Followers

Monday, October 23, 2017

കുറഞ്ഞ ഗര്‍ഭകാലം: ക്വുര്‍ആന്‍ പറയുന്നതാണ് ശരി!

SNEHASAMVADAM MONTHY

വിവാഹത്തിനുശേഷം ആറുമാസങ്ങള്‍ കഴിയുന്നയുടനെ പ്രസവിച്ച ഒരു സ്ത്രീയെക്കുറിച്ച ഒരു പരാതി ഖലീഫ ഉമറിന്റെ (റ) അടുത്തെത്തി. പ്രസവിക്കപ്പെട്ട കുഞ്ഞിന് ജീവനും ആരോഗ്യവുമുള്ളതിനാല്‍ വിവാഹപൂര്‍വരതിയിലൂടെയുണ്ടായതാവണം അവരുടെ ഗര്‍ഭധാരണമെന്നും അതിനാല്‍ അവര്‍ക്ക് വ്യഭിചാരത്തിനുള്ള ശിക്ഷ നല്‍കണമെന്നുമായിരുന്നു പരാതിക്കാരുടെ പക്ഷം. പ്രശ്‌നത്തിനു പരിഹാരം തേടി പ്രവാചകാനുചരന്‍മാരുമായി ഉമര്‍ (റ) കൂടിയാലോചന നടത്തി. അബ്ദുല്ലാഹിബ്‌നു അബ്ബാസാണ് (റ) പ്രസ്തുത പ്രസവത്തെ ക്വുര്‍ആനിന്റെ അടിസ്ഥാനത്തില്‍ ന്യായീകരിച്ചത്. സൂറത്തുല്‍ ബഖറയിലെ 223-ാം വചനവും സൂറത്തുല്‍ അഹ്ഖാഫിലെ പതിനഞ്ചാം വചനവും ഉദ്ധരിച്ചുകൊണ്ട് ഈ വചനങ്ങള്‍പ്രകാരം കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്തത്. സൂറത്തുല്‍ ബഖറയിലെ വചനത്തില്‍ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നും സൂറത്തുല്‍ അഹ്ഖാഫില്‍ ഗര്‍ഭകാലവും മുലകുടി പ്രായവും കൂടി മുപ്പതു ദിവസമാണെന്നും പറഞ്ഞതിനെ താരതമ്യം ചെയ്തുകൊണ്ടാണ് പ്രവാചകാനുചരന്‍മാരിലെ ക്വുര്‍ആന്‍ വ്യാഖ്യാതാവെന്ന് അറിയപ്പെട്ടിരുന്ന ഇബ്‌നു അബ്ബാസ് (റ) കുറഞ്ഞ ഗര്‍ഭകാലം ആറു മാസമാണെന്ന് സമര്‍ത്ഥിച്ചത്. ഭരണാധികാരിയായ ഉമര്‍ (റ) അടക്കമുള്ള സ്വഹാബിമാരെല്ലാം അത് അംഗീകരിക്കുകയും കുറ്റാരോപിതയെ വെറുതെ വിടാന്‍ ഖലീഫ കല്‍പിക്കുകയും ചെയ്തു.
ഉഥ്മാന്റെ (റ) ഭരണകാലത്തും സമാനമായ സംഭവമുണ്ടായതായി ഇമാം മാലിക് (റ) നിവേദനം ചെയ്യുന്നുണ്ട്. ആറാം മാസം കഴിഞ്ഞയുടനെ ആരോഗ്യമുള്ള കുഞ്ഞിനെ പ്രസവിച്ച സ്ത്രീക്ക് വ്യഭിചാരക്കുറ്റത്തിന് ശിക്ഷ വിധിച്ച ഖലീഫയെ തിരുത്തിയത് അലി(റ) യാണ്. നടേ പറഞ്ഞ ആയത്തുകള്‍ ഉദ്ധരിച്ചുകൊണ്ട് ഖലീഫയുടെ വിധിയെ വിമര്‍ശിച്ചത് ഉഥ്മാന്‍ (റ) അംഗീകരിക്കുകയും സ്ത്രീയെ വെറുതെ വിടുകയും ചെയ്തു. കുറഞ്ഞ ഗര്‍ഭകാലം ആറുമാസങ്ങളാണെന്ന് സ്ഥാപിക്കുവാന്‍ ഇബ്‌നു അബ്ബാസും (റ) അലി(റ)യും ഉദ്ധരിച്ച ക്വുര്‍ആന്‍ സൂക്തങ്ങളുടെ സാരം ഇങ്ങനെയാണ്.
”മാതാക്കള്‍ തങ്ങളുടെ സന്താനങ്ങള്‍ക്ക് പൂര്‍ണ്ണമായ രണ്ടു കൊല്ലം മുലകൊടുക്കേണ്ടതാണ്. (കുട്ടിയുടെ) മുലകുടി പൂര്‍ണമാക്കണം എന്ന് ഉദ്ദേശിക്കുന്നവര്‍ക്കത്രെ ഇത്. അവര്‍ക്ക് (മുലകൊടുക്കുന്ന മാതാക്കള്‍ക്ക്) മര്യാദയനുസരിച്ച് ഭക്ഷണവും വസ്ത്രവും നല്‍കേണ്ടത് കുട്ടിയുടെ പിതാവിന്റെ ബാധ്യതയാകുന്നു. എന്നാല്‍ ഒരാളെയും അയാളുടെ കഴിവിലുപരി നല്‍കാന്‍ നിര്‍ബന്ധിക്കരുത്. ഒരു മാതാവും തന്റെ കുട്ടിയുടെ പേരില്‍ ദ്രോഹിക്കപ്പെടാന്‍ ഇടയാകരുത്. അതുപോ
ലെ തന്നെ സ്വന്തം കുട്ടിയുടെ പേരില്‍ ഒരു പി
താവിന്നും ദ്രോഹം നേരിടരുത്. (പിതാവിന്റെ അഭാവത്തില്‍ അയാളുടെ) അവകാശികള്‍ക്കും (കുട്ടിയുടെ കാര്യത്തില്‍) അതു പോ
ലെയുള്ള ബാധ്യതകളുണ്ട്. ഇനി അവര്‍ ഇരുവരും തമ്മില്‍ കൂടിയാലോചിച്ച് തൃപ്തിപ്പെട്ടുകൊണ്ട് (കുട്ടിയുടെ) മുലകുടി നിര്‍ത്താന്‍ ഉദ്ദേശിക്കുകയാണെങ്കില്‍ അവര്‍ ഇരുവര്‍ക്കും കുറ്റമില്ല; ഇനി നിങ്ങളുടെ കുട്ടികള്‍ക്ക് (മറ്റാരെക്കൊണ്ടെങ്കിലും) മുലകൊടുപ്പിക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ അതിലും നിങ്ങള്‍ക്ക് കുറ്റമില്ല; (ആ പോറ്റമ്മമാര്‍ക്ക്) നിങ്ങള്‍ നല്‍കേണ്ടത് മര്യാദയനുസരിച്ച് കൊടുത്തു തീര്‍ക്കുകയാണെങ്കില്‍. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും, നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതെല്ലാം അല്ലാഹു കണ്ടറിയുന്നുണ്ടെന്ന് മനസിലാക്കുകയും ചെയ്യുക.” (2:233)’
”തന്റെ മാതാപിതാക്കളോട് നല്ലനിലയില്‍ വര്‍ത്തിക്കണമെന്ന് നാം മനുഷ്യനോട് അനുശാസിച്ചിരിക്കുന്നു. അവന്റെ മാതാവ് പ്രയാസപ്പെട്ടുകൊണ്ട് അവനെ ഗര്‍ഭം ധരിക്കുകയും, പ്രയാസപ്പെട്ടുകൊണ്ട് അവനെ പ്രസവിക്കുകയും ചെയ്തു. അവന്റെ ഗര്‍ഭകാലവും മുലകുടിനിര്‍ത്തലും കൂടി മുപ്പത് മാസക്കാലമാകുന്നു. അങ്ങനെ അവന്‍ തന്റെ പൂര്‍ണശക്തി പ്രാപിക്കുകയും നാല്‍പത് വയസിലെത്തുകയും ചെയ്താല്‍ ഇപ്രകാരം പറയും: എന്റെ രക്ഷിതാവേ, എനിക്കും എന്റെ മാതാപി
താക്കള്‍ക്കും നീ ചെയ്തു തന്നിട്ടുള്ള അനുഗ്രഹത്തിന് നന്ദികാണിക്കുവാനും നീ തൃപ്
തിപ്പെടുന്ന സല്‍കര്‍മം പ്രവര്‍ത്തിക്കുവാനും നീ എനിക്ക് പ്രചോദനം നല്‍കേണമേ. എന്റെ സന്തതികളില്‍ നീ എനിക്ക് നന്‍മയുണ്ടാക്കിത്തരികയും ചെയ്യേണമേ. തീര്‍ച്ചയായും ഞാന്‍ നിന്നിലേക്ക് ഖേദിച്ചുമടങ്ങിയിരിക്കുന്നു. തീര്‍ച്ചയായും ഞാന്‍ കീഴ്‌പെടുന്നവരുടെ കൂട്ടത്തിലാകുന്നു.” (46:15)
സൂറത്തു ലുഖ്മാനിലെ പതിനാലാം വചനത്തിലും മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന് വ്യക്തമാക്കുന്നുണ്ട്.
”മനുഷ്യന് തന്റെ മാതാപിതാക്കളുടെ കാര്യത്തില്‍ നാം അനുശാസനം നല്‍കിയിരിക്കുന്നു-ക്ഷീണത്തിനുമേല്‍ ക്ഷീണവുമായിട്ടാണ് മാതാവ് അവനെ ഗര്‍ഭം ചുമന്ന് നടന്നത്. അവന്റെ മുലകുടി നിര്‍ത്തുന്നതാകട്ടെ രണ്ടുവര്‍ഷം കൊണ്ടുമാണ്- എന്നോടും നിന്റെ മാതാപിതാക്കളോടും നീ നന്ദി കാണിക്കൂ. എന്റെ അടുത്തേക്കാണ് (നിന്റെ) മടക്കം.” (31:14)
കുറഞ്ഞ ഗര്‍ഭകാലമെത്രയാണെന്ന കാര്യത്തില്‍ പ്രവാചകാനുചരന്‍മാരുടെ കാലം മുതല്‍ മുസ്‌ലിം ലോകത്ത് കാര്യമായ തര്‍ക്കങ്ങളുണ്ടായിട്ടില്ല. നാലു കര്‍മശാസ്ത്ര സരണികളും കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന് അംഗീകരിക്കുന്നു. പിതൃത്വവും ശിക്ഷാവിധികളുമായി ബന്ധപ്പെട്ട മദ്ഹബീ നിയമങ്ങളിലെല്ലാം ഈ അംഗീകാരത്തിന്റെ സ്വാധീനം കാണാനാവും. മുസ്‌ലിം ലോകത്ത് പതിനാലു നൂറ്റാണ്ടുകളായി അംഗീകരിക്കപ്പെട്ടുവരുന്ന കുറഞ്ഞ ഗര്‍ഭകാലം തന്നെയാണ് ശരിയെന്ന വസ്തുത അംഗീകരിക്കുകയാണ് ആധുനിക സാങ്കേതികവിദ്യകളുടെ സഹായത്തോടെ ശാസ്ത്രം ഇന്നു ചെയ്യുന്നത്. കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച സംവാദങ്ങളും തര്‍ക്കങ്ങളും ഭ്രൂണശാസ്ത്രലോകത്ത് സജീവമാണെങ്കിലും നിയമപരമായി അംഗീകരിക്കാവുന്ന കുറഞ്ഞ ഗര്‍ഭകാലം ആറുമാസമാണെന്ന വസ്തുത ഇന്ന് എല്ലാവരും സമ്മതിക്കുന്നുണ്ട്.
ഗര്‍ഭാശയത്തിനുപുറത്ത് ഗര്‍ഭസ്ഥശിശുവിന് ജീവിക്കാനുള്ള കഴിവിനെയാണ് ശിശുജീവനസാമര്‍ത്ഥ്യം (Fetal Viability) എന്നുവിളിക്കുന്നത്. ഗര്‍ഭകാലത്തെ മൂന്നു ത്രൈമാസിക യൂണിറ്റുകളായാണ് (trimester) ഭ്രൂണശാസ്ത്രജ്ഞന്‍മാര്‍ പഠിക്കുന്നത്. ആദ്യത്തെ ത്രൈമാസികത്തിലാണ് ഭ്രൂണത്തില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെല്ലാം ഉണ്ടാകുന്നത്. ആദ്യത്തെ മൂന്ന് ആഴ്ചകള്‍ കഴിയുമ്പോള്‍ ഭ്രൂണം കോശങ്ങളുടെ കൊച്ചുഗോളമായ ബ്ലാസ്റ്റോസൈറ്റ് മാത്രമായിരിക്കും. നാലാമത്തെ ആഴ്ച മുതല്‍ ഓരോ അവയവങ്ങള്‍ വളരാനാരംഭിക്കും. അഞ്ചാമത്തെ ആഴ്ച കൊച്ചുഹൃദയം മിടിക്കാനാരംഭിക്കും. ആറാമത്തെ ആഴ്ച മുതല്‍ കണ്ണുകളുടെയും നാസാരന്ധ്രങ്ങളുടെയും പ്രാ
ഗ്‌രൂപങ്ങളായ മുഖകലകള്‍ രൂപപ്പെടാന്‍ തുടങ്ങും. എട്ടാമത്തെ ആഴ്ചയാകുമ്പോഴേക്ക് കൊച്ചുകൈകളും കാലുകളും വളര്‍ന്ന് വിരലുകള്‍ കാണാന്‍ തുടങ്ങുകയും മൂക്കും മേല്‍ചുണ്ടും പ്രകടമാവുകയും ചെയ്യും. ഒമ്പതാമത്തെ ആഴ്ച കണ്ണുകള്‍ രൂപപ്പെടുകയും കണ്‍പോ
ളകളാല്‍ മൂടപ്പെടുകയും ചെയ്യുന്നതോടെ ഒരു മാംസകഷ്ണം മാത്രമായിരുന്ന ഭ്രൂണം കൂടുതല്‍ മനുഷ്യാകാരമുള്ളതായിത്തീരുന്നു. പത്താമത്തെ ആഴ്ചയാണ് ഭ്രൂണം ഗര്‍ഭസ്ഥ ശിശുവായിത്തീരുന്നത്. പ്രധാനപ്പെട്ട ആന്തരാവയവങ്ങളെല്ലാം -വൃക്കകള്‍, തലച്ചോറ്, കുടലുകള്‍, കരള്‍- പ്രവര്‍ത്തനക്ഷമമാവുകയും കയ്യിലും കാലിലുമുള്ള വിരലുകളില്‍ നഖങ്ങള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഇക്കാലത്താണ്. പതിനൊന്നാമത്തെ ആഴ്ചയാകുമ്പോള്‍ കുഞ്ഞ് ഏകദേശം പൂര്‍ണമായിത്തന്നെ ഉണ്ടായിക്കഴിഞ്ഞിരിക്കും. എല്ലുകള്‍ ദൃഢമാവാന്‍ തുടങ്ങുന്നതും ലൈംഗികാവയവങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുന്നതും പതിനൊന്നാമത്തെ ആഴ്ചയിലാണ്. ഒന്നാം ത്രൈമാസികം അഥവാ പന്ത്രണ്ട് ആഴ്ചകള്‍ പൂ
ര്‍ത്തിയാകുമ്പോള്‍ ശ്രദ്ധിച്ചാല്‍ കുഞ്ഞിന്റെ ഹൃദയമിടിപ്പ് കേള്‍ക്കുവാന്‍ കഴിയും. രണ്ട് ഇഞ്ച് വലിപ്പവും മുപ്പത് ഗ്രാം തൂക്കവുമുള്ള ഒരു കൊച്ചുകുഞ്ഞാണ് ഈസമയത്തെ ഗര്‍ഭസ്ഥശിശു. ഒന്നാം ത്രൈമാസത്തിനകത്ത് പ്രസവിക്കപ്പെട്ടാല്‍ ശിശുജീവന സാമര്‍ത്ഥ്യം പൂജ്യമായിരിക്കും. അഥവാ അങ്ങനെ പ്രസവിക്കപ്പെടുന്ന കുഞ്ഞ് ഒരു കാരണവശാലും ജീവിച്ചിരിക്കുകയില്ല.
രണ്ടാം ത്രൈമാസികത്തില്‍ നടക്കുന്നത് പ്രധാനമായും അവയവങ്ങളുടെ വികാസമാണ്. പതിനാലാമത്തെ ആഴ്ച മുതല്‍ വൃക്കകള്‍ മൂത്രം ഉല്‍പാദിപ്പിക്കാനാരംഭിക്കുകയും അംനിയോട്ടിക് ദ്രവത്തിലേക്ക് പുറത്തുവിടുകയും ചെയ്യുന്നു. പതിനാറാമത്തെ ആഴ്ചയാകുമ്പോള്‍ കുഞ്ഞിന്റെ ലിംഗം ബാഹ്യമായി മനസ്സിലാകും. പത്തൊന്‍പതാമത്തെ ആഴ്ചയിലാണ് കുഞ്ഞ് അമ്മയുടെ ഹൃദയസ്പന്ദനം കേള്‍ക്കാന്‍ തുടങ്ങുന്നത്. ഈ സമയം തന്നെ പുറത്തുനിന്നുള്ള സ്വരങ്ങളും അവ്യക്തമായി കേള്‍ക്കും. ഇരുപത്തിമൂന്നാമത്തെ ആഴ്ചയാകുമ്പോഴേക്കും മാതൃചലനങ്ങളറിയാനുള്ള കുഞ്ഞിന്റെ ഇന്ദ്രിയങ്ങള്‍ പ്രവര്‍ത്തനക്ഷമമാകും. ശ്രവണേന്ദ്രിയങ്ങളും കണ്ണുകളും വളര്‍ന്നുകൊണ്ടിരിക്കുന്ന ഘട്ടമാണിത്. ഇരുപത്തിനാലാമത്തെ ആഴ്ചയാകുമ്പോഴേക്ക് സ്വാദുമുകുളങ്ങള്‍ വളരുകയും തലച്ചോറിന്റെ വളര്‍ച്ച ദ്രുതഗതിയിലാവുകയും ചെയ്യും. ഇരുപത്തിയേഴാമത്തെ ആഴ്ചയോടെയാണ് രണ്ടാമത്തെ ത്രൈമാസികം അവസാനിക്കുക. ഈ സമയമാകുമ്പോഴേക്ക് കുഞ്ഞിന്റെ ശ്വാസകോശങ്ങള്‍ പ്രവര്‍ത്തനക്ഷമായിരിക്കുമെങ്കിലും പൂര്‍ണവളര്‍ച്ചയെത്തിയിട്ടുണ്ടാവുകയില്ല. അംനിയോട്ടിക് ദ്രവത്തില്‍ ശ്വാസോച്ഛാസം നടത്തുകയും കൃത്യമായ ഇടവേളകളില്‍ ഉറങ്ങുകയും ഉണരുകയും ചെയ്യുകയും കണ്ണുകള്‍ അടക്കുകയും തുറക്കുകയും ചെയ്യുകയും വിരല്‍ കടിക്കുകയും ചെയ്യുന്ന സമയമാണിത്. ഈ ഘട്ടം അവസാനിക്കുമ്പോള്‍ പ്രസവിക്കപ്പെടുന്ന കുഞ്ഞിന് നല്ല പരിചരണം നല്‍കിയാല്‍ അത് ജീവിക്കും. ഈ സമയത്തെ ശിശു ജീവനസാമര്‍ത്ഥ്യം (Fetal Viability) 90 ശതമാനമാണ്. നല്ല പരിചരണം നല്‍കിയാല്‍ കുഞ്ഞിനെ രക്ഷിക്കുവാനും കാര്യമാത്രപ്രസക്തമായ വൈകല്യങ്ങളൊന്നുമില്ലാതെ നിലനിര്‍ത്തുവാനും കഴിയുന്ന പ്രായമാണിത് എന്നര്‍ത്ഥം.
ഗര്‍ഭസ്ഥ ശിശുവിന് ഇരുപത്തിരണ്ടാമത്തെ ആഴ്ച പ്രായമാകുന്നതുമുതല്‍ തന്നെ ശിശുജീവന സാമര്‍ത്ഥ്യത്തിന് നേരിയ സാധ്യതകളുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ഇരുപത്തിമൂന്നാമത്തെ ആഴ്ച ഇത് പത്തുമുതല്‍ മുപ്പത്തിയഞ്ച് വരെ ശതമാനവും ഇരുപത്തിനാലാമത്തെ ആഴ്ച ഇത് നാല്‍പത് മുതല്‍ എഴുപത് വരെ ശതമാനവും ഇരുപത്തിയഞ്ചാമത്തെ ആഴ്ച ഇത് അമ്പത് മുതല്‍ എണ്‍പതു വരെ ശതമാനവും ഇരുപത്തിയാറാമത്തെ ആഴ്ച ഇത് എണ്‍പത് മുതല്‍ തൊണ്ണൂറുവരെ ശതമാനവും ഇരുത്തിയേഴാമത്തെ ആഴ്ച മുതല്‍ ഇത് തൊണ്ണൂറ് ശതമാനത്തിനു മുകളിലുമാണ്. ആറു മാസങ്ങള്‍ക്ക് മുമ്പുള്ള ശിശുജീവന സാമര്‍ത്ഥ്യത്തിന്റെ ശതമാനക്കകണക്ക് ഉയരാനുള്ള കാരണം ചികിത്സാരംഗത്തും സാങ്കേതിക വിദ്യയാലുമുണ്ടായ പുരോഗതിയാണ്. ഈ പുരോഗതിയുണ്ടായിട്ട് ഏതാണ്ട് പതിറ്റാണ്ടുകളേ ആയിട്ടുള്ളൂ. 1973ലെ പ്രസിദ്ധമായ ഒരു ഗര്‍ഭഛിദ്ര കേസില്‍ പോലും അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചത് ശിശുജീവന സാമര്‍ത്ഥ്യം ഇരുപത്തിയെട്ട് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ഉണ്ടാവുകയുള്ളുവെന്നാണ് പൊതുവെ കരുതി വരാറുള്ളതെന്നാണ്. ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയായാലേ ശിശുവിന് ജീവനസാമര്‍ത്ഥ്യമുണ്ടാകൂവെന്നാണ് ഇന്ന് പൊതുവെ ചികിത്സാരംഗത്തുള്ളവര്‍ പറയാറുള്ളതെങ്കിലും അതിനേക്കാള്‍ മുമ്പ് പ്രസവിക്കപ്പെട്ടിട്ടും ജീവിച്ച റിക്കാര്‍ഡുകളുണ്ട്. 2006 ഒക്‌ടോബര്‍ 24ന് ഫ്‌ളോഡിറിയില്‍ ഇരുപത്തിരണ്ട് ആഴ്ചകള്‍ മാത്രം കഴിഞ്ഞ് ജനിച്ച അമില്ലിയ ടൈലറെന്ന പെണ്‍കുട്ടിയാണ് ഏറ്റവും കുറഞ്ഞ ഗര്‍ഭകാലം കഴിഞ്ഞ് ജീവനസാമര്‍ത്ഥ്യത്തോടെയിരിക്കുകയും പിന്നീട് വളര്‍ന്നു വലുതാവുകയും ചെയ്തയാളായി രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ശ്വാസകോശങ്ങള്‍ക്കും ദഹനവ്യവസ്ഥക്കും തലച്ചോറിനുമെല്ലാം നിരവധി തകരാറുകളുണ്ടായിരുന്നുവെങ്കിലും മികച്ച സാങ്കേതികവിദ്യകളുടെ സഹായത്താല്‍ ഒരു കൂട്ടം ഭിഷഗ്വരന്‍മാര്‍ ഭഗീരഥപ്രയത്‌നം നടത്തി കുട്ടിയെ ജീവനോടെ നിലനിര്‍ത്തുകയാണുണ്ടായത്. നീണ്ടു നാലുമാസങ്ങളില്‍ ആശുപത്രിയിലെ ശിശു തീവ്രപരിചരണ വിഭാഗത്തില്‍ കിടത്തിയുള്ള നിരന്തരമായ പരിശ്രമങ്ങളുടെ ഫലമായാണ് അവരുടെ മാതാപിതാക്കള്‍ക്ക് ജീവനുള്ള കുഞ്ഞിനെ ലഭിച്ചത് എന്നര്‍ത്ഥം. ഈ രംഗത്തെ റിക്കാര്‍ഡ് ഇരട്ടകള്‍ മലയാളികളാണ്. എറണാകുളം സ്വദേശികളായ അനൂപ്
-നീലിമ ദമ്പതികളുടെ ഇരുപത്തി രണ്ട് ആഴ്
ചകള്‍ മാത്രം പ്രായമായ കുഞ്ഞുങ്ങളെക്കുറിച്ച് വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നില്‍കിയത് അഞ്ചു മാസത്തെ തീവ്രപരിചരണങ്ങള്‍ക്കു ശേഷം ആണ്. ആലുവ രാജഗിരി ആശുപത്രിയിലെ വിദഗ്ധ സംഘമാണ് ഇരുപത്തി രണ്ട് ആഴ്ചയും നാലു ദിവസവും മാത്രം ഗര്‍ഭാശയത്തില്‍ കഴിഞ്ഞ കുഞ്ഞുങ്ങളെ പു
റത്തെടുക്കുകയും ശുശ്രൂഷിക്കുകയും ചെയ്തത്. നൂറു ദിവസങ്ങളോളം വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ ഈ ഐവിഎഫ് ഇരട്ടകള്‍ കുറഞ്ഞ ജീവന് സാമര്‍ത്ഥ്യത്തോടെ ജനിച്ച സാമര്‍ത്ഥ്യത്തോടെ ജനിച്ച ഇരട്ടകള്‍ എന്ന പുതിയ റിക്കാര്‍ഡ് സ്ഥാപിച്ചിരിക്കുകയാണ്. നീണ്ട അഞ്ചു മാസത്തെ മാസത്തെ തീവ്രപരിചരണം വഴിയാണ് അവര്‍ ജീവനോടിരിക്കുമെന്ന് ഖണ്ഡിതമായി പറയാന്‍ ചികിത്സകര്‍മാര്‍ക്കുപോലും കഴിഞ്ഞത്.
രണ്ടാമത്തെ ത്രൈമാസം കഴിയുമ്പോഴേക്ക് ഗര്‍ഭസ്ഥശിശുവില്‍ ഒരുവിധം എല്ലാ ബാഹ്യാവയവങ്ങളും ആന്തരാവയവങ്ങളും വളര്‍ന്നുവന്നിരിക്കുമെന്നതിനാല്‍ തന്നെ അതിനുശേഷം പ്രസവിക്കപ്പെടുന്ന കുഞ്ഞുങ്ങള്‍ ജീവിച്ചിരിക്കുവാനുള്ള സാധ്യത അഥവാ ശിശുജീവന സാമര്‍ത്ഥ്യം തൊണ്ണൂറു ശതമാനത്തിനു മുകളിലാണ്. ഗര്‍ഭാശയത്തില്‍വെച്ചു തന്നെ പൂര്‍ണ വളര്‍ച്ചയെത്തി പുറത്തുവരുന്ന കുഞ്ഞ് മാതൃശരീരത്തിനകത്ത് തന്റെ ആദ്യകോശമുണ്ടാകുന്നതു മുതല്‍ മുപ്പത്തിയൊന്‍പത് ആഴ്ചക്കാലമാണ് കഴിച്ചുകൂട്ടുന്നത്. പൂ
ര്‍ണമായ ഗര്‍ഭകാലമാണിത്. ഇതിനുമുമ്പ് ഏതു സമയത്തും കുഞ്ഞ് പ്രസവിക്കപ്പെടാം. ഗര്‍ഭാശയത്തിനകത്തും പുറത്തും കുഞ്ഞിന് വളരാനാവശ്യമായ സംവിധാനങ്ങളെല്ലാം ചെയ്തുവെച്ചിരിക്കുന്നവനാണ് സ്രഷ്ടാവ്. മാതൃശരീരത്തില്‍ നിന്ന് പുറത്തുവരുന്ന ശിശുവിന് പിന്നെ മാതാവുമായുള്ള ജൈവികബന്ധം അതിന്റെ മുലകുടിയാണ്. മനുഷ്യശിശുവിന്റെ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്ന കാര്യത്തില്‍ ശാസ്ത്രവും ക്വുര്‍ആനും ഒരേ അഭിപ്രായമാണ് പുലര്‍ത്തുന്നത്. പൂര്‍ണമായ മുലകുടി പ്രായം രണ്ടു വര്‍ഷമാണെന്നു പറയുമ്പോള്‍ അതിനുമുമ്പ് ഏതുസമയത്തും മാതാവിന്റെയോ കുഞ്ഞിന്റെയോ ആരോഗ്യപരമായ കാരണങ്ങളാല്‍ മുലകുടി നിന്നുപോകുവാനുള്ള സാധ്യത ക്വുര്‍ആന്‍ അംഗീകരിക്കുന്നു. മുലകുടിയോടു കൂടി ബന്ധപ്പെടുത്തിയാണ് കുറഞ്ഞ ഗര്‍ഭകാലത്തെക്കുറിച്ച് ക്വുര്‍ആന്‍ പറഞ്ഞിരിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. മുലകുടിയും ഗര്‍ഭകാലവും കൂടി മുപ്പത് മാസമാണെന്ന ക്വുര്‍ആനിക പരാമര്‍ശ(46:15)മാണ് ചുരുങ്ങിയ ഗര്‍ഭകാലം ആറുമാസമാണെന്ന നിഗമനത്തിലെത്താന്‍ സ്വഹാബിമാരെ സഹായിച്ചത്. കാര്യമായ സാങ്കേതിക സഹായങ്ങളൊന്നുമില്ലെങ്കില്‍ പോലും, ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കി ഗര്‍ഭാശയത്തിനകത്തുനിന്ന് പുറത്തുവരുന്ന കുഞ്ഞിന് ജീവിക്കുവാന്‍ കഴിയുമെന്നാണ് പുതിയ പഠനങ്ങളും വ്യക്തമാക്കുന്നത്. ആറുമാസം പൂര്‍ത്തിയാക്കുന്നതോടെ ശിശുവിന്റെ ജീവനസാമര്‍ത്ഥ്യം തൊണ്ണൂറ് ശതമാനമാണെന്നാണല്ലോ പഠനങ്ങള്‍ കാണിക്കുന്നത്.
ആറു മാസങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കുവാന്‍ സാങ്കേതിക സഹായങ്ങളോടെ സാധിക്കുമെന്നതിനാലാണ് കഴിഞ്ഞ അരനൂറ്റാണ്ടിനിടെ ജീവനസാമര്‍ത്ഥ്യത്തില്‍ കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നു പറയുന്നത്. പ്രസ്തുത പുരോഗതിയുടെ ഫലമായി ഇരുപത്തിനാല് ആഴ്ചകളെങ്കിലും പൂര്‍ത്തിയാക്കിയ കുഞ്ഞുങ്ങളെ രക്ഷിക്കാന്‍ കഴിഞ്ഞേക്കുമെന്ന ഒരു ധാരണ ചികിത്സാരംഗത്തുണ്ടായിട്ടുണ്ട്. വിദഗ്ധരായ ചികിത്സകരുടെ മേല്‍നോട്ടത്തില്‍ ശക്തമായ സാങ്കേതിക സഹായത്തോടെയാണ് പ്രസ്തുത രക്ഷിക്കല്‍ ശ്രമം നടക്കുന്നത്. അങ്ങനെ രക്ഷപെടുന്ന കുഞ്ഞുങ്ങള്‍ വ്യത്യസ്തതരം വൈകല്യങ്ങള്‍ക്ക് വിധേയമായിരിക്കും തലച്ചോറ് വേണ്ടത്ര വികസിച്ചിട്ടില്ലാത്തതിനാല്‍ ഓട്ടിസമടക്കമുള്ള വൈകല്യങ്ങളുണ്ടാവാനുള്ള സാധ്യതയേറെയാണ്. ശ്വാസകോശങ്ങളുടെയും കണ്ഠനാളികളുടെയും വളര്‍ച്ച പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടില്ലാത്തതിനാല്‍ അത്തരം ശിശുക്കള്‍ക്ക് മുല കുടിക്കുവാന്‍ പലപ്പോഴും കഴിയാറില്ല. മാതൃമുലപ്പാല്‍
പിഴിഞ്ഞ് വായിലേക്ക് ഉറ്റിച്ചുകൊടുക്കുകയോ സമാന്തര പോഷകങ്ങള്‍ നല്‍കിയോ ആണ് ചികിത്സകന്‍മാര്‍ ഈ പ്രശ്‌നം പരിഹരിക്കാറുള്ളത്. ആറു മാസങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് പ്രസവിക്കുന്ന കുഞ്ഞുങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ കഴിയുമെങ്കിലും മുലകുടിയടക്കമുള്ള പല ശൈശവക്രിയകളും ചെയ്യാന്‍ അവയ്ക്ക് കഴിയുകയില്ലെന്നര്‍ത്ഥം. മാതാപിതാക്കളോടുള്ള ബാധ്യതകളെക്കുറിച്ചു പറയുമ്പോള്‍ മാതാവ് തനിക്കുവേണ്ടി സഹിച്ച ത്യാഗങ്ങളെപ്പറ്റി ഓര്‍മിപ്പിച്ചുകൊണ്ടാണ് ക്വുര്‍ആന്‍ മുലകുടി പ്രായവും ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന് പരാമര്‍ശിക്കുന്നതെന്ന വസ്തുത ശ്രദ്ധേയമാണ്. ആറുമാസമെങ്കിലുമുള്ള പൊ
ക്കിള്‍കൊടി ബന്ധവും രണ്ടു വര്‍ഷത്തെ മുലകുടി ബന്ധവുമാണ് മാതൃശരീരവുമായി കുഞ്ഞിനുള്ള ജൈവികബന്ധമെന്ന ക്വുര്‍ആന്‍ പരാമര്‍ശം വളര്‍ന്നു വലുതായ ശേഷമുള്ള മാതാപിതാക്കളോടുള്ള ബാധ്യതയെക്കുറിച്ച് ഓര്‍മപ്പെടുത്തുന്നതിനിടയിലാണ് കടന്നുവരുന്നത്. മുലകുടി പ്രായവും കുറഞ്ഞ ഗര്‍ഭകാലവും കൂടി മുപ്പത് മാസങ്ങളാണെന്ന ക്വുര്‍ആന്‍ പരാമര്‍ശം ശാസ്ത്രീയമായ കൃത്യത മാത്രമല്ല വൈകാരിക ബന്ധത്തിനുണ്ടാവേണ്ട ആഴവും വ്യക്തമാക്കുന്നതാണ്
0

Tuesday, September 19, 2017

ഇത് വിഡ്ഢിത്തമോ സൂപ്പര്‍ ഡിസൈനോ?

 ഒരു യാഥാസ്ഥികനായ യുക്തിവാദി പറയുക ഇത് പമ്പരവിഡ്ഢിത്തമാണെന്ന്.... അതിലൂടെ കടന്നുപോകുന്ന റോഡിനു വേണ്ടി ഇത്രയും എണ്ണം പൈപ്പുകള്‍ ഉയര്‍ത്തിത്താഴ്ത്തേണ്ടതില്ല. പകരം പൈപ്പിന് മുകളില്‍ റോഡ്‌ ഒരു വരമ്പ് പോലെ ഉയര്‍ത്തുകയോ, പൈപ്പില്‍ വാഹനങ്ങള്‍ കയറി ഇറങ്ങിയാല്‍ പൈപ്പിന്റി കേടുപാടുകള്‍ സംഭവിക്കുമെന്നുണ്ടെങ്കില്‍ ചെയൊരു പാലമോ  നിര്‍മ്മിച്ചാല്‍ തീരാവുന പ്രശ്നമേയുള്ളു. മാത്രമല്ല ഈ കമാനത്തിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്ക് ഹൈറ്റ് ലിമിറ്റ് പാലിക്കേണ്ടതുണ്ട്. റോഡ്‌ ഒരല്‍പം ഉയര്‍ത്തിയാല്‍ ആ പ്രശ്നവും പരിഹരിക്കപ്പെടും. ഇതായിരിക്കും ഡോകിന്‍സിയന്‍ ബുദ്ധിയുള്ള യുക്തിവാദിയുടെ കഴച്ചപ്പാട്.
എന്നാല്‍ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്. ഈ പൈപ്പിന് ഒഴിച്ചുകൂടാന്‍ പറ്റാത്ത എക്സ്പാന്‍ഷന്‍ ബെന്റ് വേണ്ട സ്ഥലത്ത് കൂടെ റോഡ്‌ ഡിസൈന്‍ ചെയ്യുകയാണ് ഇവിടെ ചെയ്തിരിക്കുന്നത്. അഥവാ സൂപ്പര്‍ ഡിസൈന്‍.

Saturday, June 10, 2017

അസ്ഥി രൂപീകരണം ഇസ്‌ലാം പറഞ്ഞതും ശാസ്ത്രം പറയുന്നതും

അസ്ഥി രൂപീകരണം ഇസ്‌ലാം പറഞ്ഞതും ശാസ്ത്രം പറയുന്നതും

മനുഷ്യശരീരത്തിന്റെ താങ്ങാണ് അസ്ഥിവ്യവസ്ഥ. ശരീരത്തിന് ആകൃതി നല്‍കുകയും അവയവങ്ങളെ ചലിപ്പിക്കുകയും ആന്തരികാവയവങ്ങളെ ബാഹ്യക്ഷതങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും അതിനെ മൊത്തത്തില്‍ താങ്ങി നിര്‍ത്തുകയും ചെയ്യുന്ന വ്യവസ്ഥ. ജനനസമയത്ത് കുഞ്ഞിന്റെ ശരീരത്തിലുള്ള മുന്നൂറോളം എല്ലുകള്‍ ഘട്ടംഘട്ടമായി രൂപപ്പെടുകയും മെല്ലെ കൂടിച്ചേര്‍ന്ന് അസ്ഥികൂടമായിത്തീരുകയും ചെയ്യുകയാണ്. ജനനത്തിന് മുമ്പ് പൂര്‍ണമായ വളര്‍ച്ച നേടിയതല്ല അസ്ഥിവ്യവസ്ഥ. മുന്നൂറോളം അസ്ഥികളുമായി ജനിക്കുന്നവരുടെ ശരീരത്തില്‍ പ്രായപൂര്‍ത്തിയാകുമ്പോള്‍ 206 അസ്ഥികളേ കാണൂ. പ്രസവാനന്തരവും അസ്ഥികൂടത്തിന്റെ പരിണാമം നടക്കുന്നതുകൊണ്ടാണിത്. ഗര്‍ഭസ്ഥശിശുവിന്റെ ശരീരത്തില്‍ രണ്ടും മൂന്നും അസ്ഥികളായി നിലനിന്നിരുന്ന പല അവയവങ്ങളിലെയും അസ്ഥികള്‍ അതിന്റെ വളര്‍ച്ചക്കനുസരിച്ച് ഒന്നായിത്തീരുന്നു. ഗര്‍ഭസ്ഥശിശുവിന് രണ്ടുമാസം പ്രായമുള്ളപ്പോള്‍ ആരംഭിക്കുന്ന അസ്ഥിവ്യൂഹത്തിന്റെ വളര്‍ച്ച പൂര്‍ത്തിയാകുന്നത് ഇരുപത്തിയഞ്ചാമത്തെ വയസ്സിലാണ്. മാറെല്ലുകളും (sternaum), കണ്‍ഠാസ്ഥികളും (clavi-cles), നട്ടെല്‍ഖണ്ഡങ്ങളും (vertebree) പൂര്‍ണ വളര്‍ച്ചയെത്തുന്നത് ജനിച്ച് കാല്‍നൂറ്റാണ്ടു കഴിയുമ്പോഴാണ്. ഗര്‍ഭസ്ഥ ശിശുവിന് ഏഴ് ആഴ്ച പ്രായമുള്ളപ്പോള്‍ തുടങ്ങി ഇരുപത്തിയഞ്ചാം വയസ്സിന്റെ സമ്പൂര്‍ണയുവത്വം വരെ നീളുന്ന ദീര്‍ഘമായ പ്രക്രിയയെയാണ് അസ്ഥിരൂപീകരണം അഥവാ ഓസിഫിക്കേഷന്‍ (Ossification) എന്നു വിളിക്കുന്നത്.

നാലുതരം അസ്ഥികളാണ് പ്രധാനമായുള്ളത്. കൈകാലുകളുടേത് പോലെയുള്ള നീണ്ട എല്ലുകള്‍ (long bones), കണങ്കയ്യിലും കണങ്കാലിലുമുള്ളതുപോലെയുള്ള കുറിയ എല്ലുകള്‍ (short bones), തലയോട്ടിയിലും വാരിയെല്ലുകളിലുമുള്ള പരന്ന എല്ലുകള്‍ (flat bones), നട്ടെല്ലിലേതു പോലെയുള്ള നിയതമല്ലാത്ത എല്ലുകള്‍ (irregular bones) എന്നിവയാണവ. നീണ്ടതും കുറിയതും നിയതമല്ലാത്തതുമായ എല്ലുകളുണ്ടാകുന്നത് ഏകദേശം ഒരേരൂപത്തിലാണ്. ആദ്യം തരുണാസ്ഥിയുണ്ടാവുകയും (cartilage) അത് എല്ലുകളായിത്തീരുകയും ചെയ്യുന്ന ഇവയുണ്ടാകുന്ന പ്രക്രിയയെയാണ് എന്‍ഡോ കോണ്‍ട്രല്‍ ഓസിഫിക്കേഷന്‍ (endochondral ossification) എന്നുവിളിക്കുന്നത്. തലയോട്ടിയിലെ പരന്ന എല്ലുകളും താടിയെല്ലുകളും കണ്ഠാസ്ഥിയുമുണ്ടാകുന്ന രണ്ടാമത്ത അസ്ഥിരൂപീകരണ രീതിയാണ് ഇന്‍ട്രാമെമ്പ്രെസ് ഓസിഫിക്കേഷന്‍ (intramembradous ossification). കോശകലങ്ങളില്‍ നിന്ന് നേര്‍ക്കുനേരെ എല്ലുകളുണ്ടാകുന്ന രീതിയാണിത്(1).

സിക്താണ്ഡം വിഭജിച്ച് വ്യത്യസ്ത ധര്‍മങ്ങളുള്ള  കലകളുണ്ടാവുന്നതിന്റെ മുന്നോടിയായി എക്‌റ്റൊഡേം (Ecdoderm), എന്‍ഡോടേണ്‍ (entoderm), മെസോഡേം (mesoderm) എന്നീ പാളികളുണ്ടായിത്തീരുന്നു. മെസോഡേമില്‍ നിന്നാണ് കണക്ടീവ് കല(Connective tissue) ഉണ്ടാകുന്നത്. കണക്ടീവ് കലയായ മെസന്‍കൈമല്‍ സ്റ്റെം കോശങ്ങളില്‍ (Mesenchymal stem cells-MSC) നിന്ന് അസ്ഥികോശങ്ങളായ ഓസ്റ്റിയോബ്ലാസ്റ്റുകളും (osteoblasts) തരുണാസ്ഥി കോശങ്ങളായ കോണ്‍ഡ്രോസൈറ്റുകളും (Chondrocytes) പേശീകോശങ്ങളായ മയോസൈറ്റുകളും (myocytes) കൊഴുപ്പ് കോശങ്ങളായ അഡിപോസൈറ്റുകളും (adipocytes) ഉണ്ടാകുന്നു. ഗര്‍ഭധാരണത്തിന്റെ മൂന്നാമത്തെ ആഴ്ച മുതല്‍ തന്നെ തരുണാസ്ഥി (Cartilage) രൂപീകരണത്തിന് തുടക്കം കുറിപ്പെടുന്നത് കോണ്‍ഡ്രോസൈറ്റുകളില്‍ നിന്നാണ്. നാഡീഫലകത്തിന് (neural plate) കീഴില്‍ മെസന്‍ കൈമല്‍ കോശങ്ങള്‍ നിരക്കുന്നതോടുകൂടി ആരംഭിക്കുന്ന തരുണാസ്ഥി നിര്‍മാണ പ്രക്രിയയെ കോണ്‍ഡ്രിഫിക്കേഷന്‍ (chondrification) അഥവാ കോണ്‍ഡ്രോജെനസിസ്  (chondrogenesis) എന്നാണ് വിളിക്കുന്നത്. മെസന്‍ കൈമല്‍ കലകളില്‍നിന്ന്, അവ കൂടിച്ചേര്‍ന്ന് കോണ്‍ഡ്രോബ്ലാസ്റ്റുകള്‍ (Chondroblasts) ഉണ്ടാകുന്നതോടുകൂടി തുടങ്ങി നിരവധി സങ്കീര്‍ണമായ പ്രക്രീയകളിലൂടെ കടന്നാണ് തരുണാസ്ഥിയുണ്ടാകുന്നത്. കോണ്‍ഡ്രിഫിക്കേഷന്‍ പ്രക്രിയയുടെ സങ്കീര്‍ണമായ ഘട്ടങ്ങള്‍ കടന്നുണ്ടാകുന്ന തരുണാസ്ഥികളില്‍ നിന്നാണ് പിന്നീട് പല എല്ലുകളുമുണ്ടാകുന്നത്. തരുണാസ്ഥിയില്‍ നിന്ന് അസ്ഥികള്‍ രൂപീകരിക്കുപ്പെടുന്ന പ്രക്രിയയാണ് എന്‍ഡോകോണ്‍ട്രല്‍ ഓസിഫിക്കേഷന്‍.

മനുഷ്യാസ്ഥികൂടത്തിലെ തലയോട്ടിക്കു കീഴിലുള്ള, കണ്ഠാസ്ഥി( clavicle)യൊഴിച്ചുള്ള പ്രധാനപ്പെട്ട എല്ലുകള്‍ എല്ലാമുണ്ടാകുന്നത് എന്‍ഡോ കോണ്‍ട്രല്‍ ഓസിഫിക്കേഷന്‍ വഴിയാണ്. ഹയാലിന്‍ തരുണാസ്ഥി(Hyaline cartilage)യില്‍ നിന്നാണ് ഭ്രൂണത്തിന്റെ ആറാഴ്ച കഴിഞ്ഞാല്‍ ഈ അസ്ഥികളുടെയെല്ലാം രൂപീകരണം ആരംഭിക്കുന്നത്. ഹയാലിന്‍ തരുണാസ്ഥിക്കു പുറമെ ചെറിയ രക്തധമനികള്‍ പറ്റിപ്പിടിക്കാനാരംഭിക്കുന്നതോടെയാണ് അസ്ഥിരൂപീകരണ പ്രക്രിയയുടെ തുടക്കം. മെസന്‍ കൈമല്‍ കോശങ്ങള്‍ തരണാസ്ഥികോശങ്ങളായ കോണ്‍ഡ്രോസൈറ്റുകളായിത്തീരുകയും അവയെ പൊതിഞ്ഞ് പെരികോണ്‍ട്രിയം (perichondrium) എന്ന സ്ഥരമുണ്ടാവുകയും ചെയ്തശേഷമാണ് പ്രസ്തുത സ്ഥരത്തിലേക്ക് രക്തധമനികള്‍ പറ്റിപ്പിടിച്ചു കയറുന്നത്. ഈ പെരികോണ്‍ട്രിയമാണ് ഘനീഭവിച്ച് അസ്ഥികള്‍ക്കു പുറമെയുള്ള ആവരണമായ പെരിയോസ്റ്റിയ(periosteum)മായിത്തീരുന്നത്. പെരികോണ്‍ട്രിയം പെരിയോസ്റ്റിയമായിത്തീരുന്നതോടെ പ്രാഥമിക അസ്ഥിരൂപീകരണകേന്ദ്രം (primary ossification centre) രൂപപ്പെടുന്നു. കോണ്‍ട്രോസൈറ്റുകളും തരുണാസ്ഥിയും വളര്‍ന്ന് അസ്ഥിയായിത്തീരുന്നതാണ് അടുത്തഘട്ടം. കോണ്‍ട്രോസൈറ്റുകളില്‍നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന ആല്‍ക്കലൈന്‍ ഫോസ്ഫിറ്റൈറ്റ് (alkaline phosphitate) ആണ് തരുണാസ്ഥിയെ കാല്‍സിഫിക്കേഷന്‍ (Calcification) നടത്തി ബലവത്താക്കിത്തീര്‍ക്കുന്നത്. കാല്‍സിഫിക്കേഷന്‍ കഴിഞ്ഞ് ബലവത്താകുന്നതോടെ രക്തചംക്രമണമില്ലാതാകുന്ന കോണ്‍ഡ്രോസൈറ്റ് കോശങ്ങള്‍ നശിക്കുകയും പെരികോണ്‍ട്രിയത്തിനകത്തെ കോശങ്ങള്‍ വിഭജിച്ച് ഓസ്റ്റിയോ ബ്ലാസ്റ്റുകള്‍ ഉണ്ടാവുകയും ചെയ്യുന്നു. അങ്ങനെയാണ് കാല്‍സിഫൈ ചെയ്യപ്പെട്ട തരുണാസ്ഥിക്കു പുറമെയുള്ള അസ്ഥിപ്പട്ട(Born Collar)യുണ്ടാകുന്നത്. ഈ അസ്ഥിപ്പട്ടയും കാല്‍സിഫൈ ചെയ്യപ്പെട്ട തരുണാസ്ഥിയും പെരിയോസ്റ്റിയത്തിലെ രക്തധമനികളുമെല്ലാം ചേര്‍ന്നാണ് പ്രാഥമിക അസ്ഥിരൂപീകരണകേന്ദ്രമുണ്ടാകുന്നത്. ഒരുവിധം എല്ലാ അസ്ഥികളുടെയും പ്രാഥമികരൂപീകരണകേന്ദ്രങ്ങള്‍ പന്ത്രണ്ടാമത്തെ ആഴ്ചയാകുമ്പോഴേക്ക് പൂര്‍ണമായി രൂപപ്പെട്ടിരിക്കും.  ഈ 
കോശങ്ങള്‍ ആധാരമാക്കിയാണ് ഇത്തരം അസ്ഥികളെല്ലാം വളര്‍ന്നുവരുന്നത്.(2)

മെസന്‍ കൈമല്‍ കോശങ്ങളില്‍ നിന്ന് നേരെ എല്ലുകളുണ്ടാവുന്ന പ്രക്രിയയാണ് ഇന്‍ട്രാമെംബ്രാനസ് ഓസിഫിക്കേഷന്‍ എന്ന് അറിയപ്പെടുന്നത്. തലയോട്ടിയിലെ പരന്ന അസ്ഥികളും കണ്ഠാസ്ഥിയുമുണ്ടാകുന്നത് ഈ പ്രക്രിയ വഴിയാണ്. മെസന്‍ കൈമല്‍ കോശങ്ങള്‍ ഒരുമിച്ചുകൂടി ഒരു പ്രത്യേക കൂട്ടമായിത്തീരുന്നതോടെയാണ് ഈ പ്രക്രിയയുടെ തുടക്കം. അവയില്‍ ചിലത് സൂക്ഷ്മനാഡികളും മറ്റു ചിലവ ഓസ്റ്റിയോ ബ്ലാസ്റ്റുകളുമായിത്തീരുന്നു. ഈ ഓസ്റ്റിയോ ബ്ലാസ്റ്റുകളില്‍ നിന്ന്, അവ ഒരുമിച്ചുകൂടിയാണ് അസ്ഥിരൂപീകരണ കേന്ദ്രമുണ്ടാകുന്നത്. പ്രസ്തുത കേന്ദ്രത്തെ ആധാരമാക്കി ഇത്തരം അസ്ഥികള്‍, വളര്‍ന്നു വരികയാണ് ചെയ്യുന്നത്. ആറാമത്തെ ആഴ്ച കഴിയുന്നതോടുകൂടിത്തന്നെ ഇത്തരം ഓസിഫിക്കേഷന്‍ കേന്ദ്രങ്ങള്‍ ഉണ്ടാകുവാന്‍ ആരംഭിച്ചിരിക്കും.

ഇന്‍ട്രോമെബ്രസ് ഓസിഫിക്കേഷന്‍ വഴിയുള്ള അസ്ഥിരൂപീകരണ കേന്ദ്രങ്ങളാണ് മനുഷ്യശരീരത്തില്‍ ആദ്യമായി ഉണ്ടാകുന്നത്. ആറാമത്തെ ആഴ്ച പൂര്‍ത്തിയാകുന്നതോടെത്തന്നെ കണ്ഠാസ്ഥിക്ക് നിമിത്തമായ രണ്ട് അസ്ഥിരൂപീകരണ കേന്ദ്രങ്ങള്‍ ഭ്രൂണത്തിലുണ്ടാവും. ഏഴാമത്തെ ആഴ്ചയുടെ തുടക്കത്തില്‍ തന്നെ ഭുജാസ്ഥിയുടെ (humerus) ഓസിഫിക്കേഷന്‍ കേന്ദ്രങ്ങള്‍ പ്രത്യക്ഷപ്പെടാനാരംഭിക്കും. മുഴംകയ്യിന്റെയും (radius) കൈതാങ്ങിന്റെയും (ulna) അസ്ഥികളുടെ കേന്ദ്രങ്ങളും രൂപപ്പെടുന്നത് ഏഴാമത്തെ ആഴ്ച തന്നെ. അടുത്ത ആഴ്ചകളിലായി മറ്റു എല്ലുകളുടെ രൂപീകരണ കേന്ദ്രങ്ങളുണ്ടാകും. ഈ സമയത്തു തന്നെയാണ് സോമൈറ്റുകളില്‍ നിന്ന് നട്ടെല്ലിന്റെ രൂപീകരണവും നടക്കുന്നത്. അഞ്ചാമത്തെയും ആറാമത്തെയും സോമൈറ്റുകള്‍ക്ക് ഇടയിലാണ് വളര്‍ന്നുവരുന്ന തലഭാഗത്തിന്റെയും നട്ടെല്ലിന്റെയും അതിര്‍ത്തി. പല്ലുകൊണ്ടു കടിച്ച മൃദുലമാംസത്തെപ്പോലെ തോന്നിക്കുന്ന ഈ സമയത്തെ ഭ്രൂണത്തിന്റെ ‘പല്ലടയാളങ്ങളാ’യ സോമൈറ്റുകള്‍ക്കകത്തെ കോശങ്ങള്‍ ഡെര്‍മറ്റോം (dermatome), മയോടോം (myotome), സ്‌കെളറോടോം (sclerotome) എന്നിങ്ങനെ മൂന്നായി പിരിയുകയും ഇതിലെ സ്‌കെളെറോറ്റോമില്‍നിന്ന് നട്ടെല്ല് വികസിച്ചുണ്ടാവുകയുമാണ് ചെയ്യുന്നത്.(3)

മുദ്അയില്‍ നിന്നാണ് എല്ലുകളുണ്ടാവുന്നതെന്നാണ് ഭ്രൂണവളര്‍ച്ചയെക്കുറിച്ചു പറയുമ്പോള്‍ ക്വുര്‍ആന്‍ വ്യക്തമാക്കുന്നത്.

”പിന്നെ ആ ബീജത്തെ നാം ഒരു ഭ്രൂണമായി രൂപപ്പെടുത്തി. അനന്തരം ആ ഭ്രൂണത്തെ നാം ഒരു മാംസപിണ്ഡമായി രൂപപ്പെടുത്തി. തുടര്‍ന്ന് നാം ആ മാംസപിണ്ഡത്തെ അസ്ഥികൂടമായി രൂപപ്പെടുത്തി. എന്നിട്ട് നാം അസ്ഥികൂടത്തെ മാംസം കൊണ്ടു പൊതിഞ്ഞു. പിന്നീട് മറ്റൊരു സൃഷ്ടിയായി നാം അവനെ വളര്‍ത്തിയെടുത്തു. അപ്പോള്‍ ഏറ്റവും നല്ല സൃഷ്ടികര്‍ത്താവായ അല്ലാഹു അനുഗ്രഹപൂര്‍ണനായിരിക്കുന്നു.” (23: 14)

ഗര്‍ഭസ്ഥശിശുവിന് അസ്ഥികളുണ്ടാകുവാനാരംഭിക്കുന്നത് നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണെന്ന് നബി (സ) പഠിപ്പിച്ചതായി അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്ന് ഇമാം മുസ്‌ലിം നിവേദനം ചെയ്തിട്ടുണ്ട്.
അബ്ദാഹി ബ്‌നുമസ്ഊദി(റ)ല്‍ നിന്ന്: നബി (സ) പറയുന്നത് ഞാന്‍ കേട്ടു: ‘ബീജത്തിന്‍മേല്‍ നാല്‍പത്തിരണ്ട് ദിവസം കഴിഞ്ഞാല്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. എന്നിട്ട് അവന്‍ അതിനെ രൂപപ്പെടുത്തുകയും, അതിന് കേള്‍വിയും കാഴ്ചയും ചര്‍മവും മാംസവും അസ്ഥിയും രൂപപ്പൈടുത്തുകയും ചെയ്യും. പിന്നീട് ആ മലക്ക് ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? അപ്പോള്‍ƒ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കും. മലക്ക് അത് രേഖപ്പെടുത്തും. പിന്നീട് മലക്ക് ചോദിക്കും: രക്ഷിതാവേ ഇവന്റെ‚ അവധി? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് പറയുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നെ മലക്ക് ചോദിക്കും: രക്ഷിതാവേ, ഇവന്റെ ഉപജീവനം? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് വിധിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് മലക്ക് തന്റെ‚കയ്യില്‍ ആ ഏടുമായി പോകും. കല്‍പിക്കപ്പെട്ടതിനേക്കാള്‍ വര്‍ദ്ധിപ്പിക്കുകയോ ചുരുക്കുകയോ ഇല്ല.'(4)

അസ്ഥിരൂപീകരണവുമായി ബന്ധപ്പെട്ട് ആധുനിക ശാസ്ത്രം സാങ്കേതികസഹായത്തോടെ നമുക്ക് നല്‍കുന്ന അറിവുകള്‍ ക്വുര്‍ആനും നബിവചനങ്ങളും നല്‍കുന്ന വിവരങ്ങളുമായി പൂര്‍ണമായും യോജിച്ചു വരുന്നവെന്ന വസ്തുത തന്നെയാണ് ഇവിടെയും നാം കാണുന്നത്. അസ്ഥിരൂപീകരണ പ്രക്രിയ അഥവാ ഓസിഫിക്കേഷന്‍ ആരംഭിക്കുന്നത് ആറ് ആഴ്ചകള്‍ക്കു ശേഷമാണെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണ് അസ്ഥികള്‍ ഉണ്ടാകുന്നതെന്നാണ് നബി (സ) പഠിപ്പിച്ചത്. കടിച്ച മാംസപിണ്ഡത്തെപ്പോലെ തോന്നിപ്പിക്കുന്ന സോമൈറ്റുകള്‍ നിറഞ്ഞ ഭ്രൂണഘട്ടത്തിനുശേഷമാണ് അസ്ഥിരൂപീകരണം നടക്കുന്നതെന്നും സോമൈറ്റുകളില്‍ നിന്നാണ് നട്ടെല്ലുണ്ടാകുന്നതെന്നും ശാസ്ത്രം നമുക്ക് പറഞ്ഞുതരുന്നു. കടിച്ച മൃദുലമാംസപിണ്ഡം എന്നു അര്‍ത്ഥം വരുന്ന മുദ്വ്അയില്‍ നിന്നാണ് ഇദ്വാഅ് (അസ്ഥികള്‍) ഉണ്ടാകുന്നതെന്ന് ക്വുര്‍ആന്‍ നമുക്ക് നല്‍കുന്ന വിവരം തന്നെയാണിത്. ക്വുര്‍ആനിക വിജ്ഞാനീയങ്ങളെല്ലാം ആധുനികശാസ്ത്രത്തിനുമുമ്പില്‍ അടിപതറാതെ നിലനില്‍ക്കുമെന്ന വസ്തുത ഇത് ഒരിക്കല്‍കൂടി വ്യക്തമാക്കുന്നു.

കുറിപ്പുകള്‍

1) Prasanna Bukka, Marc D. McKee and Andrew C. Karap: “Molecular Generation of Osteoblast Differentiation” , in Bone Formation by Felix Bronner& Mary C. Farach-Carson (Editors), Devon, 2003, Pages 1-17
2) Gary C. Schoenwolf PhD, Steven B. Bleyl MD PhD, Philip R. Brauer PhD, Philippa H. Francis-West PhD: Larsen’s Human Embryology, 5th Edition,London, 2014, Pages 172-191
3) Bodo Christ, Jörg Wilting: From somites to vertebral column, Annals of Anatomy, Anatomischer Anzeiger, Volume 174, Issue 1, February 1992, Pages 23-32, http://www.sciencedirect. com/
4) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ് 2645.

Friday, April 28, 2017

പാരമ്പര്യത്തിന്റെ സംപ്രേക്ഷണം: ഹദീഥിന്റെ കൃത്യത

 എം.എം. അക്്ബര്‍


ഒരു ജീവജാതിയില്‍പ്പെട്ട മാതാപിതാക്കള്‍ക്ക് അതേ ജീവജാതിയില്‍ തന്നെയുള്ള കുഞ്ഞുങ്ങളുണ്ടാവുന്നതും മനുഷ്യമക്കള്‍ക്ക് മാതാപിതാക്കളുടെയോ അമ്മായി-അമ്മാവന്‍മാരുടെയോ മുത്തശ്ശി-മുത്തശ്ശന്‍മാരുടെയോ ഛായയുണ്ടാവുന്നതുമെല്ലാം എന്തുകൊണ്ടാണെന്ന് പുരാതനകാലം തൊട്ടേ മനുഷ്യര്‍ ചിന്തിക്കുവാനാരംഭിച്ചിരുന്നതായി കാണാനാകും. പരമ്പരാഗത സ്വഭാവങ്ങളെക്കുറിച്ച് വീക്ഷണങ്ങളവതരിപ്പിച്ച ആദ്യകാലക്കാരില്‍ പ്രമുഖന്‍ പാശ്ചാത്യ ചികിത്സാശാസ്ത്രത്തിന്റെ പിതാവായി അറിയപ്പെടുന്ന ഹിപ്പോക്രാറ്റസാണ്. മാതൃശരീരത്തിന്റെയും പിതൃശരീരത്തിന്റെയും ശരീരാവയവങ്ങളില്‍നിന്ന് ഊര്‍ന്നിറങ്ങുന്ന സ്ത്രീ-പുരുഷ ബീജങ്ങള്‍ പ്രസ്തുത ശരീരഭാഗത്തിന്റെ പാരമ്പര്യവും വഹിക്കുമെന്നും അതാണ് സന്താനങ്ങള്‍ക്ക് മാതാവില്‍നിന്നും പിതാവില്‍നിന്നുമുള്ള പരമ്പരാഗത സ്വഭാവങ്ങള്‍ ലഭിക്കുവാന്‍ കാരണമെന്നുമാണ് അദ്ദേഹം സിദ്ധാന്തിച്ചത്. മാതാവിന്റെയോ പിതാവിന്റെയോ, ആരുടെ ശരീരഭാഗത്തുനിന്നാണ് ശക്തബീജമുണ്ടാകുന്നത് ആ ശരീരഭാഗം അയാളുടെ സ്വഭാവമായിരിക്കും പ്രകടിപ്പിക്കുക. കറുത്ത കണ്ണുള്ള മാതാവും നീലകണ്ണുള്ള പിതാവും രതിയിലേര്‍പ്പെടുമ്പോള്‍ പിതാവിന്റെ കണ്ണില്‍നിന്നുള്ള ബീജമാണ് ശക്തമെങ്കില്‍ കുഞ്ഞ് നീലക്കണ്ണനായിരിക്കുമെന്നര്‍ത്ഥം. മാതാപിതാക്കളുടെ ആര്‍ജ്ജിതസ്വഭാവങ്ങളും ഇങ്ങനെ മക്കളിലേക്കു പകരും. ഓട്ടക്കാരന്റെ മകന്‍ ഓട്ടക്കാരനും സംഗീതജ്ഞയുടെ മകള്‍ പാട്ടുകാരുമായിത്തീരുന്നത് ആര്‍ജ്ജിത സ്വഭാവങ്ങള്‍ ബീജത്തിലൂടെ അടുത്ത തലമുറയിലേക്ക് പകരുന്നതുകൊണ്ടാണെന്നാണ് ഹിപ്പോക്രാറ്റസ് സമര്‍ത്ഥിച്ചത്(1). ഇരുപതാം നൂറ്റാണ്ടുവരെ പ്രമുഖ ശാസ്ത്രജ്ഞരും തത്വജ്ഞാനികളുമെല്ലാം ശരിയെന്നു കരുതിയ ഈ സിദ്ധാന്തത്തിന്റെ ബീജങ്ങള്‍ തന്റെ മുന്‍ഗാമിയായ അസക്‌സാഗോറസില്‍ നിന്നാണ് ഹിപ്പോക്രാറ്റസിനു കിട്ടിയത് എന്നാണ് കരുതപ്പെടുന്നത്.
ഹിപ്പോക്രാറ്റസിന്റെ പാരമ്പര്യസിദ്ധാന്തം ശരിയല്ലെന്നു വസ്തുനിഷ്ഠമായി സമര്‍ത്ഥിക്കുവാന്‍ അടുത്ത തലമുറക്കാരനായ അരിസ്റ്റോട്ടില്‍ ശ്രമിച്ചുവെങ്കിലും അത് വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. മാതാവിന്റെയും പിതാവിന്റെയും ബീജങ്ങളാണ് നിര്‍ണയിക്കുന്നതെങ്കില്‍ മറ്റു ബന്ധുക്കളുടെ ഛായയുള്ള കുട്ടികള്‍ ജനിക്കുന്നതെങ്ങനെയെന്നാണ് അരിസ്റ്റോട്ടില്‍ ചോദിച്ചത്. ശരീരഭാഗങ്ങളില്‍ നിന്ന് ഊര്‍ന്നിറങ്ങുന്ന ബീജങ്ങളാണ് പ്രസ്തുത ശരീരഭാഗങ്ങളുടെ സ്വഭാവം മക്കളിലേക്ക് പകര്‍ന്നുനല്‍കുന്നതെങ്കില്‍ മുത്തശ്ശി-മുത്തശ്ശന്‍മാരുടെയോ അമ്മായി-അമ്മാവന്‍മാരുടെയോ ഛായയിലുള്ള മക്കള്‍ ഉണ്ടാവാന്‍ പാടില്ലല്ലോ. ആര്‍ജ്ജിത സ്വഭാവങ്ങള്‍ മക്കളിലേക്ക് പകരുകയില്ലെന്നതിന്റെ വ്യക്തമായ തെളിവായി അംഗവൈകല്യമുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന വികലാംഗനല്ലാത്ത സന്താനങ്ങളെ അരിസ്റ്റോട്ടില്‍ അവതരിപ്പിച്ചു. മാതൃ-പിതൃ ശരീരഭാഗങ്ങളില്‍നിന്ന് പകര്‍ന്നുകിട്ടുന്നതാണ് പാരമ്പര്യ സ്വഭാവങ്ങളെങ്കില്‍ മുടിനരച്ച മാതാപിതാക്കള്‍ക്കുണ്ടാവുന്ന മക്കള്‍ക്ക് മുടിനരയ്ക്കുവാനും കഷണ്ടിത്തലയന്‍മാരുടെ മക്കള്‍ക്കു കഷണ്ടിയുണ്ടാകുവാനും യുവത്വം കഴിയുന്നതുവരെ കാത്തുനില്‍ക്കേണ്ടി വരുന്നതെന്തു കൊണ്ടാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. മാതാപിതാക്കളുടെ രക്തത്തില്‍ പാരമ്പര്യവിവരങ്ങളടങ്ങിയ കണികകളുണ്ടെന്നും പ്രസ്തുത കണികകള്‍ മാതൃ-പിതൃ ബീജങ്ങളിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും അതിലൂടെ മക്കളിലേക്കു പകരുകയുമാണ് ചെയ്യുന്നതെന്നുമാണ് അരിസ്റ്റോട്ടില്‍ കരുതിയത്(2). പാരമ്പര്യത്തെക്കുറിച്ച ആധുനിക വീക്ഷണത്തോട് കൂടുതല്‍ പൊരുത്തപ്പെടുന്ന അരിസ്റ്റോട്ടിലിന്റെ ‘നേര്‍പകര്‍പ്പ് സിദ്ധാന്തം’ (blueprint theory) ഹിപ്പോക്രാറ്റസിന്റെ ‘ഇഷ്ടികയും ചുണ്ണാമ്പും’ (brick-and-mortar) സിദ്ധാന്തത്തിന്റെ പൊതുസമ്മിതിക്കുമുമ്പില്‍ ശ്രദ്ധിക്കപ്പെടാതെ പോയി(3). പത്തൊന്‍പതാം നൂറ്റാണ്ടില്‍ ചാള്‍സ് ഡാര്‍വിന്‍ മുന്നോട്ടുവെച്ച ‘പൂര്‍ണോല്‍പത്തി തത്വ'(Pangenesis)ത്തിന് അദ്ദേഹം അടിസ്ഥാനമായി സ്വീകരിച്ചത് ഹിപ്പോക്രാറ്റസിന്റെ സിദ്ധാന്തത്തെയാണ് എന്ന വസ്തുത അതിന്റെ സമ്മിതിയെ വെളിപ്പെടുത്തുന്നുണ്ട്. board-1709204_1280
മനുഷ്യാവസ്ഥകളെയും സ്വഭാവങ്ങളെയുമെല്ലാം പുനര്‍ജന്മ സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ വ്യാഖ്യാനിച്ച പുരാതന ഹിന്ദുക്കള്‍ പാരമ്പര്യമായി പകര്‍ന്നുകിട്ടുന്ന സ്വഭാവവിശേഷതകളിലെ നന്മകള്‍ക്കും തിന്മകള്‍ക്കുമെല്ലാം കാരണം മുജ്ജന്മ കര്‍മങ്ങളാണെന്നാണ് വിശ്വസിച്ചത്. ആയുര്‍വേദത്തിന്റെ അടിസ്ഥാനഗ്രന്ഥങ്ങളില്‍ പോലും കാണാന്‍ കഴിയുന്നത് മുജ്ജന്മ കര്‍മങ്ങളുടെ വെളിച്ചത്തില്‍ പാരമ്പര്യത്തെ നോക്കികാണുന്ന രീതിയാണ്. ക്രിസ്തുവിന് രണ്ടു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് രചിക്കപ്പെട്ട, ആയുര്‍വേദത്തിന്റെ രണ്ട് അടിസ്ഥാന ഗ്രന്ഥങ്ങളിലൊന്നായി പരിഗണിക്കപ്പെടുന്ന ചരകസംഹിതയില്‍ പാരമ്പര്യത്തെപ്പറ്റി പറയുന്നതു കാണുക: ‘എല്ലാ ഭ്രൂണങ്ങള്‍ക്കും ആകാശമൊഴികെയുള്ള നാലു മഹാഭൂതങ്ങളുമുണ്ടായിരിക്കും. മാതാവില്‍ നിന്നുള്ളത്, പിതാവില്‍ നിന്നുള്ളത്, പോഷകങ്ങളില്‍ നിന്നുള്ളത്, സ്വന്തം ആത്മാവില്‍ നിന്നുള്ളത് എന്നീ നാല് തലങ്ങളായാണ് അവയുണ്ടാകുന്നത്. ഈ നാല് തലങ്ങളുടെയും കാരണത്താല്‍ മാതാപിതാക്കളുടെ പൂര്‍വ കര്‍മങ്ങളിലെ പ്രബല കാര്യങ്ങളാണ് ശരീരപ്രകൃതിയുടെ ബാഹ്യസാദൃശ്യം തീരുമാനിക്കുക. പൂര്‍വ ജന്മമോ മുജ്ജന്മ കര്‍മങ്ങളോ ആണ് മാനസിക വ്യവഹാരങ്ങളുടെ സാദൃശ്യവും തീരുമാനിക്കുന്നത്'(4). മാതാവില്‍ നിന്നും പിതാവില്‍ നിന്നും ലഭിക്കുന്ന ബീജങ്ങളും അവരുടെ പൂര്‍വ കര്‍മങ്ങളും ഗര്‍ഭകാലത്ത് മാതാവിനു ലഭിക്കുന്ന പോഷണങ്ങളും ആത്മാവിന്റെ അവസ്ഥാന്തരങ്ങളുമാണ് പാരമ്പര്യമായി ലഭിക്കുന്ന ബാഹ്യസാദൃശ്യങ്ങളെയും സ്വഭാവഗുണങ്ങളെയുമെല്ലാം തീരുമാനിക്കുന്നതിന്റെ ആധാരമെന്നാണ് ആയുര്‍വേദത്തിന്റെ ആചാര്യന്‍മാര്‍ രണ്ടു സഹസ്രാബ്ദങ്ങള്‍ക്കു മുമ്പ് മനസ്സിലാക്കിയിരുന്നതെന്നര്‍ത്ഥം.
അരിസ്റ്റോട്ടിലിന്റെ വിമര്‍ശനങ്ങളെ പരിഗണിക്കാതെ, പാശ്ചാത്യലോകത്ത് മൂന്നു സഹസ്രാബ്ദത്തോളം കാര്യമായ ചോദ്യം ചെയ്യലുകളൊന്നുമില്ലാതെ  ഹിപ്പോക്രാറ്റസിന്റെ ഇഷ്ടികയും കുമ്മായവും  സിദ്ധാന്തം മുന്നോട്ടുവെച്ച പാരമ്പര്യത്തെക്കുറിച്ച വീക്ഷണങ്ങളാണ് നിലനിന്നത്. ഡമോക്രിറ്റസ്, ഗാലന്‍, ബാര്‍ത്തലോമിയസ് ആംഗ്ലിക്കസ്, മഹാനായ സെന്റ് ആല്‍ബര്‍ട്ട്, സെന്റ് തോമസ് അക്വിനാസ്, ക്രെസന്റിയസിലെ പത്രോസ്, പറാസെല്‍സസ്, ജെറോം കാര്‍ഡന്‍, ലെവിനസ് ലൊനിയസ്, വെനറ്റെ, ജോണ്‍ റെയ്, ബുഫോണ്‍, ബോണറ്റ്, മൗ പെര്‍ടിയസ്, വോണ്‍ ഹാളൂര്‍, ഹെര്‍ബര്‍ട്ട് സ്‌പെന്‍സര്‍ തുടങ്ങിയ പ്രഗല്‍ഭരെല്ലാം ഹിപ്പോക്രാറ്റസിന്റെ പാരമ്പര്യ സിദ്ധാന്തങ്ങളെയാണ് പിന്‍തുടര്‍ന്നതെന്ന് അമേരിക്കന്‍ ശാസ്ത്രചരിത്രകാരനും സസ്യശാസ്ത്രജ്ഞനുമായ കോണ്‍വായ് സിര്‍കെ നിരീക്ഷിക്കുന്നുണ്ട്(5). പത്താം നൂറ്റണ്ടില്‍ ജീവിച്ച, ശസ്ത്രക്രിയയുടെ പിതാവ് എന്നറിയപ്പെടുന്ന അറബ് ശാസ്ത്രജ്ഞനായ അന്തലൂസിയന്‍ ഭിഷഗ്വരന്‍, അബുല്‍ ഖാസിം അല്‍ സര്‍ഖാവി പാരമ്പര്യമായി പകരുന്ന ഹീമോഫീലിയ രോഗത്തെക്കുറിച്ച് പഠിക്കുകയും കാരണങ്ങള്‍ നിരീക്ഷിക്കുകയും ചെയ്തുവന്നതല്ലാതെ(6) പാരമ്പര്യ സ്വഭാവങ്ങളുടെ സംപ്രേഷണത്തെക്കുറിച്ച് കാര്യമായ പഠനങ്ങളൊന്നും അറബ് ലോകത്തും നടന്നതായി കാണുന്നില്ല.
ജീവപരിണാമ സിദ്ധാന്തത്തിന്റെ ആചാര്യനായ ചാള്‍സ് ഡാര്‍വിന്‍ പാരമ്പര്യത്തെ വിശദീകരിക്കുവാന്‍ ശ്രമിച്ചുവെങ്കിലും ഹിപ്പോക്രാറ്റസില്‍ നിന്ന് അല്‍പംപോലും മുന്നോട്ടുപോകാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല; പാരമ്പര്യത്തെക്കുറിച്ച ഡാര്‍വീനിയന്‍ വീക്ഷണങ്ങളുടെ ആകെത്തുകയായ പൂര്‍ണോല്‍പത്തി തത്വം (Pangenesis) വിവരിക്കുന്ന ‘ഇണക്കിയെടുക്കലിന് കീഴിലുള്ള ജന്തുക്കളുടെയും സസ്യങ്ങളുടെയും വ്യതിയാനം’ (The Variation of Animals and Plants under Domestication) എന്ന ഗ്രന്ഥം പുറത്തുവന്നത് 1868 ജനുവരി മാസത്തിലാണ്. തന്റെ മാസ്റ്റര്‍ പീസായ ‘ജീവജാതികളുടെ ഉത്ഭവ’ത്തിന് (The Origin Of Species) ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് പാരമ്പര്യത്തെക്കുറിച്ച് ഡാര്‍വിന്‍ എഴുതുന്നത് എന്നര്‍ത്ഥം. ജീവകോശങ്ങളിലെല്ലാം ജെമ്യൂളുകള്‍ (gemmules) എന്ന സൂക്ഷ്മകണങ്ങള്‍ പാരമ്പര്യ വാഹകരായി വിതറപ്പെട്ടിരിക്കുകയാണെന്നും ഓരോ അവയവങ്ങളിലെയും ജെമ്യൂളുകള്‍ പ്രസ്തുത അവയവസംബന്ധിയായ പാരമ്പര്യം വഹിക്കന്നവയാണെന്നും ജീവിയുടെ ഭൗതിക സാഹചര്യങ്ങളിലുണ്ടാകുന്ന മാറ്റങ്ങള്‍ ജെമ്യൂളുകളില്‍ മാറ്റങ്ങളുണ്ടാക്കുകയും അവ അടുത്ത തലമുറയിലേക്കു പകര്‍ന്ന് ജീവിവര്‍ഗങ്ങളില്‍ പരിണാമം സംഭവിക്കുമെന്നുമാണ് ഡാര്‍വിന്‍ സമര്‍ത്ഥിക്കുന്നത്(7). ഹിപ്പോക്രാറ്റസിന്റെ ഇഷ്ടികയും കുമ്മായവും സിദ്ധാന്തത്തെ പൊടിതട്ടിയെടുത്ത്, സാഹചര്യങ്ങളില്‍ നിന്ന് ജീവി ആര്‍ജ്ജിച്ചെടുക്കുന്ന അനുകൂലനങ്ങള്‍ അടുത്ത തലമുറയിലേക്ക് ജെമ്യൂളുകളിലൂടെ പകരുന്നുവെന്ന്  വരുത്തിതീര്‍ക്കുകയും അതുവഴി പ്രകൃതി നിര്‍ദ്ധാരണത്തിലൂടെ പരിണാമമെന്ന തന്റെ സിദ്ധാന്തം സമര്‍ത്ഥിക്കുവാന്‍ ശ്രമിക്കുകയുമാണ് അദ്ദേഹം ചെയ്യുന്നത്. ആര്‍ജ്ജിത സ്വഭാവങ്ങള്‍ ജെമ്യൂളുകളിലൂടെ തലമുറയിലേക്ക് പകരുമെന്ന ഡാര്‍വിന്റെ വാദം തെളിയിക്കപ്പെട്ടാല്‍ പ്രകൃതി നിര്‍ധാരണ തത്വത്തിന്റെ സ്വീകാര്യതക്ക് അതു നിമിത്തമാകുമെന്നു കരുതി പൂര്‍ണോല്‍പത്തി തത്വം തെളിയിക്കാനായി നിരവധി പരീക്ഷണങ്ങള്‍ നടന്നുവെങ്കിലും അവയെല്ലാം വിപരീത ഫലങ്ങളാണ് നല്‍കിയത്. ആദ്യം ഡാര്‍വിന്റെ മാതുലനായ ഫ്രാന്‍സിസ് ഗാര്‍ട്ടണും പിന്നീട് കാള്‍ പിയേഴ്‌സണുമെല്ലാം പൂര്‍ണോല്‍പത്തി തത്വത്തിന് ഗണിതകൃത്യത വരുത്താന്‍ ശ്രമിച്ചു പരാജയപ്പെട്ടവരാണ്. എലി തലമുറകളുടെ വാലുകള്‍ മുറിച്ച് 1883ല്‍ ആഗസ്ത് വീസ്മാന്‍ നടത്തിയ പരീക്ഷണങ്ങളും ഡാര്‍വിന്റെയും ലാമാര്‍ക്കിന്റെയും ആര്‍ജ്ജിത സ്വഭാവങ്ങള്‍ അടുത്ത തലമുറകളിലേക്കു പകരുമെന്ന ആശയത്തെ സ്ഥാപിക്കാനുദ്ദേശിച്ചുകൊണ്ടുള്ളവയായിരുന്നു. തന്റെ പരീക്ഷണങ്ങള്‍ നല്‍കുന്ന വിവരം ആര്‍ജ്ജിത സ്വഭാവങ്ങള്‍ അടുത്ത തലമുറയിലേക്ക് പകരുകയില്ലെന്നാണ് എന്നു മനസ്സിലായപ്പോഴാണ് വീസ്മാന്‍, അണ്ഡ-ബീജ കോശങ്ങളിലൂടെ മാത്രമാണ് പാരമ്പര്യം സംപ്രേഷണം ചെയ്യപ്പെട്ടതെന്ന് പ്രഖ്യാപിക്കുന്ന ‘പാരമ്പര്യത്തിന്റെ ജേം പ്ലാസം സിദ്ധാന്തം’ (germ plasm theory of inheritance) രൂപീകരിച്ചത്(8).
ഓസ്ട്രിയന്‍ പുരോഹിതനായ ഗ്രിഗര്‍ മെന്‍ഡല്‍ 1856നും 1863നുമിടയ്ക്ക് തന്റെ തോട്ടത്തിലെ പയര്‍ ചെടികളില്‍ നടത്തിയ പരീക്ഷണങ്ങളിലൂടെ ആവിഷ്‌ക്കരിച്ച പാരമ്പര്യത്തിന്റെ അടിസ്ഥാന നിയമങ്ങളാണ് ആധുനിക ജനിതകത്തിന്റെ അടിത്തറയായിത്തീര്‍ന്നത്. ചെടിയുടെ നീളം, പൂവിന്റെ നിറം, വിത്തിന്റെ ആകൃതി, വിത്തിന്റെ നിറം, പുറംതോടിന്റെ രൂപം, പൂവിന്റെ സ്ഥാനം എന്നിവ വ്യത്യസ്തങ്ങളായ പയര്‍ ചെടികളില്‍ സ്വയം പരാഗണവും പരപരാഗണവും നടത്തി അദ്ദേഹം കണ്ടെത്തിയ ‘പാരമ്പര്യത്തിന്റെ മെന്‍ഡലിയന്‍ നിയമങ്ങളാ’ണ് പില്‍ക്കാലത്ത് ബൃഹത്തായ ശാസ്ത്രശാഖയായിത്തീര്‍ന്ന ജനിതകത്തിന്റെ അടിസ്ഥാന തത്വങ്ങള്‍. അറിയപ്പെട്ട ജീവശാസ്ത്രജ്ഞനായിരുന്നില്ല ഗ്രിഗര്‍ മെന്‍ഡല്‍. അതുകൊണ്ടു തന്നെ താനുണ്ടാക്കിയ പാരമ്പര്യ നിയമങ്ങള്‍ തന്റെ ജീവിതകാലത്ത് അംഗീകരിക്കപ്പെടുന്നതു കാണാന്‍ അദ്ദേഹത്തിന് ഭാഗ്യമുണ്ടായില്ല. 1884ലാണ് മെന്റലിന്റെ മരണം. അതുകഴിഞ്ഞ് പതിനാലു വര്‍ഷങ്ങള്‍ക്കുശേഷം 1900ത്തിലാണ് ഹ്യൂഗോ ഡിപ്രീസ്, കാള്‍ കോറല്‍സ്, എറിക് വോണ്‍ സെര്‍വെക്ക് എന്നിവര്‍ ചേര്‍ന്നു പാരമ്പര്യത്തിന്റെ മെന്‍ഡലിയന്‍ നിയമങ്ങള്‍ ലോകത്തിനുമുന്നിലവതരിപ്പിച്ചത്. പാരമ്പര്യവാഹികളായ ജീനുകളെയും അവയെ വഹിക്കുന്ന ക്രോമസോമുകളെയും കുറിച്ച് പഠിക്കുന്ന ബൃഹത്തായ ശാസ്ത്രശാഖയായ ജനിതക ശാസ്ത്ര(genetics)ത്തിന്റെ പിതാവായ ഗ്രിഗര്‍ മെന്‍ഡല്‍ തന്റെ ജീവിതകാലത്തൊരിക്കലും പ്രസ്തുത ശാസ്ത്രശാഖയെപ്പറ്റി കേട്ടിട്ടു പോലുമില്ല എന്നര്‍ത്ഥം. മെന്റലിന്റെ ഒന്നാം നിയമം ‘ജീനുകളുടെ വിഭാഗീകരണ നിയമം’ (law of segregation of genes) എന്നും രണ്ടാം നിയമം ‘സ്വതന്ത്രമായ കൂടിച്ചേരലിന്റെ നിയമം’ എന്നും (law of independent assortment) എന്നും മൂന്നാം നിയമം ‘അധീശത്വത്തിന്റെ നിയമം’ (law of dominance) എന്നുമുള്ള പേരുകളില്‍ ജനിതകമെന്ന അതിബൃഹത്തായ ശാസ്ത്രശാഖയുടെ അടിസ്ഥാന നിയമങ്ങളായി ഇന്ന് അറിയപ്പെടുന്നു(9).
ജീവകോശങ്ങളുടെ ന്യൂക്ലിയസ്സിനകത്ത് ജോഡികളായി ചുരുങ്ങി കിടക്കുന്ന ഡി.എന്‍.എ വാഹിയാണ് ക്രോമസോം. വ്യത്യസ്ത ജീവികള്‍ക്ക് വ്യത്യസ്ത എണ്ണം ക്രോമസോമുകളാണ് കോശ കേന്ദ്രത്തിലുണ്ടാവുക. മനുഷ്യകോശത്തില്‍ നാല്‍പത്തിയാറ്  -23 ജോഡി- ക്രോമസോമുകളാണുണ്ടാവുക. മനുഷ്യക്രോമസോമിലുള്ള അമ്പത് കോടി വരെ വരാവുന്ന ഡി.എന്‍.എ ജോഡികളില്‍ ആയിരക്കണക്കിന് ജീനുകളുണ്ടായിരിക്കും. ഏതെങ്കിലുമൊരു ചുമതല വഹിക്കുന്ന ഡി.എന്‍.എ ഭാഗമാണ് ജീന്‍. ഓരോ ജീനും ഓരോ സ്വഭാവത്തെ കുറിക്കുന്നു. ഏതെങ്കിലുമൊരു സ്വഭാവത്തിന് നിദാനമായ ഡി.എന്‍.എ മേഖലയുള്‍ക്കൊള്ളുന്ന പാരമ്പര്യത്തിന്റെ തന്‍മാത്ര യൂണിറ്റാണ് ജീന്‍ എന്നുപറയാം. ന്യൂക്ലിയോടൈഡുകളാല്‍ നിര്‍മിക്കപ്പെട്ട ഡി.എന്‍.എ യുടെ ഒരു സ്ഥാനമാണത്. ജീവികളുടെയെല്ലാം ബാഹ്യവും ആന്തരികവുമായ സവിശേഷതകള്‍ക്ക് നിദാനമായ ഓരോ ജീനുകള്‍ ഉണ്ടായിരിക്കും. കണ്ണിന്റെ നിറം രേഖപ്പെടുത്തിയ ജീനും രക്തഗ്രൂപ്പ് രേഖപ്പെടുത്തിയ ജീനും ഓരോ കോശത്തിന്റെയും ന്യൂക്ലിയസ്സിനകത്തൂണ്ടാവുമെന്ന് ഉദാഹരണമായി പറയാം. വ്യത്യസ്ത സ്വഭാവങ്ങള്‍ രേഖപ്പെടുത്തപ്പെട്ട ഇരുപതിനായിരത്തോളം ജീനുകള്‍ മനുഷ്യകോശങ്ങളിലുണ്ട്. മുന്നൂറ് കോടിയോളം വരുന്ന ഡി.എന്‍.എ ജോഡികളാല്‍ നിര്‍മിക്കപ്പെട്ട ഇരുപതിനായിരത്തോളം ജീനുകളെ വഹിക്കുന്ന നാല്‍പത്തിയാറു -23 ജോഡി- ക്രോമസോമുകളിലാണ് നമ്മുടെയെല്ലാം ബാഹ്യവും ആന്തരികവുമായ സ്വഭാവങ്ങള്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത് എന്നര്‍ത്ഥം.
ജീവിയുടെ നിരീക്ഷണയോഗ്യമായ ഏതെങ്കിലുമൊരു സവിശേഷതയെ ഫീനോടൈപ്പ് (phenotype) എന്നും പ്രസ്തുത സവിശേഷതക്ക് നിദാനമായ ജനിതക സംഭാവനയെ ജീനോടൈപ്പ് (genotype) എന്നുമാണ് പറയുക. ലൈംഗിക പ്രത്യുല്‍പാദനം നടത്തുന്ന ജീവികളിലെല്ലാം തന്നെ ഏതെങ്കിലുമൊക്കെ സവിശേഷതക്ക് ഉപോല്‍ബലകമായ രണ്ടു ജീനുകള്‍ ഉണ്ടായിരിക്കും; പിതാവില്‍ നിന്നുള്ളതും മാതാവില്‍ നിന്നുള്ളതും. ഒരേ സവിശേഷതക്ക് നിമിത്തമായ ചെറിയ വ്യത്യാസങ്ങളോടുകൂടിയ ഇത്തരം ജീനുകളെ അല്ലീലുകള്‍ (alleles) എന്നാണ് വിളിക്കുക. ഒരു സവിശേഷതക്ക് നിദാനമായ രണ്ട് അല്ലീലുകളിലൊന്ന് പ്രത്യക്ഷവും (dominant) മറ്റേത് അപ്രത്യക്ഷവു(recessive)മായിരിക്കും. ഒരു സവിശേഷതയുടെ പ്രത്യക്ഷമായ അല്ലീല്‍ ഏതാണോ അതായിരിക്കും ആ സവിശേഷതയുടെ ഫീനോടൈപ്പ്. കണ്ണിന്റെ നിറം ഉദാഹരണമായിട്ടെടുക്കുക. യഥാര്‍ത്ഥത്തില്‍ കണ്ണിന്റെ നിറം തീരുമാനിക്കുന്നതിനു പിന്നില്‍ വ്യത്യസ്തങ്ങളായ ജീനുകളുണ്ടെങ്കിലും പഠനത്തിനായി ഒരൊറ്റ ജീനായി പരിഗണിക്കുക. മാതാവില്‍ നിന്ന് കണ്‍നിറം നീലയെന്ന ജീനും, പിതാവില്‍നിന്ന് കണ്‍നിറം കറുപ്പെന്ന ജീനുമാണ് ബീജങ്ങളിലൂടെ സിക്താണ്ഡത്തിലെത്തിയതെന്നു സങ്കല്‍പിക്കുക. അങ്ങനെയുണ്ടാകുന്ന കുഞ്ഞിന്റെ കോശങ്ങളിലെല്ലാം കണ്ണു നിറത്തെക്കുറിച്ച ജീനില്‍ കറുപ്പ്, നീല എന്നീ അല്ലീലുകള്‍ ഉണ്ടായിരിക്കും. കണ്ണിന്റെ ഫീനോടൈപ്പ് കറുപ്പാണെങ്കില്‍ കണ്‍നിറത്തിന് ഉപോല്‍ബലകമായ ജീനോടൈപ്പില്‍ കറുപ്പ് പ്രത്യക്ഷവും നീല അപ്രത്യക്ഷവുമായിരിക്കും. ഒരേ സവിശേഷതക്ക് നിദാനമായ അല്ലീലുകളില്‍ ഏതാണോ പ്രത്യക്ഷം ആ സ്വഭാവമാണ് ജീവിയുടെ ഫീനോടൈപ്പായി പ്രത്യക്ഷപ്പെടുകയെന്നു സാരം.
ഒരേ സവിശേഷതയുടെ രണ്ട് അല്ലീലുകളും യാതൊരു വ്യത്യാസവുമില്ലാതെ സമാനമാണെങ്കില്‍ പ്രസ്തുത സവിശേതയുടെ കാര്യത്തില്‍ കോശം ഹോമോസൈഗസ് (homozygous) ആണെന്നാണ് പറയുക. കണ്‍നിറമെന്ന സവിശേഷതയുടെ കാര്യത്തില്‍ പിതാവില്‍നിന്നും മാതാവില്‍നിന്നും ലഭിച്ച അല്ലീലുകള്‍ കറുപ്പിനെ കുറിക്കുന്നതാണെങ്കില്‍ ആദിമകോശമായ സിക്താണ്ഡവും അത് വിഭജിച്ചുണ്ടാകുന്ന കോശങ്ങളുമെല്ലാം ഹോമോസൈഗസായിരിക്കും. ഒരേ സവിശേഷതയുടെ രണ്ട് അല്ലീലുകള്‍ വ്യത്യസ്തമാണെങ്കില്‍ അത്തരം കോശങ്ങളെ ഹെട്രോസൈഗസ് (heterozygous) എന്നാണ് വിളിക്കുക. പിതാവില്‍ നിന്ന് കറുപ്പും മാതാവില്‍ നിന്ന് നീല അല്ലീലുകളുമാണ് കണ്‍നിറത്തിനു ലഭിച്ചതെങ്കില്‍ സിക്താണ്ഡവും കോശങ്ങളുമെല്ലാം ഹെട്രോസൈഗസായിരിക്കും. ഒരു സ്വഭാവത്തിന്റെ ഒരേയൊരു അല്ലീല്‍ മാത്രമേ കോശത്തിലുള്ളുവെങ്കില്‍ അതിനെ ഹെമിസൈഗസ് (hemezygous) എന്നാണ് വിളിക്കുക. ലിംഗക്രോമസോമായ Xഉമായി ബന്ധപ്പെട്ട ജീനുകള്‍ ഒരെണ്ണമേ പുരുഷനില്‍ ഉണ്ടാകൂയെന്നതിനാല്‍ അവയുടെ കാര്യത്തില്‍ കോശം ഹെമിസൈഗസായിരിക്കും(10).
ജീനുകളിലൂടെ പാരമ്പര്യ സ്വഭാവങ്ങള്‍ മക്കളിലേക്ക് പകരുന്നതെങ്ങനയെന്ന് മനസ്സിലാക്കുവാന്‍ കണ്‍നിറമെന്ന സവിശേഷതയുടെ കാര്യത്തില്‍ ഹോമോസൈഗസ് ആയ ഇണകളെ ഉദാഹരണമായി എടുക്കുക. കണ്‍നിറം കറുപ്പ് എന്ന ഫീനോടൈപ്പിന് ഉപോല്‍ബലകമായ ജീനോടൈപ്പിലെ രണ്ട് അല്ലീലുകളും കറുപ്പ് എന്ന സവിശേഷതയെ വഹിക്കുന്ന ജീനുകളുള്ള പുരുഷന്‍. രണ്ട് അല്ലീലുകളും പ്രത്യക്ഷമായതിനാല്‍ അവയെ AA എന്നു പ്രതിനിധീകരിക്കാം. കണ്‍നിറം നീലയെന്ന ഫീനോടൈപ്പിനു ഉപോല്‍ബലകമായ ജീനോടൈപ്പിലെ രണ്ട് അല്ലീലുകളും നീലയെന്ന സവിശേഷതയെ വഹിക്കുന്ന ജീനുകളുള്ള സ്ത്രീ. അവിടെയും രണ്ട് അല്ലീലുകള്‍ പ്രത്യക്ഷമാണ് എന്ന നിലയില്‍ അവയെ BB എന്നു പ്രതിനിധീകരിക്കാം. സ്വാഭാവികമായും കുഞ്ഞിനുലഭിക്കുന്നത് പിതാവില്‍ നിന്ന് Aയും മാതാവില്‍ നിന്ന് Bയും ആയിരിക്കും. ലിംഗകോശങ്ങളുണ്ടാകുന്ന ഊനഭംഗ (mitosis) കോശവിഭജനത്തിലൂടെ ഒരു അല്ലീല്‍ വീതമാണ് പിതാവില്‍ നിന്നും മാതാവില്‍നിന്നും കുഞ്ഞിനു ലഭിക്കുകയെന്നതു കൊണ്ടാണിത്. സിക്താണ്ഡത്തിന് പിതാവില്‍ നിന്നു ലഭിച്ച Aയും മാതാവില്‍നിന്നു ലഭിച്ച Bയും വ്യത്യസ്ത സവിശേഷതകളെ കുറിക്കുന്നതായതിനാല്‍ രണ്ടും കൂടി പ്രത്യക്ഷമാവുകയില്ല. ഒരേസമയം തന്നെ കറുപ്പും നീലയും കണ്ണുണ്ടാവുക സാധ്യമല്ലല്ലോ. കറുപ്പ് എന്ന സവിശേഷതയുടെ ജീന്‍ പ്രത്യക്ഷവും നീലയുടെ ജീന്‍ അപ്രത്യക്ഷവുമായ അതിന്റെ ജീനോടൈപ്പിനെ Ab എന്നാണ് പ്രതിനിധീകരിക്കുക. വലിയ അക്ഷരം പ്രത്യക്ഷത്തെയും ചെറിയ അക്ഷരം അപ്രത്യക്ഷത്തെയും കുറിക്കുന്നു. കണ്ണ് കറുത്തതാണെങ്കിലും നീലയാകുന്നതിനുള്ള ജീന്‍ കോശത്തിനകത്ത് സുഷുപ്തിയിലുണ്ടെന്നാണ് ഇതിനര്‍ത്ഥം. ഇങ്ങനെ സുഷുപ്തിയിലായ ജീന്‍ അടുത്ത തലമുറയിലോ അതിനടുത്ത തലമുറയിലോ പ്രത്യക്ഷമായിത്തീരുമ്പോള്‍ അതിന് ഉപോല്‍ബലകമായ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുന്നു. കറുത്ത കണ്ണുള്ള മാതാപിതാക്കള്‍ക്ക് ജനിക്കുന്ന കുഞ്ഞിന് ചിലപ്പോള്‍ നീല കണ്ണുണ്ടാവുന്നത് മാതാവിലോ പിതാവിലോ സുഷുപ്താവസ്ഥയിലായിരുന്ന നീലക്കണ്‍ജീന്‍ അവസരമുണ്ടായപ്പോള്‍ പ്രത്യക്ഷമാകുന്നതുകൊണ്ടാണ്.
Ab ജീനോടൈപ്പുള്ള രണ്ടുപേര്‍ വിവാഹിതരായെന്നു കരുതുക. രണ്ടുപേരുടെയും കണ്ണുകള്‍ കറുത്തതാണ്. പിതാവിലും മാതാവിലും സുഷുപ്തിയിലായതിനാല്‍ അപ്രത്യക്ഷമായ B ജീനാണ് രണ്ടുപേരില്‍ നിന്നും കുഞ്ഞിന് ലഭിക്കുന്നതെങ്കില്‍ അതിന്റെ ജീനോടൈപ്പ് BB ആയിരിക്കും. കറുപ്പിനെ പ്രകടിപ്പിക്കുന്ന അല്ലീലുകള്‍ മാത്രമേയുള്ളുവെന്നതിനാല്‍ കണ്‍നിറമെന്ന സവിശേഷതയുടെ കാര്യത്തില്‍ സിക്താണ്ഡവും കോശങ്ങളുമെല്ലാം ഹോമോസൈഗസായിരിക്കും. കുഞ്ഞിന്റെ കണ്‍നിറം നീലയായിരിക്കുമെന്നു പറയേണ്ടതില്ലല്ലോ. പിതാവില്‍ നിന്ന് Aയും മാതാവില്‍നിന്ന് Bയും ലഭിക്കുകയും മാതാവില്‍നിന്നുള്ള B അപ്രത്യക്ഷമാവുകയും ചെയ്താലും കുഞ്ഞിന്റെ കണ്‍നിറം നീലയായിരിക്കും. അപ്പോള്‍ അതിന്റെ ജീനോടൈപ്പ് Baയെന്നാണ് പ്രതിനിധീകരിക്കുക. അണ്ഡത്തിലെയോ ബീജത്തിലെയോ ഏത് ജീനാണ് പ്രത്യക്ഷമാവുന്നത് എന്നതിനനുസരിച്ചാണ് കുഞ്ഞിന്റെ സ്വഭാവങ്ങളോരോന്നും നിര്‍ണയിക്കപ്പെടുന്നത് എന്നര്‍ത്ഥം(11).
പുരുഷബീജവും അണ്ഡവും കൂടിച്ചേര്‍ന്ന് സിക്താണ്ഡമുണ്ടാകുമ്പോള്‍ രണ്ട് അര്‍ധ കോശങ്ങളാണല്ലോ ഒരുമിക്കുന്നത്. 23 ക്രോമസോമുകള്‍ വീതമുള്ള അണ്ഡവും ബീജവും കൂടിച്ചേര്‍ന്നു 23 ജോഡികള്‍ അഥവാ 46 ക്രോമസോമുകളുണ്ടാവുന്നതോടൊപ്പം തന്നെ ഓരോ ക്രോമസോമിലുമുള്ള ജീനുകളുടെ അല്ലീലുകളും ഇണകളായിത്തീരുന്നുണ്ട്.ഒരേ സവിശേഷതയുമായി ബന്ധപ്പെട്ട ജീന്‍ അല്ലീലുകള്‍ ഇണകളായിത്തീരുമ്പോഴാണ് ഏതാണ് പ്രത്യക്ഷമെന്നും ഏതാണ് അപ്രത്യക്ഷമെന്നും തീരുമാനിക്കപ്പെടുന്നത്. മാതൃസ്രവത്തിലുള്ള ജീന്‍ അല്ലീലാണ് പ്രത്യക്ഷമെങ്കില്‍ മാതാവിന്റെയോ മാതൃസഹോദരങ്ങളുടെയോ സവിശേഷതയാണ് കുഞ്ഞില്‍ പ്രകടമാവുക. പിതൃസ്രവത്തിലുള്ള ജീന്‍ അല്ലീലാണ് പ്രത്യക്ഷമെങ്കില്‍ പിതാവിന്റെയോ പിതൃസഹോദരങ്ങളുടെയോ സവിശേഷതയാണ് പ്രകടമാവുക. പിതൃസഹോദരന്റെ കണ്ണും മാതൃസഹോദരിയുടെ മൂക്കുമായി കുഞ്ഞ് ജനിക്കുന്നത് ബീജസങ്കലന സന്ദര്‍ഭത്തില്‍ നടക്കുന്ന ജീനുകളുടെ പ്രത്യക്ഷീകരണം (dominance) വഴിയാണ്. കണ്ണുമായി ബന്ധപ്പെട്ട പ്രപിതാവില്‍നിന്നു കിട്ടിയ ജീന്‍ പിതാവില്‍ അപ്രത്യക്ഷവും പിതൃസഹോദരനില്‍ പ്രത്യക്ഷവുമായിരിക്കുകയും പിതാവില്‍ അപ്രത്യക്ഷമായ പ്രസ്തുത ജീന്‍ മകനില്‍ പ്രത്യക്ഷമാവുകയും ചെയ്യുന്നതുകൊണ്ടുമാണ് പിതൃസഹോദരന്റെ കണ്ണുമായി കുഞ്ഞ് ജനിക്കുന്നത്. കുഞ്ഞിന്റെ ഏതു സവിശേഷത എടുത്താലും അത് പിതൃസഹോദരങ്ങളിലോ മാതൃസഹോദരങ്ങളിലോ ഉള്ളതായിരിക്കും. ബീജസങ്കലന സമയത്തെ സ്രവങ്ങളിലുള്ള ജീനുകളുടെ പ്രത്യക്ഷീകരണം വഴി സംഭവിക്കുന്നതാണിത്.
പാരമ്പര്യ സ്വഭാവങ്ങളുടെ സംപ്രേഷണത്തെപ്പറ്റി ക്വുര്‍ആനില്‍ വ്യക്തമായ പരാമര്‍ശങ്ങളൊന്നുമില്ല. സ്വഹീഹു മുസ്‌ലിമിലെ കിതാബുല്‍ ഹയ്ദിലുള്ള സ്ത്രീയുടെ സ്രവത്തെക്കുറിച്ച ഒരു നബിവചനത്തില്‍ പാരമ്പര്യത്തെക്കുറിച്ച കൃത്യവും വ്യക്തവുമായ സൂചനകളുണ്ട്. പ്രസ്തുത ഹദീഥിന്റെ സാരം ഇങ്ങനെയാണ്:
”(നബി(സ)യോട് ചോദിക്കപ്പെട്ടു:) സ്വപ്‌നസ്ഖലനമുണ്ടായാല്‍ സ്ത്രീ കുളിക്കേണ്ടതുണ്ടോ? അപ്പോള്‍ നബി(സ) പറഞ്ഞു: ‘അതെ; അവള്‍ ‘ഇന്ദ്രിയം കണ്ടാല്‍’. അപ്പോള്‍ ‘ഉമ്മുസുലൈം (റ) ചോദിച്ചു: ‘സ്ത്രീക്ക് സ്ഖലനമുണ്ടാകുമോ?’ അപ്പോള്‍ അദ്ദേഹം പറഞ്ഞു: ‘എന്തൊരു കഷ്ടം! പിന്നെ? എങ്ങനെയാണ് കുട്ടിക്ക് അവളോട് സാദൃശ്യം ഉണ്ടാകുന്നത്?’ മറ്റൊരു നിവേദനത്തില്‍ ആഇശ (റ) ഉമ്മുസുലൈം(റ)യോട് ‘ഛെ! സ്ത്രീക്ക് അതുണ്ടാകുമോ?’ എന്ന് ചോദിച്ചുവെന്നാണുള്ളത്. മറ്റൊരു റിപ്പോര്‍ട്ടില്‍, ഈ ഹദീഥിന്റെ അവസാന ഭാഗത്ത് ഇങ്ങനെ കൂടിയുണ്ട്. ‘ഇന്ദ്രിയം കാരണമായിട്ടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാകുന്നത്. സ്ത്രീയുടെ ഇന്ദ്രിയം പുരുഷന്റെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് മാതൃ സഹോദരന്‍മാരോട് സാദൃശ്യമുണ്ടാകും. പുരുഷന്റെ ഇന്ദ്രിയം സ്ത്രീയുടെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് അവന്റെ പിതൃവ്യന്‍മാരോട് സാദൃശ്യമുണ്ടാകും.”(12)
പുരുഷന്റെയും സ്ത്രീയുടെയും സ്രവങ്ങളാണ് കുഞ്ഞിലേക്ക് പാരമ്പര്യ സ്വഭാവങ്ങള്‍ പകര്‍ത്തുന്നെന്ന് വ്യക്തമാക്കുന്ന ഈ ഹദീഥ് ജനിതക സംപ്രേഷണവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണെന്ന വസ്തുത അത്ഭുതകരമാണ്. ഓരോ അവയവങ്ങളില്‍ നിന്നും ഊര്‍ന്നിറങ്ങുന്നതാണ് ബീജമെന്നും ആണില്‍ നിന്നോ പെണ്ണില്‍ നിന്നോ ആരില്‍നിന്നാണോ ശക്തബീജമുണ്ടാകുന്നത് അവരുടെ സവിശേഷതയായിരിക്കും കുഞ്ഞിലേക്ക് പകര്‍ത്തപ്പെടുന്നെന്നും ആര്‍ജ്ജിത സ്വഭാവങ്ങള്‍ കുഞ്ഞിലേക്കു പകരുമെന്നുമുള്ള ഹിപ്പോക്രാറ്റസ് മുതല്‍ ഡാര്‍വിന്‍ വരെയുള്ളവരുടെ വീക്ഷണങ്ങളെ ഈ ഹദീഥ് അനുകൂലിക്കുന്നില്ല. രക്തത്തിലൂടെയാണ് പാരമ്പര്യത്തിന്റെ സംപ്രേഷണം നടക്കുന്നതെന്ന അരിസ്റ്റോട്ടിലിന്റെ വീക്ഷണത്തെ ഇത് നിരാകരിക്കുകയും ചെയ്യുന്നു. സ്ത്രീപുരുഷസ്രവങ്ങളുടെ പ്രത്യക്ഷീകരണമാണ് കുഞ്ഞിന്റെ സവിശേഷതകള്‍ നിര്‍ണയിക്കുന്നതെന്ന ഈ ഹദീഥ് മുന്നോട്ടുവെക്കുന്ന ആശയം ആധുനികകാലം വരെയുള്ള ശാസ്ത്രജ്ഞരൊന്നും മനസ്സിലാക്കിയിട്ടില്ലാത്തതാണ്. അതിശക്തമായ സൂക്ഷ്മദര്‍ശനികളുടെ സഹായത്താല്‍ നടത്തിയ ഗവേഷണങ്ങള്‍ വെളിപ്പെടുത്തിയ യാഥാര്‍ത്ഥ്യങ്ങളുമായി ഈ നബിവചനം യോജിച്ചുവരുന്നുവെന്ന വസ്തുത എന്തുമാത്രം ആശ്ചര്യകരമല്ല!
ഈ ഹദീഥില്‍ പുരുഷന്റെ സ്രവത്തെ സ്ത്രീയുടെ സ്രവം അതിജയിച്ചാല്‍ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘ഇദാ അലാ മാഉഹാ മാഉര്‍ റജൂലി’യെന്ന അറബി വചനത്തെയാണ്. പെണ്‍സ്രവം പുരുഷസ്രവത്തെ അതിജയിക്കുന്നതിന് ഇവിടെ ‘അലാ’യെന്നാണ് പ്രയോഗിച്ചിരിക്കുന്നത്. ഒന്നിനു മുകളില്‍ മറ്റൊന്ന് ആധിപത്യം പുലര്‍ത്തുന്നതിനാണ് ‘അലാ’യെന്നു പ്രയോഗിക്കുകയെന്ന് സൂറത്തുല്‍ മുഅ്മിനൂനിലെ 91-ാം വചനത്തില്‍ നിന്ന് നാം നേരത്തെ മനസ്സിലാക്കിയിട്ടുള്ളതാണ്. പ്രത്യക്ഷീകരണ(dominance)ത്തെ ദ്യോതിപ്പിക്കുന്ന കൃത്യമായ പദമാണിത്. പുരുഷസ്രവം പെണ്‍സ്രവത്തിനുമേല്‍ പ്രത്യക്ഷീകരിക്കുമ്പോള്‍ പിതൃസഹോദരങ്ങളോടും, പെണ്‍സ്രവമാണ് പ്രത്യക്ഷീകരിക്കുന്നതെങ്കില്‍ മാതൃസഹോദരങ്ങളോടുമായിരിക്കും കുഞ്ഞിനു സാദൃശ്യമെന്നാണ് ഈ ഹദീഥ് പഠിപ്പിക്കുന്നത്. ഏതെങ്കിലുമൊരു സവിശേഷതയുമായി ബന്ധപ്പെട്ട പെണ്‍സ്രവത്തിലെ ജീനാണ് പ്രത്യക്ഷമാവുന്നതെങ്കില്‍ മാതൃസഹോദരങ്ങളിലാരുടെയെങ്കിലും സവിശേഷതയാണ് കുഞ്ഞിനുണ്ടാവുകയെന്നും ആണ്‍സ്രവത്തിലെ ജീനാണ് പ്രത്യക്ഷമാവുന്നതെങ്കില്‍ പിതൃസഹോദരങ്ങളില്‍ ആരുടെയെങ്കിലും സവിശേഷതയാണ് കുഞ്ഞിനുണ്ടാവുകയെന്നുമുള്ള വസ്തുതകള്‍ -ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ മാത്രം നാം മനസ്സിലാക്കിയ സത്യങ്ങള്‍- എത്ര കൃത്യമായാണ് ഈ ഹദീഥില്‍ പ്രസ്താവിക്കുന്നത്!
ഹദീഥില്‍ പിതൃസഹോദരങ്ങള്‍ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘അഅ്മാം’ എന്ന പദത്തെയും മാതൃസഹോദരങ്ങള്‍ എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘അഖ്‌ലാല്‍’ എന്ന പദത്തെയുമാണ്. ‘അമ്മി’ന്റെ ബഹുവചനമാണ് ‘അഅ്മാം’; ‘ഖാലി’ന്റേത് ‘അഖ്‌ലാലും’. പിതൃസഹോദരങ്ങളെ മൊത്തത്തില്‍ അഅ്മാം എന്നും, മാതൃസഹോദരങ്ങളെ മൊത്തത്തില്‍ അഖ്‌ലാല്‍ എന്നും വിളിക്കുന്നു. പുരുഷ സ്രവം പെണ്‍ സ്രവത്തെ അതിജയിച്ചാല്‍ പിതാവിന്റെയും പെണ്‍സ്രവമാണ് അതിജയിക്കുന്നതെങ്കില്‍ മാതാവിന്റെയും സാദൃശ്യമാണ് കുഞ്ഞിനുണ്ടാവുകയെന്നായിരുന്നു ഈ ഹദീഥിലുള്ളതെങ്കില്‍ പാരമ്പര്യത്തെക്കുറിച്ച പുതിയ വിവരങ്ങളുമായി അത് വൈരുദ്ധ്യം പുലര്‍ത്തുന്നുവെന്ന് പറയാന്‍ കഴിയുമായിരുന്നു; എന്നാല്‍ സദൃശ്യപ്പെടാനുള്ള സാധ്യത പിതാവിലോ മാതാവിലോ പരിമിതപ്പെടുത്തുന്നില്ല. ഏതെങ്കിലുമൊരു ജീനിന്റെ പ്രത്യക്ഷീകരണം നടക്കുമ്പോള്‍ അത് പിതാവില്‍ പ്രത്യക്ഷമായതു തന്നെയാകണമെന്നില്ലെന്നും പിതൃസഹോദരങ്ങളിലാരിലെങ്കിലും പ്രത്യക്ഷമായതാകാമെന്നുമാണല്ലോ ജനിതകം നമ്മെ പഠിപ്പിക്കുന്നത്. മാതൃസഹോദരങ്ങള്‍, പിതൃസഹോദരങ്ങള്‍ തുടങ്ങിയ ബഹുവചന പ്രയോഗങ്ങളിലൂടെ ഓരോ സവിശേഷതകളുടെയും ജീനുകള്‍ പ്രത്യക്ഷീകരിക്കുന്നതിനുള്ള സാധ്യതകള്‍ ഈ ഹദീഥില്‍ തുറന്നിട്ടിരിക്കുകയാണ്. മാതൃശരീരത്തില്‍ നിന്നുള്ള ജീനാണ് കുഞ്ഞില്‍ പ്രത്യക്ഷമാകുന്നതെങ്കില്‍ അതേ ജീന്‍ മാതാവില്‍ പ്രത്യക്ഷമല്ലെങ്കിലും മാതൃസഹോദരങ്ങളില്‍ ആരിലെങ്കിലും പ്രത്യക്ഷമായിരിക്കുമെന്നും പിതാവില്‍ നിന്നുള്ളതാണെങ്കില്‍ പിതൃസഹോദരന്‍മാരിലാരിലെങ്കിലും അത് പ്രത്യക്ഷമായിരിക്കുമെന്നുമുള്ള ജനിതക ശാസ്ത്രം നമുക്ക് നല്‍കുന്ന അറിവുകള്‍ എത്ര സമര്‍ത്ഥമായാണ് ഈ ഹദീഥിലെ പരാമര്‍ശങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ചുവെച്ചിരിക്കുന്നത്! പാരമ്പര്യത്തെക്കുറിച്ച പുതിയ വിവരങ്ങളുമായി പൂര്‍ണമായും പൊരുത്തപ്പെടുന്നതാണീ ഹദീഥ്. ഇതിലെ പദപ്രയോഗങ്ങളുടെ കൃത്യത ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.
Û
Foot Note
1) Hippocrates: The Seed, Sections 5-7, in J. Chadwick (Translator), G. E. R. Lloyd (Editor): Hippocratic Writings (Penguin Classics), 1984, Page318-3330
2) Aristotle: On the Generation of Animals, Montana, 2004, pages 229-234
3) Hypocrites and Aristotle; History of Genetics, https://geneticshistory.wordpress.com/hippocrates-and-aristotle/
4) Prof: Priyavrat Sharma: Charaka Samhita, Volume 1, Varanasi, 2014, Sarirasthanam, Chapter 2, Verses 26-27, Page 415
5) Conway. Zirkle: The Inheritance of Acquired Characters and the Provisional Hypothesis of Pangenesis, The American Naturalist Volume 69, 1935, Pages 417-445
6) Bashar Saad& Omar Said: Greco-Arab and Islamic Herbal Medicine, New Jercy, 2011, 7.8 Surgery
7) Charles Darwin: The Variation of Animals and Plants under Domestication, United Kingdom, 30 January 1868 http://darwin-online.org.uk/EditorialIntroductions/Freeman_ VariationunderDomestication.html
8) Yawen Zou: The Germ-Plasm: a Theory of Heredity (1893), by August Weismann, The Embryo Project Encyclopedia, https://embryo.asu.edu/pages/germ-plasm-theory-heredity-1893-august-weismann
9) Roger Klare: Greger Mendel: Father of Genetics (Great Minds of Science), New York, 1997, Pages 28-39
10) Robert Philip Wagner : Introduction to Modern Genetics, New York City, 1980, Pages 288-367
11) Arthur M. Lesk: Introduction to Genomics 2nd Edition, Oxford, 2012, Pages 343-378
12. സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു വുജുബില്‍ ഗസ്‌ലി അലല്‍ മര്‍അത്തി ബി ഖുറൂജില്‍ മനിയ്യി മിന്‍ഹ, ഹദീഥ് 314.
അവലംബം

ലിംഗനിര്‍ണയം: ഹദീഥുകള്‍ പറഞ്ഞതാണ് ശരി!


 


മാതാവിന്റെ ഗര്‍ഭാശയത്തിനുള്ളില്‍ ശിശു വളരുന്നതെങ്ങനെയെന്ന് പഠിക്കുവാന്‍ പരിശ്രമങ്ങള്‍ നടത്തിയതുപോലെത്തന്നെ കുഞ്ഞിന്റെ ലിംഗനിര്‍ണയം നടക്കുന്നതെങ്ങനെയെന്നും വിശദീകരിക്കുവാന്‍ വേണ്ടിയുള്ള പരിശ്രമങ്ങള്‍ പുരാതനകാലം മുതല്‍ തന്നെ നടന്നതായി കാണാന്‍ കഴിയും. ഗര്‍ഭധാരണത്തിനു നിമിത്തമാകുന്ന സുരതക്രിയയില്‍ സ്രവിക്കപ്പെടുന്ന ശുക്ലദ്രാവകമാണ് ആര്‍ത്തവരക്തത്തേക്കാള്‍ അധികമെങ്കില്‍ ജനിക്കുന്നത് ആണ്‍കുഞ്ഞും രക്തമാണ് അധികമെങ്കില്‍ ജനിക്കുന്നത് പെണ്‍കുഞ്ഞും രണ്ടും തുല്യമാണെങ്കില്‍ ജനിക്കുന്നത് നപുംസകവുമാവുമെന്നാണ് ഗര്‍ഭോപനിഷത്തിലുള്ളത്(1). സ്ത്രീകളാണ് ആദ്യം ശുക്ലം സ്രവിക്കുന്നതെങ്കില്‍ ആണ്‍കുഞ്ഞും പുരുഷശുക്ലമാണ് ആദ്യം സ്രവിക്കപ്പെടുന്നതെങ്കില്‍ പെണ്‍കുഞ്ഞുമുണ്ടാകുമെന്നാണ് ബാബിലോണിയന്‍ തല്‍മുദ്(2) പറയുന്നത്. പൗരുഷത്തെ കുറിക്കുന്ന ശക്തബീജങ്ങളും, സ്‌ത്രൈണതയെ കുറിക്കുന്ന അശക്തബീജങ്ങളും പുരുഷശുക്ലത്തിലും സ്ത്രീശുക്ലത്തിലുമുണ്ടാകാമെന്നും രണ്ടിലും ശക്തബീജങ്ങളുണ്ടെങ്കില്‍ ആണ്‍കുഞ്ഞും രണ്ടിലും  അശക്തബീജങ്ങളാണെങ്കില്‍ പെണ്‍കുഞ്ഞും ജനിക്കുമെന്നും ഒരാള്‍ ശക്തബീജവും മറ്റെയാള്‍ അശക്തബീജവുമാണ് ശ്രവിക്കുന്നതെങ്കില്‍ ഏതാണോ അധികമുള്ളത് അതനുസരിച്ച് കുഞ്ഞ് ആണോ പെണ്ണോ ആയിത്തീരുമെന്നുമാണ് പാശ്ചാത്യ ചികിത്സാശാസ്ത്രത്തിന്റെ പിതാവെന്ന് വിളിക്കപ്പെടുന്ന ഹിപ്പോക്രാറ്റസിന്റെ അഭിപ്രായം(3). ബീജത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം പുരുഷനായിത്തീരുകയാണ് എന്നതിനാല്‍ വൈകല്യമുള്ള പുരുഷനാണ് സ്ത്രീയെന്നു കരുതിയ അരിസ്റ്റോട്ടില്‍ പുരുഷശുക്ലത്തിന്റെ ചൂട് പെണ്‍ശരീരത്തിന്റെ തണുപ്പിനെ അതിജീവിക്കുമ്പോഴാണ് ബീജം അതിന്റെ ലക്ഷ്യമായ പൗരുഷത്തിലെത്തിച്ചേരുകയെന്നും ഗര്‍ഭാശയത്തണുപ്പ് ശുക്ലതാപത്തെ  അതിജയിക്കുമ്പോഴാണ് പുരുഷനായിത്തീരുവാനുള്ള ത്വര നശിച്ച് അത് പെണ്ണായിത്തീരുന്നതെന്നുമാണ് സമര്‍ത്ഥിച്ചത്(4). പുരുഷന്റെയും സ്ത്രീയുടെയും ശരീരങ്ങളുടെ താപം, മാതാപിതാക്കളുടെ പ്രായം, കാറ്റിന്റെ ഗതി തുടങ്ങിയ പല പാരിസ്ഥിതിക ഘടകങ്ങളും കുഞ്ഞിന്റെ ലിംഗനിര്‍ണയത്തെ സ്വാധീനിക്കുമെന്ന് കരുതിയ അരിസ്റ്റോട്ടിലില്‍ നിന്നു തുടങ്ങിയ ശാലന്‍, പുരുഷനായിത്തീരുവാനുള്ള ബീജത്വരയുടെ പൂര്‍ണതയിലാണ് പുരുഷലൈംഗികാവയവങ്ങള്‍ പുറത്തേക്കു വരുന്നതെന്നും പെണ്‍ശരീരത്തിന്റെ തണുപ്പിനാല്‍ ഈ ബീജത്വരയുടെ താപം ഇല്ലാതാകുകയാണെങ്കില്‍ അവ പുറത്തേക്കുവരാതെ ആന്തരിക ലൈംഗികാവയവങ്ങളായിത്തീര്‍ന്നാണ് പെണ്ണായിത്തീരുകയാണെന്നും സമര്‍ത്ഥിക്കുകവഴി ആണ്‍-പെണ്‍ ലൈംഗികാവയവങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഒന്നുതന്നെയാണെന്നും ഒന്ന് പുറത്തും മറ്റേത് അകത്തുമാണെന്ന വ്യത്യാസം മാത്രമാണുള്ളതെന്നുമുള്ള ധാരണയാണ് ഉണ്ടാക്കിയത്(5). രതിവേളയില്‍ പുരുഷന് സ്ഖലനം സംഭവിക്കുന്നതു പോലെത്തന്നെ പെണ്ണിനും സ്ഖലനമുണ്ടാകേണ്ടതുണ്ടെന്നും അതുണ്ടാവാത്തതാണ് വന്ധ്യതക്ക് കാരണമെന്നും സമര്‍ത്ഥിക്കുകയും പെണ്‍ശരീരത്തെ ഉത്തേജിപ്പിച്ച് സ്ഖലനത്തിനു പാകമാക്കുകവഴി വന്ധ്യതക്ക് പരിഹാരം കാണാമെന്നു കരുതി അത്തരം ചികിത്സകള്‍ നിര്‍ദ്ദേശിക്കുകയും ചെയ്ത ഗാലന്റെ ലിംഗനിര്‍ണയ വീക്ഷണമാണ് നവോത്ഥാനകാലം വരെ യൂറോപ്പിലെ ശാസ്ത്രജ്ഞര്‍ക്കിടയില്‍ പൊതുവെ മേല്‍ക്കൈ നേടി നിലനിന്നത്(6).   dna-1903318_1280
വില്യം ഹാര്‍വെ, ജാന്‍ വാന്‍ ഹോം, ജാന്‍ സ്വാമര്‍ഡാം, നീല്‍സ് സ്റ്റെന്‍സണ്‍, റെഗ്‌നര്‍ ഡി ഗ്രാഫ് ഫ്രാന്‍സെസ്‌കോ റെഡി എന്നിവരുടെ ഗവേഷണഫലമായി മനുഷ്യരടക്കമുള്ള ജീവജാതികളിലെ പെണ്ണുങ്ങള്‍ അണ്ഡമുല്‍പാദിപ്പിക്കുന്നുണ്ടെന്നു കണ്ടെത്തിയ പതിനേഴാം നൂറ്റാണ്ടുവരെ ലിംഗനിര്‍ണയത്തെക്കുറിച്ച നമ്മുടെ വിവരങ്ങള്‍ ഊഹങ്ങളില്‍ മാത്രം അധിഷ്ഠിതമായിരുന്നു. 1677ല്‍ ആന്റണി വാന്‍ ല്യൂവന്‍ ഹോക്ക് നിര്‍മിച്ച സൂഷ്മദര്‍ശിനിയിലൂടെ പുരുഷബീജത്തെ നിരീക്ഷിക്കുവാന്‍ കൂടി കഴിഞ്ഞതോടെ കുഞ്ഞിന്റെ ഉല്‍പത്തിയില്‍ പങ്കെടുക്കുന്ന ആണ്‍വസ്തുവും പെണ്‍വസ്തുവുമെന്താണെന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുവെങ്കിലും ഈ വസ്തുക്കള്‍ എത്രമാത്രം പ്രസ്തുത നിര്‍മിതിക്ക് നിമിത്തമാകുന്നുവെന്ന് മനസ്സിലാക്കാന്‍ പിന്നെയും രണ്ട് നൂറ്റാണ്ടെകളെടുത്തു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ കാള്‍ ഏണസ്റ്റ് വോണ്‍ബെയര്‍ സസ്തനികളുടെ അണ്ഡം വേര്‍തിരിച്ചെടുത്ത് സൂക്ഷ്മദര്‍ശിനിയിലൂടെ നിരീക്ഷിച്ചതും മത്തിയാസ് ജേക്കബ് സ്‌കെല്‍ഡന്റെയും തിയോഡോര്‍ സ്‌കാനിന്റെയും പഠനങ്ങള്‍ പുരുഷബീജവും അണ്ഡവും ഒരേപോലെയുള്ള കോശങ്ങളാണെന്നു വ്യക്തമാക്കിയതും ഈ രംഗത്തെ നാഴികക്കല്ലുകളായിത്തീര്‍ന്നു(7). 1876ല്‍ ഓസ്‌കര്‍ ഹെര്‍ട്ട് വിംഗ് കടല്‍ച്ചൊരുക്കുകളില്‍ നടത്തിയ പരീക്ഷണങ്ങള്‍ വഴി പുരുഷബീജവും അണ്ഡവും സംയോജിച്ചുണ്ടാകുന്ന സിക്താണ്ഡം വളര്‍ന്നാണ് കുഞ്ഞുങ്ങളുണ്ടാകുന്നതെന്ന് ബോധ്യപ്പെട്ടുവെങ്കിലും ലിംഗനിര്‍ണയത്തില്‍ എന്തെല്ലാം എങ്ങനെ സ്വാധീനിക്കുന്നുവെന്ന പ്രശ്‌നം ഉത്തരം കിട്ടാതെ തന്നെ തുടര്‍ന്നു. അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞനായ വാള്‍ട്ടര്‍ സുട്ടന്‍ പുല്‍ചാടികളിലും, ജര്‍മന്‍ ജീവശാസ്ത്രജ്ഞനായ തിയോഡോര്‍ ബൊവേരി കടല്‍ച്ചൊരുക്കുകളിലും നടത്തിയ പരീക്ഷണങ്ങളുടെ ഫലമായി 1902ലുണ്ടായ ബൊവേരി-സുട്ടന്‍ ക്രോമോസോം സിദ്ധാന്തത്തിന്റെ വെളിച്ചത്തില്‍ കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണയത്തെക്കുറിച്ച് വിശദീകരിക്കുവാന്‍ നിരവധി പരിശ്രമങ്ങളുണ്ടായി. അമേരിക്കന്‍ ഭ്രൂണശാസ്ത്രജ്ഞനായ തോമസ് ഹണ്ട് മോര്‍ഗന്‍ 1905 ഡിസംബര്‍ 22ലെ സയന്‍സ് മാഗസിനില്‍ എഴുതിയ ഒരു ലേഖനത്തില്‍ ലിംഗനിര്‍ണയത്തെക്കുറിച്ച് അടിസ്ഥാനരഹിതമായ 262 സിദ്ധാന്തങ്ങള്‍ ഇതുവരെയായി അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിലും ഒരെണ്ണത്തിനും കൃത്യവും ശാസ്ത്രീയവുമായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പരിതപിക്കുന്നുണ്ട്(8).
1906ല്‍ അമേരിക്കന്‍ ജനിതകശാസ്ത്രജ്ഞരായ നെറ്റി മരിയ സ്റ്റീവന്‍സും  എഡ്മണ്ട് ബീച്ചര്‍ വില്‍സണും സ്വതന്ത്രമായി നടത്തിയ ഗവേഷണങ്ങളിലൂടെ ലിംഗനിര്‍ണയത്തിന്റെ ക്രോമസോമികമായ അടിത്തറയെക്കുറിച്ച് അറിഞ്ഞതോടെയാണ് അതുവരെയുണ്ടായിരുന്ന ഊഹാധിഷ്ഠിത സിദ്ധാന്തങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് ശാസ്ത്രലോകം മനസ്സിലാക്കിയത്(9). ജീവിച്ചിരുന്ന മുപ്പത്തിയൊന്‍പത് വയസ്സിനുള്ളില്‍ എണ്‍പത് ഗവേഷണ പ്രബന്ധങ്ങളും രണ്ട് ശാസ്ത്രഗ്രന്ഥങ്ങളും രചിച്ച, അമേരിക്കന്‍ ജീവശാസ്ത്രരംഗത്തെ അത്ഭുത മനുഷ്യരിലൊരാളായ തോമസ് ഹാരിസണ്‍ മോണ്‍ട്‌ഗോമറിയാണ് ലിംഗനിര്‍ണയത്തില്‍ ക്രോമസോമുകള്‍ക്ക് വ്യക്തമായ പങ്കുണ്ടായിരിക്കണമെന്ന് ആദ്യമായി അഭിപ്രായപ്പെട്ടത്(10). 1902ല്‍ തന്നെ കന്‍സാസ് യൂണിവേഴ്‌സിറ്റിയിലെ അധ്യാപകനായിരുന്ന ക്ലാരന്‍സ് എര്‍വിംഗ് മക്ലംങ് പുല്‍ചാടിയുടെ കോശങ്ങളില്‍ നടത്തിയ പഠനങ്ങളിലൂടെ അവയുടെ ലിംഗ കോശങ്ങളില്‍ പൂര്‍ണ കോശങ്ങളിലേതിനേക്കാള്‍ പകുതി ക്രോമസോമുകള്‍ മാത്രമേയുള്ളുവെന്ന് കണ്ടെത്തിയിരുന്നു. 1905 മുതല്‍ നടത്തിയ പഠനങ്ങളിലൂടെ ഒരു വര്‍ഷത്തിനകം തന്നെ ലിംഗനിര്‍ണയത്തില്‍ ക്രോമസോമുകള്‍ക്കാണ് കാര്യമായ പങ്കുള്ളതെന്ന് മനസ്സിലായിരുന്നുവെങ്കിലും 1912 വരെയുള്ള നിരന്തരമായ ഗവേഷണങ്ങളിലൂടെയാണ് അവ്വിഷയകമായ കൃത്യവും സമഗ്രവുമായ സിദ്ധാന്തങ്ങള്‍ അവര്‍ രൂപീകരിച്ചത്. XY ലിംഗനിര്‍ണയവ്യവസ്ഥ(XY sex-determination system)യെന്ന് വിളിക്കപ്പെടുന്ന ലിംഗനിര്‍ണയത്തിന്റെ ക്രോമസോമാടിത്തറയെക്കുറിച്ച് ഇന്നു നിലവിലുള്ള സിദ്ധാന്തം എങ്ങനെയാണ് ലിംഗനിര്‍ണയം നടക്കുന്നതെന്ന് വിശദീകരിക്കുകയും അതില്‍ ഉണ്ടാകുന്ന വൈകല്യങ്ങളുടെ കാരണം വ്യക്തമാക്കുകയും ചെയ്യുന്നു(11).
മറ്റെല്ലാ ജനിതകസവിശേഷതകളെയും പോലെ ജീവജാലങ്ങളുടെ ലിംഗവും തീരുമാനിക്കുന്നത് അവയുടെ ക്രോമസോമുകളാണ്. ദ്വിലിംഗജീവികളിലും (hermaphrodite) ബീജസങ്കലനത്തിലൂടെയല്ലാതെ പുതിയ തലമുറയുണ്ടാകുന്ന കന്യോല്‍പത്തി (parthenogenesis) അലൈംഗിക പ്രത്യുല്‍പാദനം നടത്തുന്ന ജീവികളിലുമൊഴിച്ചുള്ള ജീവജാലങ്ങളുടെയെല്ലാം ലിംഗനിര്‍ണയം നടക്കുന്നത് നാലുതരം ക്രോമസോം വിന്യാസത്തിലൂടെയാണ്. ZO, XO, ZW, XY എന്നിങ്ങനെയാണ് പ്രസ്തുത ലിംഗനിര്‍ണയ വ്യവസ്ഥകളെ അടയാളപ്പെടുത്തുക. വ്യത്യസ്ത ശലഭവര്‍ഗങ്ങളില്‍ ZO വ്യവസ്ഥയും പാറ്റ, പുല്‍ചാടി, ചീവീട് തുടങ്ങിയ പ്രാണികളില്‍ XO വ്യവസ്ഥയും പലതരം പക്ഷികളിലും മത്സ്യങ്ങളിലും ഉരഗങ്ങളിലും ZW വ്യവസ്ഥയും മനുഷ്യനടക്കമുള്ള മിക്ക സസ്തനികളിലും ഈച്ചകളിലും XY വ്യവസ്ഥയുമാണ് നിലനില്‍ക്കുന്നത്. പുരുഷബീജത്തില്‍ രണ്ട് ലിംഗനിര്‍ണയ ക്രോമസോമും പെണ്‍ബീജത്തില്‍ ഒരു ലിംഗനിര്‍ണയ ക്രോമസോമുമുള്ള, കുഞ്ഞിന് രണ്ട് ലിംഗനിര്‍ണയ ക്രോമസോമുണ്ടെങ്കില്‍ അത് ആണും ഒന്നേയുള്ളുവെങ്കില്‍ പെണ്ണുമാകുന്നതാണ് ZO വ്യവസ്ഥ. പെണ്‍ബീജത്തില്‍ രണ്ട് ലിംഗനിര്‍ണയ ക്രോമസോമും പുരുഷബീജത്തില്‍ ഒരു ലിംഗനിര്‍ണയ ക്രോമസോമുമുള്ള, കുഞ്ഞിന് രണ്ട് ലിംഗനിര്‍ണയ ക്രോമസോമുണ്ടെങ്കില്‍ പെണ്ണും ഒന്നേയുള്ളുവെങ്കില്‍ ആണുമാകുന്നതാണ് XO വ്യവസ്ഥ. പുരുഷബീജത്തില്‍ ഒരേതരത്തിലുള്ള രണ്ട് ലിംഗനിര്‍ണയ ക്രോമസോമുകളും പെണ്‍ബീജത്തില്‍ വ്യത്യസ്ത തരത്തിലുള്ള രണ്ട് ലിംഗനിര്‍ണയ ക്രോമസോമുകളുമുള്ള, കുഞ്ഞിന്റേത് ഒരേതരത്തിലുള്ള ക്രോമസോമുകളാണെങ്കില്‍ ആണും വ്യത്യസ്ത തരമാണെങ്കില്‍ പെണ്ണുമുണ്ടാകുന്നതാണ് ZW വ്യവസ്ഥ. പെണ്‍ബീജത്തില്‍ ഒരേ തരത്തിലുള്ള രണ്ട് ക്രോമസോമുകളും പുരുഷബീജത്തില്‍ വ്യത്യസ്തതരത്തിലുള്ള രണ്ട് ക്രോമസോമുകളുമുള്ള, കുഞ്ഞിന്റേത് ഒരേതരത്തിലുള്ള ക്രോമസോമുകളാണെങ്കില്‍ പെണ്ണും വ്യത്യസ്തതരത്തിലുള്ളതാണെങ്കില്‍ ആണുമാകുന്നതാണ് XY വ്യവസ്ഥ. ZO, ZW വ്യവസ്ഥകളില്‍ കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കുന്നത് സ്ത്രീബീജവും XO, XY വ്യവസ്ഥകളില്‍ ലിംഗം നിര്‍ണയിക്കുന്നത് പുരുഷബീജവുമാണെന്ന് പറയാം(12).   A 1
മനുഷ്യകോശത്തില്‍ നാല്‍പത്തിയാറ് ക്രോമസോമുകളാണുള്ളത്. ഇതില്‍ നാല്‍പത്തിനാലും ജോഡികളായാണുള്ളത് -ഇരുപത്തിരണ്ട് ജോഡികള്‍. ആണ്‍കോശത്തിലും പെണ്‍കോശത്തിലുമെല്ലാം ഒരേ വലിപ്പത്തിലും രൂപത്തിലും സ്ഥിതി ചെയ്യുന്ന ഈ ഇരുപത്തിരണ്ട് ജോഡി ക്രോമസോമുകള്‍ക്കാണ് ഓട്ടോസോമുകള്‍ (autosomes) എന്നുപറയുക. ഇരുപത്തിമൂന്നാമത്തെ ജോഡി ക്രോമസോമുകളാണ് ലിംഗക്രോമസോമുകള്‍ (sex chromosomes). ഓട്ടോസോമുകളുമായി രൂപത്തിലും വലുപ്പത്തിലും സ്വഭാവത്തിലുമെല്ലാം വ്യതിരിക്തത പുലര്‍ത്തുന്നതിനാല്‍ ഇവയെ അല്ലോസോമുകള്‍ (allosomes) എന്നാണ് വിളിക്കുന്നത്. പെണ്‍കോശത്തില്‍ രണ്ട് അല്ലോസോമുകളും X ക്രോമസോമായിരിക്കും. പുരുഷകോശത്തിലാകട്ടെ, ഒന്ന് X ക്രോമസോമും മറ്റേത് Y ക്രോമസോമുമായിരിക്കും. സ്‌ത്രൈണതയ്ക്ക് കാരണമായ ജീനുകള്‍ വഹിക്കുന്നത് X ക്രോമസോമും പൗരുഷത്തിന്റെ ജീനുകള്‍ വഹിക്കുന്നത് Y ക്രോമസോമുമാണ്. അതിനാല്‍ Xനെ പെണ്‍ക്രോമസോം എന്നും Yയെ ആണ്‍ക്രോമസോം എന്നും വിളിക്കാം. ഒരുതവണ സ്ഖലിക്കുമ്പോള്‍ പുറത്തുവരുന്ന ശുക്ലദ്രാവകത്തിലെ പതിനെട്ട് കോടിയോളം വരുന്ന പുരുഷബീജങ്ങളില്‍ പകുതിയില്‍ Y ക്രോമസോമുകളും പകുതിയില്‍ X ക്രോമസോമുകളുമാണുണ്ടാവുക. അണ്‌ഡോല്‍സര്‍ജ്ജനത്തോടനുബന്ധിച്ച് പുറത്തുവരുന്ന അണ്ഡദ്രാവകത്തിലുള്ള ഒരേയൊരു അണ്ഡത്തിലുണ്ടാവുക X ക്രോമസോമാണ്. പുരുഷശുക്ലത്തിലുള്ള Y ക്രോമസോം വഹിക്കുന്ന ബീജമാണ് അണ്ഡവുമായി യോജിക്കുന്നതെങ്കില്‍ ഉണ്ടാകുന്ന സിക്താണ്ഡത്തില്‍ ലിംഗക്രോമസോം ജോഡി XY ആയിരിക്കും. പ്രസ്തുത സിക്താണ്ഡം വളര്‍ന്നുണ്ടാവുക ആണ്‍കുഞ്ഞാണ്. ശുക്ലത്തിലെ X ക്രോമസോം വഹിക്കുന്ന ബീജമാണ് അണ്ഡവുമായി യോജിക്കുന്നതെങ്കില്‍ സിക്താണ്ഡത്തിലെ ലിംഗക്രോമസോം ജോഡി XX ആയിരിക്കും. ആ സിക്താണ്ഡം വളര്‍ന്നാണ് പെണ്‍കുഞ്ഞുണ്ടാകുന്നത്. ആണ്‍സ്രവത്തിലെ Y  പെണ്‍സ്രവത്തിലെ Xഉമായി ചേര്‍ന്നാല്‍ ആണ്‍കുഞ്ഞും ആണ്‍സ്രവത്തിലെ X പെണ്‍സ്രവത്തിലെ Xഉമായി ചേര്‍ന്നാല്‍ പെണ്‍കുഞ്ഞുമുണ്ടാകുന്നുവെന്നര്‍ത്ഥം(13). ആണ്‍സ്രവത്തിലുള്ളത് XYയും പെണ്‍സ്രവത്തിലുള്ളത് X മാത്രവുമായതിനാല്‍ ആണ്‍സ്രവത്തെ പെണ്‍സ്രവം അതിജീവിക്കുമ്പോള്‍ പെണ്‍കുഞ്ഞും പെണ്‍സ്രവത്തെ ആണ്‍സ്രവം അതിജീവിക്കുമ്പോള്‍ ആണ്‍കുഞ്ഞുമുണ്ടാകുന്നുവെന്ന് പറയാം.
ക്രോമസോമികമായി പറഞ്ഞാല്‍ അര്‍ധ കോശങ്ങളായ സ്ത്രീ-പുരുഷബീജങ്ങളുടെ സങ്കലനം നടന്ന് ആദ്യകോശമായ സിക്താണ്ഡമുണ്ടാകുമ്പോള്‍ തന്നെ ജനിക്കാനിരിക്കുന്ന കുഞ്ഞിന്റെ ലിംഗനിര്‍ണയം നടക്കുന്നുവെന്നു പറയാം. എന്നാല്‍ യഥാര്‍ത്ഥത്തിലുള്ള ലൈംഗികവ്യവഛേദനത്തിന് ഇനിയും നിരവധി ജനിതകമാറ്റങ്ങള്‍ നടക്കേണ്ടതുണ്ട്. രൂപത്തിലും ജീനുകളുടെ എണ്ണത്തിലുമെല്ലാം ആണ്‍ക്രോമസോമായ Yയെ അപേക്ഷിച്ച് പെണ്‍ക്രോമസോമായ X വളരെ വലുതാണ്. Y ക്രോമസോമില്‍ 26 ജീനുകളാണുള്ളതെങ്കില്‍ X ക്രോമസോമില്‍ അത് 1098 ആണ്. Xല്‍ Yയിലേതിനേക്കാള്‍ ആയിരത്തിലധികം ജീനുകളുണ്ടെന്നര്‍ത്ഥം. ആണ്‍കുഞ്ഞായിത്തീരാനുള്ള സിക്താണ്ഡത്തിലെ ലിംഗക്രോമസോമുകളിലുള്ളത് ഒരു Xഉം Yയും ക്രോമസോമുകളായതുകൊണ്ടുതന്നെ അവയിലെ ആകെ ജീനുകളുടെ എണ്ണം 1124 ആയിരിക്കും. പെണ്‍കുഞ്ഞായിത്തീരുവാനുള്ള സിക്താണ്ഡത്തിലാകട്ടെ, അതില്‍ രണ്ട് X ക്രോമസോമുകളുള്ളതിനാല്‍ ആകെ 2196 ജീനുകളായിരിക്കും ലിംഗക്രോമസോമുകളിലുണ്ടാവുക. ആണ്‍സിക്താണ്ഡത്തിലേതിനേക്കാള്‍ ഇരട്ടിയോളം വരുന്ന പെണ്‍സിക്താണ്ഡത്തിലെ ലിംഗക്രോമസോമിലുളള ജീനുകളെല്ലാം പ്രവര്‍ത്തനക്ഷമമായാല്‍ അത് നിരവധി പാരമ്പര്യരോഗങ്ങള്‍ക്ക് കാരണമാകും. X ക്രോമസോമുകളില്‍ ഒരെണ്ണത്തിലെ ജീനുകളെ പ്രവര്‍ത്തനക്ഷമമാക്കാതിരുന്നാല്‍ മാത്രമേ ഈ പ്രശ്‌നം ഇല്ലാതിരിക്കുകയുള്ളൂ. പെണ്‍ഭ്രൂണത്തിന്റെ വളര്‍ച്ചയില്‍ നടക്കുന്ന ഒരു X ക്രോമസോമിനെ പ്രവര്‍ത്തനരഹിതമാക്കുന്ന പ്രക്രിയയാണ് X നിര്‍വീര്യമാക്കല്‍ (X-inactivation) അഥവാ ലിയോണൈസേഷന്‍ (lyoni-zation) എന്നുപറയുന്നത്. ബീജസങ്കലനത്തിന്റെ പന്ത്രണ്ടു മുതല്‍ പതിനാറു ദിവസങ്ങള്‍ക്കകം നടക്കുന്ന ഈ പ്രക്രിയയിലൂടെ പിതാവില്‍നിന്നോ മാതാവില്‍നിന്നോ ലഭിച്ച ഏതെങ്കിലുമൊരു X ക്രോമസോം നിര്‍വീര്യമാക്കപ്പെടുന്നു. സജീവമായതിനെ Xa എന്നും നിര്‍ജീവമായതിനെ Xi എന്നമാണ് വിളിക്കുക. ഉദരീകരണം (gastrulation) കഴിയുന്നതോടുകൂടിയാണ് ലിയോണൈസേഷന്‍ പ്രക്രിയ ആരംഭിക്കുന്നത്. പ്രവര്‍ത്തനക്ഷമമാകാതിരിക്കുവാനുള്ള ത്വരയാണ് X ക്രോമസോമിന്റെ പൊതുസ്വഭാവമെന്നും അതില്‍ പരാജയപ്പെടുന്ന ക്രോമസോമിന്റെ സ്വഭാവമാണ് X-സ്വഭാവമായി പ്രകടിപ്പിക്കുന്നതെന്നും അഭിപ്രായപ്പെട്ട ശാസ്ത്രജ്ഞന്‍മാരുണ്ട്. ബീജസങ്കലനം കഴിഞ്ഞ് രണ്ടാഴ്ചയാകുന്നതോടെ, ആ സമയത്തെ പെണ്‍ഭ്രൂണത്തിലുള്ള കോശങ്ങളിലെല്ലാം പ്രവര്‍ത്തനക്ഷമമായ 45 ക്രോമസോമുകളേ ഉണ്ടാവുകയുള്ളൂ; ഒരൊറ്റ X ക്രോമസോം മാത്രമാണ് പ്രവര്‍ത്തനക്ഷമമായി ഉണ്ടാവുകയെന്നതിനാല്‍ 46-ാമത്തെ ക്രോമസോം നിര്‍വീര്യമാക്കുമെന്നതിനാലായണ് ഇത്(14).
Xഉമായി താരതമ്യം ചെയ്യുമ്പോള്‍ കേവലമൊരു കുള്ളന്‍ ക്രോമസോമാണ് Yയെന്നു പറഞ്ഞുവല്ലോ. അതില്‍ ആകെയുള്ള ഇരുപത്തിയാറു ജീനുകളില്‍ പതിനാറെണ്ണവും കോശപരിപാലനത്തിനു വേണ്ടിയുള്ളതാണ്. ഒന്‍പതെണ്ണത്തിന്റെയും ധര്‍മം ശുക്ലരൂപീകരണമാണ്. ബാക്കിയുള്ള ഒരെണ്ണമാണ് പുരുഷലൈംഗിക സ്വഭാവങ്ങളെയെല്ലാം നിര്‍ണയിക്കുന്നത്. Yയിലെ ലിംഗനിര്‍ണയമേഖല (Sex-Determining Region Y) എന്നതിന്റെ ചുരുക്കമായ SRY ജീന്‍ എന്നാണ് ഇത് അറിയപ്പെടുന്നത്. ഈ ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നതുവരെ പെണ്‍ഭ്രൂണവും ആണ്‍ഭ്രൂണവും തമ്മില്‍ യാതൊരു വ്യത്യാസവുമുണ്ടാവുകയില്ല. ലിയോണൈസേഷന്‍ കഴിഞ്ഞ പെണ്‍ഭ്രൂണത്തിലെ ലിംഗക്രോമസോമുകളില്‍ പ്രവര്‍ത്തനക്ഷമമായുണ്ടാവുക 1098 ജീനുകള്‍ ആയതുപോലെ ഒരൊറ്റ X ക്രോമസോമും പരിമിതമായ ജീനുകള്‍ മാത്രവുമുള്ള Y ക്രോമാസോമുമുള്ള ആണ്‍ഭ്രൂണത്തിലെയും ലിംഗക്രോമസോമുകളില്‍ പ്രവര്‍ത്തനക്ഷമമായ ജീനുകളുടെ എണ്ണം തുല്യവും അവയെല്ലാം X ക്രോമസോമിലേതാണ് എന്നതുമാണ് ഈ സാമ്യതക്കു കാരണം. ബീജസങ്കലനം കഴിഞ്ഞ് അഞ്ച് ആഴ്ചകള്‍ കഴിയുന്നതുവരെയുള്ള ഭ്രൂണങ്ങള്‍ താരതമ്യം ചെയ്താല്‍ അവ തമ്മില്‍ യാതൊരുവിധ വ്യത്യാസവുമുണ്ടാവുകയില്ല. ആറാമത്തെ ആഴ്ചയില്‍ ഈ സ്ഥിതിക്ക് മാറ്റമുണ്ടാകുന്നു. ആറാമത്തെ ആഴ്ച അഥവാ ബീജസങ്കലനം നടന്ന് നാല്‍പത്തിരണ്ടോ നാല്‍പത്തിമൂന്നോ ദിവസങ്ങള്‍ക്കു ശേഷമാണ് SRY ജീന്‍ പ്രവര്‍ത്തനക്ഷമമാവുക. അത് പ്രവര്‍ത്തനക്ഷമമാകുന്നതോടെ Sox9 ജീനിനെ ഉദ്ദീപിപ്പിക്കുകയും അതുവരെ പെണ്‍ഭ്രൂണത്തില്‍നിന്ന് വ്യത്യാസമൊന്നുമില്ലാതിരുന്ന ആണ്‍ഭ്രൂണത്തില്‍ ലൈംഗിക വ്യത്യാസങ്ങള്‍ പ്രത്യക്ഷപ്പെടാന്‍ തുടങ്ങുകയും ചെയ്യുന്നു. അടിസ്ഥാനപരമായി എല്ലാവരും പെണ്ണുങ്ങളായാണ് തുടങ്ങുന്നതെന്നും ആറാമത്തെ ആഴ്ചയാണ് ആണുങ്ങളായിത്തീരാനുള്ളവര്‍ പുരുഷന്‍മാരാവുന്നതെന്നും പറയുന്നത് അതുകൊണ്ടാണ്(15).
XX ക്രോമസോമുകളുള്ളവരാണ് എല്ലാ സ്ത്രീകളുമെന്നും എല്ലാ പുരുഷന്‍മാര്‍ക്കും XY ക്രോമസോമുകളാണുണ്ടാവുതയെന്നുമുള്ള ധാരണകള്‍ തെറ്റാണ്. ലൈംഗിക കോശങ്ങളുടെ വിഭജനമായ ഊനഭംഗ (meiosis) സമയത്ത് ജനിതക വസ്തുക്കളെ കൈമാറുമ്പോള്‍ E 1പുരുഷശരീരത്തിലെ X ക്രോമസോമിലേക്ക് SRY ജീന്‍ കടന്നുകൂടാനുള്ള വിരളമായ സാധ്യതയുണ്ട്. SRY ജീന്‍ വഹിക്കുന്ന X ക്രോമസോമുള്ള ബീജമാണ് മാതൃബീജവുമായി കൂടിച്ചേരുന്നതെങ്കില്‍ സിക്താണ്ഡത്തില്‍  XX ക്രോമസോമായിരിക്കുമുണ്ടാവുക. പിതൃശരീരത്തില്‍ നിന്നുവന്ന X ക്രോമസോമിലുള്ള SRY ജീന്‍ ആറാമത്തെ ആഴ്ച പ്രവര്‍ത്തനക്ഷമമായാല്‍ ജനിക്കുന്നത് ആണ്‍കുഞ്ഞായിരിക്കും. ഇങ്ങനെ XX ക്രോമസോമുകളുള്ള കോശങ്ങളെ വഹിക്കുന്ന പുരുഷന്റെ വൈകല്യത്തെയാണ് XX പുരുഷവ്യാധി (XX male syndrome) എന്നുപറയുന്നത്. ഈ വൈകല്യത്തെ 1972ല്‍ ആദ്യമായി മനസ്സിലാക്കിയ ഫിന്‍ലന്റ് ജനിതക ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് ഡിലാ കാപെല്ലയുടെ പേരില്‍ ഡി ലാ കാപെല്ലാ വ്യാധി (de la Chapelle syndrome) എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഒരു ലക്ഷത്തില്‍ അഞ്ചു പേര്‍ക്കു മാത്രമാണ് ഈ പ്രശ്‌നമുണ്ടാവുക. ഇത്തരം പുരുഷന്‍മാര്‍ക്ക് പ്രജനനശേഷിയുണ്ടാവുകയില്ലെങ്കിലും മറ്റു പുരുഷലക്ഷണങ്ങള്‍ ഏറിയോ കുറഞ്ഞതോ ആയ തോതിലുണ്ടായിരിക്കും. ലൈംഗികത്വര പൊതുവെ കുറവായിരിക്കുമെങ്കിലും ചിലര്‍ക്കെങ്കിലും സാധാരണ പുരുഷന്‍മാരുടേതിനു തുല്യമായ ശേഷിയുള്ളതായും കണ്ടെത്തിയിട്ടുണ്ട്(16).
പുരുഷ വന്ധ്യതക്കു കാരണമായ മറ്റൊരു ക്രോമസോം ക്രമക്കേടാണ് XXY വ്യാധി അഥവാ ക്ലിനഫെല്‍റ്റര്‍ വ്യാധി (Klinefelter syndrome) എന്ന് അറിയപ്പെടുന്നത്. പുരുഷ ശരീരത്തിലോ സ്ത്രീ ശരീരത്തിലോ നടക്കുന്ന ഊനഭംഗ കോശവിഭജനത്തില്‍ യാദൃശ്ചികമായി ലിംഗക്രോമസോം വിഭജനം നടന്നിട്ടില്ലെങ്കില്‍ സംഭവിക്കുന്നതാണിത്. XX ക്രോമസോമുകളുള്ള അണ്ഡം Y ക്രോമസോമുള്ള ബീജവുമായോ XY ക്രോമസോമുള്ള  ബീജം X ക്രോമസോമുള്ള അണ്ഡവുമായോ സംയോജിക്കുമ്പോഴാണ് XXY സിക്താണ്ഡമുണ്ടാകുന്നത്. ആറാമത്തെ ആഴ്ച ഭ്രൂണകോശങ്ങളിലെ Y ക്രോമസോമിലുള്ള SRY ജീന്‍ പ്രവര്‍ത്തനക്ഷമമായാല്‍ കുഞ്ഞ് XXY പുരുഷനായിരിക്കും. അഞ്ഞൂറ് ആണ്‍ജന്മങ്ങളിലൊന്ന് XXY പുരുഷനായിരിക്കുമെന്നാണ് കണക്ക്. ഇത്തരക്കാരില്‍ മുഖരോമങ്ങളുടെ കുറവ്, സ്‌ത്രൈണപേശികളുടെ സാന്നിധ്യം, മറ്റ് സ്‌ത്രൈണസ്വഭാവങ്ങള്‍ എന്നിവ കാണാന്‍ സാധ്യത ഏറെയാണ്. XXY പുരുഷന്‍മാരില്‍ ചിലര്‍ക്ക് വന്ധ്യതയുണ്ടാവുമെങ്കിലും അത് മിക്കവാറും ചികിത്സിച്ച് ഭേദമാക്കാവുന്നതായിരിക്കും(17).
വളരെ അപൂര്‍മായി XXYY പുരുഷന്‍മാരും XXXY പുരുഷന്‍മാരും ജനിക്കാറുണ്ട്. അമ്പതിനായിരം പുരുഷജന്മങ്ങളിലൊന്ന് ഇങ്ങനെയായിരിക്കും.
മാതാവില്‍ നിന്ന് X ക്രോമസോമും പിതാവില്‍ നിന്ന് Y ക്രോമസോമും ലഭിച്ച് XY സിക്താണ്ഡമുണ്ടായതിനുശേഷം, ആറാമത്തെ ആഴ്ച SRY ജീന്‍ പ്രവര്‍ത്തനക്ഷമമായിട്ടില്ലെങ്കില്‍ ജനിക്കുന്നത് പെണ്‍കുഞ്ഞായിരിക്കും. XY ക്രോമസോമോടു കൂടിയ പെണ്‍ജനനത്തെയാണ് XY ലിംഗവൈകല്യം (XY gonadal dysgenesis) അഥവാ സ്വിയര്‍ വ്യാധി (Swyer syndrome) എന്നു പറയുന്നത്. SRY ജീന്‍ പ്രവര്‍ത്തനക്ഷമമാകാത്തതിനാല്‍ വൃഷണം ഉണ്ടാവുകയോ ടെസ്റ്റോസ്റ്ററോണ്‍ ഉല്‍പാദിപ്പിക്കപ്പെട്ട് പുരുഷ സ്വഭാവങ്ങളെ ഉദ്ദീപിപ്പിക്കുകയോ ചെയ്യുകയില്ല. ടെസ്റ്റോസ്റ്ററോണ്‍ ഉല്‍പാദിപ്പിക്കപ്പെടാത്തതിനാല്‍ വോള്‍ഫിയന്‍ നാളി രൂപപ്പെടുകയോ ആന്തരിക ലൈംഗികാവയവങ്ങള്‍ ഉണ്ടാവുകയോ ചെയ്യുകയില്ല. ഡീഹൈഡ്രോ ടെസ്റ്റോസ്റ്റിറോണും ഉല്‍പാദിപ്പിക്കപ്പെടാത്തതിനാല്‍ ബാഹ്യലൈംഗികാവയവങ്ങളുമുണ്ടാവുകയില്ല. XY ക്രോമസോമോടു കൂടിയാണെങ്കിലും കുട്ടി ജനിക്കുക പെണ്‍ലൈംഗികാവയവങ്ങളോടു കൂടിയായിരിക്കും എന്നര്‍ത്ഥം. എന്നാല്‍ ഇത്തരം കുഞ്ഞുങ്ങള്‍ കൗമാരത്തിലെത്തുമ്പോള്‍ അവരുടെ സ്‌ത്രൈണ സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയില്ല. ഈസ്ട്രജന്‍, ആന്‍ഡ്രജന്‍ തുടങ്ങിയ ലൈംഗിക ഹോര്‍മോണുകളുടെ ഉല്‍പാദനം പരിമിതമായിരിക്കും എന്നതുകൊണ്ടാണിത്. ഈസ്ട്രജന്‍, പ്രൊജസ്റ്ററോണ്‍ എന്നീ ഹോര്‍മോണുകള്‍ കുത്തിവെച്ചുകൊണ്ട് അവരില്‍ പ്രസ്തുത സ്വഭാവങ്ങള്‍ കൃത്രിമമായി വളര്‍ത്തിയെടുക്കാനാവും. ഗര്‍ഭാശങ്ങളുണ്ടാകാമെങ്കിലും ഇത്തരക്കാരില്‍ അണ്‌ഡോല്‍പാദനം നടക്കാത്തതിനാല്‍ ഗര്‍ഭധാരണമോ പ്രസവമോ നടക്കുകയില്ല. എണ്‍പതിനായിരം സ്ത്രീകളില്‍ ഒരാള്‍ക്കാണ് സ്വിയര്‍ വ്യാധിയുണ്ടാവുകയെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്(18).
മാതൃശരീരത്തില്‍ നിന്നും പിതൃശരീരത്തില്‍നിന്നും ലഭിക്കുന്ന അര്‍ധ കോശങ്ങളായ ബീജങ്ങളിലെ ക്രോമസോമുകളുടെ വ്യത്യാസമാണ് അടിസ്ഥാനപരമായി കുഞ്ഞിന്റെ ലിംഗം നിര്‍ണയിക്കുന്നതെങ്കിലും അതു പൂര്‍ത്തിയാകുന്നത് ആറാം ആഴ്ചയിലെ SRY ജീനിന്റെ പ്രവര്‍ത്തനത്തോടെയാണെന്ന വസ്തുത ഇന്ന് നമുക്കറിയാം. XX എന്നാല്‍ സ്ത്രീയും XY എന്നാല്‍ പുരുഷനുമെന്ന പൊതുധാരണ ശരിയല്ലെന്നും ദുര്‍ലഭമെങ്കിലും തിരിച്ചുമുണ്ടാകാമെന്നും അത് തീരുമാനിക്കുന്നത് ബീജസങ്കലനം കഴിഞ്ഞ് നാല്‍പത്തിരണ്ടു ദിവസങ്ങള്‍ക്കുശേഷമാണെന്നും നാം മനസ്സിലാക്കി. പുരുഷസ്രവത്തിലെ Y പെണ്‍സ്രവത്തിലെ Xനെ അതിജയിക്കുമ്പോഴാണ് ആണ്‍കുഞ്ഞും സ്ത്രീസ്രവത്തിലെ X പുരുഷസ്രവത്തിലെ Yനെ അതിജയിക്കുമ്പോഴാണ് പെണ്‍കുഞ്ഞും പിറക്കുന്നതെന്ന് പൊതുവായി പറയാമെങ്കിലും SRY ജീനിന്റെ പ്രവര്‍ത്തനം നടന്നാലേ അങ്ങനെ സംഭവിക്കുവെന്ന് നാം മനസ്സിലാക്കണം. 1921ല്‍ തന്നെ ലിംഗക്രോമസോമുകളെപ്പറ്റി ശാസ്ത്രലോകത്തിന് മനസ്സിലായിരുന്നുവെങ്കിലും കുഞ്ഞുങ്ങളുടെ ലിംഗനിര്‍ണയം നടക്കുന്നതെങ്ങനെയെന്ന് മനസ്സിലാക്കുവാന്‍ പിന്നെയും അരനൂറ്റാണ്ടെടുത്തു. XY ക്രോമസോമുള്ള ഒരു സ്ത്രീയുടെയും XX ക്രോമസോമുകളുള്ള മൂന്ന് പുരുഷന്‍മാരുടെയും ഡി.എന്‍.എകള്‍ സൂക്ഷ്മമായ പരിശോധന നടത്തിയപ്പോഴാണ്, 1985ല്‍ ലിംഗനിര്‍ണയത്തില്‍ പ്രധാന പങ്കുവഹിക്കുന്ന SRY ജീനിനെക്കുറിച്ചും അത് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്നും മനസ്സിലായത്. ഓസ്‌ട്രേലിയയിലെ മെല്‍ബണിലുള്ള മര്‍ഡോക്ക് ചില്‍ഡ്രന്‍സ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡപ്യൂട്ടി ഡയറക്ടര്‍ പ്രൊഫ. ആന്‍ഡ്രൂസ് സിന്‍ക്വയറും സഹപ്രവര്‍ത്തകരുമാണ് ലിംഗനിര്‍ണയത്തിന്റെ അടിസ്ഥാനവസ്തുവിനെത്തേടിയുള്ള അന്വേഷണത്തെ വിജയത്തിലെത്തിച്ചത്(19).
ലിംഗനിര്‍ണയവുമായി ബന്ധപ്പെട്ട ക്വുര്‍ആന്‍ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കുക.
”ആണ്‍, പെണ്‍ എന്നീ രണ്ട് ഇണകളെ അവനാണ് സൃഷ്ടിച്ചതെന്നും.  ഒരു ബീജം സ്രവിക്കപ്പെടുമ്പോള്‍ അതില്‍ നിന്ന്.” (53: 45-46)(20)
”പിന്നെ അവന്‍ ഒരു ഭ്രൂണമായി. എന്നിട്ട് അല്ലാഹു (അവനെ) സൃഷ്ടിച്ചു സംവിധാനിച്ചു. അങ്ങനെ അതില്‍ നിന്ന് ആണും പെണ്ണുമാകുന്ന രണ്ടു ഇണകളെ അവന്‍ ഉണ്ടാക്കി. അങ്ങനെയുള്ളവന്‍ മരിച്ചവരെ ജീവിപ്പിക്കാന്‍ കഴിവുള്ളവനല്ലെ?” (75: 38-40)(21)
ഹദീഥുകളിലാണ് ലിംഗനിര്‍ണയത്തെപ്പറ്റി കുറേക്കൂടി വ്യക്തമായ പരാമര്‍ശമുള്ളത്.
1. അനസില്‍ നിന്ന്: പ്രവാചകന്‍ മദീനയില്‍ വന്ന വിവരം അബ്ദുല്ലാഹിബ്‌നു സലാമിനു കിട്ടി. അദ്ദേഹം നബിയുടെ അടുത്തുവന്ന് പറഞ്ഞു: ‘ഒരു പ്രവാചകനു മാത്രം അറിയാവുന്ന മൂന്നു കാര്യങ്ങള്‍ ഞാന്‍ താങ്കളോട് ചോദിക്കുകയാണ്. ……. ………. ……. …….. ഇനി കുട്ടിക്ക് സാദൃശ്യം ലഭിക്കുന്ന കാര്യം; പുരുഷന്‍ സ്ത്രീയുമായി വേഴ്ച നടത്തുന്ന വേളയില്‍ അവന്റെ സ്രവം അവളുടെ സ്രവത്തെ അതിജയിച്ചാല്‍ കുട്ടിക്ക് സാദൃശ്യം അയാളോടായി. അവളുടെ സ്രവം അവന്റെ സ്രവത്തെയാണ് അതിജയിക്കുന്നതെങ്കില്‍ അവളോടും.’ അബ്ദുല്ല പറഞ്ഞു: ‘താങ്കള്‍ അല്ലാഹുവിന്റെ ദൂതനാണെന്നു ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു.'(22)     fetus-1788082
2.  അനസ് ബ്‌നുമാലികി(റ)ല്‍ നിന്ന്: പുരുഷന് സ്വപ്‌നസ്ഖലനമുണ്ടാവുന്നതുപോലെ സ്ത്രീക്കും സ്വപ്‌നസ്ഖലനമുണ്ടായാല്‍ അവള്‍ƒഎന്താണ് ചെേേയ്യണ്ടത് എന്നതിനെ സംബന്ധിച്ച് ഉമ്മുസുലൈം പ്രവാചകനോട് ചോദിച്ചു. …… ………. ……. …….. നിശ്ചയമായും പുരുഷന്റെ‚ഇന്ദ്രിയം വെളുത്തതും കട്ടിയുള്ളതുമാണ്. സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞ™നിറമുള്ളതും നേര്‍മയുള്ളതുമാണ്. ഏത് മുകളില്‍ വരുന്നുവോ അല്ലെങ്കില്‍ മുന്‍കടക്കുന്നുവോ അതിനോടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാവുക.'(23)
3. നബി (സ) സ്വാതന്ത്ര്യം നല്‍കിയ ഥൗബാനി(റ)ല്‍ നിന്ന്: ഞാന്‍ നബി(സ)യുടെ അടുക്കല്‍ നില്‍ക്കുമ്പോള്‍ƒജൂത പണ്ഡിതന്‍മാരില്‍ നിന്നുള്ള ഒരു പണ്ഡിതന്‍ വരികയും ‘അസ്സലാമു അലൈക്ക യാ മുഹമ്മദ് (മുഹമ്മദ,് നിനക്ക് സമാധാനമുണ്ടാകട്ടെ)’ എന്ന് പറയുകയും ചെയ്തു. …… ………. ……. …….. അയാള്‍ തുടര്‍ന്നു പറഞ്ഞു: ‘ഭൂനിവാസികളില്‍നിന്നും ഒരു പ്രവാചകനോ അല്ലെങ്കില്‍ ഒന്നോ രണ്ടോ ആളുകള്‍ക്കോ അല്ലാതെ മറ്റൊരാക്കും അറിയാത്ത ഒരു കാര്യത്തെ സംബന്ധിച്ച് ചോദിക്കുവാനാണ് ഞാന്‍ വന്നിട്ടുള്ളത്.’ നബി (സ) ചോദിച്ചു: ‘ഞാനത് പറഞ്ഞാല്‍ നിനക്കത് ഉപകരിക്കുമോ?’. ‘ഞാന്‍ എന്റ ചെവികള്‍ƒകൊണ്ട് കേള്‍ക്കും’. അയാള്‍ പറഞ്ഞു: ‘(പ്രസവിക്കപ്പെടുന്ന) ശിശുവിനെക്കുറിച്ച് ചോദിക്കുവാനാണ് ഞാന്‍ വന്നത്’ നബി (സ) പറഞ്ഞു: ‘പുരുഷന്റെ‚ ഇന്ദ്രിയം വെളുത്ത നിറത്തിലുളളതും സ്ത്രീയുടെ ഇന്ദ്രിയം മഞ്ഞനിറത്തിലുള്ളതുമാണ്. അത് രണ്ടും ഒരുമിച്ച് ചേരുകയും പുരുഷ ഇന്ദ്രിയം സ്ത്രീ ഇന്ദ്രിയത്തെ അതിജയിക്കുകയും ചെയ്താല്‍ അല്ലാഹുവിന്റെ അനുമതിയോടെ അത് ആണ്‍ കുട്ടിയായിതീരുന്നു. സ്ത്രീയുടെ ഇന്ദ്രിയം പുരുഷ ഇന്ദ്രിയത്തെ അതിജയിച്ചാല്‍ അല്ലാഹുവിന്റെ‚അനുമതിയോടെ അത് പെണ്‍കുട്ടിയായി തീരുന്നു.’ ജൂതന്‍ പറഞ്ഞു: ‘തീര്‍ച്ചയായും താങ്കള്‍ പറഞ്ഞത് സത്യമാണ്. തീര്‍ച്ചയായും താങ്കള്‍ƒ ഒരു പ്രവാചകന്‍ തന്നെയാണ്’. പിന്നെ അയാള്‍ തിരിച്ചുപോയി. അപ്പോള്‍ƒനബി (സ) പറഞ്ഞു: ‘അയാള്‍ എന്നോടു ചോദിച്ച കാര്യങ്ങളെക്കുറിച്ചൊന്നും അല്ലാഹു അറിയിച്ചുതരുന്നതുവരെ എനിക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല.'(24)
4. ഹുദൈഫസ്ഥ് ബ്‌നുഅസീദി(റ)ണ്‍ നിന്ന്: നബി (സ) പറഞ്ഞു: ‘ഗര്‍ഭാശയത്തിണ്‍ ബീജം നാല്‍പത് ദിവസം അല്ലെങ്കില്‍ നാല്‍പത്തഞ്ച് ദിവസം ആയിത്തീരുമ്പോള്‍ƒ അതിന്‍മേല്‍ ഒരു മലക്ക് പ്രവേശിക്കും. എന്നിട്ടവന്‍ ചോദിക്കും: രക്ഷിതാവേ, ദൗര്‍ഭാഗ്യവാനോ അതോ സൗഭാഗ്യവാനോ? എന്നിട്ട് അത് രേഖപ്പെടുത്തും. പിന്നെ ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? എന്നിട്ട് അതും രേഖപ്പെടുത്തും. അവന്റെ കര്‍മവും അവന്റെ‚ ഫലവും, അവന്റെ‚ അവധിയും, അവന്റെ‚ ഉപജീവനവും എഴുതപ്പെടും. പിന്നീട് ഏടുകള്‍ƒചുരുട്ടപ്പെടും. അതില്‍ ഒന്നും വര്‍ദ്ധിപ്പിക്കപ്പെടുകയില്ല; ഒന്നും ചുരുട്ടപ്പെടുകയുമില്ല.'(25)
5.  അബ്ദാഹി ബ്‌നുമസ്ഊദി(റ)ല്‍ നിന്ന്: നബി (സ) പറയുന്നത് ഞാന്‍ കേട്ടു: ‘ബീജത്തിന്‍മേല്‍ നാല്‍പത്തിരണ്ട് ദിവസം കഴിഞ്ഞാല്‍ അല്ലാഹു ഒരു മലക്കിനെ നിയോഗിക്കും. എന്നിട്ട് അവന്‍ അതിനെ രൂപപ്പെടുത്തുകയും, അതിന് കേള്‍വിയും കാഴ്ചയും ചര്‍മവും മാംസവും അസ്ഥിയും രൂപപ്പൈടുത്തുകയും ചെയ്യും. പിന്നീട് ആ മലക്ക് ചോദിക്കും: രക്ഷിതാവേ, ആണോ അതോ പെണ്ണോ? അപ്പോള്‍ƒ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിക്കുന്നത് വിധിക്കും. മലക്ക് അത് രേഖപ്പെടുത്തും. പിന്നീട് മലക്ക് ചോദിക്കും: രക്ഷിതാവേ ഇവന്റെ‚ അവധി? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് പറയുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നെ മലക്ക് ചോദിക്കും: രക്ഷിതാവേ, ഇവന്റെ ഉപജീവനം? അപ്പോള്‍ നിന്റെ രക്ഷിതാവ് അവന്‍ ഉദ്ദേശിച്ചത് വിധിക്കുകയും മലക്ക് അത് രേഖപ്പെടുത്തുകയും ചെയ്യും. പിന്നീട് മലക്ക് തന്റെ‚കയ്യില്‍ ആ ഏടുമായി പോകും. കല്‍പിക്കപ്പെട്ടതിനേക്കാള്‍ƒ വര്‍ദ്ധിപ്പിക്കുകയോ ചുരുക്കുകയോ ഇല്ല.'(26)
6.  അനസ് ബ്‌നുമാലികില്‍ (റ) നിന്ന്: നബി (സ) പറഞ്ഞു: ‘പ്രതാപവാനും മഹാനുമായ അല്ലാഹു ഗര്‍ഭാശയത്തിന്റെ കാര്യം ഒരു മലക്കിനെ ഏല്‍പിച്ചിട്ടുണ്ട്. ആ മലക്ക് പറയും: രക്ഷിതാവേ, ബീജമാണ്. രക്ഷിതാവേ സിക്താണ്ഡമാണ്. രക്ഷിതാവേ മാംസപിണ്ഡമാണ്. അല്ലാഹു ഒരു സൃഷ്ടിയില്‍ വിധിക്കാന്‍ ഉദ്ദേശിച്ചാല്‍ മലക്ക് പറയും: രക്ഷിതാവേ, ആണോ പെണ്ണോ? ദൗര്‍ഭാഗ്യവാനോ അതോ സൗഭാഗ്യവാനോ? ഉപജീവനം എങ്ങനെയാണ്? അവധി എത്രയാണ്? അങ്ങനെ അവയെല്ലാം തന്റെ മാതാവിന്റെ വയറ്റിലായിരിക്കെ തന്നെ രേഖപ്പെടുത്തപ്പെടും.(27)
7.  (നബി(സ)യോട് ചോദിക്കപ്പെട്ടു:) സ്വപ്‌നസ്ഖലനമുണ്ടായാല്‍ സ്ത്രീ കുളിക്കേണ്ടതുണ്ടോ? അപ്പോള്‍ നബി(സ) പറഞ്ഞു: ‘അതെ; അവള്‍ƒഇന്ദ്രിയം കണ്ടാല്‍’. അപ്പോള്‍ƒഉമ്മുസുലൈം (റ) ചോദിച്ചു: ‘സ്ത്രീക്ക് സ്ഖലനമുണ്ടാകുമോ?’ അപ്പോള്‍ƒ അദ്ദേഹം പറഞ്ഞു: ‘എന്തൊരു കഷ്ടം! പിന്നെ? എങ്ങനെയാണ് കുട്ടിക്ക് അവളോട് സാദൃശ്യം ഉണ്ടാകുന്നത്?’ മറ്റൊരു നിവേദനത്തില്‍ ആഇശ (റ) ഉമ്മുസുലൈം(റ)യോട് ‘ഛെ! സ്ത്രീക്ക് അതുണ്ടാകുമോ?’ എന്ന് ചോദിച്ചുവെന്നാണുള്ളത്. മറ്റൊരു റിപ്പോര്‍ട്ടില്‍, ഈ ഹദീഥിന്റെ‚അവസാന ഭാഗത്ത് ഇങ്ങനെ കൂടിയുണ്ട്. ‘ഇന്ദ്രിയം കാരണമായിട്ടാണ് കുട്ടിക്ക് സാദൃശ്യമുണ്ടാകുന്നത്. സ്ത്രീയുടെ ഇന്ദ്രിയം പുരുഷന്റെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് മാതൃ സഹോദരന്‍മാരോട് സാദൃശ്യമുണ്ടാകും. പുരുഷന്റെ‚ ഇന്ദ്രിയം സ്ത്രീയുടെ ഇന്ദ്രിയത്തിന് മുകളില്‍ വന്നാല്‍ കുട്ടിക്ക് അവന്റെ പിതൃവ്യന്‍മാരോട് സാദൃശ്യമുണ്ടാകും.'(28)
മുകളില്‍ പറഞ്ഞ അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും വചനങ്ങളിലൊന്നും തന്നെ ആശാസ്ത്രീയമായ പരാമര്‍ശങ്ങളൊന്നുമില്ല. ലിംഗനിര്‍ണയത്തെപ്പറ്റിയുള്ള ഏറ്റവും പുതിയ വിവരങ്ങളുമായിപ്പോലും അവ പൂര്‍ണമായും യോജിച്ചു വരുന്നുവെന്നത് അത്ഭുതകരം തന്നെയാണ്.
1. സ്രവിക്കപ്പെടുന്ന ശുക്ലത്തില്‍ നിന്നാണ് ആണും പെണ്ണുമുണ്ടാകുന്നതെന്ന് സൂറത്തുല്‍ ഖിയാമയിലെ 38 മുതല്‍ 40 വരെയുള്ള വചനങ്ങളില്‍ പറയുന്നു. ശുക്ലദ്രാവകത്തിലെ പുരുഷബീജം X ക്രോമസോം വഹിക്കുന്നതാണെങ്കില്‍ അത് അണ്ഡവുമായി ചേര്‍ന്നാല്‍ പെണ്‍കുഞ്ഞും Y ക്രോമസോം വഹിക്കുന്നതാണെങ്കില്‍ അത് അണ്ഡവുമായി ചേര്‍ന്നാല്‍ ആണ്‍കുഞ്ഞുമുണ്ടാകുന്നു. ശുക്ലദ്രാവകമാണ് കുഞ്ഞ് ആണോ പെണ്ണോ എന്നു തീരുമാനിക്കുന്നത് എന്നര്‍ത്ഥം.
2. സ്രവിക്കപ്പെടുന്ന ബീജത്തില്‍ തന്നെ ആണ്‍, പെണ്‍ എന്നിവയുണ്ടെന്നും അതാണ് ആണ്‍-പെണ്‍ ഇണകളുടെ ഉല്‍പത്തിക്ക് കാരണമാകുന്നതെന്നും സൂറത്തുന്നജ്മിലെ 45, 46 വചനങ്ങള്‍ വ്യക്തമാക്കുന്നു. സ്രവിക്കപ്പെടുന്ന ബീജത്തില്‍ തന്നെ ആണ്‍ ക്രോമസോമായ Yയെ വഹിക്കുന്ന ബീജാണുക്കളും പെണ്‍ക്രോമസോമായ Xനെ വഹിക്കുന്ന ബീജാണുക്കുളുമുണ്ട്. ബീജദ്രാവകത്തിലെ Y ആണ്‍ബീജം അണ്ഡവുമായി ചേര്‍ന്നാല്‍ ആണ്‍കുട്ടിയും X പെണ്‍ബീജമാണ് അണ്ഡവുമായി ചേരുന്നതെങ്കില്‍ പെണ്‍കുട്ടിയുമാണുണ്ടാവുക.
3. അനസില്‍ നിന്ന് ബുഖാരി നിവേദനം ചെയ്ത അബ്ദുല്ലാഹിബ്‌നു സലാമുമായി പ്രവാചകന്‍ (സ) നടത്തിയ സംഭാഷണത്തെക്കുറിച്ച് വിവരിക്കുന്ന ഹദീഥിലും അദ്ദേഹത്തില്‍ നിന്നുതന്നെ മുസ്‌ലിം നിവേദനം ചെയ്ത സ്വപ്‌നസ്ഖലനത്തെക്കുറിച്ച ഹദീഥിലും ഥൗബാനി(റ)ല്‍ നിന്ന് മുസ്‌ലിം നിവേദനം ചെയ്ത ജൂതപുരോഹിതനു നല്‍കിയ മറുപടികയെക്കുറിച്ച് വിശദീകരിക്കുന്ന ഹദീഥിലും പുരുഷബീജം സ്ത്രീബീജത്തെ അതിജയിച്ചാല്‍ ആണ്‍കുഞ്ഞും, സ്ത്രീബീജം പുരുഷബീജത്തെയാണ് അതിജയിക്കുന്നതെങ്കില്‍ പെണ്‍കുട്ടിയുമാണുണ്ടാവുകയെന്ന് പ്രവാചകന്‍ (സ) പറഞ്ഞതായി ഉദ്ധരിച്ചിരിക്കുന്നു. ഈ പരാമര്‍ശത്തെ സുരതക്രിയയില്‍ പുരുഷനാണ് ആദ്യം സ്ഖലിക്കുന്നതെങ്കില്‍ ആണ്‍കുട്ടിയും സ്ത്രീക്കാണ് ആദ്യം സ്ഖലിക്കുകയെങ്കില്‍ പെണ്‍കുട്ടിയുമാണുണ്ടാവുകയെന്നാണ് പല പണ്ഡിതന്‍മാരും വ്യാഖ്യാനിച്ചിരിക്കുന്നത്. രതിമൂര്‍ച്ചയോടനുബന്ധിച്ച് ചില സ്ത്രീകള്‍ക്ക് പാരായൂറിത്രല്‍ നാളിയില്‍ നിന്ന് പുറത്തേക്കുവരുന്ന ദ്രാവകത്തിന് കുഞ്ഞിന്റെ ജനനത്തില്‍ യാതൊരു പങ്കുമില്ല എന്ന് ഇന്ന് നമുക്കറിയാം. പെണ്ണിന്റെ സ്ഖലനത്തിന് കുഞ്ഞിന്റെ ഉല്‍പത്തി പ്രക്രിയയില്‍ യാതൊരു പങ്കും വഹിക്കുവാനില്ലെങ്കില്‍ അതോടനുബന്ധിച്ചുണ്ടാകുന്ന ദ്രാവകം ആദ്യമോ പിന്നെയോ ഉണ്ടാകുന്നതെന്നത് ലിംഗനിര്‍ണയത്തെ ബാധിക്കുവാന്‍ സാധ്യതയൊന്നുമില്ല. ഈ ഹദീഥുകളില്‍ ബീജത്തിന്റെ അധീശത്വത്തെക്കുറിക്കുവാന്‍ പ്രയോഗിച്ചിരിക്കുന്നത് ‘സബഖ’യെന്നും ‘അലാ’ എന്നുമുള്ള ക്രിയകളാണ്. ഒന്നിനുമേല്‍ മറ്റൊന്ന് മുന്‍കടക്കുന്നതിനോ ആദ്യമാകുന്നതിനോ വിജയിക്കുന്നതിനോ അധികാരം സ്ഥാപിക്കുന്നതിനോ ആണ് ‘സബഖ’യെന്നു പറയുകയെന്ന് അംഗീകൃത ഭാഷാ നിഘണ്ടുക്കള്‍ പരിശോധിച്ചാല്‍ വ്യക്തമാകും(29).
ഒന്നിനുമുകളില്‍ മറ്റൊന്ന് ആധിപത്യം സ്ഥാപിക്കുന്നതിനാണ് ‘അലാ’യെന്ന് പ്രയോഗിക്കുകയെന്ന് ക്വുര്‍ആനില്‍നിന്നു തന്നെ വ്യക്തമാകുന്നുണ്ട്. സൂറത്തുല്‍ മുഅ്മിനൂനിലെ 91-ാം വചനം നോക്കുക.
”അല്ലാഹു യാതൊരു സന്താനത്തെയും സ്വീകരിച്ചിട്ടില്ല. അവനോടൊപ്പം യാതൊരു ദൈവവുമുണ്ടായിട്ടില്ല. അങ്ങനെയായിരുന്നുവെങ്കില്‍ ഓരോ ദൈവവും താന്‍ സൃഷ്ടിച്ചതുമായി പോയിക്കളയുകയും, അവരില്‍ ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു. അവര്‍ പറഞ്ഞുണ്ടാക്കുന്നതില്‍ നിന്നെല്ലാം അല്ലാഹു എത്ര പരിശുദ്ധന്‍!” (23: 91)(30)
ഈ വചനത്തില്‍ ‘ചിലര്‍ ചിലരെ അടിച്ചമര്‍ത്തുകയും ചെയ്യുമായിരുന്നു’വെന്നു പരിഭാഷപ്പെടുത്തിയിരിക്കുന്നത് ‘വ ലഅലാ ബഅദുഹും അലാ ബഅദിന്‍’ എന്ന പ്രയോഗത്തെയാണ്. ‘അലാ’യെന്നാല്‍ ആധിപത്യം സ്ഥാപിക്കുക, അടിച്ചമര്‍ത്തുക എന്നിങ്ങനെയാണ് യഥാര്‍ത്ഥത്തിലുള്ള സാരമെന്നര്‍ത്ഥം.
പുരുഷബീജത്തിലെ Y പെണ്‍ബീജത്തിലെ Xനുമേല്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് ആണ്‍കുഞ്ഞുണ്ടാകുന്നത് എന്നും പെണ്‍ബീജത്തിലെ X പുരുഷബീജത്തിലെ Yക്കുമേല്‍ ആധിപത്യം സ്ഥാപിക്കുമ്പോഴാണ് പെണ്‍കുഞ്ഞുണ്ടാകുന്നത് എന്നുമുള്ള ജനിതകശാസ്ത്ര വസ്തുതകളുമായി ഈ ഹദീഥുകള്‍ പൂര്‍ണമായും പൊരുത്തപ്പെടുന്നു. മധ്യകാലഘട്ടത്തിലുണ്ടായിരുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ ഹദീഥ് മനസ്സിലാക്കിയവര്‍ ആണ്‍സ്ഖലനം ആദ്യം നടന്നാല്‍ ആണ്‍കുഞ്ഞും പെണ്‍സ്ഖലനം നടന്നാല്‍ പെണ്‍കുഞ്ഞുമുണ്ടാകുമെന്ന് ഇതില്‍നിന്ന് മനസ്സിലാക്കിയെന്നത് നബിവചനത്തിന്റെ ആശാസ്ത്രീയതയല്ല, അറിവിന്റെ കാലനിബന്ധതയെയാണ് വെളിപ്പെടുത്തുന്നത്. ‘സബഖ’യെന്ന ക്രിയയെ വ്യാഖ്യാനിച്ചാല്‍ ആദ്യമുണ്ടാകുന്നത് ഏത് ദ്രവമാണോ അതിന്റെ അടിസ്ഥാനത്തിലാണ് ലിംഗനിര്‍ണയമെന്ന് വേണമെങ്കില്‍ പറയാനാകുമെങ്കിലും ‘അലാ’യെന്ന പ്രയോഗം അത്തരമൊരു വ്യാഖ്യാനത്തിന് പഴുതുകളൊന്നും നല്‍കുന്നില്ല.  ഈ ഹദീഥുകളെ ഒന്നിച്ചു പരിഗണിച്ചുകൊണ്ട്, നിലനില്‍ക്കുന്ന അറിവിന്റെ അടിസ്ഥാനത്തില്‍ വ്യാഖ്യാനിച്ചപ്പോഴാണ് പുരുഷ-പെണ്‍ സ്ഖലനങ്ങളുടെ ക്രമമാണ് ലിംഗനിര്‍ണയത്തിന് നിദാനമെന്നാണ് ഈ ഹദീഥുകള്‍ പഠിപ്പിക്കുന്നതെന്ന നിഗമനത്തില്‍ വ്യാഖ്യാതാക്കള്‍ എത്തിച്ചേര്‍ന്നത്. ഹദീഥുകളെ മൊത്തത്തിലെടുത്ത് പരിശോധിച്ചാല്‍ ഒരു ദ്രവത്തിനു മേലുള്ള മറ്റേ ദ്രവത്തിന്റെ ആധിപത്യം തന്നെയാണ് അവയില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നതെന്ന് മനസ്സിലാകും. കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയില്‍ മാത്രം ശാസ്ത്രലോകത്തിന് മനസ്സിലായ ബീജത്തിന്റെ ആധിപത്യമാണ് ലിംഗനിര്‍ണയത്തിന് കാരണമാകുന്നതെന്ന വസ്തുത എത്ര കൃത്യമായാണ് ഈ ഹദീഥുകള്‍ വരച്ച് കാണിക്കുന്നത്!
4. മുസ്‌ലിം ഹുദൈഫത്തു ബ്‌നു അസീദില്‍ (റ) നിന്നും അബ്ദുല്ലാഹിബ്‌നു മസ്ഊദില്‍ (റ) നിന്നും നിവേദനം ചെയ്ത രണ്ട് വ്യത്യസ്ത ഹദീഥുകളില്‍ നിന്ന് ഗര്‍ഭസ്ഥശിശുവിലുളള ലിംഗമാറ്റത്തിനുവേണ്ടിയുള്ള മലക്ക് പ്രത്യക്ഷപ്പെടുന്നതും കുട്ടി ആണോ പെണ്ണോയെന്ന് ആത്യന്തികമായി തീരുമാനിക്കപ്പെടുന്നതും ബീജസങ്കലനത്തിന് ശേഷം നാല്‍പത് ദിവസങ്ങള്‍ക്കും നാല്‍പത്തിയഞ്ച് ദിവസങ്ങള്‍ക്കുമിടയിലാണെന്ന് വ്യക്തമാവുന്നു.
SRY ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നത് ആറാമത്തെ ആഴ്ചയാണെന്ന വിവരം നമുക്ക് ലഭിച്ചത് മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പു മാത്രമാണ്. XX സിക്താണ്ഡമാണെങ്കിലും XY സിക്താണ്ഡമാണെങ്കിലും അപൂര്‍വമായുണ്ടാകുന്ന സിക്താണ്ഡങ്ങളാണെങ്കിലുമെല്ലാം അവയുടെ ലിംഗമെന്താണെന്ന് ആത്യന്തികമായി തീരുമാനിക്കപ്പെടുക SRY ജീന്‍ പ്രവര്‍ത്തനക്ഷമമാകുന്നതിന്റെ അടിസ്ഥാനത്തിലാണ്. ആറാമത്തെ ആഴ്ചയാണ് SRY ജീന്‍ പ്രവര്‍ത്തനക്ഷമമാവുന്നതെന്ന ഭ്രൂണശാസ്ത്രം 1985ല്‍ മാത്രം നമുക്കു പറഞ്ഞുതന്ന വിവരവും നാല്‍പതു ദിവസങ്ങള്‍ക്കും നല്‍പത്തിയഞ്ച് ദിവസങ്ങള്‍ക്കുമിടയിലാണ് ലിംഗതീരുമാനവുമായി മലക്ക് നിയോഗിക്കപ്പെടുന്നതെന്ന പതിനാലു നൂറ്റാണ്ടുകള്‍ക്ക് മുമ്പ് നബി (സ) പറഞ്ഞ വിവരവും എത്ര ക്രൃത്യമായാണ് ഇവിടെ യോജിച്ചുവരുന്നത്!  എന്തുകൊണ്ടാണ് ഹദീഥുകളിലെ പരാമര്‍ശങ്ങള്‍ ഇത്രയും കൃത്യമാകുന്നതെന്ന ചോദ്യത്തിന് ക്വുര്‍ആന്‍ തന്നെ ഉത്തരം നല്‍കിയിട്ടുണ്ട്.
”നിങ്ങളുടെ കൂട്ടുകാരന്‍ വഴിതെറ്റിയിട്ടില്ല. ദുര്‍മാര്‍ഗിയായിട്ടുമില്ല. അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. അത് അദ്ദേഹത്തിന് ദിവ്യസമ്പേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു.” (53: 2-4)
Û
കുറിപ്പുകള്‍
1) Swami Parmeshwaranand: Encyclopedic Dictionary of Upanishads, New Delhi, 2000, Page
404-406
2) English Babylonian Talmud, Tractate Niddah, Translated Into English With Notes, Glossary
and Indices by Rev. Dr. Israel W. Slotki, M.A., Litt.D. under the Editorship Of Rabbi Dr. I.
Epstein B.A., Ph.D., D. Lit.,Chapter IV, Folio 31a (http://halakhah.comhttp://halakhah.com/
niddah/niddah_31.html
3) Hippocrates: The Seed, Sections 5-7, in J. Chadwick (Translator), G. E. R. Lloyd (Editor):
Hippocratic Writings (Penguin Classics), 1984, Page319-320
4) Aristotle: On the Generation of Animals, Montana, 2004, pages 219-221
5) Galen (Trans. Arthur John Brock): On the Natural Faculties, 1916, Book Two, Page 135
6) Laqueur, T, The Making of the Modern Body:Sexuality and society in the Nineteenth
Century, Berkeley, 1987, Page 5
7) Dean Clift & Melina Schuh: Restarting life: fertilization and the transition from meiosis to
mitosis, Nature Reviews Molecular Cell Biology 14, 549–562 (2013) Published online 14
August 2013, http://www.nature.com
8) T. H. Morgan: Ziegler’s Theory of Sex Determination, and an Alternative Point of View,
Science, New Series, Vol. 22, No. 573 (Dec. 22, 1905), Pages. 839-841! !
9) Qais Al-Awqati: Edmund Beecher Wilson: America’s First Cell Biologist, Living Legacies
Series, Columbia Magazine, http://www.columbia.edu/
10) Curtis, W. C: Thomas Harrison Montgomery, Science Magazine, 31 Jan 1913, Vol. 37, Issue
944. Page 171
11) Stephen G. Brush: Nettie M. Stevens and the Discovery of Sex Determination by
Chromosomes, The Isis Magazin, Vol. 69, No. 2 (Jun., 1978), pp. 162-172
12) MacLaughlin DT, Donahoe PK: Sex determination and differentiation. https://
www.ncbi.nlm.nih.gov/pubmed/14736929
13) Rey,Rodolfo, MD, PhD, Josso, Nathalie MD, PhD. Sexual Differentiation. Chapter 7: http://
www.endotext.org/pediatrics/pediatrics7/pediatrics7.html.
14) Cheng MK, Disteche CM: Silence of the fathers: early X inactivation, 2004 Aug;26(8):821-4.
https://www.ncbi.nlm.nih.gov/pubmed/15273983
15) SRY sex determining region Y [ Homo sapiens (human), 5-Feb-2017, https://
www.ncbi.nlm.nih.gov/gene/6736
16) Albert de la Chapelle: Cytogenetics of the mammalian X-chromosome, Part B: Progress
and topics in cytogenetics. New York, 1985. Page. 75–85.
17) ‘Klinefelter Syndrome (KS): Overview’. nichd.nih.gov. Eunice Kennedy Shriver National
Institute of Child Health and Human Development. 2013-11-15, https://www.nichd.nih.gov/
health/topics/klinefelter/Pages/default.aspx
18) Swyer syndrome: Genetics Home Reference, Your Guide to Understanding Genetic
Conditions, https://ghr.nlm.nih.gov/condition/swyer-syndrome
19) Twenty-five years since the discovery of the human sex determining gene, Murdoch
Children’s Institute News, Tuesday, July 21, 2015, https://www.mcri.edu.au/news/twenty-
five-years-discovery-human-sex-determining-gene
20) Holy Qur’an 53 An-Najm: 45-46
21) Holy Qur’an 75 Al-Qiyama: 38-40
22) സ്വഹീഹുല്‍ ബുഖാരി, കിതാബു അഹാദീഥുല്‍ അംഹിയാഅ്, ബാബു ഖല്‍ഖി ആദം വ ദുര്‍റിയ്യത്തിഹി, ഹദീഥ് 3329.
23) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു വുജുബില്‍ ഗസ്‌ലി അലല്‍ മര്‍അത്തി ബി ഖുറൂജില്‍ മനിയ്യി മിന്‍ഹ, ഹദീഥ് 311.
24) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു ബയാനി സ്വിഫത്തില്‍ മനിയിര്‍റജുലി വല്‍ മര്‍അത്തി വ അന്നല്‍ വലദ മഖ്‌ലൂഖുന്‍ മിന്‍ മാഇ.
25) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ് 2644.
26)  സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ് 2645.
27) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ക്വദ്ര്‍, ബാബു കൈഫിയ്യത്തില്‍ ഖല്‍ബില്‍ ആദമിയ്യി ഫീ ബദനി ഉമ്മിഹി വ കിതാബത്തി രിസ്‌കിഹി വ അജലിഹി, വ അമലിഹി വ ശകാവത്തിഹി വ സഅദത്തിഹി, ഹദീഥ് 2646.
28) സ്വഹീഹു മുസ്‌ലിം, കിതാബുല്‍ ഹൈദ്വ്, ബാബു വുജുബില്‍ ഗസ്‌ലി അലല്‍ മര്‍അത്തി ബി ഖുറൂജില്‍ മനിയ്യി മിന്‍ഹ, ഹദീഥ് 314.
29) Edward William Lane : Arabic-English Lexicon, London, 1863, Book 1, Page 1300.
30) Holy Qur’an 23 Al-Mumenoon:91