അസ്ഥി രൂപീകരണം ഇസ്‌ലാം പറഞ്ഞതും ശാസ്ത്രം പറയുന്നതും
മനുഷ്യശരീരത്തിന്റെ താങ്ങാണ് അസ്ഥിവ്യവസ്ഥ. ശരീരത്തിന് ആകൃതി നല്‍കുകയും അവയവങ്ങളെ ചലിപ്പിക്കുകയും ആന്തരികാവയവങ്ങളെ ബാഹ്യക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അതിനെ മൊത്തത്തില്‍ താങ്ങി നിര്‍ത്തുകയും ചെയ്യുന്ന വ്യവസ്ഥ. ജനനസമയത്ത് കുഞ്ഞിന്റെ ശരീരത്തിലുള്ള മുന്നൂറോളം എല്ലുകള്‍ ഘട്ടംഘട്ടമായി രൂപപ്പെടുകയും മെല്ലെ കൂടിച്ചേര്‍ന്ന് അസ്ഥികൂടമായിത്തീരുകയും ചെയ്യുകയാണ്. ജനനത്തിന് മുമ്പ് പൂര്‍ണമായ വളര്‍ച്ച നേടിയതല്ല അസ്ഥിവ്യവസ്ഥ. മുന്നൂറോളം അസ്ഥികളുമായി ജനിക്കുന്നവരുടെ ശരീരത്തില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ 206 അസ്ഥികളേ കാണൂ. പ്രസവാനന്തരവും അസ്ഥികൂടത്തിന്റെ പരിണാമം നടക്കുന്നതുകൊണ്ടാണിത്. ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ രണ്ടും മൂന്നും അസ്ഥികളായി നിലനിന്നിരുന്ന പല അവയവങ്ങളിലെയും അസ്ഥികള്‍ അതിന്റെ വളര്‍ച്ചക്കനുസരിച്ച് ഒന്നായിത്തീരുന്നു. ഗര്‍ഭസ്ഥശിശുവിന് രണ്ടുമാസം പ്രായമുള്ളപ്പോള്‍ ആരംഭിക്കുന്ന അസ്ഥിവ്യൂഹത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്നത് ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ്. മാറെല്ലുകളും (sternaum), കണ്‍ഠാസ്ഥികളും (clavi-cles), നട്ടെല്‍ഖണ്ഡങ്ങളും (vertebree) പൂര്‍ണ വളര്‍ച്ചയെത്തുന്നത് ജനിച്ച് കാല്‍നൂറ്റാണ്ടു കഴിയുമ്പോഴാണ്. ഗര്‍ഭസ്ഥ ശിശുവിന് ഏഴ് ആഴ്ച പ്രായമുള്ളപ്പോള്‍ തുടങ്ങി ഇരുപത്തിയഞ്ചാം വയസ്സിന്റെ സമ്പൂര്‍ണയുവത്വം വരെ നീളുന്ന ദീര്‍ഘമായ പ്രക്രിയയെയാണ് അസ്ഥിരൂപീകരണം അഥവാ ഓസിഫിക്കേഷന്‍ (Ossification) എന്നു വിളിക്കുന്നത്.
നാലുതരം അസ്ഥികളാണ് പ്രധാനമായുള്ളത്. കൈകാലുകളുടേത് പോലെയുള്ള നീണ്ട എല്ലുകള്‍ (long bones), കണങ്കയ്യിലും കണങ്കാലിലുമുള്ളതുപോലെയുള്ള കുറിയ എല്ലുകള്‍ (short bones), തലയോട്ടിയിലും വാരിയെല്ലുകളിലുമുള്ള പരന്ന എല്ലുകള്‍ (flat bones), നട്ടെല്ലിലേതു പോലെയുള്ള നിയതമല്ലാത്ത എല്ലുകള്‍ (irregular bones) എന്നിവയാണവ. നീണ്ടതും കുറിയതും നിയതമല്ലാത്തതുമായ എല്ലുകളുണ്ടാകുന്നത് ഏകദേശം ഒരേരൂപത്തിലാണ്. ആദ്യം തരുണാസ്ഥിയുണ്ടാവുകയും (cartilage) അത് എല്ലുകളായിത്തീരുകയും ചെയ്യുന്ന ഇവയുണ്ടാകുന്ന പ്രക്രിയയെയാണ് എന്‍ഡോ കോണ്‍ട്രല്‍ ഓസിഫിക്കേഷന്‍ (endochondral ossification) എന്നുവിളിക്കുന്നത്. തലയോട്ടിയിലെ പരന്ന എല്ലുകളും താടിയെല്ലുകളും കണ്ഠാസ്ഥിയുമുണ്ടാകുന്ന രണ്ടാമത്ത അസ്ഥിരൂപീകരണ രീതിയാണ് ഇന്‍ട്രാമെമ്പ്രെസ് ഓസിഫിക്കേഷന്‍ (intramembradous ossification). കോശകലങ്ങളില്‍ നിന്ന് നേര്‍ക്കുനേരെ എല്ലുകളുണ്ടാകുന്ന രീതിയാണിത്(1).
സിക്താണ്ഡം വിഭജിച്ച് വ്യത്യസ്ത ധര്‍മങ്ങളുള്ള കലകളുണ്ടാവുന്നതിന്റെ മുന്നോടിയായി എക്‌റ്റൊഡേം (Ecdoderm), എന്‍ഡോടേണ്‍ (entoderm), മെസോഡേം (mesoderm) എന്നീ പാളികളുണ്ടായിത്തീരുന്നു. മെസോഡേമില്‍ നിന്നാണ് കണക്ടീവ് കല(Connective tissue) ഉണ്ടാകുന്നത്. കണക്ടീവ് കലയായ മെസന്‍കൈമല്‍ സ്റ്റെം കോശങ്ങളില്‍ (Mesenchymal stem cells-MSC) നിന്ന് അസ്ഥികോശങ്ങളായ ഓസ്റ്റിയോബ്ലാസ്റ്റുകളും (osteoblasts) തരുണാസ്ഥി കോശങ്ങളായ കോണ്‍ഡ്രോസൈറ്റുകളും (Chondrocytes) പേശീകോശങ്ങളായ മയോസൈറ്റുകളും (myocytes) കൊഴുപ്പ് കോശങ്ങളായ അഡിപോസൈറ്റുകളും (adipocytes) ഉണ്ടാകുന്നു. ഗര്‍ഭധാരണത്തിന്റെ മൂന്നാമത്തെ ആഴ്ച മുതല്‍ തന്നെ തരുണാസ്ഥി (Cartilage) രൂപീകരണത്തിന് തുടക്കം കുറിപ്പെടുന്നത് കോണ്‍ഡ്രോസൈറ്റുകളില്‍ നിന്നാണ്. നാഡീഫലകത്തിന് (neural plate) കീഴില്‍ മെസന്‍ കൈമല്‍ കോശങ്ങള്‍ നിരക്കുന്നതോടുകൂടി ആരംഭിക്കുന്ന തരുണാസ്ഥി നിര്‍മാണ പ്രക്രിയയെ കോണ്‍ഡ്രിഫിക്കേഷന്‍ (chondrification) അഥവാ കോണ്‍ഡ്രോജെനസിസ് (chondrogenesis) എന്നാണ് വിളിക്കുന്നത്. മെസന്‍ കൈമല്‍ കലകളില്‍നിന്ന്, അവ കൂടിച്ചേര്‍ന്ന് കോണ്‍ഡ്രോബ്ലാസ്റ്റുകള്‍ (Chondroblasts) ഉണ്ടാകുന്നതോടുകൂടി തുടങ്ങി നിരവധി സങ്കീര്‍ണമായ പ്രക്രീയകളിലൂടെ കടന്നാണ് തരുണാസ്ഥിയുണ്ടാകുന്നത്. കോണ്‍ഡ്രിഫിക്കേഷന്‍ പ്രക്രിയയുടെ സങ്കീര്‍ണമായ ഘട്ടങ്ങള്‍ കടന്നുണ്ടാകുന്ന തരുണാസ്ഥികളില്‍ നിന്നാണ് പിന്നീട് പല എല്ലുകളുമുണ്ടാകുന്നത്. തരുണാസ്ഥിയില്‍ നിന്ന് അസ്ഥികള്‍ രൂപീകരിക്കുപ്പെടുന്ന പ്രക്രിയയാണ് എന്‍ഡോകോണ്‍ട്രല്‍ ഓസിഫിക്കേഷന്‍.
മനുഷ്യാസ്ഥികൂടത്തിലെ തലയോട്ടിക്കു കീഴിലുള്ള, കണ്ഠാസ്ഥി( clavicle)യൊഴിച്ചുള്ള പ്രധാനപ്പെട്ട എല്ലുകള്‍ എല്ലാമുണ്ടാകുന്നത് എന്‍ഡോ കോണ്‍ട്രല്‍ ഓസിഫിക്കേഷന്‍ വഴിയാണ്. ഹയാലിന്‍ തരുണാസ്ഥി(Hyaline cartilage)യില്‍ നിന്നാണ് ഭ്രൂണത്തിന്റെ ആറാഴ്ച കഴിഞ്ഞാല്‍ ഈ അസ്ഥികളുടെയെല്ലാം രൂപീകരണം ആരംഭിക്കുന്നത്. ഹയാലിന്‍ തരുണാസ്ഥിക്കു പുറമെ ചെറിയ രക്തധമനികള്‍ പറ്റിപ്പിടിക്കാനാരംഭിക്കുന്നതോ ടെയാണ് അസ്ഥിരൂപീകരണ പ്രക്രിയയുടെ തുടക്കം. മെസന്‍ കൈമല്‍ കോശങ്ങള്‍ തരണാസ്ഥികോശങ്ങളായ കോണ്‍ഡ്രോസൈറ്റുകളായിത്തീരുകയും അവയെ പൊതിഞ്ഞ് പെരികോണ്‍ട്രിയം (perichondrium) എന്ന സ്ഥരമുണ്ടാവുകയും ചെയ്തശേഷമാണ് പ്രസ്തുത സ്ഥരത്തിലേക്ക് രക്തധമനികള്‍ പറ്റിപ്പിടിച്ചു കയറുന്നത്. ഈ പെരികോണ്‍ട്രിയമാണ് ഘനീഭവിച്ച് അസ്ഥികള്‍ക്കു പുറമെയുള്ള ആവരണമായ പെരിയോസ്റ്റിയ(periosteum)മായി ത്തീരുന്നത്. പെരികോണ്‍ട്രിയം പെരിയോസ്റ്റിയമായിത്തീരുന്നതോടെ പ്രാഥമിക അസ്ഥിരൂപീകരണകേന്ദ്രം (primary ossification centre) രൂപപ്പെടുന്നു. കോണ്‍ട്രോസൈറ്റുകളും തരുണാസ്ഥിയും വളര്‍ന്ന് അസ്ഥിയായിത്തീരുന്നതാണ് അടുത്തഘട്ടം. കോണ്‍ട്രോസൈറ്റുകളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ആല്‍ക്കലൈന്‍ ഫോസ്ഫിറ്റൈറ്റ് (alkaline phosphitate) ആണ് തരുണാസ്ഥിയെ കാല്‍സിഫിക്കേഷന്‍ (Calcification) നടത്തി ബലവത്താക്കിത്തീര്‍ക്കുന്നത്. കാല്‍സിഫിക്കേഷന്‍ കഴിഞ്ഞ് ബലവത്താകുന്നതോടെ രക്തചംക്രമണമില്ലാതാകുന്ന കോണ്‍ഡ്രോസൈറ്റ് കോശങ്ങള്‍ നശിക്കുകയും പെരികോണ്‍ട്രിയത്തിനകത്തെ കോശങ്ങള്‍ വിഭജിച്ച് ഓസ്റ്റിയോ ബ്ലാസ്റ്റുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെയാണ് കാല്‍സിഫൈ ചെയ്യപ്പെട്ട തരുണാസ്ഥിക്കു പുറമെയുള്ള അസ്ഥിപ്പട്ട(Born Collar)യുണ്ടാകുന്നത്. ഈ അസ്ഥിപ്പട്ടയും കാല്‍സിഫൈ ചെയ്യപ്പെട്ട തരുണാസ്ഥിയും പെരിയോസ്റ്റിയത്തിലെ രക്തധമനികളുമെല്ലാം ചേര്‍ന്നാണ് പ്രാഥമിക അസ്ഥിരൂപീകരണകേന്ദ്രമുണ്ടാകുന് നത്. ഒരുവിധം എല്ലാ അസ്ഥികളുടെയും പ്രാഥമികരൂപീകരണകേന്ദ്രങ്ങള്‍ പന്ത്രണ്ടാമത്തെ ആഴ്ചയാകുമ്പോഴേക്ക് പൂര്‍ണമായി രൂപപ്പെട്ടിരിക്കും. ഈ
കോശങ്ങള്‍ ആധാരമാക്കിയാണ് ഇത്തരം അസ്ഥികളെല്ലാം വളര്‍ന്നുവരുന്നത്.(2)
മെസന്‍ കൈമല്‍ കോശങ്ങളില്‍ നിന്ന് നേരെ എല്ലുകളുണ്ടാവുന്ന പ്രക്രിയയാണ് ഇന്‍ട്രാമെംബ്രാനസ് ഓസിഫിക്കേഷന്‍ എന്ന് അറിയപ്പെടുന്നത്. തലയോട്ടിയിലെ പരന്ന അസ്ഥികളും കണ്ഠാസ്ഥിയുമുണ്ടാകുന്നത് ഈ പ്രക്രിയ വഴിയാണ്. മെസന്‍ കൈമല്‍ കോശങ്ങള്‍ ഒരുമിച്ചുകൂടി ഒരു പ്രത്യേക കൂട്ടമായിത്തീരുന്നതോടെയാണ് ഈ പ്രക്രിയയുടെ തുടക്കം. അവയില്‍ ചിലത് സൂക്ഷ്മനാഡികളും മറ്റു ചിലവ ഓസ്റ്റിയോ ബ്ലാസ്റ്റുകളുമായിത്തീരുന്നു. ഈ ഓസ്റ്റിയോ ബ്ലാസ്റ്റുകളില്‍ നിന്ന്, അവ ഒരുമിച്ചുകൂടിയാണ് അസ്ഥിരൂപീകരണ കേന്ദ്രമുണ്ടാകുന്നത്. പ്രസ്തുത കേന്ദ്രത്തെ ആധാരമാക്കി ഇത്തരം അസ്ഥികള്‍, വളര്‍ന്നു വരികയാണ് ചെയ്യുന്നത്. ആറാമത്തെ ആഴ്ച കഴിയുന്നതോടുകൂടിത്തന്നെ ഇത്തരം ഓസിഫിക്കേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടാകുവാന്‍ ആരംഭിച്ചിരിക്കും.
ഇന്‍ട്രോമെബ്രസ് ഓസിഫിക്കേഷന്‍ വഴിയുള്ള അസ്ഥിരൂപീകരണ കേന്ദ്രങ്ങളാണ് മനുഷ്യശരീരത്തില്‍ ആദ്യമായി ഉണ്ടാകുന്നത്. ആറാമത്തെ ആഴ്ച പൂര്‍ത്തിയാകുന്നതോടെത്തന്നെ കണ്ഠാസ്ഥിക്ക് നിമിത്തമായ രണ്ട് അസ്ഥിരൂപീകരണ കേന്ദ്രങ്ങള്‍ ഭ്രൂണത്തിലുണ്ടാവും. ഏഴാമത്തെ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ഭുജാസ്ഥിയുടെ (humerus) ഓസിഫിക്കേഷന്‍ കേന്ദ്രങ്ങള്‍ പ്രത്യക്ഷപ്പെടാനാരംഭിക്കും. മുഴംകയ്യിന്റെയും (radius) കൈതാങ്ങിന്റെയും (ulna) അസ്ഥികളുടെ കേന്ദ്രങ്ങളും രൂപപ്പെടുന്നത് ഏഴാമത്തെ ആഴ്ച തന്നെ. അടുത്ത ആഴ്ചകളിലായി മറ്റു എല്ലുകളുടെ രൂപീകരണ കേന്ദ്രങ്ങളുണ്ടാകും. ഈ സമയത്തു തന്നെയാണ് സോമൈറ്റുകളില്‍ നിന്ന് നട്ടെല്ലിന്റെ രൂപീകരണവും നടക്കുന്നത്. അഞ്ചാമത്തെയും ആറാമത്തെയും സോമൈറ്റുകള്‍ക്ക് ഇടയിലാണ് വളര്‍ന്നുവരുന്ന തലഭാഗത്തിന്റെയും നട്ടെല്ലിന്റെയും അതിര്‍ത്തി. പല്ലുകൊണ്ടു കടിച്ച മൃദുലമാംസത്തെപ്പോലെ തോന്നിക്കുന്ന ഈ സമയത്തെ ഭ്രൂണത്തിന്റെ ‘പല്ലടയാളങ്ങളാ’യ സോമൈറ്റുകള്‍ക്കകത്തെ കോശങ്ങള്‍ ഡെര്‍മറ്റോം (dermatome), മയോടോം (myotome), സ്‌കെളറോടോം (sclerotome) എന്നിങ്ങനെ മൂന്നായി പിരിയുകയും ഇതിലെ സ്‌കെളെറോറ്റോമില്‍നിന്ന് നട്ടെല്ല് വികസിച്ചുണ്ടാവുകയുമാണ് ചെയ്യുന്നത്.(3)
മുദ്അയില്‍ നിന്നാണ് എല്ലുകളുണ്ടാവുന്നതെന്നാണ് ഭ്രൂണവളര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്.
”പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ടു പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.” (23: 14)
ഗര്‍ഭസ്ഥശിശുവിന് അസ്ഥികളുണ്ടാകുവാനാരംഭിക്കുന് നത് നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണെന്ന് നബി (സ) പഠിപ്പിച്ചതായി അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്.
അബ്ദാഹി ബ്‌നുമസ്ഊദി(റ)ല്‍ നിന്ന്: നബി (സ) പറയുന്നത് ഞാന്‍ കേട്ടു: ‘ബീജത്തിന്‍മേല്‍ നാല്‍പത്തിരണ്ട് ദിവസം കഴിഞ്ഞാല്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. എന്നിട്ട് അവന്‍ അതിനെ രൂപപ്പെടുത്തുകയും, അതിന് കേള്‍വിയും കാഴ്ചയും ചര്‍മവും മാംസവും അസ്ഥിയും രൂപപ്പൈടുത്തുകയും ചെയ്യും. പിന്നീട് ആ മലക്ക് ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? അപ്പോള്‍ƒ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കും. മലക്ക് അത് രേഖപ്പെടുത്തും. പിന്നീട് മലക്ക് ചോദിക്കും: രക്ഷിതാവേ ഇവന്റെ‚ അവധി? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് പറയുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നെ മലക്ക് ചോദിക്കും: രക്ഷിതാവേ, ഇവന്റെ ഉപജീവനം? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് വിധിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് മലക്ക് തന്റെ‚കയ്യില്‍ ആ ഏടുമായി പോകും. കല്‍പിക്കപ്പെട്ടതിനേക്കാള്‍ വര്‍ദ്ധിപ്പിക്കുകയോ ചുരുക്കുകയോ ഇല്ല.'(4)
അസ്ഥിരൂപീകരണവുമായി ബന്ധപ്പെട്ട് ആധുനിക ശാസ്ത്രം സാങ്കേതികസഹായത്തോടെ നമുക്ക് നല്‍കുന്ന അറിവുകള്‍ ക്വുര്‍ആനും നബിവചനങ്ങളും നല്‍കുന്ന വിവരങ്ങളുമായി പൂര്‍ണമായും യോജിച്ചു വരുന്നവെന്ന വസ്തുത തന്നെയാണ് ഇവിടെയും നാം കാണുന്നത്. അസ്ഥിരൂപീകരണ പ്രക്രിയ അഥവാ ഓസിഫിക്കേഷന്‍ ആരംഭിക്കുന്നത് ആറ് ആഴ്ചകള്‍ക്കു ശേഷമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് അസ്ഥികള്‍ ഉണ്ടാകുന്നതെന്നാണ് നബി (സ) പഠിപ്പിച്ചത്. കടിച്ച മാംസപിണ്ഡത്തെപ്പോലെ തോന്നിപ്പിക്കുന്ന സോമൈറ്റുകള്‍ നിറഞ്ഞ ഭ്രൂണഘട്ടത്തിനുശേഷമാണ് അസ്ഥിരൂപീകരണം നടക്കുന്നതെന്നും സോമൈറ്റുകളില്‍ നിന്നാണ് നട്ടെല്ലുണ്ടാകുന്നതെന്നും ശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നു. കടിച്ച മൃദുലമാംസപിണ്ഡം എന്നു അര്‍ത്ഥം വരുന്ന മുദ്വ്അയില്‍ നിന്നാണ് ഇദ്വാഅ് (അസ്ഥികള്‍) ഉണ്ടാകുന്നതെന്ന് ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന വിവരം തന്നെയാണിത്. ക്വുര്‍ആനിക വിജ്ഞാനീയങ്ങളെല്ലാം ആധുനികശാസ്ത്രത്തിനുമുമ്പില്‍ അടിപതറാതെ നിലനില്‍ക്കുമെന്ന വസ്തുത ഇത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു.
കുറിപ്പുകള്‍
1) Prasanna Bukka, Marc D. McKee and Andrew C. Karap: “Molecular Generation of Osteoblast Differentiation” , in Bone Formation by Felix Bronner& Mary C. Farach-Carson (Editors), Devon, 2003, Pages 1-17
2) Gary C. Schoenwolf PhD, Steven B. Bleyl MD PhD, Philip R. Brauer PhD, Philippa H. Francis-West PhD: Larsen’s Human Embryology, 5th Edition,London, 2014, Pages 172-191
3) Bodo Christ, Jörg Wilting: From somites to vertebral column, Annals of Anatomy, Anatomischer Anzeiger, Volume 174, Issue 1, February 1992, Pages 23-32, http://www.sciencedirect. com/
4) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ് 2645.