ഭാരതത്തില്‍ പിറന്നതിലും   ജീവിക്കുന്നതിലും  അഭിമാനം കൊള്ളുന്ന ഏതൊരു രാജ്യ സ്നേഹിക്കും ഭാരതത്തിന്റെ  സ്വാതന്ത്ര്യ സമരത്തെ ഇകഴ്ത്തുന്ന യാതോന്നും  അംഗീകരിക്കാനോ സഹിക്കാനോ കഴിയില്ല.  ആ വേദന മനസ്സിലാക്കാന്‍ ചരിത്രമറിയാത്ത, ചരിത്രമില്ലാത്തവര്‍ക്കാവില്ല.

 ആയിഷയെ  കുറിച്ചുള്ള ലേഖനത്തിലേക്ക്  തന്നെ പോകാം. ആയിഷയുടെ കുടും ബത്തിന്റെ പരിണാമം കൂടി വ്യക്തമാവുന്ന ഒരു വാചകം. ''ഏതാനും വര്‍ഷങ്ങള്‍ക്കു ശേഷം നാട്ടു പ്രമാണിയായി വാണ തന്റെ പിതാവിന്റെ ദയനീയ തകര്‍ച്ച കൂടി കുട്ടിയായ ആയിഷക്കു നേരിട്ട് കാണേണ്ടിവന്നു. ആയിഷയുടെ ബാപ്പ അനുദിനം കച്ചവടത്തില്‍ തകരാന്‍ തുടങ്ങി. എങ്ങനെ തകരാന്‍ ഇടയായി എന്ന് കുട്ടിയായ ആയിഷക്കു മനസ്സിലായില്ല. ആനയും അമ്പാരിയുമായി നടന്ന നാട്ടുപ്രമാണി ആറടി മണ്ണുപോലും ഇല്ലാത്ത അവസ്ഥയിലേക്ക് നിലം പതിച്ചു.''(10) ആയിഷയുടെ പിതാവിന്റെയും കുടുംബത്തിന്റെയും സാമ്പത്തികാടിത്തറയും ഐശ്വരങ്ങളും തകര്‍ന്നു എന്ന് മാത്രമല്ല വളരെയേറെ ദാരിദ്ര്യവും  പട്ടിണിയും പരിവട്ടവുമായി ഏറെ കഷ്ട്ടപ്പെട്ടു അവരുടെ പിതാവിന്റെ മരണശേഷം മാതാവ്, 'എണ്ണയും കുഴമ്പും തേപ്പിച്ചു താളിയുരച്ചു കുളിപ്പിക്കാന്‍ മാത്രം ഭൃത്യയുണ്ടായിരുന്ന  ആയിഷയുടെ മാതാവ്' നെല്ലുകുത്തുകാരിയായി വരെ പണിയെടുക്കേണ്ടി വന്ന അവസ്ഥ കൂടി ആ ലേഖനത്തിലുണ്ട്. ''ഒരു ദിവസം ബാപ്പാന്റെ സില്‍ബന്ധക്കാരില്‍ ചിലര്‍ വീട്ടില്‍ വന്നു. നിങ്ങളെ ഇങ്ങനെ ജീവിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. എന്ന് പറഞ്ഞു വിളിച്ചു കൊണ്ട് പോവുകയും നിലമ്പൂരിലെ ഒരു നെല്ല്കുത്ത് മില്ലില്‍ ജോലി തരപ്പെടുത്തി കൊടുക്കുകയും ചെയ്തു.(11) കൂടുതല്‍ വിശദീകരണങ്ങളേതുമില്ലാതെ  ആ നിരാലംബ കുടുംബത്തിന്റെ ദാരിദ്ര്യവും കഷ്ടപ്പാടുകളും വ്യക്തമാക്കുന്ന വാചകം. ഏതാനും വര്‍ഷം ഈ അവസ്ഥയിലേക്ക് ആ കുടുംബത്തെ പരിവര്‍ത്തിപ്പിച്ച  സാമൂഹ്യ  സാമ്പത്തിക സാഹചര്യങ്ങളെ കുറിച്ച് ലേഖനം മൌനം പാലിക്കുന്നു. അത് പ്രസക്തമല്ല എന്നാലും ഇത്രയും സാമ്പത്തിക സാമൂഹ്യ ഉന്നതിയിലുണ്ടായിരുന്ന ആ കുടുംബം ദാരിദ്ര്യത്തിലേക്കും പട്ടിണിയിലേക്കും കൂപ്പുകുത്തി എന്നത് എത്ര ദയനീയവും സങ്കടകരവുമല്ല.

ആയിഷയെന്ന നാടകനടിയെ,  സിനിമാനടിയെ സൃഷ്‌ടിച്ച  സാമൂഹ്യ, സാമ്പത്തിക, പരിണാമ ശാസ്ത്രം ഈ പട്ടിണിയും ദാരിദ്ര്യവുമല്ലാതെ മറ്റൊന്നുമല്ല. അക്കാര്യം കൂടി ലേഖനം വരച്ചു കാട്ടുന്നു. ''ആയിഷ ഉമ്മയോട് അനുവാദം ചോദിച്ചു. ഉമ്മ ഉടന്‍ പറഞ്ഞു 'ഇത് ഇസ്ലാമിന് ചേര്‍ന്നതാണോ?. മുസ്ലിം സമുദായത്തിന് ഇത് നിഷിദ്ധമാണെന്ന് അറിയില്ലേ?. ഇതൊന്നും പാടില്ല'. ഉടന്‍ ആയിഷ ഉമ്മയോട് പറഞ്ഞു 'നമ്മള് കഷ്ടപ്പെടുമ്പോ നമ്മളെ രക്ഷിക്കാന്‍ ആരുമുണ്ടായിരുന്നില്ല. അവര് ശിക്ഷിക്കാന്‍ നടക്കണ്ട'. ആയിഷ വായില്‍ വന്ന ഒരു ഡയലോഗ്  പറഞ്ഞു. അത് ഉമ്മയ്ക്ക് ശരിക്ക് കൊണ്ട്. പിന്നീടു ഉമ്മ ഒന്നും പറഞ്ഞില്ല.(12) ആയിഷക്കു വായില്‍ തോന്നിയ ഈ ഒരു വാചകം ഉമ്മയുടെ അഭിമാനവും കുലീനതയും സാമൂഹ്യ ബോധവും മത ബോധവും  മാറ്റി വച്ച് മിണ്ടാപ്രാണിയാക്കാന്‍ മാത്രം ശക്തമായിരുന്നു ആ കുടുംബത്തിലെ ദാരിദ്ര്യം.

ഒരു പാട് നീളും എന്ന് ഭയപ്പെട്ടു ഈ ഭാഗം ഇവിടെ അവസാനിപ്പിക്കുന്നു. അടുത്ത പോസ്റ്റില്‍
ബാക്കി കാതലായ ഭാഗം ചര്‍ച്ച ചെയ്യാം എന്ന് കരുതുന്നു. ഇന്ഷാ അല്ലാഹ്

റഫറന്‍സ്
1 യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 5
2
യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 5
4
യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 5
യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 5,6
6 http://malayalam.webdunia.com/newsworld/news/currentaffairs/0708/19/1070819045_1.htm
7 http://malayalam.webdunia.com/newsworld/news/currentaffairs/0708/19/1070819045_1.htm
8 http://malayalam.webdunia.com/newsworld/news/currentaffairs/0708/19/1070819045_1.htm
9 http://lsgkerala.in/anakkayampanchayat/history/
10 യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 6
11
യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 6
12 യുക്തിരാജ്യം മാസിക ആഗസ്ത് 2012 പേജ് 7,8

7 comments: