Followers

Sunday, January 13, 2013

തീവ്രവാദവും ഇസ്ലാമും

2013 ജനുവരി | പുസ്തകം 9 | ലക്കം 7 | 1433 സഫര്‍
 
യു. കലാനാഥന്‍ / നിസില്‍ ശറ
 


തൊട്ടതിനും പിടിച്ചതിനുമൊക്കെ ഭീകരവാദമെന്നും തീവ്രവാദമെന്നും പറയപ്പെടുന്ന ഒരു കാലത്തിലാണല്ലൊ നാം ജീവിക്കുന്നത്. അതുകൊണ്ട് തന്നെ എന്റെ ആദ്യ ചോദ്യം ഭീകരവാദത്തെയും തീവ്രവാദത്തെയും എങ്ങനെയാണ് താങ്കള്‍ നിര്‍വചിക്കുന്നത് എന്നാണ്.

ഭീകരവാദവും തീവ്രവാദവും പല തരത്തിലുണ്ട്. എന്നാല്‍ ഇന്ന് ലോകത്തിലും ഇന്ത്യയിലും കേരളത്തിലും ചര്‍ച്ച ചെയ്യപ്പെടുന്ന ഭീകരവാദവും തീവ്രവാദവും മതവുമായി ബന്ധപ്പെട്ടു തന്നെയാണ്. അതുകൊണ്ട് തന്നെ ഭീകരവാദവും തീവ്രവാദവും മതത്തിന്റെ ജീര്‍ണതയുടെ ഫലമായി വളര്‍ന്നുവന്നിട്ടുള്ളതാണ്. ഈ സാമൂഹികപ്രതിഭാസം മതത്തിന്റ ഉള്ളിലാണ് വളര്‍ന്നുവന്നിട്ടുള്ളത്. അതേസമയം രാഷ്ട്രീയ ഭീകരവാദം ലോകത്ത് ഒരുപാട് ഉണ്ടായിട്ടുണ്ട്. ഓരോ ഘട്ടത്തിലും സന്ദര്‍ഭത്തിലുമൊക്കെയായി സാമ്രാജ്യത്വവും ഫാസിസവും അത് നന്നായി പയറ്റിയിട്ടുണ്ട്. ഇന്ന് രാഷ്ട്രീയ ഭീകരവാദം (മെേലേ ലൃൃീൃേശാ) എന്നത് രാഷ്ട്രീയക്കാര്‍ ആരോപണങ്ങള്‍ക്കായി മാത്രം ഉപയോഗിക്കുന്ന ഒന്നായി മാറിയിട്ടുണ്ട്. അപൂര്‍വമായി ഇല്ല എന്നല്ല പറഞ്ഞതിനര്‍ഥം. എന്നാലിന്ന് ലോകമെമ്പാടും കാണുന്നത് മതതീവ്രവാദമാണ്. മതതീവ്രവാദത്തെ കേന്ദ്രീകരിച്ചാണ് നിങ്ങളുടെ ചോദ്യത്തിന് ഞാന്‍ മറുപടി പറയുന്നത്.
മതത്തിന്റെ ജീര്‍ണതയാണ് മത തീവ്രവാദത്തിന് പ്രധാന കാരണം. മതം അത് അനുശാസിക്കുന്ന ധാര്‍മികകാര്യങ്ങള്‍ ചെയ്താല്‍ മതി. അത് ഇത്തരം ഭീകരകര്‍മങ്ങള്‍ ചെയ്യേണ്ടതില്ല. മതകര്‍മങ്ങള്‍ ചെയ്യുമ്പോള്‍ സ്കൂള്‍ പരീക്ഷയ്ക്ക് മാര്‍ക്കിടുന്ന മാനദണ്ഡം പോലുമില്ലാതെ തോത് കൃത്യമായി അളന്ന് ദൈവം മാര്‍ക്കിടും; അങ്ങനെയാണ് മത പണ്ഡിതന്മാര്‍ പറഞ്ഞപ്പോള്‍ എനിക്ക് മനസ്സിലായത്. എന്നാല്‍ ഇങ്ങനെ കര്‍മം ചെയ്യുന്നതിന് പകരം അയാള്‍ മറ്റുള്ളവരെക്കൂടി അതിലേക്ക് കൂട്ടാന്‍ നടക്കുന്നു. ദൈവത്തിന്റെ ദൌര്‍ബല്യങ്ങള്‍ മനസ്സിലാക്കി ദൈവത്തിനു വേണ്ടി പണിയെടുക്കുന്നവരെ സൃഷ്ടിക്കുന്നു. ഈ കാര്യത്തില്‍ മതഗ്രന്ഥങ്ങള്‍ക്ക് വളരെ വലിയ പങ്കുണ്ട്. അതില്‍ ഏറ്റവും മുന്നിലുള്ള മതഗ്രന്ഥവും മതവിഭാഗവും ഇസ്ലാമിന്റെതാണ് എന്ന് പറയുന്നതില്‍ എനിക്കൊരു മടിയുമില്ല. അതിനൊരു പ്രധാന കാരണമെന്താണെന്നു വെച്ചാല്‍ മുഹമ്മദ് എന്ന പ്രവാചകന്റെ കാര്യമാണ്. പ്രവാചകന്മാര്‍ പലരുമുണ്ടായിട്ടുണ്ട്. യേശുക്രിസ്തുവിനെ നമുക്ക് പരിചയമുണ്ട്. ഹിന്ദു മതത്തില്‍ പ്രവാചകന്മാരില്ലെങ്കിലും ദാര്‍ശനികന്മാരുണ്ടായിട്ടുണ്ട്. എന്നാല്‍ ഇസ്ലാം മതത്തിലെ പ്രവാചകനാണ് ആദ്യമായി ആയുധമെടുത്ത് യുദ്ധരംഗത്തിറങ്ങിയത്.
ചരിത്രപരമായി ഗോത്രവര്‍ഗങ്ങള്‍ക്കിടയില്‍ ഭരണകൂട സമരങ്ങളില്‍ ഏര്‍പെടുന്നവരുണ്ടെങ്കിലും ആധുനിക സംഘടിത മതങ്ങളെ (ഹിന്ദു-മുസ്ലിം-ക്രിസ്ത്യാനി) എടുക്കുമ്പോള്‍ അതില്‍ ഇസ്ലാമിക പ്രവാചകനായ മുഹമ്മദ് നബി നേരിട്ട് 26 യുദ്ധങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. അറുപതോളം യുദ്ധങ്ങള്‍ക്ക് സൈനികരെ അയച്ചു കൊടുത്തിട്ടുണ്ട്. ആദ്യത്തെ പതിമൂന്ന് കൊല്ലം തന്റെ സംഘടനാരംഗം വേണ്ടത്ര വികസിപ്പിക്കാന്‍ കഴിഞ്ഞില്ല. അധികാരത്തില്‍ വന്നപ്പോള്‍ സാമ്രാജ്യ വികസനത്തിന്റെ ഭാഗമായി മതവികസനം നടന്നു. ഇത് ഇസ്ലാമിക ചരിത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാകുന്ന വസ്തുതയാണ്. മതത്തെ വികസിപ്പിക്കാന്‍ മറ്റ് മതക്കാരെ ഇസ്ലാമിലേക്ക് കൊണ്ടുവരുന്നതിനു വേണ്ടി ആയുധത്തെ കരുവാക്കിയ ഒരു നല്ല മതമാണ് ഇസ്ലാം. നല്ല എന്ന വാക്ക് അറിഞ്ഞുകൊണ്ട് ഉപയോഗിച്ചതാണ്. അവര്‍ക്ക് നല്ലത് എന്നര്‍ഥം! ഒരുപക്ഷേ, ആ ബാക്ക്ഗ്രൌണ്ട് ഉള്ളത് കൊണ്ടാവാം ആധുനിക കാലഘട്ടത്തിലും ഇസ്ലാമിന് ഇങ്ങനെയൊരു തിരിച്ചുപോക്ക് എന്ന് ഞാന്‍ സംശയിക്കുന്നു. അത് കൊണ്ടാണ് മത ജീര്‍ണത എന്ന് ഞാന്‍ പറഞ്ഞത്. സാമാന്യഭാഷയില്‍ മതത്തിന്റെ പ്രകടമായ ഒരു പരിപാടിയല്ല തീവ്രവാദം. അത് പല മതങ്ങളിലും കാണാനാവില്ല. കാരണം ഇത് എല്ലാ കാലത്തും ഒരുപോലെ കണ്ടില്ല എന്നത് തന്നെയാണ്. ഇന്ത്യയില്‍ തീവ്രവാദം ശക്തമാകുന്നത് തൊണ്ണൂറുകള്‍ക്ക് ശേഷമാണ്. എന്നാല്‍ ലോകത്ത് ആദ്യമായി ശക്തമാകുന്നത് 1948ലെ ഇസ്രായേല്‍ തോന്ന്യാസത്തോടെയാണ്. ഏറ്റവും മികച്ച ടെക്നോളജി ഉപയോഗിച്ച് മുസ്ലിം രാഷ്ട്രങ്ങളെ നശിപ്പിച്ചു അവര്‍. അമേരിക്ക അതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. യഥാര്‍ഥത്തില്‍ ഇവരാണ് തീവ്രവാദം കൊണ്ടുവന്നത്. മത തീവ്രവാദമാണോ ഭരണകൂട തീവ്രവാദമാണോ എന്ന് ചോദിച്ചാല്‍ തിരിച്ചറിയാന്‍ കഴിയില്ല. രണ്ടും ഒരുപോലെ ഫോഴ്സായി ഉപയോഗിക്കുന്നു. ജൂത മതത്തിന് തീവ്രവാദം അവതരിപ്പിക്കുന്നതില്‍ കഴിഞ്ഞ നൂറ്റാണ്ടില്‍ മുഖ്യ പങ്കുണ്ട്. അത് മാത്രമല്ല ആ രംഗത്ത് നിന്ന് ഒരിഞ്ച് പിന്നോട്ടു പോകാന്‍ അവര്‍ തയാറായിട്ടുമില്ല. ഒരു സുഹൃത്തിന്റെ വിമര്‍ശനം പോലും അമേരിക്ക നടത്തുന്നില്ല. അത് അവരുടെ സാംസ്കാരിക അധഃപതനമാണ്. പലരും ഇത് മുസ്ലിംകളുടെ മാത്രം പ്രശ്നമായിക്കാണുകയാണ്. അക്കൂട്ടത്തില്‍ മത ചിന്തകന്മാരും തീവ്രവാദ വിരുദ്ധരും ഉണ്ട് എന്നുള്ളത് വാസ്തവമാണ്.

ആഴത്തില്‍ മനസ്സിലാക്കുമ്പോള്‍ അമേരിക്കയാണ് എല്ലാറ്റിനും പിന്നില്‍ എന്ന് കാണുന്നു. ഒരു സംഭവം സൃഷ്ടിക്കുന്നവനാണ് യഥാര്‍ഥ പ്രതിയെങ്കില്‍ അമേരിക്കയല്ലേ യഥാര്‍ഥത്തില്‍ ഭീകരവാദവും തീവ്രവാദവും നടത്തുന്നത്. നവീന യുദ്ധമായ മാധ്യമയുദ്ധത്തിലൂടെ അവര്‍ കാര്യങ്ങളെ തലതിരിച്ചിടുകയല്ലേ?

അമേരിക്കന്‍ സാമ്രാജ്യത്വത്തിന് അധികാരം വികസിപ്പിക്കണം. അതിനവര്‍ ഏത് മാര്‍ഗവും സ്വീകരിക്കും. മുഹമ്മദിന് അഥവാ ഇസ്ലാമിനുണ്ടായിരുന്നത് പോലുള്ള സാമ്രാജ്യത്വ വികസമാണ് അമേരിക്കയുടേത്. അതിന് വേണ്ടി അവര്‍ ആയുധമേന്തും; പുതിയ ആയുധം ഉണ്ടാക്കും. ആയുധത്തിന്റെ കാര്യത്തില്‍ അവരെ തോല്‍പ്പിക്കാനാവില്ല. റഷ്യയുടെ പിന്നോട്ടു പോക്കോടെ ആയുധത്തിന്റെ കാര്യത്തില്‍ അവര്‍ രണ്ടിരട്ടി വളര്‍ന്നു കഴിഞ്ഞു. ശത്രുവിന്റെ ദൌര്‍ബല്യം അവരെ പരമാധികാരിയാക്കിത്തീര്‍ത്തു എന്നു പറയുന്നതാവും ശരി. അത് കൊണ്ടല്ലേ ഇസ്രയേല്‍ പിന്തുണ ആരും ചോദ്യംചെയ്യാത്തത്. ചോദ്യം ചെയ്താല്‍ തന്നെ അത്ര ഗൌരവത്തിലുള്ളതല്ല. മത തീവ്രവാദത്തെ തകര്‍ക്കാനെന്ന പേരില്‍ രാഷ്ട്രീയ ഭരണകൂട തീവ്രവാദം അവര്‍ അവതരിപ്പിക്കുകയാണുണ്ടായത്. അമേരിക്കയുടെ ഭരണഘടന മത നിരപേക്ഷമാണെങ്കിലും സമര്‍ഥമായി ഉപയോഗിക്കാന്‍ അവര്‍ക്കറിയാം. അഥവാ ഭരണഘടനാലംഘനം നടന്നാല്‍ തന്നെ ചോദ്യം ചെയ്യാന്‍ അവിടെ ആരും ഉണ്ടാവില്ല. ഏത് പാര്‍ട്ടിയായാലും ആവശ്യമുള്ളപ്പോള്‍ അവരിലെ ബൂര്‍ഷ്വാസിയുണരും. അത് കൊണ്ട് തന്നെ വലിയ രീതിയിലുള്ള ആന്തരിക കലാപങ്ങള്‍ ഉണ്ടാവില്ല. ഇറാഖില്‍ അവര്‍ നടത്തിയത് പെട്രോ ഡോളറിന്റെ ഉടമയാകാനുള്ള തന്ത്രം മാത്രമാണ്. സദ്ദാം അതിനെ ചെറുക്കും എന്നുറപ്പുള്ളത് കൊണ്ടാണ് സദ്ദാമിനെ ഇല്ലാതാക്കിയത്. ഇപ്പോളവിടെ എന്തുണ്ടായി? പ്രശ്നങ്ങള്‍ കൂടി വന്നിരിക്കുന്നു. ദിവസേന ബോംബ് പൊട്ടുന്നു. ഇസ്ലാമിക തീവ്രവാദം അവിടെ വളര്‍ത്തിയെടുക്കുകയായിരുന്നില്ലേ?

ഇറാഖില്‍ നടക്കുന്നത് തീവ്രവാദമാണോ? ആത്മാഭിമാനം വീണ്ടെടുക്കാനുള്ള ചെറുത്ത് നില്‍പല്ലേ? അതിനെ നമുക്കെങ്ങനെ തീവ്രവാദം എന്ന് പറയാനാകും?

പ്രകടമായി തീവ്രവാദമായിക്കാണാമെങ്കിലും അതില്‍ ചെറുത്ത് നില്‍പിന്റെ അംശമുണ്ട്. ആത്മരക്ഷയുടെ യുദ്ധം. മാധ്യമങ്ങളിലൂടെ അമേരിക്ക അതിനെ തീവ്രവാദമാക്കി മാറ്റുക തന്നെയാണ്. അതുകൊണ്ട് ഇസ്ലാമിക തീവ്രവാദത്തെ നമ്മള്‍ കാണുമ്പോള്‍ അതാത് പ്രദേശത്തെ അടിസ്ഥാന പശ്ചാത്തലം നോക്കിയിട്ടേ വിലയിരുത്താനാവൂ എന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്.

അങ്ങനെയെങ്കില്‍ ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദം എങ്ങനെ വിലയിരുത്താം?

ഇന്ത്യയില്‍ നടക്കുന്ന തീവ്രവാദത്തിന്റെ പ്രധാന കാരണം ഹിന്ദു തീവ്രവാദത്തിന്റെ കയ്യേറ്റമാണ്. ഇസ്ലാമിനെ നശിപ്പിക്കുക എന്നതാണ് അവരുടെ ലക്ഷ്യം. ഇത് ജനാധിപത്യത്തോടുള്ള അങ്ങേയറ്റത്തെ വെല്ലുവിളിയാണ്. അവരുടെ ധിക്കാരമാണ് ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദം ശക്തമാക്കിയത്. അതിനു മുമ്പ് ചെറിയ ചില ശബ്ദങ്ങള്‍ മാത്രമെ ഉണ്ടായിരുന്നുള്ളൂ. സിമി, സലഫി, മൌദൂദി തുടങ്ങിയ ആശയങ്ങള്‍. അവ മുക്കിലും മൂലയിലും ഒച്ചവെച്ചു എന്നു മാത്രം. ബാബ്രി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് ഹിന്ദു മുസ്ലിം വികാരം ശക്തമാകുന്നത്. അതിന് നാല് വര്‍ഷം മുമ്പ് അദ്വാനി നടത്തിയ രഥയാത്രയാണ് എല്ലാത്തിന്റെയും തുടക്കമെന്ന് വേണമെങ്കില്‍ പറയാം. ഇന്ത്യയിലെ ഏറ്റവും ഹീനനായ മനുഷ്യന്‍ അദ്വാനിയാണ്. ഒരു മതത്തെ നശിപ്പിക്കാന്‍ വേണ്ടി ഹിന്ദു സംസ്കാരത്തെ നശിപ്പിച്ച ഏറ്റവും മഹാനായ നേതാവ്. മഹാന്‍ എന്ന പദം അതിന്റെ ഏറ്റവും ഹീനമായ അര്‍ഥത്തിലാണ് ഞാന്‍ പ്രയോഗിക്കുന്നത്. ബാബ്രി പള്ളി ബാബര്‍ ചക്രവര്‍ത്തിയുണ്ടാക്കിയതാണ്. അല്ലാതെ മതപണ്ഡിതന്‍ ഉണ്ടാക്കിയതല്ല. ഇസ്ലാമിനെ സംബന്ധിച്ച് അവഗണിക്കാമായിരുന്ന ഒന്നിനെ അവര്‍ ഹിന്ദുവിന്റെ വികാരമാക്കി മാറ്റിയെടുത്തു. ബി ജെ പിയുടെ ഈ ധിക്കാര നടപടികള്‍ ഇന്ത്യയിലിന്ന് ഹിന്ദുവിനെയും മുസ്ലിമിനെയും വളരെയധികം തമ്മിലകറ്റിയിരിക്കുന്നു.

അപ്പോള്‍ ഇസ്ലാം നിലനില്‍പ്പിന് വേണ്ടി പൊരുതുകയല്ലേ?

ആത്മരക്ഷാപരമായി പൊരുതേണ്ട ഗതികേട് ഇസ്ലാമിന് ഇന്ത്യയിലുണ്ട്. അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോഴുള്ള പ്രതികരണം.

ഭരണകൂടത്തിന്റെ ഒത്താശയോടെ ഇന്ത്യയിലെ മുസ്ലിംകള്‍ വേട്ടയാടപ്പെടുമ്പോള്‍ ചെറുത്ത് നില്‍ക്കാനുള്ള ശ്രമം നടത്തുന്നത് എങ്ങനെയാണ് തീവ്രവാദമായിത്തീരുക?

ഇസ്ലാം വൈകാരികമായി ചെറുത്ത് നില്‍ക്കുകയാണ്. അത് ശരിയല്ല. ഇസ്ലാമിന്റെ ആശയമാണ് ഇവിടെ പ്രശ്നം. മതതീവ്രവാദ ആശയങ്ങളാണതില്‍ നിറയെ. മുഗള്‍ പാരമ്പര്യം ഇന്ന് ഇസ്ലാമിനില്ല. മുഹമ്മദിന്റെ പാരമ്പര്യമല്ല അക്ബറിന്റെത്. അക്ബര്‍ മതേതരവാദിയായിരുന്നു. ഹിന്ദു മുസ്ലിം ഐക്യത്തിന് ശ്രമിച്ചിട്ടുണ്ട്. അത് കൊണ്ടാണ് മഹാനായ അക്ബറായത്. ഔറംഗസീബ് മാത്രമാണതിനപവാദം. അയാള്‍ തോന്നിവാസിയായിരുന്നു. ആര്‍. എസ്. എസിന്റെ വളര്‍ച്ചയാണ് ഇന്ത്യയിലെ മുസ്ലിംകളെ ആത്മരക്ഷയെക്കുറിച്ച് ചിന്തിപ്പിച്ചത്.

ഈ ആത്മരക്ഷ ഇസ്ലാമിക ആദര്‍ശവുമായിക്കൂടിച്ചേര്‍ന്നപ്പോള്‍ ഇന്ത്യയില്‍ ഇസ്ലാമിക തീവ്രവാദം ഉടലെടുക്കുകയാണുണ്ടായത് എന്നാണോ?

അതെ. തികച്ചും ശരിയാണത്. ഇന്ത്യയില്‍ പാര്‍ലമെന്ററി ജനാധിപത്യം കൊണ്ട് നീതി കിട്ടില്ലെന്നുറപ്പായ സന്ദര്‍ഭമാണല്ലോ ബാബ്രി മസ്ജിദിന്റെ തകര്‍ച്ചയുടെ നാള്‍. നരസിംഹ റാവു ഗവണ്‍മെന്റ് അതിന് കൂട്ടുനിന്നു. കോണ്‍ഗ്രസ് പോലും സഹായത്തിനെത്താത്തപ്പോള്‍ ഇന്ത്യയിലെ മുസ്ലിംകള്‍ അവരുടെ പ്രശ്നങ്ങള്‍ ആരോട് പറയും? പോലീസും ഭരണകൂടവും എതിരായപ്പോള്‍ അവര്‍ സ്വാഭാവികമായും അവരുടെ ആശയത്തിലേക്ക് തിരിച്ചു പോയി. അത് തീവ്രവാദത്തിന് ആക്കം കൂട്ടി.

അതേസമയം ഇന്ത്യയിലെ വര്‍ഗാധിഷ്ഠിത സമരങ്ങളെ എങ്ങനെയാണ് കാണുന്നത്? ഇടതുപക്ഷ ചിന്തയില്‍ നിന്നല്ലേ നക്സലൈറ്റുകള്‍ക്ക് ഊര്‍ജം കിട്ടുന്നത്? അതും ഭീകരത തന്നെയല്ലേ? അത് നിഷേധിക്കാന്‍ കഴിയുമോ?

ഇവിടെ ചര്‍ച്ച ചെയ്യപ്പെടേണ്ടത് ഹിംസ ഉപയോഗിക്കുന്നുണ്ടോ എന്നുള്ളതാണ്. ഹിംസ ജനാധിപത്യത്തില്‍ പാടില്ലാത്തതാണ്. ജനാധിപത്യവിരുദ്ധ സമീപനമാണത്. ഹിംസയും ജനാധിപത്യവും തമ്മില്‍ യാതൊരു പൊരുത്തവുമില്ല. എല്ലാവരുടെയും വികാരങ്ങളെ മാനിക്കുന്ന നിയമപരമായ സംവിധാനമാണതില്‍. പാര്‍ലമെന്ററി ജനാധിപത്യം വഴിയാണ് ആവശ്യങ്ങള്‍ നേടിയെടുക്കേണ്ടത്. അതിന് ആദ്യം വേണ്ടത് ജനങ്ങളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക എന്നതാണ്. എന്നിട്ട് അധികാരത്തില്‍ വരണം. അതിന് ലോകത്തിലേറ്റവും സാധ്യതയുള്ളത് ഇന്ത്യയിലാണ്. അത് ആളുകളെ ബോധ്യപ്പെടുത്തല്‍ എളുപ്പപ്പണിയല്ല എന്നതാണ് സത്യം. അപ്പോള്‍ എളുപ്പത്തിന് വേണ്ടി ഹിംസയുടെ മാര്‍ഗം സ്വീകരിക്കുന്നു. ആ ഹിംസാമാര്‍ഗം ജനാധിപത്യത്തിന്റെ ശത്രുവാണ്. നക്സലൈറ്റ് ഹിംസയായാലും എത് കമ്യൂണിസ്റ് ഹിംസയായാലും ഭീകരവാദം തന്നെയാണ്. രാഷ്ട്രീയ അഹിംസയെ എതിര്‍ക്കുന്നത് രാഷ്ട്രീയ ഭീകരവാദമാണ്. ഉത്തരേന്ത്യയിലെ ആറേഴ് സംസ്ഥാനങ്ങളില്‍ നടക്കുന്ന നക്സലൈറ്റ് ഭീകരവാദത്തെ ഞാന്‍ ഭീകരവാദം എന്ന് തന്നെയാണ് വിളിക്കുന്നത്. മാവോയുടെ, മറ്റ് ദാര്‍ശനികസാഹിത്യകന്മാരുടെ വാക്കുകളും പ്രവൃത്തികളും അതിന് പ്രചോദനം നല്‍കുന്നുണ്ട്. മാര്‍ക്സ് തന്നെ പറഞ്ഞിട്ടുണ്ട്- 'ബൂര്‍ഷ്വാ ഭരണത്തിന് കീഴില്‍ ശാന്തമായ സമരത്തിലൂടെ ഭരണാധികാരം പിടിച്ചെടുക്കാന്‍ സാധ്യമല്ല; ആത്യന്തികമായി വിപ്ളവം ആവശ്യമാണ് എന്ന്.' ലാറ്റിനമേരിക്കയില്‍ പോലും വിപ്ളവത്തിലൂടെ അധികാരം കിട്ടിയിട്ടില്ല. വിപ്ളവത്തിലൂടെ അധികാരം കിട്ടിയ രണ്ട് രാജ്യങ്ങളേ ലോകത്ത് ഉള്ളൂ എന്ന് തോന്നുന്നു. ഒന്ന് ക്യൂബയാണ്. മറ്റേത് മെക്സിക്കൊ ആണെന്ന് തോന്നുന്നു. ബാക്കിയൊക്കെ ജനാധിപത്യത്തിലേക്ക് പോകുന്നു. പഴയ കമ്യൂണിസ്റ് രാജ്യങ്ങള്‍ പോലും ജനാധിപത്യത്തിലേക്ക് വന്നില്ലേ? എന്നിട്ടും ആയുധമെടുത്ത് ജനാധിപത്യമുണ്ടാക്കുക എന്നത് തീവ്രവാദമല്ലാതെ മറ്റെന്താണ്? ഞങ്ങളുടെ യുക്തിവാദി മാസികയില്‍ മതതീവ്രവാദവും രാഷ്ട്രീയ തീവ്രവാദവും ഒന്നാണെന്ന് പറഞ്ഞിട്ടുണ്ട്.

മുസ്ലിം നാമധാരികളായ ഇടതുപക്ഷ തീവ്രവാദികളുണ്ട്. അവരെ മുസ്ലിം തീവ്രവാദികളായി കാണാമോ?

അതൊന്നും പൊതുസമൂഹത്തില്‍ വലിയ പ്രശ്നങ്ങളായി കാണേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല. അതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി കണ്ടാല്‍ മതി. ഇന്ത്യയിലെ പ്രശ്നത്തിന്റെ കാരണം ഹിന്ദു തീവ്രവാദത്തിന്റെ കടന്നുകയറ്റവും അതിനെ ചെറുക്കുന്ന മുസ്ലിം തീവ്രവാദവുമാണ്. ഇവിടെ എണ്‍പത് ശതമാനവും ഇരുപത് ശതമാനവും തമ്മില്‍ ഏറ്റുമുട്ടല്‍ എങ്ങനെയാണ് നടക്കുക? ദുര്‍ബലന് ബലനെ ഏറ്റുമുട്ടി തോല്‍പിക്കാനാവില്ല. അതില്‍ ശാസ്ത്രീയമായ അബദ്ധമുണ്ട്. ഇസ്ലാമിക തീവ്രവാദത്തില്‍ ചെറുത്ത് നില്‍പ്പിന്റെ അംശമുണ്ടെങ്കിലും ജീവിക്കാനുള്ള അവകാശപ്പോരാട്ടമായി അത് അംഗീകരിക്കുമ്പോഴും അത് ലക്ഷ്യത്തിലെത്താന്‍ ആത്മഹത്യാപരമായ നീക്കങ്ങള്‍ നടത്തുന്നത് ശരിയല്ല എന്ന നിലപാടാണ് ഞങ്ങളെപ്പോലുള്ളവര്‍ക്ക്. അവര്‍ മതനിരപേക്ഷ വിഭാഗവുമായി ഒന്നിക്കണം. രണ്ടുപേര്‍ക്കും സ്വീകാര്യമായ സമരമുറ സ്വീകരിക്കണം. ബി.ജെ.പിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടില്ലേ? ഭരണം അവര്‍ക്ക് കിട്ടാക്കനിയാവുകയാണ്! ഒന്നിച്ചുനിന്ന് പാര്‍ലമെന്ററി ജനാധിപത്യത്തിലൂടെ അവരെ ഇല്ലാതാക്കുകയാണ് വേണ്ടത്. തെറ്റായ വഴി ഉപേക്ഷിക്കുക. ആളുകളെ കൊന്ന് എത്ര കാലം പിടിച്ചു നില്‍ക്കാനാവും. ഇന്ത്യയിലെ മത വിഭാഗങ്ങളുടെ ആത്മരക്ഷയാണ് പ്രധാനം.

രാജ്യത്തെ മുഴുവന്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കും പിന്നില്‍ മുസ്ലിംകളാണെന്ന പ്രചാരണം ശക്തമാണ്. എവിടെയെങ്കിലും ഒരു പടക്കം പൊട്ടിയാല്‍പോലും അതിന് പിന്നില്‍ മുസ്ലിം തീവ്രവാദികളാണെന്ന് ആരോപിച്ച് മുസ്ലിം ചെറുപ്പക്കാരെ വേട്ടയാടുന്ന അവസ്ഥ. ഇത് അംഗീകരിക്കാന്‍ പറ്റുമോ?

അതിനെ കുറ്റം പറഞ്ഞ് കൂടാ. ബോധപൂര്‍വമാണെങ്കില്‍ തെറ്റാണ് എന്നു മാത്രം. വസ്തുതാപരമാണെങ്കില്‍ ശരിയാണ് താനും. വസ്തുതാപരമാണോ എന്ന ചോദ്യത്തിന് ഞാന്‍ തയാറാക്കിയ ലേഖനങ്ങളില്‍ ചിലത് പറയാം. തിവ്രവാദത്തെക്കുറിച്ചുള്ളതാണത്. കേരളത്തില്‍ 13 തീവ്രവാദ സംഘടനകള്‍ ഉണ്ട് എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. അതില്‍ എട്ടെണ്ണം ഇസ്ലാമിക സംഘടനളാണ്. ബാക്കി ആര്‍.എസ്.എസും വി.എച്ച്.പിയും ബജ്റംഗ്ദളുമൊക്കെയാണ്. അപ്പോള്‍ 61 ശതമാനം മുസ്ലിം സംഘടനകള്‍! ഇത് കേരളത്തിലെ കണക്ക് മാത്രം. ഇന്ത്യയില്‍ പഠിക്കുന്ന വിദേശ വിദ്യാര്‍ഥികള്‍ പോലും തീവ്രവാദ സംഘടനകളുണ്ടാക്കിയിട്ടുണ്ട്. പന്ത്രണ്ടോളം വിദ്യാര്‍ഥികളുടെ കാര്യത്തില്‍ ഇത് തെളിഞ്ഞിട്ടുള്ളതാണ്. അതും വിദേശ താല്‍പര്യത്തിന് വേണ്ടിയുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍. ഇതാണ് തീവ്രവാദ രംഗത്തെ വിദ്യാഭ്യാസ വ്യാപ്തി. സിമി രണ്ടായിരത്തില്‍ കാണ്‍പൂരില്‍ 134 പേരെ കൊന്നു. സിമിയെ നിരോധിച്ചെങ്കിലും നിരോധനം നീക്കാന്‍ അവര്‍ ശ്രമിക്കുകയാണ്. അതിപ്പോള്‍ കേരളത്തില്‍ പുത്തന്‍ സംഘടനയായി നിലവില്‍ വന്നിരിക്കുകയാണ്. അതാണ് എന്‍.ഡി.എഫ്.
ഇസ്ലാമിലെ അഞ്ച് നിര്‍ബന്ധങ്ങളില്‍ ഒന്നാണ് ജിഹാദ്. അതിന്റെ പച്ചമലയാളം വിശുദ്ധ യുദ്ധം എന്നാണ്. അവിശ്വാസികള്‍ അല്ലാഹുവിന്റെ പ്രത്യക്ഷ ശത്രുക്കളാണത്രെ! ഞാന്‍ അതില്‍ പ്രധാനിയാണ് (ചിരിക്കുന്നു). സത്യത്തില്‍ മതപരമായ വിമര്‍ശനം നടത്തുമ്പോള്‍ വിശ്വാസിയെ സുഹൃത്തായിക്കണ്ടിട്ട് അവനെ ഇസ്ലാമിന്റെ ഗതികേടില്‍ നിന്ന,് ക്രൂരമായ അന്ധവിശ്വാസത്തില്‍ നിന്ന് രക്ഷിക്കാനുള്ള ശ്രമമാണ് ഞങ്ങളെപ്പോലുള്ളവര്‍ നടത്തുന്നത്. യുക്തിവാദിയുടെ കടമയാണത്. യുക്തിവാദിയായത് കൊണ്ട് നേട്ടമൊന്നുമില്ല. സംഘടനാനേട്ടമോ അധികാരമോ കിട്ടില്ല. ഗതികേടല്ലേ ഈ യുക്തിവാദവും കൊണ്ട് നടക്കുന്നത് എന്ന് ചോദിക്കപ്പെടാറുണ്ട്. അന്ധവിശ്വാസമെന്ന സാമൂഹ്യചൂഷണത്തില്‍ നിന്ന് മനുഷ്യനെ മോചിപ്പിക്കണം. എന്റെ കുടുംബത്തെ ഒരു പരിധി വരെ മോചിപ്പിച്ചു കഴിഞ്ഞു. അന്ധവിശ്വാസത്തിന്റെ നരകത്തില്‍ നിന്നും മനുഷ്യനെ മോചിപ്പിക്കല്‍ എന്റെ കടമയായി ഞാന്‍ കരുതുന്നു. മത വിശ്വാസികളെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഞങ്ങള്‍ വിശ്വാസികളുടെ ശത്രുവല്ല. വിശ്വാസമാണ് ശത്രു. മതപരമായ ദര്‍ശനങ്ങളെ ഞങ്ങള്‍ ചോദ്യം ചെയ്യും. അതേസമയം ആ വിശ്വാസിയെയല്ല ചോദ്യം ചെയ്യുന്നത്. അതയാളെ ബോധ്യപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ യുക്തിവാദം വിജയിക്കില്ല. അത് അവരെ ബോധ്യപ്പെടുത്താന്‍ മതത്തിന്റെ ഗ്രാമര്‍ മിസ്റേക്ക് പറഞ്ഞ് കൊടുത്തിട്ട് കാര്യമില്ല. മതം അവനിലുണ്ടാക്കുന്ന പ്രതിസന്ധിയെക്കുറിച്ച് ബോധ്യപ്പെടുത്തണം. നബിയെ ആദ്യം തന്നെ കുറ്റം പറയുന്നതില്‍ കാര്യമില്ല. അങ്ങനെയാകുമ്പോള്‍ കേള്‍ക്കുന്നവന്‍ ഒരു വാക്കും കേള്‍ക്കാന്‍ നില്‍ക്കില്ല. സാമൂഹ്യജീവിതത്തിലെ ഒരു ദുരിതം കാണിച്ച് നബിയിലേക്ക് പോണം. അങ്ങനെ നോക്കുമ്പോള്‍ വിശ്വാസമാണെതിര്. വിശ്വാസി ബന്ധുവാണ്. മതം പറയുന്നത് അവിശ്വാസി ശത്രുവാണെന്നാണ്. അല്ലാഹുവിന്റെ പ്രത്യക്ഷ ശത്രുക്കള്‍ മുസ്ലിംകളല്ലാത്തവരെല്ലാമാണെന്നാണ് എന്റെ വിശ്വാസം. അവര്‍ക്കെതിരെയുള്ള പോരാട്ടമാണല്ലോ ജമാഅത്തെ ഇസ്ലാമിയുടെ വിഞ്ജാന കോശം പറയുന്നത്. അതേസമയം മറ്റ് മതങ്ങളെ ബഹുമാനിക്കണമെന്നും കാണാം. ഇതെങ്ങനെയാണ് ഒത്തു പോകുക?

മത ഭീകരവാദത്തിന് മുഴുവന്‍ കാരണം വിശുദ്ധ ക്വുര്‍ആനാണ് എന്ന തരത്തിലുള്ള പ്രസ്താവനകളടങ്ങിയ ചില ലേഖനങ്ങള്‍ താങ്കളുടേതായി ഒരു മാഗസിനില്‍ (യുക്തി രേഖ, സെപ്തംബര്‍ 2008, പേജ് 18)വന്നിട്ടുണ്ട്. മേല്‍വാദത്തില്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നുവോ? അതിന് തെളിവായി എന്തെങ്കിലും ക്വുര്‍ആന്‍ സൂക്തങ്ങള്‍ ഉദ്ധരിക്കാമോ?

"വല്ലവനും ഇസ്ലാമൊഴിച്ച് വല്ല മതവും അന്വേഷിക്കുന്നുണ്ടെങ്കില്‍ അതൊരിക്കലും സ്വീകരിക്കപ്പെടുന്നതല്ല.'' (3:85)
"സത്യവിശ്വാസികളെ വിട്ട് സത്യനിഷേധികളെ നിങ്ങള്‍ ആത്മമിത്രങ്ങളാക്കരുത്.''
ഇതൊന്നും ജനാധിപത്യരാഷ്ട്രത്തില്‍ പ്രത്യേകിച്ച് ഇന്ത്യയില്‍ പറയാന്‍ കൊള്ളാത്തതാണ്. ഇപ്പറഞ്ഞത് കൊണ്ടൊന്നും ദോഷമുണ്ടായിട്ടില്ല. ദോഷമുണ്ടായത് തീവ്രവാദികളെക്കൊണ്ടാണ്. ഒരു യുക്തിവാദിയെക്കൊണ്ടു മതവിശ്വാസിക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. മറിച്ച് സഹായമേയുണ്ടായിട്ടുള്ളൂ. സമൂഹത്തെ തരം തിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെ ക്വുര്‍ആനില്‍ ഒരുപാട് കാണാം.

നിങ്ങളെപ്പോലുള്ളവര്‍ ക്വുര്‍ആന്‍ സൂക്തങ്ങള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് ഉപയോഗിക്കുകയാണെന്ന് പറഞ്ഞാല്‍?

സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തിയെടുത്ത് ഉപയോഗിക്കുന്നുണ്ട്. ക്വുര്‍ആന്റെ ബന്ധുക്കളും അത് ചെയ്യുന്നുണ്ടല്ലോ. അത് ശീലമായപ്പേള്‍ ഞങ്ങളെപ്പോലുള്ളവരും ഉപയോഗിച്ച് തുടങ്ങി; അത്രമാത്രം. സന്ദര്‍ഭത്തിനനുസരിച്ച് കാര്യങ്ങളെ കാണണമെന്നുള്ളത് ശരി തന്നെയാണ്. യുദ്ധസമയത്ത് പറയാതെ തന്നെയാണ് കൊല്ലല്‍; അല്ലെങ്കില്‍ ചാരപ്പണിയാവില്ലേ?
ക്വുര്‍ആന്‍ അവിടെ നില്‍ക്കട്ടെ; ഇനി പ്രവാചകനിലേക്ക് വരാം. ആയുധമെടുക്കുകയല്ലേ ഒരു പ്രവാചകന്‍! എന്തിനാണ് ഒരു യഥാര്‍ഥ പ്രവാചകന്‍ ആയുധമെടുക്കുന്നത്? നമുക്ക് യേശുവിനെ പരിശോധിക്കാം. അവിടെ നമുക്ക് ശാന്തിയും സമാധാനവും കാണാം. ഒരു യുക്തിവാദിയാണെങ്കിലും ഞാന്‍ യേശുവിനെ അതിയായി സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. കുരിശില്‍ നമുക്ക് ത്യാഗത്തിന്റെ പ്രതീകം കാണാം. എന്നാല്‍ മുഹമ്മദിന്റെ ചരിത്രം നേരെ വിപരീതമാണ്. പ്രതിരോധമുണ്ടാകാം ചില യുദ്ധങ്ങളില്‍; എന്നാല്‍ ഒരു പ്രവാചകന്‍ യുദ്ധത്തിന്റെ മുന്നില്‍ വരുന്നതിന് ദൈവം തന്നെയാണ് ഉത്തരം പറയേണ്ടത്.

കേരളത്തില്‍ പ്രണയം നടിച്ച് ഇസ്ലാമിലേക്ക് മതം മാറ്റുന്നു എന്ന തരത്തില്‍ ചില വര്‍ഗീയ സംഘടനകള്‍ അനാവശ്യ വിവാദം കുത്തിപ്പൊക്കിയപ്പോള്‍ അതിന്റെ മുന്‍പന്തിയില്‍ നിന്ന് ശബ്ദമുയര്‍ത്തിയവരായിരുന്നു കേരള യുക്തിവാദി സംഘവും പ്രവര്‍ത്തകരും. എന്നാല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പിലൂടെ ഇതെല്ലാം അബദ്ധമായിരുന്നെന്ന് താങ്കള്‍ തുറന്ന് സമ്മതിക്കുകയുണ്ടായി. വെറും വൈകാരികതയിലൂന്നിയ ഇത്തരം പരാമര്‍ശങ്ങള്‍ സമൂഹത്തിലുണ്ടാക്കുന്ന അരക്ഷിതാവസ്ഥയും സാമൂഹിക ഭിന്നിപ്പും എത്രമാത്രമാണെന്ന് ആലോചിച്ചിട്ടുണ്ടോ?

ലൌ ജിഹാദ് എന്ന പേരില്‍ വാര്‍ത്തകള്‍ വന്നപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ഇത് ഹിന്ദു തീവ്രവാദികളുടെ കര്‍ണാടകയിലേതു പോലുള്ള തന്ത്രമാണെന്നാണ് പലരും പ്രതികരിച്ചത്. കേരളകൌമുദിയില്‍ വാര്‍ത്ത വന്ന ശേഷമാണ് ഞാനാദ്യമായി ഈ വിഷയത്തില്‍ പ്രതികരിക്കുന്നത്. നാലോ അഞ്ചോ കോളത്തിലുള്ള, ബിഷപ്പ് കൌണ്‍സിലിന്റെ പ്രസ്താവന വന്നപ്പോഴായിരുന്നു അത്. ബിഷപ്പുമാരുടെ ഹ്യൂമനിസ്റ് ഓര്‍ഗനൈസേഷന്റെ ഒരു ഫാദര്‍ ക്രിസ്ത്യന്‍ പള്ളികളിലൂടെ അന്വേഷിച്ചു കിട്ടിയതാണെന്ന മട്ടിലായിരുന്നു പ്രസ്താവന നടത്തിയത്. എന്റെ ഏകദേശ ഓര്‍മ വെച്ച് അതില്‍ പറഞ്ഞിരിക്കുന്ന വിവരം 2866 മതപരിവര്‍ത്തന വിവാഹങ്ങള്‍ നടന്നു എന്നാണ്. 103 കേസുകളില്‍ പെണ്‍കുട്ടികള്‍ വീട്ടിലേക്കു തിരിച്ചുവന്നു; ആകെ ഇരുന്നൂറോളം കേസുകളേ അതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നുള്ളൂ എന്നുമാണ്. ക്രിസ്ത്യന്‍ ബിഷപ്പ് കൌണ്‍സിലിനെ വിശ്വസിച്ചതാണ് അബദ്ധം പറ്റാന്‍ കാരണം. അത്യാവശ്യം വിദ്യാഭ്യാസവും വിവരവും ഉള്ളവരാണല്ലോ അവര്‍. നേരെ മറിച്ച് ആര്‍. എസ്. എസിന്റെ കേസരിയില്‍ വന്നതാണെങ്കില്‍ ഞാന്‍ വിശ്വാസത്തിലെടുക്കുമായിരുന്നില്ല. അതേസമയം ക്രിസ്ത്യാനികളും മുസ്ലിംകളും തമ്മില്‍ പ്രത്യക്ഷത്തിലിവിടെ വലിയ കുഴപ്പങ്ങള്‍ കാണാനുമില്ല. ബിഷപ്പുമാരുടെ വാര്‍ത്ത കേട്ടതുകൊണ്ടാണ് ഞാന്‍ പ്രസ്താവനയിറക്കിയത്. സര്‍ക്കാര്‍ ഈ വാദം സത്യമാണോയെന്ന് അന്വേഷിക്കണം എന്നേ പറഞ്ഞുള്ളു. അല്ലാതെ നടപടിയെടുക്കണമെന്നൊന്നും ഞാന്‍ പറഞ്ഞില്ല. പിന്നീടുള്ള വാദകോലാഹലങ്ങളില്‍ നിന്നും ഞാന്‍ ഒഴിഞ്ഞു നില്‍ക്കുകയും ചെയ്തു. കാരണം ഉറപ്പില്ലാത്തത് കൊണ്ടാണ്. ബിഷപ്പ് കൌണ്‍സിലിനെ താങ്ങേണ്ട ആവശ്യമൊന്നും എനിക്കില്ല. എങ്കിലും അതില്‍ സത്യമുണ്ടെങ്കില്‍ വിഷയം ഗൌരവമുള്ളതാണ്.

ഇസ്ലാമില്‍ വിവാഹപൂര്‍വ പ്രണയബന്ധം നിഷിദ്ധമാണ്. അത് പോലത്തന്നെ മരിക്കുന്നതിന് മുമ്പ് ഇത്രയാളെ ഇസ്ലാമില്‍ കൊണ്ടുവരണമെന്ന നിയമവും ഇസ്ലാമിലില്ല. പിന്നെയെന്തിന് ഇത്തരം പ്രവൃത്തിയിലൂടെ മതപരിവര്‍ത്തനം നടത്തണം.?

ഇസ്ലാമില്‍ മതപരിവര്‍ത്തനം ജന്മാവകാശം പോലെയാണ്. തരം കിട്ടിയാല്‍ അന്യമതത്തെ ഇല്ലാതാക്കാന്‍ മുസ്ലിംകള്‍ ശ്രമിക്കും. ഇസ്ലാമിന്റെയും അതിലെ തീവ്രവാദികളുടെയും പൊതുസ്വഭാവമാണത്. അതിന് എത് നീച മാര്‍ഗവും അവര്‍ സ്വീകരിക്കും. എന്തെങ്കിലൊക്കെപ്പറഞ്ഞ് മതം മാറ്റാന്‍ പൊന്നാനിയില്‍ ഒരു കേന്ദ്രവുമുണ്ട്. ഈ വര്‍ഗസ്വഭാവം കാരണം ഏത് നീച മാര്‍ഗവും മുസ്ലിം പണ്ഡിതന്മാര്‍ സ്വീകരിക്കും എന്ന കാര്യത്തില്‍ ഒരുറപ്പും എനിക്കാ വിഷയത്തിലുണ്ടായിരുന്നു. ഇത് തികച്ചും വസ്തുതാപരവുമാണ്. ഇനി കോടതി എന്താണ് പറഞ്ഞത്. താഴെയുള്ള പോലീസുകാരും മേലെയുള്ള ഐ.ജി. പറഞ്ഞതും തമ്മില്‍ പൊരുത്തക്കേട് തോന്നിയപ്പോള്‍ കോടതി മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ പറഞ്ഞു. അത് പരിശോധിച്ച കോടതി പറഞ്ഞത് എന്താണ്? തെളിവുണ്ട് എന്നാണ്! പിന്നീടാണ് കോടതി മാറ്റിപ്പറഞ്ഞത്. അതുകൊണ്ടാണ് ഞാന്‍ മാതൃഭൂമിയില്‍ അങ്ങനെ തള്ളിക്കളഞ്ഞത്. ഞാന്‍ അതിനെ വൈകാരികമായി സമീപിച്ചിട്ടേയില്ല. തികച്ചും വസ്തുതാപരമാണ്. ചെറിയ നൂല് കിട്ടിയാല്‍ വലിയ നൂലാക്കുന്ന പരിപാടി നിങ്ങള്‍ പറയും പോലെ ഞാന്‍ ചെയ്തിട്ടില്ല. പത്തനംതിട്ടയില്‍ ഒരു കേസുകൂടി വന്നിട്ടുണ്ട്. സത്യത്തിന്റെ ചെറിയൊരംശം എവിടെയോ ഉള്ളതായി എന്നില്‍ സംശയം ബാക്കിനില്‍പ്പുണ്ട്. എങ്കിലും ഇല്ലാത്തത് ഉണ്ടാക്കിപ്പറഞ്ഞ് സമുദായത്തെ അവഹേളിക്കുന്നത് ശരിയല്ല. വെറുതെ എന്തെങ്കിലും പറഞ്ഞ് വിശ്വാസ്യത തകര്‍ക്കാന്‍ ഞാന്‍ തുനിയുന്നില്ല.

ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ആളുകളും അതിന്റെ കെടുതി അനുഭവിക്കുന്നവരും അതിനെതിരെ പ്രവര്‍ത്തിക്കുന്നവരുമെല്ലാം ഒരുനാള്‍ മരണത്തിന് കീഴടങ്ങും. മരണാനന്തമൊരു ജീവിതമില്ലെങ്കില്‍ ഭൌതികലോകത്തെ നന്മയിലധിഷ്ഠിതമായ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരുപകാരവുമില്ലാതെ വരും. തിന്മചെയ്തവര്‍ക്ക് ശിക്ഷ ലഭിക്കാതെയും വരും. അത്തരമൊരവസ്ഥയാണ് മനുഷ്യന് ആത്യന്തികമായി വന്നു ഭവിക്കുക എന്ന് വിശ്വസിക്കുന്നുണ്ടോ?

പ്രതിഫലം ഇച്ഛിച്ചുകൊണ്ട് കര്‍മം ചെയ്യുക എന്നത് ദുഷ്കര്‍മമാണ്. നിഷ്കാമകര്‍മമാണ് സല്‍കര്‍മം. ഹൈന്ദവത പറയുന്നത് അതാണ്. കര്‍മത്തിന് കര്‍മത്തിന്റെതായ ഫലമുണ്ട്. കര്‍മം മൂന്ന് വിധത്തിലുണ്ട്. കര്‍മം, അകര്‍മം, ദുഷ്കര്‍മം എന്നിവ. മതത്തിന്റെ കര്‍മങ്ങള്‍ എന്നത് സ്വര്‍ഗം കിട്ടാന്‍ തീവ്രവാദം നടത്തുന്നിടത്തല്ലേ എത്തിനില്‍ക്കുന്നത്? ഭൂമിയില്‍ ഹീന കര്‍മങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നു എന്നത് തന്നെയാണ് ദൈവമില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവ്. ബോധമുള്ളവന്‍ മനുഷ്യന്‍ മാത്രമാണ്. സാഹചര്യങ്ങള്‍ക്കനുസരിച്ചാണ് ബുദ്ധി വളരുന്നത്. ആദിവാസി കുടിലില്‍ വളരുന്ന ഒരു കുട്ടിയും നഗരത്തില്‍ വളരുന്ന ഒരു കുട്ടിയും തമ്മില്‍ വ്യത്യാസമുണ്ടാകുന്നത് അത് കൊണ്ടാണ്. പ്രകൃതിയിലെ പദാര്‍ഥത്തിന്റെ രൂപാന്തരത്തിലൂടെയാണ് ബ്രെയിന്‍ വികാസമുണ്ടായിട്ടുള്ളത്. അല്ലാതെ അശരീരിയായ ദൈവം ഉണ്ടാക്കിയതല്ല. ജീവനുണ്ടായത് 320 കോടി കൊല്ലം മുമ്പും ബ്രെയിന്‍ വളര്‍ന്നത് 20 ലക്ഷം വര്‍ഷം മുമ്പും മാത്രമാണെന്നോര്‍ക്കണം. ഡാര്‍വിനിസം അപ്റ്റുഡേറ്റാണ്. തലയില്ലാത്ത ദൈവത്തിന് തലച്ചോറുണ്ടാവില്ല. പിന്നെയല്ലേ ബുദ്ധി! ഇതൊക്കെ ഭൂമിയിലെ തലയുള്ളവര്‍ പറഞ്ഞ് വെച്ചതാണ്. മുഹമ്മദ് നിരക്ഷരനായിരുന്നില്ല. അങ്ങനെ പറയുന്നവരാണ് നിരക്ഷരര്‍. അയാള്‍ വലിയ സഞ്ചാരിയായിരുന്നു. ജൂത ക്രൈസ്തവ പണ്ഡിതന്മാരോട് സംവാദം നടത്താറുണ്ടായിരുന്നു. സഞ്ചാരം വഴിയുള്ള തന്റെ അറിവും വൈരുധ്യങ്ങളുമായി ഏറ്റുമുട്ടാനുള്ള കഴിവും പുതിയ ആശയങ്ങള്‍ കൊണ്ടുവരാന്‍ അയാളെ പാകമാക്കി. അല്ലാതെ ക്വു ര്‍ആന്‍ ദൈവം ഉണ്ടാക്കിയതൊന്നുമല്ല. അതിന്റെ കൂടെ മായാദര്‍ശനങ്ങളും കൂട്ടിച്ചേര്‍ത്തു. ചരിത്രം പരിശോധിച്ചാല്‍ മുഹമ്മദിന് ഹല്യൂസിനേഷന്‍ ഉണ്ടായിരുന്നതായി മനസ്സിലാവും. ക്വുര്‍ആന്‍ മുഹമ്മദിന്റെതാണെന്ന് പറഞ്ഞാല്‍ അതിന്റെ മഹത്ത്വം കുറയുകയൊന്നുമില്ലല്ലോ. വെറുതെ ദൈവത്തില്‍ ആരോപിക്കണോ? അതിലുള്ള നന്മ അംഗീകരിക്കുമല്ലോ. പ്ളാറ്റോയേയും ഐന്‍സ്റ്റീനെയുമൊക്കെ നമ്മള്‍, മരിച്ച് എത്രയോ വര്‍ഷങ്ങള്‍ കഴിഞ്ഞും ഓര്‍ക്കുന്നില്ലേ. അവര്‍ ദൈവമുണ്ടെന്ന് പറഞ്ഞിട്ടൊന്നുമല്ലല്ലോ. മാറുന്ന കാലത്തിനനുസരിച്ച് മാറ്റാന്‍ സാധിക്കില്ല എന്ന് ശഠിക്കുന്നതും വിഡ്ഢിത്തമാണ്. സ്ത്രീക്ക് പാടില്ല പുരുഷനാവാം എന്നാണ് പല കാര്യങ്ങളും. തികഞ്ഞ സ്ത്രീ വിരുദ്ധത! അതുകൊണ്ട് തന്നെ മാറ്റാന്‍ കഴിയില്ല. ബിംബാരാധന നിരോധിച്ച ക്വു ര്‍ആന്‍ ബലി നിരോധിച്ചില്ല. എന്ത് തികഞ്ഞ വിരോധാഭാസമാണത്. തലയില്ലാത്ത ദൈവം പരലോകത്ത്; തലയുള്ള മനുഷ്യന്‍ ഭൂമിയില്‍ എന്ന് പറയുന്ന ക്വുര്‍ആന്‍ ആധുനിക ജനാധിപത്യലോകത്ത് വലിയൊരളവില്‍ അപ്രസക്തമാണ്.


അനുബന്ധ ലേഖനം അടുത്ത പോസ്റ്റില്‍ (ഇവിടെ ക്ലിക്കി വായിക്കാം)

1 comment:

Aneesh chandran said...

ഒരു പരിധിവരെ ഞാന്‍ തൃപ്തിയാണ് വായനയില്‍ ആശംസകള്‍.