Followers

Tuesday, March 20, 2012

ഒരു മാതൃകാരാഷ്ട്രത്തിന്റെ ജനനം




'അല്‍വദാഅ് മലകള്‍ക്കു പിന്നില്‍നിന്ന്
ഞങ്ങള്‍ക്കുമേല്‍ പൂര്‍ണ ചന്ദ്രന്‍ ഉദിച്ചിരിക്കുന്നു.
അല്ലാഹുവിലേക്കുള്ള ക്ഷണം തുടരുന്നിടത്തോളം
കൃതജ്ഞരാവേണ്ട ബാധ്യത ഞങ്ങള്‍ക്കുണ്ട്'(1)
അന്തിമ പ്രവാചകനെ(സ്വ) പാട്ടുപാടി വരവേല്‍ക്കുകയാണ് യഥ്രിബിലെ പെണ്‍കൊടികള്‍! ലോകത്തുള്ള മുഴുവന്‍ മനുഷ്യരും എതിര്‍ത്താലും ദൈവത്തിന്റെ ദൂതരെ(സ്വ) തങ്ങള്‍ സംരക്ഷിക്കുകതന്നെചെയ്യുമെന്ന് പ്രതിജ്ഞ ചെയ്തതു മുതല്‍ കാത്തിരുന്ന ദിവസമായിരുന്നു മുസ്ലിംകളെ സംബന്ധിച്ചിടത്തോളം പ്രവാചകന്‍(സ്വ) ഹിജ്റ ചെയ്തെത്തിയ ദിവസം! മക്കയില്‍നിന്ന് നബി(സ്വ) പുറപ്പെട്ടുവെന്ന് അറിഞ്ഞതുമുതല്‍ അദ്ദേഹത്തെ പ്രതീക്ഷിച്ച് കണ്ണും നട്ടിരുന്നവര്‍, 'അറബികളെ, ഇതാ നിങ്ങള്‍ കാത്തിരുന്ന സൌഭാഗ്യം'(2) എന്ന ജൂതന്റെ അത്യുച്ചത്തിലുള്ള വിളികേട്ടതുമുതല്‍ ആനന്ദാതിരേകത്തിലായി. പിന്നെ, പ്രസ്തുത സൌഭാഗ്യം ആഘോഷിക്കുകയായിരുന്നു, യഥ്രിബ്. ഭരണാധികാരികളെയും ഗോത്രാധിപന്മാരെയും സ്വീകരിക്കുന്ന രീതിയില്‍ ആയുധങ്ങളണിഞ്ഞുചെന്ന് യഥ്രിബുകാര്‍ പ്രവാചകനെ(സ്വ) സ്വീകരിച്ചു.(3) കായികാഭ്യാസികളായ എത്യോപ്യന്‍ യുവാക്കള്‍ കുന്തംകൊണ്ട് അഭ്യാസ പ്രകടനം നടത്തി നബി(സ്വ)യുടെ ആഗമനത്തെ വരവേറ്റപ്പോള്‍(4) പെണ്‍കുട്ടികള്‍ പാട്ടുപാടി തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചു.(5) എല്ലാവരുടെയും നാവില്‍ ഒരൊറ്റ വര്‍ത്തമാനം മാത്രം: 'നമ്മുടെ നബി വന്നിരിക്കുന്നു!'(6) കാണുന്നവര്‍ക്കെല്ലാം പരസ്പരം പറയാനുണ്ടായിരുന്നത് നബിവര്‍ത്തമാനം മാത്രം! അറിവൊന്നുമില്ലാത്ത അടിമപെണ്ണുങ്ങള്‍പോലും ഈ വര്‍ത്തമാനത്തില്‍ പങ്കാളികളായി. നബി(സ്വ)യുടെ ആഗമനത്തില്‍ ആനന്ദിച്ചതുപോലെ മറ്റൊരിക്കലും യഥ്രി ബ് വാസികള്‍ ആനന്ദിച്ചിട്ടില്ലെന്നാണ് അവിടുത്തുകാരനായിരുന്ന അല്‍ ബറാഅ് ബ്നു ആസിബിന്റെ(റ) സാക്ഷ്യം.(7) ലോകങ്ങള്‍ക്കെല്ലാം കാരുണ്യമായി നിയോഗിക്കപ്പെട്ട അവസാനത്തെ ദൈവദൂതന് ആതിഥ്യമരുളുന്നതിനേക്കാള്‍ വലിയ ആനന്ദമെന്താണുള്ളത്?!
അന്തിമ പ്രവാചകന് ആതിഥ്യമരുളുക വഴി ലോകചരിത്രത്തിന്റെ ഗതിയൊഴുക്കിനെ മാറ്റിത്തീര്‍ക്കുന്ന സംഭവങ്ങളുടെ കേന്ദ്രമായിത്തീരുവാനുള്ള ഭാഗ്യംകൂടി ലഭിക്കുകയായിരുന്നു യഥ്രിബിന് എന്നതാണ് വാസ്തവം. മനുഷ്യര്‍ക്ക് ദൈവിക ബോധനങ്ങള്‍ എത്തിച്ചുകൊടുക്കുകയും അവ പ്രകാരം ജീവിച്ച് മാതൃകയാവുകയും ചെയ്യുകയാണ് ദൈവദൂതന്റെ ധര്‍മം. ജീവിതത്തിന്റെ മുഴുവന്‍ മേഖലകളെയും ദൈവിക ബോധനത്തിന്റെ വെളിച്ചത്തില്‍ എങ്ങനെ വിമലീകരിക്കുകയും മാനവവല്‍ക്കരിക്കുകയും ചെയ്യാമെന്നാണ് അദ്ദേഹം ജനങ്ങളെ പഠിപ്പിച്ചത്. നല്ലൊരു പിതാവും നല്ലൊരു പുത്രനും നല്ലൊരു ഭര്‍ത്താവും ആവുന്നതെങ്ങനെയെന്ന് ഉപദേശിക്കുകയും സ്വന്തം ജീവിതം കൊണ്ട് ജനങ്ങള്‍ക്ക് മാതൃകയാവുകയും ചെയ്യുക വഴി കുടുംബ-ദാമ്പത്യ ജീവിതങ്ങളുടെ എല്ലാ വശങ്ങളിലേക്കുമുള്ള മാര്‍ഗദര്‍ശനം നല്‍കാന്‍ പ്രവാചക ജീവിതത്തിന് കഴിഞ്ഞതിനാല്‍ ആ രംഗത്തെ ഒരു സമ്പൂര്‍ണ മാതൃകയാണ് മുഹമ്മദ് നബി(സ്വ)യെന്ന് സത്യസന്ധമായി നബിജീവിതത്തെ നിരീക്ഷിക്കുന്ന ആര്‍ക്കും ബോധ്യമാകും. ഭരണവും ഭരണസംവിധാനങ്ങളും ഭരണീയരും ഭരണകര്‍ത്താക്കളുമെല്ലാം മാനവ നാഗരികതയുടെ അനിവാര്യ ഘടകങ്ങളായതിനാല്‍ ആ രംഗങ്ങളിലെല്ലാമുള്ള ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പ്രയോഗവല്‍ക്കരണം എങ്ങനെയാകണമെന്ന് പഠിപ്പിക്കേണ്ടതും അന്തിമ പ്രവാചകന്റെ ചുമതലയാണ്. മാറിമാറിവരുന്ന രാഷ്ട്രമീമാംസകളോട് എങ്ങനെ പെരുമാറണമെന്നും ഭരണാധിപനും ഭരണാധികാരിയുമെല്ലാം എങ്ങനെയാകണമെന്നുമെല്ലാം പഠിപ്പിക്കേണ്ടത് അദ്ദേഹം തന്നെയാണ്. യഥ്രിബിലെത്തിയ ശേഷമുള്ള പ്രവാചക ജീവിതത്തിലൂടെ ദൈവിക മാര്‍ഗദര്‍ശനത്തിന്റെ പ്രയോഗവല്‍ക്കരണം വഴി ഒരു ഭരണാധികാരിക്ക് എങ്ങനെ മാനവികതയുടെ ഉന്നത വിതാനങ്ങളിലേക്ക് കയറിപ്പോകാമെന്ന് പഠിപ്പിക്കുകയാണ് പ്രവാചകന്‍(സ്വ) ചെയ്തത്. ഭരണരംഗത്തെ മാതൃകാജീവിതം വഴി നീതിവ്യവസ്ഥ എങ്ങനെയാവണമെന്ന് ലോകത്തെ പഠിപ്പിക്കുന്നതിനുള്ള തട്ടുകമായിത്തീരുകയെന്ന ഭാഗ്യമാണ് മുഹമ്മദ് നബി(സ്വ)ക്ക് ആതിഥ്യമരുളുകവഴി യഥ്രിബിന് ലഭിച്ചത്.
നിലനില്‍ക്കുന്ന ഭരണവ്യവസ്ഥയോടുള്ള സമീപനമെന്താകണമെന്ന് മനസ്സിലാക്കാന്‍ ദൈവിക മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ജീവിക്കണമെന്നാഗ്രഹിക്കുന്നവര്‍ക്ക് മറ്റെവിടേക്കും നോക്കേണ്ടതില്ലാത്തവിധം നബി ജീവിതത്തിന്റെ വ്യത്യസ്ത ഘട്ടങ്ങള്‍ സമൃദ്ധമായ വിവരങ്ങള്‍ നല്‍കുന്നുണ്ടെന്നതാണ് സത്യം. ആദര്‍ശമനുസരിച്ച് ജീവിക്കാന്‍ സമ്മതിക്കാത്ത സാമൂഹ്യ സാഹചര്യം നിലനില്‍ക്കുന്നിടത്ത് വിശ്വാസികള്‍ എങ്ങനെ ജീവിക്കണമെന്നും അത്തരം സ്ഥലങ്ങളിലെ വ്യത്യസ്ത സാഹചര്യങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്നും മുഹമ്മദ് നബി(സ്വ)യുടെ മക്കാ ജീവിതത്തിലെ വ്യത്യസ്ത സംഭവങ്ങള്‍ പഠിപ്പിക്കുന്നു. മുസ്ലിമല്ലാത്ത ഒരു ഭരണാധികാരിയുടെ കീഴില്‍ മതസ്വാതന്ത്യ്രം അനുവദിക്കപ്പെടുന്നുവെങ്കില്‍ അത്തരം രാജ്യങ്ങളോടുള്ള നിലപാട് എന്തായിരിക്കണമെന്ന് അബ്സീനിയന്‍ രാജാവായ നജ്ജാശിയോടുള്ള പ്രവാചക നിലപാടുകളില്‍ നിന്ന് വ്യക്തമാകുന്നു. മക്കയിലെ പ്രവാചക ജീവിതവും അബ്സീനിയയിലെ അനുചരന്‍മാരുടെ ജീവിതവും ഭരണീയരായിക്കൊണ്ട് മാത്രമുള്ളതായിരുന്നു. ദൈവിക മാര്‍ഗ നിര്‍ദേശപ്രകാരം ജീവിക്കുന്ന ഒരാള്‍ക്ക് ഒരു നാടിനെ ഭരിക്കുവാന്‍ അവസരമുണ്ടാവുകയാണെങ്കില്‍ അയാളുടെ നടപടിക്രമങ്ങളെന്തായിരിക്കണമെന്നും അത്തരമൊരു ഭരണാധികാരിയുടെ പ്രജകള്‍ സ്വീകരിക്കേണ്ട നയനിലപാടുകളെന്തൊക്കെയാണെന്നുംകൂടി ജനങ്ങളെ പഠിപ്പിക്കേണ്ടതുണ്ട്, അന്തിമ പ്രവാചകന് (സ്വ) ഹിജ്റക്കുശേഷമുള്ള പ്രവാചക ജീവിതം നല്‍കുന്ന പാഠങ്ങളില്‍ അവകൂടി ഉള്‍ക്കൊള്ളുന്നുണ്ട്.
മാനവസംസ്കരണത്തിന്റെ സമഗ്ര മാതൃകയാണ് മുഹമ്മദ് നബി(സ്വ)യില്‍ നമുക്ക് കാണാന്‍ കഴിയുന്നത്. വ്യക്തി, കൂടുംബം, സമൂഹം എന്നീ യൂണിറ്റുകളെ സംസ്കരിക്കുകയും മാനവവല്‍ക്കരിക്കുകയും ചെയ്യേണ്ടതെങ്ങനെയെന്ന് തന്റെ ഇരുപത്തിമൂന്ന് വര്‍ഷക്കാലത്തെ പ്രവാചകജീവിതത്തിലൂടെ അദ്ദേഹത്തിന് ലോകത്തെ പഠിപ്പിക്കേണ്ടതുണ്ട്. കുടുംബ ജീവിതത്തിന്റെ മാനവീകരണത്തെക്കുറിച്ച് പ്രായോഗികമായി പഠിപ്പിക്കുവാന്‍ ഭര്‍ത്താവും പിതാവും പ്രപിതാവുമെല്ലാം ആവേണ്ടതുള്ളതുപോലെ സാമൂഹ്യ ജീവിതത്തിന്റെ മാനവീകരണത്തെക്കുറിച്ച് പഠിപ്പിക്കുവാന്‍ ഭരണീയനും ഭരണാധികാരിയുമായി മാതൃക കാണിക്കേണ്ട ബാധ്യത അന്ത്യപ്രവാചകനുണ്ട്. തന്നെ പീഡിപ്പിക്കുന്ന ഭരണസംവിധാനത്തോട് എങ്ങനെ പെരുമാറണമെന്ന് മക്കാ ജീവിതത്തിലൂടെയും പീഡിപ്പിക്കാത്ത ഭരണ സംവിധാനത്തോട് എങ്ങനെ പെരുമാറണമെന്ന് അബിസീനിയയിലേക്ക് ഹിജ്റ പോയവര്‍ക്ക് നല്‍കിയ നിര്‍ദേശങ്ങളിലൂടെയും ലോകത്തെ പഠിപ്പിച്ച പ്രവാചകന് ഒരാള്‍ ഭരണാധികാരിയായാല്‍ എങ്ങനെ പെരുമാറണമെന്നുകൂടി സമൂഹത്തെ പഠിപ്പിക്കേണ്ടതുണ്ട്. പ്രസ്തുത പാഠത്തിനുള്ള തട്ടകമായിരുന്നു ദൈവദൂതനായ മുഹമ്മദിനെ(സ്വ) സംബന്ധിച്ചിടത്തോളം മദീന. നിയതമായ ഭരണ സംവിധാനങ്ങളൊന്നും നിലനിന്നിരുന്നിട്ടില്ലാത്ത യഥ്രിബിനെ മാതൃകാ യോഗ്യമായ ഒരു രാഷ്ട്രമാക്കിത്തീര്‍ക്കുകവഴി മുഹമ്മദ് നബി(സ്വ) മാനവ മഹത്വത്തിന്റെ ഉത്തമമായ പടികള്‍ ചവിട്ടിക്കയറുകയാണ് ചെയ്തതെന്ന് അദ്ദേഹത്തിലെ രാഷ്ട്രമീമാംസകനെ മാത്രം കണ്ട ബുദ്ധിജീവികള്‍പോലും വിളിച്ചുപറഞ്ഞിട്ടുണ്ട്. 'സമത്വം, സ്വാതന്ത്യ്രം, സാഹോദര്യം' എന്ന മുദ്രാവാക്യത്തിന്റെ അടിത്തറയില്‍ നടന്ന 1858ലെ ഫ്രഞ്ച് വിപ്ളവത്തിന്റെ ബൌദ്ധിക സ്രോതസ്സായിരുന്നു സാഹിത്യകാരന്‍ അല്‍ഫോന്‍സെ ഡി ലാമാര്‍ട്ടിന്‍ എഴുതി: "ഉദ്ദേശ്യമാഹാത്മ്യവും ആയുധ സാമഗ്രികളുടെ കമ്മിയും അതിമഹത്തായ ഫലവുമാണ് മനുഷ്യപ്രതിഭയുടെ മൂന്ന് മാനദണ്ഡമെങ്കില്‍ ആധുനിക ചരിത്രത്തിലെ ഏതെങ്കിലുമൊരു മഹാപുരുഷനെ മുഹമ്മദുമായി താരതമ്യം ചെയ്യാന്‍ ആര്‍ക്കാണ് ധൈര്യം വരിക? അതിപ്രശസ്തരായ വ്യക്തികള്‍ ആയുധങ്ങളും നിയമങ്ങളും സാമ്രാജ്യങ്ങളും മാത്രമാണുണ്ടാക്കിയത്. അവര്‍ വല്ലതിനും അടിത്തറ പാകിയിട്ടുണ്ടെങ്കില്‍ അത് ഭൌതിക ശക്തികള്‍ക്ക് മാത്രമായിരുന്നു. അവയാകട്ടെ പലപ്പോഴും അവരുടെ കണ്‍മുമ്പില്‍ വെച്ചുതന്നെ തകര്‍ന്നുപോവുകയും ചെയ്തു. ഈ മനുഷ്യന്‍ സൈന്യങ്ങളെയോ രാജവംശങ്ങളെയോ മാത്രമല്ല, അന്ന് വാസയോഗ്യമായിരുന്ന ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗത്തെ ജനലക്ഷങ്ങളെതന്നെ ഇളക്കി മറിച്ചു. അതിലുപരി യജ്ഞവേദികളെയും ദൈവങ്ങളെയും മതങ്ങളെയും ആശയങ്ങളെയും വിശ്വാസങ്ങളെയും ആത്മാവുകളെയും അദ്ദേഹം പ്രകമ്പനം കൊള്ളിച്ചു. ഏതൊരു പവിത്രഗ്രന്ഥത്തിന്റെ ഓരോ അക്ഷരവും നിയമമായിത്തീര്‍ന്നോ ആ ദിവ്യ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ അദ്ദേഹം ഒരു ആത്മീയ ദേശീയത്വം കെട്ടിപ്പടുക്കുകയും അതുവഴി വിവിധ ഭാഷക്കാരും വ്യത്യസ്ത വംശക്കാരുമായ ജനവിഭാഗങ്ങളെ കൂട്ടിയിണക്കുകയും ചെയ്തു. ഈ മുസ്ലിം ദേശീയതയുടെ മുഖമുദ്രയെന്നോണം വ്യാജ ദൈവങ്ങളോടുള്ള വിരോധവും ഏകനും നിസ്തുലനുമായ ദൈവത്തിലുള്ള വിശ്വാസവും അദ്ദേഹം നമുക്ക് വിട്ടേച്ച് പോയിരിക്കുന്നു. ദൈവത്തിന്റെ പവിത്രത പിച്ചിച്ചീന്തുന്നതിനെതിരെയുള്ള പ്രതികാരബദ്ധമായ ഈ ദേശാഭിമാനം മുഹമ്മദിന്റെ പിന്‍ഗാമികള്‍ക്ക് സദ്ഗുണങ്ങള്‍ പ്രദാനം ചെയ്തു. പ്രവാചകന്റെ പ്രമാണങ്ങള്‍ക്ക് വിധേയമായി ഭൂമിയുടെ മൂന്നിലൊന്ന് ജയിച്ചടക്കിയത് അദ്ദേഹത്തിന്റെ അത്ഭുത സിദ്ധിയായിരുന്നു. അല്ലെങ്കില്‍ മനുഷ്യന്റെ അത്ഭുത സിദ്ധിയെന്നതിലുപരി അത് യുക്തിബോധത്തിന്റെ അത്ഭുതസിദ്ധിയായിരുന്നു. വേദോല്‍പത്തികളെ കുറിച്ചുള്ള കെട്ടുകഥകളുടെ പ്രവാഹമധ്യത്തില്‍ ദൈവത്തിന്റെ ഏകത്വപ്രഖ്യാപനം തന്നെ അത്ഭുതമായിരുന്നു. അല്ലാഹുവിന്റെ ഏകത്വം ചുണ്ടുകള്‍ മന്ത്രിച്ചപ്പോള്‍ അത് പ്രാകൃത ദേവാലയങ്ങളിലെ വിഗ്രഹങ്ങളെ തകര്‍ക്കുകയും ലോകത്തിന്റെ മൂന്നിലൊന്ന് ഭാഗത്തിന് പരിവര്‍ത്തനത്തിന്റെ അഗ്നി കൊളുത്തുകയും ചെയ്തു. പ്രവാചകന്റെ ജീവിതം, ആരാധനകള്‍, സ്വന്തം രാജ്യത്തെ അന്ധവിശ്വാസങ്ങള്‍ക്കെതിരിലുള്ള ധീരമായ ചെറുത്തുനില്‍പ്പ്, വിഗ്രഹങ്ങളുടെ രോഷത്തെ വെല്ലുവിളിക്കുന്നതില്‍ അദ്ദേഹം പ്രകടിപ്പിച്ച ധീരത, പതിമൂന്ന് വര്‍ഷക്കാലത്തെ ത്യാഗനിര്‍ഭരമായ മക്കാ ജീവിതം, മദീനാ പലായനം, നിരന്തരമായ പ്രാര്‍ഥന, ശത്രുക്കള്‍ക്കെതിരിലുള്ള യുദ്ധങ്ങള്‍, വിജയത്തിലുള്ള വിശ്വാസം, വിപത്ഘട്ടങ്ങളിലെ അമാനുഷികമായ ക്ഷമാശീലം, വിജയത്തിലുള്ള ആത്മനിയന്ത്രണം, അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍, എല്ലാംതന്നെ പൂര്‍ണമായും ഒരേ ആശയത്തിന് വേണ്ടിയുള്ള അര്‍പ്പണമായിരുന്നു. ഒരിക്കലും അദ്ദേഹം ഒരു സാമ്രാജ്യ സൃഷ്ടിക്കായി ശ്രമിക്കയുണ്ടായില്ല. അദ്ദേഹത്തിന്റെ നിരന്തരമായ പ്രാര്‍ഥനകളും ദൈവവുമായുള്ള ആത്മീയ സംഭാഷണങ്ങളും അദ്ദേഹത്തിന്റെ മരണവും മരണാനന്തര വിജയവുമെല്ലാം കാപട്യത്തിന്റെ സാക്ഷ്യമല്ല. ദൈവിക വ്യവസ്ഥയെ പുനഃപ്രതിഷ്ഠിക്കാന്‍ ശക്തി നല്‍കിയ ഉത്തമ വിശ്വാസത്തിന്റെ സാക്ഷ്യമായിരുന്നു. ഈ വിശ്വാസത്തിന് രണ്ട് വശമുണ്ടായിരുന്നു. ദൈവത്തിന്റെ ഏകത്വവും ദൈവത്തിന്റെ അമൂര്‍ത്തതയും. ആദ്യത്തേത് ദൈവം എന്താണെന്ന് പറയുന്നു, രണ്ടാമത്തേതാകട്ടെ ദൈവം എന്തല്ലെന്നും. ആദ്യത്തേത് വാളുകൊണ്ട് വ്യാജ ദൈവങ്ങളെ കീഴ്പ്പെടുത്തുന്നു. രണ്ടാമത്തേത് പദങ്ങളെക്കൊണ്ട് ഒരാശയത്തിന് തുടക്കം കുറിക്കുന്നു.
തത്ത്വജ്ഞാനി, പ്രഭാഷകന്‍, ദൈവദൂതന്‍, നിയമനിര്‍മാതാവ്, പോരാളി, ആശയങ്ങളുടെ ജേതാവ്, അബദ്ധ സങ്കല്‍പങ്ങളില്‍നിന്ന് മുക്തമായ ആചാര വിശേഷങ്ങളുടെയും യുക്തിബദ്ധമായ വിശ്വാസ പ്രമാണങ്ങളുടെയും പുനഃസ്ഥാപകന്‍, ഇരുപത് ഭൌതിക സാമ്രാജ്യങ്ങളുടെയും ഒരു ആത്മീയ സാമ്രാജ്യത്തിന്റെയും സ്ഥാപകന്‍-അതായിരുന്നു മുഹമ്മദ്. മനുഷ്യ മഹത്വത്തിന്റെ എല്ലാ മാനദണ്ഡങ്ങളും പരിഗണിക്കുമ്പോള്‍ നാം വ്യക്തമായും ചോദിച്ചേക്കാം. മുഹമ്മദിനേക്കാള്‍ മഹാനായി മറ്റ് വല്ല മനുഷ്യനുമുണ്ടോ?''(8)
ലോകത്തെങ്ങും പരക്കേണ്ട വെളിച്ചത്തിന്റെ കേന്ദ്രം വിളിക്കപ്പെടേണ്ടത് അറപ്പുളവാക്കുന്ന നാമമുപയോഗിച്ചായിക്കൂടാ എന്നതുകൊണ്ടായിരിക്കണം യഥ്രിബ് എന്ന പേരുതന്നെ മാറ്റിക്കൊണ്ടാണ് നാടിന്റെ നേതൃത്വം ഏറ്റെടുത്തയുടനെയുള്ള നബി(സ്വ)യുടെ സംസ്കരണമാരംഭിച്ചത്. 'പഴിക്കുക'യെന്ന് അര്‍ഥംവരുന്ന 'തഥ്രീബില്‍' നിന്നോ 'അഴിമതി' യെന്ന് അര്‍ഥംവരുന്ന 'ഥര്‍ബി'ല്‍നിന്നോ നിഷ്പന്നമാകുന്ന യഥ്രിബ് എന്ന പദമാകരുത് നീതിയുടെ ലോകമാതൃകാകേന്ദ്രത്തിന് എന്ന് തീരുമാനിച്ചതുകൊണ്ടായിരിക്കണം പുതിയ പേരിലാകണം ഇനി ആ നഗരം അറിയപ്പെടേണ്ടത് എന്ന് നബി(സ്വ) നിഷ്കര്‍ഷിച്ചത്.(9) 'നബിയുടെ നഗരം' എന്ന അര്‍ഥത്തില്‍ 'മദീനത്തുര്‍റസൂല്‍' എന്ന് വിളിക്കപ്പെടുന്നതിന് മുമ്പുതന്നെ താന്‍ ഹിജ്റ ചെയ്തെത്തുന്ന സ്ഥലത്തെ 'മദീന'യെന്ന് വിളിക്കണമെന്ന് പ്രവാചകന്‍(സ്വ) നിഷ്കര്‍ഷിച്ചതായി കാണാന്‍ കഴിയും.
അബൂഹുറയ്റയില്‍നിന്ന്: നബി പറഞ്ഞു: മറ്റ് നാടുകളെ തിന്നുന്ന (അതിജയിക്കുന്ന) നാട്ടിലേക്ക് (ഹിജ്റ) പോകാന്‍ ഞാന്‍ കല്‍പിക്കപ്പെട്ടിരിക്കുന്നു. അവര്‍ ആ നാടിനെ യഥ്രിബ് എന്ന് പറയുന്നു. അത് മദീനയാണ്. ഉല ഇരുമ്പിന്റെ അഴുക്കുകളെ പുറത്തുകളയുംപോലെ മദീന (ചീത്ത) ജനങ്ങളെ പുറത്തേക്ക് തള്ളും.(10)
'ത്വാബ'യെന്നും 'ത്വയ്ബ'യെന്നും 'മദീന'യെന്നുമാണ് തന്റെ നഗരത്തെ വിളിക്കേണ്ടതെന്ന് നിര്‍ദേശിച്ച പ്രവാചകന്‍(സ്വ) ദുരര്‍ഥങ്ങളുള്ള 'യഥ്രിബ്' എന്ന നാമംകൊണ്ട് അത് വിളിക്കപ്പെടരുതെന്നുകൂടി നിഷ്കര്‍ഷിച്ചതായി വ്യക്തമാക്കുന്ന ദുര്‍ബലമായ പരമ്പരയോടുകൂടിയ ചില നിവേദനങ്ങള്‍ പ്രമുഖ ഹദീഥ് ഗ്രന്ഥങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്.(11) ദീര്‍ഘയാത്രകള്‍ കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ മദീനയെ നോക്കി 'ത്വാബാ'യെന്ന് വിളിച്ച് നബി(സ്വ) ആവേശം കൊണ്ടിരുന്നതായി വ്യക്തമാക്കുന്ന നിവേദനങ്ങള്‍ അദ്ദേഹത്തിന് ഏറെ ഇഷ്ടപ്പെട്ട പേരായിരുന്നു അതെന്ന് വ്യക്തമാക്കുന്നു. 
അബൂഹുമൈദില്‍നിന്ന്: ഞങ്ങള്‍ പ്രവാചകനോടൊപ്പം തബൂക്കില്‍നിന്ന് വരികയായിരുന്നു. മദീനയോടടുത്തെത്തിയപ്പോള്‍ നബി പറഞ്ഞു: ഇത് ത്വാബയാണ്.(12)
രോഗങ്ങളുടെയും ദുരിതങ്ങളുടെയും നാടായിരുന്ന യഥ്രിബിനെ സകലവിധ അഴുക്കുകളെയും വിമലീകരിക്കുന്ന മദീനയും വിശിഷ്ട നഗരമായ ത്വയ്ബയുമാക്കിത്തീര്‍ക്കുന്നതിന് അവിടെ എത്തിയയുടനെ പടച്ചവനോട് പ്രാര്‍ഥിക്കുന്ന പ്രവാചകനെ(സ്വ)യാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ശിഷ്യപ്രമുഖനായ അബൂബക്കറും (റ) ബിലാലു(റ)മെല്ലാം രോഗശയ്യയിലാവുകയും മരണത്തിന്റെ വക്കോളമെത്തിയെന്ന് അവര്‍ക്ക് തോന്നുകയും ചെയ്ത സന്ദര്‍ഭത്തില്‍ നന്മനിറഞ്ഞ മദീനക്കുവേണ്ടി പ്രാര്‍ഥിക്കുകയാണ് പ്രവാചകന്‍(സ്വ) ചെയ്തത്.
ആഇശ(റ)യില്‍നിന്ന്: റസൂല്‍(സ്വ) മദീനയിലേക്ക് വന്ന വേളയില്‍ അബൂബക്റി(റ)നും ബിലാലി(റ)നും പനി ബാധിച്ചു. അബൂബക്ര്‍(റ) പനി ബാധിച്ചാല്‍ ഈ പദ്യശകലം ചൊല്ലുമായിരുന്നു: 'ഓരോ മനുഷ്യനും തന്റെ കുടുംബത്തില്‍വെച്ച് പ്രഭാതവന്ദനം ആശംസിക്കപ്പെടുന്നു. (അവനറിയുമോ) യഥാര്‍ഥത്തില്‍ മരണം അവന്റെ ചെരുപ്പിന്റെ വള്ളിയേക്കാള്‍ സമീപസ്ഥമാണ്'. ബിലാലാ(റ)കട്ടെ, പനി മാറിയാല്‍ ഉച്ചത്തില്‍ ഇങ്ങനെ പാടുമായിരുന്നു. 'ഇദ്ഖിറും ജലീലും' വളരുന്ന താഴ്വരയില്‍ ഒരു രാത്രി പാര്‍ക്കാന്‍ എനിക്ക് ഭാഗ്യം ലഭിക്കുമോ? മജന്ന ജലാശയത്തില്‍ ചെന്ന് പാനം ചെയ്യാന്‍ എനിക്കാകുമോ? (വീണ്ടും) ശാമയും ത്വഫീലും എനിക്ക് മുന്നില്‍ വെളിവാകുമോ? അനന്തരം ബിലാല്‍ പ്രാര്‍ഥിക്കും: 'അല്ലാഹുവേ, റബീഅയുടെ മക്കള്‍ ശൈബയെയും ഉത്ബയെയും ഖലഫിന്റെ മകന്‍ ഉമയ്യത്തിനെയും നീ ശപിക്കേണമേ! ഞങ്ങളുടെ ജന്മനാട്ടില്‍നിന്ന് പകര്‍ച്ച വ്യാധികളുള്ള നാട്ടിലേക്ക് ആട്ടിയോടിച്ചതുപോലെ. ശേഷം, നബി പ്രാര്‍ഥിച്ചു: അല്ലാഹുവേ, മദീനയെ മക്കയെപ്പോലെയോ, അല്ലെങ്കില്‍ അതിനേക്കാളധികമോ ഞങ്ങള്‍ക്ക് പ്രിയങ്കരമാക്കേണമേ! അല്ലാഹുവേ, ഞങ്ങളുടെ സ്വാഇലും മുദ്ദിലും നീ അനുഗ്രഹം ചൊരിയേണമേ! മദീനയെ നീ ഞങ്ങള്‍ക്ക് ആരോഗ്യദായകമാക്കേണമേ, (മദീനയിലെ) പനിയെ നീ ജുഹ്ഫയിലേക്ക് നീക്കിക്കളയേണമേ!' ആഇശ(റ) പറയുന്നു: 'ഞങ്ങള്‍ മദീനയില്‍ വരുമ്പോള്‍ അല്ലാഹുവിന്റെ ഭൂമിയിലെ ഏറ്റവും വ്യാധിയുള്ള (രോഗാതുരമായ) നാടായിരുന്നു അത്. ബുത്വ്ഹാന്‍ താഴ്വരയില്‍ മലിനജലമാണ് ഒഴുകിയിരുന്നത്.'(13)
അനസി(റ)ല്‍നിന്ന്: പ്രവാചകന്‍ പ്രാര്‍ഥിച്ചു: "അല്ലാഹുവേ! മക്കയ്ക്ക് നല്‍കിയ അനുഗ്രഹത്തിന്റെ ഇരട്ടി മദീനക്ക് പ്രദാനം ചെയ്യേണമേ!'(14)
രോഗങ്ങളുടെ നാടെന്ന ഖ്യാതി പഴയ യഥ്രിബിന് മാത്രം അവകാശപ്പെട്ടതാണെന്നും പ്ളേഗിനെപ്പോലെയുള്ള രോഗങ്ങള്‍ക്ക് പ്രവേശനമില്ലാത്ത നാടാണ് തന്റെ മദീനയെന്നും ഈ നഗരത്തിന്റെ കവാടങ്ങളില്‍ മലക്കുകള്‍ കാവല്‍ക്കാരായുണ്ടെന്നും അന്ത്യനാളിലെ ഭീകര പരീക്ഷണമായ ദജ്ജാലിന് പ്രവേശിക്കാനാവാത്ത നാടാണിതെന്നും വ്യക്തമാക്കുകയും മദീന വിശുദ്ധ നഗരമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു മുഹമ്മദ് നബി(സ്വ). 
അബൂഹുറയ്റ(റ)യില്‍നിന്ന്: റസൂല്‍(സ്വ) പറഞ്ഞു: മദീനയുടെ കവാടങ്ങളില്‍ മലക്കുകളുണ്ട്. ദജ്ജാലും പ്ളേഗും അവിടെ പ്രവേശിക്കുകയില്ല.(15)
അബൂബക്റ(റ)യില്‍നിന്ന്: നബി അരുളി: മസീഹുദ്ദജ്ജാലിനെ കുറിച്ച ഭയം മദീനയെ ബാധിക്കുകയില്ല. അന്ന് മദീനക്ക് ഏഴ് കവാടങ്ങളുണ്ടായിരിക്കും; ഓരോ കവാടത്തിലും ഈരണ്ട് മലക്കുകളും.(16)
സഅ്ദി(റ)ല്‍നിന്ന്: നബി പറയുന്നത് ഞാന്‍ കേട്ടു: 'മദീനാനിവാസികളോട് ഒരുവനും കുതന്ത്രം പ്രയോഗിക്കുകയില്ല, ഉപ്പ് വെള്ളത്തില്‍ അലിയുന്നതുപോലെ' അവന് സ്വയം അലിഞ്ഞില്ലാതായിട്ടല്ലാതെ.(17)
അന്തിമ പ്രവാചകനിലൂടെ നിര്‍വഹിക്കപ്പെടുമെന്ന് പൂര്‍വ്വ പ്രവാചകന്മാര്‍ സന്തോഷവാര്‍ത്തയറിയിച്ച നീതിയുടെ പൂര്‍ത്തീകരണത്തിന്റെ കേന്ദ്രമായിത്തീരുകയായിരുന്നു മദീന. അവസാനത്തെ ദൈവദൂതനെക്കുറിച്ച് പ്രവാചക പ്രവചനങ്ങളില്‍ പലതിലും അയാള്‍ നീതിയുടെ നിര്‍വ്വഹണമെങ്ങനെയാണെന്ന് ലോകത്തെ പഠിപ്പിക്കുന്നവനായിരിക്കുമെന്ന പരാമര്‍ശമുണ്ട്. ഇതാ ചില പ്രവചനങ്ങള്‍!
"ചെങ്കോല്‍ യൂദായെ വിട്ടുപോകയില്ല; അതിന്റെ അവകാശി വന്നുചേരുംവരെ അധികാരദണ്ഡ്് അവന്റെ സന്തതികളില്‍നിന്നു നീങ്ങിപ്പോകയില്ല. ജനതകള്‍ അവനെ അനുസരിക്കും.''(18)
"ഇതാ, ഞാന്‍ താങ്ങുന്ന എന്റെ ദാസന്‍, ഞാന്‍ തിരഞ്ഞെടുത്ത എന്റെ പ്രീതിപാത്രം. ഞാന്‍ എന്റെ ആത്മാവിനെ അവനു നല്‍കി; അവന്‍ ജനതകള്‍ക്കു നീതി പ്രദാനം ചെയ്യും. അവന്‍ വിലപിക്കുകയോ സ്വരമുയര്‍ത്തുകയോ ഇല്ല; തെരുവീഥിയില്‍ ആ സ്വരം കേള്‍ക്കുകയുമില്ല. ചതഞ്ഞ ഞാങ്ങണ അവന്‍ മുറിക്കുകയില്ല; മങ്ങിയ തിരി കെടുത്തുകയുമില്ല. അവന്‍ വിശ്വസ്തതയോടെ നീതി പുലര്‍ത്തും. ഭൂമിയില്‍ നീതി സ്ഥാപിക്കുന്നതുവരെ അവന്‍ പരാജയപ്പെടുകയോ അധീരനാവുകയോ ഇല്ല. തീരദേശങ്ങളും അവന്റെ നിയമത്തിനായി കാത്തിരിക്കുന്നു. ആകാശത്തെ സൃഷ്ടിച്ചു വിരിച്ചുനിര്‍ത്തുകയും ഭൂമിയെയും അതിലെ വിഭവങ്ങളെയും വ്യാപിപ്പിക്കുകയും അതിലെ നിവാസികള്‍ക്കു ജീവന്‍ നല്‍കുകയും അതില്‍ ചരിക്കുന്നവര്‍ക്ക് ആത്മാവിനെ നല്‍കുകയും ചെയ്യുന്ന ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: ഞാനാണു കര്‍ത്താവ്, ഞാന്‍ നിന്നെ നീതി സ്ഥാപിക്കാന്‍ വിളിച്ചു. ഞാന്‍ നിന്നെ കൈയ്ക്കു പിടിച്ചു നടത്തി സംരക്ഷിച്ചു. അന്ധര്‍ക്കു കാഴ്ച നല്‍കുന്നതിനും തടവുകാരെ കാരാഗൃഹത്തില്‍നിന്നും അന്ധകാരത്തിലിരിക്കുന്നവരെ ഇരുട്ടറയില്‍നിന്നും മോചിപ്പിക്കുന്നതിനും വേണ്ടി ഞാന്‍ നിന്നെ ജനത്തിന് ഉടമ്പടിയും ജനതകള്‍ക്കു പ്രകാശവുമായി നല്‍കിയിരിക്കുന്നു. ഞാനാണു കര്‍ത്താവ്; അതാണ് എന്റെ നാമം. എന്റെ മഹത്വം ഞാന്‍ മറ്റാര്‍ക്കും നല്‍കുകയില്ല; എന്റെ സ്തുതി കൊത്തുവിഗ്രങ്ങള്‍ക്കു കൊടുക്കുകയുമില്ല. പ്രവചനങ്ങള്‍ സാക്ഷാത്കൃതമായി. ഇതാ, ഞാന്‍ പുതിയ കാര്യങ്ങള്‍ പ്രസ്താവിക്കുന്നു. മുളപൊട്ടുന്നതിനു മുന്‍പേ ഞാന്‍ നിങ്ങള്‍ക്ക് അവയെപ്പറ്റി അറിവു തരുന്നു. കര്‍ത്താവിന് ഒരു പുതിയ ഗീതം ആലപിക്കുവിന്‍; ഭൂമിയുടെ അതിര്‍ത്തികളില്‍നിന്ന് അവിടുത്തെ മഹത്വം പ്രകീര്‍ത്തിക്കുവിന്‍. സമുദ്രവും അതിലുള്ളവയും തീരദേശങ്ങളും അവയിലെ നിവാസികളും ആര്‍ത്തട്ടഹസിക്കട്ടെ! മരുഭൂമിയും അതിലെ നഗരങ്ങളും കേദാര്‍ അധിവസിക്കുന്ന ഗ്രാമങ്ങളും സ്വര മുയര്‍ത്തട്ടെ! സേലാ നിവാസികള്‍ സന്തോഷിച്ചു ഗീതമാലപിക്കട്ടെ! മലമുകളില്‍നിന്ന് ഉദ്ഘോഷിക്കട്ടെ! അവര്‍ കര്‍ത്താവിനെ മഹത്ത്വപ്പെടുത്തട്ടെ! തീരദേശങ്ങളില്‍ അവിടുത്തെ സ്തുതിപാടി ഉദ്ഘോഷിക്കട്ടെ!(19) 
"ഉണര്‍ന്നു പ്രശോഭിക്കുക; നിന്റെ പ്രകാശം വന്നുചേര്‍ന്നിരിക്കുന്നു. കര്‍ത്താവിന്റെ മഹത്വം നിന്റെ മേല്‍ ഉദിച്ചിരിക്കുന്നു. അന്ധകാരം ഭൂമിയെയും കൂരിരുട്ട് ജനതകളെയും മൂടും. എന്നാല്‍, കര്‍ത്താവ് നിന്റെ മേല്‍ ഉദിക്കുകയും അവിടുത്തെ മഹത്വം നിന്നില്‍ ദൃശ്യമാവുകയും ചെയ്യും. ജനതകള്‍ നിന്റെ പ്രകാശത്തിലേക്കും രാജാക്കന്‍മാര്‍ നിന്റെ ഉദയശോഭയിലേക്കും വരും. കണ്ണുകളുയര്‍ത്തി ചുറ്റും നോക്കിക്കാണുക; അവര്‍ ഒരുമിച്ചുകൂടി നിന്റെ അടുത്തേക്കു വരുന്നു. നിന്റെ പുത്രന്‍മാര്‍ ദൂരെനിന്നു വരും; പുത്രിമാര്‍ കരങ്ങളില്‍ സംവഹിക്കപ്പെടും. ഇതെല്ലാം ദര്‍ശിച്ചു നീ തേജസ്വിനിയാകും. സമുദ്രത്തിലെ സമ്പത്ത് നിന്റെ അടുക്കല്‍ കൊണ്ടുവരുകയും ജനതകളുടെ ധനം നിനക്കു ലഭിക്കുകയും ചെയ്യുമ്പോള്‍ നിന്റെ ഹൃദയം ആനന്ദപുളകിതമാകും. ഒട്ടകങ്ങളുടെ ഒരു പറ്റം, മിദിയാനിലെയും ഏഫായിലെയും ഒട്ടകക്കൂറ്റന്‍മാരുടെ കൂട്ടം, നിന്നെ മറയ്ക്കും. ഷേബായില്‍നിന്നുള്ള വരും വരും. അവര്‍ സ്വര്‍ണവും സുഗന്ധദ്രവ്യങ്ങളും കൊണ്ടുവരുകയും കര്‍ത്താവിന്റെ കീര്‍ത്തനം ആലപിക്കുകയും ചെയ്യും. കേദാറിലെ ആട്ടിന്‍പറ്റങ്ങളെ നിന്റെ അടുക്കല്‍ കൊണ്ടുവരും. നെബായോത്തിലെ മുട്ടാടുകളെ നിനക്കു ലഭിക്കും. സ്വീകാര്യമാംവിധം അവ എന്റെ ബലിപീഠത്തില്‍ വരും. എന്റെ ശ്രേഷ്ഠമായ ആലയത്തെ ഞാന്‍ മഹ ത്വപ്പെടുത്തും. മേഘത്തെപ്പോലെയും, കിളിവാതിലിലേക്കു വരുന്ന പ്രാവുകളെപ്പോലെയും പറക്കുന്ന ഇവര്‍ ആരാണ്?''(20)
"എങ്കിലും, സത്യം ഞാന്‍ നിങ്ങളോടു പറയുന്നു. നിങ്ങളുടെ നന്‍മയ്ക്കുവേണ്ടിയാണ് ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍, സഹായകന്‍ നിങ്ങളുടെ അടുക്കലേക്കു വരുകയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുക്കലേക്കു ഞാന്‍ അയയ്ക്കും. അവന്‍ വന്ന് പാപത്തെക്കുറിച്ചും നീതിയെക്കുറിച്ചും ന്യായവിധിയെക്കുറിച്ചും ലോകത്തെ ബോധ്യപ്പെടുത്തും.''(21)
പ്രവാചകത്വത്തിന്റെ രാജദണ്ഡും ദൈവികനീതിയുടെ ചെങ്കോലും യഹൂദായില്‍ (ഇസ്രായീല്യര്‍) നിന്ന് നീക്കിക്കളയുന്ന അവകാശി; നീതി സുസ്ഥാപിതമാകുന്നതുവരെ പരാജയപ്പെടാതെ കഠിനാധ്വാനം ചെയ്ത് ജനതകളുടെമേല്‍ നീതി നടപ്പാക്കുന്ന ദൈവത്താല്‍ തെരഞ്ഞെടുക്കപ്പെട്ട ദൈവത്തിന്റെ ദാസന്‍. ഇശ്മയേലിന്റെ മൂത്ത മകനായ നെബയോത്തിന്റെയും രണ്ടാമത്തെ മകനായ കേദാറിന്റെയും(22) ഗ്രാമങ്ങളായ അറബി ഗ്രാമങ്ങളെല്ലാം സന്തോഷിക്കുകയും അവിടങ്ങളിലുള്ളവര്‍ സേവിക്കുകയും ചെയ്യുന്ന വെളിച്ചത്തിന്റെ ദൂതന്‍; പാപത്തെയും നീതിയെയും ന്യായവിധിയെയും കുറിച്ച് ലോകത്തെ ബോധ്യപ്പെടുത്താനായി നിയോഗിക്കപ്പെടുന്ന സത്യാത്മാവ്-മുഹമ്മദ് നബി(സ്വ)യില്‍ പൂര്‍ത്തീകരിക്കപ്പെട്ട, ഇന്ന് നിലനില്‍ക്കുന്ന ബൈബിള്‍ ഉദ്ധരിക്കുന്ന ചില പ്രവാചകവചനങ്ങളാണ് ഇവ. നീതിയുടെ നിര്‍വ്വഹണവും അത് ലോകത്തെ പഠിപ്പിക്കലുമാണ് അന്തിമ പ്രവാചകന്റെ ഉത്തരവാദിത്തങ്ങളിലൊന്നായി ഈ പ്രവചനങ്ങളെല്ലാം പരാമര്‍ശിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. മുഹമ്മദ് നബി (സ്വ) മദീനയില്‍വെച്ച് നിര്‍വഹിച്ച ദൌത്യങ്ങളിലൊന്നായിരുന്നു അത്; നീതിയെന്താണെന്ന് ലോകത്തെ പഠിപ്പിക്കുകയും നീതി നിര്‍വഹണം എങ്ങനെയെന്ന് അവസാനനാളുവരെയുള്ളവര്‍ക്കെല്ലാം കാണിച്ചുകൊടുക്കുകയും ചെയ്യുകയെന്ന ദൌത്യം. പ്രസ്തുത ദൌത്യം നിര്‍വഹിക്കുവാനായി കവാടങ്ങളില്‍ മലക്കുകളെ കാവല്‍ നിര്‍ത്തിക്കൊണ്ട് മദീനയെ അല്ലാഹു മുഹമ്മദ് നബി(സ്വ)ക്ക് ഏല്‍പിച്ചുകൊടുത്തുവെന്ന് പറയുന്നതാവും ശരി!
ആരെയും ഭയപ്പെടാതെ അല്ലാഹുവിനെ മാത്രം ആരാധിച്ചുകൊണ്ട് ജീവിക്കാനാകുന്ന ഒരു നല്ല നാളെയെക്കുറിച്ച് സന്തോഷവാര്‍ത്ത, മക്കയിലെ പീഡനകാലത്തുതന്നെ മുഹമ്മദ് നബി(സ്വ) തന്റെ അനുയായികളെ അറിയിച്ചത് അദ്ദേഹത്തിന് അധികാരമോഹമുണ്ടായിരുന്നുവെന്നതിനുള്ള തെളിവായി വ്യാഖ്യാനിക്കുന്നവര്‍ നബി നിയോഗത്തെക്കുറിച്ച ധാരണയില്ലാത്തവരോ ഉറക്കം നടിക്കുന്നവരോ ആണെന്ന് ഇക്കാര്യം വിവരിക്കുന്ന ഹദീഥുകള്‍ പരിശോധിച്ചാല്‍ വ്യക്തമാകും. സ്വതന്ത്രമായി ആദര്‍ശ ജീവിതം സാധ്യമാകുന്ന സുദിനങ്ങളെക്കുറിച്ച് വിവരിക്കുന്ന ഒരു ഹദീഥ് നോക്കുക.
ഖബ്ബാബുബ്നുല്‍ അറത്തി(റ)ല്‍നിന്ന്: അദ്ദേഹം പറയുന്നു; കഅ്ബയുടെ തണലില്‍, അല്ലാഹുവിന്റെ ദൂതന്‍ തന്റെ മേല്‍വസ്ത്രം തലയണയാക്കി വിശ്രമിക്കവെ, ഞങ്ങള്‍ അദ്ദേഹത്തോട് പറഞ്ഞു: 'അവിടുന്ന് ഞങ്ങള്‍ക്കുവേണ്ടി സഹായമര്‍ഥിക്കുന്നില്ലേ? അങ്ങ് ഞങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നില്ലേ?' അപ്പോള്‍ അവിടുന്ന് പ്രതിവചിച്ചു: 'നിങ്ങളുടെ പൂര്‍വികരില്‍ ഒരാള്‍ക്കുവേണ്ടി ഭൂമിയില്‍ കുഴിയുണ്ടാക്കി. അയാളെ ആ കുഴിയില്‍ നിര്‍ത്തുകയും എന്നിട്ട് ഈര്‍ച്ചവാള്‍ അയാളുടെ തലയില്‍വെച്ച് അയാളെ രണ്ടായി കീറിമുറിക്കുകയും ചെയ്യുമായിരുന്നു. ഈ നടപടി അയാളെ തന്റെ ദീനില്‍നിന്ന് പിന്തിരിപ്പിക്കുമായിരുന്നില്ല. ഇരുമ്പ് ചീര്‍പ്പുകള്‍കൊണ്ട് തന്റെ മാംസത്തിന് താഴെ എല്ലും ഞരമ്പും ചീകിയെടുക്കുമായിരുന്നു. അതൊന്നുംതന്നെ അയാളെ തന്റെ ദീനില്‍നിന്ന് അകറ്റിനിര്‍ത്തുമായിരുന്നില്ല. അല്ലാഹുവാണെ! അവന്‍ ഇക്കാര്യം പൂര്‍ത്തീകരിക്കുകതന്നെ ചെയ്യും; ഒരു യാത്രക്കാരന് അല്ലാഹുവിനെയും, തന്റെ ആടുകളെ സംബന്ധിച്ച് ചെന്നായയെയും ഒഴികെ ഒന്നിനെയും ഭയപ്പെടാതെ സ്വന്‍ആഅ് മുതല്‍ ഹദ്റമൌത് വരെ സഞ്ചരിക്കാനാകുന്നതുവരെ. പക്ഷെ, നിങ്ങള്‍ ധൃതിപ്പെടുകയാണ്.'(23)
പീഡനങ്ങളുടെ തീച്ചൂളയില്‍ തങ്ങള്‍ക്കുവേണ്ടി പ്രാര്‍ഥിക്കണമെന്നാവശ്യപ്പെടുന്ന അനുചരന്‍മാരോട് പൂര്‍വ്വിക സമുദായങ്ങള്‍ സഹിച്ച ത്യാഗങ്ങളെക്കുറിച്ച് വ്യക്തമാക്കിക്കൊണ്ട് സത്യമാര്‍ഗത്തില്‍ ഉറച്ചുനില്‍ക്കുവാന്‍ പ്രചോദിപ്പിക്കുകയും പീഡനങ്ങളില്ലാതെ സത്യമതമനുഷ്ഠിക്കുവാന്‍ കഴിയുന്ന നാളുകള്‍ വരാനിരിക്കുന്നുവെന്ന് സന്തോഷവാര്‍ത്തയറിയിക്കുകയും ചെയ്യുന്ന മുഹമ്മദ് നബി(സ്വ)യില്‍ ദിവ്യബോധനത്തിന്റെ അടിസ്ഥാനത്തില്‍ നേര്‍മാര്‍ഗത്തിലൂടെ അനുയായികളെ നയിക്കുന്ന ദൈവദൂതനെയാണ്, അധികാരമോഹിയായ സൃഗാലമനസ്കനെയല്ല മസ്തിഷ്കമുള്ളവര്‍ക്കൊന്നും കാണാന്‍ കഴിയുന്നത്. പീഡനങ്ങളും പ്രയാസങ്ങളുമില്ലാതെ ഏകദൈവത്തെ മാത്രം ആരാധിക്കുകയും അവന്റെ വിധിവിലക്കുകള്‍ പ്രകാരം ജീവിക്കുകയും ചെയ്യാന്‍ കഴിയുന്ന നാളുകള്‍ വരാനുണ്ടെന്ന് പ്രവചിച്ച അന്തിമ പ്രവാചകന്‍(സ്വ) പറഞ്ഞതുതന്നെയാണ് സംഭവിച്ചതെന്ന വസ്തുത അദ്ദേഹത്തിന്റെ പ്രവചനങ്ങള്‍ ദൈവികബോധന പ്രകാരമുള്ളതായിരുന്നുവെന്ന് വ്യക്തമാക്കുന്നുണ്ടെന്ന സത്യം വിമര്‍ശകര്‍ സൌകര്യപൂര്‍വ്വം തമസ്കരിക്കുവാന്‍ ശ്രമിക്കുകയാണ്. ചെന്നായയെയൊഴികെ മറ്റൊന്നിനെയും ഭയപ്പെടാതെ ഒരു ആട്ടിടയന് സന്‍ആഅ് മുതല്‍ ഹദ്റമൌത് വരെ തന്റെ ആടുകളെയുമായി സഞ്ചരിക്കാനാകുന്ന സ്ഥിതിവിശേഷം നബി(സ്വ)യുടെ ജീവിതകാലത്തുതന്നെ സംജാതമായിയെന്ന വസ്തുത അദ്ദേഹത്തിന്റെ പ്രവാചകത്വത്തിനുള്ള നിരവധി തെളിവുകളില്‍ ഒരെണ്ണമാണെന്ന യാഥാര്‍ഥ്യത്തിനുനേരെ കണ്ണടച്ച് ഇരുട്ടാക്കുവാനാണ് നബി(സ്വ)യില്‍ അധികാരമോഹത്തിന്റെ ലാഞ്ചനയുണ്ടായിരുന്നുവെന്ന് സ്ഥാപിക്കുവാനായി ഈ ഹദീഥിലെ പദപ്രയോഗങ്ങള്‍ക്കിടയില്‍ പ്രഹസനാപഗ്രഥനം നടത്തുവാന്‍ ശ്രമിക്കുന്നത്.
ഇതേപോലെയുള്ള മറ്റുചില പ്രവചനങ്ങളും ഹദീഥുകളില്‍ കാണാനാകും. 
അദിയ്യു ബ്നു ഹാതിമി(റ)ല്‍ നിന്ന്: ഞാന്‍ പ്രവാചകന്റെ പട്ടണത്തിലായിരുന്നപ്പോള്‍ ഒരാള്‍ വന്ന് അയാളുടെ ദാരിദ്യ്രത്തെയും കഷ്ടപ്പാടിനെയും കുറിച്ച് അദ്ദേഹത്തോട് പരാതിപ്പെട്ടു. മറ്റൊരാള്‍ വന്ന് പാതകളില്‍ നടക്കുന്ന കൊള്ളയെക്കുറിച്ചും പരാതിപ്പെട്ടു. അപ്പോള്‍ നബി(സ്വ) എന്നോട് ചോദിച്ചു "അദിയ്യേ! നീ ഹീറാ രാജ്യത്തെക്കുറിച്ച് അറിയുമോ?'' "ഞാനവിടെ പോയിട്ടില്ല; എന്നാല്‍ ഞാന്‍ ആ ദേശത്തെക്കുറിച്ച് കേട്ടിട്ടുണ്ട്'' ഞാന്‍ പറഞ്ഞു: അപ്പോള്‍ നബി (സ്വ) പറഞ്ഞു: "താങ്കള്‍ ഏറെക്കാലം ജീവിച്ചിരിക്കുകയാണെങ്കില്‍ യാത്രക്കാരിയായ ഒരു സ്ത്രീ ഹീറായില്‍ നിന്ന് പുറപ്പെട്ട് പരസഹായം കൂടാതെ കഅ്ബ ത്വവാഫ് ചെയ്ത് മടങ്ങുന്ന ഒരു കാലം വരുന്നത് താങ്കള്‍ കാണുക തന്നെ ചെയ്യും 'നാട്ടിലെങ്ങും കുഴപ്പം വിതയ്ക്കുന്ന തായ് ഗോത്രക്കാരായ കൊള്ളക്കാര്‍ക്ക് അപ്പോള്‍ എന്തു സംഭവിക്കുമെന്ന്'' ഞാന്‍ മനസ്സില്‍ ചോദിച്ചു. നബി(സ്വ) തുടര്‍ന്നു പറഞ്ഞു: "എന്റെ ദേഹം ആരുടെ കൈവശമാണോ അവന്‍ തന്നെയാണ! അല്ലാഹു ഇസ്ലാമിനെ നിശ്ചയമായും പൂര്‍ത്തിയാക്കും. ഹുര്‍മുസിന്റെ മകന്‍ കിസ്റായുടെ നിക്ഷേപങ്ങള്‍ ജയിച്ചടക്കപ്പെടുകയും ചെയ്യും.'' ഞാന്‍ ചോദിച്ചു: "(പേര്‍സ്യന്‍ ചക്രവര്‍ത്തിയായ) ഹുര്‍മുസിന്റെ മകന്‍ കിസ്റയുടെയോ?'' നബി (സ്വ)പറഞ്ഞു: "അതെ! ഹുര്‍മുസിന്റെ മകന്‍ കിസ്റയുടെ തന്നെ. അന്ന് സ്വീകരിക്കാന്‍ ആളില്ലാതാകുമാറ് ധനം ചെലവഴിക്കപ്പെടുകയും ചെയ്യും.''(24)
അബൂഹുറയ്റ(റ)യില്‍നിന്ന്: നബി(സ്വ) പറഞ്ഞു: "കിസ്റ നശിച്ചു. അതിനുശേഷം മറ്റൊരു കിസ്റാ ഉണ്ടാകില്ല. തീര്‍ച്ചയായും സീസറും നശിക്കുകതന്നെ ചെയ്യും. പിന്നെ അതിനുശേഷം സീസര്‍ ഉണ്ടാകില്ല. ഇരുവരുടെയും നിധിനിക്ഷേപങ്ങള്‍ അല്ലാഹുവിന്റെ മാര്‍ഗത്തില്‍ വീതിക്കപ്പെടുകതന്നെ ചെയ്യും.(25)
സത്യവിശ്വാസികള്‍ക്ക് ഭൂമിയില്‍ ആധിപത്യം നല്‍കുമെന്ന ദൈവിക വാഗ്ദാനത്തിന്റെ പൂര്‍ത്തീകരണം കൂടിയായിരുന്നു മദീനയിലെ പ്രവാചക നേതൃത്വത്തിലുള്ള ഭരണ സംവിധാനങ്ങളെന്ന വസ്തുത വ്യക്തമാക്കുകയാണ് ഈ ഹദീഥുകള്‍ ചെയ്യുന്നത്. മുമ്പുള്ള വേദഗ്രന്ഥങ്ങളിലൂടെയും ക്വുര്‍ആനിലൂടെയുമെല്ലാം അല്ലാഹു നല്‍കിയ വാഗ്ദാനം തന്നെയാണല്ലോ ഇത്. 
"ഭൂമിയുടെ അനന്തരാവകാശമെടുക്കുന്നത് എന്റെ സദ്വൃത്തരായ ദാസന്‍മാരായിരിക്കും എന്ന് ഉല്‍ബോധനത്തിന് ശേഷം നാം സബൂറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തീര്‍ച്ചയായും ഇതില്‍ ആരാധനാ നിരതരായ ആളുകള്‍ക്ക് ഒരു സന്ദേശമുണ്ട്. ലോകര്‍ക്ക് കാരുണ്യമായിക്കൊണ്ടല്ലാതെ നിന്നെ നാം അയച്ചിട്ടില്ല.'' (21:105-107)
"നിങ്ങളില്‍ നിന്ന് വിശ്വസിക്കുകയും സല്‍കര്‍മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരോട് അല്ലാഹു വാഗ്ദാനം ചെയ്തിരിക്കുന്നു; അവരുടെ മുമ്പുള്ളവര്‍ക്ക് പ്രാതിനിധ്യം നല്‍കിയത് പോലെതന്നെ തീര്‍ച്ചയായും ഭൂമിയില്‍ അവന്‍ അവര്‍ക്ക് പ്രാതിനിധ്യം നല്‍കുകയും, അവര്‍ക്ക് അവന്‍ തൃപ്തിപ്പെട്ട് കൊടുത്ത അവരുടെ മതത്തിന്റെ കാര്യത്തില്‍ അവര്‍ക്ക് അവന്‍ സ്വാധീനം നല്‍കുകയും, അവരുടെ ഭയപ്പാടിന് ശേഷം അവര്‍ക്ക് നിര്‍ഭയത്വം പകരം നല്‍കുകയും ചെയ്യുന്നതാണെന്ന്. എന്നെയായിരിക്കും അവര്‍ ആരാധിക്കുന്നത്. എന്നോട് യാതൊന്നും അവര്‍ പങ്കുചേര്‍ക്കുകയില്ല. അതിന് ശേഷം ആരെങ്കിലും നന്ദികേട് കാണിക്കുന്ന പക്ഷം അവര്‍ തന്നെയാകുന്നു ധിക്കാരികള്‍.'' (24:55)
"തീര്‍ച്ചയായും ഞാനും എന്റെ ദൂതന്‍മാരും തന്നെയാണ് വിജയം നേടുക. എന്ന് അല്ലാഹു രേഖപ്പെടുത്തിയിരിക്കുന്നു. തീര്‍ച്ചയായും അല്ലാഹു ശക്തനും പ്രതാപിയുമാകുന്നു.'' (58:21)
മുഹമ്മദ് നബി(സ്വ)യുടെ അധിനിവേശ സ്വപ്നങ്ങളുടെ പ്രാരംഭദശയായിരുന്നു അദ്ദേഹത്തിന്റെ മദീനാ പ്രവേശവും അവിടുത്തെ രാഷ്ട്രസംസ്ഥാപനവുമെല്ലാം എന്ന് പറയുന്നവര്‍, ആരുടെ മേലാണ് അദ്ദേഹം അധിനിവേശം സ്ഥാപിച്ചത് എന്നും എത്തരത്തിലുള്ള രാഷ്ട്രസംവിധാനത്തെ തകര്‍ത്തുകൊണ്ടാണ് അദ്ദേഹം തന്റെ കീഴിലുള്ള രാഷ്ട്രസംവിധാനമുണ്ടാക്കിയത് എന്നും വ്യക്തമാക്കുവാന്‍ ബാധ്യസ്ഥരാണ്. നിയതമായ ഒരു ഭരണക്രമമോ രാഷ്ട്രഘടനയോ നിലവിലില്ലാത്ത നാടായിരുന്നു യഥ്രിബ് എന്നും അത്തരമൊരു പ്രദേശത്തുനിന്നാണ് ആധുനിക രാഷ്ട്രസംവിധാനങ്ങളെ വെല്ലുന്ന തരത്തിലുള്ള അടിത്തറകളിന്മേല്‍ സ്ഥാപിക്കപ്പെട്ട ഒരു നാടിനെ വളര്‍ത്തിയെടുത്തതെന്നുമുള്ള വസ്തുതകള്‍ക്കുനേരെ കണ്ണടച്ചുകൊണ്ടല്ലാതെ നബി(സ്വ)യില്‍ അഥിനിവേശ താല്‍പര്യമാരോപിക്കുവാന്‍ ആര്‍ക്കും കഴിയില്ല. നാടോടികളും മരുഭൂവാസികളുമായ ഹിജാസിലെ അറബികള്‍ക്കിടയില്‍ യമനിലല്ലാതെ മറ്റെവിടെയെങ്കിലും നിയതമായ ഭരണക്രമങ്ങളിലേതെങ്കിലും നിലനിന്നതായി വ്യക്തമാക്കുന്ന യാതൊരു തെളിവുമില്ല. ക്രിസ്തുവിന് 2300 വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഖഹ്താനികളുടെ നേതൃത്വത്തിലുള്ള ഒരു ഭരണക്രമം യമനില്‍ നിലനിന്നിരുന്നുവെന്നും പേര്‍ഷ്യന്‍ സസ്സാനിദ് സാമ്രാജ്യത്തിലെ ഖുസ്റു രണ്ടാമന്‍ ചക്രവര്‍ത്തിയുടെ മരണശേഷം യമനിലെ അദ്ദേഹത്തിന്റെ ഗവര്‍ണറായിരുന്ന ബാദ്വാന്‍, സ്വമനസ്സാലെ ഇസ്ലാം സ്വീകരിച്ചതുമുതലാണ് യമനിന്റെ ഇസ്ലാമീകരണം നടന്നതെന്നും മൂവായിരം വര്‍ഷത്തെ യമനിന്റെ കലാ-സാംസ്കാരിക ചരിത്രത്തെക്കുറിച്ച് വിശദീകരിക്കുന്ന വെര്‍ണര്‍ ഡാവൂം നിരീക്ഷിക്കുന്നുണ്ട്.(26) ഇത്തരത്തിലുള്ള ഭരണസമ്പ്രദായങ്ങളൊന്നും നിലനിന്നിരുന്നിട്ടില്ലാത്ത, മദീനയെ സുശക്തമായ ഒരു രാഷ്ട്രസംവിധാനമാക്കി മാറ്റുകയാണ് മുഹമ്മദ് നബി(സ്വ) ചെയ്തതെന്നും അദ്ദേഹം ഇല്ലായിരുന്നുവെങ്കില്‍ ഇത്തരമൊരു രാഷ്ട്രീയ നവോത്ഥാനമുണ്ടാകുമായിരുന്നില്ലെന്നും ചര്‍ച്ച് ഓഫ് ഇംഗ്ളണ്ടിന്റെ പുരോഹിതനും ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ അറബി പ്രൊഫസറുമായിരുന്ന പ്രസിദ്ധ ഓറിയന്റലിസ്റ് ഡേവിഡ് സാമുവല്‍ മാര്‍ഗോലിയോത്ത് പോലും സമ്മതിച്ചിട്ടുണ്ട്. 'മക്കയിലെ ഒരു മനുഷ്യന്‍ സ്വന്തം പ്രയത്നത്താല്‍ സൃഷ്ടിച്ചെടുത്ത വിപ്ളവം നടന്നിട്ടില്ലായിരുന്നുവെങ്കില്‍ അറേബ്യ പ്രാകൃതമായിത്തന്നെ തുടരുമായിരുന്നു'(27) വെന്നാണ് അദ്ദേഹം എഴുതിയിരിക്കുന്നത്.
മരുഭൂവാസികളും നാടോടികളുമായിരുന്ന അറബികളുടെ ഏറ്റവും വലിയ സാമൂഹ്യ യൂണിറ്റായിരുന്നു അവരുടെ ഗോത്രം. അവര്‍ക്കിടയില്‍ നിയമമെന്ന പേരില്‍ നിലനിന്നിരുന്നത് ഗോത്രനിയമങ്ങള്‍ മാത്രമായിരുന്നു. സ്വന്തം ഗോത്രക്കാരെ മറ്റ് ഗോത്രക്കാരില്‍നിന്ന് രക്ഷിക്കുന്നതിനുവേണ്ടിയുള്ള സാമൂഹ്യക്രമത്തിലെ നേതാവായിരുന്നു ഗോത്രാധിപന്‍. മറ്റുള്ളവരുടെ അക്രമത്തില്‍നിന്ന് സ്വന്തം ഗോത്രത്തെ രക്ഷിക്കുകയും അക്രമത്തിന് പ്രതികാരം ചെയ്യുവാന്‍ നേതൃത്വം വഹിക്കുകയുമായിരുന്നു അയാളുടെ ഉത്തരവാദിത്തം. സര്‍വ്വസാധാരണമായ രക്തച്ചൊരിച്ചിലുകള്‍ ഗോത്രവൈര്യം തീര്‍ക്കുന്നതിനോ ഗോത്രാധിപത്യം സംരക്ഷിക്കുന്നതിനോ വേണ്ടിയുള്ളവയായിരുന്നു. അന്യഗോത്രങ്ങളെ അക്രമിച്ച് ലഭിക്കുന്ന സമ്പത്ത് അധ്വാനിച്ചുണ്ടാക്കുന്ന മുതലിനേക്കാള്‍ പ്രിയങ്കരമായിരുന്നു, അവര്‍ക്ക്. മരുഭൂമിയില്‍ ചൂടും ഉശിരും പ്രദാനം ചെയ്തിരുന്ന മദ്യവും മദിരയും നേടിയെടുക്കുകകൂടി അവരുടെ യുദ്ധലക്ഷ്യങ്ങളിലൊന്നായിരുന്നു. ഗോത്രയുദ്ധങ്ങളിലെ കൊള്ളയെയും കൊലയെയും അക്രമങ്ങളെയും വീരകൃത്യങ്ങളായി വാഴ്ത്തുകയും അതിലൂടെ നേടിയെടുത്ത തരുണികളുടെ ശരീരസൌന്ദര്യം വര്‍ണിക്കുകയും അവരോടൊപ്പമുള്ള ശയനത്തിന് ചൂടുപകര്‍ന്ന മദ്യത്തിന്റെ അപദാനങ്ങള്‍ വിവരിക്കുകയും ചെയ്ത് എഴുതപ്പെടുന്ന കവിതകളായിരുന്നു അവരുടെ സാഹിത്യപ്രവര്‍ത്തനം! ഗോത്രവൈരങ്ങളിലും യുദ്ധങ്ങളിലും അതിന്നായുള്ള ആലാപനങ്ങളിലും മാത്രമായിരുന്നു അവരുടെ ഊര്‍ജം മുഴുവന്‍ ചെലവഴിക്കപ്പെട്ടിരുന്നതെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ അറബിക് വിഭാഗം പ്രൊഫസറായിരുന്ന പ്രശസ്ത ഓസ്ട്രിയന്‍ ഓറിയന്റലിസ്റ് ഗുഡ്സെവെ എഡ്മൊണ്ട് ഗ്രുനേബാലൂമിന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.(28) 
ഗോത്രസംഘട്ടനങ്ങളുടെ വീരസ്യങ്ങളില്‍ ആത്മരതി കണ്ടെത്തിയിരുന്നവര്‍ക്കിടയില്‍ നിലനിന്നിരുന്ന ഒരേയൊരു പാരസ്പര്യനിയമം തമ്മില്‍ ആക്രമിക്കുകയില്ലെന്ന് ഗോത്രാധിപന്‍മാര്‍ തമ്മിലുണ്ടാക്കുന്ന കരാറുകള്‍ മാത്രമായിരുന്നു. പരസ്പരം ആക്രമിക്കുകയില്ലെന്ന് ഉടമ്പടി ചെയ്ത ഗോത്രങ്ങളെ അവര്‍ സഖ്യക്ഷികള്‍ എന്ന് വിളിച്ചു. സഖ്യകക്ഷികളിലൊന്നിലുള്ളവരെ വധിക്കുന്നത് പ്രായശ്ചിത്തമാവശ്യമുള്ള വലിയൊരു പാപമായി അവര്‍ കണ്ടു. അതല്ലാത്തവരെ വധിക്കുന്നത് തിന്മയാണെന്ന് പഠിപ്പിക്കുന്ന നിയമങ്ങള്‍ അവര്‍ക്കിടയില്‍ നിലനിന്നിരുന്നില്ല. മാര്‍ക്സിസ്റ് ചരിത്രകാരനായ ഫ്രഞ്ച് ഓറിയന്റലിസ്റ് മാക്സിം റോഡിന്‍സണ്‍ നിരിക്ഷിക്കുന്നത് കാണുക: 'മരുഭൂമിയിലെ എഴുതപ്പെട്ടിട്ടില്ലാത്ത നിയമവ്യവസ്ഥയില്‍ മനുഷ്യവധത്തിന് നിഷ്കൃഷ്ടമായ പ്രായശ്ചിത്തങ്ങളുണ്ടായിരുന്നു. സ്വതന്ത്രരായ അറബികള്‍ക്ക് അനുസരിക്കേണ്ടതായ ഏകീകരിക്കപ്പെട്ട നിയമങ്ങളൊന്നുമുണ്ടായിരുന്നില്ല. നിയമപാലകരോ അവരുടെ സഹായത്തോടെ നിയമം നടപ്പാക്കാനാവശ്യമായ ഭരണസംവിധാനങ്ങളോ നിലനിന്നിരുന്നില്ല. തലമുറകളായി പാലിച്ചുപോന്നിരുന്ന കണിശമായ ചില പാരമ്പര്യങ്ങള്‍മൂലമാണ് മനുഷ്യരുടെ ജീവന്‍ സംരക്ഷിക്കപ്പെട്ടുപോന്നിരുന്നത്; രക്തത്തിന് രക്തവും ജീവന് ജീവനുമെന്ന പാരമ്പര്യം. അറബിയില്‍ 'ഥഅ്റ്' എന്ന് വിളിക്കുന്ന ഗോത്രവൈര്യമായിരുന്നു ബദവീ സാമൂഹ്യ ഘടനയുടെ സ്തംഭങ്ങളിലൊന്ന്'(29) 
മുഹമ്മദ് നബി(സ്വ)യുടെ നിയോഗത്തിന് മുമ്പ് ഹിജാസിലെങ്ങുംതന്നെ നിയതമായ ഒരു രാഷ്ട്രഘടനയുണ്ടായിരുന്നില്ലെന്ന വസ്തുത അമേരിക്കന്‍ ചരിത്രകാരനായ ഹെര്‍ബര്‍ട്ട് ജെ. മുള്ളറും എഴുതുന്നുണ്ട്: 'മുഹമ്മദിന് മുമ്പ് അറേബ്യയില്‍ രാഷ്ട്രമുണ്ടായിരുന്നില്ല. ചിതറിക്കിടക്കുന്ന കുറെ നഗരങ്ങളും ഗോത്രങ്ങളും മാത്രമെയുണ്ടായിരുന്നുള്ളൂ. പ്രവാചകന്‍ അദ്ദേഹത്തിന്റേതായ ഒരു രാഷ്ട്രഘടന നിര്‍മിക്കുകയും അതിന് അല്ലാഹുവിന്റെ നിര്‍ദേശപ്രകാരമുള്ള വിശുദ്ധനിയമങ്ങള്‍ നല്‍കുകയും ചെയ്തു'(30) 
ക്രിസ്തുവിന് ആറ് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മുതല്‍ക്ക് യഥ്രിബ് പട്ടണം നിലനിന്നിരുന്നുവെന്ന് വ്യക്തമാകുന്ന തെളിവുകളുണ്ട്. ക്രിസ്തുവിന് മുമ്പ് 556ഉം 539ഉം വര്‍ഷങ്ങള്‍ക്കിടയില്‍ രചിക്കപ്പെട്ടതാണെന്ന് കരുതുന്ന(31) ബാബിലോണിയന്‍ ക്യൂനിഫോം രേഖയായ 'നബോനിഡസ് ദിനവൃത്താത്ത'ങ്ങളില്‍ (ചമയീിശറൌ ഇവൃീിശരഹല) 'ലഥ്രിബ്'യെന്ന് പരാമര്‍ശിക്കപ്പെട്ടിരിക്കുന്നത്(32) യഥ്രിബിനെക്കുറിച്ചാണെന്ന പ്രബലമായ അഭിപ്രായം പരിഗണിച്ചാല്‍ ക്രിസ്തുവിന് ആറുനൂറ്റാണ്ടുകള്‍ക്ക് മുമ്പെങ്കിലും ആ പട്ടണം നിലനിന്നിരുന്നുവെന്നാണ് അതില്‍നിന്ന് മനസ്സിലാകുക. ടോളമിയുടെ കാലത്ത് (ക്രിസ്താബ്ദം 90-168) 'ലഥ്രിപ്പ' യെന്ന് വിളിക്കപ്പെട്ടത് ഇതേ പട്ടണത്തിനാണെന്നാണ് 'എന്‍സോക്ളോപീഡിയ അമേരിക്കാനാ' പറയുന്നത്. (33) ക്രിസ്തുവിന് 64 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന പോംലിയുടെ ജൂദിയാക്കുനേരെയുള്ള അക്രമണത്തിന് ശേഷവും ക്രിസ്താബ്ദം 136ലെ ഹദിയന്‍മാരുടെ ജൂതപീഡനത്തിനോടനുബന്ധിച്ചുമെല്ലാം ഹിജാസിലേക്ക് കുടിയേറിയ ജൂതന്‍മാരായിരുന്നു യഥ്രിബ് മരുപ്പച്ചയില്‍ ഒരുമിച്ച് കൂടിയവരെന്നാണ് ജൂത വിജ്ഞാനകോശം അവകാശപ്പെടുന്നത്.(34) യഥ്രിബിന്റെ സമ്പന്നതയിലും പുരോഗതിയിലും കാര്യമാത്ര പ്രസക്തമായ പങ്കുവഹിച്ചത് ഇങ്ങനെ വന്നവരില്‍ നിന്നുണ്ടായ ബനൂഖൈനുവാഅ്, ബനൂ നദീര്‍, ബനൂ ഖുറൈദ എന്നീ മൂന്ന് ജൂത ഗോത്രങ്ങളായിരുന്നുവെന്നും നാലാം നൂറ്റാണ്ടില്‍ യമനില്‍നിന്ന് ബനൂ ഔസ്, ബനൂ ഖസ്റജ് എന്നീ അറബ് ഗോത്രങ്ങള്‍ യഥ്രിബിലേക്ക് വരുകയും അവിടെ താമസമുറപ്പിക്കുകയും ചെയ്തതോടെയാണ് സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടായതെന്നും ഈ രണ്ട് ഗോത്രക്കാരും ചതിപ്രയോഗത്തിലൂടെ ജൂതന്‍മാരെ കീഴ്പ്പെടുത്തിക്കൊണ്ടാണ് മദീനയില്‍ സ്വാധീനമുറപ്പിച്ചതെന്നുമാണ് ജൂത വിജ്ഞാനകോശം പറയുന്നത്. ഹിജ്റക്ക് നാലോ അഞ്ചോ വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ബുആഥ് യുദ്ധത്തില്‍ ബനൂ നദീറുകാരും ബനൂ ഖുറൈദക്കാരും ഔസ് ഗോത്രത്തൊടൊപ്പവും ബനൂ ഖൈനുഖാഉകാര്‍ ഖസ്റജ് ഗോത്രക്കാരോടൊപ്പവും ചേര്‍ന്ന് യുദ്ധം ചെയ്തുവെന്ന് പ്രസ്താവിക്കുന്ന ജൂത വിജ്ഞാന കോശം യഥ്രിബിലെ ഗോത്ര വൈര്യത്തെ ഇല്ലാതെയാക്കുവാനോ തങ്ങളുടെ കൈവശമുള്ള വേദഗ്രന്ഥമുപയോഗിച്ച് അവരെ സംസ്കരിക്കുവാനോ അല്ല യഥ്രിബിലെ അറബി ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് മുതലെടുക്കുവാനും അവരോടൊപ്പം ചേര്‍ന്ന് രക്തം ചിന്തുവാനുമാണ് ജൂതഗോത്രങ്ങള്‍ ധൃഷ്ടരായതെന്ന് സമ്മതിക്കുകയാണ് ചെയ്യുന്നത്. ഔസ്, ഖസ്റജ് ഗോത്രങ്ങളുടെ സഖ്യകക്ഷിയായി നിലകൊണ്ടുകൊണ്ട് യഥ്രിബില്‍ യാതൊരുവിധ അല്ലലുകളുമില്ലാത്ത രാഷ്ട്രീയ സ്വാശ്രയത്വം നേടുകയാണ് ജൂത ഗോത്രങ്ങള്‍ ചെയ്തതെന്ന് വിഖ്യാത ഓറിയന്റലിസ്റായ വില്യം മോണ്ട്ഗോമറി വാട്ട് നിരീക്ഷിക്കുന്നുണ്ട്.(35)
യമന്‍ രാജാവായിരുന്ന തിബ്ആന്‍ അസ്അദ് അബൂ കരീബും യഥ്രിബ് വാസികളും തമ്മില്‍ നടന്ന ഒരു സംഘട്ടനത്തിന്റെ കഥ ഇബ്നു ഇസ്ഹാഖ് തന്റെ നബിചരിത്രത്തില്‍ പറയുന്നുണ്ട്. യഥ്രിബിലുള്ള വരെയൊന്നും ഉപദ്രവിക്കാതെ, അതിന്റെ മരുപ്പച്ചക്കരികിലൂടെ യാത്ര ചെയ്യുകയായിരുന്ന രാജാവിനെ യഥ്രിബുകാര്‍ അക്രമിക്കുകയും അദ്ദേഹത്തോടൊപ്പമുള്ള സ്വന്തം മകനെ കൊല്ലുകയും ചെയ്തപ്പോള്‍ യഥ്രിബിനെ നശിപ്പിക്കുകയും അവിടെയുള്ളവരെയെല്ലാം ഉന്മൂലനാശം വരുത്തുകയും ഈത്തപ്പനകളെല്ലാം വെട്ടിനശിപ്പിക്കുകയും ചെയ്യാന്‍ അദ്ദേഹം ഉത്തരവിട്ടുവെന്നും ബനൂഖുറൈദയിലെ രണ്ട് യഹൂദ റബ്ബിമാരുടെ അഭ്യര്‍ഥന മാനിച്ചുകൊണ്ടാണ് നാടിനെ നശിപ്പിക്കാതിരുന്നതെന്നുമാണ് ഇബ്നു ഇസ്ഹാഖ് നിവേദനം ചെയ്യുന്നത്. യഹൂദ റബ്ബിമാര്‍ രാജാവിനോട് ഇങ്ങനെ പറഞ്ഞുവത്രെ! 'രാജാവേ, താങ്കള്‍ അങ്ങനെ ചെയ്യരുത്. താങ്കള്‍ താങ്കളുടെ പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ അത് വലിയ വിപത്തുകള്‍ക്ക് കാരണമാകുമെന്നും താങ്കള്‍ക്കെതിരെ ശക്തമായ നടപടികളുണ്ടാകുമെന്നും ഞങ്ങള്‍ ഭയപ്പെടുന്നു. ആസന്ന ഭാവിയില്‍തന്നെ ഖുറൈശികള്‍ക്കിടയില്‍നിന്ന് നിയോഗിതനാകാനിരിക്കുന്ന ദൈവദൂതന് പലായനം ചെയ്തെത്തുവാനും അദ്ദേഹത്തിന്റെ ഭവനവും വിശ്രമസ്ഥാനവുമാകുവാനുമുള്ള സ്ഥലമാണിത്' ഇതുകേട്ട യമനീ രാജാവ് ജൂതമതം സ്വീകരിണ്ട്. ബനൂ നദീര്‍ ഗോത്രത്തിന്റെ തലവനായിരുന്ന ഹുയയ്യുബ്നു അക്തബിന്റെ പുത്രിയും ഇസ്ലാം സ്വീകരിച്ച് പ്രവാചക പത്നിയായിത്തീര്‍ന്നയാളുമായ സ്വഫിയ്യ(റ) പറഞ്ഞതായി ഇബ്നു ഇസ്ഹാഖ് നിവേദനം ചെയ്യുന്നു: 
"എന്റെ പിതാവ് ഹുയയ്യുബ്ന്‍ അഖ്തബിനും പിതൃസഹോദരന്‍ അബൂയാസിറിനും ഏറെ പ്രിയപ്പെട്ടവാളായിരുന്നു ഞാന്‍. നബി (സ്വ) ഖുബാഇല്‍ ഇറങ്ങിയപ്പോള്‍ പിതാവും പിതൃവ്യനും നബി (സ്വ)യെ സന്ദര്‍ശിക്കാനായി ചെന്നു. കാലത്ത് പുറപ്പെട്ട അവര്‍ അസ്തമയത്തോടനുബന്ധിച്ചാണ് തിരിച്ചെത്തിയത്. ഏറെ നിരാശരും അലസരുമായിട്ടാണവര്‍ കാണപ്പെട്ടത്. വളരെ ഉന്മേഷവതിയായി ഞാനവരെ സമീപിച്ചു. പക്ഷെ, അവരുടെ ദുഃഖഭാവം കണ്ട് ഞാന്‍ അവരെ ആരേയും തിരിഞ്ഞുനോക്കിയതുതന്നെയില്ല. ഇതിനിടയില്‍ പിതൃവ്യന്‍ പിതാവിനോട് ചോദിക്കുന്നത് കേട്ടു: "അത് അദ്ദേഹം തന്നെയാണോ?'' "അതെ, തീര്‍ച്ചയായും'' പിതാവ് പറഞ്ഞു. പിതൃവ്യന്‍ വീണ്ടും ചോദിച്ചു: "നീ അറിയുകയും ഉറപ്പിക്കുകയും ചെയ്യുന്നോ?'' "അതെ.'' പിതാവ് പറഞ്ഞു. അദ്ദേഹം ചോദിച്ചു: "അദ്ദേഹത്തോടുള്ള നിന്റെ സമീപനമെന്താണ്? അവസാനംവരെ ശത്രുത, തീര്‍ച്ചയെന്ന്, പിതാവ് മറുപടി പറഞ്ഞു.''(37)
നിയോഗിക്കപ്പെടാനിരിക്കുന്ന അവസാനത്തെ ദൈവദൂതനായി വേദഗ്രന്ഥങ്ങള്‍ പരിചയപ്പെടുത്തുന്ന പ്രവാചകന്റെ ലക്ഷണങ്ങളെല്ലാം മുഹമ്മദ് നബി(സ്വ)യില്‍ സമ്മേളിച്ചിട്ടുണ്ടെന്ന് അനുഭവിച്ചറിഞ്ഞ ശേഷം ഇസ്ലാം സ്വീകരിച്ച നിഷ്കളങ്കരായ ജൂത പുരോഹിതരെപോലും തള്ളിപ്പറയുകയും ഭത്സിക്കുകയും ചെയ്ത് സത്യത്തോടല്ല, ഗോത്രാഹങ്കാരത്തോടാണ് തങ്ങള്‍ക്ക് പ്രതിപത്തിയെന്ന് തെളിയിച്ചവരാണ് മദീനയിലെ ജൂതന്‍മാര്‍. ജൂത പുരോഹിതനായിരുന്ന അബ്ദുല്ലാഹിബ്നു സലാമിന്റെ ഇസ്ലാം സ്വീകരണത്തെയും അനുബന്ധസംഭവങ്ങളെയും പറ്റി വിവരിക്കുന്ന ഹദീഥുകളില്‍നിന്ന് ഇസ്രായീല്‍ വര്‍ഗീയത എത്രത്തോളം ആഴത്തിലാണ് അവരുടെ ഹൃദയത്തില്‍ വേരൂന്നിയിരുന്നതെന്ന് വ്യക്തമാകുന്നുണ്ട്. സംഭവമിതാ: അനസി(റ)ല്‍നിന്ന്: പ്രവാചകന്‍ മദീനയില്‍ വന്ന വിവരം അബ്ദുല്ലാഹിബ്നു സലാമിന് കിട്ടി. അദ്ദേഹം നബിയുടെ അടുത്തുവന്ന് പറഞ്ഞു: 'ഒരു പ്രവാചകന് മാത്രം അറിയാവുന്ന മൂന്ന് കാര്യങ്ങള്‍ ഞാന്‍ താങ്കളോട് ചോദിക്കുകയാണ്. അന്ത്യനാളിന്റെ പ്രഥമ ലക്ഷണമെന്താണ്? സ്വര്‍ഗവാസികളുടെ ആദ്യ ഭക്ഷണം ഏതാണ്? കുട്ടിക്ക് പിതാവിനോട് സാദൃശ്യം ലഭിക്കുന്നത് എന്തില്‍നിന്നാണ്? അവന് മാതുലന്മാരോട് സാദൃശ്യം ലഭിക്കുന്നത് എന്തില്‍നിന്നാണ്? നബി പറഞ്ഞു: 'ഈ കാര്യങ്ങള്‍ ഇപ്പോള്‍ ജിബ്രീല്‍ എനിക്ക് പറഞ്ഞുതന്നിരിക്കുന്നു'. അബ്ദുല്ല(റ) പറഞ്ഞതായി അനസ്(റ) ഉദ്ധരിക്കുകയാണ്: 'അദ്ദേഹം (ജിബ്രീല്‍) ജൂതന്മാര്‍ ശത്രുവായി കരുതുന്ന മലക്കാണ്.' നബി പറഞ്ഞു: 'ഉദയസ്ഥാനം മുതല്‍ അസ്തമയ സ്ഥാനം വരെയുള്ള ച്ചുവെന്നും റബ്ബിമാരോടൊപ്പം മക്കയിലെത്തി കഅ്ബാലയം സന്ദര്‍ശിക്കുകയും ഉംറ നിര്‍വഹിക്കുകയും ചെയ്തുവെന്നും അവരോടൊപ്പം യമനിലേക്ക് മടങ്ങി അവിടെ ജൂതമതം പ്രചരിപ്പിച്ചുവെന്നുമെല്ലാം ഇബ്നു ഇസ്ഹാഖ് പറഞ്ഞുപോകുന്നുണ്ട്.(36)
മുഹമ്മദ് നബി(സ്വ)യുടെ നിയോഗത്തെക്കുറിച്ച് മദീനയിലെ ജൂതന്‍മാര്‍ക്ക് കൃത്യമായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്ന നിരവധി സംഭവങ്ങളുജനങ്ങളെ ഒരുമിച്ച് കൂട്ടുന്ന ഒരൂ തീയാണ് അന്ത്യനാളിന്റെ പ്രഥമ ലക്ഷണം. സ്വര്‍ഗവാസികളുടെ ആദ്യ ഭക്ഷണമാകട്ടെ മത്സ്യത്തിന്റെ വിഭാജക ചര്‍മ'മാണ്. ഇനി കുട്ടിക്ക് സാദൃശ്യം ലഭിക്കുന്ന കാര്യം: പുരുഷന്‍ സ്ത്രീയുമായി വേഴ്ച നടത്തുന്ന വേളയില്‍ അവളുടെ ദ്രാവകത്തെ അവന്റെ ദ്രാവകം മറികടന്നാല്‍ കുട്ടിക്ക് സാദൃശ്യം അയാളോടായി. അവളുടെ ദ്രാവകമാണ് അവന്റെ ദ്രാവകത്തെ മറികടന്നതെങ്കില്‍ അവളോടും. അബ്ദുള്ള പറഞ്ഞു: 'താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്ന് ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.' തുടര്‍ന്ന് അദ്ദേഹം പറഞ്ഞു: 'തിരുദൂതരേ, തനി നുണയന്മാരായ ജനതയാണ് ജൂതര്‍. താങ്കള്‍ അവരോട് അന്വേഷിക്കുന്നതിന് മുമ്പ് ഞാന്‍ മുസ്ലിമായ വിവരം അവര്‍ അറിഞ്ഞാല്‍ എന്നെക്കുറിച്ച് താങ്കളുടെ മുമ്പില്‍ അവര്‍ കള്ളം ചുമത്തിപ്പറയും.' അങ്ങനെ ജൂതന്മാരെത്തി. അബ്ദുല്ല വീട്ടിനകത്ത് കടന്നു. അപ്പോള്‍ നബി അവരോട് ചോദിച്ചു: 'അബ്ദുല്ലയെക്കുറിച്ച് നിങ്ങളെന്ത് പറയുന്നു?' അവര്‍ പറഞ്ഞു: 'ഞങ്ങളുടെ കൂട്ടത്തില്‍ ഏറ്റവും ജ്ഞാനിയും ജ്ഞാനിയുടെ മകനുമാണ്. ഞങ്ങളില്‍ ഏറ്റവും ഉത്തമനും ഉത്തമന്റെ മകനുമാണ്.' നബി (സ്വ): 'അയാള്‍ ഇസ്ലാം സ്വീകരിച്ചുവെങ്കില്‍ നിങ്ങളുടെ അഭിപ്രായമെന്തായിരിക്കും? അവര്‍: 'അതില്‍നിന്ന് അല്ലാഹു അയാളെ രക്ഷിക്കട്ടെ' അപ്പോള്‍ അബ്ദുല്ല അവരുടെ അടുത്തുവന്നു പറഞ്ഞു: അല്ലാഹുവൊഴികെ ദൈവമില്ലെന്നും മുഹമ്മദ് അല്ലാഹുവിന്റെ ദൂതനാണെന്നും ഞാന്‍ സാക്ഷ്യം വഹിക്കുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: 'ഞങ്ങളില്‍ ഏറ്റവും ദുഷ്ടനും ദുഷ്ടന്റെ മകനുമാണിയാള്‍.' അങ്ങനെ അവരദ്ദേഹത്തെ അധിക്ഷേപിച്ചുകൊണ്ടിരുന്നു.(38)
പ്രവാചകന്റെ(സ്വ) ആഗമന സമയത്ത് മദീനയുണ്ടായിരുന്നത് ബനൂ ഖൈനുഖാഅ്, ബനൂ നദീര്‍, ബനൂ ഖുറൈദാ തുടങ്ങിയ ജൂത ഗോത്രങ്ങളും ബനൂ ഖസ്റജ്, ബനൂ ഔസ് എന്നീ അറബ് ഗോത്രങ്ങളുമായിരുന്നുവെന്ന് ചരിത്ര രേഖകള്‍ വ്യക്തമാക്കുന്നുണ്ട്.(39) ഔസുകാരും ഖസ്റജുകാരും മദീനയിലേക്ക് വരുന്നതിന് മുമ്പുതന്നെ അവിടെയെത്തുകയും അവിടുത്തെ മരുപ്പച്ചയെ കൃഷിഭൂമിയാക്കിത്തീര്‍ക്കുകയും ചെയ്തത് ജൂതന്മാരായിരുന്നുവെന്നും അതുകൊണ്ടുതന്നെ അവര്‍ക്ക് അവകാശപ്പെട്ടതായിരുന്നു യഥ്രിബ് പ്രദേശമെന്നും ജൂത വിജ്ഞാനകോശം അവകാശപ്പെടുന്നു.(40) അറബികളേക്കാള്‍ സാംസ്കാരികവും സാമ്പത്തികവുമായി പുരോഗതി പ്രാപിച്ചവരായിരുന്ന ജൂതന്‍മാരുടെ പക്കല്‍നിന്ന് യഥ്രിബ് രാജ്യത്തിന്റെ ആധിപത്യം പിടിച്ചെടുക്കുകയാണ് ഔസ്-ഖസ്റജ് ഗോത്രങ്ങള്‍ ചെയ്തതെന്നാണ് വിഖ്യാത ഓറിയന്റലിസ്റായ ബെര്‍ണാഡ് ലൂയിസിന്റെ വിലയിരുത്തല്‍.(41) അറബിവല്‍ക്കരിക്കപ്പെട്ട അരാമിക് പദമായ 'അല്‍ മദീന'യെന്ന് യഥ്രിബിനെ നാമകരണം ചെയ്തത് യഹൂദന്‍മാരായിരുന്നുവെന്നും നൂറ്റാണ്ടുകളോളമായി അവിടെ ജീവിച്ചുകൊണ്ടിരുന്ന ജൂതന്‍മാരുടെ സ്വാസ്ഥ്യം കെടുത്തുകയാണ് ദക്ഷിണ അറേബ്യയിലുണ്ടായ മഗാരിബ് അണക്കെട്ടിന്റെ തകര്‍ച്ചമൂലം അവിടേക്ക് കുടിയേറിയ പ്രാകൃത അറബി ഗോത്രക്കാരായ ഔസുകാരും ഖസ്റജുകാരും ചെയ്തതെന്നും ജൂത ചരിത്രകാരനായ നോര്‍മാന്‍ ആര്‍തര്‍ സ്റില്‍മാനും പറയുന്നുണ്ട്.(42) പ്രാകൃതരും മരുഭൂവാസികളുമായ അറബികള്‍ക്ക് കൃഷിയെയോ ജലസേചനത്തെയോ കുറിച്ച് അറിയാന്‍ യാതൊരുവിധ സാധ്യതകളുമില്ലെന്ന ധാരണയുടെ അടിത്തറയില്‍ കെട്ടിപ്പൊക്കിയ മണല്‍മാളികയായ, ജൂതന്‍മാരായിരുന്നു മദീനയിലെ ആദിമ നിവാസികളും അവിടെയുള്ള കാര്‍ഷികാഭിവൃദ്ധിയുടെ കാരണക്കാരുമെന്ന ജൂത-ഓറിയന്റലിസ്റ് സങ്കല്‍പത്തിന്റെ തറക്കല്ലുകള്‍ മുഴുവന്‍ ഇളക്കിക്കളയുന്ന നിരീക്ഷണങ്ങള്‍ ജൂത വിജ്ഞാനകോശത്തില്‍തന്നെയുണ്ട്. യമനില്‍നിന്നാണ് ഔസുകാരും ഖസ്റജുകാരുമടങ്ങുന്ന അറബികള്‍ യഥ്രിബിലേക്ക് കുടിയേറിയതെന്ന് ജൂത വിജ്ഞാന കോശം പറയുമ്പോള്‍(43) അവര്‍ നാഗരികത പഠിച്ചത് ജൂതന്മാരില്‍നിന്നാണെന്ന വാദം പൊളിയുകയാണ് ചെയ്യുന്നത്. ക്രിസ്തുവിന് മൂന്ന് സഹസ്രാബ്ദങ്ങള്‍ക്ക് മുമ്പെങ്കിലും ഖഹ്ത്താനികളുടെ ഭരണത്തിന് കീഴില്‍ നാഗരിക പുരോഗതി നേടിയിരുന്ന യമനാണ് പൌരസ്ത്യ ദേശത്തെ നാഗരിക കേന്ദ്രങ്ങളില്‍ പുരാതനമായതെന്ന് 'ദി മെട്രോപൊളിട്ടണ്‍ മ്യൂസിയം ഓഫ് ആര്‍ട്ടി' ലെ അറേബ്യന്‍ ഉപദ്വീപിനെക്കുറിച്ച ചരിത്രരേഖകള്‍ വ്യക്തമാക്കുന്നുണ്ട്.(44) 
യമനില്‍നിന്ന് വന്ന അറബികള്‍ക്ക് ഫലസ്തീനില്‍നിന്ന് കുടിയേറിയ ജൂതന്‍മാര്‍ നാഗരികത പഠിപ്പിക്കേണ്ടിവന്നുവെന്ന വാദം ചരിത്രപരമായി സ്ഥാപിക്കുവാന്‍ സാധ്യതയില്ലാത്ത വെറും അവകാശവാദം മാത്രമാണെങ്കിലും യഹൂദന്‍മാരുടെ വംശീയ അഹങ്കാരത്തെക്കുറിച്ച് വ്യക്തമാക്കുന്ന തെളിവുകളിലൊന്നായതിനാല്‍ സാംസ്കാരിക ചരിത്ര പഠിതാക്കള്‍ക്ക് ഏറെ സഹായകരമാകും. പതിനാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പത്തെ മദീനയെക്കുറിച്ച് അത് തങ്ങളുടേതായിരുന്നുവെന്ന് ഇന്നത്തെ യഹൂദന്മാര്‍ പോലും അവകാശവാദമുന്നയിക്കുകയും പ്രാകൃതരായ അറബികള്‍ക്ക് നാഗരികത പഠിപ്പിച്ചവരാണ് തങ്ങളുടെ മുന്‍ഗാമികളെന്ന് അഭിമാനിക്കുകയും ചെയ്യുന്നുവെങ്കില്‍ അന്ന് ജീവിച്ചിരുന്ന ജൂതന്‍മാര്‍ ഇക്കാര്യങ്ങളില്‍ എത്രത്തോളം അഹങ്കരിച്ചിരുന്നിരിക്കുമെന്ന് മനസ്സിലാക്കാനാകുന്ന ഒരു സൂചികയാണിത്. അറബികളെ കൊള്ളരുതാത്തവരും തങ്ങള്‍ക്ക് വഞ്ചിക്കുവാന്‍ അനുവാദമുള്ളവരുമായിരുന്നുവെന്ന് മദീനയിലെ ജൂതന്‍മാര്‍ കണ്ടിരുന്നതെന്ന ക്വുര്‍ആനിന്റെ സൂചനയെ ബലപ്പെടുത്തുന്നതാണ് മദീനയെക്കുറിച്ച ആധുനിക ജൂതന്‍മാരുടെ അവകാശവാദങ്ങള്‍. ക്വുര്‍ആന്‍ പറയുന്നത് കാണുക: "ഒരു സ്വര്‍ണക്കൂമ്പാരം തന്നെ വിശ്വസിച്ചേല്‍പിച്ചാലും അത് നിനക്ക് തിരിച്ചുനല്‍കുന്ന ചിലര്‍ വേദക്കാരിലുണ്ട്. അവരില്‍ തന്നെ മറ്റൊരു തരക്കാരുമുണ്ട്. അവരെ ഒരു ദീനാര്‍ നീ വിശ്വസിച്ചേല്‍പിച്ചാല്‍ പോലും നിരന്തരം (ചോദിച്ചു കൊണ്ട്) നിന്നെങ്കിലല്ലാതെ അവരത് നിനക്ക് തിരിച്ചുതരികയില്ല. അക്ഷരജ്ഞാനമില്ലാത്ത ആളുകളുടെ കാര്യത്തില്‍ (അവരെ വഞ്ചിക്കുന്നതില്‍) ഞങ്ങള്‍ക്ക് കുറ്റമുണ്ടാകാന്‍ വഴിയില്ലെന്ന് അവര്‍ പറഞ്ഞതിനാലത്രെ അത്. അവര്‍ അല്ലാഹുവിന്റെ പേരില്‍ അറിഞ്ഞ് കൊണ്ട് കള്ളം പറയുകയാകുന്നു.'' (3:75)
മുഹമ്മദ് നബി(സ്വ) മദീനയിലെത്തുമ്പോള്‍ അവിടുത്തെ ജനസംഖ്യയുടെ പകുതിയോളം ജൂതന്‍മാരായിരുന്നുവെന്ന ആല്‍ഫ്രഡ് ഗുല്യൂമിന്റെ നിരീക്ഷണവും(45) ചരിത്രപരമായി അടിത്തറയില്ലാത്തതാണ്. ജൂതന്‍മാര്‍ സസുഖം ജീവിച്ചിരുന്ന മദീനയിലേക്ക് നാലാം നൂറ്റാണ്ടില്‍ കുടിയേറുകയും പുറമെനിന്നുള്ളവരുടെ സഹായത്താല്‍ ജൂതന്‍മാരെ കൂട്ടക്കൊല നടത്തുകയും ചെയ്തുകൊണ്ടാണ് ഔസ്-ഖസ്റജ് ഗോത്രങ്ങള്‍ക്ക് മദീനയില്‍ ശക്തമായ വേരോട്ടമുണ്ടായത് എന്ന് പ്രസ്താവിക്കുന്ന ജൂത വിജ്ഞാനകോശം(46) ഗുല്യൂമിനെതിരെയുള്ള തെളിവുകളാണ് നല്‍കുന്നത്. ജനസംഖ്യയുടെ പകുതിയോളം ജൂതന്‍മാരായിരുന്നുവെങ്കില്‍ അവിടെ അറബികളുടെ അധീശത്വം അനുവദിക്കുവാന്‍ അവര്‍ സന്നദ്ധമാകുകയില്ലെന്നുറപ്പാണ്. ഔസ് ഗോത്രത്തിന്റെ പക്ഷത്ത് ചേര്‍ന്ന് ബനൂ നദീറുകാരും ബനൂ ഖുറൈദക്കാരും അവരുടെ സഖ്യകക്ഷികളായി നിലനില്‍ക്കുകയും ഖസ്റജ് ഗോത്രത്തിന്റെ സഖ്യകക്ഷിയായി നിന്ന് ബനൂ ഖൈനുഖാഉകാരും അറബികളെ തമ്മിലടിപ്പിക്കുകയായിരുന്നു നബി(സ്വ)യുടെ ആഗമനത്തിന് മുമ്പ് മദീനയില്‍ ചെയ്തിരുന്നതെന്ന് ജൂത വിജ്ഞാനകോശം സമ്മതിക്കുമ്പോള്‍ ഔസ്-ഖസ്റജുകാരുടെ ശക്തി ജൂതന്മാര്‍ക്ക് ഇല്ലായിരുന്നുവെന്ന് തന്നെയാണ് വ്യക്തമാകുന്നത്. ഹിജ്റക്ക് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ബുആഥ് യുദ്ധത്തിലും ജൂത ഗോത്രങ്ങള്‍ അവരുടെ സഖ്യകക്ഷികള്‍ക്കൊപ്പംനിന്ന് യുദ്ധത്തിന്റെ തീ ആളിക്കത്തിക്കുകയും അറബികളെ പോരടിപ്പിച്ച് തങ്ങളുടെ സ്വാര്‍ഥ താല്‍പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ ശ്രമിക്കുകയുമാണ് ചെയ്തതെന്ന് യുദ്ധത്തെക്കുറിച്ച യഹൂദ ഓറിയന്റലിസ്റ് അപഗ്രഥനങ്ങളുടെ വരികള്‍ക്കിടയിലൂടെ വായിച്ചാല്‍ വ്യക്തമാകും.(47) അറബി ഗോത്രങ്ങളെ തമ്മിലടിപ്പിച്ച് തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുകയും അവരെ ചൂഷണം ചെയ്തും വഞ്ചിച്ചും തങ്ങളുടെ അധീശത്വം സ്ഥാപിക്കുകയും ചെയ്യുകയെന്ന മദീനാ ജൂതന്‍മാരുടെ തന്ത്രങ്ങള്‍ക്ക് നടുവില്‍ ഒരിക്കലും യോജിക്കാനാവാത്തവിധം അകന്നുപോയിരുന്ന അറബ് ഗോത്രങ്ങളെ ഐക്യപ്പെടുത്തിക്കൊണ്ടാണ് മദീനയിലേക്കുള്ള പ്രവാചകന്റെ(സ്വ) നിയോഗമുണ്ടായതെന്ന വസ്തുത നടേ സൂചിപ്പിച്ച വസ്തുതകളെല്ലാം വ്യക്തമാക്കുന്നുണ്ട്.
മുഹമ്മദ് നബി(സ്വ)യുടെ ആഗമനത്തിന് മുമ്പുതന്നെ മദീനയിലെ ഔസ് ഖസ്റജ് ഗോത്രക്കാരില്‍ മിക്കവാറും പേര്‍ ഇസ്ലാം സ്വീകരിച്ചിരുന്നു. ഇസ്ലാം സ്വീകരിക്കാതെ മാറിനിന്ന അറബികള്‍ക്ക് സത്യമതത്തിന്റെ സന്ദേശമെത്തിക്കുകയും അവരെ സന്മാര്‍ഗത്തിലേക്ക് നയിക്കുകയും ചെയ്യാനാണ് പ്രവാചകന്‍(സ്വ) ആദ്യമായി പരിശ്രമിച്ചത്. പ്രസ്തുത പരിശ്രമം വഴി പലരും മുസ്ലിംകളായി. എല്ലാവരും മുസ്ലിംകളാകുന്നത് കണ്ടപ്പോള്‍ ഇസ്ലാം മനസ്സിലേക്ക് പ്രവേശിക്കാത്ത ചിലരും തങ്ങള്‍ മുസ്ലിംകളാണെന്ന് നടിക്കുകയും ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമാവുകയും ചെയ്തു. ഔസ്-ഖസ്റജ് ഗോത്രക്കാര്‍ ബുആഥ് യുദ്ധത്തിനുശേഷം തങ്ങളുടെ രാജാവായി വാഴിക്കുവാന്‍ തീരുമാനിച്ചിരുന്ന അബ്ദുല്ലാഹിബ്നു ഉബയ്യുബ്നു സുലൂല്‍ ഇത്തരത്തില്‍ മുസ്ലിമാണെന്ന് നടിച്ചിരുന്ന, കപട വിശ്വാസികളിലൊരാളായിരുന്നു. അദ്ദേഹത്തിന്റെ സമീപനത്തെക്കുറിച്ച് വ്യക്തമാക്കുന്ന ഒരു ഹദീഥ് കാണുക: "ഉസാമതുബ്നു സൈദി(റ) ല്‍നിന്ന്: നബി ഒരു നാള്‍ കഴുതപ്പുറത്ത് കയറി. ഫദകില്‍ നിര്‍മിച്ച ജീനിയിലാണ് അദ്ദേഹം ഇരുന്നത്. പിറകില്‍ ഉസാമതുബ്നു സൈദിനെയും ഇരുത്തി. ബനുല്‍ ഹാരിസില്‍ചെന്ന് സഅ്ദുബ്നു ഉബാദയെ സന്ദര്‍ശിക്കലായിരുന്നു ലക്ഷ്യം. ബദ്ര്‍ സംഭവത്തിന് മുമ്പായിരുന്നു ഇത്. അങ്ങനെ അവിടുന്ന് അബ്ദുല്ലാഹിബ്നു ഉബയ്യ് (ഇബ്നു സലൂലി)ന്റെ സദസ്സിന് സമീപത്തുകൂടി സഞ്ചരിച്ചു. അബ്ദുല്ലാഹിബ്നു ഉബയ്യ് ഇസ്ലാം സ്വീകരിക്കുന്നതിന് മുമ്പാണിത്. മുസ്ലിംകളും വിഗ്രഹപൂജകരായ മുശ്രിക്കുകളും യഹൂദികളും ചേര്‍ന്നതായിരുന്നു ആ സദസ്സ്. അബ്ദുല്ലാഹിബ്നു റഹാവ(റ) എന്ന സ്വഹാബിയും സദസ്സിലുണ്ടായിരുന്നു. നബിയുടെ യാത്രാ വാഹനം സദസ്സില്‍ പൊടിയുയര്‍ത്തിയപ്പോള്‍ അബ്ദുല്ലാഹിബ്നു ഉബയ്യ് തട്ടംകൊണ്ട് മൂക്കുപൊത്തുകയും 'ഞങ്ങളുടെമേല്‍ പൊടിപരത്തല്ലേ' എന്ന് വിളിച്ചുപറയുകയും ചെയ്തു. നബി അവരെ അഭിവാദ്യം ചെയ്തു. വാഹനം നിര്‍ത്തി അവിടെ ഇറങ്ങി. ക്വുര്‍ആന്‍ പാരായണം ചെയ്ത് കേള്‍പിക്കുകയും അവരെ ഇസ്ലാമിലേക്ക് ക്ഷണിക്കുകയും ചെയ്തു. അപ്പോള്‍ അബ്ദുല്ലാഹിബ്നു ഉബയ്യ് (ഇബ്നു സൂലൂല്‍) പറഞ്ഞു: 'ഹേ, മനുഷ്യാ, കാര്യം ശരിയാണെങ്കില്‍ താങ്കള്‍ പറഞ്ഞതിനേക്കാള്‍ ഉത്തമമായ മറ്റൊന്നില്ല. നീ ഞങ്ങളെ ഞങ്ങളുടെ സദസ്സുകളില്‍ കയറി ബുദ്ധിമുട്ടിക്കരുത്. നീ നിന്റെ വീട്ടിലേക്ക് തിരിച്ചുപോവുക; എന്നിട്ട് നിന്റെയടുക്കല്‍ ആരെങ്കിലും വരികയാണെങ്കില്‍ അവരോട് സംസാരിക്കുക'. അപ്പോള്‍ അബ്ദുല്ലാഹിബ്നു റവാഹ(റ) പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! താങ്കള്‍ ഞങ്ങളുടെ സദസ്സുകളിലേക്കുതന്നെ വന്നുകൊള്ളുക. ഞങ്ങള്‍ അത് ഇഷ്ടപ്പെടുന്നു.' തുടര്‍ന്ന് മുസ്ലിംകളും യഹൂദികളും മുശ്രിക്കുകളും പരസ്പരം ആക്ഷേപിക്കാന്‍ തുടങ്ങി; അവര്‍ പരസ്പരം പോരടിക്കാറായി. നബി(സ്വ) അവരെയെല്ലാവരെയും ശാന്തരാക്കാന്‍ ശ്രമിച്ചു. അവര്‍ ശാന്തരാവുകയും ചെയ്തു. നബി(സ്വ) യാത്ര തുടര്‍ന്ന് സഅ്ദുബ്നു ഉബാദയുടെ വീട്ടിലെത്തി. സഅ്ദിനോട് നബി പറഞ്ഞു: 'അബൂ ഹുബാബ് (അബ്ദുല്ലാഹിബ്നു ഉബയ്യ്) പറഞ്ഞത് നിങ്ങള്‍ കേട്ടുവോ? അദ്ദേഹം ഇന്നിന്നതെല്ലാം പറഞ്ഞു.' അപ്പോള്‍ സഅ്ദ് പറഞ്ഞു: 'അല്ലാഹുവിന്റെ ദൂതരേ! അയാള്‍ക്ക് മാപ്പുനല്‍കുകയും വിട്ടുവീഴ്ച കാണിക്കുകയും ചെയ്യുക. താങ്കള്‍ക്ക് വേദം ഇറക്കിത്തന്ന അല്ലാഹുതന്നെ സത്യം. അല്ലാഹു താങ്കളിലൂടെ ഈ സത്യം അവതരിപ്പിച്ചത്, ഈ പ്രദേശവാസികള്‍ അബ്ദുല്ലാഹിബ്നു ഉബയ്യി(ഇബ്നു സലൂല്‍) നെ രാജാവായി വാഴിക്കാന്‍ ധാരണയിലെത്തിയ സന്ദര്‍ഭത്തിലായിരുന്നു. താങ്കളെ സത്യവുമായി നിയോഗിക്കുക വഴി അല്ലാഹു ആ തീരുമാനം റദ്ദാക്കിയപ്പോള്‍ അദ്ദേഹം അപമാനിതനായി. അതാണ് ഇക്കണ്ടതൊക്കെ ചെയ്യാന്‍ കാരണം.' നബി അബ്ദുല്ലാഹിബ്നു ഉബയ്യിന്റെ കാര്യത്തില്‍ വിട്ടുവീഴ്ച പുലര്‍ത്തി. അല്ലാഹുവിന്റെ കല്‍പനപ്രകാരം യഹൂദികളുടെയും മുശ്രിക്കുകളുടെയും ഉപദ്രവങ്ങള്‍ നബിയും അനുചരന്മാരും ക്ഷമിക്കുകയും പൊറുക്കുകയും ചെയ്യുകയായിരുന്നു. അല്ലാഹു ഇപ്രകാരം പറഞ്ഞിരിക്കുന്നു: 'വേദക്കാരില്‍നിന്നും മുശ്രിക്കുകളില്‍നിന്നും ഉപദ്രവകരമായ ധാരാളം വര്‍ത്തമാനങ്ങള്‍ നിങ്ങള്‍ കേള്‍ക്കേണ്ടിവരും'. അല്ലാഹു ഇത്രയും കൂടി പറഞ്ഞിരിക്കുന്നു: 'അസൂയമൂലം വേദക്കാര്‍ കൊതിക്കുന്നു. നിങ്ങള്‍ വിശ്വാസം ഉപേക്ഷിച്ച് നിഷേധത്തിലേക്ക് മടങ്ങിയെങ്കിലെന്ന്' (അല്‍ബഖറ: 109)
യുദ്ധാനുമതി ലഭിക്കുന്നതുവരെ നബി സഹനത്തിന്റെ നിലപാട് തുടര്‍ന്നു. യുദ്ധാനുമതി ലഭിച്ചതില്‍പിന്നെ ബദ്റില്‍വെച്ച് സത്യനിഷേധത്തിന്റെ നായകന്മാരെ മുഹമ്മദ് നബിയിലൂടെ അല്ലാഹു വകവരുത്തി. ബദ്റിന് ശേഷം ഇബ്നു സലൂലും അനുയായികളായ ബഹുദൈവ വിശ്വാസികളും വിഗ്രഹ പൂജകരും പറഞ്ഞു: 'ഇത് സ്ഥിരപ്രതിഷ്ഠ നേടിയ കാര്യമാണല്ലോ.' അങ്ങനെയവര്‍ നബിയോട് അനുസരണ പ്രതിജ്ഞ ചെയ്യുകയും ഇസ്ലാം സ്വീകരിക്കുയും ചെയ്തു.(48)
മുസ്ലിംകളും മുശ്രിക്കുകളും ജൂതന്‍മാരുമടങ്ങുന്ന മദീനാ രാജ്യത്തേക്ക് പ്രവാചകന്‍(സ്വ) പലായനം ചെയ്തെത്തുമ്പോള്‍ അവിടെയുള്ള ഭൂരിപക്ഷം പേരും ഇസ്ലാം സ്വമേധയാ സ്വീകരിച്ചുകഴിഞ്ഞവരായിരുന്നുവെന്നാണ് ചരിത്രരേഖകളില്‍ നിന്ന് വ്യക്തമാകുന്നത്. അതുകൊണ്ടാണല്ലോ ഇസ്ലാം മനസ്സിലേക്ക് കടന്നിട്ടില്ലാത്തവര്‍പോലും മുസ്ലിംകളാണെന്ന് സ്വയം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് വരികയും ഇസ്ലാമിക സമൂഹത്തിന്റെ ഭാഗമാകുവാന്‍ തിടുക്കം കാണിക്കുകയും ചെയ്തത്. സ്വന്തമായി വേദഗ്രന്ഥവും രാഷ്ട്രമീമാംസാ നിയമങ്ങളുമെല്ലാം ഉള്ളവരായ ജൂതന്‍മാരും പ്രവാചകന്റെ(സ്വ) ഭൌതിക നേതൃത്വം അംഗീകരിക്കുകയും അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള രാഷ്ട്ര സംവിധാനത്തില്‍ അനുസരണയുള്ള പ്രജകളായി ജീവിക്കാമെന്ന് കരാര്‍ ചെയ്തതും അതുകൊണ്ടുതന്നെയായിരിക്കണം. മദീനാ രാഷ്ട്രത്തിലെ ഭൂരിപക്ഷത്തിന്റെ ഇച്ഛപ്രകാരം ന്യൂനപക്ഷങ്ങളുടെ സമ്മതത്തോടുകൂടി ഭരണരംഗത്തേക്ക് കടന്ന മുഹമ്മദ് നബി(സ്വ)യില്‍ അധീശത്വമാരോപിക്കുന്നത് ചരിത്രത്തോട് ചെയ്യുന്ന പാതകമാണ് എന്ന വസ്തുതയാണ് ഇതെല്ലാം വ്യക്തമാക്കുന്നത്.

കുറിപ്പുകള്‍:

1) "തല അല്‍ ബദറു അലൈനാ
മിന്‍ ഥനിയതില്‍ വദാ
വജബ ശ്ശുക്റു അലൈനാ
മാദആ ലില്ലാഹി ദആ’’
ഇമാം ബൈഹഖിയുടെ 'ദലാഇലി'ലും അബുല്‍ ഹസന്‍ അല്‍ ഖലാഈയുടെ 'അല്‍ ഹവാഇദി'ലും ഉദ്ധരിച്ചിരിക്കുന്ന ഈ കവിതയുള്‍ക്കൊള്ളുന്ന സംഭവവിവരണത്തിന്റെ നിവേദന ശൃംഖലയിലെ മൂന്ന് പേര്‍ അജ്ഞാതരാണെന്നതിനാല്‍ ഇത് ദഈഫാണെന്നാണ് ഇമാം അല്‍ബാനി അഭിപ്രായപ്പെട്ടിരിക്കുന്നത്. (സില്‍സിലത്തുല്‍ ആഹാദീഥു ദ്വഈഫ, ഹദീഥ്: 598)
(http://www.alalbany.net/books_-results.php?book=dhaif&search=%C7%E1%E6%CF%C7%DA)
മക്കയില്‍ നിന്ന് മദീനയിലേക്കുള്ള വഴിയിലല്ല വദാഅ് മലകളെന്നതിനാല്‍ ഈ കവിത ഹിജ്റയുടെ സന്ദര്‍ഭത്തിലുള്ളതാകാന്‍ വഴിയില്ലെന്ന് ഇമാം ഇബ്നുല്‍ ഖയ്യിം അഭിപ്രായപ്പെട്ടിട്ടുണ്ട്. (സാദുല്‍ മആദ് വാല്യം 3, പുറം 13)
2)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ അന്‍സ്വാര്‍
3)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ അന്‍സ്വാര്‍
4)സുനനു അബൂദാവൂദില്‍ കിതാബുല്‍ അദബിലും (ഹദീഥ് 4923) മുസ്നദ് അഹ്മദിലും(3/161) അനസ് ബ്നു മാലികില്‍ നിന്ന് നിവേദനം ചെയ്തിരിക്കുന്ന ഈ ഹദീഥിന്റെ പരമ്പര സ്വഹീഹാണ് (Nasirudheen Al Khattab: English Translation of Sunan Abu Dawud, Riyadh, 2008, Volume5, Page322)
5)Qazi Sulaiman Mansoorpuri: Mercy for Mankind (Rahmtul-lil-Alameen), New Delhi, 2005, Page 103 
6)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ അന്‍സ്വാര്‍
7)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ അന്‍സ്വാര്‍
8) Alphonse de Lamartine: History of Turkey, New York, 1855, Volume 1, Pages 153-154
9) Dr. Mahdi Rizqullah Ahmad: A Biography of the Prophet of Islam, Riyadh, 2005, Volume 1, Page371
10)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ മദീന; സ്വഹീഹു മുസ്ലിം, കിതാബുല്‍ ഹജ്ജ്
11)മുസ്നദ് അഹ്മദിലും (4/285) ഫത്ഹുല്‍ ബാരിയിലും (18/216) അദ്ദുര്‍റുല്‍ മന്‍ഥൂറിലും(5/188) ഉദ്ധരിക്കപ്പെട്ട, യഥ്രിബ് എന്ന് വിളിക്കാന്‍ പാടില്ലെന്ന നിരോധം നിവേദനം ചെയ്യപ്പെട്ട ഹദീഥുകളൊന്നും തന്നെ സ്വഹീഹായ പരമ്പരയോടു കൂടിയവയല്ല. Dr. Mahdi Rizqullah Ahmad: Opt. Cit Page 370
12)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാഇലില്‍ മദീന; സ്വഹീഹു മുസ്ലിം, കിതാബുല്‍ ഫദാഇല്‍
13)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാലില്‍ മദീന
14)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാലില്‍ മദീന; സ്വഹീഹു മുസ്ലിം, കിതാബുല്‍ ഹജ്ജ്
15)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാലില്‍ മദീന; സ്വഹീഹു മുസ്ലിം, കിതാബുല്‍ ഹജ്ജ്

16)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാലില്‍ മദീന

17)സ്വഹീഹുല്‍ ബുഖാരി, കിതാബു ഫദാലില്‍ മദീന

18) ഉല്‍പത്തി 49:10

19) യെശയ്യാ 42:1-12

20) യെശയ്യാ 60:1-8

21) യോഹന്നാന്‍ 16:7,8

22) ഉല്‍പത്തി 25:13
23)സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ മനാഖിബ്
24)സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ മനാഖിബ്
25)സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ ജിഹാദ്; സ്വഹീഹു മുസ്ലിം, കിതാബുല്‍ ഫിതന്‍ വ അശ്റാത്തു സ്സാഅ:
26)Werner Daum: Yemen: 3000 Years of Art and Civilisation in Arabia Felix, Amsterdam, 1988, Pages 53-54
27) D. S. Margoliouth: Mohammed and the rise of Islam, New York and London, 1905, page 207
28)Gustave Edmund Von Grunebaum: Classical Islam: a History, 600 A.D. to 1258 A.D, New Jercy, 2009, 4th Edition, Pages18
29) Maxime Rodinson: Muhammad: Prophet of Islam, London, 2002, Page 14
30)Herbert J. Muller: The Loom of History, Oxford, 1966, Page 316
31)Kuhrt, Amélie. “Babylonia from Cyrus to Xerxes, in The Cambridge Ancient History: Persia, Greece, and the Western C. 525 to 479 B.C. (http://histories.cambridge.org/extract?id=chol9780521228046_CHOL9780-521228046A004)
32)Cyrus takes Babylon: the Nabonidus chro-nicle (http://www.livius.org/ct-cz/cyrus_I/babylon02.-html#Chronicle%20of% 20Nabonidus)
33) Encyclopedia Americana, 1954 vol. 18, pp.587, 588
34) MEDINA”: 1906 Jewish Encyclopedia (http://www.jewishencyclopedia.com/articles/10545-medina) 
35) William Montgomery Watt: “Al-Medina.” Encyclopaedia of Islam, (http://www.brill.nl
36)A Guillaume: The Life of Muhammad: Translation of IbnIshaq’s SiratRasul Allah, Karachi, 2007, Page 7
37)A Guillaume: Ibid, Page 241-242
38)സ്വഹീഹുല്‍ ബുഖാരി, കിതാബുല്‍ അമ്പിയാഅ്
39) A Guillaume: Opt. Cit., Page 219-235







40) MEDINA: 1906 Jewish Encyclopedia Opt. Cit
41) Bernard Lewis: Arabs in History, London, 1964, p. 40
42)Norman A Stillman: The Jews of Arab Lands: A History and Source Book, The Jewish Publication Society of America, 1979, Page9
43) MEDINA: 1906 Jewish Encyclopedia Opt. Cit
44)Arabian Peninsula, 1000 B.C.–1 A.D, Time-line of Art History, The Metropolitan Muse-um of Art” (http://www.metmuseum.org/toah/ht/?period=04%5C®ion=wap)
45) Alfred Guillaume: Islam, Penguin Books, 1956, 11-12
46) MEDINA: 1906 Jewish Encyclopedia Opt. Cit
47)Bosworth, C.E.: “Bu'ath.. Encyclopaedia of Islam Online. Opt. Ci, MEDINA: 1906 Jewish Encyclopedia Opt. Cit
48)സ്വഹീഹുല്‍ ബുഖാരി, കിതാബുത്തഫ്സീര്‍
(തുടരും)

Tuesday, March 6, 2012

അക്ഷരലോകത്തെ യുക്തിവാദി ചേകനൂരി അവിഹിത ബാന്ധവം

കോഴിക്കോട് നാഷണല്‍ ബുക്സ് പ്രസിദ്ധീകരിച്ച ശ്രീമാന്‍ കെ.കെ, അബ്ദുല്‍ അലിയുടെ 'മുസ്ലിം പിന്‍തുടര്‍ച്ചാവകാശ നിയമം ഒരു സമഗ്ര പഠനം' എന്ന പുസ്തകം കാണാനിടയായി. 180 പേജുള്ള 120 .00 രൂപ വിലയുള്ള ഈ പുസ്തകം ഗ്രന്ഥകര്‍ത്താവ്‌ സമര്‍പിച്ചിട്ടുള്ളത് ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി സ്ഥാപകന്‍ ശ്രീമാന്‍ ചേകനൂര്‍ മൌലവിക്കാണ്. 

പുസ്തകം കയ്യില്‍ കിട്ടിയപ്പോള്‍ ആദ്യമായി നോക്കിയത് പുറംചട്ടയാണ്. അവിടെ ഗ്രന്ഥകര്‍ത്താവ് ശ്രീ അബ്ദുല്‍ അലിയുടെ ബഹുവര്‍ണ ചിത്രത്തോട് കൂടി പുസ്തകത്തെ സംക്ഷിപ്തമായി ഇങ്ങനെ പരിചയപ്പെടുത്തുന്നു. 

"മുമ്പേ മരിച്ച മക്കളുടെ.................................................തു
ടങ്ങിയ കാര്യങ്ങള്‍ ഖുര്‍ആനിന്റെയും പ്രാമാണിക ഗ്രന്ഥങ്ങളുടെയും വെളിച്ചത്തില്‍ വിശദമായി ചര്‍ച്ച ചെയ്യുന്ന ഈ പുസ്തകം മുസ്ലിം പിന്തുടര്‍ച്ചാ നിയമത്തെപറ്റി അറിയാന്‍ ആഗ്രഹിക്കുന്ന ഏവര്‍ക്കും പ്രയോജനകരമായിരിക്കും എന്ന കാര്യത്തില്‍ രണ്ടഭിപ്രായത്തിന്‌ വഴിയില്ല." പേജ് 180 (പുറംചട്ട) 

ഇസ്ലാമിക ദായക്രമം പഠിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തോടെയിറക്കിയ പുസ്തക രചയിതാവിന്റെ ഫോട്ടോ പണ്ടെന്നോ എവിടെയോ കണ്ടതാണെന്ന് മനസ്സിലായി. അത് കൊണ്ട് തന്നെ പുസ്തകത്തെ പഠിക്കാനും, പരിചയപ്പെടാനും താളുകളിലൂടെ പരതിനടന്നു. അഞ്ചാം പേജില്‍ പുസ്തകം ശ്രീ ചേകനൂരിനു സമര്‍പ്പിക്കുന്നുണ്ട്. അവിടെ ശ്രീ ചേകനൂരിന്റെ ഭംഗിയാര്‍ന്ന കാരികേച്ചറും ചേര്‍ത്തിട്ടുണ്ട്. 

പുറംചട്ടയും സമര്‍പ്പണവും കണ്ടപ്പോള്‍ ആകെ ആശയക്കുഴപ്പത്തിലായി. ആ ആശയകുഴപ്പം തീര്‍ക്കാന്‍ ഗ്രന്ഥകാരനെ കുറിച്ച് കൂടുതലെന്തെങ്കിലും എവിടെയെങ്കിലും പറയുന്നുണ്ടോ എന്ന് പരതി. പുസ്തകത്തിന്റെ 178 ആമത്തെ  പേജില്‍ ഗ്രന്ഥകര്‍ത്താവിനെ ഇങ്ങനെ പരിചയപ്പെടുത്തുന്നു.
"കെ. കെ. അബ്ദുല്‍ അലി മൌലവി
ഗ്രന്ഥകാരന്‍ കെ. കെ. അബ്ദുല്‍ അലി മൌലവി 1943 - ല്‍ കോഴിക്കോട് ജില്ലയിലെ കാപ്പാട്ട് ജനിച്ചു. മുസ്ലിം പള്ളിയിലെ ദറസില്‍ (മതപാഠശാല) 10 വര്‍ഷം മത പഠനം നടത്തി. മദ്റസയില്‍ അധ്യാപകനായി ജോലിചെയ്തുകൊണ്ടിരിക്കേ സര്‍ക്കാര്‍ നടത്തുന്ന അറബി അധ്യാപക പരീക്ഷകള്‍ പാസ്സായി. സര്‍ക്കാര്‍ സ്കൂളില്‍ അറബി അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. 30വര്‍ഷം ജോലി ചെയ്ത ശേഷം കോഴിക്കോട് നടക്കാവ് ഗവ: ഗേള്‍സ്‌ വൊക്കേഷണല്‍ ഹയര്‍ സെകണ്ടറി സ്കൂളില്‍ നിന്ന് 1998-ല്‍ റിട്ടയര്‍ ചെയ്തു. മത പന്ധിതനും ഏഴുത്തുകാരനും വാഗ്മിയുമാണിദ്ദേഹം...............''


ഈ പുസ്തകത്തിനു അവതാരിക (പേജ് 12 -13 ) എഴുതിയിരിക്കുന്നത് ഡോ; ജലീല്‍ പുറ്റെക്കാട്, സംസ്ഥാന വൈസ് പ്രസിഡന്റ് ഖുര്‍ആന്‍ സുന്നത് സൊസൈറ്റി ആണ്. അവതാരികയിലെ ആദ്യ ഖണ്ഡിക '' "മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം: ഒരു സമഗ്ര പഠനം" ഈ പുസ്തകത്തിനു അവതാരിക എഴുതിക്കൊടുക്കുവാന്‍ മാന്യ സുഹൃത്ത് കെ. കെ. അബ്ദുല്‍ അലി മൌലവി ആവശ്യപ്പെട്ടപ്പോള്‍ അത് ഞാന്‍ സന്തോഷ പൂര്‍വ്വം സ്വീകരിച്ചു. കാരണം ഖുര്‍ആന്‍ സുന്നത് സൊസൈറ്റിയുടെ സ്ഥാപക നേതാവ് വന്ദ്യനായ മൌലവി ചേകനൂര്‍ (1936-1993 )കേരള മുസ്ലിംകള്‍ക്കിടയില്‍ 1960 മുതല്‍ പ്രചാരണം നടത്തിവന്ന വിഷയമാണ് ഈ പുസ്തകത്തില്‍ പ്രതിപാദിചിട്ടുള്ളത് .'' പേജ് 12 

ഇത് കൂടി വായിച്ചതോടെ അന്ധാളിപ്പ് ചില സംശയങ്ങളായി രൂപാന്തരപ്പെട്ടു. സംശയ ദൂരീകരണത്തിനു പ്രസാധകര്‍ എന്ത് പറയുന്നു എന്നറിയാന്‍ പ്രസാധക കുറിപ്പ് കൂടി വായിച്ചു. പ്രസാധക കുറിപ്പില്‍ നിന്ന് "പുസ്തക വിതരണ രംഗത്ത് മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന നാഷണല്‍ ബുക്സിന്റെ പ്രഥമ പ്രസാധന സംരംഭമാണ് 'മുസ്ലിം പിന്തുടര്‍ച്ചാവകാശ നിയമം ഒരു സമഗ്ര പഠനം' എന്ന ഈ കൃതി. ഇതേ വിഷയത്തിലുള്ള മൌലവി ചേകനൂരിന്റെ 'ഖുര്‍ആനിലെ പിന്തുടര്‍ച്ചാ നിയമം'', മുസ്ലിം പിന്തുടര്‍ച്ചാ നിയമം: വിമര്‍ശകര്‍ക്ക് മറുപടി' എന്നീ ഗ്രന്ഥങ്ങളുടെ വിതരണം നിര്‍വഹിച്ചുവരുന്നത് നാഷണല്‍ ബുക്സാണ്.പ്രസ്തുത പുസ്തകങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകാര്യതയാണ് സ്വന്തമായി ഇത്തരമൊരു ഗ്രന്ഥം പ്രസിദ്ധീകരിക്കണമെന്ന ചിന്തയിലേക്ക് ഞങ്ങളെ നയിച്ചത്. ഈ വിഷയം ആഴത്തില്‍ പഠിച്ച, കെ. കെ. അബ്ദുല്‍ അലി മൌലവി ഇതിന്റെ രചന നിര്‍വ്വഹിക്കാന്‍ തയ്യാറായി എന്നത് ഞങ്ങളെ സംബന്ധിച്ച് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്.'' പേജ് 6

 പ്രസാധകക്കുറിപ്പില്‍ നിന്ന് പ്രസാധകര്‍ ഇത് വരെ ശ്രീ ചേകനൂരിന്റെ രണ്ടു പുസ്തകങ്ങള്‍ വിതരണം ചെയ്തുകൊണ്ടിരിക്കുകയായിരുന്നു എന്നും, ആദ്യമായി അവര്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ശ്രീ കെ. കെ. അബ്ദുല്‍ അലിയുടെ ഈ പുസ്തകമെന്നും, ചേകനൂരിയന്‍ ആശയങ്ങള്‍ തന്നെയാണ് ഈ പുസ്തകവും നല്‍കുന്നതെന്നും അത് കൊണ്ട് മാത്രമാണ് ഈ പുസ്തകം നാഷണല്‍ പ്രസിദ്ധീകരിക്കാന്‍ കാരണമെന്നും വ്യക്തമാവുന്നു. 

ഈ പുസ്തക രചനക്ക് സഹായിച്ചത് ചേകനൂരിയന്‍ നേതാവാണെന്ന് ശ്രീ അബ്ദുല്‍ അലിയും വ്യക്തമാക്കുന്നു. ശ്രീ അബ്ദുല്‍ അലിയുടെ മുഖവുരയില്‍ നിന്ന്. "പല സുഹൃത്തുക്കളും ഇത് സംബന്ധിച്ചു ഒരു ഗ്രന്ഥം രചിക്കാന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ്‌ ഞാന്‍ ഈ സംരംഭത്തിനു മുതിര്‍ന്നത്. അവരുടെയെല്ലാം പല തരത്തിലുള്ള സഹകരണങ്ങള്‍ ഈ കാര്യത്തില്‍ ഉണ്ടായിട്ടുണ്ട്. ഗ്രന്ഥങ്ങള്‍ നല്‍കി സഹായിച്ചവരില്‍ പ്രധാനപ്പെട്ട ആള്‍ ഇതിനു അവതാരിക എഴുതിത്തന്ന ഡോ. അബ്ദുല്‍ ജലീല്‍ പുറ്റെക്കാട് (ഫറോക്ക്) തന്നെയാണ്. ഖുര്‍ആന്‍ സുന്നത് സൊസൈറ്റിയുടെ കേന്ദ്ര നിര്‍വ്വാഹക സമിതി അംഗവും സംസ്ഥാന വൈസ് പ്രസിഡന്റുമായ അദ്ദേഹം മുസ്ലിം പിന്തുടര്‍ച്ചാ നിയമങ്ങള്‍ വിവരിക്കുന്ന ശിയാക്കളുടെ ചില അറബി ഗ്രന്ഥങ്ങള്‍ ബഹ്റനില്‍ നിന്ന് എത്തിച്ചു തന്നു. സുന്നി നിയമങ്ങളെക്കാള്‍ ഷിയാ നിയമം താരതമ്യേന നല്ലതെന്നു മൌലവി ചേകനൂരിന്റെ പുസ്തകങ്ങളിലൂടെ ഞാന്‍ മനസ്സിലാക്കിയിരുന്നു. ഡോ. അബ്ദുല്‍ ജലീല്‍ എത്തിച്ചുതന്ന പുസ്തകങ്ങള്‍ വായിച്ചപ്പോള്‍ അത് കൂടുതല്‍ പ്രബലമായി........ഡോക്ടറോടുള്ള നന്ദി ഇവിടെ പ്രകാശിപ്പിക്കട്ടെ.'' പേജ് 10 ,11 

ഇതില്‍ നിന്നെല്ലാം ചില നിഗൂഡതകള്‍  ഉരുത്തിരിഞ്ഞു വരുന്നു. ഈ പുസ്തകം., അതിന്റെ മുഖവുര, പുറംചട്ട, സമര്‍പ്പണം, അവതാരിക, പ്രസാധകക്കുറിപ്പ്‌, ഗ്രന്ഥകര്‍ത്താവിനെ കുറിച്ച വിവരണം തുടങ്ങിയവയിലൂടെ പുസ്തകത്തെ വിലയിരുത്തിയാല്‍, പ്രസാധക കുറിപ്പിലും മുഖവുരയിലും പറഞ്ഞ പോലെ ചെകനൂരിയന്‍ ആശയ പ്രചാരണത്തിനുള്ള സംവിധാനവും നെറ്റ്-വര്‍ക്കും ഉപയോഗിച്ച് അവര്‍ പ്രസിദ്ധീകരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത പുസ്തകമായെ മനസ്സിലാക്കാന്‍ പറ്റു. 

ചേകനൂരിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാന്‍ അവര്‍ക്കുള്ള അവകാശവും സ്വാതന്ത്ര്യവും അംഗീകരിക്കുന്നു. ഏതൊരാശയവും അംഗീകരിക്കുവാനും പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം നമ്മുടെ മൌലികാവകാശമാണെന്നതില്‍ നമുക്ക് ഭാരതീയര്‍ക്കു അഭിമാനിക്കാം.

എന്നാല്‍ ഇവിടെ ചിന്തനീയമായ വിഷയം അതല്ല. ഇവര്‍ മതപന്ധിതന്‍ എന്ന് പരിചയപ്പെടുത്തിയ ശ്രീ കെ. കെ. അബ്ദുല്‍ അലി ഒരു പക്ഷെ ഒരു മത പണ്ഡിതന്‍ തന്നെ ആയിരിക്കും. അദ്ദേഹത്തിന്റെ പേരിന്റെ കൂടെ മൌലവി എന്ന വാല്‍ അതിന്റെ ഭാഗമായിരിക്കാം. എന്നാല്‍ അദ്ദേഹം അതിലുപരി കേരളത്തിലും ഭാരതത്തിലും വേറെ ഒരാശയത്തിന്റെ   വക്താവും, പ്രചാരകനും നേതാവുമാണ്. ഗ്രന്ഥകര്‍ത്താവ്‌ മുഖവുരയില്‍ ശ്രീ ചേകനൂരിനെയും, അദ്ദേഹത്തിന്റെ ആശയങ്ങളെയും ആവശ്യത്തിലേറെ പുകഴ്ത്തുന്നുണ്ട്. ആ പുകഴ്ത്തലുകള്‍ വരികള്‍ക്കിടയില്‍ വായിച്ചാല്‍ അദ്ദേഹം ചേകനൂരിയന്‍ പന്ധിതനാണെന്ന് തോന്നിപ്പോകും.പക്ഷെ അത് വായനക്കാരെ തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂര്‍വ ശ്രമം തന്നെയാണ്.

വസ്തുത എന്താണ്?. സ്വന്തം ആദര്‍ശവും ആശയങ്ങളും എഴുതാനും പറയാനും ബുദ്ധി വൈഭവമുള്ള ആളുകള്‍ തങ്ങളുടെ ആള്‍കൂട്ടതിലില്ലാത്തത് കൊണ്ട്, പണം കൊടുത്ത് ഏത് പിശാചിനെയും കൂട്ട് പിടിച്ചും തങ്ങളുടെ വികലാശയം പറയിപ്പിക്കുക എന്ന തലത്തിലേക്ക് വിചാര, ബുദ്ധി ദാരിദ്ര്യം അനുഭവിക്കുന്ന അവസ്ഥയിലേക്ക് അധപതിചിരിക്കുന്നു ചേകനൂരിയന്‍ പ്രത്യയ ശാസ്ത്രം!. 

1970 -80 കാലഘട്ടത്തിലെ പ്രത്യേക സാഹചര്യസൃഷ്ടിയാണ് ശ്രീ ചേകനൂര്‍, ശ്രീ സി. എന്‍. അഹ്മദ് മൌലവി എന്നിവരുടെ ചിന്തകള്‍. ആ കാലഘട്ടം ആത്മീയ ദാരിദ്ര്യത്തിന്റെയും ഭൌതിക ധാരാളിതത്തിന്റെയും കാലമായിരുന്നു. അന്നത്തെ ശാസ്ത്ര ചിന്തകളും ഭൌതിക സാഹചര്യവും ഭൌതികവാദ പ്രചാരണത്തിന് ധാരാളം റഷ്യന്‍ ഫണ്ടും ഉണ്ടായിരുന്ന കാലത്ത് (ഇന്ത്യന്‍ അച്ചടി മാധ്യമങ്ങള്‍ മഞ്ഞത്തുകൂടെ പിടിച്ചു നടന്നാല്‍ പിഞ്ഞിപ്പോയിരുന്ന കാലഘട്ടത്തില്‍ മദ്രാസില്‍ നിന്ന് പ്രസിദ്ധീകരിച്ചിരുന്ന 'സോവിയറ്റ്നാട്' മാസിക വേറിട്ട കാഴ്ച തന്നെയായിരുന്നു. സ്കൂള്‍ പുസ്തകം പൊതിയാന്‍ കുട്ടികള്‍ സോവിയറ്റ്നാടും സോവിയറ്റ് യുണിയനും തിരഞ്ഞു നടക്കുക പതിവായിരുന്നു. മാത്രമല്ല കേരളത്തിലെ ഒട്ടു മിക്ക പട്ടണങ്ങളിലും പ്രഭാത്‌ ബുക്ക്‌ ഹൌസിന്റെ കൌണ്ടറുകളും മറക്കാവതല്ല) ഭൌതികവാദികളുടെ മുന്നില്‍ അന്ധാളിച്ചു നിന്ന ശ്രീ ചേകനൂരും, ശ്രീ സി എനും ചെരുപ്പിനൊപ്പിച്ചു   കാലുമുറിച്ചു പാകമാക്കുന്ന സുത്രവാക്യം സ്വീകരിച്ചു ഇസ്ലാമിലെ പ്രബലഹദീസുകളെയും, ഖുര്‍ആന്‍ വിശദീകരിച്ച മുഅജിസതുകളേയും ഭൌതികവാദമൂശയിലിട്ടു വാര്‍ക്കാനുള്ള കഠിന ശ്രമത്തിന്റെ ബാക്കി പത്രം മാത്രമാണ് ഇന്നത്തെ ചേകനൂരികള്‍.

സി എനിന്റെ ആശയങ്ങള്‍ ചില പുസ്തകങ്ങളിലൊതുങ്ങി, എന്നാല്‍ ശ്രീ ചേകനൂര്‍ നല്ലൊരു പ്രഭാഷകനായിരുന്നത് കൊണ്ട് അദ്ദേഹത്തിനു ഒരു ആള്‍ കൂട്ടത്തെ ലഭിച്ചു. ആ സാഹചര്യത്തില്‍ അദ്ദേഹത്തെ ആശയപരമായി നേരിടാന്‍ ആശയവും തന്റേടവും ത്രാണിയും ഇല്ലാതിരുന്ന ഒരു കൂട്ടര്‍ അദ്ദേഹത്തെ വകവരുത്തി. വിചാരംവികാരത്തിനും ആശയം ആയുധത്തിനും ബുദ്ധി പേശീബലത്തിനും വഴിമാറി കൊടുത്തു. ആ കൊലയാളികളെ സംരക്ഷിക്കാന്‍ ഇടതു വലതു ഫാസിസ്റ്റു രാഷ്ട്രീയക്കാരുടെ വഴിവിട്ട നെറികെട്ട കളികള്‍ നാം കണ്ട വൃത്തികെട്ട കാഴ്ചകളാണല്ലോ?. ആ  സഹതാപ തരംഗതിലൂടെയും കുറച്ചണികളെ കൂടി അവര്‍ക്ക് ലഭിച്ചു എന്ന് മാത്രം. 

ചേകനൂരിനു ശേഷം ആ ആള്‍കൂട്ടത്തിനു സ്വന്തം ആദര്‍ശവും, ആശയവും വ്യക്തമാക്കുന്ന ചെറിയ ഒരു ലഘുലേഖ തയാറാക്കാന്‍ പോലും ബുദ്ധിയുള്ളവരില്ലാത്ത അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കപ്പെട്ടു എന്നത് എത്ര ദയനീയമല്ല !  ആ പ്രതിസന്ധിക്കുള്ള പോംവഴി കണ്ടെത്തി എന്നതിനുള്ള ഉദാഹരണമാണ് ഈ പുസ്തകം.

ഈ പുസ്തകരചന നടത്താന്‍ ശ്രീ അബ്ദുല്‍ അലിക്ക് ഭാരതത്തില്‍ ലഭ്യമല്ലാത്ത ഷിയാ സാഹിത്യങ്ങള്‍ വിദേശത്ത് നിന്ന് എത്തിച്ചു കൊടുത്തതും ഇതിന്റെ അവതാരിക എഴുതിയതും ശ്രീ ചേകനൂര്‍ തുടങ്ങിവച്ച ഖുര്‍ആന്‍ സുന്നത്ത് സൊസൈറ്റി വൈസ് പ്രസിഡനറും കേന്ദ്ര നിര്‍വാഹക സമിതി അംഗവുമായ ഡോ: ജലീല്‍ പുറ്റെക്കാടാണെന്നത് പ്രത്യേകം പരിഗണനീയമാണ്. ഇത്രയും പരത്തിപ്പറഞ്ഞത് ഗ്രന്ഥകര്‍ത്താവ് ഏറെ പരിഗണനീയനായത് കൊണ്ടാണ്.

ശ്രീ അബ്ദുല്‍ അലി ഒരു ഭാരതീയ സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റാണ്. പക്ഷെ അത് ചേകനൂരിയന്‍ ആശയപ്രചരണം നടത്തുന്ന ആള്‍കൂട്ടമോ, അതല്ലെങ്കില്‍ ഏതെങ്കിലും മതസംഘടയോ, സാമൂഹ്യക്ഷേമ, മനുഷ്യാവകാശ, കലാസാംസ്കാരിക സംഘടനയോ അല്ല. മറിച്ചു ദൈവമില്ല, അതിനാല്‍ വേവലാതികളേതുമില്ലാതെ ജീവിതം പരമാവധി ആസ്വദിക്കുക എന്ന ലക്ഷ്യവുമായി പ്രവര്‍ത്തിക്കുന്ന ഭൌതികവാദികളിലെ ഒരുകൂട്ടമായ ഭാരതീയ യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റാണ് ശ്രീ കെ. കെ. അബ്ദുല്‍ അലി കാപ്പാട്. (യുക്തിവാദികള്‍ക്കിടയിലെ അബ്ദുല്‍ അലി മാഷ്‌) ഈ കാര്യം പുസ്തകത്തിലെവിടെയും സൂചിപ്പിക്കുക പോലും ചെയ്യാതെ അദ്ദേഹത്തെ മത പന്ധിതനും എഴുത്ത്കാരനും വാഗ്മിയും മറ്റും മറ്റുമായി പുസ്തകം പരിചയപ്പെടുത്തുന്നു. എന്ത് കൊണ്ട് ശ്രീ അബ്ദുല്‍ അലി യുക്തിവാദിയാണെന്ന് പറയാതെ മതപന്ധിതനാണെന്ന് തെറ്റിദ്ദരിപ്പിച്ചു?, എന്ത്കൊണ്ട് ഈ അവിശുദ്ധ കൂട്ട് കെട്ട്?....

 ശ്രീ അബ്ദുല്‍ അലിക്ക് ദീപസ്തംഭം മഹാശ്ചര്യം തനിക്കും കിട്ടണം പണവും പ്രശസ്തിയും. അതിലപ്പുറമെന്തെങ്കിലും ലക്ഷ്യമുണ്ടാകാന്‍ സാധ്യതയില്ല. അദ്ദേഹം കേവലം പണത്തിനു വേണ്ടി പേനയുന്തുന്ന കൂലിയെഴുത്തുകാരന്‍!!..... കൂലിയെഴുത്തിനു പണം കിട്ടും. എന്നാല്‍ എഴുത്ത് തന്റെ വിചാരവും ആശയവും ആദര്‍ശവും വായനക്കാരനിലെത്തിക്കാനുള്ള ആത്മാവിഷ്കാരത്തിന്റെ പ്രതിഫലനം ആണ്. എന്നാല്‍ താന്‍ നിരാകരിക്കുന്ന ആശയം അംഗീകരിക്കുന്നു എന്നനിലയില്‍ പേനയുന്തുന്നവന്റെ ആത്മ സംഘര്‍ഷം എത്ര കഠിനമായിരിക്കും. എങ്കിലും തന്റെ മുന്നിലുള്ള ഭീമമായ പ്രതിഫലം ഓര്‍ക്കുമ്പോള്‍ ആ ആത്മസംഘര്‍ഷം അനുഭവിക്കുന്നതിനുള്ള ശേഷി നല്‍കുന്നു. അതല്ലങ്കില്‍ മറ്റെന്തെങ്കിലും നിക്ഷിപ്ത താല്പര്യം അവരെ നയിക്കുന്നു.

ഇവിടെ ചേകനൂരികളുടെ കാര്യം ഏറെ പരിതാപകരവും സഹാതാപമര്‍ഹിക്കുന്നതുമാണ്. സ്വന്തം ആശയം പറയാനും പഠിപ്പിക്കാനും ബുദ്ധിയും ശേഷിയുമുള്ളവര്‍ തങ്ങളിലില്ലാത്തത് കൊണ്ട് തങ്ങള്‍ വിശ്വസിക്കുന്നു എന്ന് പറയുന്ന അല്ലാഹുവിന്റെ അസ്ഥിത്വം വരെ നിഷേധിക്കുന്ന ഒരു നിഷേധിയെ കൂലിക്കെടുത്തു അയാള്‍ക്കാവശ്യമായ എല്ലാ സൌകര്യങ്ങളും ചെയ്തു കൊടുത്തു അയാളെഴുതിയ സകല ചവറും വൃത്തികേടുകളും മുഴുവന്‍ പ്രസിദ്ധീകരിച്ചു (അയാളെഴുതിയതെന്തെന്നു മനസ്സിലാക്കാനുള്ള വിവരം ചേകനൂരികള്‍ക്കില്ലല്ലോ!?) സ്വന്തം അണികളെ കൊണ്ട് വായിപ്പിക്കുന്ന ഗതികേട്!!!!!!.............

 സ്വന്തം ആശയങ്ങളെഴുതാനും പ്രസംഗിക്കുവാനും സ്വയം സാധ്യമല്ല എങ്കില്‍ അതിനു കഴിവുള്ള പ്രൊഫഷണലുകളെ ഏല്‍പിക്കുകയാണ് ഭംഗി. അല്ലാതെ മറ്റേതെങ്കിലും ആശയത്തിന്റെ വക്താക്കളെ സ്വന്തം ആദര്‍ശം എഴുതാനും പറയാനുമേല്‍പിക്കുന്നത് ആത്മഹത്യപരമല്ലേ. ഇന്ന് പത്ര മാധ്യമങ്ങള്‍ നിലനിര്‍ത്തി കൊണ്ട് പോകുന്നത്  ഓരോ  മേഖലയിലും കഴിവ് തെളിയിച്ച പ്രൊഫഷണലുകളുടെ സഹായത്തോടെയാണ്. പ്രൊഫഷണലുകളാണെങ്കില്‍ അവരെ ഏല്‍പിച്ച ജോലിയില്‍ ആത്മാര്‍തതയുണ്ടാകും. അല്ലാതെ മറ്റേതെങ്കിലും ആദര്‍ശവക്താക്കളെ സ്വന്തം ആദര്‍ശം പറയാന്‍ ഏല്‍പിച്ചാല്‍ അവരുടെ ആദര്‍ശവും കൂടി കൂട്ടിക്കുഴച്ചേ എല്‍പിച്ചവരുടെ ആദര്‍ശം പറയൂ. അത് കേള്‍ക്കുന്നവനു വികലവിചാരമേ നല്‍കൂ . പ്രത്യേകിച്ച് ചേകനൂരികളെ പോലെ കതിരും പതിരും തിരിച്ചറിയാനുള്ള ശേഷിയില്ലാതെ ബൌദ്ധിക ദാരിദ്ര്യം അനുഭവിക്കുന്ന ഒരു സമൂഹത്തില്‍.

ഈ പുസ്തകം കണ്ടപ്പോഴുണ്ടായ മറ്റൊരു സംശയം.നാസ്തിക ഭൌതിക യുക്തിവാദികളുടെയും ചേകനൂരികളുടെയും ആദര്‍ശം ഒന്നാണോ എന്നതാണ്.?!!! 
ഇങ്ങനെ സ്വന്തം ആദര്‍ശവും അസ്തിത്വവും മറച്ചുവച്ച് മറ്റൊരു ആദര്‍ശത്തിന്റെ വക്താവായി ചമഞ്ഞു അവര്‍ക്ക് വേണ്ടി കൂലിക്ക് പേനയുന്തുന്നവരുടെ അവസ്ഥ അതിദയനീയം തന്നെ. ശ്രീമാന്‍ കെ. കെ. അബ്ദുല്‍ അലി മൌലവി കേരളത്തിലെ പ്രഥമ യുക്തിവാദി ആണെന്ന കാര്യം അറിയുമ്പോള്‍ ആ ആദര്‍ശവും പ്രസ്ഥാനവും ആപതിച്ച ഗതികേട്!............................