കേവലമൊരു സിദ്ധാന്തത്തിനു വേണ്ടി...
അലി ചെമ്മാട്
ലേഖനം
റിച്ചാര്‍ഡ് ഡോകിന്സിന്റെ ഭൂമിയിലെ ഏറ്റവും മഹത്തായ ദ്രിശ്യ വിസ്മയം വിലയിരുത്തുന്നു...
ഭൂമിയില്‍ കാണുന്ന വ്യവസ്ഥാപിതവും വൈവിധ്യപൂര്‍വവും വ്യത്യസ്തങ്ങളുമായ സസ്യജന്തുലോകം അതിലളിതമായ ഒരു ജൈവഘടകത്തില്‍നിന്ന് പരിണമിച്ചുവളര്‍ന്നു വന്നതാണെന്ന് വാദിക്കുന്ന സിദ്ധാന്തമാണ് പരിണാമ സിദ്ധാന്തം (Evolution theory).
പരിണാമം ഒരു സിദ്ധാന്തമായി അവതരിപ്പിച്ചത് ബ്രിട്ടീഷ്
പ്രകൃതിനിരീക്ഷകനായിരുന്ന ചാള്‍സ് ഡാര്‍വിന്‍ 1859 Origin of species by
means of natural selection or The preservation of favoured Races in the
struggle for life എന്ന ഗ്രന്ഥത്തിലൂടെയാണ്. പുസ്തകത്തിനും
സിദ്ധാന്തത്തിനും വന്‍ പ്രചാരമാണ് ലഭിച്ചത്. പ്രസ്തുത സിദ്ധാന്തത്തിനും
പുസ്തകത്തിനും സ്വീകാര്യത ലഭിച്ചതിന് പിന്നില്‍ ചില പ്രത്യയശാസ്ത്ര
രാഷ്ട്രീയങ്ങളുടെ സ്വാധീനമാണ്. അത് നമ്മുടെ വിഷയമല്ല. ഡാര്‍വിന്‍
അവതരിപ്പിച്ച സിദ്ധാന്തം അതിന്റെ പ്രചാരകരും വക്താക്കളും തള്ളിക്കളയുകയും
പുതിയ പല വാദകോലാഹങ്ങളുടെ അകമ്പടിയോടെ നിരന്തരം പുനരവതരിപ്പിക്കുകയും
ചെയ്തുകൊണ്ടിരിക്കുന്നു.
പ്രസ്തുത സിദ്ധാന്തത്തെ (വാദത്തെ) ന്യായീകരിക്കാന്‍ പല ഗ്രന്ഥങ്ങളും
രചനകളും ഗവേഷണങ്ങളും നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്. അത്തരം
പരിശ്രമങ്ങളിലെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റി
മുന്‍ പ്രൊഫസര്‍ റിച്ചാര്‍ഡ് ഡോകിന്‍സ് എഴുതിയ The Greatest show on earth
The evidence of evolution എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തിന് സി. രവിചന്ദ്രന്‍
എഴുതിയ ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം: പരിണാമത്തിന്റെ തെളിവുകള്‍
എന്ന പേരില്‍ മലയാള വിവര്‍ത്തനം ഡി.സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ
പുസ്തകത്തിന്റെ പേര് സൂചിപ്പിക്കുന്നപോലെ പരിണാമത്തില്‍ തെളിവുകള്‍
അവതരിപ്പിക്കുക എന്ന ലക്ഷ്യം തന്നെയാണ് അക്കാര്യം പുസ്തകത്തിന്റെ പേരില്‍
മാത്രമല്ല പേജുകളിലും പ്രഖ്യാപിക്കുന്നു.
ഡാര്‍വിന്‍സ് റൊട്ട്വവ്ലര്‍ (Darwin's Rottweilar) വലിയ തലയുള്ള
വളര്‍ത്തുനായ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന ഡോകിസ് നാസ്തികതയും
പരിണാമവാദവും ശരിയെന്ന് സ്ഥാപിക്കാന്‍ നിരന്തരം പരിശ്രമിക്കുന്ന
വ്യക്തിയാണ്. ഇതിനായി നിരവധി പുസ്തകങ്ങളും ലേഖനങ്ങളും ഡോക്യുമെന്ററികളും
ടെലിവിഷന്‍ പരിപാടികളും വെബ്സൈറ്റുകളും കമ്പ്യൂട്ടര്‍ ഗെയിമുകളും
നിര്‍മിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നുണ്ട് അദ്ദേഹവും സഹായികളും. ഇതേ
ലക്ഷ്യത്തിന് നിരന്തരം ഗവേഷണങ്ങളും സംവാദങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.
പരിണാമ വിഷയത്തില്‍ ഇത്രയും താല്‍പര്യവും ആത്മാര്‍ഥതയുള്ള വേറെ ആരെങ്കിലും
ലോകത്ത് ജീവിച്ചിരിപ്പുണ്ടോ എന്നത് സംശയമാണ്. ഒരു പക്ഷെ പരിണാമ സിദ്ധാന്തം
അവതരിപ്പിച്ച ചാള്‍സ് ഡാര്‍വിന് പോലും പരിണാമത്തില്‍ ഇദ്ദേഹത്തോളം
വിശ്വാസവും ആത്മാര്‍ഥതയും ഉണ്ടായിരിക്കാന്‍ സാധ്യതയില്ല.
പരിണാമകാര്യത്തില്‍ ഇന്ന് ജീവിച്ചിരിക്കുന്നവരിലെ ഏറ്റവും ആധികാരിക
ശബ്ദമാണ് ഡോകിന്‍സിന്റേത്.
പുസ്തകത്തില്‍ നിരവധി സ്ഥലങ്ങളില്‍ തെളിവിനെക്കുറിച്ച്
സംസാരിക്കുന്നുണ്ടദ്ദേഹം. അതില്‍ ആദ്യത്തെ വാചകം ഇപ്രകാരമാണ്.
"പരിണാമത്തിന്റെ തെളിവുകള്‍ ദിനംതോറും വളരുകയാണ് ഒരിക്കലുമത് ഇത്രമാത്രം
ശക്തമായിരുന്നില്ലെന്നതാണ് വസ്തുത... പരിണാമ സിദ്ധാന്തം ശരിക്കും ഒരു
വസ്തുതയാണെന്ന് സ്ഥാപിക്കുന്ന എന്റെ വ്യക്തിഗത തെളിവുകളുടെ ശേഖരമാണ് ഈ
പുസ്തകം. ശാസ്ത്രത്തിലെ മറ്റേതൊരു വസ്തുതയെയും പോലെ ഖണ്ഡിക്കാനാവാത്ത
ഒന്നാണ് പരിണാമവും.''(1) പുസ്തകത്തിനെഴുതിയ മുഖവുരയിലെ ആദ്യഖണ്ഡികയിലെ
ആദ്യ വാചകങ്ങളാണിത്.
പുസ്തകത്തിന്റെ അവസാന അധ്യയത്തില്‍നിന്ന് ഒരു ഭാഗംകൂടി വായിക്കുക. "ഇത്
തെളിവുകളെ കുറിച്ചുള്ള പുസ്തകമാണ്''(2) തുടക്കംമുതല്‍ അവസാനം വരെ ഇത്തരം
അവകാശവാദങ്ങളാല്‍ സമ്പുഷ്ടമാണ് കൃതി. 511 പേജുള്ള പുസ്തകത്തിലെ ബാക്കി ഭാഗം
അനുബന്ധകുറിപ്പുകളാണ്. പുസ്തകം ആദ്യാവസാനം ഇത്തരം പ്രസ്താവനകളാല്‍
സമ്പുഷ്ടമാണെന്നര്‍ഥം.
ഡോകിന്‍സിന്റെ ആദ്യ പ്രസ്താവന തന്നെ പരിണാമം ഖണ്ഡിക്കാനാവാത്ത ശാസ്ത്ര
വസ്തുതയാണെന്നാണല്ലോ. ശാസ്ത്രം എന്താണെന്നും ഒരു കാര്യം ശാസ്ത്രീയമായി
തെളിയിക്കുന്ന സ്ഥിരീകരണം എന്നുവച്ചാല്‍ എന്താണെന്നും
പരിശോധിക്കേണ്ടതുണ്ട്. അതിനു മുമ്പ് സമാനമായ അവകാശവാദങ്ങള്‍ കൂടി
പരിശോധിക്കാം.
"പരിണാമം ഒരു വസ്തുതയാണ്. സാധാരണ യുക്തിയിലുയരുന്ന സംശയങ്ങള്‍ക്കതീതമായി,
ഗൌരവതരമായ സംശയത്തിനുപരിയായി സംശയങ്ങള്‍ക്കതീതമായി, ഗൌരവതരമായ
സംശയത്തിനുപരിയായി പണ്ഡിതോചിതവും ബൌദ്ധികവുമായ സംശയത്തിനതീതമായി..........
എല്ലാത്തരം സംശയങ്ങള്‍ക്കും ഉപരിയായി പരിണാമം ഒരു വസ്തുതയാണ്.''(3)
അവകാശവാദങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. പരിണാമത്തിന്റെ തെളിവുകള്‍
ആഘോഷിക്കാന്‍ മാത്രം ശക്തമാണെന്ന രീതിയില്‍ വരെ നീളുന്നുണ്ട് ആ
പ്രസ്താവനകള്‍. "''തുടര്‍ന്നുള്ള ഭാഗത്ത് പരിണാമം ഒരു യാഥാര്‍ഥ്യമാണെന്ന്
വിശദീകരിക്കുന്നതോടൊപ്പം അതിന്റെ സ്തോഭജനകമായ ശക്തിയും ലാളിത്യവും
സൌന്ദര്യവും ആഘോഷിക്കാനാണ് ഉദ്ദേശിക്കുന്നത്''(4)
പുസ്തകം പതിനാല് പ്രധാന അധ്യായങ്ങളും നാല് അനുബന്ധങ്ങളും പദസൂചിയും സി.
രവിചന്ദ്രന്റെയും റിച്ചാര്‍ഡ് ഡോകിന്‍സിന്റെ മുഖവുരയും ഉള്‍പ്പെടെ 552
പേജുകളുള്ള സാമാന്യം വലിയ ഗ്രന്ഥമാണ്. മുഴുവന്‍ അധ്യായങ്ങളും അനുക്രമമായി
വിലയിരുത്തണമെന്ന് തോന്നുന്നില്ല. ഗ്രന്ഥം പരിണാമത്തെ എത്രമാത്രം
വസ്തുനിഷ്ഠമായും മൂര്‍ത്തമായും ശാസ്ത്രീയമായും തെളിയിക്കുന്നു എന്നുള്ള
വിചാരം മാത്രം പങ്കുവെക്കാം.
പരിണാമത്തെ പരിണാമ സിദ്ധാന്തമെന്നാണ് പൊതുവെ പറയപ്പെടാറ് (Evolution theory). അക്കാര്യത്തെക്കുറിച്ച് ബോധവാനാണ് ഡോകിന്‍സ്. അദ്ദേഹം
പുസ്തകത്തിന്‍ നല്‍കാന്‍ തീരുമാനിച്ചിരുന്ന പേര് തന്നെ വെറുമൊരു സിദ്ധാന്തം
(Only a theory) എന്നായിരുന്നു. ഡോകിന്‍സ് തന്നെ പറയട്ടെ.
"തളര്‍ത്താനാവാത്ത പോരാളിയായ എന്റെ ലിറ്റററി ഏജന്റ് ജോണ്‍ ബ്രോക്മാന്‍ ഈ
പുസ്തകം പ്രസാധകര്‍ക്ക് കൈമാറിയത് 'Only a theory?' എന്ന പേരിലാണ്. പക്ഷെ
അപ്പോഴാണറിയുന്നത് ഇതേ തലക്കെട്ട് കെന്നത്ത് മില്ലര്‍ മുമ്പ്
ഉപയോഗിച്ചിട്ടുണ്ടെന്ന്... Only a theory എന്ന തലവാചകമാകട്ടെ
മുന്‍കരുതലെന്ന നിലയില്‍ ഒരു ചോദ്യചിഹ്നവുമിട്ട് ആദ്യത്തെ അധ്യായത്തിന്റെ
പേരായി നല്‍കുകയും ചെയ്തു.''(5)
പക്ഷെ, പരിണാമം ഒരു തിയറി എന്നതില്‍നിന്നും എത്രയോ ഉയര്‍ന്നിരിക്കുന്നു.
ഭൂമിയുടെ വ്യത്യസ്ത ഭാഗങ്ങളില്‍ ചെറിയൊരു വിഭാഗം പരിണാമത്തെ തങ്ങളുടെ
മതമായംഗീകരിക്കുകയും പരിണാമസിദ്ധാന്തത്തെ തങ്ങളുടെ വിശ്വാസസംഹിതയും
ഡാര്‍വിനെ തങ്ങളുടെ മത സ്ഥാപകനുമായി അംഗീകരിക്കുന്നു എന്നത് ശ്രദ്ധേയമാണ്.
ഇത്തരം പരിണാമ 'മത'വിശ്വാസികള്‍ കേരളത്തിലും നിലനില്‍ക്കുന്നുവെന്നതും
അക്കൂട്ടരില്‍ ബിരുദവും ബിരുദാനന്തരബിരുദവും പി.എച്ച്.ഡിയും ഉള്ളവര്‍
മുതല്‍ സാധാരണക്കാര്‍ വരെ ഉള്‍പ്പെടുന്നുവെന്നതും നിസാരമല്ല. ഇത്തരം
ആള്‍ക്കൂട്ടത്തെ തുടര്‍ഭാഗങ്ങളില്‍ പരിണാമ 'മത'വിശ്വാസികള്‍ എന്നതിനുപകരം
പരിണാമ വിശ്വാസികള്‍ എന്ന ചുരുക്കപ്പേരില്‍ സംബോധന ചെയ്യുന്നത് വായനയുടെ
ഒഴുക്കിന് സഹായിക്കും.
പരിണാമം തിയറി മാത്രമാണെന്ന് തിരിച്ചറിയുന്ന ഡോകിന്‍സ് ആ
പ്രശ്നത്തില്‍നിന്ന് കരകയറാന്‍ ഉപയോഗിക്കുന്ന മാര്‍ഗം തിയറിയെ ഡിക്ഷ്ണറി
സങ്കേതങ്ങളുപയോഗിച്ച് വ്യാഖ്യാനിക്കുകയാണ്.
"സിദ്ധാന്തം എന്നാലെന്ത്? എന്താണ് വസ്തുത? വെറുമൊരു സിദ്ധാന്തം?
'സിദ്ധാന്തം' എന്ന വാക്കിന്റെ നിര്‍വചനമൊന്ന് പരിശോധിക്കാം. ഓക്സ്ഫോര്‍ഡ്
ഇംഗ്ളീഷ് നിഘണ്ടു രണ്ടെണ്ണം നല്‍കുന്നുണ്ട് (വാസ്തവത്തില്‍ അര്‍ഥഭേദങ്ങള്‍
നിരവധിയുണ്ട്. ഈ രണ്ടെണ്ണമേ ഇവിടെ പ്രസക്തമാകുന്നുള്ളു എന്നുമാത്രം)
സിദ്ധാന്തം, നിര്‍വചനം ഒന്ന്: ഒരു പ്രതിഭാസത്തിന്റെയോ ഒരു കൂട്ടം
വസ്തുതകളുടെയോ വിശദീകരണമായി പരിഗണിക്കാവുന്ന ഒരു പിടി ആശയങ്ങളോ വസ്തുതകളോ
കൂടിച്ചേര്‍ന്ന ഒരു പദ്ധതി. അല്ലെങ്കില്‍ സംവിധാനം.
പരീക്ഷണ-നിരീക്ഷണങ്ങളിലൂടെ സ്ഥിരീകരിക്കപ്പെട്ടതും ജ്ഞേയമായ വസ്തുതകളുടെ
വെളിച്ചത്തില്‍ സാധ്യമായിക്കണ്ട് സ്വീകരിക്കപ്പെടുകയും
പ്രചരിപ്പിക്കപ്പെടുകയും ചെയ്യപ്പെടുന്ന ഒരു സങ്കല്‍പം. ഒരു പൊതുനിയമം
അനുശാസനമോ അല്ലെങ്കില്‍ ജ്ഞേയവും നിരീക്ഷണവിധേയവുമായ ചില കാരണങ്ങളുടെ
വിശദീകരണമായി കാണാവുന്ന ഒരു പൊതു പ്രസ്താവന.
സിദ്ധാന്തം, നിര്‍വചനം-രണ്ട്: വിശദീകരണമെന്ന നിലയില്‍ അവതരിപ്പിക്കുന്ന ഒരു
കേവലസങ്കല്‍പം. അതുകൊണ്ട് തന്നെ ഒരു സാങ്കല്‍പിക വിശദീകരണം മാത്രം.
അല്ലെങ്കില്‍ ഒരു തരം അനുമാനം, ഊഹം, അജ്ഞേയതയില്‍ അധിഷ്ഠിതമായ ഒരു ധാരണ.
അല്ലെങ്കില്‍ എന്തിനെയെങ്കിലും സംബന്ധിച്ച് വിശദീകരണമായി കാണാവുന്ന ഒരു
കൂട്ടം ആശയങ്ങള്‍. അല്ലെങ്കില്‍ വ്യക്തിഗതമായ തോന്നല്‍, വീക്ഷണം.''(6)
ഡോകിന്‍സ് ക്വാട്ട് ചെയ്ത ഈ രണ്ട് ഓക്സ്ഫോര്‍ഡ് വിശദീകരണങ്ങളിലും
സിദ്ധാന്തമെന്നത് വസ്തുനിഷ്ഠവും മൂര്‍ത്തവും ശാസ്ത്രീയവുമായി
തെളിയിക്കപ്പെട്ടതാണെന്ന സൂചന പോലുമില്ല. ഡോകിന്‍സ് ഈ നിര്‍വചനങ്ങളില്‍
ഒന്നാമത്തതേ അംഗീകരിക്കുന്നുള്ളു. ഡോകിന്‍സ് തന്നെ വ്യക്തമാക്കുന്നു.
"മേല്‍ സൂചിപ്പിച്ച രണ്ടു നിര്‍വചനങ്ങള്‍ തമ്മിലുള്ള അന്തരം സൃഷ്ടമാണ്. ഇത്
സംബന്ധിച്ച് ലളിതമായ ഒരു ഉത്തരമെന്ന നിലയില്‍ പറയട്ടെ ശാസ്ത്രജ്ഞര്‍
ഇതില്‍ ആദ്യ പരികല്‍പന സ്വീകരിക്കുമ്പോള്‍ സൃഷ്ടിവാദക്കാര്‍ക്ക്
രണ്ടാമത്തേതിനോടാണ് താല്‍പര്യം.''(7) സൃഷ്ടിവാദക്കാരുടെ താല്‍പര്യം
പരിഗണിക്കേണ്ടതില്ല. എങ്കിലും ഓക്സ്ഫോര്‍ഡ് നല്‍കിയ ആദ്യ നിര്‍വചനത്തിലും
സിദ്ധാന്തമെന്നാല്‍ തെളിയിക്കപ്പെട്ട ശാസ്ത്രീയ വസ്തുതയാണെന്ന്
പറയുന്നില്ല. ആദ്യ നിര്‍വചനങ്ങളിലെ ഓരോന്നെടുത്ത് പരിശോധിച്ചാല്‍ അക്കാര്യം
വ്യക്തമാവും. ആ വാചകങ്ങളുടെ അവസാന വാക്കുകള്‍ ശ്രദ്ധിക്കുക.
a) ഒരു പദ്ധതി, അല്ലെങ്കില്‍ സംവിധാനം. b) ഒരു സങ്കല്‍പം. c) ഒരു
പൊതുപ്രസ്താവന. ഇവയിലെവിടെയും ഒരു വസ്തുതയെന്നോ, യാഥാര്‍ഥ്യമെന്നോ,
അല്ലെങ്കില്‍ സത്യമെന്നോ കാണുന്നില്ല. ഈ ഒരൊറ്റക്കാരണത്താല്‍ തന്നെ ഈ
പുസ്തകം ഒന്നും തെളിയിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നു എന്ന് മാത്രമല്ല
പരിണാമം കേവലം ഒരു സിദ്ധാന്തം (Theory) എന്ന നിലവാരത്തില്‍നിന്ന് ഒട്ടും
മുന്നോട്ട് പോയിട്ടില്ലെന്നും ഡോകിന്‍സ് തന്നെ അംഗീകരിക്കുന്നു.
ഡോകിന്‍സ് സിദ്ധാന്തത്തെക്കുറിച്ച് പറയുന്ന ഈ വാക്കുകള്‍ കൂടി
ശ്രദ്ധിക്കുക. "ഒരു ശാസ്ത്ര സിദ്ധാന്തവും ഒരു ഗണിതശാസ്ത്ര സിദ്ധാന്തത്തെ
പോലെ തെളിയിക്കപ്പെട്ടിട്ടില്ല. അതൊട്ട് സാധ്യവുമല്ല.''(8) തെളിവുകളെ
കുറിച്ചുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനിടെയാണ് ഡോകിന്‍സ് ഇങ്ങനെ
പറയുന്നത്. ഒരു ശാസ്ത്ര സിദ്ധാന്തവും തെളിയിക്കാവതല്ല എന്ന ഡോകിന്‍സിന്റെ
വാദം മുഖവിലക്കെടുക്കാം. ഏതെങ്കിലും സിദ്ധാന്തം തെളിയിക്കാന്‍ സാധ്യമാണോ,
അല്ലേ എന്നതില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുമില്ല. ഡോകിന്‍സിന്റെ
വാദപ്രകാരം ഒന്നുകില്‍ പരിണാമ സിദ്ധാന്തം ശാസ്ത്ര സിദ്ധാന്തമല്ല.
അല്ലാത്തപക്ഷം പരിണാമം ഒരിക്കലും തെളിയിക്കാന്‍ സാധ്യമല്ല. ഇതില്‍ ഏത്
സ്വീകരിച്ചാലും ആദ്യ അവകാശവാദങ്ങളുടെ കാറ്റു പോവുന്നു.
സിദ്ധാന്തത്തിന് ഓക്സ്ഫോര്‍ഡ് നിഘണ്ടു നല്‍കിയ-ഡോക്കിന്‍സിന്
പ്രാപ്യമല്ലാത്ത- രണ്ടാം നിര്‍വചനം കൂടി പരിഗണിച്ചാല്‍ പരിണാമം
പരിണാമമതക്കാരുടെ കേവല വിശ്വാസം മാത്രമായി പരിണമിക്കും. ഏതൊരു
മതക്കാരുടെയും കേവല വിശ്വാസം ചോദ്യം ചെയ്യേണ്ടതില്ല. അത് ആ മതവിശ്വാസികള്‍
വിശ്വസിക്കട്ടെ. ആചരിക്കട്ടെ; ആ വിശ്വാസാചാരങ്ങള്‍ മറ്റുള്ള മനുഷ്യരെയും
പ്രകൃതിയേയും മറ്റു ജീവജാലങ്ങളെയും ഭൂമിയിലെ ആവാസവ്യവസ്ഥയെയും പ്രതികൂലമായി
ബാധിക്കാത്തിടത്തോളം കാലം.
പരിണാമവിശ്വാസം ശാസ്ത്രമാണെന്നും അതിന് ശാസ്ത്രീയ തെളിവുകളുടെ
പിന്‍ബലമുണ്ടെന്നുമുള്ള പ്രചാരണം ലോകവ്യാപകമായി നടന്നുകൊണ്ടിരിക്കുന്നു.
നമ്മുടെ കുട്ടികള്‍ സ്കൂള്‍തലം മുതല്‍ നാടിന്റെ പുരോഗതിക്ക് ചെലവഴിക്കേണ്ട
നികുതിപ്പണം ഉപയോഗിച്ച് ഇത്തരം വിശ്വാസങ്ങള്‍ ശാസ്ത്രത്തിന്റെ
കുപ്പായമിടീച്ച് പഠിക്കേണ്ടിവരുന്നു എന്നത് എത്രമാത്രം ഗൌരവതരമല്ല! പരിണാമ
വിശ്വാസം വസ്തുനിഷ്ടവും മൂര്‍ത്തവും ശാസ്ത്രീയവുമായി തെളിയിക്കപ്പെട്ടാല്‍
അതംഗീകരിക്കുന്നതിന് പൊതുസമൂഹവും ശാസ്ത്ര, വിദ്യാഭ്യാസ ലോകവും വിമുഖത
കാണിക്കേണ്ടതില്ല. പക്ഷെ ഇവിടെ തെളിയിക്കപ്പെടാത്ത, തെളിയിക്കാന്‍
സാധ്യമല്ലെന്ന് അതിന്റെ ആധികാരിക വക്താവ് തന്നെ വ്യക്തമാക്കുന്ന കേവല
വിശ്വാസം അല്ലെങ്കില്‍ 'വെറുമൊരു സിദ്ധാന്തം' ശാസ്ത്രമെന്ന പ്രചരണത്തിലൂടെ
തങ്ങളുടെ പ്രത്യയശാസ്ത്ര രാഷ്ട്രീയ പ്രചരണമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ഡോക്കിന്‍സ് തെളിവുണ്ടെന്നും തെളിയിക്കുമെന്നും നിരന്തരം
അവകാശപ്പെട്ടുകൊണ്ടിരിക്കുന്നതും വീമ്പു പറഞ്ഞുകൊണ്ടിരിക്കുന്നതും
ഇക്കാര്യത്തെപ്പറ്റി ബോധമില്ലാതെയാണോ അല്ല അദ്ദേഹം പരിണാമത്തിന് തെളിവുകള്‍
നിരത്തുന്നുണ്ട്. അതെങ്ങനെയെന്ന് വിശദമായി ചര്‍ച്ച ചെയ്യാം. അതിനുമുമ്പ്
അദ്ദേഹത്തിന്റെ ചില അവകാശവാദങ്ങള്‍കൂടി പരിശോധിക്കുന്നത് ഉചിതമായിരിക്കും.
"ഈ പുസ്തകത്തില്‍ അനുമാനം വളരെ ഗൌരവത്തോടെ പരിഗണിക്കപ്പെടും. ഇത്
പറയുമ്പോള്‍ കൃത്യമായ ശാസ്ത്രീയ അനുമാനമാണ് ഞാനുദ്ദേശിക്കുന്നത്. അതല്ലാതെ
കേവലമായ ഒന്നല്ല. പരിണാമം ഒരു വസ്തുതയാണെന്ന് തള്ളിക്കളയാനാവാത്ത
അനുമാനത്തിന്റെ വെളിച്ചത്തില്‍ ഞാനിവിടെ കാട്ടിത്തരാം''(9) ഈ പ്രസ്താവനയുടെ
കൂടെ അദ്ദേഹത്തിന്റെ തന്നെ നാം വായിച്ചറിഞ്ഞ മുന്‍ പ്രസ്താവന കൂടി
ചേര്‍ത്തുവായിക്കുക.
"പരിണാമ സിദ്ധാന്തം ശരിക്കും ഒരു വസ്തുതയാണെന്ന് സ്ഥാപിക്കുന്ന എന്റെ
വ്യക്തിഗത തെളിവുകളുടെ ശേഖരമാണ് ഈ പുസ്തകം''(10) അതെ ഡോകിന്‍സെന്ന
വ്യക്തിയുടെ വ്യക്തിഗത അനുമാനത്തിലൂടെ വസ്തുനിഷ്ഠവും ശാസ്ത്രീയവുമായി
പരിണാമം തെളിയിക്കുമെന്ന വീമ്പു പറച്ചില്‍. അതുകൊണ്ട് തന്നെ ഡോകിന്‍സിനെ
നാം ഒരല്‍പം കൂടെ വിശദമായി പരിചയപ്പെടേണ്ടതുണ്ട്. അതും
അദ്ദേഹത്തില്‍നിന്നും അദ്ദേഹത്തിന്റെ കേരളത്തിലെ പ്രതിനിധികളായ സി.
രവിചന്ദ്രനില്‍നിന്നും ഡി. സി ബുക്സില്‍നിന്നും തന്നെ ആയാല്‍ അതിന്
ആധികാരികത കൈവരും. "കുട്ടിക്കാലത്ത് താന്‍ ഇത്തരത്തില്‍ ബാലിശമായ പല
അവകാശവാദങ്ങളും നടത്തുമായിരുന്നുവെന്ന് അമ്മ പറഞ്ഞുകേട്ടിട്ടുണ്ടെന്ന്
ഡോകിന്‍സ് സമ്മതിക്കുന്നു. താന്‍ റിച്ചാര്‍ഡ് രാജാവാണെന്നും ചന്ദ്രനിലെ
മനുഷ്യനാണെന്നും ബാബിലോണിയന്‍ പോരാളിയാണെന്നുമൊക്കെയായിരുന്നുവത്രെ ചില
സന്ദര്‍ഭങ്ങളില്‍ കുട്ടി ഡോകിന്‍സ് അവകാശപ്പെട്ടിരുന്നത്''(11)
ഈ ഉദ്ധരണിയോട് കൂടെ ബാല്യകാല ചാപല്യങ്ങള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ വല്ല
സ്വാധീനവും ചെലുത്തുമോ എന്ന ഡോകിന്‍സിന്റെയും സി. രവിചന്ദ്രന്റെയും
നിഗമനങ്ങള്‍ കൂടി അറിഞ്ഞുവിലയിരുത്തുക.
"കുട്ടികള്‍ക്ക് ശൈശവ-കൌമാര കാലഘട്ടങ്ങളില്‍ പലതരത്തിലുള്ള സങ്കല്‍പ
സാമ്രാജ്യങ്ങളുമുണ്ട്. ഭ്രമങ്ങളും അഭിനിവേശങ്ങളുമുണ്ട്. പുറംലോകവുമായി
ബന്ധപ്പെടുമ്പോഴുണ്ടാകുന്ന സ്വാഭാവിക മനോവ്യാപാരമാണത്. ഇത്തരം ഭ്രമങ്ങളില്‍
പലതും മുതിര്‍ന്നാലും കുട്ടിയെ വിട്ടൊഴിയുന്നില്ല. പലരും തങ്ങളുടെ
വൈകാരികമായ ബാലചേഷ്ടകളും സാങ്കല്‍പിക സാമ്രാജ്യങ്ങളും മരണം വരെ കൂടെ
കൂട്ടുന്നു.''(12)
ഡോകിന്‍സിന് ബാല്യകാല ഭ്രമങ്ങളും സാങ്കല്‍പിക വിശ്രമ സാമ്രാജ്യങ്ങളും
ഉണ്ടായിരുന്നുവെന്ന് അദ്ദേഹം തന്നെ പറഞ്ഞുതരുന്നു. മാത്രമല്ല അത്തരം
ബാലചേഷ്ടകളും ഭ്രമങ്ങളും സാങ്കല്‍പിക സാമ്രാജ്യങ്ങളും പലരെയും മരണംവരെ
വിട്ടൊഴിയുന്നില്ല എന്നും ഡോകിന്‍സ് തന്നെ പഠിപ്പിക്കുന്നു. ഈ രണ്ടു
കാര്യങ്ങളും ഡോകിന്‍സിന്റെ വ്യക്തിഗത അനുമാനങ്ങളിലൂടെ പരിണാമം
തെളിയിക്കുന്നു എന്ന അവകാശവാദവും ചേര്‍ത്തു വായിക്കുക.
പരിണാമ വിശ്വാസം പ്രചരിപ്പിക്കുന്നതിനോട് നമുക്ക് വിരോധമില്ല. പക്ഷെ അത്
ചിലരുടെ വ്യക്തിഗത അനുമാനങ്ങളിലൂടെയും ഊഹങ്ങളിലൂടെയും സങ്കല്‍പങ്ങളിലൂടെയും
ശാസ്ത്രീയമെന്ന് തെളിയിക്കുന്നു എന്ന അധികപ്രസംഗം 'അര്‍ഹിക്കുന്ന
ഗൌരവത്തോടെ' മാത്രം സ്വീകരിക്കേണ്ടതുണ്ട്. വ്യക്തിഗത അനുമാനത്തിലുപരി
അനുഭവം തെളിവാക്കിയാല്‍ എന്തായിരിക്കും അവസ്ഥയെന്നും ഡോകിന്‍സിന്റെ
പുസ്തകത്തില്‍നിന്നും മനസ്സിലാക്കാം.
"വ്യക്തിഗത അനുഭവം തെളിവാക്കുമ്പോള്‍ ഡോകിന്‍സിന്റെ ഒരു സുഹൃത്ത്
വിശ്രമകാലത്ത് കാമുകിയുമൊത്ത് സ്കോട്ട്ലന്റില്‍ തങ്ങുകയായിരുന്നു.
രാത്രിയില്‍ ഇരുവരും ഏതോ ശബ്ദം കേട്ട് ഞെട്ടിയുണര്‍ന്നു. പിശാചിന്റെ ശബ്ദം!
ശരിക്കും സാത്താന്‍ തന്നെ അത്ര ഭയാനകമായിരുന്നു ഒച്ചയും സീല്‍കാരവും...
ചെറുപ്പത്തില്‍ ഈ കഥ കേട്ട സമയത്ത് ഡോകിന്‍സിനും അത് വിശ്വസനീയമായി
തോന്നിയിരുന്നു. പിന്നീടൊരിക്കല്‍ ഓക്സ്ഫോര്‍ഡില്‍വച്ച് ഡോകിന്‍സ് ഇതേ കഥ
തന്റെ ജീവശാസ്ത്രജ്ഞരായ സുഹൃത്തുക്കളോട് വിവരിച്ചു. പരിചയസമ്പന്നരായ രണ്ട്
പക്ഷി ശാസ്ത്രജ്ഞരും (Ornithologists) കൂട്ടത്തിലുണ്ടായിരുന്നു. അവര്‍
ആവേശത്തോടെ വിളിച്ചുപറഞ്ഞു. 'മാന്‍ക്സ് ഷീര്‍ വാട്ടര്‍'. ഈ പക്ഷി
പുറപ്പെടുവിക്കുന്ന ശബ്ദം വളരെ പൈശാചികമായി തോന്നും. അത് മൂലം അതിന്
പൈശാചിക പക്ഷി (Devil Bird) എന്ന പേരും ലഭിച്ചിട്ടുണ്ട്.''(13)
വ്യക്തിഗത അനുഭവങ്ങള്‍ ഇങ്ങനെയെങ്കില്‍ വ്യക്തിഗത അനുമാനങ്ങളുടെയും
സങ്കല്‍പങ്ങളുടെയും ഊഹങ്ങളുടെയും അടിസ്ഥാനത്തില്‍ ഒരു വിശ്വാസം
ശാസ്ത്രീയമായി തെളിയിക്കാം എന്ന അവകാശ വാദത്തിന്റെ കഥയില്ലായ്മ എത്ര
ദയനീയം.
ഡോകിന്‍സ് ഇങ്ങനെ അവകാശവാദമുന്നയിക്കുകയും അമിതാവേശവും അമിതാത്മവിശ്വാസവും
പ്രകടിപ്പിക്കുന്നത് വ്യക്തമാക്കിയ സ്ഥിതിക്ക് നേരത്തെ പറഞ്ഞപോലെ ശാസ്ത്രം
(Science) എന്തെന്ന് പരിശോധിക്കേണ്ടതുണ്ട്.
"വിജ്ഞാനത്തെ വസ്തുതാപരമായി ക്രോഡീകരിക്കുന്ന ഏതു സമ്പ്രദായത്തെയും
ശാസ്ത്രം എന്നു പറയാം; ശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ വിജ്ഞാനം
സമ്പാദിക്കുന്നതിനെയും ഇത്തരത്തില്‍ സമ്പാദിക്കുന്ന വിവരങ്ങളുടെ
സഞ്ചയികയെയും ശാസ്ത്രം എന്നു പറയും. സിദ്ധാന്തങ്ങളായി ഉരുത്തിരിഞ്ഞുവരുന്ന
കാര്യങ്ങള്‍ കൂടുതല്‍ പഠിച്ച് തെളിവുകള്‍ കണ്ടെത്തുമ്പോഴാണ്
ശാസ്ത്രമാകുന്നത്''(14) ഇത് വിക്കിപീഡിയ (സ്വതന്ത്ര ഓണ്‍ലൈന്‍
എന്‍സൈക്ളോപീഡിയ) മലയാളം എഡിഷന്‍ ശാസ്ത്രത്തിന് നല്‍കിയ നിര്‍വചനം.
ഓക്സ്ഫോര്‍ഡ് ഡിക്ഷ്ണറി എന്തു പറയുന്നു എന്ന് പരിശോധിക്കാം.
"ഭൌതികലോകത്തെ/പ്രകൃതിയെ നിരീക്ഷണങ്ങളിലൂടെയും പരീക്ഷണങ്ങളിലൂടെയും
വ്യവസ്ഥാപിതമായി പഠിക്കുന്നതിന് വേണ്ടിയുള്ള ധൈഷണിക-പ്രായോഗിക
പ്രവര്‍ത്തനങ്ങളാണ് ശാസ്ത്രം''(15) ഓക്സ്ഫോര്‍ഡ് നിഘണ്ടു നിര്‍വചനം കൂടാതെ
വിക്കിപീഡിയ ഇംഗ്ളീഷ് എഡിഷന്‍ എന്ത് നിര്‍വചനം നല്‍കുന്നു എന്നുകൂടി
വിലയിരുത്തുന്നത് ഉചിതമായിരിക്കും.
"പ്രപഞ്ചത്തെ സംബന്ധിച്ച, പരീക്ഷിച്ചു ഉറപ്പുവരുത്താവുന്ന
വിശദീകരണങ്ങളുടെയും പ്രവചനങ്ങളുടെയും രൂപത്തില്‍ വിജ്ഞാനത്തെ
നിര്‍മിക്കുകയും ക്രമീകരിക്കുകയും ചെയ്യുന്ന വ്യവസ്ഥാപിത പദ്ധതിയാണ്
ശാസ്ത്രം.''(16) ഇവിടെ നാം വായിച്ചറിഞ്ഞ ശാസ്ത്രത്തെ സംബന്ധിച്ച നാല്
നിര്‍വചനങ്ങളിലോ വിശദീകരണങ്ങളിലോ ഊഹം ശാസ്ത്രീയ തെളിവുകളുടെ ഒരു
മാനദണ്ഡമായി കാണുന്നില്ല. പകരം പരീക്ഷണങ്ങളും നിരീക്ഷണങ്ങളും മറ്റുമാണ്
ശാസ്ത്രീയ തെളിവുകളുടെ മാനദണ്ഡം.
ഈ വായിച്ചതിനെല്ലാം ഉപരിയായി ശാസ്ത്രമെന്തെന്ന നിര്‍വചനം വളരെ ഭംഗിയായി
ഉണ്ട്. ശാസ്ത്രത്തെക്കുറിച്ച് ഞാനറിഞ്ഞതില്‍ ഏറെ ആകര്‍ഷണീയവും
വസ്തുനിഷ്ഠവും സംശയങ്ങള്‍ക്കതീതവുമായ ആ നിര്‍വചനം അംഗീകരിക്കുന്നതില്‍
സന്തോഷമേയുള്ളു.
"ശാസ്ത്രത്തിന്റെ വിജ്ഞാന സമ്പാദനരംഗത്തുപയോഗിക്കുന്ന മാര്‍ഗം
ശാസ്ത്രീയരീതിയാണ്. സംശയിക്കുക, ചോദ്യം ചെയ്യുക, ഹിംപാതീസിസ് രൂപീകരിക്കുക,
താല്‍ക്കാലിക തീരുമാനങ്ങളെടുക്കുക. ആ താല്‍ക്കാലിക തീരുമാനങ്ങള്‍ ശരിയോ
തെറ്റോ എന്ന് നിരീക്ഷണങ്ങളും പരീക്ഷണങ്ങളും ഒക്കെ നടത്തി തെളിയിക്കുക. ആ
നിരീക്ഷണങ്ങളുടെയും പരീക്ഷണങ്ങളുടെയും ഫലങ്ങളില്‍ നിന്ന് ഒരു ശരിയായ
നിഗമനത്തിലെത്തുക. ആ നിഗമനമാണ് സിദ്ധാന്തം.
ശാസ്ത്രത്താല്‍ ഈ സിദ്ധാന്തം രൂപീകരിച്ചാലും അത് ആത്യന്തികമായി ശാസ്ത്രം
അംഗീകരിച്ചുകൊള്ളണമെന്നില്ല. ശാസ്ത്രകാരന്‍മാര്‍ പറയുന്നത് ഞാന്‍
കണ്ടുപിടിക്കുന്ന ഒരു ഗവേഷണ സിദ്ധാന്തം എന്റെ പരീക്ഷണശാലയില്‍ ഞാന്‍
കണ്ടുപിടിച്ചതാണെങ്കിലും എന്റെ മാതിരിയുള്ള പരീക്ഷണശാലയില്‍
ആവര്‍ത്തനത്തിനു വിധേയമായി അതേ ഗവേഷണം നടത്തി അതേ പരീക്ഷണഫലമുണ്ടായാല്‍
മാത്രമെ എന്റെ സിദ്ധാന്തം ശാസ്ത്രലോകം അംഗീകരിക്കൂ.
ഫ്രഞ്ച് അക്കാദമിക്ക് നമ്മുടെ തിയറികള്‍ പോവണം. അവര്‍ മറ്റ്
ഗവേഷണശാലകള്‍ക്ക് മറുപടി കൊടുക്കും. ആ ഗവേഷണശാലകളില്‍നിന്ന് മറുപടി
വന്നാല്‍ മാത്രമെ, ആത്യന്തികമായി സമാനദര്‍ശനമാണെങ്കില്‍ മാത്രമെ ആ തിയറി
അംഗീകരിക്കപ്പെടുകയുള്ളൂ. അവസാനത്തെ ഈ പരിപാടിക്ക് പറയുന്നത്
സാമാന്യവത്കരണം-കണ്ടുപിടിച്ച സിദ്ധാന്തം സാമാന്യവത്കരണത്തിന്
വിധേയമാക്കിയാല്‍ മാത്രെ ശാസ്ത്രം അംഗീകരിക്കുകയുള്ളു. ഈ ആറേഴ് പടവുകളുള്ള
ശാസ്ത്രീയ നിലപാടുകളാണ് അറിവ് നേടാനുള്ള ഏറ്റവും ശരിയായ മാര്‍ഗം.''(17)
ഈ ഒരൊറ്റ വിശദീകരണം മതി ശാസ്ത്രത്തിന്റെ എല്ലാ വശങ്ങളും മനസ്സിലാക്കാന്‍.
സംശയം, ചോദ്യം ചെയ്യല്‍, അഭിപ്രായത്തിലെത്തുക, താല്‍ക്കാലിക
തീരുമാനങ്ങളെടുക്കുക, നിഗമനത്തിലെത്തുക (സിദ്ധാന്തം രൂപീകരിക്കുക). പരിണാമ
സിദ്ധാന്തം ഏറെ പോയാല്‍ ഈ ഘട്ടത്തിലെ എത്തിയിട്ടുള്ളു. ഇനിയുമുണ്ട്
കടമ്പകളേറെ, എങ്കിലെ അത് ശാസ്ത്രീയമായി തെളിയിച്ചു എന്ന് പറയാനാവൂ.
നിഗമനത്തിലെത്തിയാല്‍ മാത്രം പോര ആ നിഗമനം ശരിയോ തെറ്റോ എന്നറിയാന്‍
വ്യക്തമായ പരീക്ഷണ നിരീക്ഷണത്തിലധിഷ്ഠിതമായ പഠനം നടത്തി അതിന്റെ
റിസല്‍ട്ടിന് അന്താരാഷ്ട്ര ഗവേഷണ സ്ഥാപനങ്ങളുടെയും സര്‍ട്ടിഫിക്കേഷന്‍
ഡിപ്പാര്‍ട്ടുമെന്റുകളുടെയും കയ്യൊപ്പ് പതിഞ്ഞാല്‍ മാത്രമെ ഒരു സിദ്ധാന്തം
തെളിയിക്കപ്പെട്ടു എന്നവകാശപ്പെടാന്‍ പറ്റു.
ശാസ്ത്രത്തിന് ഇത്രയും വ്യക്തവും സ്പഷ്ടവുമായ നിര്‍വചനം നല്‍കിയത് കേരള
യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റും ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ റാഷണലിസ്റ്
അസോസിയേഷന്‍ അഖിലേന്ത്യാ സെക്രട്ടറിയുമായ യു. കലാനാഥനാണ്. അദ്ദേഹം ഈ
വിശദീകരണം നല്‍കിയത് മഹാവിസ്ഫോടന സിദ്ധാന്തത്തിന് (Big bang theory)
ശാസ്ത്രീയ തെളിവില്ല അത് കേവലം ഹൈപോതിസീസ് മാത്രമാണെന്ന് സമര്‍ഥിക്കാന്‍
വേണ്ടിയാണ്. ഇത്തരം ഒരു പ്രസ്താവന നടത്തുമ്പോള്‍ അത് തങ്ങളുടെ അടിസ്ഥാന
പ്രമാണത്തിന്റെ അടിവേരറുക്കും എന്നദ്ദേഹം ചിന്തിച്ചുകാണില്ല.
ഡോകിന്‍സ് തെളിയിക്കുന്ന പരിണാമ വിശ്വാസത്തെ സംബന്ധിച്ചല്ല 'പോപ്പിന്റെയും
പാതിരിമാരുടെയും പള്ളികളുടെയും ഒത്താശയോടെ'(18) പള്ളിക്കൂടങ്ങളില്‍
പഠിപ്പിക്കപ്പെടുന്ന പരിണാമ സിദ്ധാന്തം പോലും കലാനാഥന്റെ
നിര്‍വചനമനുസരിച്ച് കേവലം ഹൈപോതിസീസ് മാത്രമാണ്. അതിനുള്ള ശാസ്ത്രീയ തെളിവ്
എന്തെന്നാല്‍ കേവലം പ്രചരണ വിഷയം മാത്രമാണ്. അതിനുപിന്നിലോ ചില
പ്രത്യയശാസ്ത്ര രാഷ്ട്രീയവും.
ഡോകിന്‍സിന്റെ പരിണാമത്തിന് തെളിവുണ്ടെന്ന അവകാശവാദങ്ങളും താന്‍
തെളിയിച്ചുകൊണ്ടിരിക്കുന്നു എന്ന അധികപ്രസംഗവും അമിതാത്മവിശ്വാസവും ഇവിടെ
ചര്‍ച്ച ചെയ്ത ശാസ്ത്രത്തെക്കുറിച്ച നാലു നിര്‍വചനങ്ങളുമായി താരതമ്യം
ചെയ്താല്‍ അതിന് അദ്ദേഹത്തിന്റെ ഭാവനാവിലാസങ്ങളുടെയും ഊഹങ്ങളുടെയും
പിന്തുണയല്ലാതെ മറ്റൊന്നുമില്ല എന്ന് പകല്‍വെളിച്ചംപോലെ സ്പഷ്ടമാകും.
അദ്ദേഹത്തിന്റെ പുസ്തകത്തെ വിശദമായി പരിചയപ്പെടാം. അദ്ദേഹം തെളിവിനായി
നിരത്തി ചര്‍ച്ച ചെയ്ത് ചര്‍ച്ചയ്ക്കൊടുവില്‍ തള്ളിപ്പറയുന്നതും
പരിണാമത്തിന്റെ അടിവേരറുക്കുന്നതുമായ സന്ദര്‍ഭങ്ങള്‍ അറിയേണ്ടതുണ്ട്.
അതിനുമുമ്പ് പരിണാമമംഗീകരിക്കാത്ത ശാസ്ത്രാന്വേഷകരെയും സത്യന്വേഷകരെയും
ശോചനീയ നിലവാരത്തില്‍ വിമര്‍ശിക്കുന്നതിലേക്ക് പോവാം. അത് വിമര്‍ശനം
മാത്രമല്ല ശക്തമായ ഭീഷണിയും കൂടിയാണ് എന്ത് കൊണ്ട് പരിണാമമംഗീകരിക്കാത്തവരെ
ഇങ്ങനെ ഭീഷണിപ്പെടുത്തുന്നു?
ഡോകിന്‍സിന്റെ പുസ്തകത്തിന്റെ അവസാനത്തില്‍ ചേര്‍ത്ത കുറിപ്പുകളില്‍
ആദ്യഭാഗം ചില അഭിപ്രായ സര്‍വേകളാണ്. അതിലൂടെ അദ്ദേഹം സമര്‍ഥിക്കുന്നത്
പരിണാമം അംഗീകരിക്കാത്തവര്‍ ലോകത്ത് ശരാശരി 40 ശതമാനമാണെന്നാണ്.(19) അങ്ങനെ
പരിണാമമംഗീകരിക്കാത്തവരെ ഡോക്കിന്‍സ് ഒരു പ്രത്യേക പേരിലാണ് സംബോധന
ചെയ്യുന്നത്. ഈ കുറിപ്പിന് അദ്ദേഹം നല്‍കിയ തലക്കെട്ടും അത് തന്നെയാണ്.
രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ച് ജര്‍മനിയില്‍ ഹിറ്റ്ലര്‍ നടത്തിയ
ക്രൂരതകള്‍ ഏറെ പ്രസിദ്ധമാണല്ലോ. പ്രത്യേകിച്ച് യൂറോപ്യന്‍ ജൂതന്‍മാരെ
കൂട്ടക്കൊല ചെയ്ത സംഭവം ചരിത്രത്തില്‍ 'ഹോളോകോസ്റ്റ്' എന്ന
പേരിലറിയപ്പെടുന്നു.
ഹോളോകോസ്റ്റിനെ കുറിച്ചെഴുതിയ ഒരു ലേഖനവും അനുബന്ധ സംഭവങ്ങളും വിവരിക്കുന്ന
ഒരു വാര്‍ത്താശകലം കണ്ടു. ഹോളോകോസ്റ്റും പരിണാമവും തമ്മിലെന്ത് ബന്ധമെന്ന്
സംശയം തോന്നാം. തീര്‍ച്ചയായും രണ്ടുനിലക്ക് പരിണാമവും ഹോളോകോസ്റ്റും
തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു. വാര്‍ത്തയിങ്ങനെയാണ്.
"മാധ്യമ സ്വാതന്ത്യ്രം എത്രത്തോളമാവാം? എത്രയുമാവാം, പക്ഷെ, ഹോളോകോസ്റ്റ്
നടന്നിട്ടില്ലെന്നോ അത് വല്ലാതെ ഊതിപ്പെരുപ്പിച്ചതാണെന്നോ പറഞ്ഞുപോകരുത്. ഈ
പാഠം മാധ്യമലോകത്തിന് 1995ല്‍ കിട്ടിക്കഴിഞ്ഞതാണ്. ഹോളോകോസ്റ്റിന്റെ
വ്യാപ്തി പറഞ്ഞത്രയില്ലെന്നും ജൂതരെ മാത്രം തിരഞ്ഞു കൊന്നു എന്നത്
കെട്ടുകഥയാണെന്നും ചില ചരിത്രകാരന്‍മാര്‍ പറഞ്ഞിട്ടുണ്ട്. അത്തരം
പുസ്തകങ്ങള്‍ക്ക് (ക്രസ്റഫര്‍സന്റെ ഓഷ്വിറ്റ്സ് നുണ ഉദാഹരണം)
വിലക്കുള്ളതിനാല്‍ ഈ ആശയം വ്യാപകമായി പ്രചരിക്കാതെയും
പരിശോധിക്കപ്പെടാതെയും പോകുന്നു.
നാസി ഗ്യാസ് ചേമ്പറുകള്‍ എന്ന ഒന്ന് ഉണ്ടായിട്ടേ ഇല്ലെന്ന് വസ്തുതാപരമായി
സ്ഥാപിക്കാന്‍ ശ്രമിക്കുന്ന ഒരു ലേഖനം ജപ്പാനിലെ ഡോക്ടര്‍ മഡനോറി നിഷിംചാക
1995 ഫെബ്രുവരിയില്‍ അവിടുത്തെ മാര്‍കോപോളോ മാസികക്ക് സമര്‍പിച്ചു.
എഡിറ്റര്‍ കസുയോഷി ഹസനക്ക് അത് നന്നേ ബോധിച്ചു. മാസികയില്‍ അത്
പ്രകാശിതമായി. ഇസ്രായേലി സര്‍ക്കാര്‍ മുതല്‍ ജപ്പാനിലെ ജൂത ഗ്രൂപ്പുകള്‍
വരെ പ്രതിഷേധവുമായി ഇറങ്ങി. രാഷ്ട്രീയ സമ്മര്‍ദങ്ങള്‍ക്കുപുറമെ
സാമ്പത്തികമായി ബുദ്ധിമുട്ടിക്കാനും അവര്‍ മുതിര്‍ന്നു. ഫോക്സ് വാഗണ്‍
(ജര്‍മനി) കാര്‍ത്രിയര്‍ (ഫ്രാന്‍സ്), മിത്്സുബിഷി (ജപ്പാന്‍) തുടങ്ങി
അനേകം കമ്പനികള്‍ മാസികക്കുള്ള പരസ്യങ്ങള്‍ പിന്‍വലിച്ചു. സമ്മര്‍ദം
താങ്ങാനാവാതെ വന്നപ്പോള്‍ പത്ര ഉടമ ബുംഗയിന്‍ഷിന്‍ജു പത്രാധിപരെ
പിരിച്ചുവിട്ടു. ഒന്നരലക്ഷം കോപ്പി പ്രചാരമുണ്ടായിരുന്ന മാസിക
അടച്ചുപൂട്ടി. ആവിഷ്കാരത്തിന്റെ അപ്പോസ്തലന്‍മാര്‍ ഒന്ന് ഓരിയിട്ട്
പോലുമില്ല.''(20)
ഹോളോകോസ്റ്റ് എന്ന ചരിത്രത്തിലെ കറുത്ത അധ്യായം (അതിലേറെ ഭീകരവും
ബീഭത്സവുമായ അതേ കാലഘട്ടങ്ങളില്‍ അരങ്ങേറിയ സംഭവങ്ങള്‍ പലതും മറക്കുന്നതും
മറന്നെന്നഭിനയിക്കുന്നതും നാം മറക്കുക) പാശ്ചാത്യരും ജൂത ലോബിയും
പറഞ്ഞുതരുന്നതിനും പഠിപ്പിച്ചുതരുന്നതിനുമപ്പുറമിപ്പുറം അറിയാനോ
ചിന്തിക്കാനോ പഠിക്കാനോ പാടില്ല. അഥവാ അങ്ങനെ ഒരു വേറിട്ട ചിന്ത, പഠനം,
ആരെങ്കിലും നടത്തിയാല്‍ അവര്‍ കടുത്ത വിമര്‍ശനത്തിനും പീഡനങ്ങള്‍ക്കും
നിയമനടപടികള്‍ക്കും കഠിനശിക്ഷകള്‍ക്കും വിധേയരാവേണ്ടി വരുന്നതിന് വേറെയും
ഉദാഹരണങ്ങളുണ്ട്.
തങ്ങള്‍ പറയുന്നത് പഠിക്കാനും, അറിയാനും വിചാരിക്കാനും അനുവദിക്കുന്നത്
മാത്രം അറിഞ്ഞാല്‍ മതിയെന്നുമുള്ള വ്യക്തമായ നയത്തിന്റെ ഭാഗമാണ്
മാര്‍കോപോളോ മാസികയ്ക്കും അതിന്റെ എഡിറ്റര്‍ക്കും സംഭവിച്ചത്. തങ്ങള്‍
പറയുന്നതിനേയും പഠിക്കാന്‍ അനുവദിക്കുന്നതിനെയും വിമര്‍ശനാത്മകമായി
സംശയിക്കാന്‍ പോലുമനുവാദമില്ലാത്ത ലോക ജനത!
ഇത്തരം ഒരു ദുരന്തത്തിന്റെ മറ്റൊരുദാഹരണം കൂടി സൂചിപ്പിക്കണം.
ഹോളോകോസ്റ്റില്‍ 60 ലക്ഷം ജൂതര്‍ കൊല്ലപ്പെട്ടു എന്നത് അല്‍പം
അതിശയോക്തിപരമല്ലെ എന്ന് വസ്തുതാപരമായി സംശയിച്ചതിന് ഭീമമായ പിഴയും ജയിലും
അനുഭവിക്കേണ്ടിവന്ന സംഭവം ആധുനിക മാധ്യമ ചര്‍ച്ചക്ക് വേണ്ടത്ര
വിഷയീഭവിച്ചിട്ടില്ല.
പ്രശസ്ത ഫ്രഞ്ച് ഫിലോസഫറും മുന്‍ കമ്യൂണിസ്റുകാരനും ഫ്രഞ്ച്
സെനറ്ററുമായിരുന്ന റോജര്‍ ഗരോഡി (റജാ ഗരോഡി) വസ്തുതാപരമായ പഠനങ്ങളെ
അവലംബിച്ച് ഹോളോകോസ്റ്റില്‍ വധിക്കപ്പെട്ട ജൂതന്‍മാരുടെ എണ്ണത്തിലെ
അതിശയോക്തി ചോദ്യം ചെയ്തതിന്റെ ഫലമായി എന്ത് സംഭവിച്ചു എന്ന് വിക്കിപീഡിയ
വിശദീകരിക്കട്ടെ.
"റോജര്‍ ഗരോഡി അഥവാ റജാ ഗരോഡി (17 ജൂലൈ 1913-13 ജൂണ്‍ 2012)
ഫ്രഞ്ച് തത്ത്വചിന്തകനും പ്രശസ്ത മുന്‍ കമ്യൂണിസ്റ് എഴുത്തുകാരനുമായിരുന്നു
റജാ ഗരോഡി. അദ്ദേഹം ഇസ്്ലാം മതം ആശ്ളേഷിക്കുകയും വിവാദപരമായതുള്‍പ്പെടെ
നിരവധി ഗ്രന്ഥങ്ങളെഴുതുകയും ചെയ്യുകയുണ്ടായി...
1996ല്‍ ഗരോഡി തന്റെ ഏറ്റവും വിവാദമായ ഗ്രന്ഥം Les Mythes fondateurs de
la politique israelienne രചിച്ചു. പിന്നീട് ഈ ഗ്രന്ഥം The Founding Myths
of Modern Israel എന്ന പേരില്‍ ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തി.
ഗ്രന്ഥത്തില്‍ ഹോളോകോസ്റ്റ് ചോദ്യം ചെയ്യപ്പെടുന്നു എന്ന കാരണത്താല്‍
ഫ്രഞ്ച് കോടതി പുസ്തകം നിരോധിക്കുകയും 1998 ഫെബ്രുവരി 27ന് 240,000 ഫ്രഞ്ച്
ഫ്രാങ്ക് പിഴയൊടുക്കേണ്ടിയും വന്നു. ഇക്കാരണത്താല്‍ ഏതാനും വര്‍ഷം
ജയില്‍വാസമനുഷ്ഠിക്കേണ്ടതായും വന്നു.''(21)
ഹോളോകോസ്റ്റ് യഥാര്‍ഥത്തില്‍ നടന്നോ ഇല്ലയോ എന്ന് പരിശോധിക്കപ്പെടാനും
അതിലെ വാദങ്ങളുടെ ബലാബലം പരിശോധിക്കാനുമല്ല നാം ഇത്രയും ചര്‍ച്ച ചെയ്തത്.
ഇവിടെ ഉദ്ധരിച്ച രണ്ട് സംഭവങ്ങളിലും ഹോളോകോസ്റ്റിനെക്കുറിച്ച്
സംശയമുന്നയിച്ചവര്‍ ഏറെ പ്രശസ്തരും സമുന്നതരുമായിരുന്നിട്ടുപോലും (റജാ
ഗരോഡി നാടിന്റെ മോചനത്തിനുവേണ്ടി യുദ്ധം ചെയ്യുകയും ശത്രുക്കളുടെ
പിടിയിലകപ്പെട്ട് മുപ്പത് മാസം ജയില്‍ ശിക്ഷയനുഭവിക്കുകയും ചെയ്ത
രാഷ്ട്രത്തിന്റെ കാവല്‍ക്കാരന്‍) കടുത്ത ശിക്ഷയും വലിയ പിഴയും നല്‍കേണ്ടി
വന്നു എന്ന കാര്യം വ്യക്തമാക്കാനാണ്.
നമുക്ക് ഡോകിന്‍സിലേക്ക് തിരിച്ചുപോവാം. ഡോകിന്‍സ് തന്റെ പുസ്തകത്തിന്റെ
അനുബന്ധത്തിന് നല്‍കിയ പേര് 'ചരിത്ര നിഷേധികള്‍' എന്നാണ്. ഇതേ പ്രയോഗം
പുസ്തകത്തിന്റെ മുഖവുര മുതല്‍ ഉള്ളടക്കങ്ങളില്‍ നിറഞ്ഞ് കവിഞ്ഞിരിക്കുകയും
ചെയ്യുന്നു. പരിണാമ മത വിശ്വാസികളല്ലാത്ത മുഴുവന്‍ മനുഷ്യരും പരിണാമത്തെ
അംഗീകരിക്കുന്നില്ല എന്ന ഒറ്റക്കാരണത്താല്‍ ചരിത്രത്തെ നിഷേധിക്കുന്നു
എന്നാണദ്ദേഹം ആക്രോശിക്കുന്നത്.
ഡോകിന്‍സ് തന്നെ സംസാരിക്കട്ടെ "അമേരിക്കന്‍ ജനസംഖ്യയിലെ 40 ശതമാനം
ആള്‍ക്കാര്‍, മനുഷ്യര്‍ മറ്റൊരു ജീവിവര്‍ഗത്തില്‍നിന്നു
പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നില്ല... ഞാന്‍ ഈ പുസ്തകത്തില്‍ ഈ
വിഭാഗത്തെ ചരിത്ര നിഷേധികള്‍ എന്ന് വിളിക്കും. ആരാണ് ഈ ചരിത്ര നിഷേധികള്‍?
പരിണാമത്തെ തള്ളിപ്പറയുന്നവരാണവര്‍''(22)
ഡോകിന്‍സിന്റെ തന്നെ മറ്റൊരു വിശദീകരണം കൂടി വായിക്കുക. ''ഹോളോകോസ്റ്റ് എന്നറിയപ്പെടുന്ന രണ്ടാം ലോകയുദ്ധകാലത്തെ ജൂത കൂട്ടക്കൊല
അപ്പാടെ നിഷേധിക്കുന്നവരാണ് ഈ സംഘത്തിലുള്ളത്. സുശക്തവും സുസംഘടിതവുമായ ഒരു
രാഷ്ട്രീയ സമ്മര്‍ദ ശക്തിയായിട്ടാണവര്‍ നില കൊള്ളുന്നത്. റോമക്കാര്‍
ഉണ്ടായിരുന്നില്ലെന്നു വാദിക്കുന്ന ചരിത്ര നിഷേധികളെക്കുറിച്ചുള്ള
പരാമര്‍ശം സാങ്കല്‍പികമായി കണ്ടാല്‍ മതി. എന്നാല്‍ ഹോളോകോസ്റ്റ് നിഷേധികള്‍
പച്ചയായ യാഥാര്‍ഥ്യമാണ്.''(23)
ഇതേ വിഷയം രവിചന്ദ്രന്‍ തന്റെ മുഖവുരയിലും പ്രതിപാദിച്ചുപോവുന്നുണ്ട്.
"അത്രയ്ക്ക് ഗൌരവം നല്‍കുന്ന ഈ വിഷയത്തില്‍ പരിണാമ വിരോധികളെ
ചരിത്രനിഷേധികളെന്നാണ് (ഒശീൃ്യ റലിശലൃ) ഡോകിന്‍സ് വിളിക്കുന്നത്. രണ്ടാം
ലോക യുദ്ധത്തിനൊടുവില്‍ നാസി ഭരണകേന്ദ്രം 60 ലക്ഷത്തോളം ജൂതരെ കൂട്ടക്കൊല
ചെയ്ത (ഠവല വീഹീരമൌ) ചരിത്ര സംഭവം നുണയാണെന്ന് പ്രചരിപ്പിക്കുന്ന
മിടുക്കരുണ്ട്. സാമാന്യബുദ്ധിയെ അധിക്ഷേപിക്കുന്ന ഇത്തരം 'വേറിട്ട
ചിന്തകള്‍' മതപ്രചരണമെന്ന നിലയില്‍ ആസ്വദിക്കപ്പെടുന്നു.''(24) നേരത്തെ
സൂചിപ്പിച്ച പോലെ ഹോളോകോസ്റ്റിന്റെ സത്യസന്ധത പരിശോധിക്കപ്പെടേണ്ടതില്ല. 60
ലക്ഷം ജൂതരെ കൊന്നു എന്നു പറയുന്നവരും അതല്ല ജൂതരെ കൊന്നിട്ടേ ഇല്ലെന്ന്
അഭിപ്രായപ്പെടുന്നവരുമുണ്ട്, സത്യം രണ്ടിനുമിടയിലാണ്. ജൂതരെ
കൊന്നിട്ടുണ്ട്. പക്ഷെ 60 ലക്ഷമെന്ന പെരുപ്പിച്ച കണക്കിന് തെളിവൊന്നുമില്ല.
ആ സംഖ്യ ചില ബോധപൂര്‍വ പ്രചരണ തന്ത്രങ്ങളുടെ മാത്രം പിന്‍ബലത്തില്‍
സ്ഥാപിച്ച മിത്താണ്. സത്യത്തില്‍ ഇത്രയധികം കൊല നടന്നിട്ടില്ല എന്ന്
പറയുന്നു മറ്റൊരു വിഭാഗം-അതു നമ്മുടെ വിഷയമല്ല.
അല്‍പം കൂടെ സൂക്ഷ്മമായി വിലയിരുത്തിയാല്‍ ഹോളോകോസ്റ്റുമായി താരതമ്യം
ചെയ്ത് പരിണാമത്തെ അവതരിച്ച ഡോകിന്‍സ് പറയാതെ പറയുന്ന മറ്റൊരു കാര്യമുണ്ട്.
ഹോളോകോസ്റ്റിനെക്കുറിച്ച് സംശയം പ്രകടിപ്പിച്ച ഒരു പ്രശസ്ത മാസികക്കും
തത്ത്വചിന്തകനുമുണ്ടായ അനുഭവങ്ങള്‍ നാം വ്യക്തമായറിഞ്ഞു. എന്തും പറയാന്‍,
ചര്‍ച്ച ചെയ്യാന്‍ സ്വാതന്ത്യ്രം വേണമെന്നത് മൌലികാവകാശമായി കാണുന്ന ആധുനിക
സമൂഹത്തിലാണ് ഇത്തരം ശിക്ഷകളും പീഡനങ്ങളും ബഹിഷ്കരണങ്ങളും നടക്കുന്നത്.
അതെ, ഹോളോകോസ്റ്റ് താരതമ്യത്തിലൂടെ ഡോകിന്‍സ് നല്‍കുന്ന സന്ദേശം പരിണാമം
സത്യമാണെന്നും അതിന് തെളിവുകളുണ്ടെന്നും അത് ശാസ്ത്രമാണെന്നുമാണ്.
അതംഗീകരിക്കേണ്ടത് ലോകജനതയുടെ ബാധ്യത. അല്ലാത്തപക്ഷം തക്കതായ വില
നല്‍കേണ്ടി വരുമെന്ന ഭീഷണിയുടെ സ്വരമല്ലെ അത്?
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ഈ അബദ്ധ വിശ്വാസം ശാസ്ത്രമെന്ന പേരില്‍
പഠിക്കാന്‍ നിര്‍ബന്ധിതരായ വിദ്യാര്‍ഥി സമൂഹം, അതിന് തങ്ങളുടെ അര്‍ഥം
ചെലവഴിക്കേണ്ടി വരുന്ന രക്ഷിതാക്കള്‍, സര്‍ക്കാരുകള്‍ എത്രത്തോളം
ആഴത്തിലാണ് പരിണാമ വിശ്വാസികളുടെ സ്വാധീനം. അന്വേഷിക്കേണ്ടതുണ്ട്.
ഡോകിന്‍സ് തന്നെ പറയുന്നു മാര്‍പാപ്പയും പാതിരിമാരും പരിണാമം
അംഗീകരിക്കുന്നുവെന്ന്. അദ്ദേഹവും ഓക്സ്ഫോര്‍ഡ് ബിഷപ്പും ചേര്‍ന്ന് സണ്‍ഡേ
ടൈംസില്‍ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ സംഗ്രഹത്തില്‍ പറയുന്നു: "ക്രൈസ്തവ
ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ ദൈവത്തിന്റെ ഏറ്റവും
മഹത്തായ പദ്ധതിയാണിത്.''(25)
"കാന്റര്‍ബറിയിലെ ബിഷപ്പും പരിണാമ സിദ്ധാന്തത്തെ ഒരു പ്രശ്നമായി
കാണുന്നില്ല. മാര്‍പാപ്പയുടെ കാര്യവും ഭിന്നമല്ല.''(26) മാര്‍പാപ്പയും
പാതിരിമാരും പരിണാമം അംഗീകരിക്കുന്നുവെങ്കിലും അമേരിക്കയിലുള്‍പ്പെടെ ഉന്നത
വിദ്യാഭ്യാസം നേടിയ ക്രിസ്ത്യന്‍ മതവിശ്വാസികളില്‍ ഭൂരിപക്ഷവും പരിണാമം
അംഗീകരിക്കുന്നില്ല എന്നത് ഡോകിന്‍സിനെ അസ്വസ്ഥനാക്കുന്നുണ്ട്.
"ബിഷപ്പുമാരും വിദ്യാസമ്പന്നരായ വൈദിക നേതൃത്വവും പരിണാമ സിദ്ധാന്തത്തെ
സ്വീകരിച്ചതുകൊണ്ടുമാത്രം അവരുടെ സഭാംഗങ്ങള്‍ക്കെല്ലാം അത്
സ്വീകാര്യമായിരിക്കുമെന്ന അമിതാത്മവിശ്വാസം നമുക്ക് ഉണ്ടാകാന്‍ പാടില്ല. ഈ
പുസ്തകത്തിന്റെ അപ്പന്‍ഡിക്സില്‍ ചേര്‍ത്തിട്ടുള്ള പട്ടികകള്‍ കാണുക.
നിര്‍ഭാഗ്യവശാല്‍ മേല്‍ സൂചിപ്പിച്ച നിഗമനങ്ങളെ അട്ടിമറിക്കുന്ന
തെളിവുകളാണ് അഭിപ്രായ സര്‍വേകള്‍ ലഭ്യമാക്കുന്നത്. അമേരിക്കന്‍ ജനസംഖ്യയിലെ
40 ശതമാനം ആള്‍ക്കാര്‍ മനുഷ്യന്‍ മറ്റൊരു ജീവിവര്‍ഗത്തില്‍നിന്ന്
പരിണമിച്ചുണ്ടായതാണെന്ന് വിശ്വസിക്കുന്നില്ല''(27) ഇത് വസ്തുതയാണ്.
തങ്ങളുടെ മതനേതൃത്വം ഒരു അന്ധവിശ്വാസം ശാസ്ത്രമെന്ന പേരില്‍ പഠിപ്പിച്ചാല്‍
അത് സ്വീകരിക്കാന്‍ അനുയായികള്‍ തയ്യാറായിക്കൊള്ളണമെന്നില്ല. ഇക്കാര്യം
അവരുടെ വിശ്വാസത്തിന്റെ കാര്യമല്ല എന്നത് തന്നെ കാരണം. ശാസ്ത്രമെന്ന
പേരില്‍ ഒരു കാര്യം പറഞ്ഞാല്‍ അതിനെ വസ്തുതാപരമായ തെളിവുകള്‍
പിന്തുണക്കുന്നുണ്ടോ എന്ന് സാമാന്യബുദ്ധിയുള്ള ആരും അന്വേഷിക്കും. ആ
അന്വേഷണത്തില്‍ തങ്ങള്‍ക്ക് ബോധ്യപ്പെടാത്ത കേവലം ഊഹങ്ങളും സങ്കല്‍പങ്ങളും
അതര്‍ഹിക്കുന്ന ഗൌരവത്തിലെ ബുദ്ധിയുള്ളവര്‍ ഉള്‍ക്കൊള്ളൂ.
ക്രിസ്ത്യന്‍ സമൂഹം പരിണാമം അംഗീകരിക്കാത്തതിനു കുപിതനായി ബിഷപ്പുമാരെയും വികാരിമാരെയും ചീത്ത പറയുന്നുണ്ട് ഡോകിന്‍സ്.
"ബിഷപ്പുമാരെ, വികാരിമാരെ, ചിന്തിച്ചാലും! നിങ്ങള്‍ ഒരു സ്ഫോടകവസ്തു
വച്ചാണ് കളിക്കുന്നത്. സംഭവിക്കാന്‍ സാധ്യതയുള്ള ഒരു അബദ്ധധാരണക്ക്
കളമൊരുക്കുന്ന രീതിയിലാണ് നിങ്ങളുടെ പെരുമാറ്റം. സാധ്യതയുണ്ടെന്നല്ല
തികച്ചും അനിവാര്യമായും സംഭവിച്ചേക്കാവുന്ന ഒരു അബദ്ധധാരണയെന്നുവേണം അതിനെ
വിളിക്കാന്‍. പൊതുവേദികളില്‍ സംസാരിക്കുമ്പോള്‍ കുറെകൂടി അവധാനത
പുലര്‍ത്താന്‍ നിങ്ങള്‍ക്ക് ബാധ്യതയല്ലെ? അത്തരം അവസരങ്ങളില്‍ നിങ്ങള്‍
ശരിയെന്ന് പറയുന്നത് ശരിയും തെറ്റെന്ന് പറയുന്നത് തെറ്റുമാകുന്നതല്ലെ
അഭികാമ്യം? അല്ലെന്നാകില്‍ നിങ്ങളുടെ നിലപാട് അപലപനീയമാണ്. ഇതിനകം പ്രചാരം
നേടിയ ഒരു അബദ്ധധാരണയെ പ്രതിരോധിക്കാന്‍ സര്‍വശക്തിയുമപയോഗിച്ച് പൊരുതേണ്ട
കടമ നിങ്ങള്‍ക്കുമില്ലേ.''(28)
തീര്‍ച്ചയായുമുണ്ട്. ചില സങ്കല്‍പങ്ങളില്‍ പടുത്തുയര്‍ത്തിയ, ശാസ്ത്രമെന്ന
പേരില്‍ പ്രചരിപ്പിക്കപ്പെടുന്ന ഇതിനകം വല്ലാതെ പ്രചരണം നേടിയ തികച്ചും
ബോധപൂര്‍വം പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു തെറ്റിനെ പ്രതിരോധിക്കേണ്ട
ബാധ്യത സത്യത്തോടും സമൂഹത്തോടും പ്രതിബദ്ധതയുള്ള, ശാസ്ത്രത്തോടും
പുരോഗതിയോടും താല്‍പര്യമുള്ള ഓരോ മനുഷ്യനുമുണ്ട്. അതിനുള്ള
മുന്നൊരുക്കങ്ങള്‍ ചെയ്യേണ്ട ബാധ്യതയും നമുക്കുണ്ട്.
നേരത്തെ സൂചിപ്പിച്ച പോലെ പരിണാമം ശാസ്ത്രീയമായി തെളിയിച്ചു
സാമാന്യവത്കരണത്തിനു വിധേയമായാല്‍ അതിനെ എതിര്‍ക്കേണ്ടതില്ല. പക്ഷെ
ശാസ്ത്രീയമായി തെളിയിച്ചു എന്ന കേവല പ്രചാരണത്തലധിഷ്ഠിതമായ സങ്കല്‍പം
ശാസ്ത്രമെന്ന് അംഗീകരിക്കാന്‍ ശാസ്ത്രത്തോടും സത്യത്തോടും താല്‍പര്യമുള്ള
ഒരാള്‍ക്കും സാധ്യമല്ല. എന്നു മാത്രമല്ല ആ അബദ്ധ ധാരണയും ആ അബദ്ധത്തെ
ബോധപൂര്‍വം പ്രചരിപ്പിക്കുന്നതിനെയും പ്രതിരോധിക്കേണ്ട ബാധ്യത ഓരോ ശാസ്ത്ര
കുതുകിയ്ക്കും സത്യാന്വേഷിക്കുമുണ്ട് താനും.
Reference:
1. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം. പരിണാമത്തിന്റെ തെളിവുകള്‍, സി. രവിചന്ദ്രന്‍ ഡി. സി ബുക്സ് പേജ് 21
2. അതേ പുസ്തകം പേജ് 499
3. അതേ പുസ്തകം പേജ് 35
4. അതേ പുസ്തകം പേജ് 46
5. അതേ പുസ്തകം പേജ് 22
6. അതേ പുസ്തകം പേജ് 35, 36
7. അതേ പുസ്തകം പേജ് 36
8. അതേ പുസ്തകം പേജ് 40
9. അതേ പുസ്തകം പേജ് 43
10. അതേ പുസ്തകം പേജ് 21
11. നാസ്തികനായ ദൈവം റിച്ചാര്‍ഡ് ഡോകിന്‍സിന്റെ ലോകം: രവിചന്ദ്രന്‍. സി ഡി. സി ബുക്സ് പേജ് 388
12. അതേ പുസ്തകം പേജ് 389
13. അതേ പുസ്തകം പേജ് 99
14. http://ml.wikipedia.org/wiki/imkv{Xw
15. http://oxforddictionories.com/definition/english/science
16. http://en-wikipedia.org/wiki/science#cite_rate-1
17.www.youtube.com/watch?v=ABhcw10&feature=-relmfu
18. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം, പേജ് 32, 33
19. അതേ പുസ്തകം പേജ് 513-522
20. www.madhymam.com/weekly/1434
21. http://en.wikipedia.org/wiki/Roger_Garaudy
22. ഭൂമിയിലെ ഏറ്റവും മഹത്തായ ദൃശ്യവിസ്മയം. പേജ് 33
23.അതേ പുസ്തകം പേജ് 31
24. അതേ പുസ്തകം പേജ് 8
25. അതേ പുസ്തകം പേജ് 31
26. അതേ പുസ്തകം പേജ് 32
27. അതേ പുസ്തകം പേജ് 33
28. അതേ പുസ്തകം പേജ് 34
No comments:
Post a Comment